Sunday, 28 May 2017

13. യാക്കോബിന്റെ സന്തതികള്‍

 ബൈബിൾക്കഥകൾ - 13


യാക്കോബ് പുലര്‍ച്ചെതന്നെ, പിതൃഭവനത്തില്‍നിന്നു മാതാവിന്റെ നാട്ടിലേക്കു യാത്രയായി. കുറേ ഉണക്കിയ പഴങ്ങളും കുറച്ചെണ്ണയും അപ്പമുണ്ടാക്കാനുള്ള മാവും 

അവന്റെ ഭാണ്ഡത്തിലുണ്ടായിരുന്നു. ഒരു തുകൽസഞ്ചിയിൽ വെള്ളവും അവൻ കൈയിൽ കരുതിയിരുന്നു.

സൂര്യാസ്തമയമായപ്പോള്‍ വഴിയിലൊരിടത്ത്, വിശ്രമിക്കാനുള്ള സ്ഥലംകണ്ടെത്തി. ഒരു സിക്കമൂര്‍ വൃക്ഷച്ചുവട്ടില്‍, വലിയൊരു കല്ലു തലയിണയാക്കി അവന്‍ കിടന്നു. യാത്രാക്ഷീണത്താല്‍, പെട്ടെന്നുറങ്ങിപ്പോകുകയുംചെയ്തു. നിദ്രയില്‍, അവന്റെ മനക്കണ്ണിന്മുമ്പിൽ ഒരു സ്വപ്നദര്‍ശനമുണ്ടായി.

ഭൂമിയില്‍ ചുവടുറപ്പിച്ച ഒരു ഗോവണി. അതു മുകളിലേക്കു മുകളിലേക്കുയര്‍ന്ന്, മേഘമേലാപ്പുംകടന്ന്,  ആകാശത്തിനുമപ്പുറം സ്വര്‍ഗ്ഗത്തിലേക്കു നീണ്ടിരിക്കുന്നൂ,... മാലാഖമാര്‍ അതിലൂടെ കയറുകയുമിറങ്ങുകയുംചെയ്യുന്നു. ആ ഗോവണിയുടെ മുകളറ്റത്ത്, ഒരു തേജോരൂപമായ് കര്‍ത്താവു വന്നു.

"നിന്റെ പിതാവായ ഇസഹാക്കിന്റെയും അബ്രാഹമിന്റെയും ദൈവമായ കര്‍ത്താവാണു ഞാന്‍. നീ കിടക്കുന്ന ഈ മണ്ണ്, നിനക്കും നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ നല്കും. നിന്റെ സന്തതികള്‍ ഭൂമിയിലെ മണൽത്തരികൾപോലെ ലോകമെങ്ങും വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ജനതകളെല്ലാമനുഗ്രഹിക്കപ്പെടും!. ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുപാലിക്കും. നിന്നോടു പറഞ്ഞതെല്ലാം നിറവേറുന്നതുവരെ, നിന്നെ ഞാന്‍ കൈവെടിയില്ല, ഈ നാട്ടിലേക്കുതന്നെ, ഞാന്‍ നിന്നെ തിരികെക്കൊണ്ടുവരും."

യാക്കോബ് ഞെട്ടിയുണര്‍ന്നു. ചുറ്റും കൂരിരുട്ടുമാത്രം. രാപ്പാടികളുടെയും ചീവീടുകളുടെയും ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. അവന്‍ ഭയന്നു. അവന്റെ ശരീരമാകെ വിയർപ്പാൽ നനഞ്ഞിരുന്നു.

"എത്ര ഭയാനകമാണീ സ്ഥലം! തീര്‍ച്ചയായും കര്‍ത്താവിവിടെയുണ്ട്. ഞാനതറിഞ്ഞില്ലെന്നുമാത്രം! ചിലപ്പോള്‍, ഈ സ്ഥലം, സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടമാകാം.." യാക്കോബ് ആത്മഗതംചെയ്തു. 

ഭയത്തോടെ അവൻ ആ മരത്തിൽ ചാരിയിരുന്നു. ആയിരുപ്പിൽ അവനറിയാതെ, വീണ്ടുമവന്റെ കണ്‍പോളകളെ നിദ്ര തഴുകിയടച്ചു.

പിന്നീടവനുണർന്നപ്പോൾ ബാലസൂര്യന്റെ കിരണങ്ങൾ ഭൂമിയിൽ പതിച്ചുതുടങ്ങിയിരുന്നു.  
അവന്‍ ആ സ്ഥലത്തിനു ബഥേല്‍ എന്നു പേരിട്ടു. രാത്രിയിൽ തലയിണയാക്കിയ കല്ല്‌, ബഥേലിലെ സിക്കമൂർമരച്ചുവട്ടിൽ കുത്തിനിറുത്തി. കല്ലിന്മേല്‍ എണ്ണയൊഴിച്ചു. ആ കല്ലില്‍ കൈതൊട്ട് അവന്‍ പ്രാര്‍ത്ഥിച്ചു. 

"ദൈവമായ കര്‍ത്താവേ, അങ്ങെന്റെകൂടെയുണ്ടായിരിക്കുകയും എന്നെ കാത്തുപരിപാലിക്കുകയും സമാധാനത്തോടെ എന്റെ പിതൃഭവനത്തിലേക്കു തിരികെയെത്തിക്കുകയുംചെയ്‌താല്‍, അങ്ങുമാത്രമായിരിക്കും എന്നുമെന്റെ ദൈവം. അങ്ങെനിക്കു നല്കുന്ന സമ്പത്തിന്റെയെല്ലാം ദശാംശം അവിടുത്തേക്കു ഞാന്‍ സമര്‍പ്പിക്കും."

അവിടെയടുത്തുണ്ടായിരുന്ന ഒരത്തിമരത്തിൽനിന്ന് കുറേ അത്തിക്കായ്കൾ പറിച്ചുതിന്നശേഷം
യാക്കോബ് യാത്രതുടര്‍ന്നു. 

കുറച്ചുദിവസങ്ങളിലെ യാത്രയ്ക്കൊടുവിൽ അവന്‍ തന്റെ അമ്മയായ റബേക്കയുടെ നാട്ടിലെത്തി. വലിയൊരു കല്ലുകൊണ്ടുമൂടിയ ഒരു കിണർ അവൻ കണ്ടു. അബ്രഹാമിന്റെ ദാസൻ റബേക്കയെ കണ്ടുമുട്ടിയ അതേ കിണർ!

കിണറിനുസമീപം മൂന്നുപറ്റം ആട്ടിന്‍കൂട്ടങ്ങളെയും അവയുടെ ഇടയന്മാരെയും അവന്‍ കണ്ടു. 

യാക്കോബ് ഇടയന്മാരോടു ചോദിച്ചു: "സഹോദരന്മാരെ, ഹാരാനിലേക്കിനി ഏറെ ദൂരമുണ്ടോ? ഹാരാനിലുള്ള ബത്തുവേലിന്റെ മകന്‍ ലാബാനെ നിങ്ങളറിയുമോ?"

ഇടയന്മാര്‍ സൗഹൃദപൂര്‍വ്വം ചിരിച്ചു. "ഞങ്ങളും ഹാരാന്‍നിവാസികളാണ്. ലാബാനെയും ബത്തുവേലിനെയും ബത്തുവേലിന്റെ പിതാവു നാഹോറിനെയും ഞങ്ങള്‍ക്കറിയാം. ലാബാന്റെ ആടുകളുമായി അയാളുടെ മകള്‍ റാഹേല്‍ വൈകാതെയിവിടെയെത്തും."

അതു യാക്കോബിനു ശുഭകരമായ വാര്‍ത്തയായിരുന്നു. അവന്റെ ഹൃദയം സന്തോഷത്താല്‍ തുടിച്ചു.

"നാഹോറിന്റെ സഹോദരനായ അബ്രഹാമിന്റെ പേരക്കുട്ടിയാണു ഞാൻ. ലാബാന്റെ സഹോദരിയായ റബേക്കയാണ് എന്റെയമ്മ!"

"അതുശരി. അപ്പോൾ റാഹേലിനോടൊപ്പം നിങ്ങൾക്കു ലാബാന്റെ വീട്ടിലേക്കു പോകാം. റാഹേൽ ആടുകളുമായി വരുന്നതുവരെ നമുക്കു സംസാരിച്ചിരിക്കാം."

"പകല്‍തീരാന്‍ ഇനിയുമൊരുപാടു നേരമുണ്ടു്. ആടുകളെ ആലയിലാക്കാന്‍ സമയമായില്ലല്ലോ. ആടുകള്‍ക്കു വെള്ളംകൊടുത്ത്, നിങ്ങളവയെ മേച്ചില്‍പ്പുറങ്ങളിലേക്കു കൊണ്ടുപോയിക്കൊള്ളൂ. റാഹേല്‍ വരുന്നതുവരെ ഞാനിവിടെ കാത്തിരിക്കാം."

"അങ്ങനെയല്ല," ഇടയന്മാര്‍ പറഞ്ഞു. "ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തിയത്തിനുശേഷംമാത്രമേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കാറുള്ളൂ. എല്ലാവരുമെത്തുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും."

യാക്കോബ് ഇടയന്മാരുമായി സംസാരിച്ചുകൊണ്ടിരിക്കേ, റാഹേല്‍ ആടുകളുമായെത്തി. മനോഹരമായൊരു പനിനീർപ്പുവുപോലെ സുന്ദരിയായിരുന്നു റാഹേൽ!

ചെന്നൂലുപോലെ സുന്ദരമായ അധരം...  മാതളപ്പഴപ്പകുതിപോലെ മനോഹരമായ കവിള്‍ത്തടങ്ങള്‍... കവിത നിറയുന്ന തിളക്കമാർന്ന കണ്ണുകൾ... 

ആരെയുമാകര്‍ഷിക്കുന്ന ആ സൗന്ദര്യധാമത്തെ യാക്കോബ് കണ്ണിമചിമ്മാതെ നോക്കിനിന്നുപോയി. 

ആദ്യദര്‍ശനത്തില്‍ത്തന്നെ അവന്റെ ഹൃദയത്തിന്റെ ഏതോ ഉറവയില്‍നിന്ന്, പ്രണയത്തിന്റെയൊരു പുത്തനരുവിയൊഴുകിത്തുടങ്ങി.

യാക്കോബിന്റെ ഹൃദയത്തില്‍‌ ഒരു പ്രണയഗീതമുണര്‍ന്നു.


റാഹേല്‍ കിണറിനടുത്തെത്തിയപ്പോള്‍ യാക്കോബ് ഓടിച്ചെന്ന്, കിണര്‍മൂടിയിരുന്ന കല്ലുരുട്ടിമാറ്റി. റാഹേലിന്റെ ആടുകള്‍ക്കു വെള്ളം കോരിക്കൊടുത്തു.. 

ഇതിനുമുമ്പൊരിക്കലും ആ പ്രദേശത്തൊന്നും കണ്ടിട്ടില്ലാത്ത ആ യുവാവിനു് വലിയ ആകർഷകത്തമുള്ളതായി റാഹേലിനുതോന്നി. ആടുകള്‍ വെള്ളംകുടിച്ചുതീരുംവരെ തേജസ്സുറ്റ മുഖമുള്ള ആ ചെറുപ്പക്കാരനെ റാഹേല്‍ കൗതുകത്തോടെ നോക്കിനിന്നു. അവന്റെ മുഖദര്‍ശനം നവ്യമായ എന്തോ ഒരനുഭൂതി തന്റെ ഹൃദയത്തില്‍ നിറയ്ക്കുന്നതവളറിഞ്ഞു. ആ യുവകോമളന്‍ തന്റെ മുറച്ചെറുക്കനാണെന്ന് അപ്പോള്‍ അവളറിഞ്ഞിരുന്നില്ല. 

പെട്ടെന്നു യാക്കോബ് റാഹേലിന്റെയടുത്തേക്കു വന്നു. അവളുടെ പിതാവിന്റെ സഹോദരിയുടെ പുത്രനായ യാക്കോബാണു താനെന്ന് അവനവളോടു പറഞ്ഞു. അവൾ അദ്ഭുതപ്പെട്ടുപോയി!  അവളുടെ കൈകള്‍ തന്റെ കൈകളിലെടുത്ത്,
അവനവയിൽ ചുംബിച്ചു.

റാഹേലിന്റെ കണ്ണുകള്‍ വിടര്‍ന്നു. അവളുടെയുള്ളില്‍ പുതിയൊരു ലജ്ജയുണര്‍ന്നു. യാക്കോബിന്റെ കൈകള്‍ വിടുവിച്ച്,, അവള്‍ തന്റെ വീട്ടിലേക്കോടി. 

യാക്കോബിനെക്കണ്ട വിവരം അവള്‍ പിതാവിനോടു പറഞ്ഞു. റബേക്കയുടെ മകന്‍വന്നിരിക്കുന്നുവെന്ന വാര്‍ത്ത ലാബാനെ വളരെയേറെ സന്തോഷിപ്പിച്ചു. അയാള്‍ കിണറിന്‍കരയിലേക്കോടി. ലാബാന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. റബേക്കയുടെയും ഇസഹാക്കിന്റെയും എസാവിന്റെയും വിശേഷങ്ങള്‍ ലാബാന്‍ ചോദിച്ചറിഞ്ഞു.

ലാബാനു രണ്ടു പെണ്മക്കളാണുണ്ടായിരുന്നത്. ഇളയവളായിരുന്നു റാഹേല്‍. മൂത്തവള്‍ ലെയാ. ലയയുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. അവള്‍ക്കു സഹോദരിയോളം അഴകുണ്ടായിരുന്നില്ല. റാഹേലാകട്ടെ വടിവൊത്തൊരു സുന്ദരിതന്നെ! 

യാക്കോബ് ഒരുമാസത്തോളം ലാബാന്റെ വീട്ടില്‍ താമസിച്ചു. യാക്കോബും റാഹേലും അനുരാഗബദ്ധരായി. അവരൊരുമിച്ച് ആടുകളെ മേയ്ക്കാന്‍പോയി. 

ഒരുദിവസം ലാബാന്‍ യാക്കോബിനോടു പറഞ്ഞു. "വന്നനാള്‍മുതല്‍ നീയെനിക്കായി ജോലിചെയ്യുന്നു. എന്റെ ആടുകളെ മേയിക്കുകയും കാലികളെ പരിപാലിക്കുകയുംചെയ്യുന്നു. രക്തബന്ധത്തിന്റെപേരില്‍ എന്തിനു കൂലിയില്ലാതെ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലംവേണമെന്നു പറയൂ. ഞാനതു തരാം."

ഇതു നല്ലൊരവസരമായി യാക്കോബ് കണ്ടു. അവന്‍ പറഞ്ഞു: "അങ്ങയുടെ പുത്രിയായ റാഹേലിനെ ഞാനത്യധികം സ്നേഹിക്കുന്നു. അവള്‍ക്കെന്നെയുമിഷ്ടമാണ്. അവളെയെനിക്കു വിവാഹംചെയ്തുതരണം. അതിനുവേണ്ടി ഏഴുകൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം."

"അവള്‍ നിനക്കര്‍ഹതപ്പെട്ടവള്‍തന്നെ! അവളെ നിനക്കു വിവാഹംചെയ്തുതരാൻ എനിക്കു സമ്മതമാണ്! നീ എന്റെകൂടെ താമസിച്ചു ജോലിചെയ്തുകൊള്ളുക."

യാക്കോബ് ഏഴുവര്‍ഷം ലാബാനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുള്ള സ്നേഹംനിമിത്തം ഏഴുവര്‍ഷങ്ങള്‍ കടന്നുപോയത് അവനറിഞ്ഞതേയില്ല.

ഏഴുവർഷങ്ങൾ പൂർത്തിയായപ്പോൾ യാക്കോബ് അമ്മാവനോടു പറഞ്ഞു: "പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെത്തരിക."

കഠിനാദ്ധ്വാനിയായ യാക്കോബിന്റെ കൈകളില്‍ തന്റെ മകള്‍ സുരക്ഷിതയായിരിക്കുമെന്നു ലാബാനുറപ്പുണ്ടായിരുന്നു. അയാള്‍ നാട്ടിലെല്ലാവരെയും വിളിച്ചു വിവാഹവിരുന്നു നടത്തി. എന്നാല്‍ രാത്രിയായപ്പോള്‍ മൂത്തമകളായ ലെയയെയാണു യാക്കോബിന്റെ കൂടാരത്തിലേക്കു വിട്ടത്. ലെയയുടെ പരിചാരികയായി സില്‍ഫയെന്ന അടിമപ്പെണ്ണിനെയും നല്കി.

നേരംപുലര്‍ന്നപ്പോള്‍മാത്രമാണ്, തനിക്കുപറ്റിയ ചതി, യാക്കോബ് തിരിച്ചറിഞ്ഞത്. ലെയയാണു തന്റെ ഭാര്യയായാതെന്നറിഞ്ഞപ്പോള്‍ അവന്‍ കോപത്തോടെ അമ്മാവന്റെയടുത്തു ചെന്നു.

"അങ്ങെന്തിന് എന്നോടീ ചതിചെയ്തു? റാഹേലിനെ വിവാഹംകഴിക്കാന്‍വേണ്ടിയല്ലേ ഏഴുവര്‍ഷങ്ങള്‍ ഞാന്‍ ജോലിചെയ്തത്? എന്നിട്ടിപ്പോള്‍..."

ലാബാന്‍ ചിരിച്ചു. "നീ ദേഷ്യപ്പെടേണ്ടാ. മൂത്തവള്‍ നില്ക്കുമ്പോള്‍ ഇളയവളെ വിവാഹംകഴിപ്പിക്കുന്ന പതിവ് ഈ നാട്ടിലില്ല. നിങ്ങളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. ഒരാഴ്ചത്തെ വിവാഹാഘോഷങ്ങള്‍ കഴിഞ്ഞാലുടന്‍ റാഹേലിനെയും നിനക്കു വിവാഹംചെയ്തുതരാം. പക്ഷേ ഏഴുവര്‍ഷത്തേക്കുകൂടെ നീ എനിക്കായി പണിയെടുക്കണം."

യാക്കോബ് ജ്യേഷ്ഠനായ എസാവിനെയോര്‍ത്തു. എസാവിനോടുചെയ്ത ചതികള്‍ തനിക്കുനേരെ തിരികെവരുന്നതായി അവനു തോന്നി. മറ്റു നിര്‍വ്വാഹമൊന്നുമില്ലാതിരുന്നതിനാല്‍ അയാള്‍ അമ്മാവന്റെ തീരുമാനമംഗീകരിച്ചു.

ഒരാഴ്ചയ്ക്കുശേഷം ലാബാന്‍ റാഹേലിനെയും യാക്കോബിനു ഭാര്യയായി നല്കി. റാഹേലിന്റെ പരിചാരികയായി, ബില്‍ഹാ എന്ന 
അടിമപ്പെണ്ണിനെയും നല്കി 

റാഹേലും ലെയയും യാക്കോബിനെ അതിയായി സ്നേഹിച്ചു. അവനെ പരിചരിക്കുന്നതില്‍ അവര്‍ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. യാക്കോബാകട്ടെ ലെയയെക്കാളേറെ റാഹേലിനെയാണു സ്നേഹിച്ചതു്. അതു ലെയയെ വളരെയധികം വേദനിപ്പിച്ചു. അവള്‍ തന്റെ ഭര്‍ത്താവിന്റെ ദൈവമായ കര്‍ത്താവിനെവിളിച്ചു പ്രാര്‍ത്ഥിച്ചു.

ലെയ അവഗണിക്കപ്പെടുന്നതു കര്‍ത്താവു കാണാതിരുന്നില്ല. അവിടുന്ന് അവളുടെ പ്രാര്‍ത്ഥനകേട്ടു. ഉദരഫലംനല്കി, അവളെയനുഗ്രഹിച്ചു. റാഹേലിന്റെ ഉദരം അവിടുന്നു വന്ധ്യമാക്കി.

ലെയ തന്റെ കടിഞ്ഞൂല്‍പുത്രനു റൂബന്‍ എന്നു പേരിട്ടു. "എന്റെ കഷ്ടപ്പാടു കര്‍ത്താവു കണ്ടിരിക്കുന്നു. എന്റെ ഭര്‍ത്താവിനു ഞാനൊരു പുത്രനെ നല്കി. ഇനിയവന്‍ എന്നെ സ്നേഹിക്കും." അവള്‍ ആത്മഗതംചെയ്തു. 

ലെയ വീണ്ടും ഗര്‍ഭിണിയായി. അവള്‍ വീണ്ടുമൊരാണ്‍കുട്ടിക്കു ജന്മംനല്കി. അവനു ശിമയോന്‍ എന്നു പേരിട്ടു. തുടര്‍ച്ചയായ നാലുവര്‍ഷങ്ങളിലായി ലെയയ്ക്കു നാലുപുത്രന്മാര്‍ ജനിച്ചു. മൂന്നാമനെ ലേവിയെന്നും നാലാമനെ യൂദായെന്നും അവർ പേരുവിളിച്ചു.

റാഹേലിനു സഹോദരിയോട്‌ അസൂയതോന്നി. അവള്‍ യാക്കോബിന്റെയടുത്തുചെന്നു പറഞ്ഞു: "എനിക്കും മക്കളെത്തരൂ; ഇല്ലെങ്കില്‍ ഞാന്‍ മരിക്കും."

