Sunday 19 January 2020

98. ശത്രു

ബൈബിൾക്കഥകൾ 98


സാവൂളും സംഘവും കൊട്ടാരത്തിൽ മടങ്ങിയെത്തി. ദാവീദിന് കൊട്ടാരത്തിൽത്തന്നെ താമസിക്കാനനുവാദമുണ്ടായിരുന്നു. സാവൂളിനും ജോനാഥനുമൊപ്പം രാജകീയമേശയിൽത്തന്നെ അവനു ഭക്ഷണംലഭിച്ചു.

ദാവീദിന് ആയുധപരിശീലനംനേടാനുള്ള സൗകര്യങ്ങളെല്ലാം ജോനാഥൻ ചെയ്തുകൊടുത്തു. കർത്താവിന്റെയാത്മാവു ദാവീദിനോടൊപ്പമുണ്ടായിരുന്നതിനാൽ, വാളും കുന്തവും അമ്പും വില്ലുമുപയോഗിച്ചുള്ള യുദ്ധമുറകളിലെല്ലാം അവൻ പെട്ടെന്നു നിപുണനായി

ജോനാഥൻ ദാവീദിനുചെയ്യുന്ന സഹായങ്ങളെക്കുറിച്ചെല്ലാം സാവൂളറിഞ്ഞിരുന്നു. സാവൂൾ അതൊന്നും തടഞ്ഞില്ല. എങ്കിലും ദാവീദിനെയവൻ സംശയദൃഷ്‌ടിയോടെതന്നെ വീക്ഷിച്ചുതുടങ്ങിയിരുന്നു. 

ഒരു പ്രഭാതത്തിൽ, സാവൂൾ കൊട്ടാരത്തിലായിരിക്കുമ്പോൾ ദുരാത്മാവ്‌ അവനില്‍ പ്രവേശിച്ചു. അവനൊരു ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ട്, കൊട്ടാരത്തിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടുമുലാത്തി.  

രാജാവിന്റെ ' ഹൃദയത്തിനാശ്വാസംനല്കാനായി ദാവീദ്, പതിവുപോലെ തന്റെ കിന്നരം മീട്ടിത്തുടങ്ങി. ഒരു കുളിർകാറ്റായി, ആ വീണാനാദം കൊട്ടാരത്തിലെങ്ങുമൊഴുകി. 

മുമ്പല്ലാം ദാവീദിന്റെ കിന്നരത്തിൽനിന്നൊഴുകുന്ന സംഗീതമാധുരി സാവൂളിന്റെ മനസ്സിനെ സ്വച്ഛശാന്തമാക്കിയിരുന്നു. 

എന്നാലിപ്പോൾ...

ദാവീദിന്റെകിന്നരത്തിൽനിന്നുതിരുന്ന സാന്ദ്രസംഗീതത്തേയുംമായ്ച്ച്, സാവൂളിന്റെ തലച്ചോറിനുള്ളിൽ പ്രകമ്പനംകൊണ്ടതു മറ്റൊരു ശബ്ദമാണ്... 

ഗോലിയാത്തിനെത്തകർത്ത ദാവീദിനായി, ഇസ്രായേൽജനത നൃത്തച്ചുവടുകളോടെയുയർത്തിയ വാഴ്ത്തുപാട്ടിന്റെ ശബ്ദം... 

''സാവുൾ ആയിരങ്ങളെക്കൊന്നു... ദാവീദ് പതിനായിരങ്ങളേയും..."

''സാവുൾ ആയിരങ്ങളെക്കൊന്നു... ദാവീദ് പതിനായിരങ്ങളേയും..."

''സാവുൾ ആയിരങ്ങളെക്കൊന്നു... ദാവീദ് പതിനായിരങ്ങളേയും..."

കൊട്ടാരത്തിന്റെ ചുമരോടുചേർന്നുനിന്നു കിന്നരംവായിക്കുന്ന ദാവീദിനെക്കണ്ടപ്പോൾ സാവൂളിന്റെ ശരീരത്തിലേക്കു കോപമിരച്ചുകയറി. അയാൾ ചുറ്റുംനോക്കി. കൈയെത്തുംദൂരത്ത്, ചുമരിൽത്തൂക്കിയിരുന്നൊരു കുന്തം വലിച്ചെടുത്ത്, ദാവീദിന്റെ നെഞ്ചിനെ ലക്ഷ്യമാക്കി, സാവൂൾ ആഞ്ഞെറിഞ്ഞു. 

ദാവീദിന്റെ ആറാമിന്ദ്രിയം പ്രവർത്തിച്ചു. പെട്ടെന്നുതന്നെ അവനൊഴിഞ്ഞുമാറി. അല്ലായിരുന്നെങ്കിൽ സാവൂളെറിഞ്ഞ കുന്തം, അവനെ ചുമരോടു ചേർത്തു തറയ്ക്കുമായിരുന്നു. ദാവീദ് നിന്നിരുന്നിടത്തിനുനേരേതന്നെ, കുന്തം ചുമരിൽത്തറഞ്ഞുനിന്നു വിറച്ചു.

അടുത്തനിമിഷത്തിൽ മറ്റൊരു കുന്തംകൂടെ ദാവീദിനുനേരെ പാഞ്ഞുവന്നു. രണ്ടാംപ്രാവശ്യവും അവനൊഴിഞ്ഞുമാറി. പിന്നെയവൻ അവിടെ നിന്നില്ല. ഇനിയുമൊരാക്രമണത്തിനിടകൊടുക്കാതെ അവനവിടെനിന്നോടി രക്ഷപ്പെട്ടു.

അന്നു സാവുൾ ശാന്തനാകാൻ പതിവിലുമേറെ സമയമെടുത്തു. മനസ്സു ശാന്തമായപ്പോൾ തന്റെ പ്രവൃത്തിയെക്കുറിച്ചു സാവൂൾ ഖേദിച്ചു. അയാൾ ദാവീദിനെ തന്റെയടുത്തേക്കു വിളിപ്പിച്ചു.

രാജാവിനുമുമ്പിലെത്തിയ ദാവീദ്, ആചാരപൂർവ്വം വലതു കാൽമുട്ടുമടക്കി, ശരീരം അല്പമൊന്നു മുമ്പോട്ടുവളച്ച്, വലതുകൈ നെഞ്ചിൽച്ചേർത്ത്, അവനെ വണങ്ങി. സാവൂൾ, ദാവീദിന്റെ തോളുകളിൽപ്പിടിച്ച് അവനെയുയർത്തി, തന്റെ നെഞ്ചോടുചേർത്തു. രാജാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

"ദാവീദേ, എന്റെ മകനേ!" സാവൂൾ വാത്സല്യത്തോടെ ദാവീദിനെത്തലോടി. രാജാവിന്റെ നെഞ്ചിൽ മുഖംചേർത്ത്, ദാവീദും കരഞ്ഞു. സാവൂൾ അവന്റെ മൂർദ്ധാവിൽ ചുംബിച്ചു.

അപ്പോളും എന്തിനെന്നറിയാത്തൊരു ഭയം സാവൂളിന്റെ ഹൃദയത്തിൽ നിറഞ്ഞിരുന്നു. തന്റെ പുത്രനായ ജോനാഥനോടെന്നവണ്ണം അതിയായ വാത്സല്യം ദാവീദിനോടു തോന്നിയിരുന്നെങ്കിലും ദാവീദിനെയവൻ വല്ലാതെ ഭയപ്പെട്ടു. അവൻ കൊട്ടാരത്തിൽ തന്റെയൊപ്പമായിരിക്കുന്നതപകടമാണെന്നുപോലും സാവൂളിനുതോന്നി. 

അവനെ തന്റെയടുക്കല്‍നിന്നകറ്റാൻ സാവൂൾ തീരുമാനിച്ചു. സൈന്യത്തിലെ *സഹസ്രാധിപന്മാരിലൊരാളായി അവൻ ദാവീദിനെ നിയമിച്ചു.  

കര്‍ത്താവു കൂടെയുണ്ടായിരുന്നതിനാല്‍, സാവൂളേല്പിച്ച ഉദ്യമങ്ങളിലെല്ലാം ദാവീദ്‌ വിജയംവരിച്ചു.
അതു സാവൂളിനെ കൂടുതല്‍ ചകിതനാക്കുകയാണു ചെയ്തത്. അസൂയയും ഭയവും വാത്സല്യവുമിടകലർന്ന, എന്തെന്നവനുതന്നെ നിർവ്വചിക്കാനാവത്ത, എന്തോ ഒരു മനോഭാവമായിരുന്നൂ, സാവൂളിനു ദാവീദിനോടുണ്ടായിരുന്നത്.

ഇസ്രായേൽക്കാർ ദാവീദിനെ അവരുടെ നെഞ്ചേറ്റി സ്‌നേഹിച്ചു; അവരുടെ കണ്ണിലവന്‍ സമര്‍ത്ഥനായൊരു നേതാവും ജേതാവുമായിരുന്നു.

അടുത്ത വസന്തത്തിൽ വർദ്ധിച്ച സൈന്യശേഷിയുമായി ഫിലിസ്ത്യർ ഇസ്രായേലിനോടു യുദ്ധത്തിനുവന്നു. 

ഫിലിസ്തർ യുദ്ധത്തിനുവരുന്നെന്നു കേട്ടപ്പോൾ സാവൂളിന്റെ ഹൃദയത്തിലൊരു കുബുദ്ധിയുണർന്നു. സാവൂള്‍ ദാവീദിനെ വിളിപ്പിച്ചു.

