Sunday 21 June 2020

114. ശത്രുക്കൾ, മിത്രങ്ങൾ,,,

ബൈബിൾക്കഥകൾ 114

തങ്ങളുടെ സഹോദരനായ അസഹേലിനെ വധിച്ചത് അബ്നേറാണെന്ന് യോവാബും അബീഷായിയുമറിഞ്ഞു. എന്തുവിലകൊടുത്തും സഹോദരന്റെ രക്തത്തിനു പ്രതികാരംചെയ്യുമെന്ന് അവരിരുവരും പ്രതിജ്ഞചെയ്തു.
ഇസ്രായേലിൽ അബ്‌നേർ പ്രബലനായിക്കൊണ്ടിരുന്നു. ഇഷ്ബൊഷാത്ത് രാജാവ് അവന്റെ കൈയിലൊരു കളിപ്പാവമാത്രമായി. കൊട്ടാരത്തിൽമാത്രമല്ല, അന്തഃപുരത്തിന്റെ അകത്തളങ്ങളിലും അവൻ കടന്നെത്തി. 

സാവൂളിന്റെ ഭാര്യമാരിലൊരുവളായിരുന്ന റിസ്പയുടെ ശയനമുറിയിൽ, പലരാത്രികളിലും അബ്‌നേറുണ്ടായിരുന്നുവെന്ന് ഇഷ്ബൊഷാത്തറിഞ്ഞു. അതറിഞ്ഞപ്പോൾ രാജാവു ക്രുദ്ധനായി.

"നീയെന്റെ പിതാവിന്റെ ശയ്യ മലിനമാക്കുന്നുവോ? നീ നിന്റെ നിലമറക്കുകയും ഇസ്രായേൽരാജ്യത്തെയും രാജാവിനെയും ലോകസമക്ഷം അവഹേളിക്കുകയും ചെയ്യുന്നതെന്തിന്?" ഇഷ്ബൊഷാത്ത് അബ്‌നേറിനെ വിളിച്ചുചോദിച്ചു.

അബ്‌നേർ കോപംകൊണ്ടു വിറച്ചു. "ഞാൻ നിന്റെ വാലാട്ടിപ്പട്ടിയാണെന്നു  നീ കരുതിയോ? നിന്റെ പിതാവിനോടും സഹോദരന്മാരോടും അവരുടെ മരണംവരെ ഞാൻ വിശ്വസ്തതപുലർത്തി. ശത്രുക്കളുടെ കൈയിൽപ്പെടാതെ നിന്നെ രക്ഷിച്ച്, മഹനായിമിൽക്കൊണ്ടുവന്നു രാജാവാക്കി. എന്നിട്ടിപ്പോൾ സ്ത്രീവിഷയത്തിൽ നീയെന്നെ അപമാനിക്കാൻ ശ്രമിക്കുന്നോ? സാവൂളിന്റെ കുടുംബത്തിൽനിന്നു രാജ്യമെടുത്ത്, ദാവീദിനു നല്കുമെന്ന് സാമുവൽപ്രവാചകനിലൂടെ കർത്താവരുൾചെയ്തിട്ടുള്ളതു  നീ കേട്ടിട്ടില്ലേ? ആ പ്രവചനം പൂർത്തിയാക്കാൻ ഞാൻ ദാവീദിനെ സഹായിക്കുന്നില്ലെങ്കിൽ ദൈവമെന്നെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ! സാവൂളിന്റെ കാലംമുതലേ ഇസ്രായേലിന്റെ സർവ്വസൈന്യാധിപനാണു ഞാൻ! നീയെനിക്കെതിരുനില്ക്കാൻശ്രമിച്ചാൽ, ഇസ്രായേലിന്റെ സൈനികർ ആർക്കൊപ്പം നില്ക്കുമെന്നു നിനക്കൂഹിക്കാമോ?"

കോപത്താൽ ചെമന്ന, അബ്‌നേറിന്റെ മുഖത്തുനോക്കാൻപോലും ഇഷ്ബൊഷാത്ത് ഭയന്നു. ഒരു വാക്കുപോലും മറുത്തുപറയാതെ, അവൻ അബ്‌നേറിന്റെ മുമ്പിൽനിന്നു പോയി. 

അബ്‌നേർ അപ്പോൾത്തന്നെ ഹെബ്രോണിലേക്കു തന്റെ ദൂതനെ അയച്ചു. 

