Sunday, 28 May 2017

മരണത്തിന്‍റെ വഴികള്‍

ഷെക്കം പട്ടണത്തില്‍ പുരയിടംവാങ്ങി, യാക്കോബവിടെ കൂടാരമടിച്ചു. ഒരുദിവസം യാക്കോബിന്‍റെ ഏകപുത്രിയായിരുന്ന ദീന, ഷെക്കമിലെ സ്ത്രീകളെ സന്ദര്‍ശിച്ചു പരിചയപ്പെടാനായി പട്ടണത്തിലേക്കുപോയി. 

ഒരു ദുരന്തമാണ് അവിടെ അവളെക്കാത്തിരുന്നത്. ഷെക്കമിലെ പ്രഭുവായിരുന്ന ഹാമോറിന്‍റെ പുത്രന്‍ അവളെ ആക്രമിച്ചു. 

തങ്ങളുടെ ഏകസഹോദരി ബലാത്സംഗംചെയ്യപ്പെട്ടെന്നറിഞ്ഞപ്പോള്‍ യാക്കോബിന്‍റെ മക്കള്‍ കോപത്താല്‍ ജ്വലിച്ചു.  പതിനൊന്നു സഹോദരന്മാര്‍ തങ്ങളുടെ ഏകസഹോദരിക്കായി പ്രതികാരത്തിനിറങ്ങി. 

ലേവിയും ശിമയോനുംചേര്‍ന്ന്‍, ഹാമാറിനെയും അവന്‍റെ കുടുംബത്തിലെ സകലരെയും ശിരച്ഛേദംചെയ്തു. തങ്ങളുടെ സഹോദരിയുടെ മാനത്തിന്‍റെ വിലയെന്തെന്ന് അവര്‍ ഷെക്കം നിവാസികളെയറിയിച്ചു. അവരുടെ കണ്‍മുമ്പിലെത്തിയ ഷെക്കംനിവാസികളായ പുരുഷന്മാരുടെയെല്ലാം കബന്ധങ്ങള്‍ തെരുവിലുരുണ്ടു.

യാക്കോബു മക്കളെയെല്ലാം വിളിച്ചുകൂട്ടി.

"നിങ്ങള്‍ എന്താണീചെയ്തത്? നമ്മള്‍ ഈ പട്ടണത്തില്‍ തികച്ചും അപരിചിതരാണ്. ബന്ധുബലവുമില്ല. പട്ടണനിവാസികള്‍ ഒന്നിച്ചുകൂടി ആക്രമിച്ചാല്‍ നമുക്കു പിടിച്ചുനില്ക്കാനാകുമോ?"

"ഞങ്ങളുടെ സഹോദരിയെ അപമാനിച്ചവരെ ഞങ്ങള്‍ വേറെന്തുചെയ്യണം?" ശിമയോന്‍ പിതാവിനോടു കയര്‍ത്തു.

പെനുവേലിലെ കര്‍ത്താവിന്‍റെ ബലിപീഠത്തിനുമുമ്പില്‍ യാക്കോബു മുട്ടുകുത്തി. 

കര്‍ത്താവ് അവനു ദര്‍ശനംനല്കി.

"ഈ നാട്ടിലുള്ള മുഴുവന്‍പേരുടെയും മനസ്സില്‍ നിന്നെയും മക്കളെയുംകുറിച്ചു ഞാന്‍ ഭയമുളവാക്കും. നിന്‍റെ സഹോദരനെ ഭയന്നു നീ ഒളിച്ചോടിയപ്പോള്‍ നിനക്കുമുമ്പില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ട ബഥേലില്‍ എനിക്കായി നീയൊരു ബലിപീഠം നിര്‍മ്മിക്കുക."

യാക്കോബ് ഭാര്യമാരെയും മക്കളേയും വിളിച്ചു പറഞ്ഞു. "നിങ്ങളുടെപക്കലുള്ള അന്യദേവന്മാരെയെല്ലാം ദൂരെക്കളയുക; എല്ലാവരും യാത്രയ്ക്കു തയ്യാറാകൂ.. നമുക്കു ബേഥേലിലേക്കു പോകാം. എന്‍റെകഷ്ടപ്പാടില്‍ എന്റെ പ്രാര്‍ത്ഥന ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം എന്റെകൂടെയുണ്ടായിരുന്നവനുമായ കര്‍ത്താവിനു ഞാന്‍ അവിടെ ഒരു ബലിപീഠം പണിയും." 

എല്ലാവരും തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങള്‍ യാക്കോബിനെയേല്പിച്ചു. അവന്‍ ഷെക്കെമിനടുത്തുള്ള ഓക്കുമരത്തിന്‍റെ ചുവട്ടില്‍ അവ കുഴിച്ചുമൂടി. അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാം ദൈവഭീതിയുണ്ടായി. അതുകൊണ്ട് അവര്‍യാത്രചെയ്തപ്പോള്‍ ആരും യാക്കോബിനെയോ  മക്കളെയോ ഉപദ്രവിച്ചില്ല. 

ബഥേലിലെത്തിയപ്പോള്‍ റബേക്കയുടെ പരിചാരികയായിരുന്ന ദബോറയുടെ ആത്മാവിനെ കര്‍ത്താവു തിരികെവിളിച്ചു. അവര്‍ അവളെ അവിടെ അടക്കംചെയ്തു.

കര്‍ത്താവിനു ബലിപീഠംനിര്‍മ്മിച്ചു ബലിയര്‍പ്പിച്ചശേഷം യാക്കോബും കുടുംബവും വീണ്ടും യാത്രതുടര്‍ന്നു. ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രേയില്‍ പിതാവായ ഇസഹാക്കിന്‍റെയടുത്തേക്കെത്താനായി യാക്കോബു കൊതിച്ചു. 

റാഹേലിന്‍റെ ഗര്‍ഭപാത്രം ഒരിക്കല്‍ക്കൂടി ഫലമണിഞ്ഞു. എഫ്രാത്ത എന്ന സ്ഥലത്തെത്തിയപ്പോള്‍ അവള്‍ക്കു പ്രസവവേദനയുണ്ടായി. റാഹേല്‍ ഒരു പുത്രനു ജന്മംനല്കി. എന്നാല്‍ അവനെ മുലയൂട്ടുന്നതിനുള്ള ഭാഗ്യം അവള്‍ക്കുണ്ടായില്ല. 

യാക്കോബ് ഉറക്കെ കരഞ്ഞു. മറ്റാരെയുംകാളധികമായി അവന്‍റെ ഹൃദയം റാഹേലില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. എഫ്രാത്തയ്ക്കടുത്തുള്ള ബത്ത്ലഹെമില്‍ അവളുടെ മൃതദേഹം സംസ്കരിച്ചു. 

റാഹേലിന്‍റെ രണ്ടാമത്തെ പുത്രനു ബഞ്ചമിന്‍ എന്നാണു യാക്കോബു പേരിട്ടത്.

യാക്കോബു യാത്രതുടര്‍ന്നു. ഏറെവൈകാതെ പിതാവായ  ഇസഹാക്കിന്‍റെ ഭവനത്തില്‍ അവന്‍ മടങ്ങിയെത്തി. നീണ്ടവര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം യാക്കോബു തന്‍റെ മാതാപിതാക്കളെ ചുംബിച്ചു. 

ഇസഹാക്കു പതിമൂന്നു പേരക്കുട്ടികളുടെയും തലയില്‍ കൈവച്ച് അവരെ അനുഗ്രഹിച്ചു. 

നൂറ്റിയെമ്പതുവയസ്സു പ്രായമായപ്പോള്‍ ഇസഹാക്കു സ്വര്‍ഗ്ഗംപൂകി. എസാവും യാക്കോബുംചേര്‍ന്ന് അബ്രഹാമിന്‍റെ കല്ലറയ്ക്കരികില്‍ തങ്ങളുടെ പിതാവിനു ഖബറിടമൊരുക്കി.

