Sunday 30 April 2017

9. ലോത്തിന്റെ പെണ്മക്കൾ

ബൈബിൾക്കഥകൾ - 9

വാതിൽ തല്ലിത്തകർക്കാനായി വരുന്നവരെത്തടഞ്ഞ് ലോത്ത് വാതിലിനുമുമ്പിൽ നിന്നു.

പെട്ടെന്ന്, അകത്തുനിന്നു വാതിൽ തുറക്കപ്പെട്ടു. പുറത്തേക്കു നീണ്ടുവന്നൊരു കൈ, ലോത്തിനെ വീടിനകത്തേക്കു വലിച്ചെടുത്തു. വാതിൽ വീണ്ടുമടഞ്ഞു.

ആ നിമിഷത്തിൽത്തന്നെ, പുറത്തുണ്ടായിരുന്ന മുഴുവൻപേരുടേയും കണ്ണുകൾ അന്ധമായിപ്പോയി. സംഭവിച്ചതെന്തെന്നറിയാതെ അവർ ഇരുളിൽ തപ്പിത്തടഞ്ഞു.

ലോത്തിന്റെ അതിഥികൾ യഥാർത്ഥത്തിൽ ദൈവദൂതന്മാർതന്നെയായിരുന്നു. സോദോമിന്റെ വിധിനിർണ്ണയിക്കാൻ ദൈവമയച്ച മാലാഖമാർ!

നേരം പുലരാറായപ്പോൾ ദൂതന്മാർ ലോത്തിനോടു പറഞ്ഞു: "ഈ നഗരത്തിന്റെ പാപങ്ങൾമൂലം കർത്താവ്, ഇതിനെ നശിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു എഴുന്നേറ്റ്, നിന്റെ ഭാര്യയെയും പെണ്മക്കള്‍ രണ്ടുപേരെയുംകൂട്ടി വേഗമിവിടെനിന്നു പുറപ്പെടുക. എത്രയുംപെട്ടെന്ന്, ഈ നഗരത്തിൽനിന്നകലെയെത്തണം. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും."

എന്നാൽ പുറത്തുണ്ടായിരുന്ന അക്രമിസംഘത്തെക്കുറിച്ചോർത്തപ്പോൾ ലോത്ത്, വീടിനു പുറത്തേക്കിറങ്ങാൻ മടിച്ചു. 

ലോത്തിന്റെയും കുടുംബത്തിന്റെയുംമേൽ കർത്താവിനു കനിവുതോന്നിയതിനാൽ മാലാഖമാർ ലോത്തിനൊപ്പം ചെല്ലാൻ തയ്യാറായി. ലോത്തിനേയും കുടുംബത്തേയും അവർ നഗരകവാടത്തിനു പുറത്തെത്തിച്ചു.

ദൂതന്മാരിലൊരുവന്‍ പറഞ്ഞു: "ജീവന്‍വേണമെങ്കില്‍ ഇവിടെനിന്നോടിപ്പോവുക. പുറകിലെന്തുസംഭവിച്ചാലും നിങ്ങൾ പിന്തിരിഞ്ഞുനോക്കരുത്‌. താഴ്‌വരയുപേക്ഷിച്ച്, മലമുകളിലേക്ക്‌ ഓടി രക്ഷപെടുക."

ലോത്ത് പറഞ്ഞു. "യജമാനന്മാരേ, നിങ്ങൾക്കു ഞങ്ങളുടെമേൽ കരുണതോന്നിയതിനാൽ ഞങ്ങൾ കർത്താവിനു നന്ദിപറയുന്നു. എന്നാൽ ഈ മലമുകളിലേക്കു് ഓടിക്കയറാൻ ഞങ്ങൾക്കു സാധിക്കില്ല. അങ്ങകലെക്കാണുന്ന സോവാർ എന്ന ചെറിയ പട്ടണത്തിലേക്കു ഞങ്ങൾ പോയിക്കൊള്ളട്ടേ?"

മാലാഖമാർ അവരെയതിനനുവദിച്ചു. "നീയാഗ്രഹിക്കുന്നതുപോലെ, ആ പട്ടണത്തിലേക്കു വേഗം രക്ഷപ്പെട്ടുകൊള്ളൂ, ആ പട്ടണം സുരക്ഷിതമായിരിക്കും. നിങ്ങളവിടെയെത്തുന്നതുവരെ ഞങ്ങൾ കാത്തുനില്ക്കാം."

