Sunday 7 May 2017

10. ഇസഹാക്ക്

ബൈബിൾക്കഥകൾ -10

വസന്തകാലത്തിലെ ഒരു പ്രഭാതത്തിൽ, അബ്രാഹം തന്റെ കൂടാരവാതില്‍ക്കലിരിക്കുകയായിരുന്നു. ബാലസൂര്യൻ മദ്ധ്യാഹ്നത്തിലേക്കുള്ള വഴിയിലേക്കു നടന്നുതുടങ്ങിയതിനാൽ കിരണങ്ങൾക്കു ചൂടുകൂടിത്തുടങ്ങിയിരുന്നു. അപ്പോൾ, തന്റെ കൂടാരത്തിനുനേരേ മൂന്നു വ്യക്തികൾ നടന്നുവരുന്നത് അബ്രഹാം കണ്ടു. 

അവൻ കൂടാരവാതില്‍ക്കല്‍നിന്നെഴുന്നേറ്റ്, അവരെയെതിരേല്ക്കാനായി, അവരുടെയടുത്തേയ്ക്കോടിച്ചെന്നു.

 "സ്നേഹിതരേ, വരൂ, വെയിൽമൂത്തുതുടങ്ങിയിരിക്കുന്നു. അല്പനേരം എന്റെ കൂടാരത്തില്‍ വിശ്രമിച്ച്, ഭക്ഷണംകഴിച്ചതിനുശേഷം, വെയിലാറിത്തുടങ്ങുമ്പോൾ നിങ്ങള്‍ക്കു യാത്രതുടരാം. കാലുകഴുകാന്‍ ഞാന്‍ കുറച്ചുവെള്ളം കൊണ്ടുവരട്ടെ! നിങ്ങള്‍ ഈ മരത്തണലിലിരുന്നു വിശ്രമിക്കൂ."

അബ്രഹാം അവരെ തന്റെ അതിഥികളായിക്കണ്ട്, പാളയത്തിലേയ്ക്കു ക്ഷണിച്ചു.

പിന്നെ, പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: "നമുക്കു ചില അതിഥികളുണ്ടു്. കുറച്ചു മാവെടുത്തു കുഴച്ച്, അവർക്കായി അപ്പമുണ്ടാക്കുക." 

കാലിക്കൂട്ടത്തില്‍നിന്ന്, കൊഴുത്തുതടിച്ച ഒരു കാളക്കുട്ടിയെപ്പിടിച്ച്, അബ്രഹാം വേലക്കാരനെയേല്പിച്ചു. അതിനെക്കൊന്ന്, പാകംചെയ്യാൻ അവനോടു കല്പിച്ചു.

തുകൽസഞ്ചിയിൽ വെള്ളവുമായി, അവൻ അതിഥികളുടെ സമീപം മടങ്ങിയെത്തി. അവരുടെ പാദങ്ങൾ കഴുകി. ഓക്കുമരത്തിനുകീഴിൽ മൂന്നുപീoങ്ങളിട്ട്, അവരെയവിടെയിരുത്തി.

പാലും വെണ്ണയും അപ്പവും, പാകംചെയ്ത മൂരിയിറച്ചിയുമായി, ദാസന്മാരെത്തി. അബ്രഹാംതന്നെ അതിഥികളുടെമുമ്പില്‍ അതു വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടുനിന്നു.

അവരവനോടു ചോദിച്ചു: "നിന്റെ ഭാര്യ സാറായെവിടെ?" 

തന്റെ ഭാര്യയായ സാറയെ അവരെങ്ങനെയറിയുമെന്ന് അബ്രഹാം അദ്ഭുതംകൂറി. കാരണം, അബ്രഹാം അവരെ തിരിച്ചറിഞ്ഞിരുന്നില്ല. അതു  കര്‍ത്താവുതന്നെയായിരുന്നു.

"കൂടാരത്തിലുണ്ട്" അവന്‍ മറുപടി പറഞ്ഞു.

കര്‍ത്താവ് അബ്രഹാമിനോടു പറഞ്ഞു: "അടുത്ത വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരികേവരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്കൊരു പുത്രനുണ്ടായിരിക്കും."

മരത്തിനു പിറകില്‍, കൂടാരവാതില്‍ക്കല്‍നിന്നുകൊണ്ട്, സാറായും ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. 
ഇരുപത്തഞ്ചിലേറെ വർഷങ്ങൾക്കുമുമ്പ്, ഹാരാനിൽനിന്നു പുറപ്പെട്ടനാൾമുതൽnകേൾക്കുന്ന അതേ വാഗ്ദാനം! 

