Sunday 19 March 2017

3. സഹോദരന്റെ രക്തം

ബൈബിൾക്കഥകൾ 3

ഏദനിലെ സന്തോഷങ്ങളിൽനിന്ന്, ആദവും ഹവ്വയും പുറന്തള്ളപ്പെട്ടു. ദൈവസാന്നിദ്ധ്യത്തിന്റെ സുഖസൗഭാഗ്യങ്ങളിൽനിന്ന്, ഭൂമിയിലെ കഷ്ടതകളിലേക്കു മനുഷ്യൻ നിപതിച്ചു. അനുസരണക്കേടിന്റെ ശിക്ഷയുംപേറി, അവർ ഭൂമിയിലലഞ്ഞു. കൃഷിയും മൃഗപരിപാലനവുംവഴി, അവർ തങ്ങൾക്കുവേണ്ട ഭക്ഷണംകണ്ടെത്തി. 

ഏറെവൈകാതെ, ഭൂമിയിൽ ഒരദ്ഭുതമുണ്ടായി! ഹവ്വ ഗർഭംധരിച്ച്, ഒരു പുത്രനെ പ്രസവിച്ചു. ആദ്യത്തെ മനുഷ്യശിശു പിറന്നു... 

തന്നിൽനിന്നുരുവായ അദ്ഭുതത്തെ സ്വന്തം നയനങ്ങളാൽക്കണ്ടപ്പോൾ, ഹവ്വ, ആഹ്ലാദത്തോടെ പറഞ്ഞു: "കർത്താവിന്റെ കൃപയാൽ എനിക്കൊരു പുത്രനെ ലഭിച്ചിരിക്കുന്നു." ആദമവനെ കായേൻ എന്നുവിളിച്ചു. 

കായേൻ, മണ്ണിൽ പിച്ചവച്ചുനടന്നുതുടങ്ങിയപ്പോൾ ഹവ്വയ്ക്കു്, വീണ്ടുമൊരു കുഞ്ഞുപിറന്നു. അവൾ ആബേലിനെ പ്രസവിച്ചു. 

ഭൂമിയിൽ ഋതുചക്രങ്ങളുടെ കറക്കത്തിനൊപ്പം കുട്ടികൾ വളർന്നു. അദ്ധ്വാനിക്കാനുള്ള കായബലവും പ്രായവുമെത്തിയപ്പോൾ, ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിത്തീർന്നു.

ആദത്തിനും ഹവ്വയ്ക്കും വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. ആദത്തിന്റെ പുത്രന്മാർ മുതിർന്നപ്പോൾ, തങ്ങളുടെ സഹോദരിമാരിൽനിന്നുതന്നെ ഭാര്യമാരെ കണ്ടെത്തി. 

കാലം വീണ്ടുമുരുണ്ടു. ഏദൻതോട്ടത്തിൽനിന്നു മനുഷ്യൻ പുറത്താക്കപ്പെട്ടതിനുശേഷം, നൂറ്റിമുപ്പതിനടുത്തു വസന്തങ്ങൾ കടന്നുപോയി. മനുഷ്യരുടെ നിരവധി തലമുറകൾ ഭൂമിയിലുദയംചെയ്തു. കൃഷിയ്ക്കും കാലിവളർത്തലിനുമനുയോജ്യമായവിധം അവർ ചുറ്റുപാടുകളിലേയ്ക്കു മാറിത്താമസിച്ചു. ഓരോ കുടുംബവും ഓരോ ഗ്രാമങ്ങളായി വളർന്നു.

അക്കാലത്ത്, കായേന്‍ തന്റെ വിളവിലൊരുഭാഗം കര്‍ത്താവിനു കാഴ്‌ചയായി സമര്‍പ്പിച്ചു. 

ആബേൽ കായേനോടുപറഞ്ഞു: ''നമ്മുടെ മാതാപിതാക്കൾക്കു വസിക്കാനായി, ദൈവം ഏദൻതോട്ടം സൃഷ്ടിച്ചുനല്കി. തോട്ടത്തിനു നടുവിലുണ്ടായിരുന്ന, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലത്തെക്കുറിച്ച്, നമ്മുടെ മാതാപിതാക്കൾ പറഞ്ഞിരുന്നതോർമ്മയില്ലേ? അതിൽനിന്നു ഭക്ഷിക്കുന്നതിൽനിന്ന്, കർത്താവ് അവരെ വിലക്കിയിരുന്നു. കർത്താവിന്റെ കല്പനലംഘിച്ച്, അവരാക്കനി ഭക്ഷിച്ച്, പാപംചെയ്തു. 

