Sunday 26 July 2020

117. കർത്താവിൻ്റെ പേടകം

ബൈബിൾക്കഥകൾ 117


കർത്താവിൻ്റെ പേടകം അപ്പോഴും കിരിയാത്ത്‌യയാറിമിലെ അബിനാദാബിൻ്റെ പുത്രന്‍ എലെയാസറിൻ്റെ ഭവനത്തിൽത്തന്നെയായിരുന്നു.

ഇസ്രായേലിൽ രാജഭരണമാരംഭിക്കുന്നതിനു മുമ്പ്, പ്രവാചകനായ ഏലിയുടെ അന്ത്യനാളുകളിൽ ഫിലിസ്ത്യരുടെ ആക്രമണത്തിൽ ഇസ്രായേൽ പരാജയപ്പെട്ടു. ഇസ്രായേലിൽനിന്നു പിടിച്ചെടുത്ത കൊള്ളവസ്തുക്കൾക്കൊപ്പം കർത്താവിൻ്റെ പേടകവും ഫിലിസ്ത്യദേശത്തേക്കു കടത്തിക്കൊണ്ടുപോയി. അതവർക്കൊരു ദുരന്തമായി. '

ഫിലിസ്ത്യദേശത്തെങ്ങും മഹാമാരി പടർന്നുപിടിച്ചു. ചകിതരായ ഫിലിസ്ത്യർ ഇസ്രായേൽക്കാരമായി സന്ധിചെയ്തു. വാഗ്ദാനപേടകം തിരികെ നല്കി.

അബിനാദാബിൻ്റെ പുത്രനായ എലിയാസറിൻ്റെ ഭവനത്തിൽ വാഗ്ദാനപേടകം പ്രതിഷ്ഠിച്ചു.

വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവരാൻ ദാവീദുരാജാവു തീരുമാനിച്ചു.

രാജാവിൻ്റെ നേതൃത്വത്തിൽ ഇസ്രായേൽശ്രേഷ്ഠന്മാരും ജനങ്ങളും എലിയാസറിൻ്റെ ഭവനത്തിലെത്തി, കർത്താവിനു ബലികളർപ്പിച്ചു.

രണ്ടു കാളകളെപ്പൂട്ടിയ പുതിയ കാളവണ്ടിയിൽ, വാഗ്ദാനപേടകം കയറ്റി.

അബിനാദാബിൻ്റെ പുത്രനായ എലിയാസറിൻ്റെ പുത്രന്മാരായ ഉസ്സായും അഹിയോയും വണ്ടി തെളിച്ചു. ഉസ്സാ വണ്ടിയിലിരുന്നു കാളകളെ നിയന്ത്രിച്ചു. അഹിയോ വണ്ടിക്കുമുമ്പിൽ, കാളകളുടെ പാർശ്വംചേർന്നു നടന്നു.

കിന്നരം, വീണ, കൈത്താളം തുടങ്ങിയ വാദ്യങ്ങളോടെ, ജനങ്ങൾ കര്‍ത്താവിൻ്റെ പേടകത്തിനു മുമ്പിൽ പാടുകയും നൃത്തംചവിട്ടുകയും ചെയ്‌തു.

ഘോഷയാത്ര നാക്കോൻ്റെ മെതിക്കളത്തിലെത്തിയപ്പോള്‍, കാളകളിലൊന്നു വിരണ്ടു.‌ വണ്ടി ചരിഞ്ഞു. പേടകം ചാഞ്ചാടി.

അഹിയോ മൂക്കുകയറിൽപ്പിടിച്ചു കാളയെ നിയന്ത്രിച്ചു.

ഉസ്സാ കൈനീട്ടി, ചരിഞ്ഞ പേടകത്തിൽപ്പിടിച്ചു. ആദരപൂർവ്വമല്ലാതെ കർത്താവിൻ്റെ പേടകത്തിൽ സ്പർശിച്ചതിനാൽ, കർത്താവിൻ്റെ കോപത്താൽ അവൻ ശരീരംകുഴഞ്ഞു താഴെവീണുപോയി. അപ്പോൾത്തന്നെ അവൻ്റെ ജീവൻ ശരീരംവെടിഞ്ഞു.