"എനിക്കു പ്രായമേറെയായിഭര്‍ത്താവും വൃദ്ധനായി. ഇനി ഞങ്ങൾക്കു സന്താനഭാഗ്യമുണ്ടാകുമെന്നോ...!'' സാറാ ചിരിച്ചുപോയി 

കര്‍ത്താവു ചോദിച്ചു: "സാറാ ചിരിച്ചതെന്തിന്കര്‍ത്താവായ എനിക്കു കഴിയാത്തതെന്തെങ്കിലുമുണ്ടോ?"

"ഇല്ലാ, ഞാൻ ചിരിച്ചില്ലാ..."  അതു കർത്താവാണെന്നറിഞ്ഞപ്പോൾ സാറാ ഭയത്തോടെ വിളിച്ചുപറഞ്ഞു.

"അല്ലാ, നീ ചിരിക്കുകതന്നെചെയ്തു." 

അവിടുന്ന് അബ്രാഹമിനോടു പറഞ്ഞു. "അടുത്ത വസന്തത്തിൽ, നിശ്ചിതസമയത്തു ഞാന്‍ നിന്റെയടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്കൊരു മകനുണ്ടായിരിക്കും." 

അബ്രഹാമും സാറയും കർത്താവിനുമുമ്പിൽ ശിരസ്സു നമിച്ചു, നിലംപറ്റേ താണുവണങ്ങി. അതിഥികള്‍ അവരെ അനുഗ്രഹിച്ചതിനുശേഷം യാത്രയായി. 

ദൈവത്തിന്റെ വാഗ്ദാനത്തില്‍ അബ്രഹാം ഉറച്ചുവിശ്വസിച്ചു.

ഏറെവൈകാതെ, വൃദ്ധനായ അബ്രാഹത്തില്‍നിന്നു സാറാ ഗര്‍ഭംധരിച്ചു. സമയത്തിന്റെ തികവിൽ അവളൊരു പുത്രനെ പ്രസവിക്കുകയുംചെയ്തു. അബ്രാഹാമിനു നൂറുവയസ്സുള്ളപ്പോളാണ്‌, സാറായ്ക്കു പുത്രൻ ജനിച്ചത്‌.

സാറാ ആഹ്ലാദത്തോടെ പറഞ്ഞു: "എനിക്കു സന്തോഷിക്കാന്‍ ദൈവം വകനല്കിയിരിക്കുന്നു. സാറാ മുലയൂട്ടുമെന്ന്‌ ആരും കരുതിയിരുന്നില്ല. എന്നാലിതാ എന്റെ ഭർത്താവിന്റെ വാർദ്ധക്യത്തിൽ, ഞാനദ്ദേഹത്തിനൊരു മകനെ നല്കിയിരിക്കുന്നു."

സാറായുടെ പുത്രന്, അബ്രഹാം, ഇസഹാക്കെന്നു പേരിട്ടു. ഇസഹാക്കിന് എട്ടുദിവസം പ്രായമായപ്പോൾ, കർത്താവു കല്പിച്ചിരുന്നതുപോലെ, അവനെ പരിച്ഛേദനംചെയ്തു.

ഇസഹാക്ക് പിച്ചവച്ചു നടന്നുതുടങ്ങി. കൗമാരക്കാരനായ
ഇസ്മായേൽ അനുജനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവൻ ഇസഹാക്കിനൊപ്പം കളിക്കാനും സമയംകണ്ടെത്തി.

എന്നാൽ ഹാഗാറിന്റെ പുത്രൻ, തന്റെ മകനോടൊപ്പം കളിക്കുന്നതു സാറാ ഇഷ്ടപ്പെട്ടില്ല. അബ്രഹാമിന്റെ സമ്പത്തിൽ, തന്റെ പുത്രനോടൊപ്പം ദാസീപുത്രനും പങ്കുപറ്റാനിടവരരുതെന്ന് അവളുറപ്പിച്ചു.

ഹാഗാറിനേയും മകനേയും പുറത്താക്കണമെന്നാവശ്യപ്പെട്ട്, സാറാ അബ്രാഹാമിനെ നിരന്തരം ശല്യപ്പെടുത്തിത്തുടങ്ങി. അബ്രാഹം അസ്വസ്ഥനായിത്തീർന്നു. ഇസ്മായേലിനെക്കുറിച്ച് അവൻ ആകുലചിത്തനായി.