പിതാക്കന്മാരായ അബ്രഹാമും ഇസഹാക്കും താമസിച്ചിരുന്ന കാനാന്‍ദേശത്തുതന്നെ യാക്കോബും കുടുംബവും വാസമുറപ്പിച്ചു, 

Monday, 22 May 2017

ഇസ്രായേല്‍

യാക്കോബ് കാനാന്‍ദേശത്തേക്കുള്ള യാത്രതുടര്‍ന്നു. 

പിതൃഭവനത്തിലെത്തുമ്പോള്‍ സഹോദരനായ എസാവ് എങ്ങനെയാകും പ്രതികരിക്കുക എന്ന ചിന്ത യാക്കോബിനെ അലട്ടി. അതിനാല്‍ തനിക്കുമുമ്പേ ചില ദൂതന്മാരെ സഹോദരന്റെപക്കലേക്കയച്ചു. 

"നിങ്ങള്‍ എന്റെ സഹോദരനായ എസാവിനെ ചെന്നുകാണണം. നിന്റെ സഹോദരനായ യാക്കോബിനോടു ദയതോന്നണം. അറിവില്ലായ്മമൂലം ചെറിയപ്രായത്തില്‍ചെയ്ത അപരാധങ്ങള്‍ മറന്നുകളയണം എന്ന് അപേക്ഷിക്കാനായി അവന്‍ ഞങ്ങളെ അങ്ങയുടെ പക്കലേക്കയച്ചിരിക്കുന്നു എന്നു പറയണം."

ദൂതന്മാര്‍ മടങ്ങിയെത്തുന്നതുവരെ യാക്കോബ് വഴിയിലൊരിടത്തു കൂടാരമടിച്ചു താമസിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം ദൂതന്മാര്‍ മടങ്ങിയെത്തി. "ഞങ്ങള്‍ അങ്ങയുടെ ജ്യേഷ്ഠനെക്കണ്ട് അങ്ങു പറഞ്ഞകാര്യങ്ങള്‍ അറിയിച്ചു. അങ്ങയെ കാണാനായി , നാന്നൂറ് ആളുകളുടെ അകമ്പടിയോടെ എസാവ് ഇങ്ങോട്ടു വരുന്നുണ്ട്."

യാക്കോബ് കൂടുതല്‍ അസ്വസ്ഥനായി. അവന്‍ തന്റെ ആടുമാടുകളെയും ഇടയന്മാരെയും ദാസീദാസന്മാരെയും രണ്ടുഗണമായി തിരിച്ചു. എസാവു വന്ന്, ഒരു ഗണത്തെ ആക്രമിച്ചാല്‍ മറ്റേഗണത്തിന് എങ്ങനെയെങ്കിലും ഓടിരക്ഷപ്പെടാനാകുമെന്ന് അവന്‍ കണക്കുകൂട്ടി. 

എങ്കിലും എന്തുസംഭവിക്കുമെന്ന അനിശ്ചിതത്വം അവനെ കൂടുതല്‍ ആകുലനാക്കി. അവന്‍ ഏകാന്തതയില്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു:

 "എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവേ, പിതാവായ ഇസഹാക്കിന്റെ നാട്ടിലേക്കു മടങ്ങുക എന്ന അങ്ങയുടെ കല്പന അനുസരിച്ചാണല്ലോ ഞാന്‍ എന്റെ പിതൃഭവനത്തിലേക്കു യാത്രതിരിച്ചത്! എന്റെ സഹോദരനായ എസാവിന്റെ കൈയില്‍നിന്ന് അങ്ങുതന്നെ എന്നെ രക്ഷിക്കേണമേ! അവന്‍ എന്നെയും എന്റെ കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും ഉന്മൂലനംചെയ്യുമെന്നു ഞാന്‍ ഭയക്കുന്നു. 

വെറുംകൈയോടെ നാടുവിട്ടോടിയ എന്നോട്‌ അങ്ങുകാണിച്ച കാരുണ്യത്തിനും വിശ്വസ്തതയ്ക്കും ഞാന്‍ ഒരിക്കലും അര്‍ഹാനായിരുന്നില്ലെന്നു ഞാനറിയുന്നു. എങ്കിലും കര്‍ത്താവേ, നിന്നെ അനുഗ്രഹിച്ച്, നിന്റെ സന്തതികളെ കടല്‍ത്തീരത്തെ മണല്‍ത്തരികള്‍പോലെ അസംഖ്യമാക്കുമെന്ന് അങ്ങെനിക്കു നല്കിയ വാഗ്ദാനത്തില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. എന്റെയും കുടുംബത്തിന്റെയും ജീവന്‍ അങ്ങു സംരക്ഷിക്കണമേ!"

പ്രാര്‍ത്ഥനകഴിഞ്ഞപ്പോള്‍ അവനു മറ്റൊരാശയംതോന്നി. 

സഹോദരനായ ഏസാവിനായി അവനൊരു സമ്മാനമൊരുക്കി. ഇരുനൂറു പെണ്‍കോലാടും ഇരുപതു ആണ്‍കോലാടും, ഇരുന്നൂറു പെണ്‍ചെമ്മരിയാടും, ഇരുപതു മുട്ടാടും, കറവയുള്ള മുപ്പത് ഒട്ടകങ്ങള്‍, അവയുടെ കിടാക്കള്‍, നാല്പതു പശുക്കള്‍, പത്തു കാളകള്‍, ഇരുപതു പെണ്‍കഴുതകള്‍ പത്ത് ആണ്‍കഴുതകള്‍ എന്നിവയെ അവന്‍ മാറ്റിനിറുത്തി. 
ഈ ഓരോ കൂട്ടത്തെയും  തന്റെ ഭൃത്യന്മാരെ ഏല്പിച്ചതിനുശേഷം യാക്കോബ് അവരോടു പറഞ്ഞു: "നിങ്ങള്‍ മുമ്പേ പോവുക. ഏറ്റവും മുന്നില്‍ കോലാട്ടിന്‍കൂട്ടം, അതിനുപിന്നില്‍ ചെമ്മരിയാടുകള്‍, പിന്നീട് ഒട്ടകക്കൂട്ടം, അതിനുപിന്നില്‍ പശുക്കളുടെയും കഴുതകളുടെയും കൂട്ടങ്ങള്‍. കൂട്ടങ്ങള്‍തമ്മില്‍ അല്പം അകലമുണ്ടായിരിക്കണം. 

ഏറ്റവും മുമ്പേ പോയവനോട്‌ അവന്‍ അവന്‍പറഞ്ഞു: "വഴിയില്‍ എന്റെ സഹോദരനെ കണ്ടുമുട്ടുമ്പോള്‍, ഇങ്ങനെ പറയുക, ഇവ അങ്ങയുടെ ദാസനായ യാക്കോബ്, തന്റെ യജമാനനായ ഏസാവിനു തന്നുവിട്ട ഉപഹാരമാണ്. അവന്‍ ഞങ്ങളുടെ പിന്നാലെയുണ്ട്." 

മറ്റു കൂട്ടങ്ങളെ നടത്തിയിരുന്ന ദാസന്മാരെയും അവന്‍ ഇതുതന്നെ പറഞ്ഞേല്പിച്ചു. 

ആ രാത്രിയില്‍ യാക്കോബ് തന്റെ  കുടുംബത്തെയും ദാസീദാസന്മാരെയും യോബാക്ക് എന്ന കടവിലൂടെ ജോര്‍ദ്ദാന്‍നദിയുടെ മറുകര കടത്തി. യാക്കോബുമാത്രം നദിക്കക്കരെ തങ്ങി.

ആ രാത്രിയില്‍ യാക്കോബ് ഏകനായപ്പോള്‍ അപരിചിതനായ ഒരാള്‍ അവനുമായി മല്പിടുത്തത്തിനെത്തി. മല്പിടുത്തം രാത്രിമുഴുവന്‍ നീണ്ടുനിന്നു. തുല്യശക്തരെന്നുതോന്നുംവിധം രണ്ടുപേരും പരസ്പരം കീഴടങ്ങാതെ പിടിച്ചുനിന്നു.
നേരംപുലരാറായപ്പോള്‍ അപരിചിതന്‍ യാക്കോബിന്റെ അരക്കെട്ടില്‍ തട്ടി. യാക്കോബിന്റെ അരക്കെട്ടിലെ കുഴതെറ്റി. എന്നിട്ടും യാക്കോബ് പിടിവിട്ടില്ല.

