Sunday 30 April 2017

9. ലോത്തിന്റെ പെണ്മക്കൾ

ബൈബിൾക്കഥകൾ - 9

വാതിൽ തല്ലിത്തകർക്കാനായി വരുന്നവരെത്തടഞ്ഞ് ലോത്ത് വാതിലിനുമുമ്പിൽ നിന്നു.

പെട്ടെന്ന്, അകത്തുനിന്നു വാതിൽ തുറക്കപ്പെട്ടു. പുറത്തേക്കു നീണ്ടുവന്നൊരു കൈ, ലോത്തിനെ വീടിനകത്തേക്കു വലിച്ചെടുത്തു. വാതിൽ വീണ്ടുമടഞ്ഞു.

ആ നിമിഷത്തിൽത്തന്നെ, പുറത്തുണ്ടായിരുന്ന മുഴുവൻപേരുടേയും കണ്ണുകൾ അന്ധമായിപ്പോയി. സംഭവിച്ചതെന്തെന്നറിയാതെ അവർ ഇരുളിൽ തപ്പിത്തടഞ്ഞു.

ലോത്തിന്റെ അതിഥികൾ യഥാർത്ഥത്തിൽ ദൈവദൂതന്മാർതന്നെയായിരുന്നു. സോദോമിന്റെ വിധിനിർണ്ണയിക്കാൻ ദൈവമയച്ച മാലാഖമാർ!

നേരം പുലരാറായപ്പോൾ ദൂതന്മാർ ലോത്തിനോടു പറഞ്ഞു: "ഈ നഗരത്തിന്റെ പാപങ്ങൾമൂലം കർത്താവ്, ഇതിനെ നശിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു എഴുന്നേറ്റ്, നിന്റെ ഭാര്യയെയും പെണ്മക്കള്‍ രണ്ടുപേരെയുംകൂട്ടി വേഗമിവിടെനിന്നു പുറപ്പെടുക. എത്രയുംപെട്ടെന്ന്, ഈ നഗരത്തിൽനിന്നകലെയെത്തണം. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും."

എന്നാൽ പുറത്തുണ്ടായിരുന്ന അക്രമിസംഘത്തെക്കുറിച്ചോർത്തപ്പോൾ ലോത്ത്, വീടിനു പുറത്തേക്കിറങ്ങാൻ മടിച്ചു. 

ലോത്തിന്റെയും കുടുംബത്തിന്റെയുംമേൽ കർത്താവിനു കനിവുതോന്നിയതിനാൽ മാലാഖമാർ ലോത്തിനൊപ്പം ചെല്ലാൻ തയ്യാറായി. ലോത്തിനേയും കുടുംബത്തേയും അവർ നഗരകവാടത്തിനു പുറത്തെത്തിച്ചു.

ദൂതന്മാരിലൊരുവന്‍ പറഞ്ഞു: "ജീവന്‍വേണമെങ്കില്‍ ഇവിടെനിന്നോടിപ്പോവുക. പുറകിലെന്തുസംഭവിച്ചാലും നിങ്ങൾ പിന്തിരിഞ്ഞുനോക്കരുത്‌. താഴ്‌വരയുപേക്ഷിച്ച്, മലമുകളിലേക്ക്‌ ഓടി രക്ഷപെടുക."

ലോത്ത് പറഞ്ഞു. "യജമാനന്മാരേ, നിങ്ങൾക്കു ഞങ്ങളുടെമേൽ കരുണതോന്നിയതിനാൽ ഞങ്ങൾ കർത്താവിനു നന്ദിപറയുന്നു. എന്നാൽ ഈ മലമുകളിലേക്കു് ഓടിക്കയറാൻ ഞങ്ങൾക്കു സാധിക്കില്ല. അങ്ങകലെക്കാണുന്ന സോവാർ എന്ന ചെറിയ പട്ടണത്തിലേക്കു ഞങ്ങൾ പോയിക്കൊള്ളട്ടേ?"

മാലാഖമാർ അവരെയതിനനുവദിച്ചു. "നീയാഗ്രഹിക്കുന്നതുപോലെ, ആ പട്ടണത്തിലേക്കു വേഗം രക്ഷപ്പെട്ടുകൊള്ളൂ, ആ പട്ടണം സുരക്ഷിതമായിരിക്കും. നിങ്ങളവിടെയെത്തുന്നതുവരെ ഞങ്ങൾ കാത്തുനില്ക്കാം."

ലോത്തും കുടുംബവും സോവാർ പട്ടണത്തിലേക്കോടി. പട്ടണപ്രാന്തത്തിലെത്തുമ്പോൾ, സൂര്യൻ ഉദിച്ചുതുടങ്ങിയിരുന്നു.

അവർ ആ പട്ടണത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പുതന്നെ സോദോമിന്റെയും ഗൊമോറോയുടെയുംമേൽ ഗന്ധകവുമഗ്നിയും മഴയായി പെയ്തുതുടങ്ങി. രണ്ടു നഗരങ്ങളുംചേർന്നു്, അഗ്നിയുടെയൊരു ക്ഷുഭിതസാഗരമായിത്തീർന്നു അവിടെയുണ്ടായിരുന്ന മനുഷ്യരും മൃഗങ്ങളും ഹരിതസസ്യങ്ങളും വൃക്ഷങ്ങളും കത്തിയമർന്നു

ലോത്തും കുടുംബവും അപ്പോഴും ജീവൻ രക്ഷിക്കാനായി ഓടുകയായിരുന്നു.എല്ലാവർക്കും പിന്നിലായാണ്, ലോത്തിന്റെ ഭാര്യ ഓടിയെത്തിയത്. പിറകിൽനിന്നുവരുന്ന തീവ്രപ്രകാശവും ഭയാനകമായ ഇടിമുഴക്കങ്ങളുംകേട്ടപ്പോൾ ദൂതന്റെ വാക്കുകൾ അവൾ മറന്നുപോയി. എന്താണു സംഭവിക്കുന്നതെന്നറിയാൻ, ഒരു നിമിഷം അവളൊന്നു പിന്തിരിഞ്ഞുനോക്കി. അരക്ഷണത്തിൽ അവളുടെ ചലനം നിലച്ചു, ശരീരം മരവിച്ചു... ആർക്കും തിരിച്ചറിയാനാവാത്തവിധം അവളുടെ ശരീരം ഉപ്പുതൂണായി മണ്ണിലുറച്ചുപോയി...

സൂര്യോദയമായപ്പോൾ അബ്രാഹമെഴുന്നേറ്റ്‌, ഓക്കുമരത്തോട്ടത്തിലെത്തി. സോദോമിന്റെയും ഗൊമോറായുടേയും ദിക്കിൽനിന്ന്  തീച്ചൂളയില്‍നിന്നെന്നപോലെ പുകപൊങ്ങുന്നതാണവൻ കണ്ടതു്.. ആ നഗരങ്ങൾക്കുവേണ്ടിയുള്ള തന്റെ പ്രാർത്ഥന വ്യർത്ഥമായെന്നവനറിഞ്ഞു.

ലോത്ത് സോവാർ പട്ടണത്തിലെത്തിയതിനുശേഷംമാത്രമാണ്, തന്റെ ഭാര്യ തന്നോടൊപ്പമില്ലെന്നു തിരിച്ചറിഞ്ഞത്! ഭാര്യയും വീടും സമ്പത്തുമെല്ലാം നഷ്ടപ്പെട്ടു തകർന്നുപോയ ആ മനുഷ്യൻ തന്റെ പെണ്മക്കളെ ഇരുവശത്തും ചേർത്തുപിടിച്ച് സോവാർ പട്ടണത്തിന്റെ കവാടത്തിനു പുറത്തിരുന്നു കരഞ്ഞു.

അപരിചിതമായ ആ പട്ടണത്തിൽ അഭയംതേടാൻ അവനു ഭയമായിരുന്നു. അതിനാൽ ലോത്ത്, തന്റെ മക്കളോടൊത്ത്, മലമുകളിലേക്കു നടന്നു. അരുവിയിലെ ജലവും കാട്ടുപഴങ്ങളും കഴിച്ചു ക്ഷീണംതീർത്ത ആ കുടുംബം ഒരു ഗുഹയിൽ താമസിക്കാനിടംകണ്ടെത്തി.

കാട്ടുപഴങ്ങളും കാട്ടരുവിയിലെ ജലവും ലോത്തിന്റെയും മക്കളുടേയും ജീവൻ നിലനിറുത്തി. ദിവസങ്ങൾ മുമ്പോട്ടുപോകവേ, തങ്ങൾ താമസിച്ചിരുന്ന ഗുഹയ്ക്കു ചുറ്റുമായി അവർ മുന്തിരിയും ധാന്യങ്ങളും കൃഷിചെയ്തുതുടങ്ങി.

