Sunday 25 March 2018

55. സ്മാരകശിലകള്‍

ബൈബിള്‍ക്കഥകള്‍ - 55

ജനം ജോര്‍ദ്ദാന്‍ കടന്നുകഴിഞ്ഞപ്പോള്‍ കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: "ഓരോ ഗോത്രത്തിലുംനിന്ന് ഒരാളെവീതം പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക: ജോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതന്മാര്‍ നിന്നിരുന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു കൊണ്ടുവന്ന് ഇന്നുരാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥലത്തു സ്ഥാപിക്കണം."

ഗോത്രത്തിന് ഒന്നുവീതം ഇസ്രായേല്‍ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത ജോഷ്വ, അവരോടു പറഞ്ഞു; "നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ പേടകത്തിനുമുമ്പേ ജോര്‍ദ്ദാന്റെമദ്ധ്യത്തിലേക്കു പോകുവിന്‍. അവിടെനിന്ന് ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഓരോരുത്തരും ഓരോ കല്ലു ചുമലില്‍ എടുക്കണം. ഇതു നിങ്ങള്‍ക്കൊരു സ്മാരകമായിരിക്കും. ദൈവമായ കര്‍ത്താവ്, ഞങ്ങള്‍ കടന്നുകഴിയുന്നതുവരെ, ചെങ്കടല്‍ വറ്റിച്ചതുപോലെ നിങ്ങള്‍ കടക്കുന്നതുവരെ ജോര്‍ദ്ദാനിലെ വെള്ളവും വറ്റിച്ചു. ഭാവിയില്‍, നിങ്ങളുടെ മക്കളോടു പറയണം: കര്‍ത്താവിന്റെ വാഗ്ദാനപേടകം നദികടന്നപ്പോള്‍ ജോര്‍ദ്ദാനിലെ ജലം വിഭജിക്കപ്പെടുകയും ഇസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടെ ജോര്‍ദ്ദാന്‍ കടന്നുവെന്നും നിങ്ങളവര്‍ക്കു പറഞ്ഞുകൊടുക്കണം. അങ്ങനെ, ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ എന്നെന്നും ഭയപ്പെടുകയും അവിടുത്തെ കരങ്ങള്‍ ശക്തമാണെന്നു ലോകമെങ്ങുമുള്ള ജനങ്ങളറിയുകയുംചെയ്യും. ഈ കല്ലുകള്‍ എക്കാലവും ഇസ്രായേല്‍ജനത്തെ ഇക്കാര്യമനുസ്മരിപ്പിക്കട്ടെ."

ജോഷ്വ ആജ്ഞാപിച്ചതുപോലെ ജനങ്ങള്‍ ചെയ്തു. അപ്പോള്‍ സാക്ഷ്യപേടകംവഹിക്കുന്ന പുരോഹിതന്മാരോടു ജോര്‍ദാനില്‍നിന്നു കയറിവരാന്‍ ജോഷ്വ കല്പിച്ചു. വാഗ്ദാനപേടകംവഹിച്ചിരുന്ന പുരോഹിതന്മാര്‍ ജോര്‍ദാനില്‍നിന്നു കയറി, കരയില്‍ കാല്‍കുത്തിയപ്പോള്‍ ജോര്‍ദ്ദാനിലെ വെള്ളം, പഴയതുപോലെയൊഴുകിക്കരകവിഞ്ഞു.

ഇസ്രായേല്‍ജനത്തിനു മറുകര കടക്കാന്‍വേണ്ടി കര്‍ത്താവു ജോര്‍ദ്ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ ജോര്‍ദ്ദാന്റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്മാരും ഭയവിഹ്വലരായി. ഇസ്രായേല്‍ജനത്തെ ഭയന്ന്, ജറീക്കോപ്പട്ടണം അടച്ചുഭദ്രമാക്കി. ആരും കോട്ടവാതിലിലൂടെ പുറത്തേക്കു പോവുകയോ അകത്തേക്കു കടക്കുകയോ ചെയ്തില്ല.

അനുകൂലസാഹചര്യങ്ങള്‍ ലഭിച്ചപ്പോള്‍, ഇസ്രായേലിലെ പുരുഷന്മാരെ മുഴുവന്‍ പരിച്ഛേദനംചെയ്യാന്‍ ജോഷ്വാ തീരുമാനിച്ചു.

ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനം, നീണ്ട നാല്പതുവര്‍ഷക്കാലം മരുഭൂമിയിലൂടെ നടന്നു. കര്‍ത്താവിന്റെ വാക്കു കേള്‍ക്കാതിരുന്നതിനാല്‍, ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ജോഷ്വായും കാലെബുമൊഴികെ യുദ്ധംചെയ്യാന്‍പ്രായമായ പുരുഷന്മാരെല്ലാം ആ യാത്രയ്ക്കിടയില്‍ മരിച്ചുപോയി; യാത്രയ്ക്കിടയില്‍പ്പിറന്ന, പുതിയതലമുറയില്‍പ്പെട്ടവരാരും പരിച്ഛേദനംചെയ്യപ്പെട്ടിരുന്നില്ല. അതിനാല്‍ കല്‍ക്കത്തിയുണ്ടാക്കി, മുഴുവന്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും ജോഷ്വാ പരിച്ഛേദനംചെയ്തു. പരിച്ഛേദനംകഴിഞ്ഞവര്‍ സൗഖ്യംപ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെ താമസിച്ചു. ഇസ്രായേലിനെക്കുറിച്ചുള്ള ഭയം തദ്ദേശീയരിലെല്ലാം രൂഢമൂലമായിരുന്നതിനാല്‍ ആരുമവരെ ശല്യപ്പെടുത്താനെത്തിയില്ല.

ആ മാസം പതിനാലാം ദിവസം വൈകുന്നേരം, ഇസ്രായേല്‍ജനം അവിടെ പെസഹാ ആഘോഷിച്ചു. ആ ദേശത്തെ വിളവില്‍നിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഇസ്രായേല്‍ക്കാര്‍ ഭക്ഷിച്ചു. പിറ്റേന്നുമുതല്‍ ആകാശത്തുനിന്നു മന്നാ വര്‍ഷിക്കാതായായി. ഇസ്രായേല്‍ജനത്തിനു പിന്നീടൊരിക്കലും മന്നാ ലഭിച്ചിട്ടില്ല. അക്കൊല്ലംമുതല്‍ കാനാന്‍ദേശത്തെ ഫലങ്ങള്‍കൊണ്ട് അവര്‍ ഉപജീവനംനടത്തിത്തുടങ്ങി.

പെസഹാ ആഘോഷങ്ങള്‍ക്കുശേഷം, യുദ്ധശേഷിയുള്ളയെല്ലാം ജോഷ്വാ ഒന്നിച്ചു ചേർത്തു. ജോഷ്വാ അവരെ നയിച്ചു. ജെറീക്കോ കീഴടക്കാനായുള്ള പടനീക്കത്തിനു തുടക്കമായി. 

ആറു ലക്ഷത്തോളമംഗസംഖ്യയുള്ള ജോഷ്വായുടെ സൈന്യം, ജറീക്കോക്കോട്ടയുടെ സമീപത്തേക്കടുത്തു. 

 ഊരിയ വാളുമായി അതികായനായ ഒരു സൈനികൻ അവരുടെ മുന്നിലെത്തി. ആയുധമേന്തിയ ഇസ്രായേൽ സൈന്യത്തിനു മുമ്പിൽ, ആരെയും കൂസാതെ വാളേന്തിനില്‍ക്കുന്ന സുധീരനായ ആ പടയാളിയെക്കണ്ട ജോഷ്വാ അദ്ഭുതപ്പെട്ടു. തന്റെ യുദ്ധവീരന്മാരോട്, നില്‍ക്കുവാന്‍ ആംഗ്യംകാട്ടിയശേഷം, ജോഷ്വാ തൻ്റെ വാളൂരി. കർത്താവിൻ്റെ നാമത്തെ ഉറക്കെ സ്തുതിച്ചുകൊണ്ട് അയാള്‍ അവന്റെയടുത്തേക്കു ചെന്നു. 

ജോഷ്വാ, തന്നെ സമീപിക്കുന്നതു കണ്ടപ്പോഴും, ആ മനുഷ്യന്‍ വാളുയര്‍ത്തി, നിര്‍വ്വികാരനും നിശ്ചലനുമായിത്തന്നെ നിന്നു. 
ജോഷ്വാ, അയാളുടെ മുന്നിലെത്തി, അല്പനേരം അവന്റെ  മുഖത്തേക്കു നോക്കിനിന്നു. പിന്നെ ഭയമറിയാത്ത ആ കണ്ണുകളിലേക്കു നോക്കിച്ചോദിച്ചു:

"നീയാരാണ്? നീ ഞങ്ങളുടെപക്ഷത്തോ, അതോ ശത്രുപക്ഷത്തോ?"

