Sunday 27 August 2017

26. ഗര്‍ഷോം

ബൈബിൾക്കഥകൾ 26

തന്റെ മുന്നില്‍ നില്‍ക്കുന്ന മനുഷ്യരെ, ഉറക്കച്ചടവുള്ള കണ്ണുകളോടെ മോശ നോക്കിക്കണ്ടു.

തന്റെ വളര്‍ത്തമ്മയുടെ വിശ്വസ്ഥരായ കാവല്‍പ്പടയാളികളില്‍പ്പെട്ട അവരെ അയാള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. അവര്‍, തന്നെപ്പിടികൂടി ഫറവോയുടെ മുന്നില്‍ ഹാജരാക്കുമെന്നു മോശ ഭയന്നു.

"ഫറവോ അതീവ കോപിഷ്ഠനാണെന്നറിയുക. മോശയെ എവിടെക്കണ്ടാലും പിടിച്ചുകെട്ടി ചങ്ങലയില്‍പ്പൂട്ടി രാജസന്നിധിയിലെത്തിക്കാനാണു കല്പന. 


അങ്ങ്, ഒരു ഈജിപ്തുകാരനെ വധിച്ചു എന്നറിഞ്ഞതില്‍ അങ്ങയുടെ അമ്മയ്ക്കും അമര്‍ഷമുണ്ട്. എന്നാൽ അങ്ങയോടുള്ള സ്നേഹം അതിനേക്കാള്‍ വലുതായതിനാല്‍ അങ്ങു ശിക്ഷിക്കപ്പെടാന്‍ തമ്പുരാട്ടിയാഗ്രഹിക്കുന്നില്ല. 
അതിനാൽ ഞങ്ങളിപ്പോൾ, അങ്ങയെ സഹായിക്കാനെത്തിയവരാണ്. 

ഇതാ ഉണങ്ങിയ അത്തിപ്പഴങ്ങളും മുന്തിരിയും സ്വര്‍ണ്ണനാണയങ്ങളുമായി തമ്പുരാട്ടി ഞങ്ങളെ അയച്ചിരിക്കുന്നു. മറ്റു പടയാളികളിലാരും അങ്ങയെ കാണുന്നതിനുമുമ്പ്, ഞങ്ങള്‍ക്കങ്ങയെ കാണാനായാതു ദൈവാനുഗ്രഹം. എത്രയും പെട്ടെന്ന്, ഈജിപ്തിനു പുറത്തേക്ക് ഓടി രക്ഷപ്പെടുക. താങ്കള്‍ സുരക്ഷിതനായി രക്ഷപ്പെടാന്‍ ഈയൊരു മാര്‍ഗ്ഗംമാത്രമേയുള്ളൂവെന്ന്, ഞങ്ങള്‍ക്കെന്നതുപോലെ, ഈജിപ്തിലെ പട്ടാളക്കാര്‍ക്കെല്ലാമറിയാം. അങ്ങയെത്തേടി മറ്റാരെങ്കിലും ഇവിടെയെത്തുന്നതിനുമുമ്പു രക്ഷപ്പെടുക.

ഇനിയൊരിക്കലും ഈജിപ്തിലേക്കു മടങ്ങിവരരുതെന്നുകൂടെ തമ്പുരാട്ടി അങ്ങയോടാവശ്യപ്പെടുന്നു."

മോശ വിങ്ങിക്കരഞ്ഞു. അമ്മയുടെ സ്നേഹത്തെയോര്‍ത്ത് അയാള്‍ തറയില്‍ കമിഴ്ന്നുവീണു പ്രണമിച്ചു.

"എ്എ്എ്എന്നോടുള്ള കരുതലിന് അ്അ്അ്അമ്മയോടു ഞാനെന്നും ക് ക് ക് കടപ്പാടുള്ളവാനാണ്. ന് ന് ന് നിങ്ങള്‍ക്കും നന്ദി. അ്അ്അ്അമ്മയെ എന്റെ പ്രണാമങ്ങളറിയിക്കൂ. എ്എ്എ്എവിടെയായിരുന്നാലും അ്അ്അ്അമ്മയുടെ മുഖം എൻ്റെ ഹൃദയത്തിലെന്നും ത് ത് ത് തെളിഞ്ഞു നില്ക്കും"

പടയാളികള്‍ കൊണ്ടുവന്ന സാധനങ്ങള്‍ തന്റെ കുതിരപ്പുറത്തു സുരക്ഷിതമായി വച്ച്, മോശ അവരോടു വിടപറഞ്ഞു. മിദിയാന്‍ ലക്ഷ്യമാക്കി, അവൻ യാത്രതുടര്‍ന്നു.

രണ്ടു ദിവസങ്ങള്‍ക്കുശേഷം, മോശ മിദിയാന്‍ മലനിരകള്‍ കടന്നു. വഴിയില്‍ കുറേ ഓക്കുമരങ്ങളും അവയ്ക്കിടയില്‍ ഒരു കിണറും കണ്ടു. അയാള്‍ ഒരു ഓക്കു മരച്ചുവട്ടില്‍ മയങ്ങാന്‍ കിടന്നു.

"ഈ കിണറിലെ വെള്ളം, ഞങ്ങളുടെ ആടുകള്‍ക്കുമാത്രമുള്ളതാണ്‌. ഇവിടെനിന്നു വെള്ളമെടുക്കാന്‍ വരുന്നോ, കള്ളിപ്പെണ്ണുങ്ങള്‍ ... പെണ്ണാണെന്നോര്‍ക്കില്ല, തല്ലിത്തലപിളര്‍ന്നുകളയും ഞങ്ങള്‍"

വലിയൊരു ബഹളംകേട്ടാണു മോശയുണര്‍ന്നത്. തങ്ങളുടെ ആടുകളുമായി, കിണറില്‍നിന്നു വെള്ളംകോരാനെത്തിയ രണ്ടു പെണ്‍കുട്ടികള്‍ക്കുനേരെ ശകാരംചൊരിയുകയാണ്, ഇടയന്മാരായ നാലഞ്ചുപുരുഷന്മാര്‍.

മോശ പെണ്‍കുട്ടികളുടെ സഹായത്തിനെത്തി. "എ്എ്എ്എന്താണിവിടെ ബഹളം? വ് വ് വ് വെള്ളം എല്ലാവര്‍ക്കും അ്അ്അ് അവകാശപ്പെട്ടതല്ലേ?"

 ഈജിപ്ഷ്യൻഭാഷയില്‍ മോശ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും മോശയുടെ വേഷത്തില്‍നിന്നും അയാളൊരു ഈജിപ്തുകാരനാണെന്നും ചലനങ്ങളില്‍നിന്നും തികഞ്ഞൊരഭ്യാസിയാണെന്നും മനസ്സിലാക്കിയ ഇടയന്മാര്‍ വഴക്കിനുനില്‍ക്കാതെ പിന്മാറി. പെണ്‍കുട്ടികള്‍ വെള്ളംകോരിയെടുത്തു മടങ്ങി. വെള്ളംകോരാൻ മോശയുമവരെ സഹായിച്ചു.


മിദിയാനിലെ പുരോഹിതനായ റവുവേലിന്റെ ഏഴു പെണ്മക്കളില്‍ മുതിര്‍ന്ന രണ്ടുപേരായിരുന്നു അവര്‍. അവരുടെ അമ്മ മരിച്ചുപോയിരുന്നു.

പതിവിലും നേരത്തേ മക്കള്‍ വെള്ളവുമായി വരുന്നതുകണ്ട് റവുവേല്‍ ചോദിച്ചു. " ഇന്നു നിങ്ങള്‍ ഒരുപാടു നേരത്തേ തിരിച്ചെത്തിയല്ലോ."

