Sunday 19 January 2020

98. ശത്രു

ബൈബിൾക്കഥകൾ 98


സാവൂളും സംഘവും കൊട്ടാരത്തിൽ മടങ്ങിയെത്തി. ദാവീദിന് കൊട്ടാരത്തിൽത്തന്നെ താമസിക്കാനനുവാദമുണ്ടായിരുന്നു. സാവൂളിനും ജോനാഥനുമൊപ്പം രാജകീയമേശയിൽത്തന്നെ അവനു ഭക്ഷണംലഭിച്ചു.

ദാവീദിന് ആയുധപരിശീലനംനേടാനുള്ള സൗകര്യങ്ങളെല്ലാം ജോനാഥൻ ചെയ്തുകൊടുത്തു. കർത്താവിന്റെയാത്മാവു ദാവീദിനോടൊപ്പമുണ്ടായിരുന്നതിനാൽ, വാളും കുന്തവും അമ്പും വില്ലുമുപയോഗിച്ചുള്ള യുദ്ധമുറകളിലെല്ലാം അവൻ പെട്ടെന്നു നിപുണനായി

ജോനാഥൻ ദാവീദിനുചെയ്യുന്ന സഹായങ്ങളെക്കുറിച്ചെല്ലാം സാവൂളറിഞ്ഞിരുന്നു. സാവൂൾ അതൊന്നും തടഞ്ഞില്ല. എങ്കിലും ദാവീദിനെയവൻ സംശയദൃഷ്‌ടിയോടെതന്നെ വീക്ഷിച്ചുതുടങ്ങിയിരുന്നു. 

ഒരു പ്രഭാതത്തിൽ, സാവൂൾ കൊട്ടാരത്തിലായിരിക്കുമ്പോൾ ദുരാത്മാവ്‌ അവനില്‍ പ്രവേശിച്ചു. അവനൊരു ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ട്, കൊട്ടാരത്തിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടുമുലാത്തി.  

രാജാവിന്റെ ' ഹൃദയത്തിനാശ്വാസംനല്കാനായി ദാവീദ്, പതിവുപോലെ തന്റെ കിന്നരം മീട്ടിത്തുടങ്ങി. ഒരു കുളിർകാറ്റായി, ആ വീണാനാദം കൊട്ടാരത്തിലെങ്ങുമൊഴുകി. 

മുമ്പല്ലാം ദാവീദിന്റെ കിന്നരത്തിൽനിന്നൊഴുകുന്ന സംഗീതമാധുരി സാവൂളിന്റെ മനസ്സിനെ സ്വച്ഛശാന്തമാക്കിയിരുന്നു. 

എന്നാലിപ്പോൾ...

ദാവീദിന്റെകിന്നരത്തിൽനിന്നുതിരുന്ന സാന്ദ്രസംഗീതത്തേയുംമായ്ച്ച്, സാവൂളിന്റെ തലച്ചോറിനുള്ളിൽ പ്രകമ്പനംകൊണ്ടതു മറ്റൊരു ശബ്ദമാണ്... 

ഗോലിയാത്തിനെത്തകർത്ത ദാവീദിനായി, ഇസ്രായേൽജനത നൃത്തച്ചുവടുകളോടെയുയർത്തിയ വാഴ്ത്തുപാട്ടിന്റെ ശബ്ദം... 

''സാവുൾ ആയിരങ്ങളെക്കൊന്നു... ദാവീദ് പതിനായിരങ്ങളേയും..."

''സാവുൾ ആയിരങ്ങളെക്കൊന്നു... ദാവീദ് പതിനായിരങ്ങളേയും..."

''സാവുൾ ആയിരങ്ങളെക്കൊന്നു... ദാവീദ് പതിനായിരങ്ങളേയും..."

കൊട്ടാരത്തിന്റെ ചുമരോടുചേർന്നുനിന്നു കിന്നരംവായിക്കുന്ന ദാവീദിനെക്കണ്ടപ്പോൾ സാവൂളിന്റെ ശരീരത്തിലേക്കു കോപമിരച്ചുകയറി. അയാൾ ചുറ്റുംനോക്കി. കൈയെത്തുംദൂരത്ത്, ചുമരിൽത്തൂക്കിയിരുന്നൊരു കുന്തം വലിച്ചെടുത്ത്, ദാവീദിന്റെ നെഞ്ചിനെ ലക്ഷ്യമാക്കി, സാവൂൾ ആഞ്ഞെറിഞ്ഞു. 

ദാവീദിന്റെ ആറാമിന്ദ്രിയം പ്രവർത്തിച്ചു. പെട്ടെന്നുതന്നെ അവനൊഴിഞ്ഞുമാറി. അല്ലായിരുന്നെങ്കിൽ സാവൂളെറിഞ്ഞ കുന്തം, അവനെ ചുമരോടു ചേർത്തു തറയ്ക്കുമായിരുന്നു. ദാവീദ് നിന്നിരുന്നിടത്തിനുനേരേതന്നെ, കുന്തം ചുമരിൽത്തറഞ്ഞുനിന്നു വിറച്ചു.

അടുത്തനിമിഷത്തിൽ മറ്റൊരു കുന്തംകൂടെ ദാവീദിനുനേരെ പാഞ്ഞുവന്നു. രണ്ടാംപ്രാവശ്യവും അവനൊഴിഞ്ഞുമാറി. പിന്നെയവൻ അവിടെ നിന്നില്ല. ഇനിയുമൊരാക്രമണത്തിനിടകൊടുക്കാതെ അവനവിടെനിന്നോടി രക്ഷപ്പെട്ടു.

