Saturday 22 August 2020

121. സർവ്വവുംകാണുന്ന കണ്ണുകൾ

ബൈബിൾക്കഥകൾ  121

രാജസദസ്സു കൂടിക്കൊണ്ടിരുന്നപ്പോളാണ്, നാഥാൻപ്രവാചകൻ ഒരു കൊടുങ്കാറ്റുപോലെ അവിടേയ്ക്കു കടന്നുവന്നത്. അരുതാത്തതെന്തോ സംഭവിച്ചതുപോലെ, പ്രവാചകൻ്റെ മുഖം ക്ഷോഭത്താൽ ചെമന്നുതുടുത്തിരുന്നു.

അമ്പരപ്പോടെ സദസ്യരെല്ലാവരും സ്വസ്ഥാനങ്ങളിൽനിന്നെഴുന്നേറ്റു.
ദാവീദ് രാജാവ് സിംഹാസനത്തിൽനിന്നെഴുന്നേറ്റ് പ്രവാചകനെ വണങ്ങി.

"പ്രവാചകാ, വരണം. അങ്ങു ക്ഷുഭിതനുമസ്വസ്ഥനുമാണല്ലോ! എന്താണങ്ങയുടെ ഹൃദയത്തെ മഥിക്കുന്നത്?"

"ഇസ്രായേലിൽ സംഭവിക്കരുതാത്തതു സംഭവിക്കുന്നു. അക്ഷന്ത്യവ്യമായ ആ തിന്മയെക്കുറിച്ചു് ഇസ്രായേലിൻ്റെ രാജാവിനോടു പരാതിപ്പെടാനാണ്, കർത്താവെന്നെ ഇങ്ങോട്ടയച്ചത്!"

"ദാവീദിൻ്റെ ഭരണത്തിൻകീഴിൽ  ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടാതിരിക്കില്ല!  എന്തുതന്നെയാണെങ്കിലും അങ്ങതു പറയൂ..":

നാഥാൻപ്രവാചകൻ അല്പനേരം രാജാവിൻ്റെ മുഖത്തേക്കു നോക്കി. പിന്നെ, തന്നെത്തന്നെ ശാന്തനാക്കിയശേഷം സംസാരിച്ചുതുടങ്ങി.

"ഇസ്രായേലിലെ ഒരു നഗരത്തിലുള്ള രണ്ടാളുകൾ, ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനുമാണ്.
ധനവാൻ വളരെയധികം ആടുമാടുകളുള്ളവൻ.
ദരിദ്രനോ, അവൻ സ്നേഹിച്ചുപോറ്റിവളർത്തുന്നൊരു പെണ്ണാട്ടിന്‍കുട്ടിമാത്രമാണ്, അവൻ്റെ സമ്പത്ത്. അവന്‍ തൻ്റെ മകളെയെന്നപോലെ അതിനെ വളർത്തി. 

അത്, അവന്റെ ഭക്ഷണത്തില്‍നിന്നു തിന്നുകയും അവൻ്റെ പാനീയത്തില്‍നിന്നു കുടിക്കുകയുംചെയ്തു.;‌ അവൻ്റെ മടിയിലാണതുറങ്ങിയത്; ഒരു മകളെയെന്നതുപോലെ അവനതിനെ സ്നേഹിച്ചു..

തനിക്കു ധാരാളം ആടുകളുണ്ടായിരുന്നപ്പോളും ധനവാൻ്റെ കണ്ണുകൾ, പുഷ്ടിയുമഴകുമുള്ള ആ പെണ്ണാട്ടിൻകുട്ടിയിലുടക്കിയിരുന്നു.
ഒരു ദിവസം, ധനവാന്റെ വീട്ടിൽ ഒരതിഥിയെത്തി. അവനുവേണ്ടി വിരുന്നൊരുക്കാൻ, സ്വന്തം ആടുകളിലൊന്നിനെക്കൊല്ലുന്നതിനുപകരം, ആരുമറിയാതെ. അവനാ ദരിദ്രന്റെ ആട്ടിൻകുട്ടിയെപ്പിടിച്ചുകൊന്നു."

ഇത്രയും കേട്ടപ്പോള്‍ത്തന്നെ ദാവീദിൻ്റെ മുഖം കോപത്തോൽച്ചെമന്നു. അവൻ‌ പറഞ്ഞു: "ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവാണേ, ഇതുചെയ്‌തവന്‍ മരിക്കണം.
അവന്‍ നിര്‍ദ്ദയം ഈ പ്രവൃത്തിചെയ്തതിനാൽ തട്ടിയെടുത്തിയതിൻ്റെ നാലിരട്ടി തിരികെക്കൊടുക്കുകയുംവേണം."

പ്രവാചകൻ്റെ മുഖത്തെ ശാന്തത മാറി. കണ്ണുകളിൽ വീണ്ടും കോപക്കനലുകളെരിഞ്ഞു. രാജാവിൻ്റെ മുഖത്തിനുനേരേ തൻ്റെ വലതുകൈ ചൂണ്ടിപ്പിടിച്ചുകൊണ്ട് ഉയർന്ന ശബ്ദത്തിൽ നാഥാന്‍ പറഞ്ഞു: 

"നിർദ്ദയനായ ആ മനുഷ്യന്‍ നീയാണ്...!"