അപരിചിതന്‍ പറഞ്ഞു. “നേരംപുലരാറായി. ഞാന്‍ പോകട്ടെ!”

“ഇല്ല, എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടില്ല!” യാക്കോബ് പറഞ്ഞു.

“നിന്റെ പേരെന്താണ്?” അപരിചിതന്‍ ചോദിച്ചു.

“യാക്കോബ്”

“അല്ല, ഇനിമേല്‍ നീ യാക്കോബല്ല, നീ ഇസ്രായേല്‍ എന്നറിയപ്പെടും. കാരണം, നീ ദൈവത്തോടും മനുഷ്യരോടും മല്ലിട്ടുജയിച്ചവനാണ്!” അവന്‍ യാക്കോബിനെ അനുഗ്രഹിച്ചിട്ടു മറഞ്ഞു.”
“ഓ! ഞാന്‍ ദൈവത്തെ മുഖാമുഖംകണ്ടു! എന്നിട്ടും ഞാന്‍ ജീവിചിരിക്കുന്നല്ലോ!” യാക്കോബ് ആ സ്ഥലത്തിനു *പെനുവേല്‍ എന്നു പേരിട്ടു. സൂര്യനുദിച്ചപ്പോള്‍ യാക്കോബ് പെനുവേല്‍ കടന്നു. തുടയിലെ ഉളുക്കുമൂലം അവന്‍ ഞൊണ്ടിയാണു നടന്നത്.

പെനുവേല്‍ കടന്നു മറുകരെയെത്തിയപ്പോള്‍ അകലെനിന്നുവരുന്ന ഒരു ജനക്കൂട്ടത്തെ യാക്കോബു കണ്ടു. അത് എസാവാകുമെന്ന് അവന്‍ കരുതി. അവന്‍ മക്കളെയും ഭാര്യമാരെയും വേര്‍തിരിച്ചു. പരിചാരികമാരെയും അവരുടെ മക്കളെയും മുമ്പില്‍ നിറുത്തി. അതിനുപിന്നില്‍ ലെയയേയും മക്കളെയും അതിനുപിന്നിലും റാഹെലിനെയും അവളുടെ പുത്രനായ ജോസഫിനെയും ഏറ്റവും പിന്നിലും നിറുത്തി. ഏറ്റവും മുന്നില്‍ യാക്കോബ് നടന്നു. ഏസാവ് അടുത്തുവരുന്നതുകണ്ടപ്പോള്‍ ഏഴുതവണ നിലംമുട്ടെ താണ്, യാക്കോബ് സഹോദരനെ വണങ്ങി.

അനുജന്റെ ബഹുമാനപ്രകടനംകണ്ട ഏസാവ്, ഓടിയെത്തി യാക്കൊബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. രണ്ടുപേരും കരഞ്ഞുപോയി.

കുറച്ചു നേരത്തിനുശേഷം മാത്രമാണ്, യാക്കോബിനു പിന്നിലുള്ളവരെ എസാവു ശ്രദ്ധിച്ചത്.

“അങ്ങയുടെ ദാസനു ദൈവം കനിഞ്ഞു നല്കിയ മക്കളാണിവര്‍.” യാക്കോബു തന്റെ മക്കളെയും അവരുടെ അമ്മമാരെയും ജ്യേഷ്ഠനു പരിചയപ്പെടുത്തി. എല്ലാവരും എസാവിനെ താണുവണങ്ങി.

“നിനക്കുമുമ്പേ, നീ എനിക്കായി അയച്ച സമ്മാനങ്ങള്‍ ഞാന്‍ കണ്ടു. സഹോദരാ, എനിക്കു ധാരാളം സമ്പത്തുണ്ട്. അതുകൊണ്ട്, എനിക്കതൊന്നും വേണ്ട. നിന്റേതു നീ തന്നെ എടുത്തുകൊള്ളുക.”

“അങ്ങനെയല്ല, ദൈവത്തിന്റെ മുഖം കാണുന്നതുപോലെയാണു ഞാനങ്ങയുടെ മുഖം കാണുന്നത്. എത്ര ദയാപൂര്‍വ്വമാണ് അങ്ങിന്നെന്നെ സ്വീകരിച്ചത്! ഞാനങ്ങയോടുചെയ്ത ദ്രോഹങ്ങള്‍ അങ്ങുപൂര്‍ണ്ണമായും ക്ഷമിച്ചെങ്കില്‍ എന്റെ സമ്മാനങ്ങള്‍ സ്വീകരിക്കണം.”

യാക്കോബിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അവന്‍ നല്കിയ സമ്മാനങ്ങള്‍ എസാവു സ്വീകരിച്ചു.

“നമ്മുടെ മാതാപിതാക്കള്‍ ഇപ്പോള്‍ കിരിയാത്ത് അര്‍ബായിലെ മാമ്രോണിലാണു താമസിക്കുന്നത്. ഞാനാകട്ടെ സെയിര്‍ എന്ന ദേശത്തിലും. നമുക്ക് ഒരുമിച്ചു യാത്രതുടരാം.” എസാവു പറഞ്ഞു.

“അങ്ങേയ്ക്കറിയാമല്ലോ, മക്കളെല്ലാവരും ക്ഷീണിതരാണ്. ആടുമാടുകളും തളര്‍ന്നിരിക്കുന്നു. മക്കളുടേയും ആടുമാടുകളുടേയും നടപ്പിനൊപ്പം ഞാന്‍ പതുക്കെ സെയിറില്‍ അങ്ങയുടെയടുത്തെത്താം. “

“എന്റെയാളുകളില്‍ കുറച്ചുപേരെ നിന്റെ സഹായത്തിനായി നിരുത്തണമോ?”

“അതുവേണ്ട; എനിക്കെന്നും അങ്ങയുടെ സ്നേഹവും വാത്സല്യവുംമാത്രം മതി.”

എസാവു മടങ്ങിപ്പോയി.

യാക്കോബു യാത്രാമദ്ധ്യേ, ഷെക്കം എന്ന പട്ടണത്തില്‍ നൂറു നാണയത്തിനു പറമ്പു വാങ്ങി, അവിടെ കൂടാരമടിച്ചു. അതിനടുത്തായി കര്‍ത്താവിന് ഒരു ബലിപീഠം പണിതു. #ഏല്‍ഏലോഹെയ്ഇസ്രായേല്‍ എന്ന്‍ ആ ബലിപീഠത്തിനു പേരിട്ടു.


യാക്കോബിന്റെ യാത്ര തുടരുന്നു....
---------------------------------------------------------------------------------------------------------------------------
* പെനുവേല്‍ - ദൈവത്തിന്റെ മുഖം

#ഏല്‍ഏലോഹെയ്ഇസ്രായേല്‍ - ഇസ്രായേലിന്റെ ദൈവമായ ദൈവം
Monday, 15 May 2017

മടക്കയാത്ര

രാര്‍പ്രകാരമുള്ള വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ജോലിയില്‍നിന്നു വിരമിക്കാന്‍ ലാബാന്‍ യാക്കോബിനെ അനുവദിച്ചില്ല.

കര്‍ത്താവു യാക്കോബിനു പ്രത്യക്ഷനായി. "നിന്റെ പിതാക്കന്മാര്‍ക്കു ഞാന്‍ വാഗ്ദാനംനല്കിയ നാട്ടിലേക്കു നീ മടങ്ങിപ്പോവുക. ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും"

പതിനൊന്നു പുത്രന്മാരും ഒരു പുത്രിയും ജനിച്ചതിനുശേഷം, ഒരു ദിവസം യാക്കോബു് അമ്മാവന്റെയടുത്തെത്തി.

"എന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കുംവേണ്ടിയാണു ഞാനിത്രകാലം അങ്ങയെ സേവിച്ചതു്. ഇനി അവരെ എനിക്കു വിട്ടുതരിക. ഞാന്‍ എന്റെ നാട്ടിലേക്കു മടങ്ങട്ടേ!."

