Sunday, 8 October 2017

ചെങ്കടല്‍

ഇസ്രായേല്‍ജനം ആഹ്ലാദത്തോടെ യാത്ര തുടര്‍ന്നു. കാനാന്‍ദേശത്തേക്കുള്ള മടക്കയാത്ര....

നാനൂറ്റി മുപ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ്, ജോസഫും ഈജിപ്തുകാരിയായ ഭാര്യ അസ്നത്തും രണ്ടുമക്കളുമടക്കം എഴുപതുപേരാണ് ഇസ്രായേല്‍ മക്കളായി ഈജിപ്തിലെത്തിയത്. ഇന്നവര്‍ വലിയൊരു ജനതയായി സ്വന്തദേശംതേടി മടക്കയാത്ര തുടങ്ങിയിരിക്കുന്നു.

ആറുലക്ഷം പുരുഷന്മാര്‍ ... അത്രയുംതന്നെ സ്ത്രീകള്‍ ... സ്ത്രീപുരുഷന്മാരുടെ എണ്ണത്തിന്റെ മൂന്നോ നാലോ മടങ്ങു കുട്ടികള്‍ ... ഒപ്പം അവരുടെ എണ്ണമറ്റ മൃഗസമ്പത്ത്.... എഴുപതുപേര്‍ എഴുപതുലക്ഷത്തിലധികംവരുന്ന ജനതയായി വളര്‍ന്നിരിക്കുന്നു!

മോശയെ ദൈവപുരുഷനായി കരുതിയ ഒരു വിഭാഗം ഈജിപ്തുകാരും അവരോടൊപ്പം ചേര്‍ന്നു.

മോശയുടെയും അഹറോന്റെയും പിന്നാലെ, തേനുംപാലുമൊഴുകുന്ന സ്വന്തനാട്ടിലേക്കു മടങ്ങുന്ന ഇസ്രായേല്‍ക്കാരെല്ലാം വലിയ സന്തോഷത്തോടെയും പ്രത്യാശയോടെയും നടന്നു.

കുഴച്ചമാവു പുളിക്കുന്നതിനുമുമ്പേ, അതു തോള്‍സഞ്ചിയിലേന്തി യാത്രപുറപ്പെട്ടതിനാല്‍ അവരുടെ പക്കല്‍ പുളിമാവുണ്ടായിരുന്നില്ല. യാത്രയില്‍ അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു. എങ്കിലും ആരും പരാതി പറഞ്ഞില്ല. ഈജിപ്തില്‍നിന്നു തങ്ങളെ മോചിപ്പിച്ച കര്‍ത്താവില്‍ അവര്‍ വിശ്വാസമാര്‍പ്പിച്ചു.

എന്നാല്‍ കര്‍ത്താവ് അവരെ വിശ്വസിച്ചിരുന്നില്ല.

അതിനാല്‍, ഫിലിസ്ത്യരുടെ ദേശത്തുകൂടെ, കരമാര്‍ഗ്ഗമുള്ള എളുപ്പവഴിയ്ക്കു പകരം മരുഭൂമിയിലൂടെയുള്ള വഴിയിലൂടെ ചെങ്കടല്‍ത്തീരത്തേക്കു ജനത്തെ നയിക്കാന്‍ കര്‍ത്താവു മോശയോടു കല്പിച്ചു.

രാത്രിയും പകലും സഞ്ചരിക്കാന്‍സാധിക്കുംവിധം പകല്‍ തണുപ്പും തണലുമേകുന്ന മേഘസ്തംഭമായും രാത്രിയില്‍ ചൂടും വെളിച്ചവും പകരുന്ന അഗ്നിസ്തംഭമായും കര്‍ത്താവ് അവരോടൊത്തു സഞ്ചരിച്ചു. രാത്രിയില്‍ അഗ്നിസ്തംഭവും പകല്‍ മേഘസ്തംഭവും അവരുടെ മുമ്പില്‍നിന്നു മാറിയില്ല.

ഫറവോയുടെ കുതിരപ്പടയാളികളും അറുന്നൂറു രഥങ്ങളുമടങ്ങിയ വലിയൊരു സൈന്യവ്യൂഹം ഇസ്രായേല്‍ ജനതയെ പിടികൂടി തിരികെ കൊണ്ടുവരാനായി പുറപ്പെട്ടു. ഇസ്രായേല്‍ജനം മരുഭൂമിയിലൂടെ ചെങ്കടല്‍ത്തീരത്തേക്കാണു നടക്കുന്നതെന്നു ചാരന്മാരില്‍നിന്നറിഞ്ഞപ്പോള്‍ ഫറവോയും കൂട്ടരും സന്തോഷിച്ചു.

ഫറവോ അട്ടഹസിച്ചുകൊണ്ടു പറഞ്ഞു; "അവര്‍ വഴിയറിയാതെ അലഞ്ഞുതിരിയുന്നു.... മരുഭൂമി അവരെ കുടുക്കിലാക്കിക്കഴിഞ്ഞു... ഇനിയവര്‍ക്കു രക്ഷയില്ല.; ചെങ്കടല്‍ അവരെ തിരികെ നടത്തിക്കും, എന്റെ കുതിരപ്പട്ടാളത്തിന്റെയും തേരാള്‍പ്പടയുടെയും പിടിയില്‍ അവരകപ്പെടും...!"

നാലഞ്ചു ദിവസങ്ങളായുള്ള വിശ്രമമില്ലാത്ത യാത്ര, ജനങ്ങളെയും അവരുടെ ആടുമാടുകളേയും തളര്‍ത്തിത്തുടങ്ങി. ഇനിയല്പം വിശ്രമിക്കണം. എവിടെയാണ് ഇത്രയധികം ജനങ്ങള്‍ക്കായി കൂടാരങ്ങളൊരുക്കുക? മോശ കര്‍ത്താവിനോടാരാഞ്ഞു.

"പിഹഹിറോത്തിനു മുമ്പില്‍ മിഗ്‌ദോലിനും കടലിനും മദ്ധ്യേ, ബാല്‍സെഫോന്റെ എതിര്‍വശത്തു കടലിനടുത്തായി നിങ്ങള്‍ക്കു പാളയമടിക്കാം. അവിടെ പാളയമടിച്ചാലുടന്‍ നിങ്ങളുടെ കടിഞ്ഞൂല്‍ സന്തതികളെക്കുറിച്ചുള്ള എന്റെയീ കല്പനകള്‍ നീ ജനത്തെ അറിയിക്കണം.

നിങ്ങളോടും നിങ്ങളുടെ പിതാക്കന്മാരോടുമുള്ള വാഗ്ദാനപ്രകാരം കര്‍ത്താവു നിങ്ങളെ കാനാന്‍ദേശത്തു പ്രവേശിപ്പിക്കുകയും അവിടം നിങ്ങള്‍ക്കു നല്‍കുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ എല്ലാ ആദ്യജാതരെയും കര്‍ത്താവിനു സമര്‍പ്പിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആണ്‍കുട്ടികള്‍ കര്‍ത്താവിനുള്ളവയായിരിക്കും.

എന്നാല്‍, ഒരാട്ടിന്‍കുട്ടിയെ പകരം കൊടുത്തു കടിഞ്ഞൂലിനെ വീണ്ടെടുക്കാം. നിങ്ങളുടെ മക്കളില്‍ ആദ്യജാതരെയെല്ലാം വീണ്ടെടുക്കണം. മൃഗങ്ങളെ നിങ്ങള്‍ വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിന്റെ കഴുത്തു ഞെരിച്ചു കൊന്നുകളയണം. കാലാന്തരത്തില്‍ ഇതിന്റെ അര്‍ഥമെന്താണെന്നു നിങ്ങളുടെ അനന്തരതലമുറയില്‍പ്പെട്ടവര്‍ ചോദിച്ചാല്‍ പറയണം: അടിമത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്ന്, കര്‍ത്താവു തന്റെ ശക്തമായ കരത്താല്‍ നമ്മളെ മോചിപ്പിച്ചു. നമ്മളെ വിട്ടയയ്ക്കാന്‍ ഫറവോ വിസമ്മതിച്ചപ്പോള്‍ ഈജിപ്തിലെ ആദ്യജാതരെ - മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം - കര്‍ത്താവു സംഹരിച്ചു. അതിനാലാണ്, മനുഷ്യരുടെ കടിഞ്ഞൂലുകളെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളില്‍ ആണ്‍കുട്ടികളെയും നമ്മള്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്നത്."

കര്‍ത്താവിന്റെ കല്പനപ്രകാരം ബാല്‍സെഫോന്റെ എതിര്‍വശത്തു ചെങ്കടല്‍ത്തീരത്തായി ഇസ്രായേല്‍ജനം കൂടാരമടിച്ചു. അതിനുശേഷം മോശ ജനങ്ങളെ മുഴുവന്‍ ഒന്നിച്ചുകൂട്ടി. കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ കടിഞ്ഞൂലുകളെക്കുറിച്ചുള്ള ദൈവഹിതം അഹറോന്‍ ജനങ്ങളെയറിയിച്ചു.

ജനക്കൂട്ടം വലിയ ശബ്ദത്തില്‍ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടു തങ്ങളുടെ വിധേയത്വമറിയിച്ചു.

ആ രാത്രിയില്‍ വലിയ സന്തോഷത്തോടെ അവര്‍ കൂടാരങ്ങളില്‍ വിശ്രമിച്ചു. ദൈവസ്തുതിയുടെ കീര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലുയര്‍ന്നു. ജനങ്ങള്‍ ശാന്തമായി കിടന്നുറങ്ങി.

പക്ഷേ, ഭീതിദമായൊരു വാര്‍ത്തയുമായാണു പുലരിയെത്തിയത്. അകലെ, മരുഭൂമിയില്‍ പൊടിപടലങ്ങളുയര്‍ത്തി, പാഞ്ഞടുക്കുന്ന സൈന്യവ്യൂഹങ്ങളെക്കണ്ട ഇസ്രയേല്യര്‍ നടുങ്ങി. 

മുമ്പില്‍ ചെങ്കടല്‍... പിന്നില്‍ ഈജിപ്തിന്റെ സൈന്യം....

ജനങ്ങള്‍ ഒന്നടങ്കം മോശയുടെയും അഹറോന്റെയുംചുറ്റും തടിച്ചുകൂടി. ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ ഇരുവരും കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞരാത്രിയില്‍ പാടിയ സ്തുതിഗീതങ്ങള്‍ ജനം വിസ്മരിച്ചു. അവര്‍ കര്ത്താവിനും മോശയ്ക്കുമെതിരെ പിറുപിറുത്തു.

"ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയില്‍ക്കിടന്നു മരിക്കാനായി ഇവിടേയ്ക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്?"

"നീ എന്താണു ഞങ്ങളോടു ചെയ്തിരിക്കുന്നത്? എന്തിനാണു ഞങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്?"

"ഞങ്ങളെ തനിയേ വിട്ടേക്കൂ, ഞങ്ങള്‍ ഈജിപ്തുകാര്‍ക്ക് വേലചെയ്തു കഴിഞ്ഞുകൊള്ളാമെന്ന് ഈജിപ്തില്‍വച്ചു ഞങ്ങള്‍ നിന്നോടു പറഞ്ഞതല്ലേ?"

"ഈജിപ്തുകാര്‍ക്ക്, അടിമവേല ചെയ്യുകയായിരുന്നു, മരുഭൂമിയില്‍ക്കിടന്നു മരിക്കുന്നതിനേക്കാള്‍ മെച്ചം".

മോശ ജനത്തോടു പറഞ്ഞു: "ന് ന് നിങ്ങള്‍ ഭയപ്പെടാതെ ഉ്ഉ്ഉ്ഉറച്ചുനില്‍ക്കുവിന്‍. ന് ന് ന് നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിന്നു ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ക് ക് ക് കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. ന് ന് ന് നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി."

ജനക്കൂട്ടം മോശയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.

ഈജിപ്ഷ്യന്‍ സൈന്യം ഇസ്രായേല്‍ജനതയുടെ നേരെ അടുത്തുകൊണ്ടിരുന്നു. ജനക്കൂട്ടം മോശയ്ക്കും അഹറോനുമെതിരെ ശാപവാക്കുകള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു

Saturday, 7 October 2017

കന്മഴ പെയ്തപ്പോള്‍

മോശ വീണ്ടും ഫറവോയുടെ മുമ്പിലെത്തി. മോശയ്ക്കുവേണ്ടി അഹറോന്‍ സംസാരിച്ചു. "കര്‍ത്താവു ചോദിക്കുന്നു, എന്റെ ജനത്തെ വിട്ടയയ്ക്കാതിരിക്കത്തക്കവിധം നീ ഇനിയുമവരുടെനേരേ അഹങ്കാരം പ്രകടിപ്പിക്കുമോ? ഈജിപ്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം കഠിനമായ കന്മഴ നാളെ ഈ സമയത്തു ഞാന്‍ വര്‍ഷിക്കും. ജീവനോടെ അവശേഷിക്കുന്ന കന്നുകാലികളടക്കം വയലിലുള്ളവയെ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചാല്‍ നന്ന്!  വയലില്‍ നില്‍ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ കന്മഴ പെയ്യുകയും അവയെല്ലാം ചത്തുപോവുകയും ചെയ്യും."
     
ഫറവോയുടെ സേവകരില്‍ കര്‍ത്താവിന്റെ വാക്കിനെ ഭയപ്പെട്ടവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വേഗം വീടുകളിലെത്തിച്ചു.  എന്നാല്‍ കര്‍ത്താവിന്റെ വാക്കിനെ ഗൗനിക്കാതിരുന്നവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വയലില്‍ത്തന്നെ നിര്‍ത്തി.    

