Sunday 5 March 2017

1. ഉൽപത്തി

ബൈബിൾക്കഥകൾ - 1


സാന്ദ്രതമസ്സിനാൽ പ്രപഞ്ചം നിറഞ്ഞിരുന്നു... 

പ്രപഞ്ചമെന്നാൽ, ഘോരമായ അന്ധകാരവും അചിന്ത്യമായ നിശബ്ദതയുംമാത്രം! ആ നിശബ്ദതയെ ഭേദിച്ച്, വല്ലപ്പോഴും ഓളമിളക്കുന്നൊരു ജലാശയം ആ അന്ധകാരത്തിലെവിടെയോ ഉണ്ടായിരുന്നു. ജലത്തിനുമീതേ ചലിച്ചിരുന്ന ആത്മരൂപനായ ദിവ്യചൈതന്യത്തിൽനിന്നൊരു വചനമുളവായി, ദൈവത്തിന്റെ വചനം!

"വെളിച്ചമുണ്ടാകട്ടെ...!" 

ദൈവമായ കർത്താവിന്റെ വചനം സൃഷ്ടികർമ്മമാരംഭിച്ചു...

വെളിച്ചമുണ്ടായിത്തുടങ്ങി...  പ്രപഞ്ചത്തിലെ ആദ്യത്തെ ഉഷസ്സ്!

അതിസൂക്ഷ്മമായൊരു ബിന്ദുവിൽത്തുടങ്ങി, പൊട്ടുപോലെ വളർന്ന്, കൂടുതൽകൂടുതൽ വ്യാസദൈർഘ്യത്തിലേക്കു പ്രകാശമെത്തി. ദൈവതേജസ്സിൽനിന്നുള്ള പ്രകാശം! രൂപരഹിതവും ശൂന്യവുമായ പ്രപഞ്ചത്തിന്റെ പ്രാഗ്രൂപം തെളിഞ്ഞുതുടങ്ങി.  മെല്ലെമെല്ലെ, പ്രകാശമതിന്റെ ജ്യോതിപൂർണ്ണതയിലേക്കെത്തി. പിന്നെയതു മടക്കയാത്രയാരംഭിച്ചു. പ്രകാശം അല്പാല്പമായി മങ്ങി, പ്രപഞ്ചം വീണ്ടുമിരുട്ടിലേയ്ക്കു മടങ്ങി... 

പ്രപഞ്ചത്തിലെ ആദ്യത്തെ ഉഷസ്സിൽനിന്ന് ആദ്യത്തെ സന്ധ്യയിലേക്കുള്ള യാത്ര... വെളിച്ചത്തിൽനിന്നു പ്രപഞ്ചം വീണ്ടും അന്ധകാരത്തിലേക്കു മടങ്ങി...

വെളിച്ചം നന്നായിരിക്കുന്നുവെന്നു  ദൈവം കണ്ടു. വെളിച്ചത്തിനു പകലെന്നും ഇരുട്ടിനു രാത്രിയെന്നും ദൈവം പേരിട്ടു.

കാലഗണനയ്ക്കായി സമയസൂചികകളില്ലെങ്കിലും സന്ധ്യയായി...  ഉഷസ്സായി... സഹസ്രാബ്ദ്ധങ്ങളുടെ ദൈർഘ്യമുള്ള ആദ്യത്തെ ദിവസം പൂർത്തിയായി... 

ദൈവത്തിന്റെ വചനം വീണ്ടുമുയർന്നു...

"ജലമദ്ധ്യത്തിൽ ഒരു വിതാനമുണ്ടാകട്ടെ..." 

സാവധാനം, ജലമദ്ധ്യത്തിലൂടെ ഒരു വിതാനം രൂപമെടുത്തു.. വിതാനത്തിനു മുകളിലും താഴെയുമായി പ്രപഞ്ചത്തിലെ ജലം രണ്ടായി വേർതിരിഞ്ഞു...  

ആ വിതാനത്തിന്, ദൈവം ആകാശമെന്നു പേരിട്ടു. ആകാശം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. 

സന്ധ്യയായി...  ഉഷസ്സായി... രണ്ടാം ദിവസവും കടന്നുപോയി.

