Sunday 29 November 2020

124. വീണ്ടുംകിളിർക്കുന്ന പാപത്തിൻ്റെ വേരുകൾ

ബൈബിൾക്കഥകൾ 124 

ചുറ്റുവട്ടത്തുള്ള രാജ്യങ്ങളിലേക്കെല്ലാം ദാവീദുരാജാവ് തൻ്റെ സൈന്യത്തെയയച്ചു. ഇസ്രായേലിൻ്റെ മേധാവിത്തം അംഗീകരിച്ച് ദാവീദിനു കപ്പംകൊടുക്കാൻതയ്യാറായവരെ തൻ്റെ സാമന്തന്മാരായി ദാവീദ് അംഗീകരിച്ചു. എതിർത്തുനിന്നവരെയെല്ലാം നിശ്ശേഷംനശിപ്പിച്ച്, അവരുടെ രാജ്യങ്ങൾ ഇസ്രായേലിനോടുചേർത്തു.
പിടിച്ചടക്കിയ രാജ്യങ്ങളിലെ ജനങ്ങളെ ഇസ്രായേലിൻ്റെ അടിമകളാക്കി. ഇഷ്ടികച്ചൂളകളിലെയും കൊല്ലപ്പണിക്കാരുടെ ആലകളിലെയും ജോലികൾക്ക് അവരെ നിയോഗിച്ചു.
അറക്കവാള്‍, മണ്‍വെട്ടി, കോടാലി എന്നിവകൊണ്ടുള്ള‌ കഠിനജോലികൾക്കും അടിമകളെയാണു നിയോഗിച്ചിരുന്നത്.
കാലപ്രവാഹത്തിനൊപ്പം ദാവീദുരാജാവിൻ്റെ പ്രശസ്തി വിദൂരരാജ്യങ്ങളിൽപ്പോലുമെത്തി. അവനെയെതിർത്തുനില്ക്കുവാൻ കെല്പുള്ളവർ ആരുമുണ്ടായിരുന്നില്ല.
അംനോൺ, അബ്സലോം, അദോനിയാ, ദാനിയേൽ, ഷഫാത്തിയാ, ഇത്രയാം, സോളമൻ, നാഥാൻ, ഷിമെയാ, ഷോബാബ്, ഇബ്‌ഹാര്‍, എലിഷാമ, എലിഫെലെത്‌,
നോഗാ, നേഫഗ്‌, യാഫിയാ,
ഏലിഷാ, എലിയാദാ, എലിഫേലേത് എന്നീ പത്തൊമ്പതു പുത്രന്മാരും താമാർ എന്നൊരു പുത്രിയും ദാവീദിനു പിറന്നു.‌
ദാവീദിൻ്റെ പുത്രിയായ താമാർ അതിസുന്ദരിയായിരുന്നു.
അവളെപ്പോലെ മുഖസൗന്ദര്യവും അംഗലാവണ്യവുമൊത്തിണങ്ങിയ മറ്റൊരു യുവതിയും ഇസ്രായേലിലുണ്ടായിരുന്നില്ല.
ഗഷൂര്‍രാജാവായ തല്‍മായിയുടെ മകള്‍ മാഖായായിരുന്നു താമാറിൻ്റെയമ്മ. മാഖായുടെ പുത്രനായിരുന്ന അബ്സലോമും അതിസുന്ദരനായിരുന്നു. തിളങ്ങുന്ന കണ്ണുകളും കറുത്തിരുണ്ടു തോളൊപ്പംകിടക്കുന്ന ചുരുൾമുടിയും ഉറച്ചമാംസപേശികളുമുള്ള അബ്സലോം, ആയുധവൈദഗ്ദ്ധ്യമുള്ള പോരാളിയുമായിരുന്നു.
രാജകുമാരന്മാർ മുതിർന്നപ്പോൾ അവർക്കോരോരുത്തർക്കും ദാവീദ് ഓരോ കൊട്ടാരങ്ങൾ നിർമ്മിച്ചുനല്കി. രാജകുമാരന്മാർ അവരവരുടെ ദാസീദാസന്മാർക്കൊപ്പം ആ കൊട്ടാരങ്ങളിൽത്താമസിച്ചു. എന്നാൽ അവരുടെ അമ്മമാരും സഹോദരിയായ താമാറും ദാവീദ് രാജാവിനോടൊപ്പം രാജകൊട്ടാരത്തിൽത്തന്നെയാണു താമസിച്ചിരുന്നത്.
ദാവീദിൻ്റെ ഭരണത്തിൻകീഴിൽ, രാജ്യത്തെങ്ങും സമാധാനവും ഐശ്വര്യവും കളിയാടി. രാജകൊട്ടാരവും സന്തോഷഭരിതമായിരുന്നു. രാജ്ഞിമാർക്കിടയിലോ രാജകുമാരന്മാർക്കിടയിലോ പരിഭവങ്ങളോ പരാതികളോ ഉണ്ടായിരുന്നില്ല. എല്ലാവരും പരസ്പരം സ്നേഹിക്കുകയും അംഗീകരിക്കുകയുംചെയ്തിരുന്നു.
