Saturday 30 May 2020

112. ദുരന്തവാർത്തകൾ

ബൈബിൾക്കഥകൾ 112


അഫെക്കിലെ ഫിലിസ്ത്യതാവളത്തിൽനിന്നു പുറപ്പെട്ട ദാവീദും അനുയായികളും മൂന്നാംദിവസം സിക്‌ലാഗിലെത്തിച്ചേർന്നു..

വലിയൊരു ദുരന്തവാർത്തയാണ് അവിടെയവരെ കാത്തിരുന്നത്.

അക്കീഷും ദാവീദും സ്ഥലത്തില്ലെന്നറിഞ്ഞ അമലേക്യർ, നെഗെബും സിക്‌ലാഗും ആക്രമിച്ചുകൊള്ളയടിച്ചു.രണ്ടു നഗരങ്ങളും അവർ അഗ്നിക്കിരയാക്കി. ദാവീദിൻ്റെയും അനുയായികളുടേയും ഭാര്യമാരും പുത്രീപുത്രന്മാരുമടക്കം ജനങ്ങളെയെല്ലാം അവർ അടിമകളായി പിടിച്ചുകൊണ്ടുപോയിരുന്നു.

നഗരത്തിലെ കാഴ്ചകൾകണ്ട ദാവീദും സംഘവും തളർന്നുപോയി..

അഹിമലെക്കിന്റെ മകനും പുരോഹിതനുമായ അബിയാഥറിനോട്‌ ദാവീദ്‌ പറഞ്ഞു: "*എഫോദ്‌ എന്റെയടുത്തു കൊണ്ടുവരുക."

അബിയാഥര്‍ എഫോദുമായി വന്നു. ഉറീമും തുമ്മീമുപയോഗിച്ച്, ദാവീദ്‌ കര്‍ത്താവിനോടാരാഞ്ഞു: "ഞാന്‍ കവര്‍ച്ചക്കാരെ പിന്തുടരണമോ? ഞാനവരെ പിടികൂടുമോ?"

കര്‍ത്താവുത്തരം നല്കി: "പിന്തുടരുക; തീര്‍ച്ചയായും നീയവരെപ്പിടികൂടി, സകലരെയും വീണ്ടെടുക്കും."

അഫെക്കിലേക്കും തിരിച്ചുമുള്ള യാത്രമൂലം എല്ലാവരും തളർന്നിരുന്നെങ്കിലും ദാവീദ്,‌ തന്റെ അറുനൂറ്‌ അനുചരന്മാരോടുംകൂടെ അപ്പാൾത്തന്നെ പുറപ്പെട്ടു.

ബസോര്‍നീര്‍ച്ചാലിനടുത്തെത്തിയപ്പോൾ ഇരുനൂറുപേര്‍ ക്ഷീണിച്ചവശരായി. ക്ഷീണത്താൽ, വിശ്രമിക്കാനാഗ്രഹിച്ചവരുടെപക്കൽ, വസ്ത്രങ്ങളടങ്ങിയ ഭാണ്ഡങ്ങളേല്പിച്ച്, ബാക്കി നാനൂറുപേരോടൊത്തു ദാവീദ് ശത്രുക്കളെത്തിരഞ്ഞു പോയി..

കുറച്ചു ദൂരത്തിനപ്പുറം, വഴിയരികിൽ, ഒരുമരത്തിൽ ചാരിയിരിക്കുന്നൊരു മനുഷ്യനെ അവർ കണ്ടു, ഈജിപ്തുകാരനായ അയാൾ വളരെ ക്ഷീണിതനായിരുന്നു. അവൻ വിശന്നുതളർന്നിരിക്കുന്നുവെന്നു മനസ്സിലായതിനാൽ അവരവനു ഭക്ഷിക്കാൻ അപ്പവും കുടിക്കാൻ ജലവും നല്കി. അത്തിപ്പഴംകൊണ്ടുള്ള അടയും രണ്ടുകുല ഉണക്കമുന്തിരിയും അവരവനു കൊടുത്തു. അവര്‍ കൊടുത്തതെല്ലാം അവന്‍ ഭക്ഷിച്ചു. മൂന്നു രാപ്പകലുകളായി അവൻ പട്ടിണിയായിരുന്നു.

ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ അവനുണര്‍വുണ്ടായി.
ദാവീദ്‌ അവനോടു ചോദിച്ചു: "നീയാരാണ്‌? എവിടെനിന്നു വരുന്നു? ഇവിടെയെന്താണുചെയ്യുന്നത്"

"ഈജിപ്തുകാരനായ ഞാൻ, അമലേക്യനായ ഒരുവന്റെ ദാസനാണ്‌. ഫിലിസ്ത്യരുടെ നഗരങ്ങളായ നെഗെബും സിക്‌ലാഗും ആക്രമിച്ചുകൊള്ളയടിച്ചതിനുശേഷം മടങ്ങിവരുമ്പോൾ, ഞാൻ ജ്വരബാധിതനായി. അതിനാൽ മൂന്നുദിവസങ്ങൾക്കുമുമ്പ്, എന്റെ യജമാനൻ എന്നെയിവിടെ ഉപേക്ഷിച്ചുപോയി. രോഗവും ക്ഷീണവുംമൂലം എനിക്കു നടക്കുവാനോ ഭക്ഷണമന്വേഷിക്കുവാനോ കഴിഞ്ഞില്ല."

ദാവീദ്‌ അവനോടു ചോദിച്ചു: "സിക്‌ലാഗ് ആക്രമിച്ചവരെ അന്വേഷിച്ചിറങ്ങിയവരാണു ഞങ്ങൾ. നിൻ്റെ സംഘത്തിന്റെയടുത്തേക്കു ഞങ്ങളെക്കൊണ്ടുപോകാമോ?"

സിക്‌ലാഗിൽനിന്നു വരുന്നവരാണു തന്റെ മുന്നിൽ നില്ക്കുന്നതെന്നറിഞ്ഞപ്പോൾ ഈജിപ്തുകാരൻ ഭയന്നുപോയി.

"അവർ ഏതു വഴിക്കാണു പോകുന്നതെന്നെനിക്കറിയാം. അങ്ങ്,‌ എന്നെ കൊല്ലുകയില്ലെന്നു ദൈവനാമത്തില്‍ സത്യംചെയ്‌താല്‍ ഞാനങ്ങയെ ആ സംഘത്തിന്റെയടുത്തെത്തിക്കാം" അയാൾ കൂപ്പുകരങ്ങളോടെ ദാവീദിനോടു പറഞ്ഞു.

"സിക്‌ലാഗ് കൊള്ളയടിച്ച അക്രമികളെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചാൽ, നീ സുരക്ഷിതനായിരിക്കും, ദൈവനാമത്തിൽ ഞാൻ നിനക്കുറപ്പുതരുന്നു." ദാവീദ് അവനോടു പ്രത്യുത്തരിച്ചു.

ഈജിപ്തുകാരന്റെ സഹായത്താൽ, പിറ്റേന്നു സന്ധ്യയോടെ അവര്‍ അമലേക്യരുടെ താവളത്തിലെത്തി.

ദാവീദും സംഘവുമെത്തുമ്പോൾ അമലേക്യർ ആഘോഷത്തിമിർപ്പിലായിരുന്നു.

ഫിലിസ്‌ത്യദേശത്തുനിന്നും യൂദായിൽനിന്നും ധാരാളം കൊള്ളവസ്‌തുക്കള്‍ അവർ തട്ടിയെടുത്തിരുന്നു. തിന്നും കുടിച്ചും നൃത്തംചെയ്‌തും ആ പ്രദേശത്തെല്ലാം വിഹരിക്കുകയായിരുന്ന അവര്‍ക്കുനേരേ, ദാവീദും കൂട്ടരും ഇരച്ചുകയറി. രാത്രിമുഴുവൻനീണ്ട പോരാട്ടത്തിൽ, അമലേക്യരെയെല്ലാം അവർ കൊന്നൊടുക്കി. ചിലർമാത്രം ഒട്ടകപ്പുറത്തുകയറി അവിടെനിന്നു രക്ഷപ്പെട്ടു.

അമലേക്യര്‍ തട്ടിയെടുത്തതെല്ലാം ദാവീദ്‌ വീണ്ടെടുത്തു;

തട്ടിക്കൊണ്ടുപോയ സ്ത്രീപുരുഷന്മാരെ അടിമകളാക്കാൻ നിശ്ചയിച്ചിരുന്നതിനാൽ, അമലേക്യർ അവരിലൊരാളെയും വധിച്ചിരുന്നില്ല. അതിനാൽ എല്ലാവരേയും ജീവനോടെ തിരികെക്കിട്ടി. അമലേക്യര്‍ അപഹരിച്ചതൊന്നും ദാവീദിനും കൂട്ടർക്കും നഷ്‌ടപ്പെട്ടില്ല.