ലോത്തുമാത്രം വല്ലപ്പോഴും സോവാറിലെ ചന്തയിലേക്കുപോയിരുന്നതല്ലാതെ, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആ കുടുംബത്തിന്റെ ദിനരാത്രങ്ങൾ കടന്നുപോയി. അവരുടെ സ്വപ്നങ്ങളും സന്തോഷങ്ങളും സോദോമിൽപ്പെയ്ത അഗ്നിമഴയിൽ, കരിഞ്ഞുചാരമായിപ്പോയിരുന്നു.

വർഷങ്ങൾ പലതു കഴിഞ്ഞുപോയി. മറ്റുമനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്തൊരു തുരുത്തായി അവർ കഴിഞ്ഞു. ഋതുഭേദങ്ങളെല്ലാം അവർക്കൊരുപോലെയായിരുന്നു. 

കിനാവുവറ്റിയ മനസ്സും കണ്ണുനീർവറ്റിയ മിഴികളുമായി ജീവിതം കൺമുമ്പിൽ വിറങ്ങലിച്ചുനിന്ന ദിവസങ്ങളിലൊന്നിൽ ലോത്തിന്റെ മൂത്തമകൾ അനുജത്തിയോടു പറഞ്ഞു: "നമ്മുടെ പിതാവിനു പ്രായമായിരിക്കുന്നു. വനത്തിലെ ഈ ഗുഹയ്ക്കുള്ളിൽ നമ്മുടെ യൗവനവുമവസാനിക്കുന്നു. ലോകനടപ്പനുസരിച്ചു നമ്മളെ വിവാഹംകഴിക്കാനും നമ്മിൽ ജീവന്റെ വിത്തുവിതയ്ക്കാനും ഇനിയുമേതെങ്കിലുമൊരു  പുരുഷനെത്തുമോ?" ചേച്ചിയുടെ വാക്കുകൾ സത്യമാണെന്ന് ഇളയവൾക്കും തോന്നി.

അവരിരുവരുംചേർന്ന്, ഒരു തീരുമാനത്തിലെത്തി.

അന്നുരാത്രി, അവർ പിതാവിനായി ധാരാളം വീഞ്ഞുവിളമ്പി. ലോത്ത്, വീഞ്ഞുകുടിച്ചുന്മത്തനായപ്പോൾ മൂത്തവൾ പിതാവിനോടുകൂടെ ശയിച്ചു. അവള്‍വന്നു തന്നോടു ചേർന്നുകിടന്നതോ എഴുന്നേറ്റുപോയതോ ലോത്തറിഞ്ഞില്ല.

അടുത്ത രാത്രിയിലും ആ രാത്രിയുടെ തനിയാവർത്തനമായിരുന്നു. ഇളയവളും ചേച്ചിയുടെ വഴിതന്നെ പിന്തുടർന്നു. മദ്യത്തിന്റെയുന്മാദമൂർച്ഛയിൽ സംഭവിച്ചതൊന്നും ലോത്തിന്റെ ബോധമണ്ഡലത്തിനറിവുണ്ടായിരുന്നില്ല.

രണ്ടു പുത്രിമാരും തന്നില്‍നിന്നാണു ഗര്‍ഭിണികളായതെന്നറിഞ്ഞപ്പോൾ അയാൾ തകർന്നുപോയി! എന്നാൽ ലോത്തിന്റെ പെണ്മക്കൾക്കു ഖേദംതോന്നിയില്ല... 

അവർ സോദോമിൽ വളർന്നവരായിരുന്നു!

സമയത്തിന്റെ പൂർത്തിയിൽ രണ്ടാൺകുഞ്ഞുങ്ങൾകൂടെ ഭൂമിയിൽപ്പിറന്നു. ചേച്ചിയിൽനിന്നു മൊവാബും അനുജത്തിയിൽനിന്നു ബെൻ അമ്മിയും ജനിച്ചു. 

ഭാവിയിൽ അബ്രഹാമിന്റെ സന്തതികളോടു പടപൊരുതാനുള്ള *രണ്ടുവംശങ്ങൾ അവിടെ ഉടലെടുക്കുകയായിരുന്നു...

------------------------------------------
*മൊവാബിൽനിന്നു മൊവാബ്യജനത, ബെൻഅമ്മിയിൽനിന്ന് അമോന്യജനത


Sunday 23 April 2017

8. സോദോം - ഗൊമോറോ

ബൈബിൾക്കഥകൾ - 8

ജോർദ്ദാൻനദിയുടെ സമതലത്തിൽ, ചെറുകുന്നുകളാലലംകൃതമായി, പച്ചപ്പട്ടണിഞ്ഞുനില്ക്കുന്ന ഇരട്ടനഗരങ്ങളായിരുന്നു സോദോമും ഗൊമോറൊയും. 

കൃത്യതയോടെ പൊഴിയുന്ന മഞ്ഞും മഴയും... സൗമ്യതയോടെമാത്രം ഭൂമിയെത്തഴുകുന്ന സൂര്യകിരണങ്ങൾ.. 

ജോർദ്ദാൻനദിയിലെ കുളിർനീരും അനുകൂലമായ കാലാവസ്ഥയുംമൂലം
ഗോതമ്പുപാടങ്ങളും ബാർലിപ്പാടങ്ങളും നൂറുമേനി വിളവുനല്കിയിരുന്നു. സമൃദ്ധമായി വളരുന്ന പുൽമേടുകളിലൂടെ മേഞ്ഞുനടന്ന ആട്ടിൻപറ്റങ്ങൾ, മേന്മയേറിയ കമ്പിളി നല്കി. കോലാട്ടിൻകൂട്ടങ്ങളും കാലിക്കൂട്ടങ്ങളും പാലും മാംസവും സമൃദ്ധമായി നല്കി. തഴച്ചുവളരുന്ന മുന്തിരിവള്ളികൾനിറയെ വലിയ മുന്തിരിക്കുലകൾ കായ്ച്ചിരുന്നു. അത്തിമരങ്ങളും ഒലിവുമരങ്ങളും ഫലസമൃദ്ധിയാൽ ശിരസ്സു നമിച്ചുനിന്നു.

എവിടെ നോക്കിയാലും പ്രകൃതിഭംഗിയും ഫലസമൃദ്ധിയും  നിറഞ്ഞുനിന്നിരുന്ന നഗരങ്ങളായിരുന്നു സോദോമും ഗൊമോറൊയും. സമ്പത്തും സൗഭാഗ്യങ്ങളുംമാത്രമനുഭവിച്ചിരുന്ന ജനങ്ങൾക്കു് ദാരിദ്ര്യത്തെക്കുറിച്ചു കേട്ടുകേൾവിപോലുമുണ്ടായിരുന്നില്ല. അവരുടെ ദിനങ്ങൾ ആഘോഷങ്ങളുടേതും ഉത്സവങ്ങളുടേതുംമാത്രമായിരുന്നു.
 
സോദോംനഗരത്തിൽ, ഗൊമോറോയുടെ അതിർത്തിയോടു ചേർന്നു്, നഗരകവാടത്തിനടുത്തായാണ്, ലോത്തും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങിയ കുടുംബം താമസിച്ചിരുന്നത്. ചുട്ടെടുത്ത ഇഷ്ടികയാൽ നിർമ്മിച്ച്, ദേവദാരുത്തടികൊണ്ടു വാതിലുകളും ജനാലകളുംതീർത്ത്,  ദേവദാരുത്തടികൊണ്ടുതന്നെ മച്ചിട്ടഭവനമായിരുന്നു അവരുടേത്.

സമ്പത്തിന്റെയും ആഘോഷത്തിമിർപ്പുകളുടേയും ലഹരിയിലായിരുന്ന സോദോം - ഗോമോറോ നിവാസികൾ, മദ്യാസക്തിയുടേയും കുത്തഴിഞ്ഞ ലൈംഗികതയുടെയും മ്ലേച്ഛതകളുടെയുമടിമകൾകൂടെയായിരുന്നു. ശിഥിലമായ കുടുംബബന്ധങ്ങൾമാത്രമായിരുന്നു ഇരുനഗരങ്ങളിലുമുണ്ടായിരുന്നത്. സ്വവർഗ്ഗലൈംഗികതയ്ക്കടിമപ്പെടാത്ത സ്ത്രീയോ പുരുഷനോ അവിടെയുണ്ടായിരുന്നില്ല.