എന്നാൽ ദാവീദിൻ്റെ കുടുംബത്തിൽ സാത്താൻ പതിയിരുന്നിരുന്നു. പ്രവാചകനായ നാഥാൻപോലും അതറിഞ്ഞിരുന്നില്ല... ദാവീദ് രാജാവ് ഊറിയായെച്ചതിച്ച്, അവൻ്റെ ഭാര്യയെ സ്വന്തമാക്കിയപ്പോൾത്തന്നെ സാത്താൻ കൊട്ടാരത്തിലും ദാവീദിൻ്റെ കുടുംബത്തിലും തനിക്കു പ്രവേശിക്കാനായി ഒരു പഴുതുകണ്ടെത്തിയിരുന്നു.
താമാർരാജകുമാരിയുടെ സൗന്ദര്യത്തെക്കുറിച്ചറിഞ്ഞ്, ഇസ്രായേലിലേയും സമീപരാജ്യങ്ങളിലേയും യുവാക്കൾമാത്രമല്ലാ, വിദൂരദേശങ്ങളിലെ രാജകുമാരന്മാർപോലും അവളെ സ്വന്തമാക്കാൻ കൊതിച്ചു.
ദാവീദിൻ്റെ കടിഞ്ഞൂൽപ്പുത്രനായ അംനോണിൻ്റെ ഹൃദയത്തിൽ സാത്താൻ തനിക്കിടംകണ്ടെത്തി. സഹോദരിയോടെന്നതിനുമപ്പുറത്ത്, ആസക്തിനിറഞ്ഞൊരഭിലാഷം അവനു താമാറിനോടു തോന്നിത്തുടങ്ങി...
ഊണിലുമുറക്കത്തിലും അംനോൻ്റെ ഹൃദയം താമാറിനെക്കുറിച്ചുള്ള ആസക്തിനിറഞ്ഞ ചിന്തകളാൽ മലിനമായി.. അവൾ തനിക്കപ്രാപ്യയാണെന്ന ചിന്ത അവനെ ശാരീരികമായും രോഗിയാക്കി.
ദാവീദിൻ്റെ സഹോദരനായ ഷിമെയായുടെ പുത്രൻ യോനാദാബായിരുന്നു അംനോൻ്റെ ഏറ്റവുമടുത്ത സ്നേഹിതൻ. അംനോൻ്റെ മാറ്റങ്ങൾ യോനാദാബ് തിരിച്ചറിഞ്ഞു.
അവന്‍ അം‌നോനോടു ചോദിച്ചു: "അല്ലയോ രാജകുമാരാ, ഓരോ ദിവസവും നീ കൂടുതൽകൂടുതൽ ദുഃഖാര്‍ത്തനായി കാണപ്പെടുന്നതെന്തുകൊണ്ടാണ്?"
അംനോൻ യോനാദാബിനുമുമ്പിൽ
തൻ്റെ ഹൃദയംതുറന്നു. സൂത്രശാലിയായ യോനാദാബ് അംനോനോടു പറഞ്ഞു.
"ഇസ്രായേലിൻ്റെ യുവരാജാവിന് തൻ്റെ ചെറിയൊരാഗ്രഹം പൂർത്തീകരിക്കാൻസാധിക്കുന്നില്ലെങ്കിൽ മറ്റാർക്കാണതുകഴിയുക? ദാവീദുരാജാവിനുശേഷം ഈ രാജ്യം ഭരിക്കേണ്ടവനാണു നീ. ദാവീദു രാജാവിന് ഏറ്റവും പ്രിയപ്പെട്ട പുത്രനും നീതന്നെ. രാജാവ് ഒരിക്കലും നിനക്കെതിരായി ഒന്നും പ്രവർത്തിക്കില്ല. ഞാൻ പറയുന്നതുപോലെ ചെയ്യുക. നിൻ്റെയാഗ്രഹം സാദ്ധ്യമാകും. നിനക്കൊരു കുഴപ്പവുമുണ്ടാകുകയുമില്ല."
യോനാദാബിൻ്റെ ഉപദേശമനുസരിച്ച്, അംനോൺ പ്രവർത്തിച്ചു.
അവൻ രോഗമഭിനയിച്ചു കിടന്നു. അംനോൻ രോഗബാധിതനാണെന്നും ഭക്ഷണംകഴിക്കുന്നില്ലെന്നുമാത്രമല്ലാ, ജലപാനംപോലും വളരെക്കുറച്ചുമാത്രമാണെന്നറിഞ്ഞ്, ദാവീദുരാജാവ് പുത്രനെ സന്ദർശിച്ചു.
പിതാവിനുമുമ്പിൽ എഴുന്നേല്ക്കാൻശ്രമിച്ച പുത്രനെ ദാവീദ് തടഞ്ഞു.
