Sunday 19 April 2020

106. ശത്രുപാളയത്തിൽ

ബൈബിൾക്കഥകൾ 106

ദാവീദിനെക്കണ്ടെത്തി വധിക്കുന്നതിനായി, സർവ്വസൈന്യാധിപനായ അബ്നേറിൻ്റെ നേതൃത്വത്തിൽ, മൂവായിരംപേരടങ്ങുന്ന സൈനികർ തയ്യാറായി.

സിഫ് മരുഭൂമിയിൽ, ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നിലെ ഗുഹകളിൽ ദാവീദും സംഘവുമുണ്ടെന്നറിഞ്ഞ സാവൂൾ, അബിനേറിനോടും സൈനികർക്കുമൊപ്പം അവിടേയ്ക്കു പുറപ്പെട്ടു.

ദാവീദുംസംഘവും താവളമടിച്ചിരുന്ന മലയടിവാരത്തിൽനിന്ന്, നാലുനാഴിക യാത്രാദൂരമുള്ള മറ്റൊരു മലയടിവാരത്തിൽ അവരെത്തിച്ചേർന്നു. അപ്പോൾ സൂര്യനസ്തമിച്ചുകഴിഞ്ഞിരുന്നതിനാൽ, അന്നുരാത്രി അവിടെത്തന്നെ പാളയമടിച്ചുകഴിയാൻ സാവൂൾ തീരുമാനിച്ചു.

നാബാലിൻ്റെ ഭാര്യയായ അബിഗായിൽനല്കിയ സമ്മാനങ്ങളുമായി ദാവീദുംസംഘവും പാളയത്തിൽ തിരികേയെത്തിയപ്പോൾ ഇരുൾപരന്നുകഴിഞ്ഞിരുന്നു. സുഖകരമായ കുളിർമ്മ പകർന്നുകൊണ്ട് മന്ദമാരുതൻ ഭൂമിയെ തഴുകുന്നുണ്ട്. തെളിഞ്ഞ നീലാകാശത്തിൽ ചിരിതൂകിനിന്ന പൂർണ്ണേന്ദുവിൻ്റെ കിരണങ്ങൾ ഹക്കീലാക്കുന്നുകളെ കൂടുതൽ മനോഹരമാക്കി.

ദാവീദ്, പാളയത്തിൽ മടങ്ങിയെത്തിയപ്പോൾത്തന്നെ ചാരന്മാർ അന്നത്തെ നിർണ്ണായകസംഭവത്തെക്കുറിച്ചറിയിച്ചു: "നാലുനാഴികദൂരത്തിനപ്പുറം സാവൂളും അബ്നേറും വലിയൊരുസംഘം സൈനികർക്കൊപ്പം താവളമടിച്ചിരിക്കുന്നു."

വാർത്തകേട്ടപ്പോൾ ദാവീദ് തൻ്റെ അനുചരന്മാരോടു പറഞ്ഞു: "ഞാൻ കർത്താവിലാശ്രയിക്കും. അവിടുന്ന്, നമുക്കൊരു വഴികാണിച്ചുതരും. ജാഗരൂകരായിരിക്കുക, എന്നാൽ ആകുലത വേണ്ടാ. ഇപ്പോൾ നമുക്ക്, ഭക്ഷണംകഴിച്ച്, അല്പനേരം വിശ്രമിക്കാം."

അബിഗായിൽനല്കിയ അപ്പവുമിറച്ചിയും അവർക്കൊരു സദ്യയായി. 

ഭക്ഷണശേഷം ദാവീദ് തൻ്റെ കിന്നരം കൈയിലെടുത്തു. അതിൻ്റെ തന്ത്രികളിൽ അവൻ്റെ വിരലുകൾചലിച്ചു. കിന്നരത്തിൽനിന്നുയർന്ന മധുരസംഗീതത്തിനൊപ്പം, പുതിയൊരു പ്രാർത്ഥനാഗീതം അവൻ്റെ അധരങ്ങളിൽനിന്നുതിർന്നു.

$ "എൻ്റെയിടയൻ കർത്താവല്ലോ;
എനിക്കില്ല, കുറവേതുമതിനാൽ!
പച്ചയായ പുൽത്തകിടികളിൽ,
വിശ്രമമെനിക്കേകുന്നൂ;
ശാന്തശീതളജലാശയത്തിലേയ്-
ക്കവനെന്നെ നയിച്ചിടുന്നൂ!

തൻ്റെ നാമമഹത്വത്തിനായി,
നീതിതൻ വീഥിയിൽമാത്രം
ഉന്മേഷദായകൻ, സ്വർഗ്ഗീയനാഥൻ
എന്നെ നടത്തിടുന്നൂ;

മരണനിഴൽത്താഴ്വരയിൽ, 
ഞാൻ ചരിച്ചീടുമ്പോൾപ്പോലും
ഉടയവനെൻ്റെ സഹായം; ഞാ-
നനർത്ഥങ്ങൾ ഭയപ്പെടുകില്ലാ;
കർത്താവിൻദണ്ഡും ഇടയൻ്റെവടിയും
ഉറപ്പെനിക്കേകിടുന്നൂ...

ശത്രുവിൻ കണ്മുമ്പിൽത്തന്നെ
എനിക്കവൻ വിരുന്നൊരുക്കുന്നു;
പരിമളതൈലത്താലെന്നെ
അഭിഷേകംചെയ്യുന്നു നാഥൻ;
അവിടുത്തെ കൃപയാലെൻപാനപാത്രം,
കവിഞ്ഞൊഴുകീടുന്നൂ..

എൻ്റെ ജീവിതകാലംമുഴുവൻ,
കർത്താവിൻ കരുണയും കൃപയും
പിരിയുകില്ലൊരുനാളുമെന്നെ;
സ്വർഗ്ഗീയഗേഹത്തിൽ 
നാഥനെസ്തുതിച്ചു ഞാൻ, 
നിത്യകാലം വസിക്കും!"

ഏതാനും നാഴികകൾക്കപ്പുറം മരണംപതിയിരിക്കുന്നുണ്ടെന്ന യാഥാർത്ഥ്യംപോലുംമറന്ന്, ദാവീദിൻ്റെ അനുചരന്മാരെല്ലാവരും ആ സംഗീതമാധുരിയിലലിഞ്ഞിരുന്നുപോയി.

കിന്നരം തിരികേവച്ച്, ദാവിദ് തൻ്റെ അനുചരന്മാരിൽ രണ്ടുപേരെ, പേരെടുത്തുവിളിച്ചുകൊണ്ടു ചോദിച്ചു: "അഹിമലെക്ക്, അബിഷായീ, ഈ രാത്രിയിൽ സാവൂൾരാജാവിൻ്റെ പാളയത്തിലേക്ക്‌, എന്നോടുകൂടെ നിങ്ങളിലാരു വരും?"

അബിഷായി ഉടൻതന്നെ പറഞ്ഞു: "ഞാന്‍, ഞാൻ വരാം."