കൊട്ടാരത്തിൻ്റെ ചുമർക്കെട്ടുകളിൽത്തട്ടി പ്രതിദ്ധ്വനിച്ച
ആ വാക്കുകളിൽ കൊട്ടാരത്തിലുണ്ടായിരുന്നവർ മുഴുവൻ നടുങ്ങി

ദാവീദ് സ്തബ്ധനായിരുന്നുപോയി. രാജസദസ്സിലുണ്ടായിരുന്നവർ കാര്യമെന്തെന്നറിയാതെ പരസ്പരംനോക്കി. നാഥാൻ്റെ കണ്ണുകളിൽനിന്നാളുന്ന കോപാഗ്നിയിൽ താൻ ദഹിച്ചുചാരമായിപ്പോകുമെന്നു ദാവീദിനുതോന്നി. പ്രപഞ്ചംമുഴുവൻ നിശ്ശബ്ദമായിപ്പോയെന്നുതോന്നിച്ച രണ്ടു നിമിഷങ്ങൾക്കപ്പുറം പ്രവാചകൻ്റെ ശബ്ദം വീണ്ടുമുയർന്നു.

"ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ‌രുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ, ഇസ്രായേലിൻ്റെ രാജാവായഭിഷേകം ചെയ്‌തു. നിൻ്റെ യജമാനനായിരുന്ന സാവൂളിൻ്റെ ഭവനം നിനക്കു നല്കി; അവൻ്റെ വാളിലും കുന്തമുനയിലുംനിന്ന് നിന്നെ ഞാൻ രക്ഷിച്ചു.

നിന്നെ യൂദായുടെയും ഇസ്രായേൽമുഴുവൻ്റെയും രാജാവാക്കി. 

സുന്ദരികളായ എട്ടു പ്രഭുകുമാരിമാരെ നിനക്കു ഞാൻ ഭാര്യമാരായി നല്‌കി.

ഇതുകൊണ്ടൊന്നും നിനക്കു തൃപ്‌തിയായിരുന്നില്ലെങ്കില്‍ ഇനിയുമധികം ഞാൻ നല്കുമായിരുന്നില്ലേ?
.
എന്നിട്ടുമെനിക്കെതിരായി എന്തിനു നീയീ തിന്മചെയ്‌തു? ശത്രുക്കളായ അമ്മോന്യരുടെ വാള്‍കൊണ്ട്‌, ഇസ്രായേൽസൈനികനായ ഊറിയായെ നീ കൊല്ലിച്ചതെന്തിനു്? 

അവൻ്റെ ഭാര്യയെ നീയപഹരിക്കുകയുംചെയ്തു. സിംഹരാജൻ്റെ മുമ്പിൽ മാൻപേടയെന്നപോലെ, അവൾ നിൻ്റെ മുമ്പിൽ വിറങ്ങലിച്ചുനിന്നില്ലേ? നീയവളെ മലിനയാക്കിയതെന്തിനു്?"

നാഥാൻ്റെ വാക്കുകളോരോന്നും കൊട്ടാരത്തിലും കൊട്ടാരത്തിലുണ്ടായിരുന്ന സകലരുടേയുമുള്ളിലും പ്രകമ്പനംകൊണ്ടു...

ദാവീദിനു തൻ്റെ തലചുറ്റുന്നതായിത്തോന്നി. ഊറിയായും അവൻ്റെ ഭാര്യ ബേത്ഷേബയും ശപിക്കപ്പെട്ട ആ ദിനരാത്രങ്ങളിലെ സംഭവങ്ങളും ദാവീദിൻ്റെ മനോദർപ്പണത്തിൽ ചിതറിത്തെറിച്ച ചിത്രങ്ങളായി മിന്നിമാഞ്ഞുകൊണ്ടിരുന്നു.

രാജാവു തൻ്റെ മേൽവസ്ത്രംകീറി! മുകളിലേക്കുയർത്തിയ കരങ്ങളോടെ, നാഥാൻപ്രവാചകൻ്റെ മുമ്പിൽ മുട്ടിൽവീണു കരഞ്ഞു....

"കർത്താവേ, ഞാൻ പാപിയാണ്.. ഒന്നുമറയ്ക്കാൻ മറ്റൊന്നായി ഈ ഹീനകൃത്യങ്ങളെല്ലാം ഞാൻ ചെയ്തുപോയി...  

അവിടുന്നെന്നെ‌ പരിശോധിച്ചറിഞ്ഞിരിക്കുന്നു. കർത്താവേ, എന്നോടു കരുണതോന്നണമേ...

ഞാനിരിക്കുന്നതുമെഴുന്നേല്‍ക്കുന്നതും അവിടുന്ന‌റിയുന്നു; എൻ്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എൻ്റെ മാര്‍ഗ്ഗങ്ങള്‍ അങ്ങേയ്ക്കൊരിക്കലുമജ്ഞാതമല്ലാ... എൻ്റെ ഹൃദയവിചാരങ്ങള്‍പോലും അവിടുന്നു‌ മനസ്സിലാക്കുന്നു. ഒരു വാക്ക്,‌ എൻ്റെ നാവിലേയ്ക്കെത്തുന്നതിനു മുമ്പുതന്നെ, കര്‍ത്താവേ, അങ്ങതറിയുന്നു...

കർത്താവേ, അമ്മയുടെ ഉദരത്തിലുരുവായപ്പോൾത്തന്നെ, ഞാൻ പാപിയാണ്...  അങ്ങയുടെ മുമ്പിൽ നിർവ്യാജനെന്നു പറയാൻ ഞാൻ യോഗ്യനല്ല... ഈ ദാസനെ ന്യായവിസ്‌താരത്തിനുവിധേയനാക്കരുതേ!"

തൻ്റെ കുറ്റങ്ങളേറ്റുപറഞ്ഞ്, കൈകളുയർത്തി മുട്ടിൽനിന്നു കരയുന്ന രാജാവിനെക്കണ്ടപ്പോൾ രാജസദസ്യരെല്ലാം കൂടുതലമ്പരന്നു...

നാഥാൻപ്രവാചകൻ തൻ്റെ കരങ്ങൾ രാജാവിൻ്റെ തോളുകളിൽ വച്ചു.

