Sunday 2 December 2018

90. പ്രഭാഷണം

ബൈബിൾക്കഥകൾ 90

തന്റെ അധികാരത്തിൻകീഴിലുള്ള പ്രദേശങ്ങളിലെല്ലാം സാവൂൾ ചുറ്റിസ്സഞ്ചരിച്ചു. എല്ലാ ഗോത്രങ്ങളിലുംനിന്ന്, ധീരരായ ചെറുപ്പക്കാരെക്കണ്ടെത്തി,  സൈനികപരിശീലനം നല്കി.

ഇസ്രായേൽജനത വസിച്ചിരുന്ന പലപ്രദേശങ്ങളിലും ഫിലിസ്ത്യർ ആധിപത്യം പുലർത്തിയിരുന്നു. അത്തരമിടങ്ങളിലെല്ലാം സാവൂളിന്റെ സൈന്യം ഫിലിസ്ത്യരുടെ ഭടന്മാരെനേരിട്ടു പരാജയപ്പെടുത്തി. ഇസ്രായേൽവംശജർ പാർത്തിരുന്ന പ്രദേശങ്ങളെല്ലാം സാവൂളിന്റെ നിയന്ത്രണത്തിലായി.
അക്കാലംവരെയും ഒരു ജനതമാത്രമായിരുന്ന ഇസ്രായേൽ, ഒരു രാജ്യമായറിയപ്പെട്ടുതുടങ്ങി. 

ഇസ്രായേലിലും അയൽരാജ്യങ്ങളിലുമെല്ലാം സാവൂളിന്റെ രാജത്ത്വമംഗീകരിക്കപ്പെട്ടു. 
സാമുവലിൻ്റെ നിർദ്ദേശപ്രകാരം,  ഇസ്രായേൽജനത ഗിൽഗാലിലൊത്തുചേരാൻ സാവൂൾ വിളംബരം പുറപ്പെടുവിച്ചു.
ഗിൽഗാലിൽ, സാവൂൾരാജാവിൻ്റെ സാന്നിദ്ധ്യത്തിൽ, സാമുവൽപ്രവാചകൻ
ഇസ്രായേല്‍ജനത്തോടു സംസാരിച്ചു: 

"നിങ്ങള്‍ എന്നോടാവശ്യപ്പെട്ടതൊക്കെ ഞാന്‍ ചെയ്‌തുതന്നു. നിങ്ങൾക്കായി ഞാനൊരു രാജാവിനെ വാഴിച്ചു.
ഇനി നിങ്ങളെ നയിക്കാന്‍ ശക്തനായൊരു രാജാവിവിടെയുണ്ട്‌. 

എൻ്റെ യൗവനംമുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങളെ നയിച്ചുപോന്നു. ജരാനരകള്‍ബാധിച്ച വൃദ്ധനായി, ഞാനിപ്പോൾ നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു. എൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ  കര്‍ത്താവിന്റെയും അവിടുത്തെ അഭിഷിക്‌തനായ രാജാവിൻ്റെയും മുമ്പിൽവച്ച് നിങ്ങളെന്നെ കുറ്റപ്പെടുത്തുവിൻ...

ആരുടെയെങ്കിലും സ്വത്തുവകകൾ ഞാനപഹരിച്ചിട്ടുണ്ടോ? ആരെയെങ്കിലും വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്‌തിട്ടുണ്ടോ? ആരില്‍നിന്നെങ്കിലും കൈക്കൂലിവാങ്ങി, സത്യത്തിനുനേരേ ഞാൻ കണ്ണടച്ചിട്ടുണ്ടോ? ഞാൻ കുറ്റങ്ങളെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്കെന്നെ പരസ്യമായി വിചാരണചെയ്യാം.''

എല്ലാ ഗോത്രങ്ങളിലുംനിന്നുള്ള ശ്രേഷ്ഠന്മാർ മുമ്പോട്ടുവന്നു വേദിയിൽക്കയറി. റൂബൻഗോത്രംമുതൽ ബെഞ്ചമിൻഗോത്രംവരെയുള്ള പന്ത്രണ്ടു ഗോത്രത്തലവന്മാരും സാമുവൽപ്രവാചകൻ്റെ നന്മകളെടുത്തുപറഞ്ഞു സംസാരിച്ചു. പ്രവാചകനെ കുറ്റപ്പെടുത്തുന്ന ഒരു വാക്കുപോലും ആരും പറഞ്ഞില്ല.

