Sunday, 30 July 2017

മോശ

നാലു നൂറ്റാണ്ടുകള്‍ കടന്നുപോയി. ഇസ്രായേല്‍ജനത ഈജിപ്തില്‍ വലിയൊരു ജനതതിയായിത്തീര്‍ന്നു.
കാലാന്തരത്തില്‍ ജോസഫിനെക്കുറിച്ചറിയാത്ത ഫറവോമാര്‍ സിംഹാസനാരൂഢരായി.
ഈജിപ്തുകാരേക്കാള്‍ പ്രബലരായി വളരുന്ന ഇസ്രയേല്യരെ അക്കാലത്തെ ഫറവോപോലും ഭയത്തോടെയാണു നോക്കിയത്. കാലാന്തരത്തില്‍ഈജിപ്തിന്റെ ഭരണം ഇസ്രായേലിന്‍റെ കൈയിലെത്തിയെക്കാനുള്ള സാദ്ധ്യതയെ ഫറവോ തള്ളിക്കളഞ്ഞില്ല.
ഫറവോ തന്റെ ആലോചനാസംഘത്തെ വിളിച്ചുകൂട്ടി.
"ഇസ്രായേല്‍ജനത്തിന്റെ അംഗബലവും ശക്തിയും നമ്മുടെതിനേക്കാള്‍ അധികമായിത്തുടങ്ങുന്നു. ശത്രുക്കള്‍ യുദ്ധത്തിനെത്തിയാല്‍ ഇസ്രായേല്‍ ശത്രുപക്ഷത്തുചേര്‍ന്നു രാജ്യംപിടിച്ചെടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അതിനാല്‍ നമുക്കവരോടു തന്ത്രപൂര്‍വ്വം പെരുമാറി, അവരുടെ അംഗസംഖ്യ, ഇനിയുമധികമാകാതിരിക്കാന്‍ ശ്രദ്ധിക്കാം."
ആലോചനാസംഘത്തിന്‍റെ തീരുമാനപ്രകാരം ഇസ്രയേല്യരെ ഫറവോ കഠിനജോലികള്‍ക്കായി നിയോഗിച്ചു. ക്രൂരന്മാരായ മേല്‍നോട്ടക്കാരെ അവരുടെ അധികാരികളായി നിയമിച്ചു.
ഇഷ്ടികച്ചൂളകളിലും കുമ്മായനിര്‍മ്മാണശാലകളിലും വയലുകളിലും ഇസ്രയേല്യരെ ജോലിക്കു നിയോഗിച്ചു. സംഭരണനഗരങ്ങളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്കും രാജാക്കന്മാരുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന *സ്തൂപാകൃതിയിലുള്ള സ്മാരകങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്കുമെല്ലാം ഇസ്രേയേല്‍ജനം വിയര്‍പ്പൊഴുക്കി. എത്ര കഠിനമായി അദ്ധ്വാനിച്ചാലും ദിവസത്തില്‍ പലതവണ മേല്‍നോട്ടക്കാരുടെ ചാട്ടകള്‍ അവരുടെ ശരീരത്തില്‍ അടിപ്പിണരുകളായിപ്പതിച്ചു. എല്ലാക്കഷ്ടതകള്‍ക്കുമൊടുവിലും കുടുംബത്തിനു പട്ടിണിയില്ലാതെ കഴിയാനുള്ള കൂലി ഒരാള്‍ക്കും ലഭിച്ചില്ല.
എങ്കിലും വലിയ പീഡനങ്ങള്‍ക്കിടയിലും ഇസ്രായേല്‍ജനം വര്‍ദ്ധിക്കുകയും വ്യാപിക്കുകയും ചെയ്തു.
ഫറവോ പുതിയൊരു കല്പന പുറപ്പെടുവിച്ചു. രാജസേവകര്‍ ഈജിപ്തിലെങ്ങും കല്പന വിളംബരം ചെയ്തു.
"ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഇനിമേല്‍ ആണ്‍കുട്ടികള്‍ ജനിച്ചുകൂടാ. അഥവാ ആണ്‍കുട്ടികള്‍ ജനിച്ചാല്‍ ഉടനടി ആ കുഞ്ഞിനെ നൈല്‍നദിയിലെറിഞ്ഞു കൊല്ലണം. പെണ്‍കുഞ്ഞുങ്ങള്‍ ജീവിച്ചുകൊള്ളട്ടെ. ഈ കല്പന പാലിക്കാത്തവര്‍ മരണശിക്ഷയ്ക്ക് അര്‍ഹരായിരിക്കുമെന്നും ഇതിനാല്‍ വിളംബരം ചെയ്യുന്നു."
വിളംബരം പുറപ്പെടുവിച്ച ദിവസംമുതല്‍ ഇസ്രായേല്യര്‍ക്കു ജനിച്ച ആണ്‍കുട്ടികള്‍ നൈല്‍നദിയില്‍ ജഡങ്ങളായിപ്പൊങ്ങി, മത്സ്യങ്ങള്‍ക്കും ആകാശപ്പറവകള്‍ക്കും ഭക്ഷണമായി. ആണ്‍കുട്ടികള്‍ ജനിക്കുന്ന കുടുംബങ്ങളിലെല്ലാം മാതാപിതാക്കളുടെ ദീനരോദനങ്ങളുയര്‍ന്നു. രാജശാസനത്തെ അനുസരിക്കാതിരുന്ന ദമ്പതിമാരുടെ കുഞ്ഞുങ്ങളെ, മാതാപിതാക്കള്‍ക്കൊപ്പം പൊതുസ്ഥലങ്ങളില്‍വച്ചു രാജകിങ്കരന്മാര്‍ വാളിനിരയാക്കി. അവരുടെ മൃതദേഹങ്ങള്‍ കുറുനരികള്‍ക്കും കഴുകന്മാര്‍ക്കും ഭക്ഷിക്കാനായി എറിഞ്ഞുകൊടുത്തു.
ഇസ്രായേല്യരില്‍ ചിലരെല്ലാം രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ച്, മിദിയാന്‍പോലുള്ള സമീപപ്രദേശങ്ങളിലേക്ക് ഒളിച്ചോടി താമസമാക്കി. എന്നാല്‍ അവര്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു.
ഈജിപ്തിലെ ഇസ്രായേല്‍സമൂഹം മുഴുവന്‍ കര്‍ത്താവിനെ വിളിച്ചു കരഞ്ഞു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക്, ഉത്തരം ലഭിച്ചില്ല. എങ്കിലും കര്‍ത്താവിന് അവരെക്കുറിച്ചൊരു പദ്ധതിയുണ്ടായിരുന്നു. അവര്‍ക്കു ശുഭകരമായ ഭാവിയും പ്രത്യാശയും വാഗ്ദാനംചെയ്യുന്നൊരു പദ്ധതി.
ഇസ്രായേലില്‍ പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നൈല്‍നദി വിഴുങ്ങിക്കൊണ്ടിരുന്ന നാളുകളില്‍ **ലേവിയുടെ ഗോത്രത്തില്‍പ്പെട്ട ഒരു ദമ്പതിക്ക്, ഒരാണ്‍കുഞ്ഞു പിറന്നു. അവന്റെ മാതാപിതാക്കള്‍ മൂന്നുമാസം അവനെ രഹസ്യമായി വളര്‍ത്തി. ഇനിയും അവനെ രഹസ്യത്തില്‍ വളര്‍ത്തുന്നതു ദുഷ്കരമാണെന്നു മനസ്സിലായപ്പോള്‍ അവന്റെയമ്മ, ഞാങ്ങണപോലെ വളരുന്ന പാപ്പിറസ് ചെടിയുടെ തണ്ടുകൊണ്ട്, ചെറിയൊരുപേടകം നെയ്തുണ്ടാക്കി. അതില്‍ കളിമണ്ണും താറുംതേച്ചു പിടിപ്പിച്ചു ചോര്‍ച്ചയില്ലാതാക്കി.
കുഞ്ഞിനെ മതിവരുവോളം പാലൂട്ടി. അവനുറങ്ങിയപ്പോള്‍ അവനെ ആ പേടകത്തില്‍ക്കിടത്തി. വായു കടക്കുന്ന മൂടികൊണ്ട് അതുമൂടി. പിന്നെ നൈല്‍നദീതീരത്ത്, അന്തപ്പുരസ്ത്രീകള്‍ കുളിക്കുന്ന കടവിനടുത്ത്, ഞാങ്ങിണച്ചെടികള്‍ക്കിടയില്‍ ആ പേടകം വച്ചു. അവനു മൂത്ത ഒരു സഹോദരിയുണ്ടായിരുന്നു. അവളും അമ്മയോടൊപ്പം നദിക്കരയില്‍ വന്നിരുന്നു. കുഞ്ഞുവാവയെ പിരിയുന്നതില്‍ അവള്‍ ഏറെ ദുഃഖിച്ചിരുന്നതിനാല്‍ അവള്‍ അമ്മയ്ക്കൊപ്പം മടങ്ങിയില്ല. കുഞ്ഞനുജന് എന്തുസംഭവിക്കുമെന്നറിയാന്‍ അവള്‍ ദൂരെയൊരിടത്ത്, പേടകം കാണുന്നവിധം ഒളിച്ചിരുന്നു കരഞ്ഞു.
കുറച്ചു സമയത്തിനുശേഷം, ഫറവോയുടെ മകള്‍ കുളിക്കടവില്‍ വന്നു. ഞാങ്ങണകള്‍ക്കിടയില്‍ക്കണ്ട പേടകമെടുക്കാന്‍ അവള്‍ ദാസിമാരെയയച്ചു. അവര്‍ പേടകം കൊണ്ടുവന്നു തുറന്നു.
"തമ്പുരാട്ടീ, ഇതേതോ ***ഹെബ്രായ സ്ത്രീയുടെ കുഞ്ഞാണെന്നു തോന്നുന്നു. ഇതിനെ നമുക്കു നദിയിലെറിയാം." ദാസിമാര്‍ പറഞ്ഞു.
ഫറവോയുടെ മകള്‍ ശിശുവിനെ കൈകളിലെടുത്തു. അവള്‍ക്കവനോട് അനുകമ്പ തോന്നി.
"ഇതൊരു ഹെബ്രായശിശുവാകാം. എന്നാലും എത്ര ഓമനത്തമുള്ള കുഞ്ഞ്... ഇവന്റെ മുഖത്തേക്കൊന്നു നോക്കൂ. എന്തൊരു തേജസ്സാണിവന്! ഞാനിവനെ വളര്‍ത്തും." ഫറവോയുടെ മകള്‍ കുഞ്ഞിനെ മാറോടണച്ചു.
രാജകുമാരി കുഞ്ഞിനെ മാറോടണച്ചു ചുംബിക്കുന്നത് അവന്റെ സഹോദരി കണ്ടു. അവള്‍ കണ്ണീര്‍തുടച്ചു. എന്നിട്ടു രാജകുമാരിയുടെയും തോഴിമാരുടെയുമടുത്തേക്ക് ഓടിയെത്തി.
"തമ്പുരാട്ടീ, ഈ കുഞ്ഞിനു മുലയൂട്ടാന്‍ ഞാനൊരു ഹെബ്രായ സ്ത്രീയെ വിളിച്ചുകൊണ്ടു വരട്ടെ?" അവള്‍ ചോദിച്ചു.
രാജകുമാരി സമ്മതിച്ചു. അവള്‍ വീട്ടിലേക്കോടി. അവളുടെ അമ്മയെയുംകൂട്ടി കുളിക്കടവില്‍ തിരിച്ചെത്തി.
"എനിക്കുവേണ്ടി ഈ കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുക. അതിനുള്ള ശമ്പളം നിനക്കു കൊട്ടാരത്തില്‍നിന്നു ലഭിക്കും.
അവള്‍ രാജകുമാരിയെ താണുവണങ്ങി. "അങ്ങയുടെ എതാജ്ഞയും ഞാനനുസരിക്കും." അവള്‍ തന്റെ പുത്രനെ കൈകളില്‍വാങ്ങി, അപ്പോള്‍ത്തന്നെ മുലപ്പാലൂട്ടി. മൂന്നു വയസ്സുവരെ അവന്‍ തന്റെ അമ്മയുടെ മുലപ്പാലുണ്ടു വളര്‍ന്നു.
രാജകുമാരി അവനെ മോശ എന്നു പേരുവിളിച്ചു. മകളോടുള്ള വാത്സല്യത്താല്‍, ഫറവോ മോശയെ ഉപദ്രവിച്ചില്ല.
ഇസ്രായേലിലെ ആണ്‍കുഞ്ഞുങ്ങളെയെല്ലാം വധിക്കാന്‍ കല്പിച്ച, അതേ ഫറവോയുടെ പുത്രിയുടെ മകനായി, രാജകൊട്ടാരത്തില്‍ മോശവളര്‍ന്നു. ഒരു രാജകുമാരനുള്ള എല്ലാ അവകാശങ്ങളും ഫറവോ അവനു നല്‍കി.
ഫറവോയുടെ കരങ്ങളില്‍നിന്നും ഇസ്രായേലിനെ മോചിപ്പിക്കാന്‍, ദൈവം തെരഞ്ഞെടുത്തവനു വളരാന്‍ അതിനേക്കാള്‍ സുരക്ഷിതമായൊരു സ്ഥലം ഈജിപ്തില്‍ മറ്റൊരിടത്തുമില്ലെന്നു കര്‍ത്താവറിഞ്ഞിരുന്നു!
---------------------------------------------------------------------

