Saturday 30 May 2020

112. ദുരന്തവാർത്തകൾ

ബൈബിൾക്കഥകൾ 112


അഫെക്കിലെ ഫിലിസ്ത്യതാവളത്തിൽനിന്നു പുറപ്പെട്ട ദാവീദും അനുയായികളും മൂന്നാംദിവസം സിക്‌ലാഗിലെത്തിച്ചേർന്നു..

വലിയൊരു ദുരന്തവാർത്തയാണ് അവിടെയവരെ കാത്തിരുന്നത്.

അക്കീഷും ദാവീദും സ്ഥലത്തില്ലെന്നറിഞ്ഞ അമലേക്യർ, നെഗെബും സിക്‌ലാഗും ആക്രമിച്ചുകൊള്ളയടിച്ചു.രണ്ടു നഗരങ്ങളും അവർ അഗ്നിക്കിരയാക്കി. ദാവീദിൻ്റെയും അനുയായികളുടേയും ഭാര്യമാരും പുത്രീപുത്രന്മാരുമടക്കം ജനങ്ങളെയെല്ലാം അവർ അടിമകളായി പിടിച്ചുകൊണ്ടുപോയിരുന്നു.

നഗരത്തിലെ കാഴ്ചകൾകണ്ട ദാവീദും സംഘവും തളർന്നുപോയി..

അഹിമലെക്കിന്റെ മകനും പുരോഹിതനുമായ അബിയാഥറിനോട്‌ ദാവീദ്‌ പറഞ്ഞു: "*എഫോദ്‌ എന്റെയടുത്തു കൊണ്ടുവരുക."

അബിയാഥര്‍ എഫോദുമായി വന്നു. ഉറീമും തുമ്മീമുപയോഗിച്ച്, ദാവീദ്‌ കര്‍ത്താവിനോടാരാഞ്ഞു: "ഞാന്‍ കവര്‍ച്ചക്കാരെ പിന്തുടരണമോ? ഞാനവരെ പിടികൂടുമോ?"

കര്‍ത്താവുത്തരം നല്കി: "പിന്തുടരുക; തീര്‍ച്ചയായും നീയവരെപ്പിടികൂടി, സകലരെയും വീണ്ടെടുക്കും."

അഫെക്കിലേക്കും തിരിച്ചുമുള്ള യാത്രമൂലം എല്ലാവരും തളർന്നിരുന്നെങ്കിലും ദാവീദ്,‌ തന്റെ അറുനൂറ്‌ അനുചരന്മാരോടുംകൂടെ അപ്പാൾത്തന്നെ പുറപ്പെട്ടു.

ബസോര്‍നീര്‍ച്ചാലിനടുത്തെത്തിയപ്പോൾ ഇരുനൂറുപേര്‍ ക്ഷീണിച്ചവശരായി. ക്ഷീണത്താൽ, വിശ്രമിക്കാനാഗ്രഹിച്ചവരുടെപക്കൽ, വസ്ത്രങ്ങളടങ്ങിയ ഭാണ്ഡങ്ങളേല്പിച്ച്, ബാക്കി നാനൂറുപേരോടൊത്തു ദാവീദ് ശത്രുക്കളെത്തിരഞ്ഞു പോയി..

കുറച്ചു ദൂരത്തിനപ്പുറം, വഴിയരികിൽ, ഒരുമരത്തിൽ ചാരിയിരിക്കുന്നൊരു മനുഷ്യനെ അവർ കണ്ടു, ഈജിപ്തുകാരനായ അയാൾ വളരെ ക്ഷീണിതനായിരുന്നു. അവൻ വിശന്നുതളർന്നിരിക്കുന്നുവെന്നു മനസ്സിലായതിനാൽ അവരവനു ഭക്ഷിക്കാൻ അപ്പവും കുടിക്കാൻ ജലവും നല്കി. അത്തിപ്പഴംകൊണ്ടുള്ള അടയും രണ്ടുകുല ഉണക്കമുന്തിരിയും അവരവനു കൊടുത്തു. അവര്‍ കൊടുത്തതെല്ലാം അവന്‍ ഭക്ഷിച്ചു. മൂന്നു രാപ്പകലുകളായി അവൻ പട്ടിണിയായിരുന്നു.

ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ അവനുണര്‍വുണ്ടായി.
ദാവീദ്‌ അവനോടു ചോദിച്ചു: "നീയാരാണ്‌? എവിടെനിന്നു വരുന്നു? ഇവിടെയെന്താണുചെയ്യുന്നത്"

"ഈജിപ്തുകാരനായ ഞാൻ, അമലേക്യനായ ഒരുവന്റെ ദാസനാണ്‌. ഫിലിസ്ത്യരുടെ നഗരങ്ങളായ നെഗെബും സിക്‌ലാഗും ആക്രമിച്ചുകൊള്ളയടിച്ചതിനുശേഷം മടങ്ങിവരുമ്പോൾ, ഞാൻ ജ്വരബാധിതനായി. അതിനാൽ മൂന്നുദിവസങ്ങൾക്കുമുമ്പ്, എന്റെ യജമാനൻ എന്നെയിവിടെ ഉപേക്ഷിച്ചുപോയി. രോഗവും ക്ഷീണവുംമൂലം എനിക്കു നടക്കുവാനോ ഭക്ഷണമന്വേഷിക്കുവാനോ കഴിഞ്ഞില്ല."

ദാവീദ്‌ അവനോടു ചോദിച്ചു: "സിക്‌ലാഗ് ആക്രമിച്ചവരെ അന്വേഷിച്ചിറങ്ങിയവരാണു ഞങ്ങൾ. നിൻ്റെ സംഘത്തിന്റെയടുത്തേക്കു ഞങ്ങളെക്കൊണ്ടുപോകാമോ?"

സിക്‌ലാഗിൽനിന്നു വരുന്നവരാണു തന്റെ മുന്നിൽ നില്ക്കുന്നതെന്നറിഞ്ഞപ്പോൾ ഈജിപ്തുകാരൻ ഭയന്നുപോയി.

"അവർ ഏതു വഴിക്കാണു പോകുന്നതെന്നെനിക്കറിയാം. അങ്ങ്,‌ എന്നെ കൊല്ലുകയില്ലെന്നു ദൈവനാമത്തില്‍ സത്യംചെയ്‌താല്‍ ഞാനങ്ങയെ ആ സംഘത്തിന്റെയടുത്തെത്തിക്കാം" അയാൾ കൂപ്പുകരങ്ങളോടെ ദാവീദിനോടു പറഞ്ഞു.

"സിക്‌ലാഗ് കൊള്ളയടിച്ച അക്രമികളെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചാൽ, നീ സുരക്ഷിതനായിരിക്കും, ദൈവനാമത്തിൽ ഞാൻ നിനക്കുറപ്പുതരുന്നു." ദാവീദ് അവനോടു പ്രത്യുത്തരിച്ചു.

ഈജിപ്തുകാരന്റെ സഹായത്താൽ, പിറ്റേന്നു സന്ധ്യയോടെ അവര്‍ അമലേക്യരുടെ താവളത്തിലെത്തി.

ദാവീദും സംഘവുമെത്തുമ്പോൾ അമലേക്യർ ആഘോഷത്തിമിർപ്പിലായിരുന്നു.

ഫിലിസ്‌ത്യദേശത്തുനിന്നും യൂദായിൽനിന്നും ധാരാളം കൊള്ളവസ്‌തുക്കള്‍ അവർ തട്ടിയെടുത്തിരുന്നു. തിന്നും കുടിച്ചും നൃത്തംചെയ്‌തും ആ പ്രദേശത്തെല്ലാം വിഹരിക്കുകയായിരുന്ന അവര്‍ക്കുനേരേ, ദാവീദും കൂട്ടരും ഇരച്ചുകയറി. രാത്രിമുഴുവൻനീണ്ട പോരാട്ടത്തിൽ, അമലേക്യരെയെല്ലാം അവർ കൊന്നൊടുക്കി. ചിലർമാത്രം ഒട്ടകപ്പുറത്തുകയറി അവിടെനിന്നു രക്ഷപ്പെട്ടു.

അമലേക്യര്‍ തട്ടിയെടുത്തതെല്ലാം ദാവീദ്‌ വീണ്ടെടുത്തു;

തട്ടിക്കൊണ്ടുപോയ സ്ത്രീപുരുഷന്മാരെ അടിമകളാക്കാൻ നിശ്ചയിച്ചിരുന്നതിനാൽ, അമലേക്യർ അവരിലൊരാളെയും വധിച്ചിരുന്നില്ല. അതിനാൽ എല്ലാവരേയും ജീവനോടെ തിരികെക്കിട്ടി. അമലേക്യര്‍ അപഹരിച്ചതൊന്നും ദാവീദിനും കൂട്ടർക്കും നഷ്‌ടപ്പെട്ടില്ല.

ബസോര്‍നീര്‍ച്ചാലിനടുത്ത്, ക്ഷീണിതരായി‌ വിശ്രമിച്ചിരുന്ന ഇരുനൂറുപേരുടെയടുക്കല്‍‌ അവർ മടങ്ങിയെത്തി.

അപ്പോൾ ദാവീദിനോടൊപ്പം പോയിരുന്നവരില്‍ ചിലർ അവനോടു പറഞ്ഞു: "അവര്‍ നമ്മോടൊത്തു പോരാതിരുന്നതിനാല്‍, നാം വീണ്ടെടുത്ത കൊള്ളവസ്‌തുക്കളിലൊന്നും അവര്‍ക്കു കൊടുക്കരുത്‌. ഓരോരുത്തനും താന്താങ്ങളുടെ ഭാര്യയെയും മക്കളെയുംമാത്രം കൂട്ടിക്കൊണ്ടുപൊയ്‌ക്കൊള്ളട്ടെ."

ദാവീദ്‌ പറഞ്ഞു: "സഹോദരന്മാരേ, അങ്ങനെയല്ലാ‌. കൊള്ളക്കാരായ ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിച്ച്, നമുക്കു നഷ്ടമായവയെല്ലാം നമ്മുടെ കൈയില്‍ തിരികെയേല്പിച്ചുതന്നതു കർത്താവാണ്. അതിനാൽ യുദ്ധത്തിനുപോകുന്നവന്റേയും ഭാണ്ഡംസൂക്‌ഷിക്കുന്നവന്റേയും ഓഹരി തുല്യമായിരിക്കണം. ഇസ്രായേലില്‍ ഇതൊരു ചട്ടവും നിയമവുമായിരിക്കണം."

