Sunday 25 November 2018

89. യുദ്ധം

ബൈബിൾക്കഥകൾ 89

രാജാവായി അഭിഷേകംചെയ്യപ്പെട്ടെങ്കിലും സാവൂളിന്റെ പതിവു ദിനചര്യകളിൽ മാറ്റമൊന്നുമുണ്ടായില്ല. അവൻ ഗിബെയാലിലെ സ്വഭവനത്തിൽത്തന്നെ കഴിഞ്ഞു. പിതാവിന്റെ വയലിൽ കൃഷിപ്പണികളിൽ വ്യാപൃതനായി. രാജാവിന്റെ അംഗരക്ഷകരായെത്തിയവർ വയലിലെ ജോലികളിൽ അവനു സഹായികളായി.
ഒരു മാസത്തിനപ്പുറം, ഒരു ദിവസം  ഉഴവുകഴിഞ്ഞ്, സാവൂൾ കാളകളുമായി വയലിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. അപ്പോൾ, ഗിബെയാലിലെ ജനങ്ങളൊന്നിച്ചു് അവനെതിരെ വരുന്നതുകണ്ടു. അവരിൽപ്പലരും ഉറക്കെ കരയുന്നുണ്ടായിരുന്നു.
ഗിബയാലുകാർക്കിടയിൽ അപരിചിതരായ രണ്ടുപേരെക്കൂടെ സാവൂൾ കണ്ടു. അമ്മോന്റെ അതിർത്തിയിലുള്ള യാബെഷ് ഗിലയാദ് എന്ന ദേശത്തു വസിക്കുന്ന ഇസ്രായേൽക്കാരുടെ ദൂതന്മാരായിരുന്നൂ അവർ.
ദൂതന്മാർ സാവൂളിനോടു പറഞ്ഞു: "അമ്മോന്‍ രാജാവായ നാഹാഷ്‌, സൈന്യസന്നാഹത്തോടെ യാബെഷ്‌ഗിലയാദ്‌ ആക്രമിക്കാനെത്തി. യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടു സന്ധിചെയ്‌തു സമാധാനത്തിൽക്കഴിയാൻ ആഗ്രഹിച്ചതിനാൽ നാഹാഷിന്റെയടുത്തേക്കു ദൂതന്മാരെ അയച്ചു.
എന്നാൽ നാഹാഷ്‌ അതിനു മറുപടി നല്കിയതിങ്ങനെയാണ്: 'ഒരു വ്യവസ്‌ഥയില്‍ ഞാന്‍ നിങ്ങളുമായി ഉടമ്പടി ചെയ്യാം. എന്റെ മേൽക്കോയ്മ നിങ്ങൾ അംഗീകരിക്കുന്നതിന്റെ അടയാളമായി നിങ്ങളുടെ ഓരോരുത്തരുടെയും വലത്തുകണ്ണു ഞാൻ ചൂഴ്ന്നെടുക്കും. അങ്ങനെ ഇസ്രായേലിനെമുഴുവൻ, ലോകത്തിനുമുമ്പിൽ പരിഹാസപാത്രമാക്കും.°
ഇതറിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ചകിതരായി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു്, യാബെഷിലെ ശ്രഷ്‌ഠന്‍മാര്‍, നാഹാഷിനോടു് ഏഴുദിവസത്തെ അവധി ചോദിച്ചു.
ഇപ്പോൾ ഇസ്രായേലിലെ എല്ലാ ദേശങ്ങളിലേക്കും ഗിലയാദിൽനിന്നു ദൂതന്മാരെ അയച്ചിട്ടുണ്ടു്. ഞങ്ങള്‍ക്ക് നാഹാഷിനെ എതിർത്തു തോല്പിക്കാനുള്ള സൈനികബലമോ ആയുധശക്തിയോ ഇല്ല. മറ്റു പ്രദേശങ്ങളിലുള്ള ഇസ്രായേൽസഹോദരങ്ങൾ ഞങ്ങളെ സഹായിക്കാനില്ലെങ്കില്‍ ഞങ്ങള്‍ അവനു വിധേയരാകേണ്ടി വരും."
ഇതുകേട്ടപ്പോൾ, സാവൂൾ കോപത്താൽവിറച്ചു. അവന്റെ സൗമ്യഭാവം വിട്ടകന്നു. തന്റെ അനുയായികളിലൊരുവന്റെ കൈയിലുണ്ടായിരുന്ന വാൾ പിടിച്ചുവാങ്ങിയ സാവൂൾ, ഒരു ജോടിക്കാളകളെ എല്ലാവരുടേയും കൺമുമ്പിൽ വെട്ടിനുറുക്കി.
കുഞ്ഞുനാൾമുതൽ അവനെ പരിചയമുണ്ടായിരുന്ന ഗിലയാദുകാർ ഒരിക്കൽപ്പോലും അവനെയിങ്ങനെ കണ്ടിരുന്നില്ല. അവന്റെ ഭാവമാറ്റം കണ്ടപ്പോൾ എല്ലാവരും ഭയന്നു.

