Sunday 25 November 2018

89. യുദ്ധം

ബൈബിൾക്കഥകൾ 89

രാജാവായി അഭിഷേകംചെയ്യപ്പെട്ടെങ്കിലും സാവൂളിന്റെ പതിവു ദിനചര്യകളിൽ മാറ്റമൊന്നുമുണ്ടായില്ല. അവൻ ഗിബെയാലിലെ സ്വഭവനത്തിൽത്തന്നെ കഴിഞ്ഞു. പിതാവിന്റെ വയലിൽ കൃഷിപ്പണികളിൽ വ്യാപൃതനായി. രാജാവിന്റെ അംഗരക്ഷകരായെത്തിയവർ വയലിലെ ജോലികളിൽ അവനു സഹായികളായി.
ഒരു മാസത്തിനപ്പുറം, ഒരു ദിവസം  ഉഴവുകഴിഞ്ഞ്, സാവൂൾ കാളകളുമായി വയലിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. അപ്പോൾ, ഗിബെയാലിലെ ജനങ്ങളൊന്നിച്ചു് അവനെതിരെ വരുന്നതുകണ്ടു. അവരിൽപ്പലരും ഉറക്കെ കരയുന്നുണ്ടായിരുന്നു.
ഗിബയാലുകാർക്കിടയിൽ അപരിചിതരായ രണ്ടുപേരെക്കൂടെ സാവൂൾ കണ്ടു. അമ്മോന്റെ അതിർത്തിയിലുള്ള യാബെഷ് ഗിലയാദ് എന്ന ദേശത്തു വസിക്കുന്ന ഇസ്രായേൽക്കാരുടെ ദൂതന്മാരായിരുന്നൂ അവർ.
ദൂതന്മാർ സാവൂളിനോടു പറഞ്ഞു: "അമ്മോന്‍ രാജാവായ നാഹാഷ്‌, സൈന്യസന്നാഹത്തോടെ യാബെഷ്‌ഗിലയാദ്‌ ആക്രമിക്കാനെത്തി. യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടു സന്ധിചെയ്‌തു സമാധാനത്തിൽക്കഴിയാൻ ആഗ്രഹിച്ചതിനാൽ നാഹാഷിന്റെയടുത്തേക്കു ദൂതന്മാരെ അയച്ചു.
എന്നാൽ നാഹാഷ്‌ അതിനു മറുപടി നല്കിയതിങ്ങനെയാണ്: 'ഒരു വ്യവസ്‌ഥയില്‍ ഞാന്‍ നിങ്ങളുമായി ഉടമ്പടി ചെയ്യാം. എന്റെ മേൽക്കോയ്മ നിങ്ങൾ അംഗീകരിക്കുന്നതിന്റെ അടയാളമായി നിങ്ങളുടെ ഓരോരുത്തരുടെയും വലത്തുകണ്ണു ഞാൻ ചൂഴ്ന്നെടുക്കും. അങ്ങനെ ഇസ്രായേലിനെമുഴുവൻ, ലോകത്തിനുമുമ്പിൽ പരിഹാസപാത്രമാക്കും.°
ഇതറിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ചകിതരായി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു്, യാബെഷിലെ ശ്രഷ്‌ഠന്‍മാര്‍, നാഹാഷിനോടു് ഏഴുദിവസത്തെ അവധി ചോദിച്ചു.
ഇപ്പോൾ ഇസ്രായേലിലെ എല്ലാ ദേശങ്ങളിലേക്കും ഗിലയാദിൽനിന്നു ദൂതന്മാരെ അയച്ചിട്ടുണ്ടു്. ഞങ്ങള്‍ക്ക് നാഹാഷിനെ എതിർത്തു തോല്പിക്കാനുള്ള സൈനികബലമോ ആയുധശക്തിയോ ഇല്ല. മറ്റു പ്രദേശങ്ങളിലുള്ള ഇസ്രായേൽസഹോദരങ്ങൾ ഞങ്ങളെ സഹായിക്കാനില്ലെങ്കില്‍ ഞങ്ങള്‍ അവനു വിധേയരാകേണ്ടി വരും."
ഇതുകേട്ടപ്പോൾ, സാവൂൾ കോപത്താൽവിറച്ചു. അവന്റെ സൗമ്യഭാവം വിട്ടകന്നു. തന്റെ അനുയായികളിലൊരുവന്റെ കൈയിലുണ്ടായിരുന്ന വാൾ പിടിച്ചുവാങ്ങിയ സാവൂൾ, ഒരു ജോടിക്കാളകളെ എല്ലാവരുടേയും കൺമുമ്പിൽ വെട്ടിനുറുക്കി.
കുഞ്ഞുനാൾമുതൽ അവനെ പരിചയമുണ്ടായിരുന്ന ഗിലയാദുകാർ ഒരിക്കൽപ്പോലും അവനെയിങ്ങനെ കണ്ടിരുന്നില്ല. അവന്റെ ഭാവമാറ്റം കണ്ടപ്പോൾ എല്ലാവരും ഭയന്നു.

