Sunday 15 March 2020

103. കെയ്‌ലാ

ബൈബിൾക്കഥകൾ 103

ദാവീദ്, സാവൂൾരാജാവിൻ്റെ അപ്രീതിസമ്പാദിച്ചെന്നും സാവൂളിനെഭയന്ന് ദാവീദ് ഒളിവിൽക്കഴിയുകയാണെന്നുമറിഞ്ഞപ്പോൾ ഫിലിസ്ത്യർ സന്തോഷിച്ചു. അവർ ഇസ്രയേലിനെ ആക്രമിക്കാൻ തക്കംകൂട്ടി. ഇസ്രയേൽ അതിർത്തിയിലുള്ള കെയ്‌ലാ പട്ടണത്തിലേക്ക് അവർ പടനീക്കമാരംഭിച്ചു

ഫിലിസ്‌ത്യര്‍ കെയ്‌ലാ ആക്രമിക്കുന്നെന്നും കൊയ്തു മെതിക്കളങ്ങളിൽവച്ചിരിക്കുന്ന കറ്റകൾ കവര്‍ച്ചചെയ്യുന്നെന്നും ദാവീദറിഞ്ഞു 

ഫിലിസ്ത്യരെ ചെറുത്ത്, കെയ്ലാ സംരക്ഷിക്കാൻ ദാവീദാഗ്രഹിച്ചു. എന്നാൽ അവൻ്റെ സംഘത്തിലുള്ളവർ അതിനോടു യോജിച്ചില്ല.

:"സാവൂൾരാജാവിനെ ഭയന്നാണു
നമ്മള്‍ യൂദായില്‍ത്തന്നെ കഴിയുന്നത്‌? ഫിലിസ്‌ത്യരെനേരിടാന്‍ കെയ്‌ലായിലേക്കു പോയാലുള്ള അവസ്ഥയെന്താകും? എണ്ണത്തിൽക്കുറവായതിനാൽ, ഒന്നുകിൽ നമ്മൾ ഫിലിസ്ത്യരുടെ കൈയിലകപ്പെടും. അല്ലെങ്കിൽ സാവൂളിൻ്റെ കരങ്ങളിലേല്പിക്കപ്പെടും."

ദാവീദ് പറഞ്ഞു. "മാതൃഭൂമിയെ ശത്രുക്കളാക്രമിക്കുമ്പോൾ നമ്മൾ നിസ്സംഗരായിനിൽക്കുന്നതെങ്ങനെ? സൈനികരുടെ എണ്ണത്താലല്ലാ, കർത്താവിൻ്റെ കൃപയാലാണു യുദ്ധത്തിലെ വിജയംനിർണ്ണയിക്കപ്പെടുന്നത്. നമുക്കു കർത്താവിനോടു പ്രാർത്ഥിക്കാം. അവിടുന്നരുൾചെയ്യുന്നതനുസരിക്കാം."

ദാവീദും അനുചരന്മാരും അഹിമലെക്കിന്റെ പുത്രനായ അബിയാഥറിനൊപ്പം കർത്താവിനോടു പ്രാർത്ഥിച്ചു.

കര്‍ത്താവ്‌ അവർക്കുത്തരം നല്കി: "കെയ്‌ലായിലേക്കു പോകുക. ഫിലിസ്‌ത്യരെ ഞാന്‍ നിങ്ങളുടെ കൈകളിലേല്പിക്കും."

 പിന്നെ വൈകിയില്ല. അനുചരന്മാരായ നാന്നൂറുപേരും കെയ്‌ലായിലേക്കു പുറപ്പെട്ടു. ദാവീദെത്തിയെന്നറിഞ്ഞപ്പോൾത്തന്നെ ഫിലിസ്ത്യസേനയിൽ ഭയമുളവായി. 

കെയ്‌ലാ, ചുറ്റംകോട്ടയും കവാടങ്ങളുമുള്ളൊരു പട്ടണമായിരുന്നു. പ്രധാനകവാടത്തിലൂടെ പട്ടണത്തിലേക്കുകടന്ന
ദാവീദും സംഘവും ശത്രുസൈന്യവുമായി ഏറ്റുമുട്ടി. നിരവധി ഫിലിസ്ത്യർ വധിക്കപ്പെട്ടു. അവശേഷിച്ചവർ പിന്തിരിഞ്ഞോടി. 
ഫിലിസ്ത്യർ അപഹരിച്ചതൊക്കെയും ദാവീദ് തിരികെപ്പിടിച്ചു. ദാവീദിൻ്റെ അനുചരന്മാരിൽ ഒരാൾക്കുപോലും ജീവൻ നഷ്ടപ്പെട്ടില്ല.