''ഭക്ഷിക്കാതെയും പാനംചെയ്യാതെയുമായാൽ ഔഷധസേവകൊണ്ടെന്തു പ്രയോജനം? നീ കഴിക്കാനിഷ്ടപ്പെടുന്ന ഭക്ഷണമെന്താണ്? രുചികരമായ ഭക്ഷണമൊരുക്കി നിനക്കുനല്കാൻ രാജസേവകരോടു ഞാൻ കല്പിക്കാം.''
രാജാവിൻ്റെ നിർബ്ബന്ധത്തിനൊടുവിൽ അംനോൺ പറഞ്ഞു: "അങ്ങനെയെങ്കിൽ എൻ്റെ സഹോദരി താമാറിനെ ഇങ്ങോട്ടുപറഞ്ഞയയ്ക്കൂ. അവൾ വന്ന് ഇവിടെവച്ചു പാചകംചെയ്ത്, അവളുടെ കൈയാൽത്തന്നെ എനിക്കു വിളമ്പിത്തരട്ടെ... അവളുടെ കൈകളാൽ ഏതു ഭക്ഷണമുണ്ടാക്കിയാലും അത്, അത്യന്തം സ്വാദിഷ്ടമാണ്."
ദാവീദിൻ്റെ നിർദ്ദേശമനുസരിച്ച്, താമാർ അംനോൻ്റെ കൊട്ടാരത്തിലെത്തി. താനുണ്ടാക്കുന്ന ഭക്ഷണം, കൊട്ടാരത്തിലെ പാചകവിദഗ്ദ്ധർ തയ്യാറാക്കുന്നതിനേക്കാൾ വിശിഷ്ടമായി തൻ്റെ ജ്യേഷ്ഠൻ കരുതുന്നതറിഞ്ഞതിൽ അവൾ അതീവമാഹ്ലാദവതിയായിരുന്നു.
ഭക്ഷണം തയ്യാറായപ്പോൾ അംനോൺ താമാറിനോടു പറഞ്ഞു. "ഭക്ഷണം നിൻ്റെ കൈയാൽത്തന്നെ വിളമ്പി എൻ്റെ കിടപ്പുമുറിയിലേക്കു കൊണ്ടുവരൂ. കിടക്കയിലിരുന്നുതന്നെ ഞാനതു ഭക്ഷിക്കാം."
എല്ലാവരും കൊട്ടാരത്തിനു വെളിയിലിറങ്ങി, വാതിൽ പുറത്തു നിന്നടയ്ക്കാൻ അംനോൺ തൻ്റെ പരിചാരകരോടാജ്ഞാപിച്ചു.
താമാര്‍ ഭക്ഷണം വിളമ്പി, അമ്‌നോന്റെ മുറിയില്‍ച്ചെന്നു. അവളടുത്തുചെന്നപ്പോള്‍ അവനവളെ കടന്നുപിടിച്ചു.
"താമാർ വരൂ, ഈ കിടക്കയിൽ എന്റെ കൂടെ കിടക്കൂ" അംനോൺ പറഞ്ഞു.
സഹോദരൻ്റെ ഭാവമാറ്റംകണ്ട് താമാർ ഭയന്നുപോയി.
"അയ്യോ ജ്യേഷ്ഠാ, അങ്ങെന്താണീച്ചെയ്യുന്നത്... വഷളത്തം പ്രവര്‍ത്തിക്കരുത്‌."
താമാർ ചെറുത്തുനില്ക്കാൻ ശ്രമിച്ചെങ്കിലും അംനോൻ്റെ ബലിഷ്ഠകരങ്ങൾക്കുള്ളിൽ അവളൊതുങ്ങിപ്പോയി. അവനവളെ കിടക്കയിലേക്കു തള്ളിയിട്ടു.
സിംഹത്തിൻ്റെ ദംഷ്ട്രങ്ങളിൽക്കുരുങ്ങിയ മാൻപേടയെപ്പോലെ താമാർ പിടഞ്ഞു. അവൾ ഉറക്കെക്കരഞ്ഞു.
തൻ്റെ ഇംഗിതം സാധിതമാക്കിയ അംനോൺ അവൻ്റെ ദാസന്മാരെ വിളിച്ചു.
"ആരവിടെ...!"

തന്റെ ദാസനെ വിളിച്ച്‌ അവന്‍ പറഞ്ഞു: "ഇവളെ എന്റെ മുമ്പില്‍നിന്നു പുറത്താക്കി വാതിലടയ്‌ക്കു...."
ദാസന്മാർ വാതിൽതുറന്നയുടൻ, കീറിയമേലങ്കിയും വാരിയണിഞ്ഞ്, താമാർ കരഞ്ഞുകൊണ്ടു പുറത്തേക്കോടി. തൻ്റെ പിതാവിനും മാതാവിനുമൊപ്പം താൻ വസിക്കുന്ന രാജകൊട്ടാരത്തിലേയ്ക്കല്ലാ, നേർസഹോദരനായ അബ്സലോമിൻ്റെ കൊട്ടാരത്തിലേക്കാണവളോടിയത്...

--------------------------------------------------------------------------------------------------