Sunday 30 December 2018

94. തിരസ്കൃതനായ രാജാവ്

 
ബൈബിൾക്കഥകൾ 94

അമലേക്യരെ പൂർണ്ണമായും നശിപ്പിച്ചെങ്കിലും കർത്താവിന്റെ കല്പനയ്ക്കു വിരുദ്ധമായി, സാവൂളും ജനവും അമലേകൃരുടെ ആടുമാടുകളേയും ഒട്ടകങ്ങളേയും നശിപ്പിക്കാതെ, തങ്ങൾക്കായി സൂക്ഷിച്ചു. രാജാവായ അഗാഗിനെ വധിച്ചതുമില്ല.

അന്നുരാത്രി കർത്താവു സാമുവേലിനോടു സംസാരിച്ചു: "സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്നകലുകയും എന്റെ കല്പനകള്‍ നിറവേറ്റാതിരിക്കുകയുംചെയ്‌തിരിക്കുന്നു. ഞാൻ ശിക്ഷിക്കാൻനിശ്ചയിച്ച അഗാഗിനെ അവൻ വധിച്ചില്ല, നിഷിദ്ധമാർഗ്ഗങ്ങളിലൂടെ അമലേക്യർ സമ്പാദിച്ച സമ്പത്തു നശിപ്പിച്ചുമില്ല."

സാമുവല്‍ രാത്രിമുഴുവന്‍ കര്‍ത്താവിനുമുമ്പിൽ കണ്ണീരോടെ പ്രാർത്ഥിച്ചു. പിറ്റേന്നു പുലർച്ചേതന്നെ സാവൂളിനെക്കാണാനായി പുറപ്പെട്ടു..
ഗില്‍ഗാലിൽ, സാവൂളിന്റെ ഭവനത്തിലേക്കെത്തിയ സാമുവേലിനെ സാവൂൾ, സന്തോഷത്തോടെ സ്വാഗതംചെയ്തു. എന്നാൽ സാമുവൽ കോപിഷ്ഠനായിരുന്നു.

സാമുവല്‍ ചോദിച്ചു: "സ്വന്തം ദൃഷ്‌ടിയില്‍ നിസ്സാരനെങ്കിലും ഇസ്രായേല്‍ഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിന്റെ രാജാവായി നിന്നെയഭിഷേകംചെയ്‌തതു കർത്താവല്ലേ? നീ പോയി, പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവര്‍ നശിക്കുന്നതുവരെ അവരോടു പോരാടുകയെന്നു നിന്നോടു പറഞ്ഞതും കർത്താവല്ലേ? എന്നിട്ടും എന്തുകൊണ്ടാണു നീ കര്‍ത്താവിനെ അനുസരിക്കാതിരുന്നത്‌?"

"കര്‍ത്താവിന്റെ വാക്ക്, ഞാനനുസരിച്ചല്ലോ! എന്നെയേല്പിച്ച ദൗത്യം ഞാന്‍ നിറവേറ്റി. അമലേക്യരെയെല്ലാം നശിപ്പിച്ചു. രാജാവായ അഗാഗിനെ ബന്ധിച്ചുകൊണ്ടുവന്നു."


"അമലേക്യരുടെ ആടുമാടുകളിലും ഒട്ടകങ്ങളിലും കൊഴുത്തവയെയെല്ലാം കൊല്ലാതെ സൂക്ഷിച്ചതെന്തിന്? എന്തിനവയെ ഗിൽഗാലിലേക്കു കൊണ്ടുവന്നു?"

സാവൂൾ തെറ്റു സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അവൻ സാമുവലിനുമുമ്പിൽ തന്നെത്തന്നെ ന്യായീകരിച്ചുകൊണ്ടു പറഞ്ഞു. "അങ്ങയുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍വേണ്ടിയാണ്, കൊള്ളവസ്‌തുക്കളില്‍ ഏറ്റവും നല്ല ആടുമാടുകളേയും ഒട്ടകങ്ങളേയും ജനം ഗില്‍ഗാലിലേക്കു കൊണ്ടുവന്നത്. കർത്താവിനു ദഹനബലിയായി അവയെ സമർപ്പിക്കാൻ അങ്ങയോടു ഞാനാവശ്യപ്പെടുന്നു."

"തന്റെ കല്പനയനുസരിക്കുന്നതിനേക്കാൾ, തനിക്കായി ബലികളര്‍പ്പിക്കുന്നതാണു കര്‍ത്താവിനു പ്രീതികരമെന്നു നീ കരുതുന്നുവോ? അനുസരണം ബലിയേക്കാള്‍ ശ്രഷ്‌ഠമാണെന്ന് നീയെന്നാണു തിരിച്ചറിയുന്നതു്? മുട്ടാടുകളുടെ മേദസ്സിലാണോ കർത്താവു പ്രീതനാകുന്നതു്?

