Sunday, 9 April 2017

അബ്രാഹം - വിശ്വാസികളുടെ പിതാവു്


"കുട്ടനങ്കിളേ, അബ്രാഹത്തിനെ വിശ്വാസികളുടെ പിതാവു് എന്നു വിളിക്കുന്നതെന്തുകൊണ്ടാണു്?"
ഞായറാഴ്ച രാവിലെ കുർബ്ബാനകഴിഞ്ഞു വീട്ടിലെത്തിയ ഉടനെയായിരുന്നു ഷിവാനിയുടെ ചോദ്യം.

"ഇതൊരു നല്ല ചോദ്യമാണല്ലോ! ലോകജനസംഖ്യയിലെ മഹാഭൂരിപക്ഷവും അബ്രഹാമിനെ വിശ്വാസികളുടെ പിതാവായി ആദരിക്കുന്നു. അതിനുകാരണം അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണത തന്നെയാണു്."

"ഞങ്ങൾക്കു് അബ്രാഹത്തിന്റെ കഥ പറഞ്ഞുതരുമോ?" കിച്ചുവിനു കഥയാണു കേൾക്കേണ്ടതു്.

"ബൈബിളിൽ ഉൽപത്തി പുസ്തകത്തിലാണു് അബ്രഹാമിന്റെ ജീവിതകഥ രേഖപ്പെടുത്തിയിട്ടുള്ളതു്. അതു കുട്ടനങ്കിൾ പറഞ്ഞുതരാം.

നോഹയുടെ വംശാവലിയില്‍ തെരാഹിന്‍റെ പുത്രനായാണ്‌ അബ്രാഹം ജനിച്ചത്. അബ്രാഹത്തിനു മാതാപിതാക്കള്‍ നല്‍കിയ പേര് അബ്രാം എന്നായിരുന്നു."

"പിന്നെങ്ങനെയാണ് അബ്രാം അബ്രാഹം ആയത്?" ചിന്നുമോള്‍ ചോദിച്ചു.

"അബ്രാം അബ്രാഹമായ കഥതന്നെയാണു നമ്മള്‍ പറയുന്നത്." 

ഒരിക്കല്‍ ഒരു ദര്‍ശനത്തില്‍ കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ ഇപ്പോള്‍ ജീവിക്കുന്ന ഹാരാന്‍ദേശവും നിന്‍റെ ബന്ധുമിത്രാദികളെയുംവിട്ട് ഞാന്‍ പറയുന്ന നാട്ടിലേക്കുപോവുക. നിന്നെയും നിന്റെ തലമുറകളെയും ഞാന്‍ ഭൂമിയിലുള്ള സകലര്‍ക്കും ഞാന്‍ അനുഗ്രഹമാക്കിമാറ്റും.

കര്‍ത്താവില്‍ പൂര്‍ണ്ണമായി വിശ്വസിച്ച അബ്രാം, ഭാര്യ സാറായിയോടും സഹോദരപുത്രനായ ലോത്തിനോടുമൊപ്പം കര്‍ത്താവുപറഞ്ഞ കാനാന്‍ദേശത്തേക്കു പുറപ്പെട്ടു.

അബ്രാമിനും ലോത്തിനും ധാരാളം കന്നുകാലികള്‍ ഉണ്ടായിരുന്നു. അവര്‍ താമസിച്ചിരുന്ന നാട്ടിലെ മേച്ചില്‍പ്പുറങ്ങള്‍ അവരുടെ കാലികള്‍ക്കു തികയാതെവന്നതിനാല്‍ അവരുടെ ഇടയന്മാര്‍ തമ്മില്‍ പലപ്പോഴും കലഹങ്ങളുണ്ടായി. അതിനാല്‍ അബ്രാമും ലോത്തും രണ്ടിടങ്ങളിലായി വേര്‍പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചു. 

