Sunday 26 November 2017

39. പത്തുകല്പനകള്‍

ബൈബിൾക്കഥകൾ 39

മോശയും അഹറോനും മലമുകളിലേക്കു കയറി. മുകളിലേക്കു കയറുന്തോറും അനിർവചറിയമായൊരു സന്തോഷം ഉള്ളിൽ നിറഞ്ഞുകൊണ്ടിരുന്നു. മലമുകളില്‍, കര്‍ത്താവിന്റെ സാന്നിദ്ധ്യം അവരെ പൊതിഞ്ഞുനിന്നു. അഹറോനോട് ഇടയിലൊരിടത്ത് പ്രാർത്ഥനാപൂർവ്വം നില്ക്കാനാവശ്യപ്പെട്ടശേഷം മോശ അല്പംകൂടെ മുകളിലേക്കു കയറി. 

കര്‍ത്താവു മോശയോടു പറഞ്ഞു: "നിങ്ങളും നിങ്ങളുടെ തലമുറകളും വാഗ്ദത്തഭൂമിയില്‍ ദീര്‍ഘനാള്‍ ജീവിക്കണം. അതിനാവശ്യമായ ജീവന്റെ നിയമങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നല്കാം. ഒരു സമൂഹമായി ഭൂമിയിൽ നിലനില്‍ക്കാനാവശ്യമായ ഭൗതികനിയമങ്ങളും ഞാന്‍ നിങ്ങള്‍ക്കു നല്കാം. "

പീഠതുല്യമായിപ്പരന്നുകിടന്ന ഒരു പാറപ്പുറത്തു മോശ മുട്ടുകുത്തി. കണ്ണുകളടച്ച് ധ്യാനനിമഗ്നനായി. ഇസ്രായേല്‍ജനമനുഷ്ഠിക്കേണ്ട, ദൈവാരാധനയെക്കുറിച്ചുള്ള നിയമങ്ങളും സാമൂഹികനിയമങ്ങളും കര്‍ത്താവു മോശയുടെ മനസ്സില്‍ പതിച്ചുകൊണ്ടിരുന്നു. ദൈവമായ കർത്താവ്, ഇസ്രായേല്‍ജനവുമായി പുതിയൊരുടമ്പടിയുറപ്പിക്കുകയായിരുന്നു.

"എനിക്കു വസിക്കാൻ മനുഷ്യനിർമ്മിതമായ ഒരാലയമാവശ്യമില്ല. എന്നാൽ എൻ്റെ സാന്നിദ്ധ്യം നിങ്ങൾക്കനുഭവവേദ്യമാകാൻ ഒരു സാന്നിദ്ധ്യകൂടാരം നിങ്ങൾ നിർമ്മിക്കണം"

കര്‍ത്താവിനായി തിരുസാന്നിദ്ധ്യകൂടാരവും അതിനോടുചേര്‍ന്ന ബലിപീഠവും നിര്‍മ്മിക്കാനുള്ള അളവുകളും അവിടുന്നു മോശയ്ക്കു നല്കി.

അഹറോനെയും അവന്റെ പുത്രന്മാരെയും തന്റെ പുരോഹിതശുശ്രൂഷകരായി ചുമതലപ്പെടുത്താൻ കർത്താവു മോശയോടു കല്പിച്ചു.

ദീർഘമായ പ്രാർത്ഥനയ്ക്കുശേഷം മോശ അഹറോനുസമീപത്തേയ്ക്കിറങ്ങിവന്നു.

മോശയുടെ ഹൃദയത്തിൽപ്പതിഞ്ഞ കര്‍ത്താവിന്റെ വചനങ്ങള്‍, അയാൾ അഹറോനോടു പറഞ്ഞു. അഹറോൻ അവയെല്ലാം എഴുത്തുചുരുളുകളിലെഴുതിവച്ചു.

മോശയും അഹറോനും മലയിൽനിന്നിറങ്ങി. 

മലയടിവാരത്തില്‍ മോശയൊരു ബലിപീഠമൊരുക്കി.. അതിനോടുചേർന്ന്,  ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ സൂചിപ്പിക്കാനായി പന്ത്രണ്ടു സ്തൂപങ്ങളുമുണ്ടാക്കി.

ഊനമറ്റൊരു കാളക്കിടാവിനെ  കര്‍ത്താവിനായി ബലിയര്‍പ്പിച്ചു. ബലിമൃഗത്തിന്റെ രക്തത്തില്‍ പകുതി അവന്‍ ബലിപീഠത്തില്‍ തളിച്ചു. ബാക്കി, പാത്രങ്ങളില്‍ ശേഖരിച്ചു.

കര്‍ത്താവ് ഇസ്രായേലുമായിച്ചെയ്യുന്ന ഉടമ്പടിയുടെ വചനങ്ങളെഴുതിയ എഴുത്തുചുരുള്‍ നിവര്‍ത്തി, അഹറോന്‍ ഉറക്കെ വായിച്ചു. 
കര്‍ത്താവിന്റെ എല്ലാവാക്കുകളും നിയമങ്ങളും അഹറോൻ  ജനങ്ങളെയറിയിച്ചു. അവർ അവയെല്ലാം തങ്ങളുടെ ഹൃദയത്തിൽ സ്വീകരിച്ചു. 

ഉടമ്പടി വചനങ്ങള്‍ ശ്രവിച്ച ജനങ്ങള്‍, ഏകസ്വരത്തിൽ വിളിച്ചുപറഞ്ഞു. "ഞങ്ങള്‍ കര്‍ത്താവിനോടു വിശ്വസ്തരായിരിക്കും. ഈ ഉടമ്പടിയിലെ എല്ലാക്കാര്യങ്ങളും ഞങ്ങള്‍ പാലിക്കും."

അപ്പോള്‍ പാത്രങ്ങളില്‍ ശേഖരിച്ച, ബലിമൃഗത്തിന്റെ  രക്തമെടുത്ത്, മോശ ജനങ്ങളുടെമേല്‍ തളിച്ചുകൊണ്ടു പറഞ്ഞു. "ഇ്ഇ്ഇ്ഇസ്രായേല്‍ജനത, കര്‍ത്താവിനോടുചെയ്യുന്ന ഉ്ഉ്ഉ് ഉടമ്പടിയുടെ രക്തമാണിത്. ഇ്ഇ്ഇ്ഇതു നിങ്ങളെ എക്കാലവും സംരക്ഷിക്കട്ടെ..."

മോശയും അഹറോനും വാര്‍ദ്ധക്യത്തിലായിരുന്നതിനാല്‍ തങ്ങളെ സഹായിക്കാനായി  ജോഷ്വാ, ഹൂര്‍ എന്നീ ചെറുപ്പക്കാരെ സമൂഹത്തില്‍നിന്ന് അവര്‍ തിരഞ്ഞെടുത്തു.

കർത്താവിൻ്റെ സാന്നിദ്ധ്യമനുഭവിച്ച ആ മലയടിവാരത്തിൽ കൂടാരങ്ങളുറപ്പിച്ച ഇസ്രായേൽ, കുറച്ചേറെക്കാലം അവിടെത്തന്നെകഴിഞ്ഞു.

കര്‍ത്താവു വീണ്ടും മോശയോടു പറഞ്ഞു: "മലമുകളില്‍ എന്റെ സമീപത്തേക്കു കയറിവന്നു കാത്തുനില്‍ക്കുക. എല്ലാനിയമങ്ങള്‍ക്കുമടിസ്ഥാനമായ നിയമങ്ങളെഴുതിയ കല്പലകകള്‍ നിനക്കു നല്കാം. നീ അവ, ജനങ്ങളെ പഠിപ്പിക്കണം."

മോശ ഇസ്രായേല്‍ശ്രേഷ്ഠന്മാരോടു പറഞ്ഞു. "ഞ്‍ഞ്‍ഞ്‍ഞാന്‍ ജോഷ്വായോടൊപ്പം സീനായ് മലയില്‍ ക്‍ക്‍ക്‍കര്ത്താവിന്റെ സന്നിധിയിലേക്കു പോകുന്നു. അ്‍അ്‍അ്‍അഹറോനും ഹൂറും ന്്ന്്ന് നിങ്ങള്‍ക്കൊപ്പം, താഴെത്തന്നെയുണ്ടാകും. ഞ്‍ഞ്‍ഞ്‍ഞങ്ങള്‍ മടങ്ങിവരുന്നതുവരെ ന്്ന്്നിങ്ങളിവിടെ കാത്തുനില്‍ക്കുവിന്‍..."

മോശയും ജോഷ്വായും മലമുകളിലേക്കു കയറിപ്പോയി. പർവ്വതമദ്ധ്യേ, തന്നെക്കാത്തുനില്ക്കാൻ ജോഷ്വായോടാവശ്യപ്പെട്ട്, മോശ വീണ്ടും മുകളിലേക്കു കയറി.

കര്‍ത്താവു നല്കിയ നിയമങ്ങളെക്കുറിച്ച്,  മോശ ഹൃദയത്തിൽ ധ്യാനിച്ചു. കർത്താവു വീണ്ടും മോശയോടു സംസാരിച്ചു.

കര്‍ത്താവു പറഞ്ഞു: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണു നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.

നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.

ആറുദിവസം എല്ലാജോലികളും ചെയ്യുകയും അദ്ധ്വാനിക്കുകയും ചെയ്യുക. എന്നാല്‍ ഏഴാംദിവസം കര്‍ത്താവിന്റെ സാബത്താണ്. കര്‍ത്താവിന്റെ സാബത്തു വിശുദ്ധമായി ആചരിക്കുക. അന്നു മറ്റുജോലികളില്‍ വ്യാപൃതരാകരുത്.

നിന്റെ ദൈവമായ കര്‍ത്താവുതരുന്ന നാട്ടില്‍, നീ ദീര്‍ഘമായി ജീവിച്ചിരിക്കേണ്ടത്തിനു്, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.

ആരെയും കൊല്ലരുത്.

നീയൊരിക്കലും വ്യഭിചാരംചെയ്യരുത്.

മോഷ്ടിക്കരുത്.

ആര്‍ക്കുമെതിരെ വ്യാജസാക്ഷ്യം നല്‍കരുത്.

അയല്‍ക്കാരന്റെ ഭവനമോ, അവന്റെ ഭാര്യയേയോ, അവന്റെ എന്തെങ്കിലും വസ്തുവകകളോ മോഹിക്കരുത്...."

ഓരോ നിയമത്തെക്കുറിച്ചും ആഴമേറിയ ധ്യാനത്തിലേക്കു് കർത്താവു മോശയെ നയിച്ചു. 

രണ്ടുമൂന്നു ദിവസങ്ങള്‍ കടന്നുപോയി. മോശയും ജോഷ്വായും മലയില്‍നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍ ജനങ്ങള്‍ അസ്വസ്ഥരായി. കർത്താവിൻ്റെ മലയിലേക്കു കയറിപ്പോയി അവരെയന്വേഷിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല.

ജനങ്ങൾ അഹറോൻ്റെയും ഹൂറിൻ്റെയും ചുറ്റുംകൂടി.
"ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശയെന്ന മനുഷ്യന് എന്തുസംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്ക് ഈ മരുഭൂമിയില്‍നിന്നു പുറത്തുകടക്കണം. ഞങ്ങളെ നയിക്കാനായി, നീ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരൂ."

ജനങ്ങളുടെ നിർബ്ബന്ധം സഹിക്കാനാവാതെവന്നപ്പോൾ
അഹറോന്‍ പറഞ്ഞു. "നിങ്ങളുടെ ഭാര്യമാരുടെയും പുത്രീപുത്രന്മാരുടെയും കാതുകളിലുള്ള സ്വര്‍ണ്ണവളയങ്ങള്‍ ഊരിയെടുത്ത്‌ എന്നെയേല്പിക്കുക. നിങ്ങൾക്കായി ഞാനൊരു ദേവനെയുണ്ടാക്കാം"

ജനങ്ങള്‍ അഹറോന്‍ പറഞ്ഞതുപോലെ ചെയ്തു. അഹറോന്‍ അതുവാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു.

വാര്‍പ്പുവിഗ്രഹത്തെക്കണ്ട ഇസ്രായേല്‍ജനം ആര്‍പ്പുവിളിച്ചു. ജനക്കൂട്ടം വിളിച്ചുപറഞ്ഞു. "ഇതാ ഈജിപ്തില്‍നിന്നു നമ്മളെ കൊണ്ടുവന്ന ദേവന്‍ ...."

ജനങ്ങളുടെ ആവേശംകണ്ടപ്പോള്‍, അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിതു.

അയാള്‍ ഉറക്കെ പറഞ്ഞു. "നാളെ നമ്മള്‍ കര്‍ത്താവിന്റെ ഉത്സവംകൊണ്ടാടും...."

പിറ്റേന്ന്, ജനങ്ങള്‍ പുലര്‍കാലത്തുണര്‍ന്നു കാളക്കുട്ടിയുടെ പ്രതിമയ്ക്കു മുമ്പില്‍ ദഹനയാഗവും അനുരഞ്ജനയാഗവും നടത്തി. പിന്നെ, തീറ്റയും കുടിയുംകഴിഞ്ഞ്,  വിനോദങ്ങളിലേര്‍പ്പെട്ടു.

മോശ ധ്യാനത്തിൽനിന്നുണർന്നപ്പോൾ, തന്റെ കല്പനകലെഴുതിയ രണ്ടു കല്പലകകള്‍ കര്‍ത്താവ്, മോശയ്ക്കു നല്കി. തന്റെ വിരല്‍ത്തുമ്പാല്‍ കര്‍ത്താവു കല്പലകയിലെഴുതിയത്, അഗ്നിയാല്‍ കല്ലിനെ ഉരുക്കിയതുപോലെ കാണപ്പെട്ടു. 

മലയുടെ താഴ്വരയില്‍നിന്ന്, ഇസ്രായേല്‍ജനതയുടെ ആഘോഷങ്ങളുടെ ആരവം മോശയും ജോഷ്വായും കേൾക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല.

കര്‍ത്താവു മോശയോടു പറഞ്ഞു. "വേഗം താഴേക്കു ചെല്ലുക; നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനതയാണെന്നു ഞാന്‍ കണ്ടുകഴിഞ്ഞു. അതിനാല്‍ എന്റെ ക്രോധമാളിക്കത്തി അവരെ വിഴുങ്ങും...."

Sunday 19 November 2017

38. സീനായ് മലയിലെ ഇടിമുഴക്കങ്ങള്‍


ബൈബിൾക്കഥകൾ 38 

ഇസ്രായേല്‍ജനത ഈജിപ്തില്‍നിന്നു പുറപ്പെട്ടിട്ടു മൂന്നുമാസങ്ങള്‍കഴിഞ്ഞു.

നന്മവരുമ്പോള്‍ ദൈവത്തെ സ്തുതിച്ചും സന്നിഗ്ദ്ധാവസ്ഥകളില്‍ ദൈവത്തെയും മോശയേയും പഴിച്ചും അവര്‍ മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു. മൂന്നു മാസവും ഒരു ദിവസവുംതികഞ്ഞ ദിവസം ഇസ്രായേല്‍, സീനായ് മലയുടെ താഴ്വാരത്തിലെത്തി. അവിടെ, ഒരു നീരുറവയോടുചേർന്നുള്ളൊരു പ്രദേശത്ത്, അവർ താവളമടിച്ചു. മലയടിവാരത്തിൽ, ഉറവയോടടുത്ത പ്രദേശങ്ങൾ കാട്ടുപുല്ലുകളും അവിടവിടെയായിക്കാണുന്ന കുറ്റിച്ചെടികളും വളർന്ന്, ചെറിയൊരു ഹരിതാഭ പകർന്നിരുന്നു.

മുൾച്ചെടികൾമാത്രം വളരുന്ന മരുപ്രദേശത്തുനിന്ന്, അല്പംകൂടെ പ്രശാന്തതനിറഞ്ഞ ഒരു പ്രദേശത്തെത്തിയതിൽ ജനങ്ങളെല്ലാം ആഹ്ലാദത്തിലായിരുന്നു. കൂടാരങ്ങളടിക്കുന്ന തിരക്കും നർമ്മസല്ലാപങ്ങളും കലാകായികവിനോദങ്ങളുമൊക്കെയായി എല്ലായിടത്തും ബഹളംതന്നെ!

കോലാഹലങ്ങളിൽനിന്നകന്ന്, ശാന്തതയിൽ പ്രാര്‍ത്ഥനയിലായിരിക്കാൻ മോശ മലമുകളിലേക്കു കയറി.

കര്‍ത്താവു മോശയോടു പറഞ്ഞു: "ഈജിപ്തിനോടു ഞാന്‍ ചെയ്തതെന്തെന്നും നിങ്ങളെ എങ്ങനെ ഞാന്‍ എന്റെയടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടുകഴിഞ്ഞു. ഈ ഭൂമിമുഴുവന്‍ എന്റെതാണ്. അതുകൊണ്ട്, നിങ്ങളെന്റെ വാക്കുകേള്‍ക്കുകയും എന്റെയുടമ്പടി പാലിക്കുകയുംചെയ്‌താല്‍, എല്ലാജനതകളിലുംവച്ച്, എനിക്കേറ്റവും പ്രിയപ്പെട്ട, എന്റെ സ്വന്തം ജനമായിരിക്കും നിങ്ങള്‍! നിങ്ങളെനിക്കു വിശുദ്ധജനവും പുരോഹിതരാജ്യവുമായിരിക്കും."

മലയിൽനിന്നു താഴെയിറങ്ങിയ ഉടനെ, മോശ ജനങ്ങൾക്കിടയിലെ ശ്രേഷ്ഠന്മാരെ വിളിച്ചു കൂട്ടി, കര്‍ത്താവറിയിച്ച കാര്യങ്ങള്‍ അവരോടു വിശദീകരിച്ചു.

ശ്രേഷ്ടന്മാർ, തങ്ങൾക്കേല്പിക്കപ്പെട്ട കൂട്ടായ്മകളുമായി സംവദിച്ചു. എല്ലാവരും കർത്താവിനെയനുസരിക്കാനുള്ള സന്നദ്ധതയറിയിച്ചു.

"കര്‍ത്താവു കല്പിക്കുന്നതെല്ലാം ഞങ്ങളനുസരിച്ചു കൊള്ളാം." ഇസ്രായേല്‍ ഏകസ്വരത്തില്‍ മോശയോടു പറഞ്ഞു.

മോശ വീണ്ടും മലമുകളിലേക്കു കയറി. കര്‍ത്താവിന്റെ സന്നിധിയിലേക്കു് തൻ്റെ ഹൃദയമുയർത്തി. ജനങ്ങളുടെ വാക്കുകളറിയിച്ചപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു.

"ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കുന്നതിനും അവര്‍ നിന്നെ വിശ്വസിക്കുന്നതിനുംവേണ്ടി, ഒരു കനത്തമേഘത്തില്‍ ഞാന്‍ നിങ്ങളുടെ മദ്ധ്യത്തിലേക്കു വരുന്നു. നീ ചെന്ന്, ഇസ്രായേല്‍ജനതയെ വിശുദ്ധീകരിക്കുക. മനസ്സിലും ശരീരത്തിലും ആത്മാവിലും എല്ലാവരും വിശുദ്ധിയുള്ളവരായിരിക്കട്ടെ. മൂന്നാംദിവസം എല്ലാവരും തയ്യാറായിരിക്കണം. എന്തെന്നാല്‍, ജനംമുഴുവന്‍കാണ്‍കേ, ഞാന്‍ സീനായ് മലയില്‍ ഇറങ്ങിവരും. മലയ്ക്കുചുറ്റും നീ അതിര്‍ത്തി നിശ്ചയിക്കണം. ആരും ആ അതിര്‍ത്തികടന്നു മലയില്‍ക്കയറരുത്. അതിര്‍ത്തി കടക്കുന്നതു മനുഷ്യനായാലും മൃഗമായാലും ജീവൻ നഷ്ടപ്പെടും."

കര്‍ത്താവിന്റെ കല്പന, അഹറോൻവഴി, മോശ ജനങ്ങളെയറിയിച്ചു.

"നിങ്ങള്‍ മനസ്സിലും ശരീരത്തിലും ശുദ്ധിയുള്ളവരായിരിക്കുവിന്‍. വസ്ത്രങ്ങളലക്കുകയും കൂടാരങ്ങള്‍ ശുദ്ധീകരിക്കുകയും ചെയ്യണം. ആരും ലൈംഗികവേഴ്ചയിലേര്‍പ്പെടരുത്..."

ജനങ്ങള്‍ മോശയുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചു. എല്ലാവരും കർത്താവിനായി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.

മൂന്നാംദിവസം പ്രഭാതത്തില്‍, വലിയ ഇടിമുഴക്കവും മിന്നല്‍പ്പിണരുകളുമുണ്ടായി. മലമുകളില്‍, കനത്തവെണ്മേഘങ്ങൾ നിറഞ്ഞു. അന്തരീക്ഷത്തിലെങ്ങും കാഹളധ്വനികള്‍ മുഴങ്ങി.

ദൈവത്തെക്കാണുന്നതിനായി മോശ ജനങ്ങളെ കൂടാരങ്ങളില്‍നിന്നു പുറത്തുകൊണ്ടുവന്നു. ഭയത്തോടെയും അദ്ഭുതത്തോടെയും
അവര്‍ മലയടിവാരത്തില്‍, മോശ നിശ്ചയിച്ച അതിർത്തിക്കു പുറത്തായി നിലയുറപ്പിച്ചു.

സീനായ് മലമുകളില്‍, ഇടിമുഴ ക്കങ്ങളുടെ അകമ്പടിയോടെ വെണ്മേഘങ്ങൾക്കുനടുവിൽ ഒരഗ്നിജ്വാലയായി കര്‍ത്താവിറങ്ങിവന്നു. മലമുഴുവന്‍ ധൂമാവൃതമായി. ചൂളയില്‍നിന്നെന്നപോലെ, പുകയുയര്‍ന്നുകൊണ്ടിരുന്നു. വലിയഭൂകമ്പത്താലെന്നപോലെ മല ശക്തമായി ഇളകിവിറച്ചു. ഇസ്രായേൽക്കാരെല്ലാം അതു വ്യക്തമായിക്കണ്ടു. എന്നാൽ മോശകല്പിച്ച അതിർത്തിക്കു പുറത്ത്, ജനങ്ങൾനിന്നിരുന്ന പ്രദേശങ്ങളും കൂടാരങ്ങളും ഇളകിയില്ല.

മോശ കര്‍ത്താവിനോടു സംസാരിച്ചു. കര്‍ത്താവ് ഇടിമുഴക്കത്തിൻ്റെ ശബ്ദത്തില്‍ അവനുത്തരംനല്കി.

കര്‍ത്താവു മോശയോടു പറഞ്ഞു. "നീ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്കുക. ഇല്ലെങ്കില്‍ അനേകംപേര്‍ എന്നെ സമീപിക്കുകയും തല്‍ഫലമായി മരിക്കുകയുംചെയ്യും."

മോശ പറഞ്ഞു. "ജ് ജ് ജ് ജനങ്ങള്‍ക്കാര്‍ക്കും സീനായ് മലയിലേക്കു കയറാന്‍ ക് ക് ക് കഴിയില്ല. അ്അ്അ്അങ്ങു കല്പിച്ചതുപോലെ അതിര്‍ത്തി നിര്‍ണ്ണയിച്ച്, മ് മ് മ് മലയെ വിശുദ്ധസ്ഥലമായി ഞ് ഞ് ഞ് ഞങ്ങള്‍ പരിഗണിച്ചുകഴിഞ്ഞു."

"നീ അഹറോനോടൊപ്പം മലയിലേക്കു കയറിവരിക. എന്നാല്‍ ജനങ്ങളും ശ്രേഷ്ടന്മാരും അതിര്‍ത്തിലംഘിച്ച്, എന്റെ പക്കലേക്കു വരാതിരിക്കട്ടെ. അങ്ങനെസംഭവിച്ചാല്‍ എന്റെ കോപം, അവരുടെമേല്‍ പതിക്കും "

ഇടിമുഴക്കവും കാഹളധ്വനികളും കേള്‍ക്കുകയും മിന്നല്‍പ്പിണരുകളും മലയില്‍നിന്നുയര്‍ന്ന പുകയും കാണുകയുംചെയ്തപ്പോള്‍ ജനമെല്ലാം ഭയന്നുവിറച്ച്, അകലെ മാറിനിന്നു.

ജനങ്ങള്‍ മോശയോടു പറഞ്ഞു.

"ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. നീതന്നെ ഞങ്ങളോടു സംസാരിച്ചാല്‍മതി ദൈവം ഞങ്ങളോടു സംസാരിച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകും. "

മോശ പറഞ്ഞു: "ഭ്ഭ്ഭ്ഭയപ്പെടേണ്ട, ന് ന് ന് നിങ്ങളെ പരീക്ഷിക്കുന്നതിനും പ് പ് പ് പാപംചെയ്യാതിരിക്കാനായി ന് ന് ന് നിങ്ങളില്‍ ദൈവഭയമുളവാക്കുന്നതിനുംവേണ്ടിയാണു ക് ക് ക് കര്‍ത്താവു വന്നിരിക്കുന്നത്... കാത്തിരിക്കുക. ഞ് ഞ് ഞാൻ അഹറോനോടൊപ്പം മലമുകളിലേക്കു ക് ക് ക് കയറുന്നു..."

മലമുകളിൽ, ദൈവം സന്നിഹിതനായിരുന്ന കനത്തമേഘത്തിനടുത്തേക്കു് മോശ കയറിച്ചെന്നു. അഹറോന്‍ മോശയെ അനുഗമിച്ചു.

ജനങ്ങൾ ഭയത്തോടെ, കൂടുതൽ അകലേയ്ക്കു മാറിനിന്നു.

Sunday 12 November 2017

37. അമലേക്യര്‍...

ബൈബിൾക്കഥകൾ 37


സീന്‍ മരുഭൂമിയിലൂടെയുള്ള യാത്ര ജനങ്ങളെ വല്ലാതെവലച്ചു. മന്നയും കാടപ്പക്ഷികളും സമൃദ്ധമായി ലഭിച്ചിരുന്നെങ്കിലും ദാഹനീര്‍ പിന്നെയും കിട്ടാക്കനിയായി. തോല്‍ക്കുടങ്ങളില്‍ സംഭരിച്ചിരുന്ന ജലംതീരാറായപ്പോള്‍ ജനം വീണ്ടും പിറുപിറുത്തുതുടങ്ങി.

ദാഹിച്ചുവലഞ്ഞ ജനം, മോശയ്ക്കെതിരേ ആവലാതിപ്പെട്ടുകൊണ്ടു ചോദിച്ചു: 

"നീയെന്തിനാണു ഞങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു മരിക്കട്ടേയെന്നു കരുതിയാണോ? കര്‍ത്താവു കല്പിച്ചുവെന്നു പറയാന്‍, നീയല്ലാതെ ഞങ്ങളാരും കര്‍ത്താവിന്റെ സ്വരം കേള്‍ക്കുന്നില്ലല്ലോ!"

മോശ അവരോടു പറഞ്ഞു: "നിങ്ങള്‍ എന്തിനെന്നെ കുററപ്പെടുത്തുന്നു? എന്തിനു കര്‍ത്താവിനെ പരീക്ഷിക്കുന്നു?... കർത്താവാണ് എന്നോടു സംസാരിച്ചതെന്നതിനു തെളിവായി, എത്രയെത്ര അദ്ഭുതങ്ങൾ അവിടുന്നു നിങ്ങളുടെ മുമ്പിൽ ചെയ്തു കഴിഞ്ഞു."

വൈകാതെ ഒരു നീരുറവകണ്ടെത്താന്‍കഴിഞ്ഞില്ലെങ്കില്‍ ജനക്കൂട്ടം, തന്നെ കല്ലെറിഞ്ഞുകൊല്ലുമെന്നു മോശ ഭയന്നു. 

മോശ കര്‍ത്താവിനോടു നിലവിളിച്ചു പ്രാർത്ഥിച്ചു: "ഇ്ഇ്ഇ്ഈ ജനത്തോടു ഞാനെന്താണു ചെയ്യുക? എ്എ്എ്ഏറെത്താമസിയാതെ അവരെന്നെ കല്ലെറിയും."      

"ജനത്തിനിടയിലെ ഏതാനും ശ്രേഷ്ഠന്മാരുമൊത്ത്, നീ ജനത്തിനുമുമ്പേ പോകുക. നിൻ്റെ ഇടയവടിയും കൈയിലെടുത്തുകൊള്ളുക. നിനക്കു മുമ്പില്‍ ഹോറെബിലെ പാറമേല്‍ ഞാന്‍ നില്ക്കും. നീ, ആ പാറയിലടിക്കണം. അപ്പോള്‍ അതില്‍നിന്നു ജനത്തിനു കുടിക്കാനുള്ള വെള്ളം പുറപ്പെടും." കര്‍ത്താവു മോശയ്ക്കു മറുപടി നല്കി.

ജനങ്ങൾക്കിടയിലെ ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യത്തില്‍ മോശ അങ്ങനെ ചെയ്തു. മോശ അടിച്ച സ്ഥലത്ത്,, പാറയില്‍നിന്നു ശുദ്ധജലത്തിന്റെ ഒരുറവ പുറപ്പെട്ടു. കുടിവെള്ളം സമൃദ്ധമായി ലഭിച്ചപ്പോള്‍ ജനങ്ങള്‍ ശാന്തരായി.

ഇസ്രായേല്‍ക്കാര്‍ അവിടെവച്ചു കലഹിച്ചതിനാലും കര്‍ത്താവു ഞങ്ങളുടെയിടയിലുണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ട് കര്‍ത്താവിനെ പരീക്ഷിച്ചതിനാലും ആ സ്ഥലങ്ങള്‍ക്കു മാസാ എന്നും മെറീബാ എന്നും മോശ പേരിട്ടു.

ആവോളം വെള്ളംകുടിച്ച്, കന്നുകാലികളേയുംകുടിപ്പിച്ച്, യാത്രയ്ക്കാവശ്യമായ ജലം തോല്‍ക്കുടങ്ങളില്‍നിറച്ച്, ഇസ്രായേല്‍ തങ്ങളുടെ  വാഗ്ദത്തദേശത്തേക്കുള്ള 
യാത്രതുടര്‍ന്നു.

റഫിദീം എന്ന സ്ഥലത്തെത്തിയപ്പോള്‍ അമലേക്യര്‍  എന്നൊരു ജനത ഇസ്രായേല്‍ക്കാരെ ആക്രമിക്കാനായെത്തി. അപ്പോള്‍, അതീവദൈവഭക്തനായ  ജോഷ്വയെന്ന യുവാവിനോടു മോശ പറഞ്ഞു: "നീ ശക്തരായ കുറേ അ്അ്അ്ആളുകളെ തിരഞ്ഞെടുത്ത്, അമലേക്യരുമായി യുയുയുയുദ്ധത്തിനു പുറപ്പെടുക. ഞ്‍ഞ്്ഞാന്‍ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്തു മലമുകളില്‍ പ്്പ്്പ്്പ്രാര്‍ത്ഥനയോടെ നില്‍ക്കാം...."

മോശയുടെ നിര്‍ദ്ദേനുസരിച്ചു ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്യര്‍ അമലേക്യരുമായി യുദ്ധത്തിനു തയ്യാറായി..


മോശ, അഹറോന്‍, ഹൂര്‍ എന്നിവര്‍ മലമുകളില്‍ക്കയറി, പ്രാർത്ഥനാനിമഗ്നരായി. മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചു പ്രാര്‍ത്ഥിച്ചപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. മോശ തൻ്റെ കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. മോശയുടെ കൈകള്‍ കുഴഞ്ഞപ്പോള്‍ അഹറോനും ഹൂറും ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേലിരുന്നു. അവര്‍ അവന്റെ കൈകളുയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഇരുവശങ്ങളിലും നിന്നു. 

പിന്നീട്, സൂര്യാസ്തമയംവരെ മോശയുടെ കൈകള്‍ ഉയര്‍ന്നുതന്നെനിന്നു. അപ്പോള്‍ ജോഷ്വയും സംഘവും അമലേക്ക്യസൈനികരെ വാളുകൊണ്ടരിഞ്ഞുവീഴ്ത്തി.
     
വിജയശ്രീലാളിതരായ ഇസ്രായേല്‍ജനത അത്യാഹ്ലാദത്തോടെ കർത്താവിനെ സ്തുതിച്ചു.

കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ഇതിന്റെ ഓര്‍മ്മനിലനിറുത്താനായി നീയിതൊരു പുസ്തകത്തിലെഴുതി, ജോഷ്വയെ വായിച്ചുകേള്‍പ്പിക്കുക. ധിക്കാരികളും ദുർവൃത്തരുമായ അമലേക്യർ എന്ന ജനതയാണു നിങ്ങൾക്കെതിരേ വന്നത്. ഏറെവൈകാതെ, ആകാശത്തിനു കീഴില്‍നിന്ന് അവരുടെ വംശത്തെത്തന്നെ ഞാന്‍ നിശ്ശേഷം മായിച്ചുകളയും. ഇതു നിങ്ങൾക്കുമൊരു പാഠമായിരിക്കണം. ധിക്കാരത്തിൽനിന്നും ദുർവ്യത്തിയിൽനിന്നുമകന്നുനിന്നില്ലെങ്കിൽ നിങ്ങളും നശിച്ചുപോകും!" 

മോശ അവിടെ ഒരു ബലിപീഠം നിര്‍മ്മിച്ചു. അവന്‍ ഇസ്രായേല്‍ജനതയോടുപറഞ്ഞു: "കര്‍ത്താവിന്റെ പതാക കൈയിലെടുക്കുവിന്‍. അവിടുത്തോടു വിശ്വസ്തരായിരിക്കുവിൻ.. നിങ്ങൾ വിശ്വസ്തരായിരുന്നാൽ തലമുറതോറും നിങ്ങളുടെ ശത്രുവായ അമലേക്കിനെതിരായി കർത്താവു യുദ്ധംചെയ്തുകൊണ്ടിരിക്കും".

മോശയ്ക്കും അവന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ദൈവം എന്തെല്ലാം ചെയ്തുവെന്നും അവിടുന്നവരെ ഈജിപ്തില്‍നിന്ന് എപ്രകാരം മോചിപ്പിച്ചുവെന്നും മിദിയാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ ജത്രോ, നാടോടികളായ ചില ഇടയന്മാരില്‍നിന്നും കേട്ടറിഞ്ഞു.      
മരുഭൂമിയില്‍ ദൈവത്തിന്റെമലയുടെസമീപം കൂടാരമടിച്ചിരുന്ന മോശയുടെ അടുക്കലേക്ക് അവന്റെ ഭാര്യയെയും പുത്രന്മാരായ ഗര്‍ഷോം, ഏലിയാസര്‍ എന്നിവരേയും കൂട്ടിക്കൊണ്ട് ജത്രോ വന്നു.      

മോശ നമസ്‌കരിക്കുകയും ചുംബിക്കുകയുംചെയ്തുകൊണ്ടു ജത്രോയെ സ്വീകരിച്ചു.

ഇസ്രായേല്‍ക്കാര്‍ക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും കര്‍ത്താവുചെയ്ത കാര്യങ്ങളും വഴിയില്‍വച്ചു തങ്ങള്‍ക്കുനേരിട്ട പ്രയാസങ്ങളും കര്‍ത്താവു നല്കിയ സംരക്ഷണവുമെല്ലാം മോശ അമ്മായിയപ്പനോടു വിവരിച്ചുപറഞ്ഞു.  കര്‍ത്താവ് ഈജിപ്തുകാരില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിച്ച് അവര്‍ക്കുചെയ്ത നിരവധി നന്മകളെക്കുറിച്ചറിഞ്ഞ ജത്രോ ആഹ്ലാദിച്ചു.      

പിറ്റേന്നു പ്രഭാതത്തില്‍ ജനത്തിന്റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മോശ തന്റെ കൂടാരത്തിനുവെളിയില്‍ ഉപവിഷ്ടനായി. പ്രഭാതംമുതല്‍ പ്രദോഷംവരെ ജനങ്ങള്‍ മോശയുടെചുറ്റും കൂടിനിന്നു.      

മോശ തന്റെ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം കണ്ടുകഴിഞ്ഞപ്പോള്‍, ആ സായാഹ്നത്തിൽ അമ്മായിയപ്പനായ ജത്രോ അവനോടു ചോദിച്ചു: 

"നീ ഈ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? രാവിലെമുതല്‍ വൈകുന്നേരംവരെ ജനമെല്ലാം നിന്റെ ചുറ്റും കൂടിനില്‍ക്കാനിടയാകത്തക്കവിധം നീയിവിടെ ഒറ്റയ്ക്കിരിക്കുന്നതെന്തുകൊണ്ട്?"  
 
"ദൈവഹിതമറിയാനായി ജനങ്ങൾ എന്നെ സമീപിക്കുന്നു.   എന്തെങ്കിലും തര്‍ക്കമുണ്ടാകുമ്പോഴും അവരെന്റെയടുക്കല്‍ വരുന്നു. ഞാനവരുടെ കലഹങ്ങള്‍തീര്‍ക്കുന്നു; ദൈവത്തിന്റെ ചട്ടങ്ങളും നിയമങ്ങളും അവരെ പഠിപ്പിക്കുകയുംചെയ്യുന്നു."  മോശ മറുപടി നല്കി.

ജത്രോ പറഞ്ഞു: "നീ ചെയ്യുന്നതു ശരിയല്ല. ഇതു ഭാരമേറിയ ജോലിയാണ്. തനിയെ ഇതുചെയ്യാന്‍ നിനക്കു സാധിക്കുകയില്ല. നീയും നിന്റെകൂടെയുള്ള ജനങ്ങളും ഒന്നുപോലെ ക്ഷീണിച്ചുവിവശരാകും. 

ഞാന്‍ പറയുന്നതു കേള്‍ക്കുക,  നീ ദൈവത്തിന്റെമുമ്പില്‍ ജനങ്ങളുടെ പ്രതിനിധിയായിരിക്കണം; അവരുടെ തര്‍ക്കങ്ങള്‍ അവിടുത്തെ അറിയിക്കണം; അവരെ ചട്ടങ്ങളും നിയമങ്ങളും പഠിപ്പിക്കണം. അവര്‍ ചരിക്കേണ്ട മാര്‍ഗ്ഗവും അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളും അവര്‍ക്കു നിര്‍ദ്ദേശിച്ചുകൊടുക്കണം. 

എന്നാല്‍ ഇപ്പോള്‍ചെയ്യുന്നതുപോലെയല്ല. കഴിവും ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലിവെറുക്കുന്നവരുമായ കുറേയാളുകളെ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത്, അവരെ ആയിരവും നൂറും അമ്പതും പത്തുംവീതമുള്ള ഗണങ്ങളുടെ അധിപന്മാരായി നിയമിക്കുക. അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പുകല്പിക്കട്ടെ. വലിയ കാര്യങ്ങള്‍ നിന്നെയേല്പിക്കുകയും ചെറിയവ അവര്‍തന്നെ തീരുമാനിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നിന്നെ സഹായിക്കുമ്പോള്‍ നിന്റെ ജോലി എളുപ്പമാകും. 

പിതൃതുല്യനായ എന്റെവാക്കുകള്‍ ദൈവകല്പനയാണെന്നു ഗ്രഹിച്ച്, ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ ജോലി നിര്‍വിഘ്നംതുടരാന്‍ നിനക്കു സാധിക്കും. ജനങ്ങള്‍ സംതൃപ്തരായി തങ്ങളുടെ വസതികളിലേക്കു മടങ്ങുകയുംചെയ്യും."   

മോശ അമ്മായിയപ്പന്റെ ഉപദേശമനുസരിച്ചു പ്രവര്‍ത്തിക്കാൻ തീരുമാനിച്ചു. ഇസ്രായേല്‍ക്കാരില്‍നിന്നു സമര്‍ത്ഥരായ ആളുകളെ തിരഞ്ഞെടുത്ത്, ആയിരവും നൂറും അമ്പതും പത്തുംവീതമുള്ള ഗണങ്ങളുടെമേല്‍ അവരെ അധിപന്മാരായി നിയമിച്ചു. അവര്‍ ജനങ്ങളുടെയിടയില്‍ നീതി നടത്തി. സുപ്രധാനമായ കാര്യങ്ങള്‍മാത്രം മോശയെ ഏല്പിച്ചു.
     
കുറച്ചു ദിവസങ്ങള്‍ക്കുശേഷം സിപ്പോറയേയും മക്കളേയും മോശയ്ക്കൊപ്പംവിട്ട്, ജത്രോ തന്റെ നാട്ടിലേക്കു മടങ്ങിപ്പോയി. മോശ സന്തോഷത്തോടെ അമ്മായിയപ്പനെ യാത്രയാക്കി.

Sunday 5 November 2017

36. സ്വർഗ്ഗത്തിൽനിന്നുള്ള ഭോജ്യം

ബൈബിൾക്കഥകൾ 36

ഒരുദിവസത്തെ ആഘോഷങ്ങള്‍ക്കുശേഷം, ചെങ്കൽത്തീരത്തുനിന്ന്, ഇസ്രായേൽക്കാർ, വീണ്ടും തങ്ങളുടെ യാത്രതുടര്‍ന്നു.

ഷൂര്‍മരുഭൂമിയിലൂടെ യാത്രചെയ്ത്, മൂന്നുദിവസങ്ങൾക്കുശേഷം അവര്‍ മാറാ എന്ന സ്ഥലത്തെത്തി. ഷൂർമരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയില്‍, വഴിയിലെല്ലാം തിരഞ്ഞെങ്കിലും ഒരിടത്തും കുടിവെള്ളം കണ്ടെത്താന്‍ അവർക്കു കഴിഞ്ഞിരുന്നില്ല.  തോല്‍ക്കുടങ്ങളില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളമെല്ലാം തീരുകയുംചെയ്തു. 

മാറായിൽ ഒരുറവയുണ്ടായിരുന്നു. ഉറവ ദൃശ്യമായപ്പോൾത്തന്നെ, കുടിവെള്ളംശേഖരിക്കാനുള്ള  തോല്‍ക്കുടങ്ങളുമായി ജനങ്ങളെല്ലാം ഉറവയ്ക്കരികിലേക്കോടിയെത്തി. എന്നാല്‍ ആ ഉറവയിലെ ജലം, കയ്പുള്ളതും കുടിക്കാന്‍കൊള്ളാത്തതുമായിരുന്നു. 

ദാഹത്താല്‍വലഞ്ഞ കുഞ്ഞുങ്ങള്‍ തളര്‍ന്നുവീണുതുടങ്ങി. 

ജനങ്ങൾ അസ്വസ്ഥരായി.

കര്‍ത്താവു തങ്ങള്‍ക്കുവേണ്ടി അന്നുവരെചെയ്ത അദ്ഭുതങ്ങളെല്ലാം അവർ മറന്നു. ചെങ്കടല്‍കടന്നപ്പോള്‍പ്പാടിയ സ്തുതിഗീതങ്ങള്‍ക്കുപകരം, വീണ്ടും പിറുപിറുപ്പുകള്‍ കടന്നുവന്നു..

ജനങ്ങൾ മോശയോടു കയര്‍ത്തു. "ദാഹിച്ചുമരിക്കാനായി നീയെന്തിനു ഞങ്ങളെയിവിടെക്കൊണ്ടുവന്നു? ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും ദാഹിച്ചുവലയുന്നു. ഈ മരുഭൂമിയില്‍ ഞങ്ങളുടെ കുഴിമാടങ്ങളൊരുക്കാനാണോ നിന്റെയുദ്ദേശം? അല്ലെങ്കിൽ ഞങ്ങള്‍ക്കു കുടിക്കാന്‍ ശുദ്ധജലം തരൂ..."

ജനങ്ങളുടെ പിറുപിറുപ്പുകളില്‍ അസ്വസ്ഥനായ മോശ, കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. കർത്താവ്, ഒരു തടിക്കഷണം മോശയ്ക്കു കാണിച്ചുകൊടുത്തു.

"ഈ തടിക്കഷണം, ഉറവയിലെ വെള്ളത്തിലേയ്ക്കിടുക." കർത്താവാവശ്യപ്പെട്ടു.

മോശ അതനുസരിച്ചു, പിന്നെ അല്പം വെള്ളം രുചിച്ചുനോക്കി. വെള്ളത്തിന്റെ കയ്പുരസം പൂര്‍ണ്ണമായി വിട്ടുമാറിയിരുന്നു. അവൻ കൈക്കുമ്പിൾനിറയെ വെള്ളമെടുത്തു കുടിച്ചു. ശുദ്ധമായ കുളിർജലം അവന്നു പുതിയൊരുന്മേഷംനല്കി.

ഉറവ, ശുദ്ധജലംപുറപ്പെടുവിച്ചുതുടങ്ങിയെന്നുകണ്ടപ്പോള്‍, ജനങ്ങള്‍ ഉത്സാഹത്തോടെ ഉറവയ്ക്കു ചുറ്റുംകൂടി. ദാഹംതീരുവോളം വെള്ളംകുടിച്ചു. കാലിയായ തോല്‍ക്കുടങ്ങളില്‍ ജലം നിറച്ചുവച്ചു. കന്നുകാലികളേയും കുടിപ്പിച്ചു

എല്ലാവരും വെള്ളംകുടിച്ചുതൃപ്തരായശേഷം, കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച്, അഹറോന്‍ ജനങ്ങളോടു സംസാരിച്ചു.

"ഇസ്രായേലിലെ ഓരോരുത്തരോടും കര്‍ത്താവരുള്‍ചെയ്യുന്നു. നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്പനകളനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയുംചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍വരുത്തിയ മഹാമാരികളിലൊന്നും നിന്റെമേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്. എന്നാൽ അനുസരിക്കാൻ തയ്യാറല്ലാത്തവർ, ശിക്ഷിക്കപ്പെടുകതന്ന ചെയ്യും"

ജനക്കൂട്ടം വീണ്ടും ദൈവത്തെ സ്തുതിച്ചു. തങ്ങളുടെ വീഴ്ചകള്‍ക്ക്, അവര്‍ പശ്ചാത്തപിക്കുകയും കര്‍ത്താവിനോടു മാപ്പുചോദിക്കുകയുംചെയ്തു.  

തോല്‍ക്കുടങ്ങളില്‍ ശുദ്ധജലംനിറച്ച്, ഇസ്രായേല്‍ജനത വാഗ്ദത്തനാടു തേടിയുള്ള യാത്രതുടര്‍ന്നു.

ദിവസങ്ങള്‍ക്കുശേഷം, തോൽക്കുടങ്ങളിലെ വെള്ളം തീരുന്നതിനുമുമ്പേ, അവര്‍ ഏലിം എന്ന പ്രദേശത്തെത്തി. അവിടെ, പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളുമുണ്ടായിരുന്നു. ഒരു ജലാശയത്തിനുസമീപം അവര്‍  പാളയമടിച്ചു. കുറച്ചുദിവസങ്ങള്‍ അവിടെ വിശ്രമിച്ചു. സാധിക്കുന്നത്ര ഈന്തപ്പഴങ്ങളും ജലവും ശേഖരിച്ചു.

പിന്നെ, തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടര്‍ന്നു.

ഈജിപ്തില്‍നിന്നു പുറപ്പെട്ടതിനുശേഷം, രണ്ടുമാസവും പതിനഞ്ചുദിവസവുംപിന്നിട്ട ദിവസം, അവര്‍ സീനായ് മലയ്ക്കപ്പുറത്ത്, സീന്‍മരുഭൂമിയിലെത്തി. 

ജനക്കൂട്ടം വീണ്ടും പിറുപിറുത്തുതുടങ്ങി. തോല്‍ക്കുടങ്ങളില്‍ക്കരുതിവച്ച വെള്ളവും ഏലിംദേശത്തുനിന്നു ശേഖരിച്ച ഈന്തപ്പഴങ്ങളുമല്ലാതെ മറ്റൊന്നും അവര്‍ക്കു ഭക്ഷിക്കാനുണ്ടായിരുന്നില്ല. മോശയ്ക്കും അഹറോനുമെതിരേ അവര്‍ വീണ്ടും കയര്‍ത്തുസംസാരിച്ചുതുടങ്ങി.

"ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്ന്, തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍, കര്‍ത്താവിന്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! എന്നാല്‍, എല്ലാവരേയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു."

"ഇ്ഇ്ഇ്ഇന്നോളം കര്‍ത്താവു നിങ്ങള്‍ക്കായിച്ചെയ്ത അ്അ്അ്അദ്ഭുതങ്ങള്‍ നിങ്ങള്‍ മ് മ് മ് മറക്കരുത്." മോശ പറഞ്ഞു.

"ഈജിപ്തില്‍ത്തന്നെ ഞങ്ങള്‍ക്കു സമൃദ്ധിനല്കാന്‍ കര്‍ത്താവിനു കഴിയുമായിരുന്നു. അതിനുവേണ്ടി കർത്താവിനോടു പ്രാർത്ഥിക്കുന്നതിനുപകരം, എന്തിനു നിങ്ങള്‍ ഞങ്ങളെ ഈ ദുരിതത്തിലേക്കു കൊണ്ടുവന്നു."

എന്തുമറുപടിനല്കുമെന്നറിയാതെനിന്ന മോശയോടു കര്‍ത്താവു പറഞ്ഞു. "ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേയ്ക്കുമാവശ്യമുള്ളതു ശേഖരിക്കട്ടെ. അങ്ങനെ, എന്റെ നിയമമനുസരിച്ച് അവര്‍ നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും. ആറാംദിവസം നിങ്ങള്‍ ശേഖരിക്കുന്നത് അകത്തുകൊണ്ടുവന്ന് ഒരുക്കിവയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടിയുണ്ടായിരിക്കും." 

മോശയ്ക്കുവേണ്ടി  അഹറോന്‍ എല്ലാ ഇസ്രായേല്‍ക്കാരോടുമായി പറഞ്ഞു: "കര്‍ത്താവാണു നിങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നതെന്ന്, ഇന്നു സന്ധ്യയാകുമ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും. പ്രഭാതമാകുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെ മഹത്വംദര്‍ശിക്കും. നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ വൈകുന്നേരം മാംസവും രാവിലെ വേണ്ടുവോളം അപ്പവും കര്‍ത്താവു തരും.കാരണം, തനിക്കെതിരായ നിങ്ങളുടെ പിറുപിറുപ്പുകള്‍ കര്‍ത്താവു കേട്ടിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കെതിരേ പിറുപിറുക്കാന്‍ ഞങ്ങളാരാണ്? നിങ്ങളുടെ ആവലാതികള്‍ ഞങ്ങള്‍ക്കെതിരായിട്ടല്ല, കര്‍ത്താവിനെതിരായിട്ടാണ്."

അന്നു വൈകുന്നേരമായപ്പോള്‍ വീശിയടിച്ച കിഴക്കന്‍കാറ്റില്‍, കാടപ്പക്ഷികള്‍വന്നു പാളയംമൂടി. ജനങ്ങള്‍ കാടപ്പക്ഷികളെ ശേഖരിച്ച്, കൊന്നു പാകംചെയ്തു.

പിറ്റേന്നു നേരംപുലർന്നപ്പോൾ പാളയത്തിനുചുററും മഞ്ഞുവീണുകിടന്നിരുന്നു. മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു. അതെന്താണെന്ന് ഇസ്രയേല്‍ക്കാര്‍ക്കാർക്കും മനസ്സിലായില്ല. 

.       

അപ്പോള്‍ മോശ അവരോടു പറഞ്ഞു: "ക് ക് ക് കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായിത്തന്നിരിക്കുന്ന അപ്പമാണിത്. ക് ക് ക് കര്‍ത്താവു കല്പിച്ചിരിക്കുന്നതിപ്രകാരമാണ്: ഒ്്ഒ്ഒ്ഓരോരുത്തനും തന്റെ കൂടാരത്തിലുള്ള ആളുകളുടെയെണ്ണമനുസരിച്ച്, അ്അ്അ്ആളൊന്നിന് ഒരു *ഓമെര്‍വീതം ശേഖരിക്കട്ടെ."

ഇസ്രായേല്‍ക്കാരിൽ കൂടുതൽപേരും അപ്രകാരംതന്നെ ചെയ്തു; എന്നാല്‍ ചിലര്‍ കൂടുതലും ചിലര്‍ കുറവും ശേഖരിച്ചു. 

പിന്നീട് ഓമെര്‍കൊണ്ട്, അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ ശേഖരിച്ചവര്‍ക്കു കൂടുതലോ, കുറവു ശേഖരിച്ചവര്‍ക്കു കുറവോ ഉണ്ടായിരുന്നില്ല. ഓരോരുത്തനും ശേഖരിച്ചത് അവനു ഭക്ഷിക്കാന്‍മാത്രമുണ്ടായിരുന്നു.     

ഇസ്രായേല്‍ക്കാര്‍ ആ അപ്പത്തിനു മന്നാ എന്നു പേരുനല്കി. അതു വെളുത്തതും തേന്‍ചേര്‍ത്ത അപ്പത്തിന്റെ രുചിയുള്ളതുമായിരുന്നു.

മോശ അവരോടു പറഞ്ഞു: "അ്അ്അ്ആരും അതില്‍നിന്നല്പംപോലും ന് ന് ന് നാളത്തെ പ്രഭാതത്തിലേക്കു ന് ന് ന് നീക്കിവയ്ക്കരുത്. "     

എന്നാല്‍, അവര്‍ മോശയെ അനുസരിച്ചില്ല. ചിലര്‍ അതില്‍നിന്ന് ഒരു ഭാഗം പ്രഭാതത്തിലേക്കു നീക്കിവച്ചു. പിറ്റേന്നു പ്രഭാതമായപ്പോൾ അതു പുഴുത്തു മോശമായിപ്പോയി.
    
പിന്നീട്, പ്രഭാതംതോറും ഓരോരുത്തരും തങ്ങള്‍ക്കു ഭക്ഷിക്കാവുന്നിടത്തോളംമാത്രം ശേഖരിച്ചുകൊണ്ടിരുന്നു. ബാക്കിയുള്ളതെല്ലാം സൂര്യനുദിച്ചുയരുമ്പോള്‍, മഞ്ഞെന്നപോലെ ഉരുകിപ്പോയിരുന്നു.. ആറാംദിവസം, ഇരട്ടിയായി, ഒരാള്‍ക്കു രണ്ട് ഓമെര്‍വീതം ഓരോരുത്തരും മന്നാ ശേഖരിച്ചു; അതിനുശേഷം സമൂഹനേതാക്കള്‍ വന്നു്, മോശയെക്കണ്ടു.     

അപ്പോള്‍ മോശയ്ക്കുവേണ്ടി അഹറോന്‍ അവരോടു പറഞ്ഞു: "കര്‍ത്താവിന്റെ കല്പനയിതാണ്, നാളെ, ആഴ്ചയുടെ ഏഴാംദിവസം, പരിപൂര്‍ണ്ണവിശ്രമത്തിന്റെ ദിവസമാണ് - കര്‍ത്താവിന്റെ വിശുദ്ധമായ സാബത്തുദിനം. സാബത്തുദിനമാകയാല്‍ പാളയത്തിനുവെളിയില്‍ നാളെ അപ്പമുണ്ടാകുകയില്ല. ആറുദിവസം നിങ്ങളതുശേഖരിക്കണം. ഏഴാംദിവസം സാബത്താകയാല്‍ അതുണ്ടായിരിക്കുകയില്ല.  ഇന്നത്തേയ്ക്കു വേണ്ടത്ര അപ്പം ചുട്ടെടുക്കുവിന്‍. വേവിക്കേണ്ടതു വേവിക്കുകയുംചെയ്യുവിന്‍. ബാക്കിവരുന്ന മന്നാ, അടുത്ത പ്രഭാതത്തിലേക്കു സൂക്ഷിക്കുവിന്‍."

മോശ കല്പിച്ചതുപോലെ, മിച്ചംവന്നത് അവര്‍ പ്രഭാതത്തിലേക്കു മാററിവച്ചു. അതു ചീത്തയായിപ്പോയില്ല. അതില്‍ പുഴുക്കളുണ്ടായതുമില്ല.

ഏഴാംദിവസം പ്രഭാതത്തിലും ജനങ്ങളില്‍ച്ചിലര്‍ അപ്പം ശേഖരിക്കാനായി പുറത്തിറങ്ങി. അവര്‍ ഒന്നും കണ്ടില്ല.

ജനങ്ങളുടെ അനുസരണക്കേടു കണ്ട്, കര്‍ത്താവു മോശയോടു ചോദിച്ചു: "നിങ്ങളെത്രനാള്‍ എന്റെ കല്പനകളും നിയമങ്ങളുംപാലിക്കാതിരിക്കും?"

മോശ ജനങ്ങളെ വിളിച്ചുകൂട്ടി പറഞ്ഞു. "ക് ക് ക് കര്‍ത്താവു നിങ്ങള്‍ക്കു സാബത്തു നിശ്ചയിച്ചിരിക്കുന്നു. അ്അ്അ്അതുകൊണ്ടാണ്, ആറാംദിവസം അ്അ്അ്അവിടുന്നു രണ്ടു ദിവസത്തേക്കുള്ള അപ്പം ന്ന്ന്നിങ്ങള്‍ക്കു തരുന്നത്. എ്എ്എ്ഏഴാംദിവസം ഓരോരുത്തനും തന്റെ വസതിയില്‍തന്നെ ക്‍ക്‍ക്‍കഴിയട്ടെ; അ്അ്അ്ആരും പുറത്തുപോകരുത്." 

അതനുസരിച്ച്, പിന്നീട് ആഴ്ചയിലെ ഏഴാംദിവസം ജനങ്ങള്‍ വിശ്രമിച്ചു.  

മോശ പറഞ്ഞു: "ക്‍ക്‍ക്‍കര്‍ത്താവിന്റെ ക്‍ക്‍ക്‍കല്പനയിതാണ്: ഇ്ഇ്ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ ക്‍ക്‍ക്‍കൊണ്ടുപോരുമ്പോള്‍, മ് മ് മ് മരുഭൂമിയില്‍വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍തന്ന അ്അ്അ്അപ്പം നിങ്ങളുടെ പിന്‍തലമുറകള്‍ കാണുന്നതിനുവേണ്ടി അ്അ്അതില്‍നിന്ന് ഒരു ഓമെര്‍ എടുത്തു സൂക്ഷിച്ചുവയ്ക്കുവിന്‍."   
      
കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ അഹറോന്‍ അതു സാക്ഷ്യപേടകത്തിനു മുമ്പില്‍ സൂക്ഷിച്ചുവച്ചു.   

കാനാൻദേശത്തിൻ്റെ അതിർത്തിയിലെത്തുന്നതുവരെ നാല്പതുവര്‍ഷം, ഇസ്രായേല്‍ക്കാര്‍ മന്നാമാത്രം ഭക്ഷിച്ചു.   

------------------------------------
*ഓമെര്‍ - ധാന്യങ്ങള്‍ അളക്കുന്ന ഒരു തോത്. (നമ്മുടെ ഇടങ്ങഴി, നാഴി തുടങ്ങിയവപോലെ)