Sunday 12 July 2020

115. ഇസ്രായേൽരാജാവ്

ബൈബിൾക്കഥകൾ - 115

യൂദായിലെ പ്രമുഖർക്കെല്ലാം ദാവീദ്‌  രാജാവ് സന്ദേശങ്ങളയച്ചു. "അബ്‌നേറിന്റെ രക്തംചിന്തിയതിൽ എനിക്കോ എന്റെ രാജ്യത്തിനോ പങ്കില്ല. അവൻ്റെ രക്തം, യോവാബിന്റെയും അവന്റെ പിതൃഭവനത്തിന്റെയുംമേല്‍ പതിക്കട്ടെ!"

ദാവീദുരാജാവ് തൻ്റെ വസ്ത്രം കീറുകയും വിലാപവസ്ത്രം ധരിക്കുകയുംചെയ്തു. രാജ്യമെങ്ങും ദുഃഖാചരണം പ്രഖ്യാപിച്ചു.

ഹെബ്രോണിലെ കല്ലറവരെ
ദാവീദ്‌ അബ്നേറിൻ്റെ ശവമഞ്ചത്തെ പിന്തുടര്‍ന്നു. അവൻ കല്ലറയ്‌ക്കരികെനിന്ന്‌ ഉച്ചത്തില്‍ക്കരഞ്ഞു. ആ ദിവസംമുഴുവൻ ജലപാനംപോലുമില്ലാതെ അവനുപവസിച്ചു.

രാജാവു‌ ചെയ്‌തതെല്ലാം യൂദായിലേയും ഇസ്രായേലിലേയും ജനങ്ങളെല്ലാവരും ശ്രദ്ധിച്ചു.
അബ്‌നേറിൻ്റെ കൊലപാതകം,  രാജാവിന്റെ അറിവോടെയായിരുന്നില്ലെന്ന്‌ ഇസ്രായേല്‍ക്കാരെല്ലാം  മനസ്സിലാക്കി.

തന്റെ സൈന്യാധിപനായ അബ്‌നേര്‍ കൊല്ലപ്പെട്ടന്നറിഞ്ഞപ്പോൾ, ഇഷ്‌ബോഷെത്ത്‌ രാജാവു ചകിതനായി. അവൻ അന്തഃപുരത്തിൽനിന്നു പുറത്തിറങ്ങിയില്ല. 

അബ്നേർ വധിക്കപ്പെട്ടപ്പോൾ,
ഇഷ്‌ബോഷെത്ത്‌ രാജാവിൻ്റെ സൈന്യത്തിലെ പ്രമുഖരായിരുന്ന
ബാനായും റേഖാബും രാജാവിനെതിരായി ഗൂഢാലോചന നടത്തി. അവർ അന്തഃപുരത്തിൽക്കടന്ന്  രാജാവിനെ വധിച്ചു. ഛേദിച്ചെടുത്ത ശിരസ്സുമായി ആ രാത്രിയിൽത്തന്നെ, അവർ ദാവീദിൻ്റെ കൊട്ടാരത്തിലെത്തി.

തൻ്റെ സഹോദരൻ്റെ, ഛേദിക്കപ്പെട്ട ശിരസ്സുകണ്ട് മിഖാൽ മോഹാലസ്യപ്പെട്ടു വീണു.

"ശുഭവാർത്തയെന്ന ഭാവത്തില്‍ സാവൂള്‍രാജാവിൻ്റെ മരണവാർത്തയുമായി എന്റെയടുത്തുവന്നവന് എന്താണു സംഭവിച്ചതെന്നു നിങ്ങൾ കേട്ടിരുന്നില്ലേ? 

സ്വഭവനത്തില്‍ ഉറങ്ങിക്കിടന്നിരുന്നവനെ, പതുങ്ങിച്ചെന്നു കൊന്നുകളഞ്ഞ നിങ്ങൾക്കു ഞാൻ അതിലുംവലിയ സമ്മാനംതന്നെ തരും!‌ എൻ്റെ ജോനാഥൻ്റെ സഹോദരൻ്റെ രക്തത്തിനു പകരംവീട്ടാതിരിക്കാൻ എനിക്കാവുമെന്നു നിങ്ങൾ കരുതിയോ?"

പിറ്റേന്ന്, ബാനായുടേയും റേഖാബിൻ്റെയും ജഡങ്ങൾ ഹെബ്രോണിലെ വലിയകുളത്തിൻ്റെ പാർശ്വത്തിൽ കഴുകന്മാരുടെ ഭക്ഷണമായി...

ദാവീദ്, ഇഷ്ബോഷെത്തിന് രാജകീയമായ മൃതസംസ്കാരമൊരുക്കി..  

ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാര്‍ ഹെബ്രാണില്‍ ദാവീദിൻ്റെയടുത്തുവന്നു. 

"സാവൂള്‍ ഇസ്രായേലിൻ്റെ രാജാവായിരുന്നപ്പോള്‍പ്പോലും അങ്ങുതന്നെയാണ് ഇസ്രായേലിനെ നയിച്ചിരുന്നതെന്ന് എല്ലാവർക്കുമറിയാം. ഇന്നിതാ സിംഹാസനത്തിലിരുന്ന്, ഇസ്രായേലിനെ അങ്ങു നയിക്കേണ്ട സമയമായിരിക്കുന്നു."