"ഈജിപ്തുകാരനായ ഒരു മനുഷ്യന്‍ ഞങ്ങളെ സഹായിച്ചു. ഇടയന്മാരില്‍നിന്നു ഞങ്ങളെ രക്ഷിച്ച അയാള്‍, ഞങ്ങളുടെ ആടുകള്‍ക്കു വെള്ളംകോരികൊടുക്കുകപോലും ചെയ്തു."

"എന്നിട്ടു നിങ്ങള്‍ അയാളെ വീട്ടിലേക്കു ക്ഷണിക്കാതിരുന്നതെന്തേ? ഒരുനേരത്തെ ഭക്ഷണം അയാള്‍ക്കുകൊടുക്കുന്നതല്ലേ മര്യാദ?"

"അയാള്‍ ഒരു ഈജിപ്തുകാരന്‍. പോരാത്തതിന്, ഞങ്ങള്‍ക്കയാളുടെ ഭാഷയുമറിയില്ല."

റവുവേല്‍ മക്കളോടൊപ്പം കിണറിന്‍കരയില്‍ ചെന്നു. ഹീബ്രുകലര്‍ന്ന ഈജിപ്ഷ്യൻഭാഷയില്‍ അയാള്‍ മോശയുമായി സംസാരിച്ചു. ഹീബ്രുഭാഷയില്‍ മോശ മറുപടിപറഞ്ഞപ്പോള്‍ റവുവേല്‍ അദ്ഭുതംകൂറി.

അന്നുരാത്രി മോശ റവുവേലിന്റെ വീട്ടില്‍നിന്ന് അത്താഴംകഴിച്ചു. ഈജിപ്തിലെ വിശേഷങ്ങളെല്ലാം വുവേൽ മോശയോടു ചോദിച്ചറിഞ്ഞു. മോശ ലേവി ഗോത്രജനാണെന്നു മനസ്സിലായപ്പോള്‍ റവുവേല്‍ പറഞ്ഞു.

"വർഷങ്ങൾക്കുമുമ്പ് ഈജിപ്തിൽനിന്ന് ഒളിച്ചോടിപ്പോന്ന ലേവിവംശജനാണു ഞാൻ. എനിക്കു പുത്രന്മാരാരുമില്ല. നമ്മള്‍ രണ്ടാളും ലേവിഗോത്രക്കാരായതിനാല്‍ നിനക്കു സമ്മതമെങ്കില്‍ എന്റെ മൂത്തപുത്രിയായ സിപ്പോറയെ ഞാന്‍ നിനക്കു വിവാഹംകഴിച്ചുതരാം. നിനക്ക് എന്നോടൊപ്പം താമസിക്കുകയുംചെയ്യാം."

മോശയ്ക്കും സിപ്പോറയ്ക്കും സമ്മതമായിരുന്നു.

മോശ സിപ്പോറയെ വിവാഹംചെയ്തു മിദിയാനില്‍ താമസമാക്കി. അമ്മായിയപ്പന്റെ ആടുകളെമേയിക്കുന്ന ജോലി മോശയേറ്റെടുത്തു.

മോശയും സിപ്പോറയും സന്തോഷത്തോടെ മിദിയാനിൽത്തന്നെ ജീവിച്ചു. അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. *മോശ അവനു ഗര്‍ഷോം എന്നു 
പേരിട്ടു.

ഏറെക്കാലംവൈകാതെ, ഫറവോ മരിച്ചു. ഫറവോയുടെ പുത്രൻ ബാലനായിരുന്നതിനാൽ പുതിയ ഫറവോയായി മോശയുടെ വളർത്തമ്മ അധികാരമേറ്റു. 
ഈജിപ്തില്‍ജനിക്കുന്ന ഹെബ്രായരായ ആണ്‍കുട്ടികളെമുഴുവന്‍ കൊന്നുകളയണമെന്ന കല്പന തിരുത്തപ്പെട്ടു. എന്നാല്‍ പതിനഞ്ചു വയസ്സിനുമുകളില്‍പ്രായമായ ഹെബ്രായരായ പുരുഷന്മാരെല്ലാം ഫറവോയ്ക്കുവേണ്ടി അടിമവേലചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുന്ന പുതിയനിയമം ഈജിപ്തിൽ നടപ്പിലായി.


എങ്കിലും ഈജിപ്തിലേക്കു മടങ്ങിപ്പോകാൻ മോശ ധൈര്യപ്പെട്ടില്ല. കാലചക്രം പിന്നെയുമുരുണ്ടു. മോശയുടെ വളർത്തമ്മയും മരണമെന്ന അനിവാര്യതയ്ക്കു കീഴടങ്ങി.  

പഴയ ഫറവോയുടെപുത്രൻ അധികാരത്തിലെത്തി. ഹെബ്രായർക്കുനേരെയുള്ള പീഡനങ്ങൾക്കു വ്യാപ്തികൂടുകയായിരുന്നു. വയലുകളിൽപ്പണിയെടുക്കുകയും വണ്ടിവലിക്കുകയുംചെയ്യുന്ന മാടുകൾക്കു ലഭിക്കുന്ന പരിഗണനപോലും ഹെബ്രായർക്കു
ലഭിക്കാതെയായി.  

ഇസ്രായേല്‍ജനത കർത്താവിൻ്റെ നാമംവിളിച്ചു നെടുവീര്‍പ്പിട്ടു അവരുടെ നെടുവീര്‍പ്പുകളും
നിലവിളിയും ദൈവസന്നിധിയിലെത്തി.
---------------------------------------------------------

 *"ഞാന്‍ പ്രവാസി"എന്നാണ് ഗര്‍ഷോം എന്ന ഹീബ്രു വാക്കിന്‍റെ അര്‍ത്ഥം.

Sunday 20 August 2017

25. ഭയന്നോടിയ കുറ്റവാളി

ബൈബിൾക്കഥകൾ 25

സുന്ദരനും അരോഗദൃഢഗാത്രനുമായി മോശ വളര്‍ന്നു. എല്ലാ യുദ്ധമുറകളും അവനഭ്യസിച്ചു. സംസാരിക്കുമ്പോള്‍ വിക്കുണ്ടായിരുന്നു എന്നതൊഴികെ മറ്റൊന്നിലുമവൻ പിന്നിലായിരുന്നില്ല.

ഫറവോയുടെ കൊട്ടാരത്തിലാണു വളര്‍ന്നതെങ്കിലും താന്‍ ഇസ്രായേല്‍വംശജനാണെന്ന്,  മോശ തിരിച്ചറിഞ്ഞിരുന്നു. കൊട്ടാരത്തിലെ എല്ലാ സുഖസൗകര്യങ്ങളുമനുഭവിച്ചു താന്‍ വളരുമ്പോള്‍ തന്റെ ജനത ഈജിപ്തിലെങ്ങും അടിമകളെപ്പോലെ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അവന്‍ മനസ്സിലാക്കി. ഇസ്രായേല്‍വംശജര്‍ക്ക് ഈജിപ്തില്‍നേരിടേണ്ടിവരുന്ന യാതനകൾ നേരില്‍കണ്ടറിയണമെന്നും അവരുടെ രക്ഷയ്ക്കായി എന്തെങ്കിലും  ചെയ്യണമെന്നും മോശ അതിയായി ആഗ്രഹിച്ചിരുന്നു..

