Friday 30 April 2010

അബ്രാഹം - വിശ്വാസികളുടെ പിതാവു്


"കുട്ടനങ്കിളേ, അബ്രാഹമിനെ വിശ്വാസികളുടെ പിതാവു് എന്നു വിളിക്കുന്നതെന്തുകൊണ്ടാണു്?"

ഞായറാഴ്ച രാവിലെ കുർബ്ബാനകഴിഞ്ഞു വീട്ടിലെത്തിയ ഉടനെയായിരുന്നു ഷിവാനിയുടെ ചോദ്യം.

"ഇതൊരു നല്ല ചോദ്യമാണല്ലോ! ലോകജനസംഖ്യയിലെ മഹാഭൂരിപക്ഷവും അബ്രഹാമിനെ വിശ്വാസികളുടെ പിതാവായി ആദരിക്കുന്നു. അതിനുകാരണം അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണതതന്നെയാണു്."

"ഞങ്ങൾക്കു് അബ്രാഹമിന്റെ കഥ പറഞ്ഞുതരുമോ?" കിച്ചുവിനു കഥയാണു കേൾക്കേണ്ടതു്.

"ബൈബിളിൽ ഉൽപത്തി പുസ്തകത്തിലാണു് അബ്രഹാമിന്റെ ജീവിതകഥ രേഖപ്പെടുത്തിയിട്ടുള്ളതു്. അതു കുട്ടനങ്കിൾ പറഞ്ഞുതരാം.



നോഹയുടെ വംശാവലിയില്‍ തെരാഹിന്‍റെ പുത്രനായാണ്‌ അബ്രാഹം ജനിച്ചത്. അബ്രാഹത്തിനു മാതാപിതാക്കള്‍ നല്‍കിയ പേര് അബ്രാം എന്നായിരുന്നു."

"പിന്നെങ്ങനെയാണ് അബ്രാം അബ്രാഹം ആയത്?" ചിന്നുമോള്‍ ചോദിച്ചു.

"അബ്രാം അബ്രാഹമായ കഥതന്നെയാണു നമ്മള്‍ പറയുന്നത്."

ഒരിക്കല്‍ ഒരു ദര്‍ശനത്തില്‍ കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ ഇപ്പോള്‍ ജീവിക്കുന്ന ഹാരാന്‍ദേശവും നിന്‍റെ ബന്ധുമിത്രാദികളെയുംവിട്ട് ഞാന്‍ പറയുന്ന നാട്ടിലേക്കുപോവുക. നിന്നെയും നിന്റെ തലമുറകളെയും ഭൂമിയിലുള്ള സകലര്‍ക്കും ഞാന്‍ അനുഗ്രഹമാക്കിമാറ്റും.

കര്‍ത്താവില്‍ പൂര്‍ണ്ണമായി വിശ്വസിച്ച അബ്രാം, ഭാര്യ സാറായിയോടും സഹോദരപുത്രനായ ലോത്തിനോടുമൊപ്പം കര്‍ത്താവുപറഞ്ഞ കാനാന്‍ദേശത്തേക്കു പുറപ്പെട്ടു.

അബ്രാമിനും ലോത്തിനും ധാരാളം കന്നുകാലികളുണ്ടായിരുന്നു. അവര്‍ താമസിച്ചിരുന്ന നാട്ടിലെ മേച്ചില്‍പ്പുറങ്ങള്‍ അവരുടെ കാലികള്‍ക്കു തികയാതെവന്നതിനാല്‍ അവരുടെ ഇടയന്മാര്‍തമ്മില്‍ പലപ്പോഴും കലഹങ്ങളുണ്ടായി. അതിനാല്‍ അബ്രാമും ലോത്തും രണ്ടിടങ്ങളിലായി വേര്‍പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചു.

ദൈവം തനിക്കു നല്കിയ വാഗ്ദാനത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന അബ്രാം ലോത്തിനോടു പറഞ്ഞു: നിനക്കിഷ്ടമുള്ള പ്രദേശം നീ തെരഞ്ഞെടുക്കുക. നീ തെരഞ്ഞെടുക്കുന്നതിന് എതിര്‍വശത്തേക്കു ഞാന്‍ പോകാം.

ജോര്‍ദ്ദാന്‍നദിയുടെ താഴ്വരയിലുള്ള, ഫലപുഷ്ടവും സമൃദ്ധവുമായ സോദോംനഗരത്തില്‍ താമസമുറപ്പിക്കാന്‍ ലോത്ത് തീരുമാനിച്ചു.

അബ്രാമും ലോത്തുംതമ്മില്‍ പിരിഞ്ഞതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: “നീ തലയുയര്‍ത്തി നാലുചുറ്റും നോക്കുക. നീ കാണുന്നപ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും. ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും.”

അബ്രാം ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കുസമീപം താമസമാക്കി. അവിടെ അവന്‍ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയുംചെയ്തു. വലിയ സമ്പന്നരായിരുന്നെങ്കിലും അബ്രാമിനും ഭാര്യ സാറായിയ്ക്കും സന്താനഭാഗ്യമുണ്ടായിരുന്നില്ല.

അബ്രാമിന് എഴുപത്തഞ്ചുവയസ്സു പ്രായമുള്ളപ്പോള്‍, അബ്രാമിന് ഒരു സ്വപ്നദര്‍ശനമുണ്ടായി. ദര്‍ശനത്തില്‍ കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു; “അബ്രാം, നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും”

അബ്രാം പറഞ്ഞു: “കര്‍ത്താവേ, സന്താനങ്ങളില്ലാത്ത എനിക്കെന്തു പ്രതിഫലമാണു ലഭിക്കാനുള്ളത്? എന്റെ കാലശേഷം ഈ സമ്പത്തെല്ലാം അന്യാധീനപ്പെട്ടുപോകില്ലേ?”

“നിന്റെ സമ്പത്ത് അന്യാധീനമാകില്ല, നിന്റെ പുത്രന്‍തന്നെയായിരിക്കും നിന്റെയവകാശി. നീ ആകാശത്തേക്കു നോക്കുക; അവിടെക്കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും. “

അബ്രാമും സാറായിയും വാര്‍ദ്ധക്യത്തിലെത്തിയിരുന്നെങ്കിലും അബ്രാം കര്‍ത്താവില്‍ പൂര്‍ണ്ണമായും വിശ്വസിച്ചു.

വര്‍ഷങ്ങള്‍ ഒരുപാടു കടന്നുപോയി. ഇരുപത്തിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാറാ ഗര്‍ഭംധരിക്കുകയോ പ്രസവിക്കുകയോ ചെയ്തില്ല. അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു വീണ്ടുംപ്രത്യക്ഷപ്പെട്ടു പറഞ്ഞു: "സര്‍വ്വശക്തനായ ദൈവമാണു ഞാന്‍; എന്റെ മുമ്പില്‍ കുറ്റമറ്റവനായി വര്‍ത്തിക്കുക. നീയുമായി ഞാനെന്റെയുടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും."

ഇതുകേട്ടപ്പോള്‍ അബ്രാം മണ്ണില്‍ കമിഴ്ന്നുകിടന്നു ചിരിച്ചുപോയി. നൂറുവയസ്സു തികഞ്ഞയാള്‍ അച്ഛനാകുമെന്നോ! തൊണ്ണൂറു തികഞ്ഞ സാറ, ഇനി പ്രസവിക്കുന്നതെങ്ങനെ? അബ്രാം മനസ്സില്‍ ചിന്തിച്ചു.

"അതുശരിയാണല്ലോ കുട്ടനങ്കിളേ, വയസ്സായ അമ്മുമ്മമാര്‍ക്കു മക്കളുണ്ടാകില്ലല്ലോ!" രോഷ്നി മനസ്സില്‍തോന്നിയതു വിളിച്ചുപറഞ്ഞു. കുട്ടികള്‍ കൂട്ടച്ചിരിയായി.

"മിണ്ടാതിരുന്നു കഥ കേള്‍ക്കുന്നുണ്ടോ?" ഷിവാനി മൂത്തചേച്ചിയുടെ അധികാരമെടുത്തു സഹോദരങ്ങളെ ശാസിച്ചു.

"അബ്രാം അങ്ങനെ മനസ്സില്‍ ചിന്തിച്ചതെന്തെന്നു ദൈവമറിഞ്ഞു." കുട്ടനങ്കിള്‍ കഥ തുടര്‍ന്നു. "ദൈവം പറഞ്ഞു: നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. കാരണം ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.

നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും. ഞാനവളെയനുഗ്രഹിക്കും. അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്മാര്‍ ഉദ്ഭവിക്കും. നിന്റെ ഭാര്യ സാറാ നിനക്കായൊരു പുത്രനെ പ്രസവിക്കും. നീയവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരുടമ്പടി സ്ഥാപിക്കും.

ഇതുസംഭവിക്കുന്നതിനുവേണ്ടി നീയും നിന്റെ സന്താനങ്ങളും തലമുറതോറും ഞാനുമായി ഒരുടമ്പടി പാലിക്കണം. നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടിയിതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനംചെയ്യണം. നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്ഛേദനംചെയ്യണം. തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്ഛേദനംചെയ്യണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്‍ക്കും."

"പരിച്ഛേദനമോ, അതെന്താ?" രോഹിത്ത് ചോദിച്ചു.

"അതു വളരെ എളുപ്പമുള്ള കാര്യമാണ്" കുട്ടനങ്കിള്‍ രോഹിത്തിനെ നോക്കി ചിരിച്ചു. എന്നിട്ടു തുടര്‍ന്നു. ആണ്‍കുട്ടികളുടെയെല്ലാം ചുക്കുമണിയുടെ അറ്റം മുറിച്ചുകളയണം"

"അയ്യോ, അതുശരിയാകില്ല..." ചിക്കുവിന്റെ പെട്ടെന്നുള്ള പ്രതികരണം വീണ്ടും കൂട്ടച്ചിരിയുയര്‍ത്തി.

"പക്ഷേ, അബ്രഹാം ചിക്കു പറഞ്ഞതുപോലെ പറഞ്ഞില്ല." കുട്ടനങ്കിള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. "ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്ന് ഉറച്ചുവിശ്വസിച്ച അബ്രാഹം, തന്റെ ജോലിക്കാരടക്കം വീട്ടിലുള്ള സകലപുരുഷന്മാര്‍ക്കും പരിച്ഛേദനംചെയ്തു."

കുറച്ചുദിവസങ്ങള്‍ക്കുശേഷം കര്‍ത്താവു വീണ്ടും അബ്രഹാമിനെ സന്ദര്‍ശിച്ചു. ഒരുദിവസം ഉച്ചസമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കലിരിക്കുകയായിരുന്നു. അപ്പോൾ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതുകണ്ടു. അതിഥിസല്‍ക്കാരപ്രിയനായിരുന്ന അബ്രാഹം അവരെക്കണ്ട്, കൂടാരവാതില്‍ക്കല്‍നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്നു. അബ്രഹാം മൂന്നു വ്യക്തികളെയാണു കണ്ടത്. എന്നാല്‍ അതുകര്‍ത്താവായിരുന്നു.

അബ്രഹാം പറഞ്ഞു: "സ്നേഹിതരേ, വരൂ, അല്പനേരം എന്റെ കൂടാരത്തില്‍ വിശ്രമിച്ചു ഭക്ഷണം കഴിച്ചതിനുശേഷം നിങ്ങള്‍ക്കു യാത്രതുടരാം. കാലുകഴുകാന്‍ ഞാന്‍ കുറച്ചുവെള്ളം കൊണ്ടുവരട്ടെ. നിങ്ങള്‍ ഈ മരത്തണലിലിരുന്നു വിശ്രമിക്കുക."

അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക. അവന്‍ കാലിക്കൂട്ടത്തില്‍നിന്ന്, കൊഴുത്തുതടിച്ച ഒരിളം കാളക്കുട്ടിയെപ്പിടിച്ചു വേലക്കാരനെ ഏല്പിച്ചു. ഉടനെ അവനതു പാകംചെയ്തു.

