Sunday 9 April 2017

6. ദൈവവിളി

ബൈബിൾക്കഥകൾ - 6

മഹാപ്രളയത്തിനുശേഷം പലനൂറ്റാണ്ടുകളിലൂടെ ഭൂമി കടന്നുപോയി. ഭൂമിയിൽ വ്യത്യസ്തങ്ങളായ ഭാഷകളുണ്ടായി. ഭാഷകളുടെ അടിസ്ഥാനത്തിൽ മനുഷ്യർ പലസമൂഹങ്ങളായിത്തീർന്നതോടെ, ഭൂമിയിൽ നവീനസംസ്കാരങ്ങളുടലെടുത്തു. 

മനുഷ്യർ പ്രകൃതിശക്തികളെ ദൈവമാക്കിയാരാധിച്ചുതുടങ്ങി. അവർ പുതിയ ദേവീദേവന്മാർക്കായി ബലികളർപ്പിക്കുകയും അവരുടെ ഉത്സവങ്ങളാഘോഷിക്കുകയുംചെയ്തു. എന്നാൽ കർത്താവിനെ വിളിച്ചുപ്രാർത്ഥിക്കുന്ന ഒരുവൻപോലും ഭൂമിയിലില്ലാതെയായി.

അക്കാലത്ത്, മെസെപ്പൊട്ടോമിയയിലെ ഊർ എന്ന ദേശത്ത്, നോഹയുടെ പുത്രനായ ഷേമിന്റെ വംശത്തിൽപ്പിറന്ന, നാഹോറിന്റെ പുത്രനായ തേരാഹ് എന്നൊരാൾ ജീവിച്ചിരുന്നു. .

തേരാഹിന് ഹാരാൻ, നാഹോർ, അബ്രാം എന്നീ പുത്രന്മാരാണുണ്ടായിരുന്നത്. അവരിൽ ഹാരാൻ, തന്റെ പുത്രനായ ലോത്തിനു കൗമാരംപിന്നിടുംമുമ്പേ  മരണമടഞ്ഞു.

ഹാരാന്റെ മരണശേഷം, തേരാഹ് തന്റെ മക്കൾക്കും പേരക്കുട്ടികളോടുമൊപ്പം, ഊറിനേക്കാൾ കൂടുതൽഫലഭൂയിഷ്ഠമായ മറ്റൊരു ദേശത്തേയ്ക്കു കുടിയേറി. തന്റെ പുത്രന്റെ ഓർമ്മയ്ക്കായി, തേരാഹ്, ആ ദേശത്തിനു ഹാരാൻ എന്നു പേരുവിളിച്ചു.

അബ്രാമും നാഹോറും വിവാഹിതരായി. അർദ്ധസഹോദരിയായ സാറായി അബ്രാമിനു ഭാര്യയായപ്പോൾ, സഹോദരനായ ഹാരാന്റെ മകൾ മിൽക്കയെയാണ് നാഹോർ വിവാഹംകഴിച്ചത്. 

ഹാരാൻദേശത്തിന്റെ സമൃദ്ധിയിൽ, തേരാഹിന്റെയും പുത്രന്മാരുടേയും സമ്പത്ത്, അത്യധികമായി വർദ്ധിച്ചു. ആലകളിൽ ആട്ടിൻപറ്റങ്ങളും തൊഴുത്തിൽ കാലികളും നിറഞ്ഞു. അവയ്ക്കെല്ലാം മേയാൻവേണ്ടത്ര സമൃദ്ധമായ മേച്ചിൽപ്പുറങ്ങൾ കണ്ണെത്താദൂരത്തോളം പരന്നുകിടന്നിരുന്നു. 

കാലത്തിന്റെ തികവിൽ നാഹോറിനും മിൽക്കയ്ക്കും പുത്രീപുത്രന്മാർ ജനിച്ചു. എന്നാൽ സാറായി വന്ധ്യയായിരുന്നതിനാൽ അബ്രാമിനു സന്താനഭാഗ്യമുണ്ടായില്ല. സഹോദരപുത്രനായ ലോത്തിനെ അബ്രാം തന്നോടൊപ്പം നിറുത്തി.

ഒരു രാത്രിയിൽ അബ്രാം ഗാഢനിദ്രയിലായിരുന്നപ്പോൾ, ഒരു സ്വപ്നദർശനത്തിൽ, കർത്താവ് അവനോടു സംസാരിച്ചു. 

"ആകാശവും ഭൂമിയും സൃഷ്ടിച്ച, കർത്താവായ ദൈവമാണു ഞാൻ!  ഭൂമി മുഴുവനിലുമുള്ള മനുഷ്യർ എന്നിൽനിന്നകന്നിരിക്കുന്നു. സ്രഷ്ടാവായ എന്നെയന്വേഷിക്കുന്ന ഒരുവൻപോലുമില്ല.

