Friday 22 May 2020

110. ആത്മാവിൻ്റെ പ്രവചനങ്ങൾ

ബൈബിൾക്കഥകൾ 110

മന്ത്രവാദിനിയുടെ പരിഭ്രമംകണ്ട സാവൂൾ‌ അവളോടു പറഞ്ഞു: "ഇസ്രായേൽരാജാവായ സാവൂൾതന്നെയാണു ഞാൻ. നീ ഭയപ്പെടണ്ടാ. നിനക്കെതിരായി ഒന്നും ഞാൻ ചെയ്യില്ല. നീയെന്താണു‌ കാണുന്നതെന്ന് എന്നോടു പറയുക"

കേട്ടതു പൂർണ്ണമായും വിശ്വസിക്കാനാകാത്തതുപോലെ മന്ത്രവാദിനി സാവൂളിനെ വീണ്ടും നോക്കി. പിന്നെ സാവൂളിനുനേരേ കൈകൾ കൂപ്പി.

വിറയ്ക്കുന്ന ശബ്ദത്തോടെ അവള്‍ പറഞ്ഞു: "ഒരു ദേവന്‍ കയറിവരുന്നതായി ഞാന്‍ കാണുന്നു."

രാജാവു ചോദിച്ചു: "ദേവനോ? അവന്റെ രൂപമെങ്ങനെയാണ്?" 

അവള്‍ പറഞ്ഞു: "താടിയും മുടിയും പൂർണ്ണമായിനരച്ച, ഒരു വൃദ്ധനാണവൻ...‌ വെളുത്ത വസ്ത്രമാണു ധരിച്ചിരിക്കുന്നത്. താടിരോമങ്ങൾ നെഞ്ചൊപ്പം നീണ്ടുവളർന്നിരിക്കുന്നു. തേജസ്സുറ്റ മുഖവും വിടർന്നുതിളങ്ങുന്ന കണ്ണുകളും! പുരോഹിതന്മാർ ധരിക്കുന്നതുപോലുള്ള മേലങ്കിയും ധരിച്ചിട്ടുണ്ട്..." 

അതു സാമുവലാണെന്ന്‌ സാവൂളിനു മനസ്സിലായി. സാവൂൾ ഹോമകുണ്ഡത്തിനുനേരെ കൈകൂപ്പി. പിന്നെ സാഷ്‌ടാംഗംവീണു വണങ്ങി.

സാമുവലിൻ്റെ ശബ്ദം ഗുഹയ്ക്കുള്ളിൽ മുഴങ്ങി: "നീ, എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്തിന്‌?" 

സാവൂൾ എഴുന്നേറ്റ്, കൂപ്പുകൈകളോടെ ഹോമകുണ്ഡത്തിനു മുമ്പിൽനിന്നു: 

"ഞാന്‍ വലിയ പ്രതിസന്ധിയിലാണ്‌. ഫിലിസ്‌ത്യരൊന്നടങ്കം ഇസ്രായേലിനെതിരായി യുദ്ധത്തിനണിനിരന്നിരിക്കുന്നു. കർത്താവ് എന്നില്‍നിന്നകലെയാണ്. പ്രവാചകന്മാരിലൂടെയോ ദർശനങ്ങളിലൂടെയോ അവിടുന്നെന്നോടു സംസാരിക്കുന്നില്ല.‌ ഈ പ്രതിസന്ധിയിൽ ഞാനെന്തുചെയ്യണമെന്ന് അങ്ങയിൽനിന്നുപദേശം ലഭിക്കാനാണു ഞാനിതുചെയ്തത്."

"കര്‍ത്താവ്‌ നിന്നില്‍നിന്നകന്നിരിക്കുന്നുവെന്നറിയാമെങ്കിൽ‌ എന്തിനാണു നീ എന്നോടുപദേശംചോദിക്കുന്നത്?‌ കർത്താവിൻ്റെ വാക്കുകൾ നീ അനുസരിച്ചില്ലാ... അമലേക്യജനതയുടെ ദുർവൃത്തികൾക്കെതിരേയുള്ള കർത്താവിൻ്റെ ശിക്ഷാവിധി നടപ്പാക്കാൻ നീ വിസമ്മതിച്ചു. വർഷങ്ങൾക്കുമുമ്പേ, എന്നിലൂടെ അരുളിച്ചെയ്‌തതുപോലെ കര്‍ത്താവു‌ പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്നു രാജ്യം നിന്നില്‍നിന്നെടുത്ത്,‌ ദാവീദിനു കൊടുത്തിരിക്കുന്നു.

ഇസ്രായേല്‍സൈന്യത്തെത്തകർക്കാൻ കര്‍ത്താവ്‌ ഫിലിസ്‌ത്യരെയനുവദിക്കും.. നിന്നെയും നിന്നോടൊപ്പം ഇസ്രായേലിനെയും കര്‍ത്താവ്‌ അവരുടെ കരങ്ങളിലേല്പിക്കും. നാളെ ഈ സമയമെത്തുന്നതിനുമുമ്പേ നീയും നിന്റെ പുത്രന്മാരും മൃതരുടെലോകത്തിലെത്തിയിട്ടുണ്ടാകും..." 

ഗുഹയ്ക്കുള്ളിൽ ശക്തമായ കാറ്റടിച്ചു. പന്തങ്ങളിൽ തീയാളിക്കത്തി. ഗുഹയുടെ ചുമരുകളിൽനിന്ന് തലയോട്ടികൾ തറയിൽവീണു.

ഹോമകുണ്ഡത്തിലെ അഗ്നിയണഞ്ഞു കരിമ്പുകയുയർന്നു...

സാമുവലിന്റെ വാക്കുകള്‍, സാവൂളിനെ അത്യധികം ഭയപ്പെടുത്തി. 

പെട്ടെന്ന്, അവൻ‌ നെടുനീളത്തില്‍ നിലത്തുവീണു. യുദ്ധത്തെക്കുറിച്ചുള്ള ഉത്കണ്ഠമൂലം അന്നത്തെ ദിവസംമുഴുവന്‍, അവൻ ഭ‌ക്ഷണമൊന്നും കഴിച്ചിരുന്നില്ല. സാമുവലിൻ്റെ ആത്മാവിൽനിന്ന് അപായസൂചനയുള്ള വാക്കുകൾകൂടെക്കേട്ടപ്പോൾ, അവന്റെ ശ‌ക്തിയാകെ ചോര്‍ന്നുപോയി.

സാവൂളിൻ്റെ അംഗരക്ഷകർ അവനെ താങ്ങിയെഴുന്നേല്പിച്ചിരുത്തി. അവനാകെ, വിയർപ്പിൽക്കുളിച്ചിരുന്നു.

വൃദ്ധ, എന്തൊക്കെയോ മന്ത്രങ്ങൾ വീണ്ടും ചൊല്ലി. പിന്നെ സാവൂളിന്റെയടുത്തു വന്നു. അവനു കുടിക്കാൻ അല്പം വീഞ്ഞുകൊടുത്തു. അവനതു കുടിച്ചശേഷം ഗുഹാഭിത്തിയിൽ ചാരിയിരുന്നു.

രാജാവു പരിഭ്രാന്തനാണെന്നും ക്ഷീണിതനാണെന്നുംകണ്ടപ്പോൾ‌ അവള്‍ പറഞ്ഞു: "അങ്ങയുടെ ദാസി, അങ്ങയെ അനുസരിച്ചു. എൻ്റെ ജീവനുപേക്ഷിച്ചുപോലും അങ്ങാവശ്യപ്പെട്ടത് ഞാൻ ചെയ്തുതന്നു. അങ്ങിപ്പോൾ‌ ഈ ദാസിയുടെ വാക്കുകള്‍ കേള്‍ക്കണേ! ഞാനല്പം ഭക്ഷണംതയ്യാറാക്കി, അങ്ങേയ്ക്കു തരാം. അതു ഭക്ഷിക്കണം. മടക്കയാത്രയ്‌ക്കു‌ള്ള ശക്തിലഭിക്കാന്‍‌ അതുപകരിക്കും." 

സാവൂൾ അതു നിരസിച്ചു; എന്നാൽ അവൻ്റെ അംഗരക്ഷകരും അവളോടൊപ്പം നിര്‍ബന്ധിച്ചപ്പോൾ, ഭക്ഷണംകഴിക്കാൻ അവൻ സമ്മതിച്ചു.. 

വൃദ്ധയുടെടെ തൊഴുത്തിൽ ഒരു പശുക്കിടാവുണ്ടായിരുന്നു. ഭടന്മാരുടെ സഹായത്തോടെ അവള്‍ അതിനെക്കൊന്നു തിടുക്കത്തിൽ‌ പാകംചെയ്‌തു. കുറച്ച് അപ്പവും ചുട്ടു.

അവളത്, സാവൂളിനും ഭൃത്യന്മാര്‍ക്കും വിളമ്പി.

ഉറക്കവും ക്ഷീണവും വല്ലാതെയലട്ടിയിരുന്നെങ്കിലും ഭക്ഷണംകഴിച്ചശേഷം, സാവൂൾ അംഗരക്ഷകരോടൊപ്പം ജസ്രലിലെ സൈനികത്താവളത്തിലേക്കു തിരിച്ചുപോയി.

No comments:

Post a Comment