അബ്രാഹം വെണ്ണയും പാലും, പാകംചെയ്ത മൂരിയിറച്ചിയും അതിഥികളുടെമുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടുനിന്നു.

അവര്‍ അവനോടു ചോദിച്ചു: "നിന്റെ ഭാര്യ സാറായെവിടെ?"

"കൂടാരത്തിലുണ്ട്" അവന്‍ മറുപടി പറഞ്ഞു.

കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേവരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്കൊരു മകനുണ്ടായിരിക്കും."

അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: "എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്ധനായി. എനിക്കിനി സന്താനസൗഭാഗ്യമുണ്ടാകുമോ?"

"കര്‍ത്താവ് അബ്രാഹത്തോടു ചോദിച്ചു: വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്? കര്‍ത്താവിനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിതസമയത്ത്, വസന്തത്തില്‍ ഞാന്‍ നിന്റെയടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്കൊരു മകനുണ്ടായിരിക്കും."

അതിഥികള്‍ അവരെ അനുഗ്രഹിച്ചു യാത്രയായി. അബ്രഹാം ദൈവത്തിന്റെ വാഗ്ദാനത്തില്‍ ഉറച്ചുവിശ്വസിച്ചു.

"അബ്രഹാത്തിന്റെ അതിഥികള്‍ ഭക്ഷണവും വിശ്രമവുംകഴിഞ്ഞു വീണ്ടും യാത്രയായല്ലോ! ഇനി ഇവിടുള്ളവര്‍ക്കും എന്തെങ്കിലും കഴിച്ചിട്ടാകാം, ബാക്കി കഥപറയല്‍ ..." ലവ് ലിയാന്റി കഥക്കൂട്ടത്തിനിടയിലേക്കു വന്നു.

"അതെയതെ, എനിക്കു വിശക്കുന്നുണ്ട്; ഭക്ഷണം കഴിച്ചതിനുശേഷം നമുക്ക് അബ്രഹാമിന്റെ കഥ തുടരാം." കുട്ടനങ്കിളും ലവ് ലിയാന്റിയുടെ അഭിപ്രായത്തോടു യോജിച്ചു.

അബ്രഹാമിന്റെ കഥയ്ക്ക് ഒരിടവേളനല്കി, കുട്ടനങ്കിളും കുട്ടികളും ഭക്ഷണമുറിയിലെത്തിയപ്പോൾ മേശപ്പുറത്തു ചൂടുള്ള ഇഡ്ഢലിയും ചട്നിയും തയ്യാറായിരുന്നു.

"ചായ കുടിക്കുന്നതിനൊപ്പംതന്നെ അബ്രാഹത്തിന്റെ കഥയും തുടർന്നാലോ?" കുട്ടനങ്കിൾ ചോദിച്ചു.

"കേൾക്കാൻ ഞങ്ങൾ റെഡി." കുട്ടികൾ ഒന്നിച്ചു പറഞ്ഞു.

"എന്നാൽ ഭക്ഷണത്തോടൊപ്പം നമുക്കു് അബ്രാഹത്തിന്റെ കഥയും തുടരാം."

വാഗ്ദാന ചെയ്തതുപോലെ, ദൈവം സാറായെ അനുഗ്രഹിച്ചു. നൂറുവയസ്സുതികഞ്ഞ അബ്രാഹാമിന്റെ ഭാര്യയും വൃദ്ധയുമായ സാറാ ഗർഭംധരിച്ചു. കർത്താവു പറഞ്ഞ സമയത്തുതന്നെ സാറ ഒരു പുത്രനെ പ്രസവിച്ചു.

അബ്രാഹത്തിനും സാറയ്ക്കും വലിയ സന്തോഷമായി. അവർ കുഞ്ഞിനു് ഇസഹാക്ക് എന്നു പേരുവിളിച്ചു. കുഞ്ഞു പിറന്നതിന്റെ എട്ടാംദിവസം, ദൈവകല്പനയനുസരിച്ചു്, അബ്രഹാം ഇസഹാക്കിനെ പരിച്ഛേദനംചെയ്തു.

കാലം പിന്നെയും കടന്നുപോയി. ഒരു ദിവസം കർത്താവു് അബ്രാഹിമിനോടു പറഞ്ഞു. "നീ സ്നേഹിക്കുന്ന, നിന്റെ പുത്രൻ ഇസഹാക്കിനെ, മോറിയാ ദേശത്തു ഞാൻ കാണിക്കുന്ന മലയിൽ എനിക്കു ദഹനബലിയായർപ്പിക്കണം."

"അയ്യോ, മകനെ ബലിയർപ്പിക്കാനോ? എന്നിട്ടു് അബ്രഹാം അതു സമ്മതിച്ചോ?" ഷിവാനി ചോദിച്ചു

"അതു് അബ്രാഹത്തിന്റെ വിശ്വാസമെത്രത്തോളമുണ്ടെന്ന പരീക്ഷണമായിരുന്നു. എന്നാൽ സാറാ പ്രസവിക്കുന്ന പുത്രനിലൂടെ അനവധി തലമുറകളുടെ പിതാവാക്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തിൽ അബ്രഹാം പൂർണ്ണമായും വിശ്വസിച്ചു.

പിറ്റേന്നു പുലർച്ചെ, രണ്ടു ദാസന്മാർക്കും ഇസഹാക്കിനുമൊപ്പം അബ്രഹാം മോറിയമലയിലേക്കു യാത്രയായി. ബലിക്കുള്ള വിറകും അവർ കരുതിയിരുന്നു. കഴുതപ്പുറത്തായിരുന്നു അവരുടെ യാത്ര.

മൂന്നാംദിവസം അവർ മോറിയ മലയുടെ താഴ്‌വരയിലെത്തി. അബ്രഹാം ദാസന്മാരോടു പറഞ്ഞു. "നിങ്ങൾ കഴുതയുമായി ഇവിടെ നില്കുക. ഞങ്ങൾ മലമുകളിൽപോയി, കർത്താവിനെ ആരാധിച്ചു മടങ്ങിയെത്താം"

ദഹനബലിക്കുള്ള വിറകു്, ഇസഹാക്ക് തോളിൽവച്ചു.. കത്തിയും തീയും അബ്രഹാമെടുത്തു. മലമുകളിലേക്കു കയറിത്തുടങ്ങിയപ്പോൾ ഇസഹാക്ക് ചോദിച്ചു: "പിതാവേ, നമ്മുടെ കൈയ്യിൽ തീയും വിറകുമുണ്ടല്ലോ! എന്നാൽ ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?"

അത്, അബ്രഹാമിന്റെ ഹൃദയം തകർക്കുന്നൊരു ചോദ്യമായിരുന്നു. ഒരു നിമിഷം അയാൾ മകന്റെ മുഖത്തേക്കു നോക്കി. ഇസഹാക്കിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അബ്രഹാത്തിന്റെ മനസ്സിൽ കർത്താവിന്റെ വാഗ്ദാനത്തിന്റെ ഓർമ്മയുണർന്നു.

നൂറാംവയസ്സിൽ കർത്താവിന്റെ വാഗ്ദാനപ്രകാരം തനിക്കു പിറന്ന പുത്രൻ! അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കുന്ന കർത്താവിന്റെ ദാനമാണിവൻ. ഇവനിലൂടെ തന്റെ തലമുറകൾ അനുഗ്രഹിക്കപ്പെടുമെന്നു വാഗ്ദാനംചെയ്തതും അതേ കർത്താവുതന്നെ! തൊണ്ണൂറുവയസ്സു കഴിഞ്ഞ സാറയിലൂടെ തനിക്കിവനെ നല്കിയ ദൈവം, അവനിലൂടെ തനിക്കു നിരവധി തലമുറകൾ നല്കുമെന്ന വാഗ്ദാനവും നിറവേറ്റുമെന്ന ഉറച്ച വിശ്വാസത്തോടെ അബ്രഹാം പറഞ്ഞു: "കുഞ്ഞാടിനെ ദൈവം തരും"

അവർ മലമുകളിലേക്കു കയറി. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ അബ്രഹാം അവിടെയൊരു ബലിപീഠം നിർമ്മിച്ചു. വിറകടുക്കിവച്ച് അവൻ കണ്ണുകളടച്ചു. ഇസഹാക്കിലൂടെ അനേകം തലമുറകളെ നല്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തെക്കുറിച്ചു് ഒരിക്കൽക്കൂടെ ധ്യാനിച്ചു.

പിന്നെ ഇസഹാക്കിനെ ബന്ധിച്ചു ബലിപീഠത്തിൽക്കിടത്തി. മകനെ ബലികഴിക്കാൻ കത്തി കൈയിലെടുത്തു. "

തൽക്ഷണം ആകാശത്തുനിന്നും 'അബ്രഹാം അബ്രഹാം' എന്നു വിളിയുയർന്നു. അബ്രഹാം വിളികേട്ടു. "കുട്ടിയുടെമേൽ കൈ വയ്ക്കരുതു്. പൂർണ്ണമനസ്സോടെ നീ എന്നെ അനുസരിക്കുന്നവനാണെന്നു് നിന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞു."

അബ്രഹാം തലയുയർത്തി നോക്കിയപ്പോൾ തനിക്കുപിന്നിൽ, മുൾച്ചെടികളിൽ കൊമ്പുടക്കി നില്കുന്ന ഒരു മുട്ടനാടിനെക്കണ്ടു. ഇസഹാക്കിനുപകരം ആ മുട്ടാടിനെ അവൻ ബലിയർപ്പിച്ചു.

കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചുപറഞ്ഞു:

കര്‍ത്താവരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍മടിക്കായ്‌കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു:

ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ദ്ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും.

നീ, എന്റെ വാക്കനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.

"അല്ല, ഭക്ഷണത്തിനു മുമ്പിലും ഇങ്ങനെ കഥയും പറഞ്ഞിരുന്നാലെങ്ങനാ? വേഗം കഴിച്ചിട്ടെഴുന്നേറ്റു പോകൂ" ലവ് ലിയാന്റി അല്പം ദേഷ്യത്തിലാണു്.

"കഴിഞ്ഞു, കഴിഞ്ഞു." കുട്ടനങ്കിൾ പറഞ്ഞു. "ഇസഹാക്കിലൂടെ അനേകം തലമുറകളെ നല്കുമെന്നു വാഗ്ദാനംചെയ്ത കർത്താവു്, അവനെ ബലിയർപ്പിക്കാൻ പറഞ്ഞാൽ, ബലിക്കുമപ്പുറം, അവനെ പുനർജ്ജീവിപ്പിച്ചു വാഗ്ദാനംപാലിക്കുമെന്ന വിശ്വാസം പ്രവൃത്തിപഥത്തിലെത്തിച്ച അബ്രഹാം, വിശ്വാസികളുടെ പിതാവെന്നു വിളിക്കപ്പെടാൻ എന്തുകൊണ്ടും അർഹനല്ലേ?"

Friday 23 April 2010

വിഗ്രഹങ്ങള്‍



"വിഗ്രഹാരാധനയെക്കുറിച്ചു ചില കാര്യങ്ങൾ പറഞ്ഞുതരാമെന്നു പറഞ്ഞിട്ടു കുട്ടനങ്കിൾ ഇതുവരെ പറഞ്ഞുതന്നില്ലല്ലോ.”

വൈകുന്നേരം ചർച്ചകൾക്കായി ഒത്തുകൂടിയപ്പോൾ ഷിവാനി പരാതിപ്പെട്ടു.

“ഇപ്പോൾ പറഞ്ഞുതരാമല്ലോ.” കുട്ടനങ്കിള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. “ഷിവാനിയുടെ സംശയമെന്താണെങ്കിലും ഇപ്പോൾ ചോദിച്ചുകൊള്ളൂ.”