"ഈ കാളകളുടെ മാംസക്കഷണങ്ങൾ ഇസ്രായേലിലെമ്പാടും കൊടുത്തയയ്ക്കൂ.... സാവൂളിന്റെയും സാമുവലിന്റെയും പിന്നാലെവരാന്‍ മടിക്കുന്നവനാരായാലും അവനോടും അവന്റെ കാളകളോടും ഇപ്രകാരംതന്നെ ചെയ്യുമെന്ന് എല്ലാവരുമറിയട്ടെ! സാവൂളിനോടൊപ്പമുള്ളവർ ബസേക്കിൽ ഒന്നിച്ചുകൂടട്ടെ!" 
സാവൂൾ കല്പിച്ചതുപോലെ ഗിലയാദുകാർ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലേക്കെല്ലാം സാവൂളിന്റെ സന്ദേശമെത്തിച്ചു.
സന്ധ്യമയങ്ങുംമുമ്പേ, ബസേക്ക് എന്ന പ്രദേശത്തെ മൈതാനത്തില്‍, മൂന്നുലക്ഷത്തി മുപ്പതിനായിരത്തിലധികംപേർ ഒരുമിച്ചുകൂടി.
യാബെഷ്‌ ഗിലയാദില്‍നിന്നു വന്ന ദൂതന്മാരോടു സാവൂൾ പറഞ്ഞു: "ഇസ്രായേലിന്റെ ശക്തിയെന്തെന്നു നിങ്ങൾ കാണുന്നില്ലേ? നാളെ ഉച്ചയ്‌ക്കുമുമ്പു് കർത്താവു നമ്മുടെ ശത്രുവിൽനിന്നു നിങ്ങളെ വിമുക്തരാക്കുമെന്നു നിങ്ങളുടെ ജനത്തോടു പറയുക."
ദൂതന്മാർ അപ്പോൾത്തന്നെ മടങ്ങിപ്പോയി. യാബെഷിലെ ജനങ്ങള്‍ ഈ വിവരമറിഞ്ഞപ്പോള്‍ ആനന്ദഭരിതരായി.
ബസേക്കിൽ തടിച്ചുകൂടിയ ജനങ്ങളോടു സാവുൾ പറഞ്ഞു. "മോശ കല്പിച്ചതനുസരിച്ചു ഞാൻ പറയുന്നു. പുതുതായി വിവാഹംചെയ്‌ത്, ഒരു വർഷംതികയാത്ത ആരെങ്കിലുമിവിടെയുണ്ടെങ്കിൽ  അവന്‍ തന്റെ ഭാര്യയുടെയടുത്തേക്കു മടങ്ങിപ്പോകട്ടെ. പുതുതായി വാങ്ങിയ വയലിൽ കൃഷിചെയ്തിട്ട്, ആദ്യഫലമനുഭവിക്കാത്ത ആരെങ്കിലുമിക്കൂട്ടത്തിലുണ്ടെങ്കിൽ  അവനും വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. യുദ്ധംഭയക്കുന്ന ഭീരുക്കളുണ്ടെങ്കിൽ, അവരും മടങ്ങിപ്പോകട്ടെ!
മറ്റുള്ളവർ മൂന്നു ഗണങ്ങളായിത്തിരിയുക. ഈ രാവു പുലരുന്നതിനുമുമ്പേ നമ്മുടെ ശത്രുക്കളെ കർത്താവു നമ്മുടെ കരങ്ങളിലേല്പിക്കും!"
സാമുവൽ കർത്താവിന്റെ നാമത്തിൽ സാവൂളിനേയും ജനങ്ങളേയും ആശിർവദിച്ചു.
മൂന്നു ഗണങ്ങളായിത്തിരിഞ്ഞ ഇസ്രായേൽക്കാർ, സാവൂളിന്റെ നേതൃത്വത്തിൽ, ആ രാത്രിയിൽത്തന്നെ യാബെഷ് അതിർത്തിയിലേക്കു പുറപ്പെട്ടു.
പിറ്റേദിവസം പ്രഭാതത്തില്‍ അവർ ശത്രുപാളയത്തിലേക്ക്, ഇരച്ചുകയറി. അമ്മോന്യർ ഇങ്ങനെയൊരാക്രമണം പ്രതീക്ഷിച്ചിരുന്നതേയില്ല. ഇസ്രായേലുകാർ, ഉച്ചവരെ തങ്ങളുടെ ശത്രുക്കളെ സംഹരിച്ചു. ഇസ്രായേലിന്റെ വാൾത്തലയിപ്പെടാതെ ശേഷിച്ചവര്‍, മലമ്പ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു.
ഇസ്രായേലിലെങ്ങും വലിയ ആഘോഷനാദമുയർന്നു. ജനങ്ങളിൽച്ചിലർ സാമുവലിനെ സമീപിച്ചു പറഞ്ഞു: "സാവൂള്‍ ഞങ്ങളുടെ രാജാവാകരുതെന്നു പറഞ്ഞു പിറുപിറുത്തവരെവിടെ? അവരെ വിട്ടുതരുക; ഞങ്ങളവരെ വകവരുത്തും"
സാമുവലിനു സമീപത്തുണ്ടായിരുന്ന സാവൂൾ പറഞ്ഞു: "കര്‍ത്താവ്‌, ഇസ്രായേലിനു മോചനംനല്കിയ ദിനമാണിന്ന്‌. ഇന്ന് ഇസ്രായേലിലാരും വധിക്കപ്പെടരുത്."
സാമുവൽ പറഞ്ഞു: "നമുക്കു ഗില്‍ഗാലിലേക്കു പോകാം. ഒരിക്കല്‍ക്കൂടെ സാവൂളിനെ രാജാവായി പ്രഖ്യാപിക്കാം. ഇസ്രായേലിൽ ഒരുവൻപോലും ഇനി സാവൂളിനെ എതിർത്തു സംസാരിക്കില്ല."
ജനങ്ങൾ ഗില്‍ഗാലിൽ സമ്മേളിച്ചു. അവിടെ വിശുദ്ധസ്ഥലത്തുവച്ച്‌, സാവൂളിനെ വീണ്ടുമവര്‍ രാജാവായി പ്രഖ്യാപിച്ചു. കര്‍ത്താവിന്റെ സന്നിധിയില്‍ സമാധാനബലികളര്‍പ്പിക്കപ്പെട്ടു.
സാവൂളിന്റെ രാജാഭിഷേകത്തിന്റെ ആഘോഷങ്ങൾ ഒരാഴ്ച നീണ്ടുനിന്നു. സാവൂളും ഇസ്രായേല്‍ജനവും സാഘോഷമുല്ലസിച്ചു.

Sunday 18 November 2018

88. ഇസ്രായേൽരാജാവ്

ബൈബിൾക്കഥകൾ 88

പുലർച്ചെ സാമുവൽവന്നു വിളിച്ചുണർത്തിയപ്പോഴാണു സാവൂൾ കണ്ണുതുറന്നതു്.

"നിന്റെ ഭൃത്യൻ യാത്രയ്ക്കു തയ്യാറായിക്കഴിഞ്ഞു. വേഗമെഴുന്നേറ്റു തയ്യാറാവുക, വെയിൽമൂക്കുന്നതിനുമുമ്പേ നിങ്ങൾക്കു കുറച്ചേറെ ദൂരെയെത്തിച്ചേരാം."

സാവൂൾ പെട്ടെന്നുതന്നെ എഴുന്നേറ്റു തയ്യാറായി. സാവൂളും ഭൃത്യനും വിട്ടിൽനിന്നിറങ്ങിയപ്പോൾ സാമുവലും അവരോടൊപ്പം പുറപ്പെട്ടു. പട്ടണത്തിന്റെ അതിർത്തിയോളം സാമുവൽ അവരെയനുഗമിച്ചു. 

അതിർത്തിയിലെത്തിയപ്പോൾ സാമുവൽ സാവൂളിനോടു പറഞ്ഞു:
"ഭൃത്യനോടു മുമ്പേപൊയ്‌ക്കൊള്ളാന്‍ പറയുക. അവന്‍ പോയിക്കഴിയുമ്പോള്‍ ഒരു നിമിഷം ഇവിടെനില്ക്കുക. അപ്പോള്‍ ദൈവത്തിന്റെ വചനം, നിന്നോടു ഞാൻ പറയാം."


ഭൃത്യൻ മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ, തൻ്റെ മുമ്പിൽമുട്ടുകുത്തി, ശിരസ്സുനമിച്ചുനിന്ന്, കർത്താവിനെ ധ്യാനിക്കാൻ സാമുവല്‍ സാവൂളിനോടാവശ്യപ്പെട്ടു.

കൈയിൽക്കരുതിയിരുന്ന ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസ്സിലൊഴിച്ചു. അവന്റെ നെറ്റിയിൽ ചുംബിച്ചിട്ടു പറഞ്ഞു:
''തന്റെ ജനത്തിന്റെ ഭരണാധികാരിയായി, കര്‍ത്താവു നിന്നെ അഭിഷേകംചെയ്തിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളിലുംനിന്ന്‌ അവരെ സംരക്ഷിക്കുകയുംചെയ്യണം. തന്റെ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവുതന്നെയാണു നിന്നെ വാഴിച്ചിരിക്കുന്നതെന്നതിന്റെ അടയാളം ഞാൻ പറയാം.