ഒരു രാത്രിയിൽ സ്വപ്നദർശനത്തിൽ കർത്താവ് അബ്രാഹത്തോടരുളിച്ചെയ്‌തു: "ഇസ്മായേലിനേയും അവന്റെ അമ്മയേയുമോർത്ത്, നീ ആകുലനാകേണ്ടാ. നീയും നിന്റെ തലമുറകളും ഇസഹാക്കിലൂടെയാണ്, ജനതകൾക്കിടയിലറിയപ്പെടാപോകുന്നതു്. എങ്കിലും നിന്റെ പുത്രനായതിനാൽ, ഇസ്മായേലിനെയും ഞാൻ കൈവിടില്ല. അവനെയും ഞാൻ വലിയൊരു ജനതയായി വളർത്തും." 

എന്നത്തേതുംപോലെ അബ്രഹാം കർത്താവിൽ പൂർണ്ണമായി വിശ്വാസമർപ്പിച്ചു.

പിറ്റേന്നു രാവിലെതന്നെ അബ്രഹാം ഹാഗാറിനെ വിളിച്ചു.

"ഇന്നുതന്നെ, ഇസ്മയേലിനൊപ്പം നീയീ പാളയംവിട്ടിറങ്ങണം. ഈജിപ്തിലെ, നിന്റെ പിതൃഭവനത്തിലേക്കു മടങ്ങിക്കൊള്ളുക."

"ഞാനെവിടേയ്ക്കു പോകും? ഈജിപ്തിലേക്കുള്ള വഴിയെനിക്കറിയില്ല. എന്റെ ബാല്യത്തിൽത്തന്നെ അങ്ങെന്നെ അടിമയായി വാങ്ങി. എന്റെ നാടും ബന്ധുജനങ്ങളുമെവിടെയെന്നു ഞാനെങ്ങനെ കണ്ടെത്തും. മുമ്പെന്നപോലെ, ദാസിയായിത്തന്നെ ഞാനിവിടെക്കഴിയാം. അങ്ങെന്നെയുപേക്ഷിച്ചാൽ ഞാനുമെന്റെ കുഞ്ഞും മരുഭൂമിയിലെവിടെയെങ്കിലും മരിച്ചുവീഴുകയേയുള്ളൂ...."

ഹാഗാർ എത്രതന്നെ കേണപേക്ഷിച്ചിട്ടും അബ്രഹാം തന്റെ തീരുമാനം മാറ്റിയില്ല. ഒടുവിൽ, കുറേ അപ്പവും ഒരു തുകല്‍സഞ്ചിയില്‍ വെള്ളവുമെടുത്ത്‌, പതിനഞ്ചുകാരനായ ഇസ്മായേലിനൊപ്പം ഹാഗാർ ആ പാളയത്തിൽനിന്നിറങ്ങി. 

രണ്ടു രാവും രണ്ടു പകലും, ബേര്‍ഷെബ മരുപ്രദേശത്തുകൂടെ അമ്മയും മകനുമലഞ്ഞുനടന്നു. സഹായത്തിനായി ഒരു മനുഷ്യനെപ്പോലും എങ്ങും കണ്ടില്ല.

തുകല്‍സഞ്ചിയിലെ വെള്ളംമുഴുവൻ തീര്‍ന്നു. വിശപ്പും ദാഹവുംമൂലം രണ്ടാളുമവശരായി. തളർന്നുവീണ ഇസ്മായേലിനെ ഹാഗാർ ഒരു കുറ്റിക്കാടിനടുത്തുകിടത്തി. തന്റെ  കുഞ്ഞിന് ഇനിയേറെ ആയുസ്സുണ്ടാകില്ലെന്ന് അവൾ ഭയന്നു. അവന്റെ മരണംകാണാൻ കരുത്തില്ലാതെ കുറെയകലെമാറി, ഇസ്മയേൽ കിടക്കുന്നതിന്റെ എതിർദിശയിലേക്കുനോക്കി, കൈകളിൽ മുഖംചേർത്തുവച്ച്, ഹാഗാർ കരഞ്ഞു..

വിശപ്പും ദാഹവുംമൂലം കിടന്നിടത്തുനിന്നെഴുന്നേൽക്കാനാവാത്തവിധം ഇസ്മയേൽ തളർന്നുപോയിരുന്നു. അവന്റെ കണ്ണുകളിൽനിന്നു കണ്ണുനീരൊഴുക്കിക്കൊണ്ടിരുന്നു...

കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗ്ഗത്തില്‍നിന്ന്‌, കർത്താവിന്റെ ദൂതന്‍ ഹാഗാറിനു സമീപമെത്തി. ഹാഗാർ മണ്ണിൽ മുഖംചേർത്തു കരയുകയായിരുന്നു.