പിറ്റേന്നു പുലര്‍ച്ചെ, മോശ ആകാശത്തിലേക്കു തന്റെ കൈ നീട്ടി.      

കര്‍ത്താവ് ഇടിയും കന്മഴയും ഭൂമിയിലേക്കയച്ചു. തീജ്വാലകളോടെ വലിയ കല്ലുകള്‍ ആകാശത്തുനിന്നു കൂട്ടമായി ഭൂമിയില്‍ പതിച്ചു. പെരുമഴ പോലെ ഈജിപ്തിലെ വയലുകളിലെങ്ങും കല്ലുകള്‍ പെയ്തിറങ്ങി. മിന്നല്‍പ്പിണരുകള്‍പോലെ കല്ലുകള്‍ക്കൊപ്പം ആകാശത്തിലഗ്നിയെരിഞ്ഞു.

ഇസ്രായേല്‍ക്കാര്‍ വസിച്ചിരുന്ന ഗോഷെനിലൊഴികെ ഈജിപ്തിലെ വയലുകളിലുണ്ടായിരുന്ന മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം കന്മഴ നശിപ്പിച്ചു. അവിടെയുണ്ടായിരുന്ന ചെടികളെയും വന്‍മരങ്ങളെയും നിശ്ശേഷം തകര്‍ത്തുകളഞ്ഞു.
   
ഫറവോ മോശയെയും അഹറോനെയും ആളയച്ചു വരുത്തി: "ഞാന്‍ തെറ്റു ചെയ്തിരിക്കുന്നു. കര്‍ത്താവു നീതിമാനാണ്. ഞാനും എന്റെ ജനവും തെറ്റുകാരാണ്. ഈ ഇടിമുഴക്കത്തിനും കന്മഴയ്ക്കും അറുതിവരാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. ഇനി നിങ്ങള്‍ അല്പംപോലും വൈകേണ്ടാ.  
 
മോശയ്ക്കുവേണ്ടി  അഹറോന്‍ ഫറവോയോടു പറഞ്ഞു: "ഞാന്‍ പട്ടണത്തില്‍നിന്നു പുറത്തു കടന്നാലുടന്‍ കര്‍ത്താവിന്റെ നേര്‍ക്കു കൈകള്‍ വിരിച്ചു പ്രാര്‍ത്ഥിക്കാം. അപ്പോള്‍ ഇടിമുഴക്കം അവസാനിക്കുകയും കന്മഴ നിലയ്ക്കുകയും ചെയ്യും. അങ്ങനെ, ഭൂമി മുഴുവന്‍ കര്‍ത്താവിന്റെതാണെന്നു നീ ഗ്രഹിക്കും."

മോശ ഫറവോയുടെ അടുക്കല്‍ നിന്നു പുറപ്പെട്ട് പട്ടണത്തിനു വെളിയിലേക്കു പോയി, കര്‍ത്താവിന്റെ നേര്‍ക്കു കൈകള്‍ വിരിച്ചു പ്രാര്‍ത്ഥിച്ചു.      

ഇടിമുഴക്കവും കന്മഴയും നിലച്ചു. ആകാശത്തിലെ അഗ്നിനാളങ്ങള്‍ ഭൂമിയിലേക്കു പതിക്കാതെയായി. മനുഷ്യരുടെമേലുണ്ടായിരുന്ന വൃണങ്ങളും പേനുകളും അപ്രത്യക്ഷമായി. ഈച്ചകള്‍ എവിടെയോ പോയ്‌ മറഞ്ഞു.

ഈജിപ്തിനെ ബാധിച്ചിരുന്ന മഹാമാരികളും കന്മഴയും ഇടിമുഴക്കവും പൂര്‍ണമായി നിലച്ചെന്നു കണ്ടപ്പോള്‍, ഫറവോ തന്റെ വാക്കില്‍നിന്നു പിന്മാറി. അവന്‍ ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.

മോശ കര്‍ത്താവിനു മുമ്പില്‍ കൈകള്‍ വിരിച്ചു പ്രാര്‍ത്ഥിച്ചു: "ക് ക് ക് കര്‍ത്താവേ, ഇത്രയേറെ അ്അ്അ്അടയാളങ്ങള്‍ക്കു ശേഷവും ഫറവോ ഹ്ഹ്ഹ്ഹൃദയം കഠിനമാക്കുന്നതെന്താണ്? ഇ്ഇ്ഇ്ഇസ്രായേല്‍ ജനത്തെ അവന്‍ വിട്ടയയ്ക്കാത്തതെന്താണ്?"

"ആദിയില്‍ത്തന്നെ മനുഷ്യനെ സ്വതന്ത്ര ഹൃദയത്തോടെയാണു ഞാന്‍ സൃഷ്ടിച്ചത്. നന്മയും തിന്മയും അവന്റെ മുമ്പിലുണ്ട്. നന്മയോടൊപ്പം രക്ഷയും തിന്മയോടൊപ്പം ശിക്ഷയുമുണ്ട്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ മനുഷ്യനു നല്‍കിയിരിക്കുന്നു. അനുഗ്രഹവും ശാപവും മനുഷ്യന്റെ തെരഞ്ഞെടുപ്പിലാണ്. ഫറവോ ഇനിയും നന്മയുടെ മാര്‍ഗ്ഗത്തില്‍ വരുന്നില്ലെങ്കില്‍ അവനും അവന്റെ രാജ്യവും കൂടുതല്‍ കഠിനമായ ശിക്ഷകളിലൂടെ കടന്നുപോകേണ്ടതായി വരും. നിങ്ങള്‍ വീണ്ടും ഫറവോയുടെ അടുത്തുപോയി ഞാന്‍ പറയുന്നത് അവനെ അറിയിക്കുക. അനുഗ്രഹമോ ശാപമോ അവന്‍തന്നെ തെരെഞ്ഞെടുക്കട്ടെ! "

മോശയും അഹറോനും ഫറവോയുടെ അടുത്തുചെന്നു. അഹറോന്‍ മോശയ്ക്കുവേണ്ടി സംസാരിച്ചു: :ഹെബ്രായരുടെ ദൈവമായ കര്‍ത്താവു പറയുന്നു, എത്രനാള്‍ നീ എനിക്കു കീഴ്‌വഴങ്ങാതെ നില്‍ക്കും? എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.  അവരെ വിട്ടയ്ക്കാന്‍ വിസമ്മതിച്ചാല്‍, നിന്റെ രാജ്യത്തേക്കു ഞാന്‍ വെട്ടുകിളികളെ അയയ്ക്കും, അവ ദേശത്തെ കാഴ്ചയില്‍നിന്നു മറച്ചുകളയും; കന്മഴയില്‍നിന്നു രക്ഷപ്പെട്ടവയെയെല്ലാം വെട്ടുക്കിളികള്‍ തിന്നുകളയും. നിന്റെയും നിന്റെ സേവകരുടെയും ഈജിപ്തുകാരെല്ലാവരുടെയും വീടുകളില്‍ അവ വന്നു നിറയും. "

ഫറവോയുടെ സേവകര്‍ അവനോടു പറഞ്ഞു: "ഇനിയുമെത്രനാള്‍ നമ്മളീ മനുഷ്യരുടെ ഉപദ്രവം സഹിക്കണം? ഈജിപ്തു നശിച്ചുകൊണ്ടിരിക്കയാണെന്ന് ഇത്രയുമായിട്ടും അങ്ങ് അറിയുന്നില്ലേ? അവരുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കാന്‍ അവരെവിട്ടയച്ചാലും."

ഫറവോ മോശയോടു പറഞ്ഞു: നിങ്ങള്‍ പോയി നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതു ഞാന്‍ തടയുന്നില്ല. എന്നാല്‍, ആരെല്ലാമാണ് പോകുന്നതെന്നു നിങ്ങളെന്നെ അറിയിക്കണം."

മോശയ്ക്കുവേണ്ടി അഹറോന്‍ പറഞ്ഞു: ഇസ്രായേല്‍ജനത മുഴുവന്‍ ഒരുമിച്ചാണു പോകേണ്ടത്. ഞങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകണം. കാരണം, ഞങ്ങള്‍ പോകുന്നത് കര്‍ത്താവിന്റെ പൂജാമഹോത്സവമാഘോഷിക്കാനാണ്.      

"ഞാന്‍ നിങ്ങളോടൊപ്പം നിങ്ങളുടെ കുഞ്ഞുങ്ങളെയും വിട്ടയയ്ക്കുകയോ? നിങ്ങളുടെയുള്ളില്‍ എന്തോ ദുരുദ്ദേശ്യമുണ്ട്. അതിനാല്‍ അതു ഞാനനുവദിക്കുകയില്ല. നിങ്ങളില്‍ പുരുഷന്മാര്‍മാത്രം പോയി കര്‍ത്താവിനെ ആരാധിച്ചാല്‍ മതി."

"ഇല്ല, ഞങ്ങള്‍ക്കതല്ലവേണ്ടത്! ഇസ്രായേല്‍ജനതയെ മുഴുവന്‍ വിട്ടയയ്ക്കാന്‍ തയ്യാറാകുന്നതുവരെ  കര്‍ത്താവിന്റെ കരം നിന്നില്‍നിന്നു നീങ്ങിപ്പോകുകയില്ല."

മോശയും അഹറോനും കൊട്ടാരംവിട്ടിറങ്ങി.

മോശ തന്റെ വടി ഈജിപ്തിന്റെമേല്‍ നീട്ടി. ഈജിപ്തിലെങ്ങും അന്ധകാരം വ്യാപിച്ചു. മൂന്നുദിവസത്തേക്ക് ഈജിപ്തില്‍ പ്രകാശമുണ്ടായിരുന്നില്ല. ഇസ്രായേലുകാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ മാത്രം പ്രകാശമുണ്ടായിരുന്നു. ഫറവോ മോശയെ രാജസദസ്സിലേക്കു വിളിപ്പിച്ചു.

"നിങ്ങള്‍ പോയി കര്‍ത്താവിനുബലിയര്‍പ്പിച്ചുകൊള്ളുക. സ്ത്രീകളെയും കുട്ടികളെയും കൂടെ കൊണ്ടുപോയിക്കൊള്ളൂ. എന്നാല്‍ നിങ്ങളുടെ ആടുമാടുകളെ ഇവിടെ നിറുത്തണം."

"അതുപറ്റില്ല. ഞങ്ങളുടെ ആടുമാടുകളില്‍നിന്നു ബലിയര്‍പ്പിക്കാന്‍ കര്‍ത്താവ് ആവശ്യപ്പെട്ടേക്കാം. അതുകൊണ്ടു ഞങ്ങള്‍ക്കവയെ കൂടെ കൊണ്ടുപോയേ പറ്റൂ. ഞങ്ങള്‍ക്കുവേണ്ട ഹോമദ്രവ്യങ്ങളും ബലിവസ്തുക്കളും നീ തരണം" അഹറോന്‍ മോശയുടെ വക്താവായി.

ഫറവോ കോപിഷ്ഠനായി.

"ഇറങ്ങിപ്പോകൂ എന്റെ മുമ്പില്‍നിന്നും! ഇനി നീയെന്റെ കണ്മുമ്പില്‍ വന്നാല്‍ അന്നു നിന്റെ മരണദിനമായിരിക്കും."

"അ്അ്അ്ങ്ങനെയാകട്ടെ. ഞാനിനി ന് ന് നിന്റെ മുമ്പില്‍ വ് വ് വ് വരില്ല."

ഫറവോയുടെ കൊട്ടാരത്തില്‍ നിന്നു പടിയിറങ്ങിയ മോശ, കവാടത്തിനു മുമ്പില്‍നിന്നുകൊണ്ടു തന്റെ വടി ഈജിപ്തിനുമേല്‍ നീട്ടി.

"ക് ക് ക് കന്മഴയെ അതിജീവിച്ച എല്ലാ ചെടികളും തിന്നു നശിപ്പിക്കുന്നതിനു വ് വ് വ് വെട്ടുകിളികള്‍ വരട്ടെ."

അന്നു പകലും രാത്രിയുംമുഴുവന്‍ ആ നാടിന്റെമേല്‍ കര്‍ത്താവ് കിഴക്കന്‍ കാററു വീശിച്ചു. പ്രഭാതമായപ്പോള്‍ കിഴക്കന്‍കാറ്റു വെട്ടുകിളികളെ കൊണ്ടുവന്നു.      

വെട്ടുകിളികള്‍ ഈജിപ്തിനെയാകെ ആക്രമിച്ചു. അവ രാജ്യം മുഴുവന്‍ വ്യാപിച്ചു.  അവ ദേശമാകെ മൂടിക്കളഞ്ഞു. കന്മഴയെ അതിജീവിച്ച ചെടികളും മരങ്ങളില്‍ ബാക്കിനിന്ന പഴങ്ങളും അവ തിന്നുതീര്‍ത്തു. ഈജിപ്തില്‍ മരങ്ങളിലും വയലിലെ ചെടികളിലും പച്ചയായി ഒന്നുംതന്നെയവശേഷിച്ചില്ല.      

ഫറവോ തിടുക്കത്തില്‍ മോശയെയും അഹറോനെയും വിളിപ്പിച്ചു: "നിങ്ങളുടെ ദൈവമായ കര്‍ത്താവിനും നിങ്ങള്‍ക്കുമെതിരായി ഞാന്‍ തെററു ചെയ്തുപോയി.  ഇപ്രാവശ്യംകൂടി എന്നോടു ക്ഷമിക്കണം. മാരകമായ ഈ ബാധ എന്നില്‍നിന്നകററുന്നതിനു നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍. ഞാന്‍ നിങ്ങളുടെ ജനത്തെ വിട്ടയയ്ക്കാം."
   
മോശ സമ്മതിച്ചു. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.    