ഇന്നു നീ, ബഞ്ചമിന്റെ നാട്ടിലെ സെല്‍സാഹില്‍, റാഹേലിന്റെ ശവകുടീരത്തിനു സമീപം രണ്ടാളുകളെക്കണ്ടുമുട്ടും. നീയന്വേഷിച്ച കഴുതകളെ കണ്ടുകിട്ടിയെന്നും, അവയെക്കുറിച്ചല്ല, എന്റെ മകനെന്തുപറ്റിയെന്നു ചോദിച്ചുകൊണ്ട്‌, നിന്നെക്കുറിച്ചാണു നിന്റെ പിതാവ്‌ ഉത്‌കണ്‌ഠാകുലനായിരിക്കുന്നതെന്നും അവര്‍ നിന്നോടു പറയും.

നിങ്ങൾ അവിടെനിന്നു നടന്നു്, താബോറിലെ ഓക്കുവൃക്ഷത്തിനു സമീപമെത്തുമ്പോള്‍, ബഥേലില്‍, ദൈവത്തിനു ബലിയര്‍പ്പിക്കാന്‍പോകുന്ന മൂന്നുപേരെക്കാണും. അവരിലൊരുവനോടൊപ്പം മൂന്ന്‌ ആട്ടിന്‍കുട്ടികളുണ്ടാകും. രണ്ടാമന്റെ കൈയിൽ മൂന്നപ്പവും മൂന്നാമന്റെ പക്കൽഒരു തോല്‍ക്കുടം വീഞ്ഞുമുണ്ടാകും.
അവര്‍, നിന്നെയഭിവാദനംചെയ്യുകയും രണ്ടണ്ടപ്പം നിനക്കു നല്കുകയുംചെയ്യും, അതു നീ സ്വീകരിക്കണം.

വീണ്ടും മുന്നോട്ടു നടക്കുമ്പോൾ, ഫിലിസ്‌ത്യര്‍ കൂടാരമടിച്ചിരിക്കുന്ന ഗിബെയായിലുള്ള ദൈവത്തിന്റെ മലയില്‍ നീയെത്തും. പട്ടണത്തിലേക്കുള്ള വഴിയിൽ  വാദ്യമേളങ്ങളോടെ മലമുകളില്‍നിന്നിറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ നീ കണ്ടുമുട്ടും. അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.
അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ്‌, ശക്തമായി നിന്നിലാവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും. 

അവിടെനിന്നു ഗിൽഗാലിലേയ്ക്കു നീ പൊയ്ക്കൊള്ളുക, ഏഴുദിവസത്തിനകം ഞാനവിടെയെത്തും."

സാവൂളിന്റെ ശിരസ്സിൽ കൈവച്ചു്. അവനെയനുഗ്രഹിച്ചശേഷം സാമുവൽ തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി.

സാമുവൽപറഞ്ഞവയെല്ലാം അതുപോലെതന്നെ സംഭവിച്ചു.
സാവൂളും ഭൃത്യനും  ഗിബെയായിലെത്തിയപ്പോള്‍ പ്രവാചകഗണത്തെ കണ്ടു.
അപ്പോൾ ദൈവത്തിന്റെ ആത്മാവ്‌ സാവൂളിൽ നിറഞ്ഞു.. അവനും അവരോടൊത്തു പ്രവചിച്ചു തുടങ്ങി.

പിന്നീടു്, അവർ ഗിൽഗാലിലേക്കു പുറപ്പെട്ടു. പറഞ്ഞിരുന്ന സമയത്തുതന്നെ മലമുകളിലെത്തി. സാവൂളിന്റെ പിതൃസഹോദരനെ അവർ അവിടെക്കണ്ടു.

"നിങ്ങൾ എവിടെപ്പോയി വരുന്നു?"

"കാണാതായ കഴുതകളെയന്വേഷിച്ചിറങ്ങിയതാണു ഞങ്ങൾ. അവയെ കണ്ടുകിട്ടാതായപ്പോൾ, ഞങ്ങൾപോയി സാമുവൽ ദീർഘദർശിയെക്കണ്ടു."

"അതേയോ, എന്നിട്ടു ദീർഘദർശി എന്തു പറഞ്ഞു?"

സാവൂള്‍ പറഞ്ഞു: "കഴുതകളെ കണ്ടുകിട്ടിയെന്ന്‌ അവന്‍ ഞങ്ങളോടു പറഞ്ഞു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയുംചെയ്തു."

എന്നാല്‍, താന്‍ രാജാവാകാന്‍പോകുന്നതിനെപ്പറ്റി സാമുവല്‍ പറഞ്ഞതൊന്നും ഇളയച്ഛനോടു പറഞ്ഞില്ല.

"അതു നന്നായി. ദീർഘദർശി ഇന്നു മിസ്പയിൽ വരുന്നുണ്ടെന്നു കേട്ടു. അദ്ദേഹത്തിന്റെ ബലിയർപ്പണത്തോടൊപ്പം പ്രാർത്ഥിക്കാനും അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാനുമായി പോവുകയാണു ഞാൻ. നീയും എന്നോടൊപ്പം വന്നോളൂ."

അവർ മിസ്പയിലെത്തിയപ്പോൾ അവിടെ ദൈവാലയത്തിനടുത്തായി വലിയൊരു ജനക്കൂട്ടം സമ്മേളിച്ചിരിക്കുന്നതായിക്കണ്ടു. 

ജനക്കൂട്ടത്തെ കണ്ടപ്പോൾ സാവൂളിന്റെ മനസ്സു ചഞ്ചലമായി. ഈ ജനതയുടെ രാജാവാകാൻ കർത്താവു തന്നെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നാണു സാമുവൽപ്രവാചകൻ പറഞ്ഞത്. ഇത്ര വലിയൊരു ജനതയെ താനെങ്ങനെ നയിക്കുമെന്ന് അവൻ ഭയന്നു. കേവലമൊരു കർഷകനായ കിഷിന്റെ പുത്രനെ, അതും മീശമുളച്ചുതുടങ്ങുന്ന ഒരു യുവാവിനെ, ഇസ്രായേൽപ്രമാണികൾ അംഗീകരിക്കുമോ?  സാവൂളിന്റെ ഹൃദയമിടിപ്പുകൂടി.

അധികംവൈകാതെ സാമുവൽപ്രവാചകൻ അവിടെയെത്തിച്ചേർന്നു. ബലിയർപ്പണത്തിനുശേഷം അവൻ ഇസ്രായേൽജനതയെ അഭിസംബോധനചെയ്തു. സാവൂൾ ഭൃത്യനെ ഇളയച്ഛനുസമീപം നിറുത്തി. ഉടനെ മടങ്ങിയെത്താമെന്നു പറഞ്ഞ്, അവിടെനിന്നുപോയി.

സാമുവൽ പറഞ്ഞു: "ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്‌ ഇപ്രകാരമരുളിച്ചെയ്യുന്നു: ഇസ്രായേലിനെ ഈജിപ്‌തില്‍നിന്നു ഞാന്‍ കൊണ്ടുവന്നു. ഈജിപ്‌തുകാരുടെയും നിങ്ങളെ പീഡിപ്പിച്ചിരുന്ന സകലരാജാക്കന്മാരുടെയും കൈകളില്‍നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു.
എന്നാല്‍, എല്ലാ ദുരിതങ്ങളിലും അത്യാഹിതങ്ങളിലുംനിന്നു നിങ്ങളെ സംരക്ഷിക്കുന്ന ദൈവത്തെ ഇന്നു നിങ്ങളുപേക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്കൊരു രാജാവിനെ വാഴിച്ചുതരുക എന്നു നിങ്ങളാവശ്യപ്പെട്ടു. അതുകൊണ്ടിപ്പോള്‍, ഗോത്രത്തിന്റെയും, കുലത്തിന്റെയുംക്രമത്തില്‍ കര്‍ത്താവിന്റെമുമ്പില്‍ നില്ക്കുവിന്‍.

