Sunday 31 December 2017

44. പന്ത്രണ്ടു ചാരന്മാര്‍

ബൈബിള്‍ക്കഥകള്‍ - 44

സ്രയേൽസമൂഹം മുഴുവൻ പശ്ചാത്താപത്തോടെ കര്‍ത്താവിനു മുമ്പില്‍ സാഷ്ടാംഗംവീണ്, കരഞ്ഞുപ്രാർത്ഥിച്ചു. ജനങ്ങൾ മാനസാന്തരപ്പെട്ടെന്നുകണ്ടപ്പോൾ കര്‍ത്താവു മഹാമാരി പിന്‍വലിച്ചു. 

മഹാമാരിയില്‍പ്പെട്ടു മരിച്ചവരെ മരുഭൂമിയില്‍ത്തന്നെ സംസ്കരിച്ചു. അത്യാഗ്രഹികളെ സംസ്കരിച്ച സ്ഥലം എന്നയർത്ഥത്തിൽ ആ സ്ഥലത്തിനു കിബ്രോത്ത് ഹത്താവ എന്നു മോശ പേരിട്ടു. 

മരിച്ചവരെക്കുറിച്ചുള്ള വിലാപകാലംകഴിയുന്നതുവരെ അവർ കിബ്രോത്ത് ഹത്താവയില്‍ത്തന്നെ താമസിച്ചു. മഹാമാരിയിൽനിന്നു സൗഖ്യംപ്രാപിച്ചവർക്ക് അതു നല്ലൊരു വിശ്രമകാലമായി. അവർ യാത്രചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തു.

കര്‍ത്താവിന്റെ മേഘം സമാഗമകൂടാരത്തില്‍നിന്നു വീണ്ടുമുയര്‍ന്നു. ഇസ്രായേല്‍ജനം തങ്ങളുടെ യാത്ര പുനരാരംഭിച്ചു. കുറച്ചുദിവസങ്ങളിലെ തുടർച്ചയായ യാത്ര, അവരെ ഹസറോത്ത് എന്ന സ്ഥലത്തെത്തിച്ചു. ഇസ്രായേൽ അവിടെത്താവളമടിച്ചു.

മോശയ്ക്ക്, സിപ്പോറയെക്കൂടാതെ കുഷ്യവംശജയായ ഒരു ഭാര്യകൂടെയുണ്ടായിരുന്നു. ഹസറോത്തിൽവച്ച്,
അഹറോൻ്റെ സഹോദരിയായ മിരിയാം അവളുമായിപ്പിണങ്ങി. വിജാതീയസ്ത്രീയായ അവളെയും അവളെപ്രതി, മോശയേയും മിരിയാം പരിഹസിച്ചുസംസാരിച്ചു. അഹറോൻ, മിരിയാമിൻ്റെ വാക്കുകൾകേട്ടെങ്കിലും സഹോദരിയെ തടയുകയോ ശാസിക്കുകയോചെയ്തില്ല.

മോശയ്ക്കെതിരായ പരിഹാസവാക്കുകൾ കർത്താവിൻ്റെ സന്നിധിയിലെത്തി.

കര്‍ത്താവു മേഘസ്തംഭത്തിലിറങ്ങിവന്ന്, സമാഗമകൂടാരവാതില്‍ക്കല്‍നിന്നു. അവിടുന്നു മിരിയാമിനെയും അഹറോനെയും വിളിച്ചു. അവര്‍ മുന്നോട്ടുചെന്നപ്പോള്‍ കർത്താവവരോടു സംസാരിച്ചു: 

"നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാൻ, ദര്‍ശനങ്ങളിലൂടെ അവനെന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയുംചെയ്യും. 

എന്നാൽ, എന്‍റെ ദാസനായ മോശയുടെകാര്യത്തില്‍ അങ്ങനെയല്ല. എന്‍റെ ജനത്തിന്‍റെ മുഴുവന്‍ചുമതലയും ഞാൻ അവനെയേല്പിച്ചിരിക്കുന്നു. ദർശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയുമല്ലാ,  സ്പഷ്ടമായി, മുഖാഭിമുഖം ഞാനവനുമായി  സംസാരിക്കുന്നു. അവന്‍ എന്‍റെ രൂപം കാണുകയുംചെയ്യുന്നു. എന്നിട്ടും എന്‍റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടതെങ്ങനെ?"

മിരിയാമും അഹറോനും നിശബ്ദരായി നിന്നു. കര്‍ത്താവിന്‍റെ കോപം, അവര്‍ക്കെതിരേ ജ്വലിച്ചു. അവിടുത്തെ മഹത്വം അവരെവിട്ടുപോയി. കര്‍ത്താവിന്‍റെ മേഘം കൂടാരത്തിനു മുകളില്‍നിന്നു നീങ്ങിയപ്പോള്‍ മിരിയാം കുഷ്ഠംബാധിച്ച്, മഞ്ഞുപോലെ വെളുത്തു. അവളെക്കണ്ട അഹറോന്‍ നടുങ്ങിപ്പോയി.
     
അഹറോന്‍ മോശയുടെ കാല്‍ക്കല്‍വീണു. "പ്രഭോ, ഞങ്ങള്‍ ബുദ്ധിഹീനമായിട്ടാണു പ്രവര്‍ത്തിച്ചത്; ഞങ്ങളോടു ക്ഷമിക്കണേ...! ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ! കുഷ്ഠരോഗംബാധിച്ച്, ശരീരം മുഴുവനഴുകി, പാതിജീവനോടെകഴിയുന്ന അവസ്ഥയിലേയ്ക്ക് എന്‍റെ സഹോദരിയെ തള്ളരുതേ...."  

മോശ കര്‍ത്താവിനോടു നിലവിളിച്ചു പ്രാർത്ഥിച്ചു: "കര്‍ത്താവേ, ഞാന്‍ കേണപേക്ഷിക്കുന്നു, അവളെ സുഖപ്പെടുത്തണമേ!"
   
കര്‍ത്താവു മോശയോടു പറഞ്ഞു: "ഏഴുദിവസം അവളെ പാളയത്തിനു പുറത്തു പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം. അപ്പോള്‍ അവള്‍ സൗഖ്യംപ്രാപിച്ചിരിക്കും."    

മിരിയാമിനെ ഏഴുദിവസത്തേക്കു പാളയത്തില്‍നിന്നു പുറത്താക്കി. പാളയത്തിൽനിന്നകലെയായി അവൾക്കായൊരു കൂടാരമൊരുക്കി. അവളെ, തിരികേ ഇസ്രായേൽപ്പാളയത്തിന്നകത്തു പ്രവേശിപ്പിക്കുന്നതുവരെ, ജനങ്ങളെല്ലാം താന്താങ്ങളുടെ  കൂടാരങ്ങളിൽത്തന്നെ കഴിഞ്ഞു. ഏഴുദിവസങ്ങൾക്കുശേഷം മിരിയാം പൂർണ്ണസൗഖ്യം നേടി

അന്നുതന്നെ, ഇസ്രായേൽ, ഹസേറോത്തില്‍നിന്നു പുറപ്പെട്ടു. അഞ്ചുദിവസങ്ങള്‍നീണ്ട തുടർച്ചയായ യാത്രയ്ക്കൊടുവിൽ, അവർ പാരാന്‍മരുഭൂമിയിലെത്തി, പാളയമടിച്ചു. 