"നീ വരുന്നതിനുമുമ്പു് വളരെക്കുറച്ചു് ആടുമാടുകള്‍മാത്രമാണു് എനിക്കുണ്ടായിരുന്നതു്. ഇന്നതു് അത്യധികം പെരുകി. നീ മൂലമാണു നിന്റെ ദൈവമായ കര്‍ത്താവു് എന്നെ അനുഗ്രഹിച്ചതെന്നു് എനിക്കറിയാം. എന്നോടു താല്പര്യമുണ്ടെങ്കില്‍ നീ പോകരുതു്."

"ഞാന്‍ ജോലിചെയ്തിടത്തെല്ലാം കര്‍ത്താവു് അങ്ങയെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ടു്. അങ്ങയുടെയും പുത്രന്മാരുടേയും സമ്പത്തു വര്‍ദ്ധിച്ചു. എന്നാല്‍ എന്റെ കുടുബത്തിനുവേണ്ടി ഇനിയെന്നാണു ഞാനെന്തെങ്കിലും സമ്പാദിക്കുന്നതു്?"

"ഞാന്‍ നിനക്കെന്തു തരണം?" ലാബാന്‍ ചോദിച്ചു.

"അങ്ങ് ഒന്നുമെനിക്കു വെറുതേതരേണ്ടാ. ഞാന്‍ പറയുന്ന വ്യവസ്ഥ അംഗീകരിക്കാമെങ്കില്‍ ഞാനിനിയും അങ്ങയുടെ ആടുകളെ മേയിച്ചുകൊള്ളാം."

"എന്താണു നിന്റെ വ്യവസ്ഥ?"

"അങ്ങു് എനിക്കുനല്കുന്ന ആടുകളില്‍ പൊട്ടോ പുള്ളിയോഉള്ള കോലാടുകളും കറുത്ത ചെമ്മരിയാടുകളും എന്റെ പ്രതിഫലമായിരിക്കണം."

ലാബാന്‍ ചിരിച്ചു. "ശുദ്ധ വിഡ്ഢിത്തം", എന്ന്‍ ആത്മഗതത്തോടെ അയാള്‍ മരുമകന്റെ വ്യവസ്ഥ സമ്മതിച്ചു.

ലാബാന്‍ അന്നുതന്നെ തന്റെ ആട്ടിന്‍കൂട്ടത്തില്‍നിന്നും കറുത്ത ചെമ്മരിയാടുകളേയും പൊട്ടും പുള്ളിയുമുള്ള കോലാടുകളേയും വേര്‍തിരിച്ചു. അവയെ തന്റെ പുത്രന്മാരെ ഏല്പിച്ചതിനുശേഷം ബാക്കി ആടുകളെ യാക്കോബിനെ ഏല്പിച്ചു. മൂന്നു ദിവസത്തെ യാത്രാദൂരമുള്ള ഒരു സ്ഥലത്തേക്കു യാക്കോബിനെ മാറ്റിപ്പാര്‍പ്പിച്ചു.

യാക്കോബു് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. നിദ്രയില്‍ കര്‍ത്താവു് അവനു് ഒരു ദര്‍ശനം നല്കി.

"ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെ ഞാനറിയുന്നു. യാക്കോബേ, നീ ശിരസ്സുയര്‍ത്തി നോക്കുക. ഇണചേരുന്ന കോലാടുകളെല്ലാം പൊട്ടും പുള്ളിയും വരയുമുള്ളവയാണു്."

യാക്കോബു് കുറേ വൃക്ഷക്കൊമ്പുകള്‍ വെട്ടിയെടുത്തു് അങ്ങിങ്ങു വെളുപ്പുകാണുന്നവിധം തൊലിയുരിഞ്ഞു. ആടുകള്‍ വെള്ളംകുടിക്കാനെത്തുന്ന പാത്തികള്‍ക്കുമുമ്പില്‍, അവയ്ക്കു കാണാനാകുന്ന വിധത്തില്‍ ആ കമ്പുകള്‍ നാട്ടി. വെള്ളം കുടിക്കാനെത്തുമ്പോഴാണു് ആടുകള്‍ ഇണചേരുന്നതു്. ഈ കമ്പുകളുടെ മുമ്പില്‍ ഇണചേര്‍ന്ന ആടുകള്‍ക്കു് പൊട്ടും പുള്ളിയും വരയുമുള്ള കുഞ്ഞുങ്ങളുണ്ടായി. കൊഴുത്ത ആടുകള്‍ ഇണചേരുമ്പോള്‍ ഈ കമ്പുകള്‍ അവയുടെ കണ്‍മുമ്പില്‍ നാട്ടി. എന്നാല്‍ മെലിഞ്ഞവയ്ക്കു മുമ്പില്‍ നാട്ടിയില്ല. അങ്ങനെ കരുത്തുള്ള ആടുകള്‍ യാക്കോബിന്റെയും മെലിഞ്ഞവ ലാബാന്റേതുമായി. യാക്കോബിന്റെ ആടുമാടുകള്‍ വര്‍ദ്ധിച്ചു.

യാക്കോബു തന്റെ ഭാര്യമാരെ അടുത്തുവിളിച്ചു പറഞ്ഞു: "നിങ്ങളുടെ പിതാവിനുവേണ്ടി ഞാനെങ്ങനെയാണു ജോലി ചെയ്തിട്ടുള്ളതെന്നു നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങളുടെ പിതാവു് എന്നെ ചതിക്കുകയാണു്. എന്നാല്‍ എന്റെ പിതാവിന്റെ ദൈവം എന്നോടൊത്തുണ്ടു്. എന്നെ ഇനിയും ദ്രോഹിക്കാന്‍ ദൈവം അനുവദിക്കുകയില്ല. പുള്ളിയുള്ള ആടുകളായിരിക്കും നിന്റെ കൂലിയെന്നു് അമ്മാവനെന്നോടു പറഞ്ഞാല്‍ എല്ലാ ആടുകളും പുള്ളിയുള്ള കുഞ്ഞുങ്ങളെ പ്രസവിക്കും വരയുള്ളവയായിരിക്കും കൂലിയെന്നുപറഞ്ഞാല്‍ ആടുകളൊക്കെ വരയുള്ള കുഞ്ഞുങ്ങളെ പ്രസവിക്കും. എന്നാലിപ്പോള്‍ ഇവിടംവിട്ടു മടങ്ങിപ്പോകാന്‍ കര്‍ത്താവെന്നോടു് ആവശ്യപ്പെടുന്നു"

ലെയയും റാഹേലും പറഞ്ഞു. "ഞങ്ങളുടെ പിതാവിന്റെ വീട്ടില്‍നിന്നും ഞങ്ങള്‍ക്കു് ഓഹരിയൊന്നും കിട്ടിയിട്ടില്ല. ഞങ്ങളുടെ പിതാവും സഹോദരന്മാരും നമ്മളെ അന്യരെപ്പോലെയാണു കണക്കാക്കുന്നതു്. ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക."

ലെയയും റാഹേലും പിതൃഭവനത്തില്‍നിന്നും തങ്ങള്‍ക്കുവേണ്ടതെല്ലാമെടുത്തു. റാഹേലാകട്ടെ പിതാവിന്റെ കുലദൈവങ്ങളുടെ വിഗ്രഹങ്ങള്‍പോലും തന്റെ ഭാണ്ഡത്തിലാക്കി. യാക്കോബു് തനിക്കവകാശപ്പെട്ട ആടുമാടുകളേയും തെളിച്ചുകൊണ്ടു് ഭാര്യമാരോടും മക്കളോടും ദാസീദാസന്മാരോടുമൊത്തു് തന്റെ പിതാവായ ഇസഹാക്കിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയാരംഭിച്ചു.

