Sunday 26 March 2017

4. മഹാപ്രളയം

ബൈബിൾക്കഥകൾ - 4

കാലത്തിന്റെ പ്രയാണംതുടരവേ, ഭൂമിയിൽ മനുഷ്യര്‍ പെരുകി. മനുഷ്യരുടെ ചിന്തകളും ഭാവനകളും അശുദ്ധിനിറഞ്ഞതും ദുഷിച്ചതുമായി. അഹങ്കാരികളായ അവര്‍ ദൈവത്തെ മറന്നു. കർത്താവിനെവിളിച്ച്, പ്രാര്‍ത്ഥിക്കുന്നവരില്ലാതായി. 

എന്നാല്‍ ജനംമുഴുവന്‍ അശുദ്ധിയില്‍ ജീവിച്ചപ്പോഴും കർത്താവിനെ ആരാധിക്കുകയും നന്മചെയ്യുന്നതിൽ താത്പര്യപ്പെടുകയുംചെയ്ത ഒരു കുടുംബം ഭൂമിയിലുണ്ടായിരുന്നു. ആദമിന്റെ പുത്രനായ സേത്തിന്റെ പരമ്പരയിൽപ്പിറന്ന, നോഹയുടെ കുടുംബമായിരുന്നു അത്‌. 

നോഹയും ഭാര്യയും അവരുടെ മൂന്നു പുത്രന്മാരും പുത്രഭാര്യമാരുമടങ്ങിയതായിരുന്നു നോഹയുടെ കുടുംബം. നോഹ നീതിമാനായിരുന്നു. അന്നു ജീവിച്ചിരുന്ന തലമുറയിൽ കുറ്റമറ്റവനായി ദൈവമവനെക്കണ്ടു. അവന്റെ ഭാര്യയും പുത്രന്മാരും പുത്രഭാര്യമാരും നോഹയുടെ മാതൃകസ്വീകരിച്ചുതന്നെയാണു ജീവിച്ചത്.

ലോകത്തിലെ മുഴുവന്‍ ജനങ്ങളും ദുഷ്ടതയില്‍ ജീവിക്കുകയും, തന്നെയാരാധിക്കുന്നതില്‍ മടുപ്പുകാട്ടുകയുംചെയ്യുന്നത്, കർത്താവിനെ വേദനിപ്പിച്ചു. തന്റെ സൃഷ്ടിയായ മനുഷ്യനെ  ഭൂമുഖത്തുനിന്നില്ലാതാക്കാൻ കര്‍ത്താവു നിശ്ചയിച്ചു. മനുഷ്യനെമാത്രമല്ല, സകലജീവജാലങ്ങളേയും നശിപ്പിക്കാൻ ദൈവമുറച്ചു.

എന്നാല്‍ നോഹയും ഭാര്യയും അവരുടെ പുത്രന്മാരായ ഷേം, ഹാം, യാഫത്ത്‌ എന്നിവരും അവരുടെ ഭാര്യമാരും കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി. 

കർത്താവു നോഹയോടു പറഞ്ഞു: "ഭൂമിയിലുള്ള മനുഷ്യരും ജീവജാലങ്ങളുംനിമിത്തം ലോകംമുഴുവന്‍ അധര്‍മ്മംകൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ സർവ്വമനുഷ്യരേയും ജീവജാലങ്ങളേയും നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ നീയുമായി എന്റെ ഉടമ്പടി ഞാനുറപ്പിക്കും. ഞാന്‍ പറയുന്നതുപോലെ, നീയൊരു പെട്ടകമുണ്ടാക്കണം. നിന്റെ ഭാര്യ, പുത്രന്മാര്‍, പുത്രഭാര്യമാര്‍ എന്നിവര്‍ക്കൊപ്പം നീ ആ പെട്ടകത്തിൽക്കയറണം. നിങ്ങള്‍ക്കൊപ്പം എല്ലാ ജീവജാലങ്ങളില്‍നിന്നും ആണും പെണ്ണുമായി രണ്ടെണ്ണത്തിനെവീതം പെട്ടകത്തില്‍ക്കയറ്റണം. എന്നാൽ ശുദ്ധിയുള്ള മൃഗങ്ങളെ ഏഴുജോടിവീതമാണു പെട്ടകത്തിൽക്കയറ്റേണ്ടത്. നിന്റെ കുടുംബത്തിനും മറ്റു ജീവജാലങ്ങള്‍ക്കുമായി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കുകയുംവേണം.”

നോഹ, തന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കർത്താവു നല്കിയ കല്പനയെക്കുറിച്ചും വരാനിരിക്കുന്ന പ്രളയത്തെക്കുറിച്ചും സംസാരിച്ചു. പെട്ടകനിർമ്മാണത്തിനു സഹായിക്കാനും അതുവഴി പ്രളയത്തെ ഒന്നിച്ചതിജീവിക്കാനുമായി നോഹ അവരെയും ക്ഷണിച്ചു. 

"കർത്താവു നിന്നോടു സംസാരിച്ചെങ്കിൽ നീതന്നെ പെട്ടകമുണ്ടാക്കിയാൽമതി! ഞങ്ങൾക്കു വേറേ ജോലിയുണ്ടു്. പ്രളയമുണ്ടാകാൻപോകുന്നത്രേ!" ആരും നോഹയുടെ വാക്കുകൾ വിശ്വസിച്ചില്ല.

എങ്കിലും നോഹയും കുടുംബവും ദൈവകല്പനപ്രകാരം പ്രവര്‍ത്തിക്കുവാന്‍തന്നെ നിശ്ചയിച്ചു. കപ്പലിന്റെ അളവുകള്‍ നല്കിക്കൊണ്ടു ദൈവം അവരോടു‌ പറഞ്ഞു:

"ഗോഫേര്‍മരത്തിന്റെ തടികൊണ്ടാണു നിങ്ങള്‍ പെട്ടകം പണിയേണ്ടത്‌. പെട്ടകത്തിന്, മുന്നൂറുമുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവുമുണ്ടാകണം. പലകകൾതമ്മിൽ ചേർക്കുന്ന ഇടങ്ങളില്ലെല്ലാം കീലുതേച്ചു ചോർച്ചയടയ്ക്കണം. പെട്ടകത്തിന്റെ അകത്തും പുറത്തും കീലുതേയ്‌ക്കണം. എല്ലാത്തരം ജീവികൾക്കും സുരക്ഷിതമായി ജീവിക്കാനാകുംവിധം അതില്‍ മുറികള്‍തിരിക്കണം...”

പെട്ടകം നിർമ്മിക്കുന്നതിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും അളവുകളും കർത്താവു നോഹയ്ക്കു നല്കി.

സാധാരണമായി കടലിനോ പുഴയ്ക്കോ സമീപത്തായാണു പെട്ടകംപണിയാറുള്ളത്. എങ്കിലേ പണിതീരുമ്പോള്‍, എളുപ്പത്തിൽ വെള്ളത്തിലേക്കിറക്കാനാവുകയുള്ളൂ. എന്നാൽ ഗോഫേർ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നൊരു കുന്നിലാണ്, നോഹ പെട്ടകനിർമ്മാണത്തിനുള്ള ഇടംകണ്ടെത്തിയത്.

ദൈവംനല്കിയ അളവുകളനുസരിച്ച്‌, ഗോഫേര്‍മരത്തിന്റെ തടിയുപയോഗിച്ച്‌, നോഹയും മക്കളും പെട്ടകംപണിതു തുടങ്ങി.