Sunday 18 March 2018

54. ജോര്‍ദ്ദാന്‍നദിയിലെ രാജപാത

ബൈബിള്‍ക്കഥകള്‍ - 54

പുറത്ത്, ഭടന്മാരുടെ കാലൊച്ചകള്‍ വീടിനടുത്തേക്കുവരുന്ന ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ത്തന്നെ, ഇസ്രായേല്‍ച്ചാരന്മാരെ ചണനൂലുകള്‍ അട്ടിയായി അടുക്കിവച്ചിരുന്ന ഒരു മുറിക്കുള്ളില്‍, റാഹാബ് ഒളിപ്പിച്ചിരുന്നു.

"ഇപ്പോള്‍ നിന്റെയടുക്കല്‍ വന്നിട്ടുള്ളവരെ ഞങ്ങളെയേല്പിക്കുക. അവര്‍ നമ്മുടെ രാജ്യം കീഴടക്കാനായി വരുന്ന ഇസ്രായേലിന്റെ ചാരന്മാരാണ്"  ജെറീക്കോയിലെ രാജഭടന്മാര്‍, വാതില്‍തുറന്നു പുറത്തെത്തിയ റാഹാബിനോടാവശ്യപ്പെട്ടു.

അവള്‍ ഭയത്തോടെ പറഞ്ഞു: "ഇന്നു സന്ധ്യയ്ക്ക് ഇവിടെ ചിലര്‍ വന്നിരുന്നുവെന്നതു സത്യമാണ്. അവരെവിടുത്തുകാരാണെന്നെനിക്കറിയില്ല. ഒരുപാടു വൈകാതെതന്നെ അവര്‍ ഇവിടെനിന്നു മടങ്ങിപ്പോയി. അവരെവിടെയ്ക്കാണു പോയതെന്നും എനിക്കറിഞ്ഞുകൂടാ"

"ഞങ്ങള്‍ക്കു നിന്റെ വീടൊന്നു പരിശോധിക്കണം." ഭടന്മാരിലൊരുവന്‍ വാതിലിലൂടെ അകത്തുകടന്നു,

ഒന്നു പരുങ്ങിയെങ്കിലും റാഹാബ് ധൈര്യമവലംബിച്ചു പറഞ്ഞു:

"നിങ്ങള്‍ വീടുമുഴുവന്‍ പരിശോധിക്കുന്നതില്‍ എനിക്കു വിരോധമില്ല; എന്നാല്‍ സമയംകളയാതെ, വേഗം പട്ടണവാതുക്കല്‍പ്പോയി അന്വേഷിച്ചാല്‍ അവര്‍ കടന്നുകളയുന്നതിനുമുമ്പുതന്നെ നിങ്ങള്‍ക്കവരെ പിടികൂടാനാകും." 

"അവള്‍ പറയുന്നതു സത്യമാകും; വരൂ, നമുക്കു കൊട്ടവാതുക്കല്‍നിന്നു ജോര്‍ദ്ദാന്റെ കടവിലേക്കുള്ള വഴിയില്‍ അവരെത്തിരയാം."

പുറത്തുനിന്നിരുന്ന ഭടന്മാര്‍, അകത്തേയ്ക്കു കയറിയ ആളെ തിരികെവിളിച്ചു. അവര്‍ തിടുക്കത്തില്‍ അവിടെനിന്നു യാത്രയായി.

ഒരു ദീര്‍ഘനിശ്വാസത്തോടെ റാഹാബ് അകത്തേയ്ക്കുകയറി.

അവള്‍ ഇസ്രായേല്‍ക്കാരുടെ അടുത്തുചെന്നു പറഞ്ഞു; "ഈജിപ്തില്‍നിന്നു നിങ്ങളെ പുറത്തുകൊണ്ടുവന്നനാള്‍മുതല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ നയിച്ചതെങ്ങനെയെന്നു ഞാന്‍ കേട്ടിട്ടുണ്ട്. രാത്രിചെലവഴിക്കാന്‍ എന്റെയടുക്കല്‍ വന്നിട്ടുള്ളവരെല്ലാം നിങ്ങളെക്കുറിച്ചു ഭീതിയോടെമാത്രമാണു സംസാരിച്ചിട്ടുള്ളത്. നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഈ ദേശം നിങ്ങള്‍ക്കുതരാന്‍ നിശ്ചയിച്ചിരിക്കുന്നുവെങ്കില്‍, ഞാന്‍ നിങ്ങളെ എന്റെ രാജാവിനു നിങ്ങളെ  ഏല്പിച്ചുകൊടുത്താലും നിങ്ങളുടെയാളുകൾ എന്റെ രാജ്യം പിടിച്ചടക്കുമെന്നെനിക്കറിയാം. അതുകൊണ്ട് ഞാനൊരിക്കല്‍ക്കൂടെ നിങ്ങളോടപേക്ഷിക്കുന്നു,  എന്നോടും എന്റെ ബന്ധുജനങ്ങളോടും നിങ്ങള്‍ കാരുണ്യംകാണിക്കണം."