ദാവീദ്‌ സിക്‌ലാഗിൽ മടങ്ങിയെത്തി. രണ്ടുദിവസങ്ങൾക്കുശേഷം, പ്രഭാതത്തിൽ അമലേക്യനായ ഒരാൾ ദാവീദിനുമുമ്പിൽവന്നു സാഷ്ടാംഗം പ്രണമിച്ചു. അവൻ തന്റെ വസ്ത്രംകീറുകയും തലയിൽ മണൽവാരിവിതറുകയും ചെയ്തു.



"എന്തുപറ്റി? നീയാരാണ്? എവിടെനിന്നു വരുന്നു?" ദാവീദ് ചോദിച്ചു.

"ഞാൻ ഒരമലേക്യനാണ്. ഇപ്പോൾ ജസ്രയിലെ ഗിൽബോവാക്കുന്നുകളിൽനിന്നു വരുന്നു. ഫിലസ്ത്യരുമായുള്ള യുദ്ധത്തിൽ സാവൂളും ജോനാഥനും വിധിക്കപ്പെട്ടിരിക്കുന്നു."

"സാവൂളും ജോനാഥനും കൊല്ലപ്പെട്ടെന്നോ?"
ദാവീദ് സ്തബ്ദ്ധനായി നിന്നുപോയി...

"അവർ മരിച്ചുവെന്നു് നിനക്കെങ്ങനെ മനസ്സിലായി?"

"കുറച്ചുദിവസങ്ങൾക്കുമുമ്പ്, ഞാൻ യാദൃശ്ചികമായാണ് ഗിൽബൊവാക്കുന്നുകളിലെത്തിയത്. സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. യുദ്ധവിജയികളായ ഫിലിസ്ത്യർ സമീപപ്രദേശങ്ങൾ കൊള്ളയടിക്കാനിറങ്ങിയിരുന്നു. യുദ്ധമുഖത്തുനിന്ന്, ആയുധങ്ങളോ ആഭരണങ്ങളോ കിട്ടാൻ സാദ്ധ്യതുണ്ടെന്ന പ്രതീക്ഷയിൽ ഞാനവിടെയെല്ലാം തിരയുകയായിരുന്നു."

"മുറിവേറ്റ ഒരു മനുഷ്യൻ, നിലത്തുകുത്തിയ ഒരു കുന്തത്തിൽപ്പിടിച്ച് ഉയരാൻ ശ്രമിക്കുന്നതു ഞാൻ കണ്ടു. അവന്റെ വയറിലൂടെ തുളഞ്ഞുകയറിയ വാൾ മുതുകിലൂടെ പുറത്തേയ്ക്കു വന്നിരുന്നു.

നീയാരാണെന്ന അവന്റെ ചോദ്യത്തിന്, ഒരമലേക്യൻ എന്നു ഞാൻ മറുപടി നല്കി."

"അവനെന്നോടു പറഞ്ഞു: 'എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു. സഹിക്കാവുന്നതിലുമധികമാണു വേദന. എങ്കിലും എൻ്റെ പ്രാണൻ, ശരീരംവിട്ടുപോകുന്നുമില്ല.. ഒരു വാൾ കണ്ടെത്തി, എൻ്റെ ശിരസ്സു ഛേദിച്ച്, ഈ വേദനയിൽനിന്നു മോചിതനാകാൻ നീയെന്നെ സഹായിക്കുമോ?"


"അത് ഇസ്രായേൽരാജാവായ സാവൂളായിരുന്നു.
അവൻ്റെ വയറിൽത്തുളഞ്ഞുകയറിയിരുന്ന വാൾ വലിച്ചൂരിയാലും അവനെ അവിടെനിന്നു രക്ഷിക്കാൻ എനിക്കൊറ്റയ്ക്കു സാധിക്കില്ലായിരുന്നു. അതിനാൽ അവനാവശ്യപ്പെട്ടതുപോലെ, അടുത്ത്, ഒരു മൃതദേഹത്തിലുണ്ടായിരുന്ന വാളെടുത്ത്, ഞാനവൻ്റെ കഴുത്തുവെട്ടി.

അവൻ്റെ കിരീടവും തോൾവളകളും എൻ്റെ ഭാണ്ഡത്തിലുണ്ട്."

ദാവീദ് അവൻ്റെ ഭാണ്ഡം പരിശോധിച്ചു. സാവൂളിൻ്റെ കിരീടവും തോൾവളകളും അവൻ തിരിച്ചറിഞ്ഞു.

ദാവീദ്, ദുഃഖത്തോടെ തൻ്റെ വസ്ത്രംകീറി. അവനോടൊപ്പമുണ്ടായിരുന്നവരെല്ലാം അങ്ങനെതന്നെ ചെയ്തുകൊണ്ട് ആ ദുഃഖത്തിൽ പങ്കുചേർന്നു.

കോപവും ദുഃഖവുമടകലർന്ന ശബ്ദത്തിൽ ദാവീദ് അമലേക്യനോടു പറഞ്ഞു: "കര്‍ത്താവിന്റെ അഭിഷിക്തനെ ഞാന്‍ കൊന്നുവെന്ന്‌, നീ നിനക്കെതിരേതന്നെ സാക്ഷ്യംപറഞ്ഞിരിക്കുന്നു... കര്‍ത്താവിന്റെ അഭിഷിക്‌തനെ വധിക്കാന്‍ കൈനീട്ടുന്നതിന് നീയെങ്ങനെ ധൈര്യപ്പെട്ടു? എൻ്റെ രാജാവിനെക്കൊന്നുവെന്ന് എന്നോടുപറയാൻ നീയെന്തിനിവിടെ വന്നു? നിൻ്റെ രക്തംചിന്തുന്നതിനു നീതന്നെയാണുത്തരവാദി."

ദാവീദ് തൻ്റെ അംഗരക്ഷകനുനേരെ തിരിഞ്ഞു പറഞ്ഞു. "ഇസ്രായേലിൻ്റെ രാജാവിനെ വധിച്ച ഇവൻ്റെ ശിരസ്സു ഛേദിച്ചുകളയുക."

അടുത്ത നിമിഷത്തിൽത്തന്നെ അമലേക്യന്റെ ശിരസ്സ് മണ്ണിൽവീണുരുണ്ടു...

ആ ദിവസംമുഴുവൻ ദാവീദും അനുയായികളും ഭക്ഷണവും വെള്ളവുമുപേക്ഷിച്ചുപവസിച്ചു. ദാവീദ് സാവൂളിനേയും ജോനാഥനേയുമോർത്തു കരഞ്ഞു.

ഇസ്രായേലേ, നിന്റെ ശക്തന്മാര്‍ നിപതിച്ചതെങ്ങനെ? ഫിലിസ്‌ത്യപുത്രിമാര്‍ സന്തോഷിക്കാതിരിക്കാനും വിജാതീയപുത്രിമാര്‍ ആര്‍പ്പിടാതിരിക്കാനുമിടയായതെങ്ങനെ?.

ഗില്‍ബോവാപര്‍വ്വതങ്ങളേ, നിങ്ങളുടെ താഴ്വരകളിൽ ശക്തന്മാരുടെ പരിച അവഹേളിക്കപ്പെട്ടിരിക്കുന്നു.‌.. മഞ്ഞോ മഴയോ പെയ്യാതെ നിങ്ങളുടെ നിലങ്ങള്‍ ഫലശൂന്യമാകട്ടെ!

സാവൂളും ജോനാഥാനും... കഴുകനെക്കാള്‍ വേഗമുള്ളവര്‍! സിംഹത്തെക്കാള്‍ ബലമുള്ളവര്‍! ശക്തന്മാരായ ശത്രുക്കളുടെ മേദസ്സില്‍നിന്നു ജോനാഥാന്റെ വില്ലും സാവൂളിന്റെ വാളും പിന്തിരിഞ്ഞിരുന്നില്ല.  ജീവിതത്തിലും മരണത്തിലും, അവര്‍ വേര്‍പിരിഞ്ഞതുമില്ല.. 

ഇസ്രായേല്‍പ്പുത്രിമാരേ, സാവൂളിനെയോർത്തു കരയുവിന്‍. അവന്‍ നിങ്ങളെ മോടിയായണിയിച്ചൊരുക്കി...  നിങ്ങളെപ്പൊന്നാഭരണമണിയിച്ചു.. ഒരു കടാക്ഷത്താൽപ്പോലും ആരും നിങ്ങളെയുപദ്രവിക്കാൻ അവനനുവദിച്ചില്ലാ...

ഇസ്രായേലിന്റെ ശക്തന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ?

സോദരാ, ജോനാഥാ, നിന്നെയോര്‍ത്ത്, എന്റെ ഹൃദയം തകരുന്നു... നീയെനിക്കെത്ര പ്രിയങ്കരനായിരുന്നു....‌ എന്നോടുള്ള നിന്റെ സ്‌നേഹം സ്‌ത്രീകളുടെ പ്രമത്തെക്കാള്‍ എത്രയോ അഗാധമായിരുന്നു.

ഫിലിസ്ത്യരോടൊപ്പം യുദ്ധരംഗത്തുണ്ടായിരുന്നെങ്കിൽ, എൻ്റെ പ്രാണൻകളഞ്ഞും ഞാൻ നിങ്ങളെ കാക്കുമായിരുന്നു...!

ദാവീദ് ഉറക്കെക്കരഞ്ഞുകൊണ്ടിരുന്നു. അവന്റെ ഭാര്യമാർക്കോ ഭൃത്യന്മാർക്കോ അവനെയാശ്വസിപ്പിക്കാൻകഴിഞ്ഞില്ല.
-----------------------------------------------------------------------------------------------

* - രണ്ടോ മൂന്നോ ഇഞ്ചു വീതിവരുന്ന, ഒരു നാട, ഇസ്രായേലിലെ പുരോഹിതർ ഒരു ഷാൾപോലെ കഴുത്തിലണിഞ്ഞിരുന്നു. അതിന് എഫോദ് എന്നു പേര്. എഫോദിൻ്റെ രണ്ടറ്റത്തും ഓരോ കീശകളുണ്ട്. ഓരോ പോക്കറ്റിലും ഓരോ സമചതുരക്കട്ടകൾ സൂക്ഷിച്ചിട്ടുണ്ടാവും. ഒന്നിന് ഉറീം എന്നും മറ്റേതിനു തുമ്മീം എന്നും പേര്. ഈ രണ്ടു കട്ടകൾവീഴുന്നതിൻ്റെ വ്യത്യസ്തകോംബിനേഷനുകളുപയോഗിച്ചാണ് പുരോഹിതർ 'ദൈവഹിതം' വിശദീകരിച്ചിരുന്നത്

Friday 29 May 2020

111. വേരറ്റുവീണ വടവൃക്ഷം

ബൈബിൾക്കഥകൾ 111

സൂര്യനുദിക്കുന്നതിനുമുമ്പേ, ദാവീദും അനുചരന്മാരും അഫെക്കിൽ ഫിലിസ്ത്യരുടെ സൈനികത്താവളത്തിലെത്തി, അക്കീഷിനെ മുഖംകാണിച്ചു.