*പിരമിഡ്
** യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാള്‍ - യാക്കോബിന്റെ(ഇസ്രായേലിന്റെ) പന്ത്രണ്ടുമക്കളില്‍ ജോസഫും റൂബനുമൊഴികെയുള്ള പത്തുപേരുടെയും ജോസഫിന്റെ രണ്ടു പുത്രന്മാരുടെയുംപേരിലാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ അറിയപ്പെടുന്നത്. യാക്കോബിന്റെ മൂത്തപുത്രനായ റൂബന്‍, പിതാവിന്റെ ഉപനാരിമാരില്‍ ഒരുവളുമായി അവിഹിതബന്ധംപുലര്‍ത്തുകയും യാക്കോബ് അതുകണ്ടുപിടിക്കുകയുംചെയ്തതിനാല്‍, റൂബന്‍ ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെടുകയും ജോസഫിനു രണ്ടവകാശം ലഭിക്കുകയും ചെയ്തു. ജോസഫിന്റെ പുത്രന്മാരായ മനാസ്സെ, എഫ്രായിം എന്നിവരുടെ തലമുറകള്‍ രണ്ടു ഗോത്രങ്ങളായി മാറി. ഇസ്രായേല്‍ജനത ഇപ്പോഴും താന്താങ്ങളുടെ ഗോത്രത്തില്‍പ്പെട്ടവരുമായിമാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂ.
*** ഹെബ്രായ ഭാഷ സംസാരിക്കുന്നവര്‍ - ഹെബ്രായര്‍ (ഇസായേല്യര്‍)

Wednesday, 26 July 2017

ഇസ്രായേല്‍വംശം

ആടുമാടുകളും കഴുതകളും ഒട്ടകങ്ങളുമടക്കം തങ്ങള്‍ക്കുള്ളതെല്ലാം ശേഖരിച്ച്, ഇസ്രായേലും മക്കളും യാത്രയ്ക്കൊരുങ്ങി.

ഫറവോ അയച്ച ഇരട്ടക്കുതിരകളെപ്പൂട്ടിയ രഥങ്ങളില്‍ അവര്‍ ഇജിപ്തിലേക്കു പുറപ്പെട്ടു.ക്ഷാമവും വരള്‍ച്ചയും കീഴടക്കിയ കാനാന്‍ദേശം അവരുടെ പിന്നില്‍ മറഞ്ഞു.

