Sunday 30 December 2018

94. തിരസ്കൃതനായ രാജാവ്

 
ബൈബിൾക്കഥകൾ 94

അമലേക്യരെ പൂർണ്ണമായും നശിപ്പിച്ചെങ്കിലും കർത്താവിന്റെ കല്പനയ്ക്കു വിരുദ്ധമായി, സാവൂളും ജനവും അമലേകൃരുടെ ആടുമാടുകളേയും ഒട്ടകങ്ങളേയും നശിപ്പിക്കാതെ, തങ്ങൾക്കായി സൂക്ഷിച്ചു. രാജാവായ അഗാഗിനെ വധിച്ചതുമില്ല.

അന്നുരാത്രി കർത്താവു സാമുവേലിനോടു സംസാരിച്ചു: "സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്നകലുകയും എന്റെ കല്പനകള്‍ നിറവേറ്റാതിരിക്കുകയുംചെയ്‌തിരിക്കുന്നു. ഞാൻ ശിക്ഷിക്കാൻനിശ്ചയിച്ച അഗാഗിനെ അവൻ വധിച്ചില്ല, നിഷിദ്ധമാർഗ്ഗങ്ങളിലൂടെ അമലേക്യർ സമ്പാദിച്ച സമ്പത്തു നശിപ്പിച്ചുമില്ല."

സാമുവല്‍ രാത്രിമുഴുവന്‍ കര്‍ത്താവിനുമുമ്പിൽ കണ്ണീരോടെ പ്രാർത്ഥിച്ചു. പിറ്റേന്നു പുലർച്ചേതന്നെ സാവൂളിനെക്കാണാനായി പുറപ്പെട്ടു..
ഗില്‍ഗാലിൽ, സാവൂളിന്റെ ഭവനത്തിലേക്കെത്തിയ സാമുവേലിനെ സാവൂൾ, സന്തോഷത്തോടെ സ്വാഗതംചെയ്തു. എന്നാൽ സാമുവൽ കോപിഷ്ഠനായിരുന്നു.

സാമുവല്‍ ചോദിച്ചു: "സ്വന്തം ദൃഷ്‌ടിയില്‍ നിസ്സാരനെങ്കിലും ഇസ്രായേല്‍ഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിന്റെ രാജാവായി നിന്നെയഭിഷേകംചെയ്‌തതു കർത്താവല്ലേ? നീ പോയി, പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവര്‍ നശിക്കുന്നതുവരെ അവരോടു പോരാടുകയെന്നു നിന്നോടു പറഞ്ഞതും കർത്താവല്ലേ? എന്നിട്ടും എന്തുകൊണ്ടാണു നീ കര്‍ത്താവിനെ അനുസരിക്കാതിരുന്നത്‌?"

"കര്‍ത്താവിന്റെ വാക്ക്, ഞാനനുസരിച്ചല്ലോ! എന്നെയേല്പിച്ച ദൗത്യം ഞാന്‍ നിറവേറ്റി. അമലേക്യരെയെല്ലാം നശിപ്പിച്ചു. രാജാവായ അഗാഗിനെ ബന്ധിച്ചുകൊണ്ടുവന്നു."


"അമലേക്യരുടെ ആടുമാടുകളിലും ഒട്ടകങ്ങളിലും കൊഴുത്തവയെയെല്ലാം കൊല്ലാതെ സൂക്ഷിച്ചതെന്തിന്? എന്തിനവയെ ഗിൽഗാലിലേക്കു കൊണ്ടുവന്നു?"

സാവൂൾ തെറ്റു സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അവൻ സാമുവലിനുമുമ്പിൽ തന്നെത്തന്നെ ന്യായീകരിച്ചുകൊണ്ടു പറഞ്ഞു. "അങ്ങയുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍വേണ്ടിയാണ്, കൊള്ളവസ്‌തുക്കളില്‍ ഏറ്റവും നല്ല ആടുമാടുകളേയും ഒട്ടകങ്ങളേയും ജനം ഗില്‍ഗാലിലേക്കു കൊണ്ടുവന്നത്. കർത്താവിനു ദഹനബലിയായി അവയെ സമർപ്പിക്കാൻ അങ്ങയോടു ഞാനാവശ്യപ്പെടുന്നു."

"തന്റെ കല്പനയനുസരിക്കുന്നതിനേക്കാൾ, തനിക്കായി ബലികളര്‍പ്പിക്കുന്നതാണു കര്‍ത്താവിനു പ്രീതികരമെന്നു നീ കരുതുന്നുവോ? അനുസരണം ബലിയേക്കാള്‍ ശ്രഷ്‌ഠമാണെന്ന് നീയെന്നാണു തിരിച്ചറിയുന്നതു്? മുട്ടാടുകളുടെ മേദസ്സിലാണോ കർത്താവു പ്രീതനാകുന്നതു്?

മാത്സര്യവും മന്ത്രവാദവും   മര്‍ക്കടമുഷ്‌ടിയും  വിഗ്രഹാരാധനയും കർത്താവിനുമുമ്പിൽ പാപങ്ങൾതന്നെയാണ്! കര്‍ത്താവിന്റെ വചനം നീ തിരസ്‌കരിച്ചതിനാല്‍, രാജത്വത്തില്‍നിന്ന്‌, അവിടുന്നു നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു."

സാമുവൽ കോപത്തോടെ പറഞ്ഞു.
അപകടം തിരിച്ചറിഞ്ഞപ്പോൾ, സാവൂൾ സാമുവലിനോടു ക്ഷമായാചനംചെയ്തു. അവൻ പറഞ്ഞു: "ഞാന്‍ പാപംചെയ്‌തുപോയി. ജനങ്ങളുടെ നിർബ്ബന്ധത്തിനു വഴങ്ങി, അവരുടെ വാക്കു ഞാനനുസരിച്ചു. കര്‍ത്താവിന്റെ കല്പനകളേയും അങ്ങയുടെ വാക്കുകളെയുംലംഘിച്ച്‌, ഞാന്‍ തെറ്റുചെയ്‌തു. അതിനാല്‍ എന്നോടു ക്ഷമിക്കണമെന്നും  കര്‍ത്താവിനുമുമ്പിൽ പാപപരിഹാരബലിയർപ്പിച്ചു പ്രാർത്ഥിക്കാൻ എന്നോടൊപ്പം വരണമെന്നും ഞാനങ്ങയോടു യാചിക്കുന്നു...."

സാമുവൽ അവനെ ശ്രദ്ധിക്കാതെ പിന്തിരിഞ്ഞു നടന്നു. സാവൂള്‍ അവന്റെ മേലങ്കിയിൽ പിടിച്ച്, അവനെ നിറുത്താൻ ശ്രമിച്ചു. മേലങ്കി, നെടുകെ കീറിപ്പോയി.
സാമുവൽ സാവൂളിനുനേരേതിരിഞ്ഞ്, പറഞ്ഞു. "നെടുകേ കീറിയ ഈ വസ്ത്രം നിനക്കൊരടയാളമാണ്.  ഇസ്രായേലിന്റെ രാജത്വം കർത്താവു നിന്നില്‍നിന്നു വേര്‍പെടുത്തി, നിന്നെക്കാള്‍ ഉത്തമനായ മറ്റൊരുവനു കൊടുത്തിരിക്കുന്നു. സർവ്വവും സൃഷ്ടിച്ചവൻ കള്ളംപറയുകയോ അനുതപിക്കുകയോ ഇല്ലെന്നറിഞ്ഞുകൊള്ളുവിൻ!"

