Sunday 24 September 2017

30. സർപ്പങ്ങളും തവളകളും രക്തമൊഴുകുന്ന നൈൽനദിയും

ബൈബിൾക്കഥകൾ - 30

ഒരു ദര്‍ശനത്തില്‍ കര്‍ത്താവു മോശയോടു പറഞ്ഞു: "വിവേകശൂന്യനായ ഭരണാധികാരി തനിക്കുമാത്രമല്ല, തന്റെ ജനങ്ങള്‍ക്കും നാശംവരുത്തും. ഞാന്‍ ഫറവോയോട് എന്തുചെയ്യുമെന്നു നീയുടനെ കാണും. അവന്‍ സ്വമനസ്സാലെ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ എന്റെ ശക്തമായ കരത്താല്‍ നിര്‍ബന്ധിതനായി അവനവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍ വയ്യാത്തനില അവനു വന്നുചേരും."

മോശ കര്‍ത്താവിനോടു പറഞ്ഞു: "ഇസ്രായേല്‍മക്കള്‍പോലും ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. പിന്നെ ഫറവോ കേള്‍ക്കുമോ?"

"നീ പോവുക, ഞാന്‍ നിന്നോടൊപ്പമുണ്ടാകും."

മോശയും അഹറോനും ഒരിക്കല്‍ക്കൂടെ ഫറവോയുടെ മുന്നിലെത്തി. ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ ഫറവോ തയ്യാറായില്ല. 

"ഇസ്രായേൽക്കാരെ ഈജിപ്തിൽനിന്നു വിട്ടയയ്ക്കാൻ ഫറവോ സ്വമനസ്സാലെ സമ്മതിക്കുന്നില്ലെങ്കിൽ ശക്തമായ അദ്ഭുതപ്രവൃത്തികളിലൂടെ കർത്താവുതന്നെ അവരെ വിമോചിപ്പിക്കും..." മോശയ്ക്കുവേണ്ടി അഹറോൻ ഫറവോയോടു പറഞ്ഞു.

രാജസദസ്സിനു മുന്നില്‍, മോശ തന്റെ വടി, തറയിലേക്കിട്ടു. അത് ഒരുഗ്രസര്‍പ്പമായി ഫണംവിടർത്തി.. 


ഫറവോ തന്റെ മന്ത്രവാദികളെ വിളിച്ചു. അവരും തങ്ങളുടെ കൈവശമുണ്ടായിരുന്ന മാന്ത്രികദണ്ഡുകള്‍ നിലത്തിട്ടു. അവയും സര്‍പ്പങ്ങളായിത്തീര്‍ന്നു. എന്നാല്‍ മോശയുടെ സര്‍പ്പം ഈജിപ്തിലെ മന്ത്രവാദികളുടെ സര്‍പ്പങ്ങളെയെല്ലാം വിഴുങ്ങിക്കളഞ്ഞു.

മോശ കരംനീട്ടി, തന്റെ സര്‍പ്പത്തിന്റെ വാലില്‍പ്പിടിച്ചു. അതു വീണ്ടും വടിയായി മാറി.  മന്ത്രവാദികളുടെ മാന്ത്രികദണ്ഡുകളൊന്നും തിരികെക്കിട്ടിയില്ല..

ഇതെല്ലാം കണ്ടിട്ടും ഫറവോ ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ തയ്യാറായിരുന്നില്ല. 

"നിൻ്റെ കൺകെട്ടുവിദ്യകൾകണ്ടു ഞാൻ പരിഭ്രമിക്കുമെന്നു കരുതിയോ? മിദിയാനിലെ കൺകെട്ടുകാരേക്കാൾ മികച്ച മാന്ത്രികർ ഈജിപ്തിലുണ്ട്. നിങ്ങൾ വന്നിടത്തേക്കുതന്നെ മടങ്ങിപ്പോയ്ക്കൊള്ളൂ..."

മോശയും അഹറോനും നിരാശരായി മടങ്ങി.
മോശ വിജനപ്രദേശത്തേക്കു പോയി, കര്‍ത്താവിനോടു കരഞ്ഞുപ്രാര്‍ത്ഥിച്ചു. കര്‍ത്താവിന്റെ മൃദുസ്വരം മോശയുടെ കാതില്‍ക്കേട്ടു.

"നീ നാളെ പുലര്‍ച്ചേ, നൈലിൻ്റെ തീരത്തേക്കു പോകുക. ഫറവോ അവിടെയെത്തുമ്പോള്‍ വീണ്ടും അവനോടാവശ്യപ്പെടുക. അവന്‍ അനുസരിക്കാന്‍ സന്നദ്ധനല്ലെങ്കില്‍ സര്‍പ്പമായിമാറിയ വടി നൈല്‍നദിയുടെനേരേ നീട്ടുക. നൈലിലെ ജലം രക്തമായിമാറും."

