Sunday 25 February 2018

52. അതുല്യനായ പ്രവാചകൻ



ബൈബിള്‍ക്കഥകള്‍ - 52


സ്രായേലുകാരെല്ലാം താന്താങ്ങളുടെ അവകാശം കൈവശമാക്കുന്നതുവരെ തങ്ങള്‍  മറ്റുള്ളരോടൊപ്പം ദേശം പിടിച്ചടക്കാൻ യുദ്ധരംഗത്തുണ്ടാകുമെന്ന്, റൂബൻ, ഗാദ്, മനാസ്സെ എന്നീ ഗോത്രങ്ങളുടെ തലവന്മാർ മോശയോടുറപ്പു പറഞ്ഞു.

"കർത്താവിന്റെ ഹിതമെന്തെന്നറിഞ്ഞതിനുശേഷം ഞാൻ നിങ്ങളോടു സംസാരിക്കാം." മോശ അവരോടു പറഞ്ഞു.

മോശ, എലിയാസറിന്റെയും ജോഷ്വായുടെയുമൊപ്പം കര്‍ത്താവിനുമുമ്പില്‍ പ്രാര്‍ത്ഥിച്ചു. 

അന്നു സായാഹ്നത്തിൽ, എല്ലാ ഇസ്രായേൽശ്രേഷ്ഠന്മാരുടെയും സാന്നിദ്ധ്യത്തിൽ, റൂബന്‍, ഗാദ്, മനാസ്സെ എന്നീ  ഗോത്രങ്ങളുടെ തലവന്മാരോടു മോശ പറഞ്ഞു: "ശത്രുക്കളെയെല്ലാം കീഴടക്കി, ദേശം പിടിച്ചടക്കുന്നതുവരെ, നിങ്ങളില്‍ യുദ്ധശേഷിയുള്ളവരെല്ലാം ആയുധവുമണിഞ്ഞ്, ജോര്‍ദ്ദാന്റെ മറുകരയിലേക്കു പോകുമെങ്കില്‍, ദേശം കര്‍ത്താവിന്റെമുമ്പില്‍ കീഴടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു മടങ്ങിപ്പോരാം. അപ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെയും ഇസ്രായേലിന്റെയുംമുമ്പില്‍ കുറ്റമില്ലാത്തവരായിരിക്കും; ഈ ദേശം കര്‍ത്താവിന്റെ മുമ്പില്‍ നിങ്ങളുടെ അവകാശമായിരിക്കുകയും ചെയ്യും. അങ്ങനെചെയ്യുന്നില്ലെങ്കില്‍ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്യുകയാണ്. നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്നു മറക്കരുത്. 

കർത്താവിന്റെയും എന്റെയുംമുമ്പിൽ നിങ്ങൾനല്കിയ വാഗ്ദാനംപാലിക്കാൻ ഒരുക്കമാണെങ്കിൽ, നിങ്ങൾക്കും നിങ്ങളുടെ കുട്ടികള്‍ക്കുമായി പട്ടണങ്ങളും ആടുകള്‍ക്ക് ആലകളും ഇവിടെ പണിതുകൊള്ളുവിന്‍; ഈ ദേശം നിങ്ങളുടെ അവകാശമായിരിക്കും."

പുരോഹിതനായ എലെയാസറിന്റെയും  നൂനിന്റെ പുത്രന്‍ ജോഷ്വയുടേയുംനേരെ മോശ തിരിഞ്ഞു: 

"നിങ്ങള്‍ ജോര്‍ദ്ദാന്‍നദി കടക്കുംമുമ്പേ, ഞാന്‍ നിത്യനിദ്രയിൽ എന്റെ പിതാക്കന്മാരോടു ചേരും. അതിനാല്‍ റൂബന്‍, ഗാദ്, മനാസ്സേ ഗോത്രങ്ങളോടുള്ള എന്റെ വാഗ്ദാനം പാലിക്കേണ്ടതു നിങ്ങളാണ്. ഗാദിന്റെയും റൂബന്റെയും മനാസ്സേയുടെയും പുത്രന്മാര്‍, നിങ്ങളോടൊപ്പം ജോര്‍ദ്ദാന്‍കടന്നു കര്‍ത്താവിന്റെമുമ്പില്‍ പോകുകയും നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തു ദേശം കീഴടക്കുകയുംചെയ്താല്‍, ഗിലയാദുദേശം അവര്‍ക്കവകാശമായി കൊടുക്കണം. അമോര്യരാജാവായ സീഹോന്റെയും ബാഷാന്‍രാജാവായ ഓഗിന്റെയും രാജ്യങ്ങളടങ്ങുന്ന പ്രദേശംമുഴുവനും അതിലുള്ള പട്ടണങ്ങളും ഗാദിന്റെയും റൂബന്റെയും ഗോത്രങ്ങള്‍ക്കും ജോസഫിന്റെ അര്‍ദ്ധഗോത്രമായ  മനാസ്സെയുടെ പിന്‍തലമുറക്കാര്‍ക്കും നല്കുക. എന്നാല്‍, അവര്‍ നിങ്ങളോടൊപ്പം യുദ്ധസന്നദ്ധരായി വരുന്നില്ലെങ്കില്‍, എന്റെയീ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്കു ബാദ്ധ്യതയില്ല."

ഗാദിന്റെയും റൂബന്റെയും മനാസ്സെയുടെയും പിന്‍തലമുറക്കാര്‍ പറഞ്ഞു: "പ്രവാചകനായ മോശവഴി, കര്‍ത്താവരുളിച്ചെയ്തതുപോലെ, ഈ ദാസര്‍ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് ഇസ്രായേല്‍മുഴുവനും മുമ്പില്‍ ഞങ്ങള്‍ ഉറപ്പുനല്കുന്നു."

ഗിലയാദ് ദേശം അവകാശമായി കിട്ടിയവര്‍ക്കായി ഇസ്രായേല്‍ജനം ഒരുമിച്ച്, കോട്ടകെട്ടി, കോട്ടവാതിലും നിര്‍മ്മിച്ചു. യുദ്ധശേഷിയുള്ള പുരുഷന്മാര്‍ ഇല്ലാത്തപ്പോള്‍പ്പോലും ശത്രുക്കള്‍ക്കു കടന്നുകയറാന്‍ പറ്റാത്തവിധം പട്ടണത്തെ സുരക്ഷിതമാക്കി.

മോശ ഒരിക്കല്‍ക്കൂടെ ഇസ്രായേല്‍ശ്രേഷ്ഠന്മാരെ തനിക്കുമുമ്പില്‍ വിളിച്ചുകൂട്ടി.

"ജോര്‍ദ്ദാന്‍കടന്നു കാനാന്‍ദേശത്തു പ്രവേശിക്കുമ്പോള്‍, തദ്ദേശവാസികളെ ഓടിച്ചുകളഞ്ഞ്, അവരുടെ ശിലാവിഗ്രഹങ്ങളും ലോഹപ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണം. നിങ്ങള്‍ ദേശം കൈവശമാക്കി വാസമുറപ്പിക്കണം. എന്തെന്നാല്‍, ആ ദേശം കര്‍ത്താവു നിങ്ങള്‍ക്ക് അവകാശമായി തന്നിരിക്കുന്നു. നിങ്ങള്‍ ഗോത്രംഗോത്രമായി നറുക്കിട്ടുവേണം  ദേശമവകാശമാക്കാൻ. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയ ഗോത്രത്തിനു ചെറിയ അവകാശവും നല്‍കണം. കുറി എവിടെവീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. 

തദ്ദേശവാസികളെ നിങ്ങൾ ഓടിച്ചുകളയാതിരുന്നാല്‍, അവശേഷിക്കുന്നവര്‍ കണ്ണില്‍ മുള്ളുപോലെയും പാര്‍ശ്വത്തില്‍ മുള്‍ച്ചെടിപോലെയും നിങ്ങളെയുപദ്രവിക്കും. കര്‍ത്താവ്, അവരോടുചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും.