രാജ്യംമുഴുവൻ ചുറ്റിക്കാണാനായി,
വളര്‍ത്തമ്മയുടെ അനുവാദത്തോടെ അവന്‍ ഒറ്റയ്ക്കു പുറപ്പെട്ടു. മരുഭൂമിയോടുചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഇഷ്ടികക്കളങ്ങളിലും കുമ്മായച്ചൂളകളിലുമാണ്‌ ഇസ്രായേല്‍ക്കാരെ പണിക്കു നിയോഗിച്ചിട്ടുള്ളതെന്നറിഞ്ഞിരുന്നതിനാല്‍, മോശ തന്റെ കുതിരയെ അത്തരം വിദൂരസ്ഥലങ്ങളിലേക്കാണു നയിച്ചത്.

മരുഭൂമിയോടു ചേര്‍ന്നുള്ള ഒരുവഴിയിലൂടെ ഭാരംനിറച്ചൊരു കൈവണ്ടിവലിച്ചുകൊണ്ടു കിതച്ചുകിതച്ചോടുകയായിരുന്നു ഒരിസ്രായേല്‍ക്കാരന്‍.  അവന്റെ വേഗമല്പം കുറഞ്ഞാല്‍ വണ്ടിയിലിരിക്കുന്ന മേല്‍നോട്ടക്കാരന്റെ ചാട്ട അവന്റെ മുതുകില്‍ ആഞ്ഞുപതിക്കുന്നുണ്ട്. പുളഞ്ഞുകൊണ്ട് അയാള്‍ തനിക്കാവുംവിധം വണ്ടി വലിച്ചുകൊണ്ടോടി.

മോശ, കുതിരയെ 
കൈവണ്ടിയുടെ പാർശ്വത്തിലൂടെ നടത്തി.

"ഹ്ഹ്ഹ്ഹേ, മനുഷ്യാ, ഇയാളും നിങ്ങളെപ്പോലെ ഒ് ഒ് ഒ് ഒ് രു മനുഷ്യനല്ലേ? ന് ന് ന് നിങ്ങള്‍ എന്തിനയാളെയടിക്കുന്നു? അ്അ്അ്അയാള്‍ ആകെ തളര്‍ന്നിരിക്കുന്നതു ന് ന് ന് നിങ്ങള്‍ കാണുന്നില്ലേ? ന് ന് ന് നിങ്ങള്‍കൂടെ അയാള്‍ക്കൊപ്പം വ് വ് വ് വണ്ടിവലിക്കാന്‍ സഹായിച്ചാല്‍ ന് ന് ന് നിങ്ങള്‍ക്കു പെട്ടെന്നുതന്നെ എ്എ്എ്എത്തേണ്ടിടത്തെത്താമല്ലോ."

ഒരു ഹെബ്രായനൊപ്പം വണ്ടിവലിക്കാൻ ഈജിപ്തുകാരനായ തന്നോടു പറയുന്ന ഇവനാരാണ്? മേല്‍നോട്ടക്കാരന്‍ മോശയെ അടിമുടി നോക്കി. 

ഈജിപ്തുകാരുടെ വസ്ത്രധാരണമാണെങ്കിലും കാഴ്ചയില്‍ ഒരു ഹെബ്രായനെപ്പോലെ തോന്നിക്കുന്നൊരു മനുഷ്യൻ. എന്നാല്‍ ഒരു ഹെബ്രായന്‍ കുതിരപ്പുറത്തു സഞ്ചരിക്കാന്‍ സാദ്ധ്യതയില്ല. ഇത്രയും മോടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഹെബ്രായര്‍ക്കാകില്ല. ഒരുപക്ഷേ, ഇവൻ ആൾമാറാട്ടക്കാരനായൊരു മോഷ്ടാവാകാം. 

അയാള്‍ ചാട്ട ചുഴറ്റിക്കൊണ്ടു വണ്ടിയില്‍നിന്നു ചാടിയിറങ്ങി.

"എന്നോടു കല്പിക്കാന്‍ നീയാരാണെടാ വിക്കാ? ഹെബ്രായര്‍ ഈജിപ്തിന്റെ അടിമകളാണ്. അടിമകളെക്കൊണ്ട് എങ്ങനെ പണിയെടുപ്പിക്കണമെന്നു നീയെന്നെ പഠിപ്പിക്കേണ്ട." അയാളുടെ ചാട്ട മോശയ്ക്കു നേരെയുയര്‍ന്നു. ഫറവോയുടെ കളരിയില്‍ പഠിച്ചിറങ്ങിയ, തികഞ്ഞ ഒരഭ്യാസിയെയാണു താന്‍ നേരിടുന്നതെന്ന് അയാളറിഞ്ഞില്ല

മോശ ഒഴിഞ്ഞുമാറി. അടുത്ത നിമിഷം അയാള്‍ മോശയുടെ ബലിഷ്ഠങ്ങളായ കൈകള്‍ക്കുള്ളിലമരുകയുംചെയ്തു.


മോശ ചുറ്റുംനോക്കി. അടുത്തെങ്ങുമാരുമില്ല. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിമാത്രം. മനുഷ്യരെയോ മൃഗങ്ങളെയോ ഒരിടത്തും കാണാനില്ല. 

ഈജിപ്തുകാരനായ ആ മനുഷ്യനെ മോശ വഴിവക്കിലെ മണലിലേക്കു വീഴ്ത്തി. കമിഴ്ന്നുവീണ അയാളുടെ കൈകൾ പിന്നിലേക്കുചേർത്തുപിടിച്ച്, അയാളുടെമേൽ കയറിയിരുന്നു. ആ മനുഷ്യൻ്റെ മുഖം മണലിലേക്ക് അമര്‍ത്തിപ്പിടിച്ചു. ഈജിപ്തുകാരൻ കുതറിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരുത്തനായ എതിരാളിയിൽനിന്നു രക്ഷപ്പെടാൻ അയാൾക്കു സാധിച്ചില്ല. അയാള്‍ മരിച്ചുവെന്നുറപ്പായപ്പോള്‍ മോശ അയാളുടെ മൃതദേഹം അകലേയ്ക്കു വലിച്ചിഴച്ച് മണലില്‍ കുഴിച്ചുമൂടി..

വണ്ടിവലിച്ചിരുന്ന ഇസ്രായേൽക്കാരൻ, വഴിയിൽമുട്ടുകുത്തി നെറ്റിമണ്ണോടുചേർത്തു കമിഴ്ന്നുകിടന്നു
കിതച്ചു. അയാൾ ആകെത്തളർന്നിരുന്നു. മോശ അയാളുടെ സമീപമെത്തി. തന്റെ തോല്‍ക്കുടത്തില്‍നിന്നും  അയാൾക്കു കുടിക്കാന്‍ മോശ വെള്ളംകൊടുത്തു. അയാളെ സുരക്ഷിതസ്ഥാനത്തു കൊണ്ടുവിടുകയും ചെയ്തു.

അടുത്തദിവസവും മോശ സഞ്ചാരം തുടർന്നു. വഴിയിൽ ഇസ്രായേല്‍ക്കാരായ രണ്ടുപേര്‍തമ്മില്‍ വഴക്കുകൂടുന്നതു മോശ കണ്ടു. മോശ അവരുടെ സമീപമെത്തി.

"ന് ന് ന് ന് നിങ്ങള്‍ രണ്ടുപേരും ഇ്ഇ്ഇ്ഇസ്രായേല്‍ക്കാരല്ലേ? ന് ന് ന് ന് നിങ്ങളെന്തിനാണു പരസ്പരം ശ് ശ് ശ് ശണ്ഠകൂടുന്നത്?"മോശ അവരെ പിടിച്ചുമാറ്റിക്കൊണ്ടു ചോദിച്ചു. 

മോശയുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായി, അവര്‍ രണ്ടുപേരുമൊന്നായി മോശയ്ക്കെതിരേ തിരിഞ്ഞു.