അബ്‌നേറിന്റെ ദൂതൻകൊണ്ടുവന്ന കുറിമാനം ദാവീദ് വായിച്ചു. "ഇസ്രായേൽ ആര്ക്കുള്ളതാണെന്നു പറയുക! നീയെന്നോട് ഉടമ്പടിചെയ്‌താൽ ഇസ്രായേൽമുഴുവനെയും നിന്റെ പക്ഷത്തേക്കു കൊണ്ടുവരാൻ ഞാൻ നിന്നെ സഹായിക്കാം." 

ദാവീദിന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു. അവൻ അബ്‌നേറിനുള്ള മറുകുറിയെഴുതി.

"സാവൂൾരാജാവിനോടൊപ്പം നീയുംകൂടെ ചേർന്നാണ് എന്റെ ഭാര്യയായിരുന്ന മിഖാലിനെ ഫൽത്തിയേലിനു ഭാര്യയായി നല്കിയത്. ആദ്യം നീ, എന്റെ ഭാര്യയെ എനിക്കു മടക്കിത്തരിക. അതിനുശേഷംമാത്രം എന്നെ വന്നു കാണുക. അപ്പോൾ നമുക്കുടമ്പടി ചെയ്യാം!" ദാവീദിന്റെ മറുപടി സന്ദേശവുമായി അബ്‌നേറിന്റെ ദൂതൻ ഇസ്രായേലിലേക്കു മടങ്ങി.  

ഒപ്പം മറ്റൊരു കുറിമാനവുമായി ദാവീദിന്റെ ദൂതൻ ഇഷ്ബൊഷാത്തിന്റെയടുത്തേക്കു തിരിച്ചു. 

ദാവീദിനുള്ള സന്ദേശവുമായി ഹെബ്രോണിലേക്കു ദൂതനെ അയച്ചശേഷം അബ്‌നേർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലെയും ശ്രേഷ്ഠന്മാരുമായി സംസാരിച്ചു. 

"ഇസ്രായേലിന്റെ രാജത്വം കർത്താവു  ദാവീദിനു വാഗ്ദാനംചെയ്തിട്ടുണ്ട്. കർത്താവ് അതു നടപ്പാക്കുകതന്നെ ചെയ്യും. ഇഷ്ബൊഷാത്ത് സാവൂളിനെയോ ജോനാഥനെയോപോലല്ലാ... അവൻ രാജാവായി അഭിഷേകംചെയ്യപ്പെട്ടിട്ട് രണ്ടു വർഷമാകാറായി... ഇസ്രായേലിനെ സമൃദ്ധിയിലേക്കു നയിക്കാൻ അവനു കഴിവില്ലെന്നു രാജ്യത്തെ ജനങ്ങളെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു..." 

ദാവീദിനെ രാജാവായി അംഗീകരിക്കുന്നതിൽ ആർക്കുമെതിർപ്പില്ലായിരുന്നു. 

"ഇസ്രായേൽരാജ്യത്തെ നയിക്കാൻ ദാവീദിനെപ്പോലെ കരുത്തനായ മറ്റൊരാളുമില്ലാ..." സാവൂളിന്റെ പിതൃഗോത്രമായ ബഞ്ചമിൻഗോത്രജർപോലും ദാവീദിനെ രാജാവാക്കുന്നതിൽ അബ്‌നേറിനെ അനുകൂലിച്ചു.

ദൂതൻ, ദാവീദിന്റെ മറുകുറി അബ്നേറിനെയേല്പിച്ചു മടങ്ങി. അബ്‌നേർ ഫൽത്തിയേലിന്റെ ഭവനത്തിലേക്കു പോകാൻ തയ്യാറെടുത്തു. 

ദാവീദിന്റെ ദൂതൻ കൊണ്ടുവന്ന സന്ദേശം ഇഷ്ബൊഷാത്ത് ചുരുൾ നിവർത്തി വായിച്ചു, 

"പ്രിയ സഹോദരൻ ഇഷ്‌ബൊഷാത്തിന് ജെസ്സെയുടെ പുത്രനും യൂദയായുടെ രാജാവുമായ ദാവീദിന്റെ സ്നേഹവന്ദനം. നൂറു ഫിലിസ്ത്യരുടെ ആഗ്രചർമ്മം പെൺപണമായി നല്കിയാണ്, നിന്റെ സഹോദരിയായ മിഖാലിനെ ഞാൻ ഭാര്യയാക്കിയത്. അവളെ എനിക്കു തിരികെത്തരിക. നീയതു ചെയ്‌താൽ, നമ്മളെന്നും സ്നേഹിതരായിരിക്കും."