കര്‍ത്താവു വളരെ ശക്തമായ പടിഞ്ഞാറന്‍ കാററു വീശിച്ചു. അതു വെട്ടുകിളികളെ തൂത്തുവാരി ചെങ്കടലിലെറിഞ്ഞു. അവയിലൊന്നുപോലും ഈജിപ്തിലവശേഷിച്ചില്ല.

എല്ലാം ശാന്തമായെന്നു കണ്ടപ്പോള്‍ ഫറവോ വീണ്ടും മനസ്സുമാറ്റി. ഇസ്രായേല്‍ജനത്തെ വിട്ടയയ്ക്കാന്‍ അവന്‍ തയ്യാറായില്ല!!!


Friday, 6 October 2017

മഹാമാരികള്‍

ഫറവോ മോശയുടെ വാക്കുകള്‍ക്കു വിലകല്പിച്ചില്ല. ഇസ്രായേല്‍ജനത്തെ വിട്ടയയ്ക്കാന്‍ അയാള്‍ തയ്യാറായില്ല.

മോശ കൊട്ടാരംവിട്ടിറങ്ങി. അവന്‍ അഹറോനോടു പറഞ്ഞു.
"എ്എ്എ്ന്റെ വടി കൈയിലെടുത്ത്, ന് ന് ന് നദികളുടെയും തോടുകളുടെയും കുളങ്ങളുടെയുംമേല്‍ നീട്ടി, ഈഈഈഈജിപ്തു മുഴുവന്‍ തവളകളെക്കൊണ്ടു ന് ന് ന് നിറയ്ക്കുക. "

അഹറോന്‍ അപ്രകാരംചെയ്തു.  തവളകളെക്കൊണ്ട് ഈജിപ്തുദേശം മുഴുവന്‍ നിറഞ്ഞു.

ഫറവോ തന്റെ മന്ത്രവാദികളെ വിളിച്ചു. അവരുടെ മാന്ത്രികവിദ്യകളാല്‍ അവര്‍ വിദൂരസ്ഥലങ്ങളില്‍നിന്നുപോലും തവളകളെ ഈജിപ്തിലേക്കു വരുത്തി. എന്നാല്‍ ഒന്നിനെപ്പോലും ഈജിപ്തിനു പുറത്തേക്കയയ്ക്കാന്‍ അവര്‍ക്കായില്ല...

ശുദ്ധജലമില്ലാതെയും തവളകളുടെ ശല്യത്താല്‍ വലഞ്ഞും ദുരിതപൂര്‍ണ്ണങ്ങളായ ഏഴുദിനരാത്രങ്ങള്‍ ഈജിപ്തുകാര്‍ പിന്നിട്ടു.  ഇസ്രായെല്‍ക്കാരുടെ ഗ്രാമങ്ങള്‍മാത്രം ദുരിതങ്ങളില്‍നിന്നകന്നു നിന്നു.

തന്റെ മന്ത്രവാദികള്‍ക്ക് ഈജിപ്തിനെ ഈ ദുസ്ഥിതിയില്‍നിന്നു മോചിപ്പിക്കാനാകില്ലെന്നു മനസ്സിലായപ്പോള്‍ ഫറവോ മോശയേയും അഹറോനെയും കൊട്ടാരത്തിലേക്കു  വിളിപ്പിച്ചു.

"എന്നില്‍നിന്നും എന്റെ ജനത്തില്‍നിന്നും ഈ തവളകളെയകറ്റിക്കളയുന്നതിനു കര്‍ത്താവിനോടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍; കര്‍ത്താവിനു ബലിയര്‍പ്പിക്കാനായി നിന്റെ ജനത്തെ ഞാന്‍ വിട്ടയയ്ക്കാം.      

മോശയ്ക്കു വേണ്ടി അഹറോന്‍ ഫറവോയോടു പറഞ്ഞു: "തവളകളെ ഈജിപ്തിലെ ഭവനങ്ങളില്‍നിന്നും നിന്റെ രാജകൊട്ടാരത്തില്‍നിന്നുമകറ്റി നദിയില്‍ ഒതുക്കി നിറുത്തുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം. കര്‍ത്താവിനു തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും."  

ഫറവോയോടു പറഞ്ഞതുപോലെ, തവളകളുടെ ശല്യമൊഴിവാക്കാന്‍ മോശ കര്‍ത്താവിനോടപേക്ഷിച്ചു.      

വീടുകളിലും അങ്കണങ്ങളിലും വയലുകളിലുമുണ്ടായിരുന്ന തവളകള്‍ ചത്തൊടുങ്ങി.  ജനങ്ങളവയെ വലിയ കൂനകളായി കൂട്ടി. നാട്ടില്‍ ദുര്‍ഗന്ധം വ്യാപിച്ചപ്പോള്‍ വലിയ കുഴികളുണ്ടാക്കി അവയെയെല്ലാം മൂടിക്കളഞ്ഞു.      
നാട്ടില്‍സ്വൈരം ലഭിച്ചെന്നു കണ്ടപ്പോള്‍ ഫറവോയുടെ മനസ്സുമാറി . ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ അവന്‍ തയ്യാറായില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫറവോ വാക്കുപാലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ മോശ കൊട്ടാരത്തിലെത്തി ഫറവോയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ കാവല്‍ക്കാര്‍ അവനെ കടത്തിവിട്ടില്ല.

മോശ അഹറോനോടു പറഞ്ഞു: ഇ്ഇ്ഇ്ഇതാ എ്എ്എന്റെ വടികൊണ്ടു ന് ന് ന് നിലത്തെ പൂഴിയിലടിക്കുക. അ്അ്അ്പ്പോള്‍ അതു പേനായിത്തീര്‍ന്ന് ഈജിപ്തുമുഴുവന്‍ വ് വ് വ്വ്യാപിക്കും.      

അഹറോന്‍ വടിയെടുത്തു കൈനീട്ടി കാവല്‍ക്കാരുടെ മുമ്പില്‍വച്ചുതന്നെ നിലത്തെ പൂഴിയിലടിച്ചു. ഉടനെ ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പേന്‍ നിറഞ്ഞു. ഈജിപ്തിലെ പൂഴി മുഴുവന്‍ പേനായിത്തീര്‍ന്നു.

ഫറവോ മന്ത്രവാദികളെ വിളിപ്പിച്ചു. ഈജിപ്തിലെ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: "ഈ മനുഷ്യരോടൊപ്പം ദൈവകരം പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ നിസ്സഹായരാണ്."

എങ്കിലും ഫറവോ മനസ്സുമാറ്റിയില്ല.

പിറ്റേന്നു ഫറവോ സ്നാനത്തിനായി നദിയിലേക്കു വരുന്ന വഴിയില്‍ മോശ അഹറോനോടൊപ്പം കാത്തുനിന്നു.

ഫറവോയെ കണ്ടപ്പോള്‍ മോശയ്ക്കുവേണ്ടി അഹറോന്‍ ഉറക്കെ വിളിച്ചുപറഞ്ഞു:

"കര്‍ത്താവ് ഇപ്രകാരം പറയുന്നു: എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക. എന്റെ ജനത്തെ വിട്ടയയ്ക്കാത്തപക്ഷം, നിന്റെയും സേവകരുടെയും ജനത്തിന്റെയുംമേല്‍ ഞാന്‍ ഈച്ചകളെയയയ്ക്കും. അങ്ങനെ ഈജിപ്തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും. അവര്‍ നില്‍ക്കുന്ന സ്ഥലംപോലും ഈച്ചക്കൂട്ടങ്ങള്‍ പൊതിയും. എന്നാല്‍, എന്റെ ജനം വസിക്കുന്ന ഗോഷെന്‍ പ്രദേശത്തെ ഞാന്‍ ഒഴിച്ചുനിര്‍ത്തും; അവിടെ ഈച്ചകള്‍ ഉണ്ടായിരിക്കയില്ല. അങ്ങനെ ഭൂമിയില്‍ ഞാനാണു സകലത്തിന്റെയും കര്‍ത്താവെന്നു നീ ഗ്രഹിക്കും."

ഫറവോ അവരെ ശ്രദ്ധിച്ചതേയില്ല.  

വൈകാതെ ഈജിപ്തുരാജ്യം മുഴുവന്‍ ഈച്ചകളുടെ കൂട്ടംകൊണ്ടു നിറഞ്ഞു തുടങ്ങി.  അപ്പോള്‍ ഫറവോ മോശയെയും അഹറോനെയും വിളിച്ചു പറഞ്ഞു: " എന്തിനു നിങ്ങള്‍ രാജ്യംവിട്ടുപോകണം? നിങ്ങള്‍ ഈജിപ്തിനുള്ളില്‍ എവിടെവേണമെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിച്ചുകൊള്ളുവിന്‍."

മോശ പറഞ്ഞു: "അ്അ്അ്അതു ശരിയാകില്ല. ഇ്ഇ്ഇ്ഈജിപ്തുകാര്‍ക്കരോചകമായ വസ്തുക്കളാണു ദ് ദ് ദൈവമായ കര്‍ത്താവിനു ഞങ്ങള്‍ ബ് ബ് ബ് ബലിയര്‍പ്പിക്കുന്നത്. അതിനാല്‍ , അ്അ്അ്അവര്‍ കാണ്‍കെ ബലിയര്‍പ്പിക്കുകയാണെങ്കില്‍ അ്അ്അ്അവര്‍ ഞങ്ങളെ കല്ലെറിയുകയില്ലേ?  ക് ക് ക് കര്‍ത്താവിന്റെ ക് ക് കല്പനയനുസരിച്ച്, മൂന്നുദിവസത്തെ യാത്രചെയ്തു മ് മ് മ് മരുഭൂമിയിലെത്തി, അവിടെവച്ചു ഞങ്ങള്‍  അ്അ്അ്അവിടുത്തേക്കു ബലിയര്‍പ്പിക്കട്ടെ."

"എന്തു സംഭവിച്ചാലും രാജ്യത്തിനു പുറത്തേക്കു പോകാന്‍ നിങ്ങളെ ഞാന്‍ അനുവദിക്കുകയില്ല. നിങ്ങള്‍ പോയാല്‍ തിരിച്ചുവരുകയില്ല. ഈജിപ്തിലെ വയലുകളിലും ഇഷ്ടികച്ചൂളകളിലും കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളിലും പണിചെയ്യാന്‍ ആളില്ലാതെയാകും."

മോശയുടെ നിര്‍ദ്ദേശപ്രകാരം അഹറോന്‍ സംസാരിച്ചു തുടങ്ങി. "നീയിനിയും ഞങ്ങളെ  വിട്ടയയ്ക്കാന്‍ വിസമ്മതിച്ചാല്‍ കര്‍ത്താവിന്റെ കരം, വയലിലുള്ള നിന്റെ മൃഗങ്ങളുടെമേല്‍ പതിക്കും; അവയെ മഹാമാരി ബാധിക്കും.  ഇസ്രായേല്‍ക്കാരുടെയും ഈജിപ്തുകാരുടെയും മൃഗങ്ങള്‍ക്കുതമ്മില്‍ കര്‍ത്താവു ഭേദം കല്പിക്കും. ഇസ്രായേല്‍ക്കാരുടേതില്‍ ഒന്നുപോലും നശിക്കയില്ല. കര്‍ത്താവു നാളെ, ഈ രാജ്യത്തിതുചെയ്യുമെന്നു സമയവും നിശ്ചയിച്ചിരിക്കുന്നു."

ഫറവോ അവരുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ കടന്നുപോയി.
 
അടുത്ത ദിവസംതന്നെ കര്‍ത്താവ് അപ്രകാരം പ്രവര്‍ത്തിച്ചു. കുതിര, കഴുത, ഒട്ടകം, കാള, ആടു തുടങ്ങി, ഈജിപ്തുകാരുടെ മൃഗങ്ങളില്‍ പകുതിയിലധികവും ചത്തൊടുങ്ങി. എന്നാല്‍, ഇസ്രായേല്‍ക്കാരുടെ മൃഗങ്ങളെല്ലാം സുരക്ഷിതമായിരുന്നു.

രാജ്യത്തു കനത്ത നാശനഷ്ടങ്ങളുണ്ടായെന്നറിഞ്ഞിട്ടും ഫറവോ മനസ്സുമാറ്റിയില്ല. ഈജിപ്തിലെ ഇസ്രായേല്‍ക്കാരെ അഹോരാത്രം പണിയെടുപ്പിച്ച് രാജ്യത്തിനുണ്ടായ നഷ്ടം നികത്താന്‍ ഫറവോ നിര്‍ദ്ദേശിച്ചു. ഇസ്രായേല്‍ക്കാരുടെ യാതനകള്‍ വര്‍ദ്ധിച്ചു.

മോശയും അഹറോനും ഒരിക്കല്‍ക്കൂടി ഫറവോയെ സന്ദര്‍ശിച്ചു. ചൂളയില്‍നിന്നെടുത്ത കുറെ ചാരം അവര്‍ കൈകളില്‍ വസിച്ചിരുന്നു.

 "ഇസ്രായേല്‍ ജനതയെ പീഡിപ്പിക്കുന്ന നിന്റെയും നിന്റെ ജനതയുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ നിറയാനായി ഞങ്ങളിത് ആകാശത്തേക്കു വിതറുന്നു."

മോശ, ചാരം അന്തരീക്ഷത്തിലേക്കെറിഞ്ഞപ്പോള്‍, അതു മനുഷ്യരിലും മൃഗങ്ങളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി.

എങ്കിലും ഫറവോ മനസ്സു മാറ്റിയില്ല.