ദൈവം തനിക്കു നല്‍കിയ വാഗ്ദാനത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന അബ്രാം ലോത്തിനോടു പറഞ്ഞു: നിനക്കിഷ്ടമുള്ള പ്രദേശം നീ തെരഞ്ഞെടുക്കുക. നീ തെരഞ്ഞെടുക്കുന്നതിന് എതിര്‍ വശത്തേക്കു ഞാന്‍ പോകാം. 

ജോര്‍ദ്ദാന്‍നദിയുടെ താഴ്വരയിലുള്ള, ഫലപുഷ്ടവും സമൃദ്ധവുമായ സോദോംനഗരത്തില്‍ താമസമുറപ്പിക്കാന്‍ ലോത്ത് തീരുമാനിച്ചു.

അബ്രാമും ലോത്തുംതമ്മില്‍ പിരിഞ്ഞതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: “നീ തലയുയര്‍ത്തി നാലുചുറ്റും നോക്കുക. നീ കാണുന്നപ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍തരും. ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും.”

അബ്രാം ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കുസമീപം താമസമാക്കി. അവിടെ അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയുംചെയ്തു. വലിയ സമ്പന്നരായിരുന്നെങ്കിലും അബ്രാമിനും ഭാര്യ സാറായിയ്ക്കും സന്താനഭാഗ്യം ഉണ്ടായിരുന്നില്ല.

അബ്രാമിന് എഴുപത്തഞ്ചുവയസ്സു പ്രായമുള്ളപ്പോള്‍, അബ്രാമിന് ഒരു സ്വപ്നദര്‍ശനമുണ്ടായി. ദര്‍ശനത്തില്‍ കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു; “അബ്രാം നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും”

അബ്രാം പറഞ്ഞു: “കര്‍ത്താവേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണു ലഭിക്കാനുള്ളത്? എന്റെ കാലശേഷം ഈ സമ്പത്തെല്ലാം അന്യാധീനപ്പെട്ടുപോകില്ലേ?”

“നിന്റെ സമ്പത്ത് അന്യാധീനമാകില്ല, നിന്റെ പുത്രന്‍ തന്നെയായിരിക്കും നിന്റെ അവകാശി. നീ ആകാശത്തേക്കു നോക്കുക; അവിടെക്കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും. “

അബ്രാമും സാറായിയും വാര്‍ദ്ധക്യത്തിലെത്തിയിരുന്നെങ്കിലും അബ്രാം കര്‍ത്താവില്‍ പൂര്‍ണ്ണമായും വിശ്വസിച്ചു.   

വര്‍ഷങ്ങള്‍ ഒരുപാടു കടന്നുപോയി. ഇരുപത്തിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാറാ ഗര്‍ഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്തില്ല. അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു വീണ്ടുംപ്രത്യക്ഷപ്പെട്ടു പറഞ്ഞു: "സര്‍വശക്തനായ ദൈവമാണു ഞാന്‍; എന്റെ മുമ്പില്‍ കുറ്റമറ്റവനായി വര്‍ത്തിക്കുക. നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും."

ഇതുകേട്ടപ്പോള്‍ അബ്രാം മണ്ണില്‍ കമിഴ്ന്നുകിടന്നു ചിരിച്ചുപോയി. നൂറുവയസ്സു തികഞ്ഞയാള്‍ അച്ഛനാകുമെന്നോ! തൊണ്ണൂറു തികഞ്ഞ സാറ ഇനിപ്രസവിക്കുന്നതെങ്ങനെ? അബ്രാം മനസ്സില്‍ ചിന്തിച്ചു. 

"അതുശരിയാണല്ലോ കുട്ടനങ്കിളേ, വയസ്സായ അമ്മുമ്മമാര്‍ക്കു മക്കളുണ്ടാകില്ലല്ലോ!" രോഷ്നി മനസ്സില്‍തോന്നിയതു വിളിച്ചുപറഞ്ഞു. കുട്ടികള്‍ കൂട്ടച്ചിരിയായി. 