ഇഷ്ബൊഷാത്ത്, അബ്‌നേറിനെ വിളിപ്പിച്ചു. 

"ഫൽത്തിയേലിന്റെ ഭവനത്തിലേക്കു രഥമയച്ച്, മിഖാലിനെ തിരികെക്കൊണ്ടു വരണം. ദാവീദിന് അവന്റെ ഭാര്യയെത്തിരികേ നല്കി, നമുക്ക് അവനുമായി സൗഹൃദത്തിൽകഴിയണം."  

രാജാവിന്റെ അനുമതിയോടെ ഹെബ്രോണിലേക്കു പോകാൻ അതു നല്ലൊരവസരമാണെന്ന് അബ്‌നേർ കരുതി. ഇഷ്ബൊഷാത്തിനു ദാവീദയച്ച സന്ദേശത്തെക്കുറിച്ച് അവനറിഞ്ഞിയിരുന്നില്ലാ.

"അതു നന്നായി. മിഖാൽരാജകുമാരിയുടെ മനസ്സെനിക്കറിയാം. ഫൽത്തിയേലിനൊപ്പംകഴിയുമ്പോഴും ദാവീദിനെമാത്രമാണു കുമാരി തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.

രഥത്തോടൊപ്പം ഞാനും പോകാം. ഞാൻതന്നെ കുമാരിയെ ഹെബ്രോണിൽ ദാവീദിന്റെ പക്കലെത്തിക്കുകയുംചെയ്യാം... ഇതെന്റെയൊരു പ്രായശ്ചിത്തമാകട്ടെ!"

മിഖാൽരാജകുമാരിയോടൊപ്പം അബ്‌നേർ ഹെബ്രോണിലേക്കു പുറപ്പെട്ടു. അവന്റെ വിശ്വസ്തരായ ഇരുപതു പടയാളികളും അവരോടൊപ്പമുണ്ടായിരുന്നു. 

മിഖാലിന്റെ ഹൃദയം ആനന്ദത്താൽ നിറഞ്ഞിരുന്നു... കണ്ണീർനിറഞ്ഞ പ്രാർത്ഥനകൾക്കൊടുവിൽ തന്റെ പ്രാണപ്രിയന്റെ സന്നിധിയിലേക്കുവീണ്ടുമെത്തുന്നു... വർഷങ്ങൾനീണ്ട കാത്തിരിപ്പ് ശുഭകരമായ അന്ത്യത്തിലേക്കെത്തുന്നതിൽ അവളാഹ്ലാദിച്ചു... എന്നാൽ അതേറെനേരം നീണ്ടുനിന്നില്ല.

ദാവീദിനെക്കണ്ട്, അകലെനിന്നുതന്നെ അവളോടിയടുത്തെത്തി. അവൻ, തന്നെ വാരിപ്പുണരുമെന്നു മിഖാൽ കരുതി. എന്നാൽ ദാവീദ് അവളെ സ്പർശിച്ചതുപോലുമില്ല. അവൾക്കുമാത്രം കേൾക്കാനാകുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു: "എനിക്കായി ജീവിതകാലം മുഴുവൻ കാത്തിരിക്കാമെന്നു വാഗ്ദാനം ചെയ്തവൾ... നിന്റെ പിതാവ്, എന്റെ ജീവനുവേണ്ടി വേട്ടയാടിയപ്പോൾ, മരുഭൂമികളിലും വനങ്ങളിലും ഗുഹകളിലും ഞാനെന്റെ ജീവനുമായി ഒളിച്ചുപാർത്തു. അന്നു നീയെന്നെ മറന്നു, മറ്റൊരുവന്റെ ഭാര്യയായി! ഇന്നു ഞാൻ നിന്നെ തിരികെകൊണ്ടുവന്നിരിക്കുന്നു. ഇതു നിനക്കുള്ള എന്റെ പ്രതിസമ്മാനം. മറ്റുള്ളവരുടെ മുമ്പിൽമാത്രം നമ്മൾ ജായാപതികളായിരിക്കും... മറ്റുള്ളവരുടെ മുമ്പിൽമാത്രം!"