അനന്തരം, സാമുവല്‍ ഇസ്രായേല്‍ഗോത്രങ്ങളുടെ ഗോത്രത്തലവന്മാരെയെല്ലാം തന്റെയടുക്കല്‍ വരുത്തി. 

പന്ത്രണ്ടുഗോത്രങ്ങളുടെയും പേരുകളിൽ ഇസ്രായേൽപ്രമാണിമാർ കുറിയിട്ടു. ബഞ്ചമിന്‍ഗോത്രത്തിനു കുറിവീണു.

കുറിയിട്ടവർ അതുറക്കേ വിളിച്ചുപറഞ്ഞപ്പോൾ, ബഞ്ചമിന്‍ഗോത്രത്തിലെ കുടുംബങ്ങളെയെല്ലാം സാമുവല്‍ തന്റെയടുക്കല്‍ വരുത്തി. 

തുടർന്ന്, ബഞ്ചമിൻഗോത്രത്തിലെ എല്ലാ കുടുംബങ്ങളുടെയുംപേരിൽ കുറിയിട്ടു. മത്രികുടുംബത്തിനാണു കുറിവീണത്‌. അവസാനം മത്രികുടുംബാംഗങ്ങൾക്കിടയിൽ കുറിയിട്ടു. കിഷിന്റെ മകനായ സാവൂളിനു കുറിവീണു. എന്നാല്‍, അവരന്വേഷിച്ചപ്പോള്‍ അവനെയവിടെക്കണ്ടില്ല.
അവന്‍ ഇവിടെ വന്നിട്ടുണ്ടോയെന്ന്‌ ഇസ്രായേൽപ്രമാണിമാർ ചോദിച്ചു. സാമുവൽ പറഞ്ഞു. "അവനി‍താ ഭാണ്ഡങ്ങള്‍ക്കിടയിലൊളിച്ചിരിക്കുന്നെന്നു കര്‍ത്താവു പറയുന്നു."

ജനങ്ങൾ ഓടിച്ചെന്ന്‌, ഒളിയിടത്തിൽനിന്നു് അവനെ കൂട്ടിക്കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍, അവന്റെ ശിരസ്സും തോളും മറ്റാരെയുംകാള്‍ ഉയര്‍ന്നുനിന്നിരുന്നു.

സാമുവല്‍ ജനക്കൂട്ടത്തോടു ചോദിച്ചു: "കര്‍ത്താവു തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? ഇസ്രായേലിൽ അവനെപ്പോലെ മറ്റാരുമില്ല."

അപ്പോള്‍, ജനം ആര്‍ത്തുവിളിച്ചു. 

"രാജാവു നീണാള്‍ വാഴട്ടെ...  ഇസ്രായേലിന്റെ രാജാവു നീണാള്‍ വാഴട്ടെ... "

സാവൂളിനെ സാമുവലിന്റെ സമീപത്തു നിറുത്തി. കർത്താവിന്റെയാത്മാവു  സാവൂളിൽ നിറഞ്ഞു. ഭയം അവനെ വിട്ടുപോയി.

സാമുവല്‍ രാജധര്‍മ്മത്തെപ്പറ്റി ജനങ്ങളോടു പറഞ്ഞു. അതെല്ലാം ഒരു പുസ്‌തകത്തിലെഴുതി കര്‍ത്താവിന്റെ പേടകത്തിനുമുമ്പിൽ വച്ചു.
ജനങ്ങളിൽച്ചിലർ, സാവൂളിനു കാഴ്ചവസ്തുക്കൾ സമർപ്പിച്ചു. ദൈവത്താല്‍ പ്രചോദിതരായ ഏതാനും യുദ്ധവീരന്മാർ സാവൂളിന്റെ അംഗരക്ഷകരാകാൻ തയ്യാറായെത്തി. 

സാവൂൾ സാമുവലിനുമുമ്പിൽ മുട്ടുകുത്തി. പ്രവാചകൻ അവന്റെ തലയിൽക്കൈവച്ചു പ്രാർത്ഥിച്ചു.

എന്നാല്‍, ചില കുബുദ്ധികള്‍ ചോദിച്ചു: "നമ്മെ രക്ഷിക്കാന്‍ ഇവനു സാധിക്കുമോ?" 

അവര്‍, അവനെയധിക്ഷേപിച്ചുസംസാരിച്ചു.. കാഴ്‌ചയൊന്നും കൊടുത്തുമില്ല. എന്നാൽ സാവൂൾ അതു ഗൗനിച്ചില്ല.

സാമുവൽ ജനങ്ങളെയെല്ലാം അവരവരുടെ വീടുകളിലേക്കു മടക്കിയയച്ചു.
സാവൂൾ പുതിയ അംഗരക്ഷകർക്കൊപ്പം ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി.

Sunday 11 November 2018

87. സാവൂൾ

ബൈബിൾക്കഥകൾ 87


സാവൂള്‍ ഭൃത്യനോടു പറഞ്ഞു:

"നമുക്കിനി തിരികെപ്പോകാം. എവിടെയെല്ലാം നമ്മൾ തിരഞ്ഞു? എഫ്രായിം മലനാട്ടിലും ഷലീഷാദേശത്തുമന്വേഷിച്ചു; കണ്ടെത്തിയില്ല. ഷാലിംദേശത്തും ബഞ്ചമിന്റെ നാട്ടിലുമന്വേഷിച്ചു; എന്നിട്ടും കിട്ടിയില്ല. ഇവിടെ, ഈ സൂഫ്‌നാട്ടിലും കഴുതകളെ കണ്ടെത്താനായില്ല. ഇനിയുമീ കഴുതകളെയന്വേഷിച്ചു സമയംകളഞ്ഞാൽ, അവയുടെ കാര്യംവിട്ട്, *ആബാ നമ്മെപ്പറ്റി ആകുലചിത്തനാകും. അതുകൊണ്ടു്, നമ്മൾ മടങ്ങിപ്പോകുന്നതുതന്നെയാണു നല്ലത്."

ഭൃത്യന്‍ സാവൂളിനോടു യോജിച്ചില്ല. "ഇതിനടുത്ത പട്ടണത്തില്‍ വളരെ പ്രശസ്‌തനായ ഒരു ദൈവപുരുഷനുണ്ട്‌. സാമുവൽ എന്നാണദ്ദേഹത്തിന്റെ പേര്. അദ്ദേഹം പറയുന്നതെല്ലാം അതുപോലെ സംഭവിക്കും. നമുക്കദ്ദേഹത്തെപ്പോയിക്കാണാം. ഒരുപക്ഷേ, നമ്മുടെ കാര്യം സാധിക്കുന്നതിനുള്ള മാര്‍ഗ്ഗം അദ്ദേഹം പറഞ്ഞുതരും."