മൂന്നുദിവസങ്ങള്‍ക്കുശേഷം മാത്രമാണു് യാക്കോബു് ഒളിച്ചോടിയ വാര്‍ത്ത ലാബാനറിഞ്ഞതു്. തന്റെ കുലദൈവ വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്നും ലാബാനറിഞ്ഞു. ലാബാന്‍ കോപത്തോടെ തന്റെ പരിവാരങ്ങളോടൊത്തു്  യാക്കോബിനുപിന്നാലേ പാഞ്ഞു.

ഏഴുദിവസങ്ങള്‍ക്കുശേഷം ഗിലയാദ് മലനിരകകള്‍ക്കുതാഴെ യാക്കോബിന്റെ സംഘത്തെ ലാബാനും കൂട്ടരും കണ്ടു.

അന്നുരാത്രി ഒരുസ്വപ്നത്തില്‍  കര്‍ത്താവു ലാബാനോടു പറഞ്ഞു: "എന്റെ ദാസനായ യാക്കോബിനോടു കയര്‍ത്തു സംസാരിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. അബ്രഹത്തിന്റെയും ഇസഹക്കിന്റെയും യാക്കോബിന്റെയും ദൈവമായ കര്‍ത്താവാണു ഞാന്‍ "

പിറ്റേന്നു പുലര്‍ച്ചെ, ലാബാനും കൂട്ടരും യാക്കോബിന്റെ സമീപമെത്തി.

ലാബാന്‍ ചോദിച്ചു: നീയെന്തിന് ഒളിച്ചോടി? എന്റെ മക്കളേയും പേരക്കുട്ടികളെയും യുദ്ധത്തടവുകാരെപ്പോലെ കടത്തുന്നതെന്തിനു്? എന്റെ പുത്രിമാരെയും കുഞ്ഞുങ്ങളെയും ചുംബിച്ചു സന്തോഷത്തോടെ യാത്രയാക്കാന്‍ എനിക്കവസരം തരാതിരുന്നതു ശരിയാണോ? വേണമെങ്കില്‍ ഇപ്പോള്‍ നിന്നെ ഉപദ്രവിക്കാന്‍ എനിക്കും എന്റെ ആളുകള്‍ക്കും സാധിക്കും. എന്നാല്‍ നിന്നെ ഉപദ്രവിക്കരുതെന്ന് നിന്റെ ദൈവമായ കര്‍ത്താവു് ഒരു സ്വപ്നദര്‍ശനത്തില്‍ എന്നോടു നിര്‍ദ്ദേശിച്ചിരുന്നു."

"അങ്ങയുടെ പുത്രിമാരെ അങ്ങു ബലംപ്രയോഗിച്ച് എന്നില്‍നിന്നു പിടിച്ചെടുക്കുമോ എന്നു ഞാന്‍ ഭയന്നു. അതിനാലാണ്, അങ്ങയുടെ അനുവാദമില്ലാതെ യാത്രതിരിച്ചതു്."

"എങ്കില്‍ നീയെന്തിന് എന്റെ കുലദൈവങ്ങളെ കട്ടെടുത്തു?"

റാഹേല്‍ ദേവന്മാരെ മോഷ്ടിച്ച കാര്യം യാക്കോബ് അറിഞ്ഞിരുന്നില്ല. അവന്‍ പറഞ്ഞു: "ഇല്ല, എന്റെതല്ലാത്തതൊന്നും ഞാനെടുത്തിട്ടില്ല. അങ്ങയുടെ ദേവന്മാര്‍ ആരുടെയെങ്കിലും പക്കല്‍ കണ്ടാല്‍ അങ്ങേയ്ക്കിഷ്ടമുള്ളതുപോലെ അയാളോടു ചെയ്തുകൊള്ളുക."

ലാബാന്‍ യാക്കോബിന്റെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു.
 
റാഹേല്‍ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടകഭാണ്ഡത്തിലൊളിപ്പിച്ച് അതിന്മേല്‍ കയറിരുന്നു. ലാബാനും കൂട്ടരും കൂടാരത്തിലെല്ലാം തെരഞ്ഞിട്ടും ഒന്നും കണ്ടെത്താനായില്ല. റാഹേല്‍ പിതാവിനോടു പറഞ്ഞു: അങ്ങയുടെ മുമ്പില്‍ എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്തതില്‍ അങ്ങു കോപിക്കരുതേ! എനിക്കിപ്പോള്‍ മാസമുറയാണ്.

വിഗ്രഹങ്ങള്‍ കണ്ടെടുക്കാനായില്ലെന്നറിഞ്ഞപ്പോള്‍ രോഷാകുലനായ യാക്കോബ് ലാബാനോടു കയര്‍ത്തു: "എന്റെ പേരിലുള്ള കുറ്റമെന്താണു്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാന്‍ എന്തുതെറ്റാണു ഞാന്‍ ചെയ്തത്?"

ലാബാന്‍ യാക്കോബിനോടു പറഞ്ഞു: നീ കോപിക്കേണ്ട. നിന്റെ ഭാര്യമാര്‍ എന്റെ പുത്രിമാരാണ്, ഈ കുട്ടികള്‍ എന്റെ കുട്ടികളും. എന്റെ ഈപെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ കുട്ടികള്‍ക്കുംവേണ്ടി എന്താണ് എനിക്കിന്നു ചെയ്യാന്‍ കഴിയുക!"

അന്നുരാത്രി ലാബാന്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും മരുമകനുമൊപ്പം അത്താഴം കഴിച്ചു. പിറ്റേന്നു രാവിലെ തന്റെ മക്കളേയും പേരക്കുട്ടികളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം അവന്‍ തന്റെ വീട്ടിലേക്കു മടങ്ങി.

യാക്കോബും കുടുംബവും കാനാന്‍ദേശത്തേക്കു യാത്രതുടര്‍ന്നു.- യാക്കോബിന്റെ കഥ അവസാനിക്കുന്നില്ല.-

Monday, 8 May 2017

യാക്കോബിന്റെ സന്തതികള്‍

യാക്കോബ് പുലര്‍ച്ചെതന്നെ, പിതൃഭവനത്തില്‍നിന്നു മാതാവിന്റെ നാട്ടിലേക്കു യാത്രയായി. സൂര്യസ്തമയമായപ്പോള്‍ വഴിയിലൊരിടത്തു വിശ്രമിക്കാനായി സ്ഥലംകണ്ടെത്തി. ഒരു സിക്കമൂര്‍ വൃക്ഷച്ചുവട്ടില്‍ വലിയൊരു കല്ലു തലയിണയാക്കി അവന്‍ കിടന്നു. യാത്രാക്ഷീണത്താല്‍ യാക്കോബു പെട്ടെന്നുറങ്ങിപ്പോയി. നിദ്രയില്‍ അവനൊരു സ്വപ്നദര്‍ശനമുണ്ടായി.

ഭൂമിയില്‍ ചുവടുറപ്പിച്ച ഒരു ഗോവണി. അതു മുകളിലേക്കു മുകളിലേക്കുയര്‍ന്ന്, അതിന്റെ മറ്റേയറ്റം, ആകാശത്തിനുമപ്പുറം സ്വര്‍ഗ്ഗത്തിലേക്കു നീണ്ടിരിക്കുന്നൂ, ... മാലാഖമാര്‍ അതിലൂടെ കയറുകയുമിറങ്ങുകയും ചെയ്യുന്നു. ആ ഗോവണിയുടെ മുകളറ്റത്തു കര്‍ത്താവു വന്നു.

"നിന്റെ പിതാവായ അബ്രാഹമിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവാണു ഞാന്‍. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ നല്കും. നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ ലോകമെങ്ങും വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും. ഇതാ ഞാന്‍ നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുപാലിക്കും. നിന്നോടുപറഞ്ഞതെല്ലാം നിറവേറുന്നതുവരെ ഞാന്‍ നിന്നെ കൈവെടിയില്ല, നിന്നെ ഈ നാട്ടിലേക്കു ഞാന്‍ തിരികെക്കൊണ്ടുവരും."

യാക്കോബ് ഞെട്ടിയുണര്‍ന്നു. ചുറ്റും കൂരിരുട്ടുമാത്രം. രാപ്പാടികളുടെയും ചീവീടുകളുടെയും ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. അവന്‍ ഭയന്നു.