സാവൂൾ സാമുവലിനുമുമ്പിൽ മുട്ടുകുത്തി. "ഞാന്‍ പാപംചെയ്‌തുപോയി. എങ്കിലും, ഇപ്പോള്‍ ജനപ്രമാണികളുടെയും ഇസ്രായേല്യരുടെയുംമുമ്പില്‍ എന്നെയപമാനിക്കരുത്. അങ്ങയുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കാന്‍ അങ്ങ്, എന്നോടൊത്തു വരണം"

സാവൂളിന്റെ അഭ്യർത്ഥന സാമുവൽ സ്വീകരിച്ചു. അവൻ സാവൂളിനൊപ്പം ബലിയർപ്പണത്തിനായിപ്പോയി. ബലിയർപ്പണത്തിനുശേഷം സാമുവൽ പറഞ്ഞു: "അഗാഗിനെ എന്റെ മുമ്പിൽ കൊണ്ടുവരിക. അക്രമവും അനീതിയും പ്രവർത്തിച്ച അവന്റെ വാളിനാൽ നിരവധി സ്ത്രീകൾക്കു സന്താനങ്ങളെ നഷ്ടപ്പെട്ടു. അവനും വാളാൽത്തന്നെയവസാനിക്കണം."

സാമുവൽ തന്റെ കൈയാൽ അഗാഗിനെ വാളിനിരയാക്കി. പിന്നെ, റാമായിലേക്കു മടങ്ങി. അവൻ പിന്നീടൊരിക്കലും സാവൂളിനെക്കണ്ടില്ല. സാവൂളിനെയോര്‍ത്തു സാമുവല്‍ ദുഃഖിച്ചു.

കര്‍ത്താവിന്റെയാത്മാവു സാവൂളിനെ വിട്ടുപോയി. ഒരു ദുരാത്മാവിന്, അവനെ പീഡിപ്പിക്കാൻ കർത്താവനുവാദം നല്കി. ആ ദുരാത്മാവു് അവനിൽ പ്രവേശിക്കുമ്പോഴെല്ലാം അവൻ അത്യന്തമസ്വസ്ഥനാവുകയും അടുത്തെത്തുന്നവരോടെല്ലാം അകാരണമായി കോപിക്കുകയുംചെയ്തു...

Sunday 23 December 2018

93. അമലോക്യർക്കെതിരേ....

ബൈബിൾക്കഥകൾ 93
ഫിലിസ്ത്യരെ പരാജിതരാക്കിയതിനു കൃതജ്ഞതയർപ്പിക്കാൻ, അന്നുരാത്രിയിൽത്തന്നെ സാവൂള്‍രാജാവ്, കര്‍ത്താവിനൊരു ബലിപീഠമുണ്ടാക്കി. സാവൂള്‍ ജനങ്ങളോടു പറഞ്ഞു: "ഈ രാത്രിയിലും ഫിലിസ്‌ത്യരെ പിന്തുടര്‍ന്നു സകലരെയും
കൊന്നൊടുക്കുകയും പ്രഭാതംവരെ അവരെ കൊള്ളയടിക്കുകയുംചെയ്യാം."
"അങ്ങേയ്ക്കുചിതമെന്നു തോന്നുന്നതു ചെയ്യുക" ജനങ്ങൾ മറുപടി പറഞ്ഞു.
"നമുക്കു കർത്താവിനോടാരായാം."
പുരോഹിതനായ അഹിയാ പറഞ്ഞു.
സാവൂളും ജനംമുഴുവനും അതംഗീകരിച്ചു. എന്നാൽ, കൃതജ്ഞതാബലിയർപ്പിച്ചു പുലരുംവരെ കാത്തിരുന്നിട്ടും കർത്താവു മറുപടി നല്കിയില്ല.
സാവൂള്‍ കല്പിച്ചു: "ജനപ്രമാണികൾ എന്റെടുത്തുവരട്ടെ. നമ്മിലാരോചെയ്ത പാപംനിമിത്തമാണ് കർത്താവു നമുക്കുത്തരംനല്കാത്തത്. ഈ പാപം എങ്ങനെ സംഭവിച്ചുവെന്ന്‌ അന്വേഷിച്ചറിയണം.
ഇസ്രായേലിന്റെ രക്ഷകനായ കര്‍ത്താവാണേ, ഇതു ചെയ്‌തത്‌ എന്റെ മകന്‍ ജോനാഥാന്‍തന്നെയാണെങ്കിലും, അവൻ മരിക്കണം."
ജനപ്രമാണികളും ജനങ്ങൾമുഴുവനും നിശബ്ദരായി നിന്നു. ആരും പ്രതികരിക്കുന്നില്ലെന്നുകണ്ടപ്പോൾ സാവൂൾ പറഞ്ഞു: "ജനങ്ങള്‍ മുഴുവൻ ഒരുഭാഗത്തു നില്‍ക്കുവിന്‍; ഞാനും എന്റെ മകന്‍ ജോനാഥാനും മറുഭാഗത്തു നില്‍ക്കാം. കുറ്റക്കാരനെ കണ്ടെത്താൻ പുരോഹിതൻ കുറിയിടട്ടെ!"
സാവൂള്‍ കർത്താവിനോടപേക്ഷിച്ചു: "ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനോടുത്തരംപറയണമേ. ഈ പാപം എന്റേതോ എന്റെ മകന്‍ ജോനാഥാന്റേതോ ആണെങ്കില്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങ്‌  അടയാളംകാണിക്കണമേ. ജനത്തിലൊരുവനാണെങ്കിൽ അതാരെന്നു വെളിപ്പെടുത്തണമേ."
ജോനാഥാനും സാവൂളും കുറ്റക്കാരായി കാണപ്പെട്ടു.
സാവൂള്‍ ജോനാഥാനോടു ചോദിച്ചു: "നീ എന്താണുചെയ്‌തത്‌? എന്നോടു പറയുക."
ജോനാഥാന്‍ പറഞ്ഞു: "അങ്ങയുടെ ശപഥത്തെക്കുറിച്ചു് ഞാനറിഞ്ഞിരുന്നില്ല. എന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രംമുക്കി, അല്പം തേന്‍ ഞാന്‍ രുചിച്ചു. ഞാനിതാ മരിക്കാന്‍ തയ്യാറാണ്‌."
"ജോനാഥാന്‍, നീ വധിക്കപ്പെടുന്നില്ലെങ്കില്‍ ദൈവമെന്നെ ശിക്ഷിക്കട്ടെ." സാവൂൾ ഉറച്ചശബ്ദത്തിൽ പറഞ്ഞു.
എന്നാൽ ജനങ്ങൾ ഒന്നടങ്കം  സാവൂളിനെയെതിർത്തു. ജനപ്രമാണിമാർ സാവൂളിനോടു ചോദിച്ചു: "ഇന്ന്, ഇസ്രായേലിനു വന്‍വിജയംനേടിത്തന്ന ജോനാഥാന്‍ മരിക്കണമെന്നോ? അതുപാടില്ല. അവന്റെ തലയിലെ ഒരു മുടിപോലും നിലത്തുവീണുകൂടാ. അവനിന്നു ദൈവേഷ്‌ടമാണു പ്രവര്‍ത്തിച്ചത്‌. അങ്ങയുടെ ശപഥത്തെക്കുറിച്ചു് ജോനാഥനറിഞ്ഞിരുന്നുമില്ല."
ജനങ്ങളുടെ ഇടപെടൽ ജോനാഥാനെ രക്ഷിച്ചു. അവന്‍ വധിക്കപ്പെട്ടില്ല. സാവൂളും സംഘവും അന്നു ഫിലിസ്ത്യരെ വീണ്ടും പിന്തുടരാതെ മടങ്ങി.

