Saturday, 29 April 2017

ഏസാവും യാക്കോബും

ഇസഹാക്കും റബേക്കയും ദാമ്പത്യസ്നേഹത്തിന്റെ ഹരിതാഭയില്‍ ജീവിതം പങ്കുവച്ചു. ദൈവകൃപയാല്‍, പരസ്പരസ്നേഹവും വിശ്വസ്തതയും സമ്പത്തും സമൃദ്ധിയും ആ കുടുംബത്തില്‍ നിറഞ്ഞുനിന്നു. എങ്കിലും ആ ദാമ്പത്യവല്ലരിയില്‍ സന്താനസൗഭാഗ്യത്തിന്റെ വര്‍ണ്ണപുഷ്പങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന ദുഃഖം, അവരെ വേദനിപ്പിച്ചിരുന്നു.

തന്റെപിതാവായ അബ്രാഹത്തിനു കര്‍ത്താവു നല്കിയ വാഗ്ദാനത്തെക്കുറിച്ചു് ഇസഹാക്കു് ഓര്‍ത്തു. സന്താനസൗഭാഗ്യമില്ലാതിരുന്ന നാളുകളില്‍, തന്റെ തലമുറകളില്ലാതാവുകയും സമ്പത്തെല്ലാം അന്യാധീനമാവുകയും ചെയ്യുമെന്നു വിലപിച്ച അബ്രഹാത്തോടു കര്‍ത്താവു പറഞ്ഞു:
“നിന്റെ സമ്പത്ത് അന്യാധീനമാകില്ല, നിന്റെ പുത്രന്‍തന്നെയായിരിക്കും നിന്റെ അവകാശി. നീ ആകാശത്തേക്കു നോക്കുക; അവിടെക്കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും.“

കര്‍ത്താവിന്റെ വാഗ്ദാനത്തില്‍ ഇസഹാക്കു് പൂര്‍ണ്ണമായും വിശ്വസിച്ചു. വന്ധ്യയായ തന്റെ ഭാര്യയ്ക്കുവേണ്ടി ഇസഹാക്കു കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. കര്‍ത്താവു് അവന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയും റബേക്ക ഗര്‍ഭിണിയാവുകയും ചെയ്തു.

കര്‍ത്താവു്,  ഉദരഫലംനല്കിയനുഗ്രഹിച്ചതിനാല്‍ ഇസഹാക്കും റബേക്കയും കര്‍ത്താവിനെ സ്തുതിച്ചു. മാസങ്ങള്‍ കഴിഞ്ഞുപോകവേ, തന്റെ ഉദരത്തിലെ ശക്തമായ ചലനങ്ങള്‍ റബേക്കയെ ഭയപ്പെടുത്തി. തന്റെ ഉദരത്തിനുള്ളില്‍ ഒരു മല്ലയുദ്ധംനടക്കുന്നതുപോലെ അവള്‍ക്കുതോന്നി.

"കര്‍ത്താവേ, ഇങ്ങനെയായാല്‍ എനിക്കെന്തു സംഭവിക്കും?" കര്‍ത്താവിന്റെ ഹിതമറിയാനായി അവള്‍ പ്രാര്‍ത്ഥിച്ചു.

ഒരു ദര്‍ശനത്തില്‍ കര്‍ത്താവു് അവളോടു പറഞ്ഞു: "നിന്റെ ഉദരത്തില്‍ രണ്ടു കുഞ്ഞുങ്ങളാണുള്ളതു്. നിന്നില്‍നിന്നു പിറക്കുന്നവര്‍ രണ്ടു ജനതകളായിപ്പിരിയും. ഒന്നു മറ്റേതിനേക്കാള്‍ ശക്തമായിരിക്കും. മൂത്തവന്‍ ഇളയവനു ദാസ്യവൃത്തിചെയ്യും"

ഗര്‍ഭകാലം പൂര്‍ത്തിയായപ്പോള്‍ റബേക്ക രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചു.