സര്‍പ്പങ്ങളും തവളകളും

ഒരു ദര്‍ശനത്തില്‍ കര്‍ത്താവു മോശയോടു പറഞ്ഞു: "വിവേകശൂന്യനായ ഭരണാധികാരി തനിക്കുമാത്രമല്ല, തന്റെ ജനങ്ങള്‍ക്കും നാശം വരുത്തും. ഞാന്‍ ഫറവോയോട് എന്തുചെയ്യുമെന്നു നീ ഉടനെ കാണും. അവന്‍ സ്വമനസ്സാലെ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ കരത്താല്‍ നിര്‍ബന്ധിതനായി അവനവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍ വയ്യാത്തനില അവനു വന്നുകൂടും."

മോശ കര്‍ത്താവിനോടു പറഞ്ഞു: "ഇസ്രായേല്‍ മക്കള്‍പോലും ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. പിന്നെ ഫറവോ കേള്‍ക്കുമോ?"

"നീ പോവുക, ഞാന്‍ നിന്നോടൊപ്പമുണ്ടാകും."

മോശയും അഹറോനും ഒരിക്കല്‍ക്കൂടെ ഫറവോയുടെ മുന്നിലെത്തി. ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ ഫറവോ തയ്യാറായില്ല. സദസ്സിനു മുന്നില്‍, മോശ തന്റെ വടി കൊട്ടാരത്തിന്റെ തറയിലേക്കിട്ടു. വടി ഒരുഗ്ര സര്‍പ്പമായി മാറി.

ഫറവോ തന്റെ മന്ത്രവാദികളെ വിളിച്ചു വരുത്തി. അവരും തങ്ങളുടെ കൈവശമുണ്ടായിരുന്ന മാന്ത്രിക ദണ്ഡുകള്‍ നിലത്തിട്ടു. അവയും സര്‍പ്പങ്ങളായിത്തീര്‍ന്നു. എന്നാല്‍ മോശയുടെ സര്‍പ്പം ഈജിപ്തിലെ മന്ത്രവാദികളുടെ സര്‍പ്പങ്ങളെയെല്ലാം വിഴുങ്ങിക്കളഞ്ഞു.

മോശ കരംനീട്ടി, തന്റെ സര്‍പ്പത്തിന്റെ വാലില്‍പ്പിടിച്ചു. അതു വീണ്ടും വടിയായി മാറി. മന്ത്രവാദികളുടെ മാന്ത്രിക ദണ്ഡുകളൊന്നും അവശേഷിച്ചിരുന്നില്ല.

ഇതെല്ലാം കണ്ടിട്ടും ഫറവോ ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ തയ്യാറായില്ല. മോശയും അഹറോനും നിരാശരായി മടങ്ങി.
മോശ വിജനപ്രദേശത്തേക്കു പോയി, കര്‍ത്താവിനോടു കരഞ്ഞുപ്രാര്‍ത്ഥിച്ചു. കര്‍ത്താവിന്റെ മൃദുസ്വരം മോശയുടെ കാതില്‍ക്കേട്ടു.

"നീ നാളെ പുലര്‍ച്ചേ, നൈല്‍നദീ തീരത്തേക്കു പോകുക. ഫറവോ അവിടെയെത്തുമ്പോള്‍ വീണ്ടും അവനോടാവശ്യപ്പെടുക. അവന്‍ അനുസരിക്കാന്‍ സന്നദ്ധനല്ലെങ്കില്‍ സര്‍പ്പമായി മാറിയ വടി നൈല്‍നദിയുടെ നേരേ നീട്ടുക. നൈലിലെ ജലം രക്തമായിമാറും."

പിറ്റേന്നു പുലര്‍ച്ചെ, മോശ അഹറോനോടൊപ്പം നൈല്‍നദീതീരത്ത്, ഫറവോയുടെ കടവിനുമുന്നില്‍ കാത്തുനിന്നു.

ഫറവോ കടവിലെത്തിയപ്പോള്‍ മോശയ്ക്കുവേണ്ടി അഹറോന്‍ സംസാരിച്ചു: "ഹെബ്രായരുടെ ദൈവമായ കര്‍ത്താവ്, എന്നെ നിന്റെയടുത്തേക്കയച്ചത്, മരുഭൂമിയില്‍ തന്നെയാരാധിക്കാന്‍ തന്റെ ജനത്തെ അയയ്ക്കുക എന്നാവശ്യപ്പെടാനാണ്. എന്നാല്‍, നീ ഇതുവരെ അതനുസരിച്ചില്ല. കര്‍ത്താവു പറയുന്നു: ഞാനാണു കര്‍ത്താവെന്ന് ഇതിനാല്‍ നീ മനസ്സിലാക്കും. ഇതാ മോശയുടെ കൈയിലുള്ള വടികൊണ്ടു അവന്‍ നൈലിലെ ജലത്തിന്മേലടിക്കും. ജലം രക്തമയമായി മാറും. നദിയിലെ മത്സ്യങ്ങള്‍ ചത്തുപോകും; നദി ദുര്‍ഗന്ധം വമിക്കും. നദിയില് നിന്നു വെള്ളം കുടിക്കാന്‍ ഈജിപ്തുകാര്‍ക്കു കഴിയാതെവരും."

ഫറവോ ആ വാക്കുകള്‍ ചെവിക്കൊണ്ടില്ല. അവന്‍ അവരെ ശ്രദ്ധിച്ചതേയില്ല.

ഫറവോയുടെയും അവന്റെ സേവകരുടെയും മുമ്പില്‍വച്ച് മോശ വടിയുയര്‍ത്തി, നദീജലത്തിന്മേലടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്തമായി മാറി.  ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരം ചെയ്തു.

ഫറവോ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ഇക്കാര്യം അവന്‍ ഗൗനിച്ചില്ല.      

നദിയിലെ മത്സ്യങ്ങള്‍ ചത്തൊടുങ്ങി. നദിയില്‍ ദുര്‍ഗന്ധം വമിച്ചു; ഈജിപ്തുകാര്‍ക്ക് നദിയില്‍നിന്നു വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല; ഈജിപ്തിലെങ്ങും രക്തം കാണപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളിലൊഴികെ മറ്റൊരിടത്തും കുടിവെള്ളം കിട്ടാതായി.

എങ്കിലും ഫറവോ തന്റെ തീരുമാനത്തിലുറച്ചുനിന്നു. മോശ അഹറോനോടൊപ്പം ഒരിക്കല്‍ക്കൂടി കൊട്ടാരത്തിലെത്തി.

അഹറോന്‍ മോശയോടു സംസാരിച്ചു: "കര്‍ത്താവു കല്‍പിക്കുന്നു: എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.  അവരെ വിട്ടയയ്ക്കാന്‍ നീ വിസമ്മതിച്ചാല്‍ തവളകളെ അയച്ച് ഞാന്‍ നിന്റെ രാജ്യത്തെ പീഡിപ്പിക്കും. നദിയില്‍ തവളകള്‍ പെരുകും. നിന്റെ മന്ദിരത്തിലും ശയനമുറിയിലും കിടക്കയിലും നിന്റെ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും അടുപ്പുകളിലും മാവുകുഴയ്ക്കുന്ന പാത്രങ്ങളിലും അവ കയറിപ്പറ്റും.      
നിന്റെയും ജനത്തിന്റെയും സേവകരുടെയുംമേല്‍ അവ പറന്നുകയറും."

ഫറവോ ആ വാക്കുകള്‍ക്കു വിലകല്പിച്ചില്ല.

മോശ കൊട്ടാരംവിട്ടിറങ്ങി. അവന്‍ അഹറോനോടു പറഞ്ഞു. എ്എ്എ്ന്റെ വടി കൈയിലെടുത്ത്, ന് ന് ന് നദികളുടെയും തോടുകളുടെയും കുളങ്ങളുടെയുംമേല്‍ നീട്ടി, ഈഈഈഈജിപ്തു മുഴുവന്‍ തവളകളെക്കൊണ്ടു നിറയ്ക്കുക. "

അഹറോന്‍ അപ്രകാരംചെയ്തു.  തവളകളെക്കൊണ്ട്, ഈജിപ്തുദേശം മുഴുവന്‍ നിറഞ്ഞു. ശുദ്ധജലമില്ലാതെയും തവളകളുടെ ശല്യത്താല്‍ വലഞ്ഞും ദുരിതപൂര്‍ണ്ണങ്ങളായ ദിനരാത്രങ്ങലാണ് ഈജിപ്തുകാരെ കാത്തിരുന്നത്.... എങ്കിലും തന്റെ ഹൃദയകാഠിന്യത്തില്‍നിന്ന്‍ ഫറവോ പിന്തിരിഞ്ഞില്ല...


Wednesday, 6 September 2017

ഫറവോയുടെ മുമ്പില്‍

സിപ്പോറയുടെയും  ജത്രോയുടെയും അനുമതിയോടെ മോശയും അഹറോനും ഈജിപ്തിലേക്കു യാത്രയായി.

നീണ്ടവര്‍ഷങ്ങള്‍ക്കൊടുവില്‍ ഈജിപ്തില്‍ മോശ വീണ്ടും കാലുകുത്തി.  ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ അവിടെനിന്നും ഓടിയൊളിക്കുമ്പോള്‍ ചിന്തിച്ചിരുന്നതേയില്ല, ഇങ്ങനെയൊരു മടക്കയാത്ര! ഇസ്രായേല്‍ജനത്തിന്റെ നായകനായി, അടിമത്തത്തിന്റെ നാട്ടില്‍നിന്നും ആ ജനതയെ മോചിപ്പിക്കാന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവനായി, ഒരു മടക്കയാത്ര!

ഇസ്രായേല്‍ജനതയുടെ താവളത്തിലെത്തിയ മോശയും അഹറോനും ഒരു സന്ധ്യയില്‍, ഇസ്രായേല്‍ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി.

കര്‍ത്താവു മോശയോടു പറഞ്ഞ കാര്യങ്ങളെല്ലാം അഹറോന്‍ ജനത്തോടു വിവരിച്ചു. മോശ അവരുടെ മുമ്പില്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ജനം വിശ്വസിക്കുകയുംചെയ്തു. കര്‍ത്താവ് ഇസ്രായേല്‍മക്കളെ സന്ദര്‍ശിക്കുന്നുവെന്നും അവരുടെ കഷ്ടതകള്‍ കണ്ടിരിക്കുന്നുവെന്നുംകേട്ടപ്പോള്‍, അവര്‍ തലകുനിച്ച്, കര്‍ത്താവിനെയാരാധിച്ചു.

പിറ്റേന്നുതന്നെ മോശയും അഹറോനും ഫറവോയുടെ മുമ്പിലെത്തി. 

"ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു: മരുഭൂമിയില്‍വന്ന് എന്റെ ബഹുമാനാര്‍ത്ഥം പൂജാമഹോത്സവമാഘോഷിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക."

ഫറവോ പൊട്ടിച്ചിരിച്ചു. "മോശേ, നിന്നെയെനിക്കു മനസ്സിലായി. എന്റെ കളിക്കൂട്ടുകാരനായി ഈ കൊട്ടാരത്തില്‍ വളര്‍ന്നതുകൊണ്ടുമാത്രമാണു നിനക്കിപ്പോള്‍ എന്റെ മുമ്പില്‍ വന്നിങ്ങനെ പുലമ്പാനാകുന്നത്! എന്റെ പിതാവു ജീവിച്ചിരുന്നെങ്കില്‍ ഈ ദേശത്തുകടക്കാന്‍പോലും നീ ധൈര്യപ്പെടുമായിരുന്നില്ല!"

മോശയും അഹറോനും നിശബ്ദരായി നിന്നു.

"ആട്ടെ ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാനെന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? നിന്റെ തലയ്ക്കെന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു. ഈജിപ്തില്‍ നല്ല വൈദ്യന്മാരുണ്ട്. നിന്നെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ ഞാനവരോടു കല്പിക്കാം!"

മോശയുടെ നിര്‍ദ്ദേശപ്രകാരം അഹറോന്‍ മറുപടി പറഞ്ഞു: "ഞങ്ങളുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നു ദിവസത്തെ യാത്രചെയ്ത് മരുഭൂമിയില്‍ച്ചെന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളുടെ ജനതയെയനുവദിക്കുക. അല്ലെങ്കില്‍, അവിടുന്നു മഹാമാരികൊണ്ടോ വാള്‍കൊണ്ടോ ഞങ്ങളെ ശിക്ഷിക്കും."

ഫറവോ കോപിച്ചു. "ഇസ്രായേല്‍ക്കാരെ അലസന്മാരാക്കാനാണു നിങ്ങള്‍ വന്നിരിക്കുന്നത്. ഇറങ്ങിപ്പോകൂ എന്റെ മുമ്പില്‍നിന്ന്‍!"

കാവല്‍ സൈനികര്‍ മോശയേയും അഹറോനെയും കൊട്ടാരത്തില്‍നിന്നു പുറത്തേക്കു പിടിച്ചുകൊണ്ടു പോയി. നഗരകവാടത്തിനു വെളിയില്‍ അവരെ ഇറക്കിവിട്ടു.

ഫറവോ മന്ത്രിമാരെ വിളിച്ചു.

"ഇസ്രായേല്‍ക്കാര്‍ അലസന്മാരായാല്‍ രാജ്യപുരോഗതി തടസ്സപ്പെടും. അതിനാല്‍ അവരെക്കൊണ്ടു കൂടുതല്‍ ജോലിചെയ്യിക്കണം. പകലത്തെ കഠിനാദ്ധ്വാനത്തിനുശേഷം ഉറങ്ങാനല്ലാതെ മറ്റുചിന്തകള്‍ക്കു സമയമുണ്ടാകരുത്. അങ്ങനെ മോശയെപ്പോലുള്ള ഭ്രാന്തന്മാരുടെ ജല്പനങ്ങള്‍ക്ക് അവര്‍ ചെവിയോര്‍ക്കാതിരിക്കട്ടെ!"