ദാവീദ് അബിഷായിയോടു പറഞ്ഞു: "ശരി, നമുക്കുടൻ പുറപ്പെടാം." 

"എന്തുസംഭവിച്ചാലും. നേരംപുലരുന്നതിനുമുമ്പ്, ഞങ്ങൾ മടങ്ങിയെത്തും, അതുവരെ എല്ലാവരും ശാന്തരായി വിശ്രമിക്കുക. നിദ്രയിൽപ്പോലും ജാഗ്രതയുള്ളവരായിരിക്കുക..." 
തൻ്റെ അനുചരന്മാർക്ക് ദാവീദ് നിർദ്ദേശം നല്കി. പിന്നെ, അബിഷായിയോടൊപ്പം, സാവൂൾരാജാവിൻ്റെ പാളയം ലക്ഷ്യമാക്കി അവൻ നടന്നു.

നാലുനാഴികനീണ്ട യാത്രയ്ക്കൊടുവിൽ അവർ സാവൂളിൻ്റെ പാളയത്തിനടുത്തെത്തി.  

പൗർണ്ണമിച്ചന്ദ്രൻ്റെ ധവളപ്രകാശത്തിൽ, കൂടാരങ്ങളെല്ലാം വ്യക്തമായിക്കാണാം. മദ്ധ്യത്തിൽ രാജാവിൻ്റെ കൂടാരം. അതിനടുത്തായി, സൈന്യാധിപനായ അബ്നേറിൻ്റെ കൂടാരം. ചുറ്റും സൈനികരുടെ കൂടാരങ്ങൾ. രാജാവിന്റെയും സൈന്യാധിപൻ്റേയും കൂടാരങ്ങളൊഴികെയുള്ള കൂടാരങ്ങളിലെല്ലാം പത്തിലധികം സൈനികർവീതം ഉറങ്ങുന്നു. മൃഗക്കൊഴുപ്പു പുരട്ടിയ ഒരു പന്തം, സാവൂളിൻ്റെയും അബ്നേറിൻ്റെയും കൂടാരങ്ങൾക്കിടയിൽ കത്തിനില്ക്കുന്നുണ്ടു്.

സാവൂള്‍ തൻ്റെ കുന്തം, തലയുടെ ഒരുവശത്തായി കുത്തിനിറുത്തിയിരിക്കുന്നു. അതിനടുത്തായി ജലംനിറച്ച ഒരു കൂജയുമിരിക്കുന്നു.

അബിഷായി ദാവീദിനോടു പറഞ്ഞു: "കർത്താവു നമ്മളോടൊത്തുണ്ട്. ഇതാ, നിന്റെ ശത്രുവിനെ ദൈവം നിന്റെ കൈകളിലേക്കെത്തിച്ചിരിക്കുന്നു. രാജാവിൻ്റെ കുന്തം അവൻ്റെ തലയ്ക്കടുത്തുതന്നെയുണ്ട്. ഒറ്റക്കുത്തിനു ഞാനവനെ നിലത്തു തറയ്‌ക്കാം."


ദാവീദ്‌ പറഞ്ഞു: "അരുത്. ഇസ്രായേലിൻ്റെ രാജാവിനെ അഭിഷേകംചെയ്തതു കർത്താവാണ്. കര്‍ത്താവിന്റെ അഭിഷിക്തനെതിരേ കരമുയര്‍ത്തുന്നത്, നമുക്കു നന്മവരുത്തില്ല. അവനെ കർത്താവുതന്നെ ശിക്ഷിച്ചുകൊള്ളും. നമുക്കുപോയി അവന്റെ കുന്തവും അതിനടുത്തിരിക്കുന്ന കൂജയും എടുത്തുകൊണ്ടു പോരാം."

നിശബ്ദരായി അവർ കൂടാരത്തിനടുത്തെത്തി, സാവൂളിന്റെ കുന്തവും കൂജയുമെടുത്ത്‌, കുന്നിൻമുകളിലേക്കു തിരികെക്കയറി. 

കര്‍ത്താവ്‌, സാവൂളിനേയും സൈനികരേയും ഗാഢനിദ്രയിലാഴ്‌ത്തിയിരുന്നതിനാൽ ദാവീദും അബിഷായിയും കൂടാരത്തിനടുത്തെത്തിയതും മടങ്ങിപ്പോയതും ആരുമറിഞ്ഞില്ല.

മലമുകളില്‍, ഒരു പാറക്കല്ലിനു പിന്നിൽ അവർ ഒളിച്ചുനിന്നു. അവിടെനിന്ന്, സൈന്യാധിപനായ അബ്‌നേറിനെ ദാവീദ് ഉറക്കെ വിളിച്ചു, 

"അബ്‌നേര്‍, അബ്‌നേര്‍" പലവട്ടം വിളിച്ചതിനുശേഷമാണ് അബ്നേർ ഉണർന്നത്.

"ശബ്‌ദമുണ്ടാക്കി രാജാവിൻ്റെ സുഖനിദ്രയ്ക്കു ഭംഗംവരുത്തുന്നതാരാണ്‌?" അബ്നേർ വിളിച്ചുചോദിച്ചു.

ശബ്ദംകേട്ട് സാവൂളുമുണർന്നു.

ദാവീദ്‌ അബ്‌നേറിനെ പരിഹസിച്ചു: "ഇസ്രായേലിൻ്റെ സൈന്യാധിപനാണത്രേ! നീയൊരു പുരുഷനാണോ? നിന്റെ യജമാനനായ രാജാവിനെ എന്തുകൊണ്ടു നീ കാത്തില്ല? ഇസ്രായേൽരാജാവിനെക്കൊല്ലാന്‍ അവിടെയൊരുവൻ വന്നതു നീയറിഞ്ഞോ? കര്‍ത്താവിന്റെ അഭിഷിക്തനും നിന്റെ യജമാനനുമായ രാജാവിനെ നീ കാത്തില്ല. അതിനാൽത്തന്നെ വധശിക്ഷയ്ക്കർഹനാണു നീ. ഉറങ്ങിക്കിടന്ന രാജാവിന്റെ തലയ്‌ക്കലിരുന്ന കുന്തവും കൂജയും എവിടെപ്പോയെന്നു നിനക്കറിയാമോ?"

സാവൂള്‍ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞു. "ദാവീദേ, ഇതു നീതന്നെയല്ലേ?" 

"രാജാവേ, ഇതു ഞാൻതന്നെ.
എൻ്റെ യജമാനനായ അങ്ങ്‌ എന്തിനീ ദാസനെ വേട്ടയാടുന്നു? ഞാനെന്തു തെറ്റുചെയ്‌തു? 
യജമാനനായ രാജാവേ, മലകളില്‍ കാട്ടുകോഴിയെ വേട്ടയാടുന്നവനെപ്പോലെ ഇസ്രായേല്‍രാജാവ്‌ എന്തിനെന്റെ ജീവനെത്തേടി വന്നിരിക്കുന്നു? എന്താണെൻ്റെപേരിലുള്ള കുറ്റം?"