പാരാനിൽവച്ചു കര്‍ത്താവു മോശയോടു പറഞ്ഞു. "നിങ്ങളിതാ,  തേനുംപാലുമൊഴുകുന്ന കാനാന്‍ദേശത്തിനു സമീപമെത്തിക്കഴിഞ്ഞു. ആ ദേശം കീഴടക്കുന്നതിനുള്ള പദ്ധതികളും യുദ്ധമുറകളും നിങ്ങൾതന്നെ തയ്യാറാക്കണം. അതിനുവേണ്ടി, ദേശത്തിൻ്റെ കരുത്തും ദൗർബല്യവും തിരിച്ചറിയുംവിധം, ദേശം *ഒറ്റുനോക്കാന്‍ അവിടേയ്ക്കു ചാരന്മാരെയയയ്ക്കുക."

കര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം,
ജോസഫിൻ്റെയും ലേവിയുടേയും ഗോത്രങ്ങളൊഴികെയുള്ളവയിൽനിന്ന്, ഒരു ഗോത്രത്തില്‍നിന്ന്, ഒരാളെന്നക്രമത്തില്‍  പത്തുപേരെയും ജോസഫിൻ്റെ ഗോത്രത്തിൽനിന്നു രണ്ടുപേരെയും തിരഞ്ഞെടുത്തു. പുരോഹിതഗോത്രമായതിനാൽ, ലേവിഗോത്രത്തിൽനിന്ന് ആരെയും ചാരവൃത്തിക്കായി തിരഞ്ഞെടുത്തില്ല..

റൂബന്‍ഗോത്രത്തില്‍നിന്നു  ഷമ്മുവാ; ശിമയോന്‍ഗോത്രത്തില്‍നിന്നു ഷാഫാത്ത്; യൂദാഗോത്രത്തില്‍നിന്നു കാലെബ്; 
ദാന്‍ഗോത്രത്തില്‍നിന്ന് അമ്മിയേല്‍; 
നഫ്താലിഗോത്രത്തില്‍നിന്നു  നഹ്ബി; ഗാദ് ഗോത്രത്തില്‍നിന്നു ഗവുവേല്‍, ആഷേര്‍ഗോത്രത്തില്‍നിന്നു സെത്തൂര്‍; സെബുലൂണ്‍ഗോത്രത്തില്‍നിന്നു ഗദ്ദീയേല്‍; 
ജോസഫിന്‍റെ അർദ്ധഗോത്രങ്ങളില്‍, മനാസ്സേഗോത്രത്തിൽനിന്നു ഗദ്ദി, എഫ്രായിംഗോത്രത്തില്‍നിന്നു ജോഷ്വാ; 
ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു പല്‍തി എന്നിവരായിരുന്നൂ കാനാന്‍ദേശം ഒറ്റുനോക്കാനായി മോശ തിരഞ്ഞെടുത്ത ഗോത്രത്തലവന്മാരായ പന്ത്രണ്ടുപേര്‍.

തങ്ങള്‍ക്കായി കര്‍ത്താവു വാഗ്ദാനംചെയ്ത കാനാന്‍ദേശത്തേയ്ക്ക്, ചാരവൃത്തിക്കായി പോകാന്‍ അവര്‍ തയ്യാറെടുത്തു.

പന്ത്രണ്ടുപേരെയും ആശീര്‍വദിച്ചുകൊണ്ടു മോശ പറഞ്ഞു.

"ആ നാട്ടിലെ ജനങ്ങളെങ്ങനെയുള്ളവരാണ്, അവരുടെ രാജാവിനുള്ള സൈനികബലമെത്ര, എന്തൊക്കെയാണു നാടിന്റെ ബലഹീനതകള്‍, നമ്മള്‍ ആ നാടാക്രമിക്കുമ്പോള്‍, രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നാണു യോദ്ധാക്കള്‍ക്കു കടന്നുചെല്ലാനെളുപ്പം തുടങ്ങിയ കാര്യങ്ങളെല്ലാം സൂക്ഷ്മതയോടെ നിങ്ങള്‍ മനസ്സിലാക്കണം. എല്ലായ്പോഴും കര്‍ത്താവു നിങ്ങളോടൊപ്പമുണ്ടായിരിക്കും. അവിടുത്തെസ്തുതികള്‍ നിങ്ങളുടെ അധരങ്ങളില്‍നിന്ന് ഒരിക്കലുമൊഴിയാതിരിക്കട്ടെ. " 
......................................................

*ഒറ്റുനോക്കുക = രഹസ്യനിരീക്ഷണം നടത്തുക

Sunday 24 December 2017

43. കാടപ്പക്ഷികള്‍ വീണ്ടും ...

ബൈബിൾക്കഥകൾ 43

"സ്രായേല്‍ജനവും അവര്‍ക്കൊപ്പം ഈജിപ്തില്‍നിന്നുപോന്നവരും കര്‍ത്താവിനെതിരായി വീണ്ടും പിറുപിറുത്തു തുടങ്ങി.

"ആരാണു ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസംതരുക? ഈജിപ്തില്‍ വെറുതേകിട്ടിയിരുന്ന മത്സ്യവും പച്ചക്കറികളും ഞങ്ങള്‍ക്കിന്ന് ഓര്‍മ്മകള്‍മാത്രം! ഇവിടെ ഞങ്ങളുടെ പ്രാണനില്ലാതാകുകയാണ്. ഈ *മന്നയല്ലാതെ, ഭക്ഷിക്കാൻ മറ്റെന്തു കിട്ടാനുണ്ടിവിടെ?" ജനങ്ങളിൽപ്പലരും വിലപിക്കുന്നതു മോശ കേട്ടു.

ജനങ്ങളുടെ പിറുപിറുക്കലുകൾ ദൈവസന്നിധിയിലെത്തി. കര്‍ത്താവിന്റെ കോപം ആളിക്കത്തി; ആ കോപാഗ്നി ഇടിമിന്നലായി ആകാശത്തിൽനിന്നിറങ്ങി. പാളയത്തിന്റെ ചിലഭാഗങ്ങള്‍ അഗ്നിയിൽ ദഹിച്ചുപോയി.

ജനം പരിഭ്രാന്തരായി മോശയോടു നിലവിളിച്ചു. വിവേകമില്ലാത്ത പിറുപിറുക്കലുകള്‍ക്ക് കര്‍ത്താവിനോടു മാപ്പുചോദിച്ചുകൊണ്ട്, മോശ സാഷ്ടാംഗംവീണു കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

മോശയുടെ ആത്മാര്‍ത്ഥമായ വാക്കുകള്‍ക്കു കര്‍ത്താവു വിലകല്പിച്ചതിനാല്‍ ആകാശത്തിൽനിന്നുള്ള അഗ്നിവർഷം ശമിച്ചു. മിന്നൽപ്പിണരുകൾ അപ്രത്യക്ഷമായി.