ലേവിഗോത്രം പുരോഹിതരായതിനാല്‍, ഇസ്രായേല്‍ജനം തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കു വസിക്കാന്‍ പട്ടണങ്ങള്‍ കൊടുക്കണം. പട്ടണങ്ങള്‍ക്കുചുറ്റും മേച്ചില്‍ സ്ഥലങ്ങളും നിങ്ങളവര്‍ക്കു നല്‍കണം. എല്ലാ ഗോത്രങ്ങൾക്കുമൊപ്പം പുരോഹിതർ ഉണ്ടായിരിക്കണം. അവർക്കു  മറ്റവകാശങ്ങളുണ്ടാകുകയില്ല.

നിങ്ങള്‍ ജോര്‍ദ്ദാന്‍കടന്നു കാനാന്‍ദേശത്തു താമാസമുറപ്പിക്കുമ്പോൾ, അബദ്ധവശാല്‍ ആരെങ്കിലു ആരെയെങ്കിലും വധിച്ചാൽ, കുറ്റവാളിക്ക് ഓടിയൊളിക്കാന്‍ സങ്കേതനഗരങ്ങളായി ചില പട്ടണങ്ങള്‍ നിങ്ങൾ തിരഞ്ഞെടുക്കണം. വിധിനിര്‍ണ്ണയത്തിനായി, കൊലപാതകി  സമൂഹത്തിന്റെമുമ്പില്‍നില്ക്കുന്നതിനുമുമ്പു വധിക്കപ്പെടാതിരിക്കാന്‍, രക്തത്തിനു പ്രതികാരംചെയ്യുന്നവനില്‍നിന്ന് അഭയംതേടാനുള്ള സങ്കേതങ്ങളായിരിക്കും ഈ പട്ടണങ്ങള്‍. നിങ്ങളുടെ പട്ടണങ്ങളില്‍ ആറെണ്ണം സങ്കേതനഗരങ്ങളായിരിക്കും. സങ്കേതനഗരങ്ങളായി മൂന്നു പട്ടണങ്ങള്‍ ജോര്‍ദ്ദാനിക്കരെയും മൂന്നു പട്ടണങ്ങള്‍ കാനാന്‍ദേശത്തും കൊടുക്കണം.

ഇസ്രായേലിലെ സ്ത്രീകള്‍ക്ക്, പിതാവിന്റെ സമ്പത്തിന്റെ ഒരോഹരി നല്കണം. ആരെങ്കിലും പുത്രനില്ലാതെ മരിച്ചാല്‍, അവകാശം പൂര്‍ണ്ണമായും പുത്രിക്കു കൊടുക്കണം. പുത്രിയുമില്ലെങ്കില്‍ അവകാശം സഹോദരന്മാര്‍ക്കു കൊടുക്കണം. സഹോദരന്മാരുമില്ലെങ്കില്‍ പിതൃസഹോദരന്മാര്‍ക്കു കൊടുക്കണം. പിതൃസഹോദരന്മാരുമില്ലെങ്കില്‍ അവന്റെയവകാശം അവന്റെ കുടുംബത്തില്‍ ഏറ്റവുമടുത്ത ബന്ധുവിനു കൊടുക്കണം.

ഇസ്രായേല്‍പുത്രിമാര്‍ക്കു തങ്ങള്‍ക്കിഷ്ടമുള്ളവരുമായി വിവാഹബന്ധമാകാം. എന്നാല്‍, അതു തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബങ്ങളില്‍നിന്നുമാത്രമായിരിക്കണം. മറ്റുള്ളവർക്കിടയിൽ അവർ തങ്ങൾക്കു വരനെ തിരയരുത്. കാരണം, ഇസ്രായേല്‍ജനത്തിന്റെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊന്നിലേക്കു മാറ്റരുത്; ഇസ്രായേല്യരില്‍ ഓരോരുത്തരും താന്താങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ബന്ധപ്പെട്ടിരിക്കണം."

ജോഷ്വായും എലിയാസറുമടക്കമുള്ള ഇസ്രായേല്‍ ശ്രേഷ്ഠന്മാര്‍, മോശയുടെ വാക്കുകള്‍ പാലിക്കപ്പെടുമെന്നു കര്‍ത്താവിന്റെ മുമ്പില്‍ പ്രതിജ്ഞചെയ്തു.

കുറച്ചുദിവസങ്ങൾ ശാന്തമായി കടന്നുപോയി. മോശ എല്ലായ്‌പോഴും പ്രാർത്ഥനയിൽ സമയം ചെലവഴിച്ചു.

തന്റെ ആത്മാവു ശരീരത്തെ പിരിയാനുള്ള മണിക്കൂറുകള്‍ അടുക്കുന്നുവെന്നു മനസ്സിലായപ്പോള്‍ അവൻ  ഇസ്രായേല്‍ജനതയെ മുഴുവന്‍ വിളിച്ചുകൂട്ടി, ജെറീക്കൊയുടെ എതിര്‍വശത്തുള്ള നെബോമലയിലെ പീസ്‌ഗാ എന്ന ഉയര്‍ന്ന സ്ഥലത്തേക്കു കയറി. മോശയുടെ പിന്‍ഗാമിയും നൂനിന്റെ പുത്രനുമായ ജോഷ്വായും മോശയ്ക്കൊപ്പം കയറി. ജനക്കൂട്ടം പിസ്ഗയുടെ താഴ്വാരത്തില്‍ നിന്നു.

ആകാശത്തിലേക്കു കൈകളുയര്‍ത്തി, ദൈവത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ടു മോശ ഉദ്ഘോഷിച്ചു.

"ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എന്റെ വാക്കുകള്‍ ശ്രവിക്കട്ടെ. എന്റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ; എന്റെ വാക്കുകള്‍ ഹിമകണങ്ങള്‍പോലെ പൊഴിയട്ടെ; അവ ഇളംപുല്ലിന്മേല്‍ മൃദുലമായ മഴപോലെയും സസ്യങ്ങളുടെമേല്‍, വര്‍ഷധാരപോലെയുമാകട്ടെ.

കര്‍ത്താവിന്റെ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍. കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തി, പരിപൂര്‍ണ്ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്. തിന്മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്നു നീതിമാനും സത്യസന്ധനുമാണ്.      

അവിടുത്തെ മുമ്പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ മക്കളല്ലാതായി; ദുഷ്ടവും വക്രവുമായ തലമുറയാണവരുടേത്. ഭോഷരും ബുദ്ധിഹീനരുമായ ജനമേ, ഇതോ കര്‍ത്താവിനുള്ള പ്രതിഫലം? അവിടുന്നല്ലയോ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ പിതാവ്? നിങ്ങളുടെ സ്രഷ്ടാവും പരിപാലകനും അവിടുന്നല്ലയോ?

കഴിഞ്ഞുപോയ കാലങ്ങളോര്‍ക്കുവിന്‍, തലമുറകളിലൂടെ കടന്നുപോയ വര്‍ഷങ്ങളനുസ്മരിക്കുവിന്‍; പിതാക്കന്മാരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതരും. പ്രായംചെന്നവരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു വിവരിച്ചുതരും.      

അത്യുന്നതന്‍, ജനതകള്‍ക്കവരുടെ പൈതൃകം വീതിച്ചുകൊടുത്തപ്പോള്‍, മനുഷ്യമക്കളെ അവിടുന്നു വേര്‍തിരിച്ചപ്പോള്‍, ഇസ്രായേല്‍മക്കളുടെ എണ്ണമനുസരിച്ച് അവിടുന്നു ജനതകള്‍ക്കതിര്‍ത്തി നിശ്ചയിച്ചു. കര്‍ത്താവിന്റെ ഓഹരി അവിടുത്തെ ജനമാണ്, യാക്കോബ് അവിടുത്തെ അവകാശവും! അവിടുന്നവനെ മരുഭൂമിയില്‍, ശൂന്യതയോരിയിടുന്ന മണലാരണ്യത്തില്‍ക്കണ്ടെത്തി; അവനെ വാരിപ്പുണര്‍ന്നു, താല്പര്യപൂര്‍വ്വം പരിചരിച്ച്, തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.      