മിഖാൽ തകർന്നുപോയി. അവൾക്കെന്തെങ്കിലും മറുപടിപറയാനാകുന്നതിനുമുമ്പേ, അവൻ അവളുടെയടുത്തുനിന്നു പോയി,

ദാവീദിന്റെ വിവാഹവാർത്തകൾ കേട്ടിരുന്നെങ്കിലും  തന്റെ പ്രാണപ്രിയന്റെ ഹൃദയത്തിൽ എന്നും താൻമാത്രമായിരിക്കുമെന്ന് അവൾ കരുതിയിരുന്നു. 

സപത്നിമാർ മൂന്നുപേർ! അവരും അവരുടെ മക്കളും അവന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ താൻ തികച്ചും അന്യയായിത്തീർന്നെന്നവൾ തിരിച്ചറിഞ്ഞു.

സാവൂൾ രാജാവിന്റെ മകളെ, അവളുടെ സപത്നിമാർ സ്നേഹത്തോടെ സ്വീകരിച്ചു. മനസ്സിനുള്ളിൽ കോളുകൊണ്ടൊരു കടലിരിമ്പുമ്പോഴും അവൾ എല്ലാവരേയുംനോക്കി പുഞ്ചിരിതൂകി.

ദാവീദ് അബ്‌നേറുമായി ഒരുടമ്പടിയുണ്ടാക്കി. ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും ദാവീദിന്റെ മുമ്പിലെത്തിക്കാമെന്ന് അബ്‌നേർ ഉറപ്പുനല്കി 

"ഇഷ്ബൊഷാത്തിന്, ഇസ്രായേലിൽ ആരുടേയും പിന്തുണയില്ല. ബഞ്ചമിൻഗോത്രമടക്കം, ഇസ്രായേൽഗോത്രങ്ങളെല്ലാം അങ്ങയുടെ പക്ഷത്താണ്. ഇസ്രായേൽസൈന്യം പൂർണ്ണമായും എന്റെ നിയന്ത്രണത്തിലാണ്. അതിനാൽ ഉറപ്പിച്ചോളൂ, ഇന്നുമുതൽ അങ്ങാണ് ഇസ്രായേൽരാജാവ്. സാവൂൾരാജാവിന്റെപുത്രനെന്ന പരിഗണനയോടെ കൊട്ടാരത്തിൽക്കഴിയാമെന്ന ഉടമ്പടി അംഗീകരിക്കുകയല്ലാതെ, ഇഷ്ബൊഷാത്തിനുമുമ്പിൽ മറ്റു വഴികളില്ല! ദാവീദിനുവേണ്ടി അധികാരമൊഴിഞ്ഞുകൊടുത്ത നിസ്വാർത്ഥനായി ഇസ്രായേലിന്റെ ചരിത്രം, അവനെ വാഴ്ത്തട്ടെ!" അബ്‌നേർ പറഞ്ഞു.

ദാവീദ്, അബ്‌നേറിനും സംഘത്തിനും വിഭവസമൃദ്ധമായ വിരുന്നു നല്കി. ദൗത്യംവിജയിച്ച സന്തോഷത്തോടെ അബ്‌നേർ മഹനായിമിലേക്കു മടങ്ങി. 

അബ്‌നേർ ദാവീദുമായി ഉടമ്പടിക്കെത്തുമ്പോൾ യോവാബും അബീഷായിയും അവിടെയുണ്ടായിരുന്നില്ല. അമാലേക്യരുടെ ഒരു പ്രവിശ്യ, ആക്രമിച്ചു കൊള്ളയടിച്ചു മടങ്ങിയെത്തിയപ്പോളാണ് ദാവീദും അബ്‌നേറുംതമ്മിലുള്ള ഉടമ്പടിയെക്കുറിച്ച്, അവരറിഞ്ഞത്.

അബ്‌നേറുമായുള്ള ഉടമ്പടിയെക്കുറിച്ച്, ദാവീദ് തന്റെ സൈന്യാധിപനായ യോവാബിനോടു വിശദീകരിച്ചു.
"രാജാവേ, അബ്‌നേറിനെയങ്ങു വിശ്വസിക്കരുത്... അവൻ അങ്ങയെ വഞ്ചിക്കും..." യോവാബ് ദാവീദിനോടു പറഞ്ഞു. തന്റെ സഹോദരനെ വധിച്ചവനോടുള്ള പക അവന്റെ ഹൃദയത്തിൽ നിറഞ്ഞിരുന്നു.