"നിന്നെ ഞങ്ങളുടെ ന്യായാധിപനായി ആരു നിയമിച്ചു? ആ ഈജിപ്തുകാരനെ കൊന്നതുപോലെ ഞങ്ങളേയും കൊല്ലാമെന്നാണോ നീ കരുതുന്നത്?" അവര്‍ ചോദിച്ചു.

മോശ ഞെട്ടിപ്പോയി.

താന്‍ചെയ്ത കൊലപാതകത്തെക്കുറിച്ച്, പലരുമറിഞ്ഞുകഴിഞ്ഞെന്ന്  അവനു മനസ്സിലായി. ഈ വാര്‍ത്ത, ഫറവോയുടെ ചെവിയിലെത്തിയാലുണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍  നടുങ്ങിപ്പോയി. 

പിന്നെ ഒരു നിമിഷംപോലും മോശ അവിടെ നിന്നില്ല. അയാള്‍ അപ്പോൾത്തന്നെ തൻ്റെ കുതിരയെപ്പായിച്ചു. കൊട്ടാരത്തിലേക്കുള്ള മടക്കം അപകടകരമായിരിക്കുമെന്നു മോശയ്ക്കുറപ്പായിരുന്നു. അതിനാൽ തല്ക്കാലം ഈജിപ്തുവിട്ടുപോകാൻതന്നെ അവൻ തീരുമാനിച്ചു. ഈജിപ്തിന്റെ അതിര്‍ത്തിക്കുപുറത്തുള്ള മിദിയാന്‍ദേശം സുരക്ഷിതമായിരിക്കുമെന്ന ചിന്തയാല്‍ മോശ അങ്ങോട്ടു തിരിച്ചു.

ദിവസംമുഴുവന്‍ നിറുത്താതെ യാത്രചെയ്ത മോശയും കുതിരയും തളര്‍ന്നു. മിദിയാനിലേക്കുള്ള വിജനമായ മലമ്പാതയില്‍, ഒരരുവിയോടെ സമീപം മോശ കുതിരയെ നിറുത്തി. അരുവിയിൽനിന്നു വെള്ളം കുടിപ്പിച്ചശേഷം, കുതിരയെ ഒരു വൃക്ഷത്തില്‍ക്കെട്ടി. അരുവിയോടുചേർന്നുള്ള പാറക്കെട്ടിലെ ഒരു ഗുഹയിൽ അല്പനേരം വിശ്രമിക്കാനായിക്കിടന്ന മോശ, അറിയാതെയുറങ്ങിപ്പോയി. ക്ഷീണംനിമിത്തം അവന്‍ ഗാഢനിദ്രയിലാണ്ടു.

എത്രനേരമുറങ്ങിയെന്ന് അവനറിഞ്ഞില്ല. ആരോ പേരുചൊല്ലി, തട്ടിവിളിക്കുന്നതറിഞ്ഞാണ് അവനുണര്‍ന്നത്.

ഉറക്കച്ചടവോടെ കണ്‍തുറന്ന മോശ, തന്റെ മുന്നില്‍ നില്‍ക്കുന്നവരെക്കണ്ടു നടുങ്ങി.

ഫറവോയുടെ കൊട്ടാരത്തിലെ, അന്തഃപുരത്തിന്റെ കാവൽച്ചുമതലയുള്ള രണ്ടു പട്ടാളക്കാര്‍ ....

Sunday 13 August 2017

24. മോശ

ബൈബിൾക്കഥകൾ 24

നാലു നൂറ്റാണ്ടുകള്‍ കടന്നുപോയി. ഇസ്രായേല്‍ജനത ഈജിപ്തില്‍ വലിയൊരു ജനതതിയായി വളര്‍ന്നു. ജോസഫിനെക്കുറിച്ചറിയാത്ത ഫറവോമാര്‍ ഈജിപ്തിൽ സിംഹാസനാരൂഢരായി. ജോസഫ് ഈജിപ്തിനുവേണ്ടിച്ചെയ്തതൊക്കെയും വിസ്മൃതിയിലായി. ഇസ്രായേൽക്കാർ, ഈജിപ്തുകാരുടെ കണ്ണിലെക്കരടായിമാറി.

ഈജിപ്തുകാരേക്കാള്‍ പ്രബലരായിവളരുന്ന ഇസ്രയേല്യരെ അക്കാലത്തെ ഫറവോപോലും ഭയത്തോടെയാണു നോക്കിക്കണ്ടത്. കാലാന്തരത്തില്‍ ഈജിപ്തിന്റെ ഭരണം, ഇസ്രായേലിന്‍റെ കൈയിലെത്തിയേക്കാനുള്ള സാദ്ധ്യത, ഫറവോയെ നിർന്നിദ്രനാക്കി.

ഫറവോ തന്റെ ആലോചനാസംഘത്തെ വിളിച്ചുകൂട്ടി.

"രാജ്യത്ത്, ഇസ്രായേല്‍ജനത്തിന്റെ അംഗബലവും ശക്തിയും നമ്മുടെതിനേക്കാള്‍ അധികമായിത്തുടങ്ങുന്നു. ശത്രുക്കള്‍ യുദ്ധത്തിനെത്തിയാല്‍ ഇസ്രായേല്‍ ശത്രുപക്ഷത്തുചേര്‍ന്നു രാജ്യംപിടിച്ചെടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അതിനാല്‍ നമുക്കവരോടു തന്ത്രപൂര്‍വ്വം പെരുമാറി, അവരുടെ അംഗസംഖ്യ, ഇനിയുമധികമാകാതിരിക്കാന്‍ ശ്രദ്ധിക്കാം."

ആലോചനാസംഘത്തിന്‍റെ തീരുമാനപ്രകാരം ഫറവോ കഠിനജോലികള്‍ക്കായി ഇസ്രയേല്യരെമാത്രം നിയോഗിച്ചുതുടങ്ങി. ക്രൂരന്മാരായ മേല്‍നോട്ടക്കാരെ അവരുടെ അധികാരികളായും നിയമിച്ചു.

ഇഷ്ടികച്ചൂളകളിലും കുമ്മായനിര്‍മ്മാണശാലകളിലും വയലുകളിലും ഇസ്രയേല്യർ ജോലിക്കാരായി. സംഭരണനഗരങ്ങളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്കും രാജാക്കന്മാരുടെ സ്മരണയ്ക്കായുയർത്തുന്ന ∆സ്തൂപാകൃതിയുള്ള സ്മാരകനിർമ്മിതികളുടെ ജോലികള്‍ക്കുമെല്ലാം ഇസ്രയേല്‍ജനം വിയര്‍പ്പൊഴുക്കി. എത്ര കഠിനമായദ്ധ്വാനിച്ചാലും, ദിവസത്തില്‍ പലതവണ, മേല്‍നോട്ടക്കാരുടെ ചാട്ടവാറുകള്‍ അവരുടെ ശരീരത്തില്‍ അടിപ്പിണരുകളായിപ്പതിച്ചിരുന്നു. എന്നാലോ, എല്ലാക്കഷ്ടതകള്‍ക്കും കഠിനാദ്ധ്വാനങ്ങൾക്കുമൊടുവിലും കുടുംബത്തിനു പട്ടിണിയില്ലാതെകഴിയാനുള്ള കൂലി ഒരാള്‍ക്കും ലഭിച്ചിരുന്നുമില്ല.