"അങ്ങയുടെ ദാസനോട് ഇത്ര കഠിനമായി വര്‍ത്തിക്കുന്നതെന്തുകൊണ്ട്? അങ്ങെന്നോടു കൃപകാണിക്കാത്തതെന്തുകൊണ്ടാണ്? ഈ ജനത്തിന്റെ ഭാരമെല്ലാം അങ്ങെന്തിനാണ്  എന്‍റെമേല്‍ ചുമത്തിയിരിക്കുന്നത്? ഈ ജനത്തിനു നല്കാന്‍ എവിടെനിന്നു മാംസംകിട്ടും? ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസംതരുകയെന്ന് അവര്‍ കരയുന്നത് അങ്ങു കാണുന്നില്ലേ?" മോശ കര്‍ത്താവിനുമുമ്പിൽ തൻ്റെ ഹൃദയഗതങ്ങൾ സമർപ്പിച്ചു.

"ഇനിയും നീ ഒറ്റയ്ക്കീ ഭാരംവഹിക്കേണ്ടാ. ജനത്തിലെ ശ്രേഷ്ഠന്മാരിലും പ്രമാണികളിലുംനിന്ന് എഴുപതുപേരെ വിളിച്ചുകൂട്ടി, സമാഗമകൂടാരത്തിനരികില്‍ കൊണ്ടുവരുക. നിന്‍റെമേലുള്ള ചൈതന്യത്തില്‍നിന്ന് ഒരു ഭാഗം അവരിലേക്കു ഞാന്‍ പകരും. നിന്നോടൊപ്പം അവരും ജനത്തിന്‍റെ ചുമതല വഹിക്കും; നീ  ജനത്തോടു പറയുക: നാളെ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. കര്‍ത്താവ്, നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരും, ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല, നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് ഓക്കാനംവരുന്നതുവരെ ഒരു മാസത്തേക്കു നിങ്ങളതു ഭക്ഷിക്കും. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെയിടയില്‍ വസിക്കുന്ന കര്‍ത്താവിനെയുപേക്ഷിക്കുകയും ഈജിപ്തില്‍നിന്നു പോന്നത് ബുദ്ധിമോശമായിപ്പോയെന്നു നിങ്ങള്‍ വിലപിക്കുകയും ചെയ്തു."  

"എന്നോടൊത്തുള്ള യോദ്ധാക്കള്‍തന്നെയുണ്ട്, ആറു ലക്ഷംപേര്‍. അതിലുമെത്രയോ ഇരട്ടിയാണു മറ്റുള്ളവര്‍! എന്നിട്ടും ഒരു മാസത്തേക്ക് അവര്‍ക്കു ഭക്ഷിക്കാന്‍ മാംസം നല്കുമെന്ന് അങ്ങു പറയുന്നു, ഇതെങ്ങനെ സംഭവിക്കും?"    

"നീയെന്താണു കരുതുന്നത്? എന്‍റെ കൈകൾക്കു നീളം കുറഞ്ഞുപോയോ? എന്‍റെ വാക്കു നിറവേറുമോ ഇല്ലയോ എന്നു നീ കാണും." കര്‍ത്താവു മോശയ്ക്കു മറുപടി നല്കി.  

മോശ ചെന്നു കര്‍ത്താവിന്റെ വാക്കുകള്‍ ജനത്തെയറിയിച്ചു. 

ശ്രേഷ്ഠന്മാരില്‍നിന്ന് എഴുപതുപേരെ തിരഞ്ഞെടുത്തു. അവരോട് സമാഗമകൂടാരത്തിനു  ചുറ്റും നില്ക്കാനാവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരില്‍ എല്‍ദാദ്, മെദാദ് എന്നീ രണ്ടുപേര്‍ പാളയത്തിനുള്ളില്‍നിന്നു പുറത്തുവന്നിരുന്നില്ല.

കര്‍ത്താവു മേഘത്തിലിറങ്ങിവന്നു, അവിടുന്നു മോശയുടെമേലുണ്ടായിരുന്ന ചൈതന്യത്തില്‍ ഒരു ഭാഗം എഴുപതു നേതാക്കന്മാരുടെമേല്‍ പകര്‍ന്നു. അപ്പോള്‍ അവര്‍ പ്രവചിച്ചു. സമാഗമകൂടാരത്തിലേക്കുപോകാതെ പാളയത്തിലിരുന്ന എല്‍ദാദ്, മെദാദ് എന്നിവര്‍ക്കും ചൈതന്യം ലഭിച്ചു.  അവര്‍ പാളയത്തിനുള്ളില്‍വച്ചുതന്നെ പ്രവചിച്ചു.      

എല്‍ദാദും മെദാദും പാളയത്തില്‍വച്ചു പ്രവചിക്കുന്നുവെന്ന് ഒരു യുവാവ് ഓടിയെത്തി മോശയോടു പറഞ്ഞു. ഇതു കേട്ടപ്പോള്‍, മോശയുടെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരില്‍ ഒരുവനായയ ജോഷ്വ പറഞ്ഞു: "പ്രഭോ, അവരെ വിലക്കുക."      

എന്നാൽ മോശ അതു നിരസിച്ചു. അവൻ ജോഷ്വയോടു പറഞ്ഞു: "കര്‍ത്താവിന്റെ ജനം മുഴുവന്‍ പ്രവാചകന്മാരാവുകയും അവിടുന്നു തന്റെ ആത്മാവിനെ അവര്‍ക്കു നല്കുകയുംചെയ്തിരുന്നെങ്കിലെന്നു ഞാനാശിക്കുന്നു. എന്നെക്കാള്‍ വലിയ പ്രവാചകര്‍ നമുക്കിടയിലുണ്ടാകണം...."  

മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു മടങ്ങിയപ്പോള്‍ കര്‍ത്താവ് ഒരു കാറ്റയച്ചു. ആ കാറ്റ്, കാടപ്പക്ഷികളെ പറത്തിക്കൊണ്ടുവന്നു. ഒരു ദിവസത്തെ യാത്രയുടെ ദൂരം വ്യാസാര്‍ദ്ധത്തില്‍ കൂടാരത്തിനുചുറ്റും, രണ്ടുമുഴം കനത്തില്‍ മൂടിക്കിടക്കത്തക്ക വിധം പക്ഷികൾ വന്നുവീണു.  അന്നു പകലും രാത്രിയും പിറ്റേന്നും ജനങ്ങൾ കാടപ്പക്ഷികളെ ശേഖരിച്ചു. ഒരുദിവസത്തെ ആവശ്യത്തിലധികമുണ്ടായിരുന്ന കാടയിറച്ചി, വെയിലില്‍ ഉണക്കിയെടുത്തു.

എന്നാൽ ഇസ്രായേലിന്റെമേലുള്ള കര്‍ത്താവിന്‍റെ കോപം അപ്പോഴും ശമിച്ചിരുന്നില്ല. ഏറെ ദിവസങ്ങൾ കഴിയുംമുമ്പേ, ഇസ്രായേല്‍പാളയത്തില്‍ ഒരു മഹാമാരി പടര്‍ന്നുതുടങ്ങി. ഉണക്കി സൂക്ഷിച്ച കാടയിറച്ചി ഭക്ഷിച്ചുതീരുംമുമ്പേ, മഹാമാരി പടർന്നു.