അതിനാൽ സമ്പദ്സമൃദ്ധിയുടേയും ആഘോഷങ്ങളുടേയും നടുവിലായിരുന്നപ്പോഴും ലോത്ത് ഹൃദയത്തിൽ ഖിന്നനായിരുന്നു. അബ്രാമിൽനിന്നു പിരിയുമ്പോൾ സോദോമിന്റെ ബാഹ്യമോടിയിൽ കാഴ്ചയുടക്കിയതു വലിയ ബുദ്ധിമോശമായിപ്പോയെന്ന്, അവൻ തിരിച്ചറിഞ്ഞത് ഏറെവൈകിയാണ്. നാടിന്റെ പൊതുരീതികളിൽനിന്നു ഭിന്നമായിജീവിക്കാൻ ലോത്തും കുടുംബവും ഏറെ ബുദ്ധിമുട്ടി.
***   ***   ***  ***   ***   ***   ***  ***

അന്തിവെയിൽ, മാനത്തു ചെഞ്ചായംപുരട്ടിത്തുടങ്ങുമ്പോൾ, തന്റെ കൂടാരത്തിനരികേ, മാമ്രേയുടെ ഓക്കുമരത്തോപ്പിലെ ഒരു മരത്തിനു ചുവട്ടിൽ, ഇളംകാറ്റേറ്റിരിക്കുകയായിരുന്നൂ അബ്രഹാം. അപ്പോൾ കർത്താവിന്റെ മൃദുസ്വരം അവന്റെ കാതിൽപ്പതിഞ്ഞു:

"സോദോമിന്റേയും ഗൊമോറൊയുടേയും പാപം വളരെ വലുതാണ്. അവരുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ ഞാനിന്ന് ആ നഗരങ്ങളിലേക്കു പോകുന്നു."

കർത്താവിന്റെ ക്രോധം ആ നഗരങ്ങളെ നശിപ്പിച്ചേക്കുമെന്ന് അബ്രഹാമിനുതോന്നി. അവൻ കർത്താവിനോടു ചോദിച്ചു:

"നന്മയുള്ള ചിലരെങ്കിലും അവിടെയുണ്ടാകില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അമ്പതു നീതിമാന്മാരുണ്ടെങ്കില്‍, അവരെയും നശിപ്പിച്ചുകളയുമോ? ആ നീതിമാന്മാരെപ്രതി ആ നഗരങ്ങളെ ശിക്ഷയില്‍നിന്നൊഴിവാക്കില്ലേ?"

"ആ നഗരങ്ങളിൽ അമ്പതു നീതിമാന്മാരുണ്ടെങ്കിൽ അവരെപ്രതി, ആ നഗരത്തെ ഞാൻ സംരക്ഷിക്കും." കർത്താവു പറഞ്ഞു.

അബ്രഹാമിന്റെ ഹൃദയത്തിൽനിന്നു പിന്നെയും സന്ദേഹമൊഴിഞ്ഞില്ല. സഹോദരപുത്രനായ ലോത്തും കുടുംബവും താമസിക്കുന്ന നഗരമാണത്. ആ നഗരത്തിനൊന്നും സംഭവിച്ചുകൂടാ. അതിനാൽ അവൻ കർത്താവിനോടു ചോദിച്ചു.

"നീതിമാന്മാരായവർ അമ്പതിന്‌, അഞ്ചു കുറവാണെന്നുവന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെമുഴുവന്‍ അങ്ങു നശിപ്പിക്കുമോ?" 

കർത്താവു പറഞ്ഞു: "നാല്‍പ്പത്തഞ്ചുപേരെ കണ്ടെത്തിയാല്‍ ഞാനാ നഗരങ്ങളെ നശിപ്പിക്കുകയില്ല."

അബ്രഹാം വീണ്ടും ചോദിച്ചു: "നാല്പതുപേരേയുള്ളുവെങ്കിലോ?"

ദുശ്ചരിതരല്ലാത്ത പത്തുപേരെയെങ്കിലും കണ്ടെത്താനായാൽ ആ നഗരങ്ങളെ നശിപ്പിക്കില്ലെന്ന് കർത്താവ് അബ്രഹാമിനുറപ്പു നല്കി.
***   ***   ***  ***   ***   ***   ***  ***

ഇരുൾവീണുതുടങ്ങുമ്പോൾ ലോത്ത്, സോദോമിന്റെ നഗരകവാടത്തിലിരിക്കുകയായിരുന്നു. അവനവിടെനിന്നെഴുന്നേറ്റു വീട്ടിലേക്കു നടക്കുമ്പോൾ, തെരുവിലെ ഒരൊലിവുമരച്ചുവട്ടിൽ രണ്ടു യുവാക്കളിരിക്കുന്നതു കണ്ടു. അതീവകോമളന്മാരായ അവരെ ഇതിനുമുമ്പൊരിക്കലും സോദോമിൽ കണ്ടിരുന്നില്ല. ലോത്ത് അവരുടെ സമീപത്തെത്തി, അവരെ വണങ്ങി.

"നിങ്ങളെ ഈ നഗരത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലല്ലോ? ഈ രാത്രിയിൽ, ഈ ദാസന്റെ അതിഥികളായി എന്റെ വീട്ടിലേയ്ക്ക്, നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. അവിടെത്തങ്ങി, അത്താഴംകഴിച്ചു വിശ്രമിക്കാം. രാവിലെയെഴുന്നേറ്റു യാത്രതുടരാം. "

യുവാക്കൾ ലോത്തിന്റെ ക്ഷണം നിരസിച്ചു: "വേണ്ടാ, താങ്കളെ ഞങ്ങൾ ബുദ്ധിമുട്ടിക്കുന്നില്ല. രാത്രി ഞങ്ങളീ തെരുവില്‍ത്തന്നെ കഴിച്ചുകൊള്ളാം."

"അങ്ങനെയല്ലാ, ഇവിടുത്തെ തെരുവുകളിലെ രാത്രികൾ ഒട്ടും സുരക്ഷിതമല്ലാ. എന്റെ ഭവനത്തിൽ നിങ്ങൾക്കു സൗകര്യമൊരുക്കുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല!"

ഒടുവിൽ, ലോത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അവരവനോടൊപ്പം അവന്റെ വീട്ടിലേക്കു ചെന്നു. 

അത്താഴംകഴിഞ്ഞ്, വിളക്കണയ്ക്കുന്നതിനുമുമ്പായി, വീടിനുപുറത്ത് ഒരാരവംകേട്ട്, 
ലോത്ത്‌ വീടിനു പുറത്തിറങ്ങി. നഗരത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള കുറേപ്പേർ, യുവാക്കൾമുതല്‍ വൃദ്ധന്മാര്‍വരെ വീടിനുമുമ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
 
കതകടച്ചിട്ട്‌, ലോത്ത് അവരുടെയടുത്തേക്കുചെന്നു.
"സുന്ദരന്മാരായ രണ്ടു യുവാക്കളെ നിന്റെ വീട്ടിൽ നീ ഒളിപ്പിച്ചിട്ടില്ലേ? നിനക്കുമാത്രം പോരാ, ഞങ്ങൾക്കുമവരെ വേണം! ഈ രാത്രിയിൽ ഞങ്ങൾക്കവരോടൊത്തു രമിക്കണം!"

"സഹോദരന്മാരേ, അവർ ഈ നഗരത്തിന്റെ അതിഥികളാണ്. അവരോടു മ്ലേച്ഛതകാട്ടരുത്. ദയവായി നിങ്ങൾ പിരിഞ്ഞുപോകണം." ലോത്ത് കൈകൂപ്പി യാചിച്ചു.

"നീയവരെ ഞങ്ങൾക്കു വിട്ടുതരുന്നോ, അതോ ഞങ്ങൾ വാതിൽ തകർത്ത്, അവരെ പിടിച്ചുകൊണ്ടുപോകണോ?" ജനക്കൂട്ടം ലോത്തിനുനേരേ അലറിക്കൊണ്ടിരുന്നു.

"സഹോദരന്മാരേ, അതിഥികളെ ദൈവദൂതന്മാരായ മാലാഖമാരായിക്കാണണം. നിങ്ങളാവശ്യപ്പെടുന്ന മറ്റെന്തും നിങ്ങൾക്കു ഞാൻ തരാം. കന്യകകളായ രണ്ടു പെണ്മക്കളെനിക്കുണ്ടു്. എന്റെ അതിഥികളെപ്രതി അവരെപ്പോലും നിങ്ങൾക്കു വിട്ടുതരാൻ ഞാൻ തയ്യാറാണ്. ദയവായി ആ യുവാക്കളെ നിങ്ങളുപദ്രവിക്കരുത്." ലോത്ത് കേണപേക്ഷിച്ചു.