“പുറപ്പാടു പുസ്തകത്തിലെ  20-ാംഅദ്ധ്യായത്തിൽ പത്തുകല്പനകൾ നൽകുമ്പോൾ ഒന്നാം കല്പനയായി കർത്താവിങ്ങനെ പറയുന്നുണ്ടല്ലോ: -  ഞാനാണു നിന്റെ ദൈവമായ കർത്താവ്. ഞാനല്ലാതെ വേറെ ദേവന്മാർ നിനക്കുണ്ടാകരുത്. മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീയുണ്ടാക്കരുത്. അവയ്ക്കുമുമ്പിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.

എന്നാൽ നമ്മുടെ ദൈവാലയങ്ങളിലും വീടുകളിലും ഈശോയുടേയും മാതാവിന്റെയും മറ്റു വിശുദ്ധന്മാരുടേയും പ്രതിമകളും ചിത്രങ്ങളുംവച്ചു പ്രാർത്ഥിക്കാറുണ്ടല്ലോ. ഇത് ഒന്നാം പ്രമാണത്തിനെതിരല്ലേ?“

“ഷിവാനി വളരെ നല്ലൊരു സംശയമാണു ചോദിച്ചത്. അതിനുള്ള മറുപടി പറയുന്നതിനുമുമ്പായി മറ്റു ചില തിരുവചനങ്ങള്‍ നമുക്കൊന്നു നോക്കാം. പുറപ്പാടു പുസ്തകത്തിലെ 25-ാംഅദ്ധ്യായം 18-ം വചനം ആരെങ്കിലുമൊന്നു വായിക്കൂ.” കുട്ടനങ്കിള്‍ ആവശ്യപ്പെട്ടു.

“കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചുപരത്തിയ സ്വർണ്ണംകൊണ്ട്, രണ്ടു കെരൂബുകളെ നിർമ്മിക്കണം.” രഹ്ന വിശുദ്ധഗ്രന്ഥംതുറന്ന് ഉറക്കെ വായിച്ചു.

“പ്രതിമകൾ ഉണ്ടാക്കരുത് എന്നു പറഞ്ഞ ദൈവംതന്നെയാണ് കെരൂബുകളുടെ സ്വർണ്ണപ്രതിമയുണ്ടാക്കാൻ ആവശ്യപ്പെടുന്നതെന്നു കേട്ടില്ലേ? സംഖ്യാ പുസ്തകത്തിലെ 21-ം അദ്ധ്യായത്തിലെ 6 മുതൽ 9 വരെയുള്ള തിരുവചനങ്ങൾകൂടെയൊന്നു വായിക്കൂ.”

ചിക്കുവാണ് ഇത്തവണ തിരുവചനഭാഗം കണ്ടെത്തി വായിച്ചത്.

“അപ്പോൾ കർത്താവു ജനങ്ങളുടെയിടയിലേക്ക് ആഗ്നേയ സർപ്പങ്ങളെയയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലിൽ വളരെപ്പേർ മരിച്ചു. ജനം മോശയുടെ അടുത്തുവന്നു പറഞ്ഞു, അങ്ങേയ്ക്കും കർത്താവിനുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപം ചെയ്തു. ഈ സർപ്പങ്ങളെ പിന്‍വലിക്കാന്‍ അങ്ങു കർത്താവിനോടു പ്രാർത്ഥിക്കണമേ.

മോശ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു. കർത്താവു മോശയോടരുളിച്ചെയ്തു: ‘ഒരു പിച്ചള സർപ്പത്തെയുണ്ടാക്കി വടിയിൽ ഉയർത്തിനിറുത്തുക. ദംശനമേല്ക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല.’

മോശ, പിച്ചളകൊണ്ട് ഒരു സർപ്പത്തെയുണ്ടാക്കി അതിനെ വടിയിലുയർത്തിനിറുത്തി; ദംശനമേറ്റവർ പിച്ചളസർപ്പത്തെ നോക്കി. അവർ ജീവിച്ചു.“

“ഇതിപ്പോൾ വലിയ കണ്‍ഫ്യൂഷനായല്ലോ കുട്ടനങ്കിളേ!”

കിച്ചു താടിയിൽ കൈവച്ചു.

“ഒരിടത്തു വിഗ്രഹങ്ങൾ ഉണ്ടാക്കരുതെന്നു പറയുന്നു, പിന്നൊരിടത്തു സ്വർണ്ണംകൊണ്ടു കെരൂബുകളെയുണ്ടാക്കാൻ പറയുന്നു, പിന്നീടിപ്പോൾ പിച്ചളസർപ്പത്തെയുണ്ടാക്കി അതിനെനോക്കി സൗഖ്യംനേടാന്‍ ആവശ്യപ്പെടുന്നു. ഈ കർത്താവെന്താണിങ്ങനെ?”

 “എല്ലാംകൂടെ കേൾക്കുമ്പോൾ ഒരു ചേർച്ചയില്ലായ്മ തോന്നുന്നുണ്ടെന്നുള്ളതു ശരിയാണ്. പക്ഷേ, ദൈവം മനുഷ്യരെപ്പോലെ ഒരേ കാര്യത്തിൽ പല അഭിപ്രായം പറയില്ലെന്നുറപ്പാണ്. അപ്പോൾ നമ്മള്‍ മനസ്സിലാക്കിയതിൽ എന്തോ തെറ്റുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ”

താന്‍ പറഞ്ഞതു ശരിയല്ലേ എന്നമട്ടിൽ എയ്ഞ്ചൽ കുട്ടനങ്കിളിനെ നോക്കി.

“എയ്ഞ്ചൽ ശരിയായിത്തന്നെയാണു ചിന്തിച്ചത്. നമുക്കിപ്പോൾ മറ്റൊരു വചനംകൂടെ നോക്കാം. നിയമാവർത്തനം നാലാമദ്ധ്യായം 15 മുതൽ 19 വരെയുള്ള വചനങ്ങൾ രോഷ്നി വായിക്കൂ.”

“അതിനാൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുവിന്‍. ഹോറെബിൽവച്ച്, അഗ്നിയുടെ മദ്ധ്യത്തിൽനിന്ന് കർത്താവു നിങ്ങളോടു സംസാരിച്ചദിവസം നിങ്ങൾ ഒരു രൂപവും കണ്ടില്ല. അതിനാൽ എന്തിന്റെയെങ്കിലും സാദൃശ്യത്തിൽ, പുരുഷന്റെയോ സ്ത്രീയുടേയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ, ആകാശത്തിലെ ഏതെങ്കിലും പറവയുടേയോ, നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ, ഭൂമിക്കടിയിലെ ജലത്തിൽ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെ‍യോ സാദൃശ്യത്തിൽ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കുവാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍”. രോഷ്നി വായിച്ചുനിർത്തി.

“ഇപ്പോൾ കുറച്ചുകൂടെ വ്യക്തമാകുന്നുണ്ട്.” രോഹിത് പറഞ്ഞു.

“രോഹിതിനു മനസ്സിലായതെന്താണെന്നു മറ്റുള്ളവർക്കുകൂടെ ഒന്നു വിശദമാക്കിക്കൊടുക്കാമോ?”

“ദൈവം അദൃശ്യനായെത്തിയാണു മോശയ്ക്കു സന്ദേശങ്ങൾ നല്കിയത്. അദൃശ്യനായ ദൈവത്തിനു മനുഷ്യന്റെ ഇഷ്ടപ്രകാരമുള്ള ഒരു രൂപം നല്കരുതെന്ന ഉദ്ദ്യേശത്തോടെയാകാം വിഗ്രഹങ്ങളുണ്ടാക്കരുതെന്നു കർത്താവ് ആവശ്യപ്പെട്ടത്. ഒരിക്കലും ഒരുതരത്തിലുമുള്ള പ്രതിമകളും ഉണ്ടാക്കരുതെന്ന് അതിനർത്ഥമില്ലല്ലോ.”

“രോഹിതിന്റെ അഭിപ്രായം ശരിയാണ്, പഴയ നിയമ കാലഘട്ടത്തിൽ ദൈവം അരൂപിയായാണ് ഇസ്രയേൽ ജനതയെ സന്ദർശിച്ചിരുന്നത്. അതുകൊണ്ട് അരൂപിയായ ദൈവത്തിന് ഭാവനാരൂപങ്ങളുണ്ടാക്കരുതെന്ന ഉദ്ദ്യേശത്തോടെതന്നെയാണ് വിഗ്രഹങ്ങളുണ്ടാക്കരുതെന്ന് അവിടുന്നാവശ്യപ്പെട്ടത്.

പുതിയനിയമ കാലഘട്ടത്തിൽ ദൈവം യേശുവിന്റെ രൂപത്തിൽ തന്റെ ജനത്തോടൊത്തു ജീവിച്ചുവെന്നു നമുക്കറിയാം. അപ്പോൾ ദൈവത്തിനു നിയതമായ ഒരു രൂപം നമ്മൾ കണ്ടു – യേശുവിന്റെ രൂപം. യേശുവിനെക്കണ്ട മനുഷ്യരെല്ലാം സ്വന്തം കണ്ണുകൾ കൊണ്ട് ദൈവത്തെ കണ്ടു.




ഇന്ന് യേശുവിന്റെ പ്രതിമയോ ചിത്രമോ കാണുന്ന വിശ്വാസി യഥാർത്ഥത്തില് ദൈവത്തിന്റെ പ്രതിച്ഛായതന്നെയാണു കാണുന്നത്. നമ്മൾ ആരാധന നല്കുന്നത് ആ രൂപത്തിനോ ചിത്രത്തിനോ അല്ല, മറിച്ച് ദൈവത്തിനാണ്. ദൈവം മാത്രമാണ് ആരാധനയ്ക്കർഹൻ. ദൈവത്തിനുമാത്രം അർഹമായ ആരാധന കത്തോലിക്കരാരും രൂപങ്ങൾക്കോ ചിത്രങ്ങൾക്കോ നല്കുന്നില്ല.”

കുട്ടനങ്കിൾ വിശദീകരിച്ചു.

“പക്ഷേ ഇപ്പോഴും ചില സംശയങ്ങൾ ബാക്കിയാവുന്നുണ്ടല്ലോ ചാച്ചാ. “ ചിന്നു പറഞ്ഞു.

“എന്താണടുത്ത സംശയം, ചിന്നുമോൾ ചോദിച്ചോളൂ‘’

“ഈശോയുടെ രൂപങ്ങളും ചിത്രവും നമ്മൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഇപ്പോൾ മനസ്സിലായി. പക്ഷേ നമ്മൾ വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വച്ച് പ്രാർത്ഥിക്കുന്നതോ? അവർ നമ്മളെപ്പോലെ മനുഷ്യർതന്നെയാണല്ലോ.”

ചിന്നു ചോദിച്ചു.

“ദൈവഹിതത്തിനു കീഴ്വഴങ്ങി നന്മയിൽ ജീവിച്ചു വളർന്നവരാണ് വിശുദ്ധർ. അവരെ അനുസ്മരിക്കുന്നതിനും അവരുടെ ജീവിത മാതൃക മനസ്സിലാക്കി, വിശുദ്ധിയിൽ വളരുന്നതിനുംവേണ്ടിയാണ്, വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും നാം ഉപയോഗിക്കുന്നത്.

ദൈവത്തിനു പ്രിയങ്കരരായി ജീവിച്ചു മരിച്ച, വിശുദ്ധരായ മനുഷ്യരെ ആദരിക്കുകയും ബഹുമാനിക്കുകയുംചെയ്യുമ്പോൾ, അവരിലൂടെ പ്രവർത്തിച്ച ദൈവത്തെയാണു നമ്മൾ ആദരിക്കുന്നതെന്ന ഓർമ്മ നമുക്കുണ്ടാവണം.

ജ്ഞാനത്തിന്റെ പുസ്തകം 16-ം അദ്ധ്യായത്തിലെ ഏഴും എട്ടും വചനങ്ങളിൽ, പിച്ചള സർപ്പത്തെ നോക്കി പ്രാർത്ഥിച്ചവരെ രക്ഷിച്ചതു പിച്ചളസർപ്പമല്ല ദൈവമാണ് എന്നു വ്യക്തമായി പറയുന്നുണ്ട്.