വാദ്യഘോഷങ്ങൾ നിലച്ചു. ജനങ്ങൾ വിഹ്വലരായി.

അന്നാദ്യമായി ദാവീദിനു കർത്താവിനോടു കോപവും ഭയവുംതോന്നി. തൻ്റെ നഗരത്തിലേക്കു പേടകം കൊണ്ടുപോകാൻ ദാവീദ് ഭയന്നു.

നാക്കോൻ്റെ മെതിക്കളത്തിനടുത്തായിരുന്നൂ ഹിത്യവംശജനായ ഓബദ്‌ ഏദോമിന്റെ ഭവനം. പേടകം അവിടെ പ്രതിഷ്ഠിക്കാൻ ദാവീദുരാജാവു കല്പിച്ചു.

അനന്തരം ദാവീദും സംഘവും ജറുസലേമിലേക്കു മടങ്ങി.

കർത്താവിൻ്റെ പേടകം പ്രതിഷ്ഠിക്കപ്പെട്ട ദിവസംമുതൽ ഓബദ് ഏദോമിൻ്റെ ഭവനം അനുഗ്രഹിക്കപ്പെട്ടുതുടങ്ങി. ഓബദ് ഏദോമിൻ്റെയും മക്കളുടേയും കൃഷിയും കാലിസമ്പത്തും സമൃദ്ധമായി.

കർത്താവിൻ്റെ പേടകം ഭവനത്തിൽ പ്രതിഷ്ഠിച്ചപ്പോൾ ഓബദ്‌ഏദോമും കുടുംബവും അനുഗ്രഹിക്കപ്പെട്ടുവെന്ന വാർത്ത ദാവീദിൻ്റെ ചെവികളിലുമെത്തി.‌

വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവരാൻ ദാവീദ്, വീണ്ടുമൊരുക്കങ്ങൾ തുടങ്ങി.

കർത്താവിൻ്റെ പേടകംവഹിക്കാൻ, കാളവണ്ടിക്കുപകരം ലേവ്യപുരോഹിതരെ സജ്ജരാക്കി. അവർ പേടകം തണ്ടുകളിലേറ്റി, തോളിൽ വഹിച്ചു.

ഓബദ് ഏദോമിൻ്റെ ഭവനത്തിൽനിന്ന് പേടകം തോളിലേറ്റിയ ലേവ്യർ ആറുചുവടു നടന്നു.

അപ്പോള്‍ ദാവീദ് ഒരു കാളയെയും തടിച്ച കാളക്കിടാവിനെയും കർത്താവിനു ബലിയർപ്പിച്ചു.

ബലിയർപ്പണത്തിനു ശേഷം വാഗ്ദാനപേടകം വഹിച്ച ലേവ്യർ വീണ്ടും നടന്നുതുടങ്ങി...

ദാവീദും ഇസ്രായേല്‍ജനങ്ങളും ആര്‍പ്പുവിളിച്ചും കാഹളം മുഴക്കിയും നൃത്തംചെയ്തുകൊണ്ട് കര്‍ത്താവിൻ്റെ പേടകം ജറുസലേമിലേക്കു കൊണ്ടുവന്നു.

ദാവീദ്‌ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട്, സര്‍വ്വശക്തിയോടെ നൃത്തംചെയ്‌തു. തൻ്റെമേൽവസ്ത്രമഴിഞ്ഞുപോയതുപോലും ആവേശത്തള്ളലിൽ ദാവീദറിഞ്ഞില്ല. ചണനൂല്‍കൊണ്ടുള്ള ഒരരക്കച്ചമാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ..

ജറുസലേംകൊട്ടാരത്തിൻ്റെ ജാലകവാതിലിലൂടെ മിഖാൽ പുറത്തേക്കു നോക്കി. 