യാക്കോബിനു ദേഷ്യംവന്നു. അയാളവളോടു കയര്‍ത്തു."ഞാന്‍ കര്‍ത്താവിന്റെ സ്ഥാനത്താണോ? കര്‍ത്താവല്ലേ നിനക്കു കുഞ്ഞുങ്ങളെത്തരാത്തത്?"

"എന്നാല്‍, എന്റെ ദാസിയിലൂടെ എനിക്കു സന്താനഭാഗ്യംതരിക. അവള്‍ പ്രസവിക്കുന്ന കുഞ്ഞിനെ ഞാന്‍ വളര്‍ത്തും" തന്റെ പരിചാരികയായ ബില്‍ഹയെ റാഹേല്‍ യാക്കോബിനു നല്കി. ബില്‍ഹ ഗര്‍ഭംധരിച്ചു. യാക്കോബിന് അവളിലൊരു പുത്രന്‍ ജനിച്ചു.

റാഹേല്‍ അത്യധികം സന്തോഷിച്ചു. അവള്‍ കര്‍ത്താവിനു നന്ദിപറഞ്ഞു. "ദൈവം എനിക്കനുകൂലമായി വിധിച്ചിരിക്കുന്നു. എന്റെ പ്രാര്‍ത്ഥനകേട്ട്, എനിക്കൊരു പുത്രനെത്തന്നിരിക്കുന്നു."

അവര്‍ അവനു ദാന്‍ എന്നു പേരുനല്കി. ബില്‍ഹ വീണ്ടും ഗര്‍ഭംധരിച്ചു. അവള്‍ പ്രസവിച്ച രണ്ടാമത്തെ പുത്രനു നഫ്താലി എന്നാണു പേരിട്ടത്.

യൂദായ്ക്കുശേഷം തനിക്കു മക്കള്‍ ജനിക്കാതിരുന്നതിനാലും റാഹേലിന്റെ ദാസിയിലൂടെ യാക്കോബിനു രണ്ടു മക്കള്‍കൂടെ ജനിച്ചതിനാലും ലെയ അസ്വസ്ഥയായി. അവള്‍ തന്റെ ദാസിയായ സില്‍ഫയെ ഭര്‍ത്താവിനു സമര്‍പ്പിച്ചു. സില്‍ഫ ഗര്‍ഭംധരിച്ചു പ്രസവിച്ച പുത്രനു ഗാദ് എന്നു പേരുവിളിച്ചു. സില്‍ഫ വീണ്ടും ഗര്‍ഭിണിയാവുകയും ആഷേര്‍ എന്നൊരു പുത്രനെക്കൂടി യാക്കോബിനു സമ്മാനിക്കുകയും ചെയ്തു.

റൂബന്‍ വളര്‍ന്നു. അവന് എട്ടുവയസ്സുള്ളപ്പോള്‍ ഒരു കൊയ്ത്തുകാലത്ത് അവന്‍ ഗോതമ്പു വയലിലേക്കു പോയി. വയലിനടുത്തുകണ്ട ദൂദായിപ്പഴങ്ങള്‍ അവന്‍ പറിച്ചെടുത്തു. അവന്‍ അവയില്‍ കുറെയെണ്ണം തന്റെ അമ്മയ്ക്കു കൊടുത്തു. ലെയയുടെ കൈയ്യില്‍ ദൂദായിപ്പഴങ്ങള്‍ കണ്ടപ്പോള്‍ റാഹേലിനു കൊതിതോന്നി. 

"നിന്റെ മകന്‍ കൊണ്ടുവന്ന ദൂദായിപ്പഴങ്ങളില്‍നിന്നു കുറച്ചെനിക്കും തരൂ." റാഹേല്‍ ലയയോടു ചോദിച്ചു.

"എന്റെ ഭര്‍ത്താവിനെ കൈയടക്കിവച്ചിരിക്കുന്ന നിനക്ക്, എന്റെ മകന്‍ കൊണ്ടുവന്ന ദൂദായിപ്പഴങ്ങളും വേണോ?"  ലെയ സഹോദരിയോടു കയര്‍ത്തു. 

"നീ ദേഷ്യപ്പെടേണ്ട, നീയെനിക്കുതരുന്ന ദൂദായിപ്പഴങ്ങള്‍ക്കുപകരമായി, ഇന്നുരാത്രി നമ്മുടെ ഭര്‍ത്താവു നിന്നോടൊപ്പം ശയിച്ചുകൊള്ളട്ടെ."

അന്നു വൈകുന്നേരം യാക്കോബു വയലില്‍നിന്നു വന്നപ്പോള്‍ ലെയ പറഞ്ഞു; "ഇന്നു രാത്രി അങ്ങെന്റെ കൂടാരത്തില്‍ കഴിയണം. ഈരാത്രിയിൽ അങ്ങയെ എന്നോടൊപ്പം ലഭിക്കാനായി റൂബന്‍ എനിക്കു സമ്മാനിച്ച ദൂദായിപ്പഴങ്ങള്‍ ഞാന്‍ റാഹേലിനു നല്കി."

അവന്‍ അന്നുരാത്രിയില്‍ ലെയയുടെ കൂടാരത്തിലുറങ്ങി. ലെയ ഗര്‍ഭംധരിച്ചു് ഇസാക്കര്‍ എന്നൊരു പുത്രനെ യാക്കോബിനു നല്കി. ഇസാക്കാറിന്റെ ജനനശേഷം സെബലൂണ്‍ എന്നൊരു പുത്രനെയും ദീന എന്നൊരു പുത്രിയേയും ലെയ പ്രസവിച്ചു.

തന്റെ വന്ധ്യത മാറാനായി റാഹേല്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കര്‍ത്താവു റാഹേലിനെ അനുസ്മരിക്കുകയും അവളുടെ വന്ധ്യത അവസാനിപ്പിക്കുകയും ചെയ്തു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. 

"കര്‍ത്താവ്, എന്റെയപമാനം നീക്കിക്കളഞ്ഞിരിക്കുന്നു." അവള്‍ അത്യധികമാഹ്ലാദത്തോടെ മകനു ജോസഫ് എന്നുപേരിട്ടു. 

റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ദാന്‍, നഫ്താലി, ഗാദ്, ആഷേര്‍, ഇസാക്കര്‍, സെബലൂണ്‍, ജോസഫ് എന്നിങ്ങനെ പതിനൊന്നു പുത്രന്മാരും ദീന എന്ന പുത്രിയും യാക്കോബിനു ജനിച്ചു. 

ഏഴുവര്‍ഷംകൂടെ ജോലിചെയ്യണമെന്ന ഉപാധിയോടെയാണു ലാബാന്‍ തന്റെ പെണ്മക്കളെ യാക്കോബിനു വിവാഹംചെയ്തുകൊടുത്തത്. എന്നാല്‍ പന്ത്രണ്ടുമക്കളുടെ പിതാവായതിനുശേഷവും യാക്കോബിന് അമ്മാവനുവേണ്ടി ജോലിചെയ്യേണ്ടിവന്നു. അക്കാലമത്രയും അവനു സ്വന്തമായൊന്നും സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല.

യാക്കോബിന്റെ കഥ തുടരും ...

Sunday, 21 May 2017

12. ഏസാവും യാക്കോബും

ബൈബിൾക്കഥകൾ - 12

ഇസഹാക്കും റബേക്കയും ദാമ്പത്യസ്നേഹത്തിന്റെ ഹരിതാഭയില്‍ ജീവിതം പങ്കുവച്ചു. ദൈവകൃപയാല്‍, പരസ്പരസ്നേഹവും വിശ്വസ്തതയും സമ്പത്തും സമൃദ്ധിയും ആ കുടുംബത്തില്‍ നിറഞ്ഞുനിന്നു. എങ്കിലും അവരുടെ ദാമ്പത്യവല്ലരിയില്‍ സന്താനസൗഭാഗ്യത്തിന്റെ വര്‍ണ്ണപുഷ്പങ്ങള്‍ വിടർന്നിരുന്നില്ലെന്ന ദുഃഖം, അവരെ വേദനിപ്പിച്ചിരുന്നു.

തനിക്കു കര്‍ത്താവു നല്കിയ വാഗ്ദാനത്തെക്കുറിച്ചു് അബ്രഹാം ഇസഹാക്കിനോടു പറഞ്ഞു.

"സന്താനസൗഭാഗ്യമില്ലാതിരുന്ന നാളുകളില്‍, എന്റെ തലമുറകളില്ലാതാവുകയും സമ്പത്തെല്ലാം അന്യാധീനമാവുകയുംചെയ്യുമെന്നു വിലപിച്ചപ്പോൾ എന്നോടു കര്‍ത്താവു പറഞ്ഞു: നിന്റെ സമ്പത്ത്, അന്യാധീനമാകില്ല, നിന്റെ പുത്രന്‍തന്നെയായിരിക്കും നിന്റെയവകാശി. നീ ആകാശത്തേക്കു നോക്കുക; അവിടെക്കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും. കർത്താവിന്റെ വാഗ്ദാനത്തിൽ പൂർണ്ണമായും വിശ്വസിക്കുക. എനിക്കു നൂറാംവയസ്സിൽപ്പിറന്ന പുത്രനാണു നീ! നിനക്കിനിയും അറുപതുപോലും തികഞ്ഞില്ലല്ലോ! കർത്താവു നിന്നെയനുഗ്രഹിക്കും"

കര്‍ത്താവിന്റെ വാഗ്ദാനത്തില്‍ ഇസഹാക്കു് പൂര്‍ണ്ണമായും വിശ്വസിച്ചു. വന്ധ്യയായ തന്റെ ഭാര്യയ്ക്കുവേണ്ടി ഇസഹാക്ക്, കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. കര്‍ത്താവവന്റെ പ്രാര്‍ത്ഥനകേള്‍ക്കുകയും റബേക്ക ഗര്‍ഭിണിയാവുകയുംചെയ്തു.

കര്‍ത്താവു്,  ഉദരഫലംനല്കിയനുഗ്രഹിച്ചതിനാല്‍ ഇസഹാക്കും റബേക്കയും കര്‍ത്താവിനെ സ്തുതിച്ചു. മാസങ്ങള്‍ കഴിഞ്ഞുപോകവേ, തന്റെ ഉദരത്തിലെ ശക്തമായ ചലനങ്ങള്‍ റബേക്കയെ ഭയപ്പെടുത്തി. തന്റെ ഉദരത്തിനുള്ളില്‍ ഒരു മല്ലയുദ്ധംനടക്കുന്നതുപോലെ അവള്‍ക്കുതോന്നി.

"കര്‍ത്താവേ, ഇങ്ങനെയായാല്‍ എനിക്കെന്തു സംഭവിക്കും?" കര്‍ത്താവിന്റെ ഹിതമറിയാനായി അവള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

ഒരു ദര്‍ശനത്തില്‍ കര്‍ത്താവു് അവളോടു പറഞ്ഞു: "നിന്റെ ഉദരത്തില്‍ രണ്ടു കുഞ്ഞുങ്ങളാണുള്ളതു്. നിന്നില്‍നിന്നു പിറക്കുന്നവര്‍ രണ്ടു ജനതകളായിപ്പിരിയും. ഒന്നു മറ്റേതിനേക്കാള്‍ ശക്തമായിരിക്കും. മൂത്തവന്‍ ഇളയവനു ദാസ്യവൃത്തിചെയ്യും"

ഇസഹാക്കിനു് അറുപതുവയസ്സു തികഞ്ഞപ്പോൾ, കർത്താവറിയിച്ചിരുന്നതുപോലെ റബേക്ക രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചു..


ആദ്യം ജനിച്ചവനു ചെമന്നുതുടുത്ത നിറമായിരുന്നു. അവന്റെ ശരീരംമുഴുവന്‍ രോമംകൊണ്ടു പൊതിഞ്ഞിരുന്നു. അവനു് ഏസാവു് എന്നു പേരിട്ടു. രണ്ടാമതു ജനിച്ചവന്‍ പിറവിയുടെ നിമിഷങ്ങളിൽ ഏസാവിന്റെ കുതികാലില്‍പ്പിടിച്ച് ഉള്ളിലേക്കു വലിക്കുന്നുണ്ടായിരുന്നു. അതിനാല്‍ അവനു *യാക്കോബു് എന്നാണു പേരിട്ടത്.  

കാലചക്രം നിലയ്ക്കാതെ  തിരിഞ്ഞുകൊണ്ടേയിരുന്നു. പിന്നെയും പതിനഞ്ചുവര്‍ഷങ്ങള്‍ കടന്നുപോയി. വാര്‍ദ്ധക്യത്തിന്റെ പരമാവധിയും പിന്നിട്ടു്, നൂറ്റിയെഴുപത്തിയഞ്ചാം വയസ്സില്‍ അബ്രഹാം സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി.

ഇസ്മായേലും ഇസഹാക്കുംചേർന്ന്, മാമ്രേയുടെ എതിര്‍വശത്തു്, സാറയെ അടക്കംചെയ്ത ഗുഹയില്‍ത്തന്നെ അബ്രാഹമിനേയും സംസ്കരിച്ചു. അക്കാലത്ത്, ഇസ്മായേലിന്റെ പന്ത്രണ്ടുമക്കൾ ഹാവിലയ്ക്കും ഷൂറിനുമിടയിലുള്ള പന്ത്രണ്ടുദേശങ്ങളടക്കിഭരിക്കുന്ന ശക്തരായ പന്ത്രണ്ടുപ്രഭുക്കളായി വളർന്നിരുന്നു. അബ്രഹാമിന്റെ മരണത്തിൽ ആ ദേശങ്ങൾ മുഴുവൻ വിലപിച്ചു. 

ഏസാവും യാക്കോബും വളര്‍ന്നുവന്നു. ഏസാവ് ഊർജ്ജസ്വലനും കഠിനാദ്ധ്വാനിയുമായിരുന്നു. യാക്കോബ് ശാന്തനും ബുദ്ധിമാനുമായിരുന്നു.

ഏസാവു് കൃഷിയിലും നായാട്ടിലും സമര്‍ത്ഥനായിരുന്നു.  നായാടിക്കൊണ്ടുവരുന്ന മാംസത്തിന്റെ പങ്കു്, എല്ലായ്പ്പോഴും പിതാവിനു നല്കിയിരുന്നതിനാല്‍ ഇസഹാക്കു്, ഏസാവിനെ കൂടുതല്‍ സ്നേഹിച്ചിരുന്നു. 

പിതാവിന്റെ ആടുമാടുകളെ മേയിക്കുന്നതിനൊപ്പം വീട്ടുജോലികളിൽ അമ്മയെ സഹായിക്കാനും യാക്കോബ് സമയംകണ്ടെത്തി. പാചകകലയില്‍ അമ്മയെപ്പോലെതന്നെ യാക്കോബും മിടുക്കനായിരുന്നു. 
കൂടുതല്‍സമയം അവനമ്മയോടൊത്തു ചെലവഴിച്ചു. അതിനാൽ റബേക്ക, യാക്കോബിനോടു കൂടുതല്‍ വാത്സല്യംകാണിച്ചു. 

ഒരുദിവസം, വയലില്‍നിന്നു വിശന്നുതളര്‍ന്നു വീട്ടിലെത്തിയ ഏസാവ്, പയറുകൊണ്ടു പായസമുണ്ടാക്കുകയായിരുന്ന യാക്കോബിനെക്കണ്ടു. വിശന്നാര്‍ത്തനായ അവന്‍, അല്പം പായസം ചോദിച്ചെങ്കിലും യാക്കോബു് കൊടുത്തില്ല.



യാക്കോബു പറഞ്ഞു: "നിന്റെ കടിഞ്ഞൂലവകാശം എനിക്കു വിട്ടുതന്നാല്‍ പായസംമാത്രമല്ല, നിനക്കു ഞാൻ അപ്പവുമുണ്ടാക്കിത്തരാം."

"വിശന്നു മരിക്കാറായ എനിക്കു കടിഞ്ഞൂലവകാശംകൊണ്ടെന്തു പ്രയോജനം? ഇപ്പോള്‍ എനിക്കെന്തെങ്കിലും ഭക്ഷണമാണു വേണ്ടതു്."

"ആദ്യം നീ കടിഞ്ഞൂലവകാശം എനിക്കു വിട്ടുതരുന്നതായി ശപഥംചെയ്യൂ."

വിശപ്പിന്റെ ആധിക്യത്താല്‍ ഏസാവു് അനുജന്റെ ഉപാധിയംഗീകരിച്ചു. അവന്‍ ശപഥപൂര്‍വ്വം തന്റെ കടിഞ്ഞൂലവകാശം യാക്കോബിനു വിട്ടുകൊടുത്തു. യാക്കോബ്, സന്തോഷത്തോടെ ഏസാവിനു പായസവും അപ്പവും നല്കി.

എന്നാല്‍ ഒരുനേരത്തെ ഭക്ഷണത്തിനായി താന്‍ നഷ്ടപ്പെടുത്തിയതെന്താണെന്ന് അപ്പോള്‍ ഏസാവു ചിന്തിച്ചിരുന്നതേയില്ല...!

കര്‍ത്താവിന്റെയനുഗ്രഹത്താല്‍ ഇസഹാക്കിന്റെ കൃഷിയിടങ്ങളെല്ലാം നൂറുമേനി വിളവുനല്കി. കാലിക്കൂട്ടങ്ങള്‍ പെറ്റുപെരുകി. ഇസഹാക്കു് അബ്രാഹത്തേക്കാള്‍ സമ്പന്നനായി.

അക്കാലത്ത്, കാനാൻനാട്ടിലെങ്ങും വലിയ ക്ഷാമമുണ്ടായി. അതിനാൽ ഈജിപ്തിലേക്കു കുടിയേറാൻ ഇസഹാക്ക് ആഗ്രഹിച്ചു.

കര്‍ത്താവു പ്രത്യക്ഷപ്പെട്ടു്, ഇസഹാക്കിനോടു പറഞ്ഞു: "ഈ നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുക. ഞാന്‍ നിന്റെകൂടെയുണ്ടായിരിക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കുകയുംചെയ്യും. നിനക്കും നിന്റെ പിന്‍തലമുറക്കാര്‍ക്കും ഈ പ്രദേശമെല്ലാം ഞാന്‍ തരും. നിന്റെ പിതാവായ അബ്രാഹത്തോടുചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും.  നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും. കാരണം,  നിന്റെ പിതാവായ അബ്രാഹം എന്നിൽ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുകയും എന്നെയനുസരിക്കുകയും ചെയ്തു" 

ഇസഹാക്ക് കർത്താവിനെയനുസരിച്ചു. അവിടുത്തെ കൃപയാൽ ഫിലിസ്ത്യരാജാവായ അബിമലേക്ക് ഇസഹാക്കിനെ സഹായിച്ചു. ഇസഹാക്കിനു കിണർ കുഴിക്കാനായി ഗരാർ എന്ന പ്രദേശത്തെ വെള്ളമുള്ള സ്ഥലങ്ങൾ വിട്ടുനല്കി. കർത്താവ് ഇസഹാക്കിനു നൂറുമേനി വിളവു നല്കി. അവനിലൂടെ അബിമലേക്കുമനുഗ്രഹിക്കപ്പെട്ടു.

ഏസാവും യാക്കോബും വളർന്നു.
നാല്പതുവയസ്സു പ്രായമായപ്പോള്‍ ഏസാവു വിവാഹിതനായി. ഹിത്യവംശജരായ യൂദിത്തും ബാസ്മത്തും അവന്റെ ഭാര്യമാരായെത്തി. അപ്പോള്‍ ഇസഹാക്കിനു നൂറുവയസ്സു തികഞ്ഞിരുന്നു. വാര്‍ദ്ധക്യബാധയാല്‍ അവന്റെ കണ്ണുകളുടെ കാഴ്ചമങ്ങിത്തുടങ്ങിയിരുന്നു. 

ഏസാവിന്റെ ഭാര്യമാര്‍ വീട്ടിലെത്തിയതോടെ ഇസഹാക്കിന്റെയും റബേക്കയുടേയും ജീവിതം ദുരിതപൂര്‍ണ്ണമായിത്തുടങ്ങി. 

ഇസഹാക്കിനു പ്രായമേറി. കണ്ണിനു പൂര്‍ണ്ണമായും കാഴ്ചയില്ലാതെയായി. ഒരുദിവസം അവന്‍ ഏസാവിനെ വിളിച്ചു: "എന്റെ മകനേ! എനിക്കു വയസ്സായി. ഞാന്‍ എന്റെ പിതാക്കന്മാരോടുചേരാൻ ഇനി അധികനാൾ ബാക്കിയുണ്ടാകുകയില്ല.. നീ പോയി കുറച്ചു കാട്ടിറച്ചി കൊണ്ടുവരിക. എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകംചെയ്ത് എന്റെ മുമ്പില്‍ വിളമ്പുക. അതു ഭക്ഷിച്ചിട്ട്, മരിക്കുംമുമ്പേ, ഞാന്‍ നിന്നെയനുഗ്രഹിക്കാം." 