രാജാക്കന്മാർ 18-ആം അദ്ധ്യായം 4-ആം വാക്യത്തിൽ, ചിലർ പിച്ചള സർപ്പത്തിനു ധൂപമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവമതിനെ നശിപ്പിച്ചതായും നമുക്കു കാണാം.”

കുട്ടനങ്കിൾ പറഞ്ഞു.

“അപ്പോൾ പ്രതിമകളും രൂപങ്ങളും ഉണ്ടാക്കുന്നതല്ല, മറിച്ച് അതിനോടുള്ള നമ്മുടെ മനോഭാവമാണ് പാപകരമാകുന്നത്, അല്ലേ ചാച്ചാ?” ചിക്കു ചോദിച്ചു.

“അതേ. ശില്പികൾ പാപികളല്ലെന്നും ശില്പനിർമ്മാണത്തിനുള്ള കഴിവു ദൈവം നല്കിയതാണെന്നും പുറപ്പാട് 31:3 ലൂടെ വ്യക്തമാക്കുന്നുണ്ട്. പ്രതിമകളേയും ചിത്രങ്ങളേയും ദൈവമായിക്കണ്ട് ആരാധിച്ചാൽ അതു വിഗ്രഹാരാധനയാണ്. അത് മാത്രമല്ല, നമ്മൾ എല്ലായ്പോഴും ദൈവത്തിന് ഒന്നാം സ്ഥാനം നല്കണം. ദൈവത്തിനു നല്കേണ്ട സ്ഥാനം മറ്റെന്തിനു നല്കിയാലും വിഗ്രഹാരാധനയെന്ന തിന്മയ്ക്ക് അടിമകളാണ് നമ്മൾ.

ചിലർ ജീവിതത്തിൽ ഏറെ പ്രാധാന്യം നല്കുന്നത് പണത്തിനാണ്. മറ്റ് ചിലർ സ്ഥാനമാനങ്ങൾ ദൈവത്തെക്കാൾ വലുതായി കാണുന്നു. കുറേപ്പേർക്ക് സ്വന്തം കഴിവുകളിലാണ് വിശ്വാസം. വേറൊരു കൂട്ടർ സിനിമാ താരങ്ങളേയും ക്രിക്കറ്റ് കളിക്കാരേയും രാഷ്ട്രീയ നേതാക്കളേയും ആരാധിക്കുന്നു. ചില കുട്ടികൾ കാർട്ടൂണ് ചാനലുകൾക്കാണ് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നത്. ദൈവത്തിനു നല്കേണ്ട ഒന്നാം സ്ഥാനവും ആരാധനയും സൃഷ്ടവസ്തുക്കൾക്ക് നല്കുന്ന ഇത്തരക്കാരെല്ലാം വിഗ്രഹാരാധനയെന്ന പാപത്തിൽ കഴിയുന്നവരാണ്.”

കുട്ടനങ്കിൾ വ്യക്തമാക്കി.

“ഇപ്പോഴാണ് വിഗ്രഹാരാധനയെക്കുറിച്ച് എനിക്ക് വ്യക്തമായി മനസ്സിലായത്. ഇനി മുതൽ എന്നും ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം നല്കിക്കൊണ്ട് വിഗ്രഹാരാധനയെന്ന പാപത്തിൽ നിന്ന് ഞാന്‍ അകന്ന് നില്ക്കും.”

ഷിവാനി ഉറപ്പിച്ച് പറഞ്ഞപ്പോൾ മറ്റുള്ളവരെല്ലാം ഒരേശബ്ദത്തിൽ അതേറ്റു പറഞ്ഞു.

Thursday 22 April 2010

ചിക്കുവിന്റെ സംശയം.


"ചാച്ചാ, എനിക്കു വലിയൊരു സംശയമുണ്ട്."


വൈകുന്നേരം കുടുംബപ്രാര്ത്ഥനകഴിഞ്ഞ്, മുതിര്ന്നവര്ക്കെല്ലാം സ്തുതിചൊല്ലിയശേഷം ചിക്കു പറഞ്ഞു.

"എന്താണെങ്കിലും ചോദിച്ചുകൊള്ളൂ, ചാച്ചനറിയാവുന്നതാണെങ്കില്‍ പറഞ്ഞുതരാം"

"സംശയമിതാണ്. ഇന്നു നമ്മള്‍ മഹത്വത്തിന്റെ രണ്ടാംരഹസ്യത്തില്‍ ധ്യാനിച്ചതെന്താണ്?"

“ഓ, ഇതാണോ ഇത്ര വലിയ സംശയം? ഉയിര്ത്തെഴുന്നേറ്റ ഈശോനാഥന്‍ നാല്പതാംനാള്‍ ഉയിര്ത്തെഴുന്നേറ്റു എന്നതാണു മഹത്വത്തിന്റെ രണ്ടാംരഹസ്യം."

എയ്ഞ്ചലിന്റെ മറുപടിയില്‍ ഒരു പരിഹാസംകൂടി അടങ്ങിയിരുന്നു.




"ചുമ്മാ തോക്കില്‍ക്കേറി വെടിവയ്ക്കല്ലേ മോളേ, എന്റെന ചോദ്യം തീര്ന്നില്ല. ആദ്യം ലൂക്കയുടെ സുവിശേഷം ഇരുപത്തി മൂന്നാം അദ്ധ്യായത്തിലെ നാല്പത്തിമൂന്നാം വചനമൊന്നു വായിക്കാമോ?"

വചനഭാഗങ്ങള്‍ തനിക്കറിയാമെന്നൊരു ഗമയിലാണ് ചിക്കുവിന്റെ സംസാരം.

രോഷ്നി പെട്ടന്നുതന്നെ വചനംകണ്ടെത്തി ഉറക്കെ വായിച്ചു:

"യേശു അവനോട് അരുള്‍ ചെയ്തു, സത്യമായും ഞാന്‍ പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും."

"ങ്ഹാ, ഇതു തന്നെയാണ്‌ എന്റെ സംശയം;”

ചിക്കു പറഞ്ഞു..

“പശ്ചാത്തപിച്ച കള്ളനോടു കുരിശില്‍ക്കിടന്നു കൊണ്ടാണ്‌ ഈശോ ഇതു പറഞ്ഞത്. എന്നാല്‍ ഈശോ ഉയിര്ത്തു നാല്പതാംനാള്‍ സ്വര്ഗ്ഗാരോഹണം ചെയ്തുവെന്നാണു മഹത്വത്തിന്റെ രണ്ടാം രഹസ്യം. ഇതാണു ശരിയെങ്കിൽ ഈശോയോടൊപ്പം മരണദിവസം ആ വ്യക്തി എങ്ങനെ പറുദീസയില്‍ പോകും?"

"ഇത് എനിക്കും പലപ്പോഴും തോന്നിയിട്ടുള്ള സംശയമാണ്‌."

രഹ്നയും ചിക്കുവിനെ പിന്താങ്ങി.

“എന്റെ മനസ്സിലും ഇതേ സംശയം പലപ്പോഴും ഉയര്ന്നിട്ടുണ്ട്."

ലവ്‌ലിയാന്റികൂടെ സംശയം ആവര്ത്തിയച്ചപ്പോള്‍ കുട്ടനങ്കിളിൽനിന്നു സംശയനിവൃത്തി ഉണ്ടായേ പറ്റൂ എന്നമട്ടില്‍ കുട്ടികള്‍ കുട്ടനങ്കിളിനെ നോക്കി.

"കുട്ടികള്ക്കു മാത്രമല്ല, മുതിര്ന്നവര്ക്കും പലപ്പോഴും ഉണ്ടായേക്കാവുന്ന ഒരു സംശയമാണിത്. എനിക്കറിയാവുന്നതുപോലെ ഇക്കാര്യം ഒന്നു വിശദീകരിക്കാന്‍ ഞാന്‍ ശ്രമിക്കാം."

കുട്ടനങ്കിള്‍ ഇതുപറഞ്ഞപ്പോള്‍ എല്ലാവര്ക്കും ഉത്സാഹമായി.

"ഷിവാനി ഒരു പേപ്പറും പേനയും എടുത്തുകൊണ്ടുവരൂ. അങ്കിള്‍ പറയുന്ന തിരുവചനങ്ങള്‍ ഒന്നു കുറിച്ചുവയ്ക്കണം. നിങ്ങള്ക്ക് പിന്നീടു പരിശോധിക്കുന്നതിനുവേണ്ടിയാണ്."

ഷിവാനി പെട്ടന്ന് ഒരു പുസ്തകവും പേനയുമെടുത്തു.

"പശ്ചാത്തപിച്ച കള്ളനോട് ഈശോ പറഞ്ഞ വാക്കുകള്‍ നാം വായിച്ചു കേട്ടുകഴിഞ്ഞു. എന്നാല്‍ യോഹന്നാന്‍ ഇരുപത് പതിനേഴിൽ ഉദ്ധിതനായ യേശു മഗ്ദലന മറിയത്തിനു പ്രത്യക്ഷനായി പറയുന്നത്, ഞാന്‍ ഇതുവരെ പിതാവിന്റെനയടുത്തേക്കു കയറിയിട്ടില്ല എന്നാണ്."

"ങ്ഹാ, ഇതു രണ്ടുംകൂടെ കേള്ക്കുമ്പോള്‍ ശരിക്കുമെന്തോ ഒരു ചേര്ച്ചയില്ലായ്മ തോന്നുന്നില്ലേ?"

ലവ്‌ലിയാന്റി ചോദിച്ചു.

"പക്ഷേ ഈശോ കളവു പറയുമെന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ?"

"ഇല്ല, ഒരിക്കലുമില്ല!"

കുട്ടികള്‍ ഒരേ ശബ്ദത്തിൽ പറഞ്ഞു.

"അപ്പോള്‍ തീര്ച്ഛയായും നമ്മള്‍ മനസ്സിലാക്കിയതിൽ എവിടെയോ ഉള്ള തെറ്റാണ് വില്ലന്‍. നമുക്ക് സ്വര്ഗ്ഗരാജ്യത്തെക്കുറിച്ചു വിശുദ്ധഗ്രന്ഥം നല്കുന്ന ചില സൂചനകള്‍ നോക്കാം. കൊറിന്ത്യര്ക്കുള്ള രണ്ടാം ലേഖനം പന്ത്രണ്ടാമദ്ധ്യായത്തിലെ രണ്ടാം വചനമൊന്ന് വായിക്കൂ"

"പതിന്നാലു വര്ഷം മുമ്പു മൂന്നാം സ്വര്ഗ്ഗംവരെ ഉയര്ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്തുവില്‍ എനിക്കറിയാം. ശരീരത്തോടുകൂടെയോ ശരീരംകൂടാതെയോ എന്നെനിക്കറിയില്ല"

രോഹിത്ത് വചനഭാഗം വായിച്ചു.