ലോത്തും കുടുംബവും സോവാർ പട്ടണത്തിലേക്കോടി. പട്ടണപ്രാന്തത്തിലെത്തുമ്പോൾ, സൂര്യൻ ഉദിച്ചുതുടങ്ങിയിരുന്നു.

അവർ ആ പട്ടണത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പുതന്നെ സോദോമിന്റെയും ഗൊമോറോയുടെയുംമേൽ ഗന്ധകവുമഗ്നിയും മഴയായി പെയ്തുതുടങ്ങി. രണ്ടു നഗരങ്ങളുംചേർന്നു്, അഗ്നിയുടെയൊരു ക്ഷുഭിതസാഗരമായിത്തീർന്നു അവിടെയുണ്ടായിരുന്ന മനുഷ്യരും മൃഗങ്ങളും ഹരിതസസ്യങ്ങളും വൃക്ഷങ്ങളും കത്തിയമർന്നു

ലോത്തും കുടുംബവും അപ്പോഴും ജീവൻ രക്ഷിക്കാനായി ഓടുകയായിരുന്നു.എല്ലാവർക്കും പിന്നിലായാണ്, ലോത്തിന്റെ ഭാര്യ ഓടിയെത്തിയത്. പിറകിൽനിന്നുവരുന്ന തീവ്രപ്രകാശവും ഭയാനകമായ ഇടിമുഴക്കങ്ങളുംകേട്ടപ്പോൾ ദൂതന്റെ വാക്കുകൾ അവൾ മറന്നുപോയി. എന്താണു സംഭവിക്കുന്നതെന്നറിയാൻ, ഒരു നിമിഷം അവളൊന്നു പിന്തിരിഞ്ഞുനോക്കി. അരക്ഷണത്തിൽ അവളുടെ ചലനം നിലച്ചു, ശരീരം മരവിച്ചു... ആർക്കും തിരിച്ചറിയാനാവാത്തവിധം അവളുടെ ശരീരം ഉപ്പുതൂണായി മണ്ണിലുറച്ചുപോയി...

സൂര്യോദയമായപ്പോൾ അബ്രാഹമെഴുന്നേറ്റ്‌, ഓക്കുമരത്തോട്ടത്തിലെത്തി. സോദോമിന്റെയും ഗൊമോറായുടേയും ദിക്കിൽനിന്ന്  തീച്ചൂളയില്‍നിന്നെന്നപോലെ പുകപൊങ്ങുന്നതാണവൻ കണ്ടതു്.. ആ നഗരങ്ങൾക്കുവേണ്ടിയുള്ള തന്റെ പ്രാർത്ഥന വ്യർത്ഥമായെന്നവനറിഞ്ഞു.

ലോത്ത് സോവാർ പട്ടണത്തിലെത്തിയതിനുശേഷംമാത്രമാണ്, തന്റെ ഭാര്യ തന്നോടൊപ്പമില്ലെന്നു തിരിച്ചറിഞ്ഞത്! ഭാര്യയും വീടും സമ്പത്തുമെല്ലാം നഷ്ടപ്പെട്ടു തകർന്നുപോയ ആ മനുഷ്യൻ തന്റെ പെണ്മക്കളെ ഇരുവശത്തും ചേർത്തുപിടിച്ച് സോവാർ പട്ടണത്തിന്റെ കവാടത്തിനു പുറത്തിരുന്നു കരഞ്ഞു.

അപരിചിതമായ ആ പട്ടണത്തിൽ അഭയംതേടാൻ അവനു ഭയമായിരുന്നു. അതിനാൽ ലോത്ത്, തന്റെ മക്കളോടൊത്ത്, മലമുകളിലേക്കു നടന്നു. അരുവിയിലെ ജലവും കാട്ടുപഴങ്ങളും കഴിച്ചു ക്ഷീണംതീർത്ത ആ കുടുംബം ഒരു ഗുഹയിൽ താമസിക്കാനിടംകണ്ടെത്തി.

കാട്ടുപഴങ്ങളും കാട്ടരുവിയിലെ ജലവും ലോത്തിന്റെയും മക്കളുടേയും ജീവൻ നിലനിറുത്തി. ദിവസങ്ങൾ മുമ്പോട്ടുപോകവേ, തങ്ങൾ താമസിച്ചിരുന്ന ഗുഹയ്ക്കു ചുറ്റുമായി അവർ മുന്തിരിയും ധാന്യങ്ങളും കൃഷിചെയ്തുതുടങ്ങി.