"മിണ്ടാതിരുന്നു കഥ കേള്‍ക്കുന്നുണ്ടോ?" ഷിവാനി മൂത്തചേച്ചിയുടെ അധികാരമെടുത്തു സഹോദരങ്ങളെ ശാസിച്ചു.

"അബ്രാം അങ്ങനെ മനസ്സില്‍ ചിന്തിച്ചതെന്തെന്നു ദൈവമറിഞ്ഞു." കുട്ടനങ്കിള്‍ കഥ തുടര്‍ന്നു. "ദൈവം പറഞ്ഞു: നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. കാരണം ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. 

നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും. ഞാന്‍ അവളെ അനുഗ്രഹിക്കും. അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്മാര്‍ ഉദ്ഭവിക്കും. നിന്റെ ഭാര്യ സാറാ നിനക്കായി ഒരു പുത്രനെ പ്രസവിക്കും. നീ അവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരുടമ്പടി സ്ഥാപിക്കും

ഇതുസംഭവിക്കുന്നതിനുവേണ്ടി നീയും നിന്റെ സന്താനങ്ങളും തലമുറതോറും ഞാനുമായി ഒരുടമ്പടി പാലിക്കണം. നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്‌ഛേദനം ചെയ്യണം. നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്‌ഛേദനം ചെയ്യണം. തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്‌ഛേദനം ചെയ്യണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്‍ക്കും."

"പരിച്‌ഛേദനമോ, അതെന്താ?" രോഹിത്ത് ചോദിച്ചു. 
"അതു വളരെ എളുപ്പമുള്ള കാര്യമാണ്" കുട്ടനങ്കിള്‍ രോഹിത്തിനെ നോക്കി ചിരിച്ചു. എന്നിട്ടു തുടര്‍ന്നു. ആണ്‍കുട്ടികളുടെയെല്ലാം ചുക്കുമണിയുടെ അറ്റം മുറിച്ചുകളയണം"
"അയ്യോ, അതുശരിയാകില്ല..." ചിക്കുവിന്റെ പെട്ടെന്നുള്ള പ്രതികരണം വീണ്ടും കൂട്ടച്ചിരിയുയര്‍ത്തി.

"പക്ഷേ, അബ്രഹാം ചിക്കു പറഞ്ഞതുപോലെ പറഞ്ഞില്ല." കുട്ടനങ്കിള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. "ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്ന് ഉറച്ചുവിശ്വസിച്ച അബ്രാഹം, തന്റെ ജോലിക്കാരടക്കം വീട്ടിലുള്ള സകലപുരുഷന്മാര്‍ക്കും പരിച്ഛേദനം ചെയ്തു." 

കുറച്ചു ദിവസങ്ങള്‍ക്കുശേഷം കര്‍ത്താവു വീണ്ടും അബ്രഹാമിനെ സന്ദര്‍ശിച്ചു. ഒരുദിവസം ഉച്ചസമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതുകണ്ടു. അതിഥിസല്‍ക്കാരപ്രിയനായിരുന്ന അബ്രാഹം അവരെക്കണ്ട്, കൂടാരവാതില്‍ക്കല്‍നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്നു. അബ്രഹാം മൂന്നു വ്യക്തികളെയാണു കണ്ടത്. എന്നാല്‍ അതുകര്‍ത്താവായിരുന്നു.

അബ്രഹാം പറഞ്ഞു: "സ്നേഹിതരേ, വരൂ, അല്പനേരം എന്റെ കൂടാരത്തില്‍ വിശ്രമിച്ചു ഭക്ഷണം കഴിച്ചതിനുശേഷം നിങ്ങള്‍ക്കു യാത്രതുടരാം. കാലുകഴുകാന്‍ ഞാന്‍  കുറച്ചുവെള്ളം കൊണ്ടുവരട്ടെ. നിങ്ങള്‍ ഈ മരത്തണലിലിരുന്നു വിശ്രമിക്കുക."

അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക. അവന്‍ കാലിക്കൂട്ടത്തില്‍നിന്ന്, കൊഴുത്തുതടിച്ച ഒരിളം കാളക്കുട്ടിയെപ്പിടിച്ചു വേലക്കാരനെ ഏല്പിച്ചു. ഉടനെ അവന്‍ അതു പാകംചെയ്തു.

അബ്രാഹം വെണ്ണയും പാലും, പാകംചെയ്ത മൂരിയിറച്ചിയും അതിഥികളുടെമുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടുനിന്നു.

അവര്‍ അവനോടു ചോദിച്ചു: "നിന്റെ ഭാര്യ സാറായെവിടെ?" 
"കൂടാരത്തിലുണ്ട്" അവന്‍ മറുപടി പറഞ്ഞു.

കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേവരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും."

അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: "എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്ധനായി. എനിക്കിനി സന്താനസൗഭാഗ്യം ഉണ്ടാകുമോ?"

"കര്‍ത്താവ് അബ്രാഹത്തോടു ചോദിച്ചു: വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്കര്‍ത്താവിനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിതസമയത്ത്, വസന്തത്തില്‍ ഞാന്‍ നിന്റെയടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും."

അതിഥികള്‍ അവരെ അനുഗ്രഹിച്ചു യാത്രയായി. അബ്രഹാം ദൈവത്തിന്റെ വാഗ്ദാനത്തില്‍ ഉറച്ചുവിശ്വസിച്ചു.

"അബ്രഹാത്തിന്റെ അതിഥികള്‍ ഭക്ഷണവും വിശ്രമവും കഴിഞ്ഞു വീണ്ടും യാത്രയായല്ലോ! ഇനി ഇവിടുള്ളവര്‍ക്കും എന്തെങ്കിലും കഴിച്ചിട്ടാകാം, ബാക്കി കഥപറയല്‍ ..." ലവ് ലിയാന്റി കഥക്കൂട്ടത്തിനിടയിലേക്കു വന്നു. 

"അതെയതെ, എനിക്കു വിശക്കുന്നുണ്ട്; ഭക്ഷണം കഴിച്ചതിനുശേഷം നമുക്ക് അബ്രഹാമിന്റെ കഥ തുടരാം." കുട്ടനങ്കിളും ലവ് ലിയാന്റിയുടെ അഭിപ്രായത്തോടു യോജിച്ചു. 

അബ്രഹാമിന്റെ കഥയ്ക്ക് ഒരിടവേളനല്കി, കുട്ടനങ്കിളും കുട്ടികളും ഭക്ഷണമുറിയിലെത്തിയപ്പോൾ മേശപ്പുറത്തു ചൂടുള്ള ഇഡ്ഢലിയും ചട്നിയും തയ്യാറായിരുന്നു.

"ചായ കുടിക്കുന്നതിനൊപ്പംതന്നെ അബ്രാഹത്തിന്റെ കഥയും തുടർന്നാലോ?" കുട്ടനങ്കിൾ ചോദിച്ചു.

"കേൾക്കാൻ ഞങ്ങൾ റെഡി." കുട്ടികൾ ഒന്നിച്ചു പറഞ്ഞു.

"എന്നാൽ ഭക്ഷണത്തോടൊപ്പം നമുക്കു് അബ്രാഹത്തിന്റെ കഥയും തുടരാം."

വാഗ്ദാനം ചെയ്തതുപോലെ, ദൈവം സാറായെ അനുഗ്രഹിച്ചു. നൂറുവയസ്സുതികഞ്ഞ അബ്രാഹാമിന്റെ ഭാര്യയു വൃദ്ധയുമായ സാറാ ഗർഭം ധരിച്ചു. കർത്താവു പറഞ്ഞ സമയത്തുതന്നെ സാറ ഒരു പുത്രനെ പ്രസവിച്ചു.