ദാവീദ്, പ്രവാചകനോടു പറഞ്ഞു.

"എൻ്റെയകൃത്യങ്ങൾ ഞാനിനിയും മറച്ചുവയ്ക്കുകയില്ല... എൻ്റെയതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാനേറ്റുപറയും.. അല്ലെങ്കിൽ രാവുംപകലും കരഞ്ഞുതളർന്ന് ഞാനില്ലാതെയാകും..."

നാഥാൻപ്രവാചകൻ, രാജാവിനെ തോളുകളിൽപ്പിടിച്ചെഴുന്നേല്പിച്ചു. 

വിധിയാളനാകേണ്ട രാജാവ്, തൻ്റെ വിധിയെന്തെന്നറിയാതെ സ്വന്തം രാജസദസ്സിനുമുമ്പിൽ ശിരസ്സു താഴ്ത്തി നിന്നു...


ഇസ്രായേലിന്റെ രാജാവെന്നനിലയിൽ ദാവീദ് നടത്തിയ വിധിതീർപ്പ് ദാവീദിന്റെ ശിരസ്സിലേയ്ക്കുതന്നെ പതിയ്ക്കുകയായിരുന്നു...

Sunday 16 August 2020

120. ഹാനൂനും ഹദദേസറും

ബൈബിൾക്കഥകൾ 120

അമ്മോന്യരുടെ രാജാവായിരുന്ന നാഹാഷ്‌ മരിച്ചു. പുത്രനായ ഹാനൂൻ അവൻ്റെ പിൻഗാമിയായി അധികാരമേറ്റു.

സാവൂളിൽനിന്നൊളിച്ചുനടന്ന നാളുകളിൽ നാഹാഷ് ദാവീദിനെ സഹായിച്ചിരുന്നു. അതിനാൽ നാഹാഷിൻ്റെ പുത്രനായ ഹാനൂൻരാജാവിന് തന്നാലാവുന്ന സഹായങ്ങളെല്ലാംചെയ്തുകൊടുക്കണമെന്ന് ദാവീദ് നിശ്ചയിച്ചു.

നാഹാഷിൻ്റെ ദേഹവിയോഗത്തിൽ അനുശോചനമറിയിക്കാനും സഹായവാഗ്ദാനമറിയിക്കാനുമായി, രാജദൂതന്മാരുടെ ഒരു സംഘത്തെ,  ദാവീദുരാജാവ്‌, ഹാനൂന്റെയടുത്തേക്കയച്ചു. 

ദാവീദിൻ്റെ ദൂതന്മാർ തങ്ങളുടെ രാജ്യത്തേക്കു പ്രവേശിച്ചതായറിഞ്ഞപ്പോൾ ഹാനൂൻ, തൻ്റെ ഉപദേശകരായ അമ്മോന്യ പ്രഭുക്കളെ വിളിപ്പിച്ചു.

"എൻ്റെ പിതാവ്, ദാവീദിനോടു കരുണയോടെ പെരുമാറി. പിതാവിൻ്റെ മരണമറിഞ്ഞ്, അവൻ തൻ്റെ ദൂതന്മാരെ നമ്മുടെയടുത്തേക്കയച്ചിരിക്കുന്നു. അവരോടു നമ്മൾ എങ്ങനെയാണു പെരുമാറേണ്ടത്? ദാവീദിനെപ്പോലെ കരുത്തനായൊരു രാജാവു നമ്മളോടു സഖ്യത്തിലായിരിക്കുന്നതു നന്നല്ലേ? നിങ്ങൾക്കെന്തു തോന്നുന്നു?"

"പിതാവിൻ്റെ മരണത്തിൽ അങ്ങയോട് ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ട്, ദാവീദ് അവൻ്റെ ദൂതന്മാരെയയച്ചത്‌ നാഹാഷ് രാജാവിനോടുള്ള ബഹുമാനംകൊണ്ടാണെന്ന് അങ്ങു വിശ്വസിക്കുന്നുവോ? 

ദാവിദ് അധികാരമേറ്റെടുത്തശേഷം എത്രയുദ്ധങ്ങളാണവൻനടത്തിയത്! ചുറ്റുവട്ടങ്ങളിലുണ്ടായിരുന്ന രാജ്യങ്ങളെയെല്ലാം അവൻ വിഴുങ്ങിക്കഴിഞ്ഞു. ഇസ്രായേലിൻ്റെ അതിർത്തികൾ ദിനംപ്രതി വിസ്തൃതമായിക്കൊണ്ടിരിക്കുന്നു.

ദാവീദിൻ്റെ ദൂതന്മാര്‍ ഒറ്റുകാരാണ്‌. നമ്മുടെ രാജ്യംപിടിച്ചടക്കാനുള്ള വഴികൾതേടിയാണ് അവരിങ്ങോട്ടുവരുന്നത്. നാഹാഷ് രാജാവിൻ്റെ മരണം, തങ്ങൾക്കനുകൂലമായ അവസരമാക്കിത്തീർക്കാൻ ഇസ്രായേൽരാജാവായ ദാവീദ് ശ്രമിക്കുകയാണ്."

ഹാനൂൻ തൻ്റെ ഉപദേശകരുടെ വാക്കുകൾക്കനുസരിച്ചു പ്രവർത്തിച്ചു.

അനുശോചനസന്ദേശവുമായെത്തിയ ദൂതന്മാരെപ്പിടിച്ച്,‌ അവരുടെ മീശയും താടിയും പകുതിവീതം ക്ഷൗരംചെയ്യിച്ചു. അവരുടെ വസ്‌ത്രത്തിൻ്റെ പിന്നിൽ, നടുവിലായി, നിതംബംവരെ കീറുകയുംചെയ്തു. അവർ കൊണ്ടുവന്ന സന്ദേശം ഹാനൂൻ സ്വീകരിച്ചില്ല.