ഇന്നു ഞാൻ, നിന്നെ തിരഞ്ഞെടുത്ത്, മറ്റുമനുഷ്യരിൽനിന്നു വേർതിരിച്ചുനിറുത്തുന്നു.

ഈ ദേശത്തെയും നിന്റെപിതൃഭവനത്തെയും ബന്ധുമിത്രാദികളേയുമുപേക്ഷിച്ച്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേയ്ക്കു പോകുക. അവിടെ നിന്നെ, വലിയൊരു ജനതയാക്കി ഞാൻ വളർത്തും...." 

അബ്രാം നിദ്രയിൽനിന്നുണർന്നു. ചുറ്റുമന്ധകാരംമാത്രം! രാപ്പാടികളുടെ ദുർബ്ബലമായ ശബ്ദമൊഴികെ, തികഞ്ഞ നിശ്ശബ്ദതമാത്രം! 

കേട്ടതെല്ലാം സത്യംതന്നെയോ? അബ്രാമിന് ഒന്നും മനസ്സിലായില്ല. ആ ദിവസംവരെ അവൻ കർത്താവായ ദൈവത്തെക്കുറിച്ചു കേട്ടിരുന്നില്ല...  എങ്കിലും ശുഭകരമായതെന്തോ തന്റെ ജീവിതത്തിൽ സംഭവിക്കാൻപോകുന്നെന്ന് അവന്റെ ഹൃദയം, അവനോടു പറഞ്ഞു....

അബ്രാം മനസ്സു ശാന്തമാക്കി, അല്പനേരം ധ്യാനനിമഗ്നനായി. ഒരിക്കൽക്കൂടെ ആ ശബ്ദം അവന്റെ കർണ്ണങ്ങളിൽ മുഴങ്ങി

''നീ പോകുക, നിന്റെ നാമം ഞാൻ മഹത്തരമാക്കും. നീയെന്നും ഒരനുഗ്രഹമായിരിക്കും.
നിന്നെയനുഗ്രഹിക്കുന്നവരെ ഞാനുമനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ മനുഷ്യവംശങ്ങളെല്ലാം അനുഗൃഹീതമാകും.!"

ഇന്നുവരെ താനറിയുകയോ ആരാധിക്കുകയോചെയ്തിട്ടില്ലാത്തൊരു ദൈവം തന്നെത്തേടിയെത്തിയിരിക്കുന്നു. അവന്റെ ഹൃദയം ആവേശഭരിതമായി.

"കർത്താവേ, ഇതാ ഞാൻ!" അബ്രാം തന്റെ സമ്മതമറിയിച്ചു.

അബ്രാമിനു ധാരാളം ആടുമാടുകളും സ്വര്‍ണ്ണവും വെള്ളിയുമുണ്ടായിരുന്നു. പിറ്റേന്നു പുലർച്ചേ, അബ്രാമും ഭാര്യ സാറായിയും തങ്ങളുടെ ദാസീദാസന്മാരേയും ആടുമാടുകളേയും യാത്രയ്ക്കു തയ്യാറാക്കി. സ്വർണ്ണവും വെള്ളിയുമടക്കമുള്ള സമ്പാദ്യങ്ങൾ ഭാണ്ഡങ്ങളിൽ നിറച്ച്,  കഴുതച്ചുമടുകളായെടുത്തു.

അബ്രാമിന്റെ തീരുമാനമറിഞ്ഞപ്പോൾ ലോത്തും 
അവനോടൊപ്പം പുറപ്പെടാൻ തയ്യാറായി. അബ്രാം അവനെത്തടഞ്ഞെങ്കിലും ലോത്ത് പിന്മാറാൻ തയ്യാറായില്ല. തന്റെ ഭാര്യ, രണ്ടു പെൺകുഞ്ഞുങ്ങൾ, ദാസീദാസന്മാർ, ആടുമാടുകൾ എന്നിവയുമായി ലോത്ത്, അബ്രാമിനും സാറായിക്കുമൊപ്പം പുറപ്പെട്ടു.

അബ്രാമിന് എഴുപത്തിയഞ്ചു വയസ്സുള്ളപ്പോളാണ് അവർ ഹാരാൻ വിട്ടത്.

അബ്രാമും സംഘവും ദീർഘദൂരം സഞ്ചരിച്ച്‌, കാനാൻകാരുടെ ദേശത്ത്, ഷെക്കെമിലെ മോറെയുടെ ഓക്കുമരംവരെയെത്തി. അവിടെയവർ കൂടാരമടിച്ചു.

അവിടെവച്ച്, കര്‍ത്താവ്‌ അബ്രാമിനു പ്രത്യക്ഷപ്പെട്ടു. "നിന്റെ സന്തതികള്‍ക്കായി, ഈ നാടുമുഴുവൻ ഞാന്‍ നല്കും!"  അവിടുന്നു വാഗ്ദാനംചെയ്തു.