"അതേയോ? എങ്കിൽ നമുക്കുപോയി അദ്ദേഹത്തെക്കാണാം." സാവുൾ സന്തോഷത്തോടെ പറഞ്ഞു.

എന്നാൽ അടുത്തനിമിഷം അവന്റെ മുഖം മ്ലാനമായി.

"നമ്മള്‍ അദ്ദേഹത്തെ കാണാൻചെല്ലുമ്പോള്‍ എന്താണു ദക്ഷിണയായിക്കൊടുക്കുക? നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളെല്ലാം തീര്‍ന്നുപോയല്ലോ..."

ഭൃത്യന്‍ പറഞ്ഞു: "എന്റെ കൈയില്‍ കാല്‍ *ഷെക്കല്‍ വെള്ളി ഇനിയും ബാക്കിയുണ്ട്‌. അതദ്ദേഹത്തിനു കൊടുക്കാം..."

"ഓ, അതു നന്നായി. നമുക്കു പോകാം." സാവൂള്‍ സന്തോഷത്തോടെ പറഞ്ഞു. അവര്‍ ഉടൻതന്നെ സാമുവൽ താമസിക്കുന്ന റാമാപ്പട്ടണം ലക്ഷ്യമാക്കി നടന്നു..

കൗമാരംവിട്ടു, യൗവനത്തിലേക്കെത്തുന്ന സാവൂൾ, ബഞ്ചമിന്‍ഗോത്രജനായ കിഷ്‌ എന്നയാളുടെ പുത്രനായിരുന്നു. അവന്റെ സുന്ദരമായ മുഖം കാണുന്നവരാരും ആ മുഖത്തുനിന്നു പെട്ടെന്നു കണ്ണെടുക്കില്ലാ. അത്രയ്ക്കു കോമളനായിരുന്നൂ ആ യുവാവ്. കുട്ടിക്കാലംമുതലേ മല്ലയുദ്ധത്തിലും വാൾപ്പയറ്റിലും പരിശീലനം നേടിയിരുന്നതിനാൽ, അവന്റെ ശരീരം, ഉറച്ചമാംസപേശികളാൽ അലംകൃതമായിരുന്നു. എല്ലാത്തിലുമുപരി, ഏതു ജനക്കൂട്ടത്തിനിടയിലും ശ്രദ്ധിക്കപ്പെടുന്നത്ര ഉയരവും ഉയരത്തിനൊത്ത വണ്ണവും സാവൂളിനുണ്ടായിരുന്നു. അവന്റെ തോളൊപ്പമുയരമുള്ള ഒരാൾപോലും ഇസ്രായേലിലുണ്ടായിരുന്നില്ല. എവിടെച്ചെന്നാലും ഉയരവും മെയ്ക്കരുത്തും മുഖസൗന്ദര്യവുംകൊണ്ടു്, ആരുടേയും ശ്രദ്ധപിടിച്ചുപറ്റുന്ന യുവാവായിരുന്നു സാവൂൾ...!

മൂന്നു ദിവസങ്ങൾക്കു മുമ്പ്, സാവൂളിന്റെ പിതാവായ കിഷിന്റെ കുറേക്കഴുതകളെ തൊഴുത്തിൽനിന്നു കാണാതായി. പിതാവിന്റെ നിർദ്ദേശപ്രകാരം ഒരു ഭൃത്യനെയുംകൂട്ടി കഴുതകളെയന്വേഷിച്ചിറങ്ങിയതാണു സാവൂൾ. സാമുവലിന്റെ സഹായത്താൽ, കഴുതകളെക്കണ്ടെത്താൻ സാധിക്കുമെന്ന പ്രത്യാശയിൽ സാവൂളും ഭൃത്യനും സാമുവലിന്റെ ഗൃഹത്തിലേക്കുള്ള മാർഗ്ഗമന്വേഷിച്ചു.

സാമുവൽ താമസിച്ചിരുന്ന റാമാപ്പട്ടണം ഒരു കുന്നിൻമുകളിലായിരുന്നു. സാവൂളും ഭൃത്യനും പട്ടണത്തിലേക്കുള്ള വഴിയിലൂടെ കയറ്റംകയറുമ്പോള്‍ വെള്ളംകോരാന്‍വന്ന ചില യുവതികളെക്കണ്ടു.

"*സാമുവൽ ദീര്‍ഘദര്‍ശി എവിടെയാണു താമസിക്കുന്നതെന്നറിയാമോ? അദ്ദേഹം ഇവിടെയടുത്തെങ്ങാനുമുണ്ടോ?" സാവൂൾ അവരോടു ചോദിച്ചു.

"ഉണ്ട്‌" അവര്‍ പറഞ്ഞു. "അതാ അദ്ദേഹമിപ്പോൾ മുകളിലേക്കു കയറിപ്പോയതേയുള്ളൂ, ജനങ്ങള്‍ക്കായി, മലമുകളിൽ അദ്ദേഹമിന്നൊരു ബലിയര്‍പ്പിക്കുന്നുണ്ട്‌."

സാവൂളും ഭൃത്യനും നടപ്പിനു വേഗംകൂട്ടി. അവരിൽനിന്ന് അധികമകലെയല്ലാതെ സാമുവൽ കയറിപ്പോകുന്നുണ്ടായിരുന്നു.
പട്ടണവാതുക്കലെത്തിയപ്പോൾ, കർത്താവിന്റെ ആത്മാവു പ്രേരിപ്പിച്ചതിനാൽ സാമുവൽ പിന്തിരിഞ്ഞുനോക്കി. താഴെനിന്നു കയറിവരുന്ന സാവൂളിനെ അദ്ദേഹം കണ്ടു.

കർത്താവു സാമുവലിനോടു പറഞ്ഞു: "ബഞ്ചമിന്റെ നാട്ടില്‍നിന്നു ഞാന്‍ നിന്റെയടുത്തേക്കു കൊണ്ടുവന്നതാണിവനെ. ഇവനെ, നീ എന്റെ ജനത്തിന്റെ രാജാവായി അഭിഷേകംചെയ്യണം. ഫിലിസ്‌ത്യരുടെ കരങ്ങളില്‍നിന്ന്‌ ഇസ്രായേലിനെ ഇവന്‍ രക്ഷിക്കും."

സാവൂളും ഭൃത്യനും പട്ടണവാതില്‍ക്കല്‍നിൽക്കുന്ന സാമുവലിന്റെ സമീപമെത്തി. സാവൂൾ അദ്ദേഹത്തോടു ചോദിച്ചു: ''ദീര്‍ഘദര്‍ശിയുടെ ഭവനമെവിടെയാണെന്നറിയുമോ?

സാമുവൽ, സാവൂളിന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.

"ഞാന്‍തന്നെയാണു നിങ്ങൾതേടുന്ന ദീർഘദർശി. എന്റെമുമ്പേ നടന്നുകൊള്ളുക. ഇന്നു നിങ്ങൾ എന്റെകൂടെ ഭക്ഷണംകഴിക്കണം. പ്രഭാതത്തില്‍ മടങ്ങിപ്പോകാം. അപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളതു ഞാൻ പറഞ്ഞുതരാം."