എന്നാൽ മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫിലിസ്‌ത്യര്‍തുടങ്ങി, ചുറ്റുമുള്ള ശത്രുക്കളോടെല്ലാം സാവൂള്‍ പൊരുതിക്കൊണ്ടേയിരുന്നു. ചെന്നിടങ്ങളിലെല്ലാം വിജയംവരിക്കുകയുംചെയ്തു. അങ്ങനെ ഇസ്രായേലിന്റെ വിസ്തൃതിയും സമ്പത്തും നാൾക്കുനാൾ വർദ്ധിച്ചു.
ഒരുദിവസം, സാമുവൽപ്രവാചകൻ സാവൂളിനെക്കാണാനെത്തി. സാവൂൾരാജാവ്, സാമുവേലിനെ ആദരവോടെ സ്വീകരിച്ചു.
പ്രവാചകൻ സാവൂളിനോടു പറഞ്ഞു: "അമലേക്യജനത അഹങ്കാരത്താൽ ഉന്മത്തരായിരിക്കുന്നു. അവരുടെ തിന്മകൾകണ്ടു് കർത്താവു കോപിഷ്ടനായി, അവരെ നശിപ്പിക്കാനുറച്ചിരിക്കുന്നു. അതിനാൽ സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ രാജാവായ സാവൂൾ, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയുംചെയ്യുക. ഇസ്രായേല്യര്‍ ഈജിപ്‌തില്‍നിന്നു പോരുമ്പോള്‍ വഴിയില്‍വച്ച്‌ അവരെ എതിര്‍ത്തവരാണ് അമലേക്യർ... അവർക്കെതിരേ നീ പ്രതികാരംചെയ്യുക ആരുമവശേഷിക്കാത്തവിധം, അവരെ പൂർണ്ണമായി നശിപ്പിക്കുക. ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക...."
സാമുവേലിന്റെ നിർദ്ദേശപ്രകാരം അമലേക്യർക്കെതിരെ യുദ്ധംചെയ്യാൻ സാവൂൾ സൈന്യത്തെ തയ്യാറാക്കി. രണ്ടുലക്ഷത്തിപതിനായിരംപേരടങ്ങിയ സൈന്യത്തെ രണ്ടായിത്തിരിച്ചു. സാവൂളും ജോനാഥനും ഓരോ ഗണത്തിന്റെയും നേതൃത്വമേറ്റെടുത്തു.
ഇസ്രായേൽ തനിയ്ക്കെതിരേ യുദ്ധസജ്ജരാകുന്നുവെന്നറിഞ്ഞപ്പോൾ, അമലേക്യരാജാവായ അഗാഗ് അമലേക്ക്യപ്രഭുക്കളെയും സൈന്യത്തലവന്മാരെയും വിളിച്ചുകൂട്ടി.
"നാടോടികളായിരുന്ന ഇസ്രായേൽക്കാർ, സാവൂളിന്റെ നേതൃത്വത്തിൽ ഇന്നൊരു രാജ്യം സൃഷ്ടിച്ചിരിക്കുന്നു. മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫിലിസ്‌ത്യര്‍ തുടങ്ങിയ ജനതകളെയെല്ലാം അവരാക്രമിച്ചുകീഴടക്കി. ഇപ്പോൾ നമുക്കെതിരെയും തിരിഞ്ഞിരിക്കുന്നു. നമ്മൾ പൂർണ്ണശക്തിയോടെ അവരെ നേരിടേണ്ട സമയമാണിത്. ഇസ്രായേലിന്റെ ഇരട്ടിയിലധികം സൈനികർ നമുക്കുണ്ട്. ഈ യുദ്ധമവസാനിക്കുമ്പോൾ ഇസ്രായേൽക്കാർ എന്നറിയപ്പെടുന്ന നാടോടികളിലൊരുവൻപോലും ജീവനോടെ ബാക്കിയുണ്ടാകരുത്."
എല്ലാക്കാലത്തും ഇസ്രായേൽക്കാരോടു സൗഹൃദത്തിൽക്കഴിഞ്ഞിരുന്ന കേന്യജനതയിൽപ്പെട്ട ചിലർ അമലേക്യർക്കിടയിൽ പാർത്തിരുന്നു. സാവൂൾ അവർക്കിടയിലേക്കു ദൂതന്മാരെ അയച്ചു.
"അമലേക്യരോടൊപ്പം, ഞാന്‍ നിങ്ങളെ  നശിപ്പിക്കാതിരിക്കേണ്ടതിന്‌ അവരുടെയിടയില്‍നിന്നു മാറിപ്പൊയ്‌ക്കൊള്ളുവിന്‍."
അമലേക്യസൈനികർ ഇസ്രായേൽസൈന്യത്തേക്കാൾ ശക്തരാണെന്നറിഞ്ഞിരുന്നെങ്കിലും സാവൂളിന്റെ നിർദ്ദേശപ്രകാരം അമലേക്യരുടെയിടയിലുണ്ടായിരുന്ന കേന്യർ അവിടെനിന്നു മാറിത്താമസിച്ചു. അധികംവൈകാതെ, അമലേക്യരാജ്യത്തിന്റെ അതിർത്തിയായ ഹവിലയിൽനിന്നു കടന്നുകയറി, സാവൂൾ ആക്രമണമാരംഭിച്ചു. മറ്റൊരതിർത്തിയിൽനിന്നു ജോനാഥന്റെ സൈനികരുമാക്രമണമാരംഭിച്ചു.
അമലേക്യസൈന്യം ശക്തമായിരുന്നെങ്കിലും സാവൂളിന്റെയും ജോനാഥന്റെയും യുദ്ധതന്ത്രങ്ങൾക്കുമുമ്പിൽ അവർക്കു പിടിച്ചുനില്ക്കാനായില്ല.  ഹവിലമുതല്‍ ഈജിപ്‌തിനു കിഴക്ക്, ഷൂര്‍വരെയുള്ള പ്രദേശങ്ങളിലുണ്ടായിരുന്ന സൈനികരും സാധാരണരുമായ അമലേക്യരെയെല്ലാം ഇസ്രായേൽ വാളിനിരയാക്കി.
അമലേക്യരാജാവായ അഗാഗിനെ  സാവൂൾ ജീവനോടെ പിടികൂടി. രാജാവൊഴികെ ജനത്തിലൊരുവൻപോലുമവശേഷിച്ചില്ല.

എന്നാൽ, കർത്താവിന്റെ കല്പനയ്ക്കു വിരുദ്ധമായി, സാവൂളും ജനവും ആടുമാടുകള്‍, തടിച്ച മൃഗങ്ങള്‍ എന്നിവയിലേറ്റവുംനല്ലവയെ നശിപ്പിക്കാതെ തങ്ങൾക്കായി സൂക്ഷിച്ചു. രാജാവായ അഗാഗിനെ വധിച്ചതുമില്ല.