ഇസ്രായേല്‍ക്കാരുടെ മേലാളന്മാര്‍ക്കെല്ലാം രാജകല്പന ലഭിച്ചു. ഇഷ്ടികച്ചൂളകളില്‍ ജോലിചെയ്യുന്ന ജോലിക്കാര്‍ അവര്‍ക്കാവശ്യമായ വൈക്കോല്‍ സ്വയം ശേഖരിക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ മുമ്പുണ്ടായിരുന്ന അതേ എണ്ണം ഇഷ്ടികകള്‍ ദിനംപ്രതി ഉണ്ടാക്കാനായില്ലെങ്കില്‍ കഠിനമായ മര്‍ദ്ദനങ്ങള്‍ എല്‍ക്കേണ്ടതായിവന്നു.

ഇസ്രായേല്‍വംശജരായ ചില മേല്‍നോട്ടക്കാര്‍ ഫറവോയെ മുഖംകാണിച്ചു. "അങ്ങയുടെ ദാസന്‍മാരോട് എന്താണിപ്രകാരം പെരുമാറുന്നത്? അങ്ങയുടെ ദാസന്മാര്‍ക്ക് അവര്‍ വയ്‌ക്കോല്‍ തരുന്നില്ല; എന്നാല്‍ ഇഷ്ടികയുണ്ടാക്കുവിനെന്ന് അവര്‍ കല്‍പിക്കുന്നു; അങ്ങയുടെ ദാസന്മാരെ കഠിനമായി പ്രഹരിക്കുന്നു."

ഫറവോ മറുപടി പറഞ്ഞു: "നിങ്ങള്‍ അലസരാണ്. അതുകൊണ്ടാണു കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ പോകട്ടെയെന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. പോയി ജോലിചെയ്യുവിന്‍, നിങ്ങള്‍ക്കു വയ്‌ക്കോല്‍ തരുകയില്ല. എന്നാല്‍, ഇഷ്ടികയുടെ എണ്ണം കുറയരുത്."

ഇസ്രായേല്‍ക്കാരായ മേലാളന്മാര്‍ ധര്‍മ്മസങ്കടത്തിലായി.

അവര്‍ മോശയേയും അഹറോനെയും ചെന്നുകണ്ടു. "നിങ്ങളെന്തിനു ഞങ്ങളുടെയടുക്കല്‍ വന്നു? ഫറവോയുടെയും അവന്റെ സേവകരുടെയുംമുമ്പില്‍ നിങ്ങള്‍ ഞങ്ങളെ അവജ്ഞാപാത്രങ്ങളാക്കി. ഞങ്ങളെ വധിക്കാന്‍ നിങ്ങളവരുടെ കൈയില്‍ വാള്‍ കൊടുത്തിരിക്കുന്നു. ഞങ്ങളുടെ യാതനകള്‍ നിങ്ങളിരട്ടിയാക്കി!"

മോശയ്ക്കുത്തരമുണ്ടായിരുന്നില്ല. അയാള്‍ അഹറോനോടൊപ്പം വിജനപ്രദേശത്തേക്കു പോയി. ഒരു മരച്ചുവട്ടില്‍ മുട്ടുകുത്തി മോശ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

"കര്‍ത്താവേ, അങ്ങെന്തിനാണു ജനത്തോടിത്ര ക്രൂരമായിപെരുമാറുന്നത്? എന്തിനാണങ്ങെന്നെ ഇങ്ങോട്ടയച്ചത്? ഞാന്‍ അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍വന്നതുമുതല്‍ അവന്‍ ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്; അങ്ങാകട്ടെ, അങ്ങയുടെ ജനത്തെ മോചിപ്പിക്കുന്നുമില്ല. കര്‍ത്താവേ, ഞാനിനി എന്തുചെയ്യണം?

Monday, 28 August 2017

അഹറോന്‍

അഹറോന്‍ ഉറക്കത്തില്‍നിന്നു ഞെട്ടിയുണര്‍ന്നു. നേരമിനിയും പുലര്‍ന്നിട്ടില്ല. ചുറ്റും കട്ടപിടിച്ച ഇരുട്ടുമാത്രം. ആ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടതാണ്. അയാള്‍ സ്വയം പറഞ്ഞു.

"അഹറോന്‍, അഹറോന്‍ നാളെത്തന്നെ നീ മിദിയാനിലേക്കു പുറപ്പെടണം. അവിടെ നീ മോശയുമായി കണ്ടുമുട്ടും. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന്, ഇസ്രായേലിനെ അവന്‍ പുറത്തുകൊണ്ടുവരും. എല്ലാക്കാര്യങ്ങളിലും അവനു സഹായിയായി നിന്നെയും ഞാന്‍ ചുമതലപ്പെടുത്തുന്നു. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും" 

കേട്ടതു സത്യമോ മിത്യയോ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. ഗംഭീരമായ ആ മൃദുസ്വരം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. എന്തായാലും മിദിയാനിലേക്കു പോകുവാന്‍തന്നെ അഹറോന്‍ തീരുമാനിച്ചു.

മോശയുടെ പിതൃസഹോദരപുത്രനായിരുന്നു അഹറോന്‍. ഇസ്രായേല്‍വംശത്തില്‍പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊല്ലണമെന്ന രാജകല്പന പുറപ്പെടുംമുമ്പു ജനിച്ചവനെങ്കിലും മോശയേക്കാള്‍ മൂന്നോ നാലോ വയസ്സിനുമാത്രം മുതിര്‍ന്നയാളായിരുന്നു അയാള്‍.

പഴയൊരു തോല്‍ക്കുടത്തില്‍ കുടിവെള്ളവും കൂടാരമടിക്കാനുള്ള തുണിയുംമാത്രമെടുത്ത്‌, നേരം പുലരുന്നതിനുമുമ്പുതന്നെ, കാല്‍നടയായി അയാള്‍ പുറപ്പെട്ടു. 

ദിവസങ്ങള്‍നീണ്ട യാത്രയ്ക്കൊടുവില്‍ മിദിയാനില്‍, ഹോറബ് മലയുടെ താഴ്വാരത്തില്‍ അയാളെത്തി. അപ്പോഴേക്കും അഹറോന്‍ ആകെ തളര്‍ന്നിരുന്നു. കണ്ണെത്താദൂരത്തോളം മലനിരകള്‍ ... പിന്നെ അവിടവിടെയായി കുറേ കുറ്റിച്ചെടികള്‍ ... മനുഷ്യരെയോ മൃഗങ്ങളെയോ ഒരിടത്തും കാണാനില്ല.

ഈജിപ്തില്‍നിന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒളിച്ചോടിയ മോശയെ എങ്ങനെ കണ്ടുപിടിക്കാനാണ്? സത്യമോ മിഥ്യയോ എന്നറിയാത്ത ഒരു ശബ്ദംകേട്ട് ഇറങ്ങിപ്പുറപ്പെട്ടതു വിഡ്ഢിത്തമായെന്ന് അഹറോനു തോന്നി.

അയാള്‍ അടുത്തുകണ്ട ഒരു പാറയുടെ അടുത്തു മുട്ടുകുത്തി. കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി, യാചനാരൂപത്തില്‍ നീട്ടിപ്പിടിച്ച കൈകളോടെ അഹറോന്‍ കരഞ്ഞു.

" കര്‍ത്താവായ യാഹ്്വേ, അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, അങ്ങാണ് എന്നോടു സംസാരിച്ചതെങ്കില്‍ മോശയെ കണ്ടെത്താന്‍ അങ്ങുതന്നെ എന്നെ സഹായിക്കണേ...!"

ക്ഷീണിച്ചു തളര്‍ന്നിരുന്നതിനാല്‍ അയാള്‍ അവിടെത്തന്നെ കിടന്നുറങ്ങിപ്പോയി.

ആരൊ തട്ടിവിളിക്കുന്നതറിഞ്ഞാണ് പിന്നെ അഹറോന്‍ കണ്ണുതുറന്നത്. തന്റെ മുന്നില്‍നില്‍ക്കുന്ന വ്യക്തിയെക്കണ്ട്, അഹറോന്‍ അദ്ഭുതസ്തബ്ധനായി!

"കര്‍ത്താവേ, അങ്ങുതന്നെയാണ് എന്നോടു സംസാരിച്ചതെന്ന് എനിക്കിപ്പോള്‍ ബോദ്ധ്യമായി!"

അഹറോന്‍ ചാടിയെഴുന്നേറ്റു മോശയെ ആലിംഗനംചെയ്തു.

മോശ അഹറോനെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഹോറെബ് മലയില്‍ അഗ്നിയുടെ നടുവില്‍നിന്നു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം മോശ അയാള്‍ക്കു വിശദീകരിച്ചുകൊടുത്തു.


"കര്‍ത്താവു നമ്മോടൊപ്പമുണ്ടെങ്കില്‍ ഫറവോ നമുക്കുമുമ്പില്‍ മുട്ടുമടക്കും. നമുക്ക് ഇനിയുമധികം വൈകേണ്ട, നിന്റെ ഭാര്യയോടും മക്കളോടും യാത്രപറഞ്ഞുവരൂ, നമുക്കുടനെ ഈജിപ്തിലേക്കു പുറപ്പെടാം."

മോശയുടെ അനുഭവങ്ങളെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അഹറോന്‍ ആവേശത്തോടെ പറഞ്ഞു.

Sunday, 20 August 2017

അഗ്നിയെരിയുന്ന മുള്‍പ്പടര്‍പ്പ്

ഹോറബ് മലയുടെ ചരുവില്‍, വലിയൊരു മുള്‍പ്പടര്‍പ്പിനു നടുവില്‍ അഗ്നിയെരിയുന്നു. ആകാശത്തെരിയുന്ന സൂര്യന്റെ വെളിച്ചത്തു നിഷ്പ്രഭമാക്കുന്ന ഒരു പ്രകാശസാഗരം അവിടെ നിറഞ്ഞുനില്‍ക്കുന്നു. 

ജത്രോയുടെ ആടുകളെ മേയ്ക്കുവാന്‍ മലയടിവാരത്തിലെത്തിയ മോശ അത്ഭുതപരതന്ത്രനായി ആ കാഴ്ച കണ്ടുനിന്നു. വലിയ പ്രഭാപൂരത്തോടെ  മുള്‍പ്പടര്‍പ്പിനുനടുവില്‍ അഗ്നിജ്വാലകള്‍ ഉയരുന്നെങ്കിലും മുള്‍ച്ചെടികളില്‍ ഒന്നുപോലും കത്തുന്നുണ്ടായിരുന്നില്ല.

 ഇതെന്തൊരദ്ഭുതമാണെന്നറിയാന്‍ മോശ ആ മുള്‍പ്പടര്‍പ്പിനരികിലേക്കു ചെന്നു.

"മോശേ, മോശേ..." 

ആരോ വിളിക്കുന്നതുകേട്ടു മോശ ചുറ്റും നോക്കി. പക്ഷേ ആരെയും കണ്ടില്ല.

"മോശേ, മോശേ..."  അഗ്നിയുടെ മദ്ധ്യത്തില്‍നിന്നു വീണ്ടും അതേശബ്ദം. 

"ഇതാ ഞാന്‍ .. " ആരെയും കണ്ടില്ലെങ്കിലും മോശ ഉത്തരംനല്‍കി.

"അടുത്തു വരരുത്. നിന്റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക. നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്." 

മോശ തന്റെ ചെരുപ്പഴിച്ചുമാറ്റി,വിധേയത്തഭാവത്തോടെ നിന്നു.

"ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം" 

മോശ മുഖംമറച്ചു. ദൈവം തന്റെ സമീപത്തുണ്ടെന്നു തിരിച്ചറിവ് അവനെ ഭയപ്പെടുത്തി.

കര്‍ത്താവു പറഞ്ഞു: "ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. അവരുടെ കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനകള്‍ എന്റെ പക്കലെത്തി. ഈജിപ്തുകാരുടെ അടിമത്തത്തില്‍നിന്ന് അവരെ മോചിപ്പിക്കാനും തേനും പാലുമൊഴുകുന്ന മറ്റൊരു ദേശത്തേക്ക്  അവരെ നയിക്കാനുമാണ് ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്.  

ഇസ്രായേല്‍ ജനതയെ ഈജിപ്തില്‍നിന്നു കാനാന്‍ദേശത്തേക്കു നയിക്കുന്നതിനു നിന്നെ ഞാന്‍ ചുമതലപ്പെടുത്തുന്നു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കത്തേക്കയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം."

"ക് ക് ക് കര്‍ത്താവേ, ഫ് ഫ് ഫ് ഫറവോയുടെ മുമ്പില്‍നില്‍ക്കാനും ഇസ്രായേല്‍ ജനതയെ ഇ്ഇഇ് ഈജിപ്തില്‍നിന്നു മോചിപ്പിക്കാനും ഞ് ഞ് ഞ് ഞാനാരാണ്?"

"ഭയപ്പെടേണ്ട, നീ പോവുക, ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും."

"ക് ക് ക് കര്‍ത്താവേ, അവരെന്നെ വ് വ് വ് വിശ്വസിച്ചില്ലെങ്കിലോ? ക് ക് ക് കര്‍ത്താവെനിക്കു പ്രത്യക്ഷപ്പെട്ടുവെന്നു പ് പ് പ് പറഞ്ഞാല്‍ ഞാന്‍ കള്ളംപറയുകയാണെന്ന് അവര്‍ പറയില്ലേ?"