പിറ്റേന്നു പുലര്‍ച്ചെ, മോശ അഹറോനോടൊപ്പം നൈല്‍നദീതീരത്ത്, ഫറവോയുടെ കടവിനുമുന്നില്‍ കാത്തുനിന്നു.

ഫറവോ കടവിലെത്തിയപ്പോള്‍ മോശയ്ക്കുവേണ്ടി അഹറോന്‍ സംസാരിച്ചു: "ഹെബ്രായരുടെ ദൈവമായ കര്‍ത്താവ്, എന്നെ അങ്ങയുടെയടുത്തേക്കയച്ചത്, മരുഭൂമിയില്‍ തന്നെയാരാധിക്കാന്‍ തന്റെ ജനത്തെയയയ്ക്കുക എന്നാവശ്യപ്പെടാനാണ്. എന്നാല്‍, അങ്ങ് ഇതുവരെയതനുസരിച്ചില്ല. കര്‍ത്താവു പറയുന്നു: ഞാനാണു കര്‍ത്താവെന്ന് ഇതിനാല്‍ നീ മനസ്സിലാക്കും. മോശയുടെ കൈയിലുള്ള വടികൊണ്ട് അവന്‍ നൈലിലെ ജലത്തിന്മേലടിക്കും. ജലം രക്തമയമായി മാറും. നദിയിലെ മത്സ്യങ്ങള്‍ ചത്തുപോകും; നദി ദുര്‍ഗന്ധംവമിക്കും. നദിയിൽനിന്നു വെള്ളംകുടിക്കാന്‍ ഈജിപ്തുകാര്‍ക്കു കഴിയാതെവരും."

ഫറവോ ആ വാക്കുകള്‍ ചെവിക്കൊണ്ടില്ല. അവനവരെ ശ്രദ്ധിച്ചതേയില്ല.

ഫറവോയുടെയും അവന്റെ സേവകരുടെയും മുമ്പില്‍വച്ച് മോശ വടിയുയര്‍ത്തി, നദീജലത്തിന്മേലടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്തമായി മാറി. ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരംചെയ്തു.

നദിയിലെ മത്സ്യങ്ങള്‍ ചത്തൊടുങ്ങി. നദിയില്‍ ദുര്‍ഗന്ധംവമിച്ചു; ഈജിപ്തുകാര്‍ക്ക് നദിയില്‍നിന്നു വെള്ളം കുടിക്കാന്‍കഴിഞ്ഞില്ല; ഈജിപ്തിലെങ്ങും രക്തം കാണപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളിലൊഴികെ മറ്റൊരിടത്തും കുടിവെള്ളം കിട്ടാതായി.

എങ്കിലും ഫറവോ തന്റെ തീരുമാനത്തിലുറച്ചുനിന്നു. മോശ അഹറോനോടൊപ്പം ഒരിക്കല്‍ക്കൂടെ കൊട്ടാരത്തിലെത്തി.

അഹറോന്‍ മോശയോടു സംസാരിച്ചു: "കര്‍ത്താവു കല്പിക്കുന്നു: എന്നെയാരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക. അവരെ വിട്ടയയ്ക്കാന്‍ നീ വിസമ്മതിച്ചാല്‍ തവളകളെയയച്ച് ഞാന്‍ നിന്റെ രാജ്യത്തെ പീഡിപ്പിക്കും. നദിയില്‍ തവളകള്‍ പെരുകും. നിന്റെ മന്ദിരത്തിലും ശയനമുറിയിലും കിടക്കയിലും നിന്റെ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും അടുപ്പുകളിലും മാവുകുഴയ്ക്കുന്ന പാത്രങ്ങളിലും അവ കയറിപ്പറ്റും.      
നിന്റെയും ജനത്തിന്റെയും സേവകരുടെയുംമേല്‍ അവ പറന്നുകയറും."

ഫറവോ ആ വാക്കുകള്‍ക്കും വിലകല്പിച്ചില്ല.

മോശ കൊട്ടാരംവിട്ടിറങ്ങി. അവന്‍ അഹറോനോടു പറഞ്ഞു. "എൻ്റെ വടി കൈയിലെടുത്ത്, നദികളുടെയും തോടുകളുടെയും കുളങ്ങളുടെയുംമേല്‍നീട്ടി, ഈജിപ്തു മുഴുവന്‍ തവളകളെക്കൊണ്ടു നിറയ്ക്കുക."

