Sunday 18 November 2018

88. ഇസ്രായേൽരാജാവ്

ബൈബിൾക്കഥകൾ 88

പുലർച്ചെ സാമുവൽവന്നു വിളിച്ചുണർത്തിയപ്പോഴാണു സാവൂൾ കണ്ണുതുറന്നതു്.

"നിന്റെ ഭൃത്യൻ യാത്രയ്ക്കു തയ്യാറായിക്കഴിഞ്ഞു. വേഗമെഴുന്നേറ്റു തയ്യാറാവുക, വെയിൽമൂക്കുന്നതിനുമുമ്പേ നിങ്ങൾക്കു കുറച്ചേറെ ദൂരെയെത്തിച്ചേരാം."

സാവൂൾ പെട്ടെന്നുതന്നെ എഴുന്നേറ്റു തയ്യാറായി. സാവൂളും ഭൃത്യനും വിട്ടിൽനിന്നിറങ്ങിയപ്പോൾ സാമുവലും അവരോടൊപ്പം പുറപ്പെട്ടു. പട്ടണത്തിന്റെ അതിർത്തിയോളം സാമുവൽ അവരെയനുഗമിച്ചു. 

അതിർത്തിയിലെത്തിയപ്പോൾ സാമുവൽ സാവൂളിനോടു പറഞ്ഞു:
"ഭൃത്യനോടു മുമ്പേപൊയ്‌ക്കൊള്ളാന്‍ പറയുക. അവന്‍ പോയിക്കഴിയുമ്പോള്‍ ഒരു നിമിഷം ഇവിടെനില്ക്കുക. അപ്പോള്‍ ദൈവത്തിന്റെ വചനം, നിന്നോടു ഞാൻ പറയാം."


ഭൃത്യൻ മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ, തൻ്റെ മുമ്പിൽമുട്ടുകുത്തി, ശിരസ്സുനമിച്ചുനിന്ന്, കർത്താവിനെ ധ്യാനിക്കാൻ സാമുവല്‍ സാവൂളിനോടാവശ്യപ്പെട്ടു.

കൈയിൽക്കരുതിയിരുന്ന ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസ്സിലൊഴിച്ചു. അവന്റെ നെറ്റിയിൽ ചുംബിച്ചിട്ടു പറഞ്ഞു:
''തന്റെ ജനത്തിന്റെ ഭരണാധികാരിയായി, കര്‍ത്താവു നിന്നെ അഭിഷേകംചെയ്തിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളിലുംനിന്ന്‌ അവരെ സംരക്ഷിക്കുകയുംചെയ്യണം. തന്റെ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവുതന്നെയാണു നിന്നെ വാഴിച്ചിരിക്കുന്നതെന്നതിന്റെ അടയാളം ഞാൻ പറയാം.

ഇന്നു നീ, ബഞ്ചമിന്റെ നാട്ടിലെ സെല്‍സാഹില്‍, റാഹേലിന്റെ ശവകുടീരത്തിനു സമീപം രണ്ടാളുകളെക്കണ്ടുമുട്ടും. നീയന്വേഷിച്ച കഴുതകളെ കണ്ടുകിട്ടിയെന്നും, അവയെക്കുറിച്ചല്ല, എന്റെ മകനെന്തുപറ്റിയെന്നു ചോദിച്ചുകൊണ്ട്‌, നിന്നെക്കുറിച്ചാണു നിന്റെ പിതാവ്‌ ഉത്‌കണ്‌ഠാകുലനായിരിക്കുന്നതെന്നും അവര്‍ നിന്നോടു പറയും.