ഇസഹാക്ക് ഏസാവിനോടു സംസാരിക്കുന്നതു റബേക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏസാവു വേട്ടയാടാന്‍പോയപ്പോള്‍ അവള്‍ യാക്കോബിനോടു: "ഞാന്‍ പറയുന്നതുപോലെ നീ ചെയ്യണം. ആട്ടിന്‍കൂട്ടത്തില്‍നിന്നു രണ്ടു നല്ല കുഞ്ഞാടുകളെ പിടിച്ചുകൊണ്ടുവരുക. അവയെക്കൊന്നു്, ഞാന്‍ നിന്റെ ആബായ്ക്കിഷ്ടപ്പെട്ട, രുചികരമായ ഭക്ഷണമുണ്ടാക്കാം. നീ അതുമായി ആബായുടെയടുത്തു ചെല്ലണം. അപ്പോള്‍ അദ്ദേഹമതു ഭക്ഷിച്ച്, നിന്നെയനുഗ്രഹിക്കും."
       
"ഏസാവിന്റെ ശരീരമാകെ രോമമാണു്, എന്റെ ദേഹം മിനുസമുള്ളതും. ആബാ എന്നെ തൊട്ടുനോക്കുകയും ഞാന്‍ കബളിപ്പിക്കുകയാണെന്നു മനസ്സിലാക്കുകയുംചെയ്താല്‍ അനുഗ്രഹത്തിനുപകരം ശാപമായിരിക്കില്ലേ എനിക്കു ലഭിക്കുക?"     

"ആ ശാപം എന്റെമേലായിരിക്കട്ടെ! മകനേ, ഞാന്‍ പറയുന്നതു ചെയ്യുക. നിനക്കു നല്ലതേ വരൂ"
അവന്‍ അമ്മ പറഞ്ഞതുപോലെ ചെയ്തു.

റബേക്ക ഇസഹാക്കിനിഷ്ടപ്പെട്ട രുചിയില്‍ ഭക്ഷണം തയ്യാറാക്കി. അവള്‍, ഏസാവിന്റെ വസ്ത്രം യാക്കോബിനെയണിയിച്ചു. ആട്ടിന്‍തോലുകൊണ്ട് അവന്റെ കൈകളും കഴുത്തിലെ മിനുസമുളള ഭാഗവുംമൂടി. എന്നിട്ട്, താന്‍ പാകംചെയ്ത അപ്പവുമാട്ടിറച്ചിയും യാക്കോബിന്റെ കൈയില്‍ കൊടുത്തുവിട്ടു.       

യാക്കോബ് പിതാവിന്റെയടുക്കല്‍ച്ചെന്നു വിളിച്ചു: "ആബാ! ഇതാ ഞാന്‍, അങ്ങയുടെ കടിഞ്ഞൂല്‍പ്പുത്രന്‍. അങ്ങാവശ്യപ്പെട്ടതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച്, എന്നെയനുഗ്രഹിച്ചാലും!"  

"എന്റെ മകനേ, നിനക്ക് ഇതിത്രവേഗമെങ്ങനെ കിട്ടി?" 

"അങ്ങയുടെ ദൈവമായ കര്‍ത്താവ് ഇതിനെ എന്റെ മുമ്പില്‍ കൊണ്ടുവന്നു."  യാക്കോബു് മറുപടി വൈകിച്ചില്ല.
     
ഇസഹാക്കു പറഞ്ഞു: "അടുത്തുവരിക മകനേ, ഞാന്‍ നിന്നെ തൊട്ടുനോക്കി നീ ഏസാവുതന്നെയോ എന്നറിയട്ടെ."   

യാക്കോബ് പിതാവിന്റെയടുത്തുചെന്നു. ഇസഹാക്കു് അവനെ തടവിനോക്കി.

"സ്വരം യാക്കോബിന്റെതാണ്, എന്നാല്‍ കൈകള്‍ ഏസാവിന്റെതും." ഇസഹാക്ക് അവനെ തിരിച്ചറിഞ്ഞില്ല. അവന്റെ കൈകള്‍ സഹോദരനായ ഏസാവിന്റെ കൈകള്‍പോലെ രോമത്താല്‍ പൊതിഞ്ഞിരുന്നു. അണിഞ്ഞിരുന്ന വസ്ത്രത്തിനു് ഏസാവിന്റെ ഗന്ധമുണ്ടായിരുന്നു.

"സത്യമായും നീ എന്റെ മകന്‍ ഏസാവുതന്നെയാണോ? 

"അതേ, ഞാനങ്ങയുടെ പുത്രൻതന്നെ. കടിഞ്ഞൂലവകാശമുള്ള പുത്രന്‍!" ഏസാവില്‍നിന്നു കടിഞ്ഞൂലവകാശം നേടിയെടുത്ത യാക്കോബ് ധൈര്യപൂര്‍വ്വം പറഞ്ഞു. 

ഇസഹാക്ക്, യാക്കോബുകൊണ്ടുവന്ന അപ്പവും മാംസവും ഭക്ഷിക്കുകയും വീഞ്ഞുകുടിക്കുകയും ചെയ്തു.    
   
ഇസഹാക്ക് യാക്കോബിനോടു പറഞ്ഞു: "അടുത്തുവന്ന് എന്നെ ചുംബിക്കുക."
  
യാക്കോബു ചുംബിച്ചപ്പോള്‍ ഇസഹാക്ക് അവന്റെ ഉടുപ്പു മണത്തുനോക്കി. ഏസാവിന്റെ ഗന്ധം അയാളുടെ നാസിക തിരിച്ചറിഞ്ഞു.

"കര്‍ത്താവു കനിഞ്ഞനുഗ്രഹിച്ച വയലിന്റെ മണമാണ് എന്റെ മകന്റേത്!" ഇസഹാക്ക് അവനെയനുഗ്രഹിച്ചു. 

"ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ഠിയും ദൈവം നിനക്കു നല്കട്ടെ! നിനക്കു ധാന്യവും വീഞ്ഞും സമൃദ്ധമായുണ്ടാകട്ടെ! ജനതകള്‍ നിനക്കു സേവചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെമുമ്പില്‍ തലകുനിക്കട്ടെ! നിന്റെ സഹോദരര്‍ക്കു നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്മാര്‍ നിന്റെമുമ്പില്‍ തലകുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനുമാകട്ടെ!"

പിതാവിന്റെ അനുഗ്രഹംവാങ്ങി യാക്കോബു് അമ്മയുടെയടുത്തേക്കു മടങ്ങി. 

പിന്നെയും കുറേസമയത്തിനുശേഷമാണു് നായാട്ടുകഴിഞ്ഞ് ഏസാവു തിരിച്ചെത്തിയതു്. അവന്‍ പിതാവിനിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി, പിതാവിന്റെയടുക്കല്‍കൊണ്ടുവന്നിട്ടു പറഞ്ഞു: "ആബാ, എഴുന്നേറ്റ് ഈ നായാട്ടിറച്ചി ഭക്ഷിച്ച്, അങ്ങയുടെ മകനെ അനുഗ്രഹിച്ചാലും.."
  
"നീയാരാണ്?" ഇസഹാക്കു ചോദിച്ചു.

"അങ്ങയുടെ കടിഞ്ഞൂല്‍പ്പുത്രന്‍ ഏസാവാണു ഞാന്‍,"       

"അപ്പോള്‍ നായാട്ടിറച്ചിയുമായി നിനക്കുമുമ്പ് എന്റെമുമ്പില്‍ വന്നതാരാണ്? ഞാനതു തിന്നുകയും കടിഞ്ഞൂലവകാശിയായി അവനെ അനുഗ്രഹിക്കുകയുംചെയ്തല്ലോ. അവന്‍ എന്നുമനുഗ്രഹിക്കപ്പെട്ടവനായിരിക്കും."
   
പിതാവിന്റെ വാക്കുകേട്ടപ്പോള്‍ ഏസാവ് അതീവ ദുഃഖത്തോടെ കരഞ്ഞു. 

ഏസാവുപറഞ്ഞു: "വെറുതെയാണോ അവനെ യാക്കോബ് എന്നു വിളിക്കുന്നത്? രണ്ടുതവണ അവനെന്നെ ചതിച്ചു; ഒരുപാത്രം പായസത്തിനുപകരമായി കടിഞ്ഞൂലവകാശം എന്നില്‍നിന്നവന്‍ കൈക്കലാക്കി. ഇപ്പോഴിതാ എനിക്കുള്ള അനുഗ്രഹവും  തട്ടിയെടുത്തിരിക്കുന്നു. ചതിയൻ!" 

ഏസാവു കരഞ്ഞുകൊണ്ടു പിതാവിനോടു ചോദിച്ചു: "എനിക്കുവേണ്ടി ഒരുവരംപോലും അങ്ങു നീക്കിവച്ചിട്ടില്ലേ?"    

"നിന്റെ യജമാനനായിരിക്കട്ടെയെന്നു ഞാനവനെയനുഗ്രഹിച്ചു; അവന്റെ സഹോദരന്മാരെ അവന്റെ ദാസന്മാരാക്കി. ധാന്യവും വീഞ്ഞുംകൊണ്ടു ഞാനവനെ ധന്യനാക്കി."   

ഏസാവു പൊട്ടിക്കരഞ്ഞു.       

അപ്പോള്‍ ഇസഹാക്ക് പറഞ്ഞു: "ആകാശത്തിന്റെ മഞ്ഞില്‍നിന്നും ഭൂമിയുടെ ഫലപുഷ്ഠിയില്‍നിന്നും നീ അകന്നിരിക്കും. വാളുകൊണ്ടു നീ ജീവിക്കും. നിന്റെ സഹോദരനു നീ ദാസ്യവൃത്തി ചെയ്യും. എന്നാല്‍ സ്വതന്ത്രനാകുമ്പോള്‍ ആ നുകം നീ തകര്‍ത്തുകളയും. നിന്റെ സഹോദരനൊഴികെ മറ്റാർക്കും നിന്നെ കീഴടക്കാനാകില്ല!"
   
പിതാവ് യാക്കോബിനു നല്കിയ അനുഗ്രഹംമൂലം ഏസാവ് യാക്കോബിനെ വെറുത്തു. അവന്‍ ആത്മഗതം ചെയ്തു: "ആബായെ വേദനിപ്പിക്കുന്നതൊന്നും ഞാനിപ്പോൾ ചെയ്യില്ല. എന്നാൽ ആബായുടെ കാലശേഷം അവനെയെന്റെ കൈയില്‍ കിട്ടും. അന്നു ഞാനവനെ കൊല്ലും."
      
മൂത്തമകനായ ഏസാവു് ഇളയവനോടു പ്രതികാരംചെയ്തേക്കുമെന്നു റബേക്ക ഭയന്നു.. 

അവള്‍ യാക്കോബിനെ വിളിച്ചുപറഞ്ഞു: "മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. പാദാൻആരാമിലുള്ള, എന്റെ സഹോദരനായ ലാബാന്റെയടുത്തേക്ക്, നീ ഓടി രക്ഷപ്പെടുക. നിന്റെ ജ്യേഷ്ഠന്റെ രോഷമടങ്ങുവോളം അവിടെത്താമസിക്കുക. ഏസാവിനു നിന്നോടുള്ള കോപമടങ്ങുകയും നീ ചെയ്തതൊക്കെ മറക്കുകയുംചെയ്യട്ടെ. അപ്പോള്‍ ഞാനാളയച്ചു നിന്നെയിങ്ങോട്ടു വരുത്താം. അല്ലെങ്കില്‍ അധികംവൈകാതെ നിങ്ങള്‍ രണ്ടുപേരും എനിക്കു നഷ്ടപ്പെടുമോയെന്നാണെന്റെ പേടി." 

റബേക്കാ ഇസഹാക്കിന്റെയടുത്തുചെന്നു പറഞ്ഞു: "ഏസാവിന്റെ ഭാര്യമാരായ ഹിത്യസ്ത്രീകള്‍മൂലം എനിക്കു ജീവിതം മടുത്തു. ഇവരെപ്പോലെയുള്ള ഒരുവളെ യാക്കോബും വിവാഹംകഴിച്ചാല്‍പ്പിന്നെ ഞാനെന്തിനു ജീവിക്കണം? അതുകൊണ്ടു് അവനെ എന്റെ നാട്ടിലേക്കയയ്ക്കൂ. എന്റെ സഹോദരന്റെ പുത്രിമാരിലൊരുവളെ അവന്‍ വധുവായി സ്വീകരിക്കട്ടെ."

പത്നിയുടെ വാക്കുകള്‍ ശരിയാണെന്നു് ഇസഹാക്കിനും തോന്നി. അയാള്‍ യാക്കോബിനെ തന്റെയടുത്തേക്കുവിളിച്ചു. 

"ഈ നാട്ടിലുള്ള സ്ത്രീകളിലാരെയും നീ വിവാഹംകഴിക്കരുതു്. നിന്റെ അമ്മയുടെ പിതാവായ ബത്തുവേലിന്റെ വീട്ടിലേക്കു പോവുക. അമ്മാവനായ ലാബാന്റെ മക്കളിലൊരാളെ ഭാര്യയായി സ്വീകരിക്കുക. സര്‍വ്വശക്തനായ കര്‍ത്താവു നിന്നെയനുഗ്രഹിക്കട്ടെ. നിന്നില്‍നിന്ന് അനേകം ജനതകളുണ്ടാകട്ടെ! പിതാവായ അബ്രാഹത്തിനു കര്‍ത്താവു വാഗ്ദാനംചെയ്ത അനുഗ്രഹം നിനക്കും നിന്റെ തലമുറകള്‍ക്കും ലഭിക്കട്ടെ. നീയിപ്പോള്‍ പരദേശിയായി പാര്‍ക്കുന്നതും അബ്രാഹമിന്റെ തലമുറകള്‍ക്കായി കര്‍ത്താവു വാഗ്ദാനംചെയ്തതുമായ ഈ കാനാന്‍ദേശം നീ അവകാശപ്പെടുത്തട്ടെ!" 

ഇസഹാക്കും റബേക്കയും യാക്കോബിനെ ചുംബിച്ചു യാത്രയാക്കി.

മാതാപിതാക്കളുടെ അനുഗ്രഹത്തോടെ, യാക്കോബു് അമ്മയുടെ നാടായ പാദാന്‍ആരാമിലേക്കു പുറപ്പെട്ടു.

--------------------------------------------------------

യാക്കോബു് എന്നവാക്കിന്റെ  അര്‍ത്ഥം ചതിയന്‍ എന്നാണ്!.

Sunday, 14 May 2017

11. റബേക്ക

ബൈബിൾക്കഥകൾ - 11

മരുഭൂമിയിൽ, പ്രകൃതിയോടു മല്ലിട്ട് ഇസ്മായേൽ വളർന്നു. അവന്റെ മനസ്സും ശരീരവും ഒന്നുപോലെ കരുത്താർജ്ജിച്ചു. 

ഇസ്മയേലിനു വിവാഹപ്രായമെത്തിയപ്പോൾ ഹാഗാർ അവനോടൊപ്പം ഈജിപ്തിലേക്കുപോയി. അവൾ തന്റെ ബന്ധുജനങ്ങളെ അന്വേഷിച്ചുകണ്ടെത്തി. അവരിൽനിന്നുതന്നെ, തന്റെ പുത്രനായി ഒരു വധുവിനെ തിരഞ്ഞെടുത്തു നല്കി. 

ശിഷ്ടകാലം ഈജിപ്തിൽത്തന്നെ തുടരണമെന്നു ഹാഗാറാഗ്രഹിച്ചു. അവൾ മകനോടും മരുമകളോടും പറഞ്ഞു: "നമുക്കിനി ഇവിടെത്തന്നെ താമസിക്കാം. ഇവിടെയാകുമ്പോൾ ചുറ്റും നമ്മുടെ ബന്ധുക്കളുണ്ടല്ലോ."

"വേണ്ടാ, ഞാൻ അബ്രഹാമിന്റെ പുത്രനാണ്. നമ്മൾ കാനാൻദേശത്തേക്കു മടങ്ങിപ്പോകും. വെറുംകൈയോടെ മരുഭൂമിയിലേക്കിറങ്ങിയ നാട്ടിൽത്തന്നെ ഞാൻ ജീവിക്കും. പിതാവായ അബ്രാഹാമിനേക്കാൾ സമ്പന്നനായിത്തന്നെ!"

ഇസ്മായേൽ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം കാനാൻനാട്ടിലേക്കു മടങ്ങി.

കാനാൻദേശത്തുനിന്ന് അസ്സീറിയായിലേക്കുള്ള വഴിയില്‍ ഈജിപ്‌തിന്റെ എതിര്‍വശത്തുള്ള ഷൂര്‍ പട്ടണത്തിൽ അവർ താമസമുറപ്പിച്ചു. കാനാൻദേശത്തേയും ഈജിപ്തിലേയും കച്ചവടക്കാർക്കിടയിൽ ഇസ്മായേൽ മദ്ധ്യവർത്തിയായി. കാലക്രമത്തിൽ അവൻ വലിയ സമ്പന്നനായിത്തീർന്നു.

ഇസ്മായേലിനു പന്ത്രണ്ടു പുത്രന്മാർ ജനിച്ചു. ഹവിലാമുതല്‍ ഷൂര്‍വരെയുള്ള ദേശംമുഴുവൻ ഇസ്മായേലിന്റേയും സന്തതികളുടേയും കൈവശമായി. തന്റെ പുത്രനെക്കുറിച്ചുള്ള വാർത്തകൾ അബ്രഹാം അറിയുന്നുണ്ടായിരുന്നു. ഇസ്മായേലിന്റെ വളർച്ചയിൽ അബ്രഹാം അത്യധികം സന്തോഷിച്ചു.
ഇസഹാക്കിന് മുപ്പത്തിയേഴു വയസ്സുള്ളപ്പോൾ, തന്റെ
നൂറ്റി ഇരുപത്തിയേഴാം വയസ്സിൽ, സാറായുടെ ആത്മാവു ശരീരംവെടിഞ്ഞു. 

കൂടാരവാസിയായിരുന്നതിനാൽ സാറായെ സംസ്കരിക്കാൻ അബ്രഹാമിന്, ഇടമേതുമുണ്ടായിരുന്നില്ല. സാറാ മരിച്ചദിവസം, താൻ താമസിച്ചിരുന്ന മാമ്രേയ്ക്കു കിഴക്കുള്ള, മക്‌പെലായില്‍, ഹിത്യവംശജനായ എഫ്രോണിന്റെ നിലം, അതിലെ ഗുഹയും വൃക്ഷങ്ങളുംസഹിതം നാന്നൂറു ഷെക്കല്‍ വിലയ്ക്ക് അബ്രാഹം വാങ്ങി. ആ ഗുഹയില്‍ അബ്രാഹാമും ഇസഹാക്കുംചർസാന്ന്, സാറായുടെ മൃതദേഹം സംസ്കരിച്ചു.

പിന്നെയും മൂന്നു വസന്തങ്ങൾകൂടെ
കടന്നുപോയി. അബ്രഹാം കൂടുതല്‍ ക്ഷീണിതനായി. തനിക്കിനി അധികകാലമവശേഷിക്കുന്നില്ലെന്ന് അവനു മനസ്സിലാക്കി. 

ഇസഹാക്ക് അപ്പോഴും അവിവാഹിതനായിരുന്നു. തന്‍റെ മരണത്തിനുമുമ്പുതന്നെ മകനുവേണ്ടി ഒരു വധുവിനെക്കണ്ടെത്തണമെന്ന് അബ്രഹാം നിശ്ചയിച്ചു.

തന്റെ എല്ലാ വസ്തുവകകളുടെയും മേല്‍നോട്ടംവഹിക്കുന്ന പ്രധാനദാസനെ അബ്രഹാം തന്‍റെയരികില്‍വിളിച്ചു: 

"എന്റെ നാട്ടില്‍, എന്റെ ചാര്‍ച്ചക്കാരുടെയടുക്കലേക്കു നീ പോകണം. അവരില്‍നിന്ന് ഇസഹാക്കിനായി ഒരു ഭാര്യയെ നീ കണ്ടെത്തണം. ഈ നാട്ടിലെ കാനാന്യരുടെ പെണ്മക്കളില്‍നിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന്, ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നീ സത്യംചെയ്യുകയുംവേണം."

"ഞാന്‍ കണ്ടെത്തുന്ന പെണ്‍കുട്ടിക്ക് ഈ നാട്ടിലേക്കുപോരാന്‍ ഇഷ്ടമില്ലെങ്കിലോ? എങ്കിൽ അങ്ങു വിട്ടുപോന്ന നാട്ടിലേക്ക്, ഇസഹാക്കുമായി ഞാന്‍ പോകണോ?" ദാസന്‍ അബ്രാഹമിനോടു ചോദിച്ചു.

"വേണ്ടാ, എന്റെ മകനെ അങ്ങോട്ടുകൊണ്ടുപോകരുത്. എന്റെ തലമുറകള്‍ക്കായി കാനാന്‍ദേശം നല്കുമെന്നു വാഗ്ദാനംചെയ്ത കര്‍ത്താവ്, വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണു്. ഒരുകാര്യം ഉറപ്പുപറയാന്‍ എനിക്കു കഴിയും. എന്റെ പിതാവിന്റെ വീട്ടില്‍നിന്നും ബന്ധുക്കളില്‍‍നിന്നും എന്നെ പുറത്തുകൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്റെ സന്തതികള്‍ക്ക് ഈ ഭൂമി ഞാന്‍ തരുമെന്നു വാഗ്ദാനംചെയ്തവനുമായ കര്‍ത്താവ്, തന്റെ ദൂതനെ നിനക്കുമുമ്പേ അയയ്ക്കും; അവിടെനിന്ന് എന്റെ മകനുവേണ്ടി ഒരു ഭാര്യയെക്കണ്ടെത്താന്‍ കര്‍ത്താവുതന്നെ നിന്നെ സഹായിക്കും. നീ കണ്ടെത്തുന്ന പെണ്‍കുട്ടിക്കു നിന്നോടുകൂടെപ്പോരാനിഷ്ടമില്ലെങ്കില്‍ എന്റെയീ ശപഥത്തില്‍നിന്നു നീ വിമുക്തനാണ്. എന്‍റെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ നിന്നോടൊപ്പമയച്ചില്ലെങ്കിലും നീ ശപഥത്തില്‍നിന്നു വിമുക്തനാണ്."

