Tuesday, 6 April 2010

മഴവില്ല്


രാവിലെ മഴയായിരുന്നു.

വേനല്‍ച്ചൂടിനിടെ നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയിൽ സകല ജീവജാലങ്ങളുടേയും ഉള്ളില്‍ കുളിരു നിറഞ്ഞു.

മഴകഴിഞ്ഞു മാനത്തുവീണ്ടും സൂര്യനെത്തിയപ്പോഴാണു കുട്ടികള്‍ കളിക്കാനായി പുറത്തിറങ്ങിയത്‌.. കുട്ടനങ്കിളിന്റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതാണവര്‍‍. ഷിവാനിയും രഹ്നയും രോഷ്നിയും രോഹിത്തും എയ്ഞ്ചലും കിച്ചുവുമെല്ലാമുണ്ട്‌. ഒപ്പം കുട്ടനങ്കിളിന്റെ മക്കളായ ചിക്കുവും ചിന്നുവും. എല്ലാവരും ചേര്‍ന്നപ്പോള്‍ കളിയും ചിരിയും ബഹളവുമൊക്കെയായി ഉത്സവത്തിമിര്‍പ്പിലാണു‌ കുട്ടിപ്പട്ടാളം.

പുറത്തിറങ്ങി, അല്പസമയത്തിനുള്ളിൽ, രോഷ്നി ഓടി വീട്ടിലെത്തി, കുട്ടനങ്കിളിന്റെ കൈപിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു:

"കുട്ടനങ്കിളേ, വേഗം വാ, മാനത്തു മഴവില്ലു വന്നിരിക്കുന്നു. എന്തു ഭംഗിയാണെന്നോ കാണാന്‍ ! അങ്കിള്‍ വേഗം വന്നു നോക്കൂ...."

അവളോടൊപ്പം പുറത്തുചെന്നു.

ശരിയാണു്‌, മാനത്ത്‌ അഴകുവിരിച്ചു നില്‍ക്കുകയാണു മഴവില്ല്. ഏഴുനിറങ്ങളോടെ മനോഹരമായൊരു ചിത്രംപോലെ അര്‍ദ്ധവൃത്താകൃതിയില്‍ തെളിഞ്ഞുനില്ക്കുന്ന മഴവില്ലു നോക്കി ആർത്തുവിളിച്ചു തുള്ളിച്ചാടുകയാണ് കുട്ടികള്‍.

"കുട്ടനങ്കിളേ ഈ മഴവില്ലെങ്ങനെയാണുണ്ടാവുന്നത്‌?" രഹ്നയ്ക്ക്‌ സംശയമായി.

"അതു‌ ഞാന്‍ പറഞ്ഞു‌ തരാമല്ലോ." ഷിവാനി സംശയം തീര്‍ക്കാനെത്തി.

“മഴകഴിഞ്ഞു വെയിൽതെളിഞ്ഞപ്പോള്‍, അന്തരീക്ഷത്തില്‍ ഇപ്പോഴും തങ്ങിനില്ക്കുന്ന ജലകണങ്ങളിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി വേർതിരിയുന്നതു കൊണ്ടാണു മഴവില്ലുണ്ടാകുന്നത്‌. ധവള (വെളുത്ത) പ്രകാശത്തെ സ്ഫടിക പ്രിസത്തിലൂടെ കടത്തിവിട്ടാലും ഇതേ പ്രതിഭാസംതന്നെ സംഭവിക്കും."

എട്ടാം ക്ളാസ്സുകാരി തന്റെ ശാസ്ത്രവിജ്ഞാനം പങ്കുവച്ചിട്ട്‌, എങ്ങനെയുണ്ടെന്നമട്ടില്‍ കുട്ടനങ്കിളിനെയൊന്നു നോക്കി.

"ഷിവാനി പറഞ്ഞതു ശരിയാണ്‌. വയലറ്റ്‌, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്‌, ചെമപ്പ്‌ (Violet, Indigo, Blue, Green, Yellow, Orange, Red - VIBGYOR) എന്നീ വര്ണ്ണ ങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ കൂടിച്ചേര്‍ന്നാണു‌ ധവളപ്രകാശം ഉണ്ടാകുന്നത്‌. ഈ പ്രകാശം ജലകണങ്ങളിലൂടെയോ സ്ഫടികപ്രിസത്തിലൂടെയോ കടന്നുപോയാല്‍ മുമ്പു പറഞ്ഞ ഘടകവര്‍ണ്ണ ങ്ങളായി വിഘടിച്ചു കാണാനാവും. മഴവില്ലിന്റെ‍ രഹസ്യവും ഇതുതന്നെ. "

കുട്ടനങ്കിള്‍ ഷിവാനി പറഞ്ഞതു‌ ശരിവച്ചു.

