Sunday 26 July 2020

117. കർത്താവിൻ്റെ പേടകം

ബൈബിൾക്കഥകൾ 117


കർത്താവിൻ്റെ പേടകം അപ്പോഴും കിരിയാത്ത്‌യയാറിമിലെ അബിനാദാബിൻ്റെ പുത്രന്‍ എലെയാസറിൻ്റെ ഭവനത്തിൽത്തന്നെയായിരുന്നു.

ഇസ്രായേലിൽ രാജഭരണമാരംഭിക്കുന്നതിനു മുമ്പ്, പ്രവാചകനായ ഏലിയുടെ അന്ത്യനാളുകളിൽ ഫിലിസ്ത്യരുടെ ആക്രമണത്തിൽ ഇസ്രായേൽ പരാജയപ്പെട്ടു. ഇസ്രായേലിൽനിന്നു പിടിച്ചെടുത്ത കൊള്ളവസ്തുക്കൾക്കൊപ്പം കർത്താവിൻ്റെ പേടകവും ഫിലിസ്ത്യദേശത്തേക്കു കടത്തിക്കൊണ്ടുപോയി. അതവർക്കൊരു ദുരന്തമായി. '

ഫിലിസ്ത്യദേശത്തെങ്ങും മഹാമാരി പടർന്നുപിടിച്ചു. ചകിതരായ ഫിലിസ്ത്യർ ഇസ്രായേൽക്കാരമായി സന്ധിചെയ്തു. വാഗ്ദാനപേടകം തിരികെ നല്കി.

അബിനാദാബിൻ്റെ പുത്രനായ എലിയാസറിൻ്റെ ഭവനത്തിൽ വാഗ്ദാനപേടകം പ്രതിഷ്ഠിച്ചു.

വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവരാൻ ദാവീദുരാജാവു തീരുമാനിച്ചു.

രാജാവിൻ്റെ നേതൃത്വത്തിൽ ഇസ്രായേൽശ്രേഷ്ഠന്മാരും ജനങ്ങളും എലിയാസറിൻ്റെ ഭവനത്തിലെത്തി, കർത്താവിനു ബലികളർപ്പിച്ചു.

രണ്ടു കാളകളെപ്പൂട്ടിയ പുതിയ കാളവണ്ടിയിൽ, വാഗ്ദാനപേടകം കയറ്റി.

അബിനാദാബിൻ്റെ പുത്രനായ എലിയാസറിൻ്റെ പുത്രന്മാരായ ഉസ്സായും അഹിയോയും വണ്ടി തെളിച്ചു. ഉസ്സാ വണ്ടിയിലിരുന്നു കാളകളെ നിയന്ത്രിച്ചു. അഹിയോ വണ്ടിക്കുമുമ്പിൽ, കാളകളുടെ പാർശ്വംചേർന്നു നടന്നു.

കിന്നരം, വീണ, കൈത്താളം തുടങ്ങിയ വാദ്യങ്ങളോടെ, ജനങ്ങൾ കര്‍ത്താവിൻ്റെ പേടകത്തിനു മുമ്പിൽ പാടുകയും നൃത്തംചവിട്ടുകയും ചെയ്‌തു.

ഘോഷയാത്ര നാക്കോൻ്റെ മെതിക്കളത്തിലെത്തിയപ്പോള്‍, കാളകളിലൊന്നു വിരണ്ടു.‌ വണ്ടി ചരിഞ്ഞു. പേടകം ചാഞ്ചാടി.

അഹിയോ മൂക്കുകയറിൽപ്പിടിച്ചു കാളയെ നിയന്ത്രിച്ചു.

ഉസ്സാ കൈനീട്ടി, ചരിഞ്ഞ പേടകത്തിൽപ്പിടിച്ചു. ആദരപൂർവ്വമല്ലാതെ കർത്താവിൻ്റെ പേടകത്തിൽ സ്പർശിച്ചതിനാൽ, കർത്താവിൻ്റെ കോപത്താൽ അവൻ ശരീരംകുഴഞ്ഞു താഴെവീണുപോയി. അപ്പോൾത്തന്നെ അവൻ്റെ ജീവൻ ശരീരംവെടിഞ്ഞു.

വാദ്യഘോഷങ്ങൾ നിലച്ചു. ജനങ്ങൾ വിഹ്വലരായി.

അന്നാദ്യമായി ദാവീദിനു കർത്താവിനോടു കോപവും ഭയവുംതോന്നി. തൻ്റെ നഗരത്തിലേക്കു പേടകം കൊണ്ടുപോകാൻ ദാവീദ് ഭയന്നു.

