Sunday 29 October 2017

35. ചെങ്കടലിനു നടുവില്‍

ബൈബിൾക്കഥകൾ 35


ഈജിപ്തുസൈന്യം ഇസ്രായേല്‍ജനതയുടെനേരെ അടുത്തുകൊണ്ടിരിക്കവേ, ജനക്കൂട്ടം മോശയ്ക്കും അഹറോനുമെതിരെ ശാപവാക്കുകള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സ്ത്രീകൾ അലമുറയിട്ടുകരയുകയും ശപിക്കുകയുംചെയ്തു...

മോശ കൈകൾവിരിച്ചുനിന്നു പ്രാര്‍ത്ഥിച്ചു. കര്‍ത്താവു മോശയോടു പറഞ്ഞു: "നീ എന്തിനെന്നെ വിളിച്ചുകരയുന്നു? മുമ്പോട്ടുതന്നെപോകാന്‍ ഇസ്രായേല്‍ക്കാരോടു പറയുക. നിൻ്റെ വടിയെടുത്ത്, കടലിനുനേരെ നീട്ടുക!"

കണ്‍മുമ്പില്‍ പരന്നുകിടക്കുന്ന ചെങ്കടലിനുനേരെ മോശ നോക്കി. ആരെയും വിഴുങ്ങാന്‍മടിയില്ലാത്ത കടലിനെജയിക്കാന്‍, കര്‍ത്താവു തങ്ങളെ സഹായിക്കുമെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു.

മോശ തൻ്റെ ഇടയവടി, ചെങ്കടലിനുനേരെ നീട്ടി. അപ്പോള്‍ കടലിനുമീതേ, ഒരു കിഴക്കന്‍കാറ്റു വീശിത്തുടങ്ങി. 

കര്‍ത്താവിന്റെ മേഘസ്തംഭം ഇസ്രായേല്‍ജനതയുടെ പിന്നിലേക്കു മാറി, ആകാശത്തു നിലയുറപ്പിച്ചു. ഈജിപ്തുകാരുടെമുമ്പില്‍ മൂടല്‍മഞ്ഞു നിറഞ്ഞു. മുമ്പോട്ടു യാത്രചെയ്യാന്‍ അവര്‍ക്കു സാധിക്കാത്തവിധം കാഴ്ചമറഞ്ഞു. തൊട്ടടുത്തുനിൽക്കുന്നവർക്കുമാത്രമേ പരസ്പരം കാണാൻ കഴിയുമായിരുന്നുള്ളൂ.

ഫറവോയുടെ സൈന്യാധിപന്‍ സേനാംഗങ്ങളോടു പറഞ്ഞു. "ഈ മൂടല്‍മഞ്ഞുമാറുംവരെ നമുക്കിവിടെ കൂടാരമടിക്കാം. ഇസ്രായേലുകാര്‍ നമ്മുടെ കണ്മുമ്പിൽത്തന്നെയുണ്ട്. അവർക്കിനി, ചെങ്കടല്‍ത്തീരത്തുനിന്നു മുമ്പോട്ടു പോകാൻ വഴിയേതുമില്ലല്ലോ... അതിനാൽ നമ്മൾ തിരക്കുകൂട്ടേണ്ടതില്ല, അവര്‍ നമ്മുടെ കൈകളിലകപ്പെട്ടുകഴിഞ്ഞു."

രാത്രിയില്‍ മേഘസ്തംഭംമാറി, അഗ്നിസ്തൂപം ആകാശത്തു പ്രത്യക്ഷപ്പെട്ടു. മൂടല്‍മഞ്ഞിനിടയില്‍ ആകാശത്തുകണ്ട അഗ്നിനാളങ്ങള്‍ ഈജിപ്തുകാരെ പരിഭ്രാന്തരാക്കി.

കിഴക്കൻകാറ്റ്, കൂടുൽ ശക്തമായി.
കടലിലെ ജലം, കാറ്റിൻ്റെ ശക്തിയാൽ വിഭജിക്കപ്പെട്ടു. വലിയ ജനക്കൂട്ടത്തിനു കടന്നുപോകാന്‍തക്ക വീതിയില്‍, കടലിനുകുറുകേ വരണ്ടഭൂമി പ്രത്യക്ഷമായി; അതിൻ്റെ ഇരുവശങ്ങളിലും വെള്ളം, മതിലുപോലെ ഉയര്‍ന്നുനിന്നു.

ഇസ്രയേൽജനം വിസ്മയഭരിതരായി. അപ്രതീക്ഷിതമായ ഒരദ്ഭുതമേകി, ചെങ്കടലിനുനടുവിലൊരു രാജപാതതുറന്ന കര്‍ത്താവിനെ, ജനക്കൂട്ടം വീണ്ടുമുറക്കെസ്തുതിച്ചു. 

കനത്ത മൂടല്‍മഞ്ഞുമൂലം മുന്നില്‍ നടക്കുന്നതൊന്നും കാണാനാകാതെകുഴങ്ങിയ ഈജിപ്തുകാര്‍ ഇസ്രായേൽക്കാരുടെ ദൈവസ്തുതികളുടെ ശബ്ദംകേട്ടു. തങ്ങള്‍ക്കും കടലിനുംമദ്ധ്യേ കുടുങ്ങിപ്പോയ ഇസ്രായേല്‍ജനത്തിന്റെ വിലാപങ്ങളുടെ ശബ്ദമാണതെന്നു് ഈജിപ്തുകാര്‍ കരുതി.

കടലിനുകുറുകേ, ഉണങ്ങിയ മണ്ണിലൂടെ ഇസ്രായേല്‍ജനം മുമ്പോട്ടു  നടന്നു. എല്ലാവര്‍ക്കും പിന്നിലായി, മോശയും അഹറോനും.. അവര്‍ക്കും പിന്നിൽ, കര്‍ത്താവിന്റെ അഗ്നിസ്തംഭം ആകാശത്തിലൂടെ നീങ്ങി. അപ്പോൾ ഇസ്രായേൽക്കാർക്കും ഈജിപ്തുകാർക്കുമിടയിലെ മൂടല്‍മഞ്ഞ്, അലിഞ്ഞില്ലാതായി. അഗ്നിസ്തംഭത്തിൻ്റെ വെളിച്ചത്തിൽ, ഇസ്രായേൽക്കാർ ചെങ്കടല്‍കടക്കുന്നത്, ഫറവോയുടെ പടയാളികള്‍ കണ്ടു.


ആദ്യമുണ്ടായ നടുക്കത്തില്‍നിന്നുണര്‍ന്ന സൈന്യം, അവരെ പിന്തുടര്‍ന്നു. ചെങ്കടലിനു നടുവിലൂടെ ഇസ്രായേല്‍ക്കാര്‍പോയ വഴിയിലൂടെതന്നെ സൈന്യവും മുമ്പോട്ടു നീങ്ങി. അവര്‍ ചെങ്കടലിനു മദ്ധ്യത്തിലെത്തിയപ്പോഴേയ്ക്കും ഇസ്രായേല്‍ജനംമുഴുവൻ കടല്‍കടന്നുകഴിഞ്ഞിരുന്നു.

കര്‍ത്താവു മോശയോടു പറഞ്ഞു. "പിന്തിരിഞ്ഞ്, നിന്റെ കരം വീണ്ടും ചെങ്കടലിനുനേരേ നീട്ടുക."

മോശ ചെങ്കടലിനുനേരെ ഒരിക്കല്‍ക്കൂടെ തന്റെ വലതുകരം നീട്ടി. വശങ്ങളില്‍ ഉയര്‍ന്നുനിന്ന ജലമതില്‍ തകര്‍ന്നു. ഈജിപ്തുകാര്‍ പിന്തിരിഞ്ഞോടി. വെള്ളം മടങ്ങിവന്ന്, ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരകളേയും മൂടി. അവരിലൊരാള്‍പോലും രക്ഷപ്പെട്ടില്ല. 

നേരംപുലര്‍ന്നപ്പോള്‍ ചെങ്കടല്‍ പഴയതുപോലെയായി. ഇസ്രായേല്‍ക്കാരെ പിന്തുടര്‍ന്നു കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യംമുഴുവനെയും കടല്‍വെള്ളം മൂടിക്കളഞ്ഞിരുന്നു. എന്നിട്ടും ഒന്നുമറിയാത്തതുപോലെ,  കടല്‍ക്കാറ്റിന്റെ തലോടലേറ്റ്, ചെങ്കടലിലെ ഓളങ്ങൾ, കാറ്റിനോടു കളിപറഞ്ഞു ചിരിച്ചു; 

കര്‍ത്താവിന്റെ കരങ്ങളുടെ ശക്തിയെന്തെന്നനുഭവിച്ചറിഞ്ഞ ഇസ്രായേല്‍ക്കാർ, കര്‍ത്താവിനെ ഭയപ്പെട്ടു. മോശയ്ക്കും അഹറോനുമെതിരായി ശാപവാക്കുകളുതിര്‍ക്കുകയും കര്‍ത്താവിനെതിരെ പിറുപിറുക്കുകയുംചെയ്തതിന് അവർ മോശയോടു മാപ്പുചോദിച്ചു.