നിരവധിപേര്‍ രോഗാതുരരാകുകയും മരിച്ചുവീഴുകയുംചെയ്തു..


*മന്ന - ഇവിടെ ക്ലിക്കു ചെയ്യുക

Sunday 17 December 2017

42. കാനേഷുമാരി

ബൈബിള്‍ കഥകള്‍ - 42

സമാഗമകൂടാരത്തെ ആവരണംചെയ്തുനിന്ന മേഘമുയരുമ്പോള്‍മാത്രം ഇസ്രായേല്‍ തങ്ങളുടെ യാത്രതുടര്‍ന്നു. സീനായ് മരുഭൂമിയുടെ ക്രൌര്യഭാവങ്ങളില്‍പ്പോലും കര്‍ത്താവിന്റെ സംരക്ഷണം ഇസ്രായേല്‍ അനുഭവിച്ചറിഞ്ഞു. ഈജിപ്തില്‍നിന്നു യാത്രപുറപ്പെട്ടു രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നാൽ ആ ദിവസംവരെ ഇസ്രായേലില്‍ ഒരാളുടെയും വസ്ത്രംകീറുകയോ തുകല്‍ച്ചെരുപ്പുകള്‍ പൊട്ടുകയോ ചെയ്തിരുന്നില്ല. നിരന്തരമായി കാല്‍നടയാത്രചെയ്തിട്ടും ഒരാളുടെപോലും പാദം നീരുവന്നു വീര്‍ത്തില്ല. 

രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാംദിവസം കര്‍ത്താവു മോശയോടു പറഞ്ഞു: "ഇസ്രായേലിലെ *എല്ലാഗോത്രങ്ങളിലുംപെട്ട, എല്ലാ പുരുഷന്മാരുടെയും കണക്കെടുക്കുക. ഇരുപതും അതിലധികവും പ്രായമുള്ള, യുദ്ധംചെയ്യാന്‍തക്ക ആരോഗ്യമുള്ള സകലരെയും ഗണംതിരിച്ചെണ്ണുക. എല്ലാ ഗോത്രങ്ങളില്‍നിന്നും ഓരോ തലവന്മാര്‍ക്കൊപ്പം  നീയും അഹറോനും ഈ കാനേഷുമാരിയ്ക്കു നേതൃത്വംനല്കുക"

ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളില്‍, ലേവിഗോത്രജരൊഴികേയുള്ളവരില്‍, കാനേഷുമാരിയുടെ ചുമതലയേല്‍പ്പിക്കേണ്ടവര്‍ ആരെല്ലാമാണെന്നു കര്‍ത്താവു മോശയ്ക്കു നിര്‍ദ്ദേശം നല്കി. 

കാനേഷുമാരി ആരംഭിക്കുന്നതിനു മുമ്പായി കര്‍ത്താവ് ഒരിക്കല്‍ക്കൂടെ മോശയോടു സംസാരിച്ചു: "ലേവ്യഗോത്രജര്‍ പുരോഹിതഗോത്രമായതിനാല്‍ അവരെയിപ്പോൾ എണ്ണേണ്ടതില്ല. **സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ ചുമതലയിലായിരിക്കണം. അവര്‍ കൂടാരത്തില്‍ ശുശ്രൂഷചെയ്യുകയും യാത്രചെയ്യേണ്ടതായിവരുമ്പോള്‍  കൂടാരവും അതിലെ ഉപകരണങ്ങളും വഹിക്കുകയുംചെയ്യണം. എല്ലായ്പോഴും ലേവ്യര്‍ സമാഗമകൂടാരത്തിനുചുറ്റുംമാത്രം തങ്ങളുടെ കൂടാരങ്ങളടിക്കണം. യാത്രപുറപ്പെടുമ്പോള്‍ സമാഗമകൂടാരമഴിച്ചിറക്കുന്നതും പുതിയൊരു സ്ഥലത്തെത്തുമ്പോൾ അതു യഥാസ്ഥാനത്തു സ്ഥാപിക്കുന്നതും ലേവ്യരുടെ ചുമതലയാണ്. മറ്റാരെങ്കിലും അതിനു തുനിഞ്ഞാല്‍ അവന്‍ വധിക്കപ്പെടും."

ഓരോ ഗോത്രത്തിലെയും തലവന്മാര്‍ക്കൊപ്പം ഓരോ ഗോത്രവും ഗണംതിരിഞ്ഞു. കുടുംബക്രമമനുസരിച്ച്, വിശദാംശങ്ങള്‍ പാപ്പിറസ് ചുരുളുകളിലെഴുതി, ഗോത്രത്തലവന്മാര്‍ക്കു സമര്‍പ്പിച്ചു. തലവന്മാര്‍ അവയെല്ലാം ക്രോഡീകരിച്ചു. തലമുറ, വംശം, കുടുംബം, പേര്, ഇവയനുസരിച്ചു കണക്കുകള്‍ തയ്യാറാക്കി. വിശദമായ കണക്കുകളും സംഗ്രഹിച്ച ജനസംഖ്യാക്കണക്കുംരേഖപ്പെടുത്തിയ പാപ്പിറസ് ചുരുളുകള്‍ മോശയുടെ മുമ്പില്‍ സമര്‍പ്പിച്ചു. നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതുപോലെ, ഇരുപതു ദിവസങ്ങള്‍കൊണ്ടു  കണക്കെടുപ്പു പൂര്‍ത്തിയായി. 

കര്‍ത്താവു പറഞ്ഞു: "ഇനിമേല്‍ ഇസ്രായേല്‍ജനം അവരവരുടെ ഗോത്രമുദ്രകളോടുകൂടിയ പതാകകള്‍ക്കു കീഴില്‍വേണം താവളമടിക്കേണ്ടത്. സമാഗമകൂടാരം എല്ലായ്പോഴും കിഴക്കഭിമുഖമായി സ്ഥാപിക്കണം. സമാഗമകൂടാരത്തിനു മുമ്പില്‍ കിഴക്കുഭാഗത്ത്, മോശയും അഹറോനുമുള്‍പ്പെട്ട ലേവിഗോത്രം താവളമടിക്കണം. മറ്റു ഗോത്രങ്ങള്‍, ഇസ്രായേല്‍സന്തതികളുടെ മൂപ്പിളമയനുസരിച്ച്, ക്രമമായി സമാഗമകൂടാരത്തിനുചുറ്റുമായി താവളമടിക്കണം. "
സമാഗമകൂടാരത്തിനു മുമ്പില്‍ സമൂഹത്തിനുമുഴുവന്‍ സമ്മേളിക്കാനാകുന്ന വിസ്തൃതിയില്‍ സ്ഥലമൊഴിച്ചിട്ടശേഷമാണു കൂടാരങ്ങള്‍ സ്ഥാപിച്ചത്. 