കൂടു ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെമുകളില്‍ ചിറകടിക്കുകയും, വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയുംചെയ്യുന്ന കഴുകനെപ്പോലെ, അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്മാരാരും അവനോടൊത്തുണ്ടായിരുന്നില്ല. ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്നവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍നിന്ന് എണ്ണയും അവിടുന്നവനു കുടിക്കാന്‍ കൊടുത്തു. കാലിക്കൂട്ടത്തില്‍നിന്നു തൈരും ആട്ടിന്‍പറ്റങ്ങളില്‍നിന്നു പാലും ആട്ടിന്‍ കുട്ടികളുടെയും മുട്ടാടുകളുടെയും കാലിക്കൂട്ടത്തിന്റെയും കോലാടുകളുടെയും കൊഴുപ്പും വിശിഷ്ടമായ ധാന്യവും നിനക്കു നല്കി. ശുദ്ധമായ മുന്തിരിച്ചാറു നീ പാനം ചെയ്തു."

ജോഷ്വായും മോശയ്ക്കൊപ്പം കരങ്ങളുയര്‍ത്തി ദൈവത്തെ മഹത്വപ്പെടുത്തി.

പിന്നെ മോശ ജനക്കൂട്ടത്തോടു പറഞ്ഞു: "ഞാന്‍ നിങ്ങളോടു കല്പിച്ചിരിക്കുന്ന നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വ്വം പാലിക്കാന്‍ നിങ്ങളുടെ മക്കളോടാജ്ഞാപിക്കുന്നതിനായി, അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍. എന്തെന്നാല്‍, ഇതു നിസ്സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. നിങ്ങള്‍ ജോര്‍ദ്ദാനക്കരെ കൈവശമാക്കാന്‍പോകുന്ന ദേശത്തു ദീര്‍ഘകാലം വസിക്കുന്നത് ഇതുമൂലമായിരിക്കും."

പിന്നീട്, മോശ ജനങ്ങള്‍ക്കുനേരെ കൈകള്‍നീട്ടി. "ഇസ്രായേല്‍ സുരക്ഷിതമായി വസിക്കും; യാക്കോബിന്റെ സന്തതികള്‍ ധാന്യവും വീഞ്ഞുമുള്ള നാട്ടില്‍ തനിച്ചു പാര്‍ക്കും; ആകാശം മഞ്ഞുപൊഴിക്കും. ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളുമായ കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടനിന്നെപ്പോലെ, മറ്റേതു ജനമാണുള്ളത്? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീയവരുടെ ഉന്നതസ്ഥലങ്ങള്‍ ചവിട്ടിമെതിക്കും."

ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളേയും പേരുചൊല്ലിപ്പറഞ്ഞ്, മോശയവരെ അനുഗ്രഹിച്ചു.

ജനങ്ങള്‍ പിരിഞ്ഞുപോയപ്പോള്‍ കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ഈ മലയില്‍ അല്പംകൂടെ ഉയരത്തില്‍ക്കയറി, ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്ക് അവകാശമായിനല്കുന്ന കാനാന്‍ദേശം നീ കണ്ടുകൊള്ളുക. നിന്റെ സഹോദരന്‍ അഹറോന്‍ ഹോര്‍മലയില്‍വച്ചു മരിക്കുകയും തന്റെ പിതാക്കന്മാരോടു ചേരുകയും ചെയ്തതുപോലെ ഇന്നു നീയും മരിച്ചു നിന്റെ പിതാക്കന്മാരോടു ചേരും. "

*നെബുമലയിലെ പിസ്ഗായില്‍ കര്‍ത്താവുപറഞ്ഞ, ഗിരിശൃംഗത്തിനുമുകളില്‍ മോശ കയറി. കര്‍ത്താവവന് എല്ലാ പ്രദേശങ്ങളും കാണിച്ചുകൊടുത്തു - വേഗിലയാദുമുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും, നഫ്താലി മുഴുവനും എഫ്രായിമിന്റെയും മനാസ്സെയുടെയും ദേശങ്ങളും പശ്ചിമസമുദ്രംവരെയുള്ള യൂദാദേശവും, നെഗെബും ഈന്തപ്പനകളുടെ പട്ടണമായ ജറീക്കോ സ്ഥിതിചെയ്യുന്ന താഴ്‌വരയിലെ സോവാര്‍വരെയുള്ള സമതലവും അവൻ കണ്ടു.  

അനന്തരം, കര്‍ത്താവു മോശയോടു പറഞ്ഞു: "നിന്റെ സന്തതികള്‍ക്കു നല്കുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാന്‍ ശപഥംചെയ്ത ദേശമാണിത്. ഇതു കാണാന്‍ ഞാന്‍ നിന്നെയനുവദിച്ചു; എന്നാല്‍, നീ ഇതില്‍ പ്രവേശിക്കുകയില്ല. എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനുസമീപം ഇസ്രായേല്‍ജനത്തിന്റെമുമ്പില്‍വച്ചു നീയെന്നോട് അവിശ്വസ്തമായി പെരുമാറി; എന്റെ പരിശുദ്ധിക്കു നീ സാക്ഷ്യം നല്കിയില്ല."       

നെബുമലയില്‍നിന്നിറങ്ങിയ ദിവസംതന്നെ, മൊവാബുദേശത്തുവച്ച് നൂറ്റിയിരുപതാം വയസ്സില്‍ മോശ മരിച്ചു. മരിക്കുന്നതുവരെ അവന്റെ കണ്ണു മങ്ങുകയോ ശക്തി ക്ഷയിക്കുകയോചെയ്തിരുന്നില്ല.    
മൊവാബുദേശത്തെ ബത്പെയോറിനെതിരേയുള്ള താഴ്‌വരയില്‍ അവനെ സംസ്‌കരിച്ചു.      

ഇസ്രായേല്‍ മുപ്പതുദിവസം മൊവാബുതാഴ്‌വരയില്‍ മോശയെ ഓര്‍ത്തു വിലപിച്ചു. മോശയ്ക്കുവേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, നൂനിന്റെ പുത്രനായ ജോഷ്വ, ഇസ്രായേലിന്റെ നേതൃത്വമേറ്റെടുത്തു. മോശ അവന്റെമേല്‍ കൈകള്‍ വച്ച്, അവനെ അഭിഷേകംചെയ്തിരുന്നതിനാല്‍ ജ്ഞാനത്തിന്റെ ആത്മാവിനാല്‍ അവന്‍ പൂരിതനായിരുന്നു. ഇസ്രായേല്‍ജനം അവന്റെ വാക്കു കേള്‍ക്കുകയും കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.    

കര്‍ത്താവു മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലിലുണ്ടായിട്ടില്ല. കര്‍ത്താവിനാല്‍ നിയുക്തനായി, ഈജിപ്തില്‍ ഫറവോയ്ക്കും അവന്റെ ദാസന്മാര്‍ക്കും രാജ്യത്തിനുമുഴുവനുമെതിരായി  പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും, ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും എക്കാലവും അതുല്യനായ നേതാവായിരുന്നു മോശ ....!

Sunday 18 February 2018

51. വാഗ്ദത്തദേശത്തിന്റെ കവാടത്തില്‍

ബൈബിള്‍ക്കഥകള്‍ - 51

ഇസ്രായേൽ ഷിത്തിമിൽ കൂടാരമടിച്ചു. ബാലാം ഇസ്രായേലിനെ അനുഗ്രഹിച്ചതിനാൽ മൊവാബ് രാജാവായ ബാലക്ക് ഇസ്രയേലുമായി യുദ്ധത്തിനൊരുമ്പെട്ടില്ല.