ദാവീദ് തൻ്റെ കൂടാരത്തിൽക്കടന്നിരുന്നെന്നും വേണമെങ്കിൽ, അവനു തന്നെ വധിക്കാനാകുമായിരുന്നെന്നും സാവൂളിനു മനസ്സിലായി.

സാവൂള്‍ ഉറക്കെ വിളിച്ചുപറഞ്ഞു: "എന്റെ മകനേ, ദാവീദേ, ഞാന്‍ തെറ്റുചെയ്‌തുപോയി. നീ കൊട്ടാരത്തിലേക്കു തിരിച്ചുവരിക; നിനക്കു ഞാനിനി ഒരുപദ്രവവുംചെയ്യില്ല.. ഇന്നു നിന്റെ കണ്ണില്‍ എൻ്റെ ജീവന്‍, വിലപ്പെട്ടതായിത്തോന്നി. എന്നാൽ ഞാന്‍ നിന്നോടു തെറ്റുചെയ്‌തുപോയി."

ദാവീദു പറഞ്ഞു: 
"ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്‌തതയ്‌ക്കുമൊത്തവണ്ണം കര്‍ത്താവു പ്രതിഫലംനല്കും. കര്‍ത്താവിന്ന്, അങ്ങയെ എന്റെ കൈയിലേല്പിച്ചു. എന്നാല്‍ കർത്താവിൻ്റെ അഭിഷിക്തനെതിരേ എൻ്റെ കരങ്ങളുയരുകയില്ല. അങ്ങയുടെ ജീവന്‍ വിലപ്പെട്ടതായി ഞാനിന്നു കരുതിയെങ്കിൽ, എന്റെ ജീവന്‍ കര്‍ത്താവിന്റെമുമ്പിൽ വിലപ്പെട്ടതായിരിക്കട്ടെ! എല്ലാ കഷ്‌ടതകളിലുംനിന്ന്‌ അവിടുന്നെന്നെ രക്ഷിക്കട്ടെ! കൊട്ടാരത്തിലേക്കു ഞാൻ മടങ്ങിവരുന്നില്ല. അങ്ങയുടെ മനഃസമാധാനം നഷ്ടപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നില്ല."

സാവൂള്‍ പറഞ്ഞു:
"എന്റെ മകനേ, ദാവീദേ, കർത്താവിനുമുമ്പിൽ നീയെന്നും അനുഗൃഹീതനായിരിക്കട്ടെ! നിൻ്റെ പ്രവൃത്തികളെല്ലാം സഫലങ്ങളാകും."

"രാജാവേ, അങ്ങയുടെ കുന്തവും കൂജയും ഞാനിവിടെ വയ്ക്കുന്നു.. ദാസന്മാരിലൊരുവനെവിട്ട്,  ഇതെടുത്തുകൊള്ളുക." 

ദാവീദും അബിഷായിയും അപ്പോൾത്തന്നെ അവരുടെ താവളത്തിലേക്കു മടങ്ങി. നേരംപുലർന്നപ്പോൾ സാവൂള്‍രാജാവും സംഘവും കൊട്ടാരത്തിലേക്കും മടങ്ങി.

കൊട്ടാരത്തിലെത്തുന്നതുവരെ സാവൂൾ ശാന്തനായിരുന്നു. എന്നാൽ ദുരാത്മാവ് വീണ്ടുമവനെ പീഡിപ്പിച്ചുതുടങ്ങിയപ്പോൾ അവൻ്റെ ഭാവംമാറി..

"ഇസ്രായേൽരാജാവിൻ്റെ ജീവൻ ജെസ്സെയുടെ പുത്രൻ്റെ ദാനമാണെന്നോ? അവൻ്റെ വാക്ചാതുര്യത്തിനുമുമ്പിൽ എൻ്റെ മനസ്സൊന്നു പതറിപ്പോയി... ഇസ്രായേലിൻ്റെ രാജാവിനേക്കാൾ ശ്രേഷ്ഠനാണെന്നു ഭാവിക്കുന്ന ആ രാജദ്രോഹി മരിക്കേണ്ടവൻതന്നെ!"

സാവൂൾ അലറി. 
------------------------------------------------------------
$ സങ്കീർത്തനം 23.

Sunday 12 April 2020

105. അബിഗായിൽ

ബൈബിൾക്കഥകൾ 105

മാവോൻമലയുടെ താഴ്വാരങ്ങളിലെ പുൽമേടുകളിലാണ്, നാബാലിൻ്റെ ഇടയന്മാർ ആടുകളെ മേയിച്ചിരുന്നത്. കാർമൽ എന്ന മലയോരഗ്രാമത്തിൽ താമസിച്ചിരുന്ന നാബാൽ, അതീവസമ്പന്നനായ ഒരു വ്യാപാരിയായിരുന്നു. .

മാവോൻമലകളിലെ ഗുഹകളിൽ ഒളിവിൽക്കഴിഞ്ഞിരുന്ന നാളുകളിൽ, ദാവീദും അനുചരന്മാരും നാബാലിൻ്റെ ഇടയന്മാരുമായി സൗഹൃദത്തിലായിരുന്നു. ആടുകളെ ആക്രമിക്കാനെത്തുന്ന വന്യമൃഗങ്ങളിൽനിന്ന് അവർ ആ ഇടയന്മാരെ സംരക്ഷിച്ചു. 

മൂവായിരത്തിലേറെ ചെമ്മരിയാടുകൾ, ആയിരത്തിലധികം കോലാടുകൾ... ദാവിദിൻ്റെയും അനുചരന്മാരുടേയും സംരക്ഷണവലയത്തിൽ നാബാലിൻ്റെ ആട്ടിൻപറ്റങ്ങൾ  മാവോൻതാഴ്വരയിലെങ്ങും നിർഭയം മേഞ്ഞുനടന്നു

ചെമ്മരിയാടുകളുടെ രോമംകത്രിക്കാനുള്ള നാളുകളടുത്തപ്പോൾ ഇടയന്മാർ കാർമലിലേക്കു മടങ്ങിപ്പോയി. കാര്‍മലില്‍, നാബാലിൻ്റെ ഭവനത്തിൽവച്ചാണ്‌, അവൻ്റെ ആടുകളുടെ രോമം കത്രിച്ചിരുന്നത്‌.

ചെമ്മരിയാടുകളുടെ രോമംകത്രിക്കുന്ന ദിനങ്ങൾ വലിയ ആഘോഷങ്ങളുടെ സമയമാണ്....
ഇസ്രായേലിൽ പതിവുള്ളതുപോലെ, അയൽക്കാർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി, വിശേഷവിഭവങ്ങളോടെ സദ്യവട്ടങ്ങൾനടത്താൻ നാബാലും തയ്യാറെടുപ്പുകൾനടത്തി. കലവറയിലെ തോൽക്കുടങ്ങളിൽ മേൽത്തരം വീഞ്ഞുനിറഞ്ഞു. ഉണക്കിയ അത്തിപ്പഴങ്ങളും മുന്തിരിക്കുലകളും അവൻ്റെ സംഭരണമുറികളിലുണ്ടായിരുന്നു. കൊഴുത്തകോലാട്ടിൻമുട്ടന്മാരെയും കാളക്കിടാങ്ങളേയും അറവിനായി മാറ്റിനിറുത്തി.