"ഈ കാളകളുടെ മാംസക്കഷണങ്ങൾ ഇസ്രായേലിലെമ്പാടും കൊടുത്തയയ്ക്കൂ.... സാവൂളിന്റെയും സാമുവലിന്റെയും പിന്നാലെവരാന്‍ മടിക്കുന്നവനാരായാലും അവനോടും അവന്റെ കാളകളോടും ഇപ്രകാരംതന്നെ ചെയ്യുമെന്ന് എല്ലാവരുമറിയട്ടെ! സാവൂളിനോടൊപ്പമുള്ളവർ ബസേക്കിൽ ഒന്നിച്ചുകൂടട്ടെ!" 
സാവൂൾ കല്പിച്ചതുപോലെ ഗിലയാദുകാർ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലേക്കെല്ലാം സാവൂളിന്റെ സന്ദേശമെത്തിച്ചു.
സന്ധ്യമയങ്ങുംമുമ്പേ, ബസേക്ക് എന്ന പ്രദേശത്തെ മൈതാനത്തില്‍, മൂന്നുലക്ഷത്തി മുപ്പതിനായിരത്തിലധികംപേർ ഒരുമിച്ചുകൂടി.
യാബെഷ്‌ ഗിലയാദില്‍നിന്നു വന്ന ദൂതന്മാരോടു സാവൂൾ പറഞ്ഞു: "ഇസ്രായേലിന്റെ ശക്തിയെന്തെന്നു നിങ്ങൾ കാണുന്നില്ലേ? നാളെ ഉച്ചയ്‌ക്കുമുമ്പു് കർത്താവു നമ്മുടെ ശത്രുവിൽനിന്നു നിങ്ങളെ വിമുക്തരാക്കുമെന്നു നിങ്ങളുടെ ജനത്തോടു പറയുക."
ദൂതന്മാർ അപ്പോൾത്തന്നെ മടങ്ങിപ്പോയി. യാബെഷിലെ ജനങ്ങള്‍ ഈ വിവരമറിഞ്ഞപ്പോള്‍ ആനന്ദഭരിതരായി.
ബസേക്കിൽ തടിച്ചുകൂടിയ ജനങ്ങളോടു സാവുൾ പറഞ്ഞു. "മോശ കല്പിച്ചതനുസരിച്ചു ഞാൻ പറയുന്നു. പുതുതായി വിവാഹംചെയ്‌ത്, ഒരു വർഷംതികയാത്ത ആരെങ്കിലുമിവിടെയുണ്ടെങ്കിൽ  അവന്‍ തന്റെ ഭാര്യയുടെയടുത്തേക്കു മടങ്ങിപ്പോകട്ടെ. പുതുതായി വാങ്ങിയ വയലിൽ കൃഷിചെയ്തിട്ട്, ആദ്യഫലമനുഭവിക്കാത്ത ആരെങ്കിലുമിക്കൂട്ടത്തിലുണ്ടെങ്കിൽ  അവനും വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. യുദ്ധംഭയക്കുന്ന ഭീരുക്കളുണ്ടെങ്കിൽ, അവരും മടങ്ങിപ്പോകട്ടെ!
മറ്റുള്ളവർ മൂന്നു ഗണങ്ങളായിത്തിരിയുക. ഈ രാവു പുലരുന്നതിനുമുമ്പേ നമ്മുടെ ശത്രുക്കളെ കർത്താവു നമ്മുടെ കരങ്ങളിലേല്പിക്കും!"