ഫിലിസ്ത്യർ ആക്രമണത്തിനെത്തിയെന്നറിഞ്ഞപ്പോൾ
കെയ്‌ലായിലേക്കു പുറപ്പെടാൻ സാവൂൾ സൈന്യത്തെയൊരുക്കി. അപ്പോഴേയ്ക്കും ദാവീദ്‌ കെയ്‌ലാനിവാസികളെ ഫിലിസ്ത്യരിൽനിന്നു രക്ഷിച്ചുവെന്ന് സാവുളറിഞ്ഞു.

അതൊരു സന്തോഷവാർത്തയാണെന്നു സാവൂൾരാജാവിനു തോന്നി. സാവൂൾ ഉന്മാദത്തോടെ ചിരിച്ചു.... 

"ഇതാ, ദൈവമവനെ എന്റെ കൈയിലേല്പിച്ചിരിക്കുന്നു. അവൻ ഇസ്രായേൽജനതയുടെമുമ്പിൽ സാവൂളിനെക്കാൾ കേമനാകാൻശ്രമിച്ചു. എനിക്കുമുമ്പേ കെയ്‌ലായിലെത്തി ഫിലിസ്ത്യരെത്തുരത്തി. എന്നാൽ ഇരിമ്പുവാതിലുകളും ഓടാമ്പലുകളുമുള്ള പട്ടണത്തില്‍പ്രവേശിച്ച്‌, അവന്‍ സ്വയം കുടുങ്ങിയിരിക്കുന്നു..."

കെയ്‌ലായില്‍ച്ചെന്ന്‌ ദാവീദിനെയും കൂട്ടരെയുമാക്രമിക്കാനായി സാവൂൾ സൈന്യവുമായി പുറപ്പെട്ടു. 

യുദ്ധവിജയത്തിനു നന്ദിപറഞ്ഞുകൊണ്ട്,
ദാവീദ്‌ കർത്താവിനോടു പ്രാർത്ഥിച്ചു. 

അഹിമലെക്കിന്റെ പുത്രനായ അബിയാഥറിലൂടെ കർത്താവ് ദാവീദിനോടു പറഞ്ഞു. "നിന്നെപ്രതി, കെയ്‌ലായെ നശിപ്പിക്കാൻ സാവൂൾ നിശ്ചയിച്ചിരിക്കുന്നു. നിന്നെ സാവൂളിൻ്റെ കൈയിലേല്പിക്കാൻ തീരുമാനമെടുത്ത ചിലർ ഈ പട്ടണത്തിലുണ്ട്. അതിനാൽ ഇവിടംവിട്ടു പുറത്തുപോകുക. ഞാൻ നിന്നോടൊപ്പമുണ്ടായിരിക്കും.."

ദാവീദ് കർത്താവിനെയനുസരിച്ചു. തൻ്റെ അനുചരന്മാർക്കൊപ്പം പട്ടണകവാടത്തിൽനിന്നു പുറത്തിറങ്ങി. കെയ്‌ലായിൽനിന്നുള്ള കുറേ ചെറുപ്പക്കാർ ദാവീദിൻ്റെ സംഘത്തിൽച്ചേർന്നതിനാൽ ദാവീദിൻ്റെ അനുചരരന്മാരുടെ എണ്ണം അറുന്നൂറിലധികമായി.

ദാവീദ് കെയ്‌ലായില്‍നിന്നു രക്ഷപെട്ടുവെന്നു സാവൂൾരാജാവറിഞ്ഞു. അതിനാൽ സാവൂളും സംഘവും പാതിവഴിയിൽ യാത്രനിറുത്തി മടങ്ങിപ്പോയി.

ദാവീദ്‌, സിഫ്‌ മരുഭൂമിയിലെ ഹോറെഷ്ക്കുന്നുകളിൽ ഒളിത്താവളംകണ്ടെത്തി. അതറിഞ്ഞ സിഫ് നിവാസികളായ ചിലർ കൊട്ടാരത്തിലെത്തി, സാവൂളിനെ മുഖംകാണിച്ചു. 

"ഞങ്ങളുടെ ഗ്രാമത്തിനുസമീപം ഹോറെഷിലുള്ള കുന്നിൻപ്രദേശത്തുള്ള സങ്കേതങ്ങളില്‍ അങ്ങയുടെ ശത്രുവായ ദാവീദും സംഘവും  ഒളിച്ചുപാർക്കുന്നുണ്ട്. ആകയാല്‍, മഹാരാജാവേ, അങ്ങേയ്ക്കിഷ്‌ടമുള്ളപ്പോള്‍ അവിടേയ്ക്കു വരിക. അവനെ അങ്ങയുടെ കൈയിലേല്പിച്ചുതരുന്നകാര്യം ഞങ്ങളേറ്റിരിക്കുന്നു."