കര്‍ത്താവിന്റെ കല്പനയനുസരിച്ച്, അടിച്ചുപരത്തിയ വെള്ളികൊണ്ട്, മോശ രണ്ടു കാഹളങ്ങള്‍ നിര്‍മ്മിച്ചു. കാഹളങ്ങള്‍ ഒന്നിച്ചു മുഴങ്ങുമ്പോള്‍ സമൂഹംമുഴുവന്‍ സമാഗമകൂടാരത്തിനു മുമ്പില്‍ സമ്മേളിച്ചു. ഒരു കാഹളംമാത്രം മുഴങ്ങിയാല്‍ ഗോത്രത്തലവന്മാര്‍മാത്രം മോശയോടൊപ്പം സമ്മേളിച്ചു. കൂടാരമഴിച്ചു യാത്രതുടരേണ്ട അവസരങ്ങളില്‍ കാഹളങ്ങള്‍ സന്നാഹധ്വനി മുഴക്കി. അഹറോന്റെ പുത്രന്മാരെയായിരുന്നു കാഹളമൂതാന്‍ മോശ ചുമതലപ്പെടുത്തിയിരുന്നത്.

സമാഗമകൂടാരത്തിനു മുകളില്‍ കര്‍ത്താവിന്റെ മേഘം ആവരണംചെയ്തുനിന്നപ്പോഴെല്ലാം ഇസ്രയേല്യര്‍ പാളയങ്ങളില്‍ വസിച്ചു. മേഘം സമാഗമകൂടാരത്തില്‍നിന്നുയര്‍ന്നപ്പോള്‍ അവര്‍ കൂടാരങ്ങളഴിച്ചു യാത്രതുടര്‍ന്നു. മേഘമുയര്‍ന്നാല്‍, മോശയുടെ കാഹളങ്ങളില്‍നിന്നു സന്നാഹദ്ധ്വനിയുയരും. അപ്പോള്‍ ഇസ്രായേല്‍, കൂടാരങ്ങളഴിച്ചു യാത്രപുറപ്പെടും. 

കാനേഷുമാരി പൂര്‍ത്തിയാക്കിയ, രണ്ടാംവര്‍ഷം രണ്ടാംമാസം ഇരുപതാംദിവസം സമാഗമകൂടാരത്തിനുമുകളില്‍നിന്നു കര്‍ത്താവിന്റെ മേഘമുയര്‍ന്നു. ഇസ്രായേല്‍പ്പാളയത്തില്‍, കാഹളങ്ങളുടെ സന്നാഹദ്ധ്വനിയുയര്‍ന്നു. സമാഗമകൂടാരം വഹിച്ചുകൊണ്ട്, ലേവ്യരാണു മുമ്പില്‍ നടന്നിരുന്നത്. സമാഗമകൂടാരത്തിനു കിഴക്കുഭാഗത്ത് കൂടാരമടിച്ചിരുന്ന ലേവ്യര്‍ക്കുപിന്നാലെ, പ്രദക്ഷിണദിശയില്‍ കൂടാരങ്ങളഴിച്ച്, സമൂഹംമുഴുവന്‍ സംഘത്തിലണിചേര്‍ന്നു. 

കാനേഷുമാരിനടക്കുമ്പോള്‍ മോശയുടെ അമ്മായിയപ്പന്‍ ഇസ്രായേല്‍കൂടാരത്തില്‍ മോശയോടോപ്പമുണ്ടായിരുന്നു. ഇസ്രായേല്‍ സീനായ് മരുഭൂമിയില്‍നിന്നു പുറപ്പെട്ടപ്പോള്‍ മോശ അമ്മായിയപ്പനോടു പറഞ്ഞു.

"കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുമെന്നുപറഞ്ഞ ദേശത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. ഞങ്ങളുടെകൂടെ വരിക, അങ്ങേയ്ക്കു നന്മയുണ്ടാകും. കാരണം, ഇസ്രായേലിനു കര്‍ത്താവു നന്മ വാഗ്ദാനംചെയ്തിട്ടുണ്ട്. മരുഭൂമിയില്‍ പാളയമടിക്കേണ്ടതെങ്ങനെയെന്ന്  അങ്ങേയ്ക്കറിയാം. അതിനാല്‍ അങ്ങു ഞങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയുമായിരിക്കും. അങ്ങു ഞങ്ങളോടൊപ്പംവന്നാല്‍ കര്‍ത്താവു ഞങ്ങള്‍ക്കുനല്കുന്ന സമൃദ്ധിയില്‍ അങ്ങയ്ക്കും പങ്കുലഭിക്കും."

എന്നാല്‍ അയാള്‍ പറഞ്ഞു. "ഞാന്‍ നിങ്ങൾക്കൊപ്പം വരുന്നില്ല. എന്റെ ദേശത്തേയ്ക്കും ബന്ധുജനങ്ങള്‍ക്കിടയിലേക്കും ഞാന്‍ മടങ്ങിപ്പോകുന്നു. നിനക്കും എന്റെ മകള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും എന്നുമെന്റെ അനുഗ്രഹവും പ്രാര്‍ത്ഥനയുമുണ്ടായിരിക്കും."

മൂന്നുദിവസം തുടര്‍ച്ചയായി അവര്‍ യാത്രചെയ്തു. ജനങ്ങൾ തളർന്നുതുടങ്ങി. കര്‍ത്താവുനല്കിയ അനുഗ്രഹങ്ങളും വാഗ്ദാനംനല്കിയ സമൃദ്ധിയും മറന്ന്, ജനം വീണ്ടും കര്‍ത്താവിനെതിരായി പിറുപിറുത്തുതുടങ്ങി.

------------------------------------
*അബ്രാഹാമിന്റെ പൗത്രനും ഇസഹാക്കിന്റെ പുത്രനുമായ, ഇസ്രായേല്‍ എന്നു വിളിക്കപ്പെടുന്ന യാക്കോബിനു പന്ത്രണ്ടുപുത്രന്മാരും ഒരു പുത്രിയുമാണുണ്ടായിരുന്നത്. ഇസ്രായേലിന്റെ പന്ത്രണ്ട് ആണ്‍മക്കളുടെ തലമുറകളാണ് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍.
**സാക്ഷ്യകൂടാരം - സമാഗമകൂടാരം

Sunday 10 December 2017

41. സമാഗമകൂടാരം

ബൈബിള്‍ കഥകള്‍ 41

കര്‍ത്താവു മോശയോടു പറഞ്ഞു:

"ഞാൻ എല്ലായ്പ്പോഴും നിങ്ങൾക്കൊപ്പമുണ്ടെന്ന ബോദ്ധ്യം ഹൃദയത്തിലില്ലാത്തതിനാലാണ് ഇസ്രായേൽജനം സ്വർണ്ണക്കാളയെ നിർമ്മിക്കുകയും ആരാധിക്കുകയുചെയ്തത്.

എന്റെ സാന്നിദ്ധ്യം എപ്പോഴും നിങ്ങളോടോപ്പമുണ്ടെന്നു ജനങ്ങൾ തിരിച്ചറിയാൻ, എനിക്കായി നിങ്ങളൊരു കൂടാരം നിര്‍മ്മിക്കണം. അതിനുള്ളില്‍ ഒരു ബലിപീഠവും തിരുസാന്നിദ്ധ്യയപ്പത്തിന്റെ മേശയുമൊരുക്കണം. ഒരു സാക്ഷ്യപേടകമുണ്ടാക്കി, ഉടമ്പടിപത്രിക അതിനുള്ളില്‍ പ്രതിഷ്ഠിക്കണം. 