Sunday 16 December 2018

92. ജോനാഥന്റെ വിജയം

ബൈബിൾക്കഥകൾ 92
സമയം സന്ധ്യയോടടുത്തു. സൂര്യൻ ചക്രവാളത്തിനപ്പുറം മറഞ്ഞുകഴിഞ്ഞെങ്കിലും അപ്പോഴും ബാക്കിയായിരുന്ന മങ്ങിയവെളിച്ചത്തിൽ, ജോനാഥനും ആയുധവാഹകനും തങ്ങളുടെ സൈനികത്താവളത്തിനുനേരേ നടന്നുവരുന്നതു ഫിലിസ്ത്യരുടെ കാവൽസൈനികർ കണ്ടു. 
നിരവധി ഇസ്രായേൽക്കാർ, കൂറുമാറി ഫലിസ്ത്യപക്ഷത്തുചേർന്ന്, സാവൂളിനെതിരെ യുദ്ധത്തിനു തയ്യാറായിരുന്നതിനാൽ, രണ്ടു ഹെബ്രായർ തങ്ങളുടെ താവളത്തിലേക്കു കടന്നുവരുന്നതു കണ്ടതിൽ അവർക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല
"നോക്കൂ, ഹെബ്രായരിൽചിലർ വീണ്ടും ഒളിത്താവളങ്ങളിൽനിന്നു പുറത്തുവന്നിരിക്കുന്നു."
"വരട്ടെ, വരട്ടെ! ഒരുപക്ഷേ, സാവൂളിനേയും പുത്രനേയും കാണിച്ചുതരാൻ അവർക്കു കഴിഞ്ഞേക്കാം."
കാവൽസൈനികർ പരസ്പരം പറഞ്ഞു.
ജോനാഥനും ആയുധവാഹകനും  കാവൽഭടന്മാരുടെ കൂടാരങ്ങൾക്കടുത്തെത്തിയപ്പോൾ ഫിലിസ്ത്യർ അവരെ ഹാർദ്ദമായി സ്വാഗതംചെയ്തു.
"വരൂ, വരൂ ഹെബ്രായരേ, സാവൂളിനേയും പുത്രനേയും കാണിച്ചുതരുന്നവർക്കുള്ള സമ്മാനങ്ങൾ എന്തൊക്കെയാണെന്നറിയാൻ അകത്തേക്കു വരൂ...."
ജോനാഥൻ ആയുധവാഹകനെ നോക്കി. ചെറിയ ശബ്ദത്തിൽ പറഞ്ഞു. "അവർ നമ്മളെ സംശയിക്കുന്നില്ല, കർത്താവ് അവരെ നമുക്കേല്പിച്ചുവെന്നതിനു തെളിവാണിത്. ധൈര്യപൂർവ്വം നമുക്ക് അകത്തേക്കു ചെല്ലാം."
ജോനാഥനും ആയുധവാഹകനും കൂടാരത്തിനകത്തു കടന്നു. യുദ്ധനിപുണരായ ഇരുപതു കാവൽഭടന്മാർ അവിടെയുണ്ടായിരുന്നു. അവരുടെ നേതാവു പറഞ്ഞു.
"സാവൂളിനും പുത്രനായ ജോനാഥനും തങ്ങളെ രക്ഷിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞുവരുന്നവരെ ഞങ്ങൾ സംരക്ഷിക്കും. എന്നാൽ അതിനേക്കാൾ വലുതായി ഒന്നുകൂടെയുണ്ട്. സാവൂളിനേയും ജോനാഥനേയും കാണിച്ചുതരാൻ നിങ്ങൾക്കായാൽ, നിങ്ങൾ വലിയ ബഹുമതികൾക്കർഹരാകും."
ജോനാഥൻ കാവൽഭടന്മാരെ നോക്കി പുഞ്ചിരിതൂകി. പിന്നെ ശാന്തനായി പറഞ്ഞു. "നിങ്ങളുടെ സൗമനസ്യത്തിനു നന്ദി. ഞാനാദ്യം ജോനാഥനെ കാണിച്ചുതരാം, കൺനിറയെ കണ്ടോളൂ"
അടുത്ത നിമിഷം, ആയുധവാഹകന്റെ കൈകളിലുണ്ടായിരുന്ന വാളുകളിലൊന്ന്, ജോനാഥന്റെ കൈകളിലെത്തി. ജോനാഥന്റെയും ആയുധവാഹകന്റേയും കൈകളും ചുവടുകളും അതിവേഗത്തിൽ ചലിച്ചു. അവരുടെ വാളുകളിൽ വീണ്ടും ഫിലിസ്ത്യരക്തം പുരണ്ടു. എന്താണു സംഭവിക്കുന്നതെന്നു ഫിലിസ്ത്യർ തിരിച്ചറിയുന്നതിനുമുമ്പേ, ഇരുപതു കബന്ധങ്ങൾ നിലംപറ്റി, ശിരസ്സുകൾ മണ്ണിലുരുണ്ടു.
കാവൽപ്പാളയത്തിൽനിന്നുയർന്ന അലർച്ചകളും രോദനങ്ങളും ഫിലിസ്ത്യസൈനികർക്കിടയിൽ അമ്പരപ്പുളവാക്കി. ഫിലിസ്ത്യർക്കിടയിൽ അതിഭയങ്കരമായ സംഭ്രാന്തി പടര്‍ന്നു. കൈയിൽക്കിട്ടിയ ആയുധങ്ങളുമായി അവർ കാവൽപ്പാളയത്തിനടുത്തേക്കു പാഞ്ഞു.
ജോനാഥനും ആയുധവാഹകനും സമീപത്തുണ്ടായിരു ഒരു ഗുഹയ്ക്കുള്ളിലൊളിച്ചു.
ഇരുൾമൂടിത്തുടങ്ങിയിരുന്നതിനാൽ കാവൽപ്പാളയത്തിനടുത്തെത്തിയ ഫിലിസ്ത്യർക്കു ശത്രുവാരെന്നു തിരിച്ചറിയാനായില്ല. അവർ പരസ്പരം കൊന്നൊടുക്കി.
ഫിലിസ്ത്യപാളയത്തിലെ യുദ്ധസമാനമായ ആരവവും മുറവിളികളും ബഞ്ചമിനിലെ ഗിബെയായിലുണ്ടായിരുന്ന സാവൂളിന്റെ സൈനികർ കേട്ടു.
തന്നോടുകൂടെയുണ്ടായിരുന്നവരോടു  സാവൂള്‍ പറഞ്ഞു: "ആരോ ഫിലിസ്ത്യതാവളത്തിൽക്കടന്ന് ആക്രമിക്കുന്നുണ്ടു്. നമ്മുടെ കൂട്ടത്തില്‍നിന്നു പോയതാരെന്നറിയാന്‍ എല്ലാവരുടേയും എണ്ണമെടുക്കുവിന്‍."
ജോനാഥാനും ആയുധവാഹകനും അവിടെയില്ലയെന്ന് അവർ കണ്ടെത്തി.

സാവൂൾ അസ്വസ്ഥനായി.
"ദൈവത്തിന്റെ പേടകം ഇവിടെക്കൊണ്ടുവരുക" സാവൂള്‍ പുരോഹിതനായ *അഹിയായോടു പറഞ്ഞു.
അഹിയാ, കർത്താവിന്റെ ഹിതമറിയാനായി, വാഗ്ദത്തപേടകം കൊണ്ടുവന്നു.
സാവൂള്‍ പുരോഹിതനോടു സംസാരിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഫിലിസ്‌ത്യപാളയത്തിലെ ബഹളം വര്‍ദ്ധിച്ചുവന്നു.
"ജോനാഥനും ആയുധവാഹകനും ഫിലിസ്ത്യസൈന്യത്തിനുമുമ്പിൽ ഏറെനേരം പിടിച്ചുനില്ക്കാനാകില്ല. വരുവിൻ, നമുക്ക് അവരുടെ സഹായത്തിനെത്താം. കർത്താവിനുമുമ്പിലൊരു നേർച്ചയായി, നാളെ സന്ധ്യവരെ നമുക്കു ഭക്ഷണമുപേക്ഷിക്കാം. നാളെ സന്ധ്യയ്ക്കുമുമ്പ് ശത്രുക്കളെത്തുരത്താൻ കർത്താവു നമ്മെ സഹായിക്കും. എന്റെ വാക്കിനുവിരുദ്ധമായി, നാളെ സന്ധ്യയ്ക്കുമുമ്പു ഭക്ഷണംകഴിക്കുന്നവൻ ശപിക്കപ്പെട്ടവനാകട്ടെ!"
കർത്താവിനു ബലികളർപ്പിക്കാൻ, ഫിനെഹാസിനോടു നിർദ്ദേശിച്ചശേഷം സാവൂളും കൂടെയുണ്ടായിരുന്ന ജനങ്ങളും  യുദ്ധസ്ഥലത്തേക്കു പാഞ്ഞു. അവരുടെ കൈയിലെ പന്തങ്ങളുടെ വെളിച്ചത്തിൽ, പരസ്‌പരം വെട്ടിനശിക്കുന്ന ഫിലിസ്ത്യരെ അവരവിടെക്കണ്ടു. സാവൂളും സംഘവും അവശേഷിച്ച ഫിലിസ്ത്യരെ നേരിട്ടു.
സാവൂളിനേയും സംഘത്തേയുംകണ്ടപ്പോൾ ജോനാഥനും സഹായിയും ഒളിയിടത്തിൽനിന്നു പുറത്തുവന്നു.
നേരത്തെ ഫിലിസ്‌ത്യരോടുകൂടെയായിരുന്നവരും അവരുടെ പാളയത്തില്‍ ചേര്‍ന്നവരുമായ ഹെബ്രായര്‍ സാവൂളിനോടും ജോനാഥാനോടും പക്ഷംചേര്‍ന്നു ഫിലിസ്ത്യരെ നേരിട്ടു. 
ഫിലിസ്‌ത്യര്‍ തോറ്റോടിയെന്നറിഞ്ഞപ്പോൾ, പിറ്റേന്നു പുലെർച്ചേ, എഫ്രായിം മലനാട്ടിലൊളിച്ചിരുന്ന ഇസ്രായേല്യരും സാവൂളിനോടൊപ്പംചേർന്ന്, ഫിലിസ്ത്യരെ പിന്തുടര്‍ന്നാക്രമിച്ചു. ബതാവനപ്പുറംവരെ സാവൂളും സംഘവും ശത്രുക്കളെ പിന്തുടർന്നു.
അന്നുച്ചയ്ക്കുമുമ്പേ, ഫിലിസ്ത്യർ പൂർണ്ണപരാജിതരായി പിന്തിരിഞ്ഞോടി.
യുദ്ധംകഴിഞ്ഞുള്ള മടക്കയാത്രയിൽ
ഇസ്രായേൽസംഘം ഒരു കാട്ടുപ്രദേശത്തെത്തി, അവിടെ തേന്‍കൂടുകള്‍ നിലത്തുവീണുകിടപ്പുണ്ടായിരുന്നു. കാട്ടില്‍ക്കടന്നപ്പോള്‍, കൂടുകളിൽനിന്ന് തേന്‍ ഇറ്റിറ്റുവീഴുന്നതും അവര്‍ കണ്ടു. എന്നാല്‍ സാവൂൾചെയ്യിച്ച ശപഥമോര്‍ത്ത്‌ അവരാരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല.
ജോനാഥാനാകട്ടെ തന്റെ പിതാവ്‌ ജനത്തെക്കൊണ്ടു‌ ശപഥംചെയ്യിച്ചവിവരം അറിഞ്ഞിരുന്നില്ല. അതിനാല്‍ അവന്‍ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം, തേന്‍കൂടില്‍മുക്കി അതു ഭക്ഷിച്ചു. ക്ഷീണത്താൽ തളർന്നിരുന്ന അവന്റെ കണ്ണുകൾ പ്രകാശിച്ചു. ക്ഷീണംമാറി.
അപ്പോൾ സാവൂൾ ജനങ്ങളെക്കൊണ്ടുചെയ്യിച്ച ശപഥത്തെക്കുറിച്ച്, ഇസ്രായേൽക്കാരിലൊരുവൻ അവനോടു പറഞ്ഞു.
-------------------------
*സാമുവലിനുമുമ്പ്, ഇസ്രയേലിന്റെ പ്രധാന പുരോഹിതനായിരുന്ന ഏലിയുടെ പൗത്രനാണ് അഹിയ. പിതാവായ ഫിനഹാസും പിതൃസഹോദരനും ഫിലിസ്ത്യരാൽ വധിക്കപ്പെടുകയും ആ വിവരമറിഞ്ഞ ഏലി, പീഠത്തിൽനിന്നുവീണു മരിക്കുകയുംചെയ്ത ദിവസമാണ് അഹിയ ജനിച്ചത്.