സാവൂള്‍ പറഞ്ഞു: "കര്‍ത്താവു നിങ്ങളെയനുഗ്രഹിക്കട്ടെ! നിങ്ങള്‍ക്ക്‌, എന്നോടു ദയതോന്നാനിടയായല്ലോ. നിങ്ങള്‍പോയി സൂക്ഷ്‌മമായന്വേഷിക്കുവിന്‍. അവന്റെ ഒളിസ്‌ഥലം കൃത്യമായി മനസ്സിലാക്കണം. അവന്‍ വലിയ തന്ത്രശാലിയാണെന്നോർമ്മവേണം. അതിനാൽ അവനു സംശയംതോന്നാത്തവണ്ണം വിവരങ്ങൾ ശേഖരിക്കണം
അവന്റെ ഒളിസ്ഥലങ്ങളെല്ലാം കണ്ടുപിടിച്ചതിനുശേഷം തിരികെവന്ന് എന്നെയറിയിക്കുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടെ വരാം." 

സിഫിൽനിന്നു വന്നവർക്കു് കൈനിറയെ സമ്മാനങ്ങൾ നല്കി, സാവൂളവരെ യാത്രയാക്കി.

ജോനാഥാന്‍ ഹോറെഷിലെത്തി ദാവീദിനെക്കണ്ടു. സിഫ് നിവാസികളുടെ സഹായത്തോടെ ദാവീദിനെപ്പിടികൂടാൻ സാവൂൾരാജാവു തയ്യാറാക്കുന്ന പദ്ധതിയെക്കുറിച്ച് അവൻ ദാവീദിനെയറിയിച്ചു.

"ഭയപ്പെടേണ്ട, എന്റെ പിതാവിനു നിന്നെ പിടികിട്ടുകയില്ല. നീ ഇസ്രായേലിന്റെ രാജാവാകുമെന്നതു കർത്താവിൻ്റെ നിശ്ചയമാണ്. ഞാന്‍ നിനക്കു രണ്ടാമനായിരിക്കും. എന്റെ പിതാവിനുമിതറിയാം. എന്നിട്ടും നിന്നെയില്ലാതാക്കാൻ ശ്രമിക്കുമ്പോൾ, കർത്താവിനെതിരായാണു പടവെട്ടുന്നതെന്നുതിരിച്ചറിയാൻ അദ്ദേഹത്തിനു കഴിയുന്നില്ല."

കര്‍ത്താവിന്റെ സന്നിധിയില്‍ ജോനാഥനും ദാവീദും തങ്ങളുടെ ഉടമ്പടി പുതുക്കി. ജോനാഥാന്‍ കൊട്ടാരത്തിലേക്കു തിരിച്ചുപോയി. 

ദാവീദും സംഘവും അന്നുതന്നെ സിഫിൽനിന്ന്, അരാബായിലെ മാവോന്‍മരുഭൂമിയിലേക്കു പോയി. 

സാവൂൾ സൈന്യസമേതം സിഫിലേക്കു പുറപ്പെട്ടു. പാതിദൂരമെത്തിയപ്പോൾ, ദാവീദ് അരാബായിലേക്കു രക്ഷപ്പെട്ടെന്ന വിവരം സാവൂളറിഞ്ഞു. അതിനാൽ അവർ അരാബായിലേക്കു തിരിച്ചു.

പതിനായിരക്കണക്കിനംഗബലമുള്ള ഇസ്രായേൽസൈന്യം തങ്ങളുടെനേരേ വരുന്നത്, മാവോൻമരുഭൂമിയിലെ പാറക്കെട്ടുകൾക്കിടയിലെ ഒളിയിടങ്ങളിലിരുന്ന ദാവീദും സംഘവും കണ്ടു. സാവൂളിൻ്റെയും സൈന്യത്തിൻ്റെയും ദൃഷ്ടിയിൽപ്പെടാതെ, അവർ മലയുടെ മറുവശത്തേക്കിറങ്ങി. 

സാവൂളും സൈന്യവും മലയുടെ താഴ്വാരത്തിലെത്തി. ദാവീദ്, പാറക്കെട്ടിൻ്റെ ഒരു വശത്തും സാവൂൾ അതിന്റെ മറുവശത്തുമായി. 

സാവൂളിൻ്റെ സംഘത്തിലെ ആരുടെയെങ്കിലും കണ്ണിൽപ്പെട്ടാൽ മുഴുവൻപേരും പിടിക്കപ്പെടുമെന്നുറപ്പായിരുന്നതിനാൽ ദാവീദും കൂട്ടരും ജാഗ്രതയോടെ നിലയുറപ്പിച്ചു.

Sunday 8 March 2020

102.പുരോഹിതരുടെ രക്തം

ബൈബിൾക്കഥകൾ 102

സാമുവൽപ്രവാചകന്റെ സമീപമെത്തിയ സാവൂൾ, പ്രവാചകനോടൊപ്പം പ്രാർത്ഥിക്കുകയും പ്രവചിക്കുകയുംചെയ്തു.  ദാവീദിനെ ഉപദ്രവിക്കില്ലെന്ന്, പ്രവാചകനു സാവൂൾ വാക്കുകൊടുത്തു. ദാവീദിനെയന്വേഷിച്ചുപോയ മുഴുവൻ സൈനികരോടുമൊപ്പം സാവൂൾ കൊട്ടാരത്തിലേക്കുമടങ്ങി.