"ഞങ്ങളെക്കൊണ്ടു ശപഥംചെയ്യിച്ച വാഗ്ദാനം ഞങ്ങള്‍ പാലിക്കും. ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍, നിന്റെ വീടിന്റെ ജനാലകളില്‍ ചുവന്നചരടുകള്‍  കെട്ടിയലങ്കരിക്കണം. നിന്റെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുക്കളെയും നിന്റെ വീട്ടില്‍ വിളിച്ചുകൂട്ടണം. ആരെങ്കിലും നിന്റെ വീടിന്റെ പടിവാതില്‍കടന്നു തെരുവിലേക്കുപോയാല്‍ അവന്റെ മരണത്തിന് അവന്‍തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, ഈ വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍, അവന്റെ രക്തത്തിനു ഞങ്ങളുത്തരവാദികളായിരിക്കും. ഇക്കാര്യങ്ങള്‍ നീ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഞങ്ങളെക്കൊണ്ടുചെയ്യിച്ച ഈ ശപഥത്തില്‍നിന്നു ഞങ്ങള്‍ വിമുക്തരായിരിക്കും."

റാഹാബ് ആശ്വാസത്തോടെ പറഞ്ഞു: "നിങ്ങളുടെ കാരുണ്യത്തിനു നന്ദി. പട്ടണവാസികള്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കുവിന്‍. വീടുകളിലെ വിളക്കുകളെല്ലാമണയുമ്പോള്‍, കോട്ടമതിലിനുനേരേ തുറക്കുന്ന  ജനലിലൂടെ നിങ്ങള്‍ക്കു കോട്ടചാടിക്കടക്കാം. നിങ്ങളെ അന്വേഷിക്കുന്നവര്‍ ജോര്‍ദ്ദാന്‍കടവിനെ ലക്ഷ്യമാക്കിയാകും പോയിട്ടുണ്ടാകുക; അതുകൊണ്ട് എതിര്‍ദിശയില്‍ സഞ്ചരിച്ച്, മലമുകളിലേക്കു കയറുക, അവിടെനിന്ന് കോട്ടയുടെ ഉള്ളിലുള്ള ഈ രാജ്യം മുഴുവൻ വ്യക്തമായിക്കാണാം. ആരുംനിങ്ങളെ പിന്തുടരാനില്ലെന്നുറപ്പുവരുത്തിയശേഷം, നിങ്ങൾക്കു ജോര്‍ദ്ദാന്‍നദി കടക്കാം."

ജനല്‍വഴി, കോട്ട ചാടിക്കടക്കാനുതാകുംവിധം ചണനൂലിനാല്‍ തീര്‍ത്ത നീളമുള്ള ഒരുവടം അവളവര്‍ക്കു നല്കി. പട്ടണംമുഴുവന്‍ ഉറങ്ങിയപ്പോള്‍, അവര്‍ കോട്ട ചാടിക്കടന്നു. മൂന്നുദിവസം മലമുകളില്‍ ഒളിച്ചുതാമസിച്ച്, ജെറീക്കോയെ വ്യക്തമായി മനസ്സിലാക്കിയശേഷം, നാലാംദിവസം അവര്‍ ജോഷ്വയുടെപക്കല്‍ മടങ്ങിയെത്തി.

"ആ ദേശം കര്‍ത്താവു നമുക്കേല്പിച്ചുതന്നിരിക്കുന്നുവെന്നതു തീര്‍ച്ചയാണ്. കാരണം,അവിടത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണു കഴിയുന്നത്" അവര്‍ എല്ലാക്കാര്യങ്ങളും ജോഷ്വയോടു വിശദമായിപ്പറഞ്ഞു. മലമുകളിൽനിന്നു കണ്ട ജെറീക്കോയുടെ ഒരു രൂപരേഖ തുകൽച്ചുരുളിൽ വരച്ചു ജോഷ്വവയ്ക്കു കൈമാറുകയുംചെയ്തു. 