"എന്നാല്‍ ഷിവാനി പറയാത്ത ഒരു രഹസ്യം കൂടിയുണ്ടു‌ മഴവില്ലിനു പിന്നില്‍ ."

അതെന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ എല്ലാവരും കുട്ടനങ്കിളിനെ നോക്കി. കുട്ടനങ്കിള്‍ ഒരു പുഞ്ചിരിയോടെ തുടര്‍ന്നു.

“ദൈവം ആദ്യം സൃഷ്ടിച്ചപ്പോള്‍ പ്രകാശത്തിനു‍ ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയാനുള്ള കഴിവുണ്ടായിരുന്നില്ല. പിന്നീട്‌ ഒരുപാടുകാലങ്ങള്‍ക്കുശേഷമാണു ദൈവം പ്രകാശത്തിന് ആ കഴിവു നല്കിയത്‌.”

"'എന്നുപറഞ്ഞാല്‍ ആദ്യമൊന്നും ഈ മഴവില്ല്‌ ഉണ്ടാവാറില്ലായിരുന്നെന്നര്‍ത്ഥം; അല്ലേ കുട്ടനങ്കിളേ?" രോഹിത്ത്‌ ചോദിച്ചു.

"തീര്‍ച്ചയായും അതേ. സൂര്യപ്രകാശം ഘടകവര്‍ണ്ണകങ്ങളായി വേര്‍തിരിയുന്നില്ലെങ്കിൽ പിന്നെങ്ങനെയാണു മഴവില്ലുണ്ടാവുന്നത്‌?"

“അപ്പോള്‍ എന്നു മുതലാണു ചാച്ചാ മഴവില്ലുണ്ടാവാന്‍ തുടങ്ങിയത്‌? ആ കഥ ഞങ്ങള്‍ക്കു ‌ പറഞ്ഞു തരുമോ?" ചിക്കു ചോദിച്ചു.

"ശരിയാണു കുട്ടനങ്കിളേ, ഞങ്ങള്‍ക്കെ്ല്ലാവര്‍ക്കും ആ കഥ കേള്‍ക്കണം." എല്ലാവരും ഏകസ്വരത്തില്‍ ചിക്കുവിനെ പിന്താങ്ങി.

"അതിനെന്താ, പറഞ്ഞു തരാമല്ലോ. ഇപ്പോള്‍ മഴ കഴിഞ്ഞതല്ലേയുള്ളൂ, പറമ്പിലെങ്ങും ഇരിക്കാനാവില്ല. അതുകൊണ്ട്‌ എല്ലാവരും അകത്തേക്കു വരൂ. നമുക്ക്‌ അവിടെയിരുന്നു മഴവില്ലിന്റെ‌ ഉത്ഭവത്തെക്കുറിച്ചു പറയാം."

കുട്ടികളെല്ലാം ഉത്സാഹത്തോടെ അകത്തേക്കോടി. ഷിവാനിയും രഹ്നയും ചേര്‍ന്നു തറയില്‍ പായവിരിച്ചു. കുട്ടനങ്കിളിന് ഒരു കസേരയും. കഥ കേള്‍ക്കാനുള്ള ആകാംക്ഷയോടെ കുട്ടികള്‍ പായയില്‍ ഇരിപ്പുറപ്പിച്ചു. ഒരു പുഞ്ചിരിയോടെ കുട്ടനങ്കിള്‍ ആ കഥ പറഞ്ഞുതുടങ്ങി.

കുട്ടനങ്കിള്‍ പറഞ്ഞു:

നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ, ആദിയില്‍ പുരുഷനും സ്ത്രീയുമായി തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ച്‌, ദൈവം അവരെ അനുഗ്രഹിച്ചു. കാലമേറെ കടന്നുപോയപ്പോള്‍ ഭൂമിയിൽ മനുഷ്യര്‍ പെരുകി. മനുഷ്യരുടെ ചിന്തകളും ഭാവനകളും അശുദ്ധി നിറഞ്ഞതും ദുഷിച്ചതുമായി. അഹങ്കാരികളായ അവര്‍ ദൈവത്തെ മറന്നു. ദൈവത്തോടു‌ പ്രാര്‍ത്ഥിക്കുന്നതിനു പകരം, വിഗ്രഹങ്ങള്‍ക്കു ബലിയര്‍പ്പിക്കുകയും വിഗ്രഹദൈവങ്ങളുടെ ഉത്സവങ്ങള്‍ നടത്തുകയും ചെയ്തു.