സാമുവൽ കർത്താവിന്റെ നാമത്തിൽ സാവൂളിനേയും ജനങ്ങളേയും ആശിർവദിച്ചു.
മൂന്നു ഗണങ്ങളായിത്തിരിഞ്ഞ ഇസ്രായേൽക്കാർ, സാവൂളിന്റെ നേതൃത്വത്തിൽ, ആ രാത്രിയിൽത്തന്നെ യാബെഷ് അതിർത്തിയിലേക്കു പുറപ്പെട്ടു.
പിറ്റേദിവസം പ്രഭാതത്തില്‍ അവർ ശത്രുപാളയത്തിലേക്ക്, ഇരച്ചുകയറി. അമ്മോന്യർ ഇങ്ങനെയൊരാക്രമണം പ്രതീക്ഷിച്ചിരുന്നതേയില്ല. ഇസ്രായേലുകാർ, ഉച്ചവരെ തങ്ങളുടെ ശത്രുക്കളെ സംഹരിച്ചു. ഇസ്രായേലിന്റെ വാൾത്തലയിപ്പെടാതെ ശേഷിച്ചവര്‍, മലമ്പ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു.
ഇസ്രായേലിലെങ്ങും വലിയ ആഘോഷനാദമുയർന്നു. ജനങ്ങളിൽച്ചിലർ സാമുവലിനെ സമീപിച്ചു പറഞ്ഞു: "സാവൂള്‍ ഞങ്ങളുടെ രാജാവാകരുതെന്നു പറഞ്ഞു പിറുപിറുത്തവരെവിടെ? അവരെ വിട്ടുതരുക; ഞങ്ങളവരെ വകവരുത്തും"
സാമുവലിനു സമീപത്തുണ്ടായിരുന്ന സാവൂൾ പറഞ്ഞു: "കര്‍ത്താവ്‌, ഇസ്രായേലിനു മോചനംനല്കിയ ദിനമാണിന്ന്‌. ഇന്ന് ഇസ്രായേലിലാരും വധിക്കപ്പെടരുത്."
സാമുവൽ പറഞ്ഞു: "നമുക്കു ഗില്‍ഗാലിലേക്കു പോകാം. ഒരിക്കല്‍ക്കൂടെ സാവൂളിനെ രാജാവായി പ്രഖ്യാപിക്കാം. ഇസ്രായേലിൽ ഒരുവൻപോലും ഇനി സാവൂളിനെ എതിർത്തു സംസാരിക്കില്ല."
ജനങ്ങൾ ഗില്‍ഗാലിൽ സമ്മേളിച്ചു. അവിടെ വിശുദ്ധസ്ഥലത്തുവച്ച്‌, സാവൂളിനെ വീണ്ടുമവര്‍ രാജാവായി പ്രഖ്യാപിച്ചു. കര്‍ത്താവിന്റെ സന്നിധിയില്‍ സമാധാനബലികളര്‍പ്പിക്കപ്പെട്ടു.
സാവൂളിന്റെ രാജാഭിഷേകത്തിന്റെ ആഘോഷങ്ങൾ ഒരാഴ്ച നീണ്ടുനിന്നു. സാവൂളും ഇസ്രായേല്‍ജനവും സാഘോഷമുല്ലസിച്ചു.

No comments:

Post a Comment