"ഇവനോടൊന്നും സംസാരിച്ചിട്ടുകാര്യമില്ല. വാതിൽ തല്ലിത്തകർത്ത് അവരെ പുറത്തിറക്കൂ..." ആൾക്കൂട്ടത്തിൽനിന്നാരോ വിളിച്ചുപറഞ്ഞു.
 
ആൾക്കൂട്ടം ലോത്തിന്റെ വീടിന്റെ വാതിലിനുനേരെ പാഞ്ഞടുത്തു. വാതിൽ തല്ലിത്തകർക്കാനായി വരുന്നവരെത്തടഞ്ഞ് ലോത്ത് വാതിലിനുമുമ്പിൽ കൈകൾവിരിച്ചു നിന്നു. 

Sunday 16 April 2017

7. ഇസ്മായേൽ

ബൈബിൾക്കഥകൾ 7

അബ്രാമും ലോത്തുംതമ്മില്‍ പിരിഞ്ഞതിനുശേഷം കര്‍ത്താവ്, അബ്രാമിനോടു പറഞ്ഞു: “നീ നില്ക്കുന്നേടത്തുനിന്നു നാലുചുറ്റും നോക്കുക. നീ കാണുന്ന പ്രദേശങ്ങളെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കുമായി  ഞാന്‍തരും. ഭൂമിയിലെ മണൽപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും.”

അബ്രാം അന്നുതന്നെ, ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കുസമീപത്തേയ്ക്കു താമസംമാറ്റി. അവിടെയും അവന്‍ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയുംചെയ്തു. 

അവിടെവച്ച്, സ്വപ്നദര്‍ശനത്തില്‍ കര്‍ത്താവു വീണ്ടും അബ്രാമിനോടു പറഞ്ഞു; “അബ്രാം, എന്നിൽ വിശ്വാസമർപ്പിച്ച്, പിതൃഭവനത്തെയും ബന്ധുമിത്രങ്ങളെയുമുപേക്ഷിച്ച് നീയെന്നെ പിന്തുടർന്നതിനാൽ നിനക്കു ഞാൻ വലിയപ്രതിഫലം നല്കും!" 

“കര്‍ത്താവേ, സന്താനങ്ങളില്ലാത്ത എനിക്ക്, എന്തുകിട്ടിയിട്ടുമെന്തു കാര്യം? എന്റെ കാലശേഷം എനിക്കുള്ളതെല്ലാം അന്യാധീനപ്പെടില്ലേ..?”

“ഒരിക്കലുമില്ല. നിന്റെ ഭാര്യയിലൂടെ നിനക്കുജനിക്കുന്ന പുത്രന്‍തന്നെയായിരിക്കും നിന്റെയവകാശി. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ എണ്ണിത്തിട്ടപ്പെടുത്താനാവത്തവിധം അസംഖ്യമായിരിക്കും നിന്റെ സന്താനപരമ്പര.."

അബ്രാമും സാറായിയും വാര്‍ദ്ധക്യത്തിലെത്തിയിരുന്നെങ്കിലും അബ്രാം കര്‍ത്താവില്‍ പൂര്‍ണ്ണമായി വിശ്വസിച്ചു. അബ്രാമിന്റെ വാക്കുകളിൽ സാറായിയും പ്രത്യാശയർപ്പിച്ചു.

എന്നാൽ, പിന്നെയും വര്‍ഷങ്ങൾ പലതു കടന്നുപോയെങ്കിലും സാറായി ഗര്‍ഭംധരിക്കുകയോ പ്രസവിക്കുകയോചെയ്തില്ല. 

സാറായി അബ്രാമിനോടു പറഞ്ഞു: ''നിങ്ങളുടെ കർത്താവു പറയുന്നതുപോലെ, വൃദ്ധയായ എനിക്കിനി മക്കളുണ്ടാകുകയില്ല. എന്റെ ദാസിയായ ഹാഗാറിനെ നിങ്ങള്‍ക്കു ഞാൻ നല്കാം. ഒരുപക്ഷേ, അവളിലൂടെ നമുക്കു സന്താനസൗഭാഗ്യമുണ്ടായേക്കാം. അവൾ പ്രസവിക്കുന്ന കുഞ്ഞിനെ അവളെന്റെ മടിയിൽവച്ചുതരും. എന്റെ കുഞ്ഞായിത്തന്നെ ഞാനവനെ വളർത്തും ..."


സാറായിയുടെ വാക്കുകൾ ശരിയാണെന്ന് അബ്രാമിനുതോന്നി.  
അബ്രാം സാറായിയുടെ ദാസിയായ ഈജിപ്‌തുകാരി ഹാഗാറിനോടൊത്തു ശയിച്ചു. അവള്‍ ഗര്‍ഭംധരിക്കുകയുംചെയ്‌തു. 

താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഹാഗാറിന്റെ ഭാവംമാറി. അവള്‍ സാറായിയെ നിന്ദിക്കുകയും അവളോടു കയർത്തുസംസാരിക്കുകയും ചെയ്തുതുടങ്ങി. മറ്റു ദാസരുടെ മുമ്പിൽവച്ചുപോലും ഹാഗാർ സാറായിയെ പുച്ഛിച്ചു.

തന്റെ പുത്രനെ ഉദരത്തിൽവഹിക്കുന്നതിനാൽ, അബ്രാം ഹാഗാറിനെ കൂടുതൽ സ്നേഹിക്കുന്നതായി സാറായി കരുതി. അതിനാലവൾ ഹാഗാറിന്റെ പ്രവൃത്തികളെല്ലാം നിശബ്ദയായി സഹിച്ചു. സാറായിയുടെ മൗനം ഹാഗാർ കൂടുതൽ മുതലെടുത്തു. മറ്റു ദാസീദാസന്മാരുടെ കാര്യങ്ങളിലും അവളിടപെട്ടുതുടങ്ങി. അവൾ എല്ലാവരുടേയുംമേൽ അധികാരംസ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 

ജീവിതം കൂടുതൽ ദുസ്സഹമായപ്പോൾ സാറായി അബ്രാമിനുമുമ്പിൽ പരാതിയുമായെത്തി..

"ഈജിപ്തുകാരിയായ ഹാഗാർനിമിത്തം ഞാനെത്ര കഷ്ടപ്പെടുന്നുവെന്നു നിങ്ങളറിയുന്നുണ്ടോ? എന്റെ ദാസിയെ നിങ്ങൾക്കു ഞാൻ വിട്ടുതന്നു. എന്നാൽ അവൾ നിങ്ങളിൽനിന്നു ഗര്‍ഭിണിയായതോടെ ഞാനവള്‍ക്കു നിന്ദാപാത്രമായിരിക്കുന്നു. നിങ്ങൾ രണ്ടാളുംമൂലം എന്റെ ജീവിതം ദുരിതപൂർണ്ണമായി. എനിക്കും നിങ്ങള്‍ക്കുംമദ്ധ്യേ കര്‍ത്താവുതന്നെ വിധിയാളനാകട്ടെ!"

അബ്രാം പറഞ്ഞു: "നീയെന്തിനെന്നോടു പരാതിപ്പെടുന്നു? അവളിപ്പോഴും നിന്റെ ദാസിതന്നെയാണല്ലോ. നിന്റെ ദാസിയോട് എങ്ങനെ പെരുമാറണമെന്നു നീയല്ലേ തീരുമാനിക്കേണ്ടതു്?" 

അബ്രാമിന്റെ മനസ്സിപ്പോഴും തനിക്കൊപ്പംതന്നെയെന്നുറപ്പായപ്പോൾ, സാറായി ഹാഗാറിനോടു പ്രതികരിച്ചുതുടങ്ങി. അവൾ ഹാഗാറിനോടു ക്രൂരമായിപ്പെരുമാറി. 

സഹദാസരിലൊരാൾപോലും ഹാഗാറിനോടു സഹതപിക്കാനുണ്ടായില്ല. അബ്രാമിന്റെ പാളയത്തിൽ താൻ ഒറ്റപ്പെട്ടെന്നു ഹാഗാർ തിരിച്ചറിഞ്ഞു. അവൾ അബ്രാമിനേയും സാറായിയേയുംവിട്ട് പാളയത്തിൽനിന്നോടിപ്പോയി. എവിടേയ്ക്കെന്നറിയാതെ അവൾ മരുഭൂമിയുടെ വന്യതയിൽ അലഞ്ഞുതിരിഞ്ഞു. വിശപ്പും ക്ഷീണവും അവളെയലട്ടി. ദാഹമകറ്റാൻ ഒരിറ്റുവെള്ളംപോലും കിട്ടാതെ താൻ വീണുമരിച്ചുപോകുമെന്ന് അവൾ ഭയന്നു. ഒടുവിലെങ്ങനെയോ ഷൂറിലേക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ യടുത്ത് അവളെത്തി. ആ ഉറവയേക്കാൾ വലുതായി ലോകത്തിൽ മറ്റൊന്നുമില്ലെന്നാണ് അവൾക്കപ്പോൾ തോന്നിയത്! ഉറവയിലെ വെള്ളംകുടിച്ച്, ഒരു മരച്ചുവട്ടിൽ അവൾ തളർന്നിരുന്നു. ക്ഷീണത്താൽ അവൾ പെട്ടെന്നുതന്നെ ഗാഢനിദ്രയിലേക്കു വഴുതിവീണു. 