Sunday 9 December 2018

91. ജോനാഥൻ

ബൈബിൾക്കഥകൾ 91

തന്റെ പിതൃഗോത്രമായ ബഞ്ചമിൻഗോത്രത്തിൽനിന്നുതന്നെ സാവൂൾ തനിക്കായി ഒരു വധുവിനെക്കണ്ടെത്തി. നാലു പുത്രന്മാരെയും രണ്ടു പുത്രിമാരെയും നല്കി,  ആ രാജദമ്പതിയെ കർത്താവനുഗ്രഹിച്ചു.
സാവൂളിന്റെ സീമന്തപുത്രനായ ജോനാഥൻ ധീരനായ ഒരു പോരാളിയായി വളർന്നു. കൗമാരത്തിൽത്തന്നെ അവൻ ഇസ്രായേൽസൈന്യത്തിന്റെ സൈന്യാധിപനായി സ്ഥാനമേറ്റു.
ഇസ്രായേൽരാജ്യത്തിനുള്ളിലേക്കുകടന്നു സ്ഥിതിചെയ്തിരുന്ന ഗേബാപ്പട്ടണം, ഫിലിസ്ത്യരുടെ ശക്തികേന്ദ്രമായിരുന്നു. അവിടെ അവർക്കൊരു സൈനികകേന്ദ്രവുമുണ്ടായിരുന്നു. 
ഗേബായിലെ, ഫിലിസ്ത്യരുടെ സൈനികതാവളം, ഇസ്രായേലിനു ഭീഷണിയാകുമെന്നു തിരിച്ചറിഞ്ഞ ജോനാഥൻ, തന്റെ സൈന്യത്തെ ഗേബായിലേക്കു നയിച്ചു. ജോനാഥന്റെയും കൂട്ടരുടേയും ശക്തമായ ആക്രമണത്തിൽ ഗേബായിലെ ഫിലിസ്ത്യസൈന്യം തോറ്റോടി.
''ജോനാഥാന്‍ ഫിലിസ്‌ത്യരുടെ ശക്തികേന്ദ്രം തകർത്തത്, ഇസ്രായേലിൽ മുഴുവൻപേരുമറിയണം. രാജ്യമൊട്ടുക്കും വിജയകാഹളം മുഴങ്ങട്ടെ..." സാവൂൾ കല്പിച്ചു.
ഇസ്രായേലിലെ വിജയകാഹളംകേട്ട്, ചുറ്റുവട്ടങ്ങളിലുള്ള ഫിലിസ്ത്യപ്രഭുക്കന്മാർ ഒരുമിച്ചുകൂടി.
''കേവലമൊരു കൗമാരക്കാരനുമുമ്പിൽ ഫിലിസ്ത്യരുടെ ധീരസൈനികർക്കു തോറ്റോടേണ്ടിവന്നതു വലിയ പരാജയമാണ്. സാവൂളും പുത്രനായ ജോനാഥനും ഇനിയും ജീവനോടിരുന്നാൽ, അതു നമ്മുടെ നിലനില്പിനെത്തന്നെ ദോഷകരമായി ബാധിക്കും. ഗേബായിലെ പരാജയത്തിനു നമ്മൾ ശക്തമായ തിരിച്ചടി നല്കണം. സാവൂളിനേയും പുത്രനേയും ജീവനോടെ പിടികൂടണം. എന്നിട്ട്, ഫിലിസ്ത്യർക്കെതിരേ കരമുയർത്തുവാൻ ഇനിയുമൊരാളും ധൈര്യപ്പെടാത്തരീതിയിൽ അവരുടെ വധശിക്ഷ നടപ്പിലാക്കണം...."
ഫിലിസ്‌ത്യരുടെ സംയുക്തസൈന്യം, മുഴുവൻശക്തിയോടെ യുദ്ധത്തിനു സജ്ജമായി. മുപ്പതിനായിരം രഥങ്ങള്‍, ആറായിരം കുതിരപ്പടയാളികള്‍, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പട... 
ബത്താവനു കിഴക്കുള്ള മിക്‌മാഷില്‍ അവർ കൂടാരമടിച്ചു.
ഇസ്രായേൽക്കാർ അപകടസ്ഥിതി തിരിച്ചറിഞ്ഞു അവര്‍ ഗുഹകളിലും മാളങ്ങളിലും പാറക്കെട്ടുകളിലും ശവകുടീരങ്ങളിലും കിണറുകളിലും ഒളിസങ്കേതങ്ങൾ കണ്ടെത്തി. ചിലരാകട്ടെ, ജോർദ്ദാൻനദി കടന്ന്, ഗാദിലേക്കും ഗിലയാദിലേക്കും പാലായനംചെയ്തു. മറ്റു ചിലർ ഫിലിസ്ത്യരുടെ പക്ഷംചേർന്നു സാവൂളിനെതിരെ യുദ്ധംചെയ്യാൻ തയ്യാറായി.
സാവൂളും ജോനാഥനും ഗില്‍ഗാലില്‍ത്തന്നെയുണ്ടായിരുന്നു. മൂവായിരത്തോളം  അനുയായികൾമാത്രമാണ് അവർക്കൊപ്പമുണ്ടായിരുന്നതു്. സാവൂളും ജോനാഥനും ധൈര്യംപകർന്നിട്ടും അനുയായികളെല്ലാം ചകിതരായിരുന്നു.
സാവൂൾ, സാമുവലിന്റെയടുത്തേക്കു് ഒരു ദൂതനെയയച്ചു.
"ഏഴുദിവസത്തിനുള്ളിൽ ഞാൻ ഗിൽഗാലിലെത്തും അതുവരെ കാത്തിരിക്കുക. കർത്താവു നിങ്ങളെ സംരക്ഷിക്കും." സാമുവൽ ദൂതൻവശം മറുപടിസന്ദേശം കൊടുത്തയച്ചു.
സാവൂള്‍ സാമുവലിന്റെ നിര്‍ദ്ദേശമനുസരിച്ച്‌, ഏഴുദിവസം അവനുവേണ്ടി കാത്തിരുന്നു. എന്നാല്‍, സാമുവൽ വന്നില്ല. ദൈവപുരുഷനെ കാണാതയതോടെ, ഒപ്പമുണ്ടായിരുന്നവരിൽക്കുറേപ്പേർ സാവൂളിനെ വിട്ടുപോയി.
തന്നോടൊപ്പമവശേഷിച്ചവരോടുസാവൂള്‍ പറഞ്ഞു: ''ദഹനബലിക്കും സമാധാനബലിക്കുമുള്ള വസ്‌തുക്കള്‍ എന്റെയടുത്തു കൊണ്ടുവരുവിന്‍. നമുക്കുവേണ്ടി ബലിയർപ്പിക്കാൻ ഒരു പുരോഹിതനില്ലാത്തതിനാൽ, ഞാൻതന്നെ ബലിയർപ്പണംനടത്താം."
സാവൂൾ കർത്താവിന്റെ ബലിപീഠത്തിൽ ദഹനബലിയര്‍പ്പിച്ചു. ബലിയർപ്പണമവസാനിച്ചപ്പോൾ സാമുവൽ അവിടെയെത്തി. സാവുൾ ജോനാഥനോടൊപ്പംചെന്ന്, സാവൂളിനെ അഭിവാദനംചെയ്തു സ്വീകരിച്ചു.
എന്നാൽ സാമുവൽ കോപിഷ്ഠനായിരുന്നു. അവൻ ചോദിച്ചു. "നീയെന്താണു ചെയ്‌തത്‌?"
സാവൂള്‍ പറഞ്ഞു: "നിശ്ചിതദിവസംകഴിഞ്ഞിട്ടും അങ്ങയെക്കാണാതായപ്പോൾ ജനങ്ങള്‍ എന്നെവിട്ടുപോയിത്തുടങ്ങി. മൂവായിരത്തോളംപേർ എന്നോടൊപ്പമുണ്ടായിരുന്നതിൽ എണ്ണൂറുപേർമാത്രമാണ് ഇപ്പോളവശേഷിക്കുന്നത്.
ലക്ഷത്തിലധികം സൈനികരുമായി ഫിലിസ്‌ത്യര്‍ മിക്‌മാഷില്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. ശത്രു എന്നെ ആക്രമിക്കുന്നുവെന്നും കര്‍ത്താവിന്റെ സഹായം ഞാനപേക്ഷിച്ചിട്ടില്ലല്ലോയെന്നും ഞാനോര്‍ത്തു. അതിനാല്‍, ദഹനബലിയര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി."
സാമുവല്‍ പറഞ്ഞു: "നീ ചെയ്‌തതു വലിയ വിഡ്ഢിത്തമാണ്. പുരോഹിതനായല്ലാ, ജനത്തിനു രാജാവായാണു കർത്താവു നിന്നെ അഭിഷേകംചെയ്തത്. നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്പന നീയനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്നു നിന്റെ രാജത്ത്വം ഇസ്രായേലില്‍ എന്നേയ്ക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.
എന്നാല്‍, നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്റെ ഹിതം നീ മാനിക്കാതിരുന്നതിനാൽ, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്‌. ജനത്തിനു രാജാവായിരിക്കാന്‍ അവനെ നിയോഗിച്ചുകഴിഞ്ഞു."
സാമുവലിന്റെ വാക്കുകൾകേട്ട സാവൂൾ ഖിന്നനായി.
"ഈ യുദ്ധത്തോടെ അതു സംഭവിക്കുമോ? കടൽത്തീരത്തെ മണൽത്തരിപോലെ അസംഖ്യമായ സൈനികരുമായി, ഫിലിസ്ത്യർ യുദ്ധസന്നാഹത്തോടെ നില്ക്കുന്നു. എന്നോടൊപ്പമാകട്ടെ അറുനൂറുപേർമാത്രം. ഞാനെന്താണു ചെയ്യേണ്ടത്?"
"ഫിലിസ്ത്യരുടെ സംഖ്യാബലംകണ്ടു നീ പരിഭ്രമിക്കേണ്ട. കർത്താവു വിജയംനല്കുന്നതു സൈന്യത്താലും ആയുധബലത്താലുമല്ലാ. നിനക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കാം. ഞാനിപ്പോൾ ഗേബായിലേക്കു പോകുന്നു. എന്റെ സഹായിയായ അഹിയാ, വാഗ്ദാനപേടകം വഹിക്കുന്ന ലേവ്യർക്കൊപ്പം നിന്റെ സമീപത്തുതന്നെയുണ്ടാകും"
സാവൂളും പുത്രന്‍ ജോനാഥാനും അവരോടൊപ്പമുണ്ടായിരുന്ന അറുന്നൂറു സൈനികരും ഗേബായിലെ കുന്നിൻമുകളിൽ, ഒരു മാതളനാരകത്തോട്ടത്തിൽ പാളയമടിച്ചു. അവിടെനിന്നുനോക്കിയാൽ, മിക്‌മാഷിലെ ഫിലിസ്‌ത്യരുടെ സൈനികകൂടാരങ്ങൾ കാണാനാകുമായിരുന്നു.
സാവൂൾ പാളയമടിച്ച മാതളനാരകത്തോട്ടത്തിനിരുവശവും കീഴ്ക്കാംതൂക്കായ പാറകളായിരുന്നു. ഒന്നു മിക്‌മാഷിനഭിമുഖമായി വടക്കുവശത്തും മറ്റേതു ഗേബായ്‌ക്ക്‌ അഭിമുഖമായി തെക്കുവശത്തും ഉയര്‍ന്നുനിന്നിരുന്നു. അവയ്ക്കിടയിലെ സമതലത്തിൽ, തന്റെ ആയുധവാഹകനോടൊപ്പം നിന്ന്, മിക്‌മാഷിൽ താവളമടിച്ചിരിക്കുന്ന ഫിലിസ്ത്യസൈന്യത്തെ ജോനാഥൻ നിരീക്ഷിച്ചു.
നിരവധി ഇരുമ്പു രഥങ്ങളും ആയിരക്കണക്കായ കുതിരപ്പടയാളികളും എണ്ണിയാലൊടുങ്ങാത്ത കാലാൾപ്പടയും!
ജോനാഥാന്‍ ആയുധവാഹകനോടു പറഞ്ഞു: "ഇത്ര വലിയൊരു സൈന്യത്തിനുമുമ്പിൽ നമ്മുടെ അറുന്നൂറുപേർ വെറും നിസ്സാരം. നേരിട്ടുള്ളൊരു യുദ്ധത്തിൽ നമുക്കവരെ തോല്പിക്കാനാകില്ല.
ഇപ്പോൾ നീയെന്നോടൊപ്പം വരുക, നമ്മൾ രണ്ടുപേർമാത്രമായി ഈ  സൈന്യത്തിനുനേരേ ചെല്ലാം. കര്‍ത്താവു നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? ആളേറിയാലും കുറഞ്ഞാലും കര്‍ത്താവിനു രക്ഷിക്കാന്‍ തടസ്സമില്ലല്ലോ."
"അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം. മരണംവരെ, അങ്ങയോടുകൂടെ ഞാനുണ്ടാകും"
ജോനാഥാന്‍ പറഞ്ഞു: "നമുക്ക്‌, അവരുടെനേരേചെന്ന്‌, കാവൽ ഭടന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാം. കൂറുമാറിയെത്തിയ ഹെബ്രായർ എന്നുകരുതി, അവർ നമ്മളെ സ്വീകരിച്ചാൽ, കർത്താവവരെ നമ്മുടെ കൈയിലേല്പിച്ചുവെന്നു കരുതാം. അതല്ലെങ്കിൽ നമ്മളാലാവുന്നത്ര കരുത്തോടെ ശത്രുവിനെ പ്രഹരിച്ചുകൊണ്ടു വീരമൃത്യുവരിക്കാം..."
അപ്പോൾ സമയം സൂര്യാസ്തമയത്തോടടുത്തിരുന്നു. ചെങ്കതിരുകൾവീണ പാറക്കെട്ടുകളിൽപ്പിടിച്ച്, ജോനാഥനും ആയുധവാഹകനും താഴേയ്ക്കു തൂങ്ങിയിറങ്ങി.
ഇരുൾമൂടുന്നതിനുമുമ്പുതന്നെ, ഇരുവരും ഫിലിസ്ത്യപാളയത്തിനു സമീപമെത്തി.
പ്രധാനപാളയത്തിൽനിന്ന് അല്പമകലെയായി ഇരുപതോളം കാവൽസൈനികർ നിലയുറപ്പിച്ചിരുന്നു. തങ്ങളുടെ പാളയത്തിനുനേരെ രണ്ടു ഹെബ്രായർ നടന്നുവരുന്നത് അവരുടെ ദൃഷ്ടിയിൽപ്പെട്ടു...