"എത്ര ഭയാനകമാണീ സ്ഥലം. തീര്‍ച്ചയായും കര്‍ത്താവ് ഇവിടെയുണ്ട്. ഞാനതറിഞ്ഞില്ലെന്നുമാത്രം. ചിലപ്പോള്‍ ഇതുസ്വര്‍ഗ്ഗത്തിലേക്കുള്ള കവാടമാകും.." യാക്കോബ് ആത്മഗതം ചെയ്തു. ഭയത്തോടെ അവന്‍ ആ കല്ലില്‍ ചാരിയിരുന്നു. അവനറിയാതെ, ഉറക്കം വീണ്ടുമവന്റെ കണ്‍പോളകളെ തഴുകിയടച്ചു.

അതിരാവിലെയുണര്‍ന്ന്‍, ആ കല്ല്‌, അവനവിടെ കുത്തിനിറുത്തി. കല്ലിന്മേല്‍ എണ്ണയൊഴിച്ചു. ആ കല്ലില്‍ കൈതൊട്ട് അവന്‍ പ്രാര്‍ത്ഥിച്ചു. " ദൈവമായ കര്‍ത്താവേ, അങ്ങ് എന്റെ കൂടെയുണ്ടായിരിക്കുകയും എന്നെ കാത്തുപരിപാലിക്കുകയും സമാധാനത്തോടെ എന്നെയെന്റെ പിതൃഭവനത്തിലേക്കു തിരികെയെത്തിക്കുകയുംചെയ്‌താല്‍, കര്‍ത്താവു മാത്രമായിരിക്കും എന്നുമെന്റെ ദൈവം. അങ്ങെനിക്കുനല്കുന്ന സമ്പത്തിന്റെയെല്ലാം ദശാംശം അവിടുത്തേക്കു ഞാന്‍ സമര്‍പ്പിക്കും."

അവന്‍ ആ സ്ഥലത്തിനു ബഥേല്‍ എന്നു പേരിട്ടു.

യാക്കോബ് യാത്രതുടര്‍ന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം അവന്‍ തന്റെ അമ്മയായ റബേക്കയുടെ നാട്ടിലെത്തി. വലിയൊരു കല്ലുകൊണ്ടുമൂടിയ ഒരു കിണറിനുസമീപം മൂന്നുപറ്റം ആട്ടിന്‍കൂട്ടങ്ങളെയും അവയുടെ ഇടയന്മാരെയും അവന്‍ കണ്ടു.

യാക്കോബ് ഇടയന്മാരോടു ചോദിച്ചു: "സഹോദരന്മാരെ, ഹാരാനിലുള്ള ബത്തുവേലിന്റെ മകന്‍ ലാബാനെ നിങ്ങള്‍ അറിയുമോ?"

ഇടയന്മാര്‍ സൗഹൃദപൂര്‍വ്വം ചിരിച്ചു. "ഞങ്ങളും ഹാരാന്‍ നിവാസികളാണ്. ലാബാനെയും ബത്തുവേലിനെയും ബത്തുവേലിന്റെ പിതാവു നാഹോറിനെയും ഞങ്ങള്‍ക്കറിയാം. ലാബാന്റെ ആടുകളുമായി അയാളുടെ മകള്‍ റാഹേല്‍ വൈകാതെ ഇവിടെയെത്തും."

അതു യാക്കോബിനു ശുഭകരമായ വാര്‍ത്തയായിരുന്നു. അവന്റെ ഹൃദയം സന്തോഷത്താല്‍ തുടിച്ചു.

"പകല്‍തീരാന്‍ ഇനിയുമൊരുപാടു നേരമുണ്ടു്. ആടുകളെ ആലയിലാക്കാന്‍ സമയമായില്ലല്ലോ. ആടുകള്‍ക്കു വെള്ളംകൊടുത്ത്, നിങ്ങള്‍ അവയെ മേച്ചില്‍പ്പുറങ്ങളിലേക്കു കൊണ്ടുപോയിക്കൊള്ളൂ. റാഹേല്‍ വരുന്നതുവരെ ഞാനിവിടെ കാത്തിരിക്കാം."

"അങ്ങനെയല്ല," ഇടയന്മാര്‍ പറഞ്ഞു. "ആട്ടിന്‍പറ്റങ്ങള്‍ എല്ലാം വന്നെത്തിയത്തിനുശേഷംമാത്രമേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കാറുള്ളൂ. എല്ലാവരുമെത്തുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കാം."

യാക്കോബ് ഇടയന്മാരുമായി സംസാരിച്ചുകൊണ്ടിരിക്കേ, റാഹേല്‍ ആടുകളുമായെത്തി. ആരെയുമാകര്‍ഷിക്കുന്ന ആ സൗന്ദര്യധാമത്തെ യാക്കോബ് കണ്ണിമചിമ്മാതെ നോക്കിനിന്നു. ആദ്യദര്‍ശനത്തില്‍ത്തന്നെ അവന്റെ ഹൃദയത്തിന്റെ ഏതോഉറവയില്‍നിന്നും പ്രണയത്തിന്റെയൊരു പുത്തനരുവിയൊഴുകിത്തുടങ്ങി.

"എന്റെ പ്രിയേ, നീ സുന്ദരിയാണ്; നീ അതീവസുന്ദരിതന്നെ! നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്. മലഞ്ചരിവുകളിലേക്കിറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണു നിന്റെ കേശഭാരം. രോമംകത്രിച്ചു കുളികഴിഞ്ഞുവരുന്ന ചെമ്മരിയാട്ടിന്‍പറ്റംപോലെ വെണ്മയുള്ളതാണു നിന്റെ ദന്തനിര... അതൊന്നൊഴിയാതെ നിരയൊത്തിരിക്കുന്നു... നിന്റെ അധരം ചെന്നൂലുപോലെ സുന്ദരം... നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതിപോലെ... എന്റെയോമനേ, നീ സര്‍വ്വാംഗസുന്ദരിയാണ്. എന്റെ മണവാട്ടീ, നീയെത്ര അവികലയാണ്! നീ എന്റെകൂടെ വരിക ..."

യാക്കോബിന്റെ ഹൃദയത്തില്‍‌ ഒരു പ്രണയഗീതമുണര്‍ന്നു.

റാഹേല്‍ കിണറിനടുത്തെത്തിയപ്പോള്‍ യാക്കോബ് ഓടിച്ചെന്നു കിണര്‍മൂടിയിരുന്ന കല്ലുരുട്ടിമാറ്റി. റാഹേലിന്റെ ആടുകള്‍ക്കു വെള്ളം കൊടുത്തു.. 

ആടുകള്‍ വെള്ളംകുടിച്ചുതീരുംവരെ തേജസ്സുറ്റ മുഖമുള്ള ആ ചെറുപ്പക്കാരനെ റാഹേല്‍ കൗതുകത്തോടെ നോക്കിനിന്നു. ആ യുവകോമളന്‍ തന്റെ മുറച്ചെറുക്കനാണെന്ന് അപ്പോള്‍ അവള്‍ അറിഞ്ഞിരുന്നില്ല. എങ്കിലും അവന്റെ മുഖദര്‍ശനം നവ്യമായ എന്തോ ഒരനുഭൂതി തന്റെ ഹൃദയത്തില്‍ നിറയ്ക്കുന്നതവളറിഞ്ഞു.

പെട്ടെന്നു യാക്കോബ് റാഹേലിന്റെയടുത്തേക്കു വന്നു. അവളുടെ കൈകള്‍ തന്റെ കൈകളിലെടുത്തു ചുംബിച്ചു. അവളുടെ പിതാവിന്റെ സഹോദരിയുടെപുത്രനായ യാക്കോബാണു താനെന്ന് അവന്‍ അവളോടു പറഞ്ഞു.

റാഹേലിന്റെ കണ്ണുകള്‍ വിടര്‍ന്നു. അവളുടെയുള്ളില്‍ പുതിയൊരു ലജ്ജയുണര്‍ന്നു. യാക്കോബിന്റെ കൈകള്‍ വിടുവിച്ച്, അവള്‍ തന്റെ വീട്ടിലേക്കോടി. 

