Wednesday 20 May 2020

109. ആഭിചാരിക

ബൈബിൾക്കഥകൾ 109

അകാരണമായൊരു ഭയം, സാവൂളിൽ നിറഞ്ഞു. 

'ഫിലിസ്ത്യരാജാക്കന്മാർ തനിക്കെതിരേ സംയുക്തമായ ഒരാക്രമണത്തിനായി ഒരുക്കംതുടങ്ങിയെന്നറിഞ്ഞപ്പോൾമുതൽ മനസ്സസ്വസ്ഥമാണ്. 

ദാവീദും അവർക്കൊപ്പമുണ്ടത്രേ! സ്വന്തം മാതൃരാജ്യത്തിനെതിരേ, ശത്രുക്കൾക്കൊപ്പംചേർന്ന രാജ്യദ്രോഹി!

യുദ്ധങ്ങളേയും മരണത്തേയും സാവൂൾ ഭയക്കുന്നില്ല! ഇരുപതാംവയസ്സിൽ സാമുവൽപ്രവാചകൻ്റെ കൈകളാൽ ഇസ്രായേലിൻ്റെ രാജാവായി അഭിഷേകംചെയ്യപ്പെട്ട ദിവസംമുതൽ ഇന്നിതുവരെ എത്രയെത്ര യുദ്ധങ്ങൾ! എത്ര ചോരപ്പുഴകളൊഴുകി! എത്രയോ ശത്രുക്കളുടെ ശിരസ്സുകൾ മണ്ണിൽവീണുരുണ്ടു...

ഗോത്രങ്ങളായി ചിതറിക്കിടന്നിരുന്ന ഇസ്രായേൽജനത്തെ ഒന്നിച്ചുനിറുത്തി, ഇസ്രായേലെന്ന പുതിയൊരു രാജ്യം കെട്ടിപ്പടുത്തത് ഈ സാവൂൾതന്നെയാണ്! ഇസ്രായേലിൻ്റെ രാജാവ് ഒരിക്കലുമൊരു യുദ്ധത്തെയും ഭയപ്പെടുകയില്ല!'

എങ്ങനെയൊക്കെ സ്വയംധൈര്യപ്പെടുത്താൻശ്രമിച്ചിട്ടും സാവൂളിൻ്റെ മനസ്സ്, കടിഞ്ഞാണറ്റ കുതിരയെപ്പോലെ ഭയത്തിൻ്റെ താഴ്വരകളിലലഞ്ഞുകൊണ്ടിരുന്നു...!

സാവൂൾ കർത്താവിനോടു പ്രാർത്ഥിച്ചു. എന്നാൽ ഒരു സ്വപ്നത്തിലൂടെയോ ദർശനത്തിലൂടെയോ കർത്താവ് അവനുത്തരംനല്കിയില്ല..

ഇസ്രയേലിലെ പുരോഹിതന്മാർ സാവൂളിനുവേണ്ടി പ്രാർത്ഥിക്കാൻ 
a ഉറീമും തുമ്മീമുമായിവന്നു. എന്നാൽ കർത്താവ് അവരിലൂടെയും സംസാരിച്ചില്ല.

സാവൂൾ കൂടുതലസ്വസ്ഥനായി.

ജോനാഥാൻ, തൻ്റെ സഹോദരന്മാരായ അബിനാദാബിനും മല്‍ക്കീഷുവായ്ക്കുമൊപ്പം യുദ്ധത്തിനുള്ള ഒരുക്കങ്ങൾതുടങ്ങി..

ജോനാഥൻ സഹോദരന്മാരോടു പറഞ്ഞു: "ആബാ എന്തിനാണ് അസ്വസ്ഥനാകുന്നതെന്നെനിക്കറിയില്ല. ദാവീദ് നമുക്കെതിരായി ഫിലിസ്ത്യർക്കൊപ്പം യുദ്ധത്തിനുവരുമെന്നും ഞാൻ കരുതുന്നില്ല. കർത്താവ് അതിനിടയാക്കില്ല...

ദാവീദ് ഇപ്പോൾ ഇവിടെയുണ്ടായിരുന്നെങ്കിൽ, ഈ യുദ്ധത്തിൽ ഇസ്രായേൽസൈന്യത്തെ നയിക്കാൻ അവൻമാത്രംമതിയായിരുന്നു!

ഇസ്രായേലിൻ്റെ ദൈവമായ, കർത്താവു നമുക്കൊപ്പമുണ്ടെങ്കിൽ മറ്റാരുമില്ലെങ്കിലും ഈ യുദ്ധം നമ്മൾ ജയിക്കും! അതിനാൽ 
നിങ്ങൾ ഭയപ്പെടരുത്.  ധൈര്യംവെടിയാതെ എന്നോടൊപ്പമുണ്ടായാൽമാത്രം മതി!..."