കർത്താവപ്പോൾ ഒരു മൃഗത്തെ ബലിയാക്കിയതും അതിന്റെ തോലിനാൽ അവർക്കു വസ്ത്രംനല്കിയതുമെല്ലാം അവർ നമ്മളോടു പറഞ്ഞിട്ടുള്ളതല്ലേ? അത്തിമരത്തിന്റെ ഇലകൾക്കുപകരം തുകൽവസ്ത്രം! അതിന്റെയർത്ഥമെന്തെന്നു നിനക്കറിവില്ലേ? എന്റെ ആടുകളിൽനിന്നു്, കൊഴുത്ത ഒന്നിനെ നിനക്കു ഞാൻ നല്കാം. അതിനെ, കർത്താവിനുള്ള ബലിയായി അർപ്പിച്ചുകൊള്ളൂ, അതാണു കർത്താവിനു പ്രീതികരമായ ബലി."

ഹൃദയത്തിലഹങ്കരിച്ചിരുന്നതിനാൽ, കായേൻ, അനുജന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല. സഹോദരന്റെ സഹായം സ്വീകരിക്കാൻ അവന്റെയഹങ്കാരം അവനെയനുവദിച്ചില്ലാ. താൻ കൃഷിചെയ്തുണ്ടാക്കിയവമാത്രംമതി, തന്റെ ബലിയർപ്പണത്തിനെന്ന് അവൻ തീരുമാനിച്ചു. 

ആബേലാകട്ടെ, തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെക്കൊന്ന്, അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ കർത്താവിനു കാഴ്‌ചവച്ചു. 

ആബേലിലും അവന്റെ കാഴ്‌ചവസ്‌തുക്കളിലും കർത്താവു പ്രസാദിച്ചു. എന്നാൽ കായേനെയും അവന്റെ കാഴ്‌ചവസ്‌തുക്കളേയും അവിടുന്നു സ്വീകരിച്ചില്ല. അതിനാൽ കായേൻ കോപിഷ്ഠനായി.

ശബ്ദസാന്നിദ്ധ്യമായി കർത്താവു കായേനു സമീപമെത്തി. കര്‍ത്താവവനോടു ചോദിച്ചു: "നീയെന്തിനാണു കോപിച്ചിരിക്കുന്നത്? നിന്റെ മുഖംവാടിയതെന്തുകൊണ്ട്‌?
ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാകുമല്ലോ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്നോര്‍ക്കണം. അതു നിന്നില്‍ താല്പര്യംവച്ചിരിക്കുന്നു; അതു നിന്നെ കീഴടക്കുന്നതിനുമുമ്പ്,  നീയതിനെ കീഴടക്കണം."

കർത്താവിനുമുമ്പിൽ, കായേൻ നിശ്ശബ്ദനായിരുന്നു. എന്നാൽ, അവന്റെ കോപമടങ്ങിയിരുന്നില്ല. അവന്റെ ഹൃദയത്തിൽ സഹോദരനെതിരേ പകയുടെ അഗ്നി ജ്വലിച്ചിരുന്നു. ആബേലിനെയില്ലാതാക്കാൻ അവൻ പദ്ധതികൾ മെനഞ്ഞു. എങ്കിലുമവൻ ആബേലിനോടു സൗഹാർദ്ദപൂർവ്വം പെരുമാറുന്നതായി നടിച്ചു. 

ഒരു ദിവസം, കായേന്‍ ആബേലിനെ തന്റെ വയലിലേക്കു ക്ഷണിച്ചുകൊണ്ടുപോയി. വയലിലെത്തിയപ്പോൾ കായേന്റെ ഭാവംമാറി. മുൻകൂട്ടി നിശ്ചയിച്ചിരുന്നതുപോലെ അവൻ ആബേലിനോടു കയർത്തുസംസാരിച്ചു. അവനെയാക്രമിക്കുകയും കൊലപ്പെടുത്തുകയുംചെയ്തു...!

ഭൂമിയിലെ ആദ്യത്തെ മരണം; ആദ്യത്തെ കൊലപാതകം!

സഹോദരന്റെ മൃതദേഹം വയലിലെ മണ്ണിൽ മറവുചെയ്ത കായേൻ, ഒന്നുമറിയാത്തവനെപ്പോലെ, മറ്റൊരാളുടേയും മുമ്പിൽപ്പെടാതെ, തന്റെ കൂടാരത്തിലേയ്ക്കു മടങ്ങി.

അവൻ കൂടാരത്തിൽ വിശ്രമിക്കുമ്പോൾ, കര്‍ത്താവിന്റെ ശബ്ദം അവിടെ മുഴങ്ങി: "കായേൻ, നിന്റെ സഹോദരനെവിടെ?" 

''സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍? അവനെവിടെയെന്ന് എനിക്കറിയില്ലാ." കായേൻ പ്രതികരിച്ചു.