ഇതിനര്ത്ഥം സ്വര്ഗ്ഗത്തിനു കുറഞ്ഞതു മൂന്ന് തലങ്ങളെങ്കിലുമുണ്ട് എന്നല്ലേ? പന്ത്രണ്ടാം പീയൂസ് മാര്പ്പാപ്പ 1943ല്‍ പ്രസിദ്ധപ്പെടുത്തിയ വിശ്വലേഖനത്തിൽ ഇങ്ങനെ പറയുന്നു:

‘സ്വര്ഗ്ഗത്തിൽ ലഭിക്കുന്ന ദൈവദര്ശനത്തിൽ ആത്മാവ് ഒരു ദിവ്യപ്രകാശത്താല്‍ ഉയര്ത്തപ്പെടുന്നു. അതിനാല്‍ അതിന്റെ കണ്ണുകള്ക്കു പിതാവിനേയും പുത്രനേയും പരിശുദ്ധാത്മാവിനേയും നേരിട്ടു കാണാനാകും. പരിശുദ്ധ ത്രീത്വമനുഭവിക്കുന്ന സൗഭാഗ്യത്തിനു സദൃശ്യമായ സ്വര്ഗ്ഗഭാഗ്യം അനുഭവിക്കുന്നതിന്‌ ഇടയാകുകയുംചെയ്യും.‘

ഒരുപക്ഷേ ഇതാവും സ്വര്ഗ്ഗത്തിന്റെ ഏറ്റവും ഉയര്ന്ന തലം. ഈയൊരു തലത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ചാവാം ഈശോയുടെ സ്വര്‍ഗ്ഗാരോഹണം എന്നതു കൊണ്ടു വിശുദ്ധ വേദപുസ്തകം അര്ത്ഥംമാക്കുന്നത്. ‘ഞാന്‍ ഇതുവരെ പിതാവിന്റെയടുത്തേക്ക് കയറിയിട്ടില്ല’ എന്ന് ഈശോ പറയുമ്പോള്‍ പരിശുദ്ധ ത്രീത്വം അവിഭാജ്യമായി വസിക്കുന്ന സ്വര്ഗ്ഗത്തിന്റെ ഈയൊരു തലം തന്നെയാവും അവിടുന്ന് ഉദ്ദ്യേശിക്കുന്നത്."കുട്ടനങ്കിള്‍ പറഞ്ഞു.

"അപ്പോള്‍ സ്വര്ഗ്ഗത്തിന്റെ ആദ്യത്തെ ഏതെങ്കിലും ഒരു തലത്തിലാകാം മാനസാന്തരപ്പെട്ട കള്ളന്റെ ആത്മാവ് യേശുവിനോടൊപ്പം ചെന്നുചേര്ന്നിട്ടുണ്ടാവുക, അല്ലേ കുട്ടനങ്കിളേ?" കിച്ചു ചോദിച്ചു.

"തീര്ച്ഛയായും നമ്മള്‍ അങ്ങനെതന്നെയാണു കരുതേണ്ടത്. നീ ഇന്ന് എന്റെകൂടെ പറുദീസയിലായിരിക്കുമെന്ന് ഈശോ മാനസാന്തരപ്പെട്ട കള്ളനോടു പറയുകയും പിന്നീട്, ഉയിർപ്പിനുശേഷം, ഞാന്‍ ഇതുവരെ പിതാവിന്റെ അടുത്തേക്കു കയറിയിട്ടില്ല എന്നു മഗ്ദലന മറിയത്തോടു പറയുകയുംചെയ്യുന്നതിൽനിന്നു നമുക്കു ലഭിക്കുന്ന സൂചന അതാണ്."

"സ്വര്ഗ്ഗത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് ബൈബിളിൽ മറ്റെവിടെയെങ്കിലും പറയുന്നുണ്ടോ ചാച്ചാ?"

ചിന്നു മോള്‍ ചോദിച്ചു.

ലൂക്കയുടെ സുവിശേഷം പതിനാറാം അദ്ധ്യായത്തില്‍ 19 മുതൽ 31 വരെ വചനങ്ങളില്‍ ധനവാന്റെയും ലാസറിന്റെയും അന്യാപദേശകഥയില്‍ മരിച്ച ലാസറിനെ മാലാഖമാര്‍ അബ്രഹാമിന്റെ മടിയിലേക്കു സംവഹിച്ചു എന്നു കാണുന്നു. ഒരുപക്ഷേ 'അബ്രഹാമിന്റെ മടി' എന്നതും സ്വര്ഗ്ഗത്തിന്റെ മറ്റൊരു തലമാകാം. അതല്ലാതെ മറ്റെന്തെങ്കിലും പരാമര്ശമുള്ളതായി എനിക്കറിയില്ല."

"യഥാര്ത്ഥത്തിൽ മനുഷ്യബുദ്ധിക്കു സങ്കല്പിക്കാവുന്നതിലുമൊക്കെ വലിയ യാഥാര്ത്ഥ്യമാണ് സ്വര്ഗ്ഗം. കൊറിന്തോസുകാര്ക്കുള്ള ഒന്നാം ലേഖനത്തിന്റെ‍ രണ്ടാമദ്ധ്യായം ഒമ്പതാം വചനം ആരെങ്കിലുമൊന്നു വായിക്കാമോ?"

രോഹിത്ത് ഉടന്‍തന്നെ ബൈബിളെടുത്ത് കുട്ടനങ്കിള്‍ പറഞ്ഞ വചനഭാഗം വായിച്ചു:

"തന്നെ സ്നേഹിക്കുന്നവര്ക്കായി ദൈവം സജ്ജമാക്കിയിരിക്കുന്നതു കണ്ണു കണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല, മനുഷ്യഹൃദയങ്ങളില്‍ പ്രവേശിച്ചിട്ടുമില്ല."

"പൌലോസ് ശ്ലീഹാ പറയുന്നതു കേട്ടില്ലേ? അതുകൊണ്ട് ഈ വിഷയത്തില്‍ ഇതില്‍ കൂടുതൽ നമ്മള്‍ ചര്ച്ച ചെയ്യേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരുകാര്യംമാത്രം എപ്പോഴും ഓര്ക്കുക: സ്വര്ഗ്ഗം ദൈവത്തിന്റെ വാസസ്ഥലമാണ്. ദൈവമഹത്വം ഉജ്ജ്വലമായി പ്രകാശിക്കുന്ന അവിടെ, അതിയായ സന്തോഷവും സൗഭാഗ്യവും സമാധാനവും സ്നേഹവും ആനന്ദവും എല്ലാം അനുഭവിച്ച് നിത്യകാലം ജീവിക്കേണ്ടവരാണു നമ്മള്‍. നമ്മുടെ പാപങ്ങള്‍വഴി ആ നിത്യജീവിതം നമുക്കു നഷ്ടമാകരുതെന്നു ദൈവമാഗ്രഹിക്കുന്നു. അതുകൊണ്ടു ദൈവഹിത പ്രകാരം ജീവിതം ചിട്ടപ്പെടുത്താന്‍ നിങ്ങളെല്ലാവരും ശ്രദ്ധിക്കണം."

കുട്ടനങ്കിള്‍ പറഞ്ഞതു പൂര്ണ്ണമായി സമ്മതിച്ചുകൊണ്ട് എല്ലാവരും തലകുലുക്കി.

"ഓ, സംസാരിച്ചിരുന്നു നേരംഒരുപാടായി. വേഗം അത്താഴം കഴിച്ചു കിടന്നുറങ്ങാം."

ലവ്‌ലിയാന്റി അടുക്കളയിലേക്കോടി.

"ഇടയ്ക്കു നമ്മള്‍ വായിച്ച വചനഭാഗങ്ങളൊക്കെ ഷിവാനി കുറിച്ചെടുത്തല്ലോ അല്ലേ? നാളെ രാവിലെതന്നെ എല്ലാവരും അതെല്ലാം ഒന്നുകൂടെ വായിച്ച് നോക്കാന്‍ മറക്കേണ്ട."

കുട്ടനങ്കിള്‍ ഓര്മ്മിപ്പിച്ചു.

Sunday 11 April 2010

ഭാഷകളുടെ ഉദ്ഭവം


"കുട്ടനങ്കിളേ, ഇന്നലെ വൈകിട്ടു ഞങ്ങൾ ബീച്ചിൽപോയപ്പോൾ, അവിടെ കുറേ ടൂറിസ്റ്റുകളുണ്ടായിരുന്നു. അവര്‍ പറയുന്ന ഭാഷയൊന്നും മനസ്സിലാകുന്നതേയില്ല. അത് ഇംഗ്ലീഷൊന്നുമല്ല, വേറെന്തോ ഭാഷയാണ്. ഈ സായിപ്പന്മാര്‍ ഇംഗ്ലീഷല്ലാതെ വേറെന്തു ഭാഷയാണങ്കിളേ സംസാരിക്കുന്നത്?"

രാവിലെ ചായകുടിക്കുന്നതിനിടയില്‍ രോഷ്നിയാണു ചോദ്യമുന്നയിച്ചത്.

"അല്ല, ഇന്ത്യയ്ക്കു പുറത്തുള്ളവരുടെയെല്ലാം ഭാഷ ഇംഗ്ലീഷാണെന്നു രോഷ്നിയോടാരാ പറഞ്ഞത്? ആയിരക്കണക്കിനു ഭാഷകളാണ്, ലോകത്തിന്നു നിലവിലുള്ളത്." കുട്ടനങ്കിള്‍ പറഞ്ഞു.

"അതു ശരിയാ കുട്ടനങ്കിളേ, ഭാഷകളുടെ എണ്ണംകൊണ്ടു പ്രശസ്തമായ ഒരു ദ്വീപിനെക്കുറിച്ച്, ഞാനെവിടെയോ വായിച്ചതോര്‍ക്കുന്നു. അതിന്‍റെ പേർ......"

നാവിന്‍തുമ്പത്തെത്തി നില്‍ക്കുന്ന ആ ദ്വീപിന്‍റെ പേരു് ഓര്‍മ്മിച്ചെടുക്കുവാനുള്ള ശ്രമത്തിലാണു ഷിവാനി.

"പാപ്പുവ ന്യൂ ഗനിയ" കുട്ടനങ്കിളാണതു പൂരിപ്പിച്ചത്.

"ആസ്ട്രേലിയയ്ക്കടുത്തുള്ള പാപ്പുവ ന്യൂ ഗനിയ എന്ന ചെറിയ ദ്വീപില്‍ എണ്ണൂറോളം ഭാഷകളാണു നിലവിലുള്ളത്"

നമ്മുടെ ഇന്ത്യയില്‍ എത്ര ഭാഷകളുണ്ടു കുട്ടനങ്കിളേ?" കിച്ചു ചോദിച്ചു.

“അഞ്ഞൂറിലധികം ഭാഷകള്‍ ഇന്ത്യയില്‍ സംസാരിക്കപ്പെടുന്നുണ്ട്. അതില്‍ ഇരുപത്തിമൂന്നു ഭാഷകള്‍ ഔദ്യോഗികഭാഷകളായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രഭാഷ, അല്ലെങ്കില്‍ ദേശീയ ഭാഷ ഹിന്ദിയാണ്. നമ്മുടെ മാതൃഭാഷ മലയാളവും.”

"ഭാരത സര്‍ക്കാര്‍ ഔദ്യോഗികഭാഷകളായി അംഗീകരിച്ചിട്ടുള്ളത് ഏതെല്ലാം ഭാഷകളാണെന്നു പറഞ്ഞുതരാമോ?" എയ്ഞ്ചല്‍ ആവശ്യപ്പെട്ടു.

"അതിനെന്താ പറഞ്ഞുതരാമല്ലോ. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ത്തന്നെ കേട്ടോളൂ. അസാമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി (മെയ്റ്റേ), മറാത്തി, മിസോ, നേപ്പാളി, ഒറിയ (ഒഡിയ), പഞ്ചാബി, സംസ്കൃതം, സന്താലി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയാണവ."

"ഓ, ഇത്രയേറെ ഭാഷകള്‍ പഠിച്ചെടുക്കാന്‍ എന്തു പ്രയാസമാണ്? ലോകത്തില്‍ എല്ലാവര്‍ക്കുംകൂടെ ഒരു ഭാഷമാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ എത്ര നന്നായിരുന്നു, അല്ലേ ചാച്ചാ? എവിടെപ്പോയാലും എല്ലാവരോടും സംസാരിക്കാമായിരുന്നല്ലോ."

ചിക്കുവിന്‍റെ ചിന്തകള്‍ ആവഴിക്കാണു പോയത്.

"ചിക്കു പറഞ്ഞതുകേട്ടപ്പോള്‍ എനിക്കൊരു സംശയം"

രോഹിതാണു സംശയാലു.