"ആകാശത്തിനുകീഴിലുള്ള ജലമെല്ലാം ഒരുമിച്ചുകൂടട്ടെ.. ജലമൊഴുകിമാറുന്ന ഇടങ്ങളിൽ കര പ്രത്യക്ഷപ്പെടട്ടെ.!" ദൈവവചനം വിണ്ടുമുയർന്നു. 

വചനം യാഥാർത്ഥ്യമായി. ജലംനിറഞ്ഞ പ്രദേശങ്ങളെ കടലെന്നും ജലമൊഴുകിമാറിയുണ്ടായ കരയെ ഭൂമിയെന്നും ദൈവം വിളിച്ചു. 

ദൈവമായ കര്‍ത്താവ്‌, ആകാശവും ഭൂമിയുംസൃഷ്‌ടിച്ച ആദ്യനാളുകളിൽ മഴപെയ്യിച്ചിരുന്നില്ല. അതിനാൽ പുല്ലോ ചെടിയോ ഭൂമിയില്‍
മുളച്ചിരുന്നുമില്ല.  

ദൈവമരുളിച്ചെയ്തു: "ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളേയും മുളപ്പിക്കട്ടെ... ധാന്യച്ചെടികളും ഫലവൃക്ഷങ്ങളുമുണ്ടാകട്ടെ..."

ദൈവവചനം യാഥാർത്ഥ്യമായി... ഹരിതസസ്യങ്ങളും ഫലവൃക്ഷങ്ങളും ഭൂമിയിൽ മുളച്ചുപൊന്തി... ഭൂമിയെ ഹരിതാഭമാക്കിയ സസ്യജാലം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. 

സന്ധ്യയായി...  ഉഷസ്സായി... സുദീർഘമായ മൂന്നാംദിവസവും പൂർത്തിയായി.

ദൈവം വീണ്ടുമരുളിച്ചെയ്തു. രാത്രിയേയും പകലിനേയും വേര്‍തിരിക്കാനായി ആകാശവിതാനത്തില്‍ പ്രകാശഗോളങ്ങളുണ്ടാകട്ടെ. ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളുംകുറിക്കുന്ന അടയാളങ്ങളായി അവ മാറട്ടെ!"

അപ്രകാരം സംഭവിച്ചു. ആകാശത്തിൽ രണ്ടു മഹാദീപങ്ങളുണ്ടായി. ആ ദീപങ്ങളിൽ പ്രകാശംനിറഞ്ഞു.  

പകൽവേളയിൽ ഭൂമിയില്‍ പ്രകാശംചൊരിയാന്‍വേണ്ടി വലുതും പ്രകാശമേറിയതുമായ ഒരു മഹാദീപം. രാത്രിയിലേക്കായി പ്രകാശംകുറഞ്ഞ മറ്റൊരു മഹാദീപം....  പകലിന്റെ ദീപത്തിനു സൂര്യനെന്നും രാവിന്റെ ദീപത്തിനു ചന്ദ്രനെന്നും ദൈവം പേരിട്ടു. അവയ്ക്കൊപ്പം  ആകാശവിതാനത്തിനു മുകളിലായി, എണ്ണമറ്റ നക്ഷത്രങ്ങളേയും ദൈവം സൃഷ്ടിച്ചു. അവയെല്ലാം നല്ലതെന്നു ദൈവം കണ്ടു.

സന്ധ്യയായി, ഉഷസ്സായി... സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും സാക്ഷിയാക്കി, പ്രപഞ്ചത്തിലെ നാലാം ദിവസത്തിന്റെ അവസാനമായി.

"ജലത്തിൽനിന്നു ജീവനുളവാകട്ടെ...!"  ദൈവമരുളിച്ചെയ്തു. ആ വചനംപോലെതന്നെ സംഭവിച്ചു. ഭീമാകാരങ്ങളായ ജലജന്തുക്കളും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന മത്സ്യങ്ങളും മറ്റെല്ലാത്തരം ജലജീവികളും സൃഷ്ടിക്കപ്പെട്ടു.

ജലജീവികളുടെ സൃഷ്ടി പൂർത്തിയായപ്പോൾ, ദൈവം പക്ഷികളെ സൃഷ്ടിച്ചു. അവ, ആകാശവിതാനത്തില്‍,  ഭൂമിയുടെമേലെ പറന്നു.