അബ്രഹാം പറഞ്ഞതനുസരിച്ച് ആ ദാസന്‍ ശപഥംചെയ്തു. പത്ത് ഒട്ടകങ്ങളും വിലപിടിപ്പുള്ള ധാരാളം സമ്മാനങ്ങളുമായി, അബ്രാഹമിന്റെ സഹോദരനായ നാഹോര്‍ താമസിക്കുന്ന ഹാരാൻപട്ടണത്തിലേക്ക് അയാള്‍ യാത്രപുറപ്പെട്ടു. സഹായത്തിനായി ഏതാനും ദാസന്മാരും ദാസിമാരും കൂടെയുണ്ടായിരുന്നു.

ദിവസങ്ങള്‍നീണ്ട യാത്രയ്ക്കൊടുവിൽ, ഒരു സായാഹ്നത്തില്‍ അവർ ഹാരാൻപട്ടണത്തിനു പുറത്ത്, വെള്ളമുള്ള ഒരു കിണറിനടുത്തെത്തി. 

കിണറിന്റെ കരയില്‍നിന്ന് അബ്രഹാമിന്റെ ദാസൻ പ്രാര്‍ത്ഥിച്ചു: 

"എന്റെ യജമാനന്റെ ദൈവമായ കര്‍ത്താവേ, എന്റെയീ ദൗത്യം വിജയിപ്പിക്കണമേ! ഇതാ, ഈ കിണറ്റുകരയില്‍ ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ വെള്ളംകോരാന്‍ വരുന്നുണ്ട്. നിന്റെ കുടത്തിൽനിന്ന് എനിക്കല്പം വെള്ളം കുടിക്കാൻ തരുക, എന്നുപറയുമ്പോള്‍ ഇതാ, കുടിച്ചുകൊള്ളുക; നിങ്ങളുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാമെന്നു മറുപടിതരുന്ന പെണ്‍കുട്ടിയായിരിക്കട്ടേ അങ്ങയുടെ ദാസനായ ഇസഹാക്കിന് അങ്ങു നിശ്ചയിച്ചിരിക്കുന്നവള്‍‍. കര്‍ത്താവേ, അങ്ങയുടെ കൃപയാല്‍ അങ്ങയുടെ ദാസനായ ഇസഹാക്കിനായി അങ്ങു നിശ്ചയിച്ചിരിക്കുന്ന വധുവിനെ എനിക്കുമുമ്പിലെത്തിക്കണമേ!"

അധികംവൈകിയില്ലാ, തോളിലേന്തിയ കുടവുമായി റബേക്കാ വെള്ളംകോരാന്‍ അവിടേയ്ക്കു വന്നു. അവള്‍ അതീവസുന്ദരിയായൊരു യുവതിയായിരുന്നു. കിണറ്റിൽനിന്നു വെള്ളംകോരി, അവൾ തന്റെ കുടംനിറച്ചു.

അബ്രാഹമിന്റെ ഭൃത്യന്‍, അവളുടെയടുത്തേക്കുചെന്നു പറഞ്ഞു: "ദയവായി നിന്റെ കുടത്തില്‍നിന്നു കുറച്ചുവെള്ളം എനിക്കു കുടിക്കാന്‍ തരിക".

റബേക്ക പറഞ്ഞു: "പ്രഭോ, കുടിച്ചാലും."

കുടം താഴ്ത്തിപ്പിടിച്ച് അവള്‍ അവനു കുടിക്കാന്‍കൊടുത്തു. അവന്‍  കുടിച്ചുകഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: "അങ്ങയുടെ ഒപ്പമുള്ളവർക്കും ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിക്കൊടുക്കാം."

അവള്‍ വേഗം കുടത്തിലെ വെള്ളം തൊട്ടിയിലൊഴിച്ച്, വീണ്ടും വെള്ളംകോരാന്‍ കിണറിനടുത്തേക്കു നടന്നു. എല്ലാ ഭൃത്യന്മാർക്കും ഒട്ടകങ്ങള്‍ക്കും വെള്ളം കോരിക്കൊടുത്തു. 

അബ്രഹാമിന്റെ ദാസന്‍, നിര്‍ന്നിമേഷനായി അവളെ നോക്കിനിന്നു. അവന്‍ കര്‍ത്താവിനു നന്ദിപറഞ്ഞു. ഒട്ടകങ്ങള്‍ വെള്ളംകുടിച്ചുകഴിഞ്ഞപ്പോള്‍ അരഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണ്ണമോതിരവും പത്തു ഷെക്കല്‍ തൂക്കമുള്ള രണ്ടു സ്വർണ്ണവളകളും അവനവള്‍ക്കു നല്കി.

" നീ ആരുടെ മകളാണ്? നിന്റെ പിതാവിന്റെ ഭവനത്തില്‍ ഈ രാത്രികഴിക്കാന്‍ എനിക്കിടംകിട്ടുമോ?"

"ബത്തുവേലിന്റെ മകളാണു ഞാന്‍. നഹോറിന്റെയും മില്‍ക്കയുടെയും പേരക്കുട്ടി. താങ്കളുടെ ഒട്ടകങ്ങള്‍ക്കാവശ്യമായ കച്ചി ഞങ്ങളുടെ വീട്ടിലുണ്ട്. താങ്കള്‍ക്കു താമസിക്കാനുള്ള മുറിയും." 

അബ്രാഹമിന്റെ സഹോദരന്‍ നാഹോറിന്റെയും ഭാര്യ മില്‍ക്കായുടെയും മകനായ ബത്തുവേലിന്റെ മകളായിരുന്നു, റബേക്ക.

റബേക്ക അവളുടെ വീട്ടിലേക്കോടി. കിണറിന്‍കരയില്‍ക്കണ്ട അപരിചതനെക്കുറിച്ചു വീട്ടുകാരോടു പറഞ്ഞു. അയാള്‍ നല്കിയ ആഭരണങ്ങള്‍ അവരെക്കാണിച്ചു.

റബേക്ക പറഞ്ഞു. "വെള്ളം കുടിച്ചതിനുശേഷം അയാള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതു ഞാന്‍ കേട്ടു. -എന്റെ യജമാനനായ അബ്രാഹമിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍. തന്റെ കാരുണ്യവും വിശ്വസ്തതയും അവിടുന്ന് അവനില്‍നിന്നു പിന്‍വലിച്ചിട്ടില്ല. എന്റെ യജമാനന്റെ ചാര്‍ച്ചക്കാരുടെ വീട്ടിലേക്ക് അവിടുന്നെന്നെ നയിക്കുകയുംചെയ്തിരിക്കുന്നു."

റബേക്കയുടെ സഹോദരനായ ലാബാന്‍, കിണറ്റിന്‍കരയിലേക്കു ചെന്നു. അബ്രാഹമിന്റെ ഭൃത്യനും സഹദാസന്മാരും അപ്പോഴും അവിടെ നില്ക്കുന്നുണ്ടായിരുന്നു.
ലാബാന്‍ അവരെ വീട്ടിലേക്കു ക്ഷണിച്ചു. 

വീട്ടിലെത്തിയപ്പോള്‍ ലാബാന്‍ അതിഥികള്‍ക്കു കാല്‍കഴുകാന്‍ വെള്ളം നല്കി. ഒട്ടകങ്ങളുടെ ജീനിയഴിച്ചുമാറ്റി, തീറ്റയും കച്ചിയുംകൊടുത്ത് അവയെ തൊഴുത്തില്‍ക്കെട്ടി.

ബത്തുവേല്‍ അതിഥികളെ അത്താഴത്തിനു ക്ഷണിച്ചു. 

അബ്രഹാമിന്റെ ഭൃത്യന്‍ പറഞ്ഞു: "വന്നകാര്യം പറയാതെ ഞാന്‍ ഭക്ഷണംകഴിക്കില്ല."

"എന്താണെങ്കിലും പറഞ്ഞുകൊള്ളുക" ലാബാന്‍ അയാളോടു യോജിച്ചു.

അയാള്‍, നടന്നകാര്യങ്ങള്‍ വിശദമായി പറഞ്ഞു.
"അതുകൊണ്ട് എന്റെ യജമാനനോടു നിങ്ങള്‍ കാരുണ്യത്തോടും വിശ്വസ്തതയോടുംകൂടെ പെരുമാറുമെങ്കില്‍, എന്റെ യജമാനന്റെ മകന്,  നിങ്ങളുടെ പെണ്‍കുട്ടിയെ വധുവായിനല്കാന്‍ സമ്മതമാണെങ്കില്‍, പറയുക. മറിച്ചാണെങ്കിലും പറയുക. എനിക്ക് അതനുസരിച്ചു പ്രവര്‍ത്തിക്കാമല്ലോ?"

അപ്പോള്‍ ലാബാനും ബത്തുവേലും പറഞ്ഞു: "കേട്ടിടത്തോളം ഇതു ദൈവത്തിന്റെയിഷ്ടമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതിനെക്കുറിച്ച് ഞങ്ങള്‍ക്ക് എതിരഭിപ്രായമില്ല. ഇതാ, റബേക്കാ നിന്റെ മുമ്പില്‍ നില്‍ക്കുന്നു. അവളെ കൊണ്ടുപോയ്‌ക്കൊള്ളുക. കര്‍ത്താവു തിരുവുള്ളമായതുപോലെ അവള്‍ നിന്റെ യജമാനന്റെ മകനു ഭാര്യയായിരിക്കട്ടെ."

അബ്രാഹമിന്റെ ഭൃത്യന്‍ സന്തോഷത്തോടെ താണുവീണ്, കര്‍ത്താവിനെയാരാധിച്ചു. അവന്‍ സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെടുത്തു റബേക്കായ്ക്കു കൊടുത്തു. അവളുടെ സഹോദരനും അമ്മയ്ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്കി..

എല്ലാവരും സന്തോഷത്തോടെ അത്താഴംകഴിച്ചു.

അബ്രാഹമിന്റെ ഭൃത്യന്‍ പുലര്‍ച്ചെയെഴുന്നേറ്റു ബത്തുവേലിനോടു ചോദിച്ചു. "താങ്കളുടെ പുത്രിയെ എന്നോടൊപ്പം ഇന്നുതന്നെ എന്റെ യജമാനന്റെയടുത്തേക്കയയ്ക്കില്ലേ?"

ലാബാനും അമ്മയും പറഞ്ഞു: "ഇന്നുതന്നെയോ? കുറച്ചുനാള്‍കൂടെ, പത്തു ദിവസമെങ്കിലും, അവളിവിടെ നില്‍ക്കട്ടെ."

ഭൃത്യന്‍ പറഞ്ഞു: "അധികംവൈകാതെ എന്നെ തിരിച്ചയച്ചാല്‍ നന്നായിരുന്നു."

"നമുക്കു പെണ്‍കുട്ടിയെ വിളിച്ചുചോദിക്കാം " ബത്തുവേല്‍ റബേക്കയെ വിളിച്ചു. കർത്താവ്' അവളുടെ ഹൃദയത്തെ പ്രചോദിപ്പിച്ചു. റബേക്ക അബ്രഹാമിന്റെ ഭൃത്യനോടൊപ്പം പോകാന്‍തയ്യാറായി.

ബത്തുവേൽ അവളെ ആശീര്‍വ്വദിച്ചു: "നീ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും അമ്മയായിത്തീരുക. തങ്ങളെ വെറുക്കുന്നവരുടെ വാതിലുകള്‍ നിന്റെ സന്തതികള്‍ പിടിച്ചെടുക്കട്ടെ."

റബേക്കയെയും അവളുടെ ദാസിയേയും അവര്‍ അന്നുതന്നെ അബ്രാഹമിന്റെ ഭൃത്യനോടൊപ്പം അയച്ചു. അവര്‍ കാനാന്‍ദേശത്തേക്കു യാത്രയായി.

ഒരു ദിവസം വൈകുന്നേരം ഇസഹാക്ക് ചിന്താമഗ്നനായി വയലിലൂടെ നടക്കുകയായിരുന്നു. അപ്പോൾ ദൂരെനിന്ന് ഒട്ടകങ്ങള്‍ വരുന്നത് അവൻ കണ്ടു. ഹാരാനിലേക്കുപോയ ദാസന്മാർ മടങ്ങിയെത്തിയെന്ന് അവനു മനസ്സിലായി. അവന്‍ ആകാംക്ഷയോടെ അവയ്ക്കുനേരെ നടന്നു.

സുന്ദരനായ ഒരു യുവാവു തങ്ങളുടെനേരേ നടന്നുവരുന്നതു റബേക്ക കണ്ടു. അവള്‍ ഭൃത്യനോടു ചോദിച്ചു: "അങ്ങകലെ, പാടത്തുകൂടെ നമ്മുടെനേരേ നടന്നുവരുന്ന ആ മനുഷ്യനാരാണ്?"

"അവനാണ് എന്റെ യജമാനന്‍റെ മകന്‍."

റബേക്കാ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി.  ശിരോവസ്ത്രംകൊണ്ടു മുഖംമറച്ചു.

ഇസഹാക്ക് അടുത്തെത്തിയപ്പോള്‍ ഭൃത്യന്‍ നടന്നതെല്ലാം അവനോടു പറഞ്ഞു. ഇസഹാക്ക്, റബേക്കയുടെ മുഖപടം മെല്ലെ നീക്കി. അവർ കൗതുകപൂർവ്വം പരസ്പരം നോക്കി. റബേക്ക വ്രീളാവതിയായി മുഖംകുനിച്ചു.

ഭൃത്യൻ അവരെ അബ്രഹാമിനു മുമ്പിലേക്കു കൊണ്ടുചെന്നു. അബ്രഹാം റബേക്കയുടെ വലതുകൈപിടിച്ച്, ഇസഹാക്കിന്റെ വലതുകൈയിൽ ചേർത്തു. ഇസഹാക്ക് അവളെ ഭാര്യയായി സ്വീകരിച്ചു. 

തന്റെ പുത്രന് അനുയോജ്യയായ വധുവിനെ ലഭിച്ചതില്‍ അബ്രഹാം അതിയായി സന്തോഷിച്ചു.

ഇസഹാക്ക് തന്റെ വധുവിനെ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവനവളെ അത്യധികം സ്‌നേഹിച്ചു. അമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന ഇസഹാക്കിന്, റബേക്കയുടെ സ്നേഹം സാന്ത്വനംപകര്‍ന്നു.

Sunday, 7 May 2017

10. ഇസഹാക്ക്

ബൈബിൾക്കഥകൾ -10

വസന്തകാലത്തിലെ ഒരു പ്രഭാതത്തിൽ, അബ്രാഹം തന്റെ കൂടാരവാതില്‍ക്കലിരിക്കുകയായിരുന്നു. ബാലസൂര്യൻ മദ്ധ്യാഹ്നത്തിലേക്കുള്ള വഴിയിലേക്കു നടന്നുതുടങ്ങിയതിനാൽ കിരണങ്ങൾക്കു ചൂടുകൂടിത്തുടങ്ങിയിരുന്നു. അപ്പോൾ, തന്റെ കൂടാരത്തിനുനേരേ മൂന്നു വ്യക്തികൾ നടന്നുവരുന്നത് അബ്രഹാം കണ്ടു. 

അവൻ കൂടാരവാതില്‍ക്കല്‍നിന്നെഴുന്നേറ്റ്, അവരെയെതിരേല്ക്കാനായി, അവരുടെയടുത്തേയ്ക്കോടിച്ചെന്നു.

 "സ്നേഹിതരേ, വരൂ, വെയിൽമൂത്തുതുടങ്ങിയിരിക്കുന്നു. അല്പനേരം എന്റെ കൂടാരത്തില്‍ വിശ്രമിച്ച്, ഭക്ഷണംകഴിച്ചതിനുശേഷം, വെയിലാറിത്തുടങ്ങുമ്പോൾ നിങ്ങള്‍ക്കു യാത്രതുടരാം. കാലുകഴുകാന്‍ ഞാന്‍ കുറച്ചുവെള്ളം കൊണ്ടുവരട്ടെ! നിങ്ങള്‍ ഈ മരത്തണലിലിരുന്നു വിശ്രമിക്കൂ."

അബ്രഹാം അവരെ തന്റെ അതിഥികളായിക്കണ്ട്, പാളയത്തിലേയ്ക്കു ക്ഷണിച്ചു.

പിന്നെ, പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: "നമുക്കു ചില അതിഥികളുണ്ടു്. കുറച്ചു മാവെടുത്തു കുഴച്ച്, അവർക്കായി അപ്പമുണ്ടാക്കുക." 

കാലിക്കൂട്ടത്തില്‍നിന്ന്, കൊഴുത്തുതടിച്ച ഒരു കാളക്കുട്ടിയെപ്പിടിച്ച്, അബ്രഹാം വേലക്കാരനെയേല്പിച്ചു. അതിനെക്കൊന്ന്, പാകംചെയ്യാൻ അവനോടു കല്പിച്ചു.

തുകൽസഞ്ചിയിൽ വെള്ളവുമായി, അവൻ അതിഥികളുടെ സമീപം മടങ്ങിയെത്തി. അവരുടെ പാദങ്ങൾ കഴുകി. ഓക്കുമരത്തിനുകീഴിൽ മൂന്നുപീoങ്ങളിട്ട്, അവരെയവിടെയിരുത്തി.

പാലും വെണ്ണയും അപ്പവും, പാകംചെയ്ത മൂരിയിറച്ചിയുമായി, ദാസന്മാരെത്തി. അബ്രഹാംതന്നെ അതിഥികളുടെമുമ്പില്‍ അതു വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടുനിന്നു.

അവരവനോടു ചോദിച്ചു: "നിന്റെ ഭാര്യ സാറായെവിടെ?" 

തന്റെ ഭാര്യയായ സാറയെ അവരെങ്ങനെയറിയുമെന്ന് അബ്രഹാം അദ്ഭുതംകൂറി. കാരണം, അബ്രഹാം അവരെ തിരിച്ചറിഞ്ഞിരുന്നില്ല. അതു  കര്‍ത്താവുതന്നെയായിരുന്നു.

"കൂടാരത്തിലുണ്ട്" അവന്‍ മറുപടി പറഞ്ഞു.

കര്‍ത്താവ് അബ്രഹാമിനോടു പറഞ്ഞു: "അടുത്ത വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരികേവരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്കൊരു പുത്രനുണ്ടായിരിക്കും."

മരത്തിനു പിറകില്‍, കൂടാരവാതില്‍ക്കല്‍നിന്നുകൊണ്ട്, സാറായും ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. 
ഇരുപത്തഞ്ചിലേറെ വർഷങ്ങൾക്കുമുമ്പ്, ഹാരാനിൽനിന്നു പുറപ്പെട്ടനാൾമുതൽnകേൾക്കുന്ന അതേ വാഗ്ദാനം! 

"എനിക്കു പ്രായമേറെയായിഭര്‍ത്താവും വൃദ്ധനായി. ഇനി ഞങ്ങൾക്കു സന്താനഭാഗ്യമുണ്ടാകുമെന്നോ...!'' സാറാ ചിരിച്ചുപോയി 

കര്‍ത്താവു ചോദിച്ചു: "സാറാ ചിരിച്ചതെന്തിന്കര്‍ത്താവായ എനിക്കു കഴിയാത്തതെന്തെങ്കിലുമുണ്ടോ?"

"ഇല്ലാ, ഞാൻ ചിരിച്ചില്ലാ..."  അതു കർത്താവാണെന്നറിഞ്ഞപ്പോൾ സാറാ ഭയത്തോടെ വിളിച്ചുപറഞ്ഞു.

"അല്ലാ, നീ ചിരിക്കുകതന്നെചെയ്തു." 

അവിടുന്ന് അബ്രാഹമിനോടു പറഞ്ഞു. "അടുത്ത വസന്തത്തിൽ, നിശ്ചിതസമയത്തു ഞാന്‍ നിന്റെയടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്കൊരു മകനുണ്ടായിരിക്കും." 

അബ്രഹാമും സാറയും കർത്താവിനുമുമ്പിൽ ശിരസ്സു നമിച്ചു, നിലംപറ്റേ താണുവണങ്ങി. അതിഥികള്‍ അവരെ അനുഗ്രഹിച്ചതിനുശേഷം യാത്രയായി. 

ദൈവത്തിന്റെ വാഗ്ദാനത്തില്‍ അബ്രഹാം ഉറച്ചുവിശ്വസിച്ചു.