യൂദാഗോത്രത്തില്‍പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.  ഞാനവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ സൃഷ്ടിക്കുക, സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക. രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക,  എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുമാവശ്യമായ കഴിവുകള്‍ അവനുണ്ട്.. 

അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പെട്ട അഹിസാമാക്കിന്റെ പുത്രന്‍ ഓഹോലിയാബിനെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതെല്ലാം നിര്‍മ്മിക്കുന്നതിനായി അവന്റെ നേതൃത്വത്തില്‍ ശില്പികളെ നിയമിക്കുക. 

അഹറോനെ, നീ വിശുദ്ധവസ്ത്രങ്ങളണിയിക്കുകയും അഭിഷേകംചെയ്തു ശുദ്ധീകരിക്കുകയുംവേണം. അങ്ങനെ, അവന്‍ പുരോഹിതപദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ. അവന്റെ പുത്രന്മാരെയും അങ്കികളണിയിക്കണം. അവരുടെ പിതാവിനെ അഭിഷേകംചെയ്തതുപോലെ അവരെയും അഭിഷേകംചെയ്യണം. പുരോഹിതരെന്ന നിലയില്‍, അവർ, എനിക്കു ശുശ്രൂഷചെയ്യട്ടെ. അവരുടെ ഈ അഭിഷേകം,  തലമുറകളിലൂടെ നിലനില്‍ക്കുന്ന പൗരോഹിത്യത്തിലേക്കു് അവരെ നയിതും"

കര്‍ത്താവു കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു. 

ബസാലിന്റെയും ഓഹോലിയാബിന്റെയും നേതൃത്വത്തില്‍ ശില്പികള്‍ അഹോരാത്രം പണിയെടുത്തു. കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍നടന്നു. 

നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയുംകൊണ്ടു നിര്‍മ്മിച്ചവയും *കെരൂബുകളുടെ ചിത്രം തുന്നിയലങ്കരിച്ചവയുമായ പത്തുവിരികള്‍കൊണ്ടു കൂടാരമുണ്ടാക്കി. ഒരേയളവിലുള്ള വിരികള്‍ക്ക്, നീ ഇരുപത്തെട്ടു മുഴം നീളവും നാലുമുഴം വീതിയുമുണ്ടായിരുന്നു. അഞ്ചു വിരികള്‍വീതം ഒന്നിനോടൊന്നു യോജിപ്പിച്ചു; ആദ്യഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍, നീലനൂല്‍കൊണ്ടു വളയങ്ങള്‍ നിര്‍മ്മിച്ചു; അപ്രകാരംതന്നെ രണ്ടാംഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും ചെയ്തു. ഒന്നാമത്തേതിലും രണ്ടാമത്തേതിലും അമ്പതു വളയങ്ങള്‍വീതമുണ്ടാക്കി. ഒന്നിനുനേരേ ഒന്നു വരത്തക്കവിധത്തിലാണ്, വളയങ്ങള്‍ നിര്‍മ്മിച്ചത്. അമ്പതു സ്വര്‍ണക്കൊളുത്തുകളുണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിച്ചു. അങ്ങനെ, കൂടാരമൊന്നായിത്തീര്‍ന്നു.

ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ടു കൂടാരത്തിനൊരാവരണവും അതിനുമീതേ കരടിത്തോലുകൊണ്ടു വേറെയൊരാവരണവും നിര്‍മ്മിച്ചു. പത്തുമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നുനില്‍ക്കുന്ന ചട്ടങ്ങളുമുണ്ടാക്കി. നാലുവശങ്ങളിലും ഇരുപതു പലകകള്‍വീതവും ഓരോ പലകയ്ക്കും രണ്ടു പാദകൂടങ്ങള്‍ വീതവുമുണ്ടായിരുന്നു. കൂടാരത്തിന്റെ തൂണുകള്‍ കരുവേലകത്തടിയാല്‍ നിര്‍മ്മിച്ച്‌, സ്വര്‍ണ്ണം പൊതിഞ്ഞവയായിരുന്നു. 

രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴമുയരവുമുള്ള സാക്ഷ്യപേടകം, കരുവേലത്തടിയില്‍ നിര്‍മ്മിച്ച്, കൊത്തുപണികള്‍ചെയ്തു. അതിനുമീതെ, സ്വര്‍ണ്ണത്താല്‍ പൊതിഞ്ഞു.

അപ്രകാരംതന്നെ വിളക്കുകാലുകളും ധൂപപീഠവും ദഹനബലിപീഠവും നിര്‍മ്മിച്ചു. ബലികള്‍ക്കാവശ്യമായ  പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, കലശങ്ങൾ തുടങ്ങിയവ ഓടുകൊണ്ടു നിര്‍മ്മിച്ചു. 

സ്വര്‍ണ്ണം, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയുമുപയോഗിച്ചു പുരോഹിതവസ്ത്രങ്ങള്‍ നിര്‍മ്മിച്ചു. സ്വര്‍ണ്ണം തല്ലിപ്പരത്തി, നേരിയ നൂലുകളായി വെട്ടിയെടുത്ത്, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളിലും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണികളിലും വിദഗ്ദ്ധമായി ഇണക്കിച്ചേര്‍ത്തു. പുരോഹിതവസ്ത്രങ്ങള്‍, മാണിക്യം, പുഷ്യരാഗം, വൈഡൂര്യം, മരതകം, ഇന്ദ്രനീലം, വജ്രം, പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം,  പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നീ രത്നങ്ങള്‍കൊണ്ടലങ്കരിച്ചു.  അലങ്കാരപ്പണിചെയ്ത സ്വര്‍ണ്ണത്തകിടുകളിലാണ് ഈ രത്നങ്ങള്‍ പതിച്ചത്. ഇസ്രായേലിന്റെ പന്ത്രണ്ടു പുത്രന്മാരുടെ പേരുകളനുസരിച്ച്, പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര്, ഓരോ രത്നത്തിന്‍റെയുംമേല്‍, ആലേഖനംചെയ്തു.

ഒരുവര്‍ഷംകൊണ്ടു പണികള്‍ പൂര്‍ത്തിയായി. 
കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ഒന്നാംമാസത്തിന്റെ ഒന്നാംദിവസം നീ സമാഗമകൂടാരം സ്ഥാപിക്കണം. സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ചു തിരശ്ശീലകൊണ്ടു മറയ്ക്കണം. മേശ കൊണ്ടുവന്ന്, അതിന്റെ ഉപകരണങ്ങളെല്ലാം അതിന്മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന് അതിന്മേല്‍ വിളക്കുകളുറപ്പിക്കുക. ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണ്ണപീഠം, സാക്ഷ്യപേടകത്തിന്റെ മുമ്പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിനു യവനികയിടുകയും വേണം. 

