Friday 11 September 2020

123. സോളമൻ

ബൈബിൾക്കഥകൾ 123

തൻ്റെ സഭാവാസികൾമുഴുവൻപേരും കേൾക്കേ, താൻചെയ്ത അതിക്രമങ്ങൾ ദാവീദ് നാഥാൻപ്രവാചകനോടേറ്റുപറഞ്ഞു.

"ഞാന്‍ കര്‍ത്താവിനെതിരായി പാപംചെയ്‌തുപോയി, മരിച്ചവനു ജീവൻ തിരികെനല്കാൻ ഞാനശക്തനാണ്. എന്നാൽ ഞാൻമൂലം കണ്ണീരിലായ ബത്ഷേബയെ കർത്താവിൻ്റേയും എൻ്റെ ജനത്തിൻ്റേയുംമുമ്പിൽ രാജ്ഞിയായി സ്വീകരിക്കാൻ ഞാനൊരുക്കമാണ്..."  

നാഥാന്‍ പറഞ്ഞു: "സ്വയംന്യായീകരിക്കാതെ പാപങ്ങളേറ്റുപറയാൻ തയ്യാറായതിനാൽ, കര്‍ത്താവു‌ നിന്റെ പാപം ‌ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു മരിച്ചുപോകും.

കർത്താവിനെ നിരസിച്ച്‌  ഊറിയായുടെ കുടുംബത്തെ നീ തകർത്തതിനാൽ‌ നിന്റെ ഭവനത്തില്‍നിന്നു വാളൊഴിയുകയില്ല.

കര്‍ത്താവു വ്യക്തമായിപ്പറയുന്നു: നിന്റെ ശത്രു, നിൻ്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെയായിരിക്കും. നിൻ്റെ സേവകനെ രഹസ്യത്തിൽച്ചതിച്ച്, അവൻ്റെ ഭാര്യയെ നീ സ്വന്തമാക്കി. 

എന്നാലൊരുവൻ നിൻ്റെ കണ്‍മുമ്പില്‍വച്ച്‌, പട്ടാപ്പകല്‍ നിൻ്റെ ഭാര്യമാരോടൊത്തു ശയിക്കുമ്പോൾ നിസ്സഹായനായി നീയതു കണ്ടുനില്ക്കും. 

നീയിതു രഹസ്യമായിച്ചെയ്‌തു. ഞാനോ ഇസ്രായേലിന്റെ മുഴുവന്‍മുമ്പിൽവച്ച്‌ പട്ടാപ്പകല്‍, പരസ്യമായിതു ചെയ്യിക്കും.

നാഥാന്‍പ്രവാചകൻ കൊട്ടാരത്തിൽനിന്നു മടങ്ങി. 

കൊട്ടാരം ശാന്തമായി.

പക്ഷേ, രാജോപദേഷ്ടാവായിരുന്ന  അഹിതോഫെലിന്റെ ഹൃദയത്തിൽ അപ്പോൾ ഒരഗ്നിപർവ്വതം പുകഞ്ഞുതുടങ്ങുകയായിരുന്നു. തന്റെ സഹോദരീപുത്രിയായ ബത്ഷേബയുടെ കുടുംബംതകർത്ത ദാവീദിന്റെ കുടുംബജീവിതത്തിൽ  സന്തോഷവും മനഃസമാധാനവും ഒരിക്കലുമുണ്ടാകരുതെന്ന് അയാൾ തന്റെ ഹൃദയത്തിലുറച്ചു... 

ദാവീദിൻ്റെ ഭാര്യയായി ബത്ഷേബ അന്തഃപുരത്തിലെത്തി. സമയത്തിൻ്റെ പൂർണ്ണതയിൽ അവൾ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ജനിച്ചപ്പോൾത്തന്നെ അവൻ രോഗിയായിരുന്നു. അവൻ്റെ രോഗമെന്തെന്നു മനസ്സിലാക്കാൻ കൊട്ടാരംവൈദ്യന്മാർക്കാർക്കും കഴിഞ്ഞില്ല.