ആദ്യം ജനിച്ചവനു ചെമന്നുതുടുത്ത നിറമായിരുന്നു. അവന്റെ ശരീരംമുഴുവന്‍ രോമംകൊണ്ടു പൊതിഞ്ഞിരുന്നു. ആദ്യം ജനിച്ച കുഞ്ഞിനു് അവര്‍ ഏസാവു് എന്നു പേരിട്ടു. രണ്ടാമതു ജനിച്ചവന്‍ ഏസാവിന്റെ കുതികാലില്‍ പിടിച്ച് ഉള്ളിലേക്കു വലിക്കുന്നുണ്ടായിരുന്നു. അതിനാല്‍ അവര്‍ അവനെ യാക്കോബു് എന്നു വിളിച്ചു. യാക്കോബു് എന്നവാക്കിന്റെ ശരിയായ അര്‍ത്ഥം ചതിയന്‍ എന്നായിരുന്നു! ഇസഹാക്കിനു് അറുപതുവയസ്സു തികഞ്ഞപ്പോഴാണ് ഏസാവും യാക്കോബും ജനിച്ചത്.

കാലചക്രം നിലയ്ക്കാതെ  തിരിഞ്ഞുകൊണ്ടേയിരുന്നു. പിന്നെയും പതിനഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയി. വാര്‍ദ്ധക്യത്തിന്റെ പരമാവധിയും പിന്നിട്ടു്, നൂറ്റിയെഴുപത്തിയഞ്ചാം വയസ്സില്‍ അബ്രഹാം സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി. മാമ്രേയുടെ എതിര്‍വശത്തു്, സാറയെ അടക്കംചെയ്ത ഗുഹയില്‍ത്തന്നെ അബ്രാഹത്തെയും സംസ്കരിച്ചു.

ഏസാവും യാക്കോബും വളര്‍ന്നുവന്നു. ഏസാവു് കൃഷിയിലും നായാട്ടിലും സമര്‍ത്ഥനായിരുന്നു.  നായാടിക്കൊണ്ടുവരുന്ന മാംസത്തിന്റെ പങ്കു് എല്ലായ്പ്പോഴും പിതാവിനു നല്കിയിരുന്നതിനാല്‍ ഇസഹാക്കു്, ഏസാവിനെ കൂടുതല്‍ സ്നേഹിച്ചിരുന്നു. റബേക്കയാകട്ടെ, ശാന്തശീലനായ യാക്കോബിനോടു് കൂടുതല്‍ വാത്സല്യം കാണിച്ചു. യാക്കോബു കൂടുതല്‍ സമയം അമ്മയോടൊത്തു ചെലവഴിച്ചു. പാചകകലയില്‍ അമ്മയെപ്പോലെ യാക്കോബും മിടുക്കനായിരുന്നു.

ഒരുദിവസം, വയലില്‍നിന്നു വിശന്നുതളര്‍ന്നു വീട്ടിലെത്തിയ ഏസാവ്, പയറുകൊണ്ടു പായസമുണ്ടാക്കുകയായിരുന്ന യാക്കോബിനെക്കണ്ടു. വിശന്നാര്‍ത്തനായ അവന്‍ അല്പം പായസം ചോദിച്ചെങ്കിലും യാക്കോബു് അവനു കൊടുത്തില്ല.

യാക്കോബു പറഞ്ഞു: "നിന്റെ കടിഞ്ഞൂലവകാശം എനിക്കു വിട്ടുതന്നാല്‍ നിനക്കു പായസംമാത്രമല്ല, അപ്പവുമുണ്ടാക്കിത്തരാം."

"വിശന്നു മരിക്കാറായ എനിക്കു കടിഞ്ഞൂലവകാശംകൊണ്ടെന്തു പ്രയോജനം? ഇപ്പോള്‍ എനിക്കെന്തെങ്കിലും ഭക്ഷണമാണു വേണ്ടതു്."

"ആദ്യം നീ കടിഞ്ഞൂലവകാശം എനിക്കു വിട്ടുതരുന്നതായി ശപഥം ചെയ്യൂ."

വിശപ്പിന്റെ ആധിക്യത്താല്‍ ഏസാവു് അനുജന്റെ ഉപാധി അംഗീകരിച്ചു. അവന്‍ ശപഥപൂര്‍വ്വം തന്റെ കടിഞ്ഞൂലവകാശം യാക്കോബിനു വിട്ടുകൊടുത്തു.
യാക്കോബു സന്തോഷത്തോടെ ഏസാവിനു പായസവും അപ്പവും കൊടുത്തു. എന്നാല്‍ ഒരുനേരത്തെ ഭക്ഷണത്തിനായി താന്‍ നഷ്ടപ്പെടുത്തിയതെന്താണെന്ന് അപ്പോള്‍ ഏസാവു ചിന്തിച്ചിരുന്നതേയില്ല...!