"ഹാഗാര്‍, നീ വിഷമിക്കേണ്ടാ; കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. അവന് അപകടമൊന്നും സംഭവിക്കുകയില്ല. അവനില്‍നിന്ന്‌ വലിയൊരു ജനതയുദ്ഭവിക്കും." 


ശബ്ദംകേട്ടു ഹാഗാർ കണ്ണുതുറന്നു ചുറ്റുംനോക്കി. ആരെയുമവൾ കണ്ടില്ല. എന്നാൽ മറ്റൊരു കാഴ്ച അവളെ അദ്ഭുതപരതന്ത്രയാക്കി. അവളുടെ വലതുവശത്തായി ജലത്തിന്റെ ഒരുറവയുണ്ടായിരുന്നു! 

ആ ഉറവയിൽനിന്ന് തുകല്‍സഞ്ചിനിറയെ വെള്ളംകോരി, അവൾ തന്റെ മകനു കുടിക്കാന്‍കൊടുത്തു. അവളും കുടിച്ചു.

അവർ ആ ഉറവയ്ക്കരികേ, മരുഭൂമിയില്‍ത്തന്നെ കൂടാരമടിച്ചു താമസമാരംഭിച്ചു. ഇസ്മയേൽ, മരുഭൂമിയിലെ ചെറുജീവികളെ വേട്ടയാടിപ്പിടിച്ചുതുടങ്ങി. അവൻ സമര്‍ത്ഥനായൊരു വില്ലാളിയും വേട്ടക്കാരനുമായി വളർന്നുവന്നു.. 

കാലം പിന്നെയും കടന്നുപോയി.  അബ്രാഹമിന്റെ വിശ്വാസമെത്രത്തോളമുണ്ടെന്നു പരിശോധിച്ചറിയാൻ കർത്താവു നിശ്ചയിച്ചു. 

ഒരുദിവസം അവിടുന്നബ്രാഹിമിനോടു പറഞ്ഞു: 

"നീ സ്നേഹിക്കുന്ന, നിന്റെ പുത്രൻ ഇസഹാക്കിനെ, മോറിയാദേശത്ത്, ഞാൻ കാണിക്കുന്ന മലയിൽ എനിക്കു ദഹനബലിയായർപ്പിക്കണം."

അബ്രഹാം ഞെട്ടിപ്പോയി. ഇസ്മയേൽ ഇപ്പോൾ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോയെന്നുപോലുമോ അറിയില്ല...

ഇപ്പോൾ ഇസഹാക്കുകൂടെ...

അതേനിമിഷം അബ്രഹാമിന്റെ മനസ്സിലൂടെ മറ്റൊരു ചിന്ത കടന്നുപോയി. കർത്താവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണമായി ജനിച്ച പുത്രനാണിസഹാക്ക്. അബ്രഹാമിന്റെ മാനുഷികചിന്തകൾക്കുമേൽ കർത്താവിനോടുള്ള വിശ്വാസം ആധിപത്യമുറപ്പിച്ചു. സാറാ പ്രസവിക്കുന്ന പുത്രനിലൂടെ അനവധി തലമുറകളുടെ പിതാവാക്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തിൽ അബ്രഹാം പൂർണ്ണമായും വിശ്വസിച്ചു. 

പിറ്റേന്നു പുലർച്ചെ, രണ്ടു ദാസന്മാർക്കും ഇസഹാക്കിനുമൊപ്പം അബ്രഹാം മോറിയമലയിലേക്കു യാത്രയായി. കഴുതച്ചുമടായി ബലിക്കുള്ള വിറകും അവർ കരുതിയിരുന്നു. 

മൂൂന്നു ദിവസംനീണ്ട യാത്രയ്ക്കുശേഷമാണ് അവർ മോറിയമലയുടെ താഴ്‌വരയിലെത്തിയത്. 

അബ്രഹാം ദാസന്മാരോടു പറഞ്ഞു. "നിങ്ങൾ കഴുതയുമായി ഇവിടെ നില്കുക. ഞങ്ങൾ മലമുകളിൽപ്പോയി, കർത്താവിനെയാരാധിച്ചു മടങ്ങിയെത്താം"

ദഹനബലിക്കുള്ള വിറകു് ഇസഹാക്ക് തോളിലെടുത്തു.. കത്തിയും തീയും അബ്രഹാമെടുത്തു. മലമുകളിലേക്കു കയറിത്തുടങ്ങിയപ്പോൾ ഇസഹാക്ക് ചോദിച്ചു:

"ആബാ, നമ്മുടെ കൈയിൽ തീയും വിറകുമുണ്ട്! എന്നാൽ ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?"

