Sunday 16 December 2018

92. ജോനാഥന്റെ വിജയം

ബൈബിൾക്കഥകൾ 92
സമയം സന്ധ്യയോടടുത്തു. സൂര്യൻ ചക്രവാളത്തിനപ്പുറം മറഞ്ഞുകഴിഞ്ഞെങ്കിലും അപ്പോഴും ബാക്കിയായിരുന്ന മങ്ങിയവെളിച്ചത്തിൽ, ജോനാഥനും ആയുധവാഹകനും തങ്ങളുടെ സൈനികത്താവളത്തിനുനേരേ നടന്നുവരുന്നതു ഫിലിസ്ത്യരുടെ കാവൽസൈനികർ കണ്ടു. 
നിരവധി ഇസ്രായേൽക്കാർ, കൂറുമാറി ഫലിസ്ത്യപക്ഷത്തുചേർന്ന്, സാവൂളിനെതിരെ യുദ്ധത്തിനു തയ്യാറായിരുന്നതിനാൽ, രണ്ടു ഹെബ്രായർ തങ്ങളുടെ താവളത്തിലേക്കു കടന്നുവരുന്നതു കണ്ടതിൽ അവർക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല
"നോക്കൂ, ഹെബ്രായരിൽചിലർ വീണ്ടും ഒളിത്താവളങ്ങളിൽനിന്നു പുറത്തുവന്നിരിക്കുന്നു."
"വരട്ടെ, വരട്ടെ! ഒരുപക്ഷേ, സാവൂളിനേയും പുത്രനേയും കാണിച്ചുതരാൻ അവർക്കു കഴിഞ്ഞേക്കാം."
കാവൽസൈനികർ പരസ്പരം പറഞ്ഞു.
ജോനാഥനും ആയുധവാഹകനും  കാവൽഭടന്മാരുടെ കൂടാരങ്ങൾക്കടുത്തെത്തിയപ്പോൾ ഫിലിസ്ത്യർ അവരെ ഹാർദ്ദമായി സ്വാഗതംചെയ്തു.
"വരൂ, വരൂ ഹെബ്രായരേ, സാവൂളിനേയും പുത്രനേയും കാണിച്ചുതരുന്നവർക്കുള്ള സമ്മാനങ്ങൾ എന്തൊക്കെയാണെന്നറിയാൻ അകത്തേക്കു വരൂ...."
ജോനാഥൻ ആയുധവാഹകനെ നോക്കി. ചെറിയ ശബ്ദത്തിൽ പറഞ്ഞു. "അവർ നമ്മളെ സംശയിക്കുന്നില്ല, കർത്താവ് അവരെ നമുക്കേല്പിച്ചുവെന്നതിനു തെളിവാണിത്. ധൈര്യപൂർവ്വം നമുക്ക് അകത്തേക്കു ചെല്ലാം."
ജോനാഥനും ആയുധവാഹകനും കൂടാരത്തിനകത്തു കടന്നു. യുദ്ധനിപുണരായ ഇരുപതു കാവൽഭടന്മാർ അവിടെയുണ്ടായിരുന്നു. അവരുടെ നേതാവു പറഞ്ഞു.
"സാവൂളിനും പുത്രനായ ജോനാഥനും തങ്ങളെ രക്ഷിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞുവരുന്നവരെ ഞങ്ങൾ സംരക്ഷിക്കും. എന്നാൽ അതിനേക്കാൾ വലുതായി ഒന്നുകൂടെയുണ്ട്. സാവൂളിനേയും ജോനാഥനേയും കാണിച്ചുതരാൻ നിങ്ങൾക്കായാൽ, നിങ്ങൾ വലിയ ബഹുമതികൾക്കർഹരാകും."