അബ്രാഹത്തിനും സാറയ്ക്കും വലിയ സന്തോഷമായി. അവർ കുഞ്ഞിനു് ഇസഹാക്ക് എന്നു പേരുവിളിച്ചു. കുഞ്ഞുപിറന്നതിന്റെ എട്ടാംദിവസം ദൈവകല്പനയനുസരിച്ചു്, അബ്രഹാം ഇസഹാക്കിനെ പരിച്ഛേദനം ചെയ്തു.

കാലം പിന്നെയും കടന്നുപോയി. ഒരു ദിവസം കർത്താവു് അബ്രാഹിമിനോടു പറഞ്ഞു. "നീ സ്നേഹിക്കുന്ന, നിന്റെ പുത്രൻ ഇസഹാക്കിനെ, മോറിയാ ദേശത്തു ഞാൻ കാണിക്കുന്ന മലയിൽ എനിക്കു ദഹനബലിയായർപ്പിക്കണം."

"അയ്യോ, മകനെ ബലിയർപ്പിക്കാനോ? എന്നിട്ടു് അബ്രഹാം അതു സമ്മതിച്ചോ?"
"അതു് അബ്രാഹത്തിന്റെ വിശ്വാസമെത്രത്തോളമുണ്ടെന്ന പരീക്ഷണമായിരുന്നു. എന്നാൽ സാറാ പ്രസവിക്കുന്ന പുത്രനിലൂടെ അനവധി തലമുറകളുടെ പിതാവാക്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തിൽ അബ്രഹാം പൂർണ്ണമായും വിശ്വസിച്ചു.

പിറ്റേന്നു പുലർച്ചെ, രണ്ടു ദാസന്മാർക്കും ഇസഹാക്കിനുമൊപ്പം അബ്രഹാം മോറിയമലയിലേക്കു യാത്രയായി. ബലിക്കുള്ള വിറകും അവർ കരുതിയിരുന്നു. കഴുതപ്പുറത്തായിരുന്നു അവരുടെ യാത്ര. 

മൂന്നാം ദിവസം അവർ മോറിയ മലയുടെ താഴ്‌വരയിലെത്തി. അബ്രഹാം ദാസന്മാരോടു പറഞ്ഞു. "നിങ്ങൾ കഴുതയുമായി ഇവിടെ നില്കുക. ഞങ്ങൾ മലമുകളിൽപോയി, കർത്താവിനെ ആരാധിച്ചു മടങ്ങിയെത്താം"

ദഹനബലിക്കുള്ള വിറകു് ഇസഹാക്ക് തോളിൽവച്ചു.. കത്തിയും തീയും അബ്രഹാമെടുത്തു. മലമുകളിലേക്കു കയറിത്തുടങ്ങിയപ്പോൾ ഇസഹാക്ക് ചോദിച്ചു: "പിതാവേ, നമ്മുടെ കൈയ്യിൽ തീയും വിറകുമുണ്ടല്ലോ! എന്നാൽ ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?"

അത്, അബ്രഹാമിന്റെ ഹൃദയം തകർക്കുന്ന ഒരു ചോദ്യമായിരുന്നു. ഒരു നിമിഷം അയാൾ മകന്റെ മുഖത്തേക്കു നോക്കി. ഇസഹാക്കിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അബ്രഹാത്തിന്റെ മനസ്സിൽ കർത്താവിന്റെ വാഗ്ദാനത്തിന്റെ ഓർമ്മയുണർന്നു.

നൂറാംവയസ്സിൽ കർത്താവിന്റെ വാഗ്ദാനപ്രകാരം തനിക്കു പിറന്ന പുത്രൻ! അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കുന്ന കർത്താവിന്റെ ദാനമാണിവൻ. ഇവനിലൂടെ തന്റെ തലമുറകൾ അനുഗ്രഹിക്കപ്പെടുമെന്നു വാഗ്ദാനം ചെയ്തതും അതേ കർത്താവുതന്നെ! തൊണ്ണൂറുവയസ്സു കഴിഞ്ഞ സാറയിലൂടെ തനിക്കിവനെ നല്കിയ ദൈവം, അവനിലൂടെ തനിക്കു നിരവധി തലമുറകൾ നല്കുമെന്ന വാഗ്ദാനവും നിറവേറ്റുമെന്ന ഉറച്ച വിശ്വാസത്തോടെ അബ്രഹാം പറഞ്ഞു: "കുഞ്ഞാടിനെ ദൈവം തരും"