അക്കീഷ് സന്തോഷത്തോടെ ദാവീദിനെ സ്വീകരിച്ചു.

നേരംപുലർന്നപ്പോൾ ഫിലിസ്ത്യസൈനികർ യുദ്ധമുഖത്തേക്കുപോകാൻ തയ്യാറെടുത്തു. 

അക്കീഷിനോടൊപ്പം ദാവീദിനെക്കണ്ട ഫിലിസ്ത്യരാജാക്കന്മാർ അസ്വസ്ഥരായി. അവർ അക്കീഷിനെ തങ്ങളുടെയടുത്തേക്കു വിളിപ്പിച്ചു.

"നിന്നോടൊപ്പം ചില ഹെബ്രായരുണ്ടല്ലോ. ഹെബ്രായർക്ക് ഇവിടെയെന്താണു കാര്യം?"

അക്കീഷ്‌ അവരോടു പറഞ്ഞു: "അതു‌ ദാവീദാണ്. മുമ്പു സാവൂളിന്റെ ഭൃത്യനായിരുന്ന ദാവീദ്! ഒരു വര്‍ഷത്തിലധികമായി അവന്‍ എന്നോടുകൂടെയാണ്‌."

"അവൻ നമ്മെ ചതിക്കില്ലെന്ന് എന്താണുറപ്പ്?"

"അവൻ വിശ്വസ്തനാണ്. എന്നെ അഭയംപ്രാപിച്ചനാള്‍മുതല്‍ ഇന്നുവരെ ഒരു കുറ്റവും അവനില്‍ ഞാന്‍ കണ്ടില്ല.'' അക്കീഷ് പറഞ്ഞു.

ഫിലിസ്ത്യരാജാക്കന്മാർ അക്കീഷിനോടു കോപിച്ചു: "സാവൂള്‍ ആയിരങ്ങളെകൊന്നു; ദാവീദ്‌ പതിനായിരങ്ങളെയുമെന്ന് അവർ ആടിപ്പാടുന്നത് ഇവനെപ്പറ്റിയല്ലേ? സാവൂളിൻ്റെ സ്നേഹം പിടിച്ചുപറ്റാൻ അവനിതൊരവസരമാകും. യുദ്ധരംഗത്തെത്തുമ്പോൾ അവൻ നമ്മുടെ ശത്രുവാകില്ലെന്നെന്താണുറപ്പ്? നമ്മുടെയാളുകളുടെ തലകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്‌ അവൻ തൻ്റെ യജമാനനെ പ്രസാദിപ്പിക്കുക? അതുകൊണ്ട് അവൻ നമ്മളോടൊപ്പം വരണ്ടാ. അവനെ തിരിച്ചയയ്‌ക്കുക."

അക്കീഷ് എന്തൊക്കെപ്പറഞ്ഞിട്ടും ദാവീദിനെ ഒപ്പംകൂട്ടാൻ ഫിലിസ്ത്യപ്രഭുക്കളും രാജാക്കന്മാരും സമ്മതിച്ചില്ല.

അക്കീഷ് ദാവീദിനടുത്തെത്തി. "നീ എന്റെയൊപ്പം വന്നതുമുതൽ നിൻ്റെ ഓരോ നീക്കവും ഞാൻ നിരീക്ഷിക്കുന്നു. നീ ദൈവദൂതനെപ്പോലെ വിശ്വസ്തനും നിഷ്‌കളങ്കനുമാണ്‌. എന്നാല്‍, മറ്റുരാജാക്കന്മാരും പ്രഭുക്കന്മാരും നിന്നെ വിശ്വസിക്കുന്നില്ല. യുദ്ധമുഖത്തുവച്ച്, നീ നിൻ്റെ പഴയ യജമാനൻ്റെ പക്ഷംചേരുമെന്ന് അവർ ഭയക്കുന്നു. അതിനാൽ നീയും സഹായികളും ഇപ്പോൾത്തന്നെ സിക്‌ലാഗിലേക്കു മടങ്ങിപ്പോയിക്കൊള്ളുക."

അക്കീഷിൻ്റെ വാക്കനുസരിച്ച്,‌ ദാവീദ്‌ അനുചരന്മാരോടൊത്ത്‌ സിക്‌ലാഗിലേക്കു മടങ്ങി. ഫിലിസ്ത്യർക്കൊപ്പംചേർന്ന്, ഇസ്രായേലിനെതിരേ യുദ്ധംചെയ്യുന്നതിൽനിന്നു തങ്ങളെ രക്ഷിച്ച കർത്താവിനെ മടക്കയാത്രയിലുടനീളം അവർ സ്തുതിച്ചുകൊണ്ടിരുന്നു.

ഫിലിസ്‌ത്യസൈന്യം, സാവൂളും സൈന്യവും താവളമടിച്ചിരുന്ന ജസ്രലിനെ ലക്ഷ്യമാക്കി നീങ്ങി.

ജസ്രലിലെ ഗിൽബോവാക്കുന്നിൻ്റെ താഴ്‌വരയിൽ ഇസ്രായേലിൻ്റെയും ഫിലിസ്ത്യരുടേയും സൈന്യങ്ങൾതമ്മിലേറ്റുമുട്ടി. അതിഘോരമായ യുദ്ധം!

ഫിലിസ്ത്യരാജാക്കന്മാരുടെ സംയുക്തസൈന്യത്തിനുമുമ്പിൽ, ഏറെനേരം പിടിച്ചുനില്ക്കാൻ 
ഇസ്രായേൽസൈന്യത്തിനായില്ല. മുൻനിരയിലുണ്ടായിരുന്ന ഇസ്രായേൽസൈനികർ പിന്തിരിഞ്ഞോടി. എന്നാൽ ഗിൽബോവാക്കുന്നു കയറിയിറങ്ങുന്നതിനുമുമ്പേ, ഫിലിസ്ത്യസൈന്യത്തിലെ വില്ലാളികൾ അവരെ എയ്തുവീഴ്ത്തി.

സാവൂളിൻ്റെ പുത്രന്മാരായ ജോനാഥനും  അബിനാദാബും മല്‍ക്കീഷ്വായും വീരോചിതംപോരാടിയെങ്കിലും ഫിലിസ്ത്യർ അവരെ വളഞ്ഞുപിടിച്ചു. മൂന്നുപേരും വധിക്കപ്പെട്ടു.

നേരം സന്ധ്യയോടടുത്തു. ഇസ്രായേൽസൈനികരിലെ ബഹുഭൂരിപക്ഷവും വധിക്കപ്പെട്ടുകഴിഞ്ഞു.
സാവൂളിനുചുറ്റും ഉഗ്രമായ പോരാട്ടമാണു നടന്നത്. ഇസ്രായേൽരാജാവിൻ്റെ രക്ഷാനിരയിൽപ്പെട്ട പടയാളികൾ സാവൂളിനെ രക്ഷിക്കാൻ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും ഫിലിസ്ത്യസൈന്യത്തിലെ വില്ലാളികള്‍  സാവൂളിൻ്റെ രക്ഷാനിരഭേദിച്ച്,‌ അവനെ മാരകമായി മുറിവേല്പിച്ചു.


താൻ പിടിക്കപ്പെടുമെന്ന് സാവൂളിനുറപ്പായി. അവൻ തൻ്റെ ആയുധവാഹകനോടു പറഞ്ഞു:

"അപരിച്ഛേദിതരായ ഈ വിജാതീയർ എന്നെപ്പിടികൂടി അപമാനിക്കുകയും കൊല്ലുകയുംചെയ്യുന്നതിനുമുമ്പ്, നിൻ്റെ വാളൂരി, എന്റെ ശിരസ്സു ഛേദിക്കുക." 

"എൻ്റെ യജമാനനായ രാജാവിനെ വധിക്കാൻ എനിക്കാവില്ല..."
ആയുധവാഹകൻ സാവൂളിനെ വധിക്കാൻ തയ്യാറായില്ല. അതിനാൽ സ്വന്തം വാൾ തറയിൽക്കുത്തി നിറുത്തി, സാവൂള്‍ വാളിന്മേല്‍ വീണു. 

അതുകണ്ട ആയുധവാഹകനും രാജാവിൻ്റെ വഴി പിന്തുടർന്നു.

ഇസ്രായേലിൻ്റെ സൈന്യാധിപനായ അബ്നേർ യുദ്ധക്കളത്തിൽനിന്ന് ഓടി രക്ഷപ്പെട്ടു. അവനു പരുക്കേറ്റിരുന്നില്ല. 

സാവൂളിന്റെ നാലാമത്തെ പുത്രനായ ഇഷ്ബോഷാത്ത് യുദ്ധരംഗത്തുണ്ടായിരുന്നില്ല. അബ്നേർ കൊട്ടാരത്തിലെത്തി, ഇഷ്‌ബോഷെത്തിനെയും മറ്റുകൊട്ടാരവാസികളേയും ഫിലിസ്ത്യരുടെ. കൈകളിൽപ്പെടാതെ രക്ഷപ്പെടുത്തി, മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി

ഇസ്രായേൽസൈന്യം പരാജിതരായെന്നും രാജാവും രാജകുമാരന്മാരും വധിക്കപ്പെട്ടെന്നും കേട്ടപ്പോൾ, 
താഴ്‌വരയുടെ അപ്പുറത്തും ജോര്‍ദ്ദാന്റെ മറുകരയിലും താമസിച്ചിരുന്ന ഇസ്രായേൽക്കാർ, തങ്ങളുടെ ഭവനങ്ങളുപേക്ഷിച്ച്, ഓടിപ്പോയി.