നിങ്ങൾ അവിടെനിന്നു നടന്നു്, താബോറിലെ ഓക്കുവൃക്ഷത്തിനു സമീപമെത്തുമ്പോള്‍, ബഥേലില്‍, ദൈവത്തിനു ബലിയര്‍പ്പിക്കാന്‍പോകുന്ന മൂന്നുപേരെക്കാണും. അവരിലൊരുവനോടൊപ്പം മൂന്ന്‌ ആട്ടിന്‍കുട്ടികളുണ്ടാകും. രണ്ടാമന്റെ കൈയിൽ മൂന്നപ്പവും മൂന്നാമന്റെ പക്കൽഒരു തോല്‍ക്കുടം വീഞ്ഞുമുണ്ടാകും.
അവര്‍, നിന്നെയഭിവാദനംചെയ്യുകയും രണ്ടണ്ടപ്പം നിനക്കു നല്കുകയുംചെയ്യും, അതു നീ സ്വീകരിക്കണം.

വീണ്ടും മുന്നോട്ടു നടക്കുമ്പോൾ, ഫിലിസ്‌ത്യര്‍ കൂടാരമടിച്ചിരിക്കുന്ന ഗിബെയായിലുള്ള ദൈവത്തിന്റെ മലയില്‍ നീയെത്തും. പട്ടണത്തിലേക്കുള്ള വഴിയിൽ  വാദ്യമേളങ്ങളോടെ മലമുകളില്‍നിന്നിറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ നീ കണ്ടുമുട്ടും. അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.
അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ്‌, ശക്തമായി നിന്നിലാവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും. 

അവിടെനിന്നു ഗിൽഗാലിലേയ്ക്കു നീ പൊയ്ക്കൊള്ളുക, ഏഴുദിവസത്തിനകം ഞാനവിടെയെത്തും."

സാവൂളിന്റെ ശിരസ്സിൽ കൈവച്ചു്. അവനെയനുഗ്രഹിച്ചശേഷം സാമുവൽ തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി.

സാമുവൽപറഞ്ഞവയെല്ലാം അതുപോലെതന്നെ സംഭവിച്ചു.
സാവൂളും ഭൃത്യനും  ഗിബെയായിലെത്തിയപ്പോള്‍ പ്രവാചകഗണത്തെ കണ്ടു.
അപ്പോൾ ദൈവത്തിന്റെ ആത്മാവ്‌ സാവൂളിൽ നിറഞ്ഞു.. അവനും അവരോടൊത്തു പ്രവചിച്ചു തുടങ്ങി.

പിന്നീടു്, അവർ ഗിൽഗാലിലേക്കു പുറപ്പെട്ടു. പറഞ്ഞിരുന്ന സമയത്തുതന്നെ മലമുകളിലെത്തി. സാവൂളിന്റെ പിതൃസഹോദരനെ അവർ അവിടെക്കണ്ടു.

"നിങ്ങൾ എവിടെപ്പോയി വരുന്നു?"

"കാണാതായ കഴുതകളെയന്വേഷിച്ചിറങ്ങിയതാണു ഞങ്ങൾ. അവയെ കണ്ടുകിട്ടാതായപ്പോൾ, ഞങ്ങൾപോയി സാമുവൽ ദീർഘദർശിയെക്കണ്ടു."

"അതേയോ, എന്നിട്ടു ദീർഘദർശി എന്തു പറഞ്ഞു?"

സാവൂള്‍ പറഞ്ഞു: "കഴുതകളെ കണ്ടുകിട്ടിയെന്ന്‌ അവന്‍ ഞങ്ങളോടു പറഞ്ഞു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയുംചെയ്തു."

എന്നാല്‍, താന്‍ രാജാവാകാന്‍പോകുന്നതിനെപ്പറ്റി സാമുവല്‍ പറഞ്ഞതൊന്നും ഇളയച്ഛനോടു പറഞ്ഞില്ല.

"അതു നന്നായി. ദീർഘദർശി ഇന്നു മിസ്പയിൽ വരുന്നുണ്ടെന്നു കേട്ടു. അദ്ദേഹത്തിന്റെ ബലിയർപ്പണത്തോടൊപ്പം പ്രാർത്ഥിക്കാനും അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാനുമായി പോവുകയാണു ഞാൻ. നീയും എന്നോടൊപ്പം വന്നോളൂ."

