Sunday 13 December 2020

126. അബ്‌സലോംരാജാവ്

ബൈബിൾക്കഥകൾ 126 

ഹൃദയവേദനയോടെ, രാജസദസ്സിലെ തറയിൽ, വെറുംനിലത്തുകിടന്ന്, ദാവീദുരാജാവു കരഞ്ഞു.

കൊട്ടാരത്തിലെങ്ങും കൂട്ടനിലവിളിയുയർന്നു. അപ്പോൾ, ദാവീദിന്റെ സഹോദരന്‍ ഷിമെയായുടെ മകനും അംനോൻ്റെ ഉറ്റചങ്ങാതിയുമായ യോനാദാബ്‌ അവിടേയ്ക്കോടിയെത്തി.

അവൻ പറഞ്ഞു: "അങ്ങയുടെ പുത്രന്‍മാരെല്ലാം കൊല്ലപ്പെട്ടുവെന്നവാര്‍ത്ത വിശ്വസിക്കരുത്‌. ‌അംനോന്‍മാത്രമേ മരിച്ചിട്ടുള്ളു. സഹോദരിയായ താമാറിനെ അംനോൻ അപമാനിച്ചപ്പോൾമുതല്‍ ഇതുചെയ്യാന്‍ അബ്‌സലോം ഉറച്ചിരുന്നതായിരിക്കണം. അംനോൻ മരിച്ചു. അബ്‌സലോം ഓടിപ്പോയി. മറ്റു കുമാരന്മാർ ഉടൻതന്നെ ഇവിടെയെത്തും."

രാജകുമാരന്മാർ ഹെറോണായിമില്‍നിന്നുള്ള പാതവഴി, മലയിറങ്ങിവരുന്നുണ്ടെന്ന വാർത്തയുമായി കാവല്‍ഭടന്‍മാരിലൊരുവന്‍ അപ്പോൾ രാജസന്നിധിയിലെത്തി.

രാജകുമാരന്മാര്‍ പതിനേഴുപേരും ദാവീദിൻ്റെയടുത്തെത്തി. സംഭവിച്ചതെല്ലാം അവർ പിതാവിനെയറിയിച്ചു. സംഭവിച്ചവയെക്കുറിച്ചറിഞ്ഞ രാജ്യമാകെ ദുഃഖവും വിലാപവുമുണ്ടായി.

മനുഷ്യരുടെ മനോവ്യാപരങ്ങൾക്കു തെല്ലുംവിലനല്കാതെ, കാലം വീണ്ടുമതിൻ്റെ പ്രയാണം തുടർന്നു. മൂന്നു വസന്തങ്ങൾകൂടെക്കഴിഞ്ഞുപോയി. കാലത്തിൻ്റെയൊഴുക്കിൽ അംനോനെക്കുറിച്ചുള്ള ദുഃഖം ദാവീദിൻ്റെ ഹൃദയത്തിൽനിന്നു മാഞ്ഞുതുടങ്ങി.

ദാവീദിൻ്റെ സഹോദരിയുടെ പുത്രനും ഇസ്രയേലിൻ്റെ സർവ്വസൈന്യാധിപനുമായ യോവാബ്, അബ്‌സലോമിനുവേണ്ടി രാജാവിനോടു സംസാരിച്ചു. അബ്‌സലോമിനെ ജറുസലേമിലേക്കു തിരികെക്കൊണ്ടുവരാൻ ദാവീദ് തീരുമാനിച്ചു.

രാജാവ്‌ യോവാബിനോടു കല്പിച്ചു: "അവന്‍ തിരികെവന്ന്, അവൻ്റെ കൊട്ടാരത്തിൽ താമസിച്ചുകൊള്ളട്ടെ. എന്നാൽ എനിക്ക‌വനെക്കാണേണ്ടാ, "

യോവാബ്‌ ഗഷൂറില്‍ച്ചെന്ന്‌ അബ്‌സലോമിനെ ജറുസലെമിലേക്കു കൂട്ടിക്കൊണ്ടുവന്നു. രാജാവ് അവനെക്കാണാൻ കൂട്ടാക്കാതിരുന്നതിനാൽ അബ്‌സലോം, രാജസന്നിധിയില്‍ച്ചെല്ലാതെ അവൻ്റെ കൊട്ടാരത്തിൽത്തന്നെ കഴിഞ്ഞു.