വലിയ പീഡനങ്ങള്‍ക്കിടയിലും ഇസ്രായേല്‍ജനം എണ്ണത്തിൽ വീണ്ടും വര്‍ദ്ധിക്കുകയും ഈജിപ്തിലെങ്ങും വ്യാപിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഇസ്രായേല്യരുടെ വംശവർദ്ധന നിയന്ത്രിക്കാനായി, ഫറവോ, വിചിത്രവും ക്രൂരവുമായ പുതിയൊരു കല്പന പുറപ്പെടുവിച്ചു. രാജസേവകര്‍ ഈജിപ്തിലെങ്ങും കല്പന വിളംബരംചെയ്തു.

"ഫറവോ തിരുമനസ്സിൽനിന്നറിയിക്കുന്നതെന്തെന്നാൽ....  ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഇന്നുമുതൽ ആണ്‍കുട്ടികള്‍ ജനിച്ചുകൂടാ.... അഥവാ ആണ്‍കുട്ടികള്‍ ജനിച്ചാല്‍.... ഉടനടി ആ കുഞ്ഞിനെ നൈല്‍നദിയിലെറിഞ്ഞു കൊല്ലേണ്ടതാണ്.... പെണ്‍കുഞ്ഞുങ്ങളും ഇന്നലെവരെ ജനിച്ച ആൺകുഞ്ഞുങ്ങളും ജീവിച്ചുകൊള്ളട്ടെ.... ഈ കല്പന പാലിക്കാത്തവര്‍ മരണശിക്ഷയ്ക്കര്‍ഹരായിരിക്കുമെന്നും ഇതിനാല്‍ വിളംബരം ചെയ്യുന്നു....."

*ലേവിയുടെ ഗോത്രത്തില്‍പ്പെട്ട അമ്രാമും ഭാര്യ യോക്കെബദും വിളംബരംകട്ടു ഞെട്ടി. കാരണം, യോക്കെബദിൻ്റെ ഉദരത്തിൽ അവരുടെ മൂന്നാമത്തെ കുഞ്ഞു വളരുന്നുണ്ടായിരുന്നു.

ഏഴുവയസ്സുകാരിയായ മിറിയാമിനേയും രണ്ടര വയസ്സുകാരനായ അഹറോനേയും ചേർത്തുപിടിച്ചുകൊണ്ട്, അമ്രാമും യോക്കെബദും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനുവേണ്ടി കർത്താവിനുമുമ്പിൽ കണ്ണീരോടെ പ്രാർത്ഥിച്ചു.

വിളംബരം പുറപ്പെടുവിച്ച ദിവസംമുതല്‍ ഇസ്രായേല്യര്‍ക്കു ജനിച്ച ആണ്‍കുട്ടികള്‍ നൈല്‍നദിയില്‍ ജഡങ്ങളായിപ്പൊങ്ങി, മത്സ്യങ്ങള്‍ക്കും ആകാശപ്പറവകള്‍ക്കും ഭക്ഷണമായിത്തീർന്നു. ആണ്‍കുട്ടികള്‍ ജനിക്കുന്ന കുടുംബങ്ങളിലെല്ലാം മാതാപിതാക്കളുടെ ദീനരോദനങ്ങളുയര്‍ന്നു. രാജശാസനത്തെ അനുസരിക്കാതിരുന്ന ദമ്പതിമാരുടെ കുഞ്ഞുങ്ങളെ, മാതാപിതാക്കള്‍ക്കൊപ്പം പൊതുസ്ഥലങ്ങളില്‍വച്ച്, രാജകിങ്കരന്മാര്‍ വാളിനിരയാക്കി. അവരുടെ മൃതദേഹങ്ങള്‍ കുറുനരികള്‍ക്കും കഴുകന്മാര്‍ക്കും ഭക്ഷിക്കാനായി എറിഞ്ഞുകൊടുത്തു.

ഇസ്രായേല്യരില്‍ ചിലരെല്ലാം രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ച്, മിദിയാന്‍പോലുള്ള സമീപപ്രദേശങ്ങളിലേക്ക് ഒളിച്ചോടി താമസമാക്കി. എന്നാല്‍ അവര്‍ എണ്ണത്തില്‍ വളരെക്കുറവായിരുന്നു.

ഈജിപ്തിലെ ഇസ്രായേല്‍സമൂഹംമുഴുവന്‍ കര്‍ത്താവിനെ വിളിച്ചുകരഞ്ഞു. അവരുടെ പ്രാര്‍ത്ഥനകള്‍ക്കുത്തരം ലഭിച്ചില്ല. എന്നാൽ ദൈവത്തിനു് അവരെക്കുറിച്ചൊരു പദ്ധതിയുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി ശുഭകരമായൊരു ഭാവി അവിടുന്നൊരുക്കുന്നുണ്ടായിരുന്നു..

ഇസ്രായേല്യർക്കു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നൈല്‍നദി വിഴുങ്ങിക്കൊണ്ടിരുന്ന നാളുകളില്‍ അമ്രാമിനും യോക്കെബദിനും ഒരാണ്‍കുഞ്ഞുകൂടെ പിറന്നു. 
അവരവനെ നൈൽനദിയിലെറിഞ്ഞില്ല. പരിശോധനകൾക്കായെത്തുന്ന രാജകിങ്കരന്മാരുടെ കണ്ണിൽപ്പെടാതെ അവരവനെയൊളിപ്പിച്ചു. മൂന്നുമാസം ആ കുഞ്ഞിനെയവർ രഹസ്യമായി വളര്‍ത്തി. അവനെയിനിയും രഹസ്യത്തില്‍ വളര്‍ത്തുന്നതു ദുഷ്കരമാണെന്നു മനസ്സിലായപ്പോള്‍ അവന്റെയമ്മ, ഞാങ്ങണപോലെ വളരുന്ന പാപ്പിറസ്ച്ചെടിയുടെ തണ്ടുണക്കിയെടുത്ത്, അതുകൊണ്ടു ചെറിയൊരുപേടകം നെയ്തുണ്ടാക്കി. അതില്‍ കളിമണ്ണും കീലും തേച്ചുപിടിപ്പിച്ചു ചോര്‍ച്ചയില്ലാതാക്കി. കുഞ്ഞിനെ മതിവരുവോളം പാലൂട്ടി. അവനുറങ്ങിയപ്പോള്‍ അവനെ ആ പേടകത്തില്‍ക്കിടത്തി. വായു കടക്കുന്ന മൂടികൊണ്ട് അതുമൂടി. പിന്നെ നൈല്‍നദീതീരത്ത്, അന്തപ്പുരസ്ത്രീകള്‍ കുളിക്കുന്ന കടവിനടുത്ത്, ഞാങ്ങിണച്ചെടികള്‍ക്കിടയില്‍ ആ പേടകം വച്ചു.

യോക്കെബദിൻ്റെ  കുഞ്ഞിപുത്രിയായ മിറിയാമും അമ്മയോടൊപ്പം നദിക്കരയില്‍ വന്നിരുന്നു. കുഞ്ഞുവാവയെ പിരിയുന്നതില്‍ ഏറെ ദുഃഖിച്ചിരുന്നതിനാല്‍, അവൾ അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയില്ല. തന്റെ കുഞ്ഞനുജന് എന്തുസംഭവിക്കുമെന്നറിയാന്‍, ദൂരെയൊരിടത്ത്, പേടകം കാണുന്നവിധം അവളൊളിച്ചിരുന്നുകരഞ്ഞു.

കുറച്ചുസമയത്തിനുശേഷം, ഫറവോയുടെ മകള്‍ കുളിക്കടവില്‍ വന്നു. ഞാങ്ങണകള്‍ക്കിടയില്‍ക്കിടന്ന പേടകം അവളുടെ ശ്രദ്ധയിൽപ്പെട്ടു. പേടകമെടുക്കാന്‍ അവള്‍ ദാസിമാരെയയച്ചു. അവര്‍ പേടകം കൊണ്ടുവന്നു തുറന്നു.