Sunday 2 December 2018

90. പ്രഭാഷണം

ബൈബിൾക്കഥകൾ 90

തന്റെ അധികാരത്തിൻകീഴിലുള്ള പ്രദേശങ്ങളിലെല്ലാം സാവൂൾ ചുറ്റിസ്സഞ്ചരിച്ചു. എല്ലാ ഗോത്രങ്ങളിലുംനിന്ന്, ധീരരായ ചെറുപ്പക്കാരെക്കണ്ടെത്തി,  സൈനികപരിശീലനം നല്കി.

ഇസ്രായേൽജനത വസിച്ചിരുന്ന പലപ്രദേശങ്ങളിലും ഫിലിസ്ത്യർ ആധിപത്യം പുലർത്തിയിരുന്നു. അത്തരമിടങ്ങളിലെല്ലാം സാവൂളിന്റെ സൈന്യം ഫിലിസ്ത്യരുടെ ഭടന്മാരെനേരിട്ടു പരാജയപ്പെടുത്തി. ഇസ്രായേൽവംശജർ പാർത്തിരുന്ന പ്രദേശങ്ങളെല്ലാം സാവൂളിന്റെ നിയന്ത്രണത്തിലായി.
അക്കാലംവരെയും ഒരു ജനതമാത്രമായിരുന്ന ഇസ്രായേൽ, ഒരു രാജ്യമായറിയപ്പെട്ടുതുടങ്ങി. 

ഇസ്രായേലിലും അയൽരാജ്യങ്ങളിലുമെല്ലാം സാവൂളിന്റെ രാജത്ത്വമംഗീകരിക്കപ്പെട്ടു. 
സാമുവലിൻ്റെ നിർദ്ദേശപ്രകാരം,  ഇസ്രായേൽജനത ഗിൽഗാലിലൊത്തുചേരാൻ സാവൂൾ വിളംബരം പുറപ്പെടുവിച്ചു.
ഗിൽഗാലിൽ, സാവൂൾരാജാവിൻ്റെ സാന്നിദ്ധ്യത്തിൽ, സാമുവൽപ്രവാചകൻ
ഇസ്രായേല്‍ജനത്തോടു സംസാരിച്ചു: 

"നിങ്ങള്‍ എന്നോടാവശ്യപ്പെട്ടതൊക്കെ ഞാന്‍ ചെയ്‌തുതന്നു. നിങ്ങൾക്കായി ഞാനൊരു രാജാവിനെ വാഴിച്ചു.
ഇനി നിങ്ങളെ നയിക്കാന്‍ ശക്തനായൊരു രാജാവിവിടെയുണ്ട്‌. 

എൻ്റെ യൗവനംമുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങളെ നയിച്ചുപോന്നു. ജരാനരകള്‍ബാധിച്ച വൃദ്ധനായി, ഞാനിപ്പോൾ നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു. എൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ  കര്‍ത്താവിന്റെയും അവിടുത്തെ അഭിഷിക്‌തനായ രാജാവിൻ്റെയും മുമ്പിൽവച്ച് നിങ്ങളെന്നെ കുറ്റപ്പെടുത്തുവിൻ...

ആരുടെയെങ്കിലും സ്വത്തുവകകൾ ഞാനപഹരിച്ചിട്ടുണ്ടോ? ആരെയെങ്കിലും വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്‌തിട്ടുണ്ടോ? ആരില്‍നിന്നെങ്കിലും കൈക്കൂലിവാങ്ങി, സത്യത്തിനുനേരേ ഞാൻ കണ്ണടച്ചിട്ടുണ്ടോ? ഞാൻ കുറ്റങ്ങളെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്കെന്നെ പരസ്യമായി വിചാരണചെയ്യാം.''

എല്ലാ ഗോത്രങ്ങളിലുംനിന്നുള്ള ശ്രേഷ്ഠന്മാർ മുമ്പോട്ടുവന്നു വേദിയിൽക്കയറി. റൂബൻഗോത്രംമുതൽ ബെഞ്ചമിൻഗോത്രംവരെയുള്ള പന്ത്രണ്ടു ഗോത്രത്തലവന്മാരും സാമുവൽപ്രവാചകൻ്റെ നന്മകളെടുത്തുപറഞ്ഞു സംസാരിച്ചു. പ്രവാചകനെ കുറ്റപ്പെടുത്തുന്ന ഒരു വാക്കുപോലും ആരും പറഞ്ഞില്ല.

എല്ലാവരും സംസാരിച്ചുകഴിഞ്ഞപ്പോൾ സാമുവൽ വീണ്ടും ജനങ്ങളോടു സംസാരിച്ചു. 

"ഞാന്‍ തികച്ചും നിഷ്‌കളങ്കനാണെന്നു നിങ്ങള്‍ കണ്ടുവെന്നതിന്, കര്‍ത്താവും അവിടുത്തെ അഭിഷിക്തനായ രാജാവും സാക്ഷിയാണ്‌." 

ജനങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞു: "അതേ, കര്‍ത്താവ്‌ സാക്ഷി...."