ഏറെവൈകാതെ, വൃദ്ധനായ അബ്രാഹത്തില്‍നിന്നു സാറാ ഗര്‍ഭംധരിച്ചു. സമയത്തിന്റെ തികവിൽ അവളൊരു പുത്രനെ പ്രസവിക്കുകയുംചെയ്തു. അബ്രാഹാമിനു നൂറുവയസ്സുള്ളപ്പോളാണ്‌, സാറായ്ക്കു പുത്രൻ ജനിച്ചത്‌.

സാറാ ആഹ്ലാദത്തോടെ പറഞ്ഞു: "എനിക്കു സന്തോഷിക്കാന്‍ ദൈവം വകനല്കിയിരിക്കുന്നു. സാറാ മുലയൂട്ടുമെന്ന്‌ ആരും കരുതിയിരുന്നില്ല. എന്നാലിതാ എന്റെ ഭർത്താവിന്റെ വാർദ്ധക്യത്തിൽ, ഞാനദ്ദേഹത്തിനൊരു മകനെ നല്കിയിരിക്കുന്നു."

സാറായുടെ പുത്രന്, അബ്രഹാം, ഇസഹാക്കെന്നു പേരിട്ടു. ഇസഹാക്കിന് എട്ടുദിവസം പ്രായമായപ്പോൾ, കർത്താവു കല്പിച്ചിരുന്നതുപോലെ, അവനെ പരിച്ഛേദനംചെയ്തു.

ഇസഹാക്ക് പിച്ചവച്ചു നടന്നുതുടങ്ങി. കൗമാരക്കാരനായ
ഇസ്മായേൽ അനുജനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവൻ ഇസഹാക്കിനൊപ്പം കളിക്കാനും സമയംകണ്ടെത്തി.

എന്നാൽ ഹാഗാറിന്റെ പുത്രൻ, തന്റെ മകനോടൊപ്പം കളിക്കുന്നതു സാറാ ഇഷ്ടപ്പെട്ടില്ല. അബ്രഹാമിന്റെ സമ്പത്തിൽ, തന്റെ പുത്രനോടൊപ്പം ദാസീപുത്രനും പങ്കുപറ്റാനിടവരരുതെന്ന് അവളുറപ്പിച്ചു.

ഹാഗാറിനേയും മകനേയും പുറത്താക്കണമെന്നാവശ്യപ്പെട്ട്, സാറാ അബ്രാഹാമിനെ നിരന്തരം ശല്യപ്പെടുത്തിത്തുടങ്ങി. അബ്രാഹം അസ്വസ്ഥനായിത്തീർന്നു. ഇസ്മായേലിനെക്കുറിച്ച് അവൻ ആകുലചിത്തനായി.

ഒരു രാത്രിയിൽ സ്വപ്നദർശനത്തിൽ കർത്താവ് അബ്രാഹത്തോടരുളിച്ചെയ്‌തു: "ഇസ്മായേലിനേയും അവന്റെ അമ്മയേയുമോർത്ത്, നീ ആകുലനാകേണ്ടാ. നീയും നിന്റെ തലമുറകളും ഇസഹാക്കിലൂടെയാണ്, ജനതകൾക്കിടയിലറിയപ്പെടാപോകുന്നതു്. എങ്കിലും നിന്റെ പുത്രനായതിനാൽ, ഇസ്മായേലിനെയും ഞാൻ കൈവിടില്ല. അവനെയും ഞാൻ വലിയൊരു ജനതയായി വളർത്തും." 

എന്നത്തേതുംപോലെ അബ്രഹാം കർത്താവിൽ പൂർണ്ണമായി വിശ്വാസമർപ്പിച്ചു.

പിറ്റേന്നു രാവിലെതന്നെ അബ്രഹാം ഹാഗാറിനെ വിളിച്ചു.

"ഇന്നുതന്നെ, ഇസ്മയേലിനൊപ്പം നീയീ പാളയംവിട്ടിറങ്ങണം. ഈജിപ്തിലെ, നിന്റെ പിതൃഭവനത്തിലേക്കു മടങ്ങിക്കൊള്ളുക."

"ഞാനെവിടേയ്ക്കു പോകും? ഈജിപ്തിലേക്കുള്ള വഴിയെനിക്കറിയില്ല. എന്റെ ബാല്യത്തിൽത്തന്നെ അങ്ങെന്നെ അടിമയായി വാങ്ങി. എന്റെ നാടും ബന്ധുജനങ്ങളുമെവിടെയെന്നു ഞാനെങ്ങനെ കണ്ടെത്തും. മുമ്പെന്നപോലെ, ദാസിയായിത്തന്നെ ഞാനിവിടെക്കഴിയാം. അങ്ങെന്നെയുപേക്ഷിച്ചാൽ ഞാനുമെന്റെ കുഞ്ഞും മരുഭൂമിയിലെവിടെയെങ്കിലും മരിച്ചുവീഴുകയേയുള്ളൂ...."

ഹാഗാർ എത്രതന്നെ കേണപേക്ഷിച്ചിട്ടും അബ്രഹാം തന്റെ തീരുമാനം മാറ്റിയില്ല. ഒടുവിൽ, കുറേ അപ്പവും ഒരു തുകല്‍സഞ്ചിയില്‍ വെള്ളവുമെടുത്ത്‌, പതിനഞ്ചുകാരനായ ഇസ്മായേലിനൊപ്പം ഹാഗാർ ആ പാളയത്തിൽനിന്നിറങ്ങി. 

രണ്ടു രാവും രണ്ടു പകലും, ബേര്‍ഷെബ മരുപ്രദേശത്തുകൂടെ അമ്മയും മകനുമലഞ്ഞുനടന്നു. സഹായത്തിനായി ഒരു മനുഷ്യനെപ്പോലും എങ്ങും കണ്ടില്ല.

തുകല്‍സഞ്ചിയിലെ വെള്ളംമുഴുവൻ തീര്‍ന്നു. വിശപ്പും ദാഹവുംമൂലം രണ്ടാളുമവശരായി. തളർന്നുവീണ ഇസ്മായേലിനെ ഹാഗാർ ഒരു കുറ്റിക്കാടിനടുത്തുകിടത്തി. തന്റെ  കുഞ്ഞിന് ഇനിയേറെ ആയുസ്സുണ്ടാകില്ലെന്ന് അവൾ ഭയന്നു. അവന്റെ മരണംകാണാൻ കരുത്തില്ലാതെ കുറെയകലെമാറി, ഇസ്മയേൽ കിടക്കുന്നതിന്റെ എതിർദിശയിലേക്കുനോക്കി, കൈകളിൽ മുഖംചേർത്തുവച്ച്, ഹാഗാർ കരഞ്ഞു..

വിശപ്പും ദാഹവുംമൂലം കിടന്നിടത്തുനിന്നെഴുന്നേൽക്കാനാവാത്തവിധം ഇസ്മയേൽ തളർന്നുപോയിരുന്നു. അവന്റെ കണ്ണുകളിൽനിന്നു കണ്ണുനീരൊഴുക്കിക്കൊണ്ടിരുന്നു...

കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗ്ഗത്തില്‍നിന്ന്‌, കർത്താവിന്റെ ദൂതന്‍ ഹാഗാറിനു സമീപമെത്തി. ഹാഗാർ മണ്ണിൽ മുഖംചേർത്തു കരയുകയായിരുന്നു.

"ഹാഗാര്‍, നീ വിഷമിക്കേണ്ടാ; കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. അവന് അപകടമൊന്നും സംഭവിക്കുകയില്ല. അവനില്‍നിന്ന്‌ വലിയൊരു ജനതയുദ്ഭവിക്കും." 


ശബ്ദംകേട്ടു ഹാഗാർ കണ്ണുതുറന്നു ചുറ്റുംനോക്കി. ആരെയുമവൾ കണ്ടില്ല. എന്നാൽ മറ്റൊരു കാഴ്ച അവളെ അദ്ഭുതപരതന്ത്രയാക്കി. അവളുടെ വലതുവശത്തായി ജലത്തിന്റെ ഒരുറവയുണ്ടായിരുന്നു! 

ആ ഉറവയിൽനിന്ന് തുകല്‍സഞ്ചിനിറയെ വെള്ളംകോരി, അവൾ തന്റെ മകനു കുടിക്കാന്‍കൊടുത്തു. അവളും കുടിച്ചു.

അവർ ആ ഉറവയ്ക്കരികേ, മരുഭൂമിയില്‍ത്തന്നെ കൂടാരമടിച്ചു താമസമാരംഭിച്ചു. ഇസ്മയേൽ, മരുഭൂമിയിലെ ചെറുജീവികളെ വേട്ടയാടിപ്പിടിച്ചുതുടങ്ങി. അവൻ സമര്‍ത്ഥനായൊരു വില്ലാളിയും വേട്ടക്കാരനുമായി വളർന്നുവന്നു.. 

കാലം പിന്നെയും കടന്നുപോയി.  അബ്രാഹമിന്റെ വിശ്വാസമെത്രത്തോളമുണ്ടെന്നു പരിശോധിച്ചറിയാൻ കർത്താവു നിശ്ചയിച്ചു. 

ഒരുദിവസം അവിടുന്നബ്രാഹിമിനോടു പറഞ്ഞു: 

"നീ സ്നേഹിക്കുന്ന, നിന്റെ പുത്രൻ ഇസഹാക്കിനെ, മോറിയാദേശത്ത്, ഞാൻ കാണിക്കുന്ന മലയിൽ എനിക്കു ദഹനബലിയായർപ്പിക്കണം."

അബ്രഹാം ഞെട്ടിപ്പോയി. ഇസ്മയേൽ ഇപ്പോൾ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോയെന്നുപോലുമോ അറിയില്ല...

ഇപ്പോൾ ഇസഹാക്കുകൂടെ...

അതേനിമിഷം അബ്രഹാമിന്റെ മനസ്സിലൂടെ മറ്റൊരു ചിന്ത കടന്നുപോയി. കർത്താവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണമായി ജനിച്ച പുത്രനാണിസഹാക്ക്. അബ്രഹാമിന്റെ മാനുഷികചിന്തകൾക്കുമേൽ കർത്താവിനോടുള്ള വിശ്വാസം ആധിപത്യമുറപ്പിച്ചു. സാറാ പ്രസവിക്കുന്ന പുത്രനിലൂടെ അനവധി തലമുറകളുടെ പിതാവാക്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തിൽ അബ്രഹാം പൂർണ്ണമായും വിശ്വസിച്ചു. 

പിറ്റേന്നു പുലർച്ചെ, രണ്ടു ദാസന്മാർക്കും ഇസഹാക്കിനുമൊപ്പം അബ്രഹാം മോറിയമലയിലേക്കു യാത്രയായി. കഴുതച്ചുമടായി ബലിക്കുള്ള വിറകും അവർ കരുതിയിരുന്നു. 

മൂൂന്നു ദിവസംനീണ്ട യാത്രയ്ക്കുശേഷമാണ് അവർ മോറിയമലയുടെ താഴ്‌വരയിലെത്തിയത്. 

അബ്രഹാം ദാസന്മാരോടു പറഞ്ഞു. "നിങ്ങൾ കഴുതയുമായി ഇവിടെ നില്കുക. ഞങ്ങൾ മലമുകളിൽപ്പോയി, കർത്താവിനെയാരാധിച്ചു മടങ്ങിയെത്താം"

ദഹനബലിക്കുള്ള വിറകു് ഇസഹാക്ക് തോളിലെടുത്തു.. കത്തിയും തീയും അബ്രഹാമെടുത്തു. മലമുകളിലേക്കു കയറിത്തുടങ്ങിയപ്പോൾ ഇസഹാക്ക് ചോദിച്ചു:

"ആബാ, നമ്മുടെ കൈയിൽ തീയും വിറകുമുണ്ട്! എന്നാൽ ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?"

അത്, അബ്രഹാമിന്റെ ഹൃദയം തകർക്കുന്നൊരു ചോദ്യമായിരുന്നു. ഒരു നിമിഷം അയാൾ മകന്റെ മുഖത്തേക്കു നോക്കി. 

നൂറാംവയസ്സിൽ കർത്താവിന്റെ വാഗ്ദാനപ്രകാരം തനിക്കു പിറന്ന പുത്രൻ! അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കുന്ന കർത്താവിന്റെ ദാനമാണിവൻ. ഇവനിലൂടെ തന്റെ തലമുറകൾ അനുഗ്രഹിക്കപ്പെടുമെന്നു വാഗ്ദാനംചെയ്തതും അതേ കർത്താവുതന്നെ! 

ഇസഹാക്കിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അബ്രഹാത്തിന്റെ മനസ്സിൽ വീണ്ടും കർത്താവിന്റെ വാഗ്ദാനത്തിന്റെ ഓർമ്മയുണർന്നു.

തൊണ്ണൂറുവയസ്സുകഴിഞ്ഞ സാറയിലൂടെ തനിക്കിവനെ നല്കിയ ദൈവം, അവനിലൂടെ നിരവധി തലമുറകൾ നല്കുമെന്ന വാഗ്ദാനവും നിറവേറ്റുമെന്ന ഉറച്ചവിശ്വാസത്തോടെ അബ്രഹാം പറഞ്ഞു:

"ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തരും"

അവർ മലമുകളിലേക്കു കയറി. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ അബ്രഹാം അവിടെയൊരു ബലിപീഠം നിർമ്മിച്ചു. വിറകടുക്കിവച്ച്, അവൻ കണ്ണുകളടച്ചു. ഇസഹാക്കിലൂടെ അനേകം തലമുറകളെ നല്കുമെന്ന കർത്താവിന്റെ വാഗ്ദാനം ഒരിക്കൽക്കൂടെ അവന്റെ മനസ്സിലൂടെ കടന്നുപോയി.

അയാൾ ഇസഹാക്കിനെ ബന്ധിച്ചു ബലിപീഠത്തിൽക്കിടത്തി. മകനെ ബലികഴിക്കാൻ കത്തി കൈയിലെടുത്തു. പിതാവിന്റെ കൈയിലെ കത്തി, തന്റെ കഴുത്തിനുനേരേ നീളുന്നത് ഇസഹാക്ക് വിറയലോടെ നോക്കിക്കണ്ടു.

തൽക്ഷണം ആകാശത്തുനിന്നു് ഒരു ശബ്ദമുയർന്നു 

 "അബ്രഹാം അബ്രഹാം"

"ഇതാ ഞാൻ" അബ്രഹാം വിളികേട്ടു. 

"കുട്ടിയുടെമേൽ കൈവയ്ക്കരുതു്. പൂർണ്ണമനസ്സോടെ എന്നെയനുസരിക്കുന്നവനാണു നീയെന്ന്, നിന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചുകഴിഞ്ഞു."

അബ്രഹാം ചുറ്റും നോക്കി. തനിക്കുപിന്നിൽ, മുൾച്ചെടികളിൽ കൊമ്പുടക്കിനില്ക്കുന്ന ഒരു മുട്ടനാടിനെ അവൻ കണ്ടു. 

അബ്രഹാം ഇസഹാക്കിനെ ബലിപീഠത്തിൽനിന്ന് എടുത്തുയർത്തി. മകനെ, നെഞ്ചോടുചേർത്തുപിടിച്ചുകരഞ്ഞു. 

വള്ളിയിൽക്കുടുങ്ങിക്കിടന്ന മുട്ടാടിനെ, അവർ ദഹനബലിയായർപ്പിച്ചു.

അഗ്നിനാളങ്ങൾ ബലിയാടിന്റെ മാംസത്തിലാളിയുയരുമ്പോൾ. വീണ്ടുമൊരശരീരി ശബ്ദമുയർന്നു.

"നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ നീ തയ്യാറായതിനാൽ നിന്റെ സന്തതികളെ, ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ദ്ധിപ്പിക്കും. നീയെന്റെ വാക്കനുസരിച്ചതുകൊണ്ട്, നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാമനുഗ്രഹിക്കപ്പെടും."

ശബ്ദം കേട്ടിടത്തേക്കുനോക്കി, അബ്രഹാമും ഇസഹാക്കും നിലത്തോടുചേർന്നു താണുവണങ്ങി. 

പിന്നെയവർ സന്തോഷത്തോടെ മലയിറങ്ങിത്തുടങ്ങി.

Sunday, 30 April 2017

9. ലോത്തിന്റെ പെണ്മക്കൾ

ബൈബിൾക്കഥകൾ - 9

വാതിൽ തല്ലിത്തകർക്കാനായി വരുന്നവരെത്തടഞ്ഞ് ലോത്ത് വാതിലിനുമുമ്പിൽ നിന്നു.

പെട്ടെന്ന്, അകത്തുനിന്നു വാതിൽ തുറക്കപ്പെട്ടു. പുറത്തേക്കു നീണ്ടുവന്നൊരു കൈ, ലോത്തിനെ വീടിനകത്തേക്കു വലിച്ചെടുത്തു. വാതിൽ വീണ്ടുമടഞ്ഞു.

ആ നിമിഷത്തിൽത്തന്നെ, പുറത്തുണ്ടായിരുന്ന മുഴുവൻപേരുടേയും കണ്ണുകൾ അന്ധമായിപ്പോയി. സംഭവിച്ചതെന്തെന്നറിയാതെ അവർ ഇരുളിൽ തപ്പിത്തടഞ്ഞു.

ലോത്തിന്റെ അതിഥികൾ യഥാർത്ഥത്തിൽ ദൈവദൂതന്മാർതന്നെയായിരുന്നു. സോദോമിന്റെ വിധിനിർണ്ണയിക്കാൻ ദൈവമയച്ച മാലാഖമാർ!

നേരം പുലരാറായപ്പോൾ ദൂതന്മാർ ലോത്തിനോടു പറഞ്ഞു: "ഈ നഗരത്തിന്റെ പാപങ്ങൾമൂലം കർത്താവ്, ഇതിനെ നശിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു എഴുന്നേറ്റ്, നിന്റെ ഭാര്യയെയും പെണ്മക്കള്‍ രണ്ടുപേരെയുംകൂട്ടി വേഗമിവിടെനിന്നു പുറപ്പെടുക. എത്രയുംപെട്ടെന്ന്, ഈ നഗരത്തിൽനിന്നകലെയെത്തണം. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും."

എന്നാൽ പുറത്തുണ്ടായിരുന്ന അക്രമിസംഘത്തെക്കുറിച്ചോർത്തപ്പോൾ ലോത്ത്, വീടിനു പുറത്തേക്കിറങ്ങാൻ മടിച്ചു. 

ലോത്തിന്റെയും കുടുംബത്തിന്റെയുംമേൽ കർത്താവിനു കനിവുതോന്നിയതിനാൽ മാലാഖമാർ ലോത്തിനൊപ്പം ചെല്ലാൻ തയ്യാറായി. ലോത്തിനേയും കുടുംബത്തേയും അവർ നഗരകവാടത്തിനു പുറത്തെത്തിച്ചു.

ദൂതന്മാരിലൊരുവന്‍ പറഞ്ഞു: "ജീവന്‍വേണമെങ്കില്‍ ഇവിടെനിന്നോടിപ്പോവുക. പുറകിലെന്തുസംഭവിച്ചാലും നിങ്ങൾ പിന്തിരിഞ്ഞുനോക്കരുത്‌. താഴ്‌വരയുപേക്ഷിച്ച്, മലമുകളിലേക്ക്‌ ഓടി രക്ഷപെടുക."

ലോത്ത് പറഞ്ഞു. "യജമാനന്മാരേ, നിങ്ങൾക്കു ഞങ്ങളുടെമേൽ കരുണതോന്നിയതിനാൽ ഞങ്ങൾ കർത്താവിനു നന്ദിപറയുന്നു. എന്നാൽ ഈ മലമുകളിലേക്കു് ഓടിക്കയറാൻ ഞങ്ങൾക്കു സാധിക്കില്ല. അങ്ങകലെക്കാണുന്ന സോവാർ എന്ന ചെറിയ പട്ടണത്തിലേക്കു ഞങ്ങൾ പോയിക്കൊള്ളട്ടേ?"

മാലാഖമാർ അവരെയതിനനുവദിച്ചു. "നീയാഗ്രഹിക്കുന്നതുപോലെ, ആ പട്ടണത്തിലേക്കു വേഗം രക്ഷപ്പെട്ടുകൊള്ളൂ, ആ പട്ടണം സുരക്ഷിതമായിരിക്കും. നിങ്ങളവിടെയെത്തുന്നതുവരെ ഞങ്ങൾ കാത്തുനില്ക്കാം."

ലോത്തും കുടുംബവും സോവാർ പട്ടണത്തിലേക്കോടി. പട്ടണപ്രാന്തത്തിലെത്തുമ്പോൾ, സൂര്യൻ ഉദിച്ചുതുടങ്ങിയിരുന്നു.