ജോസഫ് തന്റെ പിതാവിനെ സ്വീകരിക്കാന്‍ ഈജിപ്തിന്റെ അതിര്‍ത്തിയിലെത്തിയിരുന്നു. യാക്കോബും മക്കളും മരുമക്കളും പേരക്കുട്ടികളുമായി അറുപത്തിയാറുപേരടങ്ങുന്ന സംഘത്തെ ജോസഫ് സ്വീകരിച്ചു. അയാള്‍ ഇസ്രായേലിന്റെ കാല്‍ക്കല്‍ വീണുതേങ്ങി.

ഇസ്രായേല്‍ പുത്രനെ മാറോടുചേര്‍ത്തു. രണ്ടുപേരും കരഞ്ഞു. കണ്ടുനിന്നവരുടെയെല്ലാം മിഴികളില്‍ നീര്‍മണികളുതിര്‍ന്നു.

ജോസഫിന്റെ ഭാര്യയായ അസ്നയും മക്കളായ മനാസ്സെയും എഫ്രായിമും യാക്കോബിന്റെ കാല്‍തൊട്ടു വന്ദിച്ചു. 

"മരിച്ചുപോയെന്നു ഞാന്‍ കരുതിയ എന്റെ ഓമനമകനെ സര്‍വ്വൈശ്വര്യങ്ങളും അധികാരങ്ങളുമുള്ളവനായും അവന്റെ പിതാവിനെയും സഹോദരങ്ങളെയും താങ്ങുവാന്‍ കരുത്തുള്ളവനായും തിരികെ നല്കിയ യഹോവ വാഴ്ത്തപ്പെടട്ടെ!" യാക്കോബു ദൈവത്തെ സ്തുതിച്ചു.

തന്റെ സഹോദരന്മാരില്‍ അഞ്ചുപേരോടൊപ്പം ജോസഫ് ഫറവോയെ മുഖംകാണിച്ചു.

ഫറവോ ജോസഫിനോടു സന്തോഷത്തോടെ പറഞ്ഞു: നിന്റെ പിതാവും സഹോദരന്മാരും നിന്റെയടുത്തേക്കു വന്നിരിക്കുന്നു.  ഈജിപ്തുദേശംമുഴുവനും നിനക്കധീനമാണ്. നാട്ടില്‍ ഏറ്റവും നല്ല സ്ഥലത്തു നിന്റെ പിതാവിനെയും സഹോദരന്മാരെയും നിനക്കു പാര്‍പ്പിക്കാം. അവര്‍ ഗോഷെന്‍ദേശത്തു താമസിക്കട്ടെ. അതല്ലേ നല്ലത്? അതല്ലെങ്കില്‍ റംസേസ് പൂര്‍ണ്ണമായും അവര്‍ക്കവകാശമായി നല്കൂ."

ഫറവോ, തന്റെ കാലികളുടെ പരിപാലനച്ചുമതല ജോസഫിന്റെ സഹോദരന്മാരുടെ അധികാരത്തിലാക്കി. 

പിറ്റേന്ന്, ജോസഫ് യാക്കോബുമായി ഫറവോയുടെ മുമ്പിലെത്തി. ഇസ്രായേല്‍ ഫറവോയെ അനുഗ്രഹിച്ചുകൊണ്ടു പ്രാര്‍ത്ഥിചു.

വൃദ്ധനെങ്കിലും ആരോഗദൃഢഗാത്രനായ യാക്കോബിനോടു ഫറവോ ചോദിച്ചു: " അങ്ങേയ്ക്കിപ്പോള്‍ എത്രവയസ്സുണ്ട്?"

ഇസ്രായേല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: "ജീവിതം എത്ര ഹ്രസ്വമാണ്. എന്റെയീ ദേശാടനജീവിതം ഇപ്പോള്‍ നൂറ്റിമുപ്പതു സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നു! എങ്കിലും കഴിഞ്ഞുപോയ വര്‍ഷങ്ങളെല്ലാം നിമിഷദൈര്‍ഘ്യങ്ങള്‍മാത്രമുള്ള സ്മരണകളായി കണ്‍മുമ്പിലുണ്ട്."

"അങ്ങയുടെ മകനെപ്പോലെതന്നെ എന്നെയും കരുതുക.അങ്ങയ്ക്കിവിടെ ഒന്നിനും കുറവുണ്ടാകുകയില്ല." ഫറവോ ഉറപ്പുനല്കി.

ഒരിക്കല്‍ക്കൂടെ ഫറവോയെ അനുഗ്രഹിച്ച്, ഇസ്രായേല്‍ മടങ്ങി. 

ഈജിപ്തിലെ ഏറ്റവും ഫലപുഷ്ടമായ റംസേസ് പ്രവിഷ്യയിലെ ഗോഷന്‍ദേശം മുഴുവന്‍ ജോസഫ് തന്റെ സഹോദരന്മാര്‍ക്കായി നല്കി. 

കാനാന്‍ദേശത്തുനിന്നു വന്ന അറുപത്തിയാറുപേരും ജോസഫ്, ഭാര്യ അസ്നം, മക്കളായ മനാസ്സെ, എഫ്രായിം എന്നിവരുമുള്‍പ്പെടെയുള്ള എഴുപതുപേര്‍ ഇസ്രായേല്‍ജനമെന്ന് ഈജിപ്തില്‍ അറിയപ്പെട്ടുതുടങ്ങി.

ക്ഷാമം കൂടുതല്‍ രൂക്ഷമായി. ജനങ്ങളുടെ കൈവശം പണമില്ലാതെയായി. അവര്‍ തങ്ങളുടെ കന്നുകാലികളെയും വയലുകളും ധാന്യത്തിനായി വിറ്റു. ആടുമാടുകള്‍ക്കും കുതിരകള്‍ക്കും കഴുതകള്‍ക്കുംപകരമായി ജോസഫ്അവര്‍ക്കു ധാന്യം നല്കി. വയലുകളെല്ലാം, അവന്‍, ഫറവോയുടെപേരില്‍ എഴുതിവാങ്ങി.

ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഈജിപ്തിലെ വയലുകളെല്ലാം ഫറവോയുടെതുമാത്രമായി. 

അപ്പോള്‍ ജോസഫ് ഈജിപ്തിലെങ്ങും ഒരു വിളംബരം പുറപ്പെടുവിച്ചു. 

"ഈജിപ്തിലെ ജനതകള്‍മുഴുവന്‍ അറിയുന്നതിന്, ദൈവകൃപയാല്‍ ഈജിപ്തിന്റെ സിംഹാസനസ്ഥനായ ഫറവോയുടെ വിശ്വസ്തദാസനും ഭരണത്തിലെ രണ്ടാമനുമായ ജോസഫ് പുറപ്പെടുവിക്കുന്ന വിളംബരം. എന്തെന്നാല്‍, ഈജിപ്തിലെ കൊടിയ ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പട്ടിണികൂടാതെ, നമ്മള്‍ കടന്നുകൂടി. നമുക്കു ചുറ്റുമുള്ള ദേശങ്ങളിലെ ജനങ്ങള്‍ക്കും ധാന്യം നല്കാന്‍ ദൈവാനുഗ്രഹത്താല്‍ നമുക്കു സാധിച്ചു. 

ഈജിപ്തിലെ വിളഭൂമികളെല്ലാം ഫറവോയുടെ ഉടമസ്ഥതയിലായിക്കഴിഞ്ഞു. അവയില്‍ കൃഷിചെയ്യാന്‍ ആഗ്രഹിക്കുന്ന ഏവനും അതിനുള്ള പാട്ടാവകാശവും കൃഷിയിറക്കാന്‍ ആവശ്യമായ വിത്തും ഫറവോയുടെ സംഭരണശാലകളില്‍നിന്നു വിതരണംചെയ്യുന്നതാണ്. എന്നാല്‍ ലഭിക്കുന്ന വിളവിന്റെ അഞ്ചിലൊന്ന്, പാട്ടമായി സര്‍ക്കാരിലേക്കടയ്ക്കേണ്ടതാണ്"

ഈജിപ്തിലെ പുരോഹിതന്മാരൊഴികെ തനിക്കും തന്റെ സഹോദരന്മാര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും "അഞ്ചിലൊന്നു ഫറവോയ്ക്ക്'' എന്നനിയമം ജോസഫ് ബാധകമാക്കി.