ഇതുകണ്ടപ്പോൾ, ജനങ്ങളെല്ലാം അവരെ കളിയാക്കിത്തുടങ്ങി. നോഹയുടേയും കുടുംബത്തിന്റേയും വിഡ്ഢിത്തംനിറഞ്ഞ പ്രവൃത്തി നാട്ടിലെങ്ങും സംസാരവിഷയമായി.

"കണ്ടില്ലേ, നോഹയ്ക്കും മക്കള്‍ക്കും ഭ്രാന്തായിപ്പോയെന്നു തോന്നുന്നു. മലയുടെ മുകളിലാണു പെട്ടകം പണിയുന്നത്‌.. പമ്പരവിഡ്ഢികള്‍ ‍..ഹ..ഹ..ഹ.. "

"ഇതു ഭ്രാന്തുതന്നെ. അവന്റെ ദൈവം പറഞ്ഞതാണത്രേ, മലയുടെ മുകളില്‍ പെട്ടകംപണിയാന്‍... "

"അവരും അവരുടെയൊരു ദൈവവും! സ്വബോധമുള്ള ആരെങ്കിലുംചെയ്യുന്ന പ്രവൃത്തിയാണോ ഇത്‌?  വിവരദോഷികള്‍... "

അങ്ങനെപോയി, മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങള്‍ .

ചുറ്റുമുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലുകളുമെല്ലാം നോഹയേയും കുടുംബത്തേയും ഒരുപാടു വേദനിപ്പിച്ചു. എന്നാല്‍ ആരോടും പരിഭവപ്പെടാതെ, എല്ലാം ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച്‌, ദൈവഹിതം നിറവേറാന്‍മാത്രമാണ്‌ ആ കുടുംബം പ്രാര്‍ത്ഥിച്ചത്‌.

പെട്ടകംപണി പൂര്‍ത്തിയായപ്പോള്‍, ദൈവകല്പനപോലെ സകലജീവികളില്‍നിന്നും ആണുംപെണ്ണുമായി, രണ്ടുവീതം പെട്ടകത്തില്‍ക്കയറ്റി. ബലിയർപ്പണത്തിനായെടുക്കുന്ന ശുദ്ധിയുള്ള മൃഗങ്ങളെ ഏഴുജോടിവീതമാണു പെട്ടകത്തിൽക്കയറ്റിയത്. ഒടുവിൽ നോഹയും കുടുംബവും പെട്ടകത്തില്‍ക്കയറിയശേഷം, കർത്താവു പെട്ടകത്തിന്റെ വാതിലടച്ചു. എല്ലാ ജീവജാലങ്ങൾക്കുംവേണ്ട ആഹാരം, പെട്ടകത്തിൽ സംഭരിച്ചിരുന്നു.

പ്രത്യേകതകളൊന്നുമില്ലാത്ത ചില ദിനരാത്രങ്ങൾകൂടെക്കടന്നുപോയി... സൂര്യൻ പതിവുപോലെ പ്രകാശിച്ചു. മഴയുടെ ലാഞ്ചനപോലും ഒരിടത്തുംകണ്ടില്ല. നോഹയുടെ പരിചയക്കാരെല്ലാം അവന്റെ ഭ്രാന്തിനെക്കുറിച്ചു പര്സപരംപറഞ്ഞു ചിരിച്ചു.

ഏഴുദിവസങ്ങൾ കഴിഞ്ഞപ്പോള്‍ പ്രകൃതിയുടെ ഭാവംമാറി, മാനത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടിനിറഞ്ഞു. 

മഴ പെയ്തുതുടങ്ങി.... 

നോഹയ്ക്ക്, അറുന്നൂറു വയസ്സും രണ്ടുമാസവും പതിനേഴുദിവസവും പ്രായമായ ദിവസമാണു മഴ തുടങ്ങിയത്.

പിന്നീടു നാല്പതുദിവസം, തോരാതെ പെരുമഴപെയ്തു. ദിവസംതോറും ഭൂമിയിലെ ജലനിരപ്പുയര്‍ന്നു. വീടുകളും ജനപദങ്ങളും മുങ്ങി... നാടെല്ലാം പ്രളയജലത്തിൽമുങ്ങി. 

ലോകത്തിലെ സകലപർവ്വതങ്ങളും വെള്ളത്തിനടിയിലായി. നോഹയുടെ പെട്ടകംമാത്രം ജലോപരിതലത്തിലൂടെ ഒഴുകിനടന്നു. പെട്ടകത്തിലുണ്ടായിരുന്നവയൊഴികെ, ഭൂമിയിലെ സകലജീവജാലങ്ങളും മനുഷ്യരും ചത്തൊടുങ്ങി. 

നാല്പതാംനാള്‍ മഴ തോര്‍ന്നു. എങ്കിലും പ്രളയമവസാനിച്ചില്ല. വെള്ളപ്പൊക്കം നൂറ്റിയമ്പതുനാള്‍ നീണ്ടുനിന്നു.

ദിവസങ്ങൾകഴിയവേ, പർവ്വതാഗ്രങ്ങൾ ജലപ്പരപ്പിനുമുകളിൽ കണ്ടുതുടങ്ങി. ഏഴാംമാസം പതിനേഴാംദിവസം നോഹയുടെപെട്ടകം അറാറാത്തു പര്‍വ്വതത്തിലുറച്ചു.

ഒരു മലങ്കാക്കയേയും ഒരു പ്രാവിനേയും നോഹപെട്ടകത്തിൽനിന്നു പുറത്തുവിട്ടു. കാക്ക മടങ്ങിവന്നില്ല.  കാലുകുത്താനിടംകാണാതെ, പ്രാവു പെട്ടകത്തിലേക്കുതന്നെ തിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. 

ഒരാഴ്ചയ്ക്കുശേഷം നോഹ പ്രാവിനെ, വീണ്ടും പുറത്തുവിട്ടു. അത്, ഒരൊലിവില കൊത്തിക്കൊണ്ടു മടങ്ങിവന്നു. ഭൂമിയിൽ വീണ്ടും ജീവൻ നിറയുന്നതിന്റെ അടയാളമായ ആ ഒലിവില, നോഹ തന്റെ നെഞ്ചോടു ചേർത്തുവച്ചു.

നോഹയ്ക്ക് അറുന്നൂറ്റിയൊന്നു വയസ്സും ഒരു മാസവും ഒരു ദിവസവും പ്രായമായ ദിവസം, വെള്ളമെല്ലാം വറ്റിത്തീര്‍ന്നു. പിന്നെയും ഇരുപത്തിയാറു ദിവസങ്ങള്‍ക്കു ശേഷമാണ്, ഭൂമി പൂര്‍ണ്ണമായുണങ്ങിയത്.

ദൈവം നോഹയോടു പറഞ്ഞു:

"പെട്ടകത്തില്‍നിന്ന് എല്ലാവരേയും പുറത്തിറക്കുക. ജീവജാലങ്ങളെല്ലാം സമൃദ്ധമായിപ്പെരുകി, ഭൂമിയില്‍ നിറയട്ടെ."

അങ്ങനെ ഭാര്യയോടും മക്കളോടും മരുമക്കളോടുമൊപ്പം നോഹ പെട്ടകത്തില്‍നിന്നു പുറത്തുവന്നു. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ഇനംതിരിഞ്ഞു പുറത്തുവന്ന്, പല സ്ഥലങ്ങളിലേക്കു പോയി.

ലഭിച്ച അനുഗ്രഹത്തിനു നന്ദിസൂചകമായി, നോഹ ഒരു ബലിപീഠമൊരുക്കി, കര്‍ത്താവിനു ദഹനബലിയര്‍പ്പിച്ചു.