ലോത്തുമാത്രം വല്ലപ്പോഴും സോവാറിലെ ചന്തയിലേക്കുപോയിരുന്നതല്ലാതെ, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആ കുടുംബത്തിന്റെ ദിനരാത്രങ്ങൾ കടന്നുപോയി. അവരുടെ സ്വപ്നങ്ങളും സന്തോഷങ്ങളും സോദോമിൽപ്പെയ്ത അഗ്നിമഴയിൽ, കരിഞ്ഞുചാരമായിപ്പോയിരുന്നു.

വർഷങ്ങൾ പലതു കഴിഞ്ഞുപോയി. മറ്റുമനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്തൊരു തുരുത്തായി അവർ കഴിഞ്ഞു. ഋതുഭേദങ്ങളെല്ലാം അവർക്കൊരുപോലെയായിരുന്നു. 

കിനാവുവറ്റിയ മനസ്സും കണ്ണുനീർവറ്റിയ മിഴികളുമായി ജീവിതം കൺമുമ്പിൽ വിറങ്ങലിച്ചുനിന്ന ദിവസങ്ങളിലൊന്നിൽ ലോത്തിന്റെ മൂത്തമകൾ അനുജത്തിയോടു പറഞ്ഞു: "നമ്മുടെ പിതാവിനു പ്രായമായിരിക്കുന്നു. വനത്തിലെ ഈ ഗുഹയ്ക്കുള്ളിൽ നമ്മുടെ യൗവനവുമവസാനിക്കുന്നു. ലോകനടപ്പനുസരിച്ചു നമ്മളെ വിവാഹംകഴിക്കാനും നമ്മിൽ ജീവന്റെ വിത്തുവിതയ്ക്കാനും ഇനിയുമേതെങ്കിലുമൊരു  പുരുഷനെത്തുമോ?" ചേച്ചിയുടെ വാക്കുകൾ സത്യമാണെന്ന് ഇളയവൾക്കും തോന്നി.

അവരിരുവരുംചേർന്ന്, ഒരു തീരുമാനത്തിലെത്തി.

അന്നുരാത്രി, അവർ പിതാവിനായി ധാരാളം വീഞ്ഞുവിളമ്പി. ലോത്ത്, വീഞ്ഞുകുടിച്ചുന്മത്തനായപ്പോൾ മൂത്തവൾ പിതാവിനോടുകൂടെ ശയിച്ചു. അവള്‍വന്നു തന്നോടു ചേർന്നുകിടന്നതോ എഴുന്നേറ്റുപോയതോ ലോത്തറിഞ്ഞില്ല.

അടുത്ത രാത്രിയിലും ആ രാത്രിയുടെ തനിയാവർത്തനമായിരുന്നു. ഇളയവളും ചേച്ചിയുടെ വഴിതന്നെ പിന്തുടർന്നു. മദ്യത്തിന്റെയുന്മാദമൂർച്ഛയിൽ സംഭവിച്ചതൊന്നും ലോത്തിന്റെ ബോധമണ്ഡലത്തിനറിവുണ്ടായിരുന്നില്ല.

രണ്ടു പുത്രിമാരും തന്നില്‍നിന്നാണു ഗര്‍ഭിണികളായതെന്നറിഞ്ഞപ്പോൾ അയാൾ തകർന്നുപോയി! എന്നാൽ ലോത്തിന്റെ പെണ്മക്കൾക്കു ഖേദംതോന്നിയില്ല... 

അവർ സോദോമിൽ വളർന്നവരായിരുന്നു!

സമയത്തിന്റെ പൂർത്തിയിൽ രണ്ടാൺകുഞ്ഞുങ്ങൾകൂടെ ഭൂമിയിൽപ്പിറന്നു. ചേച്ചിയിൽനിന്നു മൊവാബും അനുജത്തിയിൽനിന്നു ബെൻ അമ്മിയും ജനിച്ചു. 

ഭാവിയിൽ അബ്രഹാമിന്റെ സന്തതികളോടു പടപൊരുതാനുള്ള *രണ്ടുവംശങ്ങൾ അവിടെ ഉടലെടുക്കുകയായിരുന്നു...

------------------------------------------
*മൊവാബിൽനിന്നു മൊവാബ്യജനത, ബെൻഅമ്മിയിൽനിന്ന് അമോന്യജനത


No comments:

Post a Comment