അന്നു രാത്രിതന്നെ ഫിലിസ്‌ത്യര്‍ ആ ഭവനങ്ങൾ പിടിച്ചെടുക്കുകയും സ്വത്തുവകകൾ കൊള്ളയടിക്കുകയുംചെയ്തു. ജസ്രേൽപ്രദേശമെല്ലാം ഫിലിസ്ത്യർ തീവച്ചുനശിപ്പിച്ചു

പിറ്റേന്നു പ്രഭാതത്തിൽ ഇസ്രായേൽസൈനികരുടെ മൃതദേഹങ്ങൾക്കിടയിൽനിന്ന്, സാവൂളിൻ്റെയും പുത്രന്മാരുടേയും മൃതദേഹങ്ങൾ ഫിലിസ്ത്യർ കണ്ടെത്തി. 

വാൾ വയറിൽ തുളഞ്ഞുകയറി, പിൻഭാഗത്തുകൂടെ പുറത്തുവന്ന നിലയിലും ശിരസ്സ് ഛേദിക്കപ്പെട്ടനിലയിലുമാണ് സാവൂളിന്റെ മൃതദേഹം കിടന്നിരുന്നത്. ഫിലിസ്ത്യർ സാവൂളിൻ്റെയും പുത്രന്മാരുടെയും മൃതശരീരങ്ങൾ നാലും വിവസ്ത്രങ്ങളാക്കി. സാവൂളിൻ്റെ പുത്രന്മാരുടെ മൃതദേഹങ്ങളിൽനിന്നു ശിരസ്സുകൾ ഛേദിച്ചെടുത്തു... 

ഇസ്രായേൽരാജാവിന്റേയും പുത്രന്മാരുടേയും ശിരസ്സറ്റ നഗ്നശരീരങ്ങൾ ബത്ഷാൻകോട്ടയുടെ ചുമരിൽത്തൂക്കി. ശിരസ്സുകൾ കുന്തത്തിൽക്കോർത്ത്, കോട്ടയുടെ അങ്കണത്തിലുമുയർത്തിനിറുത്തി.

സാവൂളിൻ്റെ ആയുധങ്ങൾ അസ്താർത്തേദേവിയുടെ ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠയ്ക്കു മുമ്പിൽ സമർപ്പിച്ചു.

ഫിലിസ്‌ത്യര്‍ സാവൂൾരാജാവിന്റേയും രാജകുമാരന്മാരുടെയും മൃതശരീരങ്ങളെ അപമാനിച്ചതിനെക്കുറിച്ചു കേട്ടപ്പോൾ, ‌യാബെഷ്‌ഗിലയാദ്‌നിവാസികളായ ചില യുവാക്കൾ ഒത്തുകൂടി. 

സാഹസികരായ ആ യുവാക്കൾ,  ഫിലിസ്ത്യരുടെ കണ്ണുവെട്ടിച്ച്,, ആ രാത്രിയിൽത്തന്നെ സാവൂളിന്റെയും പുത്രന്മാരുടെയും ശരീരങ്ങളും ശിരസ്സുകളും വീണ്ടെടുത്ത്, ‌യാബെഷ്‌ഗിലയാദിൽക്കൊണ്ടുപോയി. നാലു ചിതകളൊരുക്കി, മൃതദേഹങ്ങൾ അവിടെ ദഹിപ്പിച്ചു.

മരിച്ചവർക്കായി, ഏഴുദിവസം അവര്‍ ഉപവസിച്ചുപ്രാർത്ഥിച്ചു.
പിന്നെ, ചിതയിലെ ചാരത്തിൽനിന്ന് അസ്ഥികള്‍വാരി, യാബെഷിൽത്തന്നെ ഒരു  പിചുളവൃക്ഷത്തിന്റെ ചുവട്ടില്‍ സംസ്‌കരിച്ചു. അതിനുമുകളിൽ, നാലു വലിയകല്ലുകൾ ലംബമായി കുത്തിനിറുത്തി..

Friday 22 May 2020

110. ആത്മാവിൻ്റെ പ്രവചനങ്ങൾ

ബൈബിൾക്കഥകൾ 110

മന്ത്രവാദിനിയുടെ പരിഭ്രമംകണ്ട സാവൂൾ‌ അവളോടു പറഞ്ഞു: "ഇസ്രായേൽരാജാവായ സാവൂൾതന്നെയാണു ഞാൻ. നീ ഭയപ്പെടണ്ടാ. നിനക്കെതിരായി ഒന്നും ഞാൻ ചെയ്യില്ല. നീയെന്താണു‌ കാണുന്നതെന്ന് എന്നോടു പറയുക"

കേട്ടതു പൂർണ്ണമായും വിശ്വസിക്കാനാകാത്തതുപോലെ മന്ത്രവാദിനി സാവൂളിനെ വീണ്ടും നോക്കി. പിന്നെ സാവൂളിനുനേരേ കൈകൾ കൂപ്പി.

വിറയ്ക്കുന്ന ശബ്ദത്തോടെ അവള്‍ പറഞ്ഞു: "ഒരു ദേവന്‍ കയറിവരുന്നതായി ഞാന്‍ കാണുന്നു."

രാജാവു ചോദിച്ചു: "ദേവനോ? അവന്റെ രൂപമെങ്ങനെയാണ്?" 

അവള്‍ പറഞ്ഞു: "താടിയും മുടിയും പൂർണ്ണമായിനരച്ച, ഒരു വൃദ്ധനാണവൻ...‌ വെളുത്ത വസ്ത്രമാണു ധരിച്ചിരിക്കുന്നത്. താടിരോമങ്ങൾ നെഞ്ചൊപ്പം നീണ്ടുവളർന്നിരിക്കുന്നു. തേജസ്സുറ്റ മുഖവും വിടർന്നുതിളങ്ങുന്ന കണ്ണുകളും! പുരോഹിതന്മാർ ധരിക്കുന്നതുപോലുള്ള മേലങ്കിയും ധരിച്ചിട്ടുണ്ട്..." 

അതു സാമുവലാണെന്ന്‌ സാവൂളിനു മനസ്സിലായി. സാവൂൾ ഹോമകുണ്ഡത്തിനുനേരെ കൈകൂപ്പി. പിന്നെ സാഷ്‌ടാംഗംവീണു വണങ്ങി.

സാമുവലിൻ്റെ ശബ്ദം ഗുഹയ്ക്കുള്ളിൽ മുഴങ്ങി: "നീ, എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്തിന്‌?" 

സാവൂൾ എഴുന്നേറ്റ്, കൂപ്പുകൈകളോടെ ഹോമകുണ്ഡത്തിനു മുമ്പിൽനിന്നു: 

"ഞാന്‍ വലിയ പ്രതിസന്ധിയിലാണ്‌. ഫിലിസ്‌ത്യരൊന്നടങ്കം ഇസ്രായേലിനെതിരായി യുദ്ധത്തിനണിനിരന്നിരിക്കുന്നു. കർത്താവ് എന്നില്‍നിന്നകലെയാണ്. പ്രവാചകന്മാരിലൂടെയോ ദർശനങ്ങളിലൂടെയോ അവിടുന്നെന്നോടു സംസാരിക്കുന്നില്ല.‌ ഈ പ്രതിസന്ധിയിൽ ഞാനെന്തുചെയ്യണമെന്ന് അങ്ങയിൽനിന്നുപദേശം ലഭിക്കാനാണു ഞാനിതുചെയ്തത്."

"കര്‍ത്താവ്‌ നിന്നില്‍നിന്നകന്നിരിക്കുന്നുവെന്നറിയാമെങ്കിൽ‌ എന്തിനാണു നീ എന്നോടുപദേശംചോദിക്കുന്നത്?‌ കർത്താവിൻ്റെ വാക്കുകൾ നീ അനുസരിച്ചില്ലാ... അമലേക്യജനതയുടെ ദുർവൃത്തികൾക്കെതിരേയുള്ള കർത്താവിൻ്റെ ശിക്ഷാവിധി നടപ്പാക്കാൻ നീ വിസമ്മതിച്ചു. വർഷങ്ങൾക്കുമുമ്പേ, എന്നിലൂടെ അരുളിച്ചെയ്‌തതുപോലെ കര്‍ത്താവു‌ പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്നു രാജ്യം നിന്നില്‍നിന്നെടുത്ത്,‌ ദാവീദിനു കൊടുത്തിരിക്കുന്നു.

ഇസ്രായേല്‍സൈന്യത്തെത്തകർക്കാൻ കര്‍ത്താവ്‌ ഫിലിസ്‌ത്യരെയനുവദിക്കും.. നിന്നെയും നിന്നോടൊപ്പം ഇസ്രായേലിനെയും കര്‍ത്താവ്‌ അവരുടെ കരങ്ങളിലേല്പിക്കും. നാളെ ഈ സമയമെത്തുന്നതിനുമുമ്പേ നീയും നിന്റെ പുത്രന്മാരും മൃതരുടെലോകത്തിലെത്തിയിട്ടുണ്ടാകും..." 

ഗുഹയ്ക്കുള്ളിൽ ശക്തമായ കാറ്റടിച്ചു. പന്തങ്ങളിൽ തീയാളിക്കത്തി. ഗുഹയുടെ ചുമരുകളിൽനിന്ന് തലയോട്ടികൾ തറയിൽവീണു.

ഹോമകുണ്ഡത്തിലെ അഗ്നിയണഞ്ഞു കരിമ്പുകയുയർന്നു...

സാമുവലിന്റെ വാക്കുകള്‍, സാവൂളിനെ അത്യധികം ഭയപ്പെടുത്തി. 

പെട്ടെന്ന്, അവൻ‌ നെടുനീളത്തില്‍ നിലത്തുവീണു. യുദ്ധത്തെക്കുറിച്ചുള്ള ഉത്കണ്ഠമൂലം അന്നത്തെ ദിവസംമുഴുവന്‍, അവൻ ഭ‌ക്ഷണമൊന്നും കഴിച്ചിരുന്നില്ല. സാമുവലിൻ്റെ ആത്മാവിൽനിന്ന് അപായസൂചനയുള്ള വാക്കുകൾകൂടെക്കേട്ടപ്പോൾ, അവന്റെ ശ‌ക്തിയാകെ ചോര്‍ന്നുപോയി.