അഹറോന്‍ അപ്രകാരംചെയ്തു. തവളകളെക്കൊണ്ട്, ഈജിപ്തുദേശംമുഴുവന്‍ നിറഞ്ഞു. ശുദ്ധജലമില്ലാതെയും തവളകളുടെ ശല്യത്താല്‍ വലഞ്ഞും ദുരിതപൂര്‍ണ്ണങ്ങളായ ദിനരാത്രങ്ങളാണ് ഈജിപ്തുകാരെക്കാത്തിരുന്നത്.... എങ്കിലും തന്റെ തീരുമാനത്തില്‍നിന്നു ഫറവോ പിന്തിരിഞ്ഞില്ല...

അവൻ, ഇസ്രായേൽക്കാരുടെമേലുള്ള പീഡനങ്ങൾ വർദ്ധിപ്പിച്ചു. 

Sunday 17 September 2017

29. ഫറവോയുടെ മുമ്പില്‍

ബൈബിൾക്കഥകൾ 29


സിപ്പോറയുടെയും ജത്രോയുടെയും അനുമതിയോടെ മോശയും അഹറോനും ഈജിപ്തിലേക്കു യാത്രയായി.

നീണ്ടവര്‍ഷങ്ങള്‍ക്കൊടുവില്‍ മോശ വീണ്ടും ഈജിപ്തില്‍ കാലുകുത്തി. ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ അവിടെനിന്ന് ഓടിയൊളിക്കുമ്പോള്‍ ചിന്തിച്ചിരുന്നതേയില്ല, ഇങ്ങനെയൊരു മടക്കയാത്ര! ഇസ്രായേല്‍ജനത്തിന്റെ നായകനായി, അടിമത്തത്തിന്റെ നാട്ടില്‍നിന്ന് ആ ജനതയെ മോചിപ്പിക്കാന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവനായി, ഒരു മടക്കയാത്ര!

ഇസ്രായേല്‍ജനതയുടെ താവളത്തിലെത്തിയ മോശയും അഹറോനും ഒരു സന്ധ്യയില്‍, ഇസ്രായേല്‍ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി.

കര്‍ത്താവു മോശയോടു പറഞ്ഞ കാര്യങ്ങളെല്ലാം അഹറോന്‍ ജനത്തോടു വിവരിച്ചു. മോശ അവരുടെമുമ്പില്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ജനം വിശ്വസിക്കുകയുംചെയ്തു. കർത്താവ്, ഇസ്രായേല്‍മക്കളെ സന്ദര്‍ശിക്കുന്നുവെന്നും അവരുടെ കഷ്ടതകള്‍ കണ്ടിരിക്കുന്നുവെന്നുംകേട്ടപ്പോള്‍, അവര്‍ തലകുനിച്ച്, കര്‍ത്താവിനെയാരാധിച്ചു.

പിറ്റേന്നുതന്നെ മോശയും അഹറോനും ഫറവോയുടെ മുമ്പിലെത്തി. മോശയുടെ വളർത്തമ്മയുടെ സഹോദരപുത്രനായിരുന്നു ഫറോവോയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരുന്നത്.

"ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു: മരുഭൂമിയില്‍വന്ന്, എന്റെ ബഹുമാനാര്‍ത്ഥം പൂജാമഹോത്സവമാഘോഷിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക."

ഫറവോ പൊട്ടിച്ചിരിച്ചു. "മോശേ, എന്റെ കളിക്കൂട്ടുകാരനായി ഈ കൊട്ടാരത്തില്‍ വളര്‍ന്നതുകൊണ്ടുമാത്രമാണു നിനക്കിപ്പോള്‍ എന്റെ മുമ്പില്‍വന്നിങ്ങനെ പുലമ്പാനാകുന്നത്! എന്റെ പിതാവു ജീവിച്ചിരുന്നെങ്കില്‍ ഈ ദേശത്തുകടക്കാന്‍പോലും നീ ധൈര്യപ്പെടുമായിരുന്നില്ലല്ലോ!"


മോശയും അഹറോനും നിശബ്ദരായി നിന്നു.

"ആട്ടെ ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാനെന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? നിന്റെ തലയ്ക്കെന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു. ഈജിപ്തില്‍ നല്ല വൈദ്യന്മാരുണ്ട്. നിന്നെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ ഞാനവരോടു കല്പിക്കാം!"

മോശയുടെ നിര്‍ദ്ദേശപ്രകാരം അഹറോന്‍ മറുപടി പറഞ്ഞു: "ഞങ്ങളുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നുദിവസത്തെ യാത്രചെയ്ത്, മരുഭൂമിയില്‍ച്ചെന്ന്, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളുടെ ജനതയെയനുവദിക്കുക. അല്ലെങ്കില്‍, അവിടുന്നു മഹാമാരികൊണ്ടോ വാള്‍കൊണ്ടോ ഞങ്ങളെ ശിക്ഷിക്കും."