റാഹാബിനു നല്കിയ വാഗ്ദാനം പാലിക്കപ്പെടുമെന്ന്, ഇസ്രായേല്‍ശ്രേഷ്ഠന്മാരുടെ മുമ്പില്‍വച്ച്, ജോഷ്വാ അവര്‍ക്കുറപ്പു നല്കി.

ജോഷ്വയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേല്‍ജനം ഷിത്തിമില്‍നിന്നു പുറപ്പെട്ടു ജോര്‍ദ്ദാന്‍കരയിലെത്തി. കരകവിഞ്ഞൊഴുകുന്ന ജോര്‍ദ്ദാന്‍നദിയുടെ കരയില്‍ ജോഷ്വാ മുട്ടുകുത്തിനിന്നു. കര്‍ത്താവായ യാഹ്വേയുടെ കാരുണ്യത്തിനായി പ്രാര്‍ത്ഥനാനിരതനായ ജോഷ്വായോടു കര്‍ത്താവു പറഞ്ഞു: "ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടെന്ന് ജനമറിയുന്നതിനുവേണ്ടി, ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു. ഞാന്‍ പറയുന്നതുപോലെ ചെയ്യുക."

ജോഷ്വ ജനത്തോടു പറഞ്ഞു: "ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെയിടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും."

ജോഷ്വയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ പാളയത്തിലുടനീളം നടന്നു ജനങ്ങളോടു പറഞ്ഞു: "എല്ലാവരും ആത്മാവിലും ശരീരത്തിലും ശുദ്ധിയുള്ളവരായിരിക്കുവിൻ... നിങ്ങളുടെ ദൈവവും കര്‍ത്താവുമായ യാഹ്വേയുടെ വാഗ്ദാനപേടകം, ലേവ്യപുരോഹിതന്മാര്‍ സംവഹിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ അവരെയനുഗമിക്കുവിന്‍. ഈ വഴിയിലൂടെ ഇതിനുമുമ്പ്‌ നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ടവഴി അവര്‍ കാണിച്ചുതരും. എന്നാല്‍, നിങ്ങള്‍ക്കും വാഗ്ദാനപേടകത്തിനുമിടയ്ക്കു രണ്ടായിരം മുഴം അകലമുണ്ടായിരിക്കണം. അതിനെ സമീപിക്കരുത്."

ഒടുവിലിതാ, വാഗ്ദത്തദേശം പിടിച്ചടക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ജോഷ്വയുടെ നേതൃത്വത്തിൽ ഇസ്രായേലിന്റെ പുതുതലമുറ ആവേശഭരിതരായിരുന്നു...
മൂന്നാംദിവസം, മനസ്സും ശരീരവും വിശുദ്ധീകരിച്ച്, ജനംമുഴുവന്‍ ജോര്‍ദ്ദാന്‍നദി കടക്കാന്‍ തയ്യാറായി. 

ജോഷ്വാ ജനങ്ങളെമുഴുവന്‍ വിളിച്ചുകൂട്ടി പറഞ്ഞു: "ജീവിക്കുന്ന ദൈവം നിങ്ങളുടെയിടയിലുണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ തുടങ്ങിയ ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും നിങ്ങളറിയണം. അതിനാൽ ആർക്കുമാശങ്കവേണ്ടാ. നിങ്ങളുടെ ആകുലതകളെല്ലാം കർത്താവിനു സമര്പ്പിച്ച്, അവിടുത്തെ ശക്തിയിലാശ്രയിക്കുവിൻ.

നിങ്ങളുടെ പിതാക്കന്മാർ ചെങ്കടൽ കടന്നതുപോലെതന്നെ, നിങ്ങളിന്നു ജോർദ്ദാൻ കടക്കും. ഭൂമി മുഴുവന്റെയും നാഥനായ കര്‍ത്താവിന്റെ പേടകംവഹിക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍, ജോര്‍ദ്ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍നിന്നുവരുന്ന വെള്ളം ചിറപോലെ കെട്ടിനില്‍ക്കുകയും ചെയ്യും."     

വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദ്ദാന്‍നദീതീരത്തെത്തി. കരയിലേക്കു കടന്നെത്തുമോയെന്നു തോന്നുംവിധം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ജോർദ്ദാൻനദി അവരെ ഭയപ്പെടുത്തിയില്ല.