നാക്കോൻ്റെ മെതിക്കളത്തിനടുത്തായിരുന്നൂ ഹിത്യവംശജനായ ഓബദ്‌ ഏദോമിന്റെ ഭവനം. പേടകം അവിടെ പ്രതിഷ്ഠിക്കാൻ ദാവീദുരാജാവു കല്പിച്ചു.

അനന്തരം ദാവീദും സംഘവും ജറുസലേമിലേക്കു മടങ്ങി.

കർത്താവിൻ്റെ പേടകം പ്രതിഷ്ഠിക്കപ്പെട്ട ദിവസംമുതൽ ഓബദ് ഏദോമിൻ്റെ ഭവനം അനുഗ്രഹിക്കപ്പെട്ടുതുടങ്ങി. ഓബദ് ഏദോമിൻ്റെയും മക്കളുടേയും കൃഷിയും കാലിസമ്പത്തും സമൃദ്ധമായി.

കർത്താവിൻ്റെ പേടകം ഭവനത്തിൽ പ്രതിഷ്ഠിച്ചപ്പോൾ ഓബദ്‌ഏദോമും കുടുംബവും അനുഗ്രഹിക്കപ്പെട്ടുവെന്ന വാർത്ത ദാവീദിൻ്റെ ചെവികളിലുമെത്തി.‌

വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവരാൻ ദാവീദ്, വീണ്ടുമൊരുക്കങ്ങൾ തുടങ്ങി.

കർത്താവിൻ്റെ പേടകംവഹിക്കാൻ, കാളവണ്ടിക്കുപകരം ലേവ്യപുരോഹിതരെ സജ്ജരാക്കി. അവർ പേടകം തണ്ടുകളിലേറ്റി, തോളിൽ വഹിച്ചു.

ഓബദ് ഏദോമിൻ്റെ ഭവനത്തിൽനിന്ന് പേടകം തോളിലേറ്റിയ ലേവ്യർ ആറുചുവടു നടന്നു.

അപ്പോള്‍ ദാവീദ് ഒരു കാളയെയും തടിച്ച കാളക്കിടാവിനെയും കർത്താവിനു ബലിയർപ്പിച്ചു.

ബലിയർപ്പണത്തിനു ശേഷം വാഗ്ദാനപേടകം വഹിച്ച ലേവ്യർ വീണ്ടും നടന്നുതുടങ്ങി...

ദാവീദും ഇസ്രായേല്‍ജനങ്ങളും ആര്‍പ്പുവിളിച്ചും കാഹളം മുഴക്കിയും നൃത്തംചെയ്തുകൊണ്ട് കര്‍ത്താവിൻ്റെ പേടകം ജറുസലേമിലേക്കു കൊണ്ടുവന്നു.

ദാവീദ്‌ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട്, സര്‍വ്വശക്തിയോടെ നൃത്തംചെയ്‌തു. തൻ്റെമേൽവസ്ത്രമഴിഞ്ഞുപോയതുപോലും ആവേശത്തള്ളലിൽ ദാവീദറിഞ്ഞില്ല. ചണനൂല്‍കൊണ്ടുള്ള ഒരരക്കച്ചമാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ..

ജറുസലേംകൊട്ടാരത്തിൻ്റെ ജാലകവാതിലിലൂടെ മിഖാൽ പുറത്തേക്കു നോക്കി. 

കർത്താവിൻ്റെ പേടകംവഹിച്ചുകൊണ്ടെത്തുന്ന ഘോഷയാത്രയ്ക്കുമുമ്പിൽ, അർദ്ധനഗ്നനായി നൃത്തംചെയ്യുന്ന ദാവീദിനെക്കണ്ടപ്പോൾ, അവള്‍ക്കവജ്ഞ‌തോന്നി.

ജറുസലേമിൽ, പ്രത്യേകംതയ്യാറാക്കിയിരുന്ന ഒരുകൂടാരത്തിനുള്ളില്‍ പേടകം പ്രതിഷ്‌ഠിച്ചു. ദാവീദു‌ രാജാവിനുവേണ്ടി കര്‍ത്താവിനുമുമ്പിൽ പുരോഹിതർ ബലികളര്‍പ്പിച്ചു.

ബലിയര്‍പ്പണത്തിനുശേഷം കര്‍ത്താവിൻ്റെ നാമത്തില്‍ ജനങ്ങളെയെല്ലാമനുഗ്രഹിച്ചു.