അവർ മിസ്പയിലെത്തിയപ്പോൾ അവിടെ ദൈവാലയത്തിനടുത്തായി വലിയൊരു ജനക്കൂട്ടം സമ്മേളിച്ചിരിക്കുന്നതായിക്കണ്ടു. 

ജനക്കൂട്ടത്തെ കണ്ടപ്പോൾ സാവൂളിന്റെ മനസ്സു ചഞ്ചലമായി. ഈ ജനതയുടെ രാജാവാകാൻ കർത്താവു തന്നെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നാണു സാമുവൽപ്രവാചകൻ പറഞ്ഞത്. ഇത്ര വലിയൊരു ജനതയെ താനെങ്ങനെ നയിക്കുമെന്ന് അവൻ ഭയന്നു. കേവലമൊരു കർഷകനായ കിഷിന്റെ പുത്രനെ, അതും മീശമുളച്ചുതുടങ്ങുന്ന ഒരു യുവാവിനെ, ഇസ്രായേൽപ്രമാണികൾ അംഗീകരിക്കുമോ?  സാവൂളിന്റെ ഹൃദയമിടിപ്പുകൂടി.

അധികംവൈകാതെ സാമുവൽപ്രവാചകൻ അവിടെയെത്തിച്ചേർന്നു. ബലിയർപ്പണത്തിനുശേഷം അവൻ ഇസ്രായേൽജനതയെ അഭിസംബോധനചെയ്തു. സാവൂൾ ഭൃത്യനെ ഇളയച്ഛനുസമീപം നിറുത്തി. ഉടനെ മടങ്ങിയെത്താമെന്നു പറഞ്ഞ്, അവിടെനിന്നുപോയി.

സാമുവൽ പറഞ്ഞു: "ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്‌ ഇപ്രകാരമരുളിച്ചെയ്യുന്നു: ഇസ്രായേലിനെ ഈജിപ്‌തില്‍നിന്നു ഞാന്‍ കൊണ്ടുവന്നു. ഈജിപ്‌തുകാരുടെയും നിങ്ങളെ പീഡിപ്പിച്ചിരുന്ന സകലരാജാക്കന്മാരുടെയും കൈകളില്‍നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു.
എന്നാല്‍, എല്ലാ ദുരിതങ്ങളിലും അത്യാഹിതങ്ങളിലുംനിന്നു നിങ്ങളെ സംരക്ഷിക്കുന്ന ദൈവത്തെ ഇന്നു നിങ്ങളുപേക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്കൊരു രാജാവിനെ വാഴിച്ചുതരുക എന്നു നിങ്ങളാവശ്യപ്പെട്ടു. അതുകൊണ്ടിപ്പോള്‍, ഗോത്രത്തിന്റെയും, കുലത്തിന്റെയുംക്രമത്തില്‍ കര്‍ത്താവിന്റെമുമ്പില്‍ നില്ക്കുവിന്‍.

അനന്തരം, സാമുവല്‍ ഇസ്രായേല്‍ഗോത്രങ്ങളുടെ ഗോത്രത്തലവന്മാരെയെല്ലാം തന്റെയടുക്കല്‍ വരുത്തി. 

പന്ത്രണ്ടുഗോത്രങ്ങളുടെയും പേരുകളിൽ ഇസ്രായേൽപ്രമാണിമാർ കുറിയിട്ടു. ബഞ്ചമിന്‍ഗോത്രത്തിനു കുറിവീണു.

കുറിയിട്ടവർ അതുറക്കേ വിളിച്ചുപറഞ്ഞപ്പോൾ, ബഞ്ചമിന്‍ഗോത്രത്തിലെ കുടുംബങ്ങളെയെല്ലാം സാമുവല്‍ തന്റെയടുക്കല്‍ വരുത്തി. 