ദാവീദറിയാതെ അബ്‌നേറിന്റെയടുത്തേക്ക് യോവാബ് ഒരു ദൂതനെയയച്ചു ഹെബ്രോണിലെക്കു തിരികെവിളിച്ചു. പട്ടണവാതുക്കൽവച്ച്, അബ്‌നേറും യോവാബും കണ്ടുമുട്ടി. സ്വകാര്യം പറയാനെന്നപോലെ യോവാബ് അവനെ അടുത്തേയ്ക്കുവിളിച്ചു ചേർത്തുനിറുത്തി. ഇടതുകൈ അവന്റെ തോളിൽവച്ചു തന്നോടു ചേർത്തുനിറുത്തിയശേഷം വലതുകൈയാൽ അരപ്പട്ടയിൽനിന്നു കഠാരയെടുത്ത് അവന്റെ വയറ്റിലേക്കു കുത്തിയിറക്കി.



"ഇതാണു നീയറിയേണ്ട രഹസ്യം, എന്റെ സഹോദരന്റെ ഘാതകനെ ഞാൻ തിരിച്ചറിഞ്ഞിരുന്നു..." വലിച്ചൂരിയ കഠാര അവൻ വീണ്ടും അബ്‌നേറിന്റെ ഇടനെഞ്ചിലേക്കിറക്കി.

സഹോദരനെ സഹായിക്കാനെത്തിയ അബിഷായി, അബ്‌നേറിന്റെ മരണം ഉറപ്പുവരുത്തി. 

താനുമായി ഉടമ്പടിയുണ്ടാക്കിയ അബ്‌നേറിനെ, തന്റെ സൈന്യാധിപനും സഹോദരനുംചേർന്നു വധിച്ചുവെന്നറിഞ്ഞപ്പോൾ ദാവീദ് സ്തബ്ധനായി. 

ഇസ്രായേൽഗോത്രങ്ങളിലെ ശ്രേഷ്ഠന്മാരുടെ ദൂതനായെത്തിയ ഇസ്രായേൽ സൈന്യാധിപനെ ദാവീദിന്റെ സൈന്യാധിപൻ കൊലപ്പെടുത്തിയ വാർത്തയറിഞ്ഞാൽ ഇസ്രായേലിലെയും യൂദയായിലെയും ജനങ്ങൾ തനിക്കെതിരാകുമെന്ന് ദാവീദിനറിയാമായിരുന്നു.

സെരൂയയുടെ പുത്രന്മാരായ യോവാബും അബിഷായിയും തന്റെ വരുതിയിലൊതുങ്ങാതെപോകുമോയെന്നു ദാവീദ് ഭയപ്പെട്ടു. അഭിഷിക്തരാജാവായ താൻ ആരുടേയും മുമ്പിൽ ബലഹീനനാകരുതെന്ന് അവനുറച്ചു.

എന്നാൽ, യോവാബിനെപ്പിണക്കാനും ദാവീദിനാകുമായിരുന്നില്ല...

Sunday 14 June 2020

113. രണ്ടുരാജാക്കന്മാർ

ബൈബിൾക്കഥകൾ 113

യുദ്ധത്തിൽ ഇസ്രായേൽസൈന്യം പരാജിതരായെന്നും സാവൂളും പുത്രന്മാരും ജസ്രേലിൽവച്ചു വധിക്കപ്പെട്ടെന്നുമുള്ള വാർത്തയറിഞ്ഞപ്പോൾ സാവൂളിൻ്റെ കൊട്ടാരനിവാസികളെല്ലാം സ്തബ്ധരായിപ്പോയി. 

ഇസ്രായേൽസൈന്യാധിപനായ അബ്നേർ, ഫിലിസ്ത്യരുടെ പിടിയിൽപ്പെടാതെ രക്ഷപ്പെട്ട്, കൊട്ടാരത്തിലെത്തി.

"വേഗം, എല്ലാവരും ഇവിടെനിന്ന് ഓടി രക്ഷപ്പെടണം. മഹാനയിമിലെ  വേനൽക്കാലവസതി സുരക്ഷിതമാണ്. എല്ലാവരും അവിടേയ്ക്കു രക്ഷപ്പെടുക... വൈകരുത്... വേഗം... വേഗം...." അബ്നേർ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 

സാവൂളിൻ്റെ ഇളയപുത്രനായ ഇഷ്ബോഷാത്തിനെ, അബ്നേർ തൻ്റെ കുതിരപ്പുറത്തു കയറ്റി, മഹാനയിമിലേക്കു കൊണ്ടുപോയി. വേനൽക്കാല വിശ്രമമന്ദിരമായി സാവൂൾ ഉപയോഗിച്ചിരുന്ന കൊട്ടാരത്തിൽ അവർ സുരക്ഷിതരായെത്തി.