ജോനാഥൻ കാവൽഭടന്മാരെ നോക്കി പുഞ്ചിരിതൂകി. പിന്നെ ശാന്തനായി പറഞ്ഞു. "നിങ്ങളുടെ സൗമനസ്യത്തിനു നന്ദി. ഞാനാദ്യം ജോനാഥനെ കാണിച്ചുതരാം, കൺനിറയെ കണ്ടോളൂ"
അടുത്ത നിമിഷം, ആയുധവാഹകന്റെ കൈകളിലുണ്ടായിരുന്ന വാളുകളിലൊന്ന്, ജോനാഥന്റെ കൈകളിലെത്തി. ജോനാഥന്റെയും ആയുധവാഹകന്റേയും കൈകളും ചുവടുകളും അതിവേഗത്തിൽ ചലിച്ചു. അവരുടെ വാളുകളിൽ വീണ്ടും ഫിലിസ്ത്യരക്തം പുരണ്ടു. എന്താണു സംഭവിക്കുന്നതെന്നു ഫിലിസ്ത്യർ തിരിച്ചറിയുന്നതിനുമുമ്പേ, ഇരുപതു കബന്ധങ്ങൾ നിലംപറ്റി, ശിരസ്സുകൾ മണ്ണിലുരുണ്ടു.
കാവൽപ്പാളയത്തിൽനിന്നുയർന്ന അലർച്ചകളും രോദനങ്ങളും ഫിലിസ്ത്യസൈനികർക്കിടയിൽ അമ്പരപ്പുളവാക്കി. ഫിലിസ്ത്യർക്കിടയിൽ അതിഭയങ്കരമായ സംഭ്രാന്തി പടര്‍ന്നു. കൈയിൽക്കിട്ടിയ ആയുധങ്ങളുമായി അവർ കാവൽപ്പാളയത്തിനടുത്തേക്കു പാഞ്ഞു.
ജോനാഥനും ആയുധവാഹകനും സമീപത്തുണ്ടായിരു ഒരു ഗുഹയ്ക്കുള്ളിലൊളിച്ചു.
ഇരുൾമൂടിത്തുടങ്ങിയിരുന്നതിനാൽ കാവൽപ്പാളയത്തിനടുത്തെത്തിയ ഫിലിസ്ത്യർക്കു ശത്രുവാരെന്നു തിരിച്ചറിയാനായില്ല. അവർ പരസ്പരം കൊന്നൊടുക്കി.
ഫിലിസ്ത്യപാളയത്തിലെ യുദ്ധസമാനമായ ആരവവും മുറവിളികളും ബഞ്ചമിനിലെ ഗിബെയായിലുണ്ടായിരുന്ന സാവൂളിന്റെ സൈനികർ കേട്ടു.
തന്നോടുകൂടെയുണ്ടായിരുന്നവരോടു  സാവൂള്‍ പറഞ്ഞു: "ആരോ ഫിലിസ്ത്യതാവളത്തിൽക്കടന്ന് ആക്രമിക്കുന്നുണ്ടു്. നമ്മുടെ കൂട്ടത്തില്‍നിന്നു പോയതാരെന്നറിയാന്‍ എല്ലാവരുടേയും എണ്ണമെടുക്കുവിന്‍."
ജോനാഥാനും ആയുധവാഹകനും അവിടെയില്ലയെന്ന് അവർ കണ്ടെത്തി.

