Sunday 2 February 2020

99. മിഖാൽ

ബൈബിൾക്കഥകൾ 99

എവിടെയോനിന്നൊഴുകിയെത്തിയ കിന്നരവീണയുടെ സംഗീതമാധുരിയിലലിഞ്ഞാണ് മിഖാൽ അതിന്റെയുറവിടംതേടിയെത്തിയത്. രാജസദസ്സിനോടു ചേർന്നുള്ള വിശ്രമമുറിയുടെ ജനാലകളിലൂടെയാണാ സംഗീതപ്രവാഹമെന്ന് അവളറിഞ്ഞു. വിശ്രമമുറിയുടെ പുറത്ത്, ഉദ്യാനത്തിലെ സരളവൃക്ഷച്ചുവട്ടിൽ അവളിരുന്നു.

അന്ന്, ആ വിശ്രമമുറിയുടെ ജനലഴികൾക്കിടയിലൂടെയാണ്,
വെള്ളാരംകല്ലുകൾപോലെ തിളങ്ങുന്ന കണ്ണുകളും കറുത്തുചുരുണ്ടു തോളൊപ്പം വളർന്നെത്തിക്കിടക്കുന്ന മുടിയിഴകളുമുള്ള ആ ചെറുപ്പക്കാരനെ മിഖാൽ ആദ്യമായി കാണുന്നത്.. ആദ്യദർശനത്തിൽത്തന്നെ ആ സുന്ദരമുഖവും സാന്ദ്രസംഗീതവും അവളുടെ ഹൃദയതന്ത്രികളിൽ ഒരു പ്രണയരാഗത്തിന്റെ ശ്രുതിമീട്ടിത്തുടങ്ങിയിരുന്നു...

സാവൂളിന്റെ ഇളയമകളായ മിഖാല്‍, അവളുടെ ഹൃദയകോവിലിൽ തന്നെക്കുടിയിരുത്തിയതൊന്നും ദാവീദറിഞ്ഞിരുന്നില്ല. എന്നാൽ അവന്റെ കിന്നരവീണയിൽനിന്നുയരുന്ന സംഗീതമാധുരി കൊട്ടാരത്തെ തഴുകിയൊഴുകുമ്പോളെല്ലാം മിഖാലിന്റെ ഹൃദയതന്ത്രികളും പ്രണയസംഗീതമുതിർത്തിരുന്നു.

രണ്ടുതവണ ഹൃദയംതകർക്കുന്ന ചില വാർത്തകൾ അവളെത്തേടിയെത്തി. ഗോലിയാത്തിനെത്തകർത്ത ദാവിദിന് രാജാവു തന്റെ മൂത്തപുത്രിയായ മേരബിനെ വിവാഹംചെയ്തു നല്കുമെന്ന അടക്കംപറച്ചിലുകൾ അന്തഃപുരത്തിൽ കേട്ടിരുന്നു. തന്റെ ഹൃദയനാഥൻ സഹോദരിയുടെ ഭർത്താവായി കടന്നുവരുമോയെന്നു മിഖാൽ ഭയന്നു. തന്റെ പ്രണയം ആരോടെങ്കിലുമൊന്നു തുറന്നുപറയണമെന്ന് ആഗ്രഹിച്ചിരുന്ന ദിവസങ്ങളിലൊന്നിലാണ്, സാവൂൾരാജാവ്, ദാവീദിനെ ലക്ഷ്യമാക്കി കുന്തമെറിഞ്ഞത്...
എന്നാൽ സാവൂൾ വീണ്ടും മനസ്സുമാറ്റി. ഫിലിസ്ത്യരെ പരാജിതരാക്കിതിരിച്ചെത്തിയാൽ  മേരബിനെ വധുവായി നല്കാമെന്ന്
പിന്നെയുമൊരിക്കൽക്കൂടെ ആബാ വാഗ്ദാനംചെയ്തു! വിജയം ദാവീദിനു സുനിശ്ചിതമാണെന്നുറപ്പുണ്ടായിരുന്നതിനാൽ, ആബാ വാഗ്ദാനത്തിൽനിന്നു പിന്തിരിയണേയെന്നുമാത്രമാണു മിഖാൽ പ്രാർത്ഥിച്ചിരുന്നതു്.

പ്രാർത്ഥനയ്ക്കുത്തരം ലഭിച്ചിരിക്കുന്നു. പ്രഭുകുമാരനായ അദ്രിയേൽ മേരബിനെ വിവാഹംചെയ്തിരിക്കുന്നു...

എങ്കിലുമെങ്ങനെയാണു പ്രിയനോടു പ്രണയം തുറന്നുപറയുക? അവനെങ്ങാന പ്രതികരിക്കും? 

മിഖേലിന്റെ മാറ്റങ്ങൾ ജോനാഥൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒടുവിലവൻ അവളുടെ ഹൃദയരഹസ്യം കണ്ടെത്തുകതന്നെ ചെയ്തു.. 

ജോനാഥൻ ദാവീദിനോടു പറഞ്ഞു. "ആബാ നിനക്കു നല്കിയ വാഗ്ദാനം നിറവേറ്റാതിരുന്നതിൽ എനിക്കു ഖേദമുണ്ട്. എന്നാലത്, കർത്താവിന്റെ നിശ്ചയമാണെന്നു ഞാൻ കരുതുന്നു. മറ്റാരുമറിയാതെ എന്റെ ഇളയ സഹോദരി അവളുടെ ഹൃദയത്തിൽ നിന്നെ പ്രതിഷ്ഠിച്ചിരുന്നുവെന്നു ഞാനറിയാൻ വൈകി. നിനക്കു സമ്മതമെങ്കിൽ ആബായോടു ഞാൻ സംസാരിക്കാം. നിങ്ങളുടെ വിവാഹം ഇസ്രായേലിലെ പ്രജകൾക്കെല്ലാം ആഹ്ലാദദായകമായിരിക്കും!"