കര്‍ത്താവിന്റെ അനുഗ്രഹത്താല്‍ ഇസഹാക്കിന്റെ കൃഷിയിടങ്ങളെല്ലാം നൂറുമേനി വിളവുനല്കി. കാലിക്കൂട്ടങ്ങള്‍ പെറ്റുപെരുകി. ഇസഹാക്കു് അബ്രാഹത്തേക്കാള്‍ സമ്പന്നനായി.

കര്‍ത്താവു പ്രത്യക്ഷപ്പെട്ടു്, ഇസഹാക്കിനോടു പറഞ്ഞു.: "ഈ നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുക. ഞാന്‍ നിന്റെ കൂടെയുണ്ടായിരിക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കുകയുംചെയ്യും. നിനക്കും നിന്റെ പിന്‍തലമുറക്കാര്‍ക്കും ഈ പ്രദേശമെല്ലാം ഞാന്‍ തരും. നിന്റെ പിതാവായ അബ്രാഹത്തോടുചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും. ഈ ദേശമെല്ലാം അവര്‍ക്കു ഞാന്‍ നല്‍കും. നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും. കാരണം, അബ്രാഹം എന്റെ സ്വരംകേള്‍ക്കുകയും എന്റെ നിര്‍ദ്ദേശങ്ങളും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും പാലിക്കുകയുംചെയ്തു."

നാല്പതുവയസ്സു പ്രായമായപ്പോള്‍ ഏസാവു വിവാഹിതനായി. ഹിത്യവംശജരായ യൂദിത്തും ബാസ്മത്തും അവന്റെ ഭാര്യമാരായെത്തി. അപ്പോള്‍ ഇസഹാക്കിനു നൂറുവയസ്സു തികഞ്ഞിരുന്നു. വാര്‍ദ്ധക്യബാധയാല്‍ അവന്റെ കണ്ണുകളുടെ കാഴ്ചമങ്ങി.

ഏസാവിന്റെ ഭാര്യമാര്‍ വീട്ടിലെത്തിയതോടെ ഇസഹാക്കിന്റെയും റബേക്കയുടേയും ജീവിതം ദുരിതപൂര്‍ണ്ണമായി.

ഇസഹാക്കിനു പ്രായമേറി. കണ്ണിനു പൂര്‍ണ്ണമായും കാഴ്ചയില്ലാതെയായി. ഒരുദിവസം അവന്‍ മൂത്തമകന്‍ ഏസാവിനെ വിളിച്ചു: "എന്റെ മകനേ! എനിക്കു വയസ്‌സായി. എന്നാണു ഞാന്‍ മരിക്കുകയെന്ന് അറിഞ്ഞുകൂടാ. നീ പോയി വേട്ടയാടി, കുറച്ചു കാട്ടിറച്ചി കൊണ്ടുവരിക. എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകംചെയ്ത് എന്റെ മുമ്പില്‍ വിളമ്പുക. അതു ഭക്ഷിച്ചിട്ട്, മരിക്കുംമുമ്പേ, ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ."

ഇസഹാക്ക് ഏസാവിനോടു സംസാരിക്കുന്നതു റബേക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏസാവ് കാട്ടിറച്ചിതേടി വേട്ടയാടാന്‍പോയപ്പോള്‍ അവള്‍ യാക്കോബിനോടു: "നീയിപ്പോള്‍ ഞാന്‍ പറയുന്നതുപോലെ ചെയ്യുക. ആട്ടിന്‍കൂട്ടത്തില്‍നിന്നു രണ്ടു നല്ല കുഞ്ഞാടുകളെ പിടിച്ചുകൊണ്ടുവരുക. അവയെക്കൊന്നു്, ഞാന്‍ നിന്റെ പിതാവിന് ഇഷ്ടപ്പെട്ട, രുചികരമായ ഭക്ഷണമുണ്ടാക്കാം. നീ അതുമായി പിതാവിന്റെയടുക്കല്‍ ചെല്ലണം. അപ്പോള്‍ അദ്‌ദേഹം അതു ഭക്ഷിച്ചു നിന്നെ അനുഗ്രഹിക്കും."
       