മാത്സര്യവും മന്ത്രവാദവും   മര്‍ക്കടമുഷ്‌ടിയും  വിഗ്രഹാരാധനയും കർത്താവിനുമുമ്പിൽ പാപങ്ങൾതന്നെയാണ്! കര്‍ത്താവിന്റെ വചനം നീ തിരസ്‌കരിച്ചതിനാല്‍, രാജത്വത്തില്‍നിന്ന്‌, അവിടുന്നു നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു."

സാമുവൽ കോപത്തോടെ പറഞ്ഞു.
അപകടം തിരിച്ചറിഞ്ഞപ്പോൾ, സാവൂൾ സാമുവലിനോടു ക്ഷമായാചനംചെയ്തു. അവൻ പറഞ്ഞു: "ഞാന്‍ പാപംചെയ്‌തുപോയി. ജനങ്ങളുടെ നിർബ്ബന്ധത്തിനു വഴങ്ങി, അവരുടെ വാക്കു ഞാനനുസരിച്ചു. കര്‍ത്താവിന്റെ കല്പനകളേയും അങ്ങയുടെ വാക്കുകളെയുംലംഘിച്ച്‌, ഞാന്‍ തെറ്റുചെയ്‌തു. അതിനാല്‍ എന്നോടു ക്ഷമിക്കണമെന്നും  കര്‍ത്താവിനുമുമ്പിൽ പാപപരിഹാരബലിയർപ്പിച്ചു പ്രാർത്ഥിക്കാൻ എന്നോടൊപ്പം വരണമെന്നും ഞാനങ്ങയോടു യാചിക്കുന്നു...."

സാമുവൽ അവനെ ശ്രദ്ധിക്കാതെ പിന്തിരിഞ്ഞു നടന്നു. സാവൂള്‍ അവന്റെ മേലങ്കിയിൽ പിടിച്ച്, അവനെ നിറുത്താൻ ശ്രമിച്ചു. മേലങ്കി, നെടുകെ കീറിപ്പോയി.
സാമുവൽ സാവൂളിനുനേരേതിരിഞ്ഞ്, പറഞ്ഞു. "നെടുകേ കീറിയ ഈ വസ്ത്രം നിനക്കൊരടയാളമാണ്.  ഇസ്രായേലിന്റെ രാജത്വം കർത്താവു നിന്നില്‍നിന്നു വേര്‍പെടുത്തി, നിന്നെക്കാള്‍ ഉത്തമനായ മറ്റൊരുവനു കൊടുത്തിരിക്കുന്നു. സർവ്വവും സൃഷ്ടിച്ചവൻ കള്ളംപറയുകയോ അനുതപിക്കുകയോ ഇല്ലെന്നറിഞ്ഞുകൊള്ളുവിൻ!"

സാവൂൾ സാമുവലിനുമുമ്പിൽ മുട്ടുകുത്തി. "ഞാന്‍ പാപംചെയ്‌തുപോയി. എങ്കിലും, ഇപ്പോള്‍ ജനപ്രമാണികളുടെയും ഇസ്രായേല്യരുടെയുംമുമ്പില്‍ എന്നെയപമാനിക്കരുത്. അങ്ങയുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കാന്‍ അങ്ങ്, എന്നോടൊത്തു വരണം"

സാവൂളിന്റെ അഭ്യർത്ഥന സാമുവൽ സ്വീകരിച്ചു. അവൻ സാവൂളിനൊപ്പം ബലിയർപ്പണത്തിനായിപ്പോയി. ബലിയർപ്പണത്തിനുശേഷം സാമുവൽ പറഞ്ഞു: "അഗാഗിനെ എന്റെ മുമ്പിൽ കൊണ്ടുവരിക. അക്രമവും അനീതിയും പ്രവർത്തിച്ച അവന്റെ വാളിനാൽ നിരവധി സ്ത്രീകൾക്കു സന്താനങ്ങളെ നഷ്ടപ്പെട്ടു. അവനും വാളാൽത്തന്നെയവസാനിക്കണം."

സാമുവൽ തന്റെ കൈയാൽ അഗാഗിനെ വാളിനിരയാക്കി. പിന്നെ, റാമായിലേക്കു മടങ്ങി. അവൻ പിന്നീടൊരിക്കലും സാവൂളിനെക്കണ്ടില്ല. സാവൂളിനെയോര്‍ത്തു സാമുവല്‍ ദുഃഖിച്ചു.

കര്‍ത്താവിന്റെയാത്മാവു സാവൂളിനെ വിട്ടുപോയി. ഒരു ദുരാത്മാവിന്, അവനെ പീഡിപ്പിക്കാൻ കർത്താവനുവാദം നല്കി. ആ ദുരാത്മാവു് അവനിൽ പ്രവേശിക്കുമ്പോഴെല്ലാം അവൻ അത്യന്തമസ്വസ്ഥനാവുകയും അടുത്തെത്തുന്നവരോടെല്ലാം അകാരണമായി കോപിക്കുകയുംചെയ്തു...

No comments:

Post a Comment