"ആദത്തേയും ഹവ്വയേയുമല്ലേ ദൈവം ആദ്യം സൃഷ്ടിച്ചത്‌? പിന്നെ അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെയായി നോഹയുടെ കാലമായപ്പോള്‍ ആ ഒരു കുടുംബമൊഴികേയുള്ള മനുഷ്യരെല്ലാം പ്രളയത്തില്‍ മരിച്ചില്ലേ? പിന്നെ നോഹയുടെ സന്തതി പരമ്പരയാണല്ലോ ഇപ്പോഴുള്ള മനുഷ്യര്‍ മുഴുവന്‍! അപ്പോള്‍ ലോകത്തില്‍ എല്ലാ മനുഷ്യര്‍ക്കുംകൂടെ ഒരൊറ്റ ഭാഷയല്ലേ ഉണ്ടാകേണ്ടത്? പിന്നെങ്ങനെയാണ്‌ ഇത്രയേറെ ഭാഷകളുണ്ടായത്?"

"രോഹിത്തിന്‍റെ ചോദ്യം വളരെ നന്നായി."

കുട്ടനങ്കിള്‍ രോഹിത്തിനെ പ്രശംസിച്ചു.

"ഇന്നുള്ള മുഴുവൻ മനുഷ്യരും നോഹയപ്പുപ്പന്‍റെ സന്തതിപരമ്പരതന്നെ. അപ്പോള്‍ രോഹിത് കരുതുന്നതുപോലെ മനുഷ്യര്‍ക്കെല്ലാം ഒരു ഭാഷമാത്രമാണുണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ നിരവധി ഭാഷകള്‍ ഉണ്ടായതിനുപിന്നില്‍ ഒരു ചരിത്രമുണ്ട്."

"എന്നാല്‍ ഞങ്ങള്‍ക്കതു പറഞ്ഞു താ കുട്ടനങ്കിളേ..."

രഹ്നയ്ക്കും രോഹിത്തിനും കിച്ചുവിനും ചിക്കുവിനുമെല്ലാം ഇത്രയേറെ ഭാഷകളുണ്ടായതിനു പിന്നിലെ ചരിത്രമറിയാന്‍ ധൃതിയായി.

"കഥപറച്ചിലൊക്കെ പിന്നെ. ആദ്യം ഭക്ഷണംകഴിച്ചിട്ടു സ്ഥലംകാലിയാക്കാന്‍ നോക്ക്." ലവ്‌ലിയാന്‍റി ഇടപെട്ടു.

"അതു ശരിയാ. എല്ലാവരും വേഗം ഭക്ഷണംകഴിച്ചുതീര്‍ത്ത്, സ്വീകരണ മുറിയിലേക്കു വന്നോളൂ. അവിടിരുന്നാവാം ഇനി കഥകള്‍."

കുട്ടനങ്കിളും ലവ്‌ലിയാന്‍റിയോടു യോജിച്ചു.

കഥ കേള്‍ക്കാനുള്ള ആകാംക്ഷമൂലം പെട്ടന്നു ഭക്ഷണംകഴിച്ചുതീര്‍ത്ത്, കുട്ടികളെല്ലവരും സ്വീകരണ മുറിയിലെത്തി.

“അപ്പോള്‍ ഭൂമിയിൽ വ്യത്യസ്ഥ ഭാഷകളുണ്ടായതെങ്ങനെയെന്നു നിങ്ങള്‍ക്കറിയണം, അല്ലേ?"

"വേണം, വേണം" എല്ലാവരും ഒരേ ശബ്ദത്തില്‍ പറഞ്ഞു.

"എന്നാല്‍ ശരി കേട്ടോളൂ" കുട്ടനങ്കിള്‍ കഥ പറഞ്ഞുതുടങ്ങി.

ജലപ്രളയത്തിനുശേഷം നോഹയുടെ മക്കളായ ഷേം, ഹാം, യാഫത്ത് എന്നിവരുടെ സന്തതികളില്‍നിന്നാണ്, ജനതകള്‍ ഭൂമിയിലാകെ വ്യാപിച്ചത്. ആ നാളുകളില്‍ ഭൂമിയിലെല്ലാം ഒരൊറ്റ ഭാഷയും ഒരേ സംസാരരീതിയുമാണുണ്ടായിരുന്നത്. ദൈവത്തിന്‍റെ അനുഗ്രഹാധിക്യത്താല്‍ സമ്പത്തും സമൃദ്ധിയും നിറഞ്ഞ ജീവിതമായിരുന്നൂ ജനങ്ങളെല്ലാം നയിച്ചിരുന്നത്. സമൃദ്ധിയുടെ ആധിക്യം ജനങ്ങളെ ക്രമേണ അഹങ്കാരികളാക്കിത്തീര്‍ത്തുകൊണ്ടിരുന്നു.

ഇതിനിടയില്‍ കളിമണ്ണുചുട്ട്, ഇഷ്ടികയുണ്ടാക്കുന്ന വിദ്യയും കളിമണ്ണും കുമ്മായവും കുഴച്ച് ഇഷ്ടികകെട്ടി, കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന വിദ്യയും മനുഷ്യന്‍ സ്വായത്തമാക്കി. അവര്‍ വീടുകള്‍ പണിതുയര്‍ത്തി; പട്ടണങ്ങള്‍ രൂപകല്പന ചെയ്തു. എവിടെയും സമ്പത്‌സമൃദ്ധി കളിയാടി, ഒപ്പം ജനങ്ങളുടെ അഹങ്കാരവും ദിനം പ്രതി വര്‍ദ്ധിച്ചു.

അങ്ങനെയിരിക്കേ അഹങ്കാരം മൂത്ത മനുഷ്യര്‍ ഒരിക്കല്‍ ഷീനാര്‍ എന്ന സമതല പ്രദേശത്ത് ഒത്തു കൂടി.

“നമ്മുടെ പ്രശ്സ്തി എക്കാലവും നിലനിര്‍ത്തുന്നതിനു വേണ്ടി, അകാശത്തോളമെത്തുന്ന ഒരു ഗോപുരം നമുക്ക് നിര്‍മ്മിക്കാം. ആകാശ വാതായനങ്ങളെല്ലാം കടന്ന് സ്വര്‍ഗ്ഗത്തിലേക്കെത്തുന്ന ഒരു കൂറ്റന്‍ ഗോപുരമാകണമത്." അവര്‍ തീരുമാനിച്ചു.

എല്ലാ മനുഷ്യര്‍ക്കും ഒരേ ഭാഷയായിരുന്നതിനാല്‍ ഭൂമിയിലുള്ള സകലമനുഷ്യരിലേക്കും ഈ സന്ദേശം പെട്ടന്നെത്തിക്കുവാന്‍ കഴിഞ്ഞു.

അധികംവൈകാതെ ഗോപുരത്തിന്‍റെ നിര്‍മ്മാണമാരംഭിച്ചു. ചുട്ടെടുത്ത ഇഷ്ടികകളും കളിമണ്ണും കുമ്മായവുമുപയോഗിച്ച്, ഗോപുരത്തിന്‍റെ പണി വളരെ വേഗം പുരോഗമിച്ചു.


  ഗോപുരം ഉയരുന്നതിനൊപ്പം ജനങ്ങളുടെ അഹങ്കാരവും വാനോളമുയര്‍ന്നുകൊണ്ടിരുന്നു.

"സ്വര്‍ഗ്ഗത്തിനുമുയരെ നമുക്കീ ഗോപുരം പണിതുയര്‍ത്തണം. അങ്ങനെ മനുഷ്യര്‍ ദൈവത്തെക്കാള്‍ മേലെയെത്താനും ലോകമുള്ള കാലത്തോളം നമ്മുടെ പ്രശസ്തി നിലനില്കാനും ഇടയാകട്ടെ."

തങ്ങളുടെ കഴിവുകളില്‍ അഹങ്കരിച്ച മനുഷ്യര്‍ ദുഷിച്ച ചിന്തകളിലും ഒരേ മനസ്സുള്ളവരായിരുന്നു. ഗോപുരനിര്‍മ്മാണം കാണാനെത്തിയ ദൈവം മനുഷ്യരുടെ ചിന്തകളെ തന്‍റെ ജ്ഞാനത്താല്‍ വിവേചിച്ചറിഞ്ഞു. തന്‍റെ കരവേലമാത്രമായ മനുഷ്യന്‍ തന്നെയും കീഴ്പ്പെടുത്താനാഗ്രഹിക്കുന്നതറിഞ്ഞ്, ദൈവം വേദനിച്ചു. മനുഷ്യരുടെ അഹങ്കാരം അവിടുത്തെ കോപം ജ്വലിപ്പിക്കുകയുംചെയ്തു.

ഗോപുരത്തിലേക്കു വയ്ക്കുന്ന ഓരോ ഇഷ്ടികയ്ക്കൊപ്പവും മനുഷ്യന്‍റെ അഹങ്കാരവും ഉയര്‍ന്നുകൊണ്ടിരുന്നു. ഒരേ ഭാഷ സംസാരിക്കുന്നവരും ഒരൊറ്റ ജനതയുമായി മനുഷ്യര്‍ ഇനിയും തുടര്‍ന്നാല്‍ അതു സാത്താന്‍റെ സാമ്രാജ്യം വളര്‍ത്താനേ ഉതകൂ എന്നു ദൈവമറിഞ്ഞു. കാരണം അഹങ്കാരവും ദൂഷണവും സകലതിന്മകളുംവരുന്നതു സാത്താനില്‍നിന്നാണ്.

അതുകൊണ്ട്, പരസ്പരം മനസ്സിലാകാനാവാത്തവിധം അവരുടെ ഭാഷകളെ ഭിന്നിപ്പിക്കാന്‍ അവിടുന്നു തീരുമാനിച്ചു.

ആ നിമിഷംമുതല്‍ മനുഷ്യര്‍ക്ക്, പരസ്പരം പറയുന്നതൊന്നും മനസ്സിലാകാതെയായി. ഗോപുരം പണിക്കാര്‍ക്കും ആശയവിനിമയം നടത്താനാകാതെയായി. ശില്പികള്‍ പറയുന്നത് മേസ്തരിമാര്‍ക്കും, മേസ്തരിമാര്‍ പറയുന്നതു പണിക്കാര്‍ക്കും മനസ്സിലാകാതെയായപ്പോള്‍ ഗോപുര നിര്‍മ്മാണവും നിലച്ചു. വിവിധ ഭാഷക്കാരായ്‌ത്തീര്‍ന്ന മനുഷ്യരെ കര്‍ത്താവു ഭൂമിയില്‍ പലയിടത്തായി ചിതറിച്ചു.

അങ്ങനെ, ലോകത്തു പലഭാഷകളും പല സംസ്കാരങ്ങളും നിലവില്‍വന്നു. - കുട്ടനങ്കിള്‍ പറഞ്ഞുനിറുത്തി.

"മനുഷ്യര്‍ അഹങ്കാരംകാണിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! സ്കൂളില്‍ ഒരു ഭാഷമാത്രം പഠിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോള്‍ ഇംഗ്ലീഷും ഹിന്ദിയും മലയാളവുമൊക്കെ പഠിക്കേണ്ടേ?"

ഗോപുരംപണിത മനുഷ്യരോടുള്ള തന്‍റെ രോഷം കിച്ചു മറച്ചുവച്ചില്ല.

“അന്നു ഗോപുരം പണിതവര്‍മാത്രമല്ല, നമ്മളും അഹങ്കാരത്തിനും മറ്റു ദുര്‍ഗ്ഗുണങ്ങള്‍ക്കും അടിമപ്പെടരുതെന്നാണു ദൈവമാഗ്രഹിക്കുന്നത്. അതുകൊണ്ട്, ദൈവമാഗ്രഹിക്കുന്നതുപോലെ നല്ല കുട്ടികളാവാന്‍ നിങ്ങളെല്ലാവരും പരിശ്രമിക്കണം." കുട്ടനങ്കിള്‍ ഓര്‍മ്മിപ്പിച്ചു.