അപമാനിതരായ ദൂതന്മാർ ഇസ്രായേലിലേക്കു മടങ്ങി.

സദുദ്ദേശത്തോടെ താനയച്ച ദൂതന്മാരെ, ഹാനൂൻ അപമാനിച്ചുതിരിച്ചയച്ചെന്നു കേട്ടപ്പോൾ ദാവീദ് കോപത്താൽ ജ്വലിച്ചു. അമ്മോന്യരെ നേരിടാൻ അവൻ തൻ്റെ സൈന്യത്തെയൊരുക്കി.

അപമാനിതരായി മടങ്ങിയെത്തുന്ന ദൂതന്മാർക്കു താമസിക്കാൻ, രാജ്യാതിർത്തിയായ ജറീക്കോയിൽ ദാവീദ് സൗകര്യമൊരുക്കി. താടിയും മീശയും വളർന്നു പൂർവ്വസ്ഥിതിയിലായശേഷംമാത്രം ജറുസലേമിലേക്കു മടങ്ങിയെത്തിയാൽമതിയെന്ന് അവർക്കു നിർദ്ദേശം നല്കി.

സൈന്യാധിപനായ യോവാബിൻ്റേയും സഹോദരൻ അബിഷായിയുടേയും നേതൃത്വത്തിൽ ഇസ്രായേൽസൈന്യം രണ്ടായിപ്പിരിഞ്ഞ്, അമോന്യദേശത്തിനുനേരെ നീങ്ങി.

ഇസ്രായേൽ തങ്ങൾക്കെതിരായി പടനീക്കം നടത്തുന്നുവെന്നറിഞ്ഞപ്പോൾ, ഇരുപതിനായിരം സിറിയൻഭടന്മാരെയും തോബിൽനിന്നുള്ള പന്തീരായിരം ഭടന്മാരെയും മാഖാരാജ്യത്തെ ആയിരം ഭടന്മാരെയും അമ്മോന്യരാജാവായ ഹാനൂൻ കൂലിക്കെടുത്തു.

ഹാനൂൻരാജാവിൻ്റെ കൂലിപ്പടയാളികളും ഇസ്രായേൽസൈന്യവും അമ്മോന്യരുടെ നഗരകവാടത്തിൽവച്ച് ഏറ്റുമുട്ടി. 

യോവാബിൻ്റെയും അബിഷായിയുടേയും യുദ്ധതന്ത്രങ്ങൾക്കും ഇസ്രായേൽസൈന്യത്തിൻ്റെ ധീരതയ്ക്കുംമുമ്പിൽ ഏറെനേരം പിടിച്ചുനില്ക്കാൻ കൂലിപ്പടയാളികൾക്കായില്ല. അവർ പിന്തിരിഞ്ഞോടി.

നാഹാഷ്‌ രാജാവ് തന്നോടുചെയ്ത നന്മകളെപ്രതി, അവൻ്റെ പുത്രനായ ഹാനൂനിനെ വധിക്കരുതെന്നും അവൻ്റെ രാജ്യം  പൂർണ്ണമായി നശിപ്പിക്കരുതെന്നും ദാവീദ് യോവാബിനു നിർദ്ദേശം നല്കിയിരുന്നു.

അതിനാൽ ഇസ്രായേൽ യുദ്ധമവസാനിപ്പിച്ചു.

അമ്മോന്യരാജാവിനു താൻ കൂലിക്കു നല്കിയ പടയാളികളെ ഇസ്രായേൽ തോല്പിച്ചോടിച്ചെന്നുകേട്ടപ്പോൾ, സിറിയാ രാജാവായ ഹദദേസർ തൻ്റെ മുഴുവൻസൈന്യത്തേയുമൊരുക്കി.
സൈന്യാധിപനായ ഷോബക്കിൻ്റെ നേതൃത്വത്തില്‍ സിറിയൻസൈന്യം ജോർദ്ദാൻ നദിക്കു കിഴക്കുള്ള ഇസ്രായേൽപ്രവിശ്യയായ ഹേലാമിലേക്കു പുറപ്പെട്ടു.

സിറിയക്കാരുടെ സൈനികനീക്കത്തെക്കുറിച്ചറിഞ്ഞപ്പോൾ ഇസ്രായേൽ വിണ്ടും യുദ്ധസജ്ജരായി. 

യോവാബിനും അബിഷായിക്കുംമുമ്പിൽനിന്ന്, ദാവിദുതന്നെ തൻ്റെ സൈന്യത്തെ നയിച്ചു. 

ഘോരമായ യുദ്ധംകണ്ട്, ഹേലാം നടുങ്ങി. ആയുധങ്ങൾ തമ്മിലിടയുന്ന ശബ്ദവും അട്ടഹാസങ്ങളും മരണവേദനയോടെയുള്ള ആർത്തനാദങ്ങളും അന്തരീക്ഷത്തെ പ്രകമ്പനംകൊള്ളിച്ചു. 

സിറിയക്കാരുടെ എഴുന്നൂറുതേരുകൾ ഇസ്രായേൽ തകർത്തു. കുതിരകളുടെ കുതിഞരമ്പുകൾ മുറിച്ചു. സിറിയക്കാരുടെ നാല്പതിനായിരത്തിലധികം ഭടന്മാർ വധിക്കപ്പെട്ടു.

യോവാബിൻ്റെ വാൾ, സിറിയൻസൈന്യാധിപനായ ഷോബക്കിന്റെ ഗളം ഛേദിച്ചു. അവശേഷിച്ച സിറിയക്കാർ ജീവനുംകൊണ്ടോടി.