കഴുതകളെ തിരിച്ചുകിട്ടുമെന്ന സന്തോഷത്തോടെ, സാവൂൾ സാമുവലിനുനേരേ കൈകൂപ്പി. പിന്നെ അദ്ദേഹത്തിനുമുമ്പിൽ മുട്ടുമടക്കി, ശിരസ്സുകുനിച്ചു വണങ്ങി.


ദൈവം തനിക്കായി കരുതിവച്ചിരിക്കുന്നതെന്തെന്നു തിരിച്ചറിയാതെ, നിസ്സാരമായ നേട്ടങ്ങൾക്കായി അദ്ധ്വാനവുമായുസ്സും ചെലവാക്കുന്ന മനുഷ്യരുടെ പ്രതിനിധിതന്നെയാണിവനുമെന്നോർത്തപ്പോൾ സാമുവലിനു ചിരിപൊട്ടി...

സാവൂളിന്റെ തോളിൽത്തട്ടിക്കൊണ്ടു സാമുവൽ പറഞ്ഞു: "മൂന്നുദിവസംമുമ്പു കാണാതായ കഴുതകളെക്കുറിച്ച്‌ ആകുലചിത്തനാകേണ്ടാ. അവയെ കണ്ടുകിട്ടിയിരിക്കുന്നു. ഇല്ലെങ്കിലും നീയെന്തിനാകുലനാകണം? ഇസ്രായേലില്‍ അഭികാമ്യമായതെല്ലാം ആര്‍ക്കുള്ളതാണ്‌? നിനക്കും നിന്റെ പിതൃഭവനത്തിലുള്ളവര്‍ക്കുമല്ലേ?"

സാമുവൽ എന്താണർത്ഥമാക്കിയതെന്നു സാവൂളിനു മനസ്സിലായില്ല.

"അങ്ങെന്താണ് ഇങ്ങനെ പറയുന്നത്? ഇസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറിയ ബഞ്ചമിന്‍ഗോത്രത്തില്‍പ്പെട്ടവനാണു ഞാന്‍. അതില്‍ത്തന്നെ ഏറ്റവും എളിയ കുടുംബമാണെന്റേത്‌. പിന്നെന്തുകൊണ്ടാണ്‌ അങ്ങെന്നോടു്, ഇങ്ങനെ സംസാരിക്കുന്നത്‌?"

സാമുവൽ മറുപടി പറഞ്ഞില്ല. മൃദുവായൊരു മന്ദഹാസത്തോടെ മുമ്പേ നടന്നുകൊള്ളാൻ ആംഗ്യംകാണിക്കുകമാത്രം ചെയ്തു. സാവൂളും ഭൃത്യനും പരസ്പരംനോക്കി. പിന്നെ നിശബ്ദരായി മുകളിലേക്കുള്ള നടത്തം തുടർന്നു.

മലമുകളിൽ ബലിവേദിക്കരികെ വലിയൊരു ജനക്കൂട്ടം സാമുവലിനെക്കാത്തു നിന്നിരുന്നു. സാമുവൽ അവർക്കായി പ്രാർത്ഥിക്കുകയും പാപപരിഹാരബലിയും കൃതജ്ഞതാബലിയുമർപ്പിക്കുകയും ചെയ്തു.

ബലിയർപ്പണത്തിനുശേഷം, സാമുവൽ, സാവൂളിനേയും ഭൃത്യനേയും, ബലിവേദിയിൽനിന്ന് ഏറെയകലെയല്ലാതെ സജ്ജീകരിച്ചിരുന്ന ഭക്ഷണശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി. റാമായിലെ ഏറ്റവും പ്രമുഖരായ മുപ്പതോളംപേർ അന്നവിടെ അത്താഴത്തിനായി ക്ഷണിക്കപ്പെട്ടിരുന്നു. അവർക്കിടയിൽ ഏറ്റവും പ്രധാനസ്ഥാനത്ത്, സാവൂളിനെയിരുത്തി.

സാമുവൽ പാചകക്കാരനെ വിളിച്ചു പറഞ്ഞു. "വിശിഷ്ടാതിഥിക്കായി പ്രത്യേകം തയ്യാറാക്കാൻ ഞാനാവശ്യപ്പെട്ട ഭക്ഷണം, ഇവനു വിളമ്പുക. അതിനുശേഷം എനിക്കും ക്ഷണിക്കപ്പെട്ട ഇസ്രായേൽപ്രമുഖന്മാർക്കുമുള്ള ഭക്ഷണം വിളമ്പുക."

സാവൂളിന്, താനൊരു സ്വപ്നലോകത്താണെന്നു തോന്നി. പിതാവിനെ കൃഷിപ്പണികളിൽ സഹായിച്ചുനടന്നിരുന്ന കൗമാരക്കാരനെയാണ്, ഇസ്രായേലിന്റെ മഹാപുരോഹിതൻ വിശിഷ്ടാതിഥിയായി പരിചയപ്പെടുത്തുന്നത്... അതും റാമാപട്ടണത്തിലെ ശ്രേഷ്ഠന്മാർമാത്രം ക്ഷണിക്കപ്പെട്ടിരിക്കുന്ന ഒരു വേദിയിൽ...

ക്ഷണിക്കപ്പെട്ടിരുന്ന ഇസ്രായേൽശ്രേഷ്ഠന്മാർ സാവൂളിനെ ബഹുമാനത്തോടെയും അദ്ഭുതത്തോടെയും നോക്കി. ഈ വിശിഷ്ടാതിഥിയാരെന്നോ എവിടെനിന്നു വരുന്നെന്നോ കൂടുതൽ വിശദീകരണമൊന്നും സാമുവൽപ്രവാചകൻ നല്കിയില്ല. എങ്കിലും ഇസ്രായേലിന്റെ മഹാപുരോഹിതൻപോലുമാദരിക്കുന്ന ഈ യുവാവ് ഒരു സാധാരണനാവില്ലെന്ന് അവർക്കെല്ലാവർക്കുമുറപ്പായിരുന്നു. മാത്രമല്ലാ, ഇത്രയേറെ സൗന്ദര്യവും ആകാരസൗഷ്ഠവവുമുള്ള ഒരു യുവാവിനെയും അവരാരും ഇതിനുമുമ്പു കണ്ടിരുന്നില്ല.

അത്താഴത്തിനുശേഷം, പ്രവാചകൻ സാവൂളിനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വീടിന്റെ മുകളിലെ നിലയിൽ മനോഹരമായി അലങ്കരിച്ച ഒരു മുറിയിൽ, സാവൂളിനായി കിടക്ക തയ്യാറാക്കിയിരുന്നു.

എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാനാവാതെ സാവൂള്‍ അവിടെക്കിടന്നു. മൂന്നുദിവസത്തെ അലച്ചിൽ വല്ലാതെ തളർത്തിയിരുന്നതിനാൽ കൂടുതലൊന്നും ചിന്തിക്കാതെ അവൻ പെട്ടെന്നുറങ്ങിപ്പോയി.

------------------------------------------------------------------------------
*ആബാ - പിതാവ് (father)
*ഷെക്കൽ - ഭാരം കണക്കാക്കുന്ന ഏകകം ( 1 ഷെക്കൽ = 11.4 ഗ്രാം)
*ദീര്‍ഘദര്‍ശി - പ്രവാചകൻ

Sunday 4 November 2018

86. രാജാവിനെത്തേടി...