സാവൂൾ അസ്വസ്ഥനായി.
"ദൈവത്തിന്റെ പേടകം ഇവിടെക്കൊണ്ടുവരുക" സാവൂള്‍ പുരോഹിതനായ *അഹിയായോടു പറഞ്ഞു.
അഹിയാ, കർത്താവിന്റെ ഹിതമറിയാനായി, വാഗ്ദത്തപേടകം കൊണ്ടുവന്നു.
സാവൂള്‍ പുരോഹിതനോടു സംസാരിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഫിലിസ്‌ത്യപാളയത്തിലെ ബഹളം വര്‍ദ്ധിച്ചുവന്നു.
"ജോനാഥനും ആയുധവാഹകനും ഫിലിസ്ത്യസൈന്യത്തിനുമുമ്പിൽ ഏറെനേരം പിടിച്ചുനില്ക്കാനാകില്ല. വരുവിൻ, നമുക്ക് അവരുടെ സഹായത്തിനെത്താം. കർത്താവിനുമുമ്പിലൊരു നേർച്ചയായി, നാളെ സന്ധ്യവരെ നമുക്കു ഭക്ഷണമുപേക്ഷിക്കാം. നാളെ സന്ധ്യയ്ക്കുമുമ്പ് ശത്രുക്കളെത്തുരത്താൻ കർത്താവു നമ്മെ സഹായിക്കും. എന്റെ വാക്കിനുവിരുദ്ധമായി, നാളെ സന്ധ്യയ്ക്കുമുമ്പു ഭക്ഷണംകഴിക്കുന്നവൻ ശപിക്കപ്പെട്ടവനാകട്ടെ!"
കർത്താവിനു ബലികളർപ്പിക്കാൻ, ഫിനെഹാസിനോടു നിർദ്ദേശിച്ചശേഷം സാവൂളും കൂടെയുണ്ടായിരുന്ന ജനങ്ങളും  യുദ്ധസ്ഥലത്തേക്കു പാഞ്ഞു. അവരുടെ കൈയിലെ പന്തങ്ങളുടെ വെളിച്ചത്തിൽ, പരസ്‌പരം വെട്ടിനശിക്കുന്ന ഫിലിസ്ത്യരെ അവരവിടെക്കണ്ടു. സാവൂളും സംഘവും അവശേഷിച്ച ഫിലിസ്ത്യരെ നേരിട്ടു.
സാവൂളിനേയും സംഘത്തേയുംകണ്ടപ്പോൾ ജോനാഥനും സഹായിയും ഒളിയിടത്തിൽനിന്നു പുറത്തുവന്നു.
നേരത്തെ ഫിലിസ്‌ത്യരോടുകൂടെയായിരുന്നവരും അവരുടെ പാളയത്തില്‍ ചേര്‍ന്നവരുമായ ഹെബ്രായര്‍ സാവൂളിനോടും ജോനാഥാനോടും പക്ഷംചേര്‍ന്നു ഫിലിസ്ത്യരെ നേരിട്ടു. 
ഫിലിസ്‌ത്യര്‍ തോറ്റോടിയെന്നറിഞ്ഞപ്പോൾ, പിറ്റേന്നു പുലെർച്ചേ, എഫ്രായിം മലനാട്ടിലൊളിച്ചിരുന്ന ഇസ്രായേല്യരും സാവൂളിനോടൊപ്പംചേർന്ന്, ഫിലിസ്ത്യരെ പിന്തുടര്‍ന്നാക്രമിച്ചു. ബതാവനപ്പുറംവരെ സാവൂളും സംഘവും ശത്രുക്കളെ പിന്തുടർന്നു.
അന്നുച്ചയ്ക്കുമുമ്പേ, ഫിലിസ്ത്യർ പൂർണ്ണപരാജിതരായി പിന്തിരിഞ്ഞോടി.
യുദ്ധംകഴിഞ്ഞുള്ള മടക്കയാത്രയിൽ
ഇസ്രായേൽസംഘം ഒരു കാട്ടുപ്രദേശത്തെത്തി, അവിടെ തേന്‍കൂടുകള്‍ നിലത്തുവീണുകിടപ്പുണ്ടായിരുന്നു. കാട്ടില്‍ക്കടന്നപ്പോള്‍, കൂടുകളിൽനിന്ന് തേന്‍ ഇറ്റിറ്റുവീഴുന്നതും അവര്‍ കണ്ടു. എന്നാല്‍ സാവൂൾചെയ്യിച്ച ശപഥമോര്‍ത്ത്‌ അവരാരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല.
ജോനാഥാനാകട്ടെ തന്റെ പിതാവ്‌ ജനത്തെക്കൊണ്ടു‌ ശപഥംചെയ്യിച്ചവിവരം അറിഞ്ഞിരുന്നില്ല. അതിനാല്‍ അവന്‍ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം, തേന്‍കൂടില്‍മുക്കി അതു ഭക്ഷിച്ചു. ക്ഷീണത്താൽ തളർന്നിരുന്ന അവന്റെ കണ്ണുകൾ പ്രകാശിച്ചു. ക്ഷീണംമാറി.
അപ്പോൾ സാവൂൾ ജനങ്ങളെക്കൊണ്ടുചെയ്യിച്ച ശപഥത്തെക്കുറിച്ച്, ഇസ്രായേൽക്കാരിലൊരുവൻ അവനോടു പറഞ്ഞു.
-------------------------
*സാമുവലിനുമുമ്പ്, ഇസ്രയേലിന്റെ പ്രധാന പുരോഹിതനായിരുന്ന ഏലിയുടെ പൗത്രനാണ് അഹിയ. പിതാവായ ഫിനഹാസും പിതൃസഹോദരനും ഫിലിസ്ത്യരാൽ വധിക്കപ്പെടുകയും ആ വിവരമറിഞ്ഞ ഏലി, പീഠത്തിൽനിന്നുവീണു മരിക്കുകയുംചെയ്ത ദിവസമാണ് അഹിയ ജനിച്ചത്.

No comments:

Post a Comment