ഇസ്രായേൽസൈന്യത്തിലും ആൾനാശമുണ്ടായി. വാളേറ്റുവീണ, തങ്ങളുടെ സൈനികരുടെ മൃതശരീരങ്ങൾ ഇസ്രായേൽക്കാർ വീണ്ടെടുത്തുകൊണ്ടുപോയി. സിറിയാക്കാരുടെ മൃതദേഹങ്ങൾ കഴുകന്മാർക്കും കുറുക്കന്മാർക്കുമാഹാരമായി.

സിറിയാരാജാവായ ഹദദേസർ യൂഫ്രട്ടീസിനുമപ്പുറത്തേക്കു പിൻവാങ്ങി. ഹദദേസറുടെ സാമന്തന്മാരായിരുന്ന രാജാക്കന്മാർ ദാവിദുമായി സന്ധിചെയ്തു. അവരിൽനിന്നു കപ്പംവാങ്ങി, ദാവീദവരെ ഇസ്രായേലിൻ്റെ സാമന്തന്മാരായംഗീകരിച്ചു.

Sunday 9 August 2020

119. മെഫീബോഷത്ത്

ബൈബിൾക്കഥകൾ -119

സാവൂളിൻ്റെ കൊട്ടാരത്തിലെ ഭൃത്യന്മാരിലൊരുവനായിരുന്ന സീബ യാദൃശ്ചികമായാണ് ദാവീദിൻ്റെ സേവകരുടെ കരങ്ങളിലകപ്പെട്ടത്.

അവരവനെ ദാവീദിൻ്റെ മുമ്പിൽക്കൊണ്ടുവന്നു. സാവൂളിനോടുള്ള ശത്രുതമൂലം രാജാവ് തന്നെ വധിച്ചേക്കുമെന്ന്  അവൻ ഭയന്നു. പ്രാണഭയത്തോടെ സീബ ദാവീദിനുമുമ്പിൽ സാഷ്ടാംഗംവീണു വണങ്ങി.

ജോനാഥൻ്റെ മക്കളിലാരെങ്കിലും ജീവനോടെയവശേഷിക്കുന്നുവോയെന്നറിയാൻ ദാവിദ് പലയിടത്തുമന്വേഷിച്ചിരുന്നു. എന്നാൽ ആരെയും കണ്ടെത്താനായിരുന്നില്ല.

ഭയന്നുവിറച്ചു തൻ്റെമുമ്പിൽ വീണുകിടന്നു നമസകരിക്കുന്ന സീബയോടു ദാവീദ് പറഞ്ഞു.

"ഭയപ്പെടേണ്ടാ, എഴുന്നേറ്റു നില്ക്കൂ."

സീബ എഴുന്നേറ്റുനിന്നെങ്കിലും ശരീരമപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കരങ്ങൾ, അയാൾ പ്രയാസപ്പെട്ടുചേർത്തു കൂപ്പിപ്പിടിച്ചു.

"ജോനാഥൻ എനിക്കു പ്രാണനുതുല്യം പ്രിയങ്കരനാണ്. അവൻ്റെ പ്രിയപ്പെട്ടവരാരെങ്കിലും ജീവനോടെയവശേഷിക്കുന്നുണ്ടെങ്കിൽ, കർത്താവിൻ്റെ നാമത്തിൽ അതെന്നോടു പറയുക. എൻ്റെ കൊട്ടാരത്തിൽ, എല്ലാ സൗകര്യങ്ങളോടുംകൂടെ അവരെ ഞാൻ സംരക്ഷിക്കും."

പ്രസന്നഭാവത്തോടെയുള്ള ദാവീദിൻ്റെ സംസാരം സീബയെ തെല്ലാശ്വാസിപ്പിച്ചു. അയാൾ സാവധാനം മറുപടി പറഞ്ഞു. "ജോനാഥൻ്റെ പുത്രനായ  മെഫിബോഷത്ത് ജീവിച്ചിരിപ്പുണ്ടു്. ഇസ്രായേലിൻ്റെ അതിർത്തി ഗ്രാമമായ ലോദേബാറില്‍, അമ്മിയേലിൻ്റെ പുത്രനായ മാഖീറിൻ്റെ വീട്ടിൽ അവനുണ്ട്‌. ജോനാഥൻ്റെ അനന്തരാവകാശിയായി, അവൻമാത്രമേ ജീവിച്ചിരിപ്പുള്ളൂ.''

അല്പനേരത്തെ ഇടവേളയ്ക്കുശേഷം അയാൾ തുടർന്നു.

"ഒരു കാര്യംകൂടെ ഉണർത്തിക്കാനുണ്ടു്. സാവൂളിനേയും പുത്രന്മാരെയും വധിച്ച്, ഫിലിസ്ത്യർ രാജ്യംകൊള്ളയടിച്ചപ്പോൾ, ദാസിമാരിലൊരുവൾ ബാലനായിരുന്ന മെഫിബോഷത്തിനേയുമെടുത്തുകൊണ്ട് ഓടി രക്ഷപ്പെട്ടതാണ്. ഓട്ടത്തിനിടയിൽ അവൾ തട്ടിവീഴുകയും കുട്ടിയുടെ കാലൊടിയുകയുംചെയ്തിരുന്നു. കാര്യമായ ചികിത്സയൊന്നുംചെയ്യാൻ സാധിക്കാതിരുന്നതിനാൽ അവനൊരു മുടന്തനായി. അവൻ്റെ രണ്ടുകാലിനും മുടന്താണ്."

സീബയുടെ വാക്കുകൾ ഞെട്ടലോടെയാണ് ദാവീദ് കേട്ടത്.