"ഫിലിസ്ത്യർക്കെതിരേ യുദ്ധം നയിക്കാൻ ഞാനോ ജോനാഥനോ ഇറങ്ങുന്നില്ല. പകരം നിന്നെ ഞാൻ ആ ചുമതലയേല്പിക്കുന്നു. ഈ യുദ്ധം വിജയിച്ചു നീ മടങ്ങിയെത്തുമ്പോൾ, എന്റെ മൂത്ത പുത്രിയായ മേരബിനെ നിനക്കു ഭാര്യയായി ഞാൻ നല്കും!"

വേണ്ടത്ര യുദ്ധപരിചയമില്ലാത്ത ദാവീദ്, ഫിലിസ്‌ത്യരുടെ കൈയാൽ വധിക്കപ്പെടുമെന്നുതന്നെ സാവൂൾ ഉറപ്പിച്ചിരുന്നു.

ദാവീദ്‌ പറഞ്ഞു: "രാജാവെന്നെയേല്പിക്കുന്ന ഏതു ദൗത്യവും ഞാനേറ്റെടുക്കാം. എന്നാൽ രാജാവിന്റെ ജാമാതാവാകാന്‍ ഞാനാരാണ്‌? എനിക്കോ എന്റെ പിതാവിനോ എന്റെ കുടുംബത്തിനോ ഇസ്രായേലില്‍ എന്തുമേന്മയാണുള്ളത്? എനിക്കങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയുംമാത്രംമതി!" 
സാവൂൾ ദാവൂദിന്റെ ശിരസ്സിൽ കൈവച്ച്, അവനെയനുഗ്രഹിച്ചു യാത്രയാക്കി.

സാവൂളിന്റെ പ്രതീക്ഷകൾക്കുവിപരീതമായി, ഫിലിസ്ത്യർക്കെതിരേ അനായസവിജയംനേടി ദാവീദ് മടങ്ങിയെത്തി. എന്നാല്‍ സാവൂൾ വാക്കുപാലിച്ചില്ല.

ഒരു പ്രഭുകുമാരനായ അദ്രിയേലിന്‌, സാവൂള്‍ മേരബിനെ വിവാഹംചെയ്തു നല്കി. 

അദ്രിയേലും മേരബുംതമ്മിലുള്ള വിവാഹഘോഷങ്ങളിലെല്ലാം വിശ്വസ്തദാസനായി ദാവീദ് ഓടിനടന്നു. ആഘോഷകാര്യങ്ങളിൽ അവന്റെ ശ്രദ്ധപതിയാത്ത ഒരിടവുമുണ്ടായിരുന്നില്ല.

രാജാവു ദാവീദിനുനല്കിയ വാക്കു പാലിക്കപ്പെടാത്തതിനെക്കുറിച്ച്, ചില ഭൃത്യന്മാര്‍ ദാവീദിനോടു ചോദിക്കാതിരുന്നില്ല. 

അവരെയെല്ലാം ദാവീദ് മറുചോദ്യത്താൽ നിശ്ശബ്ദരാക്കി: "ദരിദ്രനും ദുർബ്ബലനുമായ ഞാന്‍ രാജാവിന്റെ ജാമാതാവാകുന്നത്‌ അത്ര നിസ്സാരമാണെന്നു നിങ്ങള്‍ കരുതുന്നുവോ? ഇസ്രായേലിന്റെ രാജാവായ സാവൂളിനുമുമ്പിൽനിൽക്കാൻ വെറുമൊരാട്ടിടയനായ എനിക്കെന്താണു യോഗ്യത!"

രാജാവു വാക്കുപാലിക്കാത്തതിൽ ദാവീദിനു വിഷമം തോന്നിയില്ല. പക്ഷേ
തന്റെ പിതാവിന്റെ പ്രവൃത്തിയിൽ രാജകുമാരനായ ജോനാഥൻ ഖിന്നനായിരുന്നു. എങ്കിലും പിതാവിനോടെന്തെങ്കിലുമെതിർത്തുപറയാൻ അവനശ്ശക്തനുമായിരുന്നു.

എന്നാൽ സാവൂൾ തന്റെ വാക്കുപാലിക്കാതിരുന്നതിനെപ്രതി ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്ന മറ്റൊരാൾ ആ കൊട്ടാരത്തിലുണ്ടായിരുന്നു! സാവൂളിന്റെ കിന്നരവാദകനായി ദാവീദ് കൊട്ടാരത്തിലെത്തിയ ദിനംമുതൽ അവനിലനുരക്തയായിപ്പോയൊരുവൾ! അവളുടെ ഹൃദയത്തിലുറപൊട്ടിയ പ്രണയനദി, ദാവീദ് എന്ന സമുദ്രത്തിലെത്തിയലിയാൻ കൊതിച്ചിരുന്നെങ്കിലും  തന്റെ പ്രിയനോടതു തുറന്നുപറയാൻ അവൾക്കായിരുന്നില്ല...!  
--------------------------------------------------------

*സഹസ്രാധിപൻ - ആയിരംപേരടങ്ങുന്ന ഒരു സൈനികദളത്തിന്റെ തലവൻ

No comments:

Post a Comment