അന്നു സാവുൾ ശാന്തനാകാൻ പതിവിലുമേറെ സമയമെടുത്തു. മനസ്സു ശാന്തമായപ്പോൾ തന്റെ പ്രവൃത്തിയെക്കുറിച്ചു സാവൂൾ ഖേദിച്ചു. അയാൾ ദാവീദിനെ തന്റെയടുത്തേക്കു വിളിപ്പിച്ചു.

രാജാവിനുമുമ്പിലെത്തിയ ദാവീദ്, ആചാരപൂർവ്വം വലതു കാൽമുട്ടുമടക്കി, ശരീരം അല്പമൊന്നു മുമ്പോട്ടുവളച്ച്, വലതുകൈ നെഞ്ചിൽച്ചേർത്ത്, അവനെ വണങ്ങി. സാവൂൾ, ദാവീദിന്റെ തോളുകളിൽപ്പിടിച്ച് അവനെയുയർത്തി, തന്റെ നെഞ്ചോടുചേർത്തു. രാജാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

"ദാവീദേ, എന്റെ മകനേ!" സാവൂൾ വാത്സല്യത്തോടെ ദാവീദിനെത്തലോടി. രാജാവിന്റെ നെഞ്ചിൽ മുഖംചേർത്ത്, ദാവീദും കരഞ്ഞു. സാവൂൾ അവന്റെ മൂർദ്ധാവിൽ ചുംബിച്ചു.

അപ്പോളും എന്തിനെന്നറിയാത്തൊരു ഭയം സാവൂളിന്റെ ഹൃദയത്തിൽ നിറഞ്ഞിരുന്നു. തന്റെ പുത്രനായ ജോനാഥനോടെന്നവണ്ണം അതിയായ വാത്സല്യം ദാവീദിനോടു തോന്നിയിരുന്നെങ്കിലും ദാവീദിനെയവൻ വല്ലാതെ ഭയപ്പെട്ടു. അവൻ കൊട്ടാരത്തിൽ തന്റെയൊപ്പമായിരിക്കുന്നതപകടമാണെന്നുപോലും സാവൂളിനുതോന്നി. 

അവനെ തന്റെയടുക്കല്‍നിന്നകറ്റാൻ സാവൂൾ തീരുമാനിച്ചു. സൈന്യത്തിലെ *സഹസ്രാധിപന്മാരിലൊരാളായി അവൻ ദാവീദിനെ നിയമിച്ചു.  

കര്‍ത്താവു കൂടെയുണ്ടായിരുന്നതിനാല്‍, സാവൂളേല്പിച്ച ഉദ്യമങ്ങളിലെല്ലാം ദാവീദ്‌ വിജയംവരിച്ചു.
അതു സാവൂളിനെ കൂടുതല്‍ ചകിതനാക്കുകയാണു ചെയ്തത്. അസൂയയും ഭയവും വാത്സല്യവുമിടകലർന്ന, എന്തെന്നവനുതന്നെ നിർവ്വചിക്കാനാവത്ത, എന്തോ ഒരു മനോഭാവമായിരുന്നൂ, സാവൂളിനു ദാവീദിനോടുണ്ടായിരുന്നത്.

ഇസ്രായേൽക്കാർ ദാവീദിനെ അവരുടെ നെഞ്ചേറ്റി സ്‌നേഹിച്ചു; അവരുടെ കണ്ണിലവന്‍ സമര്‍ത്ഥനായൊരു നേതാവും ജേതാവുമായിരുന്നു.

അടുത്ത വസന്തത്തിൽ വർദ്ധിച്ച സൈന്യശേഷിയുമായി ഫിലിസ്ത്യർ ഇസ്രായേലിനോടു യുദ്ധത്തിനുവന്നു. 

ഫിലിസ്തർ യുദ്ധത്തിനുവരുന്നെന്നു കേട്ടപ്പോൾ സാവൂളിന്റെ ഹൃദയത്തിലൊരു കുബുദ്ധിയുണർന്നു. സാവൂള്‍ ദാവീദിനെ വിളിപ്പിച്ചു.

"ഫിലിസ്ത്യർക്കെതിരേ യുദ്ധം നയിക്കാൻ ഞാനോ ജോനാഥനോ ഇറങ്ങുന്നില്ല. പകരം നിന്നെ ഞാൻ ആ ചുമതലയേല്പിക്കുന്നു. ഈ യുദ്ധം വിജയിച്ചു നീ മടങ്ങിയെത്തുമ്പോൾ, എന്റെ മൂത്ത പുത്രിയായ മേരബിനെ നിനക്കു ഭാര്യയായി ഞാൻ നല്കും!"

വേണ്ടത്ര യുദ്ധപരിചയമില്ലാത്ത ദാവീദ്, ഫിലിസ്‌ത്യരുടെ കൈയാൽ വധിക്കപ്പെടുമെന്നുതന്നെ സാവൂൾ ഉറപ്പിച്ചിരുന്നു.