തനിക്കനുകൂലമായി ജനഹിതമുയരുന്നതിനുവേണ്ടിയുള്ള ആസൂത്രണങ്ങൾനടത്താൻ അക്കാലയളവ് അവന്‍ വിനിയോഗിച്ചു. പോരാളികളായ അമ്പതുപേരെ, അവന്‍ തൻ്റെ അകമ്പടിക്കാരായി നിയമിച്ചു. അവർക്കു സഞ്ചരിക്കാൻ അമ്പതു കുതിരകളെ വാങ്ങി. തനിക്കായി ഇരട്ടക്കുതിരകളെപ്പൂട്ടുന്ന ഒരു രഥവും സ്വന്തമാക്കി.

ദിവസവും അതിരാവിലെ അബ്‌സലോം തൻ്റെ സംഘത്തോടൊപ്പം
നഗരവാതില്‍ക്കല്‍ നില്‍ക്കുക പതിവായി.

ആരെങ്കിലും കാര്യസാദ്ധ്യത്തിനോ വ്യവഹാരാവശ്യത്തിനോ രാജസന്നിധിയിലേക്കുപോകാൻ ആ വഴിവന്നാല്‍, അബ്‌സലോം അവരെ വിളിച്ച്,‌ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

"വളരെ ന്യായമായ കാര്യങ്ങൾ‌ക്കുവേണ്ടിത്തന്നെയാണു നീ രാജസന്നിധിയിലേക്കുപോകുന്നത്. നിങ്ങളെപ്പോലെയുള്ളവരുടെ ആവലാതികൾകേട്ട്, എളുപ്പത്തിൽ തീരുമാനങ്ങളുണ്ടാക്കാൻ രാജാവ്‌ ആരെയും നിയോഗിച്ചിട്ടില്ലാത്തതു കഷ്ടംതന്നെ! ഞാനൊരു ന്യായാധിപനായിരുന്നെങ്കില്‍! ആര്‍ക്കും എന്റെയടുത്തു വരാമായിരുന്നു. കാലവിളംബമില്ലാതെ ഞാനവര്‍ക്കു നീതിനടത്തിക്കൊടുക്കുമായിരുന്നു." അബ്സലോം എല്ലാവരോടും അനുഭാവപൂർവ്വം സംസാരിച്ചു.

വലിയവനെന്നോ എളിയവനെന്നോ വ്യത്യാസമില്ലാതെ, തന്നെ വണങ്ങുന്നവരെയെല്ലാം അവന്‍ തന്നോടു ചേർത്തുപിടിച്ചു ചുംബിച്ചു. ആവശ്യക്കാർക്കു് തന്നാലാകുന്ന സഹായങ്ങളെല്ലാം അബ്‌സലോം ചെയ്തുകൊടുത്തു. അവൻ്റെ സ്നേഹമസൃണമായ പെരുമാറ്റം ഇസ്രായേല്യരുടെയെല്ലാം ഹൃദയംവശീകരിച്ചു. എന്താവശ്യങ്ങൾക്കും തങ്ങൾക്കു സമീപിക്കാനാകുന്നവനാണു രാജകുമാരൻ എന്ന ചിന്ത ജനങ്ങളിൽ വളർന്നു.

ഗഷൂറിൽനിന്നു തിരികെയെത്തി രണ്ടുവർഷംകഴിഞ്ഞിട്ടും ദാവീദ് രാജാവ് അബ്സലോമിനെക്കാണുകയോ രാജസന്നിധിയിലേക്കു വിളിപ്പിക്കുകയോ ചെയ്തിരുന്നില്ല.

രാജാവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെടുന്നതിനായി യോവാബുമായി സംസാരിക്കാൻ അബ്‌സലോം തീരുമാനിച്ചു.

രണ്ടുതവണ യോവാബിൻ്റെയടുത്തേക്ക് അവൻ തൻ്റെ ആളുകളെ പറഞ്ഞയച്ചു. എന്നാൽ യോവാബ് അബ്‌സലോമിനെക്കാണാൻ ചെന്നില്ല.

യോവാബിൽനിന്ന് അനുകൂലപ്രതികരണംലഭിക്കുന്നില്ലെന്നുകണ്ടപ്പോൾ, അബ്‌സലോം തൻ്റെ ദാസന്മാരോടു പറഞ്ഞു. "യോവാബിൻ്റെ വയലിൽ യവം വിളവെടുക്കാറായിനില്ക്കുന്നു. നിങ്ങൾപോയി ആ വയലിനു തീവയ്ക്കൂ. ഇസ്രായേലിൻ്റെ സൈന്യാധിപന്, അബ്‌സലോംരാജകുമാരനെക്കാണാൻ സമയംകിട്ടുമോയെന്നു ഞാൻനോക്കട്ടെ!"

തൻ്റെ പാടംമുഴുവൻ അഗ്നിവിഴുങ്ങിയെന്നറിഞ്ഞ യോവാബ് അബ്‌സലോമിൻ്റെയടുത്തെത്തി.

‌"നിന്റെ ദാസന്‍മാര്‍ എന്റെ വയലിനു തീവച്ചതെന്തിന്?"‌ യോവാബ് ചോദിച്ചു.

"ഞാന്‍ രണ്ടുതവണ ആളയിച്ചിട്ടും നീ വരാതിരുന്നതുകൊണ്ടുതന്നെ!. ഗഷൂറില്‍നിന്നു നീയെന്നെ ഇവിടെക്കൊണ്ടുവന്നതെന്തിന്‌? അവിടെത്താമസിക്കുകയായിരുന്നു എനിക്കു കൂടുതല്‍ നല്ലതെ‌ന്ന്, അന്നു‌ നിന്നെ എൻ്റെയടുത്തേക്കയച്ച രാജാവിനോട്‌ എനിക്കു പറയണമായിരുന്നു. എനിക്കു രാജസന്നിധിയില്‍ച്ചെല്ലണം; എന്നില്‍ക്കുറ്റമുണ്ടെന്ന് ഇപ്പോഴുംകരുതുന്നെങ്കിൽ രാജാവെന്നെ വധിക്കട്ടെ!"

അബ്‌സലോമിൻ്റെ വാക്കുകൾ യോവാബ്, രാജാവിനെയറിയിച്ചു.

രാജാവ് അബ്‌സലോമിനെ വിളിപ്പിച്ചു. അബ്‌സലോംരാജകുമാരൻ കൊട്ടാരത്തിലെത്തി. അഞ്ചുവർഷങ്ങൾക്കുശേഷം പിതാവും പുത്രനും പരസ്പരം കണ്ടു. ദാവീദ്, പുത്രനെ ആലിംഗനംചെയ്തുചുംബിച്ചു. ഇരുവരും കരഞ്ഞു.

എന്നാൽ, അബ്‌സലോമിൻ്റെ ഭൃത്യന്മാർ തൻ്റെ വയലിൽക്കൊളുത്തിയ അഗ്നി, യോവാബിൻ്റെ ഹൃദയത്തിൽ അണയാതെ കത്തിക്കൊണ്ടിരുന്നു.

നഗരകവാടത്തിലേക്കെന്നതുപോലെ രാജകൊട്ടാരത്തിലേക്കും അബ്‌സലോം പ്രതിദിനസന്ദർശനമാരംഭിച്ചു. അവൻ്റെ വശ്യമായ പെരുമാറ്റം രാജകൊട്ടാരത്തിലും അവനെ പ്രിയങ്കരനാക്കി. ആർക്കും എപ്പോഴും എന്താവശ്യത്തിനും സമീപിക്കാവുന്നവനാണ് ഇസ്രായേലിൻ്റെ രാജകുമാരനെന്ന് രാജസേവകന്മാരും ചിന്തിച്ചുതുടങ്ങി. ഇസ്രായേലിലെ ഗോത്രത്തലവന്മാരും പുരോഹിതശ്രേഷ്ഠന്മാരും അബ്‌സലോമിന്റെ അടുത്തസ്നേഹിതരായി.

