Sunday 2 April 2017

5. ബാബേൽഗോപുരം

ബൈബിൾക്കഥകൾ - 5

പ്രളയകാലം കഴിഞ്ഞു. ഋതുക്കൾ ക്രമംതെറ്റാതെ ഭൂമിയിലേക്കു വീണ്ടും കടന്നുവന്നുതുടങ്ങി. ഭൂമി ഹരിതവസ്ത്രങ്ങളണിഞ്ഞ്, കൂടുതൽ സുന്ദരിയായി. പക്ഷിമൃഗാദികൾ ഭൂമിയിൽ പെറ്റുപെരുകി.

നോഹയുടെ പുത്രന്മാരായ ഷേമിനും ഹാമിനും യാഫെത്തിനുമുണ്ടായ പുത്രീ - പുത്രന്മാരിലൂടെ ഭൂമിയിൽ വീണ്ടും മനുഷ്യർ നിറഞ്ഞു. മാനവസമൂഹങ്ങൾ ഭൂമിയിലെങ്ങും വ്യാപിച്ചു. 

കാലം മുമ്പോട്ടുപോകവേ, മനുഷ്യർ പുതിയപുതിയ വിദ്യകളിൽ നിപുണരാകുകയും നവീനമായ കണ്ടുപിടുത്തങ്ങളിലൂടെ അന്നുവരെയില്ലാതിരുന്ന പലതും സൃഷ്ടിക്കുകയുംചെയ്തു. 

അക്കാലത്ത്, ഭൂമിയിലെ മുഴുവൻ മനുഷ്യർക്കും ആശയസംവേദനത്തിനായി ഒരു ഭാഷതന്നെയാണുണ്ടായിരുന്നത്.

കല്ലും കുമ്മായവുമുപയോഗിച്ചുള്ള കെട്ടിടനിർമ്മാണവിദ്യ സ്വായത്തമായപ്പോൾ, അവർ ഉറപ്പുള്ള വീടുകൾ നിർമ്മിച്ചു. കളിമണ്ണുകൊണ്ടുമെനഞ്ഞു ചുട്ടെടുക്കുന്ന ഇഷ്ടികളുണ്ടാക്കാൻപഠിച്ചതോടെ സമൂഹമായി ജീവിക്കാനുതകുന്ന കൊച്ചുകൊച്ചു പട്ടണങ്ങൾതന്നെ തീർത്തു. കളിമണ്ണിൽ ചില പ്രത്യേകവസ്തുക്കൾ ചേർത്താൽ കുമ്മായത്തേക്കാൾ ഉറപ്പുണ്ടെന്നു കണ്ടെത്തിയപ്പോൾ, കെട്ടിടങ്ങൾ കുടുതൽ ഉയരത്തിലേക്കു വളർന്നുതുടങ്ങി. ദൈവകൃപയാൽ, എവിടെയും സമ്പദ്‌സമൃദ്ധി കളിയാടിയിരുന്നു. വയലുകൾ സമ്യദ്ധമായ വിളവു നല്കി. കന്നുകാലികൾ പെറ്റുപെരുകി.

എന്നാൽ സമ്പത്തും സൗകര്യങ്ങളും വർദ്ധിക്കുന്നതിനൊപ്പം മനുഷ്യരുടെ ദൈവനിഷേധവും അഹങ്കാരവും ദിനംപ്രതി വര്‍ദ്ധിച്ചു. ഓരോ പുതിയ കണ്ടുപിടുത്തവും മനുഷ്യരെ കൂടുതൽകൂടുതൽ അഹങ്കാരികളാക്കിക്കൊണ്ടിരുന്നു. അവർ ദൈവത്തെ മറന്നു. അങ്ങനെയിരിക്കേ, അഹങ്കാരംമൂത്ത മനുഷ്യര്‍, ഷീനാര്‍ എന്ന സമതലപ്രദേശത്ത് ഒത്തുകൂടി.