തുടർന്ന്, ബഞ്ചമിൻഗോത്രത്തിലെ എല്ലാ കുടുംബങ്ങളുടെയുംപേരിൽ കുറിയിട്ടു. മത്രികുടുംബത്തിനാണു കുറിവീണത്‌. അവസാനം മത്രികുടുംബാംഗങ്ങൾക്കിടയിൽ കുറിയിട്ടു. കിഷിന്റെ മകനായ സാവൂളിനു കുറിവീണു. എന്നാല്‍, അവരന്വേഷിച്ചപ്പോള്‍ അവനെയവിടെക്കണ്ടില്ല.
അവന്‍ ഇവിടെ വന്നിട്ടുണ്ടോയെന്ന്‌ ഇസ്രായേൽപ്രമാണിമാർ ചോദിച്ചു. സാമുവൽ പറഞ്ഞു. "അവനി‍താ ഭാണ്ഡങ്ങള്‍ക്കിടയിലൊളിച്ചിരിക്കുന്നെന്നു കര്‍ത്താവു പറയുന്നു."

ജനങ്ങൾ ഓടിച്ചെന്ന്‌, ഒളിയിടത്തിൽനിന്നു് അവനെ കൂട്ടിക്കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍, അവന്റെ ശിരസ്സും തോളും മറ്റാരെയുംകാള്‍ ഉയര്‍ന്നുനിന്നിരുന്നു.

സാമുവല്‍ ജനക്കൂട്ടത്തോടു ചോദിച്ചു: "കര്‍ത്താവു തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? ഇസ്രായേലിൽ അവനെപ്പോലെ മറ്റാരുമില്ല."

അപ്പോള്‍, ജനം ആര്‍ത്തുവിളിച്ചു. 

"രാജാവു നീണാള്‍ വാഴട്ടെ...  ഇസ്രായേലിന്റെ രാജാവു നീണാള്‍ വാഴട്ടെ... "

സാവൂളിനെ സാമുവലിന്റെ സമീപത്തു നിറുത്തി. കർത്താവിന്റെയാത്മാവു  സാവൂളിൽ നിറഞ്ഞു. ഭയം അവനെ വിട്ടുപോയി.

സാമുവല്‍ രാജധര്‍മ്മത്തെപ്പറ്റി ജനങ്ങളോടു പറഞ്ഞു. അതെല്ലാം ഒരു പുസ്‌തകത്തിലെഴുതി കര്‍ത്താവിന്റെ പേടകത്തിനുമുമ്പിൽ വച്ചു.
ജനങ്ങളിൽച്ചിലർ, സാവൂളിനു കാഴ്ചവസ്തുക്കൾ സമർപ്പിച്ചു. ദൈവത്താല്‍ പ്രചോദിതരായ ഏതാനും യുദ്ധവീരന്മാർ സാവൂളിന്റെ അംഗരക്ഷകരാകാൻ തയ്യാറായെത്തി. 

സാവൂൾ സാമുവലിനുമുമ്പിൽ മുട്ടുകുത്തി. പ്രവാചകൻ അവന്റെ തലയിൽക്കൈവച്ചു പ്രാർത്ഥിച്ചു.

എന്നാല്‍, ചില കുബുദ്ധികള്‍ ചോദിച്ചു: "നമ്മെ രക്ഷിക്കാന്‍ ഇവനു സാധിക്കുമോ?" 

അവര്‍, അവനെയധിക്ഷേപിച്ചുസംസാരിച്ചു.. കാഴ്‌ചയൊന്നും കൊടുത്തുമില്ല. എന്നാൽ സാവൂൾ അതു ഗൗനിച്ചില്ല.

സാമുവൽ ജനങ്ങളെയെല്ലാം അവരവരുടെ വീടുകളിലേക്കു മടക്കിയയച്ചു.
സാവൂൾ പുതിയ അംഗരക്ഷകർക്കൊപ്പം ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി.

No comments:

Post a Comment