സാവൂളിൻ്റെ അംഗരക്ഷകർ അവനെ താങ്ങിയെഴുന്നേല്പിച്ചിരുത്തി. അവനാകെ, വിയർപ്പിൽക്കുളിച്ചിരുന്നു.

വൃദ്ധ, എന്തൊക്കെയോ മന്ത്രങ്ങൾ വീണ്ടും ചൊല്ലി. പിന്നെ സാവൂളിന്റെയടുത്തു വന്നു. അവനു കുടിക്കാൻ അല്പം വീഞ്ഞുകൊടുത്തു. അവനതു കുടിച്ചശേഷം ഗുഹാഭിത്തിയിൽ ചാരിയിരുന്നു.

രാജാവു പരിഭ്രാന്തനാണെന്നും ക്ഷീണിതനാണെന്നുംകണ്ടപ്പോൾ‌ അവള്‍ പറഞ്ഞു: "അങ്ങയുടെ ദാസി, അങ്ങയെ അനുസരിച്ചു. എൻ്റെ ജീവനുപേക്ഷിച്ചുപോലും അങ്ങാവശ്യപ്പെട്ടത് ഞാൻ ചെയ്തുതന്നു. അങ്ങിപ്പോൾ‌ ഈ ദാസിയുടെ വാക്കുകള്‍ കേള്‍ക്കണേ! ഞാനല്പം ഭക്ഷണംതയ്യാറാക്കി, അങ്ങേയ്ക്കു തരാം. അതു ഭക്ഷിക്കണം. മടക്കയാത്രയ്‌ക്കു‌ള്ള ശക്തിലഭിക്കാന്‍‌ അതുപകരിക്കും." 

സാവൂൾ അതു നിരസിച്ചു; എന്നാൽ അവൻ്റെ അംഗരക്ഷകരും അവളോടൊപ്പം നിര്‍ബന്ധിച്ചപ്പോൾ, ഭക്ഷണംകഴിക്കാൻ അവൻ സമ്മതിച്ചു.. 

വൃദ്ധയുടെടെ തൊഴുത്തിൽ ഒരു പശുക്കിടാവുണ്ടായിരുന്നു. ഭടന്മാരുടെ സഹായത്തോടെ അവള്‍ അതിനെക്കൊന്നു തിടുക്കത്തിൽ‌ പാകംചെയ്‌തു. കുറച്ച് അപ്പവും ചുട്ടു.

അവളത്, സാവൂളിനും ഭൃത്യന്മാര്‍ക്കും വിളമ്പി.

ഉറക്കവും ക്ഷീണവും വല്ലാതെയലട്ടിയിരുന്നെങ്കിലും ഭക്ഷണംകഴിച്ചശേഷം, സാവൂൾ അംഗരക്ഷകരോടൊപ്പം ജസ്രലിലെ സൈനികത്താവളത്തിലേക്കു തിരിച്ചുപോയി.

Wednesday 20 May 2020

109. ആഭിചാരിക

ബൈബിൾക്കഥകൾ 109

അകാരണമായൊരു ഭയം, സാവൂളിൽ നിറഞ്ഞു. 

'ഫിലിസ്ത്യരാജാക്കന്മാർ തനിക്കെതിരേ സംയുക്തമായ ഒരാക്രമണത്തിനായി ഒരുക്കംതുടങ്ങിയെന്നറിഞ്ഞപ്പോൾമുതൽ മനസ്സസ്വസ്ഥമാണ്. 

ദാവീദും അവർക്കൊപ്പമുണ്ടത്രേ! സ്വന്തം മാതൃരാജ്യത്തിനെതിരേ, ശത്രുക്കൾക്കൊപ്പംചേർന്ന രാജ്യദ്രോഹി!

യുദ്ധങ്ങളേയും മരണത്തേയും സാവൂൾ ഭയക്കുന്നില്ല! ഇരുപതാംവയസ്സിൽ സാമുവൽപ്രവാചകൻ്റെ കൈകളാൽ ഇസ്രായേലിൻ്റെ രാജാവായി അഭിഷേകംചെയ്യപ്പെട്ട ദിവസംമുതൽ ഇന്നിതുവരെ എത്രയെത്ര യുദ്ധങ്ങൾ! എത്ര ചോരപ്പുഴകളൊഴുകി! എത്രയോ ശത്രുക്കളുടെ ശിരസ്സുകൾ മണ്ണിൽവീണുരുണ്ടു...

ഗോത്രങ്ങളായി ചിതറിക്കിടന്നിരുന്ന ഇസ്രായേൽജനത്തെ ഒന്നിച്ചുനിറുത്തി, ഇസ്രായേലെന്ന പുതിയൊരു രാജ്യം കെട്ടിപ്പടുത്തത് ഈ സാവൂൾതന്നെയാണ്! ഇസ്രായേലിൻ്റെ രാജാവ് ഒരിക്കലുമൊരു യുദ്ധത്തെയും ഭയപ്പെടുകയില്ല!'

എങ്ങനെയൊക്കെ സ്വയംധൈര്യപ്പെടുത്താൻശ്രമിച്ചിട്ടും സാവൂളിൻ്റെ മനസ്സ്, കടിഞ്ഞാണറ്റ കുതിരയെപ്പോലെ ഭയത്തിൻ്റെ താഴ്വരകളിലലഞ്ഞുകൊണ്ടിരുന്നു...!

സാവൂൾ കർത്താവിനോടു പ്രാർത്ഥിച്ചു. എന്നാൽ ഒരു സ്വപ്നത്തിലൂടെയോ ദർശനത്തിലൂടെയോ കർത്താവ് അവനുത്തരംനല്കിയില്ല..

ഇസ്രയേലിലെ പുരോഹിതന്മാർ സാവൂളിനുവേണ്ടി പ്രാർത്ഥിക്കാൻ 
a ഉറീമും തുമ്മീമുമായിവന്നു. എന്നാൽ കർത്താവ് അവരിലൂടെയും സംസാരിച്ചില്ല.

സാവൂൾ കൂടുതലസ്വസ്ഥനായി.

ജോനാഥാൻ, തൻ്റെ സഹോദരന്മാരായ അബിനാദാബിനും മല്‍ക്കീഷുവായ്ക്കുമൊപ്പം യുദ്ധത്തിനുള്ള ഒരുക്കങ്ങൾതുടങ്ങി..

ജോനാഥൻ സഹോദരന്മാരോടു പറഞ്ഞു: "ആബാ എന്തിനാണ് അസ്വസ്ഥനാകുന്നതെന്നെനിക്കറിയില്ല. ദാവീദ് നമുക്കെതിരായി ഫിലിസ്ത്യർക്കൊപ്പം യുദ്ധത്തിനുവരുമെന്നും ഞാൻ കരുതുന്നില്ല. കർത്താവ് അതിനിടയാക്കില്ല...

ദാവീദ് ഇപ്പോൾ ഇവിടെയുണ്ടായിരുന്നെങ്കിൽ, ഈ യുദ്ധത്തിൽ ഇസ്രായേൽസൈന്യത്തെ നയിക്കാൻ അവൻമാത്രംമതിയായിരുന്നു!

ഇസ്രായേലിൻ്റെ ദൈവമായ, കർത്താവു നമുക്കൊപ്പമുണ്ടെങ്കിൽ മറ്റാരുമില്ലെങ്കിലും ഈ യുദ്ധം നമ്മൾ ജയിക്കും! അതിനാൽ 
നിങ്ങൾ ഭയപ്പെടരുത്.  ധൈര്യംവെടിയാതെ എന്നോടൊപ്പമുണ്ടായാൽമാത്രം മതി!..."

ഫിലിസ്‌ത്യസേനകൾ അഫെക്കില്‍ ഒരുമിച്ചുകൂടി. സാവൂളും പുത്രന്മാരും
ഇസ്രായേൽസേനയെ നയിച്ചുകൊണ്ട് ജസ്രലിലുള്ള നീര്‍ച്ചാലിനടുത്തു പാളയമടിച്ചു.

സാവൂൾ സൈന്യാധിപനായ അബ്നേറിനെ തൻ്റെ കൂടാരത്തിലേക്കു വിളിപ്പിച്ചു.

"കർത്താവ് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരംനല്കുന്നില്ല. അതിനാൽ, രഹസ്യത്തിൽ ഒരു മന്ത്രവാദിയേയോ ആഭിചാരകനേയോ അന്വേഷിക്കുക. യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ്, എനിക്കവൻ്റെ ഉപദേശമാരായണം."

അബ്നേർ മറുപടി പറഞ്ഞു: "മോശയുടെ നിയമമനുസരിച്ച്,  മന്ത്രവാദികളും ആഭിചാരകരും വധിക്കപ്പെടണമെന്ന, അങ്ങയുടെ കല്പന നിലവിലുള്ളതിനാൽ ഇസ്രായേലിലെവിടെയും അത്തരക്കാരെ കണ്ടെത്താനിടയില്ല. എങ്കിലും ഞാനൊന്നന്വേഷിക്കട്ടെ!"

സന്ധ്യയ്ക്കുമുമ്പേ അബ്നേർ സാവൂളിനുമുമ്പിൽ മടങ്ങിയെത്തി.

"എന്‍ദോറില്‍, ഗ്രാമാതിർത്തിയിലെ വനത്തോടുചേർന്നുള്ള ഒരു ഗുഹയിൽ ഒറ്റയ്ക്കു താമസിക്കുന്നൊരു മന്ത്രവാദിനിയുണ്ട്."

"എന്നാൽ ഈ രാത്രിയിൽത്തന്നെ നമുക്കവളെ കാണണം! നാളെമുതൽ നമ്മൾ യുദ്ധമുഖത്തായിരിക്കും."

അപ്പോൾത്തന്നെ, രണ്ട് അംഗരക്ഷകരോടൊപ്പം വേഷപ്രച്‌ഛന്നനായ സാവൂള്‍ എൻദോറിലേക്കു പുറപ്പെട്ടു. സാവൂൾ പാളയത്തിൽനിന്നു പുറത്തുപോയ വാർത്ത, 
അബ്നേറും അതിവിശ്വസ്തരായ ചില സൈനികരുമൊഴികെ, മറ്റാരുമറിഞ്ഞില്ല.