"നിന്റെ കൈയ്യില്‍ എന്താണുള്ളത്?" 
"ഒ്ഒ്ഒ്ഒരു വടി."
"അതു നിലത്തിടുക." 
മോശ തന്റെ വടി താഴെയിട്ടു. അതൊരു സര്‍പ്പമായി മാറി. 
"കൈനീട്ടി,അതിന്റെ വാലില്‍പ്പിടിക്കൂ."
മോശ സര്‍പ്പത്തിന്റെ വാലില്‍ പിടിച്ചപ്പോള്‍ അതുവീണ്ടും വടിയായിത്തീര്‍ന്നു.
"അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ കര്‍ത്താവു നിനക്കു പ്രത്യക്ഷനായെന്ന്‍ അവര്‍ വിശ്വസിക്കാന്‍വേണ്ടിയാണിത്. നിന്റെ കൈ മാറില്‍ വയ്ക്കൂ."
മോശ അതുപോലെ ചെയ്തു. 
"ഇനി കൈ തിരിച്ചെടുക്കൂ." 
തിരിച്ചെടുത്ത കൈ മഞ്ഞുപോലെ വെളുത്തിരുന്നു.കര്‍ത്താവു കല്‍പിച്ചു: "കൈ വീണ്ടും മാറിടത്തില്‍ വയ്ക്കുക." അവനപ്രകാരം ചെയ്തു. മാറിടത്തില്‍നിന്നു കൈ തിരിച്ചെടുത്തപ്പോള്‍ അതു പൂര്‍വ്വസ്ഥിതിയിലായി. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍പോലെ കാണപ്പെട്ടു.
"ആദ്യത്തെ അടയാളം അവര്‍ വിശ്വസിച്ചില്ലെങ്കില്‍ രണ്ടാമത്തേതിന്റെ സാക്ഷ്യം സ്വീകരിച്ചേക്കും. ഈ രണ്ടടയാളങ്ങളും അവര്‍ വിശ്വസിക്കാതിരിക്കുകയും നിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയുംചെയ്‌താല്‍  നദിയില്‍നിന്നു കുറേ വെള്ളമെടുത്തു കരയിലൊഴിക്കുക; നദിയില്‍നിന്നു നീയെടുക്കുന്ന ജലം കരയില്‍ രക്തമായി മാറും."

മോശ കര്‍ത്താവിനോടു പറഞ്ഞു: "ക് ക് ക് കര്‍ത്താവേ,  ഞാന്‍ ജന്മനാ വ് വ് വ് വിക്കനാണ്. അ്അ്അ്അങ്ങു സംസാരിച്ചതിനുശേഷവും അ്അ്അ്അങ്ങനെ തന്നെ. എ്എ്എ്എനിക്കു വാക്ചാതുര്യവുമില്ല.

കര്‍ത്താവു ചോദിച്ചു: ആരാണു മനുഷ്യനു സംസാരശക്തി നല്‍കിയത്? ആരാണവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്? കര്‍ത്താവായ ഞാനല്ലേ?‍ നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാന്‍ പഠിപ്പിച്ചു തരും." 

മോശ വീണ്ടുമപേക്ഷിച്ചു: "ക് ക് ക് കര്‍ത്താവേ, ദയവുചെയ്ത് മ് മ് മ് മറ്റാരെയെങ്കിലുമയയ്‌ക്കേണമേ! ഞ് ഞ് ഞ് ഞാന്‍ കഴിവില്ലാത്തവനാണ്."


മോശയുടെ അവിശ്വാസംകണ്ടു കര്‍ത്താവു കോപിച്ചു.

"ലേവ്യനായ അഹറോനെ ഞാന്‍ നിന്നോടോപ്പമയയ്ക്കാം. അവന്‍ നന്നായി സംസാരിക്കുമെന്നു നിനക്കറിയാമല്ലോ. അവന്‍ നിന്നെ കാണാന്‍ വരും. പറയേണ്ടതെന്തെന്നു നീയവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിന്റെയും അവന്റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ക്കു ഞാന്‍ പഠിപ്പിച്ചുതരുകയുംചെയ്യും. അവന്‍ നിന്റെ വക്താവായിരിക്കും; നിനക്കുപകരം അവന്‍ ജനത്തോടു സംസാരിക്കും; നീ അവനു ദൈവതുല്യനായിരിക്കും. ഈ വടി കൈയിലെടുത്തുകൊള്ളുക. നീ അതുകൊണ്ട് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും."

മുള്‍പ്പടര്‍പ്പിലെ അഗ്നിജ്വാലകള്‍ അപ്രത്യക്ഷമായി.  ഹോറബ്മലയുടെ താഴ്വാരങ്ങള്‍ ഒന്നും സംഭവിക്കാത്തതുപോലെ ശാന്തമായിരുന്നു. ആടുകള്‍ ഇളംനാമ്പുകള്‍ തേടി മേഞ്ഞുനടന്നു. മോശ ഭീതിയോടെ, ആ മുള്‍പ്പടര്‍പ്പിലേക്കു നോക്കി മുട്ടുകുത്തി നിന്നു.


Wednesday, 16 August 2017

ഗര്‍ഷോം

ഉറക്കച്ചടവുള്ള കണ്ണുകളോടെ മോശ, തന്റെ മുന്നില്‍ നില്‍ക്കുന്ന മനുഷ്യരെ നോക്കി.

തന്റെ വളര്‍ത്തമ്മയുടെ വിശ്വസ്ഥരായ കാവല്‍പ്പടയാളികളില്‍പ്പെട്ട അവരെ അയാള്‍ തിരിച്ചറിഞ്ഞു. അവര്‍, തന്നെപ്പിടികൂടി ഫറവോയുടെ മുന്നില്‍ ഹാജരാക്കുമെന്നു മോശ ഭയന്നു.

"ഞങ്ങള്‍, അങ്ങയെ സഹായിക്കാനെത്തിയവരാണ്. ഫറവോ അതീവ കോപിഷ്ഠനാണെന്നറിയുക. മോശയെ എവിടെ കണ്ടാലും പിടിച്ചുകെട്ടി ചങ്ങലയില്‍ പൂട്ടി രാജസന്നിധിയില്‍ എത്തിക്കാനാണു കല്പന. അങ്ങ്,  ഒരു ഈജിപ്തുകാരനെ വധിച്ചു എന്നറിഞ്ഞതില്‍ അങ്ങയുടെ അമ്മയ്ക്കും അമര്‍ഷമുണ്ട്. എന്നാല്‍ അങ്ങയോടുള്ള സ്നേഹം അതിനേക്കാള്‍ വലുതായതിനാല്‍ അങ്ങു ശിക്ഷിക്കപ്പെടാന്‍ അമ്മ ആഗ്രഹിക്കുന്നില്ല. ഇതാ ഉണങ്ങിയ അത്തിപ്പഴങ്ങളും മുന്തിരിയും സ്വര്‍ണ്ണനാണയങ്ങളുമായി ഞങ്ങളെ അയച്ചിരിക്കുന്നു. മറ്റു പടയാളികളിലാരും അങ്ങയെ കാണുന്നതിനുമുമ്പ്, ഞങ്ങള്‍ക്കങ്ങയെ കാണാനായാതു ദൈവാനുഗ്രഹം. എത്രയും പെട്ടെന്ന്, ഈജിപ്തിനു പുറത്തേക്ക് ഓടി രക്ഷപ്പെടുക. താങ്കള്‍ സുരക്ഷിതനായി രക്ഷപ്പെടാന്‍ ഈയൊരു മാര്‍ഗ്ഗംമാത്രമേയുള്ളൂവെന്ന്, ഞങ്ങള്‍ക്കെന്നതുപോലെ, ഈജിപ്തിലെ പട്ടാളക്കാര്‍ക്കെല്ലാമറിയാം."

മോശ വിങ്ങിക്കരഞ്ഞു. അമ്മയുടെ സ്നേഹത്തെയോര്‍ത്ത് അയാള്‍ തറയില്‍ കമിഴ്ന്നുവീണു പ്രണമിച്ചു.

"എ്എ്എ്എന്നോടുള്ള കരുതലിന് അ്അ്അ്അമ്മയോടു ഞാനെന്നും ക് ക് ക് കടപ്പാടുള്ളവാനാണ്. ന് ന് ന് നിങ്ങള്‍ക്കും നന്ദി. അ്അ്അ്അമ്മയെ എന്റെ പ്രണാമങ്ങളറിയിക്കൂ."

പടയാളികള്‍ കൊണ്ടുവന്ന സാധനങ്ങള്‍ തന്റെ കുതിരപ്പുറത്തു സുരക്ഷിതമായി വച്ച്, മോശ മിദിയാന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

രണ്ടു ദിവസങ്ങള്‍ക്കുശേഷം, മോശ മിദിയാന്‍ മലനിരകള്‍ കടന്നു. വഴിയില്‍ കുറേ ഓക്കുമരങ്ങളും അവയ്ക്കിടയില്‍ ഒരു കിണറും കണ്ടു.  അയാള്‍ ഒരു ഓക്കു മരച്ചുവട്ടില്‍ മയങ്ങാന്‍ കിടന്നു.

"ഈ കിണറിലെ വെള്ളം ഞങ്ങളുടെ ആടുകള്‍ക്കുമാത്രമുള്ളതാണ്‌. ഇവിടെ നിന്നുവെള്ളമെടുക്കാന്‍ വരുന്നോ, കള്ളിപ്പെണ്ണുങ്ങള്‍ ...  പെണ്ണാണെന്നോര്‍ക്കില്ല, തല്ലിത്തലപിളര്‍ന്നുകളയും ഞങ്ങള്‍"

വലിയൊരു ബഹളംകേട്ടാണു മോശയുണര്‍ന്നത്. തങ്ങളുടെ ആടുകളുമായി, കിണറില്‍നിന്നു വെള്ളംകോരാനെത്തിയ രണ്ടു പെണ്‍കുട്ടികള്‍ക്കുനേരെ ശകാരം ചൊരിയുകയാണ്, ഇടയന്മാരായ  നാലഞ്ചു പുരുഷന്മാര്‍.

മോശ പെണ്‍കുട്ടികളുടെ സഹായത്തിനെത്തി. "എ്എ്എ്എന്താണിവിടെ ബഹളം? വ്്വ്്വ്്വെള്ളം എല്ലാവര്‍ക്കും അ്അ്അ് അവകാശപ്പെട്ടതല്ലേ?"

കോക്പിറ്റ് ഭാഷയില്‍ മോശ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും മോശയുടെ വേഷത്തില്‍നിന്നും അയാളൊരു ഈജിപ്തുകാരനാണെന്നും ചലനങ്ങളില്‍നിന്നും തികഞ്ഞൊരഭ്യാസിയാണെന്നും മനസ്സിലാക്കിയ ഇടയന്മാര്‍ വഴക്കിനു നില്‍ക്കാതെ പിന്മാറി. പെണ്‍കുട്ടികള്‍ വെള്ളംകോരിയെടുത്തു മടങ്ങി.

മിദിയാനിലെ പുരോഹിതനായ റവുവേലിന്റെ ഏഴു പെണ്മക്കളില്‍ മുതിര്‍ന്ന രണ്ടുപേരായിരുന്നു അവര്‍. അവരുടെ അമ്മ മരിച്ചുപോയിരുന്നു.

പതിവിലും നേരത്തേ മക്കള്‍ വെള്ളവുമായി വരുന്നതു കണ്ട് റവുവേല്‍ ചോദിച്ചു. " ഇന്നു നിങ്ങള്‍ ഒരുപാടു നേരത്തേ തിരിച്ചെത്തിയല്ലോ."

"ഈജിപ്തുകാരനായ ഒരു മനുഷ്യന്‍ ഞങ്ങളെ സഹായിച്ചു. ഇടയന്മാരില്‍നിന്നു ഞങ്ങളെ രക്ഷിച്ച അയാള്‍, ഞങ്ങളുടെ ആടുകള്‍ക്കു വെള്ളംകോരികൊടുക്കുകപോലും ചെയ്തു. "

"എന്നിട്ടു നിങ്ങള്‍ അയാളെ വീട്ടിലേക്കു ക്ഷണിക്കാതിരുന്നതെന്തേ? ഒരുനേരത്തെ ഭക്ഷണം അയാള്‍ക്കു കൊടുക്കുന്നതല്ലേ മര്യാദ?"

"അയാള്‍ ഒരു ഈജിപ്തുകാരന്‍. പോരാത്തതിന്, ഞങ്ങള്‍ക്കയാളുടെ ഭാഷയുമറിയില്ല."

റവുവേല്‍ മക്കളോടൊപ്പം കിണറിന്‍കരയില്‍ ചെന്നു. ഹീബ്രു കലര്‍ന്ന കോപ്ടിക് ഭാഷയില്‍ അയാള്‍ മോശയുമായി സംസാരിച്ചു. ശുദ്ധമായ ഹീബ്രു ഭാഷയില്‍ മോശ മറുപടി പറഞ്ഞപ്പോള്‍ റവുവേല്‍ അദ്ഭുതംകൂറി."

അന്നു മോശ റവുവേലിന്റെ വീട്ടില്‍നിന്നും അത്താഴംകഴിച്ചു.

മോശ ലേവി ഗോത്രജനാണെന്നു മനസ്സിലായപ്പോള്‍ റവുവേല്‍ പറഞ്ഞു.

"എനിക്കു പുത്രന്മാര്‍ ആരുമില്ല. നമ്മള്‍ രണ്ടാളും ലേവിഗോത്രക്കാരായതിനാല്‍ നിനക്കു സമ്മതമെങ്കില്‍ എന്റെ മൂത്തപുത്രിയായ സിപ്പോറയെ ഞാന്‍ നിനക്കു വിവാഹംകഴിച്ചുതരാം. നിനക്ക് എന്നോടൊപ്പം താമസിക്കാം."

മോശയ്ക്കും സിപ്പോറയ്ക്കും സമ്മതമായിരുന്നു.