അഹറോന്റെ സഹോദരിയായ മിറിയാം തപ്പു കൈയിലെടുത്തു; കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് അവളൊരു ഗാനമാലപിച്ചു. സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തംചെയ്തുകൊണ്ട് അവളെയനുഗമിച്ചു. ‍

മുഴുവന്‍ ജനങ്ങളും  ആഹ്ലാദത്തോടെ ദൈവസ്തുതികളാലപിച്ചുകൊണ്ട് അവരോടൊപ്പം ചേര്‍ന്നു. ആദിവസം മുഴുവൻ അവർക്ക് ആഘോഷത്തിൻ്റെ ദിവസമായിരുന്നു. പാട്ടുപാടിയും നൃത്തംചെയ്തും അവർ ദൈവത്തെ സ്തുതിച്ചു.

Sunday 22 October 2017

34. ചെങ്കടല്‍

ബൈബിൾക്കഥകൾ 34


നിരവധി കുതിരപ്പടയാളികളും അറുന്നൂറുരഥങ്ങളുമടങ്ങിയ വലിയൊരു സൈന്യവ്യൂഹം ഇസ്രായേല്‍ജനതയെ പിടികൂടി തിരികെക്കൊണ്ടുവരാനായി ഈജിപ്തിൽനിന്നു പുറപ്പെട്ടു.. 

അക്കാര്യമറിയാതെ, ഇസ്രായേല്‍ജനം, ആഹ്ലാദത്തോടെ തങ്ങളുടെ  യാത്രതുടര്‍ന്നു. 

നാനൂറ്റിമുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്, ജോസഫും ഈജിപ്തുകാരിയായ ഭാര്യ അസ്നത്തും അവരുടെ രണ്ടുമക്കളുമടക്കം എഴുപതുപേരാണ് ഇസ്രായേല്‍മക്കളായി ഈജിപ്തിലുണ്ടായിരുന്നത്. ഇന്നവര്‍ വലിയൊരു ജനതയായി, സ്വന്തദേശംതേടി മടക്കയാത്രതുടങ്ങിയിരിക്കുന്നു.
അബ്രഹാമിൻ്റെ സന്തതികൾക്കായി വാഗ്ദാനംചെയ്യപ്പെട്ട കാനാന്‍ദേശത്തേക്കുള്ള മടക്കയാത്ര....!

ആറുലക്ഷം പുരുഷന്മാര്‍ ... അത്രയുംതന്നെ സ്ത്രീകള്‍ ... സ്ത്രീപുരുഷന്മാരുടെ എണ്ണത്തിന്റെ മൂന്നോനാലോമടങ്ങു കുട്ടികള്‍ ... ഒപ്പം അവരുടെ എണ്ണമറ്റ മൃഗസമ്പത്തും...  എഴുപതുപേര്‍ വലിയൊരു ജനതയായി വളര്‍ന്നിരിക്കുന്നു!

മോശയെ ദൈവപുരുഷനായിക്കരുതിയ ഒരുവിഭാഗം ഈജിപ്തുകാരും അവരോടൊപ്പംചേര്‍ന്നിരുന്നു..

മോശയുടെയും അഹറോന്റെയുംപിന്നാലെ, തേനുംപാലുമൊഴുകുന്ന സ്വന്തനാട്ടിലേക്കു മടങ്ങുന്ന ഇസ്രായേല്‍ക്കാരെല്ലാം വലിയ സന്തോഷത്തോടെയും പ്രത്യാശയോടെയും ഓരോ ചുവടും മുമ്പോട്ടുവച്ചു.

കുഴച്ചമാവു പുളിക്കുന്നതിനുമുമ്പേ, അതു തോള്‍സഞ്ചിയിലേന്തി യാത്രപുറപ്പെട്ടതിനാല്‍ അവരുടെപക്കല്‍ പുളിമാവുണ്ടായിരുന്നില്ല. യാത്രയില്‍ അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു. എങ്കിലും ആരും പരാതി പറഞ്ഞില്ല. ഈജിപ്തില്‍നിന്നു തങ്ങളെ മോചിപ്പിച്ച കര്‍ത്താവില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. 

എന്നാല്‍ കര്‍ത്താവ് അവരെ വിശ്വസിച്ചിരുന്നില്ല.

അതിനാല്‍, ഫിലിസ്ത്യരുടെ ദേശത്തുകൂടെ, കരമാര്‍ഗ്ഗമുള്ള എളുപ്പവഴിയ്ക്കുപകരം മരുഭൂമിയിലൂടെയുള്ള വഴിയിലൂടെ ചെങ്കടല്‍ത്തീരത്തേക്കു ജനത്തെ നയിക്കാന്‍ കര്‍ത്താവു മോശയോടു കല്പിച്ചു.

രാത്രിയും പകലും സഞ്ചരിക്കാന്‍സാധിക്കുംവിധം പകല്‍ തണുപ്പുംതണലുമേകുന്ന മേഘസ്തംഭമായും രാത്രിയില്‍ ചൂടും വെളിച്ചവുംപകരുന്ന അഗ്നിസ്തംഭമായും കര്‍ത്താവ്, അവരോടൊത്തു സഞ്ചരിച്ചു. രാത്രിയില്‍ അഗ്നിസ്തംഭവും പകല്‍ മേഘസ്തംഭവും അവരുടെ മുമ്പില്‍നിന്നു മാറിയതേയില്ല!

ഇസ്രായേല്‍ജനം മരുഭൂമിയിലൂടെ ചെങ്കടല്‍ത്തീരത്തേക്കാണു നടക്കുന്നതെന്നു ചാരന്മാരില്‍നിന്നറിഞ്ഞപ്പോള്‍ ഫറവോയും കൂട്ടരും സന്തോഷിച്ചു. 

ഫറവോ അട്ടഹസിച്ചുകൊണ്ടു പറഞ്ഞു; "അവര്‍ വഴിയറിയാതെ അലഞ്ഞുതിരിയുന്നു.... മരുഭൂമി അവരെ കുടുക്കിലാക്കിക്കഴിഞ്ഞു... ഇനിയവര്‍ക്കു രക്ഷയില്ല; ചെങ്കടല്‍ അവരെ തിരികെനടത്തും, എന്റെ കുതിരപ്പട്ടാളത്തിന്റെയും തേരാള്‍പ്പടയുടെയും പിടിയില്‍ അവരകപ്പെടും...!"

അത്യന്തമാഹ്ലാദത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ട്, ഇസ്രായേൽക്കാർ മോശയേയും അഹറോനെയു അനുഗമിച്ചു.. ഫറവോയുടെ സൈന്യം തങ്ങളെപ്പിന്തുടർന്നെത്തുമെന്ന് അവരൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ദിവസങ്ങളായുള്ള വിശ്രമമില്ലാത്ത യാത്ര, ജനങ്ങളെയും അവരുടെ ആടുമാടുകളേയും തളര്‍ത്തിത്തുടങ്ങി. ഇനിയല്പം വിശ്രമിക്കണം. എവിടെയാണ് ഇത്രയധികം ജനങ്ങള്‍ക്കായി കൂടാരങ്ങളൊരുക്കുക? മോശ കര്‍ത്താവിനോടാരാഞ്ഞു.

"പിഹഹിറോത്തിനു മുമ്പില്‍ മിഗ്‌ദോലിനപ്പുറത്ത്, ബാല്‍സെഫോന്റെ എതിര്‍വശത്തായി ചെങ്കടലിനോടുചേർന്ന്, നിങ്ങള്‍ക്കു പാളയമടിക്കാം. അവിടെ പാളയമടിച്ചാലുടന്‍ നിങ്ങളുടെ കടിഞ്ഞൂല്‍സന്തതികളെക്കുറിച്ചുള്ള എന്റെ കല്പനകള്‍ നീ ജനത്തെയറിയിക്കണം.

നിങ്ങളോടും നിങ്ങളുടെ പിതാക്കന്മാരോടുമുള്ള വാഗ്ദാനപ്രകാരം കര്‍ത്താവു നിങ്ങളെ കാനാന്‍ദേശത്തു പ്രവേശിപ്പിക്കുകയും അവിടം നിങ്ങള്‍ക്കു നല്കുകയുംചെയ്യുമ്പോള്‍, നിങ്ങളുടെ എല്ലാ ആദ്യജാതരെയും കര്‍ത്താവിനു സമര്‍പ്പിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആണ്‍കുട്ടികള്‍ കര്‍ത്താവിനുള്ളവയായിരിക്കും.

എന്നാല്‍, ഒരാട്ടിന്‍കുട്ടിയെ പകരംകൊടുത്ത്, കടിഞ്ഞൂലിനെ വീണ്ടെടുക്കാം. നിങ്ങളുടെ മക്കളില്‍ ആദ്യജാതരെയെല്ലാം വീണ്ടെടുക്കണം. മൃഗങ്ങളെ നിങ്ങള്‍ വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിന്റെ കഴുത്തുഞെരിച്ചു കൊന്നുകളയണം. 