കർത്താവിൻ്റെ പേടകംവഹിച്ചുകൊണ്ടെത്തുന്ന ഘോഷയാത്രയ്ക്കുമുമ്പിൽ, അർദ്ധനഗ്നനായി നൃത്തംചെയ്യുന്ന ദാവീദിനെക്കണ്ടപ്പോൾ, അവള്‍ക്കവജ്ഞ‌തോന്നി.

ജറുസലേമിൽ, പ്രത്യേകംതയ്യാറാക്കിയിരുന്ന ഒരുകൂടാരത്തിനുള്ളില്‍ പേടകം പ്രതിഷ്‌ഠിച്ചു. ദാവീദു‌ രാജാവിനുവേണ്ടി കര്‍ത്താവിനുമുമ്പിൽ പുരോഹിതർ ബലികളര്‍പ്പിച്ചു.

ബലിയര്‍പ്പണത്തിനുശേഷം കര്‍ത്താവിൻ്റെ നാമത്തില്‍ ജനങ്ങളെയെല്ലാമനുഗ്രഹിച്ചു.

സ്‌ത്രീപുരുഷഭേദമെന്നിയേ അവിടെ സന്നിഹിതരായിരുന്ന എല്ലാവർക്കും ഒരപ്പവും ഒരുകഷണം മാംസവും ഒരു മുന്തിരിയടയുംവീതം വിതരണം ചെയ്‌തു.

ജനങ്ങളെല്ലാം വീട്ടിലേക്കു മടങ്ങിയശേഷം, തൻ്റെ കുടുംബത്തെയനുഗ്രഹിക്കാന്‍, ദാവീദ്‌ കൊട്ടാരത്തിലെത്തി.

അന്തഃപുരത്തിലേക്കു കയറുമ്പോൾ മിഖാല്‍ അവൻ്റെ മുമ്പിലെത്തി.

"ഇസ്രായേലിൻ്റെ രാജാവ്‌ ഇന്നു തന്നെത്തന്നെ എത്രമാത്രം പ്രശസ്തനാക്കിയിരിക്കുന്നു! സ്‌ത്രീകളടക്കമുള്ള പ്രജകളുടെ മുമ്പിൽ നിര്‍ലജ്ജം നഗ്നതപ്രദര്‍ശിപ്പിച്ച്, ആഭാസനൃത്തമാടുകയായിരുന്നില്ലേ? അതെങ്ങനെ, കാട്ടിലുംമേട്ടിലും ആടുമേയ്ച്ചുനടന്ന സംസ്കാരമല്ലേ രക്തത്തിലുള്ളത്..."

പുശ്ചത്തോടെയുള്ള അവളുടെ വാക്കുകൾ ദാവീദിനെ കോപിഷ്ഠനാക്കി.

ദാവീദ്‌ പറഞ്ഞു: ''നിൻ്റെ കുടുംബത്തേയും പിതാവിനെയുമൊഴിവാക്കി, ദൈവത്തിൻ്റെ ജനമായ ഇസ്രായേലിൻ്റെ രാജാവായി, എന്നെ തിരഞ്ഞെടുത്ത കര്‍ത്താവിൻ്റെ തിരുമുമ്പിലാണു ഞാന്‍ നൃത്തംചെയ്‌തത്‌. നിൻ്റെ മുമ്പിൽ ഞാനിതിലേറെ അധിക്ഷേപാർഹനുമായാലും കര്‍ത്താവിനെ മഹത്വപ്പെടുത്താൻ, ഞാനിനിയും ആനന്ദ‌നൃത്തംചെയ്യും. നീ പറഞ്ഞ ഇസ്രായേൽജനവും ഇസ്രായേലിലെ പെണ്‍കുട്ടികളും ഇതുമൂലം എന്നെ കൂടുതൽ ബഹുമാനിക്കും."


മിഖാൽ കോപത്തോടെ ദാവീദിനെ നോക്കി. പിന്നെ പിന്തിരിഞ്ഞ്, കാലുകളമർത്തിച്ചവിട്ടി അവളുടെ അന്തഃപുരത്തിലേക്കു പോയി.

No comments:

Post a Comment