കുഞ്ഞിനുവേണ്ടി ദാവീദ്‌ കർത്താവിനോടു പ്രാര്‍ത്ഥിച്ചു. ഭക്ഷണവും പാനീയവുമുപേക്ഷിച്ച് അവനുപവസിച്ചു. കട്ടിലും കിടക്കയുമുപേക്ഷിച്ച്, രാത്രിമുഴുവന്‍മുറിയില്‍ നിലത്തുകിടന്നു.

അവനെ നിലത്തുനിന്നെ‌ഴുന്നേല്‍പിക്കാനും വെള്ളമെങ്കിലും കുടിപ്പിക്കാനും 
കൊട്ടാരത്തിലെ ശ്രഷ്‌ഠന്മാര്‍ ശ്രമിച്ചു; എന്നാൽ അവനതു സമ്മതിച്ചില്ല.; 

ഏഴുദിവസങ്ങൾ ഉപവാസത്തിലും പ്രാർത്ഥനയിലും കഴിഞ്ഞുപോയി. ഏഴാം ദിവസം കുഞ്ഞ് മരണത്തിനു കീഴടങ്ങി. 

നാഥൻപ്രവാചകനുമുമ്പിൽ ഊറിയായുടെ കൊലപാതകിക്ക് ഇസ്രായേലിന്റെ രാജാവു വിധിച്ച ശിക്ഷ ദാവീദിന്റെമേൽ പതിച്ചുതുടങ്ങുന്നതിന്റെ നാന്ദിയായിരുന്നു, ആ ശിശുവിന്റെ മരണം!

കുഞ്ഞിൻ്റെ മരണത്തെക്കുറിച്ചു
ദാവീദിനോടു പറയാന്‍ രാജസേവകന്മാർ ആരും ധൈര്യപ്പെട്ടില്ല...

"കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍പോലും രാജാവ് ഭക്ഷണപാനീയങ്ങളുപേക്ഷിച്ചു. കുഞ്ഞു മരിച്ചെന്നറിഞ്ഞാൽ‌ രാജാവെന്തെങ്കിലും അവിവേകം പ്രവർത്തിച്ചാലോ..!" കൊട്ടാരവാസികൾ പരസ്പരം പറഞ്ഞു.

തൻ്റെ ചുറ്റുംനടക്കുന്ന അടക്കംപറച്ചിലുകൾകേട്ടപ്പോള്‍ കുഞ്ഞു മരിച്ചിരിക്കാമെന്നു ദാവീദിനു‌ മനസ്സിലാക്കി. 

"എന്റെ കുഞ്ഞു മരിച്ചുവോ?" അവനന്വേഷിച്ചു. 

"ഉവ്വ്‌" രാജസേവകര്‍ പറഞ്ഞു.

അപ്പോള്‍ രാജാവു‌ തറയില്‍നിന്നെഴുന്നേറ്റു കുളിച്ചുവസ്‌ത്രംമാറി,  തലയിൽ തൈലംപൂശി ദേവാലയത്തിലേയ്ക്കു പോയി. 

കൊട്ടാരത്തില്‍ത്തിരിച്ചെത്തിയ രാജാവു തന്റെ പരിചാരകരോടു ഭക്ഷണംചോദിച്ചു. 

അവൻ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ കൊട്ടാരത്തിലെ ശ്രേഷ്ഠന്മാരിലൊരുവൻ ധൈര്യംസംഭരിച്ച്, രാജാവിനോടു ചോദിച്ചു.

"അങ്ങെന്തുകൊണ്ടാണിങ്ങനെ ചെയ്തത്? കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ അങ്ങു‌പവസിക്കുകയും കരയുകയുംചെയ്തു കുട്ടി മരിച്ചപ്പോഴാകട്ടെ അങ്ങെ‌ഴുന്നേറ്റു തലയിൽ തൈലംപൂശുകയും ഭ‌ക്ഷിക്കുകയുംചെയ്രിതിക്കുന്നു."

"എൻ്റെ ഉപവാസത്തോടെയും പ്രാര്ഥനയോടെയുമുള്ള എന്റെ പ്രവൃത്തികളിൽ പ്രീതനായി, കര്‍ത്താവെന്നോടു‌ കൃപകാണിക്കുകയും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയുംചെയ്താലോ എന്നു ഞാന്‍ കരുതി. അതിനാൽ കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഞാനുപവസിക്കുകയും കർത്താവിനുമുമ്പിൽ കരയുകയുംചെയ്തു. 