അപ്പോൾ കർത്താവിന്റെ ദൂതൻ അവളുടെ മുമ്പിൽ പ്രത്യക്ഷനായി. :

"സാറായിയുടെ ദാസിയായ ഹാഗാർ, നീയെവിടെനിന്നു വരുന്നു? എവിടേയ്ക്കു പോകുന്നു?" ദൂതൻ അവളോടു ചോദിച്ചു

"യജമാനത്തിയുടെ ക്രൂരതസഹിക്കാനാകാതെ അവളുടെയടുത്തുനിന്ന് ഓടിപ്പോന്നതാണു ഞാൻ. എവിടേയ്ക്കാണു പോകേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ."

"ഭയപ്പെടേണ്ടാ! കര്‍ത്താവു നിന്റെ വിലാപംകേട്ടിരിക്കുന്നു. നിന്റെ യജമാനത്തിയുടെയടുത്തേക്കുതന്നെ നീ തിരിച്ചുപോകുക, എല്ലാക്കാര്യങ്ങളിലും അവള്‍ക്കു വിധേയയായിരിക്കുക. അപ്പോൾ അവൾ നിന്നെയുപദ്രവിക്കുകയില്ല. നീ പ്രസവിക്കുന്ന കുട്ടിക്ക്, ഇസ്‌മായേല്‍ എന്നു പേരിടണം. 
എണ്ണിയാല്‍ത്തീരാത്തത്രയധികമായി നിന്റെ സന്തതിയെ കർത്താവു വര്‍ദ്ധിപ്പിക്കും. കാട്ടുകഴുതയ്‌ക്കൊത്ത കരുത്തുള്ളവനായി അവൻ വളരും. അവന്‍ സകലർക്കുമെതിരായി തന്റെ കൈയുയർത്തും.എല്ലാവരും അവനെതിരായിത്തീരും. അവന്‍ തന്റെ സഹോദരങ്ങള്‍ക്കെതിരായി വർത്തിക്കുന്നവനായിരിക്കും"

തന്റെ ദൂതനിലൂടെ കർത്താവരുൾചെയ്ത വാക്കുകൾ ഹാഗാറിനെ സന്തുഷ്ടയാക്കി. ദൂതൻ പറഞ്ഞതുപോലെ, അവൾ പാളയത്തിലേക്കു മടങ്ങിപ്പോയി. സാറായി അവളെ തള്ളിക്കളഞ്ഞില്ല. ഗർഭിണിയായ ഹാഗാറിനെ അവൾ തന്റെ കൂടാരത്തിൽ വീണ്ടും സ്വീകരിച്ചു.

സമയത്തിന്റെ തികവിൽ ഹാഗാർ ഒരു പുത്രനെ പ്രസവിച്ചു. അവൻ ജനിക്കുമ്പോൾ അബ്രാമിന് എൺപത്തിയാറു വയസ്സുണ്ടായിരുന്നു. ദൈവദൂതൻ ഹാഗാറിനോടു കല്പിച്ചതനുസരിച്ച്, അബ്രാം തന്റെ പുത്രന് ഇസ്‌മായേല്‍ എന്നുപേരിട്ടു. ഹാഗാറിനോടും പുത്രനോടും സാറായി അനിഷ്ടമൊന്നും കാണിച്ചില്ല. പ്രത്യേകപരിഗണനയൊന്നും നല്കിയതുമില്ല.

കാലം പിന്നെയും കടന്നുപോയി. ഇസ്മായേൽ ശൈശവത്തിൽനിന്നു ബാല്യത്തിലേക്കു കടന്നു. സാറായിയുടെ ഉദരം അപ്പോഴും വന്ധ്യമായിത്തുടർന്നു.

അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു വീണ്ടുമവനു പ്രത്യക്ഷപ്പെട്ടു. അബ്രാം കർത്താവിനുമുമ്പിൽ സാഷ്‌ടാംഗം പ്രണമിച്ചു. 

"നീയുമായി ഞാനൊരുടമ്പടിചെയ്യും. ഞാന്‍ നിനക്കു നിരവധി സന്താനങ്ങളെ നല്കും..."

കർത്താവ് അവനോടരുളിച്ചെയ്‌തു: ''നീയുമായുള്ള എന്റെ ഉടമ്പടിയിതാണ്. ഇനിമേല്‍ നീ അബ്രാമെന്നു വിളിക്കപ്പെടുകയില്ല. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. അതിനാൽ നിന്റെ പേര്‌, അബ്രാഹം എന്നായിരിക്കും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. നിരവധി രാജവംശങ്ങൾ നിന്നില്‍നിന്നുദ്‌ഭവിക്കും. നീയുമായും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതികളുമായും എന്നേയ്ക്കും ഞാനെന്റെയുടമ്പടി നിലനിറുത്തും. നീയും നിന്റെ സന്താനങ്ങളും തലമുറതോറും ഞാനുമായുള്ള ഉടമ്പടിപാലിച്ചാൽ, നീ പരദേശിയായിപ്പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍, നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അതവരുടേതായിരിക്കുകയുംചെയ്യും. 

എന്റെയുടമ്പടി, നിങ്ങളുടെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്ക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെയടയാളമായി, നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനംചെയ്യണം. നിങ്ങള്‍ ലിംഗത്തിന്റെ അഗ്രചര്‍മ്മം ഛേദിക്കണം. നിങ്ങളുടെ വീട്ടില്‍പ്പിറന്നവനോ നിങ്ങൾ വിലയ്‌ക്കുവാങ്ങുന്ന പരദേശിയായ ദാസനോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്ഛേദനംചെയ്യണം. ഇനിമേലിൽപ്പിറക്കുന്ന ആണ്‍കുട്ടികളെയെല്ലാം എട്ടാം ദിവസത്തിൽ പരിച്ഛേദനംചെയ്യണം. പരിച്ഛേദനംചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. 

നിന്റെ ഭാര്യ സാറായിയെ ഇനിയും സാറായിയെന്നു വിളിക്കരുത്, ഞാനവളെയനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്കൊരു പുത്രനെ നല്കും. അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്മാരുദ്‌ഭവിക്കും! അതിനാൽ ഇനിമേൽ അവളുടെ പേര്‌ സാറാ എന്നായിരിക്കും."

അതുകേട്ടപ്പോള്‍ അബ്രാഹം കമിഴ്‌ന്നുവീണു ചിരിച്ചുപോയി! നൂറു വയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമെന്നോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമെന്നോ?

ചിരിയടക്കി, അബ്രാഹം ദൈവത്തോടു പറഞ്ഞു: "കർത്താവേ, എനിക്കിനിയുമൊരു കുഞ്ഞുവേണമെന്ന ആഗ്രഹമില്ല. ഇസ്‌മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍മാത്രം മതി."

"നിന്റെ ഭാര്യ സാറാതന്നെ നിന്റെ പുത്രനെ പ്രസവിക്കും. നീയവന്, ഇസഹാക്ക്‌ എന്നു പേരിടണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായൊരുടമ്പടി സ്ഥാപിക്കും.
ഇസ്‌മായേലിനുവേണ്ടിയുള്ള നിന്റെ പ്രാര്‍ത്ഥനയും ഞാന്‍ സ്വീകരിക്കുന്നു. അവൻ സന്താനപുഷ്‌ടിയുള്ളവനായിരിക്കും. അവനില്‍നിന്നു ഞാൻ വലിയൊരു ജനതയെ പുറപ്പെടുവിക്കും.
എന്നാല്‍, സാറായില്‍നിന്നു നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടായിരിക്കും എന്റെയുടമ്പടി ശാശ്വതമായുറപ്പിക്കുന്നത്."

കർത്താവിന്റെ വാക്കുകൾ അബ്രാം തന്റെ ഹൃദയത്തിൽ സ്വീകരിച്ചു.

ദൈവകല്പനപോലെ ആ ദിവസംതന്നെ മകന്‍ ഇസ്‌മായേലിനെയും തന്റെ വീട്ടില്‍പിറന്നവരും താന്‍ വിലകൊടുത്തു വാങ്ങിയവരുമായ സകലപുരുഷന്മാരെയും അബ്രാഹം പരിച്ഛേദനംചെയ്‌തു. അബ്രാഹാമും പരിച്ഛേദനംചെയ്യപ്പെട്ടു.