ഫിലിസ്‌ത്യസേനകൾ അഫെക്കില്‍ ഒരുമിച്ചുകൂടി. സാവൂളും പുത്രന്മാരും
ഇസ്രായേൽസേനയെ നയിച്ചുകൊണ്ട് ജസ്രലിലുള്ള നീര്‍ച്ചാലിനടുത്തു പാളയമടിച്ചു.

സാവൂൾ സൈന്യാധിപനായ അബ്നേറിനെ തൻ്റെ കൂടാരത്തിലേക്കു വിളിപ്പിച്ചു.

"കർത്താവ് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരംനല്കുന്നില്ല. അതിനാൽ, രഹസ്യത്തിൽ ഒരു മന്ത്രവാദിയേയോ ആഭിചാരകനേയോ അന്വേഷിക്കുക. യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ്, എനിക്കവൻ്റെ ഉപദേശമാരായണം."

അബ്നേർ മറുപടി പറഞ്ഞു: "മോശയുടെ നിയമമനുസരിച്ച്,  മന്ത്രവാദികളും ആഭിചാരകരും വധിക്കപ്പെടണമെന്ന, അങ്ങയുടെ കല്പന നിലവിലുള്ളതിനാൽ ഇസ്രായേലിലെവിടെയും അത്തരക്കാരെ കണ്ടെത്താനിടയില്ല. എങ്കിലും ഞാനൊന്നന്വേഷിക്കട്ടെ!"

സന്ധ്യയ്ക്കുമുമ്പേ അബ്നേർ സാവൂളിനുമുമ്പിൽ മടങ്ങിയെത്തി.

"എന്‍ദോറില്‍, ഗ്രാമാതിർത്തിയിലെ വനത്തോടുചേർന്നുള്ള ഒരു ഗുഹയിൽ ഒറ്റയ്ക്കു താമസിക്കുന്നൊരു മന്ത്രവാദിനിയുണ്ട്."

"എന്നാൽ ഈ രാത്രിയിൽത്തന്നെ നമുക്കവളെ കാണണം! നാളെമുതൽ നമ്മൾ യുദ്ധമുഖത്തായിരിക്കും."

അപ്പോൾത്തന്നെ, രണ്ട് അംഗരക്ഷകരോടൊപ്പം വേഷപ്രച്‌ഛന്നനായ സാവൂള്‍ എൻദോറിലേക്കു പുറപ്പെട്ടു. സാവൂൾ പാളയത്തിൽനിന്നു പുറത്തുപോയ വാർത്ത, 
അബ്നേറും അതിവിശ്വസ്തരായ ചില സൈനികരുമൊഴികെ, മറ്റാരുമറിഞ്ഞില്ല.

രാത്രിയുടെ രണ്ടാംയാമത്തിൻ്റെ തുടക്കത്തിൽ, സാവൂൾ എൻദോറിലെ മന്ത്രവാദിനി താമസിക്കുന്ന ഗുഹാമുഖത്തെത്തി..  പുൽമേടുകൾനിറഞ്ഞ ഒരു മലയുടെ താഴ്വരയിൽ, വൃത്താകൃതിയിലുള്ള കരിങ്കൽപ്പലകയാൽമറച്ചൊരു ഗുഹയായിരുന്നു അത്. ഗുഹാമുഖത്ത്, മൃഗക്കൊഴുപ്പുപുരട്ടിത്തയ്യാറാക്കിയ പന്തമൊരെണ്ണം ജ്വലിച്ചുനില്ക്കുന്നു. അതിനോടുചേർന്ന മറ്റൊരു ഗുഹയിൽ ആടുമാടുകളുടെ ശബ്ദം കേൾക്കാം. അതിൻ്റെയും ഗുഹാമുഖം കരിങ്കൽപ്പലകയാൽ മറച്ചിട്ടുണ്ട്.

പുൽമേടുകളും അവിടവിടെയായി വളർന്നുനില്ക്കുന്ന ചില കുറ്റിച്ചെടികളുമല്ലാതെ മറ്റൊന്നും ആ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്നില്ല. അടുത്തൊരിടത്തും മനുഷ്യവാസമുള്ളതിൻ്റെ ലക്ഷണംപോലും കാണാനില്ല.

"നിന്റെ മന്ത്രശക്തികൊണ്ട്‌ ഞാനാവശ്യപ്പെടുന്ന ഒരാളെ, മരിച്ചവരുടെ ലോകത്തുനിന്ന് എൻ്റെയടുത്തു കൊണ്ടുവരണം." വ്യദ്ധയായ മന്ത്രവാദിനിയെ ഉറക്കത്തിൽനിന്നു വിളിച്ചുണർത്തി, സാവൂൾ തന്റെ ആവശ്യമറിയിച്ചു...