കാലാന്തരത്തില്‍, ഇതിന്റെയര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ അനന്തരതലമുറയില്‍പ്പെട്ടവര്‍ ചോദിച്ചാല്‍, നിങ്ങളവരോട് ഇങ്ങനെ പറയണം, അടിമത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്ന്, കര്‍ത്താവു തന്റെ ശക്തമായ കരത്താല്‍ നമ്മളെ മോചിപ്പിച്ചു. നമ്മളെ വിട്ടയയ്ക്കാന്‍ ഫറവോ വിസമ്മതിച്ചപ്പോള്‍ ഈജിപ്തിലെ  മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം കര്‍ത്താവു സംഹരിച്ചു. അതിനാലാണ്, മനുഷ്യരുടെ കടിഞ്ഞൂലുകളെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളില്‍ ആണ്‍കുട്ടികളെയും നമ്മള്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്നത്."

കര്‍ത്താവിന്റെ കല്പനപ്രകാരം ബാല്‍സെഫോന്റെ എതിര്‍വശത്തു ചെങ്കടല്‍ത്തീരത്തായി ഇസ്രായേല്‍ജനം കൂടാരമടിച്ചു. അതിനുശേഷം മോശ ജനങ്ങളെ മുഴുവന്‍ ഒന്നിച്ചുകൂട്ടി. കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, കടിഞ്ഞൂലുകളെക്കുറിച്ചുള്ള ദൈവഹിതം അഹറോന്‍ ജനങ്ങളെയറിയിച്ചു.

ജനക്കൂട്ടം വലിയ ശബ്ദത്തില്‍ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടു തങ്ങളുടെ വിധേയത്വമറിയിച്ചു.

ആ രാത്രിയില്‍ വലിയ സന്തോഷത്തോടെ അവര്‍ കൂടാരങ്ങളില്‍ വിശ്രമിച്ചു. ദൈവസ്തുതിയുടെ കീര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലുയര്‍ന്നു. പിന്നെ, കുളിർമ്മയുള്ള കടൽക്കാറ്റേറ്റ് 
ജനങ്ങള്‍ ശാന്തമായിക്കിടന്നുറങ്ങി.

ശാന്തവും പ്രതീക്ഷാനിർഭരവുമായ പുതിയൊരു പ്രഭാതംകൂടെയെത്തി. 
മോശയിൽനിന്ന്, യാത്രതുടരാനുള്ള നിർദ്ദേശം ലഭിക്കുന്നതുവരെ ഇനി വിശ്രമിക്കാം. വാഗ്ദത്തദേശത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ചർച്ചകളുമായിരുന്നൂ പാളയത്തിലെങ്ങും...

എന്നാൽ ആ സന്തോഷനിമിഷങ്ങൾ ഏറെ നീണ്ടുപോയില്ല...

അകലെ, മരുഭൂമിയില്‍നിന്ന്, ആകാശത്തിലേക്കുയരുന്ന പൊടിപടലങ്ങൾ ഇസ്രയേൽക്കാരുടെ ശ്രദ്ധയിലെത്തി.. പാഞ്ഞടുക്കുന്ന സൈന്യവ്യൂഹങ്ങളുടെ വിദൂരക്കാഴ്ചയിൽത്തന്നെ ഇസ്രയേൽക്കാര്‍ നടുങ്ങി. 


മുമ്പില്‍ ചെങ്കടല്‍... പിന്നില്‍നിന്നു പാഞ്ഞടുക്കുന്ന ഈജിപ്തിന്റെ സൈന്യം.... ഇന്നത്തെ മദ്ധ്യാഹ്നത്തിനുമുമ്പേ തങ്ങൾ സൈന്യത്തിൻ്റെ പിടിയിൽപ്പെടുമെന്നു തിരിച്ചറിഞ്ഞപ്പോൾ ഇസ്രായേൽക്കാർ വിഹ്വലരായി...

ജനങ്ങളൊന്നടങ്കം മോശയുടെയും അഹറോന്റെയുംചുറ്റും തടിച്ചുകൂടി. ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ ഇരുവരും കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞരാത്രിയില്‍പ്പാടിയ സ്തുതിഗീതങ്ങള്‍ ജനം വിസ്മരിച്ചു. അവര്‍ കർത്താവിനും മോശയ്ക്കുമെതിരെ പിറുപിറുത്തു.

"ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ, മരുഭൂമിയില്‍ക്കിടന്നു മരിക്കാനായി നിങ്ങൾ ഞങ്ങളെ  ഇവിടേയ്ക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്?"

"നീ എന്താണു ഞങ്ങളോടു ചെയ്തിരിക്കുന്നത്? എന്തിനാണു ഞങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്?"

"ഞങ്ങളെ തനിയേ വിട്ടേക്കൂ, ഞങ്ങള്‍ ഈജിപ്തുകാര്‍ക്ക് അടിമവേലചെയ്തുകഴിഞ്ഞുകൊള്ളാമെന്ന് ഈജിപ്തില്‍വച്ചുതന്നെ ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതല്ലേ?"

"ഇവിടെ, ഈ മരുഭൂമിയില്‍ക്കിടന്നു മരിക്കുന്നതിനേക്കാള്‍  ഈജിപ്തുകാര്‍ക്ക് അടിമവേലചെയ്യുകയായിരുന്നു, മെച്ചം".

ജനക്കൂട്ടത്തെ ശാന്തരാക്കാനായി മോശ ജനത്തോടു വിളിച്ചുപറഞ്ഞു: "ന് ന് നിങ്ങള്‍ ഭയപ്പെടാതെ ഉ്ഉ്ഉ്ഉറച്ചുനില്‍ക്കുവിന്‍. ന് ന് ന് നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിന്നു ചെയ്യാന്‍പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ക് ക് ക് കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തുകൊള്ളും. ന് ന് ന് നിങ്ങള്‍ ശാന്തരായിരുന്നാല്‍മാത്രംമതി."

എന്നാൽ ജനക്കൂട്ടം മോശയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. കടലിരമ്പത്തേക്കാളുച്ചത്തിൽ അവർ മോശയേയും അഹറോനെയും ശപിച്ചുകൊണ്ടിരുന്നു.

ഫറവോയുടെ സൈന്യം ഇസ്രായേല്‍ജനതയുടെ നേർക്ക്, കൂടുതലടുത്തുകൊണ്ടിരുന്നു. 

മോശയും അഹറോനും പിന്നിലേക്കുപോയി. പൊടിപടലങ്ങളുയർത്തി, അകലെനിന്നു പാഞ്ഞടുത്തുവരുന്ന ഈജിപ്തുകാർക്കും ആശങ്കയോടെ ബഹളംകൂട്ടുന്ന ഇസ്രയേൽക്കാർക്കുമിടയിൽ അവർ നിലയുറപ്പിച്ചു.

എന്നാൽ എന്താണുചെയ്യേണ്ടതെന്ന് ഇരുവർക്കും നിശ്ചയമുണ്ടായിരുന്നില്ല... ഏതാനും നാഴികകൾക്കുള്ളിൽ, ഫറവോയുടെ സൈന്യം, ഇസ്രായേൽക്കാരെ വളയുമെന്നുറപ്പാണ്!

കർത്താവിൽനിന്നാകട്ടെ, സന്ദേശങ്ങളൊന്നും ലഭിച്ചതുമില്ല.

Sunday 15 October 2017

33. പെസഹാക്കുഞ്ഞാടിന്റെ രക്തം

ബൈബിൾക്കഥകൾ 33

"ഇസ്രായേല്‍ജനതയെ വിട്ടയയ്ക്കാന്‍ ഫവോയ്ക്ക് ഇനിയും മനസ്സുതോന്നാതെന്തേ? സകലത്തിന്റെയും കര്‍ത്താവായ യഹോവയേ, അങ്ങു കൂടുതല്‍ ശക്തിയോടെ ഇടപെടണമേ!" മോശ കര്‍ത്താവിനുമുമ്പില്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു.

കർത്താവിൻ്റെ മൃദുശബ്ദം മോശയുടെ ആന്തരിക കർണ്ണങ്ങൾ ശ്രവിച്ചു: "ഇനിയുമൊരു മഹാമാരികൂടെ ഞാന്‍ ഈജിപ്തിനുമേലയയ്ക്കും. പിന്നെ നിങ്ങള്‍ അവനോടപേക്ഷിക്കേണ്ടാ, എത്രയുംപെട്ടെന്ന് ഈജിപ്തില്‍നിന്നു വിട്ടുപോകാന്‍ അവന്‍ നിങ്ങളോടപേക്ഷിക്കും. ഫറവോയും അവന്റെ സേവകരും ഈജിപ്തിലെ ജനംമുഴുവന്‍, മോശയൊരു മഹാപുരുഷനാണെന്നുകരുതുന്ന ദിനങ്ങള്‍ വരും. എല്ലാ ഇസ്രായേല്‍ജനങ്ങളും ഈജിപ്തുകാരുടെ പക്കല്‍നിന്നു സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങള്‍ ചോദിച്ചുവാങ്ങാന്‍ നീ പറയൂ. അവരതു നല്കും. ഞങ്ങളുടെ ആഭരണങ്ങളൊന്നും തിരികേത്തരേണ്ട, നിങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്നു ദൂരെയെവിടെയെങ്കിലും പോയാല്‍മതിയെന്ന് ഈജിപ്തുകാര്‍പറയുന്ന ദിനങ്ങള്‍ വരുന്നു. നിങ്ങളുടെ അദ്ധ്വാനമാണ് ഈ നാടിനെ സമൃദ്ധിയിലേക്കുയര്‍ത്തിയത്. അതിനാല്‍ ഈജിപ്തിലെ സ്വര്‍ണ്ണവും വെള്ളിയും നിങ്ങളോടൊപ്പം കൊണ്ടുപോകാന്‍ മടിക്കേണ്ടതില്ല. അതു നിങ്ങള്‍ക്കവകാശപ്പെട്ട സമ്പത്താണ്‌.