ആ ബലിയുടെ ഹൃദ്യസുഗന്ധമാസ്വദിച്ചുകൊണ്ടു കര്‍ത്താവു പറഞ്ഞു:

“മനുഷ്യന്‍മൂലം ഇനിയൊരിക്കലും ഞാന്‍ ഭൂമിയെ നശിപ്പിക്കില്ല. സർവ്വജീവനും നാശംവിതയ്ക്കുന്നൊരു പ്രളയം ഇനിയൊരിക്കലുമുണ്ടാവുകയില്ല. നിങ്ങളുമായും ഭൂമിയിലുള്ള സകലജീവജാലങ്ങളുമായി, എല്ലാത്തലമുറകള്‍ക്കുവേണ്ടിയും ഞാനുറപ്പിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളമിതാണ്. ഞാന്‍ ഭൂമിക്കുമേലെ മഴമേഘങ്ങളയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ഉടമ്പടി ഞാനോര്‍ക്കും; ഞാനതു പാലിക്കുകയുംചെയ്യും."

അതിനുശേഷം, അന്തരീക്ഷത്തില്‍ ജലകണങ്ങളുള്ളപ്പോളെല്ലാം അതിലൂടെ കടന്നുപോകുന്ന പ്രകാശം മഴവില്ലായി മാനത്തു വിടർന്നുതുടങ്ങി. 

കർത്താവു വീണ്ടും മോശയോടും മക്കളോടും പറഞ്ഞു: "സന്താനപുഷ്‌ടിയുള്ളവരായിപ്പെരുകി, നിങ്ങൾ ഭൂമിയില്‍ നിറയുവിന്‍.

ഹരിതസസ്യങ്ങള്‍ നിങ്ങൾക്കാഹാരമായി നല്കിയതുപോലെ, ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്കു ഞാൻ ആഹാരമായി നല്കുന്നു. എന്നാല്‍ ജീവനോടുകൂടിയ, അതായത്‌, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്‌. 

ജീവരക്തത്തിനു ഞാന്‍ കണക്കുചോദിക്കും. മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം, മനുഷ്യന്‍തന്നെ ചൊരിയും; കാരണം എന്റെ ഛായയിലാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്..." 

നോഹയുടെ കാലംമുതൽ, മനുഷ്യർ സസ്യഭക്ഷണത്തോടൊപ്പം മാംസഭക്ഷണവും ആഹരിച്ചുതുടങ്ങി.

Sunday 19 March 2017

3. സഹോദരന്റെ രക്തം

ബൈബിൾക്കഥകൾ 3

ഏദനിലെ സന്തോഷങ്ങളിൽനിന്ന്, ആദവും ഹവ്വയും പുറന്തള്ളപ്പെട്ടു. ദൈവസാന്നിദ്ധ്യത്തിന്റെ സുഖസൗഭാഗ്യങ്ങളിൽനിന്ന്, ഭൂമിയിലെ കഷ്ടതകളിലേക്കു മനുഷ്യൻ നിപതിച്ചു. അനുസരണക്കേടിന്റെ ശിക്ഷയുംപേറി, അവർ ഭൂമിയിലലഞ്ഞു. കൃഷിയും മൃഗപരിപാലനവുംവഴി, അവർ തങ്ങൾക്കുവേണ്ട ഭക്ഷണംകണ്ടെത്തി. 

ഏറെവൈകാതെ, ഭൂമിയിൽ ഒരദ്ഭുതമുണ്ടായി! ഹവ്വ ഗർഭംധരിച്ച്, ഒരു പുത്രനെ പ്രസവിച്ചു. ആദ്യത്തെ മനുഷ്യശിശു പിറന്നു... 

തന്നിൽനിന്നുരുവായ അദ്ഭുതത്തെ സ്വന്തം നയനങ്ങളാൽക്കണ്ടപ്പോൾ, ഹവ്വ, ആഹ്ലാദത്തോടെ പറഞ്ഞു: "കർത്താവിന്റെ കൃപയാൽ എനിക്കൊരു പുത്രനെ ലഭിച്ചിരിക്കുന്നു." ആദമവനെ കായേൻ എന്നുവിളിച്ചു. 

കായേൻ, മണ്ണിൽ പിച്ചവച്ചുനടന്നുതുടങ്ങിയപ്പോൾ ഹവ്വയ്ക്കു്, വീണ്ടുമൊരു കുഞ്ഞുപിറന്നു. അവൾ ആബേലിനെ പ്രസവിച്ചു. 

ഭൂമിയിൽ ഋതുചക്രങ്ങളുടെ കറക്കത്തിനൊപ്പം കുട്ടികൾ വളർന്നു. അദ്ധ്വാനിക്കാനുള്ള കായബലവും പ്രായവുമെത്തിയപ്പോൾ, ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിത്തീർന്നു.

ആദത്തിനും ഹവ്വയ്ക്കും വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. ആദത്തിന്റെ പുത്രന്മാർ മുതിർന്നപ്പോൾ, തങ്ങളുടെ സഹോദരിമാരിൽനിന്നുതന്നെ ഭാര്യമാരെ കണ്ടെത്തി. 

കാലം വീണ്ടുമുരുണ്ടു. ഏദൻതോട്ടത്തിൽനിന്നു മനുഷ്യൻ പുറത്താക്കപ്പെട്ടതിനുശേഷം, നൂറ്റിമുപ്പതിനടുത്തു വസന്തങ്ങൾ കടന്നുപോയി. മനുഷ്യരുടെ നിരവധി തലമുറകൾ ഭൂമിയിലുദയംചെയ്തു. കൃഷിയ്ക്കും കാലിവളർത്തലിനുമനുയോജ്യമായവിധം അവർ ചുറ്റുപാടുകളിലേയ്ക്കു മാറിത്താമസിച്ചു. ഓരോ കുടുംബവും ഓരോ ഗ്രാമങ്ങളായി വളർന്നു.

അക്കാലത്ത്, കായേന്‍ തന്റെ വിളവിലൊരുഭാഗം കര്‍ത്താവിനു കാഴ്‌ചയായി സമര്‍പ്പിച്ചു. 

ആബേൽ കായേനോടുപറഞ്ഞു: ''നമ്മുടെ മാതാപിതാക്കൾക്കു വസിക്കാനായി, ദൈവം ഏദൻതോട്ടം സൃഷ്ടിച്ചുനല്കി. തോട്ടത്തിനു നടുവിലുണ്ടായിരുന്ന, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലത്തെക്കുറിച്ച്, നമ്മുടെ മാതാപിതാക്കൾ പറഞ്ഞിരുന്നതോർമ്മയില്ലേ? അതിൽനിന്നു ഭക്ഷിക്കുന്നതിൽനിന്ന്, കർത്താവ് അവരെ വിലക്കിയിരുന്നു. കർത്താവിന്റെ കല്പനലംഘിച്ച്, അവരാക്കനി ഭക്ഷിച്ച്, പാപംചെയ്തു. 

കർത്താവപ്പോൾ ഒരു മൃഗത്തെ ബലിയാക്കിയതും അതിന്റെ തോലിനാൽ അവർക്കു വസ്ത്രംനല്കിയതുമെല്ലാം അവർ നമ്മളോടു പറഞ്ഞിട്ടുള്ളതല്ലേ? അത്തിമരത്തിന്റെ ഇലകൾക്കുപകരം തുകൽവസ്ത്രം! അതിന്റെയർത്ഥമെന്തെന്നു നിനക്കറിവില്ലേ? എന്റെ ആടുകളിൽനിന്നു്, കൊഴുത്ത ഒന്നിനെ നിനക്കു ഞാൻ നല്കാം. അതിനെ, കർത്താവിനുള്ള ബലിയായി അർപ്പിച്ചുകൊള്ളൂ, അതാണു കർത്താവിനു പ്രീതികരമായ ബലി."