അവള്‍ ദേഷ്യത്തോടെ പറഞ്ഞു: "നീയെൻ്റെ ഉറക്കംകെടുത്തുന്നതെന്തിന്? മരിച്ചവനെ വിളിച്ചുവരുത്താൻ ഞാനാരാണ്? ഈ നാട്ടില്‍നിന്ന്‌  മന്ത്രവാദികളെയും ആഭിചാരകരെയും സാവൂള്‍രാജാവു
പുറത്താക്കിയെന്നു‌ നിനക്കറിയില്ലേ? എന്നെ കൊലയ്ക്കുകൊടുക്കാനുള്ള കെണിയുമായി ഈ രാത്രിയിലിവിടെവരാൻ ഞാൻ നിന്നോടെന്തുചെയ്തു?"

"നിന്നേക്കുറിച്ച് എനിക്കെല്ലാമറിയാം. ഇക്കാര്യത്തില്‍ ഒരു ശിക്ഷയും നിനക്കുണ്ടാവില്ലെന്ന്‌ ദൈവനാമത്തില്‍ ഞാനുറപ്പുതരാം."

സ്വർണ്ണനാണയങ്ങൾനിറച്ച രണ്ടുകിഴികൾ സാവൂളിൻ്റെ അംഗരക്ഷകർ വൃദ്ധയ്ക്കുമുമ്പിൽ തുറന്നുകാട്ടി.. 

കത്തിനില്ക്കുന്ന പന്തത്തിൻ്റെ വെളിച്ചത്തിൽ, മഞ്ഞലോഹത്തിൻ്റെ തിളക്കം വൃദ്ധയുടെ കണ്ണുകളിൽപ്പതിച്ചു. അവൾ പെട്ടെന്നുതന്നെ കിഴികൾ രണ്ടുംവാങ്ങി മാറോടുചേർത്തുപിടിച്ചു..

"ശരി, എല്ലാവരും അകത്തേയ്ക്കു വരൂ... വേഗം!"

സാവൂളും അംഗരക്ഷകരും ഗുഹയ്ക്കുള്ളിൽക്കയറി. ആറടിയിലേറെ ഉയരമുള്ള സാവൂൾ വളരെ ബദ്ധപ്പെട്ടാണ് നാലടിയിലധികമുയരമില്ലാത്ത ഗുഹാകവാടം കടന്നത്.

ഗുഹാമുഖം ഒരിടനാഴിയിലേക്കാണു തുറന്നെത്തുന്നത്. എട്ടടിയോളമുയരവും മൂന്നടി വീതിയുമുള്ള ആ ഇടനാഴിക്കപ്പുറം,
ഗുഹയ്ക്കകം വളരെ വിശാലമായിരുന്നു. കത്തിനിൽക്കുന്ന പന്തത്തിൻ്റെ വെളിച്ചത്തിൽ അകത്തെക്കാഴ്ചകൾ വളരെ വ്യക്തമാണ്.

ഗുഹയുടെ ഒരു മൂലയ്ക്ക്, മനുഷ്യരുടേയും മൃഗങ്ങളുടേയും തലയോട്ടികൾ അടുക്കിവച്ചിരുന്നു. അതിനോടുചേർന്ന്, കല്ലുകളടുക്കിത്തയ്യാറാക്കിയ ഒരു ഹോമകുണ്ഡമുണ്ടു്. അതിനുമുമ്പിലായി, തറയിൽവിരിച്ച സിംഹത്തോൽ. ഗുഹാഭിത്തിയിൽ തള്ളിനില്ക്കുന്ന കല്ലുകളുടെ പിന്നിലും, ഗുഹയുടെ ഭിത്തിയിലവിടവിടെയായി സ്ഥാപിച്ചിരിക്കുന്ന മൃഗങ്ങളുടെ തലയോട്ടികൾക്കപ്പുറവുംവീണുകിടക്കുന്ന നിഴലുകൾക്കുമറവിൽ ഏതോ ഭീകരസത്വങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നുതോന്നും.

ചീവിടുകളുടെ, അരോചകമായ ശബ്ദത്തിനൊപ്പം ഇടയ്ക്കിടെ
കാലൻകോഴികളുടെ മുഴങ്ങുന്ന ശബ്ദവും  എവിടെയോനിന്നു
ഗുഹയ്ക്കുള്ളിലേയ്ക്കെത്തുന്നുണ്ടായിരുന്നു.

മന്ത്രവാദിനി പെട്ടെന്നുതന്നെ ഹോമകുണ്ഡത്തിനടുത്തെത്തി, പൂജയ്ക്കുള്ള ഒരുക്കങ്ങൾതുടങ്ങി.
ഹോമകുണ്ഡത്തിനുമുമ്പിൽവിരിച്ച
സിംഹത്തോലിൽ ചമ്രംപടിഞ്ഞിരുന്നുകൊണ്ട് അവൾ സാവൂളിനോടു പറഞ്ഞു:

"വരൂ, ഇവിടെ, എൻ്റെ ഇടതുവശത്തായി വന്നിരിക്കൂ. നിനക്കുവേണ്ടി ഞാനാരുടെയാത്മാവിനെയാണു വിളിച്ചുവരുത്തേണ്ടത്? ആ വ്യക്തിയെ നീ മനസ്സിൽ ധ്യാനിക്കുക. അവൻ്റെയാത്മാവ് ഇവിടെ സന്നിഹിതനാകുമ്പോൾ ഞാൻ നിന്നോടു പറയാം. നിനക്കറിയേണ്ടതെല്ലാം നിനക്കവനോടു ചോദിച്ചറിയാം."

സാവൂൾ അവളെയനുസരിച്ചു. തറയിൽ ചമ്രംപടിഞ്ഞിരുന്ന്, കണ്ണുകളടച്ച്, സാമുവൽപ്രവാചകനെ മനസ്സിൽ ധ്യാനിച്ചു. 

ഹോമകുണ്ഡത്തിൽ അഗ്നിയെരിഞ്ഞു. എവിടെനിന്നോ ഗുഹയിലേക്കു കാറ്റുവീശിത്തുടങ്ങി... ഗുഹയ്ക്കുള്ളിൽ വായു പ്രവാഹമേറി. ഹോമകുണ്ഡത്തിലേയും പന്തങ്ങളിലേയും അഗ്നിനാളങ്ങൾ കാറ്റിനൊത്തു ന്യത്തമാടി. ഓരിയിടുന്ന കുറുനരികളുടേയും ഉറക്കെക്കരയുന്ന കാലൻകോഴികളുടേയും ശബ്ദങ്ങൾക്കൊപ്പം ഗുഹയ്ക്കുള്ളിലേതൊക്കെയോ നിഴൽരൂപങ്ങളിളകി...

മന്ത്രവാദിനിയുടെ ചുണ്ടുകൾ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു.  അവ്യക്തമായ എന്തൊക്കെയോ ശബ്ദങ്ങൾ, പിറുപിറുക്കലുകൾപോലെ അവളുടെ അധരങ്ങളിൽനിന്നു പുറത്തുവന്നു.

പെട്ടെന്ന്,  ഹോമകുണ്ഡത്തിലെ അഗ്നിനാളങ്ങൾ വല്ലാതെയൊന്നാളിക്കത്തി. അത്രനേരവും ആത്മവിശ്വാസത്തോടെ മന്ത്രങ്ങൾചൊല്ലിക്കൊണ്ടിരുന്ന വൃദ്ധയുടെ കണ്ണുകളിൽ ഭയം കടന്നുവന്നു അവൾ ഞെട്ടിത്തിരിഞ്ഞു സാവൂളിനെ നോക്കി. അവളുടെ മുഖം വല്ലാതെവിളറിയിരുന്നു. വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു:

"അങ്ങ്... അങ്ങു സാവൂളല്ലേ...? അങ്ങെന്തിനീ ദാസിയെ കബളിപ്പിക്കാൻ ശ്രമിക്കുന്നു? നേരംപുലർന്നാലുടൻതന്നെ ഞാനിവിടെനിന്നു മറ്റെവിടേയ്ക്കെങ്കിലും ഓടിപ്പോയ്ക്കൊള്ളാം. ദയവായി എന്നെ വെറുതേവിടണം..."
----------------------------------------------------------------

a -   രണ്ടോ മൂന്നോ ഇഞ്ചു വീതിവരുന്ന, തുണികൊണ്ടുള്ള ഒരു നാട, ഇസ്രായേലിലെ പുരോഹിതർ ഒരു ഷാൾപോലെ കഴുത്തിലണിഞ്ഞിരുന്നു. അതിന് എഫോദ് എന്നു പേര്. എഫോദിൻ്റെ രണ്ടറ്റത്തും ഓരോ കീശകളുണ്ട്. ഓരോ പോക്കറ്റിലും ഓരോ സമചതുരക്കട്ടകൾ സൂക്ഷിച്ചിട്ടുണ്ടാവും. ഒന്നിന് ഉറീം എന്നും മറ്റേതിനു തുമ്മീം എന്നും പേര്. ഈ രണ്ടു കട്ടകൾവീഴുന്നതിൻ്റെ വ്യത്യസ്തകോംബിനേഷനുകളുപയോഗിച്ചാണ് പുരോഹിതർ 'ദൈവഹിതം' വിശദീകരിച്ചിരുന്നത്

No comments:

Post a Comment