Sunday 9 December 2018

91. ജോനാഥൻ

ബൈബിൾക്കഥകൾ 91

തന്റെ പിതൃഗോത്രമായ ബഞ്ചമിൻഗോത്രത്തിൽനിന്നുതന്നെ സാവൂൾ തനിക്കായി ഒരു വധുവിനെക്കണ്ടെത്തി. നാലു പുത്രന്മാരെയും രണ്ടു പുത്രിമാരെയും നല്കി,  ആ രാജദമ്പതിയെ കർത്താവനുഗ്രഹിച്ചു.
സാവൂളിന്റെ സീമന്തപുത്രനായ ജോനാഥൻ ധീരനായ ഒരു പോരാളിയായി വളർന്നു. കൗമാരത്തിൽത്തന്നെ അവൻ ഇസ്രായേൽസൈന്യത്തിന്റെ സൈന്യാധിപനായി സ്ഥാനമേറ്റു.
ഇസ്രായേൽരാജ്യത്തിനുള്ളിലേക്കുകടന്നു സ്ഥിതിചെയ്തിരുന്ന ഗേബാപ്പട്ടണം, ഫിലിസ്ത്യരുടെ ശക്തികേന്ദ്രമായിരുന്നു. അവിടെ അവർക്കൊരു സൈനികകേന്ദ്രവുമുണ്ടായിരുന്നു. 
ഗേബായിലെ, ഫിലിസ്ത്യരുടെ സൈനികതാവളം, ഇസ്രായേലിനു ഭീഷണിയാകുമെന്നു തിരിച്ചറിഞ്ഞ ജോനാഥൻ, തന്റെ സൈന്യത്തെ ഗേബായിലേക്കു നയിച്ചു. ജോനാഥന്റെയും കൂട്ടരുടേയും ശക്തമായ ആക്രമണത്തിൽ ഗേബായിലെ ഫിലിസ്ത്യസൈന്യം തോറ്റോടി.
''ജോനാഥാന്‍ ഫിലിസ്‌ത്യരുടെ ശക്തികേന്ദ്രം തകർത്തത്, ഇസ്രായേലിൽ മുഴുവൻപേരുമറിയണം. രാജ്യമൊട്ടുക്കും വിജയകാഹളം മുഴങ്ങട്ടെ..." സാവൂൾ കല്പിച്ചു.
ഇസ്രായേലിലെ വിജയകാഹളംകേട്ട്, ചുറ്റുവട്ടങ്ങളിലുള്ള ഫിലിസ്ത്യപ്രഭുക്കന്മാർ ഒരുമിച്ചുകൂടി.
''കേവലമൊരു കൗമാരക്കാരനുമുമ്പിൽ ഫിലിസ്ത്യരുടെ ധീരസൈനികർക്കു തോറ്റോടേണ്ടിവന്നതു വലിയ പരാജയമാണ്. സാവൂളും പുത്രനായ ജോനാഥനും ഇനിയും ജീവനോടിരുന്നാൽ, അതു നമ്മുടെ നിലനില്പിനെത്തന്നെ ദോഷകരമായി ബാധിക്കും. ഗേബായിലെ പരാജയത്തിനു നമ്മൾ ശക്തമായ തിരിച്ചടി നല്കണം. സാവൂളിനേയും പുത്രനേയും ജീവനോടെ പിടികൂടണം. എന്നിട്ട്, ഫിലിസ്ത്യർക്കെതിരേ കരമുയർത്തുവാൻ ഇനിയുമൊരാളും ധൈര്യപ്പെടാത്തരീതിയിൽ അവരുടെ വധശിക്ഷ നടപ്പിലാക്കണം...."
ഫിലിസ്‌ത്യരുടെ സംയുക്തസൈന്യം, മുഴുവൻശക്തിയോടെ യുദ്ധത്തിനു സജ്ജമായി. മുപ്പതിനായിരം രഥങ്ങള്‍, ആറായിരം കുതിരപ്പടയാളികള്‍, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പട... 
ബത്താവനു കിഴക്കുള്ള മിക്‌മാഷില്‍ അവർ കൂടാരമടിച്ചു.
ഇസ്രായേൽക്കാർ അപകടസ്ഥിതി തിരിച്ചറിഞ്ഞു അവര്‍ ഗുഹകളിലും മാളങ്ങളിലും പാറക്കെട്ടുകളിലും ശവകുടീരങ്ങളിലും കിണറുകളിലും ഒളിസങ്കേതങ്ങൾ കണ്ടെത്തി. ചിലരാകട്ടെ, ജോർദ്ദാൻനദി കടന്ന്, ഗാദിലേക്കും ഗിലയാദിലേക്കും പാലായനംചെയ്തു. മറ്റു ചിലർ ഫിലിസ്ത്യരുടെ പക്ഷംചേർന്നു സാവൂളിനെതിരെ യുദ്ധംചെയ്യാൻ തയ്യാറായി.
സാവൂളും ജോനാഥനും ഗില്‍ഗാലില്‍ത്തന്നെയുണ്ടായിരുന്നു. മൂവായിരത്തോളം  അനുയായികൾമാത്രമാണ് അവർക്കൊപ്പമുണ്ടായിരുന്നതു്. സാവൂളും ജോനാഥനും ധൈര്യംപകർന്നിട്ടും അനുയായികളെല്ലാം ചകിതരായിരുന്നു.