"കായേൻ, നീയെന്തിനിതുചെയ്തു? നിന്റെ സഹോദരന്റെ രക്തം, മണ്ണില്‍നിന്ന്‌ എന്നെവിളിച്ചുകരയുന്നു! നിന്റെ കരങ്ങളാൽ, നിന്റെ സഹോദരന്റെ രക്തം ചിതറിവീണഭൂമിയില്‍, നീ ശപിക്കപ്പെട്ടവനായിരിക്കും. നിന്റെ കൃഷിഭൂമി നിനക്കു വേണ്ടത്രഫലം തരില്ല... ഭൂമിയിൽ നീ അലഞ്ഞുതിരിയും..."  

കർത്താവിന്റെ വാക്കുകൾകേട്ട കായേന്റെ ഹൃദയത്തിൽ ഭയംനിറഞ്ഞു.

"കർത്താവേ, ഞാൻ പാപംചെയ്തുപോയി. താങ്ങാനാകുന്നതിലുമധികം ശിക്ഷ നീയെനിക്കു തരല്ലേ! ഈ ഭൂമിയിൽ ഞാൻ എവിടെയോടിയൊളിക്കും? ആബേലിന്റെ സന്താനങ്ങൾ എന്നെ വെറുതെവിടുമോ? എന്നെക്കാണുന്നവർ എന്നെക്കൊല്ലാൻ ശ്രമിക്കും."

കർത്താവിനു കായേന്റെമേൽ അലിവുതോന്നി. അവിടുന്നു പറഞ്ഞു: "മനുഷ്യരാരും നിന്നെയുപദ്രവിക്കുകയില്ല. ആരെങ്കിലുമതിനു തുനിഞ്ഞാൽ, കായേനെ ആക്രമിക്കുന്നവർക്കെതിരെ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും." 

കായേൻ തന്റെ ഭാര്യയോടൊത്ത് അവിടെനിന്നു കിഴക്ക്, വിദൂരമായൊരു നാട്ടിലേക്കു പോയി. ആ നാടിന്, അവൻ നോദ് എന്നുപേരിട്ടു. 

ആബേലിനു സംഭവിച്ചതറിഞ്ഞ്, ഹവ്വ ദുഃഖിച്ചു. അവൾ കർത്താവിനുമുമ്പിൽ കണ്ണുനീർവാർത്തു. 

ആദം വീണ്ടും തന്റെ ഭാര്യയോടുചേര്‍ന്നു. ഹവ്വയുടെ ഗർഭപാത്രത്തിൽ പുതിയൊരു ജീവൻകൂടെയങ്കുരിച്ചു. ദൈവം ആദത്തെ സൃഷ്ടിച്ചതിന്റെ നൂറ്റിമുപ്പതാം വർഷം, ഹവ്വ ഒരു പുത്രനെ പ്രസവിച്ചു. കായേന്‍ കൊലപ്പെടുത്തിയ ആബേലിനുപകരം ദൈവമെനിക്കു തന്നതാണിവനെയെന്നു പറഞ്ഞ്, അവള്‍ ദൈവത്തെ സ്തുതിച്ചു. 

സേത്ത്‌ എന്നാണ്, അദവും ഹവ്വയും അവനു പേരിട്ടത്. 

സന്ധ്യയുമുഷസ്സും പലവട്ടമാവർത്തിച്ചു. സേത്തിന്റെ ജനനശേഷം പിന്നെയും എണ്ണൂറുവർഷങ്ങൾ ആദം ജീവിച്ചിരുന്നു. ആദത്തിനും ഹവ്വയ്ക്കും പിന്നെയും സന്താനസൗഭാഗ്യമുണ്ടായി.

ഋതുഭേദങ്ങളുടെ നിരവധിയാവർത്തനങ്ങൾക്കു ഭൂമി സാക്ഷിയായി. ഭൂമിയിൽ മനുഷ്യർ പെരുകി. ഒപ്പം പാപവും! മനുഷ്യഹൃദയത്തിൽനിന്നു നന്മയെ നിഷ്കാസനംചെയ്ത്, അവിടെ തിന്മകുടിയേറി. ഹൃദയത്തിൽ നന്മയുള്ളവർ ഭൂമിയിലില്ലാതെയായി... 

ഭൂമിയിലെവിടെയെങ്കിലും നന്മ അവശേഷിക്കുന്നുണ്ടോയെന്നറിയാൻ, ദൈവം ഭൂമിയിലേയ്ക്കു നോക്കി. 

അഹങ്കാരവും കുടിലതയും അക്രമവുമല്ലാതെ മറ്റൊന്നുമവിടുന്നു കണ്ടില്ല. ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരുണ്ടോയെന്നുനോക്കി, ആരെയുംകണ്ടില്ല; ഭൂമിയിൽ എല്ലാവരുമൊന്നുപോലെ വഴിതെറ്റിയിരുന്നു. - ഒരു കുടുംബമൊഴികെ!

No comments:

Post a Comment