"ഒരു കാര്യംകൂടെ പറയാനുണ്ട്. - ദൈവം ഷീനാറില്‍വച്ചു ഭാഷകള്‍ ഭിന്നിപ്പിച്ചതിനുശേഷം പിന്നീട് ആ പട്ടണം ബാബേല്‍ എന്നാണറിയപ്പെട്ടത്. കൂട്ടിക്കുഴയ്ക്കുക, ആശയക്കുഴപ്പം സൃഷ്ടിക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുള്ള ബ്‌ലല്‍ എന്ന ഹീബ്രു പദത്തില്‍നിന്നാണ് ബാബേല്‍ എന്ന വാക്കുണ്ടായത്. അവിടെ അന്നു പണിതുതുടങ്ങിയ ഗോപുരമാണ് പില്‍ക്കാലത്ത് ബാബേല്‍ ഗോപുരം എന്ന പേരിലറിയപ്പെട്ടത്."

"അങ്ങനെ ഭൂമിയില്‍ പല ഭാഷകള്‍ രൂപംകൊണ്ട കഥ, ബാബേല്‍ഗോപുരത്തിന്‍റെകൂടെ കഥയാണ്; അല്ലേ അങ്കിളേ?"

ഷിവാനി ചോദിച്ചു.

"അതേ; എല്ലാവരും ഇന്നുതന്നെ വിശുദ്ധ ബൈബിളിലെ ഉൽപത്തി പുസ്തകം പതിനൊന്നാമദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാബേല്‍ഗോപുരത്തിന്‍റെ ചരിത്രം വായിച്ചുനോക്കാന്‍ മറക്കേണ്ട."

Tuesday 6 April 2010

മഴവില്ല്


രാവിലെ മഴയായിരുന്നു.

വേനല്‍ച്ചൂടിനിടെ, നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയിൽ സകല ജീവജാലങ്ങളുടേയുമുള്ളില്‍ കുളിരുനിറഞ്ഞു.

മഴകഴിഞ്ഞ്, മാനത്തുവീണ്ടും സൂര്യനെത്തിയപ്പോഴാണു കുട്ടികള്‍ കളിക്കാനായി പുറത്തിറങ്ങിയത്‌.. കുട്ടനങ്കിളിന്റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതാണവര്‍‍. ഷിവാനിയും രഹ്നയും രോഷ്നിയും രോഹിത്തും എയ്ഞ്ചലും കിച്ചുവുമെല്ലാമുണ്ട്‌. ഒപ്പം കുട്ടനങ്കിളിന്റെ മക്കളായ ചിക്കുവും ചിന്നുവും. എല്ലാവരുംചേര്‍ന്നപ്പോള്‍ കളിയുംചിരിയും ബഹളവുമൊക്കെയായി ഉത്സവത്തിമിര്‍പ്പിലാണു‌ കുട്ടിപ്പട്ടാളം.

പുറത്തിറങ്ങി, അല്പസമയത്തിനുള്ളിൽ, രോഷ്നി ഓടി വീട്ടിലെത്തി, കുട്ടനങ്കിളിന്റെ കൈപിടിച്ചുവലിച്ചുകൊണ്ടു പറഞ്ഞു:

"കുട്ടനങ്കിളേ, വേഗം വാ, മാനത്തു മഴവില്ലു വന്നിരിക്കുന്നു. എന്തു ഭംഗിയാണെന്നോ കാണാന്‍ ! അങ്കിള്‍ വേഗം വന്നുനോക്കൂ...."

അവളോടൊപ്പം പുറത്തുചെന്നു.

ശരിയാണു്‌, മാനത്ത്‌ അഴകുവിരിച്ചു നില്‍ക്കുകയാണു മഴവില്ല്. ഏഴുനിറങ്ങളോടെ മനോഹരമായൊരു ചിത്രംപോലെ അര്‍ദ്ധവൃത്താകൃതിയില്‍ തെളിഞ്ഞുനില്ക്കുന്ന മഴവില്ലുനോക്കി ആർത്തുവിളിച്ചു തുള്ളിച്ചാടുകയാണ് കുട്ടികള്‍.

"കുട്ടനങ്കിളേ ഈ മഴവില്ലെങ്ങനെയാണുണ്ടാവുന്നത്‌?" രഹ്നയ്ക്കു സംശയമായി.

"അതു‌ ഞാന്‍ പറഞ്ഞു‌തരാമല്ലോ." ഷിവാനി സംശയം തീര്‍ക്കാനെത്തി.

"മഴകഴിഞ്ഞു വെയിൽതെളിഞ്ഞപ്പോള്‍, അന്തരീക്ഷത്തില്‍ ഇപ്പോഴും തങ്ങിനില്ക്കുന്ന ജലകണങ്ങളിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി വേർതിരിയുന്നതുകൊണ്ടാണു മഴവില്ലുണ്ടാകുന്നത്‌. ധവള (വെളുത്ത) പ്രകാശത്തെ സ്ഫടിക പ്രിസത്തിലൂടെ കടത്തിവിട്ടാലും ഇതേ പ്രതിഭാസംതന്നെ സംഭവിക്കും."

എട്ടാം ക്ളാസ്സുകാരി തന്റെ ശാസ്ത്രവിജ്ഞാനം പങ്കുവച്ചിട്ട്‌, എങ്ങനെയുണ്ടെന്നമട്ടില്‍ കുട്ടനങ്കിളിനെയൊന്നു നോക്കി.

"ഷിവാനി പറഞ്ഞതു ശരിയാണ്‌. വയലറ്റ്‌, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്‌, ചെമപ്പ്‌ (Violet, Indigo, Blue, Green, Yellow, Orange, Red - VIBGYOR) എന്നീ വർണ്ണങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ കൂടിച്ചേര്‍ന്നാണു‌ ധവളപ്രകാശമുണ്ടാകുന്നത്‌. ഈ പ്രകാശം ജലകണങ്ങളിലൂടെയോ സ്ഫടികപ്രിസത്തിലൂടെയോ കടന്നുപോയാല്‍ മുമ്പുപറഞ്ഞ ഘടകവര്‍ണ്ണങ്ങളായി വിഘടിച്ചു കാണാനാവും. മഴവില്ലിന്റെ‍ രഹസ്യവും ഇതുതന്നെ. "

കുട്ടനങ്കിള്‍ ഷിവാനി പറഞ്ഞതു‌ ശരിവച്ചു.

"എന്നാല്‍ ഷിവാനി പറയാത്ത ഒരു രഹസ്യംകൂടെയുണ്ടു‌ മഴവില്ലിനു പിന്നില്‍ ."

അതെന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ എല്ലാവരും കുട്ടനങ്കിളിനെ നോക്കി. കുട്ടനങ്കിള്‍ ഒരു പുഞ്ചിരിയോടെ തുടര്‍ന്നു.

“ദൈവം ആദ്യം സൃഷ്ടിച്ചപ്പോള്‍ പ്രകാശത്തിനു‍ ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയാനുള്ള കഴിവുണ്ടായിരുന്നില്ല. പിന്നീട്‌ ഒരുപാടുകാലങ്ങള്‍ക്കുശേഷമാണു ദൈവം പ്രകാശത്തിന് ആ കഴിവു നല്കിയത്‌.”

"'എന്നുപറഞ്ഞാല്‍ ആദ്യമൊന്നും ഈ മഴവില്ല്‌ ഉണ്ടാവാറില്ലായിരുന്നെന്നര്‍ത്ഥം; അല്ലേ കുട്ടനങ്കിളേ?" രോഹിത്ത്‌ ചോദിച്ചു.

"തീര്‍ച്ചയായും അതേ. സൂര്യപ്രകാശം ഘടകവര്‍ണ്ണകങ്ങളായി വേര്‍തിരിയുന്നില്ലെങ്കിൽ പിന്നെങ്ങനെയാണു മഴവില്ലുണ്ടാവുന്നത്‌?"

“അപ്പോള്‍ എന്നുമുതലാണു ചാച്ചാ മഴവില്ലുണ്ടാവാന്‍ തുടങ്ങിയത്‌? ആ കഥ ഞങ്ങള്‍ക്കു ‌ പറഞ്ഞുതരുമോ?" ചിക്കു ചോദിച്ചു.

"ശരിയാണു കുട്ടനങ്കിളേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആ കഥ കേള്‍ക്കണം." എല്ലാവരും ഏകസ്വരത്തില്‍ ചിക്കുവിനെ പിന്താങ്ങി.

"അതിനെന്താ, പറഞ്ഞുതരാമല്ലോ. ഇപ്പോള്‍ മഴ കഴിഞ്ഞതല്ലേയുള്ളൂ, പറമ്പിലെങ്ങും ഇരിക്കാനാവില്ല. അതുകൊണ്ട്‌ എല്ലാവരും അകത്തേക്കു വരൂ. നമുക്ക്‌ അവിടെയിരുന്നു മഴവില്ലിന്റെ‌ ഉത്ഭവത്തെക്കുറിച്ചു പറയാം."

കുട്ടികളെല്ലാം ഉത്സാഹത്തോടെ അകത്തേക്കോടി. ഷിവാനിയും രഹ്നയുംചേര്‍ന്നു തറയില്‍ പായവിരിച്ചു. കുട്ടനങ്കിളിന് ഒരു കസേരയും. കഥ കേള്‍ക്കാനുള്ള ആകാംക്ഷയോടെ കുട്ടികള്‍ പായയില്‍ ഇരിപ്പുറപ്പിച്ചു. ഒരു പുഞ്ചിരിയോടെ കുട്ടനങ്കിള്‍ ആ കഥ പറഞ്ഞുതുടങ്ങി.

കുട്ടനങ്കിള്‍ പറഞ്ഞു:

നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ, ആദിയില്‍ പുരുഷനും സ്ത്രീയുമായി തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ച്‌, ദൈവമവരെ അനുഗ്രഹിച്ചു. കാലമേറെ കടന്നുപോയപ്പോള്‍ ഭൂമിയിൽ മനുഷ്യര്‍ പെരുകി. മനുഷ്യരുടെ ചിന്തകളും ഭാവനകളും അശുദ്ധി നിറഞ്ഞതും ദുഷിച്ചതുമായി. അഹങ്കാരികളായ അവര്‍ ദൈവത്തെ മറന്നു. ദൈവത്തോടു‌ പ്രാര്‍ത്ഥിക്കുന്നതിനുപകരം, വിഗ്രഹങ്ങള്‍ക്കു ബലിയര്‍പ്പിക്കുകയും വിഗ്രഹദൈവങ്ങളുടെ ഉത്സവങ്ങള്‍ നടത്തുകയുംചെയ്തു.

എന്നാല്‍ ജനംമുഴുവന്‍ അശുദ്ധിയില്‍ ജീവിച്ചപ്പോഴും സത്യദൈവത്തെമാത്രം ആരാധിച്ചു വിശുദ്ധിയോടെ ജീവിച്ച ഒരു കുടുംബമുണ്ടായിരുന്നു. നോഹയുടെ കുടുംബമായിരുന്നു അത്‌. നോഹയും ഭാര്യയും അവരുടെ മൂന്നു പുത്രന്മാരും പുത്രഭാര്യമാരും അടങ്ങിയതായിരുന്നു നോഹയുടെ കുടുംബം.

ലോകത്തിലെ മുഴുവന്‍ ജനങ്ങളും ദുഷ്ടതയില്‍ ജീവിക്കുകയും തന്നെ ആരാധിക്കുന്നതില്‍ മടുപ്പു കാട്ടുകയുംചെയ്യുന്നതു ദൈവത്തെ വേദനിപ്പിച്ചു.

"എന്റെ സൃഷ്ടിയായ മനുഷ്യനെ ഞാന്‍ ഭൂമുഖത്തുനിന്നു തുടച്ചുനീക്കും." കര്‍ത്താവു നിശ്ചയിച്ചു.