എന്നാലിപ്പോൾ , എൻ്റെ കുഞ്ഞു മരിച്ചിരിക്കുന്നു. മരിച്ച കുഞ്ഞിനുവേണ്ടി ഇനി ഞാന്‍ ഉപവസിക്കുന്നതെന്തിന്‌? അവനെയെനിക്കു വീണ്ടും ജീവിപ്പിക്കാനാവുമോ? ഞാനവന്റെയടുത്തേക്കു ചെല്ലുകയല്ലാതെ അവനിനിയൊരിക്കലും എന്റെയടുത്തേക്കു വരികയില്ലല്ലോ..."

ദാവീദ്‌, ബെത്‌ഷെബായുടെയടുത്തെത്തി അവളെയാശ്വസിപ്പിച്ചു. അവന്‍ ദിവസങ്ങളോളം അവളുടെയടുത്തിരുന്നു. 

കാലം പിന്നെയും മുന്നോട്ടുള്ള യാത്രതുടർന്നു. ദാവീദ് കർത്താവിൻ്റെ കല്പനകളോടു ചേർന്നുനിന്നു. ബത്ഷേബ വീണ്ടും ഗർഭിണിയായി. അവള്‍ ഒരു മകനെ പ്രസവിച്ചു. നാഥാൻപ്രവാചകൻ അവനു യദീദിയ എന്നു പേരിട്ടു.

ദാവീദ്‌ അവനെ സോളമന്‍ എന്നു വിളിച്ചു. സോളമൻ കർത്താവിനു പ്രിയങ്കരനായി വളർന്നു.

Sunday 6 September 2020

122. ബെത്ഷേബ


ബൈബിൾക്കഥകൾ 122

പ്രകൃതിയെ പൂക്കൾചൂടിച്ചുകൊണ്ട് ഒരിക്കൽക്കൂടെ വസന്തമെത്തി.

വസന്തകാലത്തിലാണ് രാജാക്കന്മാർ യുദ്ധത്തിനിറങ്ങുന്നത്. അയൽരാജ്യങ്ങളെയാക്രമിച്ച് രാജ്യവിസ്തൃതി കൂട്ടുവാനും ആ ദേശത്തെ സമ്പത്തെല്ലാം കൊള്ളയടിക്കാനും അവിടുത്തെ മനുഷ്യരെ അടിമകളായിപ്പിടിക്കാനും ഓരോ രാജാക്കന്മാരും തന്ത്രങ്ങളൊരുക്കി.

ഫിലിസ്ത്യരെ നേരിടാൻ ഇസ്രായേൽസൈന്യം സജ്ജമായി. എന്നാൽ അവരെ നയിച്ച് യുദ്ധക്കളത്തിലേക്കു പോകാൻ ദാവീദിനു മടിതോന്നി.

രാജാവു യോവാബിനോടു പറഞ്ഞു. "ഇത്തവണ യുദ്ധഭൂമിയിലേക്കു ഞാൻ വരുന്നില്ല. നിൻ്റെ സഹോദരനായ അബിഷായിയുമൊത്ത് നീ നമ്മുടെ സൈന്യത്തെ നയിക്കണം."

ഇസ്രായേൽസൈന്യം രണഭൂമിയിലേക്കു നീങ്ങിയപ്പോൾ അവരുടെ രാജാവ് അലസമായ മനസ്സോടെ അന്തഃപുരത്തിൽ മയങ്ങി.

ഉച്ചമയക്കത്തിനുശേഷം മട്ടുപ്പാവിലൂടെയുലാത്തുമ്പോളാണ്, കൊട്ടാരമതിലുകൾക്കപ്പുറത്ത്, പൊതുജനങ്ങൾക്കായുള്ള കുളത്തിലെ, സ്ത്രീകളുടെ കുളിക്കടവിലേക്ക് ദാവീദിൻ്റെ കണ്ണുകൾചെന്നെത്തിയത്.