ദാവീദു‌രാജാവ്‌, കര്‍ത്താവിന്റെ സന്നിധിയില്‍ ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുമായും ഉടമ്പടിചെയ്‌തു. 

ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകംചെയ്യപ്പെട്ടു.. ദാവീദിന്റെ അടുത്ത സുഹൃത്തും രാജ്യതന്ത്രജ്ഞനുമായിരുന്ന അഹിതോഫെൽ രാജാവിന്റെ ഉപദേഷ്ടാവായി നിയമിതനായി.

ഇസ്രായേൽമുഴുവൻ്റെയും രാജാവായി അധികാരമേറ്റപ്പോഴും ദാവീദിൻ്റെ തലസ്ഥാന നഗരം, യൂദായുടെ തലസ്ഥാനമായിരുന്ന ഹെബ്രോൺതന്നെയായിരുന്നു. 

മിഖാൽ, അബിഗായിൽ, അഹിനോവാം, മാഖാ എന്നിവർക്കുപുറമേ ഹഗ്ഗീത്ത്, അബിത്താൽ, എഗ്ലാ എന്നിവരെക്കൂടെ ദാവീദ്, ഹെബ്രോണിൽവച്ചു
ഭാര്യമാരായി സ്വീകരിച്ചു. അവരിൽനിന്ന്, യഥാക്രമം അദോനിയാ, ഷെഫത്തിയാ, ഇത്രയാം എന്നീ പുത്രന്മാരും ജനിച്ചു. 

ഇസ്രായേലിൻ്റെ സമീപരാജ്യമായിരുന്ന ജറുസലേം ജബൂസ്യവംശജരുടെ രാജ്യമായിരുന്നു. സുശക്തമായ കോട്ടകളാൽ ചുറ്റപ്പെട്ട ജറുസലേം സമൃദ്ധിയുടെ വിളനിലമായിരുന്നു. ജറുസലേമിനു ചുറ്റുമുള്ള കോട്ട, സീയോൻകോട്ടയെന്നപേരിൽ കാനാൻനാട്ടിലെല്ലാം പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
ജോർദ്ദാനിൽനിന്നു. നീർപ്പാത്തികൾ നിർമ്മിച്ച്, അതിലൂടെയാണ് ജെറുസലേം രാജ്യത്തേക്കാവശ്യമായ ജലമെത്തിച്ചിരുന്നത്. ജനങ്ങൾക്കു കോട്ടയ്ക്കു പുറത്തിറങ്ങാതെ സുഖകരമായി ജീവിക്കാനുള്ള സൗകര്യങ്ങളെല്ലാം ജറുസലേമിലെ ജബൂസ്യരാജാവു സജ്ജമാക്കിയിരുന്നു.

ജറുസലേം പിടിച്ചടക്കി, ഇസ്രായേലിൻ്റെ തലസ്ഥാനമാക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു. ഇസ്രായേലിനു കീഴടങ്ങാനാവശ്യപ്പെട്ട്, ജറുസലേമിലേക്കു് ദാവീദ് തൻ്റെ ദൂതനെയയച്ചു.

ജറുസലേം രാജാവ്, ദാവീദിൻ്റെ ദൂതനെ പരിഹസിച്ചു പറഞ്ഞുവിട്ടു.

"ആരാണീ ദാവീദ്? അവനു ജബൂസ്യജനതയെക്കുറിച്ചെന്തറിയാം? അവനു സീയോൻകോട്ടയ്ക്കുള്ളിൽ കടക്കാനാവുമോ?. അവനെത്തടയാന്‍, ജറുസലേമിലെ കുരുടനും മുടന്തനും മതി...!"

ജബൂസ്യരാജാവിൻ്റെ പരിഹാസവാക്കുകളെക്കുറിച്ചു കേട്ടപ്പോൾ ദാവിദു കുപിതനായി.

"മുടന്തരേയും കുരുടരേയും ദാവീദു വെറുക്കുന്നു. ജറുസലേമിലെ മുടന്തരും കുരുടരുമായ ജബൂസ്യരെ ഇല്ലാതാക്കാൻ തയ്യാറുള്ളവർ യുദ്ധത്തിനൊരുങ്ങുക."

സൈന്യാധിപനായ യോവാബിനെ വിളിച്ചു സാവൂൾ പറഞ്ഞു: "സൈന്യത്തെയൊരുക്കുക. അമാവാസിക്ക് ഇനി മൂന്നു ദിവസങ്ങൾമാത്രം. അന്നു നമ്മൾ ജറുസലേം ആക്രമിക്കണം."

"നമ്മുടെ സൈന്യം എപ്പോഴും യുദ്ധസജ്ജമാണ്. എന്നാൽ സീയോൻകോട്ട ഭേദിച്ച് ഉള്ളിൽക്കടക്കാനെളുപ്പമല്ലാ." യോവാബ് പറഞ്ഞു.