സ്‌ത്രീപുരുഷഭേദമെന്നിയേ അവിടെ സന്നിഹിതരായിരുന്ന എല്ലാവർക്കും ഒരപ്പവും ഒരുകഷണം മാംസവും ഒരു മുന്തിരിയടയുംവീതം വിതരണം ചെയ്‌തു.

ജനങ്ങളെല്ലാം വീട്ടിലേക്കു മടങ്ങിയശേഷം, തൻ്റെ കുടുംബത്തെയനുഗ്രഹിക്കാന്‍, ദാവീദ്‌ കൊട്ടാരത്തിലെത്തി.

അന്തഃപുരത്തിലേക്കു കയറുമ്പോൾ മിഖാല്‍ അവൻ്റെ മുമ്പിലെത്തി.

"ഇസ്രായേലിൻ്റെ രാജാവ്‌ ഇന്നു തന്നെത്തന്നെ എത്രമാത്രം പ്രശസ്തനാക്കിയിരിക്കുന്നു! സ്‌ത്രീകളടക്കമുള്ള പ്രജകളുടെ മുമ്പിൽ നിര്‍ലജ്ജം നഗ്നതപ്രദര്‍ശിപ്പിച്ച്, ആഭാസനൃത്തമാടുകയായിരുന്നില്ലേ? അതെങ്ങനെ, കാട്ടിലുംമേട്ടിലും ആടുമേയ്ച്ചുനടന്ന സംസ്കാരമല്ലേ രക്തത്തിലുള്ളത്..."

പുശ്ചത്തോടെയുള്ള അവളുടെ വാക്കുകൾ ദാവീദിനെ കോപിഷ്ഠനാക്കി.

ദാവീദ്‌ പറഞ്ഞു: ''നിൻ്റെ കുടുംബത്തേയും പിതാവിനെയുമൊഴിവാക്കി, ദൈവത്തിൻ്റെ ജനമായ ഇസ്രായേലിൻ്റെ രാജാവായി, എന്നെ തിരഞ്ഞെടുത്ത കര്‍ത്താവിൻ്റെ തിരുമുമ്പിലാണു ഞാന്‍ നൃത്തംചെയ്‌തത്‌. നിൻ്റെ മുമ്പിൽ ഞാനിതിലേറെ അധിക്ഷേപാർഹനുമായാലും കര്‍ത്താവിനെ മഹത്വപ്പെടുത്താൻ, ഞാനിനിയും ആനന്ദ‌നൃത്തംചെയ്യും. നീ പറഞ്ഞ ഇസ്രായേൽജനവും ഇസ്രായേലിലെ പെണ്‍കുട്ടികളും ഇതുമൂലം എന്നെ കൂടുതൽ ബഹുമാനിക്കും."


മിഖാൽ കോപത്തോടെ ദാവീദിനെ നോക്കി. പിന്നെ പിന്തിരിഞ്ഞ്, കാലുകളമർത്തിച്ചവിട്ടി അവളുടെ അന്തഃപുരത്തിലേക്കു പോയി.

Sunday 19 July 2020

116. ജറുസലേമിൻ നായകൻ

ബൈബിൾക്കഥകൾ 116

ദാവീദ് തൻ്റെ തലസ്ഥാനം ജറുസലേമിലേക്കു മാറ്റാൻ തീരുമാനിച്ചു.

ഹെബ്രോണിൽനിന്നുള്ള രാജ്യഭരണം ഏഴുവർഷവും ആറുമാസവും പൂർത്തിയാക്കിയശേഷം, മുപ്പതാംവയസ്സിൽ അവൻ തൻ്റെ സിംഹാസനം, സീയോൻകോട്ടയ്ക്കുള്ളിൽ, ജറുസലേമിലേക്കു മാറ്റി സ്ഥാപിച്ചു.


കാനാൻദേശത്തിനു പുറത്ത്, ടയിറിലെ രാജാവായ ഹീരാമുമായി ദാവീദ് സഖ്യത്തിലേർപ്പെട്ടു. sയിറിൽനിന്ന്, വിദഗ്ദ്ധരായ കല്ലുപണിക്കാരും മരപ്പണിക്കാരും ഇസ്രയേലിലെത്തി. ടയിറിലെ മേന്മയേറിയ ദേവദാരുത്തടികൾ ഹീരാം അയച്ചുകൊടുത്തു. 

ദാവീദ് ജറുസലേം നഗരം സീയോൻകോട്ടയ്ക്കു പുറത്തേക്കു വികസിപ്പിച്ചു. കോട്ടയ്ക്കുള്ളിൽ മനോഹരമായൊരു കൊട്ടാരം പണികഴിപ്പിച്ചു.