രണ്ടുവര്‍ഷങ്ങൾകൂടെ കഴിഞ്ഞുപോയി.‌ ഒരു ദിവസം അബ്‌സലോം, രാജാവിനോടു പറഞ്ഞു: "കര്‍ത്താവ്‌ എന്നെ ജറുസലേമിലേക്കു തിരികെകൊണ്ടുവന്നാല്‍ ഹെബ്രോണില്‍ ബലിയർപ്പിച്ച് അവിടുത്തെയാരാധിക്കുമെന്ന്‌ ഗഷൂരിലായിരിക്കുമ്പോള്‍ ഞാനൊരു നേര്‍ച്ചനേര്‍ന്നിട്ടുണ്ട്‌. കര്‍ത്തൃസന്നിധിയിലെടുത്ത നേർച്ചനിറവേറ്റാൻ ഹെബ്രോണിലെ വേനൽക്കാലവസതിയിലേക്കുപോകാന്‍ എന്നെയനുവദിക്കണം."

"സമാധാനത്തോടെ പോയി, നിന്റെ നേർച്ച നിറവേറ്റുക." രാജാവവാനനുവാദം നല്കി.

അബ്‌സലോം ഹെബ്രോണിലേക്കു പോയി. ദാവീദിന്റെ രാഷ്ട്രതന്ത്രജ്ഞനും ഉപദേഷ്ടാവുമായ അഹിഥോഫെലിന്റെ നേതൃത്വത്തിൽ ഒരു സംഘം അവനെയനുഗമിച്ചു.

പോകുന്നതിനുമുമ്പ്, അവന്‍ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലേക്കും രഹസ്യമായി ദൂതന്മാരെയയച്ചു

"കാഹളനാദംകേള്‍ക്കുമ്പോള്‍ അബ്‌സലോം ഹെബ്രോണില്‍ രാജാവായിരിക്കുന്നുവെന്നു നാടാകെ വിളിച്ചുപറയണം."

അബ്ശാലോം രാജാവാകുന്നതിൽ ഇസ്രായേലിലെ മുഴുവൻജനങ്ങളും അനുകൂലമായിരുന്നു. ദാവീദിന്റെ വിശ്വസ്തരായ ഇരുനൂറുപേരെ പ്രത്യേകക്ഷണിതാക്കളായി അബ്‌സലോം ജറുസലേമില്‍നിന്നു കൊണ്ടുപോയിരുന്നു. അവരാകട്ടെ അവന്റെ ഗൂഡാലോചനയെക്കുറിച്ചറിഞ്ഞിരുന്നില്ല.

ഹെബ്രോണിലെ ബലിയർപ്പണംകഴിഞ്ഞയുടൻ ഇസ്രായേലിലെ എല്ലാപ്പട്ടണങ്ങളിലും കാഹളധ്വനിയുയർന്നു.

"അബ്ശാലോംരാജാവ് നീണാൾവാഴട്ടെ..." എല്ലായിടത്തും ജനങ്ങളുടെ ആർപ്പുവിളികളുയർന്നു...

അപ്പോൾമാത്രമാണ് ദാവീദ് അപകടംതിരിച്ചറിഞ്ഞത്.