അബ്രാമും സാറയും അനപത്യരായ വൃദ്ധരായിരുന്നെങ്കിലും അബ്രാം കർത്താവിന്റെ വാഗ്ദാനത്തിൽ പ്രത്യാശയർപ്പിച്ചു. അവൻ അവിടെയൊരു ബലിപീഠംപണിതു. തന്നെ വിളിച്ചുവേർതിരിച്ച കര്‍ത്താവിനായി, അവനന്നാദ്യമായി ഒരു ബലിയർപ്പിച്ചു.

അവിടെനിന്ന്‌, അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേയ്ക്കു കടന്ന്‌, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി കൂടാരമടിച്ചു. അവിടെയുമൊരു ബലിപീഠം പണിത്‌, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു. 

കാലാവസ്ഥയുടെ മാറ്റവും ജലത്തിന്റെയും മേച്ചിൽപ്പുറങ്ങളുടേയും ലഭ്യതയുമനുസരിച്ച്, അബ്രാമും കൂട്ടരും നാടോടികളായി സഞ്ചരിച്ചുകൊണ്ടിരുന്നു.

വീണ്ടും കുറേ വർഷങ്ങൾക്കുശേഷം, ബഥേലിനും ആയിയ്‌ക്കുമിടയ്ക്ക്, മുമ്പു കൂടാരമടിച്ചതും, ബലിപീഠം പണിതതുമായ സ്‌ഥലത്തേയ്ക്ക് അവർ മടങ്ങിയെത്തി.

അബ്രാമിന്റെയും ലോത്തിന്റെയും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും ദാസീദാസന്മാരും വളരെയധികം വർദ്ധിച്ചിരുന്നു. അവര്‍ക്ക്‌ ഒന്നിച്ചു താമസിക്കാന്‍ ആ ദേശമപ്പോൾ മതിയായിരുന്നില്ല. 

അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ മേയ്‌ക്കുന്നവര്‍തമ്മില്‍ പലപ്പോഴും കലഹങ്ങളുമുണ്ടായി. 
ഒരു സായാഹ്നത്തിൽ, ആ പ്രദേശത്തെ ഏറ്റവുമുയർന്ന ഒരു കുന്നിൻമുകളിലേയ്ക്കു്, അബ്രാം ലോത്തിനെക്കൂട്ടിക്കൊണ്ടുപോയി. അബ്രാം പറഞ്ഞു: "നമ്മള്‍തമ്മിലും നമ്മുടെ ഇടയന്മാര്‍തമ്മിലും കലഹമുണ്ടാകരുത്‌. കാരണം, നമ്മള്‍ ഒരേ രക്തമാണ്. ഇതാ! വിശാലമായ ഈ ദേശമത്രയും ഇപ്പോൾ നമ്മുടെ കണ്മുമ്പിലുണ്ടല്ലോ. ഇവിടെമുതൽ നമുക്കു രണ്ടുദേശങ്ങളിലേയ്ക്കു പിരിയാം. ഇടതുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേയ്ക്കു പൊയ്‌ക്കൊള്ളാം. വലതുഭാഗമാണു നിനക്കിഷ്ടമെങ്കില്‍ ഞാനിടത്തേയ്ക്കു പോയിക്കൊള്ളാം".

ലോത്ത് ചുറ്റും കണ്ണോടിച്ചു. വലതുഭാഗത്ത്, ജോര്‍ദ്ദാന്‍ സമതലംമുഴുവന്‍ ജലപുഷ്‌ടിയുള്ള, കൃഷിയ്ക്കും കാലിവളർത്തലിനും അനുയോജ്യമായ ഭൂമിയാണെന്നു ലോത്ത്‌ കണ്ടു. അവർ നിന്നിരുന്ന കുന്നിന് ഇടതുഭാഗത്തുള്ള, പടിഞ്ഞാറൻദേശമായ കാനാൻപ്രദേശം അത്രമെച്ചമായിരുന്നില്ല.

പിറ്റേന്നു പ്രഭാതത്തിൽ അവർതമ്മിൽ പിരിഞ്ഞു.

ലോത്ത്, കിഴക്കുള്ള ജോർദ്ദാൻസമതലം തിരഞ്ഞെടുത്തു. സോദോം, ഗോമോറോ എന്നീ പട്ടണങ്ങൾക്കു നടുവിലുള്ള താഴ്‌വരയിൽ അവൻ കൂടാരമടിച്ചു.

അബ്രാം പടിഞ്ഞാറൻദേശമായ കാനാൻദേശത്തു പാളയമുറപ്പിച്ചു.

No comments:

Post a Comment