“നമ്മുടെ പ്രശസ്തി എക്കാലവും നിലനിറുത്തുന്നതിനുവേണ്ടി, അകാശത്തോളമെത്തുന്ന ഒരു ഗോപുരം നമുക്കു നിര്‍മ്മിക്കാം. ആകാശവാതായനങ്ങളെല്ലാംകടന്ന്, സ്വര്‍ഗ്ഗത്തിലേയ്ക്കെത്തുന്ന ഒരു കൂറ്റന്‍ഗോപുരമാകണമത്. ദൈവസിംഹാസനത്തിനുമുയരത്തിലെത്തുന്ന ഗോപുരം.! ഗോപുരത്തിനുചുറ്റും മനോഹരങ്ങളായ പട്ടണങ്ങൾതീർത്ത്, നമുക്കവിടെ വസിക്കാം" അവര്‍ തീരുമാനിച്ചു.

എല്ലാ മനുഷ്യര്‍ക്കും ഒരേ ഭാഷയായിരുന്നതിനാല്‍ ഭൂമിയിലുള്ള സകലമനുഷ്യരിലേക്കും ഈ സന്ദേശം പെട്ടന്നെത്തിക്കുവാന്‍കഴിഞ്ഞു.

ആകാശമേലാപ്പുംകടന്ന്, സ്വർഗ്ഗത്തിനുംമേലെയത്തുന്ന ഗോപുരത്തെക്കുറിച്ചുള്ള സ്വപ്നം, ഭൂമിയിലെ മനുഷ്യരുടെയെല്ലാം ഹൃദയങ്ങളിൽ നിറഞ്ഞു. വാസ്തുശില്പവിദഗ്ദ്ധർ ഗോപുരത്തിന്റെ രൂപരേഖകൾ തയ്യാറാക്കി. നിർമ്മാണവസ്തുക്കളുടെ കണക്കെടുപ്പു പൂർത്തിയായി. ഇഷ്ടികയും കുമ്മായവും കളിമണ്ണും തടിയും മറ്റെല്ലാ നിർമ്മാണവസ്തുക്കളും ഷീനാർ താഴ്വരയ്ക്കുചുറ്റും സംഭരിച്ചു. ആളുമർത്ഥവും അവിടേയ്‌ക്കൊഴുകി.

അധികംവൈകാതെതന്നെ, ഷീനാർസമതലത്തിൽ, ഗോപുരത്തിന്‍റെ നിര്‍മ്മാണമാരംഭിച്ചു. ചുട്ടെടുത്ത ഇഷ്ടികകളും കളിമണ്ണിൽത്തീർത്ത ചാന്തുമുപയോഗിച്ച്, ഗോപുരത്തിന്‍റെ പണികൾ വളരെവേഗം പുരോഗമിച്ചുകൊണ്ടിരുന്നു..

ഭൂമിയിലെങ്ങുമുള്ള മനുഷ്യർ ഉത്സാഹത്തിമിർപ്പിലായിരുന്നു. മനുഷ്യരെല്ലാം  ഗോപുരനിർമ്മാണത്തെ, ഒരു മഹോത്സവംപോലെ തങ്ങളുടെ ഹൃത്തോടുചേർത്തു.

മനുഷ്യര്‍ ഷീനാറിൽ നിര്‍മ്മിക്കുന്ന നഗരവും ഗോപുരവുംകാണാന്‍ കര്‍ത്താവിറങ്ങിവന്നു.

തങ്ങളുടെ കഴിവുകളില്‍ അഹങ്കരിച്ച മനുഷ്യര്‍, ദുഷിച്ച ചിന്തകളിലും ഒരേ മനസ്സുള്ളവരായിരുന്നു. ഗോപുരനിര്‍മ്മാണംകാണാനെത്തിയ ദൈവം, മനുഷ്യരുടെ ചിന്തകളെ തന്‍റെ ജ്ഞാനത്താല്‍ വിവേചിച്ചറിഞ്ഞു. തന്‍റെ കരവേലമാത്രമായ മനുഷ്യന്‍, തന്നെയും കീഴ്പ്പെടുത്താനാഗ്രഹിക്കുന്നതറിഞ്ഞ്, കർത്താവു വേദനിച്ചു. മനുഷ്യരുടെ അഹങ്കാരം, അവിടുത്തെ കോപം ജ്വലിപ്പിക്കുകയുംചെയ്തു.