എന്നാൽ ജറുസലേമിൽ മടങ്ങിയെത്തുന്നതിനുമുമ്പേ സാമുവേൽപ്രവാചകനു സാവൂൾനല്കിയ ഉറപ്പെല്ലാം കാറ്റിൽപ്പറന്നിരുന്നു. ദാവീദ് ജോനാഥനെ വന്നുകണ്ടുവെന്നും ജോനാഥൻ അവനെ സഹായിച്ചെന്നും സാവൂളറിഞ്ഞു. അയാൾ കോപാക്രാന്തനായി.

സാവൂൾ ജോനാഥനോടു കയർത്തു: "നീ നിൻ്റെ പിതാവിനെതിരായി, ജസ്സെയുടെ പുത്രന്റെ പക്ഷംചേര്‍ന്നിരിക്കുന്നോ? ഒന്നോർത്തോളൂ...
അവന്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം നിനക്കു രാജാവാകാനോ ബഞ്ചമിൻഗോത്രത്തിൻ്റെ രാജത്വം നിലനിർത്താനോ സാധിക്കില്ല. അതുകൊണ്ട്‌, നീതന്നെ അവനെ ആളയച്ചുവിളിച്ച് എന്റെയടുത്തുകൊണ്ടു വരൂ. അവന്‍ മരിക്കേണ്ടവനാണ്..."

ജോനാഥാന്‍ചോദിച്ചു: "എന്തിനവനെ വധിക്കണം? എന്താണവൻചെയ്‌ത കുറ്റം?"

ആ ചോദ്യത്തിനുത്തരംനല്കുന്നതിനു പകരം സാവൂള്‍ ജോനാഥാനെക്കൊല്ലാന്‍ അവന്റെനേരേ കുന്തമെറിഞ്ഞു. 

ജോനാഥൻ അതിൽനിന്നൊഴിഞ്ഞുമാറി. അവിടെനിന്നോടി രക്ഷപ്പെട്ടു.

ദാവീദ്‌ നോബിൽ, അഹിമലേക്കിൻ്റെയടുത്തുനിന്നു പുറപ്പെട്ട്,, വനത്തോടുചേർന്നു സ്ഥിതിചെയ്യുന്ന അദുല്ലാംപ്രദേശത്തെ വിശാലമായൊരു ഗുഹയിലെത്തി. 

ദാവീദിൻ്റെ വിശ്വസ്തരായ ചില ഭടന്മാരും അവൻ്റെ മാതാപിതാക്കളും സഹോദരന്മാരുമടക്കമുള്ള കുടുംബംമുഴുവനും അവിടെ അവനെക്കാത്തിരിപ്പുണ്ടായിരുന്നു

തനിക്കൊപ്പം ചേർന്നവരെ അദുല്ലാം ഗുയിൽനിറുത്തി, ദാവീദ്‌,  മൊവാബിലുള്ള മിസ്‌പേയിലെത്തി, മൊവാബുരാജാവിനോടു സഹായമപേക്ഷിച്ചു.

 "എൻ്റെയും കുടുംബാംഗങ്ങളുടേയും ജീവരക്ഷയ്ക്കായി, സ്വന്തദേശത്തുനിന്ന് എനിക്കു പലായനംചെയ്യേണ്ടതായിവന്നിരിക്കുന്നു. എന്റെ പ്രപിതാമഹി മൊവാബ്യവംശജയായതിനാൽ മൊവാബ്യരുടെ അധിപനായ അങ്ങേയ്ക്കുമുമ്പിൽ സഹായത്തിനായി ഞാൻ ശിരസ്സുനമിക്കുന്നു.

ദൈവം എനിക്കുവേണ്ടി എന്താണുചെയ്യാന്‍പോകുന്നതെന്നറിയുന്നതുവരെ എന്റെ മാതാപിതാക്കളേയും ബന്ധുക്കളായ സ്ത്രീകളേയും ബാലകരേയും അങ്ങയുടെ സംരക്ഷണത്തിൽക്കഴിയാൻ അനുവദിക്കണം."

മൊവാബുരാജാവ് ദാവീദിൻ്റെ സഹായാഭ്യർത്ഥന സ്വീകരിച്ചു. യുദ്ധംചെയ്യാൻ പ്രാപ്തരായ പുരുഷന്മാരൊഴികെ എല്ലാവരേയും മൊവാബുരാജാവിൻ്റെ സംരക്ഷണയിലേല്പിച്ചു. 