ഫറവോ കോപിച്ചു. "ഇസ്രായേല്‍ക്കാരെ അലസന്മാരാക്കാനാണു നിങ്ങള്‍ വന്നിരിക്കുന്നത്. ഇറങ്ങിപ്പോകൂ എന്റെ മുമ്പില്‍നിന്ന്‍!"

കാവല്‍സൈനികര്‍ മോശയേയും അഹറോനെയും കൊട്ടാരത്തില്‍നിന്നു പുറത്തേക്കു പിടിച്ചുകൊണ്ടുപോയി. നഗരകവാടത്തിനു വെളിയില്‍ അവരെ ഇറക്കിവിട്ടു.

ഫറവോ മന്ത്രിമാരെ വിളിച്ചു.

"ഇസ്രായേല്‍ക്കാര്‍ അലസന്മാരായാല്‍ രാജ്യപുരോഗതി തടസ്സപ്പെടും. അതിനാല്‍ അവരെക്കൊണ്ടു കൂടുതല്‍ ജോലിചെയ്യിക്കണം. പകലത്തെ കഠിനാദ്ധ്വാനത്തിനുശേഷം ഉറങ്ങാനല്ലാതെ, മറ്റുചിന്തകള്‍ക്കു സമയമുണ്ടാകരുത്. അങ്ങനെ മോശയെപ്പോലുള്ള ഭ്രാന്തന്മാരുടെ ജല്പനങ്ങള്‍ക്ക് അവര്‍ ചെവിയോര്‍ക്കാതിരിക്കട്ടെ!"

ഇസ്രായേല്‍ക്കാരുടെ മേലാളന്മാര്‍ക്കെല്ലാം രാജകല്പന ലഭിച്ചു. ഇഷ്ടികച്ചൂളകളില്‍ ജോലിചെയ്യുന്ന ജോലിക്കാര്‍ അവര്‍ക്കാവശ്യമായ വൈക്കോല്‍ സ്വയംശേഖരിക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ മുമ്പുണ്ടായിരുന്ന അതേ എണ്ണം ഇഷ്ടികകള്‍ ദിനംപ്രതി ഉണ്ടാക്കാനായില്ലെങ്കില്‍ കഠിനമായ മര്‍ദ്ദനമേല്ക്കേണ്ടതായിവന്നു.

ഇസ്രായേല്‍വംശജരായ ചില മേല്‍നോട്ടക്കാര്‍ ഫറവോയെ മുഖംകാണിച്ചു. "അങ്ങയുടെ ദാസന്മാരോട് എന്താണിപ്രകാരം പെരുമാറുന്നത്? അങ്ങയുടെ ദാസന്മാര്‍ക്ക് അവര്‍ വയ്‌ക്കോല്‍ തരുന്നില്ല; എന്നാല്‍ ഇഷ്ടികയുണ്ടാക്കുവിനെന്ന് അവര്‍ കല്പിക്കുന്നു; അങ്ങയുടെ ദാസന്മാരെ കഠിനമായി പ്രഹരിക്കുന്നു."

ഫറവോ മറുപടി പറഞ്ഞു: "നിങ്ങളലസരാണ്. അതുകൊണ്ടാണു കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ പോകട്ടെയെന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. പോയി ജോലിചെയ്യുവിന്‍, നിങ്ങള്‍ക്കു വയ്‌ക്കോല്‍ തരുകയില്ല. എന്നാല്‍, ഇഷ്ടികയുടെ എണ്ണം കുറയുകയുമരുത്."

ഇസ്രായേല്‍ക്കാരായ മേലാളന്മാര്‍ ധര്‍മ്മസങ്കടത്തിലായി.

അവര്‍ മോശയേയും അഹറോനെയും ചെന്നുകണ്ടു. "നിങ്ങളെന്തിനു ഞങ്ങളുടെയടുക്കല്‍ വന്നു? ഫറവോയുടെയും അവന്റെ സേവകരുടെയുംമുമ്പില്‍ നിങ്ങള്‍ ഞങ്ങളെ അവജ്ഞാപാത്രങ്ങളാക്കി. ഞങ്ങളെ വധിക്കാന്‍ നിങ്ങളവരുടെ കൈയില്‍ വാള്‍കൊടുത്തിരിക്കുന്നു. ഞങ്ങളുടെ യാതനകള്‍ നിങ്ങളിരട്ടിയാക്കി!"