സമാഗമകൂടാരത്തിന്റെ വാതിലിനു മുമ്പില്‍ ദഹനബലിപീഠം സ്ഥാപിക്കണം. സമാഗമകൂടാരത്തിന്റെയും ബലിപീഠത്തിന്റെയും മദ്ധ്യേ, ക്ഷാളനപാത്രംവച്ച്, അതില്‍ വെള്ളമൊഴിക്കുക. കൂടാരത്തിനുചുറ്റും അങ്കണമൊരുക്കി, അങ്കണകവാടത്തില്‍ യവനിക തൂക്കിയിടണം. അതിനുശേഷം അഭിഷേകതൈലമെടുത്ത്, കൂടാരവും അതിലുള്ള സകലതും അഭിഷേകംചെയ്യണം. അങ്ങനെ, കൂടാരവും അതിലെ ഉപകരണങ്ങളും ശുദ്ധീകരിക്കുക. അവ വിശുദ്ധമാകും."

മോശ അപ്രകാരം പ്രവര്‍ത്തിച്ചു; രണ്ടാംവര്‍ഷം ഒന്നാംമാസം ഒന്നാം ദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു. 

അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു.  

പിന്നീട്, മേഘം കൂടാരത്തില്‍നിന്നുയരുമ്പോഴാണ് ഇസ്രായേല്‍ജനം യാത്രപുറപ്പെട്ടിരുന്നത്. മേഘമുയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസംവരെ അവര്‍ പുറപ്പെട്ടിരുന്നില്ല. കര്‍ത്താവിന്റെ മേഘം, പകല്‍സമയത്തു കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു; രാത്രിസമയത്തു മേഘത്തില്‍ അഗ്നി ജ്വലിച്ചിരുന്നു. ഇസ്രായേല്‍ജനം, മരുഭൂമിയിലൂടെയുള്ള യാത്രയുടെ ഓരോഘട്ടത്തിലും ഇതു ദര്‍ശിച്ചു
----------------------------------------------------------
*കെരൂബുകൾ - മാലാഖമാർ

Sunday 3 December 2017

40. സ്വര്‍ണ്ണക്കാള

ബൈബിൾക്കഥകൾ 40

കര്‍ത്താവില്‍നിന്നുള്ള സന്ദേശങ്ങള്‍ക്കായി ഉയര്‍ന്ന പര്‍വ്വതശിഖരത്തിലേക്കു കയറിപ്പോയ മോശയെക്കാത്തുനിന്ന ജോഷ്വാ അസ്വസ്ഥനായി. മൂന്നുദിവസങ്ങള്‍കഴിഞ്ഞിട്ടും മോശ മടങ്ങിയെത്തിയിട്ടില്ല. മോശമടങ്ങിയെത്താന്‍ ഇനിയും വൈകുന്നതെന്തേ?

ഇപ്പോഴിതാ, താഴെ, മലയടിവാരത്തില്‍ ഇസ്രായേല്‍ജനം കൂടാരമടിച്ച ഭാഗത്തുനിന്ന് കാഹളധ്വനികളും മനുഷ്യരുടെ അട്ടഹാസങ്ങളുടെ ശബ്ദവും ഉയര്‍ന്നുകേള്‍ക്കുന്നു. ശക്തരായ മറ്റേതെങ്കിലും ജനത ഇസ്രായേല്‍ജനതയെ ആക്രമിക്കാനെത്തിയോ? ഒന്നും വ്യക്തമല്ല. മോശയെ അന്വേഷിച്ചു മുകളിലേക്കു കയറണമോ? അതോ കൂടാരങ്ങളില്‍ എന്താണു സംഭവിക്കുന്നതെന്നറിയാന്‍ താഴേയ്ക്കിറങ്ങണമോ? എന്തുചെയ്യണമെന്ന തീരുമാനത്തിലെത്താന്‍ ജോഷ്വായ്ക്കു കഴിഞ്ഞില്ല.

ഇസ്രായേല്‍ജനത്തിനെതിരേ കര്‍ത്താവിന്റെ കോപം ജ്വലിക്കുന്നതുകണ്ട മോശ ചകിതനായി.

കര്‍ത്താവു പറഞ്ഞു; "അനുസരണമില്ലാത്ത ഈ ജനതയെ ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കും. എന്നാല്‍ നിന്നില്‍നിന്നു ഞാന്‍ വലിയൊരു ജനതയ്ക്കു രൂപംനല്കും."

മോശ കര്‍ത്താവിനുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു പറഞ്ഞു: "കര്‍ത്താവേ, കരുണതോന്നേണമേ! വലിയ ശക്തിയോടെയും അദ്ഭുതകരമായ മാർഗ്ഗങ്ങളിലൂടെയും അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കരുതേ....  മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടെയാണ് അവനവരെ കൊണ്ടുപോയതെന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തരുതേ കർത്താവേ! അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമേയെന്നു ഞാൻ പ്രാർത്ഥിക്കുന്നു!! അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയുമോര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ദ്ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടുമുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അതെന്നേക്കും കൈവശമാക്കുകയുംചെയ്യുമെന്ന് അവിടുന്നുതന്നെ ശപഥംചെയ്തു പറഞ്ഞതില്‍നിന്നു പിന്മാറരുതേ"

മോശയുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന കര്‍ത്താവിനെ ശാന്തനാക്കി. അവിടുന്നു പറഞ്ഞു' "നീ പോവുക, നിന്റെ ജനത്തെ അവരുടെ തിന്മകളില്‍നിന്നു പിന്തിരിപ്പിക്കുക...."

ഉടമ്പടിപത്രികയെഴുതിയ രണ്ടു കല്പലകകളുമായി, മോശ  താഴേക്കിറങ്ങി, ജോഷ്വയുടെ സമീപമെത്തി. പലകകളുടെ ഇരുവശത്തും എഴുത്തുണ്ടായിരുന്നു.

മോശയെക്കണ്ടപ്പോള്‍ ജോഷ്വായ്ക്ക് ആശ്വാസംതോന്നി. അവനോടിയെത്തി, മോശയുടെ കൈകളില്‍നിന്ന് ഉടമ്പടിപത്രികകള്‍ വാങ്ങാന്‍ശ്രമിച്ചു. എന്നാല്‍ മോശ അവ തന്റെ കൈകളില്‍ത്തന്നെ വഹിച്ചു.

"പാളയത്തില്‍ യുദ്ധത്തിന്റെ ശബ്ദം മുഴങ്ങുന്നുണ്ട്." ജോഷ്വാ പറഞ്ഞു.

"വിജയത്തിന്റെ അട്ടഹാസമോ പരാജയത്തിന്റെ മുറവിളിയോ അല്ല നീ കേള്‍ക്കുന്നത്. ദൈവനിഷേധത്തിന്റെ ഗാനാലാപമാണവിടെ; കര്‍ത്താവിനെ തള്ളിപ്പറയുന്നവരുടെ ആഘോഷോന്മാദ ശബ്ദം." 

ജോഷ്വായ്ക്ക് ഒന്നും മനസ്സിലായില്ല. അവന്‍, മിണ്ടാതെ മോശയ്ക്കൊപ്പം മലയിറങ്ങി.