ദാവീദും അനുചരന്മാരും അദുല്ലാംഗുഹയിൽത്തന്നെ താമസിച്ചു. യുദ്ധംചെയ്യാൻശക്തരായ. നാനൂറോളംപേര്‍ ആ സംഘത്തിലുണ്ടായിരുന്നു.

ഏദോമ്യനായ ദോയെഗ്‌ സാവൂൾരാജാവിനെ മുഖം കാണിച്ചു അവൻ സാവൂളിനോടു പറഞ്ഞു: "ജസ്സെയുടെ മകനെ ഞാന്‍ കണ്ടു. നോബിലെ ദേവാലയത്തില്‍, പുരോഹിതനായ അഹിമലെക്കിന്റെയടുത്ത് അവനുണ്ടായിരുന്നു. അഹിമലെക്ക്‌ അവനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു; അവനു ഭക്ഷണവും  ഗോലിയാത്തിന്റെ വാളും കൊടുത്തു."

സാവൂൾ അഹിമലെക്കിനെയും അവന്റെ കുടുംബാംഗങ്ങളേയും നോബിലുള്ള എല്ലാ പുരോഹിതന്മാരെയും ആളയച്ചു കൊട്ടാരത്തിലേക്കുവരുത്തി. 

സാവൂള്‍രാജാവ്  അഹിമലെക്കിനോടു
പറഞ്ഞു: "അഹിത്തൂബിന്റെ പുത്രാ, നീയും ജസ്സെയുടെ മകനുംചേർന്ന് എനിക്കെതിരായി ഗൂഢാലോചനനടത്തിയതെന്തിന്? അവനു നീ അപ്പവും വാളുംകൊടുക്കുകയും അവനുവേണ്ടി കര്‍ത്താവിനോടു പ്രാർത്ഥിക്കുകയുംചെയ്‌തില്ലേ? അതുകൊണ്ടല്ലേ, അവന്‍ എനിക്കെതിരായി പ്രവര്‍ത്തിക്കുന്നത്‌?"

അഹിമലെക്ക്‌ മറുപടി പറഞ്ഞു: "മഹാരാജാവേ, അങ്ങയുടെ ഈ ദാസൻ്റേയോ കുടുംബാംഗങ്ങളുടേയോ ഈ പുരോഹിതരുടേയേമേൽ ഗൂഢാലോചനക്കുറ്റമാരോപിക്കരുതേ...!

ദാവീദ് അങ്ങയുടെ മരുമകനും സഹസ്രാധിപനും ഇസ്രായേലിൽ സർവ്വർക്കുമാദരീയണനുമല്ലേ? പുരോഹിതരായ ഞങ്ങൾ,
അവനുവേണ്ടി മുമ്പും കർത്താവിൻ്റെ ഹിതമാരാഞ്ഞിട്ടുണ്ടെന്ന് അങ്ങേയ്ക്കറിവുള്ളതാണല്ലോ. 
അങ്ങയുടെ സേവകന്മാരില്‍ ദാവീദിനെപ്പോലെ വിശ്വസ്‌തനായി വേറെയാരാണുള്ളത്? എന്നാലവനിപ്പോൾ അങ്ങേയ്ക്കെതിരാണെന്ന് ഈ ദാസനറിഞ്ഞിരുന്നില്ല."

രാജാവ്‌ പറഞ്ഞു: "ഹിത്യനായ ദോയഗ് നിന്നെക്കുറിച്ചു പറഞ്ഞതെല്ലാം സത്യമാണെന്ന് നീതന്നെ ഇപ്പോൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. രാജദ്രോഹികൾക്കുള്ള ശിക്ഷയെന്തെന്ന് ഇസ്രായേലിൽ എല്ലാവരുമറിയണം; അഹിമലെക്ക്‌, നീയും നിന്റെ കുടുംബവും മരിക്കണം..."

മറ്റു പുരോഹിതന്മാർക്കും സാവൂൾ വധശിക്ഷതന്നെ വിധിച്ചു. അടുത്തുനിന്ന അംഗരക്ഷകനോട് അവനാജ്ഞാപിച്ചു:  
"ഈ പുരോഹിതന്മാരെയെല്ലാം ഇപ്പോൾത്തന്നെ വധിക്കുക. അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നു. അവന്‍ ഒളിച്ചോടിയതറിഞ്ഞിട്ടും അവരിലൊരുവൻപോലും അതെന്നെറിയിച്ചില്ല." 

എന്നാല്‍ കര്‍ത്താവിന്റെ പുരോഹിതന്മാരുടെമേല്‍ കൈവയ്‌ക്കാന്‍ രാജഭൃത്യന്മാർ ഭയന്നു. സാവൂൾരാജാവ്‌ കൂടുതൽ കോപിഷ്ടനായി. അവൻ ദോയെഗിനോടു കല്പിച്ചു: ''നീതന്നെ ഈ പുരോഹിതന്മാരെ വധിക്കുക."
ദോയെഗ്‌ രാജകല്പന നിറവേറ്റി.. അഹിമലേക്കിൻ്റെ കുടുംബാംഗങ്ങളടക്കം എണ്‍പത്തഞ്ചുപേർ അന്നവൻ്റെ വാളിനിരയായി.