യാക്കോബിനെക്കണ്ട വിവരം അവള്‍ പിതാവിനോടു പറഞ്ഞു. റബേക്കയുടെ മകന്‍ വന്നിരിക്കുന്നുവെന്ന വാര്‍ത്ത ലാബാനെ വളരെയേറെ സന്തോഷിപ്പിച്ചു. അയാള്‍ കിണറിന്‍കരയിലേക്കോടി. ലാബാന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. റബേക്കയുടെയും ഇസഹാക്കിന്റെയും എസാവിന്റെയും വിശേഷങ്ങള്‍ ലാബാന്‍ ചോദിച്ചറിഞ്ഞു.

ലാബാനു രണ്ടു പെണ്മക്കളാണുണ്ടായിരുന്നത്. ഇളയവളായിരുന്നു റാഹേല്‍. മൂത്തവള്‍ ലെയാ. അവളുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. അവള്‍ക്കു സഹോദരിയോളം അഴകുണ്ടായിരുന്നില്ല. റാഹേലാകട്ടെ വടിവൊത്തൊരു സുന്ദരി! 

യാക്കോബും റാഹേലും അനുരാഗബദ്ധരായി. അവര്‍ ഒരുമിച്ച് ആടുകളെ മേയ്ക്കാന്‍പോയി. യാക്കോബ് ഒരുമാസത്തോളം ലാബാന്റെ വീട്ടില്‍ താമസിച്ചു. 

ഒരുദിവസം ലാബാന്‍ യാക്കോബിനോടു പറഞ്ഞു. "വന്നനാള്‍മുതല്‍ നീ എനിക്കായി ജോലിചെയ്യുന്നു. എന്റെ ആടുകളെ മേയിക്കുകയും കാലികളെ പരിപാലിക്കുകയും ചെയ്യുന്നു. രക്തബന്ധത്തിന്റെപേരില്‍ എന്തിനു കൂലിയില്ലാതെ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയൂ. ഞാനതു തരാം."

ഇതു നല്ലൊരവസരമായി യാക്കോബ് കണ്ടു. അവന്‍ പറഞ്ഞു: "അങ്ങയുടെ പുത്രിയായ റാഹേലിനെ ഞാന്‍ അത്യധികം സ്നേഹിക്കുന്നു. അവള്‍ക്കെന്നെയും ഇഷ്ടമാണ്. അവളെ എനിക്കു വിവാഹം ചെയ്തുതരണം. അതിനുവേണ്ടി ഏഴുകൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം."

"അവള്‍ നിനക്കര്‍ഹതപ്പെട്ടവള്‍തന്നെ! അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിലും നല്ലതു നിനക്കു വിവാഹം ചെയ്തുതരുന്നതു തന്നെയാണ്. നീ എന്റെകൂടെ താമസിച്ചു ജോലിചെയ്തുകൊള്ളുക."

യാക്കോബ് ഏഴുവര്‍ഷം ലാബാനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുള്ള സ്നേഹംനിമിത്തം ഏഴുവര്‍ഷങ്ങള്‍ കടന്നുപോയത് അവനറിഞ്ഞതേയില്ല.യാക്കോബ് അമ്മാവനോടു പറഞ്ഞു: "പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെത്തരിക."

കഠിനാദ്ധ്വാനിയായ യാക്കോബിന്റെ കൈകളില്‍ തന്റെ മകള്‍ സുരക്ഷിതയായിരിക്കുമെന്നു ലാബാനുറപ്പുണ്ടായിരുന്നു. അയാള്‍ നാട്ടിലെല്ലാവരെയും വിളിച്ചു വിവാഹവിരുന്നു നടത്തി. എന്നാല്‍ രാത്രിയായപ്പോള്‍ മൂത്തമകളായ ലെയയെയാണു യാക്കോബിന്റെ കൂടാരത്തിലേക്കു വിട്ടത്. ലെയയുടെ പരിചാരികയായി സില്‍ഫയെന്ന അടിമപ്പെണ്ണിനെയും നല്കി.

നേരംപുലര്‍ന്നപ്പോള്‍മാത്രമാണു തനിക്കുപറ്റിയ ചതി യാക്കോബ് തിരിച്ചറിഞ്ഞത്. ലെയയാണു തന്റെ ഭാര്യയായാതെന്നറിഞ്ഞപ്പോള്‍ അവന്‍ കോപത്തോടെ അമ്മാവന്റെയടുത്തു ചെന്നു.

"അങ്ങെന്തിന് എന്നോടീ ചതിചെയ്തു? റാഹേലിനെ വിവാഹം കഴിക്കാന്‍വേണ്ടിയല്ലേ ഏഴുവര്‍ഷങ്ങള്‍ ഞാന്‍ ജോലിചെയ്തത്? എന്നിട്ടിപ്പോള്‍ ..."

ലാബാന്‍ ചിരിച്ചു. "മൂത്തവള്‍ നില്ക്കുമ്പോള്‍ ഇളയവളെ വിവാഹംകഴിപ്പിക്കുന്ന പതിവ് ഈ നാട്ടിലില്ല. നിങ്ങളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. ഒരാഴ്ചത്തെ വിവാഹാഘോഷങ്ങള്‍ കഴിഞ്ഞാലുടന്‍ റാഹേലിനെയും നിനക്കു വിവാഹംചെയ്തുതരാം. പക്ഷേ ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കായി പണിയെടുക്കണം."

യാക്കോബ് ജ്യേഷ്ഠനായ എസാവിനെയോര്‍ത്തു. എസാവിനോടു ചെയ്ത ചതികള്‍ തനിക്കുനേരെ തിരികെവരുന്നതായി യാക്കോബിനു തോന്നി. മറ്റുനിര്‍വ്വാഹമൊന്നുമില്ലാതിരുന്നതിനാല്‍ അയാള്‍ അമ്മാവന്റെ തീരുമാനം അംഗീകരിച്ചു.

ഒരാഴ്ചയ്ക്കുശേഷം ലാബാന്‍ റാഹേലിനെയും യാക്കോബിനു ഭാര്യയായി നല്കി. റാഹേലിന്റെ പരിചാരികയായി നല്കിയ അടിമപ്പെണ്ണിന്റെ പേരു ബില്‍ഹാ എന്നായിരുന്നു.

ഏഴുവര്‍ഷംകൂടി യാക്കോബ് അമ്മാവനുവേണ്ടി പണിയെടുത്തു. റാഹേലും ലെയയും യാക്കോബിനെ അതിയായി സ്നേഹിച്ചു. അവനെ പരിചരിക്കുന്നതില്‍ അവര്‍ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. യാക്കോബാകട്ടെ ലെയയെക്കാളേറെ റാഹേലിനെയാണു സ്നേഹിച്ചതു്. അതു ലെയയെ വളരെയധികം വേദനിപ്പിച്ചു. അവള്‍ തന്റെ ഭര്‍ത്താവിന്റെ ദൈവമായ കര്‍ത്താവിനെവിളിച്ചു പ്രാര്‍ത്ഥിച്ചു.

ലെയ അവഗണിക്കപ്പെടുന്നതു കര്‍ത്താവു കാണാതിരുന്നില്ല. അവിടുന്ന് അവളുടെ പ്രാര്‍ത്ഥനകേട്ടു. ഉദരഫലംനല്കി അവളെയനുഗ്രഹിച്ചു. റാഹേലിന്റെ ഉദരം അവിടുന്നു വന്ധ്യമാക്കി.

ലെയ തന്റെ കടിഞ്ഞൂല്‍പുത്രനു റൂബന്‍ എന്നു പേരിട്ടു. "എന്റെ കഷ്ടപ്പാടു കര്‍ത്താവു കണ്ടിരിക്കുന്നു. എന്റെ ഭര്‍ത്താവിനു ഞാന്‍ ഒരു പുത്രനെ നല്കി. ഇനിയവന്‍ എന്നെ സ്നേഹിക്കും." അവള്‍ ആത്മഗതംചെയ്തു. 

ലെയ വീണ്ടും ഗര്‍ഭിണിയായി. അവള്‍ വീണ്ടും ഒരാണ്‍കുട്ടിക്കു ജന്മംനല്കി. അവനു ശിമയോന്‍ എന്നു പേരിട്ടു. തുടര്‍ച്ചയായ നാലുവര്‍ഷങ്ങളിലായി ലെയയ്ക്കു നാലുപുത്രന്മാര്‍ ജനിച്ചു. മൂന്നാമനെ ലേവിയെന്നും നാലാമനെ യൂദായെന്നും അവള്‍ പേരുവിളിച്ചു.

റാഹേലിനു സഹോദരിയോട്‌ അസൂയതോന്നി. അവള്‍ യാക്കോബിന്റെയടുത്തുചെന്നു പറഞ്ഞു: "എനിക്കും മക്കളെ തരൂ; ഇല്ലെങ്കില്‍ ഞാന്‍ മരിക്കും."

യാക്കോബിനു ദേഷ്യംവന്നു. അയാളവളോടു കയര്‍ത്തു."ഞാന്‍ കര്‍ത്താവിന്റെ സ്ഥാനത്താണോ? കര്‍ത്താവല്ലേ നിനക്കു കുഞ്ഞുങ്ങളെ തരാത്തത്?"

"എന്നാല്‍ എന്റെ ദാസിയിലൂടെ എനിക്കു സന്താനഭാഗ്യം തരിക. അവള്‍ പ്രസവിക്കുന്ന കുഞ്ഞിനെ ഞാന്‍ വളര്‍ത്തും" തന്റെ പരിചാരികയായ ബില്‍ഹയെ റാഹേല്‍ യാക്കോബിനു നല്കി. ബില്‍ഹ ഗര്‍ഭംധരിച്ചു. യാക്കോബിന് അവളില്‍ ഒരു പുത്രന്‍ ജനിച്ചു.

റാഹേല്‍ അത്യധികം സന്തോഷിച്ചു. അവള്‍ കര്‍ത്താവിനു നന്ദിപറഞ്ഞു. "ദൈവം എനിക്കനുകൂലമായി വിധിച്ചിരിക്കുന്നു. എന്റെ പ്രാര്‍ത്ഥനകേട്ട് എനിക്കൊരു പുത്രനെ തന്നിരിക്കുന്നു."

അവര്‍ അവനു ദാന്‍ എന്നു പേരുനല്കി. ബില്‍ഹ വീണ്ടും ഗര്‍ഭംധരിച്ചു. അവള്‍ പ്രസവിച്ച രണ്ടാമത്തെ പുത്രനു നഫ്താലി എന്നാണു പേരിട്ടത്.

യൂദായ്ക്കുശേഷം തനിക്കു മക്കള്‍ ജനിക്കാതിരുന്നതിനാലും റാഹേലിന്റെ ദാസിയിലൂടെ യാക്കോബിനു രണ്ടു മക്കള്‍കൂടി ജനിച്ചതിനാലും ലെയ അസ്വസ്ഥയായി. അവള്‍ തന്റെ ദാസിയായ സില്‍ഫയെ ഭര്‍ത്താവിനു സമര്‍പ്പിച്ചു. സില്‍ഫ ഗര്‍ഭംധരിച്ചു പ്രസവിച്ച പുത്രനു ഗാദ് എന്നു ലയ പേരുവിളിച്ചു. സില്‍ഫ വീണ്ടും ഗര്‍ഭിണിയാവുകയും ആഷേര്‍ എന്നൊരു പുത്രനെക്കൂടി യാക്കോബിനു സമ്മാനിക്കുകയും ചെയ്തു.

റൂബന്‍ വളര്‍ന്നു. അവന് എട്ടുവയസ്സുള്ളപ്പോള്‍ ഒരു കൊയ്ത്തുകാലത്ത് അവന്‍ ഗോതമ്പു വയലിലേക്കു പോയി. വയലിനടുത്തുകണ്ട ദൂദായിപ്പഴങ്ങള്‍ അവന്‍ പറിച്ചെടുത്തു. അവന്‍ അവയില്‍ കുറെയെണ്ണം തന്റെ അമ്മയ്ക്കു കൊടുത്തു. ലേയയുടെ കൈയ്യില്‍ ദൂദായിപ്പഴങ്ങള്‍ കണ്ടപ്പോള്‍ റാഹേലിനു കൊതിതോന്നി. 

"നിന്റെ മകന്‍ കൊണ്ടുവന്ന ദൂദായിപ്പഴങ്ങളില്‍നിന്നു കുറച്ചെനിക്കും തരൂ." റാഹേല്‍ ലയയോടു ചോദിച്ചു.

"എന്റെ ഭര്‍ത്താവിനെ കൈയടക്കിവച്ചിരിക്കുന്ന നിനക്ക്, എന്റെ മകന്‍ കൊണ്ടുവന്ന ദൂദായിപ്പഴങ്ങളും വേണോ?  ലെയ സഹോദരിയോടു കയര്‍ത്തു. 

"നീ ദേഷ്യപ്പെടേണ്ട, നീയെനിക്കുതരുന്ന ദൂദായിപ്പഴങ്ങള്‍ക്കുപകരമായി, ഇന്നുരാത്രി നമ്മുടെ ഭര്‍ത്താവു നിന്നോടൊപ്പം കഴിഞ്ഞു കൊള്ളട്ടെ."

അന്നു വൈകുന്നേരം യാക്കോബു വയലില്‍നിന്നു വന്നപ്പോള്‍ ലെയ പറഞ്ഞു; "ഇന്നു രാത്രി അങ്ങെന്റെ കൂടാരത്തില്‍ കഴിയണം. ഇന്നുരാത്രി അങ്ങയെ എന്നോടൊപ്പം ലഭിക്കാനായി റൂബന്‍ എനിക്കു സമ്മാനിച്ച ദൂദായിപ്പഴങ്ങള്‍ റാഹേലിനു ഞാന്‍ നല്കി.

അവന്‍ ആ രാത്രിയില്‍ ലെയയുടെ കൂടാരത്തിലുറങ്ങി. ലെയ ഗര്‍ഭംധരിച്ചു് ഇസാക്കര്‍ എന്നൊരു പുത്രനെ യാക്കോബിനു നല്കി. ഇസാക്കാറിന്റെ ജനനശേഷം സെബലൂണ്‍ എന്നൊരു പുത്രനെയും ദീന എന്നൊരു പുത്രിയേയും ലെയ പ്രസവിച്ചു.

തന്റെ വന്ധ്യത മാറാനായി റാഹേല്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. കര്‍ത്താവു റാഹേലിനെ അനുസ്മരിക്കുകയും അവളുടെ വന്ധ്യത അവസാനിപ്പിക്കുകയും ചെയ്തു.  അവള്‍ ഒരു പുത്രനെ പ്രസവിച്ചു. "കര്‍ത്താവ് എന്റെ അപമാനം നീക്കി കളഞ്ഞിരിക്കുന്നു." അവള്‍ അത്യധികം ആഹ്ലാദത്തോടെ മകനു ജോസഫ് എന്നുപേരിട്ടു. 

റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ദാന്‍, നഫ്താലി, ഗാദ്, ആഷേര്‍, ഇസാക്കര്‍, സെബലൂണ്‍, ജോസഫ് എന്നിങ്ങനെ പതിനൊന്നു പുത്രന്മാരും ദീന എന്ന പുത്രിയും യാക്കോബിനു ജനിച്ചു. 

ഏഴുവര്‍ഷംകൂടെ ജോലിചെയ്യണമെന്ന ഉപാധിയോടെയാണു ലാബാന്‍ തന്റെ പെണ്മക്കളെ യാക്കോബിനു വിവാഹംചെയ്തുകൊടുത്തത്. എന്നാല്‍ പന്ത്രണ്ടുമക്കളുടെ പിതാവായതിനുശേഷവും യാക്കോബിന് അമ്മാവനുവേണ്ടി ജോലിചെയ്യേണ്ടിവന്നു.

യാക്കോബിന്റെ കഥ തുടരും ...