Sunday 9 April 2017

6. ദൈവവിളി

ബൈബിൾക്കഥകൾ - 6

മഹാപ്രളയത്തിനുശേഷം പലനൂറ്റാണ്ടുകളിലൂടെ ഭൂമി കടന്നുപോയി. ഭൂമിയിൽ വ്യത്യസ്തങ്ങളായ ഭാഷകളുണ്ടായി. ഭാഷകളുടെ അടിസ്ഥാനത്തിൽ മനുഷ്യർ പലസമൂഹങ്ങളായിത്തീർന്നതോടെ, ഭൂമിയിൽ നവീനസംസ്കാരങ്ങളുടലെടുത്തു. 

മനുഷ്യർ പ്രകൃതിശക്തികളെ ദൈവമാക്കിയാരാധിച്ചുതുടങ്ങി. അവർ പുതിയ ദേവീദേവന്മാർക്കായി ബലികളർപ്പിക്കുകയും അവരുടെ ഉത്സവങ്ങളാഘോഷിക്കുകയുംചെയ്തു. എന്നാൽ കർത്താവിനെ വിളിച്ചുപ്രാർത്ഥിക്കുന്ന ഒരുവൻപോലും ഭൂമിയിലില്ലാതെയായി.

അക്കാലത്ത്, മെസെപ്പൊട്ടോമിയയിലെ ഊർ എന്ന ദേശത്ത്, നോഹയുടെ പുത്രനായ ഷേമിന്റെ വംശത്തിൽപ്പിറന്ന, നാഹോറിന്റെ പുത്രനായ തേരാഹ് എന്നൊരാൾ ജീവിച്ചിരുന്നു. .

തേരാഹിന് ഹാരാൻ, നാഹോർ, അബ്രാം എന്നീ പുത്രന്മാരാണുണ്ടായിരുന്നത്. അവരിൽ ഹാരാൻ, തന്റെ പുത്രനായ ലോത്തിനു കൗമാരംപിന്നിടുംമുമ്പേ  മരണമടഞ്ഞു.

ഹാരാന്റെ മരണശേഷം, തേരാഹ് തന്റെ മക്കൾക്കും പേരക്കുട്ടികളോടുമൊപ്പം, ഊറിനേക്കാൾ കൂടുതൽഫലഭൂയിഷ്ഠമായ മറ്റൊരു ദേശത്തേയ്ക്കു കുടിയേറി. തന്റെ പുത്രന്റെ ഓർമ്മയ്ക്കായി, തേരാഹ്, ആ ദേശത്തിനു ഹാരാൻ എന്നു പേരുവിളിച്ചു.

അബ്രാമും നാഹോറും വിവാഹിതരായി. അർദ്ധസഹോദരിയായ സാറായി അബ്രാമിനു ഭാര്യയായപ്പോൾ, സഹോദരനായ ഹാരാന്റെ മകൾ മിൽക്കയെയാണ് നാഹോർ വിവാഹംകഴിച്ചത്. 

ഹാരാൻദേശത്തിന്റെ സമൃദ്ധിയിൽ, തേരാഹിന്റെയും പുത്രന്മാരുടേയും സമ്പത്ത്, അത്യധികമായി വർദ്ധിച്ചു. ആലകളിൽ ആട്ടിൻപറ്റങ്ങളും തൊഴുത്തിൽ കാലികളും നിറഞ്ഞു. അവയ്ക്കെല്ലാം മേയാൻവേണ്ടത്ര സമൃദ്ധമായ മേച്ചിൽപ്പുറങ്ങൾ കണ്ണെത്താദൂരത്തോളം പരന്നുകിടന്നിരുന്നു. 

കാലത്തിന്റെ തികവിൽ നാഹോറിനും മിൽക്കയ്ക്കും പുത്രീപുത്രന്മാർ ജനിച്ചു. എന്നാൽ സാറായി വന്ധ്യയായിരുന്നതിനാൽ അബ്രാമിനു സന്താനഭാഗ്യമുണ്ടായില്ല. സഹോദരപുത്രനായ ലോത്തിനെ അബ്രാം തന്നോടൊപ്പം നിറുത്തി.

ഒരു രാത്രിയിൽ അബ്രാം ഗാഢനിദ്രയിലായിരുന്നപ്പോൾ, ഒരു സ്വപ്നദർശനത്തിൽ, കർത്താവ് അവനോടു സംസാരിച്ചു. 

"ആകാശവും ഭൂമിയും സൃഷ്ടിച്ച, കർത്താവായ ദൈവമാണു ഞാൻ!  ഭൂമി മുഴുവനിലുമുള്ള മനുഷ്യർ എന്നിൽനിന്നകന്നിരിക്കുന്നു. സ്രഷ്ടാവായ എന്നെയന്വേഷിക്കുന്ന ഒരുവൻപോലുമില്ല.

ഇന്നു ഞാൻ, നിന്നെ തിരഞ്ഞെടുത്ത്, മറ്റുമനുഷ്യരിൽനിന്നു വേർതിരിച്ചുനിറുത്തുന്നു.

ഈ ദേശത്തെയും നിന്റെപിതൃഭവനത്തെയും ബന്ധുമിത്രാദികളേയുമുപേക്ഷിച്ച്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേയ്ക്കു പോകുക. അവിടെ നിന്നെ, വലിയൊരു ജനതയാക്കി ഞാൻ വളർത്തും...." 

അബ്രാം നിദ്രയിൽനിന്നുണർന്നു. ചുറ്റുമന്ധകാരംമാത്രം! രാപ്പാടികളുടെ ദുർബ്ബലമായ ശബ്ദമൊഴികെ, തികഞ്ഞ നിശ്ശബ്ദതമാത്രം! 

കേട്ടതെല്ലാം സത്യംതന്നെയോ? അബ്രാമിന് ഒന്നും മനസ്സിലായില്ല. ആ ദിവസംവരെ അവൻ കർത്താവായ ദൈവത്തെക്കുറിച്ചു കേട്ടിരുന്നില്ല...  എങ്കിലും ശുഭകരമായതെന്തോ തന്റെ ജീവിതത്തിൽ സംഭവിക്കാൻപോകുന്നെന്ന് അവന്റെ ഹൃദയം, അവനോടു പറഞ്ഞു....

അബ്രാം മനസ്സു ശാന്തമാക്കി, അല്പനേരം ധ്യാനനിമഗ്നനായി. ഒരിക്കൽക്കൂടെ ആ ശബ്ദം അവന്റെ കർണ്ണങ്ങളിൽ മുഴങ്ങി

''നീ പോകുക, നിന്റെ നാമം ഞാൻ മഹത്തരമാക്കും. നീയെന്നും ഒരനുഗ്രഹമായിരിക്കും.
നിന്നെയനുഗ്രഹിക്കുന്നവരെ ഞാനുമനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ മനുഷ്യവംശങ്ങളെല്ലാം അനുഗൃഹീതമാകും.!"

ഇന്നുവരെ താനറിയുകയോ ആരാധിക്കുകയോചെയ്തിട്ടില്ലാത്തൊരു ദൈവം തന്നെത്തേടിയെത്തിയിരിക്കുന്നു. അവന്റെ ഹൃദയം ആവേശഭരിതമായി.

"കർത്താവേ, ഇതാ ഞാൻ!" അബ്രാം തന്റെ സമ്മതമറിയിച്ചു.

അബ്രാമിനു ധാരാളം ആടുമാടുകളും സ്വര്‍ണ്ണവും വെള്ളിയുമുണ്ടായിരുന്നു. പിറ്റേന്നു പുലർച്ചേ, അബ്രാമും ഭാര്യ സാറായിയും തങ്ങളുടെ ദാസീദാസന്മാരേയും ആടുമാടുകളേയും യാത്രയ്ക്കു തയ്യാറാക്കി. സ്വർണ്ണവും വെള്ളിയുമടക്കമുള്ള സമ്പാദ്യങ്ങൾ ഭാണ്ഡങ്ങളിൽ നിറച്ച്,  കഴുതച്ചുമടുകളായെടുത്തു.

അബ്രാമിന്റെ തീരുമാനമറിഞ്ഞപ്പോൾ ലോത്തും 
അവനോടൊപ്പം പുറപ്പെടാൻ തയ്യാറായി. അബ്രാം അവനെത്തടഞ്ഞെങ്കിലും ലോത്ത് പിന്മാറാൻ തയ്യാറായില്ല. തന്റെ ഭാര്യ, രണ്ടു പെൺകുഞ്ഞുങ്ങൾ, ദാസീദാസന്മാർ, ആടുമാടുകൾ എന്നിവയുമായി ലോത്ത്, അബ്രാമിനും സാറായിക്കുമൊപ്പം പുറപ്പെട്ടു.