താഴ്വരയില്‍ പാളയത്തിനടുത്തെത്തുന്നതിനു മുമ്പുതന്നെ  സ്വര്‍ണ്ണനിര്‍മ്മിതമായ കാളക്കുട്ടിയെ ജനങ്ങള്‍ വണങ്ങുന്നതും അതിനുമുമ്പില്‍ അവര്‍ നൃത്തംചെയ്യുന്നതും മോശയും ജോഷ്വായും കണ്ടു; മോശ  കോപംകൊണ്ടു വിറച്ചു. കൈയിലിരുന്ന കല്പലകകള്‍ അവന്‍ വലിച്ചെറിഞ്ഞു. മലയുടെ അടിവാരത്തില്‍വീണ് അവ തകര്‍ന്നുപോയി. 

മോശ അഹറോനോടു കയര്‍ത്തു: "നീ ഈ ജനത്തിന്റെമേല്‍ ഇത്രവലിയൊരു പാപംവരുത്തിവയ്ക്കാന്‍ അവര്‍ നിന്നോടെന്തുചെയ്തു?" 

ഇന്നുവരെ കണ്ടിട്ടില്ലാത്ത, മോശയുടെ കോപംനിറഞ്ഞ മുഖം അഹറോനെ ഭയപ്പെടുത്തി. അയാള്‍ സ്വയം ന്യായീകരിക്കാന്‍ശ്രമിച്ചു.  

അങ്ങയുടെ കോപം എന്റെമേല്‍ ജ്വലിക്കാതിരിക്കട്ടെ. തിന്മയിലേക്ക്, ഈ ജനത്തിനുള്ള ചായ്‌വ് അങ്ങേയ്ക്കറിയാമല്ലോ. ഞങ്ങളെ നയിക്കാന്‍ ദേവന്മാരെയുണ്ടാക്കിത്തരികയെന്ന് അവരെന്നോടാവശ്യപ്പെട്ടു. പോയിട്ടു ദിവസങ്ങളായെങ്കിലും അങ്ങു മലയില്‍നിന്നു മടങ്ങിവന്നതുമില്ല. ജനക്കൂട്ടം എന്റെ ജീവനപഹരിക്കുമെന്നു ഞാന്‍ ഭയന്നു. സ്വര്‍ണ്ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെയെന്നു ഞാന്‍ പറഞ്ഞു. അവര്‍ കൊണ്ടുവന്നു. ഞാനതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു."

"സ്വര്‍ണ്ണം തീയിലിട്ടാല്‍ അതു കാളക്കുട്ടിയായി പുറത്തുവരുമോ? ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് ഈ ജനത്തെ നീയെന്തിനനുവദിച്ചു?"

ആ സ്വര്‍ണ്ണക്കാളയെ, അതിനു  ദഹനബലിയര്‍പ്പിക്കാനായി ഒരുക്കിയ അഗ്നികുണ്ഡത്തിലേക്കുതന്നെ  മോശ വലിച്ചെറിഞ്ഞു. അതിനെ ഉരുക്കിചാമ്പലാക്കി. അതിന്റെ ചാരം, കുടിനീരില്‍ക്കലര്‍ത്തി ഇസ്രായേല്‍ക്കാരെ കുടിപ്പിച്ചു.

സ്വർണ്ണക്കാളക്കുട്ടിയെ ആരാധിച്ചവരിൽ ഒരുസംഘമാളുകൾ മോശയുടെ പ്രവൃത്തിയെ എതിർത്തു. അവർ വാളുകളും മറ്റായുധങ്ങളുമായി മോശയ്ക്കുനേരെയടുത്തു.

മോശ, ജോഷ്വായോടൊപ്പം പാളയത്തിന്റെ കവാടത്തില്‍നിന്നുകൊണ്ടു പറഞ്ഞു: "കര്‍ത്താവിന്റെ പക്ഷത്തുള്ളവര്‍ എന്റെയടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്മാരെല്ലാവരും അവന്റെയടുക്കല്‍ ഒന്നിച്ചുകൂടി. 

ജോഷ്വായും ലേവിഗോത്രജരും ഊരിയ വാളോടെ കാളക്കുട്ടിയെ ആരാധിച്ചവരെ നേരിട്ടു. ഇസ്രായേല്‍ത്താവളത്തില്‍ അന്നു വലിയ കൂട്ടക്കൊലനടന്നു. മൂവായിരത്തോളംപേര്‍ അന്നു പരലോകംപൂകി.

എല്ലാം ശാന്തമായപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: "നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാന്‍ വീണ്ടും കര്‍ത്താവിന്റെയടുത്തേക്കു കയറിച്ചെല്ലാം; ഒരുപക്ഷേ,  നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്കു കഴിഞ്ഞേക്കും."
        
മോശ കര്‍ത്താവിന്റെയടുക്കല്‍ തിരിച്ചുചെന്നു പറഞ്ഞു: ഈ ജനം വലിയ പാപംചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണ്ണംകൊണ്ടു ദേവന്മാരെ നിര്‍മ്മിച്ചു. അവിടുന്നവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുത്തെ  ജീവന്റെ പുസ്തകത്തില്‍നിന്ന് എന്റെ പേരു മായിച്ചുകളഞ്ഞാലും."       

കര്‍ത്താവു മോശയോടു പറഞ്ഞു: "എനിക്കെതിരായി പാപംചെയ്തവനെയാണ് എന്റെ പുസ്തകത്തില്‍നിന്നു ഞാന്‍ തുടച്ചുനീക്കുക. നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി ഞാനവരെ  ശിക്ഷിക്കും. നീയും ഈജിപ്തില്‍നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്കുമെന്നു ഞാന്‍ ശപഥംചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക. എന്റെ ദൂതന്‍ നിന്റെമുമ്പേ പോകും. ആ നാട്ടിലുള്ള കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാനവിടെനിന്നോടിച്ചുകളയും. 

നീ ഇസ്രായേല്‍ക്കാരോടു പറയുക; നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷത്തേക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍മതി, നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. എന്നോടുള്ള വിധേയത്തത്തിന്റെ പ്രതീകമായി, നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുവിന്‍." 

കര്‍ത്താവു വീണ്ടും  മോശയോടുപറഞ്ഞു: "ആദ്യത്തേതുപോലുള്ള രണ്ടു കല്പലകള്‍ ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍തന്നെ ഞാനതിലെഴുതാം."

കർത്താവിന്റെ വാക്കുകൾ ജനത്തെയറിയിക്കാനും കല്പലകകൾ ചെത്തിയൊരുക്കാനുമായി മോശ മലയിൽനിന്നിറങ്ങി. 

മോശ കൊണ്ടുവന്ന അശുഭമായ ഈ വാര്‍ത്തകേട്ടു ജനങ്ങള്‍  വിലപിച്ചു. ഹോറെബുമലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം തങ്ങളുടെ ആഭരണങ്ങളഴിച്ചുമാറ്റി. ആരും ആഭരങ്ങളണിഞ്ഞില്ല. കര്‍ത്താവിനും  മോശയ്ക്കുമെതിരായ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു ജനങ്ങള്‍ പശ്ചാത്തപിച്ചു