ഷിത്തിമില്‍ കൂടാരമടിച്ചു പാര്‍ക്കുന്നകാലത്ത്, ഇസ്രായേല്‍ജനം, മൊവാബ്യരായ സ്ത്രീകളുമായി പ്രണയത്തിലാകുകയും അവിഹിതബന്ധങ്ങളിലേര്‍പ്പെടുകയും അവരുടെ ദേവീദേവന്മാരെ ആരാധിച്ചുതുടങ്ങുകയും ചെയ്തു.

കര്‍ത്താവിന്റെ കോപം ഇസ്രായേലിനുമേല്‍ ജ്വലിച്ചു. ഇസ്രായേല്‍ക്കൂടാരങ്ങളില്‍ ഒരു മഹാമാരി പടര്‍ന്നുപിടിച്ചു. കൂടാരങ്ങളില്‍ മരണം താണ്ഡവമാടി. അഹറോന്റെ പേരക്കുട്ടിയായ ഫിനെഹാസിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ വ്യഭിചാരികളെ അവരുടെ കുടുംബത്തോടൊപ്പം ഉന്മൂലനംചെയ്തു. അതോടെ ഇസ്രായേലിലെ മഹാമാരിക്ക് അറുതിയായി.

മഹാമാരി നിലച്ചതിനുശേഷം കര്‍ത്താവു മോശയോടും അഹറോന്റെ പുത്രനും പുരോഹിതനുമായ എലെയാസറിനോടും അരുളിച്ചെയ്തു : "ഇസ്രായേല്‍ സമൂഹത്തിലെ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള സകലരുടെയും കണക്ക്, ഗോത്രംഗോത്രമായെടുക്കുക."

ആദ്യവട്ടം ജനസംഖ്യാ കണക്കെടുത്തതുപോലെ ഓരോ ഗോത്രങ്ങളിലെയും ശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ വീണ്ടും കണക്കെടുപ്പുകള്‍ നടത്തി. പന്ത്രണ്ടുഗോത്രങ്ങളിലുമായി,  ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള ആറുലക്ഷത്തി ഒരായിരത്തിയെഴൂനൂറ്റിമുപ്പതുപേര്‍ ഉണ്ടായിരുന്നു.

എന്നാല്‍, മോശയും അഹറോനുംചേര്‍ന്ന് സീനായ് മരുഭൂമിയില്‍വച്ചുനടത്തിയ കണക്കെടുപ്പില്‍പ്പെട്ടവരില്‍ യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വയുമൊഴികെ ഒരാള്‍പോലും രണ്ടാമത്തെ കണക്കെടുപ്പില്‍ ഉള്‍പ്പെട്ടില്ലെന്ന്. ഇസ്രായേല്‍ജനത തിരിച്ചറിഞ്ഞു. അവര്‍ മരുഭൂമിയില്‍വച്ചു മരിക്കുമെന്ന കര്‍ത്താവിന്റെ കല്പന പൂര്‍ത്തീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു!

കര്‍ത്താവു മോശയോടരുളിച്ചെയ്തു: "സീൻമരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനടുത്തുവച്ചു ജനം കലഹമുണ്ടാക്കിയപ്പോള്‍ അവരുടെമുമ്പില്‍ എന്റെ പരിശുദ്ധിക്കു സാക്ഷ്യംനല്കാതെ, നീ, എന്റെ കല്പന ലംഘിച്ചു. അതിനാല്‍ ഇസ്രായേലിനു ഞാന്‍നല്കുന്ന കാനാന്‍ദേശത്തു നീ പ്രവേശിക്കുകയില്ല. അബാറിം മലയില്‍ക്കയറി ഞാന്‍ ഇസ്രായേല്‍ജനത്തിനു കൊടുത്തിരിക്കുന്ന ദേശം കാണുക. അതു കണ്ടുകഴിയുമ്പോള്‍ നിന്റെ സഹോദരന്‍ അഹറോനെപ്പോലെ നീയും പിതാക്കന്മാരോടു ചേരും."

"കര്‍ത്താവേ, എനിക്കു പകരമായി ഈ ജനത്തെ നയിക്കാന്‍ ഒരാളെ അങ്ങു നിയോഗിക്കണമേ! അല്ലെങ്കില്‍ ഇടയിനില്ലാത്ത ആടുകളെപ്പോലെ ഈ ജനം ചിതറിപ്പോകും." കര്‍ത്താവിന്റെ ഇഷ്ടം തന്റെ ജീവിതത്തില്‍ പൂര്‍ത്തിയാകാന്‍ പൂര്‍ണ്ണമനസ്സോടെ സമ്മതിക്കുമ്പോഴും താന്‍ നയിച്ചുകൊണ്ടുവന്ന ജനത്തിന്റെ നന്മയ്ക്കായി മോശ പ്രാര്‍ത്ഥിച്ചു.

"നൂനിന്റെ പുത്രനായ ജോഷ്വയെ വിളിച്ച്, അവന്റെ ശിരസ്സില്‍ നീ കൈവയ്ക്കുക.  പുരോഹിതനായ എലെയാസറിന്റെയും സമൂഹത്തിന്റെയും മുമ്പില്‍നിറുത്തി, അവര്‍ കാണ്‍കെ നീ അവനെ നിയോഗിക്കുക. ഇസ്രായേല്‍ജനം അവനെ അനുസരിക്കേണ്ടതിന്, നിന്റെ അധികാരം അവനു നല്കുക. പുരോഹിതനായ എലെയാസറിന്റെമുമ്പില്‍ അവന്‍ നില്‍ക്കണം. കർത്താവായ എന്റെ തീരുമാനം അവനുവേണ്ടി, എലെയാസര്‍ അന്വേഷിച്ചറിയണം. ഇസ്രായേല്‍ജനം എല്ലാക്കാര്യങ്ങളിലും ജോഷ്വയുടെ നേതൃത്വത്തിനു വഴങ്ങണമെന്നു, നീ ജനത്തെയറിയിക്കുക."

കര്‍ത്താവു കല്പിച്ചതുപോലെ, മോശ ജോഷ്വയെ വിളിച്ച്, പുരോഹിതനായ എലെയാസറിന്റെയും സമൂഹത്തിന്റെയും മുമ്പാകെ നിറുത്തി. കല്പനപോലെ, അവന്റെമേല്‍ കൈവച്ച്, അവനെ തന്റെ പിന്‍ഗാമിയായി നിയോഗിച്ചു.

കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ജനത്തെ യുദ്ധസന്നദ്ധരാക്കുക. ഇസ്രായേല്‍ജനത്തിനുവേണ്ടി മിദിയാന്‍കാരോടു പ്രതികാരം ചെയ്യുക; അതിനുശേഷം നീ നിന്റെ പിതാക്കന്‍മാരോടു ചേരും. യോര്‍ദ്ദാനക്കരെ, കാനാന്‍ദേശത്തേക്ക്, ഇസ്രായേലിനെ നയിക്കുന്നതു ജോഷ്വായായിരിക്കും."

മിദിയാനെതിരായി ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ പോരാടി. ഇസ്രായേലിനു തങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാൻ അനുവാദംനിഷേധിച്ച, അഞ്ചു മിദിയാന്‍രാജാക്കന്മാരെ ഇസ്രായേല്‍ വധിച്ചു.

ഇസ്രായേല്‍ജനം യോര്‍ദ്ദാന്‍ കടക്കുന്നതിനുമുമ്പേ, റൂബന്റെയും ഗാദിന്റെയും ഗോത്രങ്ങളിലെ ശ്രേഷ്ഠന്മാര്‍ മോശയെ സന്ദര്‍ശിച്ചു പറഞ്ഞു: "ഞങ്ങളുടെ ഗോത്രത്തില്‍പ്പെട്ടവര്‍ക്ക് ധാരാളം ആടുമാടുകളുണ്ടെന്ന് അങ്ങേയ്ക്കറിവുള്ളതാണല്ലോ. മിദിയാനിലെ യാസേര്‍, ഗിലയാദ് എന്നീ ദേശങ്ങള്‍ നല്ല മേച്ചില്‍ സ്ഥലങ്ങളായതിനാല്‍,അവ ഞങ്ങള്‍ക്ക് അവകാശമായി നല്കണം. ദയവായി ഞങ്ങളെ യോര്‍ദ്ദാന്റെ മറുകരയിലേക്കു കൊണ്ടുപോകരുത്."

മോശ കോപിച്ചു: "ഇസ്രായേലിലെ നിങ്ങളുടെ സഹോദരന്മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ ഇവിടെയിരിക്കാനോ? കര്‍ത്താവ് ഇസ്രായേല്‍ജനത്തിനു നല്കിയിരിക്കുന്ന നാട്ടില്‍ കടക്കുന്നതില്‍നിന്ന്, നിങ്ങളവരെ നിരുത്സാഹരാക്കുകയാണു ചെയ്യുന്നത്. 

നാട് ഒറ്റുനോക്കാന്‍ കാദെഷ്ബര്‍ണയായില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാനയച്ചപ്പോള്‍ അവരും ഇപ്രകാരംതന്നെ ചെയ്തു. അവര്‍ എഷ്‌ക്കോള്‍ താഴ്‌വരയോളംചെന്നു നാടു കണ്ടതിനുശേഷം, കര്‍ത്താവ് ഇസ്രായേലിനു നല്കിയിരുന്ന നാട്ടിലേക്കുപോകുന്നതില്‍ ജനങ്ങളെ നിരുത്സാഹരാക്കി. അന്നു കര്‍ത്താവിന്റെ കോപം ജ്വലിച്ചു. ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരില്‍ ജോഷ്വയും കാലെബുമൊഴികെ മറ്റാരും കാനാന്‍ദേശത്തു കടക്കുകയില്ലെന്ന കര്‍ത്താവിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞുവെന്നു നിങ്ങള്‍ക്കുമറിവുള്ളതല്ലേ?" അവിടുത്തെ അനുഗമിക്കുന്നതില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചാല്‍ അവിടുന്നു വീണ്ടും നമ്മളെ മരുഭൂമിയിലുപേക്ഷിക്കും. അങ്ങനെ ജനത്തെ മുഴുവന്‍ നിങ്ങള്‍ നശിപ്പിക്കും."

മോശയുടെ വാക്കുകള്‍ കേട്ടിട്ടും അവര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല.

"ഇസ്രായേല്‍ജനത്തെ ലക്ഷ്യത്തിലെത്തിക്കുന്നതുവരെ, ആയുധമേന്തി, ഞങ്ങൾ യുദ്ധത്തിനൊരുങ്ങി, അവര്‍ക്കുമുമ്പേ പോകാം. എന്നാല്‍ ഞങ്ങളിവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കുവേണ്ടി ആലകളും കുട്ടികള്‍ക്കുവേണ്ടി പട്ടണങ്ങളും പണിയട്ടെ. ഞങ്ങള്‍ യുദ്ധമുന്നണിയിലായിരിക്കുമ്പോള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ദേശവാസികളുടെ ആക്രമണത്തെ ഭയപ്പെടാതെ കോട്ടയാല്‍ സുരക്ഷിതമായ പട്ടണങ്ങളില്‍ വസിക്കാമല്ലോ. ഇസ്രായേലുകാരെല്ലാം താന്താങ്ങളുടെ അവകാശം കൈവശമാക്കുന്നതുവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങുകയില്ല. കിഴക്കു ജോര്‍ദ്ദാനിക്കരെ ഞങ്ങള്‍ക്കവകാശം ലഭിച്ചിട്ടുള്ളതിനാല്‍, ജോര്‍ദ്ദാന്റെ മറുകരയും അതിനപ്പുറവും മറ്റുള്ളരോടൊപ്പം ഞങ്ങള്‍ ഭൂമി അവകാശമാക്കുകയില്ല." റൂബന്റെയും ഗാദിന്റെയും  ഗോത്രത്തലവന്മാരും ജോസഫിന്റെ പുത്രനായ മനാസ്സെയുടെ പിന്‍തലമുറക്കാരും മോശയോടു പറഞ്ഞു.

Sunday 11 February 2018

50. ബാലാമിന്റെ പ്രവചനങ്ങള്‍

ബൈബിള്‍ കഥകള്‍ - 50

പുലര്‍ച്ചെ, പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങള്‍ ഭൂമിയില്‍പ്പതിക്കുന്നതിനുമുമ്പേ, ബാലാക്ക് തന്റെ ഭൃത്യന്മാര്‍ക്കൊപ്പം ബാലാമിന്റെ കൂടാരത്തിലെത്തി. അയാളവനെ ബാമോത്ത്ബാല്‍ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ പര്‍വ്വതശിഖരത്തില്‍നിന്നുകൊണ്ട് ബാലാം ഇസ്രായേല്‍പ്പാളയം വീക്ഷിച്ചു. 

കുറച്ചുനേരത്തെ മൌനത്തിനുശേഷം ബാലാം പറഞ്ഞു:

"നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്, ഏഴു ബലിപീഠങ്ങളൊരുക്കുക; ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ഇവിടെയെത്തിക്കുക."

മദ്ധ്യാഹ്നസൂര്യന്‍ തലയ്ക്കുമുകളില്‍ ജ്വലിക്കുന്നതിനുമുമ്പേ, ബാലാം ആവശ്യപ്പെട്ടതെല്ലാം ബാലാക്ക് ഒരുക്കിക്കഴിഞ്ഞിരുന്നു.

ബാലാം ഓരോ ബലിപീഠത്തിലും ഒരു മുട്ടാടിനെയും ഒരു കാളയെയുംവീതം ബലിയര്‍പ്പിച്ചു.

ബലിമൃഗങ്ങളുടെ മാംസം, അഗ്നിനാളങ്ങള്‍ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ബാലാം ബാലാക്കിനോടു പറഞ്ഞു: "ഇവിടെ ഈ ദഹനബലികള്‍ക്കരികെ എന്നെ കാത്തുനില്‍ക്കുക. ഞാന്‍ ഏകാന്തമായ ഒരിടത്തേക്കു പോകട്ടെ. ഈ ബലികളില്‍ പ്രീതനെങ്കില്‍ ഒരുപക്ഷേ ദൈവമെന്നോടു സംസാരിച്ചേക്കാം. അതെന്തുതന്നെയായാലും ഞാന്‍ നിന്നെയറിയിക്കാം."

കുറെക്കൂടെ ഉയര്‍ന്ന ഒരു പര്‍വ്വതശിഖരത്തിലേക്കു ബാലാം കയറിപ്പോയി. അവിടെ പ്രാർത്ഥനാ നിമഗ്നനായിരിക്കുമ്പോൾ ബാലാമിന്റെ ആന്തരീകകർണ്ണങ്ങളിൽ കര്തതാവിന്റെ ശബ്ദംകേട്ടു.: "ബാലാക്കിന്റെയടുത്തേക്കു മടങ്ങിച്ചെല്ലുക. അവനോടു പറയേണ്ട വാക്കുകള്‍ അപ്പോള്‍ ഞാന്‍ നിന്റെ അധരങ്ങളില്‍ നിക്ഷേപിക്കും."

ബാലാം മടങ്ങിയെത്തുമ്പോള്‍ ബാലാക്കും മൊവാബിലെ പ്രഭുക്കന്മാരും ദഹനബലിയുടെയരികില്‍ത്തന്നെ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നുണ്ടായിരുന്നു.

അവരുടെ അടുത്തെത്തിയപ്പോള്‍ ബാലാം പ്രവചിച്ചുതുടങ്ങി:

"ആരാമില്‍നിന്നു ബാലാക്ക് എന്നെ കൊണ്ടുവന്നു; പൗരസ്ത്യഗിരികളില്‍നിന്നു മൊവാബു രാജാവെന്നെ വരുത്തി. യാക്കോബിനെ എനിക്കുവേണ്ടി ശപിക്കുക; ഇസ്രായേലിനെ ഭര്‍ത്സിക്കുകയെന്നു മൊവാബിലെ രാജാവായ ബാലാം ആവശ്യപ്പെടുന്നു. എന്നാല്‍ ഇതിനുത്തരം പറയൂ, ദൈവം ശപിക്കാത്തവനെ ഞാനെങ്ങനെ ശപിക്കും? കര്‍ത്താവു ഭര്‍ത്സിക്കാത്തവനെ ഞാനെങ്ങനെ ഭര്‍ത്സിക്കും? പാറക്കെട്ടുകളില്‍നിന്നു ഞാനവനെക്കാണുന്നു; മലമുകളില്‍നിന്നു ഞാനവനെ നിരീക്ഷിക്കുന്നു: ഇതാ വേറിട്ടു പാര്‍ക്കുന്നൊരു ജനം; മറ്റു ജനതകളോട് ഇടകലരാത്തൊരു ജനം. യാക്കോബിന്റെ ധൂളിയെ എണ്ണാനാര്‍ക്കു കഴിയും? ഇസ്രായേലിന്റെ ജനസഞ്ചയത്തെ ആരു തിട്ടപ്പെടുത്തും? നീതിമാന്റെ മരണം ഞാന്‍ കൈവരിക്കട്ടെ! എന്റെ അന്ത്യം അവന്റേതുപോലെയാകട്ടെ!"
     
ബാലാക്ക് ബാലാമിനോടു ചോദിച്ചു: "നീയെന്താണീ ചെയ്തത്? എന്റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെക്കൊണ്ടുവന്നു; എന്നാല്‍, നീയവരെ അനുഗ്രഹിക്കുന്നോ?"

"അക്കാണുന്ന ജനതയിൽ ഒരുവനെപ്പോലും എനിക്കറിയില്ല. ബാലാക്ക് രാജാവാകട്ടെ, ഞാൻ ചോദിക്കുന്നതെന്തും എനിക്കു നല്കാന് സന്നദ്ധനാണ്. എങ്കിലും ദൈവം തോന്നിക്കുന്ന വചനമല്ലാതെ മറ്റെന്താണു ഞാന്‍ സംസാരിക്കേണ്ടത്?" ബാലാം ഒരു മറുചോദ്യമാണു ബാലാക്കിനു മറുപടിയായി നല്കിയത്..

ബാലാക്ക് പറഞ്ഞു: "ഒരുപക്ഷേ, നിനക്കൊരു മിഥ്യാദര്‍ശനം ലഭിച്ചതാകാം. എന്റെകൂടെ മറ്റൊരു സ്ഥലത്തേക്കു വരുക. അവിടെനിന്നു നിനക്കവരെക്കാണാം. ഏറ്റവുമടുത്തു നില്‍ക്കുന്നവരെമാത്രം കണ്ടാല്‍മതി; എല്ലാവരെയും കാണേണ്ട. അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക"

പിറ്റേന്നവന്‍, സോഫിം വയലിനപ്പുറം പിസ്ഗാ മലയിലേക്കു ബാലാമിനെ കൊണ്ടുപോയി. അവിടെയും ഏഴു ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു. ഓരോന്നിലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിക്കുകയും ചെയ്തു. 

ബാമോത്ത്ബാല്‍ പൂജാഗിരിയിലെന്നപോലെ പിസ്താമലയിലും കര്‍ത്താവിന്റെ സന്ദേശം സ്വീകരിച്ച്, ബാലാം ബാലാക്കിന്റെയും മൊവാബ്യപ്രഭുക്കന്മാരുടെയുംപക്കല്‍ മടങ്ങിയെത്തി. അവനെക്കണ്ടപ്പോള്‍ ബാലാക്ക് അവനോടു ചോദിച്ചു: "നിന്റെ ദൈവമെന്താണരുളിച്ചെയ്തത്?"    

ബാലാം പ്രവചിച്ചു തുടങ്ങി : "ബാലാക്ക്, നീ  ഉണര്‍ന്നു ശ്രവിക്കുക; സിപ്പോറിന്റെ പുത്രാ, ശ്രദ്ധിച്ചു കേള്‍ക്കുക. വ്യാജംപറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത്, അവിടുന്നു നിറവേറ്റാതിരിക്കുമോ? ഇതാ അനുഗ്രഹിക്കാന്‍ എനിക്കാജ്ഞ ലഭിച്ചു. അവിടുന്നനുഗ്രഹിച്ചു; അതു പിന്‍വലിക്കാന്‍ ഞാനാളല്ല.    

യാക്കോബില്‍ അവിടുന്നു തിന്മ കണ്ടില്ല. ഇസ്രായേലില്‍ ദുഷ്ടത ദര്‍ശിച്ചതുമില്ല. അവരുടെ ദൈവമായ കര്‍ത്താവ്, അവരോടുകൂടെയുണ്ട്. ദൈവം ഈജിപ്തില്‍നിന്ന് അവരെക്കൊണ്ടുവരുന്നു; കാട്ടുപോത്തിന്റേതിനു തുല്യമായ ബലമവര്‍ക്കുണ്ട്. യാക്കോബിന് ആഭിചാരമേല്ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിനെന്ന്‌ ഇസ്രായേലിനെക്കുറിച്ചു പറയേണ്ട സമയമാണിത്. ഇതാ, ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേല്‍ക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തംകുടിക്കാതെ അടങ്ങുകയുമില്ല."
     
"നീ അവരെ ശപിക്കുകയും വേണ്ടാ; അനുഗ്രഹിക്കുകയും വേണ്ടാ." ബാലാക്ക് കോപിഷ്ഠനായി.

"ദൈവം കല്പിക്കുന്നതെല്ലാം ചെയ്യേണ്ടതുണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ?" ബാലാം ബാലാക്കിനോടു ചോദിച്ചു.    

ബാലാക്ക് അവനോടു പറഞ്ഞു: "മറ്റൊരിടത്തേക്കു നിന്നെ ഞാന്‍ കൊണ്ടുപോകാം. അവിടെനിന്ന് അവരെ ശപിക്കാന്‍ ദൈവം സമ്മതിച്ചേക്കും."  

മൂന്നാംദിവസം, യഷിമോണിനെതിരേയുള്ള പെയോര്‍ മലമുകളിലേക്ക് അവന്‍ ബാലാമിനെ കൊണ്ടുപോയി.

ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു ദൈവത്തിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, ആദ്യത്തെ രണ്ടിടങ്ങളിലുംചെയ്തതുപോലെ ബലിപീഠങ്ങള്‍ നിര്‍മ്മിച്ച് ദഹനബലികളര്‍പ്പിക്കാന്‍നില്‍ക്കാതെ, ബാലാം, മരുഭൂമിയിലെ ഇസ്രായേല്‍പ്പാളയങ്ങളിലേക്കു മുഖംതിരിച്ചു നിന്നു. ഗോത്രങ്ങളനുസരിച്ച്, ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നത് അവന്‍ കണ്ടു. കർത്താവിന്റെയാത്മാവ്, അവന്റെമേലാവസിച്ചു.      

ബാലാം പ്രവചിച്ചു തുടങ്ങി: "ബയോറിന്റെ മകനായ ബാലാമിന്റെ പ്രവചനം കേള്‍ക്കുക, ദര്‍ശനം ലഭിച്ചവന്റെ പ്രവചനം ശ്രദ്ധിക്കുക. ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍, സര്‍വ്വശക്തനില്‍നിന്നു ദര്‍ശനം സിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു:      
യാക്കോബേ, നിന്റെ കൂടാരങ്ങളെത്ര മനോഹരം, ഇസ്രായേലേ, നിന്റെ പാളയങ്ങളും! വിശാലമായ താഴ്‌വരപോലെയാണവ; നദീതീരത്തെ ഉദ്യാനങ്ങള്‍ പോലെയും, കര്‍ത്താവു നട്ട അകില്‍നിരപോലെയും, നീര്‍ച്ചാലിനരികെയുള്ള ദേവദാരുപോലെയും അവ വിരാജിക്കുന്നു. അവന്റെ ഭരണികളില്‍നിന്നു വെള്ളം കവിഞ്ഞൊഴുകും, വിത്തുകള്‍ക്കു സമൃദ്ധമായി ജലം ലഭിക്കും. അവന്റെ രാജാവ്, മറ്റേതൊരു രാജാവിനേയുംകാള്‍ ഉന്നതനായിരിക്കും. അവന്റെ രാജ്യം മഹത്വമണിയും. ദൈവം ഈജിപ്തില്‍നിന്ന് അവനെക്കൊണ്ടുവന്നു; അവനു കാട്ടുപോത്തിന്റെ കരുത്തുണ്ട്; ശത്രുജനതകളെ അവന്‍ സംഹരിക്കും; അവരുടെ അസ്ഥികള്‍ അവന്‍ തകര്‍ക്കും; അവന്റെ അസ്ത്രങ്ങള്‍ അവരെ പിളര്‍ക്കും. സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവന്‍ പതുങ്ങിക്കിടക്കുന്നു. അവനെയുണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍!"    

ബാലാമിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവനെതിരേ ബാലാക്കിന്റെ കോപം ജ്വലിച്ചു. അവന്‍ കൈ കൂട്ടിയടിച്ചുകൊണ്ടു പറഞ്ഞു: "എന്റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുവന്നു. എന്നാല്‍ മൂന്നു പ്രാവശ്യവും നീയവരെ അനുഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ത്തന്നെ നിന്റെ ദേശത്തേക്കോടിക്കൊള്ളുക. വലിയ ബഹുമതികള്‍നല്കാമെന്നു ഞാന്‍ വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, നിന്റെ ദൈവം നിനക്കതു നിഷേധിച്ചിരിക്കുന്നു. ഇപ്പോള്‍ ജീവന്‍ തിരികെക്കിട്ടുന്നതുപോലും, ഞാന്‍ നിന്നെ എന്റെ അതിഥിയായി ക്ഷണിച്ചുവരുത്തിയതുകൊണ്ടുമാത്രമാണെന്നു മറക്കേണ്ട!"

"നിന്റെ ദൂതന്മാരോടു ഞാന്‍ ആദ്യംതന്നെ പറഞ്ഞില്ലേ, ബാലാക്ക് തന്റെ വീടു നിറയെ പൊന്നും വെള്ളിയും തന്നാല്‍പ്പോലും എന്റെ ദൈവത്തിന്റെ കല്പനയ്ക്കപ്പുറം സ്വമേധയാ നന്മയോ തിന്മയോ ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല; ദൈവമരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയുമെന്ന്! ഇതാ ഇപ്പോള്‍ എന്റെ ദേശത്തേക്കു ഞാന്‍ മടങ്ങുന്നു. 

ഭാവിയില്‍ ഇസ്രായേല്‍, നിന്റെ ജനത്തോടെന്തു ചെയ്യുമെന്നുകൂടെ ഞാനറിയിക്കാം: ഞാനവനെക്കാണുന്നു, എന്നാല്‍ ഇപ്പോഴല്ല; ഞാനവനെ ദര്‍ശിക്കുന്നു, എന്നാലടുത്തല്ല. യാക്കോബില്‍നിന്നൊരു നക്ഷത്രമുദിക്കും, ഇസ്രായേലില്‍നിന്നൊരു ചെങ്കോലുയരും, അതു മൊവാബിന്റെ നെറ്റിത്തടം തകര്‍ക്കും, ഏദോം അന്യാധീനമാകും; ശത്രുവായ സെയിറും! ഇസ്രായേലോ സുധീരം മുന്നേറും. ഭരണംനടത്താനുള്ളന്‍ യാക്കോബില്‍നിന്നു വരും; പട്ടണങ്ങളില്‍ അവശേഷിക്കുന്നവര്‍ നശിപ്പിക്കപ്പെടും. ഹാ, ദൈവമിതുചെയ്യുമ്പോള്‍ ആരു ജീവനോടിരിക്കും!"

ബാലാമിന്റെ വാക്കുകള്‍ അവസാനിക്കുംമുമ്പേ, ബാലക്കിന്റെ ഭടന്മാർ അവനെ അടിച്ചോടിച്ചു. ബാലാക്ക് ക്രോധത്തോടെ തന്റെ പ്രഭുക്കന്മാരോടൊപ്പം മടങ്ങിപ്പോയി.

രാജകീയ പ്രൌഢിയില്‍ പ്രഭുക്കന്മാരുടെ അകമ്പടിയോടെ മോവാബിലെത്തിയ  ബാലാം നിശബ്ദനായി തന്റെ രണ്ടനുചരന്മാര്‍ക്കൊപ്പം സ്വദേശത്തേക്കോടിപ്പോയി
-------------------------------------------------------------------------------------------------

അടിക്കുറിപ്പുകള്‍

1.മൊവാബ് രാജാവായ ബാലാക്ക് ഇസ്രായേലിനെതിരായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്, ഇസ്രായേലിലെ ഏറ്റവും പ്രമുഖനായ രാജാവായിത്തീര്‍ന്ന ദാവീദ്, മൊവാബുകാരിയായ റൂത്തിന്റെ പ്രപൌത്രനായിരുന്നു. (റൂത്തിന്റെ പുത്രനായ ഓബദിന്റെ പുത്രന്‍ ജെസ്സെയായിരുന്നു ദാവീദിന്റെ പിതാവ്.) ദാവീദിന്റെ ഇരുപത്തിയെട്ടാം തലമുറയിലാണ് യേശു ജനിക്കുന്നത്. ബൈബിളിലെ ഒരുപുസ്തകം മൊവാബ്യയായ റൂത്തിന്റെ പേരിലാണ്.

2. ആദ്യഭാഗങ്ങള്‍ വായിക്കാത്തവര്‍ക്ക്: അബ്രഹാമിന്റെ പൌത്രനും ഇസഹാക്കിന്റെ പുത്രനുമായ യാക്കോബിന്റെ മറ്റൊരു പേരാണു ഇസ്രായേല്‍. ഇസ്രായേലിന്റെ പന്ത്രണ്ടുമക്കളുടെ പിന്‍തലമുറകളാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍

Sunday 4 February 2018

49. സംസാരിക്കുന്ന കഴുത

ബൈബിൾക്കഥകൾ  - 49

ബാലാം തന്റെ കഴുതപ്പുറത്തേറി, ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം പുറപ്പെട്ടു. തന്റെ രണ്ടു ഭൃത്യന്മാരെയും അയാള്‍ തന്റെയൊപ്പം കൂട്ടി.

സ്വര്‍ണ്ണവര്‍ണ്ണത്തില്‍ കതിരണിഞ്ഞുനില്‍ക്കുന്ന കോതമ്പുപാടത്തിന്റെ വരമ്പിലുള്ള വഴിയിലൂടെ ബാലാമിന്റെ കഴുത നടന്നു. കാറ്റിലാടിയുലയുന്ന കോതമ്പു കതിരുകള്‍ അതിനെ പ്രലോഭിച്ചില്ല. എന്നാല്‍ ബാലാമിനും സഹചരന്മാര്‍ക്കും ദൃഷ്ടിഗോചരമല്ലാതിരുന്ന ഒരു കാഴ്ചയില്‍ ബാലാമിന്റെ കഴുത ചകിതനായി.

കര്‍ത്താവിന്റെ ദൂതന്‍ ഊരിയവാളുമായി വഴിതടഞ്ഞു നില്‍ക്കുന്നതു ബാലാമിന്റെ കഴുത കണ്ടു. അതു ഭയത്തോടെ വയലിലേക്കു ചാടി. ജീനിയില്‍ മുറുകെപ്പിടിക്കാനയതിനാല്‍ ബാലാം കഴുതപ്പുറത്തുനിന്നു വീണില്ല.

വഴിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ബാലാം അതിനെ അടിച്ചു. കര്‍ത്താവിന്റെ ദൂതന്‍ അപ്രത്യക്ഷനായതിനാല്‍ അതു വീണ്ടും വഴിയിലേക്കു തിരികെ വന്നു.

വയല്‍വരമ്പു കടന്ന്, ബാലാമും കൂട്ടരും മുന്തിരിത്തോട്ടങ്ങളുടെ മതിലുകള്‍ക്കിടയിലെ ഇടുങ്ങിയ വഴിയിലേക്കു കടന്നു. അപ്പോള്‍ കഴുത വീണ്ടും കര്‍ത്താവിന്റെ ദൂതനെക്കണ്ടു. അതു ഭയത്തോടെ മതിലിനോടു ചേര്‍ന്ന് ഒതുങ്ങാന്‍ ശ്രമിച്ചു. ബാലാമിന്റെ കാല്‍ മതിലിലുരഞ്ഞു. ബാലാം കഴുതയെ വീണ്ടുമടിച്ചു. മാലാഖ അപ്രത്യക്ഷനായതിനാല്‍, കഴുത വീണ്ടും മുമ്പോട്ടു നടന്നു.

അല്പദൂരത്തിനപ്പുറം, എതിരെ ഒരാള്‍ വന്നാല്‍ കടന്നുപോകാനാവാത്തത്ര ഒതുങ്ങിയ ഒരിടത്ത് കര്‍ത്താവിന്റെ ദൂതനെ, കഴുത വീണ്ടും കണ്ടു. അതു ഭയത്തോടെ നിലത്തോടു ചേര്‍ന്നുകിടന്നു.

തന്റെ കഴുത തുടര്‍ച്ചയായി നിഷേധംകാണിക്കുന്നതിനാല്‍ ബാലാം കോപിഷ്ഠനായി. അവന്‍ കഴുതയെ കഠിനമായി മര്‍ദ്ദിച്ചു.

പെട്ടെന്ന് വലിയൊരദ്ഭുതം സംഭവിച്ചു.

ബാലാമിന്റെ കഴുത, മനുഷ്യരെപ്പോലെ സംസാരിച്ചുതുടങ്ങി. അതു ബാലാമിനോടു ചോദിച്ചു: "ഇതാ മൂന്നുതവണയായി നീയെന്നെയടിക്കുന്നു. ഞാന്‍ നിന്നോടെന്തു ദ്രോഹംചെയ്തിട്ടാണു നീയെന്നെയിങ്ങനെ ഉപദ്രവിക്കുന്നത്?"

"ങ്ഹും... എന്തു ദ്രോഹംചെയ്തെന്നോ? നീയെന്നെ അവഹേളിക്കുകയാണ്. കൈയില്‍ വാളുണ്ടായിരുന്നെങ്കില്‍ നിന്നെ ഞാന്‍ കൊന്നുകളഞ്ഞേനെ!"

"ഇന്നുവരെ നീ സഞ്ചരിച്ചിരുന്ന, നിന്റെ കഴുതയല്ലേ ഞാന്‍ ? ഇതിനുമുമ്പ് ഒരിക്കലെങ്കിലും ഞാന്‍ നിന്നോടിങ്ങനെ ചെയ്തിട്ടുണ്ടോ?"

"ഇല്ല" ബാലാം സമ്മതിച്ചു.

പെട്ടെന്നു ബാലാമിനു ബോധോദയമുണ്ടായി. 'ഒരു കഴുതയോടല്ലേ ഞാനിപ്പോള്‍ സംസാരിക്കുന്നത്? ഇതെങ്ങനെ സംഭവിച്ചു?' അയാള്‍ ചിന്തിച്ചുനിന്നപ്പോള്‍ കര്‍ത്താവയാളുടെ ഉള്‍ക്കണ്ണു തുറന്നു. ഊരിയ വാളേന്തി, വഴിയില്‍ നില്ക്കുന്ന കര്‍ത്താവിന്റെ ദൂതനെക്കണ്ട് അയാള്‍ മണ്ണില്‍ കമിഴ്ന്നുവീണു പ്രണമിച്ചു.

കര്‍ത്താവിന്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: "കഴുതയെ മൂന്നു പ്രാവശ്യം നീ അടിച്ചതെന്തിന്? നിന്റെ യാത്ര വിവേകശൂന്യമാകയാല്‍ നിന്നെത്തടയാന്‍ ഞാന്‍ വന്നിരിക്കുന്നു. മൂന്നു പ്രാവശ്യവും കഴുത എന്നെക്കണ്ടാണു തിരിഞ്ഞുപോയത്. അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുകയും അതിനെ വെറുതെവിടുകയുംചെയ്യുമായിരുന്നു."

അപ്പോള്‍ ബാലാം കര്‍ത്താവിന്റെ ദൂതനോടു പറഞ്ഞു: കര്‍ത്താവ് അനുവദിച്ചതിനാലാണല്ലോ ഞാന്‍ പുറപ്പെട്ടത്... കര്‍ത്താവിന്റെ ഹിതം മനസ്സിലാക്കിയതില്‍ എനിക്കു തെറ്റുപറ്റിയെങ്കില്‍ ഞാന്‍ കര്‍ത്താവിനെതിരായി പാപംചെയ്തുപോയി; അങ്ങെനിക്കെതിരേ വഴിയില്‍നിന്നതും ഞാനറിഞ്ഞില്ല. ഇതു കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തിന്മയെങ്കില്‍ ഞാന്‍ തിരിച്ചുപൊയ്‌ക്കൊള്ളാം."


"വേണ്ട, നീ ഇവരുടെകൂടെ പോയിക്കൊള്ളൂ. എന്നാല്‍ ഇതൊരു മുന്നറിയിപ്പായി കരുതുക. കര്‍ത്താവു നിന്നോടു കല്പിക്കുന്നതല്ലാതെ ഒന്നും നീ ചെയ്യരുത്."

ബാലാം യാത്രതുടര്‍ന്നു.

ബാലാം വരുന്നെന്നു കേട്ടപ്പോള്‍, അവനെ എതിരേല്‍ക്കാനായി രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള അര്‍നോണ്‍ നദീതീരത്തുള്ള ഈര്‍മൊവാബുവരെ ബാലാക്ക് ചെന്നു.

ബാലാമിനെ രാജോചിതമായി സ്വീകരിച്ചുകൊണ്ട് ബാലാക്ക് ചോദിച്ചു. "ഞാനാദ്യമാളയച്ചപ്പോള്‍ നീയെന്താണു വരാന്‍ മടിച്ചത്? നിനക്കുചിതമായ ബഹുമതിനല്കാന്‍ എനിക്കു കഴിവില്ലെന്നു നീ കരുതുന്നുവോ?"

ബാലാം പറഞ്ഞു: "ഞാനിതാ വന്നല്ലോ. എന്നാല്‍, ഒന്നോര്‍ക്കുക, സ്വന്തമായി എന്തെങ്കിലും പറയാന്‍ എനിക്കു കഴിവില്ല, ദൈവം തോന്നിക്കുന്ന വചനംമാത്രമാണ് എനിക്കു പറയാനുളളത്."      

ബാലാമിന്റെ ബഹുമാനാര്‍ത്ഥം, ബാലാക്ക് കാളകളെയും ആടുകളെയും ബലികഴിച്ച്, ബാലാമിനും കൂടെയുണ്ടായിരുന്ന പ്രഭുക്കന്മാര്‍ക്കും വിരുന്നൊരുക്കി. 

പിറ്റേന്നു രാവിലെ അയാള്‍, ബാലാമിനെ ബാമോത്ത്ബാല്‍ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെനിന്നുകൊണ്ട്, ഇസ്രായേല്‍പാളയം ബാലാമിനു കാണിച്ചുകൊടുത്തു.