ഇസ്രായേല്യര്‍ അബ്‌സലോമിനോടു കൂറുപ്രഖ്യാപിച്ചിരിക്കുന്നുവെന്ന് ചിലദൂതന്മാർ ദാവീദിനെയറിയിച്ചു. "സൈന്യത്തിലും വളരെപ്പേർ ആബ്‌സലോമിന്റെ പക്ഷത്താണ്. രാജോപദേഷ്ടാവായ അഹിഥോഫെൽപോലും കൂറുമാറിയിരിക്കുന്നു. എത്രയുംപെട്ടെന്ന് ജറുസലേമിൽനിന്നു രക്ഷപ്പെട്ടില്ലെങ്കിൽ രാജാവിന്റെയും രാജാവിന്റെ വിശ്വസ്തരുടെയും ജീവൻ അപകടത്തിലാണ്,,,"

Sunday 6 December 2020

125. അബ്‌സലോം

ബൈബിൾക്കഥകൾ

തൻ്റെ സഹോദരിക്കുണ്ടായ ദുരന്തം അവളിൽനിന്നുതന്നെയറിഞ്ഞ അബ്‌സലോം കോപത്താൽ ജ്വലിച്ചു.

എന്നാൽ പെട്ടെന്നുതന്നെ, ഒരു രാജകുമാരനുവേണ്ട ആത്മനിയന്ത്രണത്തോടെ  അവൻ ശാന്തനായി.

അബ്‌സലോം താമാറിനെയാശ്വസിപ്പിക്കാൻശ്രമിച്ചു.

"ഒരു ദുഃസ്വപ്നംപോലെ എല്ലാം മറന്നേക്കൂ. നിനക്കൊന്നും സംഭവിച്ചിട്ടില്ലെന്നു കരുതൂ. ഇസ്രായേൽരാജാവായ ദാവീദിൻ്റെ പുത്രിയും ഗഷൂർരാജാവായ തൽമായിയുടെ പൗത്രിയുമാണു നീ. ഏതു ദുർഘടാവസ്ഥയിലും രാജകുമാരി തലയുയർത്തി നിൽക്കണം. കരയരുത്; ശാന്തയാകൂ. ഇനിമുതൽ നീ ഇവിടെത്താമസിച്ചാൽമതി. നമ്മുടെ അമ്മയേയും നിൻ്റെ തോഴിമാരെയും ഞാൻ ഇവിടേയ്ക്കു വിളിപ്പിക്കാം.

അംനോൻ നമ്മുടെ ജ്യേഷ്ഠനല്ലേ! പിതാവായ ദാവീദ്, അവനെന്തു ശിക്ഷയാണു നല്കുന്നതെന്നറിയാൻ നമുക്കു കാത്തിരിക്കാം.പിതാവവനെ ശിക്ഷിക്കുന്നില്ലെങ്കിൽ അവനെതിരേ പ്രതികാരംചെയ്യാൻ ദൈവം നമുക്കിടവരുത്തും. "

സംഭവിച്ചതെല്ലാം ദാവീദിൻ്റെ ചെവികളിലുമെത്തി. വാർത്തകളറിഞ്ഞ്, രാജാവ് അത്യന്തം കുപിതനായി.

"അവൻ ഇനിയൊരിക്കലും എൻ്റെ കൺമുമ്പിൽ വന്നുപോകരുതെന്നു പറയൂ. അവൻ്റെ മുഖം എനിക്കിനി കാണേണ്ടാ..." 

നാഥാൻപ്രവാചകൻ്റെ ശബ്ദം ദാവീദിൻ്റെ ഹൃദയത്തിൽ വീണ്ടും മുഴങ്ങി.

"കര്‍ത്താവു വ്യക്തമായിപ്പറയുന്നു: നിൻ്റെ ശത്രു, നിൻ്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെയായിരിക്കും. നിൻ്റെ സേവകനെ രഹസ്യത്തിൽച്ചതിച്ച്, അവൻ്റെ ഭാര്യയെ നീ സ്വന്തമാക്കി. നീയതു രഹസ്യമായിച്ചെയ്‌തു. ഞാനോ ഇസ്രായേലിൻ്റെ മുഴുവന്‍മുമ്പിൽവച്ച്,‌ പട്ടാപ്പകല്‍, പരസ്യമായിതു ചെയ്യിക്കും."