അവർ ആ പട്ടണത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പുതന്നെ സോദോമിന്റെയും ഗൊമോറോയുടെയുംമേൽ ഗന്ധകവുമഗ്നിയും മഴയായി പെയ്തുതുടങ്ങി. രണ്ടു നഗരങ്ങളുംചേർന്നു്, അഗ്നിയുടെയൊരു ക്ഷുഭിതസാഗരമായിത്തീർന്നു അവിടെയുണ്ടായിരുന്ന മനുഷ്യരും മൃഗങ്ങളും ഹരിതസസ്യങ്ങളും വൃക്ഷങ്ങളും കത്തിയമർന്നു

ലോത്തും കുടുംബവും അപ്പോഴും ജീവൻ രക്ഷിക്കാനായി ഓടുകയായിരുന്നു.എല്ലാവർക്കും പിന്നിലായാണ്, ലോത്തിന്റെ ഭാര്യ ഓടിയെത്തിയത്. പിറകിൽനിന്നുവരുന്ന തീവ്രപ്രകാശവും ഭയാനകമായ ഇടിമുഴക്കങ്ങളുംകേട്ടപ്പോൾ ദൂതന്റെ വാക്കുകൾ അവൾ മറന്നുപോയി. എന്താണു സംഭവിക്കുന്നതെന്നറിയാൻ, ഒരു നിമിഷം അവളൊന്നു പിന്തിരിഞ്ഞുനോക്കി. അരക്ഷണത്തിൽ അവളുടെ ചലനം നിലച്ചു, ശരീരം മരവിച്ചു... ആർക്കും തിരിച്ചറിയാനാവാത്തവിധം അവളുടെ ശരീരം ഉപ്പുതൂണായി മണ്ണിലുറച്ചുപോയി...

സൂര്യോദയമായപ്പോൾ അബ്രാഹമെഴുന്നേറ്റ്‌, ഓക്കുമരത്തോട്ടത്തിലെത്തി. സോദോമിന്റെയും ഗൊമോറായുടേയും ദിക്കിൽനിന്ന്  തീച്ചൂളയില്‍നിന്നെന്നപോലെ പുകപൊങ്ങുന്നതാണവൻ കണ്ടതു്.. ആ നഗരങ്ങൾക്കുവേണ്ടിയുള്ള തന്റെ പ്രാർത്ഥന വ്യർത്ഥമായെന്നവനറിഞ്ഞു.

ലോത്ത് സോവാർ പട്ടണത്തിലെത്തിയതിനുശേഷംമാത്രമാണ്, തന്റെ ഭാര്യ തന്നോടൊപ്പമില്ലെന്നു തിരിച്ചറിഞ്ഞത്! ഭാര്യയും വീടും സമ്പത്തുമെല്ലാം നഷ്ടപ്പെട്ടു തകർന്നുപോയ ആ മനുഷ്യൻ തന്റെ പെണ്മക്കളെ ഇരുവശത്തും ചേർത്തുപിടിച്ച് സോവാർ പട്ടണത്തിന്റെ കവാടത്തിനു പുറത്തിരുന്നു കരഞ്ഞു.

അപരിചിതമായ ആ പട്ടണത്തിൽ അഭയംതേടാൻ അവനു ഭയമായിരുന്നു. അതിനാൽ ലോത്ത്, തന്റെ മക്കളോടൊത്ത്, മലമുകളിലേക്കു നടന്നു. അരുവിയിലെ ജലവും കാട്ടുപഴങ്ങളും കഴിച്ചു ക്ഷീണംതീർത്ത ആ കുടുംബം ഒരു ഗുഹയിൽ താമസിക്കാനിടംകണ്ടെത്തി.

കാട്ടുപഴങ്ങളും കാട്ടരുവിയിലെ ജലവും ലോത്തിന്റെയും മക്കളുടേയും ജീവൻ നിലനിറുത്തി. ദിവസങ്ങൾ മുമ്പോട്ടുപോകവേ, തങ്ങൾ താമസിച്ചിരുന്ന ഗുഹയ്ക്കു ചുറ്റുമായി അവർ മുന്തിരിയും ധാന്യങ്ങളും കൃഷിചെയ്തുതുടങ്ങി.

ലോത്തുമാത്രം വല്ലപ്പോഴും സോവാറിലെ ചന്തയിലേക്കുപോയിരുന്നതല്ലാതെ, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആ കുടുംബത്തിന്റെ ദിനരാത്രങ്ങൾ കടന്നുപോയി. അവരുടെ സ്വപ്നങ്ങളും സന്തോഷങ്ങളും സോദോമിൽപ്പെയ്ത അഗ്നിമഴയിൽ, കരിഞ്ഞുചാരമായിപ്പോയിരുന്നു.

വർഷങ്ങൾ പലതു കഴിഞ്ഞുപോയി. മറ്റുമനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്തൊരു തുരുത്തായി അവർ കഴിഞ്ഞു. ഋതുഭേദങ്ങളെല്ലാം അവർക്കൊരുപോലെയായിരുന്നു. 

കിനാവുവറ്റിയ മനസ്സും കണ്ണുനീർവറ്റിയ മിഴികളുമായി ജീവിതം കൺമുമ്പിൽ വിറങ്ങലിച്ചുനിന്ന ദിവസങ്ങളിലൊന്നിൽ ലോത്തിന്റെ മൂത്തമകൾ അനുജത്തിയോടു പറഞ്ഞു: "നമ്മുടെ പിതാവിനു പ്രായമായിരിക്കുന്നു. വനത്തിലെ ഈ ഗുഹയ്ക്കുള്ളിൽ നമ്മുടെ യൗവനവുമവസാനിക്കുന്നു. ലോകനടപ്പനുസരിച്ചു നമ്മളെ വിവാഹംകഴിക്കാനും നമ്മിൽ ജീവന്റെ വിത്തുവിതയ്ക്കാനും ഇനിയുമേതെങ്കിലുമൊരു  പുരുഷനെത്തുമോ?" ചേച്ചിയുടെ വാക്കുകൾ സത്യമാണെന്ന് ഇളയവൾക്കും തോന്നി.

അവരിരുവരുംചേർന്ന്, ഒരു തീരുമാനത്തിലെത്തി.

അന്നുരാത്രി, അവർ പിതാവിനായി ധാരാളം വീഞ്ഞുവിളമ്പി. ലോത്ത്, വീഞ്ഞുകുടിച്ചുന്മത്തനായപ്പോൾ മൂത്തവൾ പിതാവിനോടുകൂടെ ശയിച്ചു. അവള്‍വന്നു തന്നോടു ചേർന്നുകിടന്നതോ എഴുന്നേറ്റുപോയതോ ലോത്തറിഞ്ഞില്ല.

അടുത്ത രാത്രിയിലും ആ രാത്രിയുടെ തനിയാവർത്തനമായിരുന്നു. ഇളയവളും ചേച്ചിയുടെ വഴിതന്നെ പിന്തുടർന്നു. മദ്യത്തിന്റെയുന്മാദമൂർച്ഛയിൽ സംഭവിച്ചതൊന്നും ലോത്തിന്റെ ബോധമണ്ഡലത്തിനറിവുണ്ടായിരുന്നില്ല.

രണ്ടു പുത്രിമാരും തന്നില്‍നിന്നാണു ഗര്‍ഭിണികളായതെന്നറിഞ്ഞപ്പോൾ അയാൾ തകർന്നുപോയി! എന്നാൽ ലോത്തിന്റെ പെണ്മക്കൾക്കു ഖേദംതോന്നിയില്ല... 

അവർ സോദോമിൽ വളർന്നവരായിരുന്നു!

സമയത്തിന്റെ പൂർത്തിയിൽ രണ്ടാൺകുഞ്ഞുങ്ങൾകൂടെ ഭൂമിയിൽപ്പിറന്നു. ചേച്ചിയിൽനിന്നു മൊവാബും അനുജത്തിയിൽനിന്നു ബെൻ അമ്മിയും ജനിച്ചു. 

ഭാവിയിൽ അബ്രഹാമിന്റെ സന്തതികളോടു പടപൊരുതാനുള്ള *രണ്ടുവംശങ്ങൾ അവിടെ ഉടലെടുക്കുകയായിരുന്നു...

------------------------------------------
*മൊവാബിൽനിന്നു മൊവാബ്യജനത, ബെൻഅമ്മിയിൽനിന്ന് അമോന്യജനത


Sunday, 23 April 2017

8. സോദോം - ഗൊമോറോ

ബൈബിൾക്കഥകൾ - 8

ജോർദ്ദാൻനദിയുടെ സമതലത്തിൽ, ചെറുകുന്നുകളാലലംകൃതമായി, പച്ചപ്പട്ടണിഞ്ഞുനില്ക്കുന്ന ഇരട്ടനഗരങ്ങളായിരുന്നു സോദോമും ഗൊമോറൊയും. 

കൃത്യതയോടെ പൊഴിയുന്ന മഞ്ഞും മഴയും... സൗമ്യതയോടെമാത്രം ഭൂമിയെത്തഴുകുന്ന സൂര്യകിരണങ്ങൾ.. 

ജോർദ്ദാൻനദിയിലെ കുളിർനീരും അനുകൂലമായ കാലാവസ്ഥയുംമൂലം
ഗോതമ്പുപാടങ്ങളും ബാർലിപ്പാടങ്ങളും നൂറുമേനി വിളവുനല്കിയിരുന്നു. സമൃദ്ധമായി വളരുന്ന പുൽമേടുകളിലൂടെ മേഞ്ഞുനടന്ന ആട്ടിൻപറ്റങ്ങൾ, മേന്മയേറിയ കമ്പിളി നല്കി. കോലാട്ടിൻകൂട്ടങ്ങളും കാലിക്കൂട്ടങ്ങളും പാലും മാംസവും സമൃദ്ധമായി നല്കി. തഴച്ചുവളരുന്ന മുന്തിരിവള്ളികൾനിറയെ വലിയ മുന്തിരിക്കുലകൾ കായ്ച്ചിരുന്നു. അത്തിമരങ്ങളും ഒലിവുമരങ്ങളും ഫലസമൃദ്ധിയാൽ ശിരസ്സു നമിച്ചുനിന്നു.

എവിടെ നോക്കിയാലും പ്രകൃതിഭംഗിയും ഫലസമൃദ്ധിയും  നിറഞ്ഞുനിന്നിരുന്ന നഗരങ്ങളായിരുന്നു സോദോമും ഗൊമോറൊയും. സമ്പത്തും സൗഭാഗ്യങ്ങളുംമാത്രമനുഭവിച്ചിരുന്ന ജനങ്ങൾക്കു് ദാരിദ്ര്യത്തെക്കുറിച്ചു കേട്ടുകേൾവിപോലുമുണ്ടായിരുന്നില്ല. അവരുടെ ദിനങ്ങൾ ആഘോഷങ്ങളുടേതും ഉത്സവങ്ങളുടേതുംമാത്രമായിരുന്നു.
 
സോദോംനഗരത്തിൽ, ഗൊമോറോയുടെ അതിർത്തിയോടു ചേർന്നു്, നഗരകവാടത്തിനടുത്തായാണ്, ലോത്തും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങിയ കുടുംബം താമസിച്ചിരുന്നത്. ചുട്ടെടുത്ത ഇഷ്ടികയാൽ നിർമ്മിച്ച്, ദേവദാരുത്തടികൊണ്ടു വാതിലുകളും ജനാലകളുംതീർത്ത്,  ദേവദാരുത്തടികൊണ്ടുതന്നെ മച്ചിട്ടഭവനമായിരുന്നു അവരുടേത്.

സമ്പത്തിന്റെയും ആഘോഷത്തിമിർപ്പുകളുടേയും ലഹരിയിലായിരുന്ന സോദോം - ഗോമോറോ നിവാസികൾ, മദ്യാസക്തിയുടേയും കുത്തഴിഞ്ഞ ലൈംഗികതയുടെയും മ്ലേച്ഛതകളുടെയുമടിമകൾകൂടെയായിരുന്നു. ശിഥിലമായ കുടുംബബന്ധങ്ങൾമാത്രമായിരുന്നു ഇരുനഗരങ്ങളിലുമുണ്ടായിരുന്നത്. സ്വവർഗ്ഗലൈംഗികതയ്ക്കടിമപ്പെടാത്ത സ്ത്രീയോ പുരുഷനോ അവിടെയുണ്ടായിരുന്നില്ല.

അതിനാൽ സമ്പദ്സമൃദ്ധിയുടേയും ആഘോഷങ്ങളുടേയും നടുവിലായിരുന്നപ്പോഴും ലോത്ത് ഹൃദയത്തിൽ ഖിന്നനായിരുന്നു. അബ്രാമിൽനിന്നു പിരിയുമ്പോൾ സോദോമിന്റെ ബാഹ്യമോടിയിൽ കാഴ്ചയുടക്കിയതു വലിയ ബുദ്ധിമോശമായിപ്പോയെന്ന്, അവൻ തിരിച്ചറിഞ്ഞത് ഏറെവൈകിയാണ്. നാടിന്റെ പൊതുരീതികളിൽനിന്നു ഭിന്നമായിജീവിക്കാൻ ലോത്തും കുടുംബവും ഏറെ ബുദ്ധിമുട്ടി.
***   ***   ***  ***   ***   ***   ***  ***

അന്തിവെയിൽ, മാനത്തു ചെഞ്ചായംപുരട്ടിത്തുടങ്ങുമ്പോൾ, തന്റെ കൂടാരത്തിനരികേ, മാമ്രേയുടെ ഓക്കുമരത്തോപ്പിലെ ഒരു മരത്തിനു ചുവട്ടിൽ, ഇളംകാറ്റേറ്റിരിക്കുകയായിരുന്നൂ അബ്രഹാം. അപ്പോൾ കർത്താവിന്റെ മൃദുസ്വരം അവന്റെ കാതിൽപ്പതിഞ്ഞു:

"സോദോമിന്റേയും ഗൊമോറൊയുടേയും പാപം വളരെ വലുതാണ്. അവരുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ ഞാനിന്ന് ആ നഗരങ്ങളിലേക്കു പോകുന്നു."

കർത്താവിന്റെ ക്രോധം ആ നഗരങ്ങളെ നശിപ്പിച്ചേക്കുമെന്ന് അബ്രഹാമിനുതോന്നി. അവൻ കർത്താവിനോടു ചോദിച്ചു:

"നന്മയുള്ള ചിലരെങ്കിലും അവിടെയുണ്ടാകില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അമ്പതു നീതിമാന്മാരുണ്ടെങ്കില്‍, അവരെയും നശിപ്പിച്ചുകളയുമോ? ആ നീതിമാന്മാരെപ്രതി ആ നഗരങ്ങളെ ശിക്ഷയില്‍നിന്നൊഴിവാക്കില്ലേ?"

"ആ നഗരങ്ങളിൽ അമ്പതു നീതിമാന്മാരുണ്ടെങ്കിൽ അവരെപ്രതി, ആ നഗരത്തെ ഞാൻ സംരക്ഷിക്കും." കർത്താവു പറഞ്ഞു.

അബ്രഹാമിന്റെ ഹൃദയത്തിൽനിന്നു പിന്നെയും സന്ദേഹമൊഴിഞ്ഞില്ല. സഹോദരപുത്രനായ ലോത്തും കുടുംബവും താമസിക്കുന്ന നഗരമാണത്. ആ നഗരത്തിനൊന്നും സംഭവിച്ചുകൂടാ. അതിനാൽ അവൻ കർത്താവിനോടു ചോദിച്ചു.

"നീതിമാന്മാരായവർ അമ്പതിന്‌, അഞ്ചു കുറവാണെന്നുവന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെമുഴുവന്‍ അങ്ങു നശിപ്പിക്കുമോ?" 

കർത്താവു പറഞ്ഞു: "നാല്‍പ്പത്തഞ്ചുപേരെ കണ്ടെത്തിയാല്‍ ഞാനാ നഗരങ്ങളെ നശിപ്പിക്കുകയില്ല."

അബ്രഹാം വീണ്ടും ചോദിച്ചു: "നാല്പതുപേരേയുള്ളുവെങ്കിലോ?"

ദുശ്ചരിതരല്ലാത്ത പത്തുപേരെയെങ്കിലും കണ്ടെത്താനായാൽ ആ നഗരങ്ങളെ നശിപ്പിക്കില്ലെന്ന് കർത്താവ് അബ്രഹാമിനുറപ്പു നല്കി.
***   ***   ***  ***   ***   ***   ***  ***

ഇരുൾവീണുതുടങ്ങുമ്പോൾ ലോത്ത്, സോദോമിന്റെ നഗരകവാടത്തിലിരിക്കുകയായിരുന്നു. അവനവിടെനിന്നെഴുന്നേറ്റു വീട്ടിലേക്കു നടക്കുമ്പോൾ, തെരുവിലെ ഒരൊലിവുമരച്ചുവട്ടിൽ രണ്ടു യുവാക്കളിരിക്കുന്നതു കണ്ടു. അതീവകോമളന്മാരായ അവരെ ഇതിനുമുമ്പൊരിക്കലും സോദോമിൽ കണ്ടിരുന്നില്ല. ലോത്ത് അവരുടെ സമീപത്തെത്തി, അവരെ വണങ്ങി.

"നിങ്ങളെ ഈ നഗരത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലല്ലോ? ഈ രാത്രിയിൽ, ഈ ദാസന്റെ അതിഥികളായി എന്റെ വീട്ടിലേയ്ക്ക്, നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. അവിടെത്തങ്ങി, അത്താഴംകഴിച്ചു വിശ്രമിക്കാം. രാവിലെയെഴുന്നേറ്റു യാത്രതുടരാം. "

യുവാക്കൾ ലോത്തിന്റെ ക്ഷണം നിരസിച്ചു: "വേണ്ടാ, താങ്കളെ ഞങ്ങൾ ബുദ്ധിമുട്ടിക്കുന്നില്ല. രാത്രി ഞങ്ങളീ തെരുവില്‍ത്തന്നെ കഴിച്ചുകൊള്ളാം."

"അങ്ങനെയല്ലാ, ഇവിടുത്തെ തെരുവുകളിലെ രാത്രികൾ ഒട്ടും സുരക്ഷിതമല്ലാ. എന്റെ ഭവനത്തിൽ നിങ്ങൾക്കു സൗകര്യമൊരുക്കുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല!"

ഒടുവിൽ, ലോത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അവരവനോടൊപ്പം അവന്റെ വീട്ടിലേക്കു ചെന്നു. 

അത്താഴംകഴിഞ്ഞ്, വിളക്കണയ്ക്കുന്നതിനുമുമ്പായി, വീടിനുപുറത്ത് ഒരാരവംകേട്ട്, 
ലോത്ത്‌ വീടിനു പുറത്തിറങ്ങി. നഗരത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള കുറേപ്പേർ, യുവാക്കൾമുതല്‍ വൃദ്ധന്മാര്‍വരെ വീടിനുമുമ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
 
കതകടച്ചിട്ട്‌, ലോത്ത് അവരുടെയടുത്തേക്കുചെന്നു.
"സുന്ദരന്മാരായ രണ്ടു യുവാക്കളെ നിന്റെ വീട്ടിൽ നീ ഒളിപ്പിച്ചിട്ടില്ലേ? നിനക്കുമാത്രം പോരാ, ഞങ്ങൾക്കുമവരെ വേണം! ഈ രാത്രിയിൽ ഞങ്ങൾക്കവരോടൊത്തു രമിക്കണം!"

"സഹോദരന്മാരേ, അവർ ഈ നഗരത്തിന്റെ അതിഥികളാണ്. അവരോടു മ്ലേച്ഛതകാട്ടരുത്. ദയവായി നിങ്ങൾ പിരിഞ്ഞുപോകണം." ലോത്ത് കൈകൂപ്പി യാചിച്ചു.

"നീയവരെ ഞങ്ങൾക്കു വിട്ടുതരുന്നോ, അതോ ഞങ്ങൾ വാതിൽ തകർത്ത്, അവരെ പിടിച്ചുകൊണ്ടുപോകണോ?" ജനക്കൂട്ടം ലോത്തിനുനേരേ അലറിക്കൊണ്ടിരുന്നു.

"സഹോദരന്മാരേ, അതിഥികളെ ദൈവദൂതന്മാരായ മാലാഖമാരായിക്കാണണം. നിങ്ങളാവശ്യപ്പെടുന്ന മറ്റെന്തും നിങ്ങൾക്കു ഞാൻ തരാം. കന്യകകളായ രണ്ടു പെണ്മക്കളെനിക്കുണ്ടു്. എന്റെ അതിഥികളെപ്രതി അവരെപ്പോലും നിങ്ങൾക്കു വിട്ടുതരാൻ ഞാൻ തയ്യാറാണ്. ദയവായി ആ യുവാക്കളെ നിങ്ങളുപദ്രവിക്കരുത്." ലോത്ത് കേണപേക്ഷിച്ചു.

"ഇവനോടൊന്നും സംസാരിച്ചിട്ടുകാര്യമില്ല. വാതിൽ തല്ലിത്തകർത്ത് അവരെ പുറത്തിറക്കൂ..." ആൾക്കൂട്ടത്തിൽനിന്നാരോ വിളിച്ചുപറഞ്ഞു.
 
ആൾക്കൂട്ടം ലോത്തിന്റെ വീടിന്റെ വാതിലിനുനേരെ പാഞ്ഞടുത്തു. വാതിൽ തല്ലിത്തകർക്കാനായി വരുന്നവരെത്തടഞ്ഞ് ലോത്ത് വാതിലിനുമുമ്പിൽ കൈകൾവിരിച്ചു നിന്നു. 

Sunday, 16 April 2017

7. ഇസ്മായേൽ

ബൈബിൾക്കഥകൾ 7

അബ്രാമും ലോത്തുംതമ്മില്‍ പിരിഞ്ഞതിനുശേഷം കര്‍ത്താവ്, അബ്രാമിനോടു പറഞ്ഞു:

“നീ നില്ക്കുന്നേടത്തുനിന്നു നാലുചുറ്റും നോക്കുക. നീ കാണുന്ന പ്രദേശങ്ങളെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കുമായി  ഞാന്‍തരും. ഭൂമിയിലെ മണൽപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും.”