മോശയ്ക്കുത്തരമുണ്ടായിരുന്നില്ല. അയാള്‍ ഫറവോയുടെ ഒപ്പം വിജനപ്രദേശത്തേക്കു പോയി. ഒരു മരച്ചുവട്ടില്‍ മുട്ടുകുത്തി മോശ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. 

"കര്‍ത്താവേ, അങ്ങെന്തിനാണ് ജനത്തോടിത്ര ക്രൂരമായിപെരുമാറുന്നത്? എന്തിനാണ് അങ്ങെന്നെ ഇങ്ങോട്ടയച്ചത്? ഞാന്‍ അങ്ങയുടെനാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍വന്നതുമുതല്‍ അവന്‍ ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്; അങ്ങാകട്ടെ, അങ്ങയുടെ ജനത്തെ മോചിപ്പിക്കുന്നുമില്ല. കര്‍ത്താവേ, ഞാനിനി എന്തുചെയ്യണം?

Sunday 10 September 2017

28. അഹറോന്‍

ബൈബിൾക്കഥകൾ 28


അഹറോന്‍ ഉറക്കത്തില്‍നിന്നു ഞെട്ടിയുണര്‍ന്നു. നേരമിനിയും പുലര്‍ന്നിട്ടില്ല. ചുറ്റും കട്ടപിടിച്ച ഇരുട്ടുമാത്രം. "ആ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടതാണല്ലോ.... " അയാള്‍ സ്വയം പറഞ്ഞു.

"അഹറോന്‍, അഹറോന്‍ നാളെത്തന്നെ നീ മിദിയാനിലേക്കു പുറപ്പെടണം. അവിടെ നീ മോശയുമായി കണ്ടുമുട്ടും. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന്, ഇസ്രായേലിനെ അവന്‍ പുറത്തുകൊണ്ടുവരും. എല്ലാക്കാര്യങ്ങളിലും അവനു സഹായിയായി നിന്നെയും ഞാന്‍ ചുമതലപ്പെടുത്തുന്നു. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും" 

കേട്ടതു സത്യമോ മിഥ്യയോ എന്നു തിരിച്ചറിയാന്‍കഴിയുന്നില്ല. ശാന്തവും ഗംഭീരവുമായ ആ മൃദുസ്വരം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. എന്തായാലും മിദിയാനിലേക്കു പോകുവാന്‍തന്നെ അഹറോന്‍ തീരുമാനിച്ചു.

മോശയുടെ പിതൃസഹോദരപുത്രനായിരുന്നു അഹറോന്‍. ഇസ്രായേല്‍വംശത്തില്‍പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊല്ലണമെന്ന രാജകല്പന പുറപ്പെടുംമുമ്പു ജനിച്ചവനെങ്കിലും മോശയേക്കാള്‍ മൂന്നോ നാലോ വയസ്സിനുമാത്രം മുതിര്‍ന്നയാളായിരുന്നു അയാള്‍.

പഴയൊരു തോല്‍ക്കുടത്തില്‍ കുടിവെള്ളവും കൂടാരമടിക്കാനുള്ള തുണിയുംമാത്രമെടുത്ത്‌, നേരംപുലരുന്നതിനുമുമ്പുതന്നെ, കാല്‍നടയായി അയാള്‍ പുറപ്പെട്ടു. 

ഈജിപ്തിലെ മരുഭൂമിയും മിദിയാൻ അതിർത്തിയിലെ ദുർഘടമായ മലമ്പാതയുംതാണ്ടി അഹറോൻ നടന്നു. ദിവസങ്ങള്‍നീണ്ട യാത്രയ്ക്കൊടുവില്‍, മിദിയാനില്‍, ഹോറബ് മലയുടെ താഴ്വാരത്തില്‍ അയാളെത്തി. അപ്പോഴേക്കും അഹറോന്‍ ആകെ തളര്‍ന്നിരുന്നു. കണ്ണെത്താദൂരത്തോളം മലനിരകള്‍... പുല്ലു തഴച്ചുവളരുന്ന മലയടിവാരങ്ങൾ... പിന്നെ അവിടവിടെയായി കുറേ കുറ്റിച്ചെടികള്‍... മനുഷ്യരെയോ മൃഗങ്ങളെയോ ഒരിടത്തും കാണാനില്ല. 

ഈജിപ്തില്‍നിന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒളിച്ചോടിയ ഒരാളെ എങ്ങനെ കണ്ടുപിടിക്കാനാണ്? മിദിയാനിലെവിടെയോ ജീവിപ്പിച്ചിരിപ്പുണ്ടാകാമെന്നു കരുതുന്നുണ്ടെങ്കിലും ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഒരുറപ്പുമില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽത്തന്നെ, മിദിയാൻ എന്ന വിശാലമായ ഈദേശത്ത് എവിടെയാണയാളുണ്ടാകുക? മലഞ്ചരുവിലെ പുൽമേടുകളിൽ ആടുമേയ്ക്കാനെത്തുന്ന ഇടയന്മാരെയാരെയെങ്കിലും കണ്ടിരുന്നെങ്കിൽ അന്വേഷിക്കാമായിരുന്നു.