ഈജിപ്തില്‍വീണ്ടും സമൃദ്ധിയുടെ നാളുകള്‍ പുലര്‍ന്നു.

കാലം ശരവേഗത്തില്‍ പാഞ്ഞു.

യാക്കോബ് മരണത്തിനു കീഴടങ്ങി. ഇസ്രായേലിനോടുള്ള ബഹുമാനാര്‍ത്ഥം എഴുപതു ദിവസങ്ങള്‍ ഈജിപ്തിലെങ്ങും വിലാപകാലമായി ഫറവോ പ്രഖ്യാപിച്ചു.

ഈജിപ്തിലെ ആചാരമനുസരിച്ച്, നാല്പതു ദിവസംകൊണ്ട് ഇസ്രായേലിന്റെ ശരീരം, നിത്യകാലത്തേക്കു നശിക്കാതിരിക്കുന്നതിനായി വൈദ്യന്മാര്‍ മരുന്നുകളും പരിമളദ്രവ്യങ്ങളും പൂശി, ഒരുക്കി.

വിലാപകാലം കഴിഞ്ഞപ്പോള്‍ യാക്കോബിന്റെ അന്ത്യാഭിലാഷമനുസരിച്ച്, ഫറവോയുടെ അനുമതിയോടെ, മൃതദേഹം മാമ്രേക്കു കിഴക്ക്, കാനാന്‍ദേശത്തുള്ള മക്‌പെലായില്‍ അബ്രഹാം ഹിത്യനായ എഫ്രോണില്‍നിന്നു വാങ്ങിയ ഗുഹയില്‍ സംസ്കരിക്കാനായി കൊണ്ടുപോയി. പിതാക്കന്മാരായ അബ്രാഹാമിനെയും ഭാര്യ സാറയെയും ഇസഹാക്കിനെയും ഭാര്യ റബേക്കയേയും ഇസ്രായേലിന്റെ ഭാര്യ ലെയയെയും സംസ്കരിച്ചത് ആ ഗുഹയില്‍ത്തെന്നെയായിരുന്നു. 

ഫറവോയുടെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ തലവന്‍മാരും ജോസഫിന്റെ വീട്ടുകാരും സഹോദരന്മാരും രഥങ്ങളും കുതിരക്കാരും ഉള്‍പ്പെടെ  വലിയൊരു സംഘമാളുകള്‍ മൃതസംസ്കാരത്തില്‍ പങ്കെടുക്കാന്‍ കാനാന്‍ദേശത്തെത്തിയിരുന്നു.

ഋതുക്കള്‍ പലവട്ടം പിന്നെയും മാറിവന്നു. ജോസഫിനെത്തേടിയും വാര്‍ദ്ധക്യമെത്തി. പിതാക്കന്മാരുടെ വഴിയെമടങ്ങാന്‍ തനിക്കുകാലമായെന്നു തിരിച്ചറിഞ്ഞപ്പോള്‍, സ്വന്തംമക്കളായ മനാസ്സെയേയും എഫ്രായിമിനെയും തന്റെ സഹോദരന്മാരുടെ മക്കള്‍ എല്ലാവരെയും ജോസഫ് ഒരുമിച്ചു വിളിച്ചുകൂട്ടി.

ജോസഫ് പറഞ്ഞു: "ദൈവം എനിക്കു ദീര്‍ഘായുസ്സു നല്കി. എന്റെ മക്കളുടെ മൂന്നാം തലമുറയിലെ മക്കളെ ഞാന്‍ കണ്ടു. ഇപ്പോള്‍ ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവമൊരിക്കല്‍ നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനംചെയ്ത നാട്ടിലേക്ക് അവിടുന്നു നിങ്ങളെ കൊണ്ടുപോകും. ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ എന്റെ ഭൌതികാവശിഷ്ടങ്ങള്‍ ഇവിടെനിന്നുകൊണ്ടു പോകണം. പിതാക്കന്മാരെ അടക്കംചെയ്തിടത്ത് എന്നെയും അടക്കം ചെയ്യണം"

ഇതു പാലിക്കുമെന്നു ‍ജോസഫ് അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു.

മരിക്കുമ്പോള്‍ ജോസഫിനു നൂറ്റിപ്പത്തു വയസ്സു പ്രായമുണ്ടായിരുന്നു. അവന്റെ മരണത്തില്‍ ഈജിപ്തുമുഴുവന്‍ ദുഃഖിച്ചു.ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുകയായിരുന്നു. ഈജിപ്തിലെ വൈദ്യന്മാര്‍ ജോസഫിന്റെ മൃതദേഹത്തില്‍ മരുന്നുകളും പരിമളദ്രവ്യങ്ങളും പൂശി. ഇസ്രായേല്‍ജനത പാര്‍ക്കുന്ന ഗാഷാന്‍ദേശത്ത്,ഒരു ശവകുടീരത്തില്‍ ജോസഫിന്റെ ശരീരം സൂക്ഷിച്ചു.

വര്‍ഷങ്ങളായും നൂറ്റാണ്ടുകളായും കാലപ്രവാഹം തുടര്‍ന്നു. ഇസ്രായേല്യര്‍ വലിയൊരു ജനതയായി പെറ്റുപെരുകി. അവര്‍ വളരെയധികം ശക്തിപ്രാപിച്ച്, ഈജിപ്തിലെങ്ങും നിറഞ്ഞു.

ജോസഫിനെക്കുറിച്ചറിയാത്ത ഫറവോമാരുടേയും ജനങ്ങളുടെയും തലമുറകള്‍ കടന്നുവന്നപ്പോഴും, ഈജിപ്തിലെ ദൈവങ്ങളെ ആരാധിക്കാതെ ഏകദൈവത്തെ ആരാധിച്ചിരുന്ന ഇസ്രായേല്‍ജനത, മറ്റുള്ളവരില്‍നിന്നു വേര്‍പെട്ടുനിന്നു.

Monday, 24 July 2017

കിനാവുപോലെ ജീവിതം...

സാഫ്നത്ത് ഫനായിയുടെ വെള്ളിക്കപ്പു ബെഞ്ചമിന്റെ ചാക്കില്‍നിന്നുകിട്ടിയതുകണ്ട സഹോദരന്മാര്‍ പതിനൊന്നുപേരും ഭയന്നുവിറച്ചുപോയി. പതിനൊന്നുപേരും തങ്ങളുടെ വസ്ത്രംകീറി.

"കര്‍ത്താവായ യാഹ് വെയെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, സത്യമായും ഇതൊന്നും ഞാനെടുത്തതല്ല." ബെഞ്ചമിന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.

"എന്നോടു വിശദീകരിക്കുന്നതില്‍ കാര്യമില്ല, നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ യജമാനനോടു പറയൂ. വിചാരണ നടത്തുന്നതും ശിക്ഷാവിധി നിശ്ചയിക്കുന്നതും അദ്ദേഹംതന്നെ!" കാര്യസ്ഥന്‍ പതിനൊന്നുപേരേയും അവരുടെ സാധനങ്ങള്‍ക്കൊപ്പം സാഫ്നത്ത് ഫനായിയുടെ കൊട്ടാരത്തിലേക്കു തിരികെക്കൊണ്ടുപോയി.

കൊട്ടാരത്തിലെ ദര്‍ബാര്‍ മുറിയില്‍ ജോസഫ് അവരെ കാത്തുനിന്നിരുന്നു. അവനെക്കണ്ടതും സഹോദരന്മാര്‍ പതിനൊന്നുപേരും അവന്റെ കാല്‍ക്കല്‍ കമിഴ്ന്നുവീണു. പടയാളികള്‍ എല്ലാവരെയും പിടിചെഴുന്നേല്പിച്ചു.

"എന്നെപ്പോലൊരുവന് അധികം തലപുകയ്ക്കാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുമെന്നു നിങ്ങള്‍ ചിന്തിച്ചില്ലേ?" ജോസഫ് ചോദിച്ചു.