പേടകം വഹിച്ചിരുന്ന പുരോഹിതന്മാർ ആദ്യം നദീതീരത്തെത്തി. പുരോഹിതരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു.. കരകവിയുംവിധമൊഴുകിയിരുന്ന വെള്ളത്തിന്റെ ഒഴുക്ക്, സാവധാനം നിലച്ചുതുടങ്ങി. പാദങ്ങൾമാത്രം പൂർണ്ണമായി നനയുംവിധം പുരോഹിതന്മാർ നടിയിലേക്കിറങ്ങിനിന്നു... സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ, ജലം ചിറപോലെ പൊങ്ങി. അതിനപ്പുറമുള്ള വെള്ളം മുഴുവൻ, അരാബാ ഉപ്പുകടലിലേക്കൊഴുകി, നിശ്ശേഷം വാര്‍ന്നുപോയി. 

ജനം ജറീക്കോയ്ക്കുനേരേ മറുകര കടന്നു.       

ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട്, പുരോഹിതന്മാര്‍ ജോര്‍ദ്ദാന്റെ മദ്ധ്യത്തില്‍ വരണ്ടനിലത്തുനിന്നു. സര്‍വ്വരും ജോര്‍ദ്ദാന്‍ കടക്കുന്നതുവരെ അവരവിടെത്തന്നെ നിന്നു.

Sunday 11 March 2018

53. ജെറീക്കോയിലെ ചാരന്മാര്‍

ബൈബിള്‍ക്കഥകള്‍ - 53

മോശയെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോള്‍, നൂനിന്റെ പുത്രനായ ജോഷ്വയോടു കര്‍ത്താവു പറഞ്ഞു:

"നീയും ഇസ്രായേല്‍ജനം മുഴുവനും ഉടനെ തയ്യാറാവുക. ജോര്‍ദ്ദാന്‍നദികടന്ന്, ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്കുന്ന ദേശത്തേക്കു പോവുക. മോശയോടു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും. നിന്റെ ആയുഷ്കാലത്തൊരിക്കലും നിന്നെ തോല്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെയെന്നതുപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കും. ഈ ജനത്തിനു നല്കുമെന്ന്, ഇവരുടെ പിതാക്കന്മാരോടു ഞാന്‍ വാഗ്ദാനംചെയ്തിരുന്ന ദേശം, ഇവര്‍ക്കവകാശമായി വീതിച്ചുകൊടുക്കേണ്ടതു നീയാണ്. മോശ നല്കിയിട്ടുള്ള എല്ലാ നിയമങ്ങളും നിങ്ങളനുസരിക്കണം. അവയില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്. ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ചു രാവുംപകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധിപ്രാപിക്കുകയും വിജയംവരിക്കുകയുംചെയ്യും. ശക്തനും ധീരനുമായിരിക്കുക, നിന്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയംവരിക്കും. ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെയുണ്ടായിരിക്കും."

ജോഷ്വാ ഇസ്രായേല്‍പ്രമാണിമാരെ വിളിച്ചുചേര്‍ത്തു. "നമ്മുടെ ജനങ്ങളെ മുഴുവന്‍ യുദ്ധസജ്ജരാക്കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ജോര്‍ദ്ദാന്‍നദികടക്കും."

അവര്‍ ജോഷ്വയോടു പറഞ്ഞു: "നമ്മുടെ ദൈവമായ കര്‍ത്താവ്, മോശയോടുകൂടെയെന്നതുപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കട്ടെ! നീ കല്പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യാം; അയയ്ക്കുന്നിടത്തേക്കെല്ലാം ഞങ്ങള്‍ പോകാം. മോശയെയെന്നപോലെ, എല്ലാക്കാര്യങ്ങളിലും ഞങ്ങള്‍ നിന്നെയുമനുസരിക്കും. നിന്റെ ആജ്ഞകള്‍ ധിക്കരിക്കുകയും നിന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുകയുംചെയ്യുന്നവന്‍ മരിക്കണം. നീ ധീരനും ശക്തനുമായിരിക്കുക!"

കാനാന്‍ദേശം കീഴടക്കുന്നതിനു മുന്നോടിയായി, ആ നാടിന്റെ ശക്തിയും ബലഹീനതകളും തിരിച്ചറിയുന്നതിനായി രണ്ടുചെറുപ്പക്കാരെ ജോഷ്വാ ചാരന്മാരായി നിയോഗിച്ചു.