അബ്രാമിന് എഴുപത്തിയഞ്ചു വയസ്സുള്ളപ്പോളാണ് അവർ ഹാരാൻ വിട്ടത്.

അബ്രാമും സംഘവും ദീർഘദൂരം സഞ്ചരിച്ച്‌, കാനാൻകാരുടെ ദേശത്ത്, ഷെക്കെമിലെ മോറെയുടെ ഓക്കുമരംവരെയെത്തി. അവിടെയവർ കൂടാരമടിച്ചു.

അവിടെവച്ച്, കര്‍ത്താവ്‌ അബ്രാമിനു പ്രത്യക്ഷപ്പെട്ടു. "നിന്റെ സന്തതികള്‍ക്കായി, ഈ നാടുമുഴുവൻ ഞാന്‍ നല്കും!"  അവിടുന്നു വാഗ്ദാനംചെയ്തു.

അബ്രാമും സാറയും അനപത്യരായ വൃദ്ധരായിരുന്നെങ്കിലും അബ്രാം കർത്താവിന്റെ വാഗ്ദാനത്തിൽ പ്രത്യാശയർപ്പിച്ചു. അവൻ അവിടെയൊരു ബലിപീഠംപണിതു. തന്നെ വിളിച്ചുവേർതിരിച്ച കര്‍ത്താവിനായി, അവനന്നാദ്യമായി ഒരു ബലിയർപ്പിച്ചു.

അവിടെനിന്ന്‌, അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേയ്ക്കു കടന്ന്‌, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി കൂടാരമടിച്ചു. അവിടെയുമൊരു ബലിപീഠം പണിത്‌, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു. 

കാലാവസ്ഥയുടെ മാറ്റവും ജലത്തിന്റെയും മേച്ചിൽപ്പുറങ്ങളുടേയും ലഭ്യതയുമനുസരിച്ച്, അബ്രാമും കൂട്ടരും നാടോടികളായി സഞ്ചരിച്ചുകൊണ്ടിരുന്നു.

വീണ്ടും കുറേ വർഷങ്ങൾക്കുശേഷം, ബഥേലിനും ആയിയ്‌ക്കുമിടയ്ക്ക്, മുമ്പു കൂടാരമടിച്ചതും, ബലിപീഠം പണിതതുമായ സ്‌ഥലത്തേയ്ക്ക് അവർ മടങ്ങിയെത്തി.

അബ്രാമിന്റെയും ലോത്തിന്റെയും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും ദാസീദാസന്മാരും വളരെയധികം വർദ്ധിച്ചിരുന്നു. അവര്‍ക്ക്‌ ഒന്നിച്ചു താമസിക്കാന്‍ ആ ദേശമപ്പോൾ മതിയായിരുന്നില്ല. 

അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ മേയ്‌ക്കുന്നവര്‍തമ്മില്‍ പലപ്പോഴും കലഹങ്ങളുമുണ്ടായി. 
ഒരു സായാഹ്നത്തിൽ, ആ പ്രദേശത്തെ ഏറ്റവുമുയർന്ന ഒരു കുന്നിൻമുകളിലേയ്ക്കു്, അബ്രാം ലോത്തിനെക്കൂട്ടിക്കൊണ്ടുപോയി. അബ്രാം പറഞ്ഞു: "നമ്മള്‍തമ്മിലും നമ്മുടെ ഇടയന്മാര്‍തമ്മിലും കലഹമുണ്ടാകരുത്‌. കാരണം, നമ്മള്‍ ഒരേ രക്തമാണ്. ഇതാ! വിശാലമായ ഈ ദേശമത്രയും ഇപ്പോൾ നമ്മുടെ കണ്മുമ്പിലുണ്ടല്ലോ. ഇവിടെമുതൽ നമുക്കു രണ്ടുദേശങ്ങളിലേയ്ക്കു പിരിയാം. ഇടതുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേയ്ക്കു പൊയ്‌ക്കൊള്ളാം. വലതുഭാഗമാണു നിനക്കിഷ്ടമെങ്കില്‍ ഞാനിടത്തേയ്ക്കു പോയിക്കൊള്ളാം".

ലോത്ത് ചുറ്റും കണ്ണോടിച്ചു. വലതുഭാഗത്ത്, ജോര്‍ദ്ദാന്‍ സമതലംമുഴുവന്‍ ജലപുഷ്‌ടിയുള്ള, കൃഷിയ്ക്കും കാലിവളർത്തലിനും അനുയോജ്യമായ ഭൂമിയാണെന്നു ലോത്ത്‌ കണ്ടു. അവർ നിന്നിരുന്ന കുന്നിന് ഇടതുഭാഗത്തുള്ള, പടിഞ്ഞാറൻദേശമായ കാനാൻപ്രദേശം അത്രമെച്ചമായിരുന്നില്ല.

പിറ്റേന്നു പ്രഭാതത്തിൽ അവർതമ്മിൽ പിരിഞ്ഞു.

ലോത്ത്, കിഴക്കുള്ള ജോർദ്ദാൻസമതലം തിരഞ്ഞെടുത്തു. സോദോം, ഗോമോറോ എന്നീ പട്ടണങ്ങൾക്കു നടുവിലുള്ള താഴ്‌വരയിൽ അവൻ കൂടാരമടിച്ചു.

അബ്രാം പടിഞ്ഞാറൻദേശമായ കാനാൻദേശത്തു പാളയമുറപ്പിച്ചു.

Sunday 2 April 2017

5. ബാബേൽഗോപുരം

ബൈബിൾക്കഥകൾ - 5

പ്രളയകാലം കഴിഞ്ഞു. ഋതുക്കൾ ക്രമംതെറ്റാതെ ഭൂമിയിലേക്കു വീണ്ടും കടന്നുവന്നുതുടങ്ങി. ഭൂമി ഹരിതവസ്ത്രങ്ങളണിഞ്ഞ്, കൂടുതൽ സുന്ദരിയായി. പക്ഷിമൃഗാദികൾ ഭൂമിയിൽ പെറ്റുപെരുകി.

നോഹയുടെ പുത്രന്മാരായ ഷേമിനും ഹാമിനും യാഫെത്തിനുമുണ്ടായ പുത്രീ - പുത്രന്മാരിലൂടെ ഭൂമിയിൽ വീണ്ടും മനുഷ്യർ നിറഞ്ഞു. മാനവസമൂഹങ്ങൾ ഭൂമിയിലെങ്ങും വ്യാപിച്ചു. 

കാലം മുമ്പോട്ടുപോകവേ, മനുഷ്യർ പുതിയപുതിയ വിദ്യകളിൽ നിപുണരാകുകയും നവീനമായ കണ്ടുപിടുത്തങ്ങളിലൂടെ അന്നുവരെയില്ലാതിരുന്ന പലതും സൃഷ്ടിക്കുകയുംചെയ്തു. 

അക്കാലത്ത്, ഭൂമിയിലെ മുഴുവൻ മനുഷ്യർക്കും ആശയസംവേദനത്തിനായി ഒരു ഭാഷതന്നെയാണുണ്ടായിരുന്നത്.

കല്ലും കുമ്മായവുമുപയോഗിച്ചുള്ള കെട്ടിടനിർമ്മാണവിദ്യ സ്വായത്തമായപ്പോൾ, അവർ ഉറപ്പുള്ള വീടുകൾ നിർമ്മിച്ചു. കളിമണ്ണുകൊണ്ടുമെനഞ്ഞു ചുട്ടെടുക്കുന്ന ഇഷ്ടികളുണ്ടാക്കാൻപഠിച്ചതോടെ സമൂഹമായി ജീവിക്കാനുതകുന്ന കൊച്ചുകൊച്ചു പട്ടണങ്ങൾതന്നെ തീർത്തു. കളിമണ്ണിൽ ചില പ്രത്യേകവസ്തുക്കൾ ചേർത്താൽ കുമ്മായത്തേക്കാൾ ഉറപ്പുണ്ടെന്നു കണ്ടെത്തിയപ്പോൾ, കെട്ടിടങ്ങൾ കുടുതൽ ഉയരത്തിലേക്കു വളർന്നുതുടങ്ങി. ദൈവകൃപയാൽ, എവിടെയും സമ്പദ്‌സമൃദ്ധി കളിയാടിയിരുന്നു. വയലുകൾ സമ്യദ്ധമായ വിളവു നല്കി. കന്നുകാലികൾ പെറ്റുപെരുകി.