യൂദാ പറഞ്ഞു. "ഞങ്ങളുടെ നിരപരാധിത്തം എങ്ങനെ തെളിയിക്കുമെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. തെളിവുകള്‍ ഞങ്ങള്‍ക്കെതിരാണുതാനും! ദൈവഹിതം ഞങ്ങള്‍ക്കെതിരായതിനാല്‍ ഞങ്ങളെല്ലാവരും ഇന്നുമുതല്‍ അങ്ങയുടെ അടിമകളാണ്."

"ഞാന്‍ ഈജിപ്തിനു മുഴുവന്‍ അധികാരിയാണ്; എനിക്കുമുകളില്‍ ഫറവോയും ദൈവവുംമാത്രമേയുള്ളൂ. അങ്ങനെയുള്ള ഞാന്‍ അനീതി പ്രവര്‍ത്തിക്കുകയില്ല; വെള്ളിക്കപ്പ് ആരുടെ ചാക്കില്‍നിന്നു ലഭിച്ചോ അവന്‍മാത്രം എനിക്കടിമയായിരിക്കുക. ബാക്കിയുള്ളവര്‍ക്കു ധാന്യവുമായി മടങ്ങിപ്പോകാം."

"യൂദാ, ജോസഫിനു സമീപത്തുചെന്നു കൈകള്‍ നെഞ്ചോടുചേര്‍ത്തു തലകുനിഞ്ഞുനിന്നുകൊണ്ടു പറഞ്ഞു: "മഹാനായ സാഫ്നത്ത് ഫനായ്. ഈജിപ്തില്‍ അങ്ങേയ്ക്കു തുല്യനായി ഫറവോയല്ലാതെ വേറെയാരുമില്ലെന്ന് ഏഴയായ ഞാനറിയുന്നു. അങ്ങയുടെ കല്പനകള്‍ ഫറവോപോലും ചോദ്യംചെയ്യില്ലെന്നും ലോകര്‍ക്കെല്ലാമറിയാം. എങ്കിലും എനിക്കു പറയാനുള്ളതു കേള്‍ക്കാനുള്ള ദയവുണ്ടാകണം."

"കുറ്റാരോപിതര്‍ക്കു സ്വന്തംഭാഗം വിശദമാക്കാനുള്ള അവസരം ഈജിപ്തിലെ ഭരണാധികാരികള്‍ നല്‍കാറുണ്ട്. അതുകൊണ്ടു പറയാനുള്ളതെന്താണെങ്കിലും പറഞ്ഞുകൊള്ളൂ."

ഈജിപ്തിലേക്ക് ആദ്യംവന്നപ്പോള്‍മുതല്‍ രണ്ടാംതവണ ബഞ്ചമിനുമായി പോന്നതുവരെയുള്ള കാര്യങ്ങള്‍ യൂദാ, ജോസഫിനോടു വിശദീകരിച്ചു.

"ഞങ്ങളുടെ ഈ ഇളയസഹോദരന് എന്തെങ്കിലും സംഭവിച്ചാല്‍ വൃദ്ധനായ പിതാവു പിന്നെ ജീവനോടെയുണ്ടാകില്ല. ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തമെടുത്തുകൊണ്ടാണ് അവനെ ഇങ്ങോട്ടു കൊണ്ടുവന്നത്. അതുകൊണ്ട് എന്നെ അടിമയാക്കിയിട്ട് എന്റെ അനുജനെ മടക്കിയയക്കാന്‍ ദയവുണ്ടാകണം."

സഹോദരങ്ങളുടെ ദൈന്യഭാവവും യൂദായുടെ വാക്കുകളും ജോസഫിനെ വല്ലാതെയുലച്ചു. അവനു വികാരവിക്ഷോഭമടക്കാന്‍ കഴിഞ്ഞില്ല. തന്റെ സഹോദരന്മാരൊഴികെ മറ്റെല്ലാവരും മുറിയില്‍നിന്നു പുറത്തുപോകാന്‍ ജോസഫ് ആജ്ഞാപിച്ചു.

സഹോദരന്മാര്‍ മാത്രമായപ്പോള്‍ അവന്‍ യൂദായെ തന്റെ നെഞ്ചോടുചേര്‍ത്തുപിടിച്ചു കരഞ്ഞു. എന്താണു സംഭവിക്കുന്നതെന്നറിയാതെ മറ്റുള്ളവര്‍ പരസ്പരം നോക്കി.

"നിങ്ങള്‍ക്കിനിയുമെന്നെ മനസ്സിലായില്ലേ? എന്റെയടുത്തു വരൂ; എന്റെ കണ്ണുകളിലേക്കു നോക്കൂ... ഈജിപ്തില്‍ കച്ചവടം നടത്താനെത്തിയ വണിക്കുകള്‍ക്കു നിങ്ങള്‍വിറ്റ നിങ്ങളുടെ സഹോദരനാണു ഞാന്‍ .."

"ജോസഫ്..."

 "സാഫ്നത്ത് ഫനായി.."

"അതേ, ഈജിപ്തില്‍ സാഫ്നത്ഫനായ് എന്നറിയപ്പെടുന്ന ഇസ്രായേല്‍പ്പുത്രനായ ജോസഫ് .... നിങ്ങളെ പരീക്ഷിക്കാനായി, നിങ്ങളുടെ ചാക്കുകളില്‍ പണവും പാനപാത്രവും വച്ചത് എന്റെ ആജ്ഞാനുസരണമാണ്... ഇത്തരത്തില്‍ നിങ്ങളെ വിഷമിപ്പിച്ചതിനു നിങ്ങള്‍ എന്നോടു പൊറുക്കുക..."

സഹോദരങ്ങള്‍ വിസ്മയത്തോടെ ജോസഫിനെ നോക്കി. റൂബന്‍ കരങ്ങള്‍ മുകളിലേക്കുയര്‍ത്തി ദൈവത്തെ പുകഴ്ത്തി. ആര്‍ക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല...

"അന്നു നിങ്ങള്‍ അങ്ങനെചെയ്തതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ട. നമ്മുടെ പിതാവായ ഇസ്രായേലിനു ഭൂമിയില്‍ സന്തതികളെ നിലനിര്‍ത്താനും വിസ്മയകരമായ രീതിയില്‍ നമുക്കു രക്ഷനല്‍കാനുമായി നമ്മുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, നിങ്ങള്‍ക്കുമുമ്പേ എന്നെ ഇവിടെയ്ക്കയച്ചതാണ്! നിങ്ങളല്ല, കര്‍ത്താവായ യാഹോവയാണ് എന്നെ ഇങ്ങോട്ടയച്ചത്... ദൈവമെന്നെ ഫറവോയ്ക്കു പിതൃതുല്യനാക്കിയിരിക്കുന്നു. ഞാന്‍ പറയുന്നതിനപ്പുറം അവനു മറ്റൊരു വാക്കില്ല.ദൈവമെന്നെ ഈജിപ്തുമുഴുവന്റെയും അധിപനാക്കിയിരിക്കുന്നു. നിങ്ങള്‍ വേഗംപോയി നമ്മുടെ പിതാവിനെ ഇങ്ങോട്ടു കൊണ്ടുവരണം. ക്ഷാമംതീരാന്‍ ഇനിയും അഞ്ചുവര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ഈജിപ്തില്‍ നിങ്ങള്‍ക്കൊന്നിനും കുറവുണ്ടാകുകയില്ല. "

പന്ത്രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. ബെഞ്ചമിന്‍ ജോസഫിന്റെ തോളില്‍ തലചായ്ച്ചു.

ജോസഫിന്റെ സഹോദരന്മാര്‍ വന്നുവെന്ന വാര്‍ത്തകേട്ടപ്പോള്‍ ഫറവോ അത്യധികം സന്തോഷിച്ചു. അവരുടെ ബഹുമാനത്തിനായി ഫറവോയുടെ കൊട്ടാരത്തില്‍ ഗംഭീരമായ വിരുന്നൊരുങ്ങി. കൊട്ടാര നര്‍ത്തകരും ഗായകരും വിരുന്നിനു മാറ്റുകൂട്ടി.