നാബാലിൻ്റെ ആടുകളുടെ രോമംകത്രിക്കാനുള്ള ദിനമടുത്തപ്പോൾ, ദാവീദ്, തൻ്റെ അനുചരന്മാരായ പത്തുചെറുപ്പക്കാരെ കാര്‍മലിലേക്കയച്ചു.

"നിങ്ങൾപോയി നാബാലിനെക്കണ്ട്, എന്റെ നാമത്തിൽ അവനെയഭിവാദനംചെയ്യണം. അവനും അവൻ്റെ ഭവനത്തിനും അവനുള്ള സകലതിനും സമാധാനമാശംസിക്കണം. പിന്നെ നിങ്ങൾ, അവനോടിങ്ങനെ പറയണം: - നിന്റെ ഇടയന്മാര്‍ ഞങ്ങളുടെകൂടെയുണ്ടായിരുന്നു. ഞങ്ങളവര്‍ക്ക്‌ ഒരുപദ്രവവുംചെയ്‌തിട്ടില്ല; അവരുടെ ആടുകളിൽ ഒന്നുപോലും നഷ്ടപ്പെടാതെ. എല്ലായ്പ്പോഴും ഞങ്ങളവരെ സഹായിച്ചിട്ടുണ്ടു്. നിന്റെ ഭൃത്യന്മാരോടുചോദിച്ചാല്‍ അവരതേക്കുറിച്ചു പറയും. ഇപ്പോൾ, ഈ വിശേഷനാളുകളിൽ, ദാവീദിനോടും ദാസന്മാരോടും നീ പ്രീതികാണിക്കണം. ഞങ്ങൾക്കു നിൻ്റെ സഹായമാവശ്യമുണ്ട്. നിന്റെ മനസ്സാക്ഷിക്കനുസരിച്ച്, ഭക്ഷണവും വസ്ത്രവുംനല്കി ഞങ്ങളെ സഹായിക്കണമെന്ന് ദാവീദപേക്ഷിക്കുന്നു."
ആ ചെറുപ്പക്കാർ നാബാലിനെ ചെന്നുകണ്ടു. ദാവീദ് പറഞ്ഞതുപോലെ അവനെ അഭിവാദനംചെയ്ത്, സഹായമഭ്യർത്ഥിച്ചു.

സമ്പത്തും പദവിയുമുണ്ടായിരുന്നെങ്കിലും അതിനടുത്ത പക്വതയോ വിവേകമോ നാബാലിനുണ്ടായിരുന്നില്ല. ക്ഷിപ്രകോപിയായിരുന്നുതാനും!  തൻ്റെമുമ്പിൽ സഹായാഭ്യർത്ഥനയുമായിവന്ന ചെറുപ്പക്കാരോട്, നാബാല്‍ പരിഹാസത്തോടെ ചോദിച്ചു: 

"ആരാണീ ദാവീദ്‌? യജമാനന്മാരില്‍നിന്നു തെറ്റിപ്പിരിഞ്ഞുപോകുന്ന ധിക്കാരികളായ ഭൃത്യന്മാര്‍ ഇക്കാലത്തു ധാരാളമുണ്ട്‌. തെമ്മാടികൾ...! ക്ഷണിക്കപ്പെട്ടിരിക്കുന്നവര്‍ക്കായി ഞാനൊരുക്കിയിട്ടുള്ള അപ്പവും ഇറച്ചിയും വീഞ്ഞുമെടുത്ത്‌ എവിടെനിന്നുവരുന്നെന്നുപോലുമറിഞ്ഞുകൂടാത്ത, അവനെപ്പോലെയുള്ള തെമ്മാടികൾക്കു കൊടുക്കുന്നതെന്തിനാണ്? വല്ലവരുടേയും അദ്ധ്വാനഫലത്തിനായി കൈനീട്ടിനില്ക്കാതെ, സ്വന്തമായി അദ്ധ്വാനിച്ചു ഭക്ഷിക്കാൻ പറയൂ, ആ നാണംകെട്ടവനോട്!"

കോപമിരച്ചുകയറിയെങ്കിലും മറുത്തൊന്നുംപറയാതെ ദാവീദിൻ്റെ ഭൃത്യന്മാർ കാർമലിൽനിന്നു മടങ്ങി.

ദാവീദിൻ്റെയാളുകൾ അപമാനിതരായി മടങ്ങിയെന്നുകണ്ടപ്പോൾ, നാബാലിൻ്റെ  ഇടയന്മാരിലൊരുവന്‍ നാബാലിന്റെ ഭാര്യയായ അബിഗായിലിൻ്റെയടുത്തുചെന്നു പറഞ്ഞു:

"യജമാനനെയഭിവാദനംചെയ്യാനായി ദാവീദയച്ച ദൂതന്മാരെ അദ്ദേഹമപമാനിച്ചയച്ചിരിക്കുന്നു. സത്യത്തിൽ, അവര്‍ നമുക്കു വലിയ ഉപകാരികളായിരുന്നു. ഞങ്ങള്‍  അവരോടുകൂടെ വസിച്ചിരുന്നകാലമെല്ലാം രാവും പകലും അവര്‍ ഞങ്ങള്‍ക്കൊരു കോട്ടയായിരുന്നു. നമുക്കൊരു നഷ്ടവുംവരാൻ അവരിടയാക്കിയിട്ടില്ല... എന്നാലിപ്പോൾ യജമാനൻ അവരെ അപമാനിച്ചിരിക്കുന്നു.
ഇതിനു  പ്രതികാരംചെയ്യാനായി ദാവീദ് തീരുമാനിച്ചാൽ, നമ്മളെല്ലാവരുമപകടത്തിലാകും. യജമാനൻ മുൻകോപിയായതിനാൽ അവനോടിതുപറയാൻ ഞങ്ങൾക്കാർക്കും ധൈര്യമില്ല. എന്തുചെയ്യണമെന്ന്‌, യജമാനത്തിതന്നെ ആലോചിച്ചുതീരുമാനിക്കുക.."

സൗന്ദര്യവും വിവേകവും ബുദ്ധിയും ധൈര്യവുമൊത്തിണങ്ങിയ ഒരു യുവതിയായിരുന്നു അബിഗായിൽ. അവൾ പെട്ടെന്നുതന്നെ തൻ്റെ ദാസീദാസന്മാരെ വിളിച്ചു. അഞ്ചാടുകളെക്കൊന്ന്, തീയിൽച്ചുട്ടു പാകംചെയ്തു. രണ്ടു തോൽക്കുടം വീഞ്ഞും അഞ്ചുകുട്ട മലരും നൂറ് ഉണക്കമുന്തിരിക്കുലകളും ഉണങ്ങിയ അത്തിപ്പഴംകൊണ്ടുള്ള ഇരുന്നൂറടകളും തയ്യാറാക്കി. അവയെല്ലാം കഴുതപ്പുറത്തു കയറ്റി.