ജറുസലേം കൊട്ടാരത്തിൽ താമസമാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നെങ്കിലും ആ കുളിക്കടവിലേക്ക് ദാവീദിൻ്റെ ദൃഷ്ടികൾ മുമ്പൊരിക്കലും തിരിഞ്ഞിരുന്നില്ല.


ഏകയായി മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന യുവതിയെ ദാവീദ് കണ്ണിമയ്‌ക്കാതെ നോക്കിനിന്നു. നനഞ്ഞ്, ശരീരത്തോടൊട്ടിക്കിടക്കുന്ന ഒറ്റമുണ്ടിലുടെ ദൃശ്യമായ അവളുടെ അംഗവടിവും അഴകുറ്റമുഖവും ദൂരെക്കാഴ്ചയിൽപ്പോലും അയാളെ ഭ്രമിപ്പിച്ചു.

അവളെ കൂട്ടിക്കൊണ്ടുവരാന്‍ ദാവീദ്‌ തൻ്റെ പരിചാരകരിലൊരുവനെ പറഞ്ഞയച്ചു.

എലിയാമിന്റെ മകളും ഇസ്രായേൽസൈന്യത്തിലെ പടയാളിയായ ഊറിയായുടെ ഭാര്യയുമായിരുന്നു ആ യുവതി. ബത്‌ഷെബാ എന്നായിരുന്നു അവളുടെ പേര്.

അവൾ ഭയത്തോടെ രാജാവിനുമുമ്പിൽ ഹാജരായി.

നാടുവാഴുന്ന മഹാരാജാവിൻ്റെ ഇംഗിതത്തിനു മുമ്പിൽ അബലയായൊരു യുവതിയുടെ കണ്ണുനീരിനു വിലയുണ്ടായിരുന്നില്ല.

ദാവീദ് അവളെ പ്രാപിച്ചു. അവള്‍ ഋതുസ്‌നാനം കഴിഞ്ഞിരുന്നതേയുള്ളുവെന്ന് അവനപ്പോളറിഞ്ഞിരുന്നില്ല

ആഴ്ചകൾ കടന്നുപോയി. ഇസ്രായേൽസൈന്യം ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ കൂടുതൽ മുന്നേറിക്കൊണ്ടിരിന്നു.

ബെത്ഷേബയെ ദാവീദിനുമുമ്പിൽക്കൊണ്ടുവന്ന പരിചാരകൻ ഒരിക്കൽക്കൂടെ രാജാവിനെ മുഖംകാണിച്ചു.

ബെത്ഷേബ തന്നിൽനിന്നു ഗർഭിണിയായെന്നു കേട്ടപ്പോൾ ദാവീദ് ഞെട്ടിപ്പോയി. അവളുടെ ഭർത്താവായ ഊറിയായടക്കം, പുറത്താരും ഇക്കാര്യമറിയരുതെന്ന് അവനവളെ ഭീഷണിപ്പെടുത്തി.

ഊറിയായെ കൊട്ടാരത്തിലേക്കയയ്ക്കാനുള്ള സന്ദേശവുമായി ഒരു കുതിരക്കാരനെ ദാവീദ് യുദ്ധമുഖത്തേക്കയച്ചു.

ഊറിയാ വന്നപ്പോള്‍ ദാവീദ്‌ യോവാബിൻ്റേയും പടയാളികളുടെയും ക്ഷേമവും യുദ്ധവാര്‍ത്തകളുമന്വേഷിച്ചു. രാജാവ് അവനു സമ്മാനമായി ഒരു പണക്കിഴി നല്കി.

ദാവീദ്‌ ഊറിയായോടു പറഞ്ഞു:

"നീ വീട്ടില്‍പോയി അല്പം വിശ്രമിക്കുക."

എന്നാല്‍, ഊറിയാ ആ രാത്രിയിൽ വീട്ടില്‍ പോയില്ല. കൊട്ടാരം കാവല്‍ക്കാരോടൊപ്പം അവൻപടിപ്പുരയില്‍ കിടന്നുറങ്ങി.

ഊറിയാ വീട്ടില്‍ പോയില്ലെന്ന്, പിറ്റേന്നു രാവിലെ ദാവീദറിഞ്ഞു.