യാക്കോബ് പറഞ്ഞു: "ഏസാവിന്റെ ശരീരമാകെ രോമമാണു്, എന്റെ ദേഹം മിനുസമുള്ളതും. അപ്പന്‍ എന്നെ തൊട്ടുനോക്കുകയും ഞാന്‍ കബളിപ്പിക്കുകയാണെന്നു മനസ്‌സിലാക്കുകയുംചെയ്താല്‍ അനുഗ്രഹത്തിനുപകരം ശാപമായിരിക്കില്ലേ എനിക്കു ലഭിക്കുക?"    

"ആ ശാപം എന്റെ മേലായിരിക്കട്ടെ! മകനേ, ഞാന്‍ പറയുന്നതു ചെയ്യുക. നിനക്കു നല്ലതേ വരൂ"
അവന്‍ അമ്മ പറഞ്ഞതുപോലെ ചെയ്തു.

റബേക്ക ഇസഹാക്കിനിഷ്ടപ്പെട്ട രുചിയില്‍ ഭക്ഷണം തയ്യാറാക്കി. അവള്‍,  ഏസാവിന്റെ വസ്ത്രം യാക്കോബിനെയണിയിച്ചു. ആട്ടിന്‍തോലുകൊണ്ട് അവന്റെ കൈകളും കഴുത്തിലെ മിനുസമുളള ഭാഗവുംമൂടി. എന്നിട്ടു താന്‍ പാകംചെയ്ത അപ്പവും ആട്ടിറച്ചിയും യാക്കോബിന്റെ കൈയ്യില്‍ കൊടുത്തുവിട്ടു.      

യാക്കോബ് പിതാവിന്റെയടുക്കല്‍ച്ചെന്നു വിളിച്ചു: "അപ്പാ! ഇതാ ഞാന്‍, അങ്ങയുടെ കടിഞ്ഞൂല്‍പ്പുത്രന്‍. അങ്ങ് ആവശ്യപ്പെട്ടതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും!" 

"എന്റെ മകനേ, നിനക്ക് ഇതിത്രവേഗം എങ്ങനെ കിട്ടി?"

"അങ്ങയുടെ ദൈവമായ കര്‍ത്താവ് ഇതിനെ എന്റെ മുമ്പില്‍ കൊണ്ടുവന്നു."  യാക്കോബു് മറുപടി വൈകിച്ചില്ല.
    
ഇസഹാക്കു പറഞ്ഞു: "അടുത്തുവരിക മകനേ, ഞാന്‍ നിന്നെ തൊട്ടുനോക്കി നീ എന്റെ മകന്‍ ഏസാവുതന്നെയോ എന്നറിയട്ടെ."   

യാക്കോബ് പിതാവിന്റെയടുത്തുചെന്നു. ഇസഹാക്കു് അവനെ തടവിനോക്കി.

"സ്വരം യാക്കോബിന്റെതാണ്, എന്നാല്‍ കൈകള്‍ ഏസാവിന്റെതും." ഇസഹാക്ക് അവനെ തിരിച്ചറിഞ്ഞില്ല.  അവന്റെ കൈകള്‍ സഹോദരനായ ഏസാവിന്റെ കൈകള്‍പോലെ രോമത്താല്‍ പൊതിഞ്ഞിരുന്നു. അണിഞ്ഞിരുന്ന വസ്ത്രത്തിനു് ഏസാവിന്റെ ഗന്ധമുണ്ടായിരുന്നു.

ഇസഹാക്ക് അവനെ അനുഗ്രഹിച്ചു.      

"സത്യമായും നീ എന്റെ മകന്‍ ഏസാവുതന്നെയാണോ?

"അതേ, ഞാന്‍ അങ്ങയുടെ കടിഞ്ഞൂല്‍പ്പുത്രന്‍ തന്നെ!" ഏസാവില്‍നിന്നു കടിഞ്ഞൂലവകാശം നേടിയെടുത്ത യാക്കോബ് ധൈര്യപൂര്‍വ്വം പറഞ്ഞു.
 
ഇസഹാക്ക്, അവന്‍ കൊണ്ടുവന്ന അപ്പവും മാംസവും ഭക്ഷിക്കുകയും വീഞ്ഞുകുടിക്കുകയും ചെയ്തു.   
  
ഇസഹാക്ക് യാക്കോബിനോടു പറഞ്ഞു: "അടുത്തുവന്ന് എന്നെ ചുംബിക്കുക."
 
യാക്കോബു ചുംബിച്ചപ്പോള്‍ ഇസഹാക്ക് അവന്റെ ഉടുപ്പു മണത്തുനോക്കി.