"നാല്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്, മോശയുടെ നിര്‍ദ്ദേശാനുസരണം ഞാനും കാലെബും മറ്റുപത്തുപേര്‍ക്കൊപ്പം ചാരപ്രവര്‍ത്തനങ്ങള്‍ക്കായികടന്നുചെന്ന നാട്ടിലേക്കാണു ഞാന്‍ നിങ്ങളെ ഇന്നയയ്ക്കുന്നത്. ദേശംമുഴുവന്‍ നിരീക്ഷിക്കുക, കോട്ടകളാല്‍ സുരക്ഷിതമാക്കിയ ജെറീക്കോപ്പട്ടണം പ്രത്യേകമായി ശ്രദ്ധിക്കുക. കാരണം നമ്മള്‍ അവിടെനിന്നായിരിക്കും യുദ്ധമാരംഭിക്കുക. ധൈര്യമായി പോയിവരിക, ദൈവമായ കര്‍ത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും."

പകൽ കോട്ടയ്ക്കുചുറ്റുമായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ,
അസ്തമയത്തിനു രണ്ടുനാഴികമാത്രം ബാക്കിയുള്ളപ്പോഴാണ് ഇസ്രായേല്‍ച്ചാരന്മാര്‍ ജറീക്കോക്കോട്ടവാതിലിലൂടെ പട്ടണത്തിനുള്ളിലേക്കെത്തിയത്.

അപരിചിതരായ രണ്ടുപേര്‍ കോട്ടവാതില്‍കടന്നു ജറീക്കോപട്ടണത്തില്‍ പ്രവേശിച്ചതു കാവല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ദൂതന്മാര്‍ മുഖാന്തിരം അവര്‍ രാജാവിനെ വിവരമറിയിച്ചു.

ഫറവോയുടെ സൈന്യത്തെമുഴുവന്‍ ചെങ്കടലില്‍ മുക്കിക്കൊല്ലുകയും സീനായ് മരുഭൂമി കുറുകെക്കടന്നെത്തി, ജോര്‍ദ്ദാനക്കരെയുള്ള പ്രമുഖരായ രാജാക്കന്മാരെയെല്ലാം നിര്‍മ്മൂലരാക്കിയുംചെയ്ത  ഇസ്രായേലികളെന്ന നാടോടിക്കൂട്ടത്തെക്കുറിച്ച്, നേരത്തേതന്നെ കേട്ടറിഞ്ഞിരുന്ന ജറീക്കോരാജാവു ചകിതനായി.

"അതവര്‍തന്നെയാകും; ഇസ്രായേലിന്റെ ചാരന്മാര്‍! എത്രയുംപെട്ടെന്ന് അവരെ പിടികൂടി, ബന്ധിച്ചു രാജസന്നിധിയില്‍ ഹാജരാക്കുക" രാജാവു കല്പനനല്കി.

രാത്രിയില്‍ സുരക്ഷിതമായി കഴിയാനൊരിടമാണ് ഇസ്രായേൽച്ചാരന്മാർ ആദ്യം തിരഞ്ഞത്. ഏതെങ്കിലുമൊരു ഗണികാഗൃഹം കണ്ടെത്തുന്നതാവും ഏറ്റവുമുചിതമെന്ന് അവര്‍ കരുതി. അതിനായി അവരന്വേഷിച്ചുതുടങ്ങി. ഇരുട്ടുവീണുതുടങ്ങുന്നതിനുമുമ്പേ, പട്ടണവാതുക്കല്‍നിന്ന് അധികമകലെയല്ലാതെ, അത്തരത്തില്‍ ഒരു വേശ്യാഗൃഹത്തിൻ്റെ വാതിൽ അവര്‍ക്കായി തുറന്നുകിട്ടി.


കോമാളന്മാരായ യുവാക്കള്‍ക്കുമുമ്പില്‍ കാമോദ്ദീപകമായ കടാക്ഷങ്ങളോടെ റാഹാബ് നിന്നു. ധരിച്ചിരിക്കുന്ന നേര്‍മ്മയാര്‍ന്ന വസ്ത്രം അവളുടെ ശരീരവടിവുകള്‍ വ്യക്തമാക്കുന്നുണ്ട്.

"ഈ രാത്രിയിൽ എന്നെത്തേടിയെത്തിയ സ്നേഹിതരേ, സന്തോഷത്തോടെ അകത്തേക്കു വരൂ..."