എന്നാൽ സമ്പത്തും സൗകര്യങ്ങളും വർദ്ധിക്കുന്നതിനൊപ്പം മനുഷ്യരുടെ ദൈവനിഷേധവും അഹങ്കാരവും ദിനംപ്രതി വര്‍ദ്ധിച്ചു. ഓരോ പുതിയ കണ്ടുപിടുത്തവും മനുഷ്യരെ കൂടുതൽകൂടുതൽ അഹങ്കാരികളാക്കിക്കൊണ്ടിരുന്നു. അവർ ദൈവത്തെ മറന്നു. അങ്ങനെയിരിക്കേ, അഹങ്കാരംമൂത്ത മനുഷ്യര്‍, ഷീനാര്‍ എന്ന സമതലപ്രദേശത്ത് ഒത്തുകൂടി.


“നമ്മുടെ പ്രശസ്തി എക്കാലവും നിലനിറുത്തുന്നതിനുവേണ്ടി, അകാശത്തോളമെത്തുന്ന ഒരു ഗോപുരം നമുക്കു നിര്‍മ്മിക്കാം. ആകാശവാതായനങ്ങളെല്ലാംകടന്ന്, സ്വര്‍ഗ്ഗത്തിലേയ്ക്കെത്തുന്ന ഒരു കൂറ്റന്‍ഗോപുരമാകണമത്. ദൈവസിംഹാസനത്തിനുമുയരത്തിലെത്തുന്ന ഗോപുരം.! ഗോപുരത്തിനുചുറ്റും മനോഹരങ്ങളായ പട്ടണങ്ങൾതീർത്ത്, നമുക്കവിടെ വസിക്കാം" അവര്‍ തീരുമാനിച്ചു.

എല്ലാ മനുഷ്യര്‍ക്കും ഒരേ ഭാഷയായിരുന്നതിനാല്‍ ഭൂമിയിലുള്ള സകലമനുഷ്യരിലേക്കും ഈ സന്ദേശം പെട്ടന്നെത്തിക്കുവാന്‍കഴിഞ്ഞു.

ആകാശമേലാപ്പുംകടന്ന്, സ്വർഗ്ഗത്തിനുംമേലെയത്തുന്ന ഗോപുരത്തെക്കുറിച്ചുള്ള സ്വപ്നം, ഭൂമിയിലെ മനുഷ്യരുടെയെല്ലാം ഹൃദയങ്ങളിൽ നിറഞ്ഞു. വാസ്തുശില്പവിദഗ്ദ്ധർ ഗോപുരത്തിന്റെ രൂപരേഖകൾ തയ്യാറാക്കി. നിർമ്മാണവസ്തുക്കളുടെ കണക്കെടുപ്പു പൂർത്തിയായി. ഇഷ്ടികയും കുമ്മായവും കളിമണ്ണും തടിയും മറ്റെല്ലാ നിർമ്മാണവസ്തുക്കളും ഷീനാർ താഴ്വരയ്ക്കുചുറ്റും സംഭരിച്ചു. ആളുമർത്ഥവും അവിടേയ്‌ക്കൊഴുകി.

അധികംവൈകാതെതന്നെ, ഷീനാർസമതലത്തിൽ, ഗോപുരത്തിന്‍റെ നിര്‍മ്മാണമാരംഭിച്ചു. ചുട്ടെടുത്ത ഇഷ്ടികകളും കളിമണ്ണിൽത്തീർത്ത ചാന്തുമുപയോഗിച്ച്, ഗോപുരത്തിന്‍റെ പണികൾ വളരെവേഗം പുരോഗമിച്ചുകൊണ്ടിരുന്നു..

ഭൂമിയിലെങ്ങുമുള്ള മനുഷ്യർ ഉത്സാഹത്തിമിർപ്പിലായിരുന്നു. മനുഷ്യരെല്ലാം  ഗോപുരനിർമ്മാണത്തെ, ഒരു മഹോത്സവംപോലെ തങ്ങളുടെ ഹൃത്തോടുചേർത്തു.

മനുഷ്യര്‍ ഷീനാറിൽ നിര്‍മ്മിക്കുന്ന നഗരവും ഗോപുരവുംകാണാന്‍ കര്‍ത്താവിറങ്ങിവന്നു.

തങ്ങളുടെ കഴിവുകളില്‍ അഹങ്കരിച്ച മനുഷ്യര്‍, ദുഷിച്ച ചിന്തകളിലും ഒരേ മനസ്സുള്ളവരായിരുന്നു. ഗോപുരനിര്‍മ്മാണംകാണാനെത്തിയ ദൈവം, മനുഷ്യരുടെ ചിന്തകളെ തന്‍റെ ജ്ഞാനത്താല്‍ വിവേചിച്ചറിഞ്ഞു. തന്‍റെ കരവേലമാത്രമായ മനുഷ്യന്‍, തന്നെയും കീഴ്പ്പെടുത്താനാഗ്രഹിക്കുന്നതറിഞ്ഞ്, കർത്താവു വേദനിച്ചു. മനുഷ്യരുടെ അഹങ്കാരം, അവിടുത്തെ കോപം ജ്വലിപ്പിക്കുകയുംചെയ്തു.

ഗോപുരത്തിലേയ്ക്കുവയ്ക്കുന്ന ഓരോ ഇഷ്ടികയ്ക്കൊപ്പവും മനുഷ്യന്‍റെ അഹങ്കാരവും ഉയര്‍ന്നുകൊണ്ടിരുന്നു. ഒരേഭാഷ സംസാരിക്കുന്നവരും ഒരൊറ്റജനതയുമായി മനുഷ്യരിനിയുംതുടര്‍ന്നാല്‍ അതു സാത്താന്‍റെ സാമ്രാജ്യം വളര്‍ത്താനേ ഉതകൂ എന്ന്, ദൈവമറിഞ്ഞു. കാരണം അഹങ്കാരവും ദൂഷണവും സകലതിന്മകളുംവരുന്നതു സാത്താനില്‍നിന്നാണ്.

അതിനാൽ, പരസ്പരം മനസ്സിലാക്കാനാവാത്തവിധം അവരുടെ ഭാഷകളെ ഭിന്നിപ്പിക്കാന്‍ കർത്താവു തീരുമാനിച്ചു.

ആ നിമിഷംമുതല്‍ മനുഷ്യര്‍ക്കു പരസ്പരം പറയുന്നതൊന്നും മനസ്സിലാകാതെയായി. ഗോപുരംപണിക്കാര്‍ക്ക് ആശയവിനിമയംനടത്താനാകാതെയായി. ശില്പികള്‍ പറയുന്നതു മേസ്തരിമാര്‍ക്കും, മേസ്തരിമാര്‍ പറയുന്നതു പണിക്കാര്‍ക്കും മനസ്സിലാകാതെയായപ്പോള്‍ ഗോപുരനിര്‍മ്മാണം നിലച്ചു. അതിനൊപ്പം പട്ടണനിർമ്മാണവും!

വിവിധഭാഷക്കാരായ്‌ത്തീര്‍ന്ന മനുഷ്യരെ കര്‍ത്താവു ഭൂമിയില്‍ പലയിടത്തായിച്ചിതറിച്ചു.
ദൈവം ഷീനാറില്‍വച്ചു ഭാഷകള്‍ ഭിന്നിപ്പിച്ചതിനുശേഷം, *'ബാബേല്‍' എന്നാണ് ആ പട്ടണമറിയപ്പെട്ടത്. പാതിവഴിയിൽ പണിമുടങ്ങിപ്പോയ ഗോപുരത്തിനു ബാബേൽഗോപുരമെന്നു പേരുകിട്ടി.

മനുഷ്യർ വീണ്ടും ഭൂമിയിൽ പെരുകിക്കൊണ്ടിരുന്നു. ഒരേഭാഷ സംസാരിക്കാനാകുന്നവർ ഒന്നിച്ചുജീവിച്ചു. അങ്ങനെ പലഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ വിവിധദേശങ്ങളിൽ വളർന്നുവന്നു. വ്യത്യസ്തങ്ങളായ മനുഷ്യസംസ്കാരങ്ങൾ ഭൂമിയിലുദയംകൊണ്ടു. 

അപ്പോഴും കർത്താവിനെത്തേടുന്നവർ ഭൂമിയിലപൂർവ്വമായിരുന്നു....  മനുഷ്യർ പ്രകൃതിവസ്തുക്കളേയും തങ്ങളുടെ ഭാവനാസൃഷ്ടികളേയും ദൈവമായിക്കരുതി ആരാധിച്ചുതുടങ്ങിയത്, അക്കാലത്താണ്...
------------------------------------------------------------------------------------------------------------
* ബാബേൽ = ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നർത്ഥം.