"തമ്പുരാട്ടീ, ഇതേതോ ¶ഹെബ്രായസ്ത്രീയുടെ കുഞ്ഞാണെന്നു തോന്നുന്നു. ഇതിനെ നമുക്കു നദിയിലെറിഞ്ഞുകളയാം." ദാസിമാര്‍ പറഞ്ഞു.

ഫറവോയുടെ മകള്‍ ശിശുവിനെ കൈകളിലെടുത്തു. കർത്താവിന്റെ ആത്മാവ് അപ്പോർ അവളിൽനിറഞ്ഞു. അവള്‍ക്കവനോട് അനുകമ്പതോന്നി.

"ഇതൊരു ഹെബ്രായശിശുവാകാം. എന്നാലും എത്ര ഓമനത്തമുള്ള കുഞ്ഞ്...! ഇവന്റെ മുഖത്തേക്കൊന്നു നോക്കൂ. എന്തൊരു തേജസ്സാണിവന്! ഞാനിവനെ വളര്‍ത്തും." ഫറവോയുടെ മകള്‍ കുഞ്ഞിനെ തന്റെ മാറോടണച്ചു.

രാജകുമാരി കുഞ്ഞിനെ മാറോടണച്ചു ചുംബിക്കുന്നത് മിറിയാം കണ്ടു. അവള്‍ കണ്ണീര്‍തുടച്ചു. ഒന്നുമറിയാത്തവളെപ്പോലെ അവൾ രാജകുമാരിയുടെയും തോഴിമാരുടെയുമടുത്തേക്ക് ഓടിയെത്തി.

"തമ്പുരാട്ടീ, ഈ കുഞ്ഞിനെ എവിടെനിന്നു കിട്ടി? കുഞ്ഞു കരയുന്നുണ്ടല്ലോ! ഇതിനെ മുലയൂട്ടാന്‍ ഞാനേതെങ്കിലുമൊരു ഹെബ്രായസ്ത്രീയെ വിളിച്ചുകൊണ്ടുവരട്ടെ?" അവള്‍ ചോദിച്ചു.

"അങ്ങനെയാരെയെങ്കിലും നിനക്കറിയാമോ?"

"മ്ഹും, രണ്ടുദിവസംമുമ്പു പിറന്ന ആൺകുഞ്ഞിനെ നദിയിലെറിഞ്ഞുകളയേണ്ടിവന്നതിനാൽ ദുഃഖിച്ചിരിക്കുന്ന ഒരമ്മയെ എനിക്കറിയാം. ആയമ്മയെ ഞാൻ വിളിച്ചുകൊണ്ടുവരട്ടേ?"

"എന്നാൽ വേഗമവളെ വിളിച്ചുകൊണ്ടുവരു..." രാജകുമാരി സമ്മതിച്ചു. മിറിയാം വീട്ടിലേക്കോടി. വൈകാതെതന്നെ അവളുടെ അമ്മയെയുംകൂട്ടി കുളിക്കടവില്‍ തിരിച്ചെത്തി.

"എനിക്കുവേണ്ടി, ഈ കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുക. അതിനുള്ള ശമ്പളം നിനക്കു കൊട്ടാരത്തില്‍നിന്നു ലഭിക്കും.

അവള്‍ രാജകുമാരിയെ താണുവണങ്ങി. "അങ്ങയുടെ എതാജ്ഞയും ഞാനനുസരിക്കും." അവള്‍ തന്റെ പുത്രനെ കൈകളില്‍വാങ്ങി, അപ്പോള്‍ത്തന്നെ മുലപ്പാലൂട്ടി. മൂന്നു വയസ്സുവരെ അവന്‍ തന്റെ അമ്മയുടെ മുലപ്പാലുണ്ടു വളര്‍ന്നു. അവന്റെ മുലകുടിമാറുന്നതുവരെ അവന്റെയമ്മയും ഫറവോയുടെ കൊട്ടാരത്തിൽ താമസിച്ചു. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നതിന്, അവൾക്കു കൊട്ടാരത്തിൽനിന്നു ശമ്പളം ലഭിച്ചു.

രാജകുമാരി ആ കുഞ്ഞിനെ മോശ എന്നാണു പേരുവിളിച്ചത്. മകളോടുള്ള വാത്സല്യത്താല്‍, ഫറവോ, മോശയെ കൊട്ടാരത്തിൽ വളരാനനുവദിച്ചു. ഒരു രാജകുമാരനുള്ള എല്ലാ അവകാശങ്ങളും ഫറവോ മോശയ്ക്കും നല്കി.

ഇസ്രായേല്യർക്കു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം വധിക്കാന്‍കല്പിച്ച, അതേ ഫറവോയുടെ കൊട്ടാരത്തില്‍, ഫറവോയുടെ പുത്രിയുടെ വളർത്തുപുത്രനായി മോശവളര്‍ന്നു. 

ഫറവോയുടെ കരങ്ങളില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിക്കാന്‍, ദൈവം തെരഞ്ഞെടുത്തവനു വളരാന്‍, അതിനേക്കാള്‍ സുരക്ഷിതമായ മറ്റൊരിടവും ഈജിപ്തിലുണ്ടായിരുന്നില്ല!

അവിടെയവൻ അക്ഷരാഭ്യാസവും ആയുധാഭ്യാസവും നേടി. കുതിര സവാരിയും യുദ്ധമുറകളും പരിശീലിച്ചു. വളർത്തമ്മയ്ക്കു പ്രിയങ്കരനായി,  രാജകുമാരന്മാരിലൊരുവനെപ്പോലെ മോശ വളർന്നു.

കൊട്ടാരത്തിൽ വളരുന്ന സ്വന്തമനുജനെ അകലെനിന്നു കണ്ട്, മിറിയാമും അഹറോനും സ്വന്തം വീട്ടിലും വളർന്നു.
----------------------------------------------------------------
∆പിരമിഡ്

•യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാള്‍ - യാക്കോബിന്റെ(ഇസ്രായേലിന്റെ) പന്ത്രണ്ടുമക്കളില്‍ ജോസഫും റൂബനുമൊഴികെയുള്ള പത്തുപേരുടെയും ജോസഫിന്റെ രണ്ടു പുത്രന്മാരുടെയുംപേരിലാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ അറിയപ്പെടുന്നത്. യാക്കോബിന്റെ മൂത്തപുത്രനായ റൂബന്‍, പിതാവിന്റെ ഉപനാരിമാരില്‍ ഒരുവളുമായി അവിഹിതബന്ധംപുലര്‍ത്തുകയും യാക്കോബ് അതുകണ്ടുപിടിക്കുകയുംചെയ്തതിനാല്‍, റൂബന്‍ ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെടുകയും ജോസഫിനു രണ്ടവകാശം ലഭിക്കുകയുംചെയ്തു. ജോസഫിന്റെ പുത്രന്മാരായ മനാസ്സെ, എഫ്രായിം എന്നിവരുടെ തലമുറകള്‍ രണ്ടു ഗോത്രങ്ങളായി മാറി. ഇസ്രായേല്‍ജനത താന്താങ്ങളുടെ ഗോത്രത്തില്‍പ്പെട്ടവരുമായിമാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂ.

¶ഹെബ്രായഭാഷ സംസാരിക്കുന്നവര്‍ - ഹെബ്രായര്‍ (ഇസായേല്യര്‍)

Sunday 6 August 2017

23. ഇസ്രായേല്‍വംശം

ബൈബിൾക്കഥകൾ 23

ആടുമാടുകളും കഴുതകളും ഒട്ടകങ്ങളുമടക്കം തങ്ങള്‍ക്കുള്ളതെല്ലാം ശേഖരിച്ച്, ഇസ്രായേലും മക്കളും യാത്രയ്ക്കൊരുങ്ങി.