ഇസ്രായേലും ദാവീദും പ്രബലരാകുന്നുവെന്നുകണ്ടപ്പോൾ കാനാൻനാട്ടിലുള്ള ഫിലിസ്ത്യരാജാക്കന്മാർക്കു സ്വസ്ഥതയില്ലാതായി. അവരൊന്നിച്ച് ദാവീദിനെയാക്രമിക്കാൻ തീരുമാനിച്ചു.

ഫിലിസ്ത്യരുടെ നീക്കത്തെക്കുറിച്ച്, ചാരന്മാരിലൂടെയറിഞ്ഞപ്പോൾ ദാവീദ് അസ്വസ്ഥനായി. ഫിലിസ്ത്യരുടെ സംയുക്തസൈനികശക്തി ഇസ്രായേലിൻ്റെ സൈന്യത്തേക്കാൾ ഏറെ വലുതായിരുന്നു.

സീയോൻകോട്ടയുടെ വാതിലുകൾ അടച്ചു കാവൽ ശക്തമാക്കി. കോട്ടമതിലിനടിയിലൂടെയുള്ള നീർച്ചാലിൽ, കോട്ടമതിലിൻ്റെ ഉൾഭാഗത്തായി, ആർക്കും നുഴഞ്ഞുകയറാനാകാത്തവിധം 
 ഇരുമ്പുവലയുറപ്പിച്ചു സുരക്ഷിതമാക്കി.

ദാവീദ് കോട്ടയ്ക്കുള്ളിൽനിന്നു പുറത്തിറങ്ങാതെ, കർത്താവിനുമുമ്പിൽ പ്രാർത്ഥനയോടെ നിന്നു.

ഫിലിസ്ത്യസൈന്യം റഫായിംതാഴ്‌വരയില്‍ താവളമടിച്ചു. തങ്ങളെ ഭയന്നു ദാവിദും സൈന്യവും കോട്ടയ്ക്കുള്ളലൊളിച്ചിരിക്കുകയാണെന്നറിഞ്ഞപ്പോൾ ഫിലിസ്ത്യസൈന്യത്തിൻ്റെ ആവേശമിരട്ടിയായി. ഫിലിസ്ത്വരാജാക്കന്മാർ സീയോൻകോട്ട തകർക്കാനുള്ള പദ്ധതികളാസൂത്രണംചെയ്തു തുടങ്ങി.

കര്‍ത്താവു ദാവീദിനോടു‌ പറഞ്ഞു: "നീ യുദ്ധത്തിനു പുറപ്പെടുക,  ഞാൻ നിന്നോടൊപ്പമുണ്ടാകും ഫിലിസ്‌ത്യർക്കു നിൻ്റെമുമ്പിൽ പിടിച്ചുനില്ക്കാനാകില്ലാ..."

സീയോൻകോട്ടയുടെ ഇരിമ്പുവാതിലുകൾ തുറക്കപ്പെട്ടു. റഫായിംതാഴ്‌വരയെ ലക്ഷ്യമാക്കി
ജറുസലേമിൽനിന്നു ദാവീദിൻ്റെ സൈന്യം പുറപ്പെട്ടു. ദാവീദും യോവാബും മുമ്പിൽനിന്ന്, ഇസ്രായേൽസൈന്യത്തെ നയിച്ചു.

ഫിലിസ്ത്യർ പ്രതീക്ഷിക്കാതിരുന്ന സമയത്ത്, ഇസ്രായേൽസൈന്യം, അവരുടെ പാളയമാക്രമിച്ചു. ദാവീദ് ഇസ്രായേൽപ്പാളയത്തിൻ്റെ മുന്നിലൂടെയും യൊവാബും അബിഷായിയും വശങ്ങളിലൂടെയും ആക്രമിച്ചു കയറി. 

ഫിലിസ്ത്യർ ചിതറിയോടി. 

വെള്ളച്ചാട്ടംപാലെ കര്‍ത്താവെൻ്റെ ശത്രുക്കളെച്ചിതറിച്ചുവെന്നു‌  പറഞ്ഞ്, ദാവീദ് ആ സ്ഥലത്തിന്‌ ബാല്‍പെരാസിം എന്നുപേരിട്ടു. ദാവീദ് വിജയശ്രീലാളിതനായി ജറുസലേമിലേക്കു മടങ്ങി.