യുവാക്കള്‍ അവളെ അടിമുടി നോക്കി. പിന്നെ പറഞ്ഞു; "ഞങ്ങള്‍ക്കു നിന്റെ ശരീരമാവശ്യമില്ല. അപരിചിതരായവര്‍ക്ക്, എപ്പോഴും വരാന്‍പറ്റിയതു നിന്നെപ്പോലുള്ളവരുടെ വീടുകളായതിനാലാണു ഞങ്ങളിപ്പോള്‍ ഇവിടെ വന്നത്. കര്‍ത്താവായ ദൈവത്തിന്റെ ദാസന്മാരും ഇസ്രായേല്‍ജനതയില്‍പ്പെട്ടവരുമാണു ഞങ്ങള്‍. "

ഇസ്രായേലെന്നു കേട്ടപ്പോള്‍ത്തന്നെ റാഹാബ് ഭയന്നു. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയി. മുഖം വിവര്‍ണ്ണമായി. ഇസ്രായേല്‍ജനതയെക്കുറിച്ചുള്ള ഭയം, ജെറീക്കോനിവാസികള്‍ക്കിടയില്‍ അത്രയ്ക്കു രൂഢമൂലമായിരുന്നു

"ഇന്നുരാത്രി സുരക്ഷിതമായി കഴിയാന്‍ നീ ഞങ്ങളെ സഹായിക്കണം. നിങ്ങളുടെ രാജ്യത്തിൻ്റെ ശക്തിയും ദൗർബല്യവുമെന്താണെന്നും ഞങ്ങൾക്കറിയണം. നിൻ്റെ സന്ദർശകരായ കൊട്ടാരപ്രമുഖരിൽനിന്ന്, അത്തരംകാര്യങ്ങളിൽ നിനക്കറിവുണ്ടാകുമെന്നു ഞങ്ങൾക്കറിയാം. നീ ഞങ്ങളെ സഹായിച്ചാല്‍ തക്കപ്രതിഫലം ഞങ്ങള്‍ നിനക്കു നല്കും."

റാഹാബ് അല്പനേരം ചിന്താമഗ്നയായി. പിന്നെ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. "ഞാന്‍ നിങ്ങളോടു കാരുണ്യത്തോടെ പ്രവര്‍ത്തിച്ചാല്‍, നിങ്ങളെന്നോടും എന്റെ പ്രിയമുള്ളവരോടും കാരുണ്യംകാണിക്കുമെന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു ശപഥംചെയ്യണം. എന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മറ്റു ബന്ധുക്കളുടെയും ജീവന്‍രക്ഷിക്കുമെന്നതിന്, എനിക്കു നിങ്ങളുറപ്പുതരണം."

"നീയിന്നു ഞങ്ങളെ സഹായിച്ചാല്‍, നിൻ്റെയോ നിൻ്റെ പ്രിയപ്പെട്ടവരുടേയോ ജീവനുപകരം, ഞങ്ങൾ ഞങ്ങളുടെ ജീവന്‍കൊടുക്കും. കര്‍ത്താവ് ഈ ദേശം ഞങ്ങള്‍ക്കേല്പിച്ചുതരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടുംകൂടെ ഞങ്ങള്‍ വര്‍ത്തിക്കുമെന്ന്, കർത്താവിൻ്റെ നാമത്തിൽ ഞങ്ങള്‍ നിനക്കുറപ്പു നല്കുന്നു."

റാഹാബ് അവരെ വീടിനുള്ളിൽക്കയറ്റി വാതിലടച്ചു.

ജെറീക്കോയിലെ ഭടന്മാര്‍ പട്ടണംമുഴുവന്‍ ഇസ്രായേല്‍ക്കാര്‍ക്കായി തിരഞ്ഞു. വേശ്യയായ റാഹാബിന്റെ വീട്ടില്‍ അപരിചിതരായ രണ്ടുപേര്‍ വന്നിട്ടുണ്ടെന്നറിഞ്ഞതിനാല്‍ ജെറീക്കോമതിലിനോടുചേര്‍ത്തു നിര്‍മ്മിച്ച,  ആ വേശ്യാഗൃഹത്തിലും പരിശോധനയ്ക്കായി അവരെത്തി.

കതകില്‍മുട്ടുന്നതുകേട്ടു വാതില്‍തുറന്ന റാഹാബ്, രാജഭടന്മാരെക്കണ്ടു ഭയന്നു.

ഭടന്മാര്‍ അവളോടു പറഞ്ഞു: "നിന്റെയടുത്ത്, അന്യദേശക്കാരായ രണ്ടു യുവാക്കൾ വന്നിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം.  അവരെ ഞങ്ങളെയേല്പിക്കുക. നമ്മുടെ രാജ്യം കീഴടക്കാനായി വരുന്ന ഇസ്രായേലിന്റെ ചാരന്മാരാണവർ..."