സാവൂൾ, സാമുവലിന്റെയടുത്തേക്കു് ഒരു ദൂതനെയയച്ചു.
"ഏഴുദിവസത്തിനുള്ളിൽ ഞാൻ ഗിൽഗാലിലെത്തും അതുവരെ കാത്തിരിക്കുക. കർത്താവു നിങ്ങളെ സംരക്ഷിക്കും." സാമുവൽ ദൂതൻവശം മറുപടിസന്ദേശം കൊടുത്തയച്ചു.
സാവൂള്‍ സാമുവലിന്റെ നിര്‍ദ്ദേശമനുസരിച്ച്‌, ഏഴുദിവസം അവനുവേണ്ടി കാത്തിരുന്നു. എന്നാല്‍, സാമുവൽ വന്നില്ല. ദൈവപുരുഷനെ കാണാതയതോടെ, ഒപ്പമുണ്ടായിരുന്നവരിൽക്കുറേപ്പേർ സാവൂളിനെ വിട്ടുപോയി.
തന്നോടൊപ്പമവശേഷിച്ചവരോടുസാവൂള്‍ പറഞ്ഞു: ''ദഹനബലിക്കും സമാധാനബലിക്കുമുള്ള വസ്‌തുക്കള്‍ എന്റെയടുത്തു കൊണ്ടുവരുവിന്‍. നമുക്കുവേണ്ടി ബലിയർപ്പിക്കാൻ ഒരു പുരോഹിതനില്ലാത്തതിനാൽ, ഞാൻതന്നെ ബലിയർപ്പണംനടത്താം."
സാവൂൾ കർത്താവിന്റെ ബലിപീഠത്തിൽ ദഹനബലിയര്‍പ്പിച്ചു. ബലിയർപ്പണമവസാനിച്ചപ്പോൾ സാമുവൽ അവിടെയെത്തി. സാവുൾ ജോനാഥനോടൊപ്പംചെന്ന്, സാവൂളിനെ അഭിവാദനംചെയ്തു സ്വീകരിച്ചു.
എന്നാൽ സാമുവൽ കോപിഷ്ഠനായിരുന്നു. അവൻ ചോദിച്ചു. "നീയെന്താണു ചെയ്‌തത്‌?"
സാവൂള്‍ പറഞ്ഞു: "നിശ്ചിതദിവസംകഴിഞ്ഞിട്ടും അങ്ങയെക്കാണാതായപ്പോൾ ജനങ്ങള്‍ എന്നെവിട്ടുപോയിത്തുടങ്ങി. മൂവായിരത്തോളംപേർ എന്നോടൊപ്പമുണ്ടായിരുന്നതിൽ എണ്ണൂറുപേർമാത്രമാണ് ഇപ്പോളവശേഷിക്കുന്നത്.
ലക്ഷത്തിലധികം സൈനികരുമായി ഫിലിസ്‌ത്യര്‍ മിക്‌മാഷില്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. ശത്രു എന്നെ ആക്രമിക്കുന്നുവെന്നും കര്‍ത്താവിന്റെ സഹായം ഞാനപേക്ഷിച്ചിട്ടില്ലല്ലോയെന്നും ഞാനോര്‍ത്തു. അതിനാല്‍, ദഹനബലിയര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി."
സാമുവല്‍ പറഞ്ഞു: "നീ ചെയ്‌തതു വലിയ വിഡ്ഢിത്തമാണ്. പുരോഹിതനായല്ലാ, ജനത്തിനു രാജാവായാണു കർത്താവു നിന്നെ അഭിഷേകംചെയ്തത്. നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്പന നീയനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്നു നിന്റെ രാജത്ത്വം ഇസ്രായേലില്‍ എന്നേയ്ക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.
എന്നാല്‍, നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്റെ ഹിതം നീ മാനിക്കാതിരുന്നതിനാൽ, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്‌. ജനത്തിനു രാജാവായിരിക്കാന്‍ അവനെ നിയോഗിച്ചുകഴിഞ്ഞു."
സാമുവലിന്റെ വാക്കുകൾകേട്ട സാവൂൾ ഖിന്നനായി.
"ഈ യുദ്ധത്തോടെ അതു സംഭവിക്കുമോ? കടൽത്തീരത്തെ മണൽത്തരിപോലെ അസംഖ്യമായ സൈനികരുമായി, ഫിലിസ്ത്യർ യുദ്ധസന്നാഹത്തോടെ നില്ക്കുന്നു. എന്നോടൊപ്പമാകട്ടെ അറുനൂറുപേർമാത്രം. ഞാനെന്താണു ചെയ്യേണ്ടത്?"