രാത്രിയുടെ രണ്ടാംയാമത്തിൻ്റെ തുടക്കത്തിൽ, സാവൂൾ എൻദോറിലെ മന്ത്രവാദിനി താമസിക്കുന്ന ഗുഹാമുഖത്തെത്തി..  പുൽമേടുകൾനിറഞ്ഞ ഒരു മലയുടെ താഴ്വരയിൽ, വൃത്താകൃതിയിലുള്ള കരിങ്കൽപ്പലകയാൽമറച്ചൊരു ഗുഹയായിരുന്നു അത്. ഗുഹാമുഖത്ത്, മൃഗക്കൊഴുപ്പുപുരട്ടിത്തയ്യാറാക്കിയ പന്തമൊരെണ്ണം ജ്വലിച്ചുനില്ക്കുന്നു. അതിനോടുചേർന്ന മറ്റൊരു ഗുഹയിൽ ആടുമാടുകളുടെ ശബ്ദം കേൾക്കാം. അതിൻ്റെയും ഗുഹാമുഖം കരിങ്കൽപ്പലകയാൽ മറച്ചിട്ടുണ്ട്.

പുൽമേടുകളും അവിടവിടെയായി വളർന്നുനില്ക്കുന്ന ചില കുറ്റിച്ചെടികളുമല്ലാതെ മറ്റൊന്നും ആ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്നില്ല. അടുത്തൊരിടത്തും മനുഷ്യവാസമുള്ളതിൻ്റെ ലക്ഷണംപോലും കാണാനില്ല.

"നിന്റെ മന്ത്രശക്തികൊണ്ട്‌ ഞാനാവശ്യപ്പെടുന്ന ഒരാളെ, മരിച്ചവരുടെ ലോകത്തുനിന്ന് എൻ്റെയടുത്തു കൊണ്ടുവരണം." വ്യദ്ധയായ മന്ത്രവാദിനിയെ ഉറക്കത്തിൽനിന്നു വിളിച്ചുണർത്തി, സാവൂൾ തന്റെ ആവശ്യമറിയിച്ചു...

അവള്‍ ദേഷ്യത്തോടെ പറഞ്ഞു: "നീയെൻ്റെ ഉറക്കംകെടുത്തുന്നതെന്തിന്? മരിച്ചവനെ വിളിച്ചുവരുത്താൻ ഞാനാരാണ്? ഈ നാട്ടില്‍നിന്ന്‌  മന്ത്രവാദികളെയും ആഭിചാരകരെയും സാവൂള്‍രാജാവു
പുറത്താക്കിയെന്നു‌ നിനക്കറിയില്ലേ? എന്നെ കൊലയ്ക്കുകൊടുക്കാനുള്ള കെണിയുമായി ഈ രാത്രിയിലിവിടെവരാൻ ഞാൻ നിന്നോടെന്തുചെയ്തു?"

"നിന്നേക്കുറിച്ച് എനിക്കെല്ലാമറിയാം. ഇക്കാര്യത്തില്‍ ഒരു ശിക്ഷയും നിനക്കുണ്ടാവില്ലെന്ന്‌ ദൈവനാമത്തില്‍ ഞാനുറപ്പുതരാം."

സ്വർണ്ണനാണയങ്ങൾനിറച്ച രണ്ടുകിഴികൾ സാവൂളിൻ്റെ അംഗരക്ഷകർ വൃദ്ധയ്ക്കുമുമ്പിൽ തുറന്നുകാട്ടി.. 

കത്തിനില്ക്കുന്ന പന്തത്തിൻ്റെ വെളിച്ചത്തിൽ, മഞ്ഞലോഹത്തിൻ്റെ തിളക്കം വൃദ്ധയുടെ കണ്ണുകളിൽപ്പതിച്ചു. അവൾ പെട്ടെന്നുതന്നെ കിഴികൾ രണ്ടുംവാങ്ങി മാറോടുചേർത്തുപിടിച്ചു..

"ശരി, എല്ലാവരും അകത്തേയ്ക്കു വരൂ... വേഗം!"

സാവൂളും അംഗരക്ഷകരും ഗുഹയ്ക്കുള്ളിൽക്കയറി. ആറടിയിലേറെ ഉയരമുള്ള സാവൂൾ വളരെ ബദ്ധപ്പെട്ടാണ് നാലടിയിലധികമുയരമില്ലാത്ത ഗുഹാകവാടം കടന്നത്.

ഗുഹാമുഖം ഒരിടനാഴിയിലേക്കാണു തുറന്നെത്തുന്നത്. എട്ടടിയോളമുയരവും മൂന്നടി വീതിയുമുള്ള ആ ഇടനാഴിക്കപ്പുറം,
ഗുഹയ്ക്കകം വളരെ വിശാലമായിരുന്നു. കത്തിനിൽക്കുന്ന പന്തത്തിൻ്റെ വെളിച്ചത്തിൽ അകത്തെക്കാഴ്ചകൾ വളരെ വ്യക്തമാണ്.

ഗുഹയുടെ ഒരു മൂലയ്ക്ക്, മനുഷ്യരുടേയും മൃഗങ്ങളുടേയും തലയോട്ടികൾ അടുക്കിവച്ചിരുന്നു. അതിനോടുചേർന്ന്, കല്ലുകളടുക്കിത്തയ്യാറാക്കിയ ഒരു ഹോമകുണ്ഡമുണ്ടു്. അതിനുമുമ്പിലായി, തറയിൽവിരിച്ച സിംഹത്തോൽ. ഗുഹാഭിത്തിയിൽ തള്ളിനില്ക്കുന്ന കല്ലുകളുടെ പിന്നിലും, ഗുഹയുടെ ഭിത്തിയിലവിടവിടെയായി സ്ഥാപിച്ചിരിക്കുന്ന മൃഗങ്ങളുടെ തലയോട്ടികൾക്കപ്പുറവുംവീണുകിടക്കുന്ന നിഴലുകൾക്കുമറവിൽ ഏതോ ഭീകരസത്വങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നുതോന്നും.

ചീവിടുകളുടെ, അരോചകമായ ശബ്ദത്തിനൊപ്പം ഇടയ്ക്കിടെ
കാലൻകോഴികളുടെ മുഴങ്ങുന്ന ശബ്ദവും  എവിടെയോനിന്നു
ഗുഹയ്ക്കുള്ളിലേയ്ക്കെത്തുന്നുണ്ടായിരുന്നു.

മന്ത്രവാദിനി പെട്ടെന്നുതന്നെ ഹോമകുണ്ഡത്തിനടുത്തെത്തി, പൂജയ്ക്കുള്ള ഒരുക്കങ്ങൾതുടങ്ങി.
ഹോമകുണ്ഡത്തിനുമുമ്പിൽവിരിച്ച
സിംഹത്തോലിൽ ചമ്രംപടിഞ്ഞിരുന്നുകൊണ്ട് അവൾ സാവൂളിനോടു പറഞ്ഞു:

"വരൂ, ഇവിടെ, എൻ്റെ ഇടതുവശത്തായി വന്നിരിക്കൂ. നിനക്കുവേണ്ടി ഞാനാരുടെയാത്മാവിനെയാണു വിളിച്ചുവരുത്തേണ്ടത്? ആ വ്യക്തിയെ നീ മനസ്സിൽ ധ്യാനിക്കുക. അവൻ്റെയാത്മാവ് ഇവിടെ സന്നിഹിതനാകുമ്പോൾ ഞാൻ നിന്നോടു പറയാം. നിനക്കറിയേണ്ടതെല്ലാം നിനക്കവനോടു ചോദിച്ചറിയാം."

സാവൂൾ അവളെയനുസരിച്ചു. തറയിൽ ചമ്രംപടിഞ്ഞിരുന്ന്, കണ്ണുകളടച്ച്, സാമുവൽപ്രവാചകനെ മനസ്സിൽ ധ്യാനിച്ചു. 

ഹോമകുണ്ഡത്തിൽ അഗ്നിയെരിഞ്ഞു. എവിടെനിന്നോ ഗുഹയിലേക്കു കാറ്റുവീശിത്തുടങ്ങി... ഗുഹയ്ക്കുള്ളിൽ വായു പ്രവാഹമേറി. ഹോമകുണ്ഡത്തിലേയും പന്തങ്ങളിലേയും അഗ്നിനാളങ്ങൾ കാറ്റിനൊത്തു ന്യത്തമാടി. ഓരിയിടുന്ന കുറുനരികളുടേയും ഉറക്കെക്കരയുന്ന കാലൻകോഴികളുടേയും ശബ്ദങ്ങൾക്കൊപ്പം ഗുഹയ്ക്കുള്ളിലേതൊക്കെയോ നിഴൽരൂപങ്ങളിളകി...

മന്ത്രവാദിനിയുടെ ചുണ്ടുകൾ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു.  അവ്യക്തമായ എന്തൊക്കെയോ ശബ്ദങ്ങൾ, പിറുപിറുക്കലുകൾപോലെ അവളുടെ അധരങ്ങളിൽനിന്നു പുറത്തുവന്നു.

പെട്ടെന്ന്,  ഹോമകുണ്ഡത്തിലെ അഗ്നിനാളങ്ങൾ വല്ലാതെയൊന്നാളിക്കത്തി. അത്രനേരവും ആത്മവിശ്വാസത്തോടെ മന്ത്രങ്ങൾചൊല്ലിക്കൊണ്ടിരുന്ന വൃദ്ധയുടെ കണ്ണുകളിൽ ഭയം കടന്നുവന്നു അവൾ ഞെട്ടിത്തിരിഞ്ഞു സാവൂളിനെ നോക്കി. അവളുടെ മുഖം വല്ലാതെവിളറിയിരുന്നു. വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു:

"അങ്ങ്... അങ്ങു സാവൂളല്ലേ...? അങ്ങെന്തിനീ ദാസിയെ കബളിപ്പിക്കാൻ ശ്രമിക്കുന്നു? നേരംപുലർന്നാലുടൻതന്നെ ഞാനിവിടെനിന്നു മറ്റെവിടേയ്ക്കെങ്കിലും ഓടിപ്പോയ്ക്കൊള്ളാം. ദയവായി എന്നെ വെറുതേവിടണം..."
----------------------------------------------------------------

a -   രണ്ടോ മൂന്നോ ഇഞ്ചു വീതിവരുന്ന, തുണികൊണ്ടുള്ള ഒരു നാട, ഇസ്രായേലിലെ പുരോഹിതർ ഒരു ഷാൾപോലെ കഴുത്തിലണിഞ്ഞിരുന്നു. അതിന് എഫോദ് എന്നു പേര്. എഫോദിൻ്റെ രണ്ടറ്റത്തും ഓരോ കീശകളുണ്ട്. ഓരോ പോക്കറ്റിലും ഓരോ സമചതുരക്കട്ടകൾ സൂക്ഷിച്ചിട്ടുണ്ടാവും. ഒന്നിന് ഉറീം എന്നും മറ്റേതിനു തുമ്മീം എന്നും പേര്. ഈ രണ്ടു കട്ടകൾവീഴുന്നതിൻ്റെ വ്യത്യസ്തകോംബിനേഷനുകളുപയോഗിച്ചാണ് പുരോഹിതർ 'ദൈവഹിതം' വിശദീകരിച്ചിരുന്നത്

Sunday 17 May 2020

108. കൂറുമാറിയ പടനായകൻ

ബൈബിൾക്കഥകൾ 108

ഫിലിസ്ത്യരുടെ രാജ്യങ്ങളിലൊന്നായിരുന്നു ഗത്ത്.
ഗത്തിലെ രാജാവായ അക്കീഷിൻ്റെ മുമ്പിൽ ദാവീദിൻ്റെ ദൂതന്മാരെത്തി. 