മോശ സിപ്പോറയെ വിവാഹംചെയ്തു മിദിയാനില്‍ താമസമാക്കി. അമ്മായിയപ്പന്റെ ആടുകളെ മേയിക്കുന്ന ജോലി മോശയേറ്റെടുത്തു.

ഈജിപ്തിലെ ഫറവോ മരിച്ചു. മോശയുടെ വളര്‍ത്തമ്മയുടെ സഹോദരന്‍ പുതിയ ഫറവോയായി അധികാരമേറ്റു.  ഈജിപ്തില്‍ ജനിക്കുന്ന ഹെബ്രായരായ ആണ്‍കുട്ടികളെമുഴുവന്‍ കൊന്നുകളഞ്ഞാല്‍ കാലാന്തരത്തില്‍ അടിമപ്പണി ചെയ്യിക്കാന്‍ പുരുഷന്മാര്‍ ഇല്ലാതാകുമെന്നു മനസ്സിലാക്കിയ പുതിയ ഫറവോ, പിതാവിന്റെ കല്പന തിരുത്തി. ഇനിമുതല്‍ ഈജിപ്തില്‍ ജനിക്കുന്ന ഹെബ്രായരായ ആണ്‍കുഞ്ഞുങ്ങളെ കൊല്ലേണ്ടതില്ല. എന്നാല്‍ പതിനഞ്ചു വയസ്സിനു മുകളില്‍ പ്രായമായ ഹെബ്രായരായ പുരുഷന്മാരെല്ലാം ഫറവോയ്ക്കുവേണ്ടി അടിമവേലചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുന്ന നിയമം നടപ്പിലാക്കി.

മിദിയാനില്‍ മോശയും സിപ്പോറയും സന്തോഷത്തോടെ ജീവിച്ചു. അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. ഗര്‍ഷോം എന്നു മോശ അവനു പേരിട്ടു."ഞാന്‍ പ്രവാസി"എന്നായിരുന്നു ഗര്‍ഷോം എന്ന വാക്കിന്‍റെ അര്‍ത്ഥം.

ഈജിപ്തില്‍ അടിമകളായി കഴിഞ്ഞ ഇസ്രായേല്‍ജനത നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നെടുവീര്‍പ്പുകള്‍ ദൈവസന്നിധിയിലെത്തി.

Sunday, 13 August 2017

ഭയന്നോടിയ കുറ്റവാളി

സുന്ദരനും ആരോഗദൃഢഗാത്രനുമായി മോശ വളര്‍ന്നു.

എന്നാല്‍ സംസാരിക്കുമ്പോള്‍ അവനു വിക്കുണ്ടായിരുന്നു.

ഫറവോയുടെ കൊട്ടാരത്തിലാണു വളര്‍ന്നതെങ്കിലും താന്‍ ഇസ്രായേല്‍വംശജനാണെന്നു മോശ തിരിച്ചറിഞ്ഞു. കൊട്ടാരത്തിലെ എല്ലാ സുഖസൌകര്യങ്ങളുമനുഭവിച്ചു താന്‍ വളരുമ്പോള്‍ തന്റെ ജനത ഈജിപ്തിലെങ്ങും അടിമകളെപ്പോലെ അടിച്ചമര്‍ത്തപ്പെടുകയാണെന്ന് അവന്‍ മനസ്സിലാക്കി. ഇസ്രായേല്‍വംശജര്‍ക്ക് ഈജിപ്തില്‍നേരിടേണ്ടിവരുന്ന യാതനകള്‍ എന്തെന്നു നേരില്‍കണ്ടറിയണമെന്നും അവരുടെ രക്ഷയ്ക്കായി എന്തെങ്കിലും  ചെയ്യണമെന്നും മോശ അതിയായി ആഗ്രഹിച്ചു.

ദേശം ചുറ്റിക്കാണാന്‍ അവന്‍ വളര്‍ത്തമ്മയുടെ അനുവാദം വാങ്ങി. മരുഭൂമിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഇഷ്ടികക്കളങ്ങളിലും കുമ്മായച്ചൂളകളിലുമാണ്‌ ഇസ്രായേല്‍ക്കാരെ പണിക്കു നിയോഗിച്ചിട്ടുള്ളതെന്നറിഞ്ഞിരുന്നതിനാല്‍ മോശ തന്റെ കുതിരയെ അത്തരം വിദൂരസ്ഥലങ്ങളിലേക്കാണു നയിച്ചത്.

മരുഭൂമിയോടു ചേര്‍ന്നുള്ള നടവഴിയിലൂടെ ഭാരംനിറച്ച ഒരു കൈവണ്ടിവലിച്ചുകൊണ്ടു കിതച്ചുകിതച്ചോടുകയായിരുന്നു ഒരിസ്രായേല്‍ക്കാരന്‍.  അവന്റെ വേഗമല്പം കുറഞ്ഞാല്‍ വണ്ടിയിലിരിക്കുന്ന മേല്‍നോട്ടക്കാരന്റെ ചാട്ട അവന്റെ മുതുകില്‍ ആഞ്ഞുപതിക്കുന്നുണ്ട്. പുളഞ്ഞുകൊണ്ട് അയാള്‍ തനിക്കാവുംവിധം വണ്ടി വലിച്ചുകൊണ്ടോടി.

മോശ, കൈവണ്ടിയുടെ അരികില്‍ കുതിരയെ നിറുത്തി.

"ഹ്ഹ്ഹ്ഹേ, മനുഷ്യാ, ഇയാളും നിങ്ങളെപ്പോലെ ഒ് ഒ് ഒ് ഒ് രു മനുഷ്യനല്ലേ? ന് ന് ന് നിങ്ങള്‍ എന്തിനയാളെയടിക്കുന്നു? അ്അ്അ്അയാള്‍ ആകെ തളര്‍ന്നിരിക്കുന്നതു ന് ന് ന് നിങ്ങള്‍ കാണുന്നില്ലേ? ന് ന് ന് നിങ്ങള്‍കൂടെ അയാള്‍ക്കൊപ്പം വ് വ് വ് വണ്ടിവലിക്കാന്‍ സഹായിച്ചാല്‍ ന് ന് ന് നിങ്ങള്‍ക്കു പെട്ടെന്നുതന്നെ എ്എ്എ്എത്തേണ്ടിടത്തെത്താമല്ലോ."

മേല്‍നോട്ടക്കാരന്‍ മോശയെ അടിമുടി നോക്കി. കാഴ്ചയില്‍ ഒരു ഹെബ്രായനെപ്പോലെയുണ്ട്. എന്നാല്‍ ഒരു ഹെബ്രായന്‍ കുതിരപ്പുറത്തു സഞ്ചരിക്കാന്‍ സാദ്ധ്യതയില്ല. ഇത്രയും മോടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഹെബ്രായര്‍ക്കാകില്ല. ഒരുപക്ഷേ, ഈ ഹെബ്രായന്‍ ഒരു മോഷ്ടാവാകാം.

അയാള്‍ ചാട്ട ചുഴറ്റിക്കൊണ്ടു വണ്ടിയില്‍നിന്നു ചാടിയിറങ്ങി.

"എന്നോടു കല്പിക്കാന്‍ നീയാരാണെടാ വിക്കാ? ഹെബ്രായര്‍ ഈജിപ്തിന്റെ അടിമകളാണ്. അടിമകളെക്കൊണ്ട് എങ്ങനെ പണിയെടുപ്പിക്കണമെന്നു നീയെന്നെ പഠിപ്പിക്കേണ്ട." അയാളുടെ ചാട്ട മോശയ്ക്കു നേരെയുയര്‍ന്നു. ഫറവോയുടെ കളരിയില്‍ പഠിച്ചിറങ്ങിയ തികഞ്ഞ ഒരഭ്യാസിയെയാണു താന്‍ നേരിടുന്നതെന്ന് അയാളറിഞ്ഞില്ല

മോശ ഒഴിഞ്ഞുമാറി. അടുത്ത നിമിഷം അയാള്‍ മോശയുടെ ബലിഷ്ഠങ്ങളായ കൈകള്‍ക്കുള്ളിലമര്‍ന്നു.

മോശ ചുറ്റുംനോക്കി. അടുത്തെങ്ങുമാരുമില്ല. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിമാത്രം. മനുഷ്യരെയോ മൃഗങ്ങളെയോ  ഒരിടത്തും കാണാനില്ല. ഈജിപ്തുകാരനായ ആ മനുഷ്യനെ മോശ വഴിവക്കിലെ മണലിലേക്കു വീഴ്ത്തി. അയാളുടെ മുഖം മണലില്‍ അമര്‍ത്തിപ്പിടിച്ചു. അയാള്‍ മരിച്ചുവെന്നുറപ്പായപ്പോള്‍ മൃതദേഹം അകലേയ്ക്കു വലിച്ചിഴച്ച് മണലില്‍ കുഴിച്ചുമൂടി.

തന്റെ തോല്‍ക്കുടത്തില്‍നിന്നും വണ്ടിവലിച്ചിരുന്ന ഇസ്രായേല്‍ക്കാരനു കുടിക്കാന്‍ മോശ വെള്ളംകൊടുത്തു. അയാളെ സുരക്ഷിതസ്ഥാനത്തു കൊണ്ടുവിട്ടു.

അടുത്തദിവസം  സഞ്ചാരത്തിനിറങ്ങിയപ്പോള്‍ ഇസ്രായേല്‍ക്കാരായ രണ്ടുപേര്‍തമ്മില്‍ വഴക്കുകൂടുന്നതു മോശ കണ്ടു.

"ന് ന് ന് ന് നിങ്ങള്‍ രണ്ടുപേരും ഇ്ഇ്ഇ്ഇസ്രായേല്‍ക്കാരല്ലേ? ന് ന് ന് ന് നിങ്ങളെന്തിനാണു പരസ്പരം ശ് ശ് ശ് ശണ്ഠകൂടുന്നത്?"മോശ അവരെ പിടിച്ചുമാറ്റിക്കൊണ്ടു ചോദിച്ചു.
അവര്‍ രണ്ടുപേരും മോശയ്ക്കെതിരേ തിരിഞ്ഞു.

"നിന്നെ ഞങ്ങളുടെ ന്യായാധിപനായി ആരു നിയമിച്ചു? ആ ഈജിപ്തുകാരനെ കൊന്നതുപോലെ ഞങ്ങളേയും കൊല്ലാമെന്നാണോ നീ കരുതുന്നത്?" അവര്‍ ചോദിച്ചു.

മോശ ഞെട്ടിപ്പോയി.

താന്‍ചെയ്ത കൊലപാതകത്തിന്‍റെ രഹസ്യം പരസ്യമായെന്ന് അവനു മനസ്സിലായി. ഈ വാര്‍ത്ത, ഫറവോയുടെ ചെവിയിലെത്തിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍ തളര്‍ന്നുപോയി. അയാള്‍ അവിടെനിന്നും കുതിരയെപ്പായിച്ചു. ഈജിപ്തിന്റെ അതിര്‍ത്തിക്കുപുറത്തുള്ള മിദിയാന്‍ദേശം സുരക്ഷിതമായിരിക്കുമെന്ന ചിന്തയാല്‍ മോശ അങ്ങോട്ടു തിരിച്ചു.

ദിവസംമുഴുവന്‍ നിറുത്താതെ യാത്രചെയ്ത മോശയും കുതിരയും തളര്‍ന്നു. മിദിയാനിലേക്കുള്ള മലമ്പാതയില്‍ ഒരു ഗുഹാമുഖത്തെ വൃക്ഷത്തില്‍ കുതിരയെക്കെട്ടി, അല്പനേരം വിശ്രമിക്കാനായിക്കിടന്ന മോശ, അറിയാതെയുറങ്ങിപ്പോയി. ക്ഷീണംനിമിത്തം അവന്‍ ഗാഢനിദ്രയിലാണ്ടു.

എത്രനേരമുറങ്ങിയെന്ന് അവനറിഞ്ഞില്ല. ആരോ പേരുചൊല്ലി, തട്ടിവിളിക്കുന്നതറിഞ്ഞാണു മോശയുണര്‍ന്നത്.

ഉറക്കച്ചടവോടെ കണ്‍തുറന്ന മോശ, തന്റെ മുന്നില്‍ നില്‍ക്കുന്നവരെക്കണ്ടു നടുങ്ങി.

ഫറവോയുടെ കൊട്ടാരത്തിലെ, അന്തഃപുരത്തിന്റെ ചുമതലയുള്ള രണ്ടു പട്ടാളക്കാര്‍ ....