രാജാവ് തൻ്റെ മേലങ്കി കീറി. അവൻ കർത്താവിൻ്റെ ആലയത്തിലേക്കോടി.

ചാക്കുടുത്തുചാരംപൂശി, ദാവിദുരാജാവ് കർത്താവിൻ്റെ സന്നിധിയിലിരുന്നു കരഞ്ഞു. രണ്ടു ദിവസം അവൻ എന്തെങ്കിലും ഭക്ഷിക്കുകയോ പാനംചെയ്യുകയോചെയ്തില്ല.

എന്നാൽ അംനോനെതിരേ, ദാവീദിൻ്റെ ശിക്ഷാനടപടികളൊന്നുമുണ്ടായില്ലാ. ആ അനീതിയെക്കുറിച്ചോർത്തപ്പോൾ, അബ്‌സലോമിന്റെ ഹൃദയമുറിവിൽ വീണ്ടും രക്തം കിനിഞ്ഞു.

എങ്കിലുമവൻ മുമ്പത്തേക്കാൾ സ്നേഹത്തോടെ അംനോനടക്കമുള്ള തൻ്റെ പതിനെട്ടു സഹോദരന്മാരുമായുമിടപഴകി. അവ എല്ലാവരോടും ശാന്തനും സൗമ്യനുമായിപ്പെരുമാറി. ജറുസലേംനിവാസികൾക്കെല്ലാം അവൻ പ്രിയങ്കരനായിരുന്നു.

അപ്പോഴും ഹൃദയത്തിനുള്ളിൽ അഗ്നികെടാത്തൊരു പ്രതികാരക്കനൽ, തൻ്റെ സുന്ദരമായ മുഖവും ആകർഷകമായ പുഞ്ചിരിയുംകൊണ്ട് അവൻ വിദഗ്ദ്ധമായി മറച്ചുവച്ചിരുന്നു. ആളിക്കത്താൻവേണ്ട അനുകൂലസാഹചര്യംകാത്ത്, പ്രതികാരത്തിൻ്റെ അഗ്നിയും ഇന്ധനവും അവൻ്റെ ഹൃദയത്തിൽ ഒരുക്കിവച്ചിരുന്നു.

കാലം പ്രതിബന്ധങ്ങളില്ലാതെ മുമ്പോട്ടുള്ള പ്രയാണംതുടർന്നു. ദുഃഖിതയും ഏകാകിനിയുമായി താമാർ അബ്സലോമിൻ്റെ കൊട്ടാരത്തിൽത്തന്നെ കഴിഞ്ഞു.

രണ്ടു വർഷങ്ങൾക്കുശേഷം,‌ എഫ്രായിംപട്ടണത്തിനടുത്തുള്ള ബാല്‍ഹസോറില്‍, തൻ്റെ ആടുകളുടെ രോമംകത്രിക്കുന്ന ചടങ്ങിൽപ്പങ്കെടുക്കാൻ അബ്‌സലോം തൻ്റെ സഹോദരന്മാരെയെല്ലാം ക്ഷണിച്ചു. 

ദാവീദു രാജാവിൻ്റെ അനുവാദത്തോടെ രാജകുമാരന്മാർ പത്തൊമ്പതുപേരും ആഘോഷങ്ങൾക്കായി ഒന്നിച്ചുകൂടി.

വിഭവസമൃദ്ധമായ വിരുന്നാണ്, അബ്‌സലോം തൻ്റെ സഹോദരന്മാർക്കും അവരുടെ തോഴന്മാർക്കുമായി ഒരുക്കിയിരുന്നത്. അവർ തിന്നുകുടിച്ചാഹ്ലാദിച്ചു. 

വീര്യമേറിയ വീഞ്ഞുതന്നെ എല്ലാവർക്കും വിളമ്പി. അബ്‌സലോമൊഴികേ മറ്റെല്ലാവരും വീഞ്ഞിൻ്റെ ലഹരിയിലുന്മത്തരായി. അപ്പോൾ അബ്‌സലോമിൻ്റെ സേവകരിൽച്ചിലർ ഊരിയവാളുകളുമായി അവിടെയെത്തി.