അബ്രാം അന്നുതന്നെ, ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കുസമീപത്തേയ്ക്കു താമസംമാറ്റി. അവിടെയും അവന്‍ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയുംചെയ്തു. 

അവിടെവച്ച്, സ്വപ്നദര്‍ശനത്തില്‍ കര്‍ത്താവു വീണ്ടും അബ്രാമിനോടു പറഞ്ഞു; 

“അബ്രാം, എന്നിൽ വിശ്വാസമർപ്പിച്ച്, പിതൃഭവനത്തെയും ബന്ധുമിത്രങ്ങളെയുമുപേക്ഷിച്ച് നീയെന്നെ പിന്തുടർന്നതിനാൽ നിനക്കു ഞാൻ വലിയപ്രതിഫലം നല്കും!" 

“കര്‍ത്താവേ, സന്താനങ്ങളില്ലാത്ത എനിക്ക്, എന്തുകിട്ടിയിട്ടുമെന്തു കാര്യം? എന്റെ കാലശേഷം എനിക്കുള്ളതെല്ലാം അന്യാധീനപ്പെടില്ലേ..?”

“ഒരിക്കലുമില്ല. നിന്റെ ഭാര്യയിലൂടെ നിനക്കു ജനിക്കുന്ന പുത്രന്‍തന്നെയായിരിക്കും നിന്റെയവകാശി. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ എണ്ണിത്തിട്ടപ്പെടുത്താനാവത്തവിധം അസംഖ്യമായിരിക്കും നിന്റെ സന്താനപരമ്പര.."

അബ്രാമും സാറായിയും വാര്‍ദ്ധക്യത്തിലെത്തിയിരുന്നെങ്കിലും അബ്രാം കര്‍ത്താവില്‍ പൂര്‍ണ്ണമായി വിശ്വസിച്ചു. അബ്രാമിന്റെ വാക്കുകളിൽ സാറായിയും പ്രത്യാശയർപ്പിച്ചു.

എന്നാൽ, പിന്നെയും വര്‍ഷങ്ങൾ പലതു കടന്നുപോയെങ്കിലും സാറായി ഗര്‍ഭംധരിക്കുകയോ പ്രസവിക്കുകയോചെയ്തില്ല. 

സാറായി അബ്രാമിനോടു പറഞ്ഞു: ''നിങ്ങളുടെ കർത്താവു പറയുന്നതുപോലെ, വൃദ്ധയായ എനിക്കിനി മക്കളുണ്ടാകുകയില്ല. എന്റെ ദാസിയായ ഹാഗാറിനെ നിങ്ങള്‍ക്കു ഞാൻ നല്കാം. ഒരുപക്ഷേ, അവളിലൂടെ നമുക്കു സന്താനസൗഭാഗ്യമുണ്ടായേക്കാം. അവൾ പ്രസവിക്കുന്ന കുഞ്ഞിനെ അവൾ, എന്റെ മടിയിൽവച്ചുതരും. എന്റെ കുഞ്ഞായിത്തന്നെ ഞാനവനെ വളർത്തും ..."


സാറായിയുടെ വാക്കുകൾ ശരിയാണെന്ന് അബ്രാമിനുംതോന്നി.  
അബ്രാം സാറായിയുടെ ദാസിയായ ഈജിപ്‌തുകാരി ഹാഗാറിനോടൊത്തു ശയിച്ചു. അവള്‍ ഗര്‍ഭംധരിക്കുകയുംചെയ്‌തു. 

താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ,
ഹാഗാറിന്റെ ഭാവംമാറി. അവള്‍ സാറായിയെ നിന്ദിക്കുകയും അവളോടു കയർത്തുസംസാരിക്കുകയും ചെയ്തുതുടങ്ങി. മറ്റു ദാസരുടെ മുമ്പിൽവച്ചുപോലും ഹാഗാർ സാറായിയെ പുച്ഛിച്ചു.

തന്റെ പുത്രനെ ഉദരത്തിൽവഹിക്കുന്നതിനാൽ, അബ്രാം ഹാഗാറിനെ കൂടുതൽ സ്നേഹിക്കുന്നതായി സാറായി കരുതി. അതിനാലവൾ ഹാഗാറിന്റെ പ്രവൃത്തികളെല്ലാം നിശബ്ദയായി സഹിച്ചു. സാറായിയുടെ മൗനം, ഹാഗാർ കൂടുതൽ മുതലെടുത്തു. മറ്റു ദാസീദാസന്മാരുടെ കാര്യങ്ങളിലും അവളിടപെട്ടുതുടങ്ങി. അവൾ എല്ലാവരുടേയുംമേൽ അധികാരംസ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 

ജീവിതം കൂടുതൽദുസ്സഹമായപ്പോൾ സാറായി അബ്രാമിനുമുമ്പിൽ പരാതിയുമായെത്തി..

"ഈജിപ്തുകാരിയായ ഹാഗാർനിമിത്തം ഞാനെത്ര കഷ്ടപ്പെടുന്നുവെന്നു നിങ്ങളറിയുന്നുണ്ടോ? എന്റെ ദാസിയെ നിങ്ങൾക്കു ഞാൻ വിട്ടുതന്നു. എന്നാൽ അവൾ നിങ്ങളിൽനിന്നു ഗര്‍ഭിണിയായതോടെ ഞാനവള്‍ക്കു നിന്ദാപാത്രമായിരിക്കുന്നു. നിങ്ങൾ രണ്ടാളുംമൂലം എന്റെ ജീവിതം ദുരിതപൂർണ്ണമായി. എനിക്കും നിങ്ങള്‍ക്കുംമദ്ധ്യേ കര്‍ത്താവുതന്നെ വിധിയാളനാകട്ടെ!"

അബ്രാം പറഞ്ഞു: "നീയെന്തിനെന്നോടു പരാതിപ്പെടുന്നു? അവളിപ്പോഴും നിന്റെ ദാസിതന്നെയാണല്ലോ. നിന്റെ ദാസിയോട് എങ്ങനെ പെരുമാറണമെന്നു നീയല്ലേ തീരുമാനിക്കേണ്ടതു്?" 

അബ്രാമിന്റെ മനസ്സിപ്പോഴും തനിക്കൊപ്പംതന്നെയെന്നുറപ്പായപ്പോൾ, സാറായി ഹാഗാറിനോടു പ്രതികരിച്ചുതുടങ്ങി. ഹാഗാറിനോടുള്ള അവളുടെ പെരുമാറ്റം ക്രൂരമായിത്തുടങ്ങി.

സാറായി, ഹാഗാറിനോടുകാട്ടുന്ന ക്രൂരതകളറിഞ്ഞിട്ടും സഹദാസരിലൊരാൾപോലും ഹാഗാറിനോടു സഹതപിക്കാനുണ്ടായില്ല. അബ്രാമിന്റെ പാളയത്തിൽ താൻ ഒറ്റപ്പെട്ടെന്നു ഹാഗാർ തിരിച്ചറിഞ്ഞു. അവൾ അബ്രാമിനേയും സാറായിയേയുംവിട്ട് പാളയത്തിൽനിന്നോടിപ്പോയി. 

എവിടേയ്ക്കെന്നറിയാതെ, മരുഭൂമിയുടെ വന്യതയിൽ ഹാഗാർ അലഞ്ഞുതിരിഞ്ഞു. വിശപ്പും ക്ഷീണവും അവളെയലട്ടി. ദാഹമകറ്റാൻ ഒരിറ്റുവെള്ളംപോലും കിട്ടാതെ, മരുഭൂമിയിൽവീണുമരിച്ചുപോകുമെന്ന് അവൾ ഭയന്നു. ഒടുവിലെങ്ങനെയോ ഷൂറിലേയ്ക്കുള്ള വഴിയില്‍, മരുഭൂമിയിലുള്ള ഒരു നീരുറവയുടെ യടുത്ത് അവളെത്തി. ആ ഉറവയേക്കാൾ വലുതായി ലോകത്തിൽ മറ്റൊന്നുമില്ലെന്നാണ് അവൾക്കപ്പോൾ തോന്നിയത്! ഉറവയിലെ വെള്ളംകുടിച്ച്, ഒരു മരച്ചുവട്ടിൽ അവൾ തളർന്നിരുന്നു. ക്ഷീണത്താൽ പെട്ടെന്നുതന്നെ അവൾ ഗാഢനിദ്രയിലേക്കു വഴുതിവീണു. 

അപ്പോൾ കർത്താവിന്റെ ദൂതൻ അവളുടെ മുമ്പിൽ പ്രത്യക്ഷനായി. :

"സാറായിയുടെ ദാസിയായ ഹാഗാർ, നീയെവിടെനിന്നു വരുന്നു? എവിടേയ്ക്കു പോകുന്നു?" ദൂതൻ അവളോടു ചോദിച്ചു

"യജമാനത്തിയുടെ ക്രൂരതസഹിക്കാനാകാതെ അവളുടെയടുത്തുനിന്ന് ഓടിപ്പോന്നതാണു ഞാൻ. എവിടേയ്ക്കാണു പോകേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ."

"ഭയപ്പെടേണ്ടാ! കര്‍ത്താവു നിന്റെ വിലാപംകേട്ടിരിക്കുന്നു. നിന്റെ യജമാനത്തിയുടെയടുത്തേക്കുതന്നെ നീ തിരിച്ചുപോകുക, എല്ലാക്കാര്യങ്ങളിലും അവള്‍ക്കു വിധേയയായിരിക്കുക. അപ്പോൾ അവൾ നിന്നെയുപദ്രവിക്കുകയില്ല. നീ പ്രസവിക്കുന്ന കുട്ടിക്ക്, ഇസ്‌മായേല്‍ എന്നു പേരിടണം. 
എണ്ണിയാല്‍ത്തീരാത്തത്രയധികമായി നിന്റെ സന്തതിയെ കർത്താവു വര്‍ദ്ധിപ്പിക്കും. കാട്ടുകഴുതയ്‌ക്കൊത്ത കരുത്തുള്ളവനായി അവൻ വളരും. അവന്‍ സകലർക്കുമെതിരായി തന്റെ കൈയുയർത്തും. എല്ലാവരും അവനെതിരായിത്തീരും. അവന്‍ തന്റെ സഹോദരങ്ങള്‍ക്കെതിരായി വർത്തിക്കുന്നവനായിരിക്കും"

തന്റെ ദൂതനിലൂടെ കർത്താവരുൾചെയ്ത വാക്കുകൾ ഹാഗാറിനെ സന്തുഷ്ടയാക്കി. ദൂതൻ പറഞ്ഞതുപോലെ, അവൾ പാളയത്തിലേക്കു മടങ്ങിപ്പോയി. 
തിരികെയെത്തിയപ്പോൾ, സാറായി
അവളെ തള്ളിക്കളഞ്ഞില്ല. ഗർഭിണിയായ ഹാഗാറിനെ അവൾ തന്റെ കൂടാരത്തിൽ വീണ്ടും സ്വീകരിച്ചു.

സമയത്തിന്റെ തികവിൽ ഹാഗാർ ഒരു പുത്രനെ പ്രസവിച്ചു. അവൻ ജനിക്കുമ്പോൾ അബ്രാമിന് എൺപത്തിയാറു വയസ്സുണ്ടായിരുന്നു. ദൈവദൂതൻ ഹാഗാറിനോടു കല്പിച്ചതനുസരിച്ച്, അബ്രാം തന്റെ പുത്രന് ഇസ്‌മായേല്‍ എന്നുപേരിട്ടു. ഹാഗാറിനോടും പുത്രനോടും സാറായി അനിഷ്ടമൊന്നും കാണിച്ചില്ല. പ്രത്യേകപരിഗണന നല്കിയതുമില്ല.

കാലം പിന്നെയും കടന്നുപോയി. ഇസ്മായേൽ ശൈശവത്തിൽനിന്നു ബാല്യത്തിലേയ്ക്കു കടന്നു. സാറായിയുടെ ഉദരം അപ്പോഴും വന്ധ്യമായിത്തുടർന്നു.

അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു വീണ്ടുമവനു പ്രത്യക്ഷപ്പെട്ടു. അബ്രാം കർത്താവിനുമുമ്പിൽ സാഷ്‌ടാംഗം പ്രണമിച്ചു. 

"നീയുമായി ഞാനൊരുടമ്പടിചെയ്യും. ഞാന്‍ നിനക്കു നിരവധി സന്താനങ്ങളെ നല്കും..."

കർത്താവ് അവനോടരുളിച്ചെയ്‌തു: ''നീയുമായുള്ള എന്റെ ഉടമ്പടിയിതാണ്. ഇനിമേല്‍ നീ അബ്രാമെന്നു വിളിക്കപ്പെടുകയില്ല. ഞാന്‍ നിന്നെ, അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. അതിനാൽ നിന്റെ പേര്‌, അബ്രാഹം എന്നായിരിക്കും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. നിരവധി രാജവംശങ്ങൾ നിന്നില്‍നിന്നുദ്‌ഭവിക്കും. നീയുമായും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതികളുമായും എന്നേയ്ക്കും ഞാനെന്റെയുടമ്പടി നിലനിറുത്തും. നീയും നിന്റെ സന്താനങ്ങളും തലമുറതോറും ഞാനുമായുള്ള ഉടമ്പടിപാലിച്ചാൽ, നീ പരദേശിയായിപ്പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍, നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അതവരുടേതായിരിക്കുകയുംചെയ്യും. 

എന്റെയുടമ്പടി, നിങ്ങളുടെ മാംസത്തില്‍, ശാശ്വതമായ ഒരുടമ്പടിയായി നിലനില്ക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെയടയാളമായി, നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനംചെയ്യണം. നിങ്ങള്‍ ലിംഗത്തിന്റെ അഗ്രചര്‍മ്മം ഛേദിക്കണം. നിങ്ങളുടെ വീട്ടില്‍പ്പിറന്നവനോ നിങ്ങൾ വിലയ്‌ക്കുവാങ്ങുന്ന പരദേശിയായ ദാസനോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്ഛേദനംചെയ്യണം. ഇനിമേലിൽപ്പിറക്കുന്ന ആണ്‍കുട്ടികളെയെല്ലാം എട്ടാം ദിവസത്തിൽ പരിച്ഛേദനംചെയ്യണം. പരിച്ഛേദനംചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. 

നിന്റെ ഭാര്യ സാറായിയെ ഇനിയും സാറായിയെന്നു വിളിക്കരുത്, ഞാനവളെയനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്കൊരു പുത്രനെ നല്കും. അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്മാരുദ്‌ഭവിക്കും! അതിനാൽ ഇനിമേൽ അവളുടെ പേര്‌ സാറാ എന്നായിരിക്കും."

അതുകേട്ടപ്പോള്‍ അബ്രാഹം കമിഴ്‌ന്നുവീണു ചിരിച്ചുപോയി! നൂറു വയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമെന്നോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമെന്നോ?

ചിരിയടക്കി, അബ്രാഹം ദൈവത്തോടു പറഞ്ഞു: "കർത്താവേ, എനിക്കിനിയുമൊരു കുഞ്ഞുവേണമെന്ന ആഗ്രഹമില്ല. ഇസ്‌മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍മാത്രം മതി."

"നിന്റെ ഭാര്യ സാറാതന്നെ നിന്റെ പുത്രനെ പ്രസവിക്കും. നീയവന്, ഇസഹാക്ക്‌ എന്നു പേരിടണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായൊരുടമ്പടി സ്ഥാപിക്കും.
ഇസ്‌മായേലിനുവേണ്ടിയുള്ള നിന്റെ പ്രാര്‍ത്ഥനയും ഞാന്‍ സ്വീകരിക്കുന്നു. അവൻ സന്താനപുഷ്‌ടിയുള്ളവനായിരിക്കും. അവനില്‍നിന്നു ഞാൻ വലിയൊരു ജനതയെ പുറപ്പെടുവിക്കും.
എന്നാല്‍, സാറായില്‍നിന്നു നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടായിരിക്കും എന്റെയുടമ്പടി ശാശ്വതമായുറപ്പിക്കുന്നത്."

കർത്താവിന്റെ വാക്കുകൾ അബ്രാം തന്റെ ഹൃദയത്തിൽ സ്വീകരിച്ചു.

ദൈവകല്പനപോലെ ആ ദിവസംതന്നെ മകന്‍ ഇസ്‌മായേലിനെയും തന്റെ വീട്ടില്‍പിറന്നവരും താന്‍ വിലകൊടുത്തു വാങ്ങിയവരുമായ സകലപുരുഷന്മാരെയും അബ്രാഹം പരിച്ഛേദനംചെയ്‌തു. അബ്രാഹാമും പരിച്ഛേദനംചെയ്യപ്പെട്ടു.

Sunday, 9 April 2017

6. ദൈവവിളി

ബൈബിൾക്കഥകൾ - 6

മഹാപ്രളയത്തിനുശേഷം, പലനൂറ്റാണ്ടുകൾ പിന്നെയും കൊഴിഞ്ഞുവീണു. ലോകത്ത്, വ്യത്യസ്തങ്ങളായ നിരവധിഭാഷകളുണ്ടായി. ഭാഷകളുടെ അടിസ്ഥാനത്തിൽ മനുഷ്യർ പലസമൂഹങ്ങളായിത്തീർന്നതോടെ, ഭൂമിയിൽ നവീനസംസ്കാരങ്ങളുടലെടുത്തു. 

മനുഷ്യർ, പ്രകൃതിശക്തികളെ ദൈവമാക്കിയാരാധിച്ചുതുടങ്ങി. പുതിയ ദേവീദേവന്മാർക്കായി അവർ ബലികളർപ്പിക്കുകയും 
 ഉത്സവങ്ങളാഘോഷിക്കുകയുംചെയ്തു. എന്നാൽ കർത്താവിനെ വിളിച്ചുപ്രാർത്ഥിക്കുന്ന ഒരുവൻപോലും ഭൂമിയിലില്ലാതെയായി.

അക്കാലത്ത്, മെസെപ്പൊട്ടോമിയയിലെ ഊർ എന്ന ദേശത്ത്, നോഹയുടെ പുത്രനായ ഷേമിന്റെ വംശത്തിൽപ്പിറന്ന, നാഹോറിന്റെ പുത്രനായ തേരാഹ് എന്നൊരാൾ ജീവിച്ചിരുന്നു.

തേരഹിന്, ഹാരാൻ, നാഹോർ, അബ്രാം എന്നീ പുത്രന്മാരാണുണ്ടായിരുന്നത്. മൂത്തവനായ ഹാരാൻ , യൗവനത്തിൽത്തന്നെ മരണമടഞ്ഞു. ഹാരാൻ മരിക്കുമ്പോൾ അവൻ്റെ പുത്രനായ ലോത്ത്, ബാലനായിരുന്നു. 

കുറച്ചുനാളുകൾക്കുശേഷം, തേരഹ് തന്റെ മക്കൾക്കും പേരക്കുട്ടികളോടുമൊപ്പം, ഊറിനേക്കാൾ കൂടുതൽഫലഭൂയിഷ്ഠമായ മറ്റൊരു ദേശത്തേയ്ക്കു കുടിയേറി. തന്റെ കടിഞ്ഞൂൽപ്പുത്രന്റെ ഓർമ്മയ്ക്കായി, തേരഹ്, ആ ദേശത്തിനു ഹാരാൻ എന്നു പേരുവിളിച്ചു.

ഹാരാനിൽവച്ച്, തേരാഹിൻ്റെ ഇളയപുത്രന്മാരായ അബ്രാമും നാഹോറും വിവാഹിതരായി. അർദ്ധസഹോദരിയായ സാറായി അബ്രാമിനു ഭാര്യയായപ്പോൾ, സഹോദരനായ ഹാരാന്റെ മകൾ മിൽക്കയെയാണ് നാഹോർ വിവാഹംകഴിച്ചത്. 

ഹാരാൻദേശത്തിന്റെ സമൃദ്ധിയിൽ, തേരാഹിന്റെയും പുത്രന്മാരുടേയും സമ്പത്ത്, അത്യധികമായി വർദ്ധിച്ചു. ആലകളിൽ ആട്ടിൻപറ്റങ്ങളും തൊഴുത്തിൽ കാലികളും നിറഞ്ഞു. അവയ്ക്കെല്ലാം മേയാൻവേണ്ടത്ര സമൃദ്ധമായ മേച്ചിൽപ്പുറങ്ങൾ കണ്ണെത്താദൂരത്തോളം പരന്നുകിടന്നിരുന്നു. 

കാലത്തിന്റെ തികവിൽ നാഹോറിനും മിൽക്കയ്ക്കും പുത്രീപുത്രന്മാർ ജനിച്ചു. എന്നാൽ സാറായി വന്ധ്യയായിരുന്നതിനാൽ അബ്രാമിനു സന്താനഭാഗ്യമുണ്ടായില്ല. സഹോദരപുത്രനായ ലോത്തിനെ അബ്രാം തന്നോടൊപ്പം നിറുത്തി.

ഒരു രാത്രിയിൽ, അബ്രാം ഗാഢനിദ്രയിലായിരുന്നപ്പോൾ, ഒരു സ്വപ്നദർശനത്തിൽ, കർത്താവ് അവനോടു സംസാരിച്ചു. 