എന്നാല്‍ നോഹയും ഭാര്യയും അവരുടെ പുത്രന്മാരായ ഷേം, ഹാം, യാഫത്ത്‌ എന്നിവരും അവരുടെ ഭാര്യമാരും കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി. അതിനാല്‍ അവിടുന്നു നോഹയോടു പറഞ്ഞു:

"ഭൂമിയിലുള്ള മനുഷ്യരും ജീവജാലങ്ങളുംനിമിത്തം ലോകംമുഴുവന്‍ അധര്‍മ്മംകൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ സർവ്വമനുഷ്യരേയും ജീവജാലങ്ങളേയും നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ നീയുമായി എന്റെ ഉടമ്പടി ഞാനുറപ്പിക്കും. ഞാന്‍ പറയുന്നതനുസരിച്ചു നീയൊരു പെട്ടകം (കപ്പല്‍) ഉണ്ടാക്കണം. നിന്റെ ഭാര്യ, പുത്രന്മാര്‍, പുത്രഭാര്യമാര്‍ എന്നിവര്‍ക്കൊപ്പം നീ പെട്ടകത്തിൽ കയറണം. നിങ്ങള്‍ക്കൊപ്പം എല്ലാ ജീവജാലങ്ങളില്‍നിന്നും ആണും പെണ്ണുമായി രണ്ടെണ്ണംവീതം പെട്ടകത്തില്‍ കയറ്റണം. നിന്റെ കുടുംബത്തിനും മറ്റു ജീവജാലങ്ങള്‍ക്കുമായി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കുകയുംവേണം.”

നീതിമാനായ നോഹയും കുടുംബവും ദൈവകല്പനനപ്രകാരം പ്രവര്‍ത്തിക്കുവാന്‍ നിശ്ചയിച്ചു. കപ്പലിന്റെ അളവുകള്‍ നല്കിക്കൊണ്ടു ദൈവം അവരോടു‌ പറഞ്ഞു:

"ഏറ്റവും വലിയ മലയുടെമുകളില്‍ ഗോഫേര്‍ മരത്തിന്റെ തടികൊണ്ടാണു നിങ്ങള്‍ പെട്ടകം പണിയേണ്ടത്‌.”

"ഞാനൊരു കാര്യം ചോദിക്കട്ടേ കുട്ടനങ്കിളേ?" ഷിവാനി ചോദിച്ചു.

"ചോദിച്ചോളൂ."

"പെട്ടകം വെള്ളത്തില്‍ യാത്രചെയ്യാനുള്ളതല്ലേ? അതു മലയുടെമുകളില്‍ പണിതുവച്ചിട്ടെന്താണു കാര്യം?"

"സാധാരണയായി കടലിനോ പുഴയ്ക്കോ സമീപത്തായാണു പെട്ടകം പണിയാറുള്ളത്. എങ്കിലേ പണിതീരുമ്പോള്‍ അത്‌ എളുപ്പത്തിൽ വെള്ളത്തിലേക്കിറക്കാനാവുകയുള്ളൂ. അക്കാര്യം നോഹയ്ക്കും അറിയുമായിരുന്നു. എന്നാല്‍ സ്വയം തീരുമാനമെടുക്കാതെ ദൈവകല്പന പൂര്‍ണ്ണമായും അനുസരിക്കാനാണു്‌ നോഹയും കുടുംബവും തീരുമാനിച്ചത്‌."

കുട്ടനങ്കിള്‍ കഥ തുടര്‍ന്നു :

അങ്ങനെ, ദൈവംനല്കിയ അളവുകളനുസരിച്ച്‌, ഗോഫേര്‍മരത്തിന്റെ തടി ഉപയോഗിച്ച്‌ ആ പ്രദേശത്തെ ഏറ്റവും വലിയ മലയുടെ മുകളിൽ അവര്‍ പെട്ടകംപണി തുടങ്ങി.

ഇതുകണ്ടു മറ്റു മനുഷ്യരെല്ലാം അവരെ കളിയാക്കിത്തുടങ്ങി. നോഹയുടേയും കുടുംബത്തിന്റേയും വിഡ്ഢിത്തംനിറഞ്ഞ പ്രവര്‍ത്തി നാട്ടിലെങ്ങും സംസാരവിഷയമായി.

"കണ്ടില്ലേ, നോഹയ്ക്കും മക്കള്‍ക്കും ഭ്രാന്തായിപ്പോയെന്നു തോന്നുന്നു. മലയുടെ മുകളിലാണു പെട്ടകം പണിയുന്നത്‌.. പമ്പരവിഡ്ഢികള്‍ ‍..ഹ..ഹ..ഹ.. "

"ഇതു ഭക്തിമൂത്തുണ്ടായ ഭ്രാന്തുതന്നെ. ദൈവം പറഞ്ഞത്രേ, മലയുടെ മുകളില്‍ പെട്ടകം പണിയാന്‍... "

"അവരും അവരുടെയൊരു ദൈവവും! സ്വബോധമുള്ള ആരെങ്കിലുംചെയ്യുന്ന പ്രവൃത്തിയാണോ ഇത്‌? വിവരദോഷികള്‍... "

അങ്ങനെപോയി നാട്ടുകാരുടെ അഭിപ്രായപ്രകടനങ്ങള്‍ .

ചുറ്റുമുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലുകളുമെല്ലാം നോഹയേയും കുടുംബത്തേയും ഒരുപാടുട്‌ വേദനിപ്പിച്ചു. എന്നാല്‍ ആരോടും പരിഭവപ്പെടാതെ, എല്ലാം ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച്‌, ദൈവഹിതം നിറവേറാന്‍മാത്രമാണ്‌ ആ കുടുംബം പ്രാര്‍ത്ഥിച്ചത്‌.

പെട്ടകംപണി പൂര്‍ത്തിയായപ്പോള്‍ ‍, ദൈവകല്പനപോലെ സകലജീവികളില്‍നിന്നും ആണുംപെണ്ണുമായി രണ്ടുവീതം പെട്ടകത്തില്‍ കയറ്റി. പിന്നീടു നോഹയും കുടുംബവും പെട്ടകത്തില്‍ കയറിയശേഷം, ദൈവമായ യഹോവ, പേടകത്തിന്റെ വാതിലടച്ചുഏഴുദിവസം കഴിഞ്ഞപ്പോള്‍ മഴ പെയ്തുതുടങ്ങി.

നോഹയ്ക്ക് അറുന്നൂറു വയസ്സും രണ്ടുമാസവും പതിനേഴുദിവസവും പ്രായമായ ദിവസമാണു മഴ പെയ്തുതുടങ്ങിയത്. പിന്നീടു നാല്പതുദിവസം തോരാതെ പെരുമഴ പെയ്തു. ദിവസംതോറും ഭൂമിയിലെ ജലനിരപ്പുയര്‍ന്നു . ലോകത്തിലെ സകല പർവ്വതങ്ങളും വെള്ളത്തിനടിയിലായി. നോഹയുടെ പെട്ടകം ജലോപരിതലത്തിലൂടെ ഒഴുകിനടന്നു.

പെട്ടകത്തിലുണ്ടായിരുന്നവയൊഴികെ ഭൂമിയിലെ സകലജീവജാലങ്ങളും മനുഷ്യരും ചത്തൊടുങ്ങി. നാല്പതാംനാള്‍ മഴ തോര്‍ന്നുവെങ്കിലും വെള്ളപ്പൊക്കം നൂറ്റിയമ്പതുനാള്‍ നീണ്ടുനിന്നു.

നോഹയ്ക്ക് അറുന്നൂറ്റിയൊന്നു വയസ്സും ഒരു മാസവും ഒരു ദിവസവും പ്രായമായ അന്നു വെള്ളം വറ്റിത്തീര്‍ന്നു . പിന്നെയും ഇരുപത്തിയാറു ദിവസങ്ങള്‍ക്കു ശേഷമാണു ഭൂമി പൂര്‍ണ്ണമായും ഉണങ്ങിയത്.

ദൈവം നോഹയോടു പറഞ്ഞു:

"പെട്ടകത്തില്‍നിന്ന് എല്ലാവരേയും പുറത്തിറക്കുക. ജീവജാലങ്ങളെല്ലാം സമൃദ്ധമായി പെരുകി, ഭൂമിയില്‍ നിറയട്ടെ."

അങ്ങനെ ഭാര്യയോടും മക്കളോടും മരുമക്കളോടുമൊപ്പം നോഹ പെട്ടകത്തില്‍നിന്നു പുറത്തുവന്നു. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ഇനംതിരിഞ്ഞു പുറത്തുവന്ന്, പല സ്ഥലങ്ങളിലേക്കു പോയി.

ലഭിച്ച അനുഗ്രഹത്തിനു നന്ദിസൂചകമായി നോഹ ഒരു ബലിപീഠമൊരുക്കി കര്‍ത്താവിനു ദഹനബലി അര്‍പ്പിച്ചു.

ആ ബലിയുടെ ഹൃദ്യസുഗന്ധമാസ്വദിച്ചു കര്‍ത്താവു പറഞ്ഞു:

“മനുഷ്യന്‍മൂലം ഇനിയൊരിക്കലും ഞാന്‍ ഭൂമിയെ നശിപ്പിക്കില്ല. സർവ്വജീവനും നാശംവിതയ്ക്കുന്ന ഒരു പ്രളയം ഇനി ഒരിക്കലും ഉണ്ടാവുകയില്ല. നിങ്ങളും സകലജീവജാലങ്ങളുമായി എല്ലാ തലമുറകള്‍ക്കുവേണ്ടിയും ഞാനുറപ്പിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളമിതാണ്. ഞാന്‍ ഭൂമിക്കുമേലെ മഴമേഘങ്ങളയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ഉടമ്പടി ഞാനോര്‍ക്കും, ഞാനതു പാലിക്കുകയുംചെയ്യും."

അതിനുശേഷമാണു പ്രകാശത്തിന്‌ അതിന്റെ ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയാനും അതുവഴി അന്തരീക്ഷത്തില്‍ ജലകണങ്ങളുള്ളപ്പോൾ മഴവില്ലായി പ്രത്യക്ഷപ്പെടാനുമുള്ള കഴിവു ദൈവം നല്കിയത്. ഇപ്പോള്‍ പിടികിട്ടിയോ മഴവില്ലിന്റെ രഹസ്യം?"

കുട്ടനങ്കിള്‍ എല്ലാവരോടുമായി ചോദിച്ചു.

കുട്ടികള്‍ തലകുലുക്കിക്കൊണ്ട് പറഞ്ഞു:

"ഞങ്ങള്‍ക്കു മനസ്സിലായി."

"നമ്മുടെ ചുറ്റുവട്ടത്തുള്ള ഇത്തരം പല കാര്യങ്ങളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്."

കുട്ടനങ്കിള്‍ പറഞ്ഞു.

"അതൊക്കെ ഞങ്ങള്‍ക്കു പറഞ്ഞുതരുമോ കുട്ടനങ്കിളേ?" രഹ്‌ന ചോദിച്ചു.

"തീര്‍ച്ചയായും; പക്ഷേ ഇപ്പോഴല്ല, പിന്നൊരിക്കല്‍. ഇപ്പോള്‍ എല്ലാവരും പോയി കളിച്ചോളൂ. ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ 6 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളില്‍ പറയുന്ന മഴവില്ലിന്റെ ചരിത്രം ഇന്നുതന്നെ വായിച്ചു നോക്കാന്‍ മറക്കേണ്ട."

കുട്ടികള്‍ ഉല്ലാസത്തോടെ കളിക്കാനിറങ്ങി.

---------------------------------------------------------------------------------------------------------------------------------
അടിക്കുറിപ്പ്: ഈ പ്രളയത്തിനു ശേഷമാണു മനുഷ്യനു മാംസഭക്ഷണം കഴിക്കാനുള്ള അനുവാദം ലഭിച്ചതെന്നു വിശുദ്ധ ബൈബിള്‍ വ്യക്തമാക്കുന്നു.(ഉല്‍പ്പത്തി 9:3)  ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചതു സസ്യഭുക്കായാണല്ലോ! (ഉല്‍പ്പത്തി1:29)