ഗോപുരത്തിലേയ്ക്കുവയ്ക്കുന്ന ഓരോ ഇഷ്ടികയ്ക്കൊപ്പവും മനുഷ്യന്‍റെ അഹങ്കാരവും ഉയര്‍ന്നുകൊണ്ടിരുന്നു. ഒരേഭാഷ സംസാരിക്കുന്നവരും ഒരൊറ്റജനതയുമായി മനുഷ്യരിനിയുംതുടര്‍ന്നാല്‍ അതു സാത്താന്‍റെ സാമ്രാജ്യം വളര്‍ത്താനേ ഉതകൂ എന്ന്, ദൈവമറിഞ്ഞു. കാരണം അഹങ്കാരവും ദൂഷണവും സകലതിന്മകളുംവരുന്നതു സാത്താനില്‍നിന്നാണ്.

അതിനാൽ, പരസ്പരം മനസ്സിലാക്കാനാവാത്തവിധം അവരുടെ ഭാഷകളെ ഭിന്നിപ്പിക്കാന്‍ കർത്താവു തീരുമാനിച്ചു.

ആ നിമിഷംമുതല്‍ മനുഷ്യര്‍ക്കു പരസ്പരം പറയുന്നതൊന്നും മനസ്സിലാകാതെയായി. ഗോപുരംപണിക്കാര്‍ക്ക് ആശയവിനിമയംനടത്താനാകാതെയായി. ശില്പികള്‍ പറയുന്നതു മേസ്തരിമാര്‍ക്കും, മേസ്തരിമാര്‍ പറയുന്നതു പണിക്കാര്‍ക്കും മനസ്സിലാകാതെയായപ്പോള്‍ ഗോപുരനിര്‍മ്മാണം നിലച്ചു. അതിനൊപ്പം പട്ടണനിർമ്മാണവും!

വിവിധഭാഷക്കാരായ്‌ത്തീര്‍ന്ന മനുഷ്യരെ കര്‍ത്താവു ഭൂമിയില്‍ പലയിടത്തായിച്ചിതറിച്ചു.
ദൈവം ഷീനാറില്‍വച്ചു ഭാഷകള്‍ ഭിന്നിപ്പിച്ചതിനുശേഷം, *'ബാബേല്‍' എന്നാണ് ആ പട്ടണമറിയപ്പെട്ടത്. പാതിവഴിയിൽ പണിമുടങ്ങിപ്പോയ ഗോപുരത്തിനു ബാബേൽഗോപുരമെന്നു പേരുകിട്ടി.

മനുഷ്യർ വീണ്ടും ഭൂമിയിൽ പെരുകിക്കൊണ്ടിരുന്നു. ഒരേഭാഷ സംസാരിക്കാനാകുന്നവർ ഒന്നിച്ചുജീവിച്ചു. അങ്ങനെ പലഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ വിവിധദേശങ്ങളിൽ വളർന്നുവന്നു. വ്യത്യസ്തങ്ങളായ മനുഷ്യസംസ്കാരങ്ങൾ ഭൂമിയിലുദയംകൊണ്ടു. 

അപ്പോഴും കർത്താവിനെത്തേടുന്നവർ ഭൂമിയിലപൂർവ്വമായിരുന്നു....  മനുഷ്യർ പ്രകൃതിവസ്തുക്കളേയും തങ്ങളുടെ ഭാവനാസൃഷ്ടികളേയും ദൈവമായിക്കരുതി ആരാധിച്ചുതുടങ്ങിയത്, അക്കാലത്താണ്...
------------------------------------------------------------------------------------------------------------
* ബാബേൽ = ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നർത്ഥം.  

No comments:

Post a Comment