ഹൃദയത്തിലഹങ്കരിച്ചിരുന്നതിനാൽ, കായേൻ, അനുജന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല. സഹോദരന്റെ സഹായം സ്വീകരിക്കാൻ അവന്റെയഹങ്കാരം അവനെയനുവദിച്ചില്ലാ. താൻ കൃഷിചെയ്തുണ്ടാക്കിയവമാത്രംമതി, തന്റെ ബലിയർപ്പണത്തിനെന്ന് അവൻ തീരുമാനിച്ചു. 

ആബേലാകട്ടെ, തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെക്കൊന്ന്, അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ കർത്താവിനു കാഴ്‌ചവച്ചു. 

ആബേലിലും അവന്റെ കാഴ്‌ചവസ്‌തുക്കളിലും കർത്താവു പ്രസാദിച്ചു. എന്നാൽ കായേനെയും അവന്റെ കാഴ്‌ചവസ്‌തുക്കളേയും അവിടുന്നു സ്വീകരിച്ചില്ല. അതിനാൽ കായേൻ കോപിഷ്ഠനായി.

ശബ്ദസാന്നിദ്ധ്യമായി കർത്താവു കായേനു സമീപമെത്തി. കര്‍ത്താവവനോടു ചോദിച്ചു: "നീയെന്തിനാണു കോപിച്ചിരിക്കുന്നത്? നിന്റെ മുഖംവാടിയതെന്തുകൊണ്ട്‌?
ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാകുമല്ലോ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്നോര്‍ക്കണം. അതു നിന്നില്‍ താല്പര്യംവച്ചിരിക്കുന്നു; അതു നിന്നെ കീഴടക്കുന്നതിനുമുമ്പ്,  നീയതിനെ കീഴടക്കണം."

കർത്താവിനുമുമ്പിൽ, കായേൻ നിശ്ശബ്ദനായിരുന്നു. എന്നാൽ, അവന്റെ കോപമടങ്ങിയിരുന്നില്ല. അവന്റെ ഹൃദയത്തിൽ സഹോദരനെതിരേ പകയുടെ അഗ്നി ജ്വലിച്ചിരുന്നു. ആബേലിനെയില്ലാതാക്കാൻ അവൻ പദ്ധതികൾ മെനഞ്ഞു. എങ്കിലുമവൻ ആബേലിനോടു സൗഹാർദ്ദപൂർവ്വം പെരുമാറുന്നതായി നടിച്ചു. 

ഒരു ദിവസം, കായേന്‍ ആബേലിനെ തന്റെ വയലിലേക്കു ക്ഷണിച്ചുകൊണ്ടുപോയി. വയലിലെത്തിയപ്പോൾ കായേന്റെ ഭാവംമാറി. മുൻകൂട്ടി നിശ്ചയിച്ചിരുന്നതുപോലെ അവൻ ആബേലിനോടു കയർത്തുസംസാരിച്ചു. അവനെയാക്രമിക്കുകയും കൊലപ്പെടുത്തുകയുംചെയ്തു...!

ഭൂമിയിലെ ആദ്യത്തെ മരണം; ആദ്യത്തെ കൊലപാതകം!

സഹോദരന്റെ മൃതദേഹം വയലിലെ മണ്ണിൽ മറവുചെയ്ത കായേൻ, ഒന്നുമറിയാത്തവനെപ്പോലെ, മറ്റൊരാളുടേയും മുമ്പിൽപ്പെടാതെ, തന്റെ കൂടാരത്തിലേയ്ക്കു മടങ്ങി.

അവൻ കൂടാരത്തിൽ വിശ്രമിക്കുമ്പോൾ, കര്‍ത്താവിന്റെ ശബ്ദം അവിടെ മുഴങ്ങി: "കായേൻ, നിന്റെ സഹോദരനെവിടെ?" 

''സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍? അവനെവിടെയെന്ന് എനിക്കറിയില്ലാ." കായേൻ പ്രതികരിച്ചു.

"കായേൻ, നീയെന്തിനിതുചെയ്തു? നിന്റെ സഹോദരന്റെ രക്തം, മണ്ണില്‍നിന്ന്‌ എന്നെവിളിച്ചുകരയുന്നു! നിന്റെ കരങ്ങളാൽ, നിന്റെ സഹോദരന്റെ രക്തം ചിതറിവീണഭൂമിയില്‍, നീ ശപിക്കപ്പെട്ടവനായിരിക്കും. നിന്റെ കൃഷിഭൂമി നിനക്കു വേണ്ടത്രഫലം തരില്ല... ഭൂമിയിൽ നീ അലഞ്ഞുതിരിയും..."  

കർത്താവിന്റെ വാക്കുകൾകേട്ട കായേന്റെ ഹൃദയത്തിൽ ഭയംനിറഞ്ഞു.

"കർത്താവേ, ഞാൻ പാപംചെയ്തുപോയി. താങ്ങാനാകുന്നതിലുമധികം ശിക്ഷ നീയെനിക്കു തരല്ലേ! ഈ ഭൂമിയിൽ ഞാൻ എവിടെയോടിയൊളിക്കും? ആബേലിന്റെ സന്താനങ്ങൾ എന്നെ വെറുതെവിടുമോ? എന്നെക്കാണുന്നവർ എന്നെക്കൊല്ലാൻ ശ്രമിക്കും."

കർത്താവിനു കായേന്റെമേൽ അലിവുതോന്നി. അവിടുന്നു പറഞ്ഞു: "മനുഷ്യരാരും നിന്നെയുപദ്രവിക്കുകയില്ല. ആരെങ്കിലുമതിനു തുനിഞ്ഞാൽ, കായേനെ ആക്രമിക്കുന്നവർക്കെതിരെ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും." 

കായേൻ തന്റെ ഭാര്യയോടൊത്ത് അവിടെനിന്നു കിഴക്ക്, വിദൂരമായൊരു നാട്ടിലേക്കു പോയി. ആ നാടിന്, അവൻ നോദ് എന്നുപേരിട്ടു. 

ആബേലിനു സംഭവിച്ചതറിഞ്ഞ്, ഹവ്വ ദുഃഖിച്ചു. അവൾ കർത്താവിനുമുമ്പിൽ കണ്ണുനീർവാർത്തു. 

ആദം വീണ്ടും തന്റെ ഭാര്യയോടുചേര്‍ന്നു. ഹവ്വയുടെ ഗർഭപാത്രത്തിൽ പുതിയൊരു ജീവൻകൂടെയങ്കുരിച്ചു. ദൈവം ആദത്തെ സൃഷ്ടിച്ചതിന്റെ നൂറ്റിമുപ്പതാം വർഷം, ഹവ്വ ഒരു പുത്രനെ പ്രസവിച്ചു. കായേന്‍ കൊലപ്പെടുത്തിയ ആബേലിനുപകരം ദൈവമെനിക്കു തന്നതാണിവനെയെന്നു പറഞ്ഞ്, അവള്‍ ദൈവത്തെ സ്തുതിച്ചു. 

സേത്ത്‌ എന്നാണ്, അദവും ഹവ്വയും അവനു പേരിട്ടത്. 