അത്, അബ്രഹാമിന്റെ ഹൃദയം തകർക്കുന്നൊരു ചോദ്യമായിരുന്നു. ഒരു നിമിഷം അയാൾ മകന്റെ മുഖത്തേക്കു നോക്കി. 

നൂറാംവയസ്സിൽ കർത്താവിന്റെ വാഗ്ദാനപ്രകാരം തനിക്കു പിറന്ന പുത്രൻ! അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കുന്ന കർത്താവിന്റെ ദാനമാണിവൻ. ഇവനിലൂടെ തന്റെ തലമുറകൾ അനുഗ്രഹിക്കപ്പെടുമെന്നു വാഗ്ദാനംചെയ്തതും അതേ കർത്താവുതന്നെ! 

ഇസഹാക്കിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അബ്രഹാത്തിന്റെ മനസ്സിൽ വീണ്ടും കർത്താവിന്റെ വാഗ്ദാനത്തിന്റെ ഓർമ്മയുണർന്നു.

തൊണ്ണൂറുവയസ്സുകഴിഞ്ഞ സാറയിലൂടെ തനിക്കിവനെ നല്കിയ ദൈവം, അവനിലൂടെ നിരവധി തലമുറകൾ നല്കുമെന്ന വാഗ്ദാനവും നിറവേറ്റുമെന്ന ഉറച്ചവിശ്വാസത്തോടെ അബ്രഹാം പറഞ്ഞു:

"ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തരും"

അവർ മലമുകളിലേക്കു കയറി. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ അബ്രഹാം അവിടെയൊരു ബലിപീഠം നിർമ്മിച്ചു. വിറകടുക്കിവച്ച്, അവൻ കണ്ണുകളടച്ചു. ഇസഹാക്കിലൂടെ അനേകം തലമുറകളെ നല്കുമെന്ന കർത്താവിന്റെ വാഗ്ദാനം ഒരിക്കൽക്കൂടെ അവന്റെ മനസ്സിലൂടെ കടന്നുപോയി.

അയാൾ ഇസഹാക്കിനെ ബന്ധിച്ചു ബലിപീഠത്തിൽക്കിടത്തി. മകനെ ബലികഴിക്കാൻ കത്തി കൈയിലെടുത്തു. പിതാവിന്റെ കൈയിലെ കത്തി, തന്റെ കഴുത്തിനുനേരേ നീളുന്നത് ഇസഹാക്ക് വിറയലോടെ നോക്കിക്കണ്ടു.

തൽക്ഷണം ആകാശത്തുനിന്നു് ഒരു ശബ്ദമുയർന്നു 

 "അബ്രഹാം അബ്രഹാം"

"ഇതാ ഞാൻ" അബ്രഹാം വിളികേട്ടു. 

"കുട്ടിയുടെമേൽ കൈവയ്ക്കരുതു്. പൂർണ്ണമനസ്സോടെ എന്നെയനുസരിക്കുന്നവനാണു നീയെന്ന്, നിന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചുകഴിഞ്ഞു."

അബ്രഹാം ചുറ്റും നോക്കി. തനിക്കുപിന്നിൽ, മുൾച്ചെടികളിൽ കൊമ്പുടക്കിനില്ക്കുന്ന ഒരു മുട്ടനാടിനെ അവൻ കണ്ടു. 

അബ്രഹാം ഇസഹാക്കിനെ ബലിപീഠത്തിൽനിന്ന് എടുത്തുയർത്തി. മകനെ, നെഞ്ചോടുചേർത്തുപിടിച്ചുകരഞ്ഞു. 

വള്ളിയിൽക്കുടുങ്ങിക്കിടന്ന മുട്ടാടിനെ, അവർ ദഹനബലിയായർപ്പിച്ചു.

അഗ്നിനാളങ്ങൾ ബലിയാടിന്റെ മാംസത്തിലാളിയുയരുമ്പോൾ. വീണ്ടുമൊരശരീരി ശബ്ദമുയർന്നു.

"നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ നീ തയ്യാറായതിനാൽ നിന്റെ സന്തതികളെ, ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ദ്ധിപ്പിക്കും. നീയെന്റെ വാക്കനുസരിച്ചതുകൊണ്ട്, നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാമനുഗ്രഹിക്കപ്പെടും."

ശബ്ദം കേട്ടിടത്തേക്കുനോക്കി, അബ്രഹാമും ഇസഹാക്കും നിലത്തോടുചേർന്നു താണുവണങ്ങി. 

പിന്നെയവർ സന്തോഷത്തോടെ മലയിറങ്ങിത്തുടങ്ങി.

No comments:

Post a Comment