താൻസൃഷ്ടിച്ച ജീവികളെല്ലാം നല്ലതെന്നു ദൈവം കണ്ടു.

"ജലജീവികളേ, സമൃദ്ധമായിപ്പെരുകി, കടലിൽ നിറയുവിൻ. പക്ഷികളും ഭൂമിയില്‍ പെരുകട്ടെ..."  താൻ സൃഷ്ടിച്ച ജീവികളെയെല്ലാം ദൈവമനുഗ്രഹിച്ചു.

സന്ധ്യയായി, ഉഷസ്സായി... അഞ്ചാം ദിവസം പരിസമാപ്തമായി!

ദൈവം വീണ്ടുമരുളിച്ചെയ്‌തു:  കന്നുകാലികള്‍, ഇഴജന്തുക്കള്‍, വന്യജീവികൾതുടങ്ങിയ എല്ലാത്തരം മൃഗങ്ങളും ഭൂമിയിലുണ്ടാകട്ടെ!. അങ്ങനെ സംഭവിച്ചു. താൻ സൃഷ്ടിച്ച മൃഗങ്ങളും ഇഴജന്തുക്കളും നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.

ദൈവം പറഞ്ഞു: "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിക്കാം. അവനു കടലിലെ ജീവികളുടേയും ആകാശത്തിലെ പറവകളുടെയും ഭൂമിയിലെ നാല്‍ക്കാലികളുടെയും ഇഴജന്തുക്കളുടേയും ഭൂമിമുഴുവന്റേയുംമേല്‍ ആധിപത്യമുണ്ടായിരിക്കട്ടെ..."

ഭൂമിയിലെ പൂഴികൊണ്ട്, ദൈവം തന്റെ ഛായയില്‍ മനുഷ്യനെ രൂപപ്പെടുത്തി. അവന്റെ നാസികയിലേക്ക്, അവിടുന്നു തന്റെ ജീവശ്വാസം നിശ്വസിച്ചു. ദൈവത്തിന്റെ നിശ്വാസമേറ്റപ്പോൾ,  മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.

മനുഷ്യനുൾപ്പെടെ, ഭൂമിയിലെ എല്ലാ ജീവികൾക്കും സസ്യങ്ങളിൽനിന്നുമാത്രമാണ്,  ദൈവം ഭക്ഷണമനുവദിച്ചത്.

അവിടുന്നരുൾച്ചെയ്തു: "ഭൂമിയിൽ ഞാൻസൃഷ്ടിച്ച, ധാന്യംവിളയുന്ന എല്ലാച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്‌ക്കുന്ന എല്ലാ വൃക്ഷങ്ങളും നിങ്ങൾക്കു ഞാൻ ഭക്ഷണത്തിനായിത്തരുന്നു,"

സൂര്യനുദിക്കുന്ന ദിക്കിൽ കർത്താവൊരു തോട്ടം സൃഷ്ടിച്ചു. ആ തോട്ടത്തിൽ ഒരുറവയുണ്ടായി. ആ ഉറവ, നാലു നദികളായി പിരിഞ്ഞൊഴുകി. പിഷോൺ, ഗിഹോൻ, ടൈഗ്രീസ്, യൂഫ്രട്ടീസ് എന്നിവയായിരുന്നു, ആ നാലുനദികൾ.

പ്രപഞ്ചത്തിലെ മറ്റെല്ലാസ്ഥലങ്ങളെക്കാളും മനോഹരമായ ആ തോട്ടത്തിന് ഏദൻ എന്നു ദൈവം പേരിട്ടു. കാണാൻ സുന്ദരവും ഭക്ഷിക്കാന്‍ സ്വാദുള്ളതുമായ ഫലങ്ങൾകായ്‌ക്കുന്ന നിരവധി വൃക്ഷങ്ങൾ, ആ തോട്ടത്തിലെ മണ്ണില്‍നിന്നു ദൈവം പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവിലുണ്ടായിരുന്നു. ദൈവം മനുഷ്യനെ ഏദൻതോട്ടത്തിൽ താമസിപ്പിച്ചു. 