ദാവീദ്‌ പറഞ്ഞു: "രാജാവെന്നെയേല്പിക്കുന്ന ഏതു ദൗത്യവും ഞാനേറ്റെടുക്കാം. എന്നാൽ രാജാവിന്റെ ജാമാതാവാകാന്‍ ഞാനാരാണ്‌? എനിക്കോ എന്റെ പിതാവിനോ എന്റെ കുടുംബത്തിനോ ഇസ്രായേലില്‍ എന്തുമേന്മയാണുള്ളത്? എനിക്കങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയുംമാത്രംമതി!" 
സാവൂൾ ദാവൂദിന്റെ ശിരസ്സിൽ കൈവച്ച്, അവനെയനുഗ്രഹിച്ചു യാത്രയാക്കി.

സാവൂളിന്റെ പ്രതീക്ഷകൾക്കുവിപരീതമായി, ഫിലിസ്ത്യർക്കെതിരേ അനായസവിജയംനേടി ദാവീദ് മടങ്ങിയെത്തി. എന്നാല്‍ സാവൂൾ വാക്കുപാലിച്ചില്ല.

ഒരു പ്രഭുകുമാരനായ അദ്രിയേലിന്‌, സാവൂള്‍ മേരബിനെ വിവാഹംചെയ്തു നല്കി. 

അദ്രിയേലും മേരബുംതമ്മിലുള്ള വിവാഹഘോഷങ്ങളിലെല്ലാം വിശ്വസ്തദാസനായി ദാവീദ് ഓടിനടന്നു. ആഘോഷകാര്യങ്ങളിൽ അവന്റെ ശ്രദ്ധപതിയാത്ത ഒരിടവുമുണ്ടായിരുന്നില്ല.

രാജാവു ദാവീദിനുനല്കിയ വാക്കു പാലിക്കപ്പെടാത്തതിനെക്കുറിച്ച്, ചില ഭൃത്യന്മാര്‍ ദാവീദിനോടു ചോദിക്കാതിരുന്നില്ല. 

അവരെയെല്ലാം ദാവീദ് മറുചോദ്യത്താൽ നിശ്ശബ്ദരാക്കി: "ദരിദ്രനും ദുർബ്ബലനുമായ ഞാന്‍ രാജാവിന്റെ ജാമാതാവാകുന്നത്‌ അത്ര നിസ്സാരമാണെന്നു നിങ്ങള്‍ കരുതുന്നുവോ? ഇസ്രായേലിന്റെ രാജാവായ സാവൂളിനുമുമ്പിൽനിൽക്കാൻ വെറുമൊരാട്ടിടയനായ എനിക്കെന്താണു യോഗ്യത!"

രാജാവു വാക്കുപാലിക്കാത്തതിൽ ദാവീദിനു വിഷമം തോന്നിയില്ല. പക്ഷേ
തന്റെ പിതാവിന്റെ പ്രവൃത്തിയിൽ രാജകുമാരനായ ജോനാഥൻ ഖിന്നനായിരുന്നു. എങ്കിലും പിതാവിനോടെന്തെങ്കിലുമെതിർത്തുപറയാൻ അവനശ്ശക്തനുമായിരുന്നു.

എന്നാൽ സാവൂൾ തന്റെ വാക്കുപാലിക്കാതിരുന്നതിനെപ്രതി ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്ന മറ്റൊരാൾ ആ കൊട്ടാരത്തിലുണ്ടായിരുന്നു! സാവൂളിന്റെ കിന്നരവാദകനായി ദാവീദ് കൊട്ടാരത്തിലെത്തിയ ദിനംമുതൽ അവനിലനുരക്തയായിപ്പോയൊരുവൾ! അവളുടെ ഹൃദയത്തിലുറപൊട്ടിയ പ്രണയനദി, ദാവീദ് എന്ന സമുദ്രത്തിലെത്തിയലിയാൻ കൊതിച്ചിരുന്നെങ്കിലും  തന്റെ പ്രിയനോടതു തുറന്നുപറയാൻ അവൾക്കായിരുന്നില്ല...!  
--------------------------------------------------------

*സഹസ്രാധിപൻ - ആയിരംപേരടങ്ങുന്ന ഒരു സൈനികദളത്തിന്റെ തലവൻ

Sunday 12 January 2020

97. ദാവീദും ഗോലിയാത്തും

ബൈബിൾക്കഥകൾ 97


ദാവീദ് സാവൂളിനുമുമ്പിൽ ഹാജരാക്കപ്പെട്ടു.

"മഹാരാജാവേ, ആ ഫിലിസ്ത്യനെയോര്‍ത്ത്‌ ഇസ്രായേലിലാർക്കും ഭയംവേണ്ടാ. അങ്ങയുടെ അനുവാദമുണ്ടെങ്കിൽ ഈ ദാസന്‍ അവനെ കീഴ്പെടുത്താം.".

''കുഞ്ഞേ, നീ ചെറുപ്പമല്ലേ? ഗോലിയാത്തിനെ നേരിടാനുള്ള കരുത്തുനിനക്കില്ല. യുദ്ധപരിചയമോ പരിശീലനമോയില്ല. അവനാകട്ടെ ബാല്യംമുതല്‍ പരിശീലനംനേടിയ കരുത്തനായ യോദ്ധാവാണ്‌." സാവൂൾ ദാവീദിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.

എന്നാൽ ദാവീദ്‌ പിന്മാറാൻ തയ്യാറായിരുന്നില്ല: 

"അങ്ങയുടെ ഈ ദാസന്‍ ഒരാട്ടിടയനാണ്. സിംഹമോ കരടിയോ വന്ന്‌, ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, അതിനെ പിന്തുടര്‍ന്ന്‌ ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്നവനാണു ഞാൻ. അങ്ങയുടെ ഈ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്‌. ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെയും രാജാവിനേയുമപമാനിക്കുന്ന ഈ ഫിലിസ്‌ത്യനും അവയിലൊന്നിനെപ്പോലെയാകും. സിംഹത്തിന്റെയും കരടിയുടെയും കൈയില്‍നിന്ന്‌ എന്നെ രക്ഷിച്ച കര്‍ത്താവ്‌, ഇവന്റെ കൈയില്‍നിന്നും എന്നെ രക്ഷിക്കും. "

സാവൂള്‍ പിന്നീടവനെത്തടഞ്ഞില്ല. "പോവുക; കര്‍ത്താവു നിന്നോടുകൂടെയുണ്ടായിരിക്കട്ടെ!"

ഗോലിയാത്തിനെ നേരിടാൻ  ദാവീദിനു സാവൂളനുവാദംനല്കി. അവൻ, ദാവീദിനെ പോര്‍ച്ചട്ടയും പടത്തൊപ്പിയും കവചവുമണിയിച്ചു. ദാവീദിന്റെ കരങ്ങളിലേക്കു് ഒരു വാൾ നല്കി.

എന്നാൽ, പോര്‍ച്ചട്ടയും വാളുംധരിച്ച്, ഒന്നുനേരേനടക്കാന്‍പോലും  ദാവീദിനു സാധിച്ചില്ല. 

''മഹാരാജാവേ, ഇതൊന്നുമെനിക്കു വേണ്ടാ.. പരിചയിച്ചിട്ടില്ലാത്തതിനാല്‍, ഇവധരിച്ചു നടക്കാന്‍പോലുമെനിക്കാവില്ല."
അവന്‍ അതെല്ലാമഴിച്ചുമാറ്റി. 

ദാവീദിന്റെ കൈയിൽ ഒരു കവിണയുണ്ടായിരുന്നു. ആടുകളെ മേയ്ക്കാൻപോകുമ്പോൾ അവന്റെ സഹചാരിയായ ഒരു വടിയുമുണ്ടായിരുന്നു അവൻ തന്റെ കവിണയും വടിയും സാവൂളിനെക്കാണിച്ചു.

"ആ ഫിലിസ്ത്യനെ നേരിടാൻ, ഇതിനേക്കാൾ വലിയ ആയുധങ്ങളൊന്നുമാവശ്യമില്ല..."

ദാവീദ്, ഗോലിയാത്തിനെ നേരിടാനായിപ്പുറപ്പെട്ടു.
തോട്ടില്‍നിന്ന് മിനുസമുള്ള അഞ്ചു കല്ലുകൾ തിരഞ്ഞെടുത്ത്‌, അവൻ കൈയിൽക്കരുതി.

ദാവീദിന്റെ ധൈര്യവുമാത്മവിശ്വാസവുംകണ്ടപ്പോൾ, സാവൂൾ തന്റെ സൈന്യാധിപനായ അബ്നേറിനോടു ചോദിച്ചു: "ഇവനാരാണ്? ആരാണിവന്റെ പിതാവ്?"

"എനിക്കറിയില്ലാ. പക്ഷേ... അവനല്ലേ അങ്ങേയ്ക്കുവേണ്ടി കിന്നരംവായിക്കുന്നത്? അങ്ങേയ്ക്കവനെയറിയില്ലേ?"

ഇസ്രായേൽപ്പാളയത്തിൽനിന്നു മുമ്പോട്ടിറങ്ങിയ ദാവീദ്, ഗോലിയാത്തിനെ വെല്ലുവിളിച്ചു. തന്റെ ഇടയവടി, അവൻ അന്തരീക്ഷത്തിൽ ചുഴറ്റിക്കൊണ്ടിരുന്നു.

ഗോലിയാത്ത് പാളയത്തിൽനിന്നിറങ്ങിവന്നു. തുടുത്തുകോമളനായ ഒരു കൗമാരക്കാരൻ ഒരു വടിയുമായി തന്റെനേരെ വരുന്നതുകണ്ടപ്പോള്‍ അവനു പുച്ഛംതോന്നി.  

"എന്റെനേരേ വടിയുമായിവരാന്‍ ഞാനൊരു പട്ടിയാണെന്നു നീ കരുതിയോ?" ഗോലിയാത്ത്, ഫിലിസ്ത്യരുടെ ദേവന്മാരുടെ പേരുചൊല്ലി ദാവീദിനെ ശപിച്ചു. "എന്നെ നേരിടാൻവരാൻ നിനക്കെങ്ങനെ ധൈര്യം വന്നൂ? നിന്റെയീ തുടുത്ത ശരീരം ഇന്നു കുറുക്കന്മാരുടെയും കഴുകന്മാരുടേയും ആഹാരമായിത്തീരും!"

ദാവീദ് ഗോലിയാത്തിനടുത്തേക്കു വേഗത്തിലോടിയടുത്തു. അവൻ വിളിച്ചുപറഞ്ഞു.

"വാളും കുന്തവും ചാട്ടുളിയുമായി നീയൊരു ബാലനെ നേരിടാന്‍വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ദൈവമായ കര്‍ത്താവിന്റെ നാമത്തിലാണു വരുന്നത്‌. കര്‍ത്താവു നിന്നെ എന്റെ കൈയിലേല്പിച്ചുകഴിഞ്ഞു. നിന്റെ തല, ഞാൻ കൊയ്തെടുക്കും. ഫിലിസ്‌ത്യരുടെ ശവശരീരങ്ങള്‍ പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇരയാകുമ്പോൾ ഇസ്രായേലിലൊരു ദൈവമുണ്ടെന്നു ലോകമെല്ലാമറിയും.. . കര്‍ത്താവു വാളുംകുന്തവുംകൊണ്ടല്ല രക്ഷിക്കുന്നതെന്ന്‌ ഈ ജനതതികളെല്ലാം മനസ്സിലാക്കും."

ദാവീദിന്റെ വാക്കുകൾ ഗോലിയാത്തിനെ ക്രുദ്ധനാക്കി. അവൻ അലറിക്കൊണ്ടു ദാവീദിനോടടുത്തു.

തന്റെ കവിണയിൽനിന്നു പായുന്ന കല്ലിന്റെ പരിധിക്കുള്ളിൽ ഗോലിയാത്ത് എത്തിയെന്നുകണ്ടപ്പോൾ, ദാവീദ് നിന്നു. വടി താഴെയിട്ടശേഷം കുപ്പായക്കീശയിൽനിന്ന് ഒരു കല്ലെടുത്തു കവിണയിൽത്തൊടുത്തു. ഒരു നിമിഷാർദ്ധത്തിൽ കല്ലുപാഞ്ഞു. അണുവിട ലക്ഷ്യംതെറ്റാതെ അതു ഗോലിയാത്തിന്റെ മൂക്കിനുമുകളിൽ, നെറ്റിയുടെ മദ്ധ്യത്തിലൂടെ തലയോട്ടിയിലേക്കു തുളച്ചുകയറി.

എന്താണു സംഭവിച്ചതെന്നു തിരിച്ചറിയുംമുമ്പേ, ഗോലിയാത്ത് നിലംപതിച്ചു. അവന്റെ ആയുധവാഹകൻ പിന്തിരിഞ്ഞോടി. 

ദാവീദ്‌ ഓടിച്ചെന്നു ഗോലിയാത്തിന്റെമേല്‍ക്കയറി നിന്നു. ഗോലിയാത്തിന്റെ വാൾ ഉറയില്‍നിന്നു വലിച്ചൂരി, അവന്റെ കഴുത്തു വെട്ടിമുറിച്ചു. ഗോലിയാത്തിന്റെ ശരീരത്തിൽനിന്നു വേർപെട്ട ശിരസ്സ്, ദാവീദ് ഉയർത്തിപ്പിടിച്ചപ്പോൾ ഫിലിസ്‌ത്യര്‍ തങ്ങളുടെ പാളയങ്ങളിൽനിന്നിറങ്ങി പിന്തിരിഞ്ഞോടി. ഇസ്രായേൽസൈന്യവും ജനതയും അവരെ പിന്തുടർന്നാക്രമിച്ചു. 

ഗോലിയാത്തിനെ വധിച്ചുമടങ്ങിവന്ന ദാവീദിനെ, സൈന്യാധിപനായ അബ്‌നേര്‍ സാവൂളിന്റെയടുത്തേക്കു കൂട്ടിക്കൊണ്ടുവന്നു. ഗോലിയാത്തിന്റെ ശിരസ്സ്, അപ്പോഴുമവന്റെ കൈയിലുണ്ടായിരുന്നു.

സാവൂള്‍ അദ്ഭുതംകൂറുന്ന മിഴികളോടെ ദാവീദിനെ നോക്കി. അവനോടു ചോദിച്ചു: "സത്യത്തിൽ നീയാരാണ്? ആരുടെ മകനാണു നീ?"

"അങ്ങയുടെ ദാസനായ ബേത്‌ലെഹെംകാരന്‍ ജസ്സെയുടെ മകൻ" ദാവീദ്‌ പറഞ്ഞു.

സാവൂൾ, വാത്സല്യത്തോടെ ദാവീദിനെ തന്നോടുചേർത്തു പുണർന്നു.

സാവൂൾ ദാവീദിനോടു സംസാരിക്കുമ്പോൾ സാവൂളിന്റെ പുത്രനായ ജോനാഥനും അവിടെയുണ്ടായിരുന്നു. ജോനാഥനു ദാവീദിനോടു വലിയ സ്നേഹംതോന്നി. അവൻ തന്റെ മേലങ്കി ദാവീദിനെയണിയിച്ചു. തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും ദാവീദിനു സമ്മാനമായിക്കൊടുത്തു.

"ആയുധവിദ്യകളെല്ലാം ഞാൻ നിന്നെയഭ്യസിപ്പിക്കാം. എന്റെ ജീവിതാന്ത്യംവരെ നിയെന്റെ സ്നേഹിതനായിരിക്കും. " ജോനാഥൻ ദാവിദിനോടു പറഞ്ഞു.

ഫിലിസ്ത്യരെത്തോല്പിച്ച്, അവര്‍ സാവൂളിന്റെ കൊട്ടാരത്തിലേക്കു മടങ്ങിവരുമ്പോള്‍ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും  വാദ്യഘോഷങ്ങളോടെ, ആടിപ്പാടിയെത്തിയ സ്ത്രീകൾ, സന്തോഷത്തോടെ സാവൂളിനെയെതിരേറ്റു.

അവര്‍ മതിമറന്നു പാടിക്കൊണ്ടിരുന്നു: "സാവൂള്‍ ആയിരങ്ങളെക്കൊന്നു. ദാവീദ്‌ പതിനായിരങ്ങളെയും...." 

എന്നാൽ ആ ഗാനം സാവൂളിനെയസ്വസ്ഥനാക്കി. വെറുമൊരിടയച്ചെറുക്കന് പതിനായിരങ്ങളെ നേരിട്ടു തോല്പിച്ചതിന്റെ ഖ്യാതിനല്കിയിരിക്കുന്നു. ഇസ്രായേലിന്റെ രാജാവിനോ ആയിരങ്ങൾമാത്രം! അവൻ സംശയത്തോടെ ദാവീദിനെ നോക്കി. 

അവന്റെ ഹൃദയത്തിൽ വീണ്ടും ആ ചോദ്യമുയർന്നു. "ഇവനാരാണ്?"

എന്നാൽ ദാവീദാകട്ടെ, തന്റെ ആടുകളെ വേട്ടയാടാനെത്തുന്ന വന്യമൃഗങ്ങളിലൊന്നിനെക്കൊല്ലുന്നതിൽക്കവിഞ്ഞ ഒന്നായി, തന്റെ വിജയത്തെ കണക്കാക്കിയിരുന്നതേയില്ല.

Sunday 5 January 2020

96. ഗോലിയാത്ത്

ബൈബിൾക്കഥകൾ - 96


തന്റെ കല്പന നിരാകരിച്ചതിനാൽ കർത്താവു സാവൂളിനെ തള്ളിക്കഞ്ഞു. കർത്താവിന്റെ ആത്മാവ് അവനെ വിട്ടുപോയി. അവനെ പീഡിപ്പിക്കാൻ ഒരു ദുരാത്മാവിനു കർത്താവനുവാദം നല്കി.

ദുരാത്മാവു പീഡിപ്പിക്കുമ്പോളെല്ലാം സാവൂൾ അസാധാരണമായി പെരുമാറി. അയാൾ അകാരണമായി കോപിക്കുകയും തന്റെയടുത്തെത്തുന്നവരെ ആക്രമിക്കുകയുംചെയ്തു. ദുരാത്മാവിന്റെ പിടിയിൽനിന്നു മോചിതനായി ശാന്തനാകുമ്പോൾ തന്റെ പ്രവൃത്തികളെക്കുറിച്ചു സാവൂൾ ഖേദിച്ചു.

"ദൈവമയച്ചൊരു ദുരാത്മാവ്‌ അങ്ങയെ പീഡിപ്പിക്കുന്നുണ്ട്."
സാവൂൾ ശാന്തനായിരുന്നപ്പോൾ വിശ്വസ്തരായ ചില ഭൃത്യന്മാര്‍ അവനോടു പറഞ്ഞു. 

"ബേത്‌ലെഹെംകാരനായ ജസ്സെയ്ക്ക് ആട്ടിടയനായ ഒരു മകനുണ്ടു്. അവന്‍ കിന്നരവായനയില്‍ നിപുണനും പരാക്രമിയായ യോദ്ധാവുമാണ്. തന്റെ ആടുകളെ ആക്രമിക്കാനെത്തുന്ന സിംഹങ്ങളെപ്പോലും അവൻ നേരിടാറുണ്ടത്രേ! കര്‍ത്താവ്‌ അവനോടുകൂടെയുണ്ട്‌. ദുരാത്മാവ്‌, അങ്ങയിലാവസിക്കുമ്പോള്‍ കിന്നരംവായിച്ച്‌, അങ്ങേയ്ക്കാശ്വാസംനല്കാൻ അവനു കഴിയും.

'ആട്ടിടയനായ നിന്റെ മകന്‍ ദാവീദിനെ കൊട്ടാരത്തിലേക്കയയ്ക്കുക.' എന്ന രാജകല്പനയുമായി  ജസ്സെയുടെയടുത്തു രാജാവിന്റെ ദൂതന്മാരെത്തി

രാജാവിന്റെ ഇംഗിതമറിഞ്ഞപ്പോൾ ജെസ്സെ സന്തോഷചിത്തനായി.  ഒരു കഴുതപ്പുറത്ത്‌ അപ്പം, വീഞ്ഞ്‌,  തുടങ്ങിയവ കയറ്റി, പുത്രനായ ദാവീദിനൊപ്പം സാവൂളിനു തിരുമുൽക്കാഴ്ചയായി അവൻ കൊടുത്തയച്ചു. അതുകൂടാതെ ഒരാട്ടിന്‍കുട്ടിയും കാഴ്ചവസ്തുക്കൾക്കൊപ്പമുണ്ടായിരുന്നു.

സാവൂൾരാജാവിന്റെ കൊട്ടാരത്തിലെത്തിയ ദാവീദ്, തന്റെ സേവനമാരംഭിച്ചു. ദൈവമയച്ച ദുരാത്മാവ്‌ സാവൂളിനെ പീഡിപ്പിക്കുമ്പോഴൊക്കെ ദാവീദ്‌ കിന്നരം വായിക്കും. അതുവഴി, രാജാവിനാശ്വാസംലഭിക്കുകയും ദുരാത്മാവ്‌ അവനെ വിട്ടുമാറുകയുംചെയ്‌തിരുന്നു.

സാവൂളിന്‌ ദാവീദിനെ വളരെയധികമിഷ്‌ടപ്പെട്ടു. അവനു കൊട്ടാരത്തിൽത്തന്നെ താമസിക്കാനുള്ള സൗകര്യങ്ങൾ നല്കി.

വസന്തകാലമെത്തിയപ്പോൾ ഫിലിസ്ത്യർ ഇസ്രായേലിനെതിരേ സൈന്യത്തെയണിനിരത്തി. സാവൂളും ജോനാഥനും അവർക്കെതിരേ ഇസ്രായേൽസൈന്യത്തെ നയിച്ചുകൊണ്ട് ഏലാതാഴ്‌വരയോടുചേർന്ന കുന്നിൻമുകളിൽ പാളയമടിച്ചു. 

രാജാവു യുദ്ധത്തിനായി പുറപ്പെട്ടപ്പോൾ, ദാവീദ് തന്റെ ഭവനത്തിലേക്കു മടങ്ങി. അവൻ വീണ്ടും തന്റെ ആടുകളെമേയ്ക്കാൻ വനാതിർത്തിയിലേക്കു പോയി.

ഏലാതാഴ്‌വരയുടെ മറുവശത്തുള്ള കുന്നിൻമുകളിൽ, ഫിലിസ്ത്യസൈനികരും പാളയമടിച്ചു. ഇസ്രായേൽ സൈന്യവും ഫിലിസ്ത്യസൈന്യവും മുഖാഭിമുഖം കണ്ടു.

അപ്പോള്‍ ഫിലിസ്‌ത്യപ്പാളയത്തില്‍നിന്ന്‌ ആറുമുഴവും ഒരു ചാണും ഉയരമുള്ള ഒരു മല്ലനിറങ്ങിവന്നു.

അവന്‍ തലയില്‍ ഒരു പിച്ചളത്തൊപ്പി ധരിച്ചിരുന്നു.  പിച്ചളക്കവചവും പിച്ചളകൊണ്ടുള്ള കാല്‍ച്ചട്ടയും ധരിച്ചിരുന്ന അവന്റെ തോളിൽ, പിച്ചളകൊണ്ടുള്ള കുന്തം തൂക്കിയിട്ടിരുന്നു. അവന്റെ ആയുധവാഹകൻ പരിചയുമായി മുമ്പിൽ നടന്നു.

ഭീമാകാരനായ ആ മല്ലൻ മുമ്പോട്ടു വന്നപ്പോൾ, ഫിലിസ്ത്യർ  "ഗോലിയാത്ത്, ഗോലിയാത്ത്" എന്നുറക്കെ വിളിച്ചു.

അവൻ ഇസ്രായേല്‍പ്പടയുടെനേരേ അട്ടഹസിച്ചു: "നിങ്ങള്‍ ഫിലിസ്ത്യരുമായി യുദ്ധത്തിനു വന്നിരിക്കുകയാണോ? സാവൂളോ അവന്‍ തിരഞ്ഞെടുക്കുന്ന ഏതെങ്കിലുമൊരുവനോ വന്ന്, എന്നോടെതിർത്തു നോക്കൂ.....
അവനെന്നോടുപൊരുതിജയിച്ച്, എന്നെക്കൊല്ലുകയാണെങ്കില്‍, ഫിലിസ്ത്യർ നിങ്ങളുടെ ദാസന്മാരായിരിക്കും. ഞാന്‍ അവനെക്കൊന്നാല്‍ സാവൂളും ഇസ്രായേലും ഞങ്ങള്‍ക്കടിമകളാകും."

കർത്താവിന്റെ ആത്മാവു കൂടെയില്ലാതിരുന്നതിനാൽ സാവൂൾ ഗോലിയാത്തിനെ ഭയന്നു. ജോനാഥൻ ഗോലിയാത്തിനെ നേരിടാനൊരുങ്ങിയെങ്കിലും സാവൂളതനുവദിച്ചില്ല.

ഇരുസൈന്യങ്ങളും യുദ്ധസജ്ജരായി നിന്നിരുന്നെങ്കിലും യുദ്ധമാരംഭിച്ചിരുന്നില്ല. എല്ലാ ദിവസവും പ്രഭാതത്തിൽ ഗോലിയാത്ത് തന്റെ ഭീഷണിയാവർത്തിച്ചുകൊണ്ടിരുന്നു.

ഗോലിയാത്തിന്റെ ആകാരവും മുഴങ്ങുന്ന ശബ്ദവും ഇസ്രായേൽക്കാരെ ചകിതരാക്കി. അവനെ നേരിടാൻ ഇസ്രായേൽപ്പാളയത്തിൽ ആരുമുണ്ടായിരുന്നില്ല.

ഗോലിയാത്തിനെ വധിക്കുന്നവന്, തന്റെ പുത്രിയെ വിവാഹംചെയ്‌തുകൊടുക്കുകയും, അവന്റെ പിതൃഭവനത്തിന്‌ ഇസായേലില്‍ കരമൊഴിവു കല്പിച്ചുകൊടുക്കുകയുംചെയ്യുമെന്ന്, സാവൂൾ വിളംബരംചെയ്തു.

എങ്കിലും അവനെ നേരിടാൻ ആരും തയ്യാറായില്ല. 

ദാവീദിന്റെ സഹോദരന്മാരില്‍ മൂത്ത മൂന്നുപേരായ ഏലിയാബ്‌, അബിനാദാബ്‌, ഷമ്മാ എന്നിവർ
ഇസ്രായേൽസൈന്യത്തോടൊത്ത്‌ യുദ്ധരംഗത്തുണ്ടായിരുന്നു.

പിതാവായ ജസ്സെ. ദാവീദിനോടു പറഞ്ഞു: "നിന്റെ അമ്മ, കുറച്ചു മലരും കുറച്ചപ്പവും തയ്യാറാക്കിവച്ചിട്ടുണ്ട്. സൈനികപ്പാളയത്തിലുള്ള നിന്റെ സഹോദരന്മാര്‍ക്ക്, അതു നീ കൊണ്ടുപോയിക്കൊടുക്കുക. അവരുടെ സഹസ്രാധിപനു നല്കാനായി പത്തു പാല്‍ക്കട്ടിയുമുണ്ട്. വേഗംപോയി. സഹോദരന്മാരുടെ ക്ഷേമമന്വേഷിച്ചു വരിക. അവർ സുരക്ഷിതരാണെന്നു ബോദ്ധ്യമാക്കുന്ന ഒരടയാളവും അവരില്‍നിന്ന്‌, എനിക്കായി കൊണ്ടുവരണം"

പിതാവിന്റെ നിർദ്ദേശാനുസരണം സൈനികപ്പാളയത്തിലെത്തിയ ദാവീദ്, തന്റെ സഹോദരങ്ങളും സഹസ്രാധിപനുംവരുമ്പോൾ അവർക്കു നല്കണമെന്നു പറഞ്ഞ്, കൊണ്ടുവന്ന പൊതി, പടക്കോപ്പു സൂക്ഷിപ്പുകാരനെയേല്പിച്ചു. ,

പിന്നെയവൻ യുദ്ധരംഗത്തേക്കോടിച്ചെന്നു. തന്റെ സഹോദരന്മാരെക്കണ്ട്, അവരോടു ക്ഷേമാന്വേഷണംനടത്തി. അപ്പോഴാണ് തന്റെ  പതിവു ഭീഷണിയുമായി ഗോലിയാത്തെത്തിയത്.

ഗോലിയാത്തിനെക്കണ്ടപ്പോൾ ഇസ്രായേൽസൈനികർ ഭയന്നു പിന്നോട്ടുമാറി.

ദാവീദ്‌ അടുത്തുനിന്നവരോടു ചോദിച്ചു: "ജീവിക്കുന്ന ദൈവത്തിന്റെ അഭിഷിക്തനായ സാവൂൾരാജാവിനെ നിന്ദിക്കാന്‍ ഈ ഫിലിസ്ത്യനാരാണ്‌? ഇവനെ വധിച്ച്, ഇസ്രായേലിനുവന്നിരിക്കുന്ന അപമാനം നീക്കിക്കളയുവാൻ ഇവിടെയാരുമില്ലേ? ഞാനിവനെക്കൊന്നാൽ  എനിക്കെന്തു കിട്ടും?"

സാവൂൾരാജാവിന്റെ വാഗ്ദാനത്തെക്കുറിച്ച്, ഒരു സൈനികൻ ദാവീദിനോടു പറഞ്ഞു.

ദാവീദ്‌ സൈനികരോടു സംസാരിക്കുന്നത്‌, മൂത്തസഹോദരന്‍ ഏലിയാബ്‌ കേട്ടു. അവന്‍ ദാവീദിനോടു കുപിതനായി: "നീയെന്തിനിവിടെ വന്നു? അഹങ്കാരി! കുറെയാടുകളുള്ളതിനെ  ആരെയേല്പിച്ചിട്ടാണു നീ പോന്നത്?  ആബയെ പറഞ്ഞു കബളിപ്പിച്ച്, ആടുകളെയുമുപേക്ഷിച്ച്, യുദ്ധംകാണാൻ വന്നിരിക്കുന്നു, അല്ലേ?"

 ''അതിനു ഞാനെന്തുചെയ്‌തു? ഇവരോട്, ഒരു വാക്കു പറഞ്ഞതല്ലേയുള്ളു? ആബാ തന്നുവിട്ടതെല്ലാം പടക്കോപ്പുസൂക്ഷിപ്പുകാരനെയേല്പിച്ചിട്ടുണ്ട്. പേടിത്തൊണ്ടന്മാരുടെ യുദ്ധംകാണാനൊന്നും ഞാനില്ല. ഞാൻപോകുന്നു..." 

ദാവീദ്‌ ജ്യേഷ്ഠനോടു 

അവന്‍ ജ്യേഷ്‌ഠന്റെയടുക്കല്‍നിന്നു പോയെങ്കിലും താവളം വിട്ടില്ല. പലസൈനികരോടും അവൻ തന്റെ ചോദ്യമാവർത്തിച്ചു. 

"ഞാനിവനെക്കൊന്നാൽ  എനിക്കെന്തു കിട്ടും?"

എല്ലാവരും ഒരേ ഉത്തരംതന്നെ പറഞ്ഞു.

ദാവീദിന്റെ ചോദ്യംകേട്ടവരിൽച്ചിലർ സാവൂളിനെ അതറിയിച്ചു. രാജാവവനെ തന്റെയടുത്തേക്കു വിളിപ്പിച്ചു.