സത്യമോ മിഥ്യയോ എന്നിപ്പോഴുമറിയാത്ത ഒരു ശബ്ദംകേട്ടെന്നതോന്നലിൽ ഇറങ്ങിപ്പുറപ്പെട്ടതു വിഡ്ഢിത്തമായെന്ന് അഹറോനു തോന്നി. നീണ്ടയാത്ര, ശാരീരികമായും മാനസികമായും തളർത്തിയിരിക്കുന്നു. 


അയാള്‍ അടുത്തുകണ്ട ഒരു പാറയുടെ അടുത്തു മുട്ടുകുത്തി. കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി, യാചനാരൂപത്തില്‍ നീട്ടിപ്പിടിച്ച കൈകളോടെ അഹറോന്‍ കരഞ്ഞു.

"കര്‍ത്താവായ യാഹ്വേ, അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, അങ്ങാണ് എന്നോടു സംസാരിച്ചതെങ്കില്‍ മോശയെ കണ്ടെത്താന്‍ അങ്ങുതന്നെ എന്നെ സഹായിക്കണേ...!"

ക്ഷീണിച്ചു തളര്‍ന്നിരുന്നതിനാല്‍ അയാള്‍ അവിടെത്തന്നെ കിടന്നുറങ്ങിപ്പോയി. മനസ്സിൻ്റെയും ശരീരത്തിൻ്റെയും ക്ഷീണമൊക്കെമാറ്റുന്ന ഒരു ഗാഢനിദ്രയിൽ അവനലിഞ്ഞു.

ആരൊ തട്ടിവിളിക്കുന്നതറിഞ്ഞാണ് പിന്നെ അഹറോന്‍ കണ്ണുതുറന്നത്. തന്റെ മുന്നില്‍നില്‍ക്കുന്ന വ്യക്തിയെക്കണ്ട്, അഹറോന്‍ അദ്ഭുതസ്തബ്ധനായി!

"കര്‍ത്താവേ, അങ്ങുതന്നെയാണ് എന്നോടു സംസാരിച്ചതെന്ന് എനിക്കിപ്പോള്‍ ബോദ്ധ്യമായി!"

അഹറോന്‍ ചാടിയെഴുന്നേറ്റു മോശയെ ആലിംഗനംചെയ്തു.

മോശ അഹറോനെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഈജിപ്തിലേയും മിദിയാനിലേയും വിശേഷങ്ങളെല്ലാം അവർ പങ്കുവച്ചു

ഹോറെബ് മലയില്‍, അഗ്നിയുടെ നടുവില്‍നിന്നു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം മോശ അയാള്‍ക്കു വിശദീകരിച്ചുകൊടുത്തു.

"കര്‍ത്താവു നമ്മോടൊപ്പമുണ്ടെങ്കില്‍ ഫറവോ നമുക്കുമുമ്പില്‍ മുട്ടുമടക്കും. നമുക്ക് ഇനിയുമധികം വൈകേണ്ട, നിന്റെ ഭാര്യയോടും മക്കളോടും യാത്രപറഞ്ഞുവരൂ, നമുക്കുടനെ ഈജിപ്തിലേക്കു പുറപ്പെടാം."

മോശയുടെ അനുഭവങ്ങളെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അഹറോന്‍ ആവേശത്തോടെ പറഞ്ഞു.

Sunday 3 September 2017

27. അഗ്നിയെരിയുന്ന മുള്‍പ്പടര്‍പ്പ്

ബൈബിൾക്കഥകൾ 27


ഹോറബ് മലയുടെ ചരുവില്‍, വലിയൊരു മുള്‍പ്പടര്‍പ്പിനുനടുവില്‍ അഗ്നിയെരിയുന്നുണ്ടായിരുന്നു. ആകാശത്തെരിയുന്ന സൂര്യന്റെ വെളിച്ചത്തെ നിഷ്പ്രഭമാക്കുന്നൊരു പ്രകാശസാഗരം അവിടെ നിറഞ്ഞുനില്‍ക്കുന്നു. 