ദാവീദിൻ്റെ അനുചരന്മാർ മടങ്ങിയെത്തി, ഉണ്ടായതെല്ലാം  അവനെയറിയിച്ചു. ദാവിദ് കോപത്താൽ വിറച്ചു.

"അവനു നമ്മൾചെയ്ത നന്മയ്ക്കുപകരമായി അവൻ നമ്മെ ഭർത്സിക്കുന്നുവോ? എല്ലാവരും ആയുധങ്ങളെടുക്കുവിൻ! നാന്നൂറുപേര്‍ എന്നോടുകൂടെ കാർമലിലേക്കു വരുവിൻ. ഇരുനൂറുപേര്‍ ഭാണ്ഡങ്ങള്‍ സൂക്‌ഷിക്കാന്‍ ഇവിടെത്തന്നെ നിൽക്കട്ടെ... അവൻ്റെയാളുകളിൽ ഒരുവൻപോലും നാളത്തെ പ്രഭാതംകാണാൻ ജീവനോടെയുണ്ടാകരുത്..."

ദാവീദും സംഘവും കാർമലിലേക്കു പുറപ്പെട്ടു.

ദാവീദിനുള്ള കാഴ്ചവസ്തുക്കൾ കഴുതപ്പുറത്തു കയറ്റി, നാലഞ്ചു ഭൃത്യന്മാരോടൊപ്പം അബ്ഗായിൽ, ദാവീദിൻ്റെ താവളത്തിലേക്കു പുറപ്പെട്ടു. അവർ യാത്രപുറപ്പെട്ടുമ്പോൾ നാബാൽ വീഞ്ഞുകുടിച്ച്, ഉന്മത്തനായി മയങ്ങുകയായിരുന്നു. അതിനാൽ തൻ്റെ യാത്രയെക്കുറിച്ച്, അവളവനെയറിയിച്ചില്ല.

രണ്ടുനാഴികനേരത്തെ യാത്രയ്ക്കപ്പുറം, അബിഗായിലും സംഘവും, മലയടിവാരത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുമ്പോള്‍ത്തന്നെ ആയുധധാരികളായ ദാവീദും അനുയായികളും ദൂരെനിന്നു വരുന്നതു കണ്ടു.

അബിഗായില്‍ പെട്ടെന്നുതന്നെ കഴുതപ്പുറത്തുനിന്നിറങ്ങി, ദാവീദും സംഘവും അടുത്തുവരാനായി കാത്തുനിന്നു.

അവരടുത്തെത്തിയപ്പോൾ അവൾ ദാവീദിൻ്റെമുമ്പില്‍ സാഷ്‌ടാംഗം നമസ്‌കരിച്ചു.

അവള്‍ ദാവീദിനോടു പറഞ്ഞു: ''പ്രഭോ, എൻ്റെ ഭർത്താവിൽനിന്നുണ്ടായ അവിവേകം പൊറുക്കണേ...
ഈ തെറ്റ്‌ എന്റെമേലായിരിക്കട്ടെ! 
പ്രഭോ, അങ്ങയുടെ ദാസി കൊണ്ടുവന്നിരിക്കുന്ന കാഴ്‌ചവസ്തുക്കൾ സ്വീകരിച്ച്, എൻ്റെ ഭർത്താവിൽനിന്നുണ്ടായ അപരാധം ക്ഷമിക്കണമേ....
അങ്ങയുടെ കൈകൊണ്ടുള്ള രക്‌തച്ചൊരിച്ചിലും പ്രതികാരവുമൊഴിവാക്കണേ... 

കര്‍ത്താവിൻ്റെ കൃപയാൽ, അങ്ങയുടെ ശത്രുക്കളും അങ്ങയുടെ നാശമന്വേഷിക്കുന്നവരും പരാജിതരാകും.
  
അങ്ങയെ പിന്തുടര്‍ന്നു ജീവഹാനിവരുത്താന്‍ ആരുശ്രമിച്ചാലും, ദൈവമായ കര്‍ത്താവ്, അങ്ങയുടെ പ്രാണനെ നിധിപോലെ സൂക്ഷിക്കും. അങ്ങയുടെ ശത്രുക്കളുടെ ജീവനാകട്ടെ കവിണയില്‍നിന്നു കല്ലെന്നപോലെ അവിടുന്നു തെറിപ്പിച്ചുകളയും.... കർത്താവ് അങ്ങേയ്ക്കു നന്മവരുത്തുമ്പോള്‍ അങ്ങയുടെ ഈ ദാസിയെയും കുടുംബത്തേയും അങ്ങ് ഓര്‍മ്മിക്കണമേ!"

തൻ്റെ മുമ്പിൽ സാഷ്ടാംഗംപ്രണമിച്ചു ക്ഷമായാചനംനടത്തുന്ന സുന്ദരിയായ യുവതി, നാബാലിൻ്റെ ഭാര്യതന്നെയെന്നു് ദാവീദിനു മനസ്സിലായി. അവൻ അവളോടു പറഞ്ഞു:

''എഴുന്നേല്ക്കുക; നിന്നെ എന്റെയടുത്തേക്കയച്ച, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ. പ്രതികാരത്തിൽനിന്നും
രക്തച്ചൊരിച്ചിലില്‍നിന്നും എന്നെത്തടയാനുള്ള നിന്റെ വിവേകം അനുഗൃഹീതമാണ്‌. നീയിതു ചെയ്തില്ലായിരുന്നെങ്കില്‍, ദൈവമായ കര്‍ത്താവാണേ, നാളെ നേരംപുലരുമ്പോൾ, നിൻ്റെ കുടുംബത്തിൽ, ഒരുപുരുഷന്‍പോലും ജീവനോടെയവശേഷിക്കുകയില്ലായിരുന്നു."

അബിഗായിലിൻ്റെ അപേക്ഷയും അവള്‍ കൊണ്ടുവന്ന കാഴ്ചവസ്തുക്കളും ദാവീദ്‌ സ്വീകരിച്ചു. 

"സമാധാനത്തോടെ വീട്ടിലേക്കു പൊയ്‌ക്കൊള്ളുക. നിന്റെ വാക്കുകൾക്കു ഞാന്‍ വിലമതിക്കുന്നു. നിന്നോടോ നിൻ്റെ ഭർത്താവിനോടോ എൻ്റെ ഹൃദയത്തിൽ ശത്രുതയുണ്ടാകില്ല."

അബിഗായില്‍ വിട്ടിൽ മടങ്ങിയെത്തിയപ്പോഴും നാബാൽ ഉറക്കമായിരുന്നു. പ്രഭാതത്തിൽ അവനുണർന്നപ്പോൾ ലഹരിയിറങ്ങിയിരുന്നു. തലേന്നു സംഭവിച്ചതെല്ലാം അപ്പോൾ അവളവനോടു പറഞ്ഞു. 