"കര്‍ത്താവു കനിഞ്ഞനുഗ്രഹിച്ച വയലിന്റെ മണമാണ് എന്റെ മകന്റേത്!" ഇസഹാക്ക് അവനെയനുഗ്രഹിച്ചു. "ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ഠിയും ദൈവം നിനക്കു നല്കട്ടെ! നിനക്കു ധാന്യവും വീഞ്ഞും സമൃദ്ധമായുണ്ടാവട്ടെ! ജനതകള്‍ നിനക്കു സേവചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെമുമ്പില്‍ തലകുനിക്കട്ടെ! നിന്റെ സഹോദരര്‍ക്കു നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്മാര്‍ നിന്റെമുമ്പില്‍ തലകുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനുമാകട്ടെ!"

പിതാവിന്റെ അനുഗ്രഹംവാങ്ങി യാക്കോബു് അമ്മയുടെയടുത്തേക്കു മടങ്ങി.

പിന്നെയും കുറേസമയത്തിനുശേഷമാണു് നായാട്ടുകഴിഞ്ഞ് ഏസാവു തിരിച്ചെത്തിയതു്. അവന്‍ പിതാവിനിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി, പിതാവിന്റെയടുക്കല്‍കൊണ്ടുവന്നിട്ടു പറഞ്ഞു: "അപ്പാ, എഴുന്നേറ്റ് ഈ നായാട്ടിറച്ചി ഭക്ഷിച്ച്, അങ്ങയുടെ മകനെ അനുഗ്രഹിച്ചാലും.."
  
"നീ ആരാണ്?" ഇസഹാക്കു ചോദിച്ചു.

"അങ്ങയുടെ കടിഞ്ഞൂല്‍പ്പുത്രന്‍ ഏസാവാണു ഞാന്‍,"      

"അപ്പോള്‍ നായാട്ടിറച്ചിയുമായി നിനക്കുമുമ്പ് എന്റെമുമ്പില്‍ വന്നതാരാണ്? ഞാന്‍ അതു തിന്നുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തല്ലോ. അവന്‍ എന്നും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും."
  
പിതാവിന്റെ വാക്കുകേട്ടപ്പോള്‍ ഏസാവ് അതീവ ദുഃഖത്തോടെ കരഞ്ഞു.

"നിന്റെ സഹോദരന്‍ എന്നെ കബളിപ്പിച്ചു; നിനക്കുള്ള വരം എന്നില്‍നിന്നു തട്ടിയെടുത്തു."
  
ഏസാവുപറഞ്ഞു: "വെറുതെയാണോ അവനെ യാക്കോബ് എന്നു വിളിക്കുന്നത്? രണ്ടുതവണ അവന്‍ എന്നെ ചതിച്ചു; കടിഞ്ഞൂലവകാശം എന്നില്‍നിന്ന് അവന്‍ കൈക്കലാക്കി. ഇപ്പോഴിതാ എനിക്കുള്ള അനുഗ്രഹവും അവന്‍ തട്ടിയെടുത്തിരിക്കുന്നു."

ഏസാവു കരഞ്ഞുകൊണ്ടു പിതാവിനോടു ചോദിച്ചു: "എനിക്കുവേണ്ടി ഒരുവരംപോലും അങ്ങു നീക്കിവച്ചിട്ടില്ലേ?"   

"നിന്റെ യജമാനനായിരിക്കട്ടെയെന്നു ഞാനവനെയനുഗ്രഹിച്ചു; അവന്റെ സഹോദരന്മാരെ അവന്റെ ദാസന്മാരാക്കി. ധാന്യവും വീഞ്ഞുംകൊണ്ടു ഞാന്‍ അവനെ ധന്യനാക്കി. മകനേ, നിനക്കുവേണ്ടി എന്താണ് എനിക്കിനി ചെയ്യാന്‍ കഴിയുക?"  

ഏസാവു പൊട്ടിക്കരഞ്ഞു.      

അപ്പോള്‍ ഇസഹാക്ക് പറഞ്ഞു: "ആകാശത്തിന്റെ മഞ്ഞില്‍നിന്നും ഭൂമിയുടെ ഫലപുഷ്ഠിയില്‍നിന്നും നീ അകന്നിരിക്കും. വാളുകൊണ്ടു നീ ജീവിക്കും. നിന്റെ സഹോദരനു നീ ദാസ്യവൃത്തി ചെയ്യും. എന്നാല്‍ സ്വതന്ത്രനാകുമ്പോള്‍ ആ നുകം നീ തകര്‍ത്തുകളയും."
  