ജത്രോയുടെ ആടുകളെ മേയ്ക്കുവാന്‍ മലയടിവാരത്തിലെത്തിയ മോശ, അത്ഭുതപരതന്ത്രനായി ആ കാഴ്ച കണ്ടുനിന്നു. വലിയ പ്രഭാപൂരത്തോടെ  മുള്‍പ്പടര്‍പ്പിനുനടുവില്‍ അഗ്നിജ്വാലകള്‍ ഉയരുന്നെങ്കിലും മുള്‍ച്ചെടികളില്‍ ഒന്നുപോലും കത്തുന്നുണ്ടായിരുന്നില്ല.

ഇതെന്തൊരദ്ഭുതമാണെന്നറിയാന്‍ മോശ അല്പംകൂടെയടുത്തേക്ക്, ആ മുള്‍പ്പടര്‍പ്പിനരികിലേക്കു ചെന്നു.

"മോശേ, മോശേ..." 

ആരോ വിളിക്കുന്നതുകേട്ടു മോശ ചുറ്റും നോക്കി. പക്ഷേ ആരെയും കണ്ടില്ല.

"മോശേ, മോശേ..."  അഗ്നിയുടെ മദ്ധ്യത്തില്‍നിന്നു വീണ്ടും അതേശബ്ദം. 

"ഇതാ ഞാന്‍ .. " എവിടെയുമാരെയും കണ്ടില്ലെങ്കിലും മോശ ഉത്തരംനല്കി.

"അടുത്തു വരരുത്. നിന്റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക. നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്." 

മോശ തന്റെ ചെരുപ്പുകളഴിച്ചുമാറ്റി, വിധേയത്തഭാവത്തോടെ നിന്നു.

"ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം" 

മോശ പെട്ടെന്നു മുഖംമറച്ചു. ദൈവം തന്റെ സമീപത്തുണ്ടെന്നു തിരിച്ചറിവ് അവനെ ഭയപ്പെടുത്തി.

കര്‍ത്താവു പറഞ്ഞു: "ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. അവരുടെ കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനകള്‍ എന്റെ പക്കലെത്തി. ഈജിപ്തുകാരുടെ അടിമത്തത്തില്‍നിന്ന് അവരെ മോചിപ്പിക്കാനും തേനും പാലുമൊഴുകുന്ന കാനാൻദേശത്തേക്ക് അവരെ നയിക്കാനുമാണ്, ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇസ്രായേല്‍ജനതയെ ഈജിപ്തില്‍നിന്നു കാനാന്‍ദേശത്തേക്കു നയിക്കുന്നതിനു നിന്നെ ഞാന്‍ ചുമതലപ്പെടുത്തുന്നു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കത്തേക്കയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം."

"കര്‍ത്താവേ, ഫറവോയുടെ മുമ്പില്‍നില്‍ക്കാനും ഇസ്രായേല്‍ജനതയെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാനും ഞാനാരാണ്?" മോശ വിക്കി വിക്കിച്ചോദിച്ചു

"ഭയപ്പെടേണ്ട, നീ പോവുക, ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും."

"കർത്താവേ, അവരെന്നെ വിശ്വസിക്കുമോ? കര്‍ത്താവെനിക്കു പ്രത്യക്ഷപ്പെട്ടുവെന്നു പറഞ്ഞാൽ, ഞാന്‍ കള്ളംപറയുകയാണെന്ന് അവര്‍ പറയില്ലേ?"

"നിന്റെ കൈയിലിപ്പോൾ എന്താണുള്ളത്?" 

"ഒരു വടി." ഇടയന്മാർ സാധാരണ കൈയിൽ കൊണ്ടുനടക്കാറുള്ള, അറ്റം വളഞ്ഞ ഒരു വടി, മോശയുടെ കൈയിലുമുണ്ടായിരുന്നു.

"അതു നിലത്തിടുക." 

കർത്താവു പറഞ്ഞതനുസരിച്ച്,
മോശ തന്റെ വടി താഴെയിട്ടു. അദ്ഭുതം! അതൊരു സര്‍പ്പമായിമാറി. 

"കൈനീട്ടി, അതിന്റെ വാലില്‍പ്പിടിക്കൂ."

മോശ സര്‍പ്പത്തിന്റെ വാലില്‍പ്പിടിച്ചപ്പോള്‍ അതുവീണ്ടും വടിയായിത്തീര്‍ന്നു.

"അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ കര്‍ത്താവു നിനക്കു പ്രത്യക്ഷനായെന്ന്‍ അവര്‍ വിശ്വസിക്കാന്‍വേണ്ടിയാണിത്. നിന്റെ കൈ മാറില്‍ വയ്ക്കൂ."

മോശ അതുപോലെ ചെയ്തു. 

"ഇനി കൈ തിരിച്ചെടുക്കൂ." 