എല്ലാവരും സംസാരിച്ചുകഴിഞ്ഞപ്പോൾ സാമുവൽ വീണ്ടും ജനങ്ങളോടു സംസാരിച്ചു. 

"ഞാന്‍ തികച്ചും നിഷ്‌കളങ്കനാണെന്നു നിങ്ങള്‍ കണ്ടുവെന്നതിന്, കര്‍ത്താവും അവിടുത്തെ അഭിഷിക്തനായ രാജാവും സാക്ഷിയാണ്‌." 

ജനങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞു: "അതേ, കര്‍ത്താവ്‌ സാക്ഷി...."

ജനങ്ങളോടു ശാന്തരാകാൻ ആംഗ്യംകാണിച്ചുകൊണ്ട്, സാമുവല്‍ തുടര്‍ന്നു: "മോശയെയും അഹറോനെയും നിയമിക്കുകയും നമ്മുടെ പിതാക്കന്മാരെ ഈജിപ്‌തില്‍നിന്നു മോചിപ്പിക്കുകയുംചെയ്‌ത കര്‍ത്താവ്‌ സാക്ഷിയായി
എൻ്റെ വാക്കുകൾ കേൾക്കുക.. നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും കര്‍ത്താവുചെയ്‌ത വലിയ കാര്യങ്ങളോര്‍മ്മപ്പെടുത്തിക്കൊണ്ട്,‌ ഞാനിപ്പോൾ നിങ്ങളെ കര്‍ത്താവിൻ്റെമുമ്പിൽ കുറ്റപ്പെടുത്താന്‍പോകുകയാണ്‌."

ജനങ്ങൾ നിശ്ശബ്ദരായി സാമുവലിൻ്റെ വാക്കുകൾക്കു കാതോർത്തു.

"യാക്കോബ്‌ ഈജിപ്‌തിലെത്തുകയും അവന്റെ സന്തതികളെ ഈജിപ്‌തുകാര്‍ ഞെരുക്കുകയുംചെയ്‌തപ്പോള്‍ അവർ കര്‍ത്താവിനോടു കരഞ്ഞപേക്ഷിച്ചു. അവിടുന്നു മോശയെയും അഹറോനെയും വിമോചകരായയച്ചു. 

അവര്‍ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്‌തില്‍നിന്നുകൊണ്ടുവന്ന്,‌ ഈ കാനാൻദേശത്തേയ്ക്കു നയിച്ചു. 

പക്ഷേ, നിങ്ങളുടെ പിതാക്കന്മാർ, ദൈവമായ കര്‍ത്താവിനെ വിസ്‌മരിച്ചതിനാൽ അവിടുന്ന‌വരെ ഹസോറിലെ യാബിന്‍രാജാവിന്റെയും സേനാധിപനായ സിസേറായുടെയും മൊവാബുരാജാവിന്റെയും ഫിലിസ്‌ത്യരുടെയും കരങ്ങളിലേല്പിച്ചു. അവര്‍ ഇസ്രായേലിനോടു യുദ്ധംചെയ്‌തു.

അപ്പോൾ ഇസ്രായേല്‍, കര്‍ത്താവിനോടു കേണുപറഞ്ഞു: "ഞങ്ങള്‍ പാപംചെയ്‌തുപോയി. കര്‍ത്താവിനെയുപേ‌ക്ഷിച്ച്‌ ബാലിന്റെയും അഷ്‌ത്താര്‍ത്തെയുടെയും ബിംബങ്ങളെ ഞങ്ങളാരാധിച്ചു. ഇപ്പോള്‍ ശത്രുക്കളുടെ കരങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിച്ചാൽ, ഞങ്ങള്‍ അവിടുത്തെമാത്രം സേവിച്ചുകൊള്ളാം'.

കര്‍ത്താവ് അവരുടെ പ്രാർത്ഥനകേട്ടു.‌ ജറുബ്ബാലിനെയും ബാറാക്കിനെയും ജഫ്തായെയും സാമുവലിനെയുമയച്ച്‌ എല്ലാശത്രുക്കളിലുംനിന്ന്, ഇന്നിതുവരെ‌ നിങ്ങളെ രക്ഷിച്ചു. നിങ്ങള്‍ സുരക്ഷിതരായി വസിച്ചു. 