നീ ഒരിക്കൽക്കൂടെ ഫറവോയെ ചെന്നു കാണുക. സംഹാരദൂതന്റെ ആഗമനത്തെക്കുറിച്ച് അവനു മുന്നറിയിപ്പു നല്കുക.. "

മോശ യാഹ്‌വെയ്ക്കു നന്ദി പറഞ്ഞു സ്തുതിച്ചു.

അന്നുതന്നെ മോശയും അഹറോനും ഫറവോയെ സന്ദര്‍ശിച്ചു. മോശയ്ക്കുവേണ്ടി അഹറോന്‍ ഫറവോയോടു സംസാരിച്ചു.

"ഇനിയും നീ ഇസ്രായേല്‍ ജനതയെ തടഞ്ഞുവച്ചാല്‍ കര്‍ത്താവിന്റെ സംഹാരദൂതന്‍ ഈജിപ്തിലൂടെ കടന്നുപോകും. സിംഹാസനത്തിലിരിക്കുന്ന ഫറവോമുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ദാസിവരെ ഈജിപ്തിലെ എല്ലാ മനുഷ്യരുടേയും കടിഞ്ഞൂല്‍സന്താനങ്ങള്‍ മരിക്കും. മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെയും കടിഞ്ഞൂലുകള്‍ ചാകും. ഇസ്രായേല്‍ക്കാര്‍ക്കും ഈജിപ്തുകാര്‍ക്കുമിടയില്‍ കര്‍ത്താവു ഭേദംകല്പിക്കുകയുംചെയ്യും.

ഇതു നിനക്കു ലഭിക്കുന്ന അവസാനത്തെ അവസരമാണെന്നോർക്കുക...'"

ഫറവോ ആ വാക്കുകള്‍ക്കും വിലനല്കിയില്ല. മോശ കോപത്തോടെ അവിടംവിട്ടിറങ്ങി.

കര്‍ത്താവു മോശയോടു കല്പിച്ചു: "ഇസ്രായേല്‍മക്കളോടു പറയുവിന്‍, ഇന്നു നിങ്ങള്‍ വര്‍ഷത്തിന്റെ ആദ്യമാസത്തിലെ ആദ്യദിവസമായിക്കരുതണം. ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഒരോ കുടുംബത്തിനും ഒരാട്ടിന്‍കുട്ടിയെവീതം കരുതിവയ്ക്കണം. തിരഞ്ഞെടുക്കുന്ന ആട്ടിന്‍കുട്ടി ഒരു വയസ്സുള്ളതും ഊനമറ്റതുമായിരിക്കണം. ഏതെങ്കിലുമൊരു കുടുംബം ആട്ടിന്‍കുട്ടിയെ ഭക്ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണംനോക്കി അയല്‍ക്കുടുംബത്തേയും പങ്കുചേര്‍ക്കുക. പത്താംദിവസംമുതല്‍ പതിന്നാലാം ദിവസംവരെ ആ ആട്ടിന്‍കുട്ടിയെ പ്രത്യേകമായി സൂക്ഷിക്കണം. പതിന്നാലാംദിവസം ഇസ്രായേല്‍സമൂഹം മുഴുവന്‍, അങ്ങനെ മാറ്റിനിറുത്തിയ ആട്ടിന്‍കുട്ടികളെ കൊല്ലണം. അതിന്റെ രക്തത്തില്‍നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പ്പടിയിലും പുരട്ടണം. അതിന്റെ മാംസം തീയില്‍ച്ചുട്ട്, പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളുംചേര്‍ത്ത്, അന്നുരാത്രിയില്‍ ഭക്ഷിക്കണം. ചുട്ടല്ലാതെ, വെള്ളത്തില്‍ വേവിച്ചോ, അല്ലാതെയോ ഭക്ഷിക്കരുത്. പാകംചെയ്ത വീട്ടില്‍വച്ചുതന്നെ പെസഹാ ഭക്ഷിക്കണം. മാംസത്തില്‍നിന്ന് അല്പംപോലും പുറത്തുകൊണ്ടുപോകരുത്., അരമുറുക്കി, പാദരക്ഷകളണിഞ്ഞ്, വടി കൈയിലേന്തി, തിടുക്കത്തിലാണതു ഭക്ഷിക്കേണ്ടത്. കാരണം അതു കര്‍ത്താവിന്റെ പെസഹയാണ്. ആ രാത്രിയില്‍ എന്റെ സംഹാരദൂതന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം അവന്‍ സംഹരിക്കും. കട്ടിളയിലുള്ള, പെസഹാക്കുഞ്ഞാടിന്റെ രക്തം, നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. കുഞ്ഞാടിന്റെ രക്തംതളിച്ച വീടുകളെ സംഹാരദൂതനുപദ്രവിക്കുകയില്ല. ഒരു സ്മരണാദിവസമായി നിങ്ങള്‍ വര്‍ഷംതോറും ഇതേദിവസം പെസഹാത്തിരുനാള്‍ ആചരിക്കണം."

"ഇനിവരുന്ന തലമുറകള്‍തോറും നിങ്ങളുടെ സന്തതിപരമ്പരകള്‍ എല്ലാവര്‍ഷവും കര്‍ത്താവിന്റെ പെസഹാത്തിരുനാള്‍ ആചരിക്കണം. ഇതിന്റെ അര്‍ത്ഥമെന്തെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം, ഈ ദിവസം കര്‍ത്താവിന്റെ സംഹാരദൂതന്‍ ഈജിപ്തിലൂടെ കടന്നുപോയി, ഈജിപ്തിലെ ആദ്യജാതാരെ സംഹരിച്ചപ്പോള്‍ ഇസ്രായേല്‍ക്കാരെ സംരക്ഷിച്ചതിന്റെ അനുസ്മരണമാണ് ഈ തിരുനാള്‍ ആചരിക്കുന്നത്"

കര്‍ത്താവിന്റെ കല്പന മോശയും അഹറോനും ഇസ്രായേല്‍ജനതയെ അറിയിച്ചു.

ജോസഫ് ഇസ്രായേല്‍ക്കാരെക്കൊണ്ടു സത്യംചെയ്യിച്ചിരുന്നതനുസരിച്ച്, കാനാന്‍ദേശത്തേക്കു കൊണ്ടുപോകാനായി, പരിമളദ്രവ്യങ്ങള്‍ പുരട്ടി സംരക്ഷിച്ചിരുന്ന ജോസഫിന്റെ മൃതശരീരം,
മോശ ഒരുക്കിവച്ചു.

ജനങ്ങളെല്ലാം മോശ പറഞ്ഞതുപോലെ ചെയ്തു.


രണ്ടാഴ്ചകൾകൂടെക്കടന്നുപോയി

പെസഹാദിവസം സൂര്യാസ്തമയംകഴിഞ്ഞപ്പോള്‍മുതല്‍ ഈജിപ്തിലെങ്ങും കൂട്ടനിലവിളിയുയര്‍ന്നുതുടങ്ങി. ഫറവോയുടെ കൊട്ടാരംമുതല്‍, കുടിലുകളിലും മാളികകളിലും ജയിലറകളിലുംവരെ ആദ്യസന്താനമായി ജനിച്ച, ഈജിപ്തുകാരായ മനുഷ്യരും ഈജിപ്തുകാരുടെ വളർത്തുമൃഗങ്ങളും പ്രായഭേദമെന്യേ, ജീവന്‍വെടിഞ്ഞു.

ആ രാത്രിയില്‍ത്തന്നെ ഫറവോ മോശയേയും അഹറോനേയും വിളിപ്പിച്ചു.

"ഇസ്രായേല്‍ക്കാരെ മുഴുവനും അവരുടെ ആടുമാടുകളെയും സകലസമ്പത്തിനുമൊപ്പം ഈജിപ്തില്‍നിന്നു കൊണ്ടുപോയിക്കൊള്ളൂ. നിങ്ങള്‍ പോയി കര്‍ത്താവിനു ബലിയര്‍പ്പിക്കൂ. എന്നെയും ഈജിപ്തിനെയും അനുഗ്രഹിക്കൂ. കാണുന്നില്ലേ, ഈജിപ്തുമുഴുവന്‍ നശിച്ചുകൊണ്ടിരിക്കുകയാണ്."

ഈജിപ്തിലെ ജനങ്ങളും ഇസ്രായേല്‍ക്കാരെ നിര്‍ബ്ബന്ധിച്ചു. "ഞങ്ങളുടെ പൊന്നും വെള്ളിയുമെല്ലാം നിങ്ങള്‍ക്കു നല്‍കാം. ഈ ദേശം വിട്ടുപോയിക്കൊള്ളൂ. ഇല്ലെങ്കില്‍ ഞങ്ങളെല്ലാവരും മരിക്കും."

നേരംപുലരുന്നതിനുമുമ്പുതന്നെ മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ജനം പുറപ്പെട്ടു. ഇസ്രായേല്‍ ജനം ഈജിപ്തിലെത്തിയിട്ട്, നാനൂറ്റിമുപ്പതു സംവത്സരങ്ങള്‍ പൂര്‍ത്തിയായ ദിവസമായിരുന്നു, അന്ന്!

ഈജിപ്തിന്റെ അതിര്‍ത്തിയായ സുക്കൊത്തിലേക്കാണ് അവര്‍ നടന്നത്. സ്ത്രീകളെയും കുട്ടികളെയും കൂടാതെ ആറുലക്ഷം പുരുഷന്മാര്‍ ആ സംഘത്തിലുണ്ടായിരുന്നു!

തിടുക്കത്തില്‍ പുറപ്പെട്ടതിനാല്‍ യാത്രയ്ക്കുള്ള ആഹാരമൊരുക്കാനോ മാവു പുളിപ്പിക്കാനോ അവര്‍ക്കു സമയം ലഭിച്ചില്ല. യാത്രയില്‍ അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു.

ദിവസങ്ങള്‍ കടന്നുപോയി. ഈജിപ്തു ശാന്തമായിത്തുടങ്ങി. ഫറവോ തന്റെ ആലോചനാസംഘത്തെ ഒരിക്കൽക്കൂടെ വിളിച്ചുകൂട്ടി.

"നമ്മുടെമേല്‍പ്പതിച്ച ദുരന്തത്തില്‍ മനംനൊന്ത്, ഞാന്‍ വിഡ്ഢിത്തം പ്രവര്‍ത്തിച്ചുപോയി. നമ്മുടെ അടിമകളായ ഇസ്രായേല്‍ക്കാരെ വിട്ടയച്ചതു ഭോഷത്തംതന്നെയാണ്. ഈജിപ്തിലെ ജോലികള്‍ചെയ്യാന്‍ ഇനിയാരാണുള്ളത്?"

ഇസ്രായേല്‍ക്കാരെ തിരികെക്കൊണ്ടുവരണമെന്നുതന്നെയായിരുന്നു ആലോചനാസംഘത്തിലെ മുഴുവന്‍പേരുടെയും അഭിപ്രായം.

"ആടുമാടുകളും സ്ത്രീകളും കുട്ടികളുമൊക്കെയായി അവര്‍ക്ക് ഒരുപാടുദൂരം സഞ്ചരിക്കാനാകില്ല. മികച്ച കുതിരകളും തേരുകളുമായി സൈന്യമൊരുങ്ങട്ടേ! മുഴുവന്‍ ഇസ്രായേൽക്കാരെയും ഈജിപ്തിലേക്കു മടക്കിക്കൊണ്ടുവരട്ടേ!" ഫറവോ കല്പനപുറപ്പെടുവിച്ചു.

കുതിരപ്പടയാളികളും തേരുകളുമടങ്ങിയ വലിയൊരു സൈന്യം ഇസ്രായേൽക്കാരെ പിടികൂടി, തിരികെക്കൊണ്ടുവരാനായി പുറപ്പെട്ടു.

Saturday 7 October 2017

32. കന്മഴ പെയ്തപ്പോള്‍

ബൈബിൾക്കഥകൾ 32


നാട്ടിലുണ്ടായ മഹാമാരികൾകണ്ടിട്ടും ഫറവോ ഇസ്രയേല്യരെ വിട്ടയച്ചില്ല. മോശ വീണ്ടും ഫറവോയുടെ മുമ്പിലെത്തി. 

മോശയ്ക്കുവേണ്ടി അഹറോന്‍ സംസാരിച്ചു. "കര്‍ത്താവു ചോദിക്കുന്നു, എന്റെ ജനത്തെ വിട്ടയയ്ക്കാതിരിക്കത്തക്കവിധം നീ ഇനിയുമവരുടെനേരേ ഹൃദയകാഠിന്യം പ്രകടിപ്പിക്കുന്നതെന്തിന്? നീ മനസ്സുമാറ്റുന്നില്ലെങ്കിൽ, നാളെയീ സമയത്ത്, ഈജിപ്തില്‍ ഇന്നുവരെയുണ്ടായിട്ടില്ലാത്തവിധം കഠിനമായ കന്മഴ ഞാന്‍ വര്‍ഷിക്കും. ജീവനോടെയവശേഷിക്കുന്ന കന്നുകാലികളടക്കം വയലിലുള്ളവയെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചാല്‍നന്ന്! വയലില്‍നില്ക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ കന്മഴപെയ്യുകയും അവയെല്ലാം മൃതരാകുകയുംചെയ്യും."
     
ഈജിപ്തിലെ ജനങ്ങളിൽ കര്‍ത്താവിന്റെ വാക്കിനെ ഭയപ്പെട്ടവര്‍ തങ്ങളുടെ ദാസരേയും മൃഗങ്ങളെയും അന്നുതന്നെ വീടുകളിലെത്തിച്ചു. എന്നാല്‍ കര്‍ത്താവിന്റെ വാക്കിനെ ഗൗനിക്കാതിരുന്നവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വയലില്‍ത്തന്നെ നിറുത്തി.    

പിറ്റേന്നു പുലര്‍ച്ചെ, മോശ ആകാശത്തിലേക്കു തന്റെ കൈനീട്ടി.      

വലിയ ഇടിമുഴക്കത്തിൻ്റെ ശബ്ദത്തോടെ,  ആകാശം ഭൂമിയിലേക്കു കല്ലുകൾ വർഷിച്ചുതുടങ്ങി. തീജ്വാലകളുടെ അകമ്പടിയോടെ, വലിയ കല്ലുകള്‍ ആകാശത്തുനിന്നു കൂട്ടമായി ഭൂമിയില്‍പ്പതിച്ചു. ഈജിപ്തിലെ വയലുകളിലെങ്ങും പെരുമഴപോലെ കല്ലുകള്‍ പെയ്തിറങ്ങി. മിന്നല്‍പ്പിണരുകളെന്നപോലെ കല്ലുകള്‍ക്കൊപ്പം ആകാശത്തിലഗ്നിയെരിഞ്ഞുകൊണ്ടിരുന്നു.

ഇസ്രായേല്‍ക്കാര്‍ വസിച്ചിരുന്ന ഗോഷെനിലൊഴികെ ഈജിപ്തിലെ വയലുകളിലുണ്ടായിരുന്ന മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം കന്മഴ നശിപ്പിച്ചു. അവിടെയുണ്ടായിരുന്ന ചെടികളെയും വന്മരങ്ങളെയും നിശ്ശേഷം തകര്‍ത്തുകളഞ്ഞു.

കന്മഴയ്ക്കല്പം ശമനമുണ്ടായപ്പോൾ, ഫറവോ മോശയെയും അഹറോനെയും കൊട്ടാരത്തിലേക്കു വരുത്തി. 

"ഞാന്‍ തെറ്റുചെയ്തിരിക്കുന്നു. കര്‍ത്താവു നീതിമാനാണ്. ഞാനും എന്റെ ജനവും തെറ്റുകാരാണ്. ദൈവമായ കർത്താവിനുമുമ്പിൽ ഞാനതേറ്റുപറയുന്നു. ഈ കന്മഴയ്ക്കും അഗ്നിവർഷത്തിനും  അറുതിവരാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍. ഇനി നിങ്ങള്‍ അല്പംപോലും വൈകണ്ടാ. നിങ്ങളാവശ്യപ്പെട്ടതുപോലെ, ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം." ഫറവോയുടെ വാക്കുകൾ മോശ സ്വീകരിച്ചു.

മോശയ്ക്കുവേണ്ടി, അഹറോന്‍ ഫറവോയോടു പറഞ്ഞു: "ഞാന്‍ പട്ടണത്തില്‍നിന്നു പുറത്തുകടന്നാലുടന്‍ കര്‍ത്താവിന്റെനേര്‍ക്കു കൈകള്‍വിരിച്ചു പ്രാര്‍ത്ഥിക്കാം. അപ്പോള്‍, ഇടിമുഴക്കമവസാനിക്കുകയും കന്മഴ പൂർണ്ണമായി നിലയ്ക്കുകയുംചെയ്യും. അങ്ങനെ, ഭൂമിമുഴുവന്‍ കര്‍ത്താവിന്റെതാണെന്നു നീ ഗ്രഹിക്കും."

മോശ, ഫറവോയുടെയടുത്തുനിന്നു  പട്ടണത്തിനു വെളിയിലേക്കു പോയി, കര്‍ത്താവിന്റെനേര്‍ക്കു കൈകള്‍വിരിച്ചു പ്രാര്‍ത്ഥിച്ചു.      

ഇടിമുഴക്കവും കന്മഴയും പൂർണ്ണമായി നിലച്ചു. ആകാശത്തിലെ അഗ്നിനാളങ്ങള്‍ ഭൂമിയിലേക്കു പതിക്കാതെയായി. മനുഷ്യരുടെമേലുണ്ടായിരുന്ന വൃണങ്ങളും പേനുകളും അപ്രത്യക്ഷമായി. ഭവനങ്ങളിൽനിറഞ്ഞിരുന്ന ഈച്ചകള്‍ എവിടെയോ പോയ്‌ മറഞ്ഞു.

ഈജിപ്തിനെ ബാധിച്ചിരുന്ന മഹാമാരികളും കന്മഴയും പൂര്‍ണ്ണമായി നിലച്ചെന്നുകണ്ടപ്പോള്‍, ഫറവോ തന്റെ വാക്കില്‍നിന്നു പിന്മാറി. അവന്‍ ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.

മോശ കര്‍ത്താവിനു മുമ്പില്‍ കൈകള്‍ വിരിച്ചു പ്രാര്‍ത്ഥിച്ചു: "കര്‍ത്താവേ, ഇത്രയേറെ അടയാളങ്ങള്‍ക്കുശേഷവും ഫറവോ, തൻ്റെ ഹൃദയം കഠിനമാക്കുന്നതെന്താണ്? ഇസ്രായേല്‍ജനത്തെ അവന്‍ വിട്ടയയ്ക്കുന്നില്ലല്ലോ?"

"ആദിയില്‍ത്തന്നെ മനുഷ്യനെ സ്വതന്ത്രഹൃദയത്തോടെയാണു ഞാന്‍ സൃഷ്ടിച്ചത്. നന്മയും തിന്മയും അവന്റെ മുമ്പിലുണ്ട്. നന്മയോടൊപ്പം രക്ഷയും തിന്മയോടൊപ്പം ശിക്ഷയുമുണ്ട്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ മനുഷ്യനു നല്കിയിരിക്കുന്നു. അനുഗ്രഹവും ശാപവും മനുഷ്യന്റെ തിരഞ്ഞെടുപ്പിലാണ്. ഫറവോ ഇനിയും നന്മയുടെ മാര്‍ഗ്ഗത്തില്‍ വരുന്നില്ലെങ്കില്‍ അവനും അവന്റെ രാജ്യവും കൂടുതല്‍ കഠിനമായ ശിക്ഷകളിലൂടെ കടന്നുപോകേണ്ടതായിവരും. നിങ്ങള്‍ വീണ്ടും ഫറവോയുടെ അടുത്തുപോയി ഞാന്‍ പറയുന്നത് അവനെയറിയിക്കുക. അനുഗ്രഹമോ ശാപമോ അവന്‍തന്നെ തിരഞ്ഞെടുക്കട്ടെ!"

മോശയും അഹറോനും വീണ്ടും ഫറവോയുടെയടുത്തുചെന്നു. അഹറോന്‍ മോശയ്ക്കുവേണ്ടി സംസാരിച്ചു: "ഹെബ്രായരുടെ ദൈവമായ കര്‍ത്താവു പറയുന്നു, എത്രനാള്‍ നീ, എനിക്കു കീഴ്‌വഴങ്ങാതെ നില്ക്കും? എന്നെയാരാധിക്കാനായി, എന്റെ ജനത്തെ വിട്ടയയ്ക്കുക. അവരെ വിട്ടയ്ക്കാന്‍ വിസമ്മതിച്ചാല്‍, നിന്റെ രാജ്യത്തേക്കു ഞാന്‍ വെട്ടുകിളികളെ അയയ്ക്കും, അവ ദേശത്തെ കാഴ്ചയില്‍നിന്നുതന്നെ മറച്ചുകളയും; ഈജിപ്തിലെ സസ്യങ്ങളിൽ, കന്മഴയില്‍നിന്നു രക്ഷപ്പെട്ടവയെല്ലാം വെട്ടുകിളികള്‍ തിന്നുകളയും. നിന്റെയും നിന്റെ സേവകരുടെയും ഈജിപ്തുകാരെല്ലാവരുടെയും വീടുകളില്‍ അവ വന്നുനിറയും. "

ഫറവോ തൻ്റെ ഉപദേശകരുമായി കൂടിയാലോചിച്ചു. 

ഈജിപ്തിലെ ശ്രേഷ്ഠന്മാർ ഫറവയോടു പറഞ്ഞു: 

"ഇത്രയുമായിട്ടും, ഈജിപ്തു നശിച്ചുകൊണ്ടിരിക്കയാണെന്ന്  അങ്ങറിയുന്നില്ലേ? ഇനിയുമെത്രനാള്‍, ഈ മനുഷ്യരുടെ ഉപദ്രവം നമ്മൾ സഹിക്കണം? 
അവരുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കാനായി അവരെ വിട്ടയക്കാൻ അങ്ങു മനസ്സാകണം"

ഫറവോ മോശയോടു പറഞ്ഞു: "നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതിനായി നിങ്ങൾ പോകുന്നതു ഞാന്‍ തടയുന്നില്ല. എന്നാല്‍, ആരെല്ലാമാണു പോകുന്നതെന്ന്,  നിങ്ങളെന്നെയറിയിക്കണം."

മോശയ്ക്കുവേണ്ടി അഹറോന്‍ പറഞ്ഞു: "ഇസ്രായേല്‍ജനതമുഴുവന്‍ ഒരുമിച്ചാണു പോകേണ്ടത്. ഞങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകണം. കാരണം, ഞങ്ങള്‍ പോകുന്നത് കര്‍ത്താവിന്റെ പൂജാമഹോത്സവമാഘോഷിക്കാനാണ്.      

"ഞാന്‍ നിങ്ങളോടൊപ്പം നിങ്ങളുടെ കുഞ്ഞുങ്ങളെയും വിട്ടയയ്ക്കുകയോ? നിങ്ങളുടെയുള്ളില്‍ എന്തോ ദുരുദ്ദേശ്യമുണ്ട്. അതിനാല്‍ അതു ഞാനനുവദിക്കുകയില്ല. നിങ്ങളില്‍ പുരുഷന്മാര്‍മാത്രം പോയി കര്‍ത്താവിനെയാരാധിച്ചാല്‍മതി."

"ഇല്ല, ഞങ്ങള്‍ക്കതല്ല വേണ്ടത്! ഇസ്രായേല്‍ജനതയെ മുഴുവന്‍ വിട്ടയയ്ക്കാന്‍ തയ്യാറാകുന്നതുവരെ, കര്‍ത്താവിന്റെ കരം നിന്നില്‍നിന്നു നീങ്ങിപ്പോകുകയില്ല."

മോശയും അഹറോനും കൊട്ടാരംവിട്ടിറങ്ങി.

മോശ തന്റെ വടി ഈജിപ്തിന്റെമേല്‍ നീട്ടി. ഈജിപ്തിലെങ്ങും അന്ധകാരം വ്യാപിച്ചു. മൂന്നുദിവസത്തേക്ക് ഈജിപ്തില്‍ പ്രകാശമുണ്ടായിരുന്നില്ല. സൂര്യപ്രകാശത്തെ പൂർണ്ണമായിത്തടഞ്ഞുകൊണ്ട് ഈജിപ്തിൻ്റെയാകാശത്തെ കരിമുകിലുകൾ മറച്ചുകളഞ്ഞു.

എന്നാൽ ഇസ്രായേലുകാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍മാത്രം പ്രകാശമുണ്ടായിരുന്നു. 

ഫറവോ വീണ്ടും മോശയെ രാജസദസ്സിലേക്കു വിളിപ്പിച്ചു.

"നിങ്ങള്‍പോയി കര്‍ത്താവിനുബലിയര്‍പ്പിച്ചുകൊള്ളുക. സ്ത്രീകളെയും കുട്ടികളെയുംകൂടെ കൊണ്ടുപോയിക്കൊള്ളൂ. എന്നാല്‍ നിങ്ങളുടെ ആടുമാടുകളെ ഇവിടെ നിറുത്തണം."

"അതുപറ്റില്ല. ഞങ്ങളുടെ ആടുമാടുകളില്‍നിന്നു ബലിയര്‍പ്പിക്കാന്‍ കര്‍ത്താവ് ആവശ്യപ്പെട്ടേക്കാം. അതുകൊണ്ടു ഞങ്ങള്‍ക്കവയെക്കൂടെ ഞങ്ങൾക്കൊപ്പം കൊണ്ടുപോയേപറ്റൂ. ഞങ്ങള്‍ക്കുവേണ്ട ഹോമദ്രവ്യങ്ങളും ബലിവസ്തുക്കളും നീതന്നെ തരുകയും വേണം" അഹറോന്‍ മോശയുടെ വക്താവായി.

ഫറവോ കോപിഷ്ഠനായി.

"ഇറങ്ങിപ്പോകൂ എന്റെ മുമ്പില്‍നിന്ന്! ഓരോതവണയും നിങ്ങൾ പുതിയപുതിയ ആവശ്യങ്ങളുമായാണു വരുന്നത്. ഇനി നിങ്ങൾ എൻ്റെ കണ്മുമ്പില്‍വന്നാല്‍ അന്നു നിങ്ങൾ രണ്ടുപേരുടേയും മരണദിനമായിരിക്കും. ഓർമ്മയിരിക്കട്ടെ!"


"അ്അ്അ്ങ്ങനെയാകട്ടെ. ഞാനിനി ന് ന് നിന്റെ മുമ്പില്‍ വ് വ് വ് വരില്ല."

ഫറവോയുടെ കൊട്ടാരത്തില്‍നിന്നു കോപത്തോടെ പടിയിറങ്ങിയ മോശ, കവാടത്തിനു മുമ്പില്‍നിന്നുകൊണ്ടു തന്റെ വടി ഈജിപ്തിനുമേല്‍ നീട്ടി.

"ക് ക് ക് കന്മഴയെ അതിജീവിച്ച എല്ലാച്ചെടികളും തിന്നുനശിപ്പിക്കുന്നതിനു വ് വ് വ് വെട്ടുകിളികള്‍ വരട്ടെ."

അന്നു പകലും രാത്രിയും  കര്‍ത്താവു കിഴക്കന്‍കാറ്റു വീശിച്ചു. ആ കിഴക്കന്‍കാറ്റ് ഈജിപ്തിലേക്കു വെട്ടുകിളികളെ കൊണ്ടുവന്നു.      

വെട്ടുകിളികള്‍ ഈജിപ്തിനെയാകെ ആക്രമിച്ചു. അവ രാജ്യംമുഴുവന്‍ വ്യാപിച്ചു. അവ ദേശമാകെ മൂടിക്കളഞ്ഞു. കന്മഴയെ അതിജീവിച്ച ചെടികളും, മരങ്ങളില്‍ ബാക്കിനിന്ന പഴങ്ങളും അവ തിന്നുതീര്‍ത്തു. ഈജിപ്തില്‍ മരങ്ങളിലും വയലിലെ ചെടികളിലും പച്ചയായി ഒന്നുംതന്നെയവശേഷിച്ചില്ല.      

ഫറവോ തിടുക്കത്തില്‍ മോശയെയും അഹറോനെയും വിളിപ്പിച്ചു: "നിങ്ങൾക്കും നിങ്ങളുടെ ദൈവമായ കര്‍ത്താവിനുമെതിരായി ഞാന്‍ തെററുചെയ്തുപോയി. ഇപ്രാവശ്യംകൂടെ എന്നോടു ക്ഷമിക്കണം. മാരകമായ ഈ ബാധ എന്നില്‍നിന്നകറ്റുന്നതിനു നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍. നിങ്ങളാവശ്യപ്പെട്ടതുപോലെ ഞാന്‍ നിങ്ങളുടെ ജനത്തെ വിട്ടയയ്ക്കാം."
   
മോശ സമ്മതിച്ചു. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.    

കര്‍ത്താവു വളരെ ശക്തമായ പടിഞ്ഞാറന്‍ കാറ്റു വീശിച്ചു. അതു വെട്ടുകിളികളെ തൂത്തുവാരി ചെങ്കടലിലെറിഞ്ഞു. അവയിലൊന്നുപോലും ഈജിപ്തിലവശേഷിച്ചില്ല.

എല്ലാം ശാന്തമായെന്നു കണ്ടപ്പോള്‍ ഫറവോ വീണ്ടും മനസ്സുമാറ്റി. ഇസ്രായേല്‍ജനത്തെ വിട്ടയയ്ക്കാന്‍ അവന്‍ തയ്യാറായില്ല!!!

Sunday 1 October 2017

31. മഹാമാരികള്‍

ബൈബിൾക്കഥകൾ - 31

തവളകളുടെ ശല്യമില്ലാതാക്കാൻ, ഫറവോ തന്റെ മന്ത്രവാദികളെ വിളിച്ചു. അവരുടെ മാന്ത്രികവിദ്യകളാല്‍ അവര്‍ വിദൂരസ്ഥലങ്ങളില്‍നിന്നുപോലും തവളകളെ ഈജിപ്തിലേക്കു വരുത്തി. എന്നാല്‍ ഒന്നിനെപ്പോലും ഈജിപ്തിനു പുറത്തേക്കയയ്ക്കാന്‍ അവര്‍ക്കായില്ല...

ശുദ്ധജലമില്ലാതെയും തവളകളുടെ ശല്യത്താല്‍വലഞ്ഞും ദുരിതപൂര്‍ണ്ണങ്ങളായ ഏഴുദിനരാത്രങ്ങള്‍ ഈജിപ്തുകാര്‍ പിന്നിട്ടു. ഇസ്രായേല്‍ക്കാരുടെ ഗ്രാമങ്ങള്‍മാത്രം ദുരിതങ്ങളില്‍നിന്നകന്നുനിന്നു.

തന്റെ മന്ത്രവാദികള്‍ക്ക് ഈജിപ്തിനെ ഈ ദുസ്ഥിതിയില്‍നിന്നു മോചിപ്പിക്കാനാകില്ലെന്നു മനസ്സിലായപ്പോള്‍ ഫറവോ മോശയേയും അഹറോനെയും കൊട്ടാരത്തിലേക്കു വിളിപ്പിച്ചു.

"എന്നില്‍നിന്നും എന്റെ ജനത്തില്‍നിന്നും ഈ തവളകളെയകറ്റിക്കളയുന്നതിനു നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു  പ്രാര്‍ത്ഥിക്കുവിന്‍; ഈജിപ്തിൽനിന്ന് ഈ ശല്യം പൂർണ്ണമായൊഴിഞ്ഞുപോയാൽ, കര്‍ത്താവിനു ബലിയര്‍പ്പിക്കാനായി നിങ്ങളുടെ ജനതയെ ഞാന്‍ വിട്ടയയ്ക്കാം."       

മോശയ്ക്കുവേണ്ടി അഹറോന്‍ ഫറവോയോടു പറഞ്ഞു: "തവളകളെ ഈജിപ്തിലെ ഭവനങ്ങളില്‍നിന്നും  രാജകൊട്ടാരത്തില്‍നിന്നുമകറ്റി, നദിയിലൊതുക്കിനിറുത്തുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം. കര്‍ത്താവിനു തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും."  

ഫറവോയോടു പറഞ്ഞതുപോലെ, ശുദ്ധജലം ലഭിക്കാനും തവളകളുടെ ശല്യമൊഴിവാക്കാനുമായി മോശ കര്‍ത്താവിനോടപേക്ഷിച്ചു.   
വീടുകളിലും അങ്കണങ്ങളിലും വയലുകളിലും അധികമായുണ്ടായിരുന്ന തവളകള്‍ ചത്തൊടുങ്ങി. ജനങ്ങളവയെ വലിയ കൂനകളായിക്കൂട്ടി. നാട്ടില്‍ ദുര്‍ഗന്ധം വ്യാപിച്ചപ്പോള്‍ വലിയ കുഴികളുണ്ടാക്കി അവയെയെല്ലാം മൂടിക്കളഞ്ഞു.  

ഈജിപ്തിലെ നദികളിലെ ജലമെല്ലാം  ശുദ്ധീകരിക്കപ്പെട്ടു.

തവളകളുടെ ശല്യത്തിൽനിന്ന്, നാടിനു സ്വൈരംലഭിച്ചെന്നുകണ്ടപ്പോള്‍ ഫറവോയുടെ മനസ്സുമാറി. ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ അവന്‍ തയ്യാറായില്ല. 

ദിവസങ്ങള്‍കഴിഞ്ഞിട്ടും ഫറവോ വാക്കുപാലിക്കുന്നില്ലെന്നുകണ്ട മോശ, കൊട്ടാരത്തിലെത്തി ഫറവോയെക്കാണാന്‍ ശ്രമിച്ചു. എന്നാല്‍ കാവല്‍ക്കാര്‍ അവനെ കടത്തിവിട്ടില്ല.

മോശ കുപിതനായി അഹറോനോടു പറഞ്ഞു: "ഇതാ, എൻ്റെ വടികൊണ്ടു നിലത്തെ പൂഴിയിലടിക്കുക. അപ്പോൾ അതു പേനായിത്തീര്‍ന്ന്, ഈജിപ്തുമുഴുവന്‍ വ്യാപിക്കും."        
അഹറോന്‍ മോശയിൽനിന്നു വടി വാങ്ങി. കാവല്‍ക്കാരുടെ മുമ്പില്‍വച്ചുതന്നെ നിലത്തെ പൂഴിയിലടിച്ചു. അപ്പോൾമുതൽ പൂഴിയിൽനിന്നു പേനുകൾ പുറത്തുവന്നുതുടങ്ങി. കൊട്ടാരവാതുക്കൽനിന്നു തുടങ്ങി, ഈജിപ്തിൻ്റെ അതിർത്തികൾവരെ അതു വ്യാപിച്ചു. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പേന്‍ നിറഞ്ഞുതുടങ്ങി. ഗോഷൻപ്രവിശ്യയിൽമാത്രം പേനുകളുടെ ശല്യമുണ്ടായിരുന്നില്ല.

ഫറവോ തൻ്റെ മന്ത്രവാദികളെ വിളിപ്പിച്ചു. ഈജിപ്തിലെ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: "ഈ മനുഷ്യരോടൊപ്പം ദൈവകരം പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ നിസ്സഹായരാണ്."

എങ്കിലും ഫറവോ മനസ്സുമാറ്റിയില്ല.

പിറ്റേന്ന്, ഫറവോ സ്നാനത്തിനായി നദിയിലേക്കുവരുന്ന വഴിയില്‍, മോശ അഹറോനോടൊപ്പം കാത്തുനിന്നു.

ഫറവോയെക്കണ്ടപ്പോള്‍ മോശയ്ക്കുവേണ്ടി അഹറോന്‍ ഉറക്കെ വിളിച്ചുപറഞ്ഞു:

"കര്‍ത്താവിപ്രകാരം പറയുന്നു: എന്നെയാരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക. എന്റെ ജനത്തെ വിട്ടയയ്ക്കാത്തപക്ഷം, നിന്റെയും സേവകരുടെയും ജനത്തിന്റെയുംമേല്‍ ഞാന്‍ ഈച്ചകളെയയയ്ക്കും. അങ്ങനെ ഈജിപ്തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും. അവര്‍ നില്‍ക്കുന്ന സ്ഥലംപോലും ഈച്ചക്കൂട്ടങ്ങള്‍ പൊതിയും. എന്നാല്‍, എന്റെ ജനം വസിക്കുന്ന ഗോഷെന്‍പ്രദേശത്തെ ഞാന്‍ ഒഴിച്ചുനിറുത്തും; അവിടെ ഈച്ചകളുണ്ടായിരിക്കില്ല. അങ്ങനെ, ഞാനാണു ഭൂമിയില്‍ സകലത്തിന്റെയും കര്‍ത്താവെന്നു നീ ഗ്രഹിക്കും."

ഫറവോ അവരെ ശ്രദ്ധിച്ചതേയില്ല.  

അന്നുരാത്രിമുതൽ ഈജിപ്തുരാജ്യംമുഴുവന്‍ ഈച്ചകളുടെ കൂട്ടങ്ങൾവന്നു നിറഞ്ഞുതുടങ്ങി. 

പിറ്റേന്നു പ്രഭാതത്തിൽ, ഫറവോ മോശയെയും അഹറോനെയും  കൊട്ടാരത്തിലേക്കു വിളിപ്പിച്ചു: "എന്തിനു നിങ്ങള്‍ രാജ്യംവിട്ടുപോകണം? ഇസ്രയേൽക്കാരും ഈജിപ്തിൻ്റെ പൗരന്മാർതന്നെയാണല്ലോ. നിങ്ങള്‍ ഈജിപ്തിനുള്ളില്‍ എവിടെവേണമെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിച്ചുകൊള്ളുവിന്‍."

മോശ പറഞ്ഞു: "അതു ശരിയാകില്ല. ഈജിപ്തുകാര്‍ക്കരോചകമായ വസ്തുക്കളാണു കര്‍ത്താവിനു ഞങ്ങള്‍ ബലിയര്‍പ്പിക്കുന്നത്. അതിനാല്‍, അവര്‍ കാണ്‍കെ ബലിയര്‍പ്പിക്കുകയാണെങ്കില്‍, അവർ ചിലപ്പോൾ ഞങ്ങളെ കല്ലെറിയും. 

അതിനാൽ കര്‍ത്താവിന്റെ കല്പനപോലെ, മൂന്നുദിവസത്തെ യാത്രചെയ്തു മരുഭൂമിയിലെത്തി, അവിടെവച്ചു ഞങ്ങള്‍, അവിടുത്തേയ്ക്കു ബലിയര്‍പ്പിക്കണം."

"നിങ്ങൾ നിങ്ങളുടെ ദൈവത്തിനു ബലിയർപ്പിക്കുന്നതിനു ഞാനെതിരല്ല. എന്നാൽ, എന്തു സംഭവിച്ചാലും രാജ്യത്തിനു പുറത്തേക്കുപോകാന്‍ നിങ്ങളെ ഞാനനുവദിക്കുകയില്ല. നിങ്ങള്‍ പോയാല്‍ തിരിച്ചുവരുകയില്ല. ഈജിപ്തിലെ വയലുകളിലും ഇഷ്ടികച്ചൂളകളിലും കെട്ടിടനിര്‍മ്മാണസ്ഥലങ്ങളിലും പണിചെയ്യാന്‍ ആളില്ലാതെയാകും."

മോശയുടെ നിര്‍ദ്ദേശപ്രകാരം അഹറോന്‍ സംസാരിച്ചുതുടങ്ങി. "നീയിനിയും ഞങ്ങളെ വിട്ടയയ്ക്കാന്‍ വിസമ്മതിച്ചാല്‍ കര്‍ത്താവിന്റെ കരം, വയലിലുള്ള നിന്റെ മൃഗങ്ങളുടെമേല്‍ പതിക്കും; അവയെ മഹാമാരി ബാധിക്കും. ഇസ്രായേല്‍ക്കാരുടെയും ഈജിപ്തുകാരുടെയും മൃഗങ്ങള്‍ക്കുതമ്മില്‍ കര്‍ത്താവു ഭേദംകല്പിക്കും. ഇസ്രായേല്‍ക്കാരുടേതില്‍ ഒന്നുപോലും നശിക്കയില്ല. കര്‍ത്താവു നാളെ, ഈ രാജ്യത്തിതുചെയ്യുമെന്നു സമയവും നിശ്ചയിച്ചിരിക്കുന്നു."

ഫറവോ അവരുടെ വാക്കുകള്‍ ശ്രദ്ധിച്ചില്ല.
 
അടുത്ത ദിവസംതന്നെ മോശപ്രവചിച്ചതുപോലെ സംഭവിച്ചു. കുതിര, കഴുത, ഒട്ടകം, കാള, ആട് തുടങ്ങി, ഈജിപ്തുകാരുടെ മൃഗങ്ങളില്‍ പകുതിയിലധികവും ചത്തൊടുങ്ങി. എന്നാല്‍, ഇസ്രായേല്‍ക്കാരുടെ മൃഗങ്ങളെല്ലാം സുരക്ഷിതമായിരുന്നു.

ഈജിപ്തിലെങ്ങും ഈച്ചകളും പേനുകളൂം അപ്പൊഴും പെരുകിക്കൊണ്ടിരുന്നു

രാജ്യത്തു കനത്ത നാശനഷ്ടങ്ങളുണ്ടായെന്നറിഞ്ഞിട്ടും ഫറവോ മനസ്സുമാറ്റിയില്ല. ഈജിപ്തിലെ ഇസ്രായേല്‍ക്കാരെ അഹോരാത്രം പണിയെടുപ്പിച്ച് രാജ്യത്തിനുണ്ടായ നഷ്ടംനികത്താന്‍ ഫറവോ തൻ്റെ ഉദ്യോഗസ്ഥർക്കു നിര്‍ദ്ദേശംനല്കി. ഇസ്രായേല്‍ക്കാരുടെ യാതനകള്‍ വര്‍ദ്ധിച്ചു.

മോശയും അഹറോനും ഒരിക്കല്‍ക്കൂടെ ഫറവോയെ സന്ദര്‍ശിച്ചു. ചൂളയില്‍നിന്നെടുത്ത കുറെ ചാരം അവര്‍ കൈകളില്‍ കരുതിയിരുന്നു
 
"ഇസ്രായേല്‍ജനതയെ പീഡിപ്പിക്കുന്ന നിന്റെയും നിന്റെ ജനതയുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍നിറയാനായി ഞങ്ങളിതാ ഈ ചാരം അന്തരീക്ഷത്തിലേക്കു വിതറുന്നു."


മോശ, ചാരം മുകളിലെക്കെറിഞ്ഞതിനുശേഷം കൊട്ടാരംവിട്ടിറങ്ങി.

ഏറെവൈകാതെ ഈജിപ്തുകാർക്കെല്ലാം ശരീരത്തിൽ ചൊറിച്ചിലുണ്ടായിത്തുടങ്ങി. പോകെപ്പോകെ മനുഷ്യരിലും മൃഗങ്ങളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടായി. 

എന്നാൽ ഇസ്രായേൽക്കാരിലൊരാൾക്കുപോലും ശരീരംചൊറിയുകയോ വ്രണങ്ങളുണ്ടാകുകയോ ചെയ്തില്ല..

ഈച്ചകളും പേനുകളും ശരീരമാകെ നിറയുന്ന വ്രണങ്ങളുമായി, ഈജിപ്തിലെ ജനങ്ങൾ കഷ്ടതയിലായി. ഈജിപ്തിലെ വൈദ്യന്മാരും മന്ത്രവാദികളും കിണഞ്ഞു ശ്രമിച്ചിട്ടും ആർക്കും സൗഖ്യംലഭിച്ചില്ല.

എങ്കിലും ഫറവോ മനസ്സു മാറ്റിയില്ല.