ഫറവോ അയച്ച, ഇരട്ടക്കുതിരകളെപ്പൂട്ടിയ രഥങ്ങളില്‍ അവര്‍ ഇജിപ്തിലേക്കു പുറപ്പെട്ടു. ആടുമാടുകളും കഴുതകളും ഒട്ടകങ്ങളുമായി ദാസന്മാർ പിന്നിൽ നടന്നു. ക്ഷാമവും വരള്‍ച്ചയും കീഴടക്കിയ കാനാന്‍ദേശം അവരുടെ പിന്നില്‍മറഞ്ഞു.

ജോസഫ്, തന്റെ പിതാവിനെ സ്വീകരിക്കാന്‍ ഈജിപ്തിന്റെ അതിര്‍ത്തിയിലെത്തിയിരുന്നു. യാക്കോബും മക്കളും മരുമക്കളും പേരക്കുട്ടികളുമായി അറുപത്തിയാറുപേരടങ്ങുന്ന സംഘത്തെ ജോസഫ് സ്വീകരിച്ചു. അയാള്‍ ഇസ്രായേലിന്റെ കാല്‍ക്കല്‍ വീണുതേങ്ങി.

ഇസ്രായേല്‍ തൻ്റെ പുത്രനെ മാറോടുചേര്‍ത്തു. രണ്ടുപേരും കരഞ്ഞു. കണ്ടുനിന്നവരുടെയെല്ലാം മിഴികളില്‍ നീര്‍മണികളുതിര്‍ന്നു.

ജോസഫിന്റെ ഭാര്യയായ അസ്നയും മക്കളായ മനാസ്സെയും എഫ്രായിമും യാക്കോബിന്റെ കാല്‍തൊട്ടു വന്ദിച്ചു. 

"മരിച്ചുപോയെന്നു ഞാന്‍കരുതിയ എന്റെ ഓമനമകനെ, സര്‍വ്വൈശ്വര്യങ്ങളും അധികാരങ്ങളുമുള്ളവനായും അവന്റെ പിതാവിനെയും സഹോദരങ്ങളെയും താങ്ങുവാന്‍ കരുത്തുള്ളവനായും തിരികെനല്കിയ യഹോവ വാഴ്ത്തപ്പെടട്ടെ!" യാക്കോബു ദൈവത്തെ സ്തുതിച്ചു.

തന്റെ സഹോദരന്മാരില്‍ അഞ്ചുപേരോടൊപ്പം ജോസഫ് ഫറവോയെ മുഖംകാണിച്ചു.

ഫറവോ ജോസഫിനോടു സന്തോഷത്തോടെ പറഞ്ഞു: "നിന്റെ പിതാവും സഹോദരന്മാരും നിന്റെയടുത്തേക്കു വന്നതു സന്തോഷകരംതന്നെ! ഈജിപ്തുദേശംമുഴുവനും നിനക്കധീനമാണ്. നാട്ടില്‍, ഏറ്റവും നല്ലസ്ഥലത്ത് നിന്റെ പിതാവിനെയും സഹോദരന്മാരെയും നിനക്കു പാര്‍പ്പിക്കാം. അവര്‍ ഗോഷെന്‍ദേശത്തു താമസിക്കട്ടെ. അതല്ലേ നല്ലത്? അതല്ലെങ്കില്‍ റംസേസ് പൂര്‍ണ്ണമായും അവര്‍ക്കവകാശമായി നല്കൂ."

ഫറവോ, തന്റെ കാലികളുടെ പരിപാലനച്ചുമതല ജോസഫിന്റെ സഹോദരന്മാരുടെ അധികാരത്തിലാക്കി. 

പിറ്റേന്ന്, ജോസഫ് പിതാവുമായി ഫറവോയുടെ മുമ്പിലെത്തി. ഇസ്രായേല്‍ ഫറവോയെ അനുഗ്രഹിച്ചുകൊണ്ടു പ്രാര്‍ത്ഥിച്ചു.

വൃദ്ധനെങ്കിലും ആരോഗദൃഢഗാത്രനായ യാക്കോബിനോടു ഫറവോ ചോദിച്ചു: " അങ്ങേയ്ക്കിപ്പോള്‍ എത്രവയസ്സുണ്ട്?"

ഇസ്രായേല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: "ജീവിതമെത്ര ഹ്രസ്വമാണ്. എന്റെയീ ദേശാടനജീവിതം ഇപ്പോള്‍ നൂറ്റിമുപ്പതു സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നു! എങ്കിലും കഴിഞ്ഞുപോയ വര്‍ഷങ്ങളെല്ലാം നിമിഷദൈര്‍ഘ്യങ്ങള്‍മാത്രമുള്ള സ്മരണകളായി കണ്‍മുമ്പിലുണ്ട്."

"അങ്ങയുടെ മകനെപ്പോലെതന്നെ എന്നെയും കരുതുക. അങ്ങയ്ക്കിവിടെ ഒന്നിനും കുറവുണ്ടാകുകയില്ല." ഫറവോ ഉറപ്പുനല്കി.

ഒരിക്കല്‍ക്കൂടെ ഫറവോയെ അനുഗ്രഹിച്ച്, ഇസ്രായേല്‍ മടങ്ങി. 

ഈജിപ്തിലെ ഏറ്റവും ഫലപുഷ്ടമായ റംസേസ് പ്രവിശ്യയിലെ ഗോഷന്‍ദേശംമുഴുവന്‍ ജോസഫ് തന്റെ സഹോദരന്മാര്‍ക്കായി നല്കി. 

കാനാന്‍ദേശത്തുനിന്നുവന്ന അറുപത്തിയാറുപേരും ജോസഫ്, ഭാര്യ അസ്നം, മക്കളായ മനാസ്സെ, എഫ്രായിം എന്നിവരുമുള്‍പ്പെടെയുള്ള എഴുപതുപേര്‍ ഇസ്രായേല്‍ജനമെന്നപേരിൽ ഈജിപ്തില്‍ അറിയപ്പെട്ടുതുടങ്ങി.

ക്ഷാമം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരുന്നു. ധാന്യംവാങ്ങാൻ ജനങ്ങളുടെ കൈവശം പണമില്ലാതെയായി. അവര്‍ തങ്ങളുടെ കന്നുകാലികളെയും വയലുകളും ധാന്യത്തിനായി വിറ്റു. ആടുമാടുകള്‍ക്കും കുതിരകള്‍ക്കും കഴുതകള്‍ക്കുംപകരമായി ജോസഫ് അവര്‍ക്കു ധാന്യംനല്കി. വയലുകളെല്ലാം അവന്‍, ഫറവോയുടെപേരില്‍ എഴുതിവാങ്ങി.

ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഈജിപ്തിലെ വയലുകളെല്ലാം ഫറവോയുടെതുമാത്രമായിത്തീർന്നു. 

അപ്പോള്‍ ജോസഫ് ഈജിപ്തിലെങ്ങും ഒരു വിളംബരം പുറപ്പെടുവിച്ചു. 

"ഈജിപ്തിലെ ജനങ്ങള്‍മുഴുവന്‍ അറിയുന്നതിന്, ദൈവകൃപയാല്‍ ഈജിപ്തിന്റെ സിംഹാസനസ്ഥനായ ഫറവോയുടെ വിശ്വസ്തദാസനും ഭരണത്തിലെ രണ്ടാമനുമായ സാഫ്നാത്ത് ഫനായ പുറപ്പെടുവിക്കുന്ന വിളംബരം.... എന്തെന്നാല്‍, ഈജിപ്തിലെ കൊടിയക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പട്ടിണികൂടാതെ, നമ്മള്‍ കടന്നുകൂടി. നമുക്കുചുറ്റുമുള്ളദേശങ്ങളിലെ ജനങ്ങള്‍ക്കും ധാന്യംനല്കാന്‍ ദൈവാനുഗ്രഹത്താല്‍ നമുക്കു സാധിച്ചു. 