"ഫിലിസ്ത്യരുടെ സംഖ്യാബലംകണ്ടു നീ പരിഭ്രമിക്കേണ്ട. കർത്താവു വിജയംനല്കുന്നതു സൈന്യത്താലും ആയുധബലത്താലുമല്ലാ. നിനക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കാം. ഞാനിപ്പോൾ ഗേബായിലേക്കു പോകുന്നു. എന്റെ സഹായിയായ അഹിയാ, വാഗ്ദാനപേടകം വഹിക്കുന്ന ലേവ്യർക്കൊപ്പം നിന്റെ സമീപത്തുതന്നെയുണ്ടാകും"
സാവൂളും പുത്രന്‍ ജോനാഥാനും അവരോടൊപ്പമുണ്ടായിരുന്ന അറുന്നൂറു സൈനികരും ഗേബായിലെ കുന്നിൻമുകളിൽ, ഒരു മാതളനാരകത്തോട്ടത്തിൽ പാളയമടിച്ചു. അവിടെനിന്നുനോക്കിയാൽ, മിക്‌മാഷിലെ ഫിലിസ്‌ത്യരുടെ സൈനികകൂടാരങ്ങൾ കാണാനാകുമായിരുന്നു.
സാവൂൾ പാളയമടിച്ച മാതളനാരകത്തോട്ടത്തിനിരുവശവും കീഴ്ക്കാംതൂക്കായ പാറകളായിരുന്നു. ഒന്നു മിക്‌മാഷിനഭിമുഖമായി വടക്കുവശത്തും മറ്റേതു ഗേബായ്‌ക്ക്‌ അഭിമുഖമായി തെക്കുവശത്തും ഉയര്‍ന്നുനിന്നിരുന്നു. അവയ്ക്കിടയിലെ സമതലത്തിൽ, തന്റെ ആയുധവാഹകനോടൊപ്പം നിന്ന്, മിക്‌മാഷിൽ താവളമടിച്ചിരിക്കുന്ന ഫിലിസ്ത്യസൈന്യത്തെ ജോനാഥൻ നിരീക്ഷിച്ചു.
നിരവധി ഇരുമ്പു രഥങ്ങളും ആയിരക്കണക്കായ കുതിരപ്പടയാളികളും എണ്ണിയാലൊടുങ്ങാത്ത കാലാൾപ്പടയും!
ജോനാഥാന്‍ ആയുധവാഹകനോടു പറഞ്ഞു: "ഇത്ര വലിയൊരു സൈന്യത്തിനുമുമ്പിൽ നമ്മുടെ അറുന്നൂറുപേർ വെറും നിസ്സാരം. നേരിട്ടുള്ളൊരു യുദ്ധത്തിൽ നമുക്കവരെ തോല്പിക്കാനാകില്ല.
ഇപ്പോൾ നീയെന്നോടൊപ്പം വരുക, നമ്മൾ രണ്ടുപേർമാത്രമായി ഈ  സൈന്യത്തിനുനേരേ ചെല്ലാം. കര്‍ത്താവു നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? ആളേറിയാലും കുറഞ്ഞാലും കര്‍ത്താവിനു രക്ഷിക്കാന്‍ തടസ്സമില്ലല്ലോ."
"അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം. മരണംവരെ, അങ്ങയോടുകൂടെ ഞാനുണ്ടാകും"
ജോനാഥാന്‍ പറഞ്ഞു: "നമുക്ക്‌, അവരുടെനേരേചെന്ന്‌, കാവൽ ഭടന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാം. കൂറുമാറിയെത്തിയ ഹെബ്രായർ എന്നുകരുതി, അവർ നമ്മളെ സ്വീകരിച്ചാൽ, കർത്താവവരെ നമ്മുടെ കൈയിലേല്പിച്ചുവെന്നു കരുതാം. അതല്ലെങ്കിൽ നമ്മളാലാവുന്നത്ര കരുത്തോടെ ശത്രുവിനെ പ്രഹരിച്ചുകൊണ്ടു വീരമൃത്യുവരിക്കാം..."
അപ്പോൾ സമയം സൂര്യാസ്തമയത്തോടടുത്തിരുന്നു. ചെങ്കതിരുകൾവീണ പാറക്കെട്ടുകളിൽപ്പിടിച്ച്, ജോനാഥനും ആയുധവാഹകനും താഴേയ്ക്കു തൂങ്ങിയിറങ്ങി.
ഇരുൾമൂടുന്നതിനുമുമ്പുതന്നെ, ഇരുവരും ഫിലിസ്ത്യപാളയത്തിനു സമീപമെത്തി.
പ്രധാനപാളയത്തിൽനിന്ന് അല്പമകലെയായി ഇരുപതോളം കാവൽസൈനികർ നിലയുറപ്പിച്ചിരുന്നു. തങ്ങളുടെ പാളയത്തിനുനേരെ രണ്ടു ഹെബ്രായർ നടന്നുവരുന്നത് അവരുടെ ദൃഷ്ടിയിൽപ്പെട്ടു...

No comments:

Post a Comment