അഹിമലെക്കിന്റെ പുത്രന്മാരിലൊരുവനായ അബിയാഥര്‍ അന്നു സ്ഥലത്തുണ്ടായിരുന്നില്ല. തൻ്റെ കുടുംബത്തിൻ്റെ ദുര്യോഗമറിഞ്ഞ അബിയാഥർ ദാവീദിൻ്റെപക്കൽ അഭയംതേടി.

കുറച്ചുദിനങ്ങൾക്കപ്പുറം
പ്രവാചകനായ ഗാദ്‌, അദുല്ലാംഗുഹയിലെത്തി. ഗാദ് ദാവീദിനോടു പറഞ്ഞു: "നിൻ്റെ ഒളിസങ്കേതത്തില്‍നിന്നു പുറത്തിറങ്ങി, യൂദാദേശത്തേക്കു പോവുക. കർത്താവ് നിന്നോടുകൂടെയുണ്ടായിരിക്കും" 

പ്രവാചകനിലൂടെ സംസാരിച്ച കർത്താവിൻ്റെ വാക്കുകൾ ദാവീദനുസരിച്ചു അവൻ തൻ്റെ അനുയായികൾക്കൊപ്പം യൂദായിലെ ഹേരെത്ത് എന്ന വനപ്രദേശത്തെത്തി.

Sunday 1 March 2020

101. പലായനം

ബൈബിൾക്കഥകൾ 101

ദാവീദിനെ പിടികൂടാനെത്തിയ ഭടന്മാർ, റാമാപട്ടണത്തിലെ നയോത്തിൽ, സാമുവേൽപ്രവാചകന്റെ ഭവനത്തിലെത്തി. സാമുവൽ അവർക്കായി പ്രാർത്ഥിച്ചു. അവരിൽ ദൈവാത്മാവു നിറഞ്ഞപ്പോൾ അവർക്കു രാജശാസനത്തെ അവഗണിക്കാനുള്ള ധൈര്യമുണ്ടായി. അവർ പ്രവാചകനോടൊപ്പം താമസിച്ചു.

ആദ്യസംഘം തിരികെയെത്താതായപ്പോൾ, സാവൂൾ വീണ്ടും ഭടന്മാരുടെ ഒരു സംഘത്തെക്കൂടെ അയച്ചു. അവരും ദാവീദിനെ ബന്ധിക്കുകയോ സാമുവൽപ്രവാചകന്റെയടുത്തുനിന്നു മടങ്ങിപ്പോകുകയോ ചെയ്തില്ല.

മൂന്നാമത്തെ സംഘവും ആദ്യരണ്ടു സംഘങ്ങളെപ്പോലെതന്നെ തിരികെയെത്താതായപ്പോൾ, മറ്റൊരു സംഘത്തെ നയിച്ചുകൊണ്ട്, സാവൂൾനേരിട്ട് നയോത്തിലേക്കു തിരിച്ചു.

സാവൂൾ നയോത്തിലേക്കുതിരിച്ചെന്നറിഞ്ഞപ്പോൾ, ദാവീദ്, മറ്റൊരു വഴിയിലൂടെ ബത്ലഹേമിലെത്തി, ജോനാഥനെക്കണ്ടു.

ജോനാഥാനും ദാവീദും പരസ്‌പരം ആലിംഗനംചെയ്തു. ദാവീദിനു പരിസരബോധംവരുന്നതുവരെ അവര്‍ കരഞ്ഞു.

ജോനാഥാന്‍ അവനോടു പറഞ്ഞു:  "എന്റെ പിതാവു നിന്നോടു ശത്രുതകാട്ടുന്നതെന്തിനാണെന്നെനിക്കറിയില്ല. രാജസിംഹാസനം എന്നെ ഭ്രമിപ്പിക്കുന്നുമില്ല. എന്റെ പിതാവിനുശേഷം ഇസ്രായേലിന്റെ സിംഹാസനാവകാശിയായി കർത്താവു നിന്നെയാണു നിശ്ചയിച്ചിരിക്കുന്നതെങ്കിൽ അതു തടയാൻ ഞാനാരാണ്? കര്‍ത്താവ്‌ ദാവീദിന്റെ ശത്രുക്കളെയെല്ലാം ഭൂമുഖത്തുനിന്ന്‌ ഉന്മൂലനംചെയ്യുമ്പോള്‍ ജോനാഥാന്റെയും സാവൂളിന്റെയും നാമങ്ങൾ ഇസ്രായേലിൽനിന്നു വിച്ഛേദിക്കപ്പെടാതിരിക്കട്ടെയെന്നുമാത്രം ഞാൻ പ്രാർത്ഥിക്കുന്നു! 