എന്നാല്‍ ജനം മുഴുവന്‍ അശുദ്ധിയില്‍ ജീവിച്ചപ്പോഴും സത്യദൈവത്തെ മാത്രം ആരാധിച്ചു വിശുദ്ധിയോടെ ജീവിച്ച ഒരു കുടുംബമുണ്ടായിരുന്നു. നോഹയുടെ കുടുംബമായിരുന്നു അത്‌. നോഹയും ഭാര്യയും അവരുടെ മൂന്നു പുത്രന്മാരും പുത്രഭാര്യമാരും അടങ്ങിയതായിരുന്നു നോഹയുടെ കുടുംബം.

ലോകത്തിലെ മുഴുവന്‍ ജനങ്ങളും ദുഷ്ടതയില്‍ ജീവിക്കുകയും തന്നെ ആരാധിക്കുന്നതില്‍ മടുപ്പു കാട്ടുകയും ചെയ്യുന്നതു ദൈവത്തെ വേദനിപ്പിച്ചു.

"എന്റെ സൃഷ്ടിയായ മനുഷ്യനെ ഞാന്‍ ഭൂമുഖത്തുനിന്നു തുടച്ചുനീക്കും." കര്‍ത്താവു നിശ്ചയിച്ചു.

എന്നാല്‍ നോഹയും ഭാര്യയും അവരുടെ പുത്രന്മാരായ ഷേം, ഹാം, യാഫത്ത്‌ എന്നിവരും അവരുടെ ഭാര്യമാരും കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി. അതിനാല്‍ അവിടുന്നു നോഹയോടു പറഞ്ഞു:

"ഭൂമിയിലുള്ള മനുഷ്യരും ജീവജാലങ്ങളുംനിമിത്തം ലോകംമുഴുവന്‍ അധര്‍മ്മംകൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ സർവ്വമനുഷ്യരേയും ജീവജാലങ്ങളേയും നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ നീയുമായി ഞാന്‍ എന്റെ ഉടമ്പടി ഞാനുറപ്പിക്കും. ഞാന്‍ പറയുന്നതനുസരിച്ചു നീയൊരു പെട്ടകം (കപ്പല്‍) ഉണ്ടാക്കണം. നിന്റെ ഭാര്യ, പുത്രന്മാര്‍, പുത്ര ഭാര്യമാര്‍ എന്നിവര്‍ക്കൊപ്പം നീ പെട്ടകത്തിൽ കയറണം. നിങ്ങള്‍ക്കൊപ്പം എല്ലാ ജീവജാലങ്ങളില്‍ നിന്നും ആണും പെണ്ണുമായി രണ്ടെണ്ണംവീതം പെട്ടകത്തില്‍ കയറ്റണം. നിന്റെ കുടുംബത്തിനും മറ്റു ജീവജാലങ്ങള്‍ക്കുമായി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കുകയും വേണം.”

നീതിമാനായ നോഹയും കുടുംബവും ദൈവകല്പനനപ്രകാരം പ്രവര്‍ത്തിക്കുവാന്‍ നിശ്ചയിച്ചു. കപ്പലിന്റെ അളവുകള്‍ നല്കിക്കൊണ്ടു ദൈവം അവരോടു‌ പറഞ്ഞു:

"ഏറ്റവും വലിയ മലയുടെമുകളില്‍ ഗോഫേര്‍ മരത്തിന്റെ തടികൊണ്ടാണു നിങ്ങള്‍ പെട്ടകം പണിയേണ്ടത്‌.”

"ഞാനൊരു കാര്യം ചോദിക്കട്ടേ കുട്ടനങ്കിളേ?" ഷിവാനി ചോദിച്ചു.

"ചോദിച്ചോളൂ."

"പെട്ടകം വെള്ളത്തില്‍ യാത്ര ചെയ്യാനുള്ളതല്ലേ? അതു മലയുടെമുകളില്‍ പണിതുവച്ചിട്ടെന്താണു കാര്യം?"

"സാധാരണയായി കടലിനോ പുഴയ്ക്കോ സമീപത്തായാണു പെട്ടകം പണിയാറുള്ളത്. എങ്കിലേ പണിതീരുമ്പോള്‍ അത്‌ എളുപ്പത്തിൽ വെള്ളത്തിലേക്കിറക്കാനാവുകയുള്ളൂ. അക്കാര്യം നോഹയ്ക്കും അറിയുമായിരുന്നു. എന്നാല്‍ സ്വയം തീരുമാനമെടുക്കാതെ ദൈവകല്പന പൂര്‍ണ്ണമായും അനുസരിക്കാനാണു്‌ നോഹയും കുടുംബവും തീരുമാനിച്ചത്‌."