എന്നാൽ ഫിലിസ്ത്യർ പൂർണ്ണമായി പിൻവാങ്ങിയിരുന്നില്ല. അവർ കൂടുതൽ വലിയ സൈന്യവുമായി ബാല്‍പെരാസിമിൽ മടങ്ങിയെത്തി. 

"ഞാൻ ഫിലിസ്ത്യരെ വീണ്ടും നേരിടണോ? അതോ കോട്ടവാതിലടയ്ക്കണോ?"
ദാവീദ്‌ കര്‍ത്താവിനോടാ‌രാഞ്ഞു. 

കർത്താവവനോടു പറഞ്ഞു: നീയവർക്കെതിരേ വീണ്ടുംചെല്ലുക. എന്നാൽ നേരേ ചെന്നാ‌ക്രമിക്കരുത്‌. റഫായിം താഴ്വരയുടെ വശങ്ങളിലൂടെചെന്ന്,  ബള്‍സാ വൃക്ഷങ്ങള്‍ക്കാടുകൾക്കിടയിലൂടെ കയറി പിന്നില്‍നിന്നാക്രമിക്കുക."

കർത്താവു കല്പിച്ചതുപോലെ ദാവീദ് ചെയ്തു. 

മുന്നിലേക്കും വശങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഫിലിസ്ത്യർ പിന്നിൽനിന്നൊരാക്രമണം പ്രതീക്ഷിച്ചിരുന്നില്ല. 

പിൻനിരയിലുണ്ടായിരുന്ന ഫിലിസ്ത്യരെ വെട്ടിവീഴ്ത്തി. പിൻനിരയിലുണ്ടായിരുന്ന സൈനികരുടെ, മരണഭീതിയോടെയുള്ള അലർച്ചകളും കരച്ചിലുകളും കേട്ടപ്പോൾമാത്രമാണ്, തങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന സത്യം മുൻനിരയിലുണ്ടായിരുന്ന ഫിലിസ്ത്യസൈനികരും അവരുടെ നായകരും മനസ്സിലാക്കിയത്.

അപ്പോൾ ഏറെ വൈകിപ്പോയിരുന്നു. നിരവധി കബന്ധങ്ങൾ ചോരച്ചാലുകളുടെ ഉറവകളായി മണ്ണിലുരുണ്ടു.

ഫിലിസ്ത്യരിൽ അവശേഷിച്ചവർ പിന്തിരിഞ്ഞോടി. 

ഇസ്രായേൽസൈന്യം ഗേസർവരെ അവരെ പിന്തുടർന്നാക്രമിച്ചു. ഗേബമുതൽ ഗേസർവരെയുള്ള പ്രദേശങ്ങൾ ഇസ്രായേലിൻ്റെ ഭാഗമായിത്തീർന്നു.


Sunday 12 July 2020

115. ഇസ്രായേൽരാജാവ്

ബൈബിൾക്കഥകൾ - 115

യൂദായിലെ പ്രമുഖർക്കെല്ലാം ദാവീദ്‌  രാജാവ് സന്ദേശങ്ങളയച്ചു. "അബ്‌നേറിന്റെ രക്തംചിന്തിയതിൽ എനിക്കോ എന്റെ രാജ്യത്തിനോ പങ്കില്ല. അവൻ്റെ രക്തം, യോവാബിന്റെയും അവന്റെ പിതൃഭവനത്തിന്റെയുംമേല്‍ പതിക്കട്ടെ!"

ദാവീദുരാജാവ് തൻ്റെ വസ്ത്രം കീറുകയും വിലാപവസ്ത്രം ധരിക്കുകയുംചെയ്തു. രാജ്യമെങ്ങും ദുഃഖാചരണം പ്രഖ്യാപിച്ചു.

ഹെബ്രോണിലെ കല്ലറവരെ
ദാവീദ്‌ അബ്നേറിൻ്റെ ശവമഞ്ചത്തെ പിന്തുടര്‍ന്നു. അവൻ കല്ലറയ്‌ക്കരികെനിന്ന്‌ ഉച്ചത്തില്‍ക്കരഞ്ഞു. ആ ദിവസംമുഴുവൻ ജലപാനംപോലുമില്ലാതെ അവനുപവസിച്ചു.

രാജാവു‌ ചെയ്‌തതെല്ലാം യൂദായിലേയും ഇസ്രായേലിലേയും ജനങ്ങളെല്ലാവരും ശ്രദ്ധിച്ചു.
അബ്‌നേറിൻ്റെ കൊലപാതകം,  രാജാവിന്റെ അറിവോടെയായിരുന്നില്ലെന്ന്‌ ഇസ്രായേല്‍ക്കാരെല്ലാം  മനസ്സിലാക്കി.

