Sunday 24 June 2018

67. ജറുബ്ബാല്‍

ബൈബിള്‍ക്കഥകള്‍ 67


ഗിദയോനെത്തെടിയെത്തിയ ജനക്കൂട്ടം അവന്റെ പിതാവായ യോവാഷിനുനേരേ കയര്‍ത്തു. എന്നാല്‍ യോവാഷ്, തന്റെ മകനെ തള്ളിപ്പറയാന്‍ തയ്യാറായില്ല.

“ഗിദയോന്‍ എവിടെയാണെന്ന് എനിക്കറിയില്ല. അവന്‍ ഇങ്ങനെയെല്ലാം ചെയ്യുമെന്നു ഞാനറിഞ്ഞിരുന്നുമില്ല. എന്നാല്‍ നിങ്ങളെന്തിന് അവനെത്തേടിയലയുന്നു? എന്റെ സ്ഥലത്ത്, അവന്റെ പിതാവായ ഞാൻ നിർമ്മിച്ച, ബാലിന്റെ ബലിപീഠവും അഷേരയുടെ പ്രതിഷ്ഠയുമാണ് അവൻ തകർത്തത്. ബാല്‍ ദൈവമാണെങ്കില്‍, അവന്‍തന്നെ ഗിദയോനെതിരായി പോരാടട്ടെ! കര്‍ത്താവാണു ദൈവമെങ്കില്‍ ബാലിനുവേണ്ടി നില്ക്കുന്നവരെയെല്ലാം നാളെ സൂര്യോദയത്തിനുമുമ്പേ കർത്താവു നേരിടട്ടെ! . ”

അന്നുമുതല്‍ 'ബാല്‍ അവനെതിരായി മത്സരിക്കട്ടെ' എന്നര്‍ത്ഥത്തില്‍ ജറുബ്-ബാല്‍ എന്ന അപരനാമത്തിലും ഗിദയോനറിയപ്പെട്ടുതുടങ്ങി. 

"ബാലിൻ്റെ ബലിപീഠവും അഷേരയുടെ പ്രതിഷ്ഠ തകർത്ത നിൻ്റെ മകനെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം.." ബാലിൻ്റെ ആരാധകരായ ജനക്കൂട്ടം യോവാഷിനെവിട്ട്, ഗിദയോനെത്തേടി നാടിൻ്റെ പലയിടങ്ങളിലേക്കായിപ്പോയി.

ബാലിൻ്റെ യാഗപീഠവും അഷേരയുടെ വിഗ്രഹവും പ്രതിഷ്ഠിച്ച യോവാഷിന്റെ വാക്കുകള്‍, ജനക്കൂട്ടത്തോടൊപ്പമുണ്ടായിരുന്ന ഇസ്രായേല്‍ക്കാര്‍ മറിച്ചുചിന്തിക്കാനിടയാക്കി. അവര്‍ ബഹളമവസാനിപ്പിച്ച്, അവിടെനിന്നുപിന്തിരിഞ്ഞു. 

മിദിയാന്‍കാരും അമലേക്യരുമടക്കമുള്ള ബാലിൻ്റെ ആരാധകരായ ജനങ്ങൾ ഒന്നിച്ചുകൂടി ജസ്രേല്‍താഴ്വരയില്‍ താവളമടിച്ചു.

തന്നോടൊപ്പമുണ്ടായിരുന്ന ഭൃത്യന്മാരെ ജറുബ്ബാല്‍ എന്ന ഗിദയോന്‍ ഇസ്രായേല്‍ഗോത്രങ്ങളിലേക്കു ദൂതന്മാരായി അയച്ചു. മനാസ്സെ, ആഷേര്‍, സെബുലൂണ്‍, നഫ്താലി എന്നീ ഇസ്രായേല്‍ ഗോത്രങ്ങളിലെ കുറേ ചെറുപ്പക്കാര്‍ അവൻ്റെയൊപ്പംകൂടി. അന്നു സൂര്യാസ്തമയത്തിനുമുമ്പേതന്നെ യുവാക്കളുടെ വലിയൊരു സമൂഹം ഗിദയോനോടൊപ്പംചേര്‍ന്നു.
തന്റെ ചുറ്റുംനില്ക്കുന്ന ചെറുപ്പക്കാരെ സാക്ഷ്യംനിറുത്തി, ഗിദയോന്‍ കര്‍ത്താവിനോടു പറഞ്ഞു.

“കര്‍ത്താവേ, അങ്ങു പറഞ്ഞതുപോലെ ഇസ്രായേലിനെ എന്റെ കരങ്ങളാല്‍ അങ്ങു വീണ്ടെടുക്കുമെങ്കില്‍ അങ്ങു ഞങ്ങള്‍ക്കൊരടയാളംതരണമേ! ഇതാ ആട്ടിന്‍തോല്‍കൊണ്ടുള്ള ഒരു വസ്ത്രം ഞാനിവിടെ, ഈ കളത്തില്‍ വിരിക്കുന്നു. നാളെ നേരംപുലരുമ്പോള്‍ അതില്‍മാത്രം മഞ്ഞുകാണുകയും കളംമുഴുവന്‍ ഉണങ്ങിയിരിക്കുകയുംചെയ്‌താല്‍ ശത്രുക്കളെ പരാജിതരാക്കി, ഇസ്രായേലിനെ വീണ്ടെടുക്കാന്‍ എനിക്കു കഴിയുമെന്നു ഞാന്‍ മനസ്സിലാക്കും.”

ആ രാവു പുലര്‍ന്നപ്പോള്‍ ജറുബ്ബാല്‍ ആവശ്യപ്പെട്ടതുപോലെ കളമുണങ്ങിയും തുകല്‍വസ്ത്രം നനഞ്ഞും കാണപ്പെട്ടു. അയാള്‍ വസ്ത്രംപിഴിഞ്ഞ്, ഒരു പാത്രംനിറയെ വെള്ളമെടുത്തു.

ഗിദയോനോടൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാര്‍ ആവേശത്തോടെ കര്‍ത്താവിനെ സ്തുതിച്ചു. എന്നാല്‍ ഗിദയോന്റെ മനസ്സില്‍ പിന്നെയും സംശയം ബാക്കിയായി. ഇന്നു യാദൃശ്ചികമായി ഞാന്‍ പ്രാര്‍ത്ഥിച്ചതുപോലെ സംഭാവിച്ചതായാലോ? 

എല്ലാവരും കേള്‍ക്കേ, ജറുബ്ബാല്‍ ഉറക്കെപ്പറഞ്ഞു. “കര്‍ത്താവേ, അങ്ങയുടെ കോപം എന്റെമേല്‍ ജ്വലിക്കരുതേ. ഒരിക്കല്‍ക്കൂടെ ഞാന്‍ പരീക്ഷിക്കട്ടെ, ഇന്നുരാത്രിയില്‍ക്കൂടെ ഞാന്‍ ഈ രോമവസ്ത്രം ഈ കളത്തില്‍ വിരിക്കുന്നു. നാളെ പുലരുമ്പോള്‍ കളംമുഴുവന്‍ മഞ്ഞുതുള്ളികള്‍വീണു നനഞ്ഞും വസ്ത്രംമാത്രമുണങ്ങിയും കാണപ്പെട്ടാല്‍ അങ്ങയുടെ ശക്തിയാല്‍ ഇസ്രായേലിന്റെ ശത്രുക്കളെ നേരിടാനും ഇസ്രായേലിനു വിമോചനംനല്കാനും എനിക്കു കഴിയുമെന്നു ഞാനുറപ്പായും വിശ്വസിക്കും.”

അന്നു സായന്തനത്തിലും അവന്‍ രോമവസ്ത്രം കളത്തില്‍ വിരിച്ചു. പിറ്റേന്നു പുലര്‍ച്ചേ, ജറുബ്ബാലും അനുചരന്മാരും ഉണര്‍ന്നുവന്നു നോക്കിയപ്പോള്‍, മഞ്ഞുതുള്ളികള്‍വീണു നനഞ്ഞതറയില്‍, ഒട്ടും നനവുതട്ടാതെ  രോമവസ്ത്രം ഉണങ്ങിക്കിടക്കുന്നതുകണ്ടു.
കര്‍ത്താവിന്റെ ആത്മാവു തങ്ങളുടെ മദ്ധ്യേയുണ്ടെന്നു ജറുബ്ബാലും കൂട്ടരുമുറപ്പാക്കി.

പിന്നെ വൈകിയില്ല, മിദിയാന്‍കാരെയും അമലേക്യരെയും  നേരിടാനുള്ള തയ്യാറെടുപ്പോടെ ജറുബ്ബാലും അവനോടൊപ്പമുള്ള ചെറുപ്പക്കാരും ഹാരോദ് നീരുറവയ്ക്കു സമീപം  താവളമടിച്ചു. അസ്ത്രങ്ങളും ധനുസ്സും വാളും കുന്തവുമടക്കം നിരവധി ആയുധങ്ങൾ അവർ കൈകളിലേന്തിയിരുന്നു.


ഹാരോദ് നീരുറവയ്ക്കു വടക്ക്, മോറിയാമലയുടെ താഴെ, ജസ്രേല്‍താഴ്വരയില്‍ താവളമടിച്ചിട്ടുള്ള മിദിയാന്‍കാരുടെയും അമലേക്യരുടെയും സൈനികത്താവളങ്ങളിലെ ആരവങ്ങള്‍ അപ്പോള്‍ അവര്‍ക്കു കേള്‍ക്കാമായിരുന്നു.

Sunday 17 June 2018

66. ഗിദയോന്‍

ബൈബിള്‍ക്കഥകള്‍ 66

കൃതഘ്നതയുടെ വിത്തുകള്‍ ഇസ്രായേലിന്റെ ഹൃദയത്തില്‍ വീണ്ടും വേരുപാകിവളര്‍ന്നുതുടങ്ങി. ജീവജലത്തിന്റെ ഉറവയായ കര്‍ത്താവിനെവിട്ട്, ജലമില്ലാത്ത പൊട്ടക്കിണറുകളിലേക്ക് ഇസ്രായേല്‍ ശ്രദ്ധയൂന്നി. 

ഇസ്രായേലില്‍ അന്യദേവന്മാര്‍ക്കു പൂജാഗിരികളുണ്ടായി. ബാലിനും അഷേരായ്ക്കും യാഗപീഠങ്ങളുയര്‍ന്നു. അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്ന് തങ്ങളെ ഇറക്കിക്കൊണ്ടുവരികയും അന്യജനതകള്‍ കൈയടക്കിയിരുന്ന കാനാന്‍ദേശം ഇസ്രായേലിന് അവകാശമായി നല്കുകയുംചെയ്ത കര്‍ത്താവിന്റെ വാക്കുകള്‍ ഇസ്രായേല്‍ അവഗണിച്ചു.

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരെ ജ്വലിച്ചു. മിദിയാന്‍വംശജരെ അവിടുന്നു ശക്തിപ്പെടുത്തി. ഇസ്രായേലിനുമേല്‍ മിദിയാന്‍വംശജര്‍ ആധിപത്യംപുലര്‍ത്തിത്തുടങ്ങി. 

ഇസ്രായേലുകാര്‍ ഗോതമ്പുവയലുകളില്‍ വിത്തുവിതച്ചാലുടന്‍ മിദിയാന്‍കാരും അമലേക്യരും മറ്റുപൌരസ്ത്യദേശവാസികളും ഇസ്രായേലിനെ ആക്രമിക്കുക പതിവായി. ഗാസയുടെ പരിസരപ്രദേശങ്ങള്‍വരെയുള്ള വിളവുകളെല്ലാം ശത്രുക്കള്‍ സ്ഥിരമായി നശിപ്പിച്ചു. അവരെ ഭയന്ന്, പര്‍വ്വതങ്ങളില്‍ ഗുഹകളും മാളങ്ങളും ദുര്‍ഗ്ഗങ്ങളുംനിര്‍മ്മിച്ച്, ഇസ്രായേലുകാര്‍ക്ക് ഒളിച്ചുതാമസിക്കേണ്ടിവന്നു. ഇസ്രായേലില്‍ ജീവസന്ധാരണത്തിനുള്ള വകപോലും ദുര്‍ലഭമായി. ഏഴുവര്‍ഷത്തോളം ഈ നിലയില്‍ കടന്നുപോയിട്ടും ഇസ്രായേലിലെ ഭൂരിപക്ഷവും കര്‍ത്താവിലേക്കു തിരിഞ്ഞില്ല. എന്നാല്‍ ഇസ്രായേലിലെ എല്ലാഗോത്രങ്ങളില്‍നിന്നും കുറച്ചുപേര്‍മാത്രം വീണ്ടും കര്‍ത്താവിനെ വിളിച്ചുപ്രാര്‍ത്ഥിച്ചുതുടങ്ങിയിരുന്നു. . . 

ഇസ്രായേലിലെ ഓഫ്രാ എന്ന പട്ടണത്തില്‍ മനാസ്സെഗോത്രത്തില്‍പ്പെട്ട യോവാഷ് എന്നൊരാള്‍ താമസിച്ചിരുന്നു. അയാള്‍ തന്റെ ഭൂമിയില്‍, ബാല്‍ദേവനായി ഒരു യാഗപീഠം നിര്‍മ്മിച്ചുനല്കിയിരുന്നു. എന്നാല്‍ യോവാഷിന്റെ പുത്രനായ ഗിദയോനാകട്ടെ, കര്‍ത്താവിനെമാത്രമേ ആരാധിച്ചിരുന്നുള്ളൂ. 


ഒരുദിവസം, യോവാഷിന്റെ ഓക്കുമരത്തിനടുത്ത്, മിദിയാന്‍കാര്‍ക്കു കണ്ടുപിടിക്കാത്തവിധം  രഹസ്യമായി സ്ഥാപിച്ച മുന്തിരിച്ചക്കില്‍, ഗിദയോന്‍ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കുമ്പോള്‍ *കര്‍ത്താവിന്റെ ദൂതന്‍ അവനുമുമ്പില്‍ പ്രത്യക്ഷനായി.

“ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവു നിന്നോടുകൂടെ.” 

മാലാഖയുടെ അഭിവാദനം ശ്രവിച്ച ഗിദയോന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സുമുഖനായൊരുവന്‍ പുഞ്ചിരിയോടെ, തന്നെ നോക്കുന്നതുകണ്ടു. എന്നാല്‍ അതാരാണെന്നവനു മനസ്സ്സിലായില്ല. 

എങ്കിലുമവൻ മറുപടി പറഞ്ഞു

“പ്രഭോ, കര്‍ത്താവു ഞങ്ങളോടുകൂടെയുണ്ടെങ്കില്‍ ഇതെല്ലാം എന്തുകൊണ്ടു സംഭവിക്കുന്നു? ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നുവെന്നുപറഞ്ഞ്, ഞങ്ങളുടെ പിതാക്കന്മാര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്ന, കര്‍ത്താവിന്റെ  അദ്ഭുതപ്രവൃത്തികള്‍ ഇപ്പോളെവിടെ? അവിടുന്നു ഞങ്ങളെയുപേക്ഷിച്ചു മിദിയാന്‍കാരെ ഞങ്ങള്‍ക്കെതിരെ പ്രബലരാക്കുന്നുവല്ലോ!”

“നിന്നോടു സംസാരിക്കാന്‍ കര്‍ത്താവയച്ച ദൂതനാണു ഞാന്‍. കര്‍ത്താവു നിന്നോടരുള്‍ചെയ്യുന്നു: നിന്റെ സര്‍വ്വശക്തിയോടുംകൂടെപ്പോയി ഇസ്രായേലിനെ മിദിയാന്‍കാരില്‍നിന്നു സംരക്ഷിക്കുക.”

ഗിദയോന്‍ മാലാഖയുടെമുമ്പില്‍ താണുവണങ്ങി. “കര്‍ത്താവേ, മിദിയാൻകാരോടു പോരിനിറങ്ങാൻ ഞാനാരാണ്! മനാസ്സെയുടെ ഗോത്രത്തിലെ ഏറ്റവും ദുര്‍ബ്ബലമായ അബിയേസര്‍വംശത്തിലാണു ഞാന്‍ പിറന്നത്. എന്റെ കുടുംബത്തിലെ ഏറ്റവും നിസ്സാരനാണു ഞാന്‍. കൃഷിപ്പണികളല്ലാതെ മറ്റൊന്നുമെനിക്കറിയില്ല.”

“കര്‍ത്താവു നിന്നോടുകൂടെയുണ്ടായിരിക്കും. ഒറ്റയാളെയെന്നതുപോലെ, മിദിയാന്‍കാരെ നീ സംഹരിക്കും.”

“കര്‍ത്താവെന്നില്‍ സംപ്രീതനാണെങ്കില്‍, അവിടുന്നാണ് എന്നോടു സംസാരിക്കുന്നതെന്നതിന്, ഒരടയാളം തരണം. എന്റെ കാഴ്ചവസ്തുക്കള്‍ അങ്ങേയ്ക്കുമുമ്പില്‍ സമര്‍പ്പിക്കാന്‍ എനിക്കു സമയംതരണം.”

മാലാഖ പറഞ്ഞു: “നീ വരുന്നതുവരെ ഞാന്‍ കാത്തിരിക്കാം.” 

ഗിദയോന്‍ വീട്ടിലേക്കോടി. കൊഴുത്ത ഒരാട്ടിന്‍കുട്ടിയെ കൊന്നുപാകംചെയ്തു. ഗോതമ്പുമാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവുമുണ്ടാക്കി. 
അവന്‍ തിരികെയെത്തിയപ്പോള്‍, ഒരു പാറ ചൂണ്ടിക്കാട്ടി മാലാഖ പറഞ്ഞു: “ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും ഈ പാറമേല്‍ വയ്ക്കുക. ചാറ് അതിന്മേലൊഴിക്കുക.” 

ഗിദയോന്‍ അപ്രകാരംചെയ്തപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ അവന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രത്താല്‍ അവയെ സ്പര്‍ശിച്ചു.  പാറയില്‍നിന്നുയര്‍ന്ന തീയില്‍ അപ്പവും മാംസവും ദഹിച്ചുപോയി.
അതു കര്‍ത്താവിന്റെ ദൂതനായിരുന്നുവെന്നു ഗിദയോനുറപ്പായി.

“കര്‍ത്താവേ, ഞാനങ്ങയുടെ ദൂതനെ മുഖാഭിമുഖം കണ്ടിരിക്കുന്നു.” അവന്‍ ദൂതനുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.

“നീ എന്നെ നമസ്കരിക്കേണ്ടാ, കർത്താവിനെമാത്രമാരാധിക്കുക... ഭയപ്പെടേണ്ട, നീ മരിക്കുകയില്ല. സമാധാനമായിരിക്കുക, കല്പിക്കപ്പെട്ടതുപോലെ ചെയ്യുക. ” മാലാഖ ഗിദയോന്റെ ദൃഷ്ടികളില്‍നിന്ന് അപ്രത്യക്ഷനായി.

അന്നുരാത്രിയില്‍, ഒരു സ്വപ്നദർശനത്തിൽ കര്‍ത്താവു ഗിദയോനോടു കല്പിച്ചു. “നിന്റെ പിതാവു നിര്‍മ്മിച്ച ബാലിന്റെ ബലിപീഠമിടിച്ചുനിരത്തി, അതിനുസമീപമുള്ള അഷേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തുക. അവിടെ കല്ലുകളടുക്കി, നിന്റെ ദൈവമായ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിക്കണം. നിന്റെ പിതാവിന് ഏഴുവയസ്സുള്ള രണ്ടു കാളകളുള്ളതിലൊന്നിനെ അഷേരാപ്രതിമയുടെ തടികത്തിച്ച്, ദഹനബലിയായി അര്‍പ്പിക്കണം.”

തന്റെ കുടുംബക്കാരെയും പട്ടണവാസികളെയും ഭയന്നിരുന്നതിനാല്‍ പിറ്റേന്നു പകല്‍ അവനതു ചെയ്തില്ല. എന്നാല്‍ രാത്രിയായപ്പോള്‍ തന്റെ വേലക്കാരില്‍, വിശ്വസ്തരായ പത്തുപേരെയുംകൂട്ടിക്കൊണ്ടുപോയി, കര്‍ത്താവു കല്പിച്ചതുപോലെ ഗിദയോന്‍ ചെയ്തു.

നേരംപുലര്‍ന്നപ്പോള്‍ ബാലിന്റെ യാഗപീഠവും  അതിനടുത്തുണ്ടായിരുന്ന അഷേരാപ്രതിമയും തകര്‍ക്കപ്പെട്ടിരിക്കുന്നതും പുതുതായി നിര്‍മ്മിക്കപ്പെട്ട മറ്റൊരു യാഗപീഠത്തില്‍ ബലിയര്‍പ്പിച്ചിരിക്കുന്നതും പട്ടണവാസികള്‍ കണ്ടു. 

“ഇതുചെയ്യാന്‍ ധൈര്യപ്പെട്ടതാരാണ്” അവര്‍ പരസ്പരം ചോദിച്ചു.

അവരുടെ അന്വേഷണത്തില്‍ യോവാഷിന്റെ പുത്രനായ ഗിദയോനാണതുചെയ്തതെന്നു വ്യക്തമായി. പട്ടണവാസികള്‍ ഒന്നുചേര്‍ന്നു യോവാഷിന്റെ ഭവനത്തിലെത്തി. എന്നാല്‍ ഗിദയോന്‍ അവിടെയുണ്ടായിരുന്നില്ല. നേരംപുലരുന്നതിനുമുമ്പേ അയാള്‍ തന്റെ പത്തു ഭൃത്യന്മാരോടൊപ്പം ഒളിസങ്കേതത്തിലേക്കു പോയിക്കഴിഞ്ഞിരുന്നു. 

ജനക്കൂട്ടം യോവാഷിനുനേരേയലറി. "നിന്റെ മകന്‍ ബാലിന്റെ യാഗപീഠം തകര്‍ത്തു. അഷേരാപ്രതിഷ്ഠ വെണ്ണീറാക്കി. അവനെവിടെയായാലും അവനെ ഞങ്ങള്‍ക്കു വിട്ടുതരിക! അവന്‍ വധിക്കപ്പെടണം.”

(ഗിദയോന്റെ കഥ അടുത്തയാഴ്ചയില്‍ തുടരും ....)

------------------------------------------------------------------------
*കര്‍ത്താവിന്റെ ദൂതന്‍ - മാലാഖ

Sunday 10 June 2018

65. ദബോറയും ബാറക്കും

ബൈബിള്‍ക്കഥകള്‍ 65

കര്‍ത്താവില്‍നിന്നു ലഭിച്ച നന്മകള്‍മറന്ന്, ഇസ്രായേല്‍ജനം വീണ്ടും അവിശ്വസ്തതയുടെ വഴികളിലൂടെ സഞ്ചരിച്ചു. മറ്റുദേവന്മാര്‍ക്കു മുമ്പില്‍ ശിരസ്സുനമിച്ച്, കര്‍ത്താവിനെതിരായി ഇസ്രായേല്‍ തിന്മചെയ്തു. 

കര്‍ത്താവ്, ഹസോര്‍രാജ്യത്തിന്റെ  അധിപനായിരുന്ന യാബീനുമുമ്പില്‍ ഇസ്രായേലിനെ വിട്ടുകൊടുത്തു. 

യാബീനും അവന്റെ സേനാനായകനായ സിസേറയുംചേര്‍ന്ന് ഇസ്രായേലിനെ ഹസോറിന്റെ നുകത്തിനുകീഴിലാക്കി.  ഇസ്രായേല്‍ജനത, നീണ്ട
ഇരുപതുവര്‍ഷക്കാലം അവരുടെ ക്രൂരമായ അടിമത്തത്തിൻകീഴിൽ പീഡിപ്പിക്കപ്പെട്ടു. 

അപ്പോൾ ഇസ്രായേല്‍ജനം പശ്ചാത്തപിക്കുകയും വീണ്ടും കര്‍ത്താവില്‍ ദൃഷ്ടിയുറപ്പിക്കുകയുംചെയ്തു. അവർ കണ്ണീരോടെ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചുതുടങ്ങി.

കർത്താവിന് ഇസ്രായേലിനോട് അനുകമ്പതോന്നി. ലപ്പിദോത്തിന്റെ ഭാര്യയായ ദബോറയെ കര്‍ത്താവ് ഒരു പ്രവാചികയായുയര്‍ത്തി. അവള്‍ ഇസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ ന്യായപാലനം നടത്തിത്തുടങ്ങി.

കര്‍ത്താവില്‍നിന്നു ലഭിച്ച ഒരു വെളിപാടില്‍പ്രേരിതയായി, നഫ്താലിയിലെ കേദഷ് എന്ന ഗ്രാമത്തിലെ നിവാസിയായിരുന്ന ബാറക്കിനെ അവള്‍ ആളയച്ചു തന്റെപക്കല്‍ വരുത്തി. ബാറക്ക് ദബോറയുടെ മുമ്പിലെത്തിയപ്പോള്‍ അവളവനോടു പറഞ്ഞു.

“ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു നിന്നോടു കല്പിക്കുന്നു. നഫ്താലിഗോത്രത്തില്‍നിന്നും സെബുലൂണ്‍ഗോത്രത്തില്‍നിന്നുമായി പതിനായിരംപേരെ തിരഞ്ഞെടുത്ത്, അവരെ യുദ്ധസന്നദ്ധരാക്കി, താബോര്‍ മലയിലേക്കു നയിക്കുക. കിഷോന്‍നദിയുടെ തീരത്തെത്തുമ്പോള്‍ യാബീന്റെ സേനാനായകനായ സിസേറ തന്റെ സൈന്യത്തോടൊപ്പമെത്തി നിന്നെയെതിരിടാന്‍ കര്‍ത്താവിടയാക്കും. കര്‍ത്താവവനെ നിന്റെ കൈകളിലേല്പിച്ചുതരും.”

ബാറക്ക് പറഞ്ഞു: “കര്‍ത്താവു നിന്നോടുകൂടെയുണ്ടെന്നും കര്‍ത്താവിന്റെ വചനമാണു നീ പറയുന്നതെന്നും ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ നീ കൂടെയുണ്ടെങ്കില്‍ ഞാന്‍ യുദ്ധത്തിനായി താബോര്‍മലയിലേക്കു പോകാം. നീ കൂടെയില്ലെങ്കില്‍ ഞാന്‍ പോകില്ല.”

ദബോറ, ബാറക്കിനെ അടിമുടിനോക്കി. “ഞാന്‍ നിന്നോടൊപ്പം വരാം. എന്നാല്‍ നിന്റെയീ വഴി, നിന്നെ മഹത്വത്തിലെത്തിക്കില്ല. സിസേറയുടെ സൈന്യത്തെ നീ കീഴ്പ്പെടുത്തും. എന്നാല്‍ കര്‍ത്താവവനെ ഒരു സ്ത്രീയുടെ കൈകളിലേല്പിക്കും. അവളവനെ വധിക്കും.”

ദബോറ ബാറക്കിനോടൊപ്പം കേദഷിലേക്കു പോയി. കേദഷിൽനിന്ന്, ബാറക്ക്, നഫ്താലി – സെബുലൂണ്‍ ഗോത്രങ്ങളില്‍പ്പെട്ടവരെ അവൻ വിളിച്ചുകൂട്ടി. അവരില്‍നിന്ന്, യുദ്ധംചെയ്യാന്‍പ്രാപ്തരായ പതിനായിരംപേരെ തിരഞ്ഞെടുക്കുകയുംചെയ്തു. 

ആയുധങ്ങളേന്തിയ പതിനായിരം കാലാള്‍പ്പടയാളികള്‍ക്കൊപ്പം ബാറക്ക് താബോര്‍മലയിലെത്തി. ദബോറാപ്രവാചികയും അവരോടൊപ്പമുണ്ടായിരുന്നു. 

ഇസ്രായേല്‍ജനം സൈനികസന്നാഹങ്ങളോടെ താബോര്‍മലയില്‍ താവളമടിച്ചെന്നുകേട്ടപ്പോള്‍, സിസേറ തന്റെ സൈനികര്‍ക്കൊപ്പം അവരെ നേരിടാനെത്തി. തൊള്ളായിരം ഇരുമ്പുരഥങ്ങള്‍ സിസേറയുടെ സൈന്യത്തിനൊപ്പമുണ്ടായിരുന്നു. 

കിഷോന്‍നദിക്കരയില്‍ സിസേറയും സൈന്യവുമെത്തിയത് താബോര്‍മലയുടെ മുകളില്‍നിന്ന് ബാറക്ക് കണ്ടു. സിസേറയുടെ രഥങ്ങള്‍ തന്റെ സൈനികരെ തകര്‍ത്തുകളയുമെന്നു ബാറക്ക് ഭയന്നു.

“നിന്നെ നയിക്കുന്നതു കര്‍ത്താവല്ലേ? മുന്നേറുക, കര്‍ത്താവവനെ നിന്റെ കൈകളിലേല്പിക്കുന്ന ദിവസമാണിന്ന്.” 
ചഞ്ചലചിത്തനായിപ്പോയ ബാറക്കിനെ, ദബോറ ധൈര്യപ്പെടുത്തി. 

ബാറക്ക് തന്റെ സൈനികര്‍ക്കൊപ്പം താഴേയ്ക്കിറങ്ങി. താബോര്‍മലയുടെ മുകളില്‍നിന്നു ഇസ്രായേലിന്റെ അമ്പുകളും കുന്തങ്ങളും താഴ്വരയിലുള്ള സിസേറയ്ക്കും സൈനികര്‍ക്കുംനേരെ പാഞ്ഞുചെന്നു. '

മുകളിൽനിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ ഹാസോർസൈനികർക്കായില്ല.

സിസേറയുടെ സൈന്യം ചിതറിക്കപ്പെട്ടു. സൈനികര്‍ രഥങ്ങളുപേക്ഷിച്ച് ഇറങ്ങിയോടി. സൈന്യാധിപനായ സിസേറ രഥത്തില്‍നിന്നിറങ്ങി പിന്തിരിഞ്ഞോടി. 

ഇസ്രായേല്‍ ആവേശത്തോടെ താബോര്‍മലയുടെ താഴേയ്ക്കിറങ്ങി. അവർ സിസേറയുടെ സൈനികരെ പിന്തുടര്‍ന്നുകൊലപ്പെടുത്തി. സൈനികരിൽ ഒരാള്‍പോലും ജീവനോടെയവശേഷിച്ചില്ല. എന്നാല്‍ സിസേറയെമാത്രം അവര്‍ക്കു പിടികൂടാനായില്ല. 

സിസേറ, അവിടെനിന്നു രക്ഷപ്പെട്ട്, കേന്യനായ ഹേബറിന്റെ കൂടാരത്തിലഭയംതേടി. യാബീന്‍രാജാവും ഹേബറിന്റെ കുടുംബവുമായി സൗഹൃദത്തിലായിരുന്നതിനാലാണ് അവന്‍ ഹേബറിന്റെ കൂടാരം അഭയസങ്കേതമായി തിരഞ്ഞെടുത്തത്. 

എന്നാല്‍ ഇസ്രായേലുമായി ഹേബറിനുള്ള ബന്ധമെന്തെന്നു സിസേറയറിഞ്ഞിരുന്നില്ല. മോശയുടെ അമ്മായിയപ്പൻ്റെ പിന്‍തലമുറക്കാരനായിരുന്നു ഹേബര്‍. 

ഹേബറിന്റെ ഭാര്യ ജായേല്‍, സിസേറയെ തന്റെ കൂടാരത്തില്‍ സ്വീകരിച്ചു. അവനു കുടിക്കാന്‍ പാല്‍ നല്കി. 

സിസേറ പറഞ്ഞു. “നീ കൂടാരത്തിനു പുറത്തുനില്ക്കണം. ആരെങ്കിലും എന്നെ പിന്തുടര്‍ന്നു വന്നാല്‍ ഇവിടെ ആരും വന്നിട്ടില്ലെന്നു പറയണം.” 

"ഭയപ്പെടേണ്ടാ, നീ കൂടാരത്തിൽ വിശ്രമിച്ചുകൊള്ളുക. ഞാൻ വേണ്ടതു ചെയ്തുകൊള്ളാം." ജായേല്‍ സിസേറയ്ക്കു പുതയ്ക്കാനൊരു കരിമ്പടം നല്കി. ക്ഷീണിതനായിരുന്നതിനാൽ അവന്‍ പുതച്ചുകിടന്നുറങ്ങി.

അപ്പോൾ സിസേറയുടെ അമ്മ, അവളുടെ മുറിയുടെ കിളിവാതിലിലൂടെ പുറത്തേക്കുനോക്കി നില്ക്കുകയായിരുന്നു. കാരണമറിയാത്തൊരു ഭയം, അവളുടെ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു.

"അവന്റെ രഥം വരാന്‍ വൈകുന്നതെന്താണ്? കുതിരക്കുളമ്പടി ശബ്ദം കേള്‍ക്കുന്നില്ലല്ലോ...."

അവള്‍ സ്വയം ആശ്വസിപ്പിച്ചു. "അവന്‍ യുദ്ധത്തിനുപോയതല്ലേ! ഇപ്പോള്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത കൊള്ളമുതല്‍ പങ്കുവയ്ക്കുകയാകും. അവന്റെ പടയാളികള്‍ ഓരോരുത്തനും ഒന്നോ രണ്ടോ കന്യകമാരെവീതം ലഭിച്ചേക്കാം. എനിക്കണിയാന്‍ ചിത്രപ്പണികള്‍ചെയ്ത മനോഹരവസ്ത്രങ്ങള്‍ അവന്‍ കൊണ്ടുവരാതിരിക്കില്ല...''

ജായേൽ കൂടാരത്തിൽക്കടന്നു നോക്കി. സിസേറ ഗാഢനിദ്രയിലാണ്ടിരുന്നു.

അവൾ പുറത്തിറങ്ങി, കൂടാരത്തിന്റെ ഒരു മരയാണിയും ഒരു കൂടവുമെടുത്തുകൊണ്ടുവന്നു. സിസേറ, ക്ഷീണിച്ചു തളര്‍ന്നുറങ്ങിക്കഴിഞ്ഞിരുന്നു. അവള്‍, അവന്റെ തലയിൽ കൂടത്താലടിച്ചു.  

സിസേറ അലറിക്കരഞ്ഞുപിടഞ്ഞു.

ജായേൽ അവൻ്റെ ചെന്നിയിലേക്കു  മരയാണിയടിച്ചുകയറ്റി. നിലത്തിറങ്ങുവോളം അവന്റെ തലതകര്‍ത്ത്, അവളത് തറയിലടിച്ചുറപ്പിച്ചു. 


സിസേറയെ അന്വേഷിച്ചിറങ്ങിയ ബാറക്കും സംഘവും ജായേലിന്റെ കൂടാരവാതിൽക്കലെത്തി. 

വസ്ത്രത്തിലും കരങ്ങളിലും രക്തംപുരണ്ടു നില്ക്കുന്ന ജായേലിനെ അവർ കണ്ടു.

“വരിക, നീയന്വേഷിച്ചുവരുന്നവനെ ഞാന്‍ നിനക്കു കാണിച്ചുതരാം.” ജായേലവനെ കൂടാരത്തിലേക്കു ക്ഷണിച്ചു. ചെന്നിയില്‍ മരയാണി തറച്ചു മരിച്ചുകിടക്കുന്ന സിസേറയെ അവന്‍ കണ്ടു.

ശത്രുരാജ്യത്തിൻ്റെ സൈന്യാധിപനെ വധിച്ച ജായേൽ, ഇസ്രായേലിൻ്റെ ധീരനായികയായി. 

സൈനികരും സേനാനായകനും നഷ്ടമായ യാബീന്‍രാജാവിനെ ബാറക്ക്‌ ജീവനോടെ പിടികൂടി. എന്നാല്‍ അവനെ വധിച്ചില്ല. ജീവിതകാലംമുഴുവന്‍ യാബീനെ അവൻ ബന്ധനത്തിൽ സൂക്ഷിച്ചു.

യാബീൻ്റെമേൽനേടിയ വിജയം, ബാറക്കിന് ആത്മവിശ്വാസം നല്കി.

ദബോറ പ്രവാചികയുടെ ഉപദേശങ്ങള്‍ സ്വീകരിച്ച്, നാല്പതുവര്‍ഷക്കാലം അവൻ ഇസ്രായേലില്‍ ന്യായപാലനംനടത്തി. അവന്റെ കാലത്ത് ഇസ്രായേല്‍ കര്‍ത്താവിനെമാത്രമാരാധിച്ചു. ഇസ്രായേലിലെങ്ങും സമാധാനം നിലനിന്നു.

Sunday 3 June 2018

64. ഏഹൂദും ഷംഗൂറും


ബൈബിള്‍ക്കഥകള്‍ - 64

ഒത്ത്നിയേലിൻ്റെ മരണത്തോടെ, ഇസ്രായേൽ വീണ്ടും കർത്താവിനെ മറന്നുതുടങ്ങി. ബാൽദേവനേയും അഷേരാദേവിയേയും അവർ വീണ്ടും ആരാധിച്ചു. ബാലിൻ്റെയും അഷേരയുടേയും ഉത്സവദിനങ്ങൾ ഇസ്രായേലിൽ അത്യുത്സാഹത്തോടെ കൊണ്ടാടി. കർത്താവിൻ്റെ കോപം ഇസ്രായേലിനെതിരെ ജ്വലിച്ചു. 

മൊവാബിലെ രാജാവായിരുന്ന എഗലോനെ കർത്താവു ശക്തിപ്പെടുത്തി. അമോന്യരും അമലേക്യരും അവന്റെ സഖ്യകക്ഷികളായി. അഹലോൻ തൻ്റെ സഖ്യരാജ്യങ്ങളോടുചേർന്നു് ഇസ്രായേലിനെയാക്രമിച്ചു.

പ്രതിരോധത്തിനു നേതൃത്വംനല്കാൻ ഇസ്രായേലിൽ ആരുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ചെറുത്തുനില്പുകൾക്ക് നാഴികകളുടെ ആയുസ്സുപോലുമുണ്ടായതുമില്ല. എഗലോൻ്റെ സൈനികർ ഇസ്രായേലിൻ്റെ മുക്കുംമൂലയുംവരെ തങ്ങളുടെ നിയന്ത്രണത്തിലായി.

കാലം, മുമ്പോട്ടുള്ള പ്രയാണംതുടർന്നു. എഗലോൻ ഇസ്രായേലിനെ ഉരുക്കുമുഷ്ടികളാൽ ഞെരിച്ചു. ഇസ്രായേലിലെ ഗോതമ്പുവയലുകളും മുന്തിരിത്തോട്ടങ്ങളും ഈന്തപ്പനകളും സമൃദ്ധമായ വിളവുനല്കി. പച്ചനിറഞ്ഞ, ഇസ്രായേൽമലനിരകളിൽ മേഞ്ഞുനടന്ന ചെമ്മരിയാടുകളൂടെ രോമക്കുപ്പായങ്ങൾ ആവശ്യത്തിലേറെ കമ്പിളി നല്കി. എന്നാൽ ഇതെല്ലാം മൊവാബിനെയാണു സമ്പന്നമാക്കിയതു്. ഇസ്രായേൽജനം ദാരിദ്ര്യത്താൽ വലഞ്ഞു. ഇസ്രായേൽക്കാരുടെ കുഞ്ഞുങ്ങൾ എന്നും വിശന്നുകരഞ്ഞാണുറങ്ങിയത്.

പീഡനങ്ങളുടെയും പട്ടിണിയുടെയും പതിനെട്ടുവർഷങ്ങൾ കടന്നുപോയി. ബാൽദേവനെയും അഷേറാദേവിയേയും വെടിഞ്ഞ്, ഇസ്രായേൽ വീണ്ടും കർത്താവിങ്കലേക്കു തിരിഞ്ഞുതുടങ്ങി. ഉപവാസത്തോടെയും കണ്ണീരോടെയും ജനങ്ങൾ കർത്താവിനെ വിളിച്ചപേക്ഷിച്ചു.

ഇസ്രായേലിനോടു കർത്താവിനലിവുതോന്നി. ബഞ്ചമിൻഗോത്രത്തിലെ ഗേരയുടെ മകനായ ഏഹൂദിനെ, ഇസ്രായേലിൻ്റെ വിമോചകനായി കർത്താവു തിരഞ്ഞെടുത്തു.

കർത്താവിൻ്റെയാത്മാവു് ഏഹൂദിനോടൊപ്പമുണ്ടായിരുന്നു. അവൻ ഇസ്രായേലിലെ പ്രമുഖരുമായി രഹസ്യമായി ചർച്ചകൾനടത്തി. "ഇസ്രായേലിൻ്റെ മുക്കിലുംമൂലയിലും മൊവാബ്യസൈനികരുണ്ടു്. അതുകൊണ്ടുതന്നെ ഒരു സായുധകലാപം വിജയിക്കാൻ ബുദ്ധിമുട്ടാണു്. വിജയിച്ചാൽത്തന്നെ ഇസ്രായേലിനു വലിയ ആൾനാശം സംഭവിച്ചേക്കാം. അതുകൊണ്ടു നമുക്കു മൊവാബുരാജാവായ എഗലോനുമായി സന്ധിചെയ്യാനായി ചർച്ചകൾ നടത്താം. ഇസ്രായേലിനെ സമാധാനത്തിൽവിടാൻ നമുക്ക് അവനോടാവശ്യപ്പെടാം. എന്നാൽ, സമാധാനചർച്ചകൾക്കായി ഞാൻ പോകുമ്പോഴും ഇസ്രായേലിലെ മുഴുവൻ ജനങ്ങളും മോവാബ്യർക്കെതിരെ ഒരു സായുധകലാപത്തിനു സജ്ജരായിരിക്കണം. "

ഏഹൂദിൻ്റെ നിർദ്ദേശങ്ങൾ ജനം സ്വീകരിച്ചു.

ഇസ്രായേൽജനം തങ്ങളാൽക്കഴിയുന്നത്ര സ്വർണ്ണവും വെള്ളിയും സമാഹരിച്ചു. അവയെല്ലാം മൊവാബുരാജാവായ എഗലോനു കാഴ്ചനല്കുന്നതിനായി ഏഹൂദിനെയേല്പിച്ചു. ഏതാനും ചുമട്ടുകാരുടെ സഹായത്തോടെ, ഇസ്രായേൽജനംനല്കിയ കാഴ്ചവസ്തുക്കളുമായി, ഏഹൂദ് മൊവാബിലേക്കു പുറപ്പെട്ടു.

യാത്രപുറപ്പെടുന്നതിനുമുമ്പായി, ഒരു മുഴം നീളവും ഇരുതലയ്ക്കും മൂർച്ചയുമുള്ള ഒരു വാളുണ്ടാക്കി. വലതുതുടയിൽ കെട്ടിയുറപ്പിച്ച തുകലുറയിൽ അതു സുരക്ഷിതമായി വച്ചതിനുശേഷമാണ് ഏഹൂദ് വസ്ത്രം ധരിച്ചത്.

ഗിൽഗാലിലെ ശിലാവിഗ്രഹങ്ങൾക്കടുത്തുള്ള വേനൽക്കാലവസതിയിൽ വിശ്രമിക്കുകയായിരുന്നു എഗലോൻ. ഏഹൂദ് അവിടെയെത്തി, ഇസ്രായേലിൻ്റെ കാഴ്ചവസ്തുക്കൾ രാജാവിനുമുമ്പിൽ സമർപ്പിച്ചു. അവിടെനിന്നു പുറത്തിറങ്ങിയ ഏഹൂദ്, ചുമട്ടുകാരെ പറഞ്ഞുവിട്ടിട്ടു് എഗലോൻ്റെ വസതിയിൽ തിരികെയെത്തി. അവൻ രാജാവിനോടു പറഞ്ഞു.

"മഹാനായ എഗലോൻരാജാവു നീണാൾ വാഴട്ടെ! എനിക്കു്, ഒരു രഹസ്യസന്ദേശം അങ്ങയെ അറിയിക്കാനുണ്ടു്."

തന്നോടൊപ്പമുണ്ടായിരുന്ന പരിചാരകരോടു് പുറത്തിറങ്ങിനില്ക്കാൻ രാജാവാവശ്യപ്പെട്ടു.

ഏഹൂദ് വീണ്ടും പറഞ്ഞു: ''ദൈവത്തിൽനിന്നു് അങ്ങേയ്ക്കുള്ളൊരു സന്ദേശമാണ് എൻ്റെ പക്കലുള്ളതു്."

അതുകേട്ടപ്പോൾ എഗലോൻ തൻ്റെ ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റ് ഏഹൂദിനടുത്തുവന്നു നിന്നു. അയാൾ തടിച്ചുകൊഴുത്ത ഒരു മനുഷ്യനായിരുന്നു. ഏഹൂദ്, തൻ്റെ വലതുതുടയിൽ മറച്ചുവച്ചിരുന്ന വാൾ, ഇടതുകൈയാൽ പെട്ടെന്നു വലിച്ചൂരി, എഗലോൻ്റെ വയറ്റിലേക്കു കുത്തിയിറക്കി. വലതുകൈയാൽ അവൻ്റെ വായ് ബലമായമർത്തിയടച്ചുപിടിച്ചു. വാൾ, പിടിയുൾപ്പെടെ എഗലോൻ്റെ വയറിൽ തറഞ്ഞുകയറി. മുറിയുടെ വാതിൽ താക്കോലിട്ടുപൂട്ടി, ഏഹൂദ് പുറത്തുകടന്നു.

ഏഹൂദ് പോകുന്നതുകണ്ടപ്പോൾ പരിചാരകർ മടങ്ങിവന്നു. മുറി പൂട്ടിയിട്ടിരുന്നതിനാൽ രാജാവ്, മുറി അകത്തുനിന്നു പൂട്ടി, ദിനചര്യയ്ക്കുള്ള രഹസ്യമുറിയിൽ പോയിരിക്കുമെന്നു് അവർ കരുതി.

ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതിനാൽ, കാര്യവിചാരകൻ്റെ കൈവശമുണ്ടായിരുന്ന മറ്റൊരു താക്കോൽ കൊണ്ടുവന്നു വാതിൽ തുറന്നു. മുറിയിൽക്കടന്നപ്പോൾ, തറയിൽ മരിച്ചുകിടക്കുന്ന രാജാവിനെയാണവർ കണ്ടതു്. പിടിയോളം ഉള്ളിലേക്കു കയറിയ വാൾപ്പിടിയുടെ ചുറ്റും കൊഴുപ്പു മൂടിക്കിടന്നു.

രാജാവു കൊലചെയ്യപ്പെട്ടുവെന്നു മൊവാബ്യർ തിരിച്ചറിഞ്ഞ സമയത്തിനുള്ളിൽ ഏഹൂദ് ഏറെ ദൂരത്തിലുള്ള സെയിറിലെത്തിക്കഴിഞ്ഞിരുന്നു. അവന്‍ എഫ്രായിം മലമ്പ്രദേശത്തെത്തിയപ്പോള്‍ കാഹളംമുഴക്കി. മുൻനിശ്ചയപ്രകാരം അവിടെ കാത്തുനിന്നിരുന്ന ഇസ്രായേല്‍ജനം, മലയില്‍നിന്ന്‌ അവൻ്റെ നേതൃത്വത്തില്‍ താഴേക്കിറങ്ങി.

ഏഹൂദ് ജനങ്ങളോടു പറഞ്ഞു: ''കര്‍ത്താവ്,‌ നിങ്ങളുടെ ശത്രുക്കളായ മൊവാബ്യരെ നിങ്ങളുടെ കൈകളിലേല്പിച്ചിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം വരുവിൻ."

ജനങ്ങൾ ആയുധമേന്തി അവൻ്റെയൊപ്പം പോയി. മൊവാബിന്‌ എതിരേയുള്ള ജോർദ്ദാൻ്റെ കടവുകള്‍ അവർ പിടിച്ചടക്കി. രാജാവു വധിക്കപ്പെട്ടുവെന്നുകേട്ടപ്പോൾ മൊവാബ്യർ പരിഭ്രാന്തരായി. സൈനികർപോലും ഭയന്നു. ധീരന്മാരും കരുത്തുറ്റവരുമായ പതിനായിരത്തോളം മൊവാബ്യരെ ഇസ്രായേൽക്കാർ അന്നു കൊലപ്പെടുത്തി. ഒരുവന്‍പോലും രക്‌ഷപെട്ടില്ല.

ആ ദിവസം മൊവാബ് പൂർണ്ണമായും ഇസ്രായേലിനധീനമായി. പിന്നീടു് ഏഹൂദും അവൻ്റെ പിൻഗാമിയായി ഷംഗൂറും ഇസ്രായേലിൽ ന്യായപാലനം നടത്തി. ഷംഗൂറിൻ്റെ കാലത്തു ഫിലിസ്ത്യർ ഇസ്രായേലിനെതിരേ പോരിനിറങ്ങി. ആയുധധാരികളായ ഫിലിസ്ത്യർക്കെതിരേ ചാട്ടവാർമാത്രം കൈയിലേന്തി ഷംഗൂർ പോരാടി. അറുനൂറു ഫിലിസ്ത്യർ ഷംഗൂറിൻ്റെ ചാട്ടവാറടിയേറ്റുവീണു മരിച്ചു.

ഏഹൂദും തുടർന്നു ഷംഗൂറും ഇസ്രായേലിനെ നയിച്ചഎണ്‍പതുവര്‍ഷങ്ങൾ ഇസ്രായേലിലെങ്ങും ശാന്തിയും സമാധാനവും കളിയാടി.