ബസോര്‍നീര്‍ച്ചാലിനടുത്ത്, ക്ഷീണിതരായി‌ വിശ്രമിച്ചിരുന്ന ഇരുനൂറുപേരുടെയടുക്കല്‍‌ അവർ മടങ്ങിയെത്തി.

അപ്പോൾ ദാവീദിനോടൊപ്പം പോയിരുന്നവരില്‍ ചിലർ അവനോടു പറഞ്ഞു: "അവര്‍ നമ്മോടൊത്തു പോരാതിരുന്നതിനാല്‍, നാം വീണ്ടെടുത്ത കൊള്ളവസ്‌തുക്കളിലൊന്നും അവര്‍ക്കു കൊടുക്കരുത്‌. ഓരോരുത്തനും താന്താങ്ങളുടെ ഭാര്യയെയും മക്കളെയുംമാത്രം കൂട്ടിക്കൊണ്ടുപൊയ്‌ക്കൊള്ളട്ടെ."

ദാവീദ്‌ പറഞ്ഞു: "സഹോദരന്മാരേ, അങ്ങനെയല്ലാ‌. കൊള്ളക്കാരായ ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിച്ച്, നമുക്കു നഷ്ടമായവയെല്ലാം നമ്മുടെ കൈയില്‍ തിരികെയേല്പിച്ചുതന്നതു കർത്താവാണ്. അതിനാൽ യുദ്ധത്തിനുപോകുന്നവന്റേയും ഭാണ്ഡംസൂക്‌ഷിക്കുന്നവന്റേയും ഓഹരി തുല്യമായിരിക്കണം. ഇസ്രായേലില്‍ ഇതൊരു ചട്ടവും നിയമവുമായിരിക്കണം."

ദാവീദ്‌ സിക്‌ലാഗിൽ മടങ്ങിയെത്തി. രണ്ടുദിവസങ്ങൾക്കുശേഷം, പ്രഭാതത്തിൽ അമലേക്യനായ ഒരാൾ ദാവീദിനുമുമ്പിൽവന്നു സാഷ്ടാംഗം പ്രണമിച്ചു. അവൻ തന്റെ വസ്ത്രംകീറുകയും തലയിൽ മണൽവാരിവിതറുകയും ചെയ്തു.



"എന്തുപറ്റി? നീയാരാണ്? എവിടെനിന്നു വരുന്നു?" ദാവീദ് ചോദിച്ചു.

"ഞാൻ ഒരമലേക്യനാണ്. ഇപ്പോൾ ജസ്രയിലെ ഗിൽബോവാക്കുന്നുകളിൽനിന്നു വരുന്നു. ഫിലസ്ത്യരുമായുള്ള യുദ്ധത്തിൽ സാവൂളും ജോനാഥനും വിധിക്കപ്പെട്ടിരിക്കുന്നു."

"സാവൂളും ജോനാഥനും കൊല്ലപ്പെട്ടെന്നോ?"
ദാവീദ് സ്തബ്ദ്ധനായി നിന്നുപോയി...

"അവർ മരിച്ചുവെന്നു് നിനക്കെങ്ങനെ മനസ്സിലായി?"

"കുറച്ചുദിവസങ്ങൾക്കുമുമ്പ്, ഞാൻ യാദൃശ്ചികമായാണ് ഗിൽബൊവാക്കുന്നുകളിലെത്തിയത്. സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. യുദ്ധവിജയികളായ ഫിലിസ്ത്യർ സമീപപ്രദേശങ്ങൾ കൊള്ളയടിക്കാനിറങ്ങിയിരുന്നു. യുദ്ധമുഖത്തുനിന്ന്, ആയുധങ്ങളോ ആഭരണങ്ങളോ കിട്ടാൻ സാദ്ധ്യതുണ്ടെന്ന പ്രതീക്ഷയിൽ ഞാനവിടെയെല്ലാം തിരയുകയായിരുന്നു."