ബൈബിൾക്കഥകൾ 86


സാമുവല്‍, തന്റെ മുന്നിലെത്തിയ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: "നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിങ്കലേക്കു തിരിയണം, അന്യദേവന്മാരെയും ദേവതകളെയും നിങ്ങളുടെ ഹൃദയത്തിൽനിന്നു പുറത്താക്കുവിൻ. നിങ്ങളെ പൂര്‍ണ്ണമായി കർത്താവിനു സമര്‍പ്പിച്ച്, അവിടുത്തെമാത്രമാരാധിക്കുവിന്‍. അപ്പോൾ ഫിലിസ്‌ത്യരുടെ കരങ്ങളില്‍നിന്ന്‌ കർത്താവു നിങ്ങളെ രക്ഷിക്കും."

 "ബാലിന്റെയും അസ്‌താര്‍ത്തെയുടെയും ബിംബങ്ങളെ ബഹിഷ്‌കരിച്ച്‌, ഞങ്ങൾ കര്‍ത്താവിനെമാത്രമാരാധിക്കും." സാമുവലിനു മുമ്പിൽവച്ച് ഇസ്രയേൽജനം പ്രതിജ്ഞചെയ്തു.

സാമുവല്‍ പറഞ്ഞു: "ഇസ്രായേല്‍മുഴുവന്‍ മിസ്‌പായില്‍ ഒരുമിച്ചുകൂടട്ടെ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം."

സാമുവൽ നിർദ്ദേശിച്ചതുപോലെ, 
ആബാലവൃദ്ധം ഇസ്രായേൽജനം, മിസ്‌പായില്‍ ഒരുമിച്ചുകൂടി. ഞങ്ങള്‍ കര്‍ത്താവിനെതിരായി പാപംചെയ്‌തുപോയി എന്നു വിലപിച്ചുകൊണ്ടു്, ആദിവസം മുഴുവൻ‍, അവർ ഉപവസിച്ചു പ്രാർത്ഥിച്ചു.

ഇസ്രയേൽജനത ഒന്നടങ്കം മിസ്പയിൽ ഒന്നിച്ചുകൂടിയെന്നറിഞ്ഞപ്പോൾ, ഫിലിസ്ത്യപ്രഭുക്കന്മാർ കൂടിയാലോചിച്ചു. "ഇസ്രായേൽക്കാർ മിസ്പയിൽ ഒന്നിച്ചുകൂടി നമ്മെ ആക്രമിക്കാനുള്ള തക്കംനോക്കുന്നു. അവർ നമ്മെ ആക്രമിക്കുന്നതിനുമുമ്പു്, നമ്മൾ അവരെയാക്രമിച്ചു കീഴടക്കണം."

ഫിലിസ്ത്യരുടെ അഞ്ചുപ്രഭുക്കന്മാരുടെ നേതൃത്വത്തിൽ, വലിയൊരു സൈന്യം, മിസ്പയിലേക്കു നീങ്ങി. ഇസ്രായേല്‍ക്കാര്‍ ചകിതരായി. ഫിലിസ്‌ത്യരില്‍നിന്നു തങ്ങളെ രക്ഷിക്കുന്നതിനു ദൈവമായ കര്‍ത്താവിനോടു നിരന്തരം പ്രാര്‍ത്ഥിക്കണമേയെന്ന്‌, അവർ സാമുവലിനോടപേക്ഷിച്ചു.

സാമുവൽ പറഞ്ഞു: "ദൈവത്തിന്റെ ജനമേ, നിങ്ങൾ ഭയപ്പെടരുത്. ഈ പ്രകൃതിയെത്തന്നെ, കർത്താവു നിങ്ങളുടെ ശത്രുക്കൾക്കെതിരായിത്തിരിക്കും. ധൈര്യമവലംബിക്കുക, അവിടുന്നു നിങ്ങളെ സഹായിക്കും" 

മുലകുടിമാറാത്ത ഒരാട്ടിന്‍കുട്ടിയെ, സമ്പൂര്‍ണ്ണദഹനബലിയായി, സാമുവൽ കര്‍ത്താവിനര്‍പ്പിച്ചു. അവന്‍ ഇസ്രായേലിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

ആ ദഹനബലിയുടെ അഗ്നിനാളങ്ങൾ ബലിപീഠത്തിൽനിന്നുയരുമ്പോൾത്തന്നെ, ഫിലിസ്ത്യരുടെ വലിയ സൈനികനിര, അകലെനിന്നു തങ്ങൾക്കുനേരേ പാഞ്ഞടുക്കുന്നത് 
ഇസ്രായേലുകാർകണ്ടു. ഇസ്രായേൽജനംമുഴുവൻ വലിയ ശബ്ദത്തിൽ കർത്താവിനെ സ്തുതിച്ചുകൊണ്ടിരുന്നു. 

ഫിലിസ്ത്യസൈനികർക്കും ഇസ്രായേൽക്കാർക്കുമിടയിലെ ദൂരം കുറഞ്ഞുകുറഞ്ഞുവന്നു

അപ്പോൾ അന്തരീക്ഷപ്രകൃതിയിൽ മാറ്റങ്ങൾ വന്നുതുടങ്ങി. എവിടെനിന്നോ കെട്ടഴിച്ചുവിട്ടതുപോലെയെത്തിയ കാറ്റിൽ, ആകാശത്തിലെ മേഘങ്ങൾ പാറിപ്പറന്നു...
ഫിലിസ്ത്യർ ഇസ്രായേൽക്കാരുടെ ബലിവേദിക്കരുകിലെത്താൻ ഏതാനും കാതങ്ങൾമാത്രമവശേഷിച്ചു. 

കാറ്റിന്റെ ആക്രമണം ശക്തമായപ്പോൾ, മേഘങ്ങൾ കാറ്റിനെതിരേ ഗർജ്ജിച്ചു. മേഘഗർജ്ജനത്താൽ ഭൂമി പ്രകമ്പനംകൊണ്ടു. മേഘങ്ങളിൽനിന്ന് അഗ്നിയിറങ്ങി. ആ അഗ്നിപ്രവാഹത്തിൽ, ഫിലിസ്ത്യസൈന്യത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സൈനികർ വെന്തുമരിച്ചു. അതുകണ്ട്, പിൻനിരകളിലുണ്ടായിരുന്ന ഫിലിസ്ത്യർ പിന്തിരിഞ്ഞോടി.

സാമുവലിന്റെ നിർദ്ദേശപ്രകാരം ഇസ്രായേലിലെ പുരുഷന്മാർ, മരിച്ചുവീണ ഫിലിസ്ത്യസൈനികരുടെ ആയുധങ്ങൾ കരസ്ഥമാക്കി. മിസ്‌പായില്‍നിന്ന്‌, ബത്കാര്‍വരെ അവർ ഫിലിസ്ത്യരെ പിന്തുടര്‍ന്നു വധിച്ചു.

സാമുവൽ ബത്കാറിലെത്തി. അവിടെ മിസ്‌പായ്‌ക്കും ജഷാനായ്‌ക്കുംമദ്ധ്യേ ഒരു കല്ലു സ്‌ഥാപിച്ചു. ഇത്രത്തോളം കര്‍ത്താവു നമ്മെ സഹായിച്ചു എന്ന അർത്ഥത്തിൽ സ്‌ഥലത്തിനു എബ്‌നേസര്‍ എന്നുപേരിട്ടു.