"നീ യാത്രകഴിഞ്ഞു വന്നതല്ലേ? വീട്ടിലേക്കു പോകാത്തതെന്താണ്‌?" ദാവീദ്‌ അവനോടു ചോദിച്ചു.

"ഇസ്രായേൽ യുദ്ധരംഗത്താണ്‌. കർത്താവിൻ്റെ പേടകവും അവരോടൊപ്പമുണ്ട്‌. എന്റെ യജമാനനായ യോവാബും അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു താവളമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കേ, വീട്ടില്‍ച്ചെന്ന്‌ ഭാര്യയുമായിത്താമസിച്ചു രമിക്കാന്‍ എനിക്കെ‌ങ്ങനെ കഴിയും? അങ്ങാണേ, എനിക്കതു സാദ്ധ്യമല്ല," ഊറിയാ പറഞ്ഞു.

അപ്പോള്‍ ദാവീദ്‌ ഊറിയായോടു പറഞ്ഞു: ''അങ്ങനെയെങ്കില്‍ ഇന്നുകൂടെ നീ ഇവിടെത്താമസിക്കുക. നാളെ നിന്നെ യുദ്ധമുന്നണിയിലേക്കു മടക്കിയയ്‌ക്കാം." ദാവീദ് അവനോടു പറഞ്ഞു.

ഊറിയാ അന്നു രാജസന്നിധിയിൽ ഭക്ഷണംകഴിച്ചു. ദാവീദ്‌ അവനെ ധാരാളമായി വീഞ്ഞുകുടിപ്പിച്ചു.

രാജാവെന്തിനാണു തന്നോടിത്ര സ്നേഹംകാണിക്കുന്നതെന്ന് ഊറിയായ്ക്കു മനസ്സിലായില്ല. അന്നുരാത്രിയിലും അവൻ വീട്ടിലേക്കു പോയില്ല.

പിറ്റേന്നു പുലർച്ചേ, സൈന്യാധിപനായ യോവാബിനുള്ള ഒരു സന്ദേശമെഴുതിയ ചുരുളുമായി ഊറിയായെ ദാവീദ് യുദ്ധമുഖത്തേക്കു തിരിച്ചയച്ചു.

ഊറിയാ ദാവീദിൻ്റെ സന്ദേശവുമായെത്തുമ്പോൾ യോവാബും സൈന്യവും ഫിലിസ്ത്യരുടെ നഗരപ്രാന്തത്തിലുള്ള ഗ്രാമങ്ങളെല്ലാം പിടിച്ചടക്കി, മതിലുകളാൽ ചുറ്റപ്പെട്ട നഗരത്തിലേയ്ക്കടുക്കുകയായിരുന്നു.

രാജാവിൻ്റെ നിർദ്ദേശം യോവാബ് അക്ഷരംപ്രതിയനുസരിച്ചു. ഊറിയായെ തൻ്റെ സൈന്യത്തിലെ ദശാധിപന്മാരിലൊരുവനായുയർത്തി. തന്നോടൊപ്പമുള്ളവരിൽ ഏറ്റവും കഴിവുകെട്ട പത്തു സൈനികരെ അവനു കീഴിൽ നല്കി.

ഇസ്രായേൽസൈന്യം ഫിലിസ്ത്യരുടെ നഗരം വളഞ്ഞപ്പോൾ, നഗരത്തിൻ്റെ ചുറ്റുമതിലിനോടു ചേർന്ന്, ശത്രുക്കള്‍ക്കു പ്രാബല്യമുള്ളൊരു സ്‌ഥാനത്ത്,‌


മുന്നണിയിൽ ഊറിയായുടെ സംഘത്തെ യോവാബ് നിയോഗിച്ചു. അവർക്കു പിന്നിൽ യോവാബിൻ്റെ ഏറ്റവും വിശ്വസ്തരായ സൈനികരാണണിനിരന്നത്.

ശത്രുസൈന്യം ആക്രമിച്ചടുത്തപ്പോൾ, മുൻനിശ്ചയപ്രകാരം ഊറിയായുടെ ഗണമൊഴികെയുള്ള സൈനികർ പെട്ടെന്നു പിന്മാറി. ഊറിയായും അവനോടൊപ്പമുണ്ടായിരുന്ന പത്തുപേരും ശത്രുക്കളുടെ അമ്പേറ്റുവീണു.