ഫറവോ ജോസഫിനോടു പറഞ്ഞു:

"ഈജിപ്തിലെ ഏറ്റവും നല്ലതെല്ലാം, സാഫ്നത്ത് ഫനായ്, നിനക്കവകാശപ്പെട്ടതാണ്. നിന്റെ പിതാവിനെയും നിന്റെ  സഹോദരന്മാരുടെ കുടുംബങ്ങളെയും കൂട്ടിക്കൊണ്ടുവരാന്‍ രഥങ്ങളയയ്കൂ."

നിറയെ കാഴ്ചവസ്തുക്കളുമായി ഈജിപ്തിലെ രഥങ്ങള്‍ കാനാന്‍ദേശത്തേക്കു പുറപ്പെട്ടു. ഈജിപ്തിലെ മികച്ച വസ്തുക്കള്‍ ഇസ്രായേലിനുള്ള സമ്മാനങ്ങളായി ഫറവോ കൊടുത്തയച്ചു. ജോസഫിന്റെ സഹോദരന്മാര്‍ ആര്‍ഭാടപൂര്‍വ്വം സ്വദേശത്തേക്കു യാത്രയായി.

വരേണ്ടസമയം കഴിഞ്ഞിട്ടും മക്കള്‍ തിരിച്ചെത്താത്തതിനാല്‍ ഇസ്രായേല്‍ അസ്വസ്ഥനായി. അയാള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. ബെഞ്ചമിനെക്കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ ഉള്ളുപിടഞ്ഞു, കൂടുതല്‍ തീക്ഷ്ണതയോടെ കര്‍ത്താവിനുമുമ്പില്‍ തന്റെ ഹൃദയം ചൊരിഞ്ഞു.

പിറ്റേന്നുപുലര്‍ച്ചേ, കുതിരക്കുളമ്പടി ശബ്ദംകേട്ടാണ് ഇസ്രായേല്‍ ഉറക്കമുണര്‍ന്നത്. കൂടാരത്തിനു വെളിയിലിറങ്ങിനോക്കി. പൊടിയുയര്‍ത്തി പാഞ്ഞുവരുന്ന രഥങ്ങള്‍കണ്ട് അയാള്‍ ഭയന്നു.

ആദ്യമെത്തിയ രഥത്തില്‍നിന്നു റൂബന്‍ ചാടിയിറങ്ങി, പിതാവിനടുത്തേക്ക് ഓടിയെത്തി...

"അബ്ബാ, കര്‍ത്താവായ യാഹോവയ്ക്കു മഹത്വമുണ്ടാകട്ടെ! ജോസഫ് ജീവിച്ചിരിക്കുന്നു... ഈജിപ്തിന്റെ അധികാരിയായ സാഫ്നത്ത് ഫനവോ നമ്മുടെ ജോസഫാണ്...

ഒരു നിമിഷം ഇസ്രായേല്‍ സ്തബ്ധനായി...

ഞാനൊരു കിനാവു കാണുകയാണോ? അതോ ഒരു സ്വര്‍ഗ്ഗീയ ദര്‍ശനമോ? അയാള്‍ അസ്വസ്ഥനായി... ദേഹത്തുനുള്ളിനോക്കി. താനുണര്‍ന്നിരിക്കുന്നു. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം യാഥാര്‍ത്ഥ്യംതന്നെ!

എങ്കിലും അവനു വിശ്വസിക്കാനായില്ല.

"നോക്കൂ അങ്ങയെയും നമ്മുടെ കുടുംബം മുഴുവനെയും ഈജിപ്തിലേക്കു കൊണ്ടുചെല്ലാന്‍ ജോസഫ് അയച്ചു തന്ന രഥങ്ങളും കുതിരകളും. സമ്പന്നമായ ഈജിപ്തിന്റെ മുഴുവന്‍ അധികാരി നമ്മുടെ ജോസഫാണ്. നമ്മള്‍ നാടോടികളായ ഇടയന്മാര്‍ ... എന്നിട്ടും ഇത്രവലിയ സന്നാഹങ്ങള്‍ നമുക്കായി ഒരുക്കാന്‍  ദൈവം ഞങ്ങളുടെ സഹോദരനെഈജിപ്തിന്റെ മുഴുവന്‍ ഉടയവനാക്കി..."

കാണുകയും കേള്‍ക്കുകയും ചെയ്യുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കാന്‍ യാക്കോബിനു പിന്നെയുമേറെ സമയം വേണ്ടിവന്നു.

ഒടുവില്‍ അയാള്‍ പറഞ്ഞു: "എന്റെ മകന്‍ ജീവിച്ചിരിപ്പുണ്ട്... ഞാന്‍ പോയി അവനെ കാണും. കര്‍ത്താവായ യാഹോവയ്ക്കു സ്തുതി!"

അന്നു രാത്രി ഒരു ദര്‍ശനത്തില്‍ ദൈവം ഇസ്രായേലിനെ വിളിച്ചു: "യാക്കോബ്, യാക്കോബ്..."

"ഇതാ ഞാന്‍" അയാള്‍ പ്രത്യുത്തരം നല്കി.

"നിന്റെ ദൈവമായ കര്‍ത്താവാണു ഞാന്‍. ഈജിപ്തിലേക്കു പോകാന്‍ നീ ഭയപ്പെടേണ്ട. ഞാന്‍ നിന്നോടുകൂടെ വരും അവിടെ ഞാന്‍ നിന്നെ വലിയൊരു ജനതയായി വളര്‍ത്തും. നിന്നെ തിരികെ ഇവിടേയ്ക്കു കൊണ്ടുവരികയുംചെയ്യും. നിന്റെ മരണസമയത്തു ജോസഫ് നിന്നെ ശുശ്രൂഷിക്കും"

ഇസ്രായേല്‍ ശാന്തനായി ഉറങ്ങി.

Sunday, 2 July 2017

ഈജിപ്തിന്റെ അധികാരി

ഫറവോ, ജോസഫിന് #സാഫ്നത്ത് ഫനായ് എന്ന പുതിയപേരു നല്കി. തനിക്കുകീഴില്‍ രണ്ടാമനായി, സകല അധികാരങ്ങളും നല്കി അവനെ വാഴിച്ചു. ഈജിപ്തിലെ സകലജനങ്ങളും സാഫ്നത്ത് ഫനായിയുടെമുമ്പില്‍ മുട്ടുമടക്കി. അവനെക്കാള്‍ ശക്തനായി, ഫറോവയൊഴികെ ഈജിപ്തില്‍ മറ്റൊരുവന്പോലും ഇല്ലായിരുന്നു.

ഫറവോയ്ക്കു ദൈവംനല്കിയ സ്വപ്നദര്‍ശനംപോലെ ഈജിപ്തില്‍ സമൃദ്ധിയുടെ നാളുകളെത്തി. വയലുകള്‍ നൂറുമേനിയും അതിലധികവും വിളവുനല്കി. എല്ലാത്തരം വിളവുകളുടെയും പകുതിയിലേറെ എല്ലായിടത്തും മിച്ചമായിരുന്നു. സമ്പന്നതയുടെ നാളുകളില്‍ ജോസഫ് ഈജിപ്തിലെങ്ങും സംഭരണശാലകള്‍ നിര്‍മ്മിച്ചു.
അരിയും ഗോതമ്പും മറ്റെല്ലാത്തരം ധാന്യങ്ങളും ജോസഫ് സംഭരിച്ചു. ഈജിപ്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും വലിയവലിയ സംഭരണശാലകളിലെല്ലാം ധാന്യങ്ങള്‍ നിറഞ്ഞു. പത്തോ പതിനഞ്ചോവര്ഷം ഈജിപ്തുകാര്‍ ഭക്ഷിച്ചാലും തീരാത്തത്ര ധാന്യശേഖരം ജോസഫിന്റെ കലവറകളിലെത്തി.