സന്ധ്യയുമുഷസ്സും പലവട്ടമാവർത്തിച്ചു. സേത്തിന്റെ ജനനശേഷം പിന്നെയും എണ്ണൂറുവർഷങ്ങൾ ആദം ജീവിച്ചിരുന്നു. ആദത്തിനും ഹവ്വയ്ക്കും പിന്നെയും സന്താനസൗഭാഗ്യമുണ്ടായി.

ഋതുഭേദങ്ങളുടെ നിരവധിയാവർത്തനങ്ങൾക്കു ഭൂമി സാക്ഷിയായി. ഭൂമിയിൽ മനുഷ്യർ പെരുകി. ഒപ്പം പാപവും! മനുഷ്യഹൃദയത്തിൽനിന്നു നന്മയെ നിഷ്കാസനംചെയ്ത്, അവിടെ തിന്മകുടിയേറി. ഹൃദയത്തിൽ നന്മയുള്ളവർ ഭൂമിയിലില്ലാതെയായി... 

ഭൂമിയിലെവിടെയെങ്കിലും നന്മ അവശേഷിക്കുന്നുണ്ടോയെന്നറിയാൻ, ദൈവം ഭൂമിയിലേയ്ക്കു നോക്കി. 

അഹങ്കാരവും കുടിലതയും അക്രമവുമല്ലാതെ മറ്റൊന്നുമവിടുന്നു കണ്ടില്ല. ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരുണ്ടോയെന്നുനോക്കി, ആരെയുംകണ്ടില്ല; ഭൂമിയിൽ എല്ലാവരുമൊന്നുപോലെ വഴിതെറ്റിയിരുന്നു. - ഒരു കുടുംബമൊഴികെ!

Sunday 12 March 2017

2. കുറ്റവും ശിക്ഷയും

ബൈബിൾക്കഥകൾ 2

താൻസ്യഷ്ടിച്ച മനുഷ്യന്, ദൈവം ആദമെന്നു പേരുവിളിച്ചു. പ്രഞ്ചത്തിലെ സകലജീവജാലങ്ങളേയും ദൈവം ആദത്തിനുമുമ്പിൽ കൊണ്ടുവന്നു. അവയെയെല്ലാം അവൻ നോക്കിക്കണ്ടു. ഓരോ ജീവിയേയും ആദം വിളിച്ചപേരു്, ആ ജീവിവർഗ്ഗത്തിന്റെ പേരായിത്തീർന്നു. എല്ലാക്കന്നുകാലികള്‍ക്കും ആകാശത്തിലെപ്പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും ആദം പേരിട്ടു. 

പിന്നീട്, ദൈവമവനെ ഗാഢമായ നിദ്രയിലാഴ്ത്തി. ആദത്തിനുചേർന്ന ഇണയും തുണയുമായി, അവന്റെ വാരിയെല്ലിൽനിന്ന്, ദൈവമൊരു സ്ത്രീയെ സൃഷ്ടിച്ചു. അവളെയവന്റെ മുമ്പിൽ നിറുത്തിയതിനുശേഷം ദൈവമവനെ നിദ്രയിൽനിന്നുണർത്തി.

തന്റെ മുമ്പിൽനിന്ന സ്ത്രീയെ നോക്കി, ആദം പറഞ്ഞു: "ഇതാ, എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമാണിവൾ.. ഇവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്‌." 

ആദമവളെ ഹവ്വാ എന്നു പേരുവിളിച്ചു. നിറഞ്ഞസന്തോഷത്തോടെ ആദവും ഹവ്വയും ഏദനിൽ വസിച്ചു. എല്ലായ്പ്പോഴും അവരൊന്നിച്ചു സഞ്ചരിച്ചു. അവരിരുവരും നഗ്നരായിരുന്നു. എന്നാൽ തങ്ങളുടെ നഗ്നതയെപ്രതി അവർക്കൊരിക്കലും ലജ്ജതോന്നിയിരുന്നില്ല.

കർത്താവിന്റെ സൃഷ്ടികളിൽ ഏറ്റവും കൗശലമേറിയ ജീവിയായിരുന്നു സർപ്പം.. ഒരുദിവസം ആദത്തോടൊപ്പമല്ലാതെ, സർപ്പം ഹവ്വയെക്കാണാനിടയായി. അവൻ ഹവ്വയെ സമീപിച്ചു ചോദിച്ചു:

"ഏദൻതോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുതെന്ന്, ദൈവം നിങ്ങളോടു കല്പിച്ചിട്ടുണ്ടോ?"

ഹവ്വ പറഞ്ഞു: "എല്ലാ ഫലങ്ങളും ഭക്ഷിക്കാൻ ഞങ്ങൾക്കനുവാദമുണ്ട്. എന്നാൽ തോട്ടത്തിനു നടുവിലെ ഒരു വൃക്ഷത്തിലെ പഴംമാത്രം, ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്‌; അതു ഭക്ഷിച്ചാല്‍ ഞങ്ങള്‍ മരിക്കുമെന്നു ദൈവം പറഞ്ഞിട്ടുണ്ട്‌."

സർപ്പം ശബ്ദമില്ലാതെ ചിരിച്ചു. 

"നിങ്ങൾ മരിക്കില്ല! അതു നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷമാണ്. നിങ്ങൾക്ക്, ദൈവത്തിന്റെ ഛായയും സാദൃശ്യവുമാണുള്ളത്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്ന ദിവസം നിങ്ങളുടെ ഉൾക്കണ്ണുകള്‍ തുറക്കുമെന്നും നന്മയും തിന്മയും തിരിച്ചറിഞ്ഞ്‌, അപ്പോൾ നിങ്ങള്‍ പൂർണ്ണമായും ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം. അതിനാലാണ് അവൻ നിങ്ങളെ വിലക്കുന്നത്.."

സർപ്പം, ആ വ്യക്ഷത്തിന്റെ ഒരു പഴം, ഹവ്വയെക്കാണിച്ചു. 

"നോക്കൂ, കാഴ്ചയിൽത്തന്നെ ഇതെത്രമനോഹരവും ആസ്വാദ്യവുമാണ്? ഇതിൽനിന്ന് അല്പമൊന്നു രുചിച്ചുനോക്കൂ... അതീവസ്വാദിഷ്ടവുമാണിത്..."

ആ പഴം, കണ്ണിനു കൗതുകകകരമാണെന്നു ഹവ്വയറിഞ്ഞു. അവൾ അല്പമൊന്നു രുചിച്ചുനോക്കി. അതു വളരെ രുചികരമാണെന്നുകൂടെ അവളറിഞ്ഞു. 

അവൾ ആദത്തെയന്വേഷിച്ചോടി. അവനെക്കണ്ടപ്പോൾ, സർപ്പംതന്ന പഴത്തിന്റെ ഗുണഗണങ്ങൾ ആദത്തോടു വിസ്തരിച്ചുതന്നെ പറഞ്ഞു..

അവൾ പഴം ഭക്ഷിച്ചു, അവനും കൊടുത്തു. അതു കഴിച്ചുകഴിഞ്ഞപ്പോൾ  ഇതുവരെയറിയാതിരുന്ന എന്തൊക്കെയോ മാറ്റങ്ങളവരിലുണ്ടായി. തങ്ങള്‍ നഗ്നരാണെന്ന്‌ അവരറിഞ്ഞു! ഇരുവരും മറ്റെയാളിൽനിന്നു തന്റെ നഗ്നത മറയ്ക്കാൻശ്രമിച്ചു. അടുത്തുണ്ടായിരുന്ന അത്തിമരത്തിൽനിന്ന് ഇലകള്‍പറിച്ച്, കൂട്ടിത്തുന്നി, അവര്‍ തങ്ങൾക്കു വസ്ത്രങ്ങളുണ്ടാക്കി...!