അമ്മോന്യരുടെ രാജാവായ നാഹാഷ്‌, നിങ്ങളെയാക്രമിക്കാനുദ്യമിച്ചപ്പോള്‍, ദൈവമായ കര്‍ത്താവ്‌ നിങ്ങളുടെ രാജാവായിരുന്നിട്ടും, ഞങ്ങളെ ഭരിക്കാനൊരു രാജാവു ‌വേണമെന്നു നിങ്ങളെന്നോടു പറഞ്ഞു.

നിങ്ങളുടെ ആവശ്യമനുസരിച്ച്, നിങ്ങള്‍ തിരഞ്ഞെടുത്ത രാജാവ്, ഇതാ, ഇപ്പോൾ നിങ്ങളുടെ മുമ്പിലുണ്ട്! 

നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും കര്‍ത്താവിനെ ബഹുമാനിക്കുകയും സേവിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും കല്പനകള്‍ ധിക്കരിക്കാതിരിക്കുകയും  ദൈവമായ കര്‍ത്താവിനെ അനുഗമിക്കുകയുംചെയ്‌താല്‍ എല്ലാം ശുഭമായിരിക്കും.

എന്നാൽ നിങ്ങള്‍ കര്‍ത്താവിനെ അനുസരിക്കാതിരുന്നാൽ, അവിടുന്നു നിങ്ങള്‍ക്കും നിങ്ങളുടെ രാജാവിനുമെതിരായിരിക്കും."

ജനങ്ങൾ വിളിച്ചുപറഞ്ഞു: "ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട്,‌ കര്‍ത്താവിന്റെ ദൃഷ്‌ടിയില്‍ ഞങ്ങള്‍ തിന്മപ്രവര്‍ത്തിച്ചു. ഞങ്ങൾക്കും ഞങ്ങളുടെ രാജാവിനുംവേണ്ടി, ദൈവമായ കര്‍ത്താവിനോട്, അങ്ങു പ്രാര്‍ത്ഥിക്കണമേ!" 

സാമുവല്‍, ജനത്തോടു പറഞ്ഞു: ''ഭയപ്പെടേണ്ടാ, നിങ്ങള്‍ ഈ തിന്മകളെല്ലാം ചെയ്‌തു. എന്നാലും, കര്‍ത്താവിനെയനുഗമിക്കുന്നതില്‍നിന്നു‌ പിന്മാറരുത്‌. പൂര്‍ണ്ണഹൃദയത്തോടെ അവിടുത്തെ സേവിക്കുവിന്‍.
തൻ്റെ നാമത്തെപ്രതി, കര്‍ത്താവു നിങ്ങളെ പരിത്യജിക്കുകയില്ല. 

നിങ്ങള്‍ക്കുവേണ്ടി തുടര്‍ന്നു പ്രാര്‍ത്ഥിക്കാതെ, കര്‍ത്താവിനെതിരേ പാപംചെയ്യാന്‍ എനിക്കിടവരാതിരിക്കട്ടെ! എൻ്റെ ജീവിതാന്ത്യംവരെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാർത്ഥിക്കുകയും നിങ്ങൾക്കു നേര്‍വഴിയുപദേശിക്കുകയുംചെയ്യും. നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും വിശ്വസ്‌തതയോടുംകൂടെ കര്‍ത്താവിനെ സേവിക്കുവിന്‍. അവിടുന്നു നിങ്ങള്‍ക്കുചെയ്‌ത മഹാകാര്യങ്ങള്‍ വിസ്മരിക്കരുത്.
ഇനിയും നിങ്ങൾ പാപംചെയ്‌താല്‍ അവിടുന്നു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും അന്യജനതകളുടെ കരങ്ങളിലേല്പിക്കും... കർത്താവിനോടുകൂടെയായിരിക്കുക, അവിടുന്നു നിങ്ങളെ സംരക്ഷിക്കും"

സാമുവൽ, സാവൂൾരാജാവിനുവേണ്ടിയും ഇസ്രായേൽജനങ്ങൾക്കുവേണ്ടിയും കർത്താവിനോടു പ്രാർത്ഥിച്ചു. സാവൂൾ, സാമുവലിനുമുമ്പിൽ ശിരസ്സു നമിച്ചു. പ്രവാചകൻ, കർത്താവിൻ്റെ നാമത്തിൽ രാജാവിനെയനുഗ്രഹിച്ചു. 

No comments:

Post a Comment