കുട്ടനങ്കിള്‍ കഥ തുടര്‍ന്നു :

അങ്ങനെ, ദൈവംനല്കിയ അളവുകളനുസരിച്ച്‌, ഗോഫേര്‍മരത്തിന്റെ തടി ഉപയോഗിച്ച്‌ ആ പ്രദേശത്തെ ഏറ്റവും വലിയ മലയുടെ മുകളിൽ അവര്‍ പെട്ടകംപണി തുടങ്ങി.

ഇതുകണ്ടു മറ്റു മനുഷ്യരെല്ലാം അവരെ കളിയാക്കിത്തുടങ്ങി. നോഹയുടേയും കുടുംബത്തിന്റേയും വിഡ്ഢിത്തംനിറഞ്ഞ പ്രവര്‍ത്തി നാട്ടിലെങ്ങും സംസാരവിഷയമായി.

"കണ്ടില്ലേ, നോഹയ്ക്കും മക്കള്‍ക്കും ഭ്രാന്തായിപ്പോയെന്നു തോന്നുന്നു. മലയുടെ മുകളിലാണു പെട്ടകം പണിയുന്നത്‌.. പമ്പരവിഡ്ഢികള്‍ ‍..ഹ..ഹ..ഹ.. "

"ഇതു ഭക്തിമൂത്തുണ്ടായ ഭ്രാന്തുതന്നെ. ദൈവം പറഞ്ഞത്രേ, മലയുടെ മുകളില്‍ പെട്ടകം പണിയാന്‍... "

"അവരും അവരുടെയൊരു ദൈവവും! സ്വബോധമുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ ഇത്‌? വിവര ദോഷികള്‍... "

അങ്ങനെപോയി നാട്ടുകാരുടെ അഭിപ്രായപ്രകടനങ്ങള്‍ .

ചുറ്റുമുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലുകളുമെല്ലാം നോഹയേയും കുടുംബത്തേയും ഒരുപാടുട്‌ വേദനിപ്പിച്ചു. എന്നാല്‍ ആരോടും പരിഭവപ്പെടാതെ, എല്ലാം ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച്‌, ദൈവഹിതം നിറവേറാന്‍മാത്രമാണ്‌ ആ കുടുംബം പ്രാര്‍ത്ഥിച്ചത്‌.

പെട്ടകംപണി പൂര്‍ത്തിയായപ്പോള്‍ ‍, ദൈവകല്പനപോലെ സകലജീവികളില്‍നിന്നും ആണും പെണ്ണുമായി രണ്ടുവീതം പെട്ടകത്തില്‍ കയറ്റി. പിന്നീടു നോഹയും കുടുംബവും പെട്ടകത്തില്‍ കയറിയശേഷം പെട്ടകത്തിന്റെ വാതില്‍ അകത്തു നിന്ന് അടച്ചു. ഏഴുദിവസം കഴിഞ്ഞപ്പോള്‍ മഴ പെയ്തുതുടങ്ങി.

നോഹയ്ക്ക് അറുന്നൂറു വയസ്സും രണ്ടുമാസവും പതിനേഴുദിവസവും പ്രായമായ ദിവസമാണു മഴ പെയ്തുതുടങ്ങിയത്. പിന്നീടു നാല്പതുദിവസം തോരാതെ പെരുമഴ പെയ്തു. ദിവസംതോറും ഭൂമിയിലെ ജലനിരപ്പുയര്‍ന്നു . ലോകത്തിലെ സകല പർവ്വതങ്ങളും വെള്ളത്തിനടിയിലായി. നോഹയുടെ പെട്ടകം ജലോപരിതലത്തിലൂടെ ഒഴുകിനടന്നു.

പെട്ടകത്തിലുണ്ടായിരുന്നവയൊഴികെ ഭൂമിയിലെ സകലജീവജാലങ്ങളും മനുഷ്യരും ചത്തൊടുങ്ങി. നാല്പതാംനാള്‍ മഴ തോര്‍ന്നുവെങ്കിലും വെള്ളപ്പൊക്കം നൂറ്റിയമ്പതുനാള്‍ നീണ്ടുനിന്നു.