Sunday, 30 July 2017

മോശ

നാലു നൂറ്റാണ്ടുകള്‍ കടന്നുപോയി. ഇസ്രായേല്‍ജനത ഈജിപ്തില്‍ വലിയൊരു ജനതതിയായിത്തീര്‍ന്നു.
കാലാന്തരത്തില്‍ ജോസഫിനെക്കുറിച്ചറിയാത്ത ഫറവോമാര്‍ സിംഹാസനാരൂഢരായി.
ഈജിപ്തുകാരേക്കാള്‍ പ്രബലരായി വളരുന്ന ഇസ്രയേല്യരെ അക്കാലത്തെ ഫറവോപോലും ഭയത്തോടെയാണു നോക്കിയത്. കാലാന്തരത്തില്‍ഈജിപ്തിന്റെ ഭരണം ഇസ്രായേലിന്‍റെ കൈയിലെത്തിയെക്കാനുള്ള സാദ്ധ്യതയെ ഫറവോ തള്ളിക്കളഞ്ഞില്ല.
ഫറവോ തന്റെ ആലോചനാസംഘത്തെ വിളിച്ചുകൂട്ടി.
"ഇസ്രായേല്‍ജനത്തിന്റെ അംഗബലവും ശക്തിയും നമ്മുടെതിനേക്കാള്‍ അധികമായിത്തുടങ്ങുന്നു. ശത്രുക്കള്‍ യുദ്ധത്തിനെത്തിയാല്‍ ഇസ്രായേല്‍ ശത്രുപക്ഷത്തുചേര്‍ന്നു രാജ്യംപിടിച്ചെടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അതിനാല്‍ നമുക്കവരോടു തന്ത്രപൂര്‍വ്വം പെരുമാറി, അവരുടെ അംഗസംഖ്യ, ഇനിയുമധികമാകാതിരിക്കാന്‍ ശ്രദ്ധിക്കാം."
ആലോചനാസംഘത്തിന്‍റെ തീരുമാനപ്രകാരം ഇസ്രയേല്യരെ ഫറവോ കഠിനജോലികള്‍ക്കായി നിയോഗിച്ചു. ക്രൂരന്മാരായ മേല്‍നോട്ടക്കാരെ അവരുടെ അധികാരികളായി നിയമിച്ചു.
ഇഷ്ടികച്ചൂളകളിലും കുമ്മായനിര്‍മ്മാണശാലകളിലും വയലുകളിലും ഇസ്രയേല്യരെ ജോലിക്കു നിയോഗിച്ചു. സംഭരണനഗരങ്ങളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്കും രാജാക്കന്മാരുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന *സ്തൂപാകൃതിയിലുള്ള സ്മാരകങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്കുമെല്ലാം ഇസ്രേയേല്‍ജനം വിയര്‍പ്പൊഴുക്കി. എത്ര കഠിനമായി അദ്ധ്വാനിച്ചാലും ദിവസത്തില്‍ പലതവണ മേല്‍നോട്ടക്കാരുടെ ചാട്ടകള്‍ അവരുടെ ശരീരത്തില്‍ അടിപ്പിണരുകളായിപ്പതിച്ചു. എല്ലാക്കഷ്ടതകള്‍ക്കുമൊടുവിലും കുടുംബത്തിനു പട്ടിണിയില്ലാതെ കഴിയാനുള്ള കൂലി ഒരാള്‍ക്കും ലഭിച്ചില്ല.
എങ്കിലും വലിയ പീഡനങ്ങള്‍ക്കിടയിലും ഇസ്രായേല്‍ജനം വര്‍ദ്ധിക്കുകയും വ്യാപിക്കുകയും ചെയ്തു.
ഫറവോ പുതിയൊരു കല്പന പുറപ്പെടുവിച്ചു. രാജസേവകര്‍ ഈജിപ്തിലെങ്ങും കല്പന വിളംബരം ചെയ്തു.
"ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഇനിമേല്‍ ആണ്‍കുട്ടികള്‍ ജനിച്ചുകൂടാ. അഥവാ ആണ്‍കുട്ടികള്‍ ജനിച്ചാല്‍ ഉടനടി ആ കുഞ്ഞിനെ നൈല്‍നദിയിലെറിഞ്ഞു കൊല്ലണം. പെണ്‍കുഞ്ഞുങ്ങള്‍ ജീവിച്ചുകൊള്ളട്ടെ. ഈ കല്പന പാലിക്കാത്തവര്‍ മരണശിക്ഷയ്ക്ക് അര്‍ഹരായിരിക്കുമെന്നും ഇതിനാല്‍ വിളംബരം ചെയ്യുന്നു."
വിളംബരം പുറപ്പെടുവിച്ച ദിവസംമുതല്‍ ഇസ്രായേല്യര്‍ക്കു ജനിച്ച ആണ്‍കുട്ടികള്‍ നൈല്‍നദിയില്‍ ജഡങ്ങളായിപ്പൊങ്ങി, മത്സ്യങ്ങള്‍ക്കും ആകാശപ്പറവകള്‍ക്കും ഭക്ഷണമായി. ആണ്‍കുട്ടികള്‍ ജനിക്കുന്ന കുടുംബങ്ങളിലെല്ലാം മാതാപിതാക്കളുടെ ദീനരോദനങ്ങളുയര്‍ന്നു. രാജശാസനത്തെ അനുസരിക്കാതിരുന്ന ദമ്പതിമാരുടെ കുഞ്ഞുങ്ങളെ, മാതാപിതാക്കള്‍ക്കൊപ്പം പൊതുസ്ഥലങ്ങളില്‍വച്ചു രാജകിങ്കരന്മാര്‍ വാളിനിരയാക്കി. അവരുടെ മൃതദേഹങ്ങള്‍ കുറുനരികള്‍ക്കും കഴുകന്മാര്‍ക്കും ഭക്ഷിക്കാനായി എറിഞ്ഞുകൊടുത്തു.
ഇസ്രായേല്യരില്‍ ചിലരെല്ലാം രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ച്, മിദിയാന്‍പോലുള്ള സമീപപ്രദേശങ്ങളിലേക്ക് ഒളിച്ചോടി താമസമാക്കി. എന്നാല്‍ അവര്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു.
ഈജിപ്തിലെ ഇസ്രായേല്‍സമൂഹം മുഴുവന്‍ കര്‍ത്താവിനെ വിളിച്ചു കരഞ്ഞു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക്, ഉത്തരം ലഭിച്ചില്ല. എങ്കിലും കര്‍ത്താവിന് അവരെക്കുറിച്ചൊരു പദ്ധതിയുണ്ടായിരുന്നു. അവര്‍ക്കു ശുഭകരമായ ഭാവിയും പ്രത്യാശയും വാഗ്ദാനംചെയ്യുന്നൊരു പദ്ധതി.
ഇസ്രായേലില്‍ പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നൈല്‍നദി വിഴുങ്ങിക്കൊണ്ടിരുന്ന നാളുകളില്‍ **ലേവിയുടെ ഗോത്രത്തില്‍പ്പെട്ട ഒരു ദമ്പതിക്ക്, ഒരാണ്‍കുഞ്ഞു പിറന്നു. അവന്റെ മാതാപിതാക്കള്‍ മൂന്നുമാസം അവനെ രഹസ്യമായി വളര്‍ത്തി. ഇനിയും അവനെ രഹസ്യത്തില്‍ വളര്‍ത്തുന്നതു ദുഷ്കരമാണെന്നു മനസ്സിലായപ്പോള്‍ അവന്റെയമ്മ, ഞാങ്ങണപോലെ വളരുന്ന പാപ്പിറസ് ചെടിയുടെ തണ്ടുകൊണ്ട്, ചെറിയൊരുപേടകം നെയ്തുണ്ടാക്കി. അതില്‍ കളിമണ്ണും താറുംതേച്ചു പിടിപ്പിച്ചു ചോര്‍ച്ചയില്ലാതാക്കി.
കുഞ്ഞിനെ മതിവരുവോളം പാലൂട്ടി. അവനുറങ്ങിയപ്പോള്‍ അവനെ ആ പേടകത്തില്‍ക്കിടത്തി. വായു കടക്കുന്ന മൂടികൊണ്ട് അതുമൂടി. പിന്നെ നൈല്‍നദീതീരത്ത്, അന്തപ്പുരസ്ത്രീകള്‍ കുളിക്കുന്ന കടവിനടുത്ത്, ഞാങ്ങിണച്ചെടികള്‍ക്കിടയില്‍ ആ പേടകം വച്ചു. അവനു മൂത്ത ഒരു സഹോദരിയുണ്ടായിരുന്നു. അവളും അമ്മയോടൊപ്പം നദിക്കരയില്‍ വന്നിരുന്നു. കുഞ്ഞുവാവയെ പിരിയുന്നതില്‍ അവള്‍ ഏറെ ദുഃഖിച്ചിരുന്നതിനാല്‍ അവള്‍ അമ്മയ്ക്കൊപ്പം മടങ്ങിയില്ല. കുഞ്ഞനുജന് എന്തുസംഭവിക്കുമെന്നറിയാന്‍ അവള്‍ ദൂരെയൊരിടത്ത്, പേടകം കാണുന്നവിധം ഒളിച്ചിരുന്നു കരഞ്ഞു.
കുറച്ചു സമയത്തിനുശേഷം, ഫറവോയുടെ മകള്‍ കുളിക്കടവില്‍ വന്നു. ഞാങ്ങണകള്‍ക്കിടയില്‍ക്കണ്ട പേടകമെടുക്കാന്‍ അവള്‍ ദാസിമാരെയയച്ചു. അവര്‍ പേടകം കൊണ്ടുവന്നു തുറന്നു.
"തമ്പുരാട്ടീ, ഇതേതോ ***ഹെബ്രായ സ്ത്രീയുടെ കുഞ്ഞാണെന്നു തോന്നുന്നു. ഇതിനെ നമുക്കു നദിയിലെറിയാം." ദാസിമാര്‍ പറഞ്ഞു.
ഫറവോയുടെ മകള്‍ ശിശുവിനെ കൈകളിലെടുത്തു. അവള്‍ക്കവനോട് അനുകമ്പ തോന്നി.
"ഇതൊരു ഹെബ്രായശിശുവാകാം. എന്നാലും എത്ര ഓമനത്തമുള്ള കുഞ്ഞ്... ഇവന്റെ മുഖത്തേക്കൊന്നു നോക്കൂ. എന്തൊരു തേജസ്സാണിവന്! ഞാനിവനെ വളര്‍ത്തും." ഫറവോയുടെ മകള്‍ കുഞ്ഞിനെ മാറോടണച്ചു.
രാജകുമാരി കുഞ്ഞിനെ മാറോടണച്ചു ചുംബിക്കുന്നത് അവന്റെ സഹോദരി കണ്ടു. അവള്‍ കണ്ണീര്‍തുടച്ചു. എന്നിട്ടു രാജകുമാരിയുടെയും തോഴിമാരുടെയുമടുത്തേക്ക് ഓടിയെത്തി.
"തമ്പുരാട്ടീ, ഈ കുഞ്ഞിനു മുലയൂട്ടാന്‍ ഞാനൊരു ഹെബ്രായ സ്ത്രീയെ വിളിച്ചുകൊണ്ടു വരട്ടെ?" അവള്‍ ചോദിച്ചു.
രാജകുമാരി സമ്മതിച്ചു. അവള്‍ വീട്ടിലേക്കോടി. അവളുടെ അമ്മയെയുംകൂട്ടി കുളിക്കടവില്‍ തിരിച്ചെത്തി.
"എനിക്കുവേണ്ടി ഈ കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുക. അതിനുള്ള ശമ്പളം നിനക്കു കൊട്ടാരത്തില്‍നിന്നു ലഭിക്കും.
അവള്‍ രാജകുമാരിയെ താണുവണങ്ങി. "അങ്ങയുടെ എതാജ്ഞയും ഞാനനുസരിക്കും." അവള്‍ തന്റെ പുത്രനെ കൈകളില്‍വാങ്ങി, അപ്പോള്‍ത്തന്നെ മുലപ്പാലൂട്ടി. മൂന്നു വയസ്സുവരെ അവന്‍ തന്റെ അമ്മയുടെ മുലപ്പാലുണ്ടു വളര്‍ന്നു.
രാജകുമാരി അവനെ മോശ എന്നു പേരുവിളിച്ചു. മകളോടുള്ള വാത്സല്യത്താല്‍, ഫറവോ മോശയെ ഉപദ്രവിച്ചില്ല.
ഇസ്രായേലിലെ ആണ്‍കുഞ്ഞുങ്ങളെയെല്ലാം വധിക്കാന്‍ കല്പിച്ച, അതേ ഫറവോയുടെ പുത്രിയുടെ മകനായി, രാജകൊട്ടാരത്തില്‍ മോശവളര്‍ന്നു. ഒരു രാജകുമാരനുള്ള എല്ലാ അവകാശങ്ങളും ഫറവോ അവനു നല്‍കി.
ഫറവോയുടെ കരങ്ങളില്‍നിന്നും ഇസ്രായേലിനെ മോചിപ്പിക്കാന്‍, ദൈവം തെരഞ്ഞെടുത്തവനു വളരാന്‍ അതിനേക്കാള്‍ സുരക്ഷിതമായൊരു സ്ഥലം ഈജിപ്തില്‍ മറ്റൊരിടത്തുമില്ലെന്നു കര്‍ത്താവറിഞ്ഞിരുന്നു!
---------------------------------------------------------------------

*പിരമിഡ്
** യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാള്‍ - യാക്കോബിന്റെ(ഇസ്രായേലിന്റെ) പന്ത്രണ്ടുമക്കളില്‍ ജോസഫും റൂബനുമൊഴികെയുള്ള പത്തുപേരുടെയും ജോസഫിന്റെ രണ്ടു പുത്രന്മാരുടെയുംപേരിലാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ അറിയപ്പെടുന്നത്. യാക്കോബിന്റെ മൂത്തപുത്രനായ റൂബന്‍, പിതാവിന്റെ ഉപനാരിമാരില്‍ ഒരുവളുമായി അവിഹിതബന്ധംപുലര്‍ത്തുകയും യാക്കോബ് അതുകണ്ടുപിടിക്കുകയുംചെയ്തതിനാല്‍, റൂബന്‍ ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെടുകയും ജോസഫിനു രണ്ടവകാശം ലഭിക്കുകയും ചെയ്തു. ജോസഫിന്റെ പുത്രന്മാരായ മനാസ്സെ, എഫ്രായിം എന്നിവരുടെ തലമുറകള്‍ രണ്ടു ഗോത്രങ്ങളായി മാറി. ഇസ്രായേല്‍ജനത ഇപ്പോഴും താന്താങ്ങളുടെ ഗോത്രത്തില്‍പ്പെട്ടവരുമായിമാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂ.
*** ഹെബ്രായ ഭാഷ സംസാരിക്കുന്നവര്‍ - ഹെബ്രായര്‍ (ഇസായേല്യര്‍)