"മുടന്തരേയും കുരുടരേയും ദാവീദു വെറുക്കുന്നു. മുടന്തനും കുരുടനുമായ ഒരുവനേയും ഇസ്രായേലിൽക്കാണരുത്" തൻ്റെതന്നെ കല്പന ദാവീദ് ഓർമ്മിച്ചു. 

ആ രാജകല്പന പരസ്യപ്പെടുത്തിയതോടെ, അംഗവൈകല്യമുള്ളവരെല്ലാം പ്രാണഭയത്താൽ ഇസ്രായേലിൻ്റെ അതിർത്തികൾക്കപ്പുറത്തേക്കു പലായനംചെയ്തിരുന്നു.

"മെഫീബോഷത്തിനെ കണ്ടെത്തുന്നതുവരെ, നീ ജറുസലേം വിട്ടുപോകരുത്." ദാവീദാജ്ഞാപിച്ചു.

ദാവീദിൻ്റെ ഭടന്മാർ മാഖീറിൻ്റെ വീട്ടിലെത്തി. മെഫീബോഷത്ത് ദാവീദുരാജാവിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു.

മുടന്തൻമാരെ വെറുക്കുന്ന രാജാവിനു മുമ്പിൽ, തൻ്റെ വിധിയെന്തെന്നറിയാതെ മെഫീബോഷത്ത് താണുവണങ്ങിനിന്നു.

രാജാവ്, സിംഹാസനത്തിൽനിന്ന് താഴെയിറങ്ങി, അവൻ്റെ മുമ്പിൽവന്നു. 

"ഭയപ്പെടേണ്ട. നിൻ്റെ പിതാവായ ജോനാഥാനെപ്രതി നിന്നോടു ഞാൻ കരുണയോടെ പെരുമാറും. നിൻ്റെ പിതാമഹനായ സാവൂളിൻ്റെ സമ്പത്തെല്ലാം ഞാന്‍ നിനക്കു മടക്കിത്തരും. എന്നോടൊപ്പം, രാജാവിൻ്റെ മേശയിൽ നീ ഭക്ഷണംകഴിക്കും."

 മെഫീബോഷത്ത് ദീർഘനിശ്വാസത്തോടെ രാജാവിനെ ഒരിക്കൽക്കൂടെ വണങ്ങി.

"ചത്ത നായയ്ക്കു തുല്യനായ എന്നോടു കരുണകാണിക്കാൻ അങ്ങേയ്ക്കു മനസ്സുതന്ന കർത്താവിനെ ഞാൻ സ്തുതിക്കുന്നു."

ദാവീദ് അവനെ തന്നോടു ചേർത്ത്, മൂർദ്ധാവിൽ ചുംബിച്ചു.

"ജോനാഥാൻ്റെ പുത്രൻ ഏതവസ്ഥയിലും എനിക്കു പുത്രതുല്യൻതന്നെ!"

ദാവീദ് സീബയെ വിളിച്ചുപറഞ്ഞു.

"സാവൂൾരാജാവിൻ്റെ സ്വത്തുക്കളെല്ലാം ഞാൻ  മെഫീബോഷത്തിനെയേല്പിക്കുന്നു. നീയും നിൻ്റെ പുത്രന്മാരും നിങ്ങളുടെ ദാസന്മാരുംചേർന്ന്, അതെല്ലാം നോക്കിനടത്തണം. അതിൽനിന്നുള്ള വരുമാനമെല്ലാം അവനെയേല്പിക്കുകയുംവേണം. നിൻ്റെ യജമാനനായ മെഫീബോഷത്ത്, കൊട്ടാരത്തിൽ എന്നോടൊപ്പം താമസിക്കും."

"തിരുമനസ്സു കല്പിക്കുന്നതുപോലെ അടിയൻ ചെയ്യാം." സീബ, രാജാജ്ഞ ശിരസ്സാവഹിച്ചു. 

മെഫീബോഷത്തിൻ്റെ വളർത്തമ്മയ്ക്കും അവനെ സംരക്ഷിച്ച മാഖീറിനും രാജാവു സമ്മാനങ്ങൾനല്കി.

അന്നുമുതൽ രാജകൊട്ടാരത്തിലെ ഭക്ഷണമേശയിൽ രാജാവിനും രാജകുമാരന്മാർക്കുമൊപ്പം മെഫീബോഷത്ത് ഭക്ഷണംകഴിച്ചുതുടങ്ങി.

ദാവീദുരാജാവിനെ ഭയന്ന്, ഇസ്രായേലിൻ്റെ അതിർത്തിെകൾക്കു പുറത്ത് അഭയംപ്രാപിച്ച മുടന്തരും കുരുടരും തങ്ങളുടെ രാജ്യത്തേക്കു മടങ്ങിവന്നു.


Sunday 2 August 2020

118. കർത്താവിനൊരാലയം

ബൈബിൾക്കഥകൾ 118

നാഥാൻ എന്ന ചെറുപ്പക്കാരനെ കർത്താവു തൻ്റെ ആത്മാവിനാൽ നിറച്ചു.

കർത്താവിൽനിന്നുള്ള സന്ദേശങ്ങളാരായാൻ ദാവീദുരാജാവ്, നാഥാൻപ്രവാചകനെ തൻ്റെ കൊട്ടാരത്തിലേക്കു ക്ഷണിക്കാറുണ്ടായിരുന്നു.

കർത്താവിൻ്റെ വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവന്നപ്പോൾ, വാഗ്ദാനപേടകം പ്രതിഷ്ഠിച്ച സമാഗമകൂടാരത്തിൽനിന്ന്, അധികമകലെയല്ലാതെയൊരു കൂടാരമടിച്ച്, നാഥാൻപ്രവാചകൻ അവിടെത്താമസമാക്കി.