ജോനാഥാൻ്റെ ഏകപുത്രൻ മെഫിബോഷെത്തിനു്‌ അഞ്ചുവയസ്സു പ്രായമായിരുന്നു. സംഭ്രമജനകമായ വാർത്തയുമായി അബ്നോനെത്തുമ്പോൾ അവൻ വളര്‍ത്തമ്മയോടൊപ്പമായിരുന്നു. അവൾ ഭയന്ന്, കുഞ്ഞിനേയുമെടുത്തുകൊണ്ടോടി. 
തിടുക്കത്തിലോടവേ, അവൾ കുട്ടിയോടൊപ്പം വീണുപോയി. വീഴ്ചയിൽ മെഫിബോഷെത്തിൻ്റെ രണ്ടുകാലുകളുമൊടിഞ്ഞു.

ദാവീദ് ഫിലിസ്ത്യദേശത്തുനിന്ന്, ഇസ്രായേലിലെ യൂദാപ്രവിശ്യയിലെ ഹെബ്രോൺപട്ടണത്തിലേക്കുപോയി. ഭാര്യമാരായ അബിഗായില്‍ അഹിനോവാം എന്നിവരും ദാവീദിൻ്റെ അറുന്നൂറു സൈനികരും അവരുടെ കുടുംബങ്ങളും അവനോടൊപ്പമുണ്ടായിരുന്നു. ദാവീദിൻ്റെ ഭാര്യമാർ രണ്ടുപേരും ഗർഭംധരിച്ചിരുന്നു.

യൂദാനിവാസികൾ ദാവിദിനെ സന്തോഷപൂർവ്വം സ്വീകരിച്ചു.  അവരവനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു. സാവൂൾവധിച്ച അഹിമലെക്കിന്റെ മകനും പുരോഹിതനുമായ അബിയാഥർ‌, കർത്താവിൻ്റെ നാമത്തിൽ ദാവീദിൻ്റെ ശിരസ്സിൽ തൈലാഭിഷേകംനടത്തുമ്പോൾ ദാവീദിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു പ്രായം. .

സെരൂയയുടെ പുത്രനായ യോവാബ്, യൂദായുടെ സൈന്യാധിപനായി സ്ഥാനമേറ്റു. അവൻ്റെ സഹോദരന്മാരായ അബിഷായി, അസഹേല്‍ എന്നിവർ സൈനികപരിശീലകരായി.

യാബേഷ്‌-ഗിലയാദിലെ ആളുകളാണ്‌, സാവൂളിനെ സംസ്‌കരിച്ചതെന്നറിഞ്ഞപ്പോൾ‌, ദാവീദ്, അവർക്കുള്ള‌ സന്ദേശവുമായി ദൂതന്മാരെയയച്ചു. 

"കര്‍ത്താവ്‌ നിങ്ങളെയനുഗ്രഹിക്കട്ടെ! രാജാവായ സാവൂളിന്റെ ശവസംസ്‌കാരംനടത്തി, അവനോടു നിങ്ങള്‍ ദയകാണിച്ചു.
കര്‍ത്താവ്‌ നിങ്ങളോട്‌, തൻ്റെ ദയയും വിശ്വസ്‌തതയുംകാണിക്കും. നിങ്ങളനുഗൃഹീതരാകും! നിങ്ങളുടെ കരങ്ങള്‍ ശക്തമായിരിക്കട്ടെ! ധീരന്മാരായിരിക്കുവിന്‍. എൻ്റെയും നിങ്ങളുടെയും യജമാനനായിരുന്ന സാവൂള്‍ മരിച്ചു; യൂദാഭവനം തങ്ങളുടെ രാജാവായി എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു. നിങ്ങളതു ചെയ്‌തതുകൊണ്ട്‌, സാവൂളിനോടും ജോനാഥനോടുമുള്ള സ്നേഹത്തെപ്രതി. ഞാനും നിങ്ങളോടു ദയകാണിക്കും..."

യൂദാനിവാസികൾ ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്ത വാർത്ത മഹാനയിമിലറിഞ്ഞു. 