അന്നുവരെയറിയാത്ത എന്തോ ഒന്ന് രണ്ടാളുടേയും ഹൃദയത്തെ അസ്വസ്ഥമാക്കി. അവരിരുവരും പരസ്പരംനോക്കാനും സംസാരിക്കാനും മടിച്ചു.

സായാഹ്നമായപ്പോൾ, തോട്ടത്തിലുലാത്തുന്ന കർത്താവിന്റെ സാന്നിദ്ധ്യം അവർ തിരിച്ചറിഞ്ഞു. കർത്താവിന്റെ കണ്ണിൽപ്പെടാതിരിക്കാനായി അവർ മരങ്ങൾക്കിടയിലൊളിച്ചു.

"ആദം, നീയെവിടെയാണ്?" കർത്താവ് ആദത്തെ വിളിച്ചു.

"അവിടുത്തെ ശബ്‌ദം ഞാന്‍ കേട്ടു. നഗ്നനായതുകൊണ്ട്, ഞാൻ ഭയന്നൊളിച്ചതാണ്‌." ആദം മറുപടിനല്കി.

"നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു?" 
 
ആദത്തിനു മറുപടിയുണ്ടായിരുന്നില്ലാ. അവൻ നിശ്ശബ്ദതപാലിച്ചു.
 
"തിന്നരുതെന്നു ഞാന്‍ കല്പിച്ച പഴം, നീ തിന്നോ?" 

താൻ പിടിക്കപ്പെട്ടുവെന്ന് ആദത്തിനു മനസ്സിലായി.

"അങ്ങെനിക്കു കൂട്ടിനുതന്ന സ്‌ത്രീയാണ് ആ പഴം എനിക്കുതന്നത്; ഞാനതു തിന്നു."

എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമെന്ന് ഹവ്വയെ വിശേഷിപ്പിച്ച അതേ നാവുകൊണ്ടുതന്നെ അവനവളെ തള്ളിപ്പറഞ്ഞു. അവളെ, തനിക്കു നല്കിയ ദൈവത്തെപ്പഴിച്ചു.

"നീ എന്തിനിതു ചെയ്‌തു?" ദൈവം സ്‌ത്രീയോടു ചോദിച്ചു

അവള്‍ പറഞ്ഞു: " അങ്ങുസൃഷ്ടിച്ച സര്‍പ്പം; അവനെന്നെ വഞ്ചിച്ചു; ഞാന്‍ പഴംതിന്നു." സർപ്പത്തെ സൃഷ്ടിച്ച ദൈവത്തെത്തന്നെയാണ് അവളും പഴിച്ചത്.

ദൈവമായ കര്‍ത്താവ്‌, സര്‍പ്പത്തെ ശപിച്ചു: "ഇതുചെയ്‌തതുകൊണ്ട്‌, നീ ശപിക്കപ്പെട്ടതായിരിക്കും. ജീവിതകാലംമുഴുവന്‍, നീ മണ്ണിലിഴഞ്ഞുനടക്കുകയും പൊടിതിന്നാനിടവരികയുംചെയ്യും.
നീയും സ്‌ത്രീയുംതമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയുംതമ്മിലും ശത്രുതയിലാകും. അവന്‍ നിന്റെ തല തകര്‍ക്കും. നീ, അവന്റെ കുതികാലില്‍ പരിക്കേല്പിക്കും."

അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: നിനക്കു വർദ്ധിച്ചഗര്‍ഭാരിഷ്‌ടതകള്‍ ഞാൻനല്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ ആസക്തിയുണ്ടായിരിക്കും; അവന്‍ നിന്നെ ഭരിക്കുകയുംചെയ്യും."

ആദത്തോടു കർത്താവു പറഞ്ഞു: "തിന്നരുതെന്നു ഞാന്‍പറഞ്ഞ പഴം തിന്നതിനാൽ, നീമൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കുന്നു. ആയുഷ്‌കാലംമുഴുവന്‍ കഠിനാദ്ധ്വാനംചെയ്ത്, നീ അതില്‍നിന്നു ജീവനംതേടും. മണ്ണ്, മുള്ളും മുള്‍ച്ചെടികളും മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. നെറ്റിയിലെ വിയര്‍പ്പിനാൽ നീ ഭക്ഷണംസമ്പാദിക്കണം. നീ മണ്ണാണ്‌, മണ്ണിലേക്കുതന്നെ മടങ്ങും."

അനന്തരം ദൈവമായ കര്‍ത്താവ്‌ ഒരു മൃഗത്തെക്കൊന്നു...  പാപപരിഹാരത്തിനായുള്ള ആദ്യത്തെ രക്തബലിയർപ്പിക്കപ്പെട്ടു. അതിന്റെ തോലുകൊണ്ട്‌, ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു.

കർത്താവു പറഞ്ഞു: മനുഷ്യനിതാ നന്മയും തിന്മയുമറിയാൻ പ്രാപ്തനായി, നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനിയവന്‍ ജീവന്റെ വൃക്ഷത്തില്‍നിന്നുകൂടെ പറിച്ചുതിന്ന്‌, അമര്‍ത്ത്യനാകാനിടയാകരുത്‌." 

ജീവന്റെ വൃക്ഷത്തിലേയ്ക്കുള്ള വഴിയിൽ കർത്താവ് മാലാഖമാരെ കാവല്‍നിറുത്തി; ആദത്തേയും ഹവ്വയേയും ഏദൻതോട്ടത്തിൽനിന്നു പുറത്താക്കുകയുംചെയ്തു. 

Sunday 5 March 2017

1. ഉൽപത്തി

ബൈബിൾക്കഥകൾ - 1


സാന്ദ്രതമസ്സിനാൽ പ്രപഞ്ചം നിറഞ്ഞിരുന്നു... 

പ്രപഞ്ചമെന്നാൽ, ഘോരമായ അന്ധകാരവും അചിന്ത്യമായ നിശബ്ദതയുംമാത്രം! ആ നിശബ്ദതയെ ഭേദിച്ച്, വല്ലപ്പോഴും ഓളമിളക്കുന്നൊരു ജലാശയം ആ അന്ധകാരത്തിലെവിടെയോ ഉണ്ടായിരുന്നു. ജലത്തിനുമീതേ ചലിച്ചിരുന്ന ആത്മരൂപനായ ദിവ്യചൈതന്യത്തിൽനിന്നൊരു വചനമുളവായി, ദൈവത്തിന്റെ വചനം!

"വെളിച്ചമുണ്ടാകട്ടെ...!" 

ദൈവമായ കർത്താവിന്റെ വചനം സൃഷ്ടികർമ്മമാരംഭിച്ചു...

വെളിച്ചമുണ്ടായിത്തുടങ്ങി...  പ്രപഞ്ചത്തിലെ ആദ്യത്തെ ഉഷസ്സ്!