അക്കീഷ്, ദാവീദിൻ്റെ അഭ്യർത്ഥന സ്വീകരിച്ചു. ദാവീദ് തന്നോടൊപ്പമുണ്ടെങ്കിൽ അയൽരാജ്യങ്ങളെയെല്ലാം കീഴ്പ്പെടുത്തി ഗത്തിൻ്റെ അതിർത്തികൾ വിപുലമാക്കാൻ എളുപ്പമാകുമെന്ന് അവനുറപ്പായിരുന്നു. ഇസ്രായേൽരാജാവിൻ്റെ വെറുപ്പിനുപാത്രമായി ശത്രുപക്ഷത്തുചേർന്നതിനാൽ ഇസ്രായേൽക്കാരെല്ലാം അവനെ വെറുക്കുമെന്നും അങ്ങനെ എക്കാലവും ദാവീദ് തൻ്റെ ദാസനായിക്കഴിയുമെന്നും അക്കീഷ് കരുതി.

ഭാര്യമാരായ അബിഗായിൽ,  അഹിനോവാം, അറുന്നൂറിലധികംവരുന്ന അനുചരന്മാർ എന്നിവർക്കൊപ്പം ദാവീദ് ഗത്തിലെത്തി.

അക്കീഷ് അവരെ ആഘോഷപൂർവ്വം സ്വീകരിച്ചു. ദാവീദിനും ഭാര്യമാർക്കും കൊട്ടാരത്തിനടുത്തുതന്നെ താമസസൗകര്യമൊരുക്കിയിരുന്നു.

ദാവീദ്, അക്കീഷ് രാജാവിനെ വണങ്ങി. 

"ആദരണീയനായ അക്കീഷ് രാജാവിനു വന്ദനം! അങ്ങ് എന്നോടുകാണിക്കുന്ന ഈ സ്നേഹത്തിനും ചെയ്തുതരുന്ന സഹായങ്ങൾക്കും അങ്ങയുടെ ദാസൻ കൃതജ്ഞതയറിയിക്കുന്നു.
ഈ രാജകീയനഗരത്തില്‍ അങ്ങയോടൊത്തു താമസിക്കാനുള്ള യോഗ്യതയെനിക്കില്ല. അങ്ങേയ്ക്ക്‌ എന്നോടു പ്രീതിയുണ്ടെങ്കില്‍ നാട്ടിന്‍പുറത്തെവിടെയെങ്കിലും കുറച്ചുസ്ഥലം തന്നാൽമതി. എൻ്റെ കൂട്ടാളികൾക്കൊപ്പം ഞാനവിടെ താമസിച്ചുകൊള്ളാം. 

അക്കീഷ്‌ അന്നുതന്നെ, ഗത്തിൻ്റെ അതിർത്തിയോടടുത്ത്, സിക്‌ലാഗ്‌ എന്നപ്രദേശം ദാവീദിനും അനുചരന്മാർക്കുമായി വിട്ടുകൊടുത്തു. തലസ്ഥാനനഗരത്തിൽനിന്നു സിക്‌ലാഗിലേക്ക്, മൂന്നുദിവസത്തെ യാത്രാദൂരമുണ്ടായിരുന്നു. ദാവീദും സംഘവും അവിടെയെത്തി കൂടാരമടിച്ചു.

ദാവിദ് ഗത്തിൽ അഭയംപ്രാപിച്ച വാർത്ത സാവൂളറിഞ്ഞു.

"അവൻ കർത്താവിൻ്റെ ശത്രുക്കൾക്കൊപ്പംചേർന്നിരിക്കുന്നു. അവൻ്റെ വഞ്ചന ഇസ്രായേലിലെ മുഴുവൻപേരും തിരിച്ചറിയും. ഇസ്രായേൽജനങ്ങൾ ഇനിയൊരിക്കലും ആ രാജ്യദ്രോഹിയെ വിശ്വസിക്കില്ല."

സാവൂള്‍ പിന്നീട് ദാവീദിനെയന്വേഷിച്ചുപോയില്ല. 

അവസരം ലഭിച്ചപ്പോഴെല്ലാം, സിക്‌ലാഗിനോടുചേർന്നു കിടക്കുന്ന തോലാംമുതല്‍ ഈജിപ്‌തിലേക്കുള്ള വഴിയില്‍ ഷൂര്‍വരെയുള്ള പ്രദേശത്തുവസിച്ചിരുന്ന ഗഷൂര്യർ, ഗിര്‍സ്യർ, അമലേക്യർ തുടങ്ങിയ ജനവിഭാഗങ്ങളെ ദാവീദും അനുയായികളും‌ ആക്രമിച്ചു കൊള്ളയടിച്ചിരുന്നു.

ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവ അപഹരിച്ച്, അവൻ‌ അക്കീഷിന്റെ മുമ്പിൽ കാഴ്ചവച്ചു.

ദാവീദിൻ്റെ പ്രവൃത്തികൾ അക്കീഷിനെ സന്തോഷിപ്പിച്ചു. അക്കീഷ്, ദാവീദിനും അനുചരന്മാർക്കും നിരവധി സമ്മാനങ്ങൾനല്കി.

അയൽപ്രദേശങ്ങളെ ആക്രമിച്ചു ലഭിക്കുന്ന കൊള്ളവസ്തുക്കളിലൊരു പങ്ക്,
തൻ്റെ ഒളിവുജീവിതകാലത്ത് സഹായംനല്കിയ ഇസ്രായേൽക്കാർക്കും ദാവിദ് രഹസ്യമായി കൊടുത്തയച്ചിരുന്നു. എന്നാൽ അക്കീഷ് ഇതറിഞ്ഞിരുന്നില്ല!

ഒരു വർഷവും നാലുമാസങ്ങളും കടന്നുപോയി. വസന്തകാലമായപ്പോൾ, അക്കീഷടക്കമുള്ള ഫിലിസ്ത്യരാജാക്കന്മാർ ഇസ്രായേലിനോടു ‌യു‌ദ്ധംചെയ്യാന്‍ തങ്ങളുടെ സേനകളെയൊരുക്കി.
അക്കീഷ്,‌ ദാവീദിനെ തൻ്റെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു: "നിൻ്റെ ശത്രുവായ സാവൂളിനെയാക്രമിക്കാൻ ഫിലിസ്ത്യരാജാക്കന്മാർ തീരുമാനിച്ചിരിക്കുന്നു. നീയും നിൻ്റെയനുയായികളും ഞങ്ങളോടൊത്തു യുദ്ധത്തിനുപോരണം."

"എൻ്റെ ദുർഘടവേളയിൽ അങ്ങാണെനിക്കഭയം നല്കിയത്. അങ്ങയുടെ ഏതാജ്ഞയും ഈ ദാസൻ ശിരസ്സാവഹിക്കും.  ‌ എനിക്കെന്തുചെയ്യാൻകഴിയുമെന്ന്‌ അങ്ങേയ്ക്കു യുദ്ധമുഖത്തു നേരിൽക്കാണാം." ദാവീദ് മറുപടി പറഞ്ഞു.

അക്കീഷ്‌ ദാവീദിനെയഭിനന്ദിച്ചു: "കൊള്ളാം; നിൻ്റെ വിശ്വസ്തത എന്നെ സന്തോഷിപ്പിക്കുന്നു. എന്നും നീയെൻ്റെ വിശ്വസ്തനായ അംഗരക്ഷകനായിരിക്കും."

സിക്‌ലാഗിൽ മടങ്ങിയെത്തിയ ദാവീദ്, തൻ്റെ വിശ്വസ്തരായ 
അഹിമലെക്കിനേയും  യോവാബിനേയും അബിഷായിയേയും അടുത്തുവിളിച്ചു.

"ആപത്തുകാലത്ത്, അക്കീഷ് നമ്മെ സഹായിച്ചു. അവൻ്റെ വാക്കുകൾ നമുക്കു നിരസിക്കാനാവില്ല. അതിനാൽ ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഫിലിസ്ത്യരോടൊപ്പംചേരാൻ ഇപ്പോൾ നമ്മൾ നിർബ്ബന്ധിതരായിരിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ കർത്താവിനല്ലാതെ മറ്റാർക്കും നമ്മെ സഹായിക്കാനാകില്ല. 

എന്തു സംഭവിച്ചാലും അതു ദൈവകരങ്ങളിൽനിന്നു സ്വീകരിക്കുവാൻ തയ്യാറാകണം. ഒരു കാര്യത്തിൽ ശ്രദ്ധവയ്ക്കണം. സാവൂൾരാജാവോ ജോനാഥനോ നമ്മളിലൊരാൾമൂലം പരുക്കേൽക്കാനോ ജീവൻ നഷ്ടപ്പെടാനോ ഇടവരരുത്. നമ്മിലൊരാളുടെ കണ്മുമ്പിൽ ഇസ്രായേൽരാജാവ് അപകടത്തിൽപ്പെട്ടാൽ, ജീവൻവെടിഞ്ഞും രാജാവിനെ രക്ഷിക്കാൻ ഒരാളും മടികാണിക്കുകയുമരുതു്...."

----------------------------------------------------

Sunday 10 May 2020

107. അഭയംതേടി...