യുദ്ധ‌വാര്‍ത്തയറിയിക്കാനെത്തിയ യോവാബിൻ്റെ സന്ദേശവാഹകനോട്, ദാവീദ് ‌കോപിച്ചു.

"നഗരമതിലിനോട്‌ ചേര്‍ന്നുനിന്നു യുദ്ധംചെയ്‌തതെന്തിന്‌? മതിലില്‍നിന്നുകൊണ്ട്‌ അവരെയ്യുമെന്ന‌റിഞ്ഞുകൂടായിരുന്നോ? ജറുബ്ബാലിൻ്റെ മകനായ അബിമലെക്ക്‌ മരിച്ചതെങ്ങിനെയെന്ന് ന്യായാധിപന്മാരുടെ പുസ്തകത്തിൽ വായിച്ചിട്ടില്ലേ?മതിലില്‍നിന്നുകൊണ്ട്‌ ഒരു സ്‌ത്രീ അവന്റെമേല്‍ തിരികല്ലെറിഞ്ഞതല്ലേ?"

ദൂതന്‍ യോവാബ്‌ കല്പിച്ചതുപോലെ ദാവീദിനോടു പറഞ്ഞു.

"ശത്രുക്കള്‍ നമ്മെക്കാള്‍ ശക്തരായിരുന്നു. എങ്കിലും അവര്‍ വെളിമ്പ്രദേശത്തു നമുക്കെതിരേവന്നപ്പോൾ, നഗരവാതില്‍ക്കലേക്കു നാമവരെ തിരിച്ചോടിച്ചു. അപ്പോളവര്‍ മതിലില്‍നിന്ന്‌ നമ്മുടെനേരെ അമ്പയച്ചു. തിരുമേനീ, അവിടുത്തെ ദാസനായ ഊറിയായടക്കം പതിനഞ്ചോളംപേർ മരിച്ചു."

യോവാബിനോടു താൻ നിർദ്ദേശിച്ചതുപോലെ ഊറിയാ മരിച്ചെന്നറിഞ്ഞപ്പോൾ ദാവീദു സന്തോഷിച്ചു. എങ്കിലുമവൻ സഭാവാസികളെല്ലാംകേൾക്കേ, ഖിന്നഭാവത്തിൽ ദൂതനോടു പറഞ്ഞു.

"ആരൊക്കെ യുദ്ധത്തില്‍ മരിക്കുമെന്നു മുന്‍കൂട്ടിപ്പറയാന്‍ ആര്‍ക്കാണാവുക? ഇതുകൊണ്ടു നമ്മളധീരരാകരുത്‌. ആക്രമണം ശക്‌തിപ്പെടുത്തി, നഗരത്തെ തകര്‍ത്തുകളയാൻ ഇസ്രായേൽരാജാവാജ്ഞാപിക്കുന്നെന്നുപറഞ്ഞു യോവാബിനെ നീ ധൈര്യപ്പെടുത്തുക."

ദൂതൻ യുദ്ധഭൂമിയിലേക്കു മടങ്ങി.

ഭര്‍ത്താവ്‌ മരിച്ചെന്നുകേട്ടപ്പോള്‍ ബെത്ഷേബ അവനെച്ചൊല്ലി വിലപിച്ചു. തൻ്റെ ജീവിതം പൂർണ്ണമായും ദുരിതമയമായിത്തീർന്നെന്ന് അവൾ കരുതി.
യുദ്ധത്തിൽ മരിച്ച ഊറിയായുടെ ഗർഭിണിയായ ഭാര്യയ്ക്ക് കൊട്ടാരത്തിലഭയം നല്കിക്കൊണ്ട്, ജനങ്ങൾക്കുമുമ്പിൽ ദാവീദ് രാജാവ്, തൻ്റെ ഉദാരമനസ്കത പ്രദർശിപ്പിച്ചു.

ജനങ്ങളവനെ പുകഴ്ത്തി

എന്നാൽ ദാവീദിൻ്റെ പ്രവൃത്തികൾ കർത്താവിൽ അനിഷ്ടം ജനിപ്പിച്ചു.