അതിസൂക്ഷ്മമായൊരു ബിന്ദുവിൽത്തുടങ്ങി, പൊട്ടുപോലെ വളർന്ന്, കൂടുതൽകൂടുതൽ വ്യാസദൈർഘ്യത്തിലേക്കു പ്രകാശമെത്തി. ദൈവതേജസ്സിൽനിന്നുള്ള പ്രകാശം! രൂപരഹിതവും ശൂന്യവുമായ പ്രപഞ്ചത്തിന്റെ പ്രാഗ്രൂപം തെളിഞ്ഞുതുടങ്ങി.  മെല്ലെമെല്ലെ, പ്രകാശമതിന്റെ ജ്യോതിപൂർണ്ണതയിലേക്കെത്തി. പിന്നെയതു മടക്കയാത്രയാരംഭിച്ചു. പ്രകാശം അല്പാല്പമായി മങ്ങി, പ്രപഞ്ചം വീണ്ടുമിരുട്ടിലേയ്ക്കു മടങ്ങി... 

പ്രപഞ്ചത്തിലെ ആദ്യത്തെ ഉഷസ്സിൽനിന്ന് ആദ്യത്തെ സന്ധ്യയിലേക്കുള്ള യാത്ര... വെളിച്ചത്തിൽനിന്നു പ്രപഞ്ചം വീണ്ടും അന്ധകാരത്തിലേക്കു മടങ്ങി...

വെളിച്ചം നന്നായിരിക്കുന്നുവെന്നു  ദൈവം കണ്ടു. വെളിച്ചത്തിനു പകലെന്നും ഇരുട്ടിനു രാത്രിയെന്നും ദൈവം പേരിട്ടു.

കാലഗണനയ്ക്കായി സമയസൂചികകളില്ലെങ്കിലും സന്ധ്യയായി...  ഉഷസ്സായി... സഹസ്രാബ്ദ്ധങ്ങളുടെ ദൈർഘ്യമുള്ള ആദ്യത്തെ ദിവസം പൂർത്തിയായി... 

ദൈവത്തിന്റെ വചനം വീണ്ടുമുയർന്നു...

"ജലമദ്ധ്യത്തിൽ ഒരു വിതാനമുണ്ടാകട്ടെ..." 

സാവധാനം, ജലമദ്ധ്യത്തിലൂടെ ഒരു വിതാനം രൂപമെടുത്തു.. വിതാനത്തിനു മുകളിലും താഴെയുമായി പ്രപഞ്ചത്തിലെ ജലം രണ്ടായി വേർതിരിഞ്ഞു...  

ആ വിതാനത്തിന്, ദൈവം ആകാശമെന്നു പേരിട്ടു. ആകാശം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. 

സന്ധ്യയായി...  ഉഷസ്സായി... രണ്ടാം ദിവസവും കടന്നുപോയി.

"ആകാശത്തിനുകീഴിലുള്ള ജലമെല്ലാം ഒരുമിച്ചുകൂടട്ടെ.. ജലമൊഴുകിമാറുന്ന ഇടങ്ങളിൽ കര പ്രത്യക്ഷപ്പെടട്ടെ.!" ദൈവവചനം വിണ്ടുമുയർന്നു. 

വചനം യാഥാർത്ഥ്യമായി. ജലംനിറഞ്ഞ പ്രദേശങ്ങളെ കടലെന്നും ജലമൊഴുകിമാറിയുണ്ടായ കരയെ ഭൂമിയെന്നും ദൈവം വിളിച്ചു. 

ദൈവമായ കര്‍ത്താവ്‌, ആകാശവും ഭൂമിയുംസൃഷ്‌ടിച്ച ആദ്യനാളുകളിൽ മഴപെയ്യിച്ചിരുന്നില്ല. അതിനാൽ പുല്ലോ ചെടിയോ ഭൂമിയില്‍
മുളച്ചിരുന്നുമില്ല.  

ദൈവമരുളിച്ചെയ്തു: "ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളേയും മുളപ്പിക്കട്ടെ... ധാന്യച്ചെടികളും ഫലവൃക്ഷങ്ങളുമുണ്ടാകട്ടെ..."

ദൈവവചനം യാഥാർത്ഥ്യമായി... ഹരിതസസ്യങ്ങളും ഫലവൃക്ഷങ്ങളും ഭൂമിയിൽ മുളച്ചുപൊന്തി... ഭൂമിയെ ഹരിതാഭമാക്കിയ സസ്യജാലം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. 

സന്ധ്യയായി...  ഉഷസ്സായി... സുദീർഘമായ മൂന്നാംദിവസവും പൂർത്തിയായി.

ദൈവം വീണ്ടുമരുളിച്ചെയ്തു. രാത്രിയേയും പകലിനേയും വേര്‍തിരിക്കാനായി ആകാശവിതാനത്തില്‍ പ്രകാശഗോളങ്ങളുണ്ടാകട്ടെ. ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളുംകുറിക്കുന്ന അടയാളങ്ങളായി അവ മാറട്ടെ!"

അപ്രകാരം സംഭവിച്ചു. ആകാശത്തിൽ രണ്ടു മഹാദീപങ്ങളുണ്ടായി. ആ ദീപങ്ങളിൽ പ്രകാശംനിറഞ്ഞു.  

പകൽവേളയിൽ ഭൂമിയില്‍ പ്രകാശംചൊരിയാന്‍വേണ്ടി വലുതും പ്രകാശമേറിയതുമായ ഒരു മഹാദീപം. രാത്രിയിലേക്കായി പ്രകാശംകുറഞ്ഞ മറ്റൊരു മഹാദീപം....  പകലിന്റെ ദീപത്തിനു സൂര്യനെന്നും രാവിന്റെ ദീപത്തിനു ചന്ദ്രനെന്നും ദൈവം പേരിട്ടു. അവയ്ക്കൊപ്പം  ആകാശവിതാനത്തിനു മുകളിലായി, എണ്ണമറ്റ നക്ഷത്രങ്ങളേയും ദൈവം സൃഷ്ടിച്ചു. അവയെല്ലാം നല്ലതെന്നു ദൈവം കണ്ടു.

സന്ധ്യയായി, ഉഷസ്സായി... സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും സാക്ഷിയാക്കി, പ്രപഞ്ചത്തിലെ നാലാം ദിവസത്തിന്റെ അവസാനമായി.

"ജലത്തിൽനിന്നു ജീവനുളവാകട്ടെ...!"  ദൈവമരുളിച്ചെയ്തു. ആ വചനംപോലെതന്നെ സംഭവിച്ചു. ഭീമാകാരങ്ങളായ ജലജന്തുക്കളും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന മത്സ്യങ്ങളും മറ്റെല്ലാത്തരം ജലജീവികളും സൃഷ്ടിക്കപ്പെട്ടു.

ജലജീവികളുടെ സൃഷ്ടി പൂർത്തിയായപ്പോൾ, ദൈവം പക്ഷികളെ സൃഷ്ടിച്ചു. അവ, ആകാശവിതാനത്തില്‍,  ഭൂമിയുടെമേലെ പറന്നു.

താൻസൃഷ്ടിച്ച ജീവികളെല്ലാം നല്ലതെന്നു ദൈവം കണ്ടു.

"ജലജീവികളേ, സമൃദ്ധമായിപ്പെരുകി, കടലിൽ നിറയുവിൻ. പക്ഷികളും ഭൂമിയില്‍ പെരുകട്ടെ..."  താൻ സൃഷ്ടിച്ച ജീവികളെയെല്ലാം ദൈവമനുഗ്രഹിച്ചു.

സന്ധ്യയായി, ഉഷസ്സായി... അഞ്ചാം ദിവസം പരിസമാപ്തമായി!