ഒരുദിവസം, ദാവീദു രാജാവു നാഥാൻപ്രവാചകനോടു പറഞ്ഞു:

"ഞാൻ ദേവദാരുത്തടിയാൽത്തീർത്ത കൊട്ടാരത്തിൽ വസിക്കുന്നു,

*കർത്താവിൻ്റെ സാക്ഷ്യപേടകമാകട്ടെ, കൂടാരത്തിലാണു പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുചിതമല്ലല്ലോ! അതിനാൽ കർത്താവിനായി, കല്ലിലും മരത്തിലുംതീർത്ത, മനോഹരമായ ഒരാലയമുണ്ടാക്കണമെന്നു ഞാനാഗ്രഹിക്കുന്നു. ഇതേക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്‌?

പ്രവാചകൻ പ്രതിവചിച്ചു:

"കർത്താവ് എല്ലാക്കാര്യങ്ങളിലും അങ്ങയെ സമൃദ്ധമായനുഗ്രഹിച്ചിരിക്കുന്നു. കർത്താവിനൊരാലയം നിർമ്മിക്കുന്നത്, തീർച്ചയായും നല്ലതുതന്നെ. അക്കാര്യത്തിൽ രാജാവിനു യുക്തമായതുപോലെ ചെയ്തുകൊള്ളുവിൻ!"

അന്നുരാത്രിയിൽ കർത്താവു നാഥാൻപ്രവാചകനെ വിളിച്ചു.

"കർത്താവേ അടിയനിതാ ശ്രവിക്കുന്നു..." നാഥാൻ പ്രതികരിച്ചു.

കർത്താവു പറഞ്ഞു:

ഇസ്രായേലിനെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നനാൾമുതലിന്നുവരെ കൂടാരത്തില്‍ വസിച്ചുകൊണ്ട്‌ ഞാനും നിങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു.

ഇതിനിടയിലെന്നെങ്കിലും നിങ്ങളുടെ നേതാക്കന്മാരിലാരോടെങ്കിലും നിങ്ങളെനിക്കു‌ ദേവദാരുകൊണ്ടൊ‌രാലയം നിർമ്മിക്കാത്തതെന്തെന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?

ആട്ടിടയനായിരുന്ന ദാവീദിനെ മേച്ചില്‍പ്പുറങ്ങളിൽനിന്നുയർത്തി‌ ഇസ്രായേലിൻ്റെ രാജാവായഭിഷേകംചെയ്തതു ഞാനാണ്. എല്ലായിപ്പോഴും ഞാനവനോടുകൂടെയുണ്ടായിരുന്നു. അവൻ്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു.


എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി സ്വന്തംസ്ഥലത്തു പാര്‍ക്കേണ്ടതിന്‌, ഞാനവരെയനുഗ്രഹിക്കും

ദാവീദിനെ ഞാനൊരു വംശമായി വളര്‍ത്തും. എന്നാൽ രക്തപങ്കിലമായ അവൻ്റെ കൈകളാൽ അവനെനിക്കൊരാലയം നിർമ്മിക്കില്ല.

അവൻ്റെ ഭൂമിയിലെ ദിവസങ്ങൾ പൂർത്തിയാക്കി, അവൻ തൻ്റെ പിതാക്കന്മാരിലേക്കു ചേർന്നുകഴിയുമ്പോൾ, അവൻ്റെ പുത്രന്മാരിലൊരുവനെ ഞാനുയർത്തും. പിതാവു പുത്രനെയെന്നപോലെ ഞാനവനെ വഴിനടത്തും. അവൻ്റെ സിംഹാസനം, ഞാൻ സുസ്‌ഥിരമാക്കും.
അവനെനിക്ക്, ഒരാ‌ലയംപണിയുകയുംചെയ്യും!

ദാവീദിൻ്റെ കുടുംബവും അവൻ്റെ സിംഹാസനവും എൻ്റെ മുമ്പിൽ എന്നാളും നിലനില്ക്കും." 

പിറ്റേന്നു പ്രഭാതത്തിൽത്തന്നെ നാഥാൻപ്രവാചകൻ, ദാവീദുരാജാവിനു മുമ്പിലെത്തി. തനിക്കുണ്ടായ ദർശനവും കർത്താവിൻ്റെ സന്ദേശവും രാജാവിനെയറിയിച്ചു.

ദാവീദ് അല്പനേരം നിശ്ശബ്ദതയിലിരുന്നു. പിന്നെയവൻ പറഞ്ഞു.

"കർത്താവിൻ്റെ ഹിതംമാത്രം നിറവേറട്ടെ. എൻ്റെ പുത്രന്മാരിലൊരുവൻ കർത്താവിനായൊരാലയം നിർമ്മിക്കട്ടെ! എന്നാലാവുന്നതെല്ലാം ആ ക്ഷേത്രത്തിനായി ഞാനൊരുക്കിവയ്ക്കാം."

ദാവീദ് അന്നു മുഴുവൻ, സമാഗമകൂടാരത്തിനകത്ത്, സാക്ഷ്യപേടകത്തിനു മുമ്പിലിരുന്നു കർത്താവിനു നന്ദി പറഞ്ഞു:

''ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനായ എന്നോടും കുടുംബത്തോടും അരുളിച്ചെയ്‌തിരിക്കുന്ന വചനം അങ്ങു പൂർത്തീകരിക്കുമെന്നതിനെപ്രതി ഞാനങ്ങേയ്ക്കു നന്ദി പറയുന്നു! അങ്ങയുടെ നാമം എന്നേയ്ക്കും മഹത്വപ്പെടട്ടെ! സര്‍വശക്തനായ കര്‍ത്താവാണ്,‌ ഇസ്രായേലിന്റെ ദൈവമെന്നു തലമുറതോറും പ്രഘോഷിക്കപ്പെടട്ടെ! അങ്ങയുടെയീ ദാസൻ്റെ കുടുംബം അങ്ങയുടെ മുമ്പിൽ എന്നേയ്ക്കും സു‌സ്ഥിരമാകട്ടെ! 