നീ സമാധാനത്തോടെ പോവുക; കര്‍ത്താവ്‌, എനിക്കും നിനക്കും എന്റെ സന്തതികള്‍ക്കും നിന്റെ സന്തതികള്‍ക്കുംമദ്ധ്യേ എന്നും സാക്ഷിയായിരിക്കട്ടെയെന്ന്, കര്‍ത്താവിന്റെ നാമത്തില്‍ നമ്മൾ സത്യംചെയ്‌തിട്ടുള്ളതല്ലേ? എന്റെ ഹൃദയം എപ്പോഴും നിന്നോടൊപ്പമുണ്ടായിരിക്കും."

ഒരിക്കൽക്കൂടെ ദാവീദിനെ ആലിംഗനംചെയ്തശേഷം ജോനാഥാന്‍ ജറുസലേമിലേക്കു മടങ്ങിപ്പോയി.

തന്റെ സൈനികദളത്തിൽപ്പെട്ട വിശ്വസ്തരായ ചില സൈനികരോട് ഗത്ത് രാജ്യവുമായുള്ള ഇസ്രയേലിന്റെ അതിർത്തിയായ നോബ് ഗ്രാമത്തിലെത്താൻ ഏർപ്പാടുചെയ്തശേഷം ദാവീദ് ബത്ലഹേമിൽനിന്നു യാത്രയായി.

അന്നുതന്നെ ദാവീദ്, ഗത്ത് അതിർത്തിയിലെത്തി. എന്നാലവിടെ മറ്റൊരു ദുർവിധി അവനെക്കാത്തിരിക്കുന്നുണ്ടായിരുന്നു. ഗത്ത്‌ രാജാവായ അക്കീഷിന്റെ ഭടന്മാരുടെ കൈകളിൽ അവനകപ്പെട്ടു.

അക്കീഷിന്റെ ഭടന്മാര്‍തമ്മിൽ പറഞ്ഞു: "ഇവൻ ദാവീദല്ലേ? '.'സാവൂള്‍ ആയിരങ്ങളെക്കൊന്നു; ദാവീദോ, പതിനായിരങ്ങളെയു'മെന്ന്‌ ഇസ്രായേൽക്കാർ പാടി  നൃത്തംചെയ്‌തത്‌ ഇവനെക്കുറിച്ചല്ലേ?"

അവരവനെ ബന്ധിച്ച്, ഗത്തിലെ രാജാവായ അക്കീഷിന്റെ കൊട്ടാരത്തിലെത്തിച്ചു. രാജസന്നിധിയിലെത്തിയപ്പോൾ, ദാവീദ് താടിയിലൂടെ തുപ്പലൊലിപ്പിച്ചു. പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും ഭ്രാന്തനെപ്പോലെ ചിരിക്കുകയുംചെയ്തു. 

അക്കീഷിന്റെ ചോദ്യങ്ങൾക്ക്, ഭ്രാന്തമായ മറുപടികളാണു ദാവീദ് നല്കിയത്. അവൻ രാജാവിനുമുമ്പിൽ ചിരിക്കുകയും കരയുകയുംചെയ്തു. തറയിൽക്കിടന്നുരുണ്ടു.

അക്കീഷ്‌ ഭൃത്യന്മാരോടു ചോദിച്ചു: "ഇവന്‍ ഭ്രാന്തനാണെന്നു നിങ്ങള്‍ കാണുന്നില്ലേ? എന്റെ മുമ്പിൽ ഭ്രാന്തുകളിപ്പിക്കാന്‍ ഇവനെയെന്തിനിവിടെ കൊണ്ടുവന്നു? ഗത്തിൽ ഭ്രാന്തന്മാർക്കു കുറവുണ്ടോ?"

അക്കീഷിന്റെ കല്പനപ്രകാരം ഭടന്മാരവനെ അതിർത്തിയിലേക്കു തിരികെക്കൊണ്ടുപോയി. ഗത്തിന്റെ അതിർത്തിയിൽനിന്നു നോബിലേക്കോടിച്ചു.

അവൻ നോബില്‍, പുരോഹിതനായ അഹിമലെക്കിന്റെയടുത്തെത്തി. 

ദാവീദിനെക്കണ്ടപ്പോൾ അഹിമലെക്ക്‌ അവനെയെതിരേറ്റു 

"അങ്ങെന്താണു തനിച്ചു.വന്നിരിക്കുന്നത്? എന്തെങ്കിലും രഹസ്യദൗത്യമുണ്ടോ?"

ദാവീദ്‌ പറഞ്ഞു: "അതേ. മറ്റാരുമറിയാതെ ചെയ്യേണ്ട ഒരു ദൗത്യം രാജാവ് എന്നെയേല്പിച്ചിരിക്കുന്നു. എന്റെ ഭടന്മാരോട് ഇവിടെയടുത്തൊരു സ്ഥലത്തു കാത്തുനില്ക്കാൻ ഞാൻ കല്പിച്ചിട്ടുണ്ട്. 