അവർ മലമുകളിലേക്കു കയറി. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ അബ്രഹാം അവിടെയൊരു ബലിപീഠം നിർമ്മിച്ചു. വിറകടുക്കിവച്ച് അവൻ കണ്ണുകളടച്ചു. ഇസഹാക്കിലൂടെ അനേകം തലമുറകളെ നല്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തെക്കുറിച്ചു് ഒരിക്കൽക്കൂടി ധ്യാനിച്ചു.

പിന്നെ ഇസഹാക്കിനെ ബന്ധിച്ചു ബലിപീഠത്തിൽക്കിടത്തി. മകനെ ബലികഴിക്കാൻ കത്തി കൈയ്യിലെടുത്തു. "

തൽക്ഷണം ആകാശത്തുനിന്നും 'അബ്രഹാം അബ്രഹാം' എന്നു വിളിയുയർന്നു.  അബ്രഹാം വിളികേട്ടു. "കുട്ടിയുടെമേൽ കൈ വയ്ക്കരുതു്. പൂർണ്ണമനസ്സോടെ നീ എന്നെ അനുസരിക്കുന്നവനാണെന്നു് നിന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞു."

അബ്രഹാം തലയുയർത്തി നോക്കിയപ്പോൾ തനിക്കുപിന്നിൽ, മുൾച്ചെടികളിൽ കൊമ്പുടക്കി നില്കുന്ന ഒരു മുട്ടനാടിനെക്കണ്ടു. ഇസഹാക്കിനുപകരം ആ മുട്ടാടിനെ അവൻ ബലിയർപ്പിച്ചു.

കര്‍ത്താവിന്‍െറ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചുപറഞ്ഞു:
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നീ നിന്‍െറ ഏകപുത്രനെപ്പോലും എനിക്കു തരാന്‍മടിക്കായ്‌കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു:
ഞാന്‍ നിന്നെ സമൃദ്‌ധമായി അനുഗ്രഹിക്കും. നിന്‍െറ സന്തതികളെ ആകാശത്തിലെ നക്‌ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ദ്ധിപ്പിക്കും. ശത്രുവിന്‍െറ നഗര കവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും.
നീ എന്‍െറ വാക്ക്‌ അനുസരിച്ചതുകൊണ്ടു നിന്‍െറ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.

"അല്ല, ഭക്ഷണത്തിനു മുമ്പിലും ഇങ്ങനെ കഥയും പറഞ്ഞിരുന്നാലെങ്ങനാ? വേഗം കഴിച്ചിട്ടെഴുന്നേറ്റു പോകൂ" ലവ് ലിയാന്റി അല്പം ദേഷ്യത്തിലാണു്.

"കഴിഞ്ഞു, കഴിഞ്ഞു." കുട്ടനങ്കിൾ പറഞ്ഞു. "ഇസഹാക്കിലൂടെ അനേകം തലമുറകളെ നല്കുമെന്നു വാഗ്ദാനംചെയ്ത കർത്താവു്, അവനെ ബലിയർപ്പിക്കാൻ പറഞ്ഞാൽ, ബലിക്കുമപ്പുറം, അവനെ പുനർജ്ജീവിപ്പിച്ചു വാഗ്ദാനം പാലിക്കുമെന്ന വിശ്വാസം പ്രവൃത്തിപഥത്തിലെത്തിച്ച അബ്രഹാം, വിശ്വാസികളുടെ പിതാവെന്നു വിളിക്കപ്പെടാൻ എന്തുകൊണ്ടും അർഹനല്ലേ?"