സര്‍വ്വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഞാന്‍ നിന്നെയൊരു വംശമായി വളർത്തുമെന്ന വാഗ്ദാനത്തിലൂടെ‌ ഈ ദാസന് അതു‌  വെളിപ്പെടുത്തിയിരിക്കുന്നതിനാൽ ഞാനങ്ങേയ്ക്കു നന്ദിപറയുന്നു..  

ദൈവമായ കര്‍ത്താവേ, അങ്ങുമാത്രമാണു ദൈവം; അങ്ങയുടെ വചനംമാത്രമാണു സത്യം; ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്‌ദാനംചെയ്‌തിരിക്കുന്നു; അങ്ങയുടെയനുഗ്രഹത്താല്‍ ഈ ദാസൻ്റെ കുടുംബം എന്നേയ്ക്കുമനുഗൃഹീതമാകും." '
ഇസ്രായേലിൻ്റെ അതൃത്തികൾ വികസിപ്പിച്ചുകൊണ്ട്, ദാവീദ് പിന്നെയും തൻ്റെ തേരോട്ടം തുടർന്നു. രാജാവായ ദാവീദും സൈന്യാധിപനായ യോവാബും മുൻനിരയിൽനിന്ന്, എല്ലാ യുദ്ധങ്ങളിലും ഇസ്രായേൽസൈന്യത്തെ നയിച്ചു.

ഫിലിസ്‌ത്യരെയാക്രമിച്ച്, മെഥെഗമ്മാ പ്രദേശം അവരില്‍നിന്നു പിടിച്ചെടുത്തു.

മൊവാബ്യരെയും യുദ്ധത്തിൽ പരാജിതരാക്കി. മൊവാബ്യജനതയുടെ മൂന്നിൽ രണ്ടുഭാഗവും വധിക്കപ്പെട്ടു. അവശേഷിച്ചവർ അവനു കീഴടങ്ങി, കപ്പംകൊടുത്തു.

യൂഫ്രട്ടീസ്‌ നദീതീരത്ത്,‌ സോബാരാജാവുമായ ഹദദേസറുമായി ഇസ്രായേൽസൈന്യമേറ്റുമുട്ടി. ദാവീദിൻ്റെ സൈന്യം ഹദദേസറിൻ്റെ സൈന്യത്തിനു വലിയ നാശംവരുത്തി.

ദാവീദ്‌ പോയിടത്തെല്ലാംകര്‍ത്താവ്‌ അവനു വിജയം നല്കി.
ഹദദേസറിന്റെ സൈനികരുടെ  സ്വര്‍ണ്ണപ്പരിചകള്‍ ദാവീദ്‌ ജറുസലെമിലേക്കു കൊണ്ടുപോയി.

ഹദദേസറിൻ്റെ സഖ്യകക്ഷിയായിരുന്ന  സിറിയാക്കാരെയും ഇസ്രായേൽ തകർത്തുകളഞ്ഞു. 
ദമാസ്‌ക്കസിലെ അരാമില്‍ ദാവീദ്‌ സൈനികത്താവളം നിർമ്മിച്ചു സിറിയാക്കാര്‍ കപ്പംകൊടുത്ത്, ദാവീദിൻ്റെ‌ സാമന്തരായി

ഹദദേസറിന്റെ ശത്രുരാജാവായിരുന്ന തോയി, വലിയൊരു സമ്മാനവുമായി തൻ്റെ പുത്രനായ യോറാമിനെ ദാവീദിൻ്റെയടുത്തേക്കയച്ചു.
സ്വർണ്ണം, വെള്ളി, ഓട്‌ എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിരവധിയുപകരണങ്ങൾ യോറാം ദാവീദിനു സമ്മാനമായിക്കൊണ്ടുവന്നു. ദാവീദ്, തോയിയുമായി സഖ്യത്തിലേർപ്പെടുകയും അവൻ നല്കിയ സമ്മാനങ്ങൾ കര്‍ത്താവിനുമുമ്പിൽ കാഴ്ചവയ്ക്കുകയുംചെയ്തു.

ഏദോമ്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, ഫിലിസ്‌ത്യര്‍, അമലേക്യര്‍ തുടങ്ങിയ ജനതകളെല്ലാം ദാവീദിനു കീഴടങ്ങി. താന്‍ കീഴ്‌പ്പെടുത്തിയ ജനതകളിൽനിന്നെടുത്ത‌ സ്വർണ്ണവും വെള്ളിയും ദാവീദ്‌ കര്‍ത്താവിനുമുമ്പിലർപ്പിച്ചു..

ദാവീദുരാജാവിൻ്റെ ഓരോ പ്രവൃത്തിയും പ്രതിദിനമെഴുതിവയ്ക്കാൻ,
അഹിലൂദിന്റെ പുത്രനായ യഹോഷാഫാത്തിനെ  നടപടിയെഴുത്തുകാരനായി രാജാവു നിയമിച്ചു. 

------------------------------

*വാഗ്ദാനപേടകം - കർത്താവിൻ്റെ നിർദ്ദേശപ്രകാരം മോശ നിർമ്മിച്ചതാണ്, വാഗ്ദാനപേടകം അഥവാ സാക്ഷ്യപേടകം.

കർത്താവിൻ്റെ പത്തു കല്പനകളെഴുതി, മോശ സ്ഥാപിച്ച രണ്ടു ശിലാഫലകങ്ങൾമാത്രമാണ് അതിനുള്ളിലുണ്ടായിരുന്നത്.