രഹസ്യമായ യാത്രയായതിനാൽ ഒരിടത്തുനിന്നും ഭക്ഷണംകഴിക്കാൻ സാധിച്ചില്ല. അങ്ങയുടെ കൈവശമുണ്ടെങ്കിൽ അഞ്ചപ്പം എനിക്കുതരിക; ഇല്ലെങ്കില്‍, ഉള്ളതു തരിക."

അഹിമലേക്ക് പറഞ്ഞു: "കർത്താവിനർപ്പിച്ച വിശുദ്ധയപ്പമല്ലാതെ സാധാരണയപ്പമൊന്നും എന്റെ കൈവശമില്ല. അതുകൊണ്ട്, ഞാൻ പറയുന്നതു ക്ഷമിക്കണം, അങ്ങയും ഭൃത്യന്മാരും സ്‌ത്രീകളില്‍നിന്നകന്നുനിന്നവരാണെങ്കില്‍മാത്രമേ അതു തരാനാകൂ."

"സത്യമായും യാത്രപോകുമ്പോഴൊക്കെ ഞങ്ങള്‍ സ്‌ത്രീകളില്‍നിന്നകന്നിരിക്കും. സാധാരണയാത്രയില്‍പ്പോലും ഞാനുമെന്റെ ഭടന്മാരും ശുദ്ധിയുള്ളവയായിരിക്കും. ഈ യാത്രയാകട്ടെ അത്യന്തം പ്രധാനപ്പെട്ടതാണ്" ദാവീദ് മറുപടി നല്കി.
പുരോഹിതന്‍ ദാവീദിനു വിശുദ്ധയപ്പം കൊടുത്തു. 

സാവൂളിന്റെ വിശ്വസ്തനും കൊട്ടാരത്തിലെ ആടുമാടുകളുടെ പരിപാലനച്ചുമതലയുള്ളവനുമായ ദോയഗ് അപ്പോൾ അവിടെയെത്തി. സാവൂൾ ദാവീദിനെ വധിക്കാനായി അന്വേഷിക്കുന്നത് അവനറിയാമായിരുന്നു. 

പുരോഹിതനായ അഹിമലേക്ക് ദാവീദുമായി സംസാരിക്കുന്നതുകണ്ടപ്പോൾ, അയാൾ ദാവീദിനെ രഹസ്യമായി സഹായിക്കുന്നുണ്ടെന്നു ദോയഗിനുതോന്നി. അയാൾ മറഞ്ഞുനിന്ന് അഹിമലേക്കിനേയും ദാവീദിനേയും നിരീക്ഷിച്ചു.

ദാവീദ് അഹിമലേക്കിനോടു പറഞ്ഞു: "അങ്ങെനിക്ക് ഒരു സഹായംകൂടെ ചെയ്യണം അങ്ങയുടെ കൈവശം ആയുധങ്ങളെന്തെങ്കിലുമുണ്ടോ?  തിടുക്കത്തില്‍ പുറപ്പെട്ടപ്പോൾ എന്റെ ആയുധങ്ങളെടുക്കാൻ മറന്നുപോയി."

 "ഏലാതാഴ്‌വരയില്‍വച്ചുണ്ടായ യുദ്ധത്തിൽ അങ്ങു വധിച്ച ഗോലിയാത്തിന്റെ വാള്‍ ഇവിടെയുണ്ട്. അതു വേണമെങ്കില്‍ അങ്ങേയ്ക്കെടുക്കാം. മറ്റായുധങ്ങളൊന്നും ഇവിടെയില്ല."

ഞാൻ ആദ്യം വധിച്ച ശത്രുവിന്റെ വാൾ.. അതുപയോഗിച്ചുതന്നെയാണു ഞാനാ മല്ലന്റെ കഴുത്തരിഞ്ഞത്. അതിനേക്കാൾ നല്ലൊരായുധം എനിക്കു കിട്ടാനുണ്ടോ?"

ആ വാൾ ദാവീദ് ഏറ്റുവാങ്ങി. അവിടെനിന്നു തന്റെ സൈനികർ കാത്തുനില്ക്കുന്നിടത്തേക്കു യാത്രയായി. 

ദാവീദും അഹിമലെക്കുംതമ്മിൽ സംസാരിച്ചതെന്തെന്നു മനസ്സിലായില്ലെങ്കിലും പുരോഹിതൻ ദാവീദിനു ഭക്ഷണവും വാളും നല്കുന്നതു ദോയെഗ്‌ കണ്ടു. 

സാവൂളിനെ വിവരമറിയിക്കാൻ അവൻ അപ്പോൾത്തന്നെ അവിടെനിന്നു പുറപ്പെട്ടു.