നോഹയ്ക്ക് അറുന്നൂറ്റിയൊന്നു വയസ്സും ഒരു മാസവും ഒരു ദിവസവും പ്രായമായ അന്നു വെള്ളം വറ്റിത്തീര്‍ന്നു . പിന്നെയും ഇരുപത്തിയാറു ദിവസങ്ങള്‍ക്കു ശേഷമാണു ഭൂമി പൂര്‍ണ്ണമായും ഉണങ്ങിയത്.

ദൈവം നോഹയോടു പറഞ്ഞു:

"പെട്ടകത്തില്‍നിന്ന് എല്ലാവരേയും പുറത്തിറക്കുക. ജീവജാലങ്ങളെല്ലാം സമൃദ്ധമായി പെരുകി, ഭൂമിയില്‍ നിറയട്ടെ."

അങ്ങനെ ഭാര്യയോടും മക്കളോടും മരുമക്കളോടുമൊപ്പം നോഹ പെട്ടകത്തില്‍നിന്നു പുറത്തുവന്നു. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ഇനംതിരിഞ്ഞു പുറത്തുവന്ന്, പല സ്ഥലങ്ങളിലേക്കു പോയി.

ലഭിച്ച അനുഗ്രഹത്തിനു നന്ദിസൂചകമായി നോഹ ഒരു ബലിപീഠമൊരുക്കി കര്‍ത്താവിനു ദഹനബലി അര്‍പ്പിച്ചു.

ആ ബലിയുടെ ഹൃദ്യസുഗന്ധമാസ്വദിച്ചു കര്‍ത്താവു പറഞ്ഞു:

“മനുഷ്യന്‍മൂലം ഇനിയൊരിക്കലും ഞാന്‍ ഭൂമിയെ നശിപ്പിക്കില്ല. സർവ്വജീവനും നാശംവിതയ്ക്കുന്ന ഒരു പ്രളയം ഇനി ഒരിക്കലും ഉണ്ടാവുകയില്ല. നിങ്ങളും സകലജീവജാലങ്ങളുമായി എല്ലാ തലമുറകള്‍ക്കുവേണ്ടിയും ഞാനുറപ്പിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളമിതാണ്. ഞാന്‍ ഭൂമിക്കുമേലെ മഴമേഘങ്ങളയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ഉടമ്പടി ഞാനോര്‍ക്കും, ഞാനതു പാലിക്കുകയും ചെയ്യും."

അതിനു ശേഷമാണു പ്രകാശത്തിന്‌ അതിന്റെ ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയാനും അതുവഴി അന്തരീക്ഷത്തില്‍ ജലകണങ്ങളുള്ളപ്പോൾ മഴവില്ലായി പ്രത്യക്ഷപ്പെടാനുമുള്ള കഴിവുദൈവം നല്കിയത്. ഇപ്പോള്‍ പിടികിട്ടിയോ മഴവില്ലിന്റെ രഹസ്യം?"

കുട്ടനങ്കിള്‍ എല്ലാവരോടുമായി ചോദിച്ചു.

കുട്ടികള്‍ തലകുലുക്കിക്കൊണ്ട് പറഞ്ഞു:

"ഞങ്ങള്‍ക്കു മനസ്സിലായി."

"നമ്മുടെ ചുറ്റുവട്ടത്തുള്ള ഇത്തരം പല കാര്യങ്ങളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്."

കുട്ടനങ്കിള്‍ പറഞ്ഞു.

"അതൊക്കെ ഞങ്ങള്‍ക്കു പറഞ്ഞുതരുമോ കുട്ടനങ്കിളേ?" രഹ്‌ന ചോദിച്ചു.

"തീര്‍ച്ചയായും; പക്ഷേ ഇപ്പോഴല്ല, പിന്നൊരിക്കല്‍. ഇപ്പോള്‍ എല്ലാവരും പോയി കളിച്ചോളൂ. ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ 6 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളില്‍ പറയുന്ന മഴവില്ലിന്റെ ചരിത്രം ഇന്നുതന്നെ വായിച്ചു നോക്കാന്‍ മറക്കേണ്ട."

കുട്ടികള്‍ ഉല്ലാസത്തോടെ കളിക്കാനിറങ്ങി.

---------------------------------------------------------------------------------------------------------------------------------
അടിക്കുറിപ്പ്: ഈ പ്രളയത്തിനു ശേഷമാണു മനുഷ്യനു മാംസഭക്ഷണം കഴിക്കാനുള്ള അനുവാദം ലഭിച്ചതെന്നു വിശുദ്ധ ബൈബിള്‍ വ്യക്തമാക്കുന്നു.(ഉല്‍പ്പത്തി 9:3)  ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചതു സസ്യഭുക്കായാണല്ലോ! (ഉല്‍പ്പത്തി1:29)