ദാവിദ് ആയുധധാരികളായ അനുയായികൾക്കൊപ്പം തൻ്റെ ഭവനത്തിൻ്റെ രണ്ടുനാഴികയപ്പുറംവരെ വന്നിരുന്നുവെന്നുകേട്ടപ്പോൾ അവൻ സ്തബ്ധനായിപ്പോയി. അവൻ്റെ മുഖത്ത്, ഭയം നിഴൽവീശി.
ഒന്നുംപറയാനാകാതെ ഹൃദയംമരവിച്ച്, അവൻ കുറച്ചുനേരമിരുന്നുപോയി. 

അവൻ്റെ ഭാവംകണ്ട അബിഗായിൽ ഭയന്നുപോയി. എന്താണു സംഭവിച്ചതെന്നറിയാതെ, അവൾ ഭർത്താവിൻ്റെ തോളുകളിൽ കരംപിടിച്ച്, അവനെ കുലുക്കിയുണർത്താൻ ശ്രമിച്ചു. ഒരു നിർജ്ജീവശിലപോലെ അവൻ ഇരുന്നിടത്തുനിന്നു പിന്നിലേക്കു മറിഞ്ഞുവീണു.

ഭൃത്യന്മാരുടെ സഹായത്തോടെ അബിഗായിൽ അവനെ കിടപ്പുമുറിയിലെത്തിച്ചു. അവൻ്റെ ശരീരമാകെ തളർന്നിരുന്നു. മിഴികൾമാത്രം ചകിതമായി ചലിച്ചുകൊണ്ടിരുന്നു.

പെട്ടെന്നുതന്നെ ഒരു വൈദ്യനെ വിളിച്ചുകൊണ്ടുവരാനായി അവൾ തൻ്റെ ഭൃത്യന്മാരിലൊരുവനെ പറഞ്ഞയച്ചു.

Sunday 5 April 2020

104. മരുഭൂമിയിൽപ്പെയ്ത സങ്കടപ്പെരുമഴ

മരുഭൂമിയിൽപ്പെയ്ത സങ്കടപ്പെരുമഴ

ബൈബിളിലെ കഥകൾ 104

ദാവീദിനെയും അനുയായികളെയും പിടികൂടാൻ സാവൂളും സൈന്യവും അടുത്തുകൊണ്ടിരുന്നു. മാവോൻമലയുടെ ഒരു വശത്തു സാവൂളും സംഘവും ദാവീദിനെത്തിരയുമ്പോൾ, മറുവശത്തുകൂടെ, ദാവീദും അനുചരന്മാരും സുരക്ഷാസ്ഥാനങ്ങൾതേടിയലയുകയായിരുന്നു...

സാവൂൾ വീണ്ടും ദാവീദിനു പിന്നാലെപോയെന്നറിഞ്ഞ ഫിലിസ്ത്യർ, ഇസ്രയേലിനെ ആക്രമിക്കാൻ മടങ്ങിയെത്തി. 

ഇസ്രായേലിൻ്റെ സൈന്യംമുഴുവൻ സാവൂളിനോടൊപ്പം ദാവീദിനെ വേട്ടയാടാനിറങ്ങിയിരുന്നു. വളരെക്കുറച്ചുപേർമാത്രമാണു സൈനികത്താവളത്തിലവശേഷിച്ചിരുന്നത്. ആ ചെറിയഗണം സൈന്യവുമായി, ഫിലിസ്ത്യർക്കെതിരേ പുറപ്പെടാൻ ജോനാഥൻ നിശ്ചയിച്ചു..

അവൻ, തൻ്റെ സഹോദരന്മാരായ അബിനാദാബിനും മല്‍ക്കീഷുവായ്ക്കുമൊപ്പം ഫിലിസ്ത്യരെ നേരിടാനിറങ്ങി.

സാവൂളിനെ ഇക്കാര്യമറിയിക്കാൻ അവനൊരു ദൂതനെയുമയച്ചു.

മാവോൻമലയുടെ മറുവശത്ത്, ദാവീദും അനുയായികളുമൊളിച്ചിരുന്ന ഗിരിശിഖരത്തിനടുത്തേക്ക് സാവൂളിൻ്റെ സംഘം അടുത്തുകൊണ്ടിരുന്നു. അപ്പോളാണ്, ജോനാഥൻ്റെ സന്ദേശവുമായി ദൂതനെത്തിയത്.

ദാവീദിനെ പിന്തുടരുന്നതവസാനിപ്പിച്ച്, സാവൂൾ യുദ്ധമുന്നണിയിലേക്കു കുതിച്ചു.

സാവൂളും സംഘവും പെട്ടെന്നു പിന്തിരിഞ്ഞതു ദാവീദിനാശ്വാസമായി. അവൻ തൻ്റെ അനുയായികൾക്കൊപ്പം സിഫ് മരുഭൂമിയിലേക്കു രക്ഷപ്പെട്ടു. അവിടെ, ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നിലെ ഗുഹകളിൽ അവർ താവളമടിച്ചു. 

സാവൂളിൻ്റെയും ജോനാഥൻ്റെയും ശക്തമായ ആക്രമണത്തിനുമുമ്പിൽ പിടിച്ചുനില്ക്കാനാകാതെ, ഫിലിസ്ത്യർ തോറ്റോടി.

വിജയലഹരിയിൽ മടങ്ങിവന്ന സാവൂൾ, ദാവീദിനെ പിടികൂടാൻ പുതിയ തന്ത്രങ്ങളൊരുക്കി. ദാവീദിനെ തിരഞ്ഞുപിടിക്കാൻമാത്രമായി മൂവായിരം സൈനികരടങ്ങിയ പ്രത്യേകസൈനികദളം സാവൂൾരാജാവു രൂപീകരിച്ചു.

ദാവീദിനെ പിന്തുടരാൻ പിതാവു  പുതിയ പദ്ധതികളൊരുക്കുന്നതറിഞ്ഞപ്പോൾ, മീഖേൽ സാവൂളിനെച്ചെന്നു കണ്ടു. 


"ഒരു കുറ്റവാളിയെയെന്നപോലെ അങ്ങെന്തിനാണിപ്പോഴും ദാവീദിനെ പിന്തുടരുന്നത്? അദ്ദേഹമെൻ്റെ ഭർത്താവാണ്. അദ്ദേഹം മരുഭൂമിയിലോ വനത്തിലോ ഗിരിനിരകളിലെ ഗുഹകളിലോ എവിടെയായാലും അദ്ദേഹത്തോടൊപ്പമായിരിക്കാൻ എൻ്റെ ഹൃദയം കൊതിക്കുന്നു. ദയവായി അദ്ദേഹത്തെ വെറുതേവിടൂ... ഭൂമിയുടെ ഏതെങ്കിലുമൊരു കോണിൽ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെയനുവദിക്കൂ...!" മിഖാൽ പിതാവിനോടു കേണുപറഞ്ഞു.