"രാജകുമാരി എന്നെ പ്രണയിക്കുന്നുവെന്നോ!" ദാവീദ് അദ്ഭുതംകൂറി. 

"സ്നേഹിതാ, ഇസ്രായേലിലെ ഓരോ യുവതിയും കൊതിക്കുന്നതാണു നിന്റെ ഭാര്യാപദം... എന്റെ സഹോദരിയുടെ ഹൃദയം നീ സ്വീകരിക്കുക! അവളെ നിന്റെ ഹൃദയത്തോടു ചേർത്തുവയ്ക്കുക... ആബയോടു ഞാനിക്കാര്യം സംസാരിക്കാം!"

സന്ദർഭമൊത്തുവന്നപ്പോൾ സാവൂളിനുമുമ്പിൽ ജോനാഥൻ കാര്യമവതരിപ്പിച്ചു.

''ഇസ്രായേലിന്റെ രാജാവ് തന്റെ വാക്കുപാലിക്കാതിരിക്കുന്നതുചിതമല്ലെന്ന് അങ്ങേയ്ക്കുതന്നെ അറിയാമല്ലോ! പ്രത്യേകിച്ച്, ജനങ്ങൾ ഒരു വീരനായിക്കരുതുന്ന ദാവീദിനെപ്പോലൊരുവനു നല്കിയ വാക്കു്! അങ്ങയുടെ വാക്കുപാലിക്കുന്നതിനായി മിഖാലിനെ ദാവീദിനു വിവാഹംചെയ്തു നല്കിയാലോ? ഞാനവളോടു സംസാരിക്കട്ടേ?"

സാവൂളിലെ ദുരാത്മാവ്, അവന്റെ ഹൃദയത്തിൽ ദാവീദിനെ നശിപ്പിക്കാനുള്ള പുതിയൊരു പദ്ധതി മെനഞ്ഞുതുടങ്ങി. 

"നിന്റെ നിർദ്ദേശം സ്വീകാര്യംതന്നെ! എന്നാൽ നാട്ടുനടപ്പനുസരിച്ച് വരൻ തന്റെ വധൂപിതാവിനു വിവാഹസമ്മാനമായി നല്കേണ്ട പെൺപണം നല്കാൻ ദാവീദെന്തുചെയ്യും?"

സാവൂൾതന്നെ അതിനുത്തരവും നല്കി. 

"ദാവീദ് എന്റെ ജാമാതാവായി വരുന്നത് എനിക്കിഷ്ടംതന്നെ! എന്റെ ശത്രുക്കളോടുള്ള പ്രതികാരത്തിന് അവനെന്നെ സഹായിക്കട്ടെ! ഫിലിസ്‌ത്യരുടെ നൂറ്‌ അഗ്രചര്‍മ്മമല്ലാതെ യാതൊരു വിവാഹസമ്മാനവും അവനിൽനിന്നു ഞാനാഗ്രഹിക്കുന്നില്ല." 

ഇത്തവണ അറiൻ ഫിലിസ്ത്യരാൽ വധിക്കപ്പെടുമെന്നു സാവൂൾ ഉറപ്പിച്ചു.

"ഇസ്രായേലിന്റെ രാജാവിന്റെ ശത്രുക്കൾ എന്റെയും ശത്രുക്കൾതന്നെ!,"
സാവൂളിന്റെ വാക്കുകളേക്കുറിച്ചറിഞ്ഞപ്പോൾ ദാവീദ് പറഞ്ഞു. താൻ സഹസ്രാധിപനായ സൈനികദളത്തോടൊപ്പം അവൻ ഫിലിസ്ത്യർക്കെതിരേ യുദ്ധത്തിനിറങ്ങി. നിരവധി ഫിലിസ്ത്യർ വധിക്കപ്പെട്ടു. 

വധിക്കപ്പെട്ടവരുടെ ഇരുന്നൂറുപേരുടെ അഗ്രചർമ്മങ്ങൾ ഛേദിച്ച് അവൻ സാവൂൾരാജാവിനുമുമ്പിൽ സമർപ്പിച്ചു.

ജോനാഥനു നല്കിയ വാഗ്ദാനം സാവൂളിനു പാലിക്കേണ്ടതായിവന്നു . മിഖാലിന്റെ സ്വപ്നനായകൻ അവൾക്കു സ്വന്തമായി. ഇസ്രായേൽജനത അവരുടെ വീരനായകന്റെ വിവാഹം അത്യുത്സാഹത്തോടെ നാടെങ്ങുമാഘോഷിച്ചു. 

എന്നാൽ കര്‍ത്താവു ദാവീദിനോടുകൂടെയാണെന്നും മിഖാല്‍ അവനെ സ്‌നേഹിക്കുന്നെന്നുംകണ്ടപ്പോള്‍, സാവൂൾ അവനെ കൂടുതൽ ഭയപ്പെട്ടു. തന്റെ ഏറ്റവും വലിയ ശത്രുവാണു തന്റെ മക്കളുടേയും പ്രജകളുടെയും ഹൃദയങ്ങളിൽ ഒരു വീരനായകനായി നിറഞ്ഞു നില്ക്കുന്നതെന്ന് സാവൂളിന്റെ ഹൃദയം പറഞ്ഞു.

No comments:

Post a Comment