ദൈവം വീണ്ടുമരുളിച്ചെയ്‌തു:  കന്നുകാലികള്‍, ഇഴജന്തുക്കള്‍, വന്യജീവികൾതുടങ്ങിയ എല്ലാത്തരം മൃഗങ്ങളും ഭൂമിയിലുണ്ടാകട്ടെ!. അങ്ങനെ സംഭവിച്ചു. താൻ സൃഷ്ടിച്ച മൃഗങ്ങളും ഇഴജന്തുക്കളും നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.

ദൈവം പറഞ്ഞു: "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിക്കാം. അവനു കടലിലെ ജീവികളുടേയും ആകാശത്തിലെ പറവകളുടെയും ഭൂമിയിലെ നാല്‍ക്കാലികളുടെയും ഇഴജന്തുക്കളുടേയും ഭൂമിമുഴുവന്റേയുംമേല്‍ ആധിപത്യമുണ്ടായിരിക്കട്ടെ..."

ഭൂമിയിലെ പൂഴികൊണ്ട്, ദൈവം തന്റെ ഛായയില്‍ മനുഷ്യനെ രൂപപ്പെടുത്തി. അവന്റെ നാസികയിലേക്ക്, അവിടുന്നു തന്റെ ജീവശ്വാസം നിശ്വസിച്ചു. ദൈവത്തിന്റെ നിശ്വാസമേറ്റപ്പോൾ,  മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.

മനുഷ്യനുൾപ്പെടെ, ഭൂമിയിലെ എല്ലാ ജീവികൾക്കും സസ്യങ്ങളിൽനിന്നുമാത്രമാണ്,  ദൈവം ഭക്ഷണമനുവദിച്ചത്.

അവിടുന്നരുൾച്ചെയ്തു: "ഭൂമിയിൽ ഞാൻസൃഷ്ടിച്ച, ധാന്യംവിളയുന്ന എല്ലാച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്‌ക്കുന്ന എല്ലാ വൃക്ഷങ്ങളും നിങ്ങൾക്കു ഞാൻ ഭക്ഷണത്തിനായിത്തരുന്നു,"

സൂര്യനുദിക്കുന്ന ദിക്കിൽ കർത്താവൊരു തോട്ടം സൃഷ്ടിച്ചു. ആ തോട്ടത്തിൽ ഒരുറവയുണ്ടായി. ആ ഉറവ, നാലു നദികളായി പിരിഞ്ഞൊഴുകി. പിഷോൺ, ഗിഹോൻ, ടൈഗ്രീസ്, യൂഫ്രട്ടീസ് എന്നിവയായിരുന്നു, ആ നാലുനദികൾ.

പ്രപഞ്ചത്തിലെ മറ്റെല്ലാസ്ഥലങ്ങളെക്കാളും മനോഹരമായ ആ തോട്ടത്തിന് ഏദൻ എന്നു ദൈവം പേരിട്ടു. കാണാൻ സുന്ദരവും ഭക്ഷിക്കാന്‍ സ്വാദുള്ളതുമായ ഫലങ്ങൾകായ്‌ക്കുന്ന നിരവധി വൃക്ഷങ്ങൾ, ആ തോട്ടത്തിലെ മണ്ണില്‍നിന്നു ദൈവം പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവിലുണ്ടായിരുന്നു. ദൈവം മനുഷ്യനെ ഏദൻതോട്ടത്തിൽ താമസിപ്പിച്ചു. 

മനുഷ്യൻ തന്നോടു വിശ്വസ്തനായിരിക്കുമോയെന്നു പരീക്ഷിച്ചറിയാൻ ദൈവം നിശ്ചയിച്ചു. അവിടുന്നവനോടു കല്പിച്ചു: "തോട്ടത്തിലെ എല്ലാവൃക്ഷങ്ങളുടെയും ഫലം നിനക്കു ഭക്ഷിക്കാം. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുത്. അതു ഭക്ഷിച്ചാൽ നീ മരിക്കും."

മനുഷ്യൻ പ്രപഞ്ചംമുഴുവൻ കണ്ടു. പ്രപഞ്ചത്തിലെ സകലജീവജാലങ്ങളും അവന്റെ കണ്മുമ്പിലെത്തി. പ്രപഞ്ചത്തിലെ സകലസൃഷ്ടികളുടേയുംമേൽ അവനാധിപത്യമുണ്ടായിരുന്നു. എങ്കിലും മനുഷ്യന്റെ മുഖം മ്ലാനമായിരുന്നു. ഏദൻതോട്ടത്തിന്റെ മനോഹാരിതയ്ക്കു നടുവിലായിരുന്നിട്ടും അവന്റെ ഹൃദയത്തിൽ സന്തോഷമുണ്ടായിരുന്നില്ല.

തന്റെ സൃഷ്ടിയായ മനുഷ്യനെ ദൈവം സൂക്ഷിച്ചുവീക്ഷിച്ചു. മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ലെന്നു ദൈവം കണ്ടു. അതിനാൽ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലാഴ്‌ത്തി, അവന്റെ വാരിയെല്ലുകളിലൊന്ന്‌ ദൈവമവനിൽനിന്നു വേർപെടുത്തി, അതിന്റെ സ്ഥാനത്തു  മാംസം നിറച്ചു.

മനുഷ്യനില്‍നിന്നെടുത്ത വാരിയെല്ലുകൊണ്ട്‌, അവനു് അനുപൂരകമായ മറ്റൊരു മനുഷ്യരൂപം ദൈവം സൃഷ്ടിച്ചു. അവിടുന്ന്‌ ഒരു സ്‌ത്രീയ്ക്കു രൂപംകൊടുത്തു.  അവളെ അവന്റെമുമ്പില്‍ നിറുത്തിയിട്ട്, ദൈവമവനെയുണർത്തി.

നിദ്രയിൽനിന്നുണർന്ന മനുഷ്യൻ, വിസ്മയഭരിതനായി. അദ്ഭുതംകൂറുന്ന മിഴികളോടെ അവൻ സ്ത്രിയെ നോക്കിക്കണ്ടു. അവന്റെ ഹൃദയം സന്തോഷഭരിതമായി. മുഖത്തെ മ്ലാനതയകന്നു...

അത്യാഹ്ലാദത്തോടെ അവന്‍ പറഞ്ഞു: "ഒടുവിലിതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്നെടുക്കപ്പെട്ടതുകൊണ്ട്, ഇവൾ നാരിയെന്നു വിളിക്കപ്പെടും."
 
 
പുരുഷനും സ്ത്രീയും നഗ്നരായിരുന്നു. എങ്കിലും അവർക്കു ലജ്ജതോന്നിയില്ല. എന്തെന്നാൽ ദൈവം സൃഷ്ടിച്ചവയെല്ലാം വിശുദ്ധവും ആസ്വാദ്യകരവുമായിരുന്നു. നിറഞ്ഞഹൃദയത്തോടെ പുരുഷൻ, സ്ത്രീയുടെനേരേ കൈനീട്ടി. അവൾ, അവനോടുചേർന്നു. അവർ ഒറ്റശരീരമായിത്തീർന്നു..
സന്ധ്യയായി, ഉഷസ്സായി... പ്രപഞ്ചസൃഷ്ടിയുടെ ആറാംദിവസം പൂർത്തിയായി.

ആറുദിനങ്ങൾകൊണ്ട്, പ്രപഞ്ചത്തിന്റെ സൃഷ്ടികർമ്മം പൂർത്തിയാക്കി, ഏഴാംദിവസം ദൈവം വിശ്രമിച്ചു. താൻ വിശ്രമിച്ച ഏഴാംദിവസത്തെ അവിടുന്ന്, അനുഗ്രഹിച്ചു വിശുദ്ധമാക്കി!