തന്റെ സൈന്യാധിപനായ അബ്‌നേര്‍ കൊല്ലപ്പെട്ടന്നറിഞ്ഞപ്പോൾ, ഇഷ്‌ബോഷെത്ത്‌ രാജാവു ചകിതനായി. അവൻ അന്തഃപുരത്തിൽനിന്നു പുറത്തിറങ്ങിയില്ല. 

അബ്നേർ വധിക്കപ്പെട്ടപ്പോൾ,
ഇഷ്‌ബോഷെത്ത്‌ രാജാവിൻ്റെ സൈന്യത്തിലെ പ്രമുഖരായിരുന്ന
ബാനായും റേഖാബും രാജാവിനെതിരായി ഗൂഢാലോചന നടത്തി. അവർ അന്തഃപുരത്തിൽക്കടന്ന്  രാജാവിനെ വധിച്ചു. ഛേദിച്ചെടുത്ത ശിരസ്സുമായി ആ രാത്രിയിൽത്തന്നെ, അവർ ദാവീദിൻ്റെ കൊട്ടാരത്തിലെത്തി.

തൻ്റെ സഹോദരൻ്റെ, ഛേദിക്കപ്പെട്ട ശിരസ്സുകണ്ട് മിഖാൽ മോഹാലസ്യപ്പെട്ടു വീണു.

"ശുഭവാർത്തയെന്ന ഭാവത്തില്‍ സാവൂള്‍രാജാവിൻ്റെ മരണവാർത്തയുമായി എന്റെയടുത്തുവന്നവന് എന്താണു സംഭവിച്ചതെന്നു നിങ്ങൾ കേട്ടിരുന്നില്ലേ? 

സ്വഭവനത്തില്‍ ഉറങ്ങിക്കിടന്നിരുന്നവനെ, പതുങ്ങിച്ചെന്നു കൊന്നുകളഞ്ഞ നിങ്ങൾക്കു ഞാൻ അതിലുംവലിയ സമ്മാനംതന്നെ തരും!‌ എൻ്റെ ജോനാഥൻ്റെ സഹോദരൻ്റെ രക്തത്തിനു പകരംവീട്ടാതിരിക്കാൻ എനിക്കാവുമെന്നു നിങ്ങൾ കരുതിയോ?"

പിറ്റേന്ന്, ബാനായുടേയും റേഖാബിൻ്റെയും ജഡങ്ങൾ ഹെബ്രോണിലെ വലിയകുളത്തിൻ്റെ പാർശ്വത്തിൽ കഴുകന്മാരുടെ ഭക്ഷണമായി...

ദാവീദ്, ഇഷ്ബോഷെത്തിന് രാജകീയമായ മൃതസംസ്കാരമൊരുക്കി..  

ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാര്‍ ഹെബ്രാണില്‍ ദാവീദിൻ്റെയടുത്തുവന്നു. 

"സാവൂള്‍ ഇസ്രായേലിൻ്റെ രാജാവായിരുന്നപ്പോള്‍പ്പോലും അങ്ങുതന്നെയാണ് ഇസ്രായേലിനെ നയിച്ചിരുന്നതെന്ന് എല്ലാവർക്കുമറിയാം. ഇന്നിതാ സിംഹാസനത്തിലിരുന്ന്, ഇസ്രായേലിനെ അങ്ങു നയിക്കേണ്ട സമയമായിരിക്കുന്നു."

ദാവീദു‌രാജാവ്‌, കര്‍ത്താവിന്റെ സന്നിധിയില്‍ ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുമായും ഉടമ്പടിചെയ്‌തു. 

ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകംചെയ്യപ്പെട്ടു.. ദാവീദിന്റെ അടുത്ത സുഹൃത്തും രാജ്യതന്ത്രജ്ഞനുമായിരുന്ന അഹിതോഫെൽ രാജാവിന്റെ ഉപദേഷ്ടാവായി നിയമിതനായി.

ഇസ്രായേൽമുഴുവൻ്റെയും രാജാവായി അധികാരമേറ്റപ്പോഴും ദാവീദിൻ്റെ തലസ്ഥാന നഗരം, യൂദായുടെ തലസ്ഥാനമായിരുന്ന ഹെബ്രോൺതന്നെയായിരുന്നു. 