"ദാവീദ് എന്തുതിന്മയാണു ചെയ്തത്? രാജ്യത്തിനും രാജാവിനും അവനിൽനിന്ന് നന്മയല്ലാതെയൊന്നുമുണ്ടായിട്ടില്ല. അതൊന്നുമോർത്തില്ലെങ്കിലും അവൻ നമ്മുടെ മിഖാലിൻ്റെ ഭർത്താവാണെന്നെങ്കിലുമോർക്കണ്ടേ?"

ജോനാഥനും അനുജത്തിയെ പിന്തുണച്ചുസംസാരിച്ചു.

"ങ്ഹും... ഭർത്താവ്!" സാവൂൾ പൊട്ടിത്തെറിച്ചു. "നിൻ്റെ വാക്കുകേട്ടു ഞാൻചെയ്തുപോയ ഒരബദ്ധമായിരുന്നു ആ വിവാഹം!  ആ തെറ്റുതിരുത്താൻ ഞാൻ നിശ്ചയിച്ചുകഴിഞ്ഞു. ഈ ബന്ധം ഇന്നുകൊണ്ടവസാനിച്ചിരിക്കുന്നു. ഇസ്രായേൽരാജാവിൻ്റെ പുത്രിയുടെ ഭർത്താവാകാൻ രാജ്യത്തോടുകൂറുള്ള ചെറുപ്പക്കാർ ഇവിടെ വേറെയുണ്ട് അവരിലൊരുവനുമായി എന്റെ പുത്രിയുടെ വിവാഹംനടക്കും! ഇത് ഇസ്രായേൽരാജാവിൻ്റെ നിശ്ചയമാണ്"

സാവൂളിൻ്റെ കണ്ണുകളിലെരിഞ്ഞ അഗ്നിനാളങ്ങൾ മിഖാലിനെ ഭയപ്പെടുത്തി. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അന്തഃപുരത്തിലേക്കോടി.

ഒരു നിമിഷം സ്തബ്ധനായിനിന്ന ജോനാഥൻ, അനുജത്തിയെ ആശ്വസിപ്പിക്കാനായി അവളുടെ പിന്നാലെ ചെന്നു .

രാജപുരോഹിതന്മാർ കൊട്ടാരത്തിലേക്കാനയിക്കപ്പെട്ടു. രണ്ടുദിവസങ്ങൾക്കപ്പുറം കൊട്ടാരമുറ്റത്തു വീണ്ടുമൊരു വിവാഹപ്പന്തലൊരുങ്ങി. 

ഗല്ലിംകാരനായ, ഫാല്‍ത്തിയെന്ന പ്രഭുകുമാരൻ വരനായെത്തി. 

കരഞ്ഞുതളർന്ന മിഖാൽ, പിതാവിൻ്റെ ഉഗ്രശാസനത്തിനു വഴങ്ങി, ഒരിക്കൽക്കൂടെ വിവാഹവസ്ത്രമണിഞ്ഞു... 

ജോനാഥൻ എല്ലാക്കാര്യങ്ങളിൽനിന്നും വിട്ടുനിന്നു. വിവാഹഘോഷങ്ങൾ അഭംഗുരംനടക്കുമ്പോഴും ജോനാഥൻ തൻ്റെ മുറിക്കുള്ളിൽനിന്നു പുറത്തിറങ്ങിയില്ല.

ഫാൽത്തിയുടെ വധുവായെത്തിയപ്പോഴും മിഖാലിൻ്റെ ഹൃദയത്തിൽ, ഒരിടയച്ചെറുക്കൻ്റെ കിന്നരഗീതങ്ങൾമാത്രമാണു മുഴങ്ങിക്കൊണ്ടിരുന്നത്. ആ കൈകളിലൊരു കിന്നരവീണയായി, പ്രണയസംഗീതംപൊഴിക്കാൻ ഇനിയൊരിക്കലുമാകില്ലല്ലോയെന്ന ചിന്തയിൽ അവളുടെ ഹൃദയം പൊള്ളി. എങ്കിലുമാഹൃദയത്തിൽ, ദാവീദൊഴികെ മറ്റാർക്കുമിടമില്ലായിരുന്നു. 

അന്നുരാത്രിയിൽ, സാമുവൽപ്രവാചകൻ്റെ ദേഹി, നശ്വരമായ ദേഹമുപേക്ഷിച്ചു നിത്യതയിലേക്കു യാത്രയായി.

ഹക്കീലാക്കുന്നുകൾക്കുമപ്പുറത്തുനിന്നുദിച്ചുയർന്ന ബാലസൂര്യനെ,  കാർമേഘങ്ങളുടെ സൈന്യം, വളഞ്ഞാക്രമിച്ചു. അതുകണ്ടു ഭയന്ന പ്രകൃതി, ചെറിയചലനംപോലുമില്ലാതെ ശ്വാസമടക്കിനിന്നു. 

കഴിഞ്ഞ രാത്രിയിൽ ദാവീദിനുറങ്ങാൻകഴിഞ്ഞിരുന്നില്ല. മനസ്സിനുള്ളിൽ അകാരണമായൊരു ഭീതി..  എന്തെന്നറിയാത്ത എന്തൊക്കെയോ അസ്വസ്ഥതകൾ.. കടുത്ത ഉഷ്ണത്തിൽ അവൻ്റെ ശരീരമാകെ വിയർത്തൊലിച്ചിരുന്നു.

പ്രഭാതത്തിലെ ആദ്യപ്രകാശകിരണങ്ങൾ ഭൂമിയിൽ പതിച്ചപ്പോൾത്തന്നെ ദാവീദ് ഗുഹയിൽനിന്നു പുറത്തിറങ്ങി. കാർമേഘങ്ങൾനിറഞ്ഞു മൂകമായി നിൽക്കുകയാണാകാശം. മഴക്കാലമല്ലാതിരുന്നിട്ടും എവിടെനിന്നെത്തിയീ മേഘങ്ങൾ?

അനിലൻ ഏതോ ഗുഹയ്ക്കുള്ളിൽ ശ്വാസമടക്കിക്കിടന്നുറങ്ങുകയാണിപ്പോഴും. കിളികളുടെ ശബ്ദങ്ങളും കേൾക്കാനില്ല. നിശ്ശബ്ദതയെ ഭഞ്ജിച്ച്, ചീവിടുകൾമാത്രം എവിടെയോ മറഞ്ഞിരുന്ന്, ഉറക്കെക്കരയുന്നുണ്ട്...

ദാവീദ് ചുറ്റുമൊന്നു കണ്ണോടിച്ചു. കണ്ണെത്താദൂരത്തോളം ചെറുകുന്നുകളും മലകളും കാണാം. സമൃദ്ധമായിവളർന്ന പുൽമേടുകൾ.. അതിന്നിടയിൽ അങ്ങിങ്ങു ചില കുറ്റിച്ചെടികളല്ലാതെ വലിയ വൃക്ഷങ്ങളൊന്നും ഒരിടത്തും കാണാനില്ല.