മനുഷ്യൻ തന്നോടു വിശ്വസ്തനായിരിക്കുമോയെന്നു പരീക്ഷിച്ചറിയാൻ ദൈവം നിശ്ചയിച്ചു. അവിടുന്നവനോടു കല്പിച്ചു: "തോട്ടത്തിലെ എല്ലാവൃക്ഷങ്ങളുടെയും ഫലം നിനക്കു ഭക്ഷിക്കാം. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുത്. അതു ഭക്ഷിച്ചാൽ നീ മരിക്കും."

മനുഷ്യൻ പ്രപഞ്ചംമുഴുവൻ കണ്ടു. പ്രപഞ്ചത്തിലെ സകലജീവജാലങ്ങളും അവന്റെ കണ്മുമ്പിലെത്തി. പ്രപഞ്ചത്തിലെ സകലസൃഷ്ടികളുടേയുംമേൽ അവനാധിപത്യമുണ്ടായിരുന്നു. എങ്കിലും മനുഷ്യന്റെ മുഖം മ്ലാനമായിരുന്നു. ഏദൻതോട്ടത്തിന്റെ മനോഹാരിതയ്ക്കു നടുവിലായിരുന്നിട്ടും അവന്റെ ഹൃദയത്തിൽ സന്തോഷമുണ്ടായിരുന്നില്ല.

തന്റെ സൃഷ്ടിയായ മനുഷ്യനെ ദൈവം സൂക്ഷിച്ചുവീക്ഷിച്ചു. മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ലെന്നു ദൈവം കണ്ടു. അതിനാൽ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലാഴ്‌ത്തി, അവന്റെ വാരിയെല്ലുകളിലൊന്ന്‌ ദൈവമവനിൽനിന്നു വേർപെടുത്തി, അതിന്റെ സ്ഥാനത്തു  മാംസം നിറച്ചു.

മനുഷ്യനില്‍നിന്നെടുത്ത വാരിയെല്ലുകൊണ്ട്‌, അവനു് അനുപൂരകമായ മറ്റൊരു മനുഷ്യരൂപം ദൈവം സൃഷ്ടിച്ചു. അവിടുന്ന്‌ ഒരു സ്‌ത്രീയ്ക്കു രൂപംകൊടുത്തു.  അവളെ അവന്റെമുമ്പില്‍ നിറുത്തിയിട്ട്, ദൈവമവനെയുണർത്തി.

നിദ്രയിൽനിന്നുണർന്ന മനുഷ്യൻ, വിസ്മയഭരിതനായി. അദ്ഭുതംകൂറുന്ന മിഴികളോടെ അവൻ സ്ത്രിയെ നോക്കിക്കണ്ടു. അവന്റെ ഹൃദയം സന്തോഷഭരിതമായി. മുഖത്തെ മ്ലാനതയകന്നു...

അത്യാഹ്ലാദത്തോടെ അവന്‍ പറഞ്ഞു: "ഒടുവിലിതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്നെടുക്കപ്പെട്ടതുകൊണ്ട്, ഇവൾ നാരിയെന്നു വിളിക്കപ്പെടും."
 
 
പുരുഷനും സ്ത്രീയും നഗ്നരായിരുന്നു. എങ്കിലും അവർക്കു ലജ്ജതോന്നിയില്ല. എന്തെന്നാൽ ദൈവം സൃഷ്ടിച്ചവയെല്ലാം വിശുദ്ധവും ആസ്വാദ്യകരവുമായിരുന്നു. നിറഞ്ഞഹൃദയത്തോടെ പുരുഷൻ, സ്ത്രീയുടെനേരേ കൈനീട്ടി. അവൾ, അവനോടുചേർന്നു. അവർ ഒറ്റശരീരമായിത്തീർന്നു..
സന്ധ്യയായി, ഉഷസ്സായി... പ്രപഞ്ചസൃഷ്ടിയുടെ ആറാംദിവസം പൂർത്തിയായി.

ആറുദിനങ്ങൾകൊണ്ട്, പ്രപഞ്ചത്തിന്റെ സൃഷ്ടികർമ്മം പൂർത്തിയാക്കി, ഏഴാംദിവസം ദൈവം വിശ്രമിച്ചു. താൻ വിശ്രമിച്ച ഏഴാംദിവസത്തെ അവിടുന്ന്, അനുഗ്രഹിച്ചു വിശുദ്ധമാക്കി!  

No comments:

Post a Comment