മിഖാൽ, അബിഗായിൽ, അഹിനോവാം, മാഖാ എന്നിവർക്കുപുറമേ ഹഗ്ഗീത്ത്, അബിത്താൽ, എഗ്ലാ എന്നിവരെക്കൂടെ ദാവീദ്, ഹെബ്രോണിൽവച്ചു
ഭാര്യമാരായി സ്വീകരിച്ചു. അവരിൽനിന്ന്, യഥാക്രമം അദോനിയാ, ഷെഫത്തിയാ, ഇത്രയാം എന്നീ പുത്രന്മാരും ജനിച്ചു. 

ഇസ്രായേലിൻ്റെ സമീപരാജ്യമായിരുന്ന ജറുസലേം ജബൂസ്യവംശജരുടെ രാജ്യമായിരുന്നു. സുശക്തമായ കോട്ടകളാൽ ചുറ്റപ്പെട്ട ജറുസലേം സമൃദ്ധിയുടെ വിളനിലമായിരുന്നു. ജറുസലേമിനു ചുറ്റുമുള്ള കോട്ട, സീയോൻകോട്ടയെന്നപേരിൽ കാനാൻനാട്ടിലെല്ലാം പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
ജോർദ്ദാനിൽനിന്നു. നീർപ്പാത്തികൾ നിർമ്മിച്ച്, അതിലൂടെയാണ് ജെറുസലേം രാജ്യത്തേക്കാവശ്യമായ ജലമെത്തിച്ചിരുന്നത്. ജനങ്ങൾക്കു കോട്ടയ്ക്കു പുറത്തിറങ്ങാതെ സുഖകരമായി ജീവിക്കാനുള്ള സൗകര്യങ്ങളെല്ലാം ജറുസലേമിലെ ജബൂസ്യരാജാവു സജ്ജമാക്കിയിരുന്നു.

ജറുസലേം പിടിച്ചടക്കി, ഇസ്രായേലിൻ്റെ തലസ്ഥാനമാക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു. ഇസ്രായേലിനു കീഴടങ്ങാനാവശ്യപ്പെട്ട്, ജറുസലേമിലേക്കു് ദാവീദ് തൻ്റെ ദൂതനെയയച്ചു.

ജറുസലേം രാജാവ്, ദാവീദിൻ്റെ ദൂതനെ പരിഹസിച്ചു പറഞ്ഞുവിട്ടു.

"ആരാണീ ദാവീദ്? അവനു ജബൂസ്യജനതയെക്കുറിച്ചെന്തറിയാം? അവനു സീയോൻകോട്ടയ്ക്കുള്ളിൽ കടക്കാനാവുമോ?. അവനെത്തടയാന്‍, ജറുസലേമിലെ കുരുടനും മുടന്തനും മതി...!"

ജബൂസ്യരാജാവിൻ്റെ പരിഹാസവാക്കുകളെക്കുറിച്ചു കേട്ടപ്പോൾ ദാവിദു കുപിതനായി.

"മുടന്തരേയും കുരുടരേയും ദാവീദു വെറുക്കുന്നു. ജറുസലേമിലെ മുടന്തരും കുരുടരുമായ ജബൂസ്യരെ ഇല്ലാതാക്കാൻ തയ്യാറുള്ളവർ യുദ്ധത്തിനൊരുങ്ങുക."

സൈന്യാധിപനായ യോവാബിനെ വിളിച്ചു സാവൂൾ പറഞ്ഞു: "സൈന്യത്തെയൊരുക്കുക. അമാവാസിക്ക് ഇനി മൂന്നു ദിവസങ്ങൾമാത്രം. അന്നു നമ്മൾ ജറുസലേം ആക്രമിക്കണം."

"നമ്മുടെ സൈന്യം എപ്പോഴും യുദ്ധസജ്ജമാണ്. എന്നാൽ സീയോൻകോട്ട ഭേദിച്ച് ഉള്ളിൽക്കടക്കാനെളുപ്പമല്ലാ." യോവാബ് പറഞ്ഞു.

"ഞാൻ പറയുന്നതു കേൾക്കുക, അതുപോലെ പ്രവർത്തിക്കുക." ദാവീദ് ഉറച്ച ശബ്ദത്തിൽ യോവാബിനോടു പറഞ്ഞു.
"അമാവാസി ദിനത്തിൽ നേരമിരുളുമ്പോൾത്തന്നെ കോട്ടയുടെ മുൻവാതിലിനും പിൻവാതിലിനുമടുത്തായി ഇസ്രായേൽസൈന്യത്തിൻ്റെ രണ്ടു ഗണങ്ങൾ ഒളിച്ചിരിക്കണം. കാഹളനാദംകേട്ടാലുടൻ ഓടിയെത്താവുന്ന അകലത്തിൽ ബാക്കി മുഴുവൻ സൈനികരും നിലയുറപ്പിക്കണം.