ഈജിപ്തിലെ സമൃദ്ധിയുടെ നാളുകളില്‍ ജോസഫിന്റെയും അസ്നത്തിന്റെയും ദാമ്പത്യവല്ലരിയില്‍ രണ്ടുപുഷ്പങ്ങള്‍ വിടര്‍ന്നു . കടിഞ്ഞൂല്‍പ്പുത്രനു മനാസ്സെ എന്ന്‍ അവര്‍ പേരുവിളിച്ചു. മന്നാസ്സെയ്ക്കു മൂന്നുവയസ്സുള്ളപ്പോള്‍ ജനിച്ച രണ്ടാമത്തെ പുത്രന് എഫ്രായിം എന്നു പേരിട്ടു.

സമൃദ്ധിയുടെ ഏഴുവര്‍ഷങ്ങള്‍ അതിവേഗം കടന്നുപോയി. ഉഷ്ണക്കാറ്റിന്റെ അകമ്പടിയോടെ ക്ഷാമത്തിന്റെ വര്‍ഷങ്ങള്‍ വരവായി. കൃഷിയിടങ്ങളും വയലുകളും വിളവുനല്കാതെയായി.

ജോസഫിന്റെ ധാന്യക്കലവറകള്‍ തുറന്നു. ന്യായമായ വിലയില്‍ ഈജിപ്തിലെ പൌരന്മാര്‍ അവിടെനിന്നും ധാന്യം വാങ്ങി.

ഈജിപ്തില്‍മാത്രമല്ല, ലോകത്തിലെ എല്ലാദേശങ്ങളിലും ക്ഷാമം അതിരൂക്ഷമായി. കാനാന്‍ദേശത്തും വറുതിയുടെ നാളുകളായിരുന്നു. ഇസ്രായേലിന്റെ.കുടുംബവും ദാരിദ്ര്യത്താല്‍ വലഞ്ഞു. ഈജിപ്തിലൊഴികെ എല്ലാദേശങ്ങളിലും പട്ടിണി കൊടിനാട്ടി. ഈജിപ്തില്‍ ധാന്യശേഖരമുണ്ടെന്നറിഞ്ഞപ്പോള്‍ റാഹേലിന്റെ ഇളയപുത്രനായ ബെഞ്ചമിനെമാത്രം തന്റെയൊപ്പം നിറുത്തി, തന്റെ മറ്റുപുത്രന്മാരെ ഇസ്രായേല്‍ ഈജിപ്തിലേക്കയച്ചു.

ഈജിപ്തിലെ പൌരന്മാര്‍ക്കു ധാന്യം വില്‍ക്കുവാന്‍മാത്രമേ സംഭരണശാലകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക്  അനുവാദമുണ്ടായിരുന്നുള്ളൂ. ധാന്യംവേണ്ട വിദേശികള്‍ക്ക് ജോസഫിനെ നേരില്‍ക്കണ്ട് അപേക്ഷിക്കേണ്ടിയിരുന്നു. അതുകൊണ്ടു റൂബനും സഹോദരങ്ങളും ജോസഫിന്റെ കൊട്ടാരത്തിലെത്തി. സിംഹാസനത്തില്‍ ഉപവിഷ്ഠനായ ജോസഫിനെ അവര്‍ താണുവണങ്ങി.

ഒരു നിമിഷാര്‍ദ്ധത്തില്‍ ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു. ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ്, പതിനേഴാംവയസ്സില്‍, ഒരു രാത്രിയില്‍ താന്‍ കണ്ട സ്വപ്നം അപ്പോള്‍ അവന്റെ ഓര്‍മ്മയിലെത്തി.

ജോസഫും സഹോദരങ്ങളും വയലില്‍ കൊയ്തുകൊണ്ടിരുന്നു. കൊയ്ത്തുകഴിഞ്ഞു കറ്റകള്‍ കെട്ടിവച്ചപ്പോള്‍ ജോസഫിന്റെ കറ്റകള്‍ എഴുന്നേറ്റുനിന്നു. പതിനൊന്നു സഹോദരന്മാരുടെയും കറ്റകള്‍ ജോസഫിന്റെ കറ്റയെ താണുവണങ്ങി. വീണ്ടുമൊരു സ്വപ്നത്തില്‍ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും ജോസഫിന്റെ മുമ്പിലെത്തി അവനെ താണുവണങ്ങി.

തന്റെമുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്ന സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും ജോസഫ് അതു പ്രകടമാക്കിയില്ല. ഹീബ്രുഭാഷയില്‍ സംസാരിച്ചതുമില്ല. ഹീബ്രു അറിയുന്ന ഒരു ദ്വിഭാഷിയുടെ സഹായത്തോടെ *കോപ്റ്റിക് ഭാഷയിലാണു ജോസഫ് തന്റെ സഹോദരന്മാരോടു സംസാരിച്ചത്.

“വിദേശികളായ നിങ്ങള്‍ എന്തിനിവിടെ വന്നു? ഈജിപ്തിന്റെ സമൃദ്ധിയെക്കുറിച്ചു കേട്ടറിഞ്ഞ്, ഹെബ്രായ രാജാവയച്ച ചാരന്മാരല്ലേ നിങ്ങള്‍? രാജ്യത്തെ ഒറ്റുനോക്കി ആക്രമിക്കാനുള്ള പഴുതു കണ്ടെത്തുകുകയല്ലേ നിങ്ങളുടെ ലക്‌ഷ്യം?”

ജോസഫിന്റെ ചോദ്യംകേട്ടു ഭയത്തോടെ റൂബന്‍ പറഞ്ഞു: “അല്ല, പ്രഭോ. അങ്ങയുടെ ദാസന്മാര്‍ മാത്രമാണു ഞങ്ങള്‍. ദാരിദ്ര്യത്താല്‍ വലഞ്ഞപ്പോള്‍, ധാന്യംവാങ്ങാനായി ഈ ദേശത്തു വന്നവരാണ്.”

“നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ നിങ്ങള്‍ക്കൊന്നും സംഭവിക്കുകയില്ല. മറിച്ച്, ഈജിപ്തിനെതിരേ ചാരവൃത്തിക്കു വന്നവരാണെങ്കില്‍,തലയരിഞ്ഞ നിങ്ങളുടെ ശരീരങ്ങള്‍ ഈജിപ്തിലെ കഴുകന്മാര്‍ ഭക്ഷിക്കും.”

“ഞങ്ങള്‍ സത്യസന്ധരാണു പ്രഭോ. ഞങ്ങള്‍ പത്തുപേരും ഒരേ ആളുടെ മക്കളാണ്. ഞങ്ങള്‍ പന്ത്രണ്ടുപുത്രന്മാരാണ്. പതിനൊന്നാമന്‍ ജീവിച്ചിരിപ്പില്ല. ഏറ്റവും ഇളയവന്‍ വൃദ്ധനായ പിതാവിനെ ശുശ്രൂഷിക്കാനായി ഭവനത്തില്‍ തന്നെയുണ്ട്‌.”

“നിങ്ങള്‍ പറയുന്നതു സത്യമാണെങ്കില്‍ ഒരാള്‍പോയി നിങ്ങളുടെ ഇളയ സഹോദരനെ കൂട്ടിക്കൊണ്ടു വരിക. അതുവരെ മറ്റുള്ളവര്‍ ഇവിടെ നില്ക്കട്ടെ.”

റൂബന്‍ പറഞ്ഞു: “വൃദ്ധനായ പിതാവ് അവനെ ഗാഢമായി സ്നേഹിക്കുന്നു. ഞങ്ങളുടെ ഒരനുജന്‍ മരിച്ചതിനുശേഷം ഇളയവനെ തന്റെയടുത്തുനിന്നു മാറിനില്ക്കാന്‍ പിതാവ് അനുവദിക്കാറേയില്ല.”

“നിങ്ങളുടെ കഥകള്‍ കേട്ടിരിക്കാന്‍ എനിക്കു സമയമില്ല. നിങ്ങളുടെ വിധി നിങ്ങളുടെ കൈകളില്‍ത്തന്നെയാണ്. എന്തുവേണമെന്നു നിങ്ങള്‍ തീരുമാനിക്കുക.”
തന്റെ കൊട്ടാരത്തിനോടുചേര്‍ന്നുള്ള വിശ്രമമന്ദിരത്തില്‍ അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ജോസഫ് ഉത്തരവിട്ടു. തടവുകാരാണെങ്കിലും അവര്‍ക്ക്  ഏറ്റവും മികച്ച സൗകര്യങ്ങളും പരിചരണവും നല്കണമെന്നും ഒന്നിനും കുറവുണ്ടാകരുതെന്നും അയാള്‍ തന്റെ ദാസന്മാര്‍ക്കു രഹസ്യമായി നിര്‍ദ്ദേശം നല്കി.

എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ജോസഫ് സഹോദരന്മാരെ സന്ദര്‍ശിച്ചു. അപ്പോഴെല്ലാം ദ്വിഭാഷിയുടെ സഹായത്തോടെമാത്രം അവരുമായി സംസാരിച്ചു. മൂന്നാംദിവസം ജോസഫെത്തുമ്പോള്‍ ഹെബ്രായഭാഷയില്‍ അവര്‍ സംസാരിക്കുന്നത് അവന്‍ കേട്ടു.

ശിമയോന്‍ പറഞ്ഞു: “ജോസഫിനോടു നമ്മള്‍ചെയ്ത പാപത്തിന്റെ ശിക്ഷയാണിത്. അവനന്നു ഹൃദയംപൊട്ടിക്കരഞ്ഞിട്ടും നമ്മള്‍ അവനോടു ദയ കാട്ടിയില്ല.”

“കുട്ടിയെ ഒന്നും ചെയ്യരുതെന്നു ഞാനന്നുപറഞ്ഞതാണ്. മൂത്തവനായ എന്റെ വാക്കുകള്‍ നിങ്ങള്‍ വിലവച്ചില്ല. അവന്റെ രക്തം ഇപ്പോള്‍ നമ്മളോടു പ്രതികാരം ചെയ്യുന്നു.” റൂബന്‍ കരഞ്ഞുപോയി.

തന്നെക്കുറിച്ചു സോദരന്മാര്‍ പറയുന്നതുകേട്ടു വാതില്‍മറവില്‍നിന്ന ജോസഫിന്റെ ഹൃദയംതേങ്ങി. കണ്ണുകളില്‍നിന്നു കണ്ണുനീരൊഴുകി. താനിപ്പോള്‍ ഈജിപ്തിന്റെ മുഴുവന്‍ അധികാരിയാണെന്നും ആരും തന്റെ കണ്ണുനീര്‍ കാണരുതെന്നും അയാളുടെ മനസ്സ് അയാളോടു പറഞ്ഞു. തേങ്ങലടക്കി, കണ്ണുനീര്‍ തുടച്ച്, ഗൌരവത്തോടെ ജോസഫ് അവരുടെ മുന്നിലേക്കു ചെന്നു.

ജോസഫിന്റെ ഹൃദയം അവരോടുള്ള സ്നേഹത്താല്‍ തുടിച്ചു. ബഞ്ചമിനെയും അബ്ബയേയും കാണാന്‍ അവന്‍ അതിയായി ആഗ്രഹിച്ചു. എങ്കിലും അവന്‍ അവര്‍ക്കുമുമ്പില്‍ സ്വയം വെളിപ്പെടുത്തിയില്ല.

തങ്ങള്‍ പറഞ്ഞത് സഫ്നാത്ത് ഫാനായി കേട്ടുവെന്നു റൂബനും സഹോദരന്മാരുമറിഞ്ഞു. എന്നാല്‍ അവനു ഹീബ്രു മനസ്സിലാകില്ല എന്നവര്‍ കരുതി.

ശിമയോനെ ബന്ധിക്കാന്‍ ജോസഫ് ഭൃത്യന്മാരോടാജ്ഞാപിച്ചു. എന്താണു സംഭവിക്കാന്‍പോകുന്നതെന്നറിയാതെ എല്ലാവരും വല്ലാതെ ഭയന്നു.

ജോസഫ് റൂബനോടു പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന പൊന്‍നാണയങ്ങളുടെ തൂക്കത്തിനനുസരിച്ചുള്ള ധാന്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നല്കാം. നിങ്ങള്‍ ചാരന്മാരല്ലെങ്കില്‍ അതുമായി മടങ്ങിപ്പോയി നിങ്ങളുടെ ഇളയ സഹോദരനുമായി തിരികെവരിക. അതുവരെ നിങ്ങളുടെ ഈ സഹോദരന്‍ ഈജിപ്തിന്റെ തടവറയില്‍ കഴിയും.”

ശിമയോനെ അവരുടെ അടുക്കല്‍നിന്നു മാറ്റി, ബന്ധനമഴിച്ച് എല്ലാ സൗകര്യങ്ങളുമുള്ള മറ്റൊരു ഗൃഹത്തില്‍ താമസിപ്പിക്കാന്‍ ജോസഫ് രഹസ്യനിര്‍ദ്ദേശം നല്കി.
അവര്‍ കൊണ്ടുവന്ന പണത്തിനുള്ള ധാന്യം ചാക്കുകളില്‍ നിറയ്ക്കാനും അവര്‍ തരുന്ന പണംമുഴുവന്‍ കിഴികളിലാക്കി, ഓരോരുത്തരുടെയും ചാക്കിനുള്ളില്‍, ഏറ്റവുംമുകളിലായി തിരികെവയ്ക്കാനും ജോസഫ് ജോലിക്കാരോടു നിര്‍ദ്ദേശിച്ചു.

ഗത്യന്തരമില്ലാതെ, ശിമയോനെ ഈജിപ്തില്‍വിട്ട്, ധാന്യം കഴുതപ്പുറത്തുകയറ്റി, പിറ്റേന്നുപുലര്‍ച്ചെ  അവര്‍ കാനാന്‍ദേശത്തേക്കു മടങ്ങി. ഒരു പകലിന്റെ, യാത്രയ്ക്കുശേഷം രാത്രിയില്‍താമസിക്കാന്‍ അവര്‍ ഒരു സത്രത്തിലെത്തി.
കഴുതകളെ സത്രത്തിലെ തൊഴുത്തില്‍ കെട്ടിയശേഷം ധാന്യച്ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ പണംമുഴുവന്‍ ചാക്കുകളിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ഭയത്തോടെ പരസ്പരം നോക്കി.

“കര്‍ത്താവെന്താണു നമ്മളോടിങ്ങനെ ചെയ്യുന്നത്? ഇനിയെന്താവും സംഭവിക്കുക? നമുക്കു മടങ്ങിപ്പോയി പണം തിരികെയേല്പിച്ചാലോ?”

“ഇപ്പോള്‍ത്തന്നെ നമ്മള്‍ ഒരുപാടു വൈകിയിരിക്കുന്നു. മടങ്ങിപ്പോയാല്‍ നമ്മള്‍ ഇനിയും രണ്ടുദിവസംകൂടി വൈകും. നമ്മളെ കാണാതായാല്‍ അബ്ബാ, വിഷമിക്കും. അതുകൊണ്ട്, എന്തും വരട്ടെ; നമുക്കു നാട്ടിലേക്കുള്ള യാത്ര തുടരാം. ബെഞ്ചമിനുമായി തിരികെവരുമ്പോള്‍ പണം  സാഫ്നത്ത് ഫനായിക്കു മടക്കിനല്കാം.” റൂബന്റെ നിര്‍ദ്ദേശം മറ്റുള്ളവര്‍ അംഗീകരിച്ചു.

എങ്കിലും ആ രാത്രിയില്‍ അവരിലൊരാള്‍ക്കുപോലും ഉറങ്ങുവാന്‍ കഴിഞ്ഞില്ല.


_________________________________________________________________________
#സാഫ്നത്ത് ഫനായ് – ഒരു ഈജിപ്ഷ്യന്‍ നാമം. ‘ദൈവം പറയുന്നു, അവന്‍ ജീവിക്കുന്നു’ എന്നാണ് ഈ പേരിനര്‍ത്ഥം.
*കോപ്റ്റിക് ഭാഷ – ഈജിപ്തിലെ ഭാഷയായിരുന്ന കോപ്റ്റിക് ഭാഷ ഇന്നൊരു മൃതഭാഷയാണ്.