ഈജിപ്തിലെ വിളഭൂമികളെല്ലാം ഇപ്പോൾ ഫറവോയുടെ ഉടമസ്ഥതയിലാണ്. അവയില്‍ കൃഷിചെയ്യാനാഗ്രഹിക്കുന്ന ഏവനും അതിനുള്ള പാട്ടാവകാശവും കൃഷിയിറക്കാന്‍ ആവശ്യമായ വിത്തും ഫറവോയുടെ സംഭരണശാലകളില്‍നിന്നു വിതരണംചെയ്യുന്നതാണ്. എന്നാല്‍ ലഭിക്കുന്ന വിളവിന്റെ അഞ്ചിലൊന്ന്, പാട്ടമായി രാജഭണ്ഡാരത്തിലേയ്ക്കടയ്ക്കേണ്ടതാണ്"

ഈജിപ്തിലെ പുരോഹിതന്മാരൊഴികെ തനിക്കും തന്റെ സഹോദരന്മാര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും "അഞ്ചിലൊന്നു ഫറവോയ്ക്ക്'' എന്ന നിയമം ജോസഫ് ബാധകമാക്കി.

ഈജിപ്തില്‍വീണ്ടും സമൃദ്ധിയുടെ നാളുകള്‍ പുലര്‍ന്നു.

കാലം ശരവേഗത്തില്‍പ്പാഞ്ഞു.

യാക്കോബ് മരണത്തിനു കീഴടങ്ങി. ഇസ്രായേലിനോടുള്ള ബഹുമാനാര്‍ത്ഥം, എഴുപതുദിവസങ്ങള്‍ ഈജിപ്തിലെങ്ങും വിലാപകാലമായി ഫറവോ പ്രഖ്യാപിച്ചു.

ഈജിപ്തിലെ ആചാരമനുസരിച്ച്, നാല്പതു ദിവസംകൊണ്ട് ഇസ്രായേലിന്റെ മൃതശരീരം, വൈദ്യന്മാര്‍ മരുന്നുകളും പരിമളദ്രവ്യങ്ങളും പൂശി, നിത്യകാലത്തേക്കു നശിക്കാതിരിക്കുന്നതിനായൊരുക്കി.

വിലാപകാലംകഴിഞ്ഞപ്പോള്‍ യാക്കോബിന്റെ അന്ത്യാഭിലാഷമനുസരിച്ച്, ഫറവോയുടെ അനുമതിയോടെ, മൃതദേഹം മാമ്രേയ്ക്കു കിഴക്ക്, കാനാന്‍ദേശത്തുള്ള മക്‌പെലായില്‍, ഹിത്യനായ എഫ്രോണില്‍നിന്ന്, അബ്രഹാം വാങ്ങിയ ഗുഹയില്‍ സംസ്കരിക്കാനായി കൊണ്ടുപോയി. പിതാക്കന്മാരായ അബ്രാഹാമിനെയും ഭാര്യ സാറയെയും ഇസഹാക്കിനെയും ഭാര്യ റബേക്കയേയും ഇസ്രായേലിന്റെ ഭാര്യ ലെയയേയും സംസ്കരിച്ചത് ആ ഗുഹയില്‍ത്തെന്നെയായിരുന്നു. 

ഫറവോയുടെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ തലവന്മാരും ജോസഫിന്റെ വീട്ടുകാരും സഹോദരന്മാരും രഥങ്ങളും കുതിരക്കാരുമുള്‍പ്പെടെ  വലിയൊരു സംഘമാളുകള്‍ മൃതസംസ്കാരത്തില്‍പ്പങ്കെടുക്കാന്‍ കാനാന്‍ദേശത്തെത്തിയിരുന്നു.

ഋതുക്കള്‍ പലവട്ടം പിന്നെയും മാറിവന്നു. ജോസഫിനെത്തേടിയും വാര്‍ദ്ധക്യമെത്തി. പിതാക്കന്മാരുടെ വഴിയേമടങ്ങാന്‍ തനിക്കുകാലമായെന്നു തിരിച്ചറിഞ്ഞപ്പോള്‍, സ്വന്തംമക്കളായ മനാസ്സെയേയും എഫ്രായിമിനെയും തന്റെ സഹോദരന്മാരുടെ മക്കളെല്ലാവരെയും ജോസഫ് ഒരുമിച്ചു വിളിച്ചുകൂട്ടി.

ജോസഫ് പറഞ്ഞു: "ദൈവമെനിക്കു ദീര്‍ഘായുസ്സു നല്കി. എന്റെ മക്കളുടെ മൂന്നാം തലമുറയിലെ മക്കളെ ഞാന്‍ കണ്ടു. ഇപ്പോള്‍ ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവമൊരിക്കല്‍ നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹാമിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനംചെയ്തനാട്ടിലേക്ക്, അവിടുന്നു നിങ്ങളെ തിരികെക്കൊണ്ടുപോകും. ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, എന്റെ ഭൗതികാവശിഷ്ടങ്ങള്‍, നിങ്ങൾ ഇവിടെനിന്നു കൊണ്ടുപോകണം. പിതാക്കന്മാരെ അടക്കംചെയ്തിടത്ത് എന്നെയുമടക്കംചെയ്യണം"

ഇതു പാലിക്കുമെന്ന്, ‍ജോസഫ് അവരെക്കൊണ്ടു പ്രതിജ്ഞചെയ്യിച്ചു.

മരിക്കുമ്പോള്‍ ജോസഫിനു നൂറ്റിപ്പത്തു വയസ്സുപ്രായമുണ്ടായിരുന്നു. അവന്റെ മരണത്തില്‍ ഈജിപ്തുമുഴുവന്‍ ദുഃഖിച്ചു. ജനങ്ങള്‍ പൊട്ടിക്കരഞ്ഞു. ഈജിപ്തിലെ വൈദ്യന്മാര്‍ ജോസഫിന്റെ മൃതദേഹത്തില്‍ മരുന്നുകളും പരിമളദ്രവ്യങ്ങളും പൂശി. ഇസ്രായേല്‍ജനത പാര്‍ക്കുന്ന ഗാഷാന്‍ദേശത്ത്,ഒരു ശവകുടീരത്തില്‍ ജോസഫിന്റെ ശരീരം സൂക്ഷിച്ചു.

വര്‍ഷങ്ങളായും നൂറ്റാണ്ടുകളായും കാലപ്രവാഹം തുടര്‍ന്നു. ഇസ്രായേല്യര്‍ വലിയൊരു ജനതയായി പെറ്റുപെരുകി. അവര്‍ വളരെയധികം ശക്തിപ്രാപിച്ച്, ഈജിപ്തിലെങ്ങും നിറഞ്ഞു.

ജോസഫിനെക്കുറിച്ചറിയാത്ത ഫറവോമാരുടേയും ജനങ്ങളുടെയും തലമുറകള്‍ കടന്നുവന്നപ്പോഴും, ഈജിപ്തിലെ ദൈവങ്ങളെ ആരാധിക്കാതെ, കർത്താവിനെമാത്രമാരാധിച്ചിരുന്ന ഇസ്രായേല്‍ജനത, മറ്റുള്ളവരില്‍നിന്നു വേര്‍പെട്ടുനിന്നു.