രാത്രിയിൽ, നഗരമുറക്കമാകുമ്പോൾ ജറുസലേമിലേക്കു ജലമെത്തിക്കാനായി നിർമ്മിച്ചിരിക്കുന്ന നിർപ്പാത്തിയിലൂടെ നമ്മുടെ കുറച്ചാളുകൾ കോട്ടയ്ക്കുള്ളിൽക്കടക്കണം. 
മുമ്പിലും പിമ്പിലുമുള്ള കോട്ടവാതിലുകളുടെ കാവൽക്കാരെയാക്രമിച്ചു കീഴടക്കി, വാതിലുകൾ തുറക്കാൻ കഴിവുള്ളവരെയാണ് അതിനു നിയോഗിക്കേണ്ടത്.

അവർ കോട്ടവാതിലുകൾ തുറന്ന്, കാഹളം മുഴക്കിയാൽ നമ്മുടെ സൈനികർക്കു ജറുസലേമിലേക്കു കയറി ആക്രമണമാരംഭിക്കാം.

നേരംപുലരുമ്പോൾ ജറുസലേമിലെ ജബൂസ്യരിൽ ഒരുവൻപോലും ജീവനോടെ ബാക്കിയാകരുത്."

ദാവിദിൻ്റെ ആജ്ഞ, യോവാബ് ശിരസ്സാവഹിച്ചു. അവൻ സൈന്യത്തെ തയ്യാറാക്കി. നീർപ്പാത്തിയിലൂടെ കോട്ടയ്ക്കുള്ളിൽക്കടക്കാൻ അഭ്യാസികളായ ഇരുപത്തിനാലു ചെറുപ്പക്കാരെ തിരഞ്ഞെടുത്തു. അവരെ പന്ത്രണ്ടുപേർവീതമുള്ള രണ്ടുഗണങ്ങളായിത്തിരിച്ചു. അവരിലൊരുഗണത്തെ അവൻ തൻ്റെ സഹോദരനായ അബിഷായിയുടെ കീഴിലാക്കി. മറ്റേഗണത്തെ യോവാബ് നേരിട്ടു നയിച്ചു.

യോവാബിൻ്റെയും അബിഷായിയുടേയും നേതൃത്വത്തിലുള്ള സംഘങ്ങൾ, കോട്ടയ്ക്കു കീഴിലൂടെയൊഴുകുന്ന നീർപ്പാത്തിയിലൂടെ മുങ്ങാംകുഴിയിട്ടു. കോട്ടയ്ക്കടിയിലൂടെ അവർ ജറുസലേം നഗരത്തിൽ പ്രവേശിച്ചു.

മൃഗക്കൊഴുപ്പു പുരട്ടിയ പന്തങ്ങൾ നഗരവീഥികളിൽ അവിടവിടെയായി കത്തിനില്ക്കുക്കുന്നുണ്ടായിരുന്നു. അവയിൽനിന്നകന്ന് ഇരുട്ടിൻ്റെ മറപറ്റി രണ്ടു സംഘങ്ങളും കോട്ടവാതിലുകളെ ലക്ഷ്യമാക്കി നീങ്ങി - യോവാബിൻ്റെ സംഘം മുൻവാതിലിനുനേരെയും അബിഷായിയുടെ സംഘം പിൻവാതിലിനുനേരെയും!

വാതിൽകാവൽക്കാർ അപകടം തിരിച്ചറിയുന്നതിനുമുമ്പേ, യോവാബിൻ്റെയും അബിഷായിയുടേയും സംഘങ്ങളുടെ മിന്നലാക്രമണങ്ങളിൽ അവർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.

യുദ്ധകാഹളം മുഴങ്ങി. കോട്ടവാതിലുകൾ മലർക്കേത്തുറന്നു. ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്ന നഗരവാസികൾ പരിഭ്രാന്തരായി. എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയുന്നതിനുമുമ്പേ ജബൂസ്യർ ശിരസ്സറ്റുവീണുകൊണ്ടിരുന്നു.

നേരം പുലർന്നപ്പോൾ ജറുസലേംരാജ്യത്തിൽ ഒരുവൻപോലും ജീവനോടെയവശേഷിച്ചിരുന്നില്ല.