സാവൂളിൻ്റെ പുത്രനായ ഇഷ്ബോഷാത്തിനെ ഇസ്രായേൽമുഴുവൻ്റെയും രാജാവായി വാഴിക്കാൻ അബ്നേർ തീരുമാനിച്ചു. യൂദാഗോത്രമൊഴികേയുള്ള ഗോത്രങ്ങളുടെയെല്ലാം പിന്തുണയോടെ ഇഷ്ബോഷാത്ത് ഇസ്രായേൽമുഴുവൻ്റെയും രാജാവായി അഭിഷേകംചെയ്തു.

ജോനാഥൻ്റെ പുത്രൻ മെഫിബോഷെത്തിൻ്റെ ഒടിഞ്ഞകാലുകൾ ചികിത്സയാൽ സുഖപ്പെട്ടുവെങ്കിലും കുട്ടി മുടന്തനായിത്തീർന്നു.

യൂദാരാജാവായി അധികാരമേറ്റയുടനെ,  ദാവീദ്, തൻ്റെ ബന്ധുബലം വർദ്ധിപ്പിക്കാനായി ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖായെ വിവാഹംചെയ്തു. മാസങ്ങളുടെ ഇടവേളയിൽ അവനു മൂന്നു പുത്രന്മാർ ജനിച്ചു.

അഹിനോവാമിൽപ്പിറന്ന അമ്നോനാണ് ദാവീദിൻ്റെ കടിഞ്ഞൂൽപ്പുത്രൻ. രണ്ടാമനായ ഖിലെയാബ്‌ അബിഗായലില്‍ ജനിച്ചു. മാഖായിൽ, മൂന്നാമനായ അബ്‌സലോം ജാതനായി.  

ഇസ്രായേലിൽ സൈന്യാധിപനായ അബ്നേർ പ്രബലനായി. ഇഷ്ബോഷാത്ത് രാജാവിനു് അബ്നേറിൻ്റെ വാക്കുകൾക്കപ്പുറം തീരുമാനമെടുക്കാനുള്ള ആർജ്ജവമുണ്ടായിരുന്നില്ല.

വിഘടിച്ചുനില്ക്കുന്ന യൂദായെ ആക്രമിച്ചുകീഴടക്കി, ഇസ്രയേലിനോടുചേർക്കാൻ അബ്നേർ തീരുമാനിച്ചു. 
അവൻ്റെ നേതൃത്വത്തിൽ ഇസ്രായേൽസൈന്യം യൂദായിലേക്കു പുറപ്പെട്ടു. 

ഇസ്രായേലിൻ്റെ സൈനികനീക്കത്തെക്കുറിച്ചറിഞ്ഞപ്പോൾ, യോവാബും സഹോദരന്മാരും യൂദാസൈന്യത്തെ മഹാനയിമിലേക്കു നയിച്ചു.

ഗിബയോനിലെ വലിയകുളത്തിനിരുവശവുമായി ഇരുസൈന്യവും തമ്മിൽക്കണ്ടു..

അബ്നേർ, യോവാബിനെ വിളിച്ചുപറഞ്ഞു: ''നമ്മൾതമ്മിൽ ഒരു യുദ്ധംവേണ്ടാ, നിങ്ങൾ ഇസ്രായേലിലേക്കു മടങ്ങിവരണം. നമ്മുടെയുവാക്കള്‍തമ്മിൽ നമ്മുടെ മുമ്പിൽ പയറ്റിനോക്കട്ടെ. കർത്താവ് ആരോടൊപ്പമാണോ, വിജയം അവർക്കൊപ്പമായിരിക്കും..."

"അങ്ങനെയാകട്ടെ..." യോവാബ്‌ പ്രത്യുത്തരംനല്കി.

ഇസ്രായേലിൽനിന്നും യൂദായിൽനിന്നും പന്ത്രണ്ടുപേർവീതം ദ്വന്ദയുദ്ധത്തിനായിറങ്ങി.

രണ്ടുപേർവീതം നേർക്കുനേർ വന്നു..

ഓരോരുത്തനും ഇടതുകൈയാൽ എതിരാളിയുടെ തലയ്ക്കുപിടിച്ചു‌ പിന്നോട്ടുതിരിച്ച്, അവന്റെ പള്ളയിലേക്കു‌ വാള്‍ കുത്തിയിറക്കി. അങ്ങനെ എല്ലാവരും ഒരുമിച്ചു മരിച്ചുവീണു. 


ഇസ്രായേലിന്റെയും യൂദായുടേയും സൈനികർ അവിടേയ്ക്കോടിയെത്തി...  വാളുകൾതമ്മിലിടഞ്ഞു..

ഒരു ഘോരയുദ്ധത്തിനു തുടക്കമായി.