അവൻ ഒരു പാറമേലിരുന്നു. അസ്വസ്ഥമായ തൻ്റെ മനസ്സിനെ യാഹ്വേയുടെ സന്നിധിയിലേക്കുയർത്താൻ ദാവീദ് ശ്രമിച്ചു. കണ്ണുകളടച്ച്, ശാന്തമായിരുന്ന ദാവിദിൻ്റെ ഹൃദയത്തിൽനിന്നുയർന്ന പ്രാർത്ഥനകൾ, ചുണ്ടുകളിൽ ഒരു സങ്കീർത്തനമായൊഴുകിയെത്തി.

"*സ്വർഗ്ഗത്തിൽവാഴുന്ന നാഥാ,  ഞാനെൻ്റെ
കണ്ണുകൾ നിൻനേർക്കുയർത്തും..
....................................................
....................................................
സുഖാലസർതൻ പരിഹാസം, 
അഹംഭാവികൾതൻ നിന്ദനങ്ങൾ...
സർവ്വംസഹിച്ചു തളർന്നോ-
രെൻ്റെ ഹൃത്തടംകാണണേ നാഥാ..."

"പ്രഭോ" 

അക്ഷാദെന്ന ചാരൻ്റെ ശബ്ദമാണു ദാവീദിനെ പ്രാർത്ഥനയിൽനിന്നുയർത്തിയത്.

നാട്ടിലെല്ലാം സഞ്ചരിച്ച്, നാട്ടുവാർത്തകളും അപായസൂചനകളുമറിഞ്ഞ്, യഥാസമയം ദാവീദിനെയറിയിക്കുന്ന സേവകരിലൊരാളായിരുന്നു അയാൾ.

അക്ഷാദിൽനിന്നുകേട്ട വർത്തമാനങ്ങൾ ദാവീദിൻ്റെ ഹൃദയം തകർത്തുകളയുന്നവയായിരുന്നു.!

"ഇന്നലെ മിഖാൽ രാജകുമാരി വീണ്ടും വിവാഹിതയായി..."

ദാവീദ് ഞെട്ടിപ്പോയി. ഈ നിമിഷംവരെ എൻ്റെ അത്മാവിൻ്റെ ഭാഗമായിരുന്നവൾ...  ആത്മാവിലും ശരീരത്തിലുമൊന്നായി അലിഞ്ഞുചേർന്നിരുന്നവൾ... ഇന്നിതാ തികച്ചുമൊരന്യയായിരിക്കുന്നുവെന്നോ..? മിഖാൽ.. നിനക്കിതെങ്ങനെ ചെയ്യാൻകഴിഞ്ഞു?!

സാവൂളിൻ്റെ കിങ്കരന്മാരിൽനിന്നു രക്ഷപ്പെട്ട്, മുറിയുടെ ജനാലവഴി, താഴേയ്ക്കിറങ്ങാൻ ദാവീദിനെ സഹായിച്ചത്, അവൻ്റെ ഭാര്യയായ മിഖാലാണ്. 


ദാവീദിനെ നെഞ്ചോടുചേർത്തു പുണർന്നുകൊണ്ട്, മിഖാൽ പറഞ്ഞു. "ഇനിയുമിവിടെ നിൽക്കുന്നതപകടമാണ്. എത്രയുംവേഗം രക്ഷപ്പെടൂ.. അങ്ങു തിരികെവരുന്നതുവരെ പ്രാർത്ഥനയോടെ ഞാനങ്ങയെക്കാത്തിരിക്കും. അങ്ങെവിടെയായാലും എൻ്റെ ഹൃദയം അങ്ങയോടൊപ്പമായിരിക്കും.."

മിഖാലിൻ്റെ ചുണ്ടുകൾ ദാവീദിൻ്റെ ചുണ്ടുകളിലമർന്നു.

ദാവീദ് സ്വയമറിയാതെ തൻ്റെ ചുണ്ടുകളിൽ വിരലോടിച്ചു. അന്നത്തെയാ ചുംബനത്തിൻ്റെ ലഹരി, ഇപ്പോഴുമീ ചുണ്ടുകളിലുണ്ട്...

''മിഖാൽ, നീയെന്നെ തോല്പിച്ചുവെന്നു കരുതണ്ടാ. ഈ നിമിഷംവരെ നീയൊഴികെ വേറൊരു പെണ്ണിനെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടില്ല. ഇനിയതു വേണ്ടാ... എൻ്റെയോർമ്മകളിൽപ്പോലും അന്യൻ്റെ ഭാര്യയായിത്തീർന്ന നിൻ്റെ മുഖമുണ്ടായിക്കൂടാ..."

അക്ഷാദിൻ്റെ ശബ്ദം ചിന്തകളെ മുറിച്ചു. "മറ്റൊരു വാർത്തകൂടെയുണ്ടു പ്രഭോ. സാമുവൽപ്രവാചകൻ..."

കാൽമുട്ടുകൾ നിലത്തുകുത്തി, മുന്നോട്ടാഞ്ഞ്, മുഖം മണ്ണോടുചേർത്ത്, ദാവീദ് പൊട്ടിക്കരഞ്ഞു. 

ആടുകളെ മേയിച്ചുനടന്ന ഒരിടയച്ചെറുക്കൻ്റെ ശിരസ്സിൽ അഭിഷേകതൈലംപുരട്ടി വേർതിരിച്ചുനിറുത്തിയ ദൈവപുരുഷൻ...  അന്നുമുതലിന്നുവരെ, പിതാവിനേക്കാൾ കരുതലോടെ ചേർത്തുപിടിച്ചു വഴിനടത്തിയ ഗുരു...

"എൻ്റെ പിതാവേ..." സാമുവലിനെയോർത്ത്, ദാവീദ് ഉറക്കെക്കരഞ്ഞു. 

ഏതു ദുരന്തത്തിലും തണലേകുമെന്നു കരുതിയ രണ്ടു ദുർഗ്ഗങ്ങൾ ഒരേദിവസത്തിൽ തകർന്നടിഞ്ഞിരിക്കുന്നു. 

ഭാര്യയും ഗുരുവും തനിക്കു നഷ്ടപ്പെട്ടിരിക്കുന്നു.

അനുചരന്മാരെല്ലാം ദാവീദിനു ചുറ്റുംകൂടി. ആർക്കുമവനെയാശ്വസിപ്പിക്കാൻ കഴിഞ്ഞില്ല...

ദാവീദിൻ്റെ തീരാസങ്കടംകണ്ട  കാർമേഘങ്ങൾ നൊമ്പരത്തോടെ കണ്ണീർപൊഴിച്ചുതുടങ്ങി... ആർത്തലച്ചു കരഞ്ഞുകൊണ്ട്, മഴത്തുള്ളികൾ ഭൂമിയിൽപതിച്ചു...
----------------------------------------------------

*സങ്കീർത്തനം 123