"ഞാൻ പറയുന്നതു കേൾക്കുക, അതുപോലെ പ്രവർത്തിക്കുക." ദാവീദ് ഉറച്ച ശബ്ദത്തിൽ യോവാബിനോടു പറഞ്ഞു.
"അമാവാസി ദിനത്തിൽ നേരമിരുളുമ്പോൾത്തന്നെ കോട്ടയുടെ മുൻവാതിലിനും പിൻവാതിലിനുമടുത്തായി ഇസ്രായേൽസൈന്യത്തിൻ്റെ രണ്ടു ഗണങ്ങൾ ഒളിച്ചിരിക്കണം. കാഹളനാദംകേട്ടാലുടൻ ഓടിയെത്താവുന്ന അകലത്തിൽ ബാക്കി മുഴുവൻ സൈനികരും നിലയുറപ്പിക്കണം.

രാത്രിയിൽ, നഗരമുറക്കമാകുമ്പോൾ ജറുസലേമിലേക്കു ജലമെത്തിക്കാനായി നിർമ്മിച്ചിരിക്കുന്ന നിർപ്പാത്തിയിലൂടെ നമ്മുടെ കുറച്ചാളുകൾ കോട്ടയ്ക്കുള്ളിൽക്കടക്കണം. 
മുമ്പിലും പിമ്പിലുമുള്ള കോട്ടവാതിലുകളുടെ കാവൽക്കാരെയാക്രമിച്ചു കീഴടക്കി, വാതിലുകൾ തുറക്കാൻ കഴിവുള്ളവരെയാണ് അതിനു നിയോഗിക്കേണ്ടത്.

അവർ കോട്ടവാതിലുകൾ തുറന്ന്, കാഹളം മുഴക്കിയാൽ നമ്മുടെ സൈനികർക്കു ജറുസലേമിലേക്കു കയറി ആക്രമണമാരംഭിക്കാം.

നേരംപുലരുമ്പോൾ ജറുസലേമിലെ ജബൂസ്യരിൽ ഒരുവൻപോലും ജീവനോടെ ബാക്കിയാകരുത്."

ദാവിദിൻ്റെ ആജ്ഞ, യോവാബ് ശിരസ്സാവഹിച്ചു. അവൻ സൈന്യത്തെ തയ്യാറാക്കി. നീർപ്പാത്തിയിലൂടെ കോട്ടയ്ക്കുള്ളിൽക്കടക്കാൻ അഭ്യാസികളായ ഇരുപത്തിനാലു ചെറുപ്പക്കാരെ തിരഞ്ഞെടുത്തു. അവരെ പന്ത്രണ്ടുപേർവീതമുള്ള രണ്ടുഗണങ്ങളായിത്തിരിച്ചു. അവരിലൊരുഗണത്തെ അവൻ തൻ്റെ സഹോദരനായ അബിഷായിയുടെ കീഴിലാക്കി. മറ്റേഗണത്തെ യോവാബ് നേരിട്ടു നയിച്ചു.

യോവാബിൻ്റെയും അബിഷായിയുടേയും നേതൃത്വത്തിലുള്ള സംഘങ്ങൾ, കോട്ടയ്ക്കു കീഴിലൂടെയൊഴുകുന്ന നീർപ്പാത്തിയിലൂടെ മുങ്ങാംകുഴിയിട്ടു. കോട്ടയ്ക്കടിയിലൂടെ അവർ ജറുസലേം നഗരത്തിൽ പ്രവേശിച്ചു.

മൃഗക്കൊഴുപ്പു പുരട്ടിയ പന്തങ്ങൾ നഗരവീഥികളിൽ അവിടവിടെയായി കത്തിനില്ക്കുക്കുന്നുണ്ടായിരുന്നു. അവയിൽനിന്നകന്ന് ഇരുട്ടിൻ്റെ മറപറ്റി രണ്ടു സംഘങ്ങളും കോട്ടവാതിലുകളെ ലക്ഷ്യമാക്കി നീങ്ങി - യോവാബിൻ്റെ സംഘം മുൻവാതിലിനുനേരെയും അബിഷായിയുടെ സംഘം പിൻവാതിലിനുനേരെയും!

വാതിൽകാവൽക്കാർ അപകടം തിരിച്ചറിയുന്നതിനുമുമ്പേ, യോവാബിൻ്റെയും അബിഷായിയുടേയും സംഘങ്ങളുടെ മിന്നലാക്രമണങ്ങളിൽ അവർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.

യുദ്ധകാഹളം മുഴങ്ങി. കോട്ടവാതിലുകൾ മലർക്കേത്തുറന്നു. ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്ന നഗരവാസികൾ പരിഭ്രാന്തരായി. എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയുന്നതിനുമുമ്പേ ജബൂസ്യർ ശിരസ്സറ്റുവീണുകൊണ്ടിരുന്നു.

നേരം പുലർന്നപ്പോൾ ജറുസലേംരാജ്യത്തിൽ ഒരുവൻപോലും ജീവനോടെയവശേഷിച്ചിരുന്നില്ല.

No comments:

Post a Comment