പിതാവ് യാക്കോബിനു നല്കിയ അനുഗ്രഹംമൂലം ഏസാവ് യാക്കോബിനെ വെറുത്തു. അവന്‍ ആത്മഗതം ചെയ്തു: "അപ്പന്റെ കാലശേഷം അവനെ എന്റെ കൈയ്യില്‍ കിട്ടും. ഞാന്‍ അവനെ കൊല്ലും."
     
മൂത്തമകനായ ഏസാവു് സഹോദരനോടു പ്രതികാരം ചെയ്തേക്കുമെന്നു റബേക്ക ഭയന്നു.. അവള്‍ യാക്കോബിനെ വിളിച്ചുപറഞ്ഞു: "മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. ഹാരാനിലുള്ള എന്റെ സഹോദരനായ ലാബാന്റെ അടുത്തേക്ക് നീ ഓടി രക്ഷപ്പെടുക. നിന്റെ ജ്യേഷ്ഠന്റെ രോഷമടങ്ങുവോളം നീ അവിടെ താമസിക്കുക. ഏസാവിനു നിന്നോടുള്ള കോപമടങ്ങുകയും നീ ചെയ്തതൊക്കെ മറക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഞാന്‍ ആളയച്ചു നിന്നെയിങ്ങോട്ടു വരുത്താം. അല്ലെങ്കില്‍ അധികംവൈകാതെ നിങ്ങള്‍ രണ്ടുപേരും എനിക്കു നഷ്ടപ്പെടുമോയെന്നാണെന്റെ പേടി."

റബേക്കാ ഇസഹാക്കിന്റെയടുത്തുചെന്നു പറഞ്ഞു: "ഏസാവിന്റെ ഭാര്യമാരായ ഈ ഹിത്യസ്ത്രീകള്‍മൂലം എനിക്കു ജീവിതം മടുത്തു. ഇവരെപ്പോലെയുള്ള ഒരുവളെ യാക്കോബും വിവാഹംകഴിച്ചാല്‍പ്പിന്നെ ഞാനെന്തിനു ജീവിക്കണം? അതുകൊണ്ടു് അവനെ എന്റെ നാട്ടിലേക്കയയ്ക്കൂ. എന്റെ സഹോദരന്റെ പുത്രിമാരിലൊരുവളെ അവന്‍ വധുവായി സ്വീകരിക്കട്ടെ."

പത്നിയുടെ വാക്കുകള്‍ ശരിയാണെന്നു് ഇസഹാക്കിനും തോന്നി. അയാള്‍ യാക്കോബിനെ തന്റെയടുത്തേക്കുവിളിച്ചു.

"ഈ നാട്ടിലുള്ള സ്ത്രീകളിലാരെയും നീ വിവാഹംകഴിക്കരുതു്. നിന്റെ അമ്മയുടെ പിതാവായ ബത്തുവേലിന്റെ വീട്ടിലേക്കു പോവുക. അമ്മാവനായ ലാബാന്റെ മക്കളിലൊരാളെ ഭാര്യയായി സ്വീകരിക്കുക. സര്‍വ്വശക്തനായ കര്‍ത്താവു നിന്നെ അനുഗ്രഹിക്കട്ടെ. നിന്നില്‍നിന്ന് അനേകം ജനതകളുണ്ടാകട്ടെ! പിതാവായ അബ്രാഹത്തിനു കര്‍ത്താവു വാഗ്ദാനംചെയ്ത അനുഗ്രഹം നിനക്കും നിന്റെ തലമുറകള്‍ക്കും ലഭിക്കട്ടെ. നീയിപ്പോള്‍ പരദേശിയായി പാര്‍ക്കുന്നതും അബ്രാഹത്തിന്റെ തലമുറകള്‍ക്കായി കര്‍ത്താവു വാഗ്ദാനംചെയ്തതുമായ ഈ കാനാന്‍ദേശം നീ അവകാശപ്പെടുത്തട്ടെ!"

ഇസഹാക്കും റബേക്കയും യാക്കോബിനെ ചുംബിച്ചു യാത്രയാക്കി.

മാതാപിതാക്കളുടെ അനുഗ്രഹത്തോടെ യാക്കോബു് അമ്മയുടെ നാടായ പാദാന്‍ആരാമിലേക്കു പുറപ്പെട്ടു.