മാറിൽനിന്നു തിരിച്ചെടുത്ത മോശയുടെ കൈ, മഞ്ഞുപോലെ വെളുത്തിരുന്നു.

കര്‍ത്താവു കല്പിച്ചു: "കൈ വീണ്ടും മാറിടത്തില്‍ വയ്ക്കുക." 

അവനപ്രകാരം ചെയ്തു. മാറിടത്തില്‍നിന്നു കൈ തിരിച്ചെടുത്തപ്പോള്‍ അതു പൂര്‍വ്വസ്ഥിതിയിലായി. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍പോലെ കാണപ്പെട്ടു.

"ആദ്യത്തെയടയാളം അവര്‍ വിശ്വസിച്ചില്ലെങ്കില്‍ രണ്ടാമത്തേതിന്റെ സാക്ഷ്യം സ്വീകരിച്ചേക്കും. ഈ രണ്ടടയാളങ്ങളും അവര്‍ വിശ്വസിക്കാതിരിക്കുകയും നിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയുംചെയ്‌താല്‍, നദിയില്‍നിന്നു കുറേ വെള്ളമെടുത്തു കരയിലൊഴിക്കുക; നദിയില്‍നിന്നു നീയെടുക്കുന്ന ജലം കരയില്‍ രക്തമായി മാറും."

ഈ അദ്ഭുതങ്ങൾക്കൊടുവിലും മോശ ശങ്കയോടെതന്നെ നിന്നു. അവൻ കര്‍ത്താവിനോടു പറഞ്ഞു: "കര്‍ത്താവേ,  ഞാന്‍ ജന്മനാ വിക്കനാണ്. അങ്ങു സംസാരിച്ചതിനുശേഷവും അതങ്ങനെതന്നെ! മാത്രമല്ലാ എനിക്കല്പംപോലും വാക്ചാതുര്യവുമില്ല."

കര്‍ത്താവു ചോദിച്ചു: "ആരാണു മനുഷ്യനു സംസാരശക്തി നല്കിയത്? ആരാണവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്? കര്‍ത്താവായ ഞാനല്ലേ?‍ നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാന്‍ പഠിപ്പിച്ചു തരും." 

എന്നാൽ മോശ ഈജിപ്തിലേക്കുപോകാൻ തയ്യാറായിരുന്നില്ല. അവൻ വീണ്ടുമപേക്ഷിച്ചു: "കര്‍ത്താവേ, ദയവുചെയ്ത്, മറ്റാരെയെങ്കിലുമയയ്‌ക്കേണമേ! ഞാന്‍ ഒട്ടും കഴിവില്ലാത്തവനാണ്."

മോശയുടെ അവിശ്വാസംകണ്ടു കര്‍ത്താവു കോപിച്ചു.

"ലേവ്യനായ അഹറോനെ ഞാന്‍ നിന്നോടോപ്പമയയ്ക്കാം. അവന്‍ നന്നായി സംസാരിക്കുമെന്നു നിനക്കറിയാമല്ലോ. അവന്‍ നിന്നെക്കാണാന്‍ വരും. പറയേണ്ടതെന്തെന്ന് നീയവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിന്റെയും അവന്റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ക്കു ഞാന്‍ പഠിപ്പിച്ചുതരുകയുംചെയ്യും. അവന്‍ നിന്റെ വക്താവായിരിക്കും; നിനക്കുപകരം അവന്‍ ജനത്തോടു സംസാരിക്കും; നീ അവനു ദൈവതുല്യനായ പ്രവാചകനായിരിക്കും. ഈ വടി കൈയിലെടുത്തുകൊള്ളുക. നീ അതുകൊണ്ട് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും."

മുള്‍പ്പടര്‍പ്പിലെ അഗ്നിജ്വാലകള്‍ പെട്ടെന്ന് അപ്രത്യക്ഷമായി. മോശ ചുറ്റും നോക്കി. ഹോറബ്മലയുടെ താഴ്വാരങ്ങള്‍ ഒന്നും സംഭവിക്കാത്തതുപോലെ ശാന്തമായിരുന്നു. അഗ്നിമദ്ധ്യത്തിലായിരുന്ന മുൾച്ചെടിക്കോ ചുറ്റുമുള്ള സസ്യങ്ങൾക്കോ ചെറിയ വാട്ടംപോലുമുണ്ടായിരുന്നില്ല.

ആടുകള്‍ ഇളംനാമ്പുകള്‍തേടി മേഞ്ഞുനടക്കുന്നുണ്ട്. മോശ ഭീതിയോടെ, ആ മുള്‍പ്പടര്‍പ്പിലേക്കു നോക്കി മുട്ടുകുത്തി നിന്നു.