ബൈബിൾക്കഥകൾ 107

നാബാലിൻ്റെ ചികിത്സയ്ക്കായി നാട്ടിലെ മികച്ചവൈദ്യന്മാരിലൊരുവനെത്തന്നെയാണ് അബിഗായിൽ കൊണ്ടുവന്നത്. എന്നാൽ തളർന്നുപോയ അവൻ്റെ ശരീരത്തെ ശക്തിപ്പെടുത്താൻ, 
ഒരു ചികിത്സയ്ക്കുമായില്ല.

തൻ്റെ സമ്പത്തിൽ ഏറെയഹങ്കരിച്ചിരുന്ന നാബാൽ, പത്തുദിവസങ്ങൾ കിടക്കയിൽത്തന്നെ കിടന്നു. തളർന്നശരീരത്തിൽ, കണ്ണുകളിലെ കൃഷ്ണമണികൾമാത്രം വല്ലപ്പോഴും ചലിച്ചിരുന്നു.. പത്തുദിവസങ്ങൾക്കപ്പുറം ആ ചലനവുമവസാനിച്ചു. അവൻ്റെ മിഴികൾ നിത്യമായടഞ്ഞു.

നാബാലിൻ്റെ മരണവാർത്തയറിഞ്ഞപ്പോൾ, അനുശോചനസന്ദേശവുമായി ദാവീദ്, തൻ്റെ ദൂതന്മാരെ അബിഗായിലിൻ്റെയടുത്തേക്കയച്ചു.

ദാവീദ്‌, തൻ്റെ വിശ്വസ്തരായ അഹിമലെക്കിനേയും  യോവാബിനേയും അബിഷായിയേയും തൻ്റെയടുത്തു വിളിച്ചു: 

"നാബാൽ എന്നോടുകാണിച്ച നിന്ദയ്ക്കു‌ ദൈവം പകരംചോദിച്ചിരിക്കുന്നു. അവൻ്റെ ദുഷ്‌ടത, കര്‍ത്താവ്‌ അവന്റെ തലയിലേക്കുതന്നെ അയച്ചിരിക്കുന്നു. 

ഒരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായമെനിക്കറിയണം. നാബാലിൻ്റെ വിധവയായ അബിഗായിൽ ബുദ്ധിയും വിവേകവും സൗന്ദര്യവും ഒത്തിണങ്ങിയ ഒരു യുവതിയല്ലേ? അവളെ ഞാൻ വിവാഹമാലോചിക്കുന്നതു യുക്തമാണോ? നിങ്ങളുടെ അഭിപ്രായമെന്താണ്?"

"മിഖാൽ അങ്ങയെ വിട്ടുപോയതറിഞ്ഞപ്പോൾത്തന്നെ മറ്റൊരു വിവാഹത്തെക്കുറിച്ച് അങ്ങയോടു സംസാരിക്കണമെന്ന് ഞങ്ങളാലോചിച്ചിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതിനാലാണ് ഇതുവരെ അക്കാര്യം പറയാതിരുന്നത്." യോവാബ് പറഞ്ഞു.

"സമ്പന്നയും വിവേകവതിയും ബുദ്ധിമതിയുമായ അബിഗായിൽ അങ്ങയുടെ ഭാര്യയായിവന്നാൽ അതു നമ്മൾക്കു കൂടുതൽ കരുത്താകുമെന്നുറപ്പാണ്." അഹിമലെക്ക് യോവാബിനെ പിന്തുണച്ചു.

"അങ്ങേയ്ക്കായി ഞങ്ങൾ മൂന്നാളുംചേർന്ന്, മറ്റൊരു വധുവിനെക്കൂടെ കണ്ടെത്തിയിട്ടുണ്ടു്. ജസ്രലിലെ സമ്പന്നകുടുംബാംഗമായ‌ അഹിനോവാം എന്നൊരു യുവതിയാണത്. 

സമ്പത്തും ബന്ധുബലവും നമുക്കു് ഏറെ ആവശ്യമുണ്ട്. അതിനാൽ അബിഗായിലും അഹിനോവാമും അങ്ങയുടെ ഭാര്യമാരായെത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്." അബിഷായിയും തൻ്റെ നിലപാടു വ്യക്തമാക്കി.

ഇസ്രായേലിൻ്റെ ആചാരമനുസരിച്ച് മരിച്ചവനെക്കുറിച്ചുള്ള വിലാപത്തിൻ്റെ ദിനങ്ങൾ പൂർത്തിയായതിനുശേഷം,
അബിഗായിലിൻ്റേയും അഹിനോവാമിൻ്റെയും വീടുകളിലേക്കു്, വിവാഹാലോചനകളുമായി ദാവീദിൻ്റെ ദൂതന്മാരെത്തി.

അബിഗായിൽ വിധവാവസ്ത്രങ്ങളുപേക്ഷിച്ച്, വീണ്ടും വിവാഹവസ്ത്രങ്ങളണിഞ്ഞു. ആഘോഷങ്ങളില്ലാതെ, ദാവീദ് അവളുടെ കരംപിടിച്ച് തന്നോടു ചേർത്തു. 

ഒരുമാസത്തെ ഇടവേളയ്ക്കുശേഷം, അബിഗായിലിൻ്റെ സപത്നിയായി, അഹിനോവാമുമെത്തി.

ദാവീദിൻ്റെ വിവാഹവാർത്തയറിഞ്ഞപ്പോൾ, സാവൂൾ കോപിഷ്ടനായി. "എൻ്റെ പുത്രിയെ ഞാൻ അവനിൽനിന്നു തിരികെയെടുത്തപ്പോൾ, അവളുടെ സ്ഥാനത്ത്, അവൻ പുതിയ രണ്ടു ഭാര്യമാരെ സ്വീകരിച്ചിരിക്കുന്നു... ധിക്കാരിയായ അവനെ ഞാൻ പാഠം പഠിപ്പിക്കുകതന്നെ ചെയ്യും."

"ഹക്കീലാകുന്നിൽവച്ച് അവൻ നമ്മുടെ കൈയിൽപ്പെട്ടതാണ്. അവനെ അന്നേ വധിക്കേണ്ടതായിരുന്നു. ഇസ്രായേൽരാജാവിൻ്റെ കൂടാരത്തിൽ ഒരു കള്ളനെപ്പോലെ കടന്നുവന്ന അവനോട്, അങ്ങ് അനുകമ്പകാണിക്കരുതായിരുന്നു...."  സൈന്യാധിപനായ അബ്നേർ രാജാവിൻ്റെ ചിന്തകളിലേക്ക് ഇന്ധനംപകർന്നു.

സാവൂൾ, ദാവീദിനെ വധിക്കാൻ അബ്നേറിനൊപ്പം പുതിയ പദ്ധതികൾ മെനഞ്ഞു.

ദാവീദ് തൻ്റെ പത്നിമാരോടൊത്ത് കൂടാരത്തിൽ വിശ്രമിക്കുകയായിരുന്നു.

അബിഗായിൽ ദാവീദിനോടു പറഞ്ഞു: "സാവൂൾരാജാവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, ഇസ്രായേലിൻ്റെ അതിർത്തികൾക്കുള്ളിൽ നമ്മൾ സുരക്ഷിതരല്ല. ഇപ്പോഴുള്ള ശാന്തത ഏറെക്കാലം നീണ്ടുനില്ക്കുമെന്നു തോന്നുന്നില്ല.
അങ്ങയുടെ ജീവനെത്തേടി, ഇസ്രായേൽസൈന്യം ഏതുനിമിഷവും കടന്നുവന്നേക്കാം. അതുകൊണ്ട്, നമ്മൾ ഇസ്രായേലിൻ്റെ അതിർത്തികടന്ന്, ഫിലിസ്ത്യരുടെപക്കൽ അഭയംതേടുന്നതാകും ഉചിതമെന്ന് ഞാൻ കരുതുന്നു."

"ഫിലിസ്ത്യർ നമ്മളെ സ്വീകരിക്കുമെന്നോ? മല്ലനായ ഗോലിയാത്തിൽത്തുടങ്ങി എത്രയധികം ഫിലിസ്ത്യരാണ് ദാവീദിൻ്റെ കരങ്ങളാൽ വധിക്കപ്പെട്ടത്! അവരുടെ ഏറ്റവും വലിയ ശത്രുവാണു ദാവീദ്. അതു കൊണ്ട്, ഫിലിസ്ത്യപക്ഷത്തേക്കു പോകാൻശ്രമിക്കുന്നത് കൂടുതൽ അപകടകരമാകില്ലേ?" അഹിനോവാം ചോദിച്ചു.

"അങ്ങനെയല്ല സഹോദരീ, ഇസ്രായേലും ഇസ്രായേൽരാജാവുമാണു ഫിലിസ്ത്യരുടെ ശത്രുക്കൾ. സാവൂൾരാജാവിൻ്റെ വിശ്വസ്തനും കരുത്തനുമായ സേവകൻ, രാജാവിനോടു പിണങ്ങി, അഭയംതേടിയെത്തിയാൽ ഫിലിസ്ത്യർ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്." അബിഗായിൽ അഹിനോവാമിനോടു പറഞ്ഞു. പിന്നെ ദാവീദിനോടു തുടർന്നു. 'എൻ്റെ വാക്കുകളെക്കുറിച്ച്, അങ്ങു ചിന്തിക്കുക. ഉചിതമായ തീരുമാനമെടുക്കുക. ഞങ്ങളിരുവരും എല്ലായ്പ്പോഴും അങ്ങയോടൊപ്പമുണ്ടാകും."

ദാവീദ്‌ ചിന്തിച്ചു: ഫിലിസ്‌ത്യരുടെ നാട്ടിലേക്കു രക്ഷപെടാൻകഴിഞ്ഞാൽ, സാവൂള്‍രാജാവ് മതിയാക്കും. രാജാവിൻ്റെ കരങ്ങളിൽനിന്നകലെ, എനിക്കു സുരക്ഷിതനായിക്കഴിയുകയുംചെയ്യാം....

അഹിമലെക്ക്,  യോവാബ് അബിഷായി എന്നിവരോടു് ഇക്കാര്യത്തെക്കുറിച്ച് ദാവീദ് ആലോചിച്ചു. 

അടുത്തദിവസംതന്നെ ദാവീദിൻ്റെ രണ്ടു ദൂതന്മാർ ഫിലിസ്ത്യരാജാവായ അക്കീഷിൻ്റെ കൊട്ടാരത്തിലേക്കു പുറപ്പെട്ടു.