യോവാബും സഹോദരന്മാരും ധീരതയോടെ പൊരുതി. അബ്നേറിന്റെ സൈന്യം തോറ്റോടി. യൂദാസൈന്യം ഇസ്രായേൽസൈന്യത്തെ പിന്തുടർന്നു. 

യോവാബിന്റെ സഹോദരനായ അസഹേൽ അബ്‌നേറിന്റെ പിന്നാലെതന്നെയുണ്ടായിരുന്നു. അവരിരുവരും മറ്റുള്ളവരിൽനിന്നകന്ന്, ഒരു വിജനപ്രദേശത്തെത്തിയപ്പോൾ അബ്‌നേർ പിന്തിരിഞ്ഞുനിന്നു ചോദിച്ചു.

"അസഹേലേ, നീയെന്തിനെന്നെ പിന്തുടരുന്നു? നിന്റെ സഹോദരനായ യോവാബ്, ബാല്യംമുതലേ എന്റെ സുഹൃത്താണ്. ഞാൻമൂലം നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ എങ്ങനെയവന്റെ മുഖത്തുനോക്കും? എന്നെവിട്ട്, മറ്റാരെയെങ്കിലും പിന്തുടർന്നുകൊള്ളൂ..."

അസഹേൽ  പിന്തിരിയാൻ തയ്യാറായില്ല. 

ഗത്യന്തരമില്ലാതെവന്നപ്പോൾ, അബ്‌നേർ തിരിഞ്ഞുനിന്ന് അവനെ നേരിട്ടു. അബിറിന്റെ കുന്തം അസഹേലിന്റെ വയർതുളച്ചു പിന്നിൽക്കൂടെ പുറത്തുകടന്നു. അവൻ അവിടെ വീണുമരിച്ചു. 

നേരം സന്ധ്യയോടടുത്തിരുന്നു..   

അബ്നേർ വീണ്ടും മുമ്പോട്ടോടി. ഒരു കുന്നിനു മുകളിലേക്ക് അവനോടിക്കയറി. അപ്പോൾ മറുവശത്തുനിന്ന് യോവാബ്, അബിഷായിയോടൊപ്പം കുന്നുകയറിവരുന്നതു കണ്ടു.

അബ്‌നേർ, ഉറക്കെ വിളിച്ചു. "യോവാബേ, നമ്മളീ യുദ്ധംതുടർന്നാൽ ഇരുകൂട്ടരുടെയും അവസാനം കയ്പേറിയതായിരിക്കും. സഹോദരന്മാരെ പിന്തുടരുന്നതു നിറുത്താൻ നിന്റെയാളുകളോടു പറയൂ..."

യോവാബ് മറുപടി പറഞ്ഞു: "നീയാണു ഞങ്ങളോടു യുദ്ധത്തിനു വന്നത്. ജീവിക്കുന്ന ദൈവമായ കർത്താവിന്റെ നാമത്തിൽ ഞാൻ പറയുന്നു. ഇപ്പോൾ നീയിതു പറയാതിരുന്നെങ്കിൽ, രാത്രിമുഴുവൻ ഞങ്ങൾ, നിങ്ങളെ പിന്തുടർന്നു വധിക്കുമായിരുന്നു... ഇപ്പോൾ നമുക്കിതിവിടെയവസാനിപ്പിക്കാം..."  

അബ്‌നേർ തങ്ങളുടെ സഹോദരൻ അസഹലിനെ വധിച്ചുവെന്ന് യോവാബും അബീഷായിയും അപ്പോളറിഞ്ഞിരുന്നില്ല.

യോവാബ് സമാധാനകാഹളമൂതി. കാഹളധ്വനികേട്ടപ്പോൾ യൂദാഭടന്മാർ ഇസ്രായേൽക്കാരെ പിന്തുടരുന്നതവസാനിപ്പിച്ചു. 

ഇസ്രായേൽസൈന്യത്തിലെ മുന്നൂറ്റിയറുപതുപേർ വധിക്കപ്പെട്ടിരുന്നു. അവശേഷിച്ചവർ ആ രാത്രിതന്നെ മഹാനയിമിലേക്കു മടങ്ങി. 

യോവാബ്, അവന്റെയാളുകളെ ഒരുമിച്ചുകൂട്ടി. അസഹൽ ഉൾപ്പെടെ, യൂദാസൈന്യത്തിലെ പത്തൊൻപതുപേർ കുറവുണ്ടായിരുന്നു.