പെട്ടെന്ന്, സഹോദരർക്കിടയിൽനിന്ന്, അബ്‌സലോം, അംനോനെ മുടിയിൽപ്പിടിച്ചുവലിച്ചുയർത്തി, അവർക്കു മുമ്പിലേക്കിട്ടുകൊടുത്തു. 



അംനോൻ അപകടംതിരിച്ചറിയുന്നതിനുമുമ്പുതന്നെ, സീൽക്കാരശബ്ദമുയർത്തിക്കൊണ്ട്, വാളുകൾ അവൻ്റെ ശരീരത്തിലൂടെ പാഞ്ഞു. മറ്റുരാജകുമാരന്മാർ ഭയത്തോടെ, അലറിക്കരഞ്ഞുകൊണ്ടു പുറത്തേക്കോടി.

ബഹളങ്ങൾക്കിടയിൽ തട്ടിമറിഞ്ഞുവീണ, തോൽക്കുടങ്ങൾ പൊട്ടിക്കീറി. അവയിൽനിന്നു മുറിയിലാകെപ്പരന്നൊഴുകിയ വീഞ്ഞിൽ, അംനോൻ്റെ രക്തവും കലർന്നു. ഇസ്രായേലിൻ്റെ കിരീടാവകാശിയായ അംനോൻരാജകുമാരൻ കുറേ മാംസക്കഷണങ്ങൾമാത്രമായി ആ മുറിക്കുള്ളിൽച്ചിതറിവീണു. അവൻ്റെ ശിരസ്സുപോലും ഖണ്ഡങ്ങളായിച്ചിതറി.

പുറത്തേക്കോടിയ രാജകുമാരന്മാർ കുതിരകളുടേയും കോവർക്കഴുതകളുടേയുംമേൽക്കയറി, ജറുസലേമിലേക്കു പാഞ്ഞു.

അബ്‌സലോമും അവിടെനിന്നില്ല. അവൻ തൻ്റെ അനുയായികൾക്കൊപ്പം തന്റെ മാതുലനും ഗഷൂറിലെ രാജാവുമായ തൽമായിയുടെയടുത്തേക്കു പലായനംചെയ്തു.

രാജകുമാരന്മാർ ജറുസലേമിലെത്തുന്നതിനുമുമ്പുതന്നെ, പതിനെട്ടു രാജകുമാരന്മാരെയും അബ്‌സലോംരാജകുമാരൻ വധിച്ചുവെന്ന ദുരന്തവാർത്ത കൊട്ടാരത്തിലെത്തി. 

"അബ്‌സലോമും എന്നെച്ചതിച്ചല്ലോ കർത്താവേ...!"

ദാവീദ് രാജാവ് അലറിക്കരഞ്ഞുകൊണ്ടു തൻ്റെ വസ്ത്രംകീറി... തറയിൽക്കിടന്നുരുണ്ടു...

ഊറിയായുടേയും നാഥാൻപ്രവാചകൻ്റെയും മുഖങ്ങൾ ദാവീദിൻ്റെ മനോമുകുരത്തിൽ മിന്നിമറഞ്ഞു.

"കർത്താവിനെ നിരസിച്ച്‌  ഊറിയായുടെ കുടുംബത്തെ നീ തകർത്തതിനാൽ‌ നിന്റെ ഭവനത്തില്‍നിന്നു വാളൊഴിയുകയില്ല. കര്‍ത്താവു വ്യക്തമായിപ്പറയുന്നു: നിൻ്റെ ശത്രു, നിൻ്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെയായിരിക്കും. "

നാഥാൻപ്രവാചകൻ്റെ വാക്കുകളിപ്പോളും കൊട്ടാരത്തിൻ്റെ കരിങ്കൽഭിത്തികളിൽത്തട്ടിപ്രതിദ്ധ്വനിക്കുന്നുണ്ടെന്ന് ദാവീദിനുതോന്നി.