അന്നുമുതൽ ഇസ്രായേൽജനം സാമുവലിനെ ഇസ്രയേലിന്റെ ന്യായാധിപനായി അംഗീകരിച്ചു.

ഫിലിസ്ത്യർ എബ്‌നേസറിനുമപ്പുറത്തേക്കു പിന്തിരിഞ്ഞു. എക്രാണ്‍മുതല്‍ ഗത്ത്‌വരെ ഫിലിസ്‌ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ ഇസ്രായേലിനു തിരികെക്കൊടുത്തു. ഇസ്രായേല്യര്‍ തങ്ങളുടെ പ്രദേശമെല്ലാം ഫിലിസ്‌ത്യരില്‍നിന്നു വീണ്ടെടുത്തു. നാട്ടിലെങ്ങും സമാധാനമുണ്ടായി.
സാമുവൽ ഇസ്രായേലിന്റെ ന്യായാധിപനായിരുന്ന നാളുകളിൽ, ഒരിക്കൽപ്പോലും ഫിലിസ്ത്യർ ഇസ്രായേലിനെതിരേ തിരിഞ്ഞില്ല.

സാമുവല്‍ വൃദ്ധനായപ്പോള്‍, തന്റെ പിതാവായ എല്കാനയുടെ പട്ടണമായ റാമായിലെത്തി, പിതൃഭവനത്തിൽ താമസമാക്കി.

തന്റെ മക്കളായ ജോയേലിനേയും അബിയേലിനേയും ഇസ്രായേലിന്റെ ന്യായാധിപന്മാരായി അവൻ നിയമിച്ചു. എന്നാൽ, അവർ പിതാവിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നില്ല. പണമായിരുന്നു അവരുടെ ലക്ഷ്യം; അവര്‍ കൈക്കൂലി വാങ്ങുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. അന്യായമാർഗ്ഗങ്ങളിലെ സമ്പാദ്യങ്ങൾ മദ്യത്തിനും വേശ്യകൾക്കുമായി ചിലവാക്കി. അവരുടെ ദുർപ്രവൃത്തികൾ കണ്ടുമടുത്ത ഇസ്രായേലിലെ ശ്രഷ്‌ഠന്മാര്‍, റാമായില്‍ സാമുവലിന്റെ സന്നിധിയില്‍ ഒരുമിച്ചുകൂടി.

"അങ്ങു വൃദ്ധനായിരിക്കുന്നു. അങ്ങയുടെ പുത്രന്മാരാകട്ടെ അനീതിയുടെ മാർഗ്ഗത്തിലാണു ചരിക്കുന്നതു്. അതുകൊണ്ട്‌, മറ്റു ജനതകള്‍ക്കുള്ളതുപോലെ, ഞങ്ങള്‍ക്കും ഒരു രാജാവിനെ നിയമിച്ചുതരുക."

സാമുവൽ പറഞ്ഞു: "എന്റെ പുത്രന്മാർ അധർമ്മം പ്രവർത്തിക്കുന്നുവെങ്കിൽ, അവർക്കു പകരം, കർത്താവിന്റെ ഹിതമനുഷ്ഠിക്കുന്ന മറ്റാരെയെങ്കിലും ഇസ്രായേലിന്റെ ന്യായാധിപനായി തെരഞ്ഞെടുക്കാം. എന്നാൽ മറ്റു ജനതകൾക്കുള്ളതുപോലെ ഇസ്രായേലിനൊരു രാജാവു വേണ്ടാ, കാരണം ഇസ്രായേലിനെ ഭരിക്കുന്നതും നയിക്കുന്നതും ദൈവമായ കർത്താവുതന്നെയാണ്.."

എന്നാൽ ഇസ്രായേൽപ്രഭുക്കന്മാർ, തങ്ങളുടെ ആവശ്യത്തിലുറച്ചുനിന്നു. ഞങ്ങള്‍ക്കൊരു രാജാവിനെത്തരുകയെന്ന അവരുടെ ആവശ്യം സാമുവലിനിഷ്‌ടമായില്ലെങ്കിലും അവന്‍ ജനത്തിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

കർത്താവരുളിച്ചെയ്തു: "ഒരു രാജാവിനെ വേണമെന്നാവശ്യപ്പെടുമ്പോൾ, അവര്‍ നിന്നെയല്ല, തങ്ങളുടെ രാജാവായ എന്നെയാണു തിരസ്‌കരിച്ചിരിക്കുന്നത്‌.
ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവന്ന ദിവസംമുതല്‍ എന്നെയുപേക്ഷിച്ച്‌, അന്യദേവന്മാരെയാരാധിച്ചുകൊണ്ട്‌, എന്നോടു ചെയ്‌തതുതന്നെയാണ്‌ അവരിപ്പോൾ നിന്നോടും ചെയ്യുന്നത്‌. അതുകൊണ്ടിപ്പോള്‍ ജനംപറയുന്നതു കേള്‍ക്കുക. അവരെയനുസരിക്കുക. എന്നാല്‍, അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതിയെന്തെന്നു സൂക്ഷ്‌മമായി വിവരിച്ച്‌, അവര്‍ക്കു മുന്നറിയിപ്പു കൊടുക്കണം."

സാമുവൽ ഇസ്രായേൽശ്രേഷ്ഠന്മാരുടെ മുന്നിലെത്തി.
"നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവു നിങ്ങളോടു ചെയ്യാനിരിക്കുന്നതെന്തെന്നു ഞാൻ പറയാം.

തന്റെ രഥത്തിനു മുമ്പിലോടാന്‍ തേരാളികളും അശ്വഭടന്മാരുമായി അവന്‍ നിങ്ങളുടെ പുത്രന്മാരെ നിയോഗിക്കും. ആയിരങ്ങളുടെയും അമ്പതുകളുടെയും അധിപന്മാരായി അവനവരെ നിയമിക്കും. ഉഴവുകാരും കൊയ്‌ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണനിര്‍മ്മാതാക്കളുമായി അവരെ നിയമിക്കും.
നിങ്ങളുടെ പുത്രിമാരെ സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും.
നിങ്ങളുടെ വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലുംവച്ച്‌ ഏറ്റവും നല്ലത്‌, അവന്‍ തന്റെ സേവകര്‍ക്കു നല്കും.

നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത്‌, അവന്‍ തൻ്റെ കിങ്കര‍ന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും നല്കും. നിങ്ങളുടെ ദാസന്മാരെയും ദാസികളെയും ഏറ്റവുംനല്ല കന്നുകാലികളെയും കഴുതകളെയും അവന്‍ തന്റെ ജോലിക്കു നിയോഗിക്കും.
അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിന്റെ ദശാംശമെടുക്കും. നിങ്ങള്‍ അവന്റെ അടിമകളായിരിക്കും.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവുനിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. എന്നാല്‍, കര്‍ത്താവു നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല."

സാമുവലിന്റെ വാക്കുകള്‍ക്കു ജനം ചെവികൊടുത്തില്ല. അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കു രാജാവിനെ വേണം.
ഞങ്ങള്‍ക്കും മറ്റുജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം."