Sunday 29 December 2019

95. ഇടയച്ചെറുക്കൻ

ബൈബിൾക്കഥകൾ 95

സാവൂളിനെയോര്‍ത്ത്‌, സാമുവല്‍ ദുഃഖിക്കുകയും അവനുവേണ്ടി, കർത്താവിനോടു പ്രാർത്ഥിക്കുകയുംചെയ്തു.

എന്നാൽ, സാവൂൾ തന്റെ കല്പന നിരാകരിച്ചതിനാൽ, കർത്താവവനെ തള്ളിക്കളഞ്ഞു. സാവൂളിനെ ഇസ്രായേലിന്റെ രാജാവാക്കിയതില്‍ കര്‍ത്താവു ഖേദിച്ചു.

കര്‍ത്താവു സാമുവലിനോടു പറഞ്ഞു: "സാവൂളിനെയോർത്തു നീയെന്തിനു വിലപിക്കുന്നു? ഇസ്രായേലിന്റെ രാജത്വത്തില്‍നിന്ന്‌ അവനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവന്റെ വിധി, അവൻതന്നെ തിരഞ്ഞെടുത്തതാണ്.

നീയിപ്പോൾ അഭിഷേകതൈലം കുഴലിൽ നിറയ്ക്കുക. ബേത്‌ലെഹെം പട്ടണത്തിലേക്ക്, ഇപ്പോൾത്തന്നെ നീ പുറപ്പെടണം. ഇസ്രായേലിന്റെ രാജാവായി അഭിഷേകംചെയ്യേണ്ടവനെ അവിടെ നീ കണ്ടെത്തും.

മൊവാബ്യയായ റൂത്തിൽനിന്നു ബോവാസിനു ജനിച്ച, ഓബദിന്റെ പുത്രൻ ജസ്സെയുടെ ഭവനത്തിലേക്കു നീ പോകുക.. അവന്റെ മക്കളിലൊരുവനെ, ഞാന്‍ ഇസ്രായേലിന്റെ രാജാവായി നിശ്ചയിച്ചിരിക്കുന്നു."

കർത്താവിന്റെ വാക്കുകൾ സാമുവേലിനെ ചകിതനാക്കി
"കർത്താവേ, ഇപ്പോഴും സാവൂൾ ഇസ്രായേലിന്റെ രാജസിംഹാസനത്തിലാണുള്ളത്. അവനുപകരം മറ്റൊരുവനെ ഞാൻ രാജാവായി അഭിഷേകംചെയ്യുന്നുവെന്നുകേട്ടാൽ, അവനെന്നെ കൊന്നുകളയും."

കര്‍ത്താവു പറഞ്ഞു: "ഭയപ്പെടേണ്ടാ, ഒരു പശുക്കിടാവിനെക്കൂടെ നിന്നോടൊപ്പം കൊണ്ടുപോവുക, ജസ്സെയുടെ ഭവനത്തിൽവച്ച്, അതിനെ എനിക്കായി ബലിയർപ്പിക്കുക. നിന്നോടു ചോദിക്കുന്നവരോട്, കര്‍ത്താവിന്റെ കല്ലനയനുസരിച്ച്, ജസ്സേയുടെ ഭവനത്തിൽവച്ച് ഒരു ബലിയർപ്പിക്കാനുണ്ടെന്നുമാത്രം പറയുക."

സാമുവേൽ പിന്നീടു മറുത്തൊന്നും പറഞ്ഞില്ല. അയാൾ യാത്രയ്ക്കു തയ്യാറായി. ഒരു കുഴലിൽ അഭിഷേകത്തിനുള്ള തൈലമെടുത്ത്, ഒരുവയസ്സുതികയാത്ത ഊനമറ്റൊരു പശുക്കിടാവിനെയുംകൊണ്ട് സാമുവേൽ ബേത്‌ലെഹമിലേക്കു യാത്രയായി.

സാമുവേൽപ്രവാചകൻ തങ്ങളുടെ നഗരത്തിലേക്കെത്തുന്നുവെന്നറിഞ്ഞ്, നഗരത്തിലെ ശ്രേഷ്‌ഠന്മാര്‍, ജെസ്സേയോടൊപ്പം സാമുവലിനെ സ്വീകരിക്കാനായി നഗരകവാടത്തിലെത്തി.

അവര്‍ പ്രവാചകനോടു ചോദിച്ചു: "ഞങ്ങളുടെ പട്ടണത്തിലേക്കുള്ള അങ്ങയുടെ വരവ്‌, ശുഭസൂചകംതന്നെയല്ലേ?"

"അതേ", സാമുവൽ പറഞ്ഞു, "ജസ്സേയുടെ ഭവനത്തിൽവച്ച്, കര്‍ത്താവിനൊരു ബലിയര്‍പ്പിക്കാനായാണു ഞാൻ വന്നിരിക്കുന്നത്. നിങ്ങളും എന്നോടൊപ്പംവന്ന്, ബലിയർപ്പണത്തിൽ പങ്കുകൊള്ളുവിൻ."

ശ്രേഷ്ഠന്മാർ, പ്രവാചകന്റെ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു. മോശയുടെ നിയമമനുസരിച്ച്, തങ്ങളെത്തന്നെ ശുദ്ധീകരിച്ച്, ബലിയർപ്പണത്തിനൊരുങ്ങാനായി അവർ പോയി,

സാമുവേൽ ജസ്സെയുടെ ഭവനത്തിലെത്തി. ജെസ്സെ, അത്യധികമായ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും പ്രവാചകനെ തന്റെ ഭവനത്തിൽ സ്വീകരിച്ചു. പ്രവാചകനുവേണ്ടി, അവൻ നല്ലൊരു വിരുന്നൊരുക്കിയിരുന്നു.

"നിന്റെ പുത്രന്മാരെ എന്റെയടുത്തേക്കു കൊണ്ടുവരുവിൻ. അവരിലൊരുവനെ, ഒരു പ്രത്യേകദൗത്യത്തിനായി കർത്താവു തിരഞ്ഞെടുത്തിരിക്കുന്നു. അവനെ ആ ദൗത്യത്തിനായി അഭിഷേകംചെയ്യാനും കർത്താവിനു കൃതജ്ഞതാബലിയർപ്പിക്കാനുമാണു ഞാൻ വന്നിരിക്കുന്നത്. കർത്താവ്, അവനായി കരുതിവച്ചിരിക്കുന്ന ദൗത്യമെന്തെന്ന് അതിനുള്ള സമയമാകുമ്പോൾ അവിടുന്നുതന്നെ വെളിപ്പെടുത്തും"

ജെസ്സെയുടെ മൂന്നുപുത്രന്മാർ സാവൂളിന്റെ സൈന്യത്തിൽ സേവനംചെയ്യുകയായിരുന്നു. നാലുപേർ സൈനികപരിശീലനത്തിലുമായിരുന്നു. ജെസ്സെ ആളയച്ച്, അവരെ ഏഴുപേരെയും വീട്ടിലേക്കു വിളിപ്പിച്ചു. അവർ വീട്ടിലെത്തിയപ്പോൾ, ബേത്‌ലെഹെമിലെ ശ്രേഷ്ഠന്മാരും
അംഗശുദ്ധീകരണംകഴിഞ്ഞ്
ബലിയര്‍പ്പണത്തിനായെത്തി.

ജെസ്സെയുടെ മൂത്തപുത്രനായ ഏലിയാബ് സാമുവലിനു മുമ്പിൽവന്നു. സാവൂൾരാജാവിനൊപ്പം തലയെടുപ്പും കരുത്തുറ്റ മാംസപേശികളുമുള്ള ഏലിയാബിനെക്കണ്ടപ്പോൾ, കര്‍ത്താവിന്റെ അഭിഷിക്തൻതന്നെയാണു തന്റെമുമ്പിൽ വന്നുനില്‍ക്കുന്നതെന്നു സാമുവലിനു തോന്നി.

എന്നാല്‍, കര്‍ത്താവു സാമുവലിനോടു പറഞ്ഞു:
"മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; ഞാനാകട്ടെ, ഹൃദയഭാവത്തിലും.
അവന്റെ ആകാരവടിവോ ഉയരമോ കണ്ടു നീ ഭ്രമിക്കേണ്ടാ. മനുഷ്യന്‍ കാണുന്നതല്ല ഞാൻ കാണുന്നത്‌."

സാമുവൽ ജെസ്സെയോടു പറഞ്ഞു: "ഇവനല്ലാ."

ജെസ്സെ, രണ്ടാമനായ അബിനാദാബിനെ സാമുവലിനുമുമ്പിൽ നിറുത്തി. അവനും തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നില്ല.

മൂന്നാമനായ ഷമ്മായേയും കർത്താവു നിരസിച്ചു. ജെസ്സെ തന്റെ ഏഴുപുത്രന്മാരെയും പ്രവാചകനുമുമ്പിൽ കൊണ്ടുവന്നു. എന്നാൽ അവരിലാരെയും കർത്താവു തിരഞ്ഞെടുത്തിരുന്നില്ല.

"ഈ ഏഴു പുത്രന്മാർമാത്രമാണോ നിനക്കുള്ളതു്?" സാമുവൽ ജെസ്സേയോടു ചോദിച്ചു.

ജെസ്സെ അല്പനേരം നിശ്ശബ്ദനായി.

"ഇവർക്കെല്ലാം ഇളയവനായി ഒരുവൻകൂടെയുണ്ട്. ഇവരെപ്പോലെ അവനെയും ഒരു സൈനികനാക്കണമെന്നാണു ഞാനാഗ്രഹിച്ചിരുന്നത്. എന്തുചെയ്യാം, അവനതിലൊന്നും താത്പര്യമില്ല." ജെസ്സെ ദീർഘനിശ്വാസമുതിർത്തു. "കുറേ പൊട്ടപ്പാട്ടുകളുണ്ടാക്കും. പിന്നെ, അവൻതന്നെയുണ്ടാക്കിയ കിന്നരംമീട്ടി, ആ പാട്ടുകൾ പാടിനടക്കുകയാണവന്റെ പ്രധാനവിനോദം. മറ്റൊന്നിനുംകൊള്ളാത്തതിനാൽ ഇവിടുള്ള ആടുകളെ മേയ്ക്കുന്ന ജോലി ഞാനവനെയേല്പിച്ചു. ഉള്ളതു പറയാമല്ലോ, അക്കാര്യത്തിൽമാത്രം അവൻ മിടുക്കനാണ്. അവനെയേല്പിച്ച ആടുകളിലൊന്നുപോലും ഇന്നുവരെ ചെന്നായയ്ക്കോ സിംഹത്തിനോ ഇരയായിട്ടില്ല."

അവനെയും വിളിച്ചുവരുത്താന്‍ സാമുവല്‍ ആവശ്യപ്പെട്ടു. ആടുമേയ്ക്കാനല്ലാതെ മറ്റൊന്നിനും അവനെക്കൊള്ളില്ലെന്ന് ജെസ്സെയും പുത്രന്മാരും പറഞ്ഞെങ്കിലും അവനെക്കൂടെ വിളിച്ചുവരുത്തണമെന്ന് സാമുവൽ നിർബന്ധപൂർവ്വം പറഞ്ഞു.

"അവന്‍ വന്നതിനുശേഷംമാത്രമേ,
ഞാനും ബേത്‌ലെഹെമിലെ ഈ ശ്രേഷ്ഠന്മാരും ഭക്ഷണംകഴിക്കുകയുള്ളു" സാമുവൽ പറഞ്ഞു.

അധികംവൈകാതെ ജെസ്സെയുടെ ഇളയപുത്രൻ അവിടെയെത്തി.

കൗമാരത്തിൽനിന്നു യൗവനത്തിലേക്കുകടക്കുന്ന ഒരു കോമളനായിരുന്നു, അവൻ.
പവിഴനിറവും ആകർഷകങ്ങളായ മിഴികളുമുള്ള അവന്റെ
മേൽചുണ്ടിനുമുകളിലും കവിളുകളിലും ചെമ്പൻനിറമുള്ള നനുത്തരോമങ്ങൾ കിളിർത്തുതുടങ്ങിയിട്ടുണ്ട്. ഇടതൂർന്നുവളർന്ന ചുരുണ്ടചെമ്പൻമുടി, നെറ്റിയിലേക്കു വീണുകിടന്നിരുന്നു. ജ്യേഷ്ഠന്മാരെപ്പോലെ ഉയരവും
ഉറച്ചമാംസപേശികളുമില്ലായിരുന്നെങ്കിലും അവന്‍ അതീവസുന്ദരനായിരുന്നു. അവൻ ധരിച്ചിരുന്ന തുകൽവസ്ത്രത്തിന്റെ അരപ്പട്ടയിൽ ഒരു കവിണ തൂക്കിയിട്ടിരുന്നു. അവന്റെ ഇടംകൈയിൽ ഒരു കിന്നരവുമുണ്ടായിരുന്നു.

"ഇതാ, എന്റെ ഇളയപുത്രൻ, ദാവീദ്" ജെസ്സെ മകനെ പ്രവാചകനുമുമ്പിൽ നിറുത്തി. 

പിതാവിന്റെ ആജ്ഞയനുസരിച്ച്, ദാവീദ്, സാമുവേലിനെ പ്രണമിച്ചു.

കര്‍ത്താവ്‌ സാമുവേലിനോടു കല്പിച്ചു: "ഇവന്‍തന്നെയാണു തിരഞ്ഞെടുക്കപ്പെട്ടവൻ.
നീയെഴുന്നേറ്റ്‌ ഇവനെ അഭിഷേകംചെയ്യുക."

സാമുവേൽ, ദാവീവിന്റെ ഇരുതോളുകളിലും കൈകൾപിടിച്ച്, അവനെയുയർത്തി. കുഴലിലെ അഭിഷേകതൈലം അവന്റെ ശിരസ്സിലൊഴിച്ച്, അവനുവേണ്ടി പ്രാർത്ഥിച്ചു. ആ നിമിഷംമുതൽ കർത്താവിന്റെ ആത്മാവ് ദാവീദിൽ ആവസിച്ചു.

ഇസ്രായേലിന്റെ ഭാവിചരിത്രത്തെത്തന്നെ മാറ്റിമറിക്കാനായി നിയുക്തനായ ഒരു രാജാവിന്റെ രാജാഭിഷേകകർമ്മത്തിനാണു തങ്ങൾ സാക്ഷികളാകുന്നതെന്ന്, അപ്പോൾ അവിടെയുണ്ടായിരുന്നവരിൽ ഒരുവൻപോലുമറിഞ്ഞിരുന്നില്ല....