"മുറിവേറ്റ ഒരു മനുഷ്യൻ, നിലത്തുകുത്തിയ ഒരു കുന്തത്തിൽപ്പിടിച്ച് ഉയരാൻ ശ്രമിക്കുന്നതു ഞാൻ കണ്ടു. അവന്റെ വയറിലൂടെ തുളഞ്ഞുകയറിയ വാൾ മുതുകിലൂടെ പുറത്തേയ്ക്കു വന്നിരുന്നു.

നീയാരാണെന്ന അവന്റെ ചോദ്യത്തിന്, ഒരമലേക്യൻ എന്നു ഞാൻ മറുപടി നല്കി."

"അവനെന്നോടു പറഞ്ഞു: 'എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു. സഹിക്കാവുന്നതിലുമധികമാണു വേദന. എങ്കിലും എൻ്റെ പ്രാണൻ, ശരീരംവിട്ടുപോകുന്നുമില്ല.. ഒരു വാൾ കണ്ടെത്തി, എൻ്റെ ശിരസ്സു ഛേദിച്ച്, ഈ വേദനയിൽനിന്നു മോചിതനാകാൻ നീയെന്നെ സഹായിക്കുമോ?"


"അത് ഇസ്രായേൽരാജാവായ സാവൂളായിരുന്നു.
അവൻ്റെ വയറിൽത്തുളഞ്ഞുകയറിയിരുന്ന വാൾ വലിച്ചൂരിയാലും അവനെ അവിടെനിന്നു രക്ഷിക്കാൻ എനിക്കൊറ്റയ്ക്കു സാധിക്കില്ലായിരുന്നു. അതിനാൽ അവനാവശ്യപ്പെട്ടതുപോലെ, അടുത്ത്, ഒരു മൃതദേഹത്തിലുണ്ടായിരുന്ന വാളെടുത്ത്, ഞാനവൻ്റെ കഴുത്തുവെട്ടി.

അവൻ്റെ കിരീടവും തോൾവളകളും എൻ്റെ ഭാണ്ഡത്തിലുണ്ട്."

ദാവീദ് അവൻ്റെ ഭാണ്ഡം പരിശോധിച്ചു. സാവൂളിൻ്റെ കിരീടവും തോൾവളകളും അവൻ തിരിച്ചറിഞ്ഞു.

ദാവീദ്, ദുഃഖത്തോടെ തൻ്റെ വസ്ത്രംകീറി. അവനോടൊപ്പമുണ്ടായിരുന്നവരെല്ലാം അങ്ങനെതന്നെ ചെയ്തുകൊണ്ട് ആ ദുഃഖത്തിൽ പങ്കുചേർന്നു.

കോപവും ദുഃഖവുമടകലർന്ന ശബ്ദത്തിൽ ദാവീദ് അമലേക്യനോടു പറഞ്ഞു: "കര്‍ത്താവിന്റെ അഭിഷിക്തനെ ഞാന്‍ കൊന്നുവെന്ന്‌, നീ നിനക്കെതിരേതന്നെ സാക്ഷ്യംപറഞ്ഞിരിക്കുന്നു... കര്‍ത്താവിന്റെ അഭിഷിക്‌തനെ വധിക്കാന്‍ കൈനീട്ടുന്നതിന് നീയെങ്ങനെ ധൈര്യപ്പെട്ടു? എൻ്റെ രാജാവിനെക്കൊന്നുവെന്ന് എന്നോടുപറയാൻ നീയെന്തിനിവിടെ വന്നു? നിൻ്റെ രക്തംചിന്തുന്നതിനു നീതന്നെയാണുത്തരവാദി."

ദാവീദ് തൻ്റെ അംഗരക്ഷകനുനേരെ തിരിഞ്ഞു പറഞ്ഞു. "ഇസ്രായേലിൻ്റെ രാജാവിനെ വധിച്ച ഇവൻ്റെ ശിരസ്സു ഛേദിച്ചുകളയുക."

അടുത്ത നിമിഷത്തിൽത്തന്നെ അമലേക്യന്റെ ശിരസ്സ് മണ്ണിൽവീണുരുണ്ടു...

ആ ദിവസംമുഴുവൻ ദാവീദും അനുയായികളും ഭക്ഷണവും വെള്ളവുമുപേക്ഷിച്ചുപവസിച്ചു. ദാവീദ് സാവൂളിനേയും ജോനാഥനേയുമോർത്തു കരഞ്ഞു.