"ആകാശവും ഭൂമിയുംസൃഷ്ടിച്ച, കർത്താവായ ദൈവമാണു ഞാൻ!  ഭൂമി മുഴുവനിലുമുള്ള മനുഷ്യർ എന്നിൽനിന്നകന്നിരിക്കുന്നു. സ്രഷ്ടാവായ എന്നെയന്വേഷിക്കുന്ന ഒരുവൻപോലുമില്ലാതായിരിക്കുന്നു... ഇതാ, ഇന്നു ഞാൻ, നിന്നെ തിരഞ്ഞെടുത്ത്, മറ്റുമനുഷ്യരിൽനിന്നു വേർതിരിച്ചുനിറുത്തുന്നു.

ഈ ദേശത്തെയും നിന്റെപിതൃഭവനത്തെയും ബന്ധുമിത്രാദികളേയുമുപേക്ഷിച്ച്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേയ്ക്കു പോകുക. അവിടെ, വലിയൊരു ജനതയാക്കി നിന്നെ ഞാൻ വളർത്തും...." 

അബ്രാം നിദ്രയിൽനിന്നുണർന്നു. ചുറ്റുമന്ധകാരംമാത്രം! രാപ്പാടികളുടെ ദുർബ്ബലമായ ശബ്ദമൊഴികെ, എവിടെയും തികഞ്ഞ നിശ്ശബ്ദതമാത്രം! 

കേട്ടതെല്ലാം സത്യംതന്നെയോ? അബ്രാമിന് ഒന്നും മനസ്സിലായില്ല. ആ ദിവസംവരെ അവൻ അങ്ങനെയൊരു ദൈവത്തെക്കുറിച്ചു കേട്ടിരുന്നില്ല...  എങ്കിലും ശുഭകരമായതെന്തോ തന്റെ ജീവിതത്തിൽ സംഭവിക്കാൻപോകുന്നെന്ന് അവന്റെ ഹൃദയം, അവനോടു പറഞ്ഞു....

അബ്രാം മനസ്സു ശാന്തമാക്കി, അല്പനേരം ധ്യാനനിമഗ്നനായി. അപ്പോൾ, ഒരിക്കൽക്കൂടെ ആ ശബ്ദം, അവൻ്റെ കർണ്ണപടങ്ങളിൽ മുഴങ്ങി., 

''നീ പോകുക, നിന്റെ നാമം ഞാൻ മഹത്തരമാക്കും. നീയെന്നുമൊരനുഗ്രഹമായിരിക്കും.
നിന്നെയനുഗ്രഹിക്കുന്നവരെ ഞാനുമനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ മനുഷ്യവംശങ്ങളെല്ലാം അനുഗൃഹീതമാകും.!"

ഇന്നുവരെ താനറിയുകയോ ആരാധിക്കുകയോചെയ്തിട്ടില്ലാത്തൊരു ദൈവം തന്നെത്തേടിയെത്തിയിരിക്കുന്നു. അവന്റെ ഹൃദയം ആവേശഭരിതമായി.

"കർത്താവേ, ഇതാ ഞാൻ!" അബ്രാം തന്റെ സമ്മതമറിയിച്ചു.

അബ്രാമിനു ധാരാളം ദാസീദാസന്മാരും ആടുമാടുകളും സ്വര്‍ണ്ണവും വെള്ളിയുമുണ്ടായിരുന്നു. പിറ്റേന്നു പുലർച്ചേ, അബ്രാമും ഭാര്യ സാറായിയും തങ്ങളുടെ ദാസീദാസന്മാരേയും ആടുമാടുകളേയും യാത്രയ്ക്കു തയ്യാറാക്കി. സ്വർണ്ണവും വെള്ളിയുമടക്കമുള്ള സമ്പാദ്യങ്ങൾ ഭാണ്ഡങ്ങളിൽ നിറച്ച്,  കഴുതച്ചുമടുകളായെടുത്തു.

അബ്രാമിന്റെ തീരുമാനമറിഞ്ഞപ്പോൾ ലോത്തും 
അവനോടൊപ്പം പുറപ്പെടാൻ തയ്യാറായി. അബ്രാം അവനെത്തടഞ്ഞെങ്കിലും ലോത്ത് പിന്മാറിയില്ലാ. തന്റെ ഭാര്യ, രണ്ടു പെൺകുഞ്ഞുങ്ങൾ, ദാസീദാസന്മാർ, ആടുമാടുകൾ എന്നിവയുമായി ലോത്ത്, അബ്രാമിനും സാറായിക്കുമൊപ്പം പുറപ്പെട്ടു.

അബ്രാമിന് എഴുപത്തഞ്ചു വയസ്സുള്ളപ്പോളാണ് അവർ ഹാരാൻ വിട്ടത്.

അബ്രാമും സംഘവും ദീർഘദൂരം സഞ്ചരിച്ച്‌, കാനാൻകാരുടെ ദേശത്ത്, ഷെക്കെമിലെ മോറെയുടെ ഓക്കുമരംവരെയെത്തി. അവിടെയവർ കൂടാരമടിച്ചു.

അവിടെവച്ച്, കര്‍ത്താവ്‌ അബ്രാമിനു പ്രത്യക്ഷപ്പെട്ടു. "നിന്റെ സന്തതികള്‍ക്കായി, ഈ നാടുമുഴുവൻ ഞാന്‍ നല്കും!"  അവിടുന്നു വാഗ്ദാനംചെയ്തു.

അബ്രാമും സാറയും അനപത്യരായ വൃദ്ധരായിരുന്നെങ്കിലും അബ്രാം കർത്താവിന്റെ വാഗ്ദാനത്തിൽ പ്രത്യാശയർപ്പിച്ചു. അവൻ അവിടെയൊരു ബലിപീഠംപണിതു. തന്നെ വിളിച്ചുവേർതിരിച്ച കര്‍ത്താവിനായി, അവനന്നാദ്യമായി ഒരു ബലിയർപ്പിച്ചു.

അവിടെനിന്ന്‌, അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേയ്ക്കു കടന്ന്‌, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായുള്ള ഒരുസ്ഥലത്തു കൂടാരമടിച്ചു. അവിടെയുമൊരു ബലിപീഠംപണിത്‌, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു. 

കാലാവസ്ഥയുടെ മാറ്റവും ജലത്തിന്റെയും മേച്ചിൽപ്പുറങ്ങളുടേയും ലഭ്യതയുമനുസരിച്ച്, അബ്രാമും കൂട്ടരും നാടോടികളായി സഞ്ചരിച്ചുകൊണ്ടിരുന്നു.

വീണ്ടും കുറേ വർഷങ്ങൾക്കുശേഷം, ബഥേലിനും ആയിയ്‌ക്കുമിടയ്ക്ക്, മുമ്പു കൂടാരമടിച്ചതും, ബലിപീഠം പണിതതുമായ സ്‌ഥലത്തേയ്ക്ക് അവർ മടങ്ങിയെത്തി.

അക്കാലത്തിനിടയിൽ, അബ്രാമിന്റെയും ലോത്തിന്റെയും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും ദാസീദാസന്മാരും വളരെയധികം വർദ്ധിച്ചിരുന്നു. അവര്‍ക്ക്‌ ഒന്നിച്ചു താമസിക്കാന്‍ ആ ദേശമപ്പോൾ മതിയായിരുന്നില്ല. 

അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ മേയ്‌ക്കുന്നവര്‍തമ്മില്‍ പലപ്പോഴും കലഹങ്ങളുമുണ്ടായി. 
ഒരു സായാഹ്നത്തിൽ, ആ പ്രദേശത്തെ ഏറ്റവുമുയർന്ന ഒരു കുന്നിൻമുകളിലേയ്ക്കു്, അബ്രാം ലോത്തിനെക്കൂട്ടിക്കൊണ്ടുപോയി. 

അബ്രാം പറഞ്ഞു: "നമ്മള്‍തമ്മിലും നമ്മുടെ ഇടയന്മാര്‍തമ്മിലും കലഹമുണ്ടാകരുത്‌. കാരണം, നമ്മള്‍ ഒരേ രക്തമാണ്. ഇതാ! വിശാലമായ ഈ ദേശമത്രയും ഇപ്പോൾ നമ്മുടെ കണ്മുമ്പിലുണ്ടല്ലോ. ഇവിടെമുതൽ നമുക്കു രണ്ടുദേശങ്ങളിലേയ്ക്കു പിരിയാം. ഇടതുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേയ്ക്കു പൊയ്‌ക്കൊള്ളാം. വലതുഭാഗമാണു നിനക്കിഷ്ടമെങ്കില്‍ ഞാനിടത്തേയ്ക്കു പോയിക്കൊള്ളാം".

ലോത്ത് ചുറ്റും കണ്ണോടിച്ചു. വലതുഭാഗത്ത്, ജോര്‍ദ്ദാന്‍ സമതലംമുഴുവന്‍ ജലപുഷ്‌ടിയുള്ള, കൃഷിയ്ക്കും കാലിവളർത്തലിനും അനുയോജ്യമായ ഭൂമിയാണെന്നു ലോത്ത്‌ കണ്ടു. അവർ നിന്നിരുന്ന കുന്നിന് ഇടതുഭാഗത്തുള്ള, പടിഞ്ഞാറൻദേശമായ കാനാൻപ്രദേശം അത്രമെച്ചമായിരുന്നില്ല.

പിറ്റേന്നു പ്രഭാതത്തിൽ അവർതമ്മിൽ പിരിഞ്ഞു.

ലോത്ത്, കിഴക്കുള്ള ജോർദ്ദാൻസമതലം തിരഞ്ഞെടുത്തു. സോദോം, ഗോമോറോ എന്നീ പട്ടണങ്ങൾക്കു നടുവിലുള്ള താഴ്‌വരയിൽ അവൻ കൂടാരമടിച്ചു.

അബ്രാം പടിഞ്ഞാറൻദേശമായ കാനാൻദേശത്തു പാളയമുറപ്പിച്ചു.

Sunday, 2 April 2017

5. ബാബേൽഗോപുരം

ബൈബിൾക്കഥകൾ - 5

പ്രളയകാലം കഴിഞ്ഞു. ഋതുക്കൾ ക്രമംതെറ്റാതെ ഭൂമിയിലേക്കു വീണ്ടും കടന്നുവന്നുതുടങ്ങി. ഭൂമി ഹരിതവസ്ത്രങ്ങളണിഞ്ഞ്, കൂടുതൽ സുന്ദരിയായി. പക്ഷിമൃഗാദികൾ ഭൂമിയിൽ പെറ്റുപെരുകി.

നോഹയുടെ പുത്രന്മാരായ ഷേമിനും ഹാമിനും യാഫെത്തിനുമുണ്ടായ പുത്രീപുത്രന്മാരിലൂടെ ഭൂമിയിൽ വീണ്ടും മനുഷ്യർ നിറഞ്ഞു. മാനവസമൂഹങ്ങൾ ഭൂമിയിലെങ്ങും വ്യാപിച്ചു. 

കാലം മുമ്പോട്ടുപോകവേ, മനുഷ്യർ പുതിയപുതിയ വിദ്യകളിൽ നിപുണരാകുകയും നവീനങ്ങളായ കണ്ടുപിടുത്തങ്ങളിലൂടെ അന്നുവരെയില്ലാതിരുന്ന പലതും സൃഷ്ടിക്കുകയുംചെയ്തു. 

അക്കാലത്ത്, ഭൂമിയിലെ മുഴുവൻ മനുഷ്യർക്കും ആശയസംവേദനത്തിനായി ഒരു ഭാഷതന്നെയാണുണ്ടായിരുന്നത്.

കല്ലും കുമ്മായവുമുപയോഗിച്ചുള്ള കെട്ടിടനിർമ്മാണവിദ്യ സ്വായത്തമായപ്പോൾ, അവർ ഉറപ്പുള്ള വീടുകൾ നിർമ്മിച്ചു. കളിമണ്ണുകൊണ്ടുമെനഞ്ഞു ചുട്ടെടുക്കുന്ന ഇഷ്ടികളുണ്ടാക്കാൻപഠിച്ചതോടെ സമൂഹമായി ജീവിക്കാനുതകുന്ന കൊച്ചുകൊച്ചു പട്ടണങ്ങൾതന്നെ തീർത്തു. കളിമണ്ണിൽ ചില പ്രത്യേകവസ്തുക്കൾ ചേർത്താൽ കുമ്മായത്തേക്കാൾ ഉറപ്പുണ്ടെന്നു കണ്ടെത്തിയപ്പോൾ, കെട്ടിടങ്ങൾ കുടുതൽ ഉയരത്തിലേക്കു വളർന്നുതുടങ്ങി. ദൈവകൃപയാൽ, എവിടെയും സമ്പദ്‌സമൃദ്ധി കളിയാടിയിരുന്നു. വയലുകൾ സമ്യദ്ധമായ വിളവുനല്കി. കന്നുകാലികൾ പെറ്റുപെരുകി.

എന്നാൽ സമ്പത്തും സൗകര്യങ്ങളും വർദ്ധിക്കുന്നതിനൊപ്പം മനുഷ്യരുടെ ദൈവനിഷേധവും അഹങ്കാരവും ദിനംപ്രതി വര്‍ദ്ധിച്ചു. ഓരോ പുതിയ കണ്ടുപിടുത്തവും മനുഷ്യരെ കൂടുതൽകൂടുതൽ അഹങ്കാരികളാക്കിക്കൊണ്ടിരുന്നു. അവർ ദൈവത്തെ മറന്നു. അങ്ങനെയിരിക്കേ, അഹങ്കാരംമൂത്ത മനുഷ്യര്‍, ഷീനാര്‍ എന്ന സമതലപ്രദേശത്ത് ഒത്തുകൂടി.


“നമ്മുടെ പ്രശസ്തി എക്കാലവും നിലനിറുത്തുന്നതിനുവേണ്ടി, അകാശത്തോളമെത്തുന്ന ഒരു ഗോപുരം നമുക്കു നിര്‍മ്മിക്കാം. ആകാശവാതായനങ്ങളെല്ലാംകടന്ന്, സ്വര്‍ഗ്ഗത്തിലേയ്ക്കെത്തുന്ന ഒരു കൂറ്റന്‍ഗോപുരമാകണമത്. ദൈവസിംഹാസനത്തിനുമുയരത്തിലെത്തുന്ന ഗോപുരം.! ഗോപുരത്തിനുചുറ്റും മനോഹരങ്ങളായ പട്ടണങ്ങൾതീർത്ത്, നമുക്കവിടെ വസിക്കാം" അവര്‍ തീരുമാനിച്ചു.

എല്ലാ മനുഷ്യര്‍ക്കും ഒരേ ഭാഷയായിരുന്നതിനാല്‍ ഭൂമിയിലുള്ള സകലമനുഷ്യരിലേയ്ക്കും ഈ സന്ദേശം പെട്ടന്നെത്തിക്കുവാന്‍കഴിഞ്ഞു.

ആകാശമേലാപ്പുംകടന്ന്, സ്വർഗ്ഗത്തിനുംമേലെയത്തുന്ന ഗോപുരത്തെക്കുറിച്ചുള്ള സ്വപ്നം, ഭൂമിയിലെ മനുഷ്യരുടെയെല്ലാം ഹൃദയങ്ങളിൽ നിറഞ്ഞു. വാസ്തുശില്പവിദഗ്ദ്ധർ ഗോപുരത്തിന്റെ രൂപരേഖകൾ തയ്യാറാക്കി. നിർമ്മാണവസ്തുക്കളുടെ കണക്കെടുപ്പു പൂർത്തിയായി. ഇഷ്ടികയും കുമ്മായവും കളിമണ്ണും തടിയും മറ്റെല്ലാ നിർമ്മാണവസ്തുക്കളും ഷീനാർ താഴ്‌വരയ്ക്കുചുറ്റും സംഭരിച്ചു. ആളുമർത്ഥവും അവിടേയ്‌ക്കൊഴുകി.

അധികംവൈകാതെതന്നെ, ഷീനാർസമതലത്തിൽ, ഗോപുരത്തിന്‍റെ നിര്‍മ്മാണമാരംഭിച്ചു. ചുട്ടെടുത്ത ഇഷ്ടികകളും കളിമണ്ണിൽത്തീർത്ത ചാന്തുമുപയോഗിച്ച്, ഗോപുരത്തിന്‍റെ പണികൾ വളരെവേഗം പുരോഗമിച്ചുകൊണ്ടിരുന്നു..

ഭൂമിയിലെങ്ങുമുള്ള മനുഷ്യർ ഉത്സാഹത്തിമിർപ്പിലായിരുന്നു. മനുഷ്യരെല്ലാം ഗോപുരനിർമ്മാണത്തെ, ഒരു മഹോത്സവംപോലെ തങ്ങളുടെ ഹൃത്തോടുചേർത്തു.

മനുഷ്യര്‍ ഷീനാറിൽ നിര്‍മ്മിക്കുന്ന നഗരവും ഗോപുരവുംകാണാന്‍ കര്‍ത്താവിറങ്ങിവന്നു.

തങ്ങളുടെ കഴിവുകളില്‍ അഹങ്കരിച്ച മനുഷ്യര്‍, ദുഷിച്ചചിന്തകളിലും ഒരേ മനസ്സുള്ളവരായിരുന്നു. ഗോപുരനിര്‍മ്മാണംകാണാനെത്തിയ ദൈവം, മനുഷ്യരുടെ ചിന്തകളെ തന്‍റെ ജ്ഞാനത്താല്‍ വിവേചിച്ചറിഞ്ഞു. തന്‍റെ കരവേലമാത്രമായ മനുഷ്യന്‍, തന്നെയും കീഴ്പ്പെടുത്താനാഗ്രഹിക്കുന്നതറിഞ്ഞ്, കർത്താവു വേദനിച്ചു. മനുഷ്യരുടെ അഹങ്കാരം, അവിടുത്തെ കോപത്തെ ജ്വലിപ്പിക്കുകയുംചെയ്തു.

ഗോപുരത്തിലേയ്ക്കുവയ്ക്കുന്ന ഓരോ ഇഷ്ടികയ്ക്കൊപ്പവും മനുഷ്യന്‍റെ അഹങ്കാരവും ഉയര്‍ന്നുകൊണ്ടിരുന്നു. ഒരേഭാഷ സംസാരിക്കുന്നവരും ഒരൊറ്റജനതയുമായി മനുഷ്യരിനിയുംതുടര്‍ന്നാല്‍ അതു സാത്താന്‍റെ സാമ്രാജ്യം വളര്‍ത്താനേ ഉതകൂ എന്ന്, ദൈവമറിഞ്ഞു. കാരണം അഹങ്കാരവും ദൂഷണവും സകലതിന്മകളുംവരുന്നതു സാത്താനില്‍നിന്നാണ്.

അതിനാൽ, പരസ്പരം മനസ്സിലാക്കാനാവാത്തവിധം അവരുടെ ഭാഷകളെ ഭിന്നിപ്പിക്കാന്‍ കർത്താവു തീരുമാനിച്ചു.

ആ നിമിഷംമുതല്‍ മനുഷ്യര്‍ക്കു പരസ്പരം പറയുന്നതൊന്നും മനസ്സിലാകാതെയായി. ഗോപുരംപണിക്കാര്‍ക്ക് ആശയവിനിമയംനടത്താനാകാതെയായി. ശില്പികള്‍ പറയുന്നതു മേസ്തരിമാര്‍ക്കും, മേസ്തരിമാര്‍ പറയുന്നതു പണിക്കാര്‍ക്കും മനസ്സിലാകാതെയായപ്പോള്‍ ഗോപുരനിര്‍മ്മാണം നിലച്ചു. അതിനൊപ്പം പട്ടണനിർമ്മാണവും!

വിവിധഭാഷക്കാരായ്‌ത്തീര്‍ന്ന മനുഷ്യരെ കര്‍ത്താവു ഭൂമിയില്‍ പലയിടത്തായിച്ചിതറിച്ചു.
ദൈവം ഷീനാറില്‍വച്ചു ഭാഷകള്‍ ഭിന്നിപ്പിച്ചതിനുശേഷം, *'ബാബേല്‍' എന്നാണ് ആ പട്ടണമറിയപ്പെട്ടത്. പാതിവഴിയിൽ പണിമുടങ്ങിപ്പോയ ഗോപുരത്തിനു ബാബേൽഗോപുരമെന്നു പേരുകിട്ടി.

മനുഷ്യർ വീണ്ടും ഭൂമിയിൽ പെരുകിക്കൊണ്ടിരുന്നു. ഒരേഭാഷ സംസാരിക്കാനാകുന്നവർ ഒന്നിച്ചുജീവിച്ചു. അങ്ങനെ പലഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ വിവിധദേശങ്ങളിൽ വളർന്നുവന്നു. വ്യത്യസ്തങ്ങളായ മനുഷ്യസംസ്കാരങ്ങൾ ഭൂമിയിലുദയംകൊണ്ടു. 

അപ്പോഴും കർത്താവിനെത്തേടുന്നവർ ഭൂമിയിലപൂർവ്വമായിരുന്നു....  മനുഷ്യർ പ്രകൃതിവസ്തുക്കളേയും തങ്ങളുടെ ഭാവനാസൃഷ്ടികളേയും ദൈവമായിക്കരുതി ആരാധിച്ചുതുടങ്ങിയത്, അക്കാലത്താണ്...
------------------------------------------------------------------------------------------------------------
* ബാബേൽ = ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നർത്ഥം.