ജനങ്ങളോടു ശാന്തരാകാൻ ആംഗ്യംകാണിച്ചുകൊണ്ട്, സാമുവല്‍ തുടര്‍ന്നു: "മോശയെയും അഹറോനെയും നിയമിക്കുകയും നമ്മുടെ പിതാക്കന്മാരെ ഈജിപ്‌തില്‍നിന്നു മോചിപ്പിക്കുകയുംചെയ്‌ത കര്‍ത്താവ്‌ സാക്ഷിയായി
എൻ്റെ വാക്കുകൾ കേൾക്കുക.. നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും കര്‍ത്താവുചെയ്‌ത വലിയ കാര്യങ്ങളോര്‍മ്മപ്പെടുത്തിക്കൊണ്ട്,‌ ഞാനിപ്പോൾ നിങ്ങളെ കര്‍ത്താവിൻ്റെമുമ്പിൽ കുറ്റപ്പെടുത്താന്‍പോകുകയാണ്‌."

ജനങ്ങൾ നിശ്ശബ്ദരായി സാമുവലിൻ്റെ വാക്കുകൾക്കു കാതോർത്തു.

"യാക്കോബ്‌ ഈജിപ്‌തിലെത്തുകയും അവന്റെ സന്തതികളെ ഈജിപ്‌തുകാര്‍ ഞെരുക്കുകയുംചെയ്‌തപ്പോള്‍ അവർ കര്‍ത്താവിനോടു കരഞ്ഞപേക്ഷിച്ചു. അവിടുന്നു മോശയെയും അഹറോനെയും വിമോചകരായയച്ചു. 

അവര്‍ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്‌തില്‍നിന്നുകൊണ്ടുവന്ന്,‌ ഈ കാനാൻദേശത്തേയ്ക്കു നയിച്ചു. 

പക്ഷേ, നിങ്ങളുടെ പിതാക്കന്മാർ, ദൈവമായ കര്‍ത്താവിനെ വിസ്‌മരിച്ചതിനാൽ അവിടുന്ന‌വരെ ഹസോറിലെ യാബിന്‍രാജാവിന്റെയും സേനാധിപനായ സിസേറായുടെയും മൊവാബുരാജാവിന്റെയും ഫിലിസ്‌ത്യരുടെയും കരങ്ങളിലേല്പിച്ചു. അവര്‍ ഇസ്രായേലിനോടു യുദ്ധംചെയ്‌തു.

അപ്പോൾ ഇസ്രായേല്‍, കര്‍ത്താവിനോടു കേണുപറഞ്ഞു: "ഞങ്ങള്‍ പാപംചെയ്‌തുപോയി. കര്‍ത്താവിനെയുപേ‌ക്ഷിച്ച്‌ ബാലിന്റെയും അഷ്‌ത്താര്‍ത്തെയുടെയും ബിംബങ്ങളെ ഞങ്ങളാരാധിച്ചു. ഇപ്പോള്‍ ശത്രുക്കളുടെ കരങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിച്ചാൽ, ഞങ്ങള്‍ അവിടുത്തെമാത്രം സേവിച്ചുകൊള്ളാം'.

കര്‍ത്താവ് അവരുടെ പ്രാർത്ഥനകേട്ടു.‌ ജറുബ്ബാലിനെയും ബാറാക്കിനെയും ജഫ്തായെയും സാമുവലിനെയുമയച്ച്‌ എല്ലാശത്രുക്കളിലുംനിന്ന്, ഇന്നിതുവരെ‌ നിങ്ങളെ രക്ഷിച്ചു. നിങ്ങള്‍ സുരക്ഷിതരായി വസിച്ചു. 

അമ്മോന്യരുടെ രാജാവായ നാഹാഷ്‌, നിങ്ങളെയാക്രമിക്കാനുദ്യമിച്ചപ്പോള്‍, ദൈവമായ കര്‍ത്താവ്‌ നിങ്ങളുടെ രാജാവായിരുന്നിട്ടും, ഞങ്ങളെ ഭരിക്കാനൊരു രാജാവു ‌വേണമെന്നു നിങ്ങളെന്നോടു പറഞ്ഞു.

നിങ്ങളുടെ ആവശ്യമനുസരിച്ച്, നിങ്ങള്‍ തിരഞ്ഞെടുത്ത രാജാവ്, ഇതാ, ഇപ്പോൾ നിങ്ങളുടെ മുമ്പിലുണ്ട്! 

നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും കര്‍ത്താവിനെ ബഹുമാനിക്കുകയും സേവിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും കല്പനകള്‍ ധിക്കരിക്കാതിരിക്കുകയും  ദൈവമായ കര്‍ത്താവിനെ അനുഗമിക്കുകയുംചെയ്‌താല്‍ എല്ലാം ശുഭമായിരിക്കും.

എന്നാൽ നിങ്ങള്‍ കര്‍ത്താവിനെ അനുസരിക്കാതിരുന്നാൽ, അവിടുന്നു നിങ്ങള്‍ക്കും നിങ്ങളുടെ രാജാവിനുമെതിരായിരിക്കും."

ജനങ്ങൾ വിളിച്ചുപറഞ്ഞു: "ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട്,‌ കര്‍ത്താവിന്റെ ദൃഷ്‌ടിയില്‍ ഞങ്ങള്‍ തിന്മപ്രവര്‍ത്തിച്ചു. ഞങ്ങൾക്കും ഞങ്ങളുടെ രാജാവിനുംവേണ്ടി, ദൈവമായ കര്‍ത്താവിനോട്, അങ്ങു പ്രാര്‍ത്ഥിക്കണമേ!" 

സാമുവല്‍, ജനത്തോടു പറഞ്ഞു: ''ഭയപ്പെടേണ്ടാ, നിങ്ങള്‍ ഈ തിന്മകളെല്ലാം ചെയ്‌തു. എന്നാലും, കര്‍ത്താവിനെയനുഗമിക്കുന്നതില്‍നിന്നു‌ പിന്മാറരുത്‌. പൂര്‍ണ്ണഹൃദയത്തോടെ അവിടുത്തെ സേവിക്കുവിന്‍.
തൻ്റെ നാമത്തെപ്രതി, കര്‍ത്താവു നിങ്ങളെ പരിത്യജിക്കുകയില്ല. 

നിങ്ങള്‍ക്കുവേണ്ടി തുടര്‍ന്നു പ്രാര്‍ത്ഥിക്കാതെ, കര്‍ത്താവിനെതിരേ പാപംചെയ്യാന്‍ എനിക്കിടവരാതിരിക്കട്ടെ! എൻ്റെ ജീവിതാന്ത്യംവരെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാർത്ഥിക്കുകയും നിങ്ങൾക്കു നേര്‍വഴിയുപദേശിക്കുകയുംചെയ്യും. നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും വിശ്വസ്‌തതയോടുംകൂടെ കര്‍ത്താവിനെ സേവിക്കുവിന്‍. അവിടുന്നു നിങ്ങള്‍ക്കുചെയ്‌ത മഹാകാര്യങ്ങള്‍ വിസ്മരിക്കരുത്.
ഇനിയും നിങ്ങൾ പാപംചെയ്‌താല്‍ അവിടുന്നു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും അന്യജനതകളുടെ കരങ്ങളിലേല്പിക്കും... കർത്താവിനോടുകൂടെയായിരിക്കുക, അവിടുന്നു നിങ്ങളെ സംരക്ഷിക്കും"

സാമുവൽ, സാവൂൾരാജാവിനുവേണ്ടിയും ഇസ്രായേൽജനങ്ങൾക്കുവേണ്ടിയും കർത്താവിനോടു പ്രാർത്ഥിച്ചു. സാവൂൾ, സാമുവലിനുമുമ്പിൽ ശിരസ്സു നമിച്ചു. പ്രവാചകൻ, കർത്താവിൻ്റെ നാമത്തിൽ രാജാവിനെയനുഗ്രഹിച്ചു.