ഇസ്രായേലേ, നിന്റെ ശക്തന്മാര്‍ നിപതിച്ചതെങ്ങനെ? ഫിലിസ്‌ത്യപുത്രിമാര്‍ സന്തോഷിക്കാതിരിക്കാനും വിജാതീയപുത്രിമാര്‍ ആര്‍പ്പിടാതിരിക്കാനുമിടയായതെങ്ങനെ?.

ഗില്‍ബോവാപര്‍വ്വതങ്ങളേ, നിങ്ങളുടെ താഴ്വരകളിൽ ശക്തന്മാരുടെ പരിച അവഹേളിക്കപ്പെട്ടിരിക്കുന്നു.‌.. മഞ്ഞോ മഴയോ പെയ്യാതെ നിങ്ങളുടെ നിലങ്ങള്‍ ഫലശൂന്യമാകട്ടെ!

സാവൂളും ജോനാഥാനും... കഴുകനെക്കാള്‍ വേഗമുള്ളവര്‍! സിംഹത്തെക്കാള്‍ ബലമുള്ളവര്‍! ശക്തന്മാരായ ശത്രുക്കളുടെ മേദസ്സില്‍നിന്നു ജോനാഥാന്റെ വില്ലും സാവൂളിന്റെ വാളും പിന്തിരിഞ്ഞിരുന്നില്ല.  ജീവിതത്തിലും മരണത്തിലും, അവര്‍ വേര്‍പിരിഞ്ഞതുമില്ല.. 

ഇസ്രായേല്‍പ്പുത്രിമാരേ, സാവൂളിനെയോർത്തു കരയുവിന്‍. അവന്‍ നിങ്ങളെ മോടിയായണിയിച്ചൊരുക്കി...  നിങ്ങളെപ്പൊന്നാഭരണമണിയിച്ചു.. ഒരു കടാക്ഷത്താൽപ്പോലും ആരും നിങ്ങളെയുപദ്രവിക്കാൻ അവനനുവദിച്ചില്ലാ...

ഇസ്രായേലിന്റെ ശക്തന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ?

സോദരാ, ജോനാഥാ, നിന്നെയോര്‍ത്ത്, എന്റെ ഹൃദയം തകരുന്നു... നീയെനിക്കെത്ര പ്രിയങ്കരനായിരുന്നു....‌ എന്നോടുള്ള നിന്റെ സ്‌നേഹം സ്‌ത്രീകളുടെ പ്രമത്തെക്കാള്‍ എത്രയോ അഗാധമായിരുന്നു.

ഫിലിസ്ത്യരോടൊപ്പം യുദ്ധരംഗത്തുണ്ടായിരുന്നെങ്കിൽ, എൻ്റെ പ്രാണൻകളഞ്ഞും ഞാൻ നിങ്ങളെ കാക്കുമായിരുന്നു...!

ദാവീദ് ഉറക്കെക്കരഞ്ഞുകൊണ്ടിരുന്നു. അവന്റെ ഭാര്യമാർക്കോ ഭൃത്യന്മാർക്കോ അവനെയാശ്വസിപ്പിക്കാൻകഴിഞ്ഞില്ല.
-----------------------------------------------------------------------------------------------

* - രണ്ടോ മൂന്നോ ഇഞ്ചു വീതിവരുന്ന, ഒരു നാട, ഇസ്രായേലിലെ പുരോഹിതർ ഒരു ഷാൾപോലെ കഴുത്തിലണിഞ്ഞിരുന്നു. അതിന് എഫോദ് എന്നു പേര്. എഫോദിൻ്റെ രണ്ടറ്റത്തും ഓരോ കീശകളുണ്ട്. ഓരോ പോക്കറ്റിലും ഓരോ സമചതുരക്കട്ടകൾ സൂക്ഷിച്ചിട്ടുണ്ടാവും. ഒന്നിന് ഉറീം എന്നും മറ്റേതിനു തുമ്മീം എന്നും പേര്. ഈ രണ്ടു കട്ടകൾവീഴുന്നതിൻ്റെ വ്യത്യസ്തകോംബിനേഷനുകളുപയോഗിച്ചാണ് പുരോഹിതർ